അമ്മു വള്ളിക്കാട്ട്

പ്രപഞ്ചത്തിലേക്ക്​ ചിതറിച്ചിതറി
​ഞാൻ, എന്റെ യാത്രകൾ

ഞാൻ അച്ഛനുവേണ്ടി യാത്രകൾ ഉണ്ടാക്കി. യാത്രയുടെ തിടുക്കത്തിൽ ഞങ്ങളെല്ലാം മറക്കാൻ ശ്രമിച്ചു. അച്ഛൻ എല്ലാം മറന്ന് പുതിയ ലോകത്തോട് ഐക്യപ്പെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.

യാത്ര എന്താണെന്ന്, എന്തിനുവേണ്ടിയാണ് എന്ന് നിർവചിക്കുക സാധ്യമല്ല. അത് ഓരോരുത്തരെ ഓരോ തരത്തിൽ ചലിപ്പിക്കുന്നു. യാത്ര പലർക്കും പലതാണ്. യാത്ര എന്നിൽ എന്തു പ്രതിഫലനം ഉണ്ടാക്കുന്നുവെന്ന് മാത്രം നിർവചിക്കാനുള്ള ഒരു ശ്രമമാണ് ഈ എഴുത്ത്.

ആത്യന്തികമായി യാത്ര മനുഷ്യർക്ക് ജൈവചോദനയാണ്. ജനിതകമായി ചേർത്തുവച്ചതാണ്. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ എവിടെയോ ഒരിടത്ത് ആദിമ മനുഷ്യൻ ഭൂജാതനായി. ഈ ഭൂമി മുഴുവൻ അവരുടെ കുലം വ്യാപിച്ചത്, പുതിയ ഇടങ്ങൾ തേടിയുള്ള അവരുടെ ദേശാന്തരഗമനത്തിന്റെ ഫലമാണ്. യാത്ര മറ്റെന്തിനുവേണ്ടിയെന്നുള്ള ചോദ്യം പ്രസക്തമല്ല. അത് യാത്രക്കുവേണ്ടി മാത്രമുള്ളതാണ്. ഭൂമി സൂര്യനും ചുറ്റും കറങ്ങുന്നതുപോലെ, ഭൂമി സ്വയം അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതുപോലെ, പ്രപഞ്ചത്തിന് ഒരു താളമുണ്ട്. ആ താളത്തിൽ മനുഷ്യരും മറ്റു ജീവജാലങ്ങളും സഞ്ചരിക്കേണ്ടതുണ്ട്. മനുഷ്യർ എത്രയാണ്ടുകളായി യാത്രയിലാണ്. പലായനങ്ങളും കുടിയേറ്റങ്ങളും വലിയ സഞ്ചാരങ്ങളാണ്. നമുക്കൊട്ടും അറിയാത്ത ഇടങ്ങളിലേക്ക് എത്രയെത്ര പ്രതീക്ഷകൾ വച്ചാണ്, ഭാഷയും സംസ്‌കാരവും മറന്ന് മനുഷ്യർ സ്വയം പറിച്ചു നടുന്നത്.

യാത്ര ആരംഭിക്കുന്നത് അത് തീരുമാനിക്കപ്പെടുമ്പോഴാണ്. മനസ്സുകൊണ്ടുള്ള പ്രയാണമാണ് യഥാർത്ഥത്തിൽ നടക്കുന്നത്. ശരീരം ചെന്ന് ലക്ഷ്യസ്ഥാനത്ത് എത്തും വരെയും അത് തുടരും.

യാത്രയിലായിരിക്കുമ്പോൾ പലപ്പോഴും ഒരു സാധാരണ ദിവസം പോലെ അത് കടന്നുപോകും. ചില ദിവസത്തെ തിക്കിലും തിരക്കിലും പെട്ട് നമ്മൾ യാത്രയിലാണെന്നുതന്നെ മറന്നുപോകും.പല ദിവസങ്ങളും നമ്മെ ആവേശം കൊള്ളിക്കാറില്ല. പക്ഷേ എല്ലാം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ തിരിച്ചറിവുകൾ പലതുണ്ടാവുന്നു, ചിലത് അനുഭവവേദ്യമാകുന്നു. യാത്ര ആരംഭിക്കുന്നത് അത് തീരുമാനിക്കപ്പെടുമ്പോഴാണ്. മനസ്സുകൊണ്ടുള്ള പ്രയാണമാണ് യഥാർത്ഥത്തിൽ നടക്കുന്നത്. ശരീരം ചെന്ന് ലക്ഷ്യസ്ഥാനത്ത് എത്തും വരെയും അത് തുടരും. സഞ്ചാരം അവസാനിച്ചശേഷം അത് തുടരും. വ്യത്യസ്തമായ മറ്റെന്തിനെയോ തിരഞ്ഞു കണ്ടെത്തിയില്ലെങ്കിൽ പോലും സ്വപ്നവും യാഥാർത്ഥ്യവും കണ്ടതും കേട്ടതും അറിഞ്ഞതും തമ്മിലിടകലർന്ന പല അനുഭൂതികൾ തരുന്നു യാത്രകൾ. അപ്പോൾ അത് അതിന്ദ്രിയമാണ് എന്നുപറഞ്ഞാലും തെറ്റില്ല.

Photo: Ammu Vallikkatt FB Page
Photo: Ammu Vallikkatt FB Page

സഹജീവികളെ സ്വജീവനെ സ്‌നേഹിക്കുന്നവർക്കു മാത്രമേ യാത്ര പൂർണാർത്ഥത്തിൽ ചെയ്യാനാവുകയുള്ളൂ. സൗഭാഗ്യമായി കിട്ടിയ മനുഷ്യജന്മം മനോഹരമായി തീർക്കണം എന്നു കരുതുന്നവർക്കുമാത്രമേ യാത്ര പോകണമെന്നൊക്കെ തോന്നുകയുള്ളൂ. മരണത്തെ മുന്നിൽ കാണുന്നവർക്ക് ലോകം കണ്ടുതീർക്കാനുള്ള കൊതിയുണ്ടാവും. മരണത്തെ മുന്നിൽ കാണാൻ മരണശയ്യയിൽ എത്തണമെന്നില്ല. സമയം ഒന്നിനെയും കാത്തുനിൽക്കുന്നില്ല എന്ന ബോധ്യം മാത്രം മതി. ഇന്ന് കാണാൻ സാധിക്കുന്നു എന്ന ഉറപ്പേ നമുക്കുള്ളൂ. യാഥാർത്ഥ്യബോധം ഉൾക്കൊണ്ട സ്വപ്നജീവികൾ ആണ് യഥാർത്ഥത്തിൽ സഞ്ചാരികൾ.

ഞാൻ അച്ഛനുവേണ്ടി യാത്രകൾ ഉണ്ടാക്കി. യാത്രയുടെ തിടുക്കത്തിൽ ഞങ്ങളെല്ലാം മറക്കാൻ ശ്രമിച്ചു. അച്ഛൻ എല്ലാം മറന്ന് പുതിയ ലോകത്തോട് ഐക്യപ്പെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു.

യാത്രയ്ക്ക് ഓരോ കാരണങ്ങൾ

അമ്മ ജീവിച്ചിരിക്കും വരെ ഞാൻ മുതിർന്നിട്ടില്ലായിരുന്നു.
മിച്ച ജീവിതത്തെക്കുറിച്ചും അല്പ ജീവിതത്തെക്കുറിച്ചും സ്വല്പ ജീവിതത്തെകുറിച്ചും ചിന്തയേതുമില്ലാത്ത ഒരു ചെറിയ കുട്ടി. മരണഭയം ഏതുമില്ലാത്ത, മരണമെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു പൂമ്പാറ്റ. ആലോചിക്കുമ്പോൾ, അമ്മയുടെ പോക്ക് ഞാൻ ഒളിപ്പിച്ചുവെച്ച എന്റെ ബാല്യത്തെ കവർന്നു. ഞാൻ മുപ്പതാം വയസ്സിൽ ഒറ്റയടിക്ക് മുതിർന്നുപോയി. അനാഥത്വം എന്നെ ഗൗരവമുള്ളവളാക്കി. ഞാൻ ചോര മണക്കുന്ന എന്റെ കുഞ്ഞിൽ അഭയം തേടിയ നാളുകളായിരുന്നു അത്. എന്നെ ലോകത്തോട് ചേർത്ത് ക്രൂശിച്ചു നിർത്തുന്ന ഇരുമ്പനാണികളായിരുന്നു ആ കുഞ്ഞിക്കാലുകൾ. ജന്മം കൊണ്ട് ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു എന്ന് പലതവണ അവന്റെ കാലിൽ തൊട്ടു പറഞ്ഞു. അവന്റെ പിറന്നാളുകൾ എന്റെ നിലനിൽപ്പിനെ ഓർമിപ്പിക്കുന്നു. ഞാൻ അവനാണോ, അതോ അവൻ എനിക്ക് രണ്ടാമതൊരു ജന്മമാണോ തന്നത് എന്ന് തോന്നിപ്പോയിരുന്നു അന്ന്. മറ്റെല്ലാ സൗഹൃദങ്ങളിൽ നിന്നും ഞാൻ പിന്മാറി. അതിനു പുറത്തേക്ക് എന്തെങ്കിലുമൊക്കെ നിലനിൽപ്പിനായി ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ഞങ്ങൾക്ക് തോന്നലുണ്ടായി. ഞാൻ അച്ഛനുവേണ്ടി യാത്രകൾ ഉണ്ടാക്കി. യാത്രയുടെ തിടുക്കത്തിൽ ഞങ്ങളെല്ലാം മറക്കാൻ ശ്രമിച്ചു. അച്ഛൻ എല്ലാം മറന്ന് പുതിയ ലോകത്തോട് ഐക്യപ്പെടുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. ഞങ്ങൾ ചില യാത്രകൾ ആരംഭിച്ചു. അങ്ങനെ കഴിഞ്ഞ ആറു വർഷത്തിനിടയ്ക്ക് ഞാൻ അഞ്ചു രാജ്യങ്ങളിൽ പോയി. ഓരോരുത്തർക്കും യാത്രകൾ തുടങ്ങാൻ ഒരോ കാരണങ്ങളുണ്ടായിരിക്കുമല്ലോ, എന്റേത് ഇതായിരുന്നു. ചില യാഥാർത്ഥ്യങ്ങളിൽ നിന്ന്​ ഒരു മോചനം വേണമായിരുന്നു. യാത്ര ചെയ്യാൻ വേണ്ടി മാത്രം ജീവിതത്തിന് അർത്ഥമുണ്ടായി തുടങ്ങി.

അച്ഛനും മക്കൾക്കുമൊപ്പം അമ്മു വള്ളിക്കാട്ട്‌ / Photo: Ammu Vallikkatt FB Page
അച്ഛനും മക്കൾക്കുമൊപ്പം അമ്മു വള്ളിക്കാട്ട്‌ / Photo: Ammu Vallikkatt FB Page

ഞങ്ങൾ പോകുന്ന വഴിക്കെല്ലാം അച്ഛൻ അമ്മയുടെ ഓർമ്മയും പേറി നടന്നു. ഇപ്പോൾ സത്യ ഉണ്ടായിരുന്നെങ്കിലെന്ന് ഓരോ നിമിഷവും പറഞ്ഞുകൊണ്ടിരുന്നു. അച്ഛന് അതൊരു ഓർമപ്പെടുത്തൽ കൂടിയായിരുന്നു. ഇടയ്ക്ക് ഓർമ മറയുന്ന ചില നേരങ്ങളിൽ അച്ഛൻ ആകെ പറയാറുള്ളത്, യാത്രകളെ പറ്റിയാണ്. വർദ്ധക്യസംബന്ധിയായ ചില രോഗങ്ങൾ മൂർച്ഛിക്കുന്ന നേരങ്ങളിൽ അദ്ദേഹത്തിന് പ്രതീക്ഷയോടെ പിടിച്ചുനിൽക്കാൻ ഞങ്ങൾ വെറുതെ പല രാജ്യങ്ങളിൽ പോകണ്ടേ എന്ന് കുശലം ചോദിക്കും. അങ്ങനെയുള്ള ഒരു രാത്രി അച്ഛൻ സ്വപ്നത്തിൽ ശ്രീലങ്കൻ യാത്രാവിശേഷങ്ങൾ പറയുന്നതുകേട്ട് അത്ഭുതപ്പെട്ടു നിന്നിട്ടുണ്ട്. ചിലപ്പോൾ യാത്ര നിലനിൽപ്പ് കൂടിയാവുന്നത് ഇങ്ങനെയൊക്കെയാണ്.

യാത്രയിൽ പലപ്പോഴും ഞാൻ വീട്ടിലെ ചോറും, എന്റെ കിടക്കയും സ്വപ്നം കാണാറുണ്ട്. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ തിരിച്ചു പോയെങ്കിൽ എന്ന് ആശിക്കാറുണ്ട്.

അനുഭവങ്ങൾ, യാഥാർത്ഥ്യങ്ങൾ, സ്വപ്നങ്ങൾ

യാത്ര പലപ്പോഴും ക്ലേശകരമാണ്. ചൂടും വിശപ്പും തണുപ്പും കാറ്റും വെയിലും ദാഹവും ഒക്കെ നമ്മെ പലപ്പോഴും കുഴക്കുന്നു. ചിലപ്പോൾ നമ്മെ ഭയപ്പെടുത്തുന്നു, കഷ്ടപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു. എന്നാലും നാം യാത്രകൾ തുടർന്നുകൊണ്ടേയിരിക്കും. അനന്യമായ ചോദനയാണത്.

യാത്രയിൽ പലപ്പോഴും ഞാൻ വീട്ടിലെ ചോറും, എന്റെ കിടക്കയും സ്വപ്നം കാണാറുണ്ട്. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ തിരിച്ചു പോയെങ്കിൽ എന്ന് ആശിക്കാറുണ്ട്. യാത്ര എന്നത് അതിനു മുൻപും പിൻപും കിട്ടുന്ന അനുഭൂതിയാണ്. ഇടയ്ക്ക് വീണു കിട്ടുന്ന ചില കാഴ്ചകൾ, ചില ആളുകൾ, ചില മുഹൂർത്തങ്ങൾ, ചില നിമിഷങ്ങൾ ഓർമയിൽ അടയാളപ്പെടുത്തിയതാണ് യഥാർത്ഥ യാത്രാനുഭവങ്ങൾ. യാത്രകൾ അവസാനിക്കരുതേ എന്ന തോന്നൽ എനിക്കൊരിക്കലുമുണ്ടായിട്ടില്ല.

പ്രേമം ഇല്ലാത്തവർക്ക് യാത്ര ചെയ്യാനാകുമോ?

ലോകത്തുള്ള മനുഷ്യരോട്, അവരുടെ നിലകളോട് ജാതിവർഗഭേദമില്ലാതെ ഇണങ്ങാൻ സാധിക്കുന്നവർക്കുമാത്രമേ യാത്ര ആഹ്ലാദമായാവുന്നുള്ളൂ. അല്ലാത്തവർക്ക് വെറുപ്പ് പാറ്റാനുള്ള വെറും ഇടങ്ങൾ മാത്രമാകും കൺകണ്ട സ്ഥലങ്ങൾ.

യാത്ര പലർക്കും പലതാണ് എന്ന് പറഞ്ഞല്ലോ.

​ ചിലർക്ക് വായിച്ച പുസ്തകത്തിലെ സ്വപ്നലോകത്തേക്കുള്ള നേർക്കാഴ്ചയാണ്.

ചിലർക്ക് പ്രകൃതിയെ തേടലാണ്.

ചിലർക്ക് സംസ്‌കാരവും നഗരവും തേടലാണ്.

നാഗരികതയിൽ പൂണ്ടുപോകലാണ്.

എനിക്കത് എന്റെ സ്വപ്നാടനത്തിന്റെ പൂർത്തിയാണ്. നാടോടിയായി സകല ഉത്തരവാദിത്തങ്ങളും മറന്ന് ലക്ഷ്യമില്ലാതെ നടക്കാനുള്ള വളരെ ചെറിയ സാധ്യതയാണ്.

പ്രണയത്തിന്റെ ഉത്തുംഗതയാണ്.

കൺകണ്ടത് എവിടെയാണ് പകർത്തി വയ്ക്കാനാവുക? ആഴവും അകലവും വ്യാപ്തിയും നിറങ്ങളും ഏത് ലെൻസുകൾ കൊണ്ടാണ് കണ്ണിനേക്കാൾ മനോഹരമായി പകർത്തിവെയ്ക്കാനാവുക? ​

കൺകണ്ട മായക്കാഴ്ചകൾ എവിടെ പകർത്തണം?

എല്ലാ യാത്രകളിലും മറന്നുപോകരുത് എന്നുതോന്നുന്ന ചില കാഴ്ചകളുണ്ടാവും. ഞാൻ ശ്രദ്ധാപൂർവ്വം പൂർണമനസ്സോടെ അത് ഹൃദയത്തിൽ പതിപ്പിക്കാൻ ശ്രമിക്കാറുണ്ട്. മറന്നുപോകാതിരിക്കാൻ ഒരു പടം പിടിച്ച് കൂടെ വയ്ക്കും. എടുത്തുനോക്കുമ്പോൾ ഇതല്ലല്ലോ ഞാൻ കണ്ടത്, ഇതിലും ആഴമേറിയ മറ്റെന്തോ ആണല്ലോ ഞാൻ കണ്ടത് എന്ന് അസംതൃപ്തിയോടെ ആ ചിത്രത്തിൽ നോക്കി പിറുപിറുക്കും. സലാലയിൽ മലയുടെ മുകളിൽ നിന്ന്​ ആഴത്തിലുള്ള ഒരു കടൽ കാഴ്ചയുണ്ട്. ക്യാമറ കൊണ്ട് എത്ര ശ്രമിച്ചിട്ടും ആ ആഴം അളക്കാൻ എനിക്ക് സാധിച്ചില്ല. അതുപോലെ മരുഭൂമിയിൽ മൺകൂനകളുടെ വലുപ്പം, എത്ര ശ്രമിച്ചിട്ടും എന്റെ ക്യാമറയ്ക്ക് ഒപ്പിയെടുക്കാനായില്ല. ഇത്തരത്തിലുള്ള മായക്കാഴ്ചകളൊക്കെ നമ്മുടെ മനസ്സിലല്ലാതെ എവിടെ ഓർത്തുവയ്ക്കും എന്ന് ആശങ്കപ്പെടാറുണ്ട്.

കൺകണ്ടത് എവിടെയാണ് പകർത്തി വയ്ക്കാനാവുക? ആഴവും അകലവും വ്യാപ്തിയും നിറങ്ങളും ഏത് ലെൻസുകൾ കൊണ്ടാണ് കണ്ണിനേക്കാൾ മനോഹരമായി പകർത്തിവെയ്ക്കാനാവുക? ഗന്ധം, രുചി, തണുപ്പ്, മരവിപ്പ് ഇതൊക്കെ അടയാളപ്പെടുത്താൻ ഒരു സിനിമയ്ക്കും എഴുത്തിനും ആവുന്നില്ല. അതുകൊണ്ടുതന്നെ ഏതെഴുത്തിനേക്കാളും, ഏത് ചലച്ചിത്രത്തെക്കാളും യാത്ര മികച്ചുനിൽക്കുന്നു. അത് സർവ്വേന്ദ്രിയങ്ങളുടെ ഉത്തേജനം കൂടിയാണ്. മറക്കാൻ കഴിയാത്ത പല അനുഭവങ്ങളും അടുത്ത യാത്രയിലേക്ക് നമുക്ക് പ്രചോദനമാവുന്നുണ്ട്. മരണമെന്ന തിരിച്ചുവരവില്ലാത്ത യാത്രക്ക് സസന്തോഷം തയ്യാറാവാൻ, നാം ജീവിച്ചിരിക്കുമ്പോൾ ചെറുതും വലുതുമായ യാത്രകൾ ചെയ്യേണ്ടതുണ്ട്.

ആഴവും അകലവും വ്യാപ്തിയും നിറങ്ങളും ഏത് ലെൻസുകൾ കൊണ്ടാണ് കണ്ണിനേക്കാൾ മനോഹരമായി പകർത്തിവെയ്ക്കാനാവുക?  / Photo: Ammu Vallikkatt FB Page
ആഴവും അകലവും വ്യാപ്തിയും നിറങ്ങളും ഏത് ലെൻസുകൾ കൊണ്ടാണ് കണ്ണിനേക്കാൾ മനോഹരമായി പകർത്തിവെയ്ക്കാനാവുക? / Photo: Ammu Vallikkatt FB Page

ഇന്ദ്രിയങ്ങൾ ലോകത്തെ അറിയാനുള്ളതല്ലെങ്കിൽ പിന്നെയെന്തിനീ ജന്മം എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.

എന്റെ ഒരു സുഹൃത്ത് വീടിനുള്ളിൽ നിന്ന്​ പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്നില്ല. ഉറക്കത്തിൽ നിന്ന്​ ഉണർവിലേക്ക് ഇത്തിരിയിടത്തിൽ അങ്ങോട്ടുമിങ്ങോട്ടും കുഞ്ഞിക്കിളിയെ പോലെ അവൻ പാറിക്കളിക്കുന്നു. അവൻ സംതൃപ്തനാണ്. അവന്റെ സംതൃപ്തിയിൽ എനിക്ക് അതിശയവും അസൂയയുമുണ്ട്. സംതൃപ്തിയില്ലാത്ത എന്നെപ്പോലുള്ള ചില ആത്മാക്കൾ അലഞ്ഞുനടക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർ എന്തിനെന്നില്ലാത്ത തേടലിൽ സ്ഥലങ്ങൾ കണ്ടു കണ്ടുപോകാൻ കൊതിക്കുന്നു. ഒരിക്കലും അണയാൻ സാധ്യതയില്ലാത്ത ആഗ്രഹത്തീ ഉള്ളിൽ പാറ്റുന്നു.

ജോർജിയയിലേക്ക് പോയപ്പോൾ, എമിഗ്രേഷനിൽ വച്ച് ഞങ്ങളെ ഒരുപാട് ചോദ്യം ചെയ്തു. 70 വയസ്സ് കഴിഞ്ഞ അച്ഛനെയും 60 വയസ്സ് കഴിഞ്ഞ അമ്മയെയും കൊണ്ട് ഞങ്ങൾ യാത്രക്കുവന്നത് എന്തിനെന്നായിരുന്നു എന്നാണ് അവരുടെ ചോദ്യം.

ഒരു അസർബൈജാൻ അനുഭവം

അസർബൈജാനിലേക്ക് യാത്ര പോയപ്പോൾ ഞങ്ങളുടെ ടൂർ ഗൈഡാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടാളുകൾ ഞങ്ങളെ കൂടെ കൊണ്ടുപോയി. ഒരുപാട് ദൂരം സഞ്ചരിച്ചശേഷം ഞങ്ങൾക്ക് അവർ, വേറെ ആളുകളാണെന്ന് മനസ്സിലായി. അവർ മറ്റെങ്ങോട്ടോ പോകാൻ ഞങ്ങളെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ഭയചകിതരായി. ഞങ്ങൾ വണ്ടി നിർത്താൻ വാശിപിടിച്ചപ്പോൾ അവർ നടുറോട്ടിൽ നിർത്തി. ഫോൺ വാങ്ങി സകല നമ്പറും ബ്ലോക്ക് ചെയ്തുവച്ചു. ഞങ്ങൾ തമ്മിൽ വലിയ വഴക്കുണ്ടായി. നാട്ടുകാരെല്ലാം ചുറ്റും കൂടി. ഇംഗ്ലീഷ് അറിയാതെ എല്ലാവരും മേൽപ്പോട്ട് നോക്കി നിന്നു. 8 ഡിഗ്രിയിൽ കൈകൾ വിറങ്ങലിച്ചുതുടങ്ങിയിരുന്നു. പേടിയും കാറ്റും കൊണ്ട് കൈവിരലുകൾ ഐസുപോലെ തണുത്തുറച്ചു പോയി. തൊട്ടുമുൻപ് തേനും പാലും തൊട്ടുകൂട്ടി സംസാരിച്ചവർ, വേട്ടമൃഗത്തെ പോലെ ഞങ്ങൾക്കു നേരെ ചീറി. അവർ പറഞ്ഞ പൈസ കൊടുത്തപ്പോൾ ഞങ്ങളെ അവിടെ ഉപേക്ഷിച്ച് അവർ വണ്ടിയെടുത്ത് പാഞ്ഞു. ഞങ്ങൾ വഴിയരികിൽ ഞങ്ങളുടെ ടൂർ ഗൈഡിനായി കാത്തിരുന്നു. പെട്ടി തുറന്ന് കുട്ടികൾക്ക് കൈയുറയും തലപ്പാവും കെട്ടിക്കൊടുത്തു. സൂര്യൻ മറയുന്നതും നോക്കിനിൽക്കെ ടൂർ ഗൈഡ് തപ്പിപിടിച്ച് ഞങ്ങളുടെ അടുത്തെത്തി.

അതുപോലെ ജോർജിയയിലേക്ക് പോയപ്പോൾ, എമിഗ്രേഷനിൽ വച്ച് ഞങ്ങളെ ഒരുപാട് ചോദ്യം ചെയ്തു. 70 വയസ്സ് കഴിഞ്ഞ അച്ഛനെയും 60 വയസ്സ് കഴിഞ്ഞ അമ്മയെയും കൊണ്ട് ഞങ്ങൾ യാത്രക്കുവന്നത് എന്തിനെന്നായിരുന്നു എന്നാണ് അവരുടെ ചോദ്യം. ഒരുപാട് സഞ്ചാരികളെ കയറ്റി വിടാതെ, പത്തും, പതിനാറും മണിക്കൂർ കാത്തിരുത്തി തിരിച്ചു പറഞ്ഞയക്കുന്ന രീതിയാണ് ജോർജിയയിലുള്ളത്. അപ്പോൾ അത് പ്രതീക്ഷിച്ചു തന്നെയാണ് ഞങ്ങൾ യാത്ര പുറപ്പെട്ടതും. പക്ഷേ ജീവിതത്തിലെ ആദ്യത്തെ വിദേശ വിനോദയാത്ര ഇങ്ങനെയായി തീർന്നാൽ പിന്നീട് ഒരിക്കലും ഒരു യാത്ര ചെയ്യാൻ ധൈര്യപ്പെടില്ല എന്നൊരു തോന്നൽ അന്നുണ്ടായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ വയസ്സായവരെ ചിലർ നാടോടികൾക്കിടയിൽ ഉപേക്ഷിച്ചു പോരാറുണ്ട് എന്ന് ഞങ്ങൾക്കറിവ് കിട്ടി. ഒരുപക്ഷേ അതുകൊണ്ടായിരിക്കുമോ ഞങ്ങളെ ചോദ്യം ചെയ്തത് എന്നറിയില്ല.

യാത്ര ഭയത്തിന്റേതു കൂടിയാണ്. അപരിചിത ലോകത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ഭയം കൊണ്ടും വിശ്വാസക്കുറവുകൊണ്ടും നമ്മൾ പലപ്പോഴും പരിഭ്രാന്തരാകുന്നു. ആക്രമിക്കപ്പെടുമോ, ജയിലിലകപ്പെടുമോ എന്ന പേടിയും ചിലപ്പോൾ തോന്നാറുണ്ട്, എന്നാലും നാം യാത്ര തുടരുക തന്നെ ചെയ്യും. ഓരോരുത്തരുടെയും ഉള്ളിൽ ഒരു നാവികനുണ്ട്. എന്തു ചെയ്യാനും എത്ര സഞ്ചരിക്കാനും കഴിവുള്ള ഒരാൾ, ചിലപ്പോൾ പേടിത്തൊണ്ടൻ, ചിലപ്പോൾ ഉശിരൻ. ഒന്ന് തൊട്ടുണർത്തി വിടുകയേ വേണ്ടൂ. ഒരുപക്ഷേ ഭൂഗോളത്തിൽ അവൻ ആഗ്രഹങ്ങളുടെ പായക്കപ്പൽ ഒറ്റയ്ക്ക് ഓടിച്ചുപോകും.

പ്രശാന്തമായ തണുത്ത നനുത്ത ആ രാത്രിയിൽ തിബിലീസിയുടെ രാപ്പാട്ട് കേട്ട് ഞങ്ങൾ നടക്കുകയായിരുന്നു. വയലിനും ഗിറ്റാറും കൂട്ടുപാട്ടുകളുമായി തെരുവ് വശ്യമായി സഞ്ചാരികളെ നോക്കിയിരിക്കുന്നു. തമുന എന്ന ടൂർ ഗൈഡ്, ഇടപെടാൻ പാടില്ലാത്തവരുടെ ലിസ്റ്റിൽ അവിടുത്തെ നാടോടികളുടെ പേരും ചേർത്തിരുന്നു. അവർ വഴിവക്കിലും റോഡരികിലും കടയുടെ തിണ്ണയിലും കൂട്ടുംകൂട്ടമായി കിടന്നുറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കാണാം. അവർ തെരുവുവാസികളാണ്. അവരെ മാറ്റി പാർപ്പിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെല്ലാം വിഫലമാണ് എന്നാണ് അവിടുത്തെക്കാർ പറയുന്നത് അവർക്ക് വീടും കുടിയും ഒന്നും ആവശ്യമില്ലത്രെ.

അപ്പപ്പോൾ വേണ്ട ആഹാരത്തിനുള്ള വക അവർ മറ്റുള്ളവരിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുന്നു, പ്രത്യേകിച്ച് സഞ്ചാരികളിൽ നിന്ന്. എന്റെ സുഹൃത്തിന്റെ മുഴുവൻ ബാഗും തട്ടിയെടുത്ത കഥ ഞാൻ കേട്ടിട്ടുണ്ട്. അവിടുത്തെ നാട്ടുകാർ അവരെ നിർത്തിയിട്ട് അടിക്കുകയും ചീത്ത പറയുകയും ചെയ്യും.

അപരിചിതത്വം നമ്മെ ഒരേനിമിഷം ത്രസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. എന്നാലും അതിൽനിന്ന് മുക്തി വേണ്ട വേണ്ട എന്ന് നമുക്ക് തോന്നുകയും ചെയ്യും.

നിലാവുണ്ട്, ഒപ്പം മഞ്ഞ അരണ്ട തെരുവുവിളക്കിന്റെ വെട്ടത്തിൽ ഞങ്ങൾ കുറാനദിയുടെ മുകളിൽ മേൽപ്പാലത്തിലൂടെ നടക്കുകയായിരുന്നു. നഗരസുന്ദരിക്ക് സാരി ചുറ്റിയ പോലെയായിരുന്നു ആ നദി. അപ്പോൾ പത്തു പന്ത്രണ്ടു വയസ്സുള്ള ഒരു നാടോടി പെൺകുട്ടി ഓടിവന്ന് എന്നെ ഇറുക്കിപ്പിടിച്ച്​ പാട്ടുപാടാൻ തുടങ്ങി. ഞാൻ പരിഭ്രമിച്ചു. അവളുടെ കുട്ടികൈകൾ ഞാൻ എടുത്തുമാറ്റി നടന്നു നീങ്ങി. അവൾക്ക് പണമോ സാധനമോ അപ്പോൾ വേണ്ടിയിരുന്നില്ല. അവർ മുഴുവൻ ലോകത്തെയും അതിന്റെ നിലനിൽപ്പിനായുള്ള അശ്രാന്തപരിശ്രമത്തെയും പരിഹസിക്കും പോലെ നമുക്ക് പലപ്പോഴും തോന്നും. അവർ തൊട്ടടുത്തേക്ക് വരും, നമ്മൾ പേടിച്ച് പിറകോട്ടും വശങ്ങളിലേക്കും മാറുന്നതുകണ്ട് പൊട്ടിച്ചിരിക്കും. ആ ഇത്തിരിപ്പുണരൽ എന്നെ എത്രമാത്രം ആഴത്തിൽ തൊട്ടു എന്ന് പറഞ്ഞറിയിക്കാൻ വയ്യ. അവളെ പുണർന്ന് രാവോളം നിൽക്കേണ്ടതായിരുന്നു എന്ന് എനിക്ക് പലതവണ പിന്നീട് തോന്നി. കണ്ണടച്ചാൽ ആ ഇറുക്കം എനിക്ക് ഇപ്പോഴുമറിയാം. അവരുടെ തൂവൽ ജീവിതത്തെ പ്രതി എനിക്ക് അസൂയ തോന്നി. യാത്രയിലെ ചില നിമിഷങ്ങൾ ചിലപ്പോൾ പത്താണ്ടിന്റെ ഓർമകളായിരിക്കും നമുക്ക് സമ്മാനിക്കുക.

കെനിയയിൽ പോയപ്പോൾ ഞാൻ ജൂലിയയുമായി അടുത്തു. എനിക്കവരോടും അവർക്കെന്നോട് സ്‌നേഹം തോന്നുന്നുവെന്ന് ഞങ്ങൾ ഇരുവരും മനസ്സിലാക്കി. ഒരു വൈകുന്നേരം ബാക്കിയുള്ളവരെ വീട്ടിലാക്കി ഞങ്ങൾ സാധനം വാങ്ങിക്കാനായി പുറത്തുപോയി. തിരിച്ചുവരുമ്പോൾ സന്ധ്യയായി. ബൈക്കിൽ കയറി വേണം തിരിച്ചെത്താൻ. ഞാൻ പൈസ എടുത്തിട്ടുമില്ല. സാധനം വാങ്ങിയതിന്റെ ഇത്തിരി എന്തൊക്കെയോ ബാക്കി അവളുടെ കയ്യിലുമുണ്ട്. ഒരു മനുഷ്യൻ അയാളുടെ ബൈക്കിൽ കയറാൻ ഞങ്ങളെ നിർബന്ധിക്കുന്നു. അയാൾ കുടിച്ചിട്ടുള്ളതിനാൽ അതിൽ കയറാൻ അവൾ തയ്യാറാകുന്നില്ല. വഴക്കായി. ഞാൻ ഭയപ്പെട്ടു. പുറത്തുകാണിക്കാതെ പിടിച്ചുനിന്നു. സന്ധ്യ ഇരുട്ടിത്തുടങ്ങിയിരുന്നു. ഭാഗ്യത്തിന് ഒരു പോലീസുകാരൻ വന്നെത്തി. അതു കണ്ടയാൾ ഓടിമറഞ്ഞു. അവൾ ഓടി ചെന്ന് മറ്റൊരു ബൈക്കിൽ ചാടിക്കയറി. ഞാനും അതിന്റെ പിന്നാലെ ചാടിക്കയറി. അവളെ കെട്ടിപ്പിടിച്ച് ആ നഗരത്തിലെ ഇരുട്ടിലൂടെ സഞ്ചരിച്ചു. അതും വല്ലാത്തൊരനുഭവമായിരുന്നു.

അപരിചിതത്വം നമ്മെ ഒരേനിമിഷം ത്രസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. എന്നാലും അതിൽനിന്ന് മുക്തി വേണ്ട വേണ്ട എന്ന് നമുക്ക് തോന്നുകയും ചെയ്യും.

പിന്നീട് പോയത് മസായിമാര വനത്തിലേക്കാണ്. ലക്ഷക്കണക്കിന് മൃഗങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൺമുമ്പിൽ ഓടുന്നു. എനിക്ക് വിശ്വസിക്കാനായില്ല. മരണംവരെ ഓർക്കാൻ പാകത്തിനുള്ള ഒരു കാഴ്ച. കണ്ണുകളടച്ച് ധ്യാനിച്ച് മനസ്സിൽ അടുക്കിപ്പെറുക്കിവെയ്ക്കാൻ ശ്രമിച്ചു. മറന്നുപോകരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു. ആ മൃഗങ്ങളുടെ കാലൊച്ചകളും കരച്ചിലുകളും ഇന്നും ചെവിയിൽ കേൾക്കാം.ആ നിമിഷം ഞാൻ ജീവിതം എന്ന നിലയോട്, ആ കണ്ട കാഴ്ചയോട് നന്ദി പറഞ്ഞു. ചില നിമിഷങ്ങളിൽ ജീവിച്ചിരിക്കുന്നതിൽ പ്രതി ഒരു പൂർണത തോന്നാറുണ്ട്. അത്തരത്തിൽ ഒരു പൂർണത എനിക്കപ്പോൾ തോന്നി. ഈ ഒരൊറ്റ കാഴ്ച കാണാൻ വേണ്ടി, ഒരൊറ്റ ഫ്രെയിയിലെ ആ കാഴ്ച കാണാൻ വേണ്ടി മാത്രമാണ് ഞാൻ അവിടേക്കുചെന്നത് എന്ന് തോന്നിപ്പോയി. ഇളം പച്ച മൈതാനിയിൽ ലക്ഷക്കണക്കിന് വൈൽഡ് ബീസ്റ്റുകളും സീബ്രകളും ജിറാഫുകളും, അതിനെ പിടിച്ചുതിന്നാൻ തക്കം പാർത്തിരിക്കുന്ന സിംഹവും പുലിയും, ചീറ്റപ്പുലിയും കൂട്ടംകൂട്ടമായി നടക്കുന്ന ആനകളും. എന്തൊരു വന്യമായ കാഴ്ചയായിരുന്നു അത്. നാഷണൽ ജോഗ്രഫിക്കിന്റെ ഏതൊരു ഫ്രെയിമിനും തരാൻ കഴിയാത്ത അനുഭവമായിരുന്നു ആ നേർക്കാഴ്ച എനിക്കുതന്നത്.

മനുഷ്യരെയും പ്രകൃതിയെയും സ്‌നേഹിക്കാത്തവർക്ക് യാത്ര എന്നത് ഒരു അനുഭവമല്ല. യാത്ര മാസ്മരികയാണ്. ആത്മാവിനെ കണ്ടെത്താനുള്ള ശ്രമമാണ്. അതിനെ സ്വതന്ത്രമാക്കാനുള്ള ശ്രമം.

യാത്രക്കുമുമ്പുള്ള നമ്മുടെ ചിന്തകൾ യാത്രക്കൊടുവിൽ പല തരത്തിൽ മാറിമറിയുന്നു. സഹാനുഭൂതിയും സഹിഷ്ണുതയുമുള്ള പുതുജീവികളായി നമ്മൾ മാറുന്നു.

അസർബൈജാനിൽ അബ്ഷരോൺ ഉപദ്വീപിൽ എപ്പോഴും കത്തിജ്വലിക്കുന്ന ഒരു മലയുണ്ട്. കഴിഞ്ഞ എത്രയോ വർഷങ്ങളായി അത് കത്തിക്കൊണ്ടിരിക്കുന്നു. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി ബാക്കുവിൽ താൻ കണ്ട ഈ തീയിനെക്കുറിച്ച്​ പരാമർശിക്കുന്നുണ്ട്. അതിനും എത്രയോ കാലങ്ങൾക്കു മുമ്പുതന്നെ അവിടം കത്തിക്കൊണ്ടിരിക്കുന്നു എന്നാണ് അറിയുന്നത്. ആ കത്തുന്നതിന്റെ ചൂട്, കാറ്റുലഞ്ഞ്​ അഗ്‌നിയാളിക്കത്തുന്നതിന്റെ വല്ലാത്തൊരു ശബ്ദം. അത് നോക്കി ഏറെ നേരം അവിടെ നിന്നു. കാഴ്ച മങ്ങരുതേ എന്നു ഞാൻ ഉള്ളുരുകി.

ചില മനുഷ്യരെ പിരിയുമ്പോഴും അത്തരത്തിലൊരു തോന്നലുണ്ടാവാറുണ്ട്. ഞാൻ കണ്ണുനിറയെ അവരെ നോക്കിനിൽക്കും. ഒരുപക്ഷേ അവസാനത്തെ ജീവനുറ്റ നോട്ടമാണെങ്കിലോ എന്ന വെറുതേയൊരു തോന്നലുണ്ടാവും. ചിലപ്പോൾ സ്വന്തം മക്കളെ വരെ അങ്ങനെ നോക്കിനിന്നുപോകും. മനുഷ്യരെയും പ്രകൃതിയെയും സ്‌നേഹിക്കാത്തവർക്ക് യാത്ര എന്നത് ഒരു അനുഭവമല്ല. യാത്ര മാസ്മരികയാണ്. ആത്മാവിനെ കണ്ടെത്താനുള്ള ശ്രമമാണ്. അതിനെ സ്വതന്ത്രമാക്കാനുള്ള ശ്രമം. ശിഷ്ടദിനങ്ങൾക്ക് അർത്ഥവും അനക്കവും തരുന്ന മോഹമാണത്. യാത്ര ഒരാളെ ത്രസിപ്പിക്കുന്നുവെങ്കിൽ അത് ഭാഗ്യം എന്നേ പറയാനാകൂ. കാണാൻ പോകുന്ന കാഴ്ചകളെ ഓർത്ത് ആവേശം കൊള്ളുമ്പോഴും, കണ്ട കാഴ്ചകളെ ഓർത്ത് സന്തോഷം തോന്നുമ്പോഴും അത് ഭാഗ്യം തന്നെയാണ്.

യാത്ര സമയപരിമിതമല്ല, ലക്ഷ്യമല്ല. സഞ്ചാരം മാർഗ്ഗങ്ങളിൽ മാത്രം ഒതുങ്ങുന്ന അനുഭവവുമല്ല. സഞ്ചരിക്കുന്ന സമയത്തിൽ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നുമല്ല.

പ്രപഞ്ചത്തിലെ സകലമാന ചരാചരങ്ങളും ശാന്തിയിൽ നിന്ന് അശാന്തിയിലേക്ക് പോകുന്നതായാണ് എന്നെ സംബന്ധിച്ച്​ രണ്ടാമത്തെ തെർമോഡൈനാമിക്‌സ് സിദ്ധാന്തത്തിന്റെ വായന. ക്രമത്തിൽ നിന്ന്​ ക്രമമില്ലായ്മയിലേക്ക്, വ്യവസ്ഥയിൽ നിന്ന്​ അവ്യവസ്ഥയിലേക്ക് വെമ്പൽകൊള്ളാൻ കാത്തുനിൽക്കുന്ന പതിനാറാമത്തെ വയസ്സിൽ, എനിക്ക് കുറ്റബോധമില്ലാതെ, സ്വാഭാവികമായി വഴിതെറ്റിയോടാൻ ഒരു സിദ്ധാന്തത്തോട് കടപ്പടേണ്ടിവന്നു.

അതുപോലെതന്നെയാണ് ഇന്നത്തെ തെറിച്ചുതെറിച്ചു യാത്ര പോകാനുള്ള ആഗ്രഹവും. ഐസ് വെള്ളമാകുന്നതും രൂപമില്ലാതെ ഒഴുകി പരക്കുന്നതും, ഒടുവിൽ നീരാവിയായി ലക്ഷ്യമില്ലാതെ പറക്കുന്നതും പോലെ മനുഷ്യർ പ്രപഞ്ചത്തിലേക്ക് ചിതറി പോകുന്നതാണ് സഞ്ചാരത്തിന്റെ കാതൽ എന്ന് വെറുതെവെറുതെ പറയുന്നു, മനസ്സ്. ▮


അമ്മു വള്ളിക്കാട്ട്

കവി. ‘പെൺവിക്രമാദിത്യം പേശാ മടന്തയും മുലമടന്തയും' എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments