അവസാനിപ്പിക്കണം ജീവനെടുക്കുന്ന ഈ 'അസുര'യാത്രകൾ, ആര് ഏറ്റെടുക്കും ഉത്തരവാദിത്തം

പഠനയാത്ര സംഘടിപ്പിക്കുന്നത് സ്‌കൂളാണെങ്കിലും അതിന്റെ ആസൂത്രണത്തിലോ നടത്തിപ്പിലോ സ്‌കൂൾ അധികൃതർക്ക് പറയത്തക്ക നിയന്ത്രണങ്ങളൊന്നുമില്ല എന്നതാണ് സത്യം. കാസർകോട് കൊടിയമ്മ ഗവ. ഹൈസ്‌കൂൾ അധ്യാപകനായിരുന്ന പത്മനാഭൻ ബ്ലാത്തൂർ എഴുതുന്നു...

പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂൾ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് ഒമ്പതുപേരുടെ ജീവൻ നഷ്ടമായത് ഏറെ സങ്കടകരമാണ്. പഠനയാത്രാസംഘത്തിലെ അഞ്ചു കുട്ടികളും ഒരധ്യാപകനും കെ.എസ്.ആർ.ടി.സി. ബസിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും കൊല്ലപ്പെട്ടു. ഈ അപകടം പഠനയാത്രകളുടെ ആസൂത്രണവും സംഘാടനവും അടക്കമുള്ള അടിയന്തരമായ ചില ആലോചനകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

ഒരു വിദ്യാഭ്യാസ വർഷത്തിൽ പഠനപ്രവർത്തങ്ങൾക്കൊപ്പം എണ്ണിയാലൊടുങ്ങാത്ത പഠനാനുബന്ധ പ്രവർത്തനങ്ങളും വിദ്യാലയങ്ങൾ ഏറ്റെടുത്തു നടത്തേണ്ടതായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടികൾ കൂടാതെ പൊലീസ്, ആരോഗ്യം, വനം, സാമൂഹ്യക്ഷേമം തുടങ്ങി മറ്റനേകം വകുപ്പുകളും അവരുടെ പ്രവർത്തനങ്ങൾക്കുള്ള ഇടമായി കണ്ടെത്തുന്നത് സ്കൂളുകളെയാണ്. ഇവയുടെ ബാഹുല്യം വിദ്യാലയാന്തരീക്ഷത്തെ വലിയ സംഘർഷത്തിലാക്കുന്നുണ്ട്. കുട്ടികളിൽ പടിപടിയായി വളർന്നുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും അച്ചടക്കരാഹിത്യവും പ്രയാസത്തിലാക്കുന്നത് അധ്യാപകരെയാണ്.

കലാകായിക മേളകളും ശാസ്ത്രമേളകളുമൊക്കെ അധ്യാപകർക്കും കുട്ടികൾക്കും മാനസികാനന്ദം നൽകുന്ന സന്ദർഭങ്ങളാണ്. എന്നാൽ പഠനയാത്രകൾ പലപ്പോഴും അങ്ങനെയല്ല. യാത്ര തീരുമാനിച്ചാൽ പോയി തിരിച്ചു വരുന്നതുവരെ ചുമതലക്കാർക്ക് മനഃസമാധാനത്തോടെ ഉറങ്ങാനാവില്ല എന്നതാണ് സ്ഥിതി.

പഠനയാത്ര സംഘടിപ്പിക്കുന്നത് സ്കൂളാണെങ്കിലും അതിന്റെ ആസൂത്രണത്തിലോ നടത്തിപ്പിലോ സ്കൂൾ അധികൃതർക്ക് പറയത്തക്ക നിയന്ത്രണങ്ങളൊന്നുമില്ല എന്നതാണ് സത്യം. ഏതെങ്കിലും ടൂർ ഏജൻസികളുടെ സഹായത്തോടെ സ്കൂളിലെ സ്ഥിരം ടൂർ മാനേജരായ ഒരധ്യാപകൻ എല്ലാം ഏറ്റെടുക്കുന്നു. ഏതൊക്കെ സ്ഥലങ്ങൾ കാണണം, എവിടെയൊക്കെ താമസിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് മിക്കപ്പോഴും ടൂർ ഓപ്പറേറ്ററായിരിക്കും. പഠനപ്രവർത്തനങ്ങൾക്കു സഹായകമായ സ്ഥലങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമാണ് യാത്ര തീരുമാനിക്കുന്നതെങ്കിൽ കുട്ടികളെ കിട്ടാതെ അതവസാനിക്കും. പിന്നൊരു വഴിയുള്ളത് അധികൃതരെ പറ്റിക്കാൻ വേണ്ടിയെങ്കിലും യാത്രാറൂട്ടിൽ അങ്ങനെ ചില സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തുക, പേരിന് അത്തരമൊരു സ്ഥലത്ത് കാലുകുത്തുക, പെട്ടെന്നു തന്നെ അവിടെനിന്ന്​ മടങ്ങുക എന്നതാണ്. അധ്യാപകർക്കും അതാണിഷ്ടം. "ഓ, ചരിത്ര സ്മാരകം കണ്ടിട്ട് എന്തു കിട്ടാനാ, പിള്ളേര് പാർക്കിലോ വെള്ളത്തിലോ ചാടി എൻജോയ് ചെയ്യട്ടെന്നേ' എന്നാണ് അത്തരക്കാരുടെ സമീപനം. അവരോടു യോജിക്കുന്നില്ലെങ്കിൽ കുട്ടികൾക്ക്‌ എസ്​കോർട്ടായി വേറെ ആളെ നോക്കണം.

20 കുട്ടികൾക്ക് ഒരു എസ്​കോർട്ട് ടീച്ചർ, പെൺകുട്ടികളുണ്ടെങ്കിൽ അധ്യാപികമാർ നിർബന്ധം എന്നാണ് നിയമം. അമിതവേഗതയിൽ പായുന്ന ബസിൽ, കാതടപ്പിക്കുന്ന സംഗീതബഹളത്തിൽ, കണ്ണുപൊട്ടിക്കുന്ന വെളിച്ച ക്രമീകരണത്തിൽ ദിവസങ്ങളോളം കുട്ടികളെ അനുഗമിക്കാൻ ഒരുവിധമാളുകളൊന്നും തയ്യാറാവില്ല. പുറപ്പെടുന്ന നിമിഷം മുതൽ തങ്ങൾ എല്ലാ നിയന്ത്രണങ്ങൾക്കും പുറത്താണ് എന്ന് തങ്ങളുടെ ശരീരഭാഷയിലൂടെയും പെരുമാറ്റത്തിലൂടെയും ചില കുട്ടികൾ പ്രഖ്യാപിക്കും. പതുക്കെ അത് സംഘത്തിന്റെ പൊതുഭാവമായി മാറും. എസ്​കോർട്ട്​ വെറും നോക്കുകുത്തിയാവും.

വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ചില സംഘാടകർ കാണിക്കുന്ന മിടുക്ക് എടുത്തു പറയണം. ഡെവിൾ, ചെകുത്താൻ, അസുരൻ, ബാഡ് ബോയ്, റാസ്കൽ എന്നൊക്കെ വിളിപ്പേരുള്ള അത്യാഡംബര വാഹനങ്ങൾക്കാണ് ഏറെ പ്രിയം. ഇരുവശങ്ങളിലും നിറയെ കർട്ടനുള്ള, താരസന്ധ്യകളെ ഓർമിപ്പിക്കുന്ന ശബ്ദ- വെളിച്ച ക്രമീകരണമുള്ള ബസിന്റെ അകം ഒരു ഡാൻസ് ഫ്ലോറിനെ ഓർമിപ്പിക്കും. പാട്ടും ഡാൻസുമായി ബസ് ചീറിപ്പായും. അബദ്ധത്തിൽപ്പോലും ഒരാളും ഗ്ലാസ് വിൻഡോ തുറന്ന് പുറത്തേക്കു നോക്കില്ല. പ്രകൃതിഭംഗി അപൂർവ ചാരുത നൽകുന്ന ഭൂഭാഗങ്ങളിലൂടെ അന്ധരെപ്പോലെ അവർ കടന്നു പോവും.

ഇടയ്ക്കിടെ തിന്നാനും കുടിക്കാനും കിട്ടണം. യാത്രയിൽ ഏതെങ്കിലും ഇഷ്ട സിനിമ കാണണം. പുറത്തിറങ്ങി ഏതെങ്കിലും മികച്ച ഹോട്ടലിൽ കയറി വയറു നിറയെ തിന്നണം - ഇതാണ് യാത്രികരുടെ മിനിമം പരിപാടി.

ഫാക്ടറികളിലേക്കും ചരിത്ര സ്മാരകങ്ങളിലേക്കും ശാസ്ത്രപ്രദർശനങ്ങളിലേക്കും സിനിമാശാലകളിലേക്കുമൊക്കെ നടത്തിയ ലഘുപഠനയാത്രകൾ പലരുടെയും നല്ല ഓർമയായി ഇപ്പോഴും തുടരുന്നത് അവയിലെ ലാളിത്യവും ജനാധിപത്യവും ഒന്നുകൊണ്ടു മാത്രമാവണം. ജീവിതം എന്നത് വെറും ആഘോഷമാണ് എന്ന കമ്പോള മുദ്രാവാക്യം നമ്മുടെ പഠനപ്രവർത്തനങ്ങളെപ്പോലും റാഞ്ചിയെടുത്തിരിക്കുന്നു എന്ന പൊള്ളുന്ന സത്യത്തിലേക്കാണ് ഇവയൊക്കെ കണ്ണു തുറപ്പിക്കുന്നത്.

Photo: thepapyrusitineraries

എന്താണ് പഠനയാത്ര, അതെങ്ങനെ സംഘടിപ്പിക്കപ്പെടണം എന്നിവയെക്കുറിച്ചു സംസ്ഥാന പൊതു വിദ്യാസ വകുപ്പും വിദ്യാഭ്യാസ വകുപ്പുകൾ വെവ്വേറെയും കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രയാസമുള്ള പാഠഭാഗങ്ങളെ വഴക്കിയെടുക്കാനും അധ്യാപക സർഗാത്മകത വളർത്തിയെടുക്കാനും രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹായിക്കുന്നതാവണം പഠനയാത്ര എന്നാണ് ഈ നിർദേങ്ങളിൽ പ്രധാനം. മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്താൻ കഴിയുന്ന വിധം പഠനയാത്രകൾ വിഭാവനം ചെയ്യണമെന്നും സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികൾ അക്കാരണത്താൽ മാറ്റി നിർത്തപ്പെടരുതെന്നും അവരുടെ വിഹിതം അധ്യാപക രക്ഷാകർത്തൃസമിതികൾ കണ്ടെത്തണം എന്നും അത് വ്യക്തമായി പറയുന്നുണ്ട്.

12.10.2018ൽ ഹയർ സെക്കണ്ടറി ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിലുള്ള പ്രധാന നിർദേശങ്ങർ ഇവയാണ്:

പഠനയാത്ര പോകാനുദ്ദേശിക്കുന്ന സ്ഥലം, യാത്രാ പരിപാടി, യാത്രയിൽ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവയെപ്പറ്റി പി.റ്റി.എയിൽ മുൻകൂട്ടി ചർച്ച ചെയ്യണം.

പി.ടി.എ പ്രതിനിധികൾ യാത്രയിൽ ഒപ്പം വേണം.

കുട്ടികളിൽ നിന്ന് അമിത തുക ഈടാക്കരുത്.

ഉന്നത നിലവാരം പുലർത്തുന്നതും പഠനത്തോടു ബന്ധപ്പെട്ടതുമായ ടൂർ പരിപാടികൾ മാത്രമേ നടത്താൻ പാടുള്ളൂ.

ജനാധിപത്യം വലിയൊരളവിൽ പാലിക്കപ്പെടുന്ന ഒരിടമാണ് സ്കൂളുകൾ എന്നു പറയാം. ജാതി, മത, വർഗ, വർണ, ലിംഗഭേദമില്ലാതെ എല്ലാവർക്കും ഇടപെടാനാവുന്ന ഒരിടം. ഉച്ചഭക്ഷണവും യൂണിഫോമും ആ തുല്യതയെ വലിയൊരളവിൽ നിലനിർത്തുന്നു. എന്നാൽ ഇതിനെ അട്ടിമറിക്കുന്ന ഒന്നാണ് പലപ്പോഴും പഠനയാത്രകൾ. ആകെ കുട്ടികളുടെ എട്ടോ പത്തോ ശതമാനത്തിനു മാത്രം പങ്കെടുക്കാൻ കഴിയുന്ന ഒരു മേൽത്തട്ടു പ്രവർത്തനമാണ് അത്. പണമാണ് അവിടെ പ്രധാന ഘടകം. പണമുള്ളവർ ലോകം കാണുന്നു.

"കാലുള്ളവനെല്ലാം ഹംപി കാണും' എന്നൊരു ചൊല്ലുണ്ട് കന്നടത്തിൽ. നടന്നു പോകാവുന്നവരെല്ലാം ഒരിക്കൽ ഹംപി കണ്ടിരിക്കണം എന്നാണ് ആ ചൊല്ലിന്റെ താല്പര്യം. യാത്രയുടെ പ്രാധാന്യം ഇതിനപ്പുറം വിവരിക്കാനാവില്ല. സാമ്പത്തിക നിലയിലെ വിടവ് പഠനയാത്ര പോകുന്നവരും അല്ലാത്തവരുമായി കുട്ടികളെ വിഭജിച്ചുകൂടാ എന്ന ചിന്തയിലേക്ക് വിദ്യാഭ്യാസ പ്രവർത്തകരെ നയിച്ചിട്ടുണ്ട്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പഠനയാത്ര, ഏക ദിന പഠനയാത്ര, ലോക്കൽ ഫീൽഡ് ട്രിപ്പ് എന്നിങ്ങനെ പഠനയാത്രയെ അത് ജനാധിപത്യവൽക്കരിക്കുന്നു.

കണ്ണൂർ ജില്ലയിലെ നെടുങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ കേരള കലാമണ്ഡലത്തിലേക്ക് നടത്തിയ സാംസ്കാരിക പഠനയാത്ര ഇതൊക്കെ ഇങ്ങനെ മാത്രമേ പോകൂ എന്നു വിചാരിക്കുന്നവർക്കുള്ള മറുപടിയാണ്.

പി.ടി.എ യുടെ അനുമതിയോടെ സംഘടിപ്പിച്ച ആ യാത്ര കേവല വിനോദ കേന്ദ്രങ്ങളെയും പാർക്കുകളെയും സ്പർശിച്ചതേയില്ല. അവർ കേരള കലാമണ്ഡലം സന്ദർശിച്ചു . കഥകളി, ചാക്യാർകൂത്ത്, കൂടിയാട്ടം, ഓട്ടൻതുളളൽ എന്നിവയുടെ സോദോഹരണ ക്ലാസ്സുകളും അവതരണങ്ങളും കണ്ടു. അധ്യാപകരും വിദ്യാർഥികളും യാത്രാ സംഘത്തോട് സംവദിച്ചു. തുടർന്ന് തുഞ്ചൻ പറമ്പും കിള്ളിക്കുറിശ്ശി മംഗലവും തിരുനാവായയും കണ്ടാണ് മടങ്ങിയത്. നെടുങ്ങോം സ്കൂളിനു പറ്റുന്നത് എല്ലാർക്കും പറ്റും,
ഇപ്പോൾ അത്രേയുള്ളൂ പറയാൻ.

Comments