മിസോറാം തലസ്ഥാനമായ ഐസ്വോൾ നഗരത്തിലൂടെ സഞ്ചരിക്കുമ്പോൾ യാദൃച്ഛികമായാണ് 'ഇസ്രായേൽ മാർക്കറ്റ്' എന്ന ബോർഡ് ശ്രദ്ധയിൽ പെട്ടത്. അവിടെ ഇറങ്ങി നോക്കിയപ്പോൾ പ്രത്യേകിച്ച് ഒന്നും കണ്ടില്ല. വസ്ത്രങ്ങളും പച്ചക്കറികളും മാംസവുമെല്ലാം വിൽക്കുന്ന ഒരു സാധാരണ മാർക്കറ്റ് ആയിരുന്നു അത്. എങ്കിലും എങ്ങനെ ഈ മാർക്കറ്റിന് ഇസ്രായേൽ മാർക്കറ്റ് എന്ന് പേരു വന്നു എന്ന ചിന്ത മനസ്സിൽ വെറുതെ കയറിക്കൂടി. അടുത്ത ദിവസങ്ങളിൽ നഗരങ്ങളിലൂടെ ഒരു വാടക സ്കൂട്ടറിൽ അലയുമ്പോൾ ഫർണ്ണീച്ചർ ഷോപ്പ്, മെഡിക്കൽ ഷോപ്പ് തുടങ്ങിയ ചില ഷോപ്പുകൾക്കും ഇസ്രായേൽ എന്ന പേര് കണ്ടു. പിന്നീട് പരിചയപ്പെട്ട പലരോടും അന്വേഷിച്ചപ്പോഴാണ് അതിശയകരമായ ഒരു വിവരം കിട്ടിയത്. നൂറ്റാണ്ടുകളായി മിസോറാമിലും മണിപ്പൂരിലും മ്യാന്മർ അതിർത്തിയിലും ജൂതമതവുമായി വേരുകളുള്ള ഒരു ഗോത്ര ജനത ജീവിക്കുന്നുണ്ട്. തങ്ങളുടെ പ്രാചീന പാരമ്പര്യത്തെയും ജൂത വേരുകളെയും സമീപ കാലത്താണ് അവർ തന്നെ തിരിച്ചറിഞ്ഞത്. അതോടെ വേരുകളിലേക്ക് മടങ്ങാനുള്ള ഉൽക്കടമായ ആഗ്രഹവുമായി ജീവിക്കുകയാണവർ. ഇതിനോടകം അവരുടെ ജനസംഖ്യയിൽ വലിയ ഒരു വിഭാഗം ഇസ്രയേലിലേക്ക് മടങ്ങി കഴിഞ്ഞു.
ബ്നെയ് മെനാഷെ
ഐസ്വാളിൽ ഞാൻ താമസിച്ച ഹോസ്റ്റൽ നടത്തിപ്പുകാരനായ ചെറുപ്പക്കാരനാണ് മിസോറാമിലെ 'ബ്നെയ് മെനാഷെ' എന്ന ജൂതസമുദായത്തെ കുറിച്ച് പറഞ്ഞത്. നഗരത്തിൽ ജീവിക്കുന്ന ഈ സമുദായത്തിൽ പെട്ട പലരും നേരത്തെ തന്നെ ഇസ്രായേലിലേക്ക് പോയി അവിടെ പൗരത്വം നേടിയിട്ടുണ്ട്. അവരുടെ പിന്മുറക്കാർ 'വാഗ്ദത്ത ഭൂമിയിലേക്ക്' മടങ്ങി തങ്ങളുടെ മുൻഗാമികൾക്കൊപ്പം ജീവിക്കാനുള്ള ഊഴം കാത്തിരിക്കുകയാണ്. ഇസ്രായേൽ ആണ് തങ്ങളുടെ മാതൃദേശം എന്നവർ കരുതുന്നു. ജൂതമത സ്വത്വത്തിൽ അവർ അഭിമാനിക്കുന്നു. മിസോറാമിലും മണിപ്പൂരിലുമായി ഏഴായിരത്തോളം ആളുകൾ ഇങ്ങനെ ഊഴം കാത്തിരിക്കുകയാണ്. ചിൻ, കുക്കി, മിസോ വംശീയ വിഭാഗങ്ങളിൽ നിന്നുള്ളവരാണവർ.
ഈ ഗോത്രജനത നൂറ്റാണ്ടുകളായി ജൂത സമാനമായ ആചാര രീതികളും ഭക്ഷണ ക്രമവും വസ്ത്ര, ജീവിത ശീലങ്ങളും പിന്തുടർന്നു വരികയായിരുന്നുവത്രെ. പക്ഷെ ഈ ഗോത്ര രീതികൾക്ക് ജൂത ബന്ധമുണ്ടെന്നൊന്നും അവർക്ക് അറിയുമായിരുന്നില്ല. അങ്ങനെയിരിക്കെ, 1951-ൽ ഒരു ഗോത്രമൂപ്പൻ ഒരു സ്വപ്നം കാണുന്നു: തങ്ങൾ ജൂത പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ലോകത്ത് ചിതറിപ്പോയ ജൂത സമൂഹവുമായി കണ്ണി ചേരുന്നതാണ് തങ്ങളുടെ പൂർവ്വികർ എന്നുമായിരുന്നു ആ സ്വപ്നം. ആ സ്വപ്നത്തെ പിന്തുണച്ച് ആ ഗോത്രത്തിൽ നിന്നുള്ള പലരും രംഗത്തു വന്നു. അതുവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്ന ആ ഗോത്രങ്ങൾ സംഘടിതമായി തന്നെ തങ്ങൾ ജൂതരാണെന്ന് പറയാൻ തുടങ്ങി.

മിത്തുകളും വസ്തുതകളും
ബിസി 722-ൽ അസീറിയൻ സാമ്രാജ്യം പുരാതന ഇസ്രായേലിനെ കീഴടക്കിയതിനുശേഷം അവിടെ നിന്ന് നാടുകടത്തപ്പെട്ട പത്ത് ജൂത ഗോത്രങ്ങളുടെ പിൻഗാമികളാണ് തങ്ങൾ എന്നാണവർ വാദിക്കുന്നത്. ഇങ്ങനെ 'നഷ്ടപ്പെട്ട ഗോത്രങ്ങൾ' ആയി സ്വയം കരുതിയ വേറെയും സമൂഹങ്ങൾ ഇസ്രായേലിലേക്ക് കുടിയേറിയിട്ടുണ്ട്. നഷ്ടപ്പെട്ട പത്ത് ഗോത്രങ്ങളിൽ ഒന്നായ 'മനശ്ശെയുടെ മക്കൾ' എന്നർത്ഥം വരുന്ന ബ്നൈ മനാഷെ ഗോത്രജരാണ് തങ്ങളെന്നാണ് ഈ സമുദായം അവകാശപ്പെടുന്നത്.
ബ്നെയ് മെനാഷെ സമൂഹം പരമ്പരാഗതമായി ആചരിച്ചു വരുന്ന ആചാരങ്ങളിൽ ജൂത മതവുമായി ബന്ധപ്പെട്ട ചിലതുണ്ടെന്ന വസ്തുതയുടെ വെളിച്ചത്തിലാണ്, ഇവർ ജൂതർ തന്നെയാവാം എന്ന നിഗമനത്തിൽ പല നരവംശ ശാസ്ത്രജ്ഞരും എത്തിച്ചേരുന്നത്.
ബ്നെയ് മെനാഷെ സമൂഹത്തിന്റെ ഉത്ഭവത്തെ കുറിച്ച് ചില പുരാവൃത്തങ്ങളാണുള്ളത്. കൃത്യമായ ശാസ്ത്രീയ ചരിത്രത്തിന്റെ പിൻബലമൊന്നും അതിനില്ല. വാമൊഴി പാരമ്പര്യങ്ങളിൽ പ്രചാരത്തിലുള്ള പുരാവൃത്തങ്ങൾ പ്രകാരം, ബിസി 722-ൽ അസീറിയൻ രാജാവായ സർഗോൺ രണ്ടാമൻ നാടുകടത്തിയ ഇസ്രായേലുകാരുടെ പിൻഗാമികളാണ് അവർ. സിൽക്ക് റോഡ് വഴി അവർ ഇന്ത്യയിലേക്ക് കുടിയേറിയതായും ഒടുവിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മിസോറാമിലും മണിപ്പൂരിലും സ്ഥിരതാമസമാക്കിയതായും അവർ അവകാശപ്പെടുന്നു. 1950-കളിലും 1960-കളിലും പ്രാദേശിക ക്രിസ്ത്യൻ മിഷനറിമാർ എബ്രായ ബൈബിൾ പരിചയപ്പെടുത്തിയപ്പോഴാണ് ജൂതമതവുമായുള്ള തങ്ങളുടെ ബന്ധം അവർ തിരിച്ചറിയുന്നത്. എങ്കിലും 1970-കളിലും 1980-കളിലും മാത്രമാണ് പ്രാദേശിക ക്രിസ്ത്യൻ മിഷനറിമാരുടെയും ബൈബിളിന്റെ സ്വന്തം വ്യാഖ്യാനങ്ങളുടെയും സ്വാധീനത്താൽ ജൂത ആചാരങ്ങളും സമ്പ്രദായങ്ങളും സ്വീകരിക്കാൻ തുടങ്ങിയത്.
ആചാരങ്ങൾ, പാരമ്പര്യങ്ങൾ
ബ്നെയ് മെനാഷെ സമൂഹം യഹൂദമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും സവിശേഷമായ ഒരു മിശ്രിതമാണ് ആചരിക്കുന്നത്. ക്രിസ്മസ് പോലുള്ള ക്രിസ്ത്യൻ ഉത്സവങ്ങൾ അവർ ആഘോഷിക്കുന്നു. അവരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അവരുടെ ഗോത്ര പശ്ചാത്തലവും സാംസ്കാരിക പൈതൃകവും സ്വാധീനിച്ചിരുന്നതായി കാണാം. ബ്നെയ് മെനാഷെ സമൂഹം പരമ്പരാഗതമായി ആചരിച്ചു വരുന്ന ആചാരങ്ങളിൽ ജൂത മതവുമായി ബന്ധപ്പെട്ട ചിലതുണ്ടെന്ന വസ്തുതയുടെ വെളിച്ചത്തിലാണ്, ഇവർ ജൂതർ തന്നെയാവാം എന്ന നിഗമനത്തിൽ പല നരവംശ ശാസ്ത്രജ്ഞരും എത്തിച്ചേരുന്നത്. അത്തരം ആചാരങ്ങളിൽ പ്രധാനപ്പെട്ടതാണ് മൃഗബലി. തോറയിൽ വിവരിച്ചിരിക്കുന്നതുപോലുള്ള മൃഗബലികൾ അവർ അനുഷ്ഠിച്ച് പോരുന്നുണ്ടായിരുന്നു. അതുപോലെ ജൂത പാരമ്പര്യത്തിന്റെ അനിവാര്യഭാഗമായ കുടുംബ ശുദ്ധി നിയമങ്ങളും അവർ പാലിക്കുന്നു. ശബ്ബത്ത് ആചരണമാണ് മറ്റൊന്ന്. ഇന്ത്യൻ പശ്ചാത്തലത്തിൽ പരിമിതികൽ ഉണ്ടെങ്കിൽ കൂടി അവർ ശബ്ബത്ത് ആചരിക്കുന്നു. അതേപോലെയാണ് പെസഹാ പോലുള്ള ആഘോഷങ്ങൾ. പെസഹയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ, യീസ്റ്റ് രഹിത അപ്പം ഉപയോഗിച്ച് അവർക്ക് വസന്തകാല ആഘോഷമുണ്ടായിരുന്നു. അവരുടെ മരണ ചടങ്ങുകളിൽ ഒരു പുരാതന മന്ത്രം ചൊല്ലൽ ഉൾപ്പെട്ടിരുന്നു. ആത്മാവിനെ അടുത്ത ലോകത്തേക്ക് കൊണ്ടുപോകാൻ സഹായിക്കാൻ പൂർവ്വികരെ വിളിക്കുന്നതാണ് ഈ മന്ത്രം. ഇതെല്ലാം ചേർത്ത് വെച്ചാണ് ബ്നൈ മെനാഷെ തങ്ങളുടെ സ്വത്വം ഉറപ്പിക്കുന്നത്.

സംശയങ്ങൾ, വിമർശനങ്ങൾ
ജൂതന്മാർ രക്തശുദ്ധിയിൽ വളരെ നിർബന്ധമുള്ള ഒരു ജനതയാണ്. ജൂത മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ, മുകളിൽ വിശദമാക്കിയ സമാനതകളെ മാത്രം അടിസ്ഥാനമാക്കി ബ്നെയ് മെനാഷെ ജൂത മതക്കാർ ആണെന്ന് വാദിക്കുന്നതിനെ ജൂത പുരോഹിതന്മാരിൽ ഒരു വിഭാഗം ചോദ്യം ചെയ്യുന്നുമുണ്ട്. അവരുടെ ആചാരങ്ങൾ മുഖ്യധാരാ ജൂതമതവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ 2005-ൽ നടത്തിയ ഒരു പഠനത്തിൽ ഇവർ മിഡിൽ ഈസ്റ്റിൽ നിന്ന് കുടിയേറിയവർ ആണെന്ന നിഗമനം സ്ഥിരീകരിക്കുന്നുണ്ട്.
READ: കലാപത്തിന്റെ മൂന്നാം വർഷത്തിലും ഭീതിയണയാതെ മണിപ്പുർ
വിദൂര ദേശങ്ങളിലെ ജൂതരെ സഹായിക്കുന്ന ഒരു സംഘടനയ്ക്ക് നേതൃത്വം നൽകിയ റബ്ബി എലിയാഹു അവിചൈൽ ബ്നെ മെനാഷെയുടെ ജൂത സ്വത്വം അംഗീകരിക്കാൻ തയ്യാറായതായാണ് അവരുടെ കൂട്ടക്കുടിയേറ്റത്തിന്ന് വാതിൽ തുറന്നത്. തുടർന്ന് 2005-ൽ, അന്നത്തെ ചീഫ് റബ്ബി ഷ്ലോമോ അമർ, ഹലാക്കിക്കൽ ജൂതരല്ലാത്ത ജൂത വംശജരായ, "സെറ യിസ്രായേലിന്റെ" ഭാഗമായി ബ്നെയ് മെനാഷെയെ അംഗീകരിച്ചു. പിന്നീട് ഇസ്രായേലിലെ ചീഫ് റബ്ബിനേറ്റിലെ റബ്ബി എലിയാഹു ബിർൺബോം അവർക്ക് ജൂത വിദ്യാഭ്യാസം നൽകാനുള്ള പദ്ധതികൾ തയ്യാറാക്കി. അതോടെ കുടിയേറിയവർ പരിവർത്തനത്തിന് വിധേയരായി, തോറ പാലിക്കുന്ന ജൂതരായി ജീവിക്കുവാൻ തുടങ്ങി.
ആലിയ അഥവാ മടക്കം
തങ്ങളുടെ ജൂത സ്വത്വത്തെ പറ്റിയുള്ള സംശയങ്ങളും വിവാദങ്ങളും നടക്കുന്നതിനിടയിൽ തന്നെ, 1980-കളിൽ ബ്നെയ് മെനാഷെ സമൂഹത്തിലെ ചില അംഗങ്ങൾ ഇസ്രായേലിലേക്ക് കുടിയേറാൻ തുടങ്ങിയിരുന്നു. ഇസ്രയേലിൽ നിലവിലുള്ള 'തിരിച്ചുവരവ് നിയമ'പ്രകാരം ഇസ്രായേലി പൗരത്വത്തിനുള്ള അവകാശം അവർ ഉന്നയിച്ചു. 2005-ൽ, ഇസ്രായേൽ സർക്കാർ ബ്നെയ് മെനാഷെ സമൂഹത്തിന്റെ അവകാശവാദങ്ങൾ അംഗീകരിക്കുകയും കുടിയേറിയവരെ സഹായിക്കാനും പുനരധിവസിപ്പിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

എങ്കിലും നൂറ്റാണ്ടുകളുടെ ഗോത്രപാരമ്പര്യങ്ങളുള്ള ഒരു ജനത മറ്റൊരു രാജ്യത്ത് ജീവിതം തുടങ്ങുമ്പോൾ സ്വാഭാവികമായും പലതരം വെല്ലുവിളികളും നേരിടേണ്ടി വരും. ആ നാടും സമൂഹവുമായി താദാത്മ്യം പ്രാപിക്കാൻ സമയമെടുക്കും. മറ്റൊന്ന്, അവരുടെ ജൂതസ്വത്വത്തെ കുറിച്ച് തദ്ദേശീയരിലുള്ള സംശയമാണ്. ഭാഷാപരമായ പ്രശ്നങ്ങൾ, കാലാവസ്ഥ, പലസ്തീനുമായുള്ള യുദ്ധ സാഹചര്യം, പരിചയമില്ലാത്ത തൊഴിൽ മേഖല തുടങ്ങിയവയും ആദ്യ തലമുറയിൽ പെട്ട കുടിയേറ്റക്കാർക്ക് വെല്ലുവിളി ആയിരുന്നു.
ബ്നൈ മനാഷെയുടെ ഇസ്രായേൽ കുടിയേറ്റത്തോട് ഇന്ത്യ അനുകൂലമായ സമീപനമാണ് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തിന്റെ ആനുകൂല്യം ബ്നൈ മെനാഷെക്ക് ലഭിക്കുന്നുണ്ടാകാം. എന്നാൽ ജൂതമതത്തിൽ പുതുതായി ചേർക്കപ്പെട്ടവർ എന്ന നിലയിൽ അവരിലുള്ള ഭക്തിയും ആവേശവും ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്നും സംശയിക്കപ്പെടുന്നുണ്ട്. പലസ്തീനെതിരെ പോരാടാൻ ബ്‌നൈ മെനാഷെകൾ സൈന്യത്തിൽ ചേരുന്നുണ്ട്. കഴിഞ്ഞ യുദ്ധത്തിൽ അവരിൽ ഇരുന്നൂറിലധികമാളുകൾ പങ്കെടുത്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു. നോർത്ത് ഈസ്റ്റ് യാത്രയിൽ അപ്രതീക്ഷിതമായി കണ്ട ചില നെയിം ബോർഡുകളാണ് ബ്നൈ മനാഷെകളെ കുറിച്ചുള്ള അന്വേഷണത്തിന്ന് വാതിൽ തുറന്നത്. യാത്രകളിലെ ഓരോ ചെറിയ കാഴ്ചകളും നമുക്ക് അപരിചിതമായ ഒട്ടേറെ അറിവുകളിലേക്കും അതിശയിപ്പിക്കുന്ന അനുഭവങ്ങളിലേക്കുമാകും നമ്മെ നയിക്കുക.