സൗത്ത് കൊൽക്കത്തയിലെ ടോളിഗഞ്ച് ഫാഡിയിലായിരുന്നു, ഇപ്പോഴുണ്ടോ എന്നറിയാത്ത പ്രദീപ് സിനിമാ ടാക്കീസ്. അവസാനം കളിച്ച പടം ഏത് ടൈപ്പെന്നറിയില്ല. ഈ കെടുതിക്കാലത്ത് ഏതായാലും അത്തരമൊരു ടാക്കീസിന് നിലനിൽപ്പില്ല. ജങ്ഷനിൽ നിന്ന് വലത്തോട്ടുള്ള വഴിയിൽ കയറ്റത്ത്, പാലത്തിന് തൊട്ടരികെയുള്ള ഈ കൊട്ടക പാവപ്പെട്ട തൊഴിലാളികളുടെ ഇല്ലായ്മകൾക്കിടയിലെ ആനന്ദമായും താഴെ ടോളിഗഞ്ച് മെയിൻ റോഡിലെ ഭവാനി സിനിമ തിയ്യറ്റർ (ബംഗാളികൾക്ക്- ഭൊവാനി സിനിമ) ബംഗാളി ഭദ്രലോകിന്റേയും ദൃശ്യാനുഭവത്തെയും തൃപ്തിപ്പെടുത്തിപ്പോന്ന ഒരു കാലമുണ്ടായിരുന്നു. ബൂർഷ്വാസിയേയും പ്രൊലിറ്റേറിയനേയും തൃപ്തിപ്പെടുത്തിയ തിരശീലകൾക്ക് ഒരു ചെറിയ കയറ്റത്തിന്റെ അകലം മാത്രം. സംഗീത ഇതിഹാസം സാക്ഷാൽ രവിശങ്കർ, സിനിമകളുടെ ശബ്ദമിശ്രണത്തിന് ശേഷമുള്ള കോപ്പി കണ്ടുനോക്കിയിരുന്നത്, ഭൊവാനി സിനിമയിലായിരുന്നു. ബംഗാളിലേതടക്കം സിനിമാലോകത്തെ പല വിഖ്യാതരുടേയും സന്ദർശനങ്ങൾക്ക് സാക്ഷിയായ തിയറ്റർ.
റേയുടേയും ഘട്ടക്കിന്റേയും മൃണാൾ സെന്നിന്റേയും സിനിമ കളിച്ച അനുഭവമുണ്ട് തൊഴിലാളികളുടെ കൊട്ടകയായ പ്രദീപ് ടാക്കീസിനും, പണ്ട്. പക്ഷേ, കാലാന്തരത്തിൽ നീലച്ചിത്രങ്ങളുടെ സെല്ലുലോയ്ഡ് പറുദ്ദീസയായി പ്രദീപ് സിനിമ മാറി. ബംഗാളിയിലേക്ക് മൊഴി മാറ്റിയ സൗത്ത് ഇന്ത്യൻ രതിചിത്രങ്ങളുടെ പോസ്റ്ററുകൾ മാർക്കറ്റ് പരിസരമാകെ നിറഞ്ഞു, ഇംഗ്ലീഷ് പോൺ സിനിമകളും സമാസമം ടാക്കീസിനെ ഇളക്കിമറിച്ചു. സ്ഥലംമാറ്റ കുറിപ്പടിയുമായി കൊൽക്കത്തയിലെ, ടോളിഗഞ്ചിനടുത്തെ റായ് ബഹാദൂർ സരണിയിലെ താമസക്കാരനായി, എത്തിയ കാലത്ത് പ്രദീപ് സിനിമ അങ്ങനെയെല്ലാമാണ്. ടോളിഗഞ്ചിൽ നിന്ന് റായ് ബഹാദൂർ സരണിയിലേക്ക് കുറച്ച് നടക്കാനുണ്ട്. സമീപത്തെല്ലാം തെരുവു വിൽപ്പനയുടെ തിരക്കാണ്. മന്ദിറും കാവിക്കൊടിയും കോഴിയിറച്ചിക്കടയും ചാരായഷാപ്പും തമ്മിൽ ഒട്ടും അകലമില്ല. ഇടുങ്ങിയിടുങ്ങിയാണ് പൂജയും ഇറച്ചിവെട്ടും. ചോരയും ചാണകവും പൊടിയും എന്തും കിട്ടുന്ന പലവക പീടികകളും, ഹോൾസെയിൽ കടകളും, ഗോഡൗണും, സൈക്കിൾ റിക്ഷക്കാരും, മുറുക്കാൻ കടകളും ബിസ്ക്കറ്റ്- ബ്രഡ് യൂണിറ്റുകളുമായി അങ്ങനെ പല തരത്തിൽ, മനുഷ്യർ ഇടകലർന്ന് കഴിയുന്ന, അയിത്തങ്ങളധികം കൽപ്പിക്കപ്പെടാതെ ജീവിച്ചു പോകുന്ന ലോകമായിരുന്നു അത്.
പാലത്തിനുതാഴെ പുഴയാണോ കനാലാണോ എന്നറിയില്ല, ഏതായാലും രൂപം, മാലിന്യം പാട്ടത്തിനെടുത്ത പോലെയാണ്. ടാറിന്റെ കളറുള്ള നീരൊഴുക്ക്, മഴ പെയ്താൽ അവിടെമാകെ നിറയും. കൊൽക്കത്തയിൽ മഴ പെയ്താൽ കറുത്ത വെള്ളമാകും എങ്ങും, ഓടയിലെ അഴുക്ക് വർധിത വീര്യത്തിൽ പടരും. സർവം ചെളിമയം. പ്രളയത്തിൽ ടാർ നിറമുള്ള വെള്ളത്തിലൂടെ നടന്നുപോകണം. പലവട്ടം പോയിട്ടുമുണ്ട്. ടാക്കീസിനരികിലാണ് കനാൽ എന്നതിനാൽ മഴക്കാലത്തും നദിയിലെ വെള്ളം തിരിച്ചുവിടുമ്പോഴും ഇടയ്ക്ക് കറുത്ത വെള്ളം പൊങ്ങും. പാലത്തിനുമുകളിലേക്ക് കരിവെള്ളം പതഞ്ഞു, കേറിവരും. അത് ടാക്കീസിന്റെ ഉള്ളിലേക്കും പതിയെ എത്തിത്തുടങ്ങും. അപ്പോൾ പ്രദീപ് ടാക്കീസിലെ നയനമനോഹര വെള്ളിത്തിരയിൽ, കാണികളുടെ രസച്ചരട് മുറിച്ച് ഒരു സ്ലൈഡ് പ്രത്യക്ഷപ്പെടുമായിരുന്നു, പണ്ട് - പാ, തുലെ ബോഷൂൻ- (കാല് പൊക്കിവെച്ച് ഇരുന്നോളൂ).
ഒച്ചകളുടെ അയ്യരുകളിസ്ഥലമാണ് കൊൽക്കത്ത. ശബ്ദങ്ങളുടെ കോക്ടെയിലില്ലാതെ ബംഗാളിയ്ക്ക് ജീവിക്കാനാവില്ല. ഒരു കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാവുന്ന ശബ്ദത്തിൽ പല ബംഗാളിയും തൊട്ടടുത്തയാളിനോട് സംസാരിക്കും
പ്രദീപ് ടാക്കീസിനുമുന്നിൽ നിറം മങ്ങിയ വലിയൊരു മാർക്കറ്റാണ്.
വെട്ടുകല്ലും ഓടും മേഞ്ഞ പഴയ കുറെ പുരകളുടെ സമുച്ചയം. ഉള്ളിലേക്കുചെന്നാൽ പുരാതന കാലത്തേക്ക് എത്തിപ്പെട്ട പ്രതീതിയും. പച്ചക്കറിയും ഇറച്ചിയും പലചരക്കും വിൽക്കുന്ന സ്റ്റാളുകൾ, മറ്റ് വീട്ടുസാധനങ്ങളും കിട്ടും. നിറയെ ചാക്കുകൾ തുറന്നുവെച്ച അരിക്കടകൾ, അതിനിടയിലൂടെ ഓടിക്കളിച്ച്, അരി വാങ്ങാൻ വന്നവരെ അസ്വസ്ഥപ്പെടുത്തുന്ന കീരികളുടേയും പെരുച്ചാഴിയുടേയും വിഹാരലോകം. പ്ലാസ്റ്റിക് വസ്തുക്കളുടെ കട, ബിസ്കറ്റും ബ്രഡും ഉണ്ടാക്കി വിൽക്കുന്ന കൊച്ചു കൊച്ചു പുരകൾ, പണിക്കാരിൽ പലരും അവിടെ തന്നെ താമസിക്കും, അതിനായി ചെറിയ ചായ്പുപുരകൾ, മാർക്കറ്റിന്റെ ഉള്ളിലെ ഇരുട്ടിലേക്ക് ചെന്നാൽ ചിക്കൻ വെട്ടിത്തരുന്നവരെ കാണാം. നീളൻ വളഞ്ഞ കൊടുവാള് മലർത്തി വെച്ച് ഇരുകാലും അപ്പുറം ഇപ്പുറം ഇട്ടാണ് അവരുടെ ഇരിപ്പ്. മീനും ചിക്കനും നല്ല സ്പീഡിൽ അരിഞ്ഞിടുന്നത് കാണാൻ രസമാണ്. പക്ഷേ വീതിയും നീളവുമുള്ള ആ കൊടുവാൾ മൂർച്ചയിൽ കേമനാണ്. മിക്ക മീൻ- മുറിപ്പ് ചിക്കൻ വെട്ടുകാരുടേയും പല വിരലുകളും ഇല്ല എന്നുകാണാം മിക്ക മാർക്കറ്റിലും.
ആ സുഗമമായ മുറിക്കലിൽ, അതും കൂടിയങ്ങ് പോകും, അത്രയ്ക്കുണ്ട് മൂർച്ച. ചിക്കൻ കാല് മാത്രമായി വേണമെങ്കിൽ കിട്ടും. 20 രൂപയാണ് അന്ന്. കയ്യിലുള്ള പൈസയ്ക്ക് ചിക്കൻ വെട്ടിത്തരും. ഒരു ചിക്കൻ കാല് മാത്രം മതിയോ, അതിനും അവർ റെഡി. മടിയില്ല. റിയൽ, പ്രൊലിറ്റേറിയൻ ലോകം. പക്ഷേ ബീഫ് കിട്ടാൻ കുറച്ചുദൂരെ പോകണം, പാർക്ക് സർക്കസ് എന്ന ഇടംവരെ.
ഒച്ചകളുടെ അയ്യരുകളിസ്ഥലമാണ് കൊൽക്കത്ത. ശബ്ദങ്ങളുടെ കോക്ടെയിലില്ലാതെ ബംഗാളിയ്ക്ക് ജീവിക്കാനാവില്ല. ഒച്ചവെക്കുക എന്നത് കൂടപ്പിറപ്പായ ശീലം. ഒരു കിലോമീറ്റർ ദൂരത്തേക്ക് കേൾക്കാവുന്ന ശബ്ദത്തിൽ പല ബംഗാളിയും തൊട്ടടുത്തയാളിനോട് സംസാരിക്കും, ട്രാഫിക്കിലും വണ്ടിയിലും മെട്രോയിലും ബഹളം കേൾക്കാം. വഴക്കാണെന്ന് നമ്മൾ കരുതുന്ന പല ഒച്ചയും അവരുടെ സ്വാഭാവിക സംഭാഷണ ശ്രമങ്ങളായിരിക്കും. എങ്ങും തിക്കും തിരക്കുമാണ്. ബെഹാല-തർത്തല റോഡിൽ മാത്രമല്ല, എവിടെ നോക്കിയാലും ശബ്ദഘോഷം. ട്രാഫിക്കിലെപ്പോഴും വണ്ടികൾ കുടുങ്ങിക്കിടക്കും, മത്സരിച്ച് ഹോൺ മുഴക്കും. കൊൽക്കത്തക്കാരുടെ ഹോണടി കുപ്രസിദ്ധമാണല്ലോ. ആദ്യ മമതാ സർക്കാരിന്റെ കാലത്ത് സിഗ്നൽ പരിഷ്കാരം വന്നു. ടഗോർ കവിതകൾ ട്രാഫിക് പോയന്റിൽ ഉച്ചത്തിൽ വെച്ചു. റോഡ് നന്നാക്കലും ബംഗാളിയെ ഗതാഗതച്ചട്ടം പഠിപ്പിക്കലും മെനക്കേടുള്ള സമയകലയാണ്. അതുകൊണ്ട് രബീന്ദ്ര സംഗീതം ട്രാഫിക്ക് പോയൻിലിടം പിടിച്ചു. ഊണിലും ഉറക്കത്തിലും ടഗോർ ശീലമായ മനുഷ്യർ ഹാപ്പിയായി.
ടോളിഗഞ്ച് ജങ്ഷന് മുമ്പ് ട്രാമോ, മെട്രോ ട്രെയിനോ ഇറങ്ങി ട്രാഫിക് നിയമത്തെ വെല്ലുവിളിച്ചെത്തുന്ന സകല ഗാഡികൾക്കും ഹോണുകൾക്കും അരികിലൂടെ വലത്തോട്ടുനടന്ന് പാലം പിന്നിട്ട് ഇടത്തോട്ടുതിരിഞ്ഞാൽ സൈക്കിൾ റിക്ഷ കിട്ടും, ഇല്ലെങ്കിൽ വീട്ടിലേക്ക് കാൽനട ശരണം. റായ് ബഹാദൂർ സരണിയിലെ വഴി പൊടിയുടെ കൈലാസമാണ്. സമീപത്തെ പഴയ കെട്ടിടത്തിൽ മന്ദിറും ചുവപ്പും കാവിയും കൊടികളും ഞായർ കോഴിക്കടയും മുടിവെട്ടും എല്ലാമുണ്ട്, അവിടെ അരികുപറ്റിത്തന്നെ. ആചാരലംഘന പ്രശ്നമൊന്നും കണ്ടിട്ടില്ല, അന്ന്. പ്രദീപ് ടാക്കീസിൽ നിന്ന് ടോളിഗഞ്ച് ഭാഗത്തേക്ക് അല്പം വന്നാൽ ഇടുങ്ങിയൊരു കുടുസ്സുവഴി കാണാം, സർക്കാർ വക ചാരായഷാപ്പിലേക്ക്. ബംഗാളി, ബിഹാറി റിക്ഷാവാലകളും കൂലിപ്പണിക്കാരുടേയും ഇഷ്ടദേശം. ചാരായ കൗണ്ടറിലെ പതിവുകാർ പണിക്കാരാണ്. റിക്ഷാക്കാർ അരക്കുപ്പി ബാംഗ്ലാ മേടിച്ച് വിഴുങ്ങി രാത്രി വീടെത്താൻ നോക്കും. ചെറിയ പൈസയായിരുന്നു അന്ന് അരക്കുപ്പിയ്ക്ക്. കടുത്ത ലഹരി വേണ്ടവർ അടുത്തുള്ള ബ്രാണ്ടിക്കടയിൽ നിന്ന് ബിയർ മേടിച്ചു ബാംഗ്ലായിൽ മിക്സ് ചെയ്ത് വീശും. പിന്നെ, ആഗ്രഹമുണ്ടാൽ പോലും വീടെത്താനാവില്ല. ചിലർ വഴിയിൽ കിടപ്പുണ്ടാകും. ബംഗാളി ഭാഷയ്ക്കും ചാരായത്തിനും ഒരൊറ്റ പേരാണ് -ബാംഗ്ലാ.
മിനിമലിസം ശീലമാണെങ്കിൽ ജീവിതം കൊൽക്കത്തയിൽ സുഭിക്ഷം. എത്ര കുറഞ്ഞ പൈസയ്ക്കും ജീവിക്കാനുള്ള ധൈര്യം ബംഗാൾ തരും.
കാശുള്ളപ്പോൾ വൈറ്റ് റം ഇല്ലെങ്കിൽ ബാംഗ്ലാ, ഉള്ളപ്പോൾ ഹിൽസയും ചോറും, ഇല്ലാത്തപ്പോൾ തട്കയും റൊട്ടിയും. ബംഗാളി ജീവിതത്തിലെ പ്രധാന ലാളിത്യ മുദ്രാവാക്യങ്ങളതാണ്. പകൽ ചായക്ക് ബിസ്കറ്റോ ബ്രഡോ, വെറുതെ കൊറിക്കാനായി പൊരിയോ കാണും. മാസാന്ത്യം പേഴ്‌സ് കാലിയാവുമ്പോൾ ബാംഗ്ലയ്ക്ക് വല്ലാത്ത ചാരുതയുള്ളതായി ചിലർക്കുതോന്നും. ആ എരിവിൽ, ഉള്ളിൽ പൂക്കുന്ന കൽപനകളിൽ, ഉള്ളതിനോട് ഭ്രമിച്ചും ഇല്ലായ്മയോട് സമരസപ്പെട്ടും കഴിയുന്നവരാണ് കൂടുതലും.
ഘട്ടക് മുതൽ ശാന്തിനികേതനിലെ മാഷന്മാരു വരെ ബാംഗ്ലയുടെ ഉപാസകരാണെന്ന പ്രപഞ്ചസത്യം ചില സുഹൃത്തുക്കൾ പറഞ്ഞുകേട്ടു. ബാംഗ്ലയെ ബക്കാഡി വൈറ്റ് റമ്മിനോട് ഉപമിച്ച് ഡോക്യുമെന്ററിക്കാരൻ ബംഗാളി സുഹൃത്ത് അരമണിക്കൂർ പ്രബന്ധം അവതരിപ്പിച്ചു, ഒരിക്കൽ. ഘട്ടക്ക് പതിവായി പോയിരുന്ന ചാരായ ഷാപ്പ് ഒന്നു കാണണം എന്ന മോഹമുദിച്ചതും അങ്ങനെയാണ്. ഗല്ലിയിൽ പോയി പച്ചക്കറിയും അരിയും വേണമെങ്കിൽ ബാംഗ്ലയും മേടിക്കാം. എല്ലാം തൊട്ടടുത്ത് കിട്ടും. പ്രാരാബ്ധമനുസരിച്ച് ആഴ്ചയിലെ "ജീവിതമെനു' നിശ്ചയിക്കാം. മിനിമലിസം ശീലമാണെങ്കിൽ ജീവിതം കൊൽക്കത്തയിൽ സുഭിക്ഷം. എത്ര കുറഞ്ഞ പൈസയ്ക്കും ജീവിക്കാനുള്ള ധൈര്യം ബംഗാൾ തരും. സോമർസെറ്റ് മോംമിന്റെ ഭാഷയിൽ ആത്മാവിനേയും ശരീരത്തേയും കഷ്ടിച്ച് കൂട്ടിമുട്ടിച്ച് കൊണ്ടുപോകാം.
പ്രദീപ് ടാക്കീസിന്റെ മുഖം രതിസാഹസങ്ങളുടേതായിരുന്നു അന്ന്. ഭാഷാന്തരം ചെയ്യപ്പെട്ട രതി വേലിയേറ്റ കാലമായിരുന്നു അത്. ബംഗാളി പറയുന്ന ഷക്കീല താരമായി അവിടെ മാറി. മലയാളം- തമിഴ് രതി ചിത്രങ്ങൾ ബംഗാളിയിലേക്ക് മൊഴിമാറ്റി ടാക്കീസ് അതിജീവിച്ചു. ഭാഷാതിർത്തിയുടെ പരിമിതികളെ രതിപാരവശ്യം കൊണ്ട് പ്രദീപ് ടാക്കീസ്, ഭേദിച്ചു. ചെറിയൊരു ടാക്കീസാണ്. 30-40 വർഷം മുമ്പത്തെ കേരളത്തിലെ ടാക്കീസിന് സമാനമാണ് അവിടത്തെ ആംബിയൻസ്. പക്ഷേ ഒരു പ്രശ്നമുണ്ട്. പടം തുടങ്ങിയാൽ കൊട്ടകയുടെ മതില് ചാടി ശബ്ദങ്ങൾ ആ പരിസരമാകെ നിറയും. സംഭാഷണവും സംഘട്ടനവും കാർ ചേസും ബഹളവും സംഗീതവും രതിപരാക്രമങ്ങളും ശബ്ദഘോഷമായി ടാക്കീസ് വിട്ട് മാർക്കറ്റിലെത്തും. ടിക്കറ്റ് എടുത്തവനും അതിന്റെ ബാധ്യതയില്ലാത്ത മാർക്കറ്റിലുള്ളവനും കടക്കാർക്കും റോഡിനിരുവശം പച്ചക്കറി വിൽക്കുന്ന സ്ത്രീകൾക്കുമെല്ലാം ശബ്ദരേഖ ഫ്രീ. രതിസീൽക്കാരത്തിന്റെ കോക്ടെയിൽ നിറച്ച പരിസരമായി അതുമാറും ഷോ തുടങ്ങുന്നതോടെ. ടാക്കീസിന് കല്ലും മണ്ണുമുള്ള ചുവരുണ്ട്, മുളയുടെ പനമ്പു ഷീറ്റും മറ്റുമാണ് പലയിടത്തായി മറച്ചിട്ടുള്ളത്. ഒട്ടും സൗണ്ട് പ്രൂഫ് അല്ല. അങ്ങനെ പരിസരം മുഴുവൻ, ആ ശബ്ദങ്ങൾ തോന്നുംപോലെ സഞ്ചരിച്ച് വഴിവിട്ട ജീവിതം നയിച്ചു. സീൽക്കാരത്തിനിടെ കച്ചവടക്കാർ വില്പന തുടരും. ഇടയ്ക്കിടെ മന്ദിറിലെ മണി മത്സരിച്ച് മുഴങ്ങും.
ബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യവും ഹിൽസയാണ്. സൂപ്പർതാര പദവിയുള്ള മത്സ്യം. ലോകത്തിലെ മൊത്തം ഹിൽസയുടെ 65 ശതമാനത്തോളം ബംഗ്ലാദേശാണ് വലവീശി തരുന്നത്.
പച്ചക്കറി വിൽക്കുന്ന സ്ത്രീകൾക്കും ടാക്കീസിന് തൊട്ടുമുന്നിലെ കോവിലിലെ പൂജാരിയ്ക്കുമെല്ലാം ശബ്ദഘോഷം ബാധകം. അതിലും ഒച്ചയിൽ മീൻ വിൽക്കും പെണ്ണുങ്ങൾ. ഗ്രാമത്തിൽ നിന്ന് നാടൻ പച്ചക്കറി കൊണ്ടുവന്ന് തുച്ഛവിലയ്ക്ക് വിറ്റ് വൈകീട്ട് അവർ തിരിച്ചുപോകും. ടാക്കീസിന് ഇരുവശവും ഇറച്ചിക്കടകളാണ്. പന്നിയും കോഴിയും. തൊട്ടുമുന്നിലാണ് പെണ്ണുങ്ങളുടെ പച്ചക്കറി വിൽപ്പന. റോഡ് ക്രോസ് ചെയ്താൽ നേരെ മുന്നിൽ മാർക്കറ്റും മന്ദിറും. മന്ദിറിന്റെ വരാന്തയിൽ പൂജയുണ്ട്, വൈകീട്ട് അരികെ മീനും ഇറച്ചിയും വിൽക്കാൻ വെക്കും. അതിർത്തി തർക്കമില്ലാതെ കോവിലിനും മാർക്കറ്റിനുമിടയിൽ പ്രദീപ് ടാക്കീസിൽ ഏതായാലും രതിപ്പടം ഓടി. കാവി ഭയമോ ലഹളയോ ഇല്ലാതെ ആൾക്കാർ, തണുപ്പന്മാരായി തന്നെ ജീവിച്ചു. പശ്ചിമ ബംഗാൾ ഒരു കാലത്തും ഉത്തർപ്രദേശ് ആയിരുന്നിട്ടില്ല എന്നതായിരുന്നു അതിന് കാരണം. ഭയലോകത്തിന് സ്വയം കീഴടങ്ങിയിരുന്നില്ല അവർ. കൂറുമാറുന്ന ജനതയുടെ കാലമായതിനാൽ, ഇപ്പോഴത്തെ സ്ഥിതി അവിടെയെല്ലാം എന്തെന്നറിയില്ല.
വഴിയ്ക്കരികിൽ വെയിൽ കനക്കുംവരെയും വെയിലാറുമ്പോ മുതലും പച്ചക്കറിയും മീനും ഫ്രൂട്ട്സും വിൽക്കുന്ന ലഹളയുടെ സമയമാണ്. ഹിൽസയും റൂഹിയും കിട്ടും. അയിലയ്ക്ക് മത്തിയിലുണ്ടായതാണ് ഹിൽസ രൂപം കൊണ്ട്. കാണാൻ നല്ല മൊഞ്ചുള്ള മീൻ. അയിലയുടെ ശരീരവടിവും മത്തിയുടെ സ്വഭാവവും, പക്ഷേ നിറയെ ചെറിയ മുള്ളുകൾ. പത്മാ, മേഘ്നാ, ബ്രഹ്മപുത്രാ നദികളാണ് പ്രധാനമായും ഹിൽസ തരുന്നത്. പത്മാനദിയൊഴുകുന്ന ബംഗ്ലാദേശിലെ ചാന്ദ്പുർ മേഖല ഹിൽസയ്ക്ക് ഏറെ പ്രസിദ്ധം. ബംഗ്ലാദേശിന്റെ ഔദ്യോഗിക മത്സ്യവും ബംഗാൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക മത്സ്യവും ഹിൽസയാണ്. സൂപ്പർതാര പദവിയുള്ള മത്സ്യം. ലോകത്തിലെ മൊത്തം ഹിൽസയുടെ 65 ശതമാനത്തോളം ബംഗ്ലാദേശാണ് വലവീശി തരുന്നത്. ട്രോളിങ് നിരോധനമുണ്ട് മൂന്നുമാസം. ഏറ്റവും നല്ല ക്വാളിറ്റി ഐറ്റം കയറ്റിയയക്കപ്പെടും, ബാക്കി വൻകിട ഹോട്ടലുകളിലേക്കെത്തും, ശേഷിച്ചവ മാർക്കറ്റിലേക്കും. സാധാരണക്കാരന് ഹിൽസ പക്ഷേ, ആഗ്രഹം മാത്രമാകും മിക്കപ്പോഴും. തീപിടിച്ച വിലയാണ്. ഡിമാന്റിനേക്കാൾ കുറവാണ് ലഭ്യത. ബംഗാൾ ഫിഷറീസ് വകുപ്പ് മറ്റൊരു ബ്രീഡ് ഉത്പാദിപ്പിച്ചിരുന്നു ഹിൽസയുടെ ബന്ധുമീൻ. പുതിയ ബ്രീഡ് കിഴക്കൻ ബംഗാളിൽ നിന്നും വരുന്നുണ്ട്. ഹിൽസയുടെ അളിയനെന്നാണ് ചിലർ പറയുക. ഹിൽസയാണെന്ന ഭാവത്തിൽ അതും വിൽക്കപ്പെടും. ഹിൽസയുടെ സാമ്യരൂപവും, ഒറിജിനലിനേക്കാളും വില 60 ശതമാനം വിലക്കുറവും. പാവപ്പെട്ട ബംഗാളിയുടെ വിശേഷദിനങ്ങളെ തൃപ്തിപ്പെടുത്താൻ അത് ധാരാളം മതി. ഇല്ലെങ്കിൽ റൂഹ, റൂയി, റൂഹി എന്നെല്ലാം വിളിക്കുന്ന ഒരു മീൻ കിട്ടും, വല്യ രുചിയൊന്നുമില്ല.
പുരാണം മുതൽക്കേ കൂടെയുണ്ട് ഹിൽസ എന്ന ഇലീസുമായി ബംഗാളിയ്ക്ക്. വൈകാരികമായ അടുപ്പവും. - അങ്ങകലെ ദാ ആ കാണുന്ന ജന്മിയുടെ വീട്ടിൽ ഹിൽസ കറി വെക്കുന്ന മണം മതി, ഈ കുടിലിരുന്ന് ചോറുണ്ണാൻ - എന്നൊരു ഇല്ലായ്മ നിറഞ്ഞ ഗോത്രപ്പാട്ട് ബംഗാളിൽ പ്രചാരത്തിലുണ്ട് പണ്ടേ. പുരാണത്തിലും കഥകളിലും നാടൻ ശീലുകളിലുമെല്ലാം ഹിൽസയുണ്ട്. ഗോത്രപ്പാട്ടുകളിൽ മീൻവർണനകൾ ധാരാളമാണ്. മീൻ രൂപങ്ങൾ മ്യൂറൽ ചെയ്ത് വിൽക്കുന്ന, നീളൻ ചിത്രത്തുണികളിൽ വരയ്ക്കുന്ന കുറച്ച് ചേച്ചിമാരെ ഒരിക്കലൊരു മേളയിൽ കണ്ടു. നാദിയയിലെ ഗോത്രക്കാരാണ്. പാരമ്പര്യമായി വരക്കാരാണ്. സാധാരണക്കാരായ സ്ത്രീകൾ, പാട്ട് ചിത്രകഥയാക്കി വരച്ച് വിൽക്കുകയാണ്. വീട്ടിലുള്ളവരെല്ലാം ചേർന്ന് സംഘമായി പനമ്പു നെയ്യുന്നതുപോലെ ഇരുന്ന് നീളൻ തുണികളിൽ വരയ്ക്കും. ഇലച്ചാറുകൾ കൊണ്ടാണ് വര. ജീവിതത്തിലെ അപശ്രുതികളും മോഹഭംഗങ്ങളും ഫിലോസഫിയും കഥയായി വരക്കുന്നു. പലതിലും മീൻ രൂപങ്ങൾ കണ്ടു. നല്ല വിലയുണ്ട്, വലിയ അധ്വാനമുവുണ്ട് ഈ ജീവിതപ്പാട്ട് വരയ്ക്കാൻ. വര എങ്ങനെ കേൾക്കാനാകും, കാണാനല്ലേ പറ്റൂ എന്നതിശയിച്ച്, വരച്ചതിന്റെ കഥയെന്തെന്ന് കൗതുകത്തോടെ ചോദിച്ചു. പ്രായമുള്ള ഒരു സ്ത്രീ അതുകേട്ട് വര നിർത്തി, ചിത്രത്തെ അവർ വരിയാക്കി, പാടിത്തന്നു. ആ ദൃശ്യം മറന്നില്ല. മൊബൈലിൽ വീഡിയോ എടുത്തു, പക്ഷേ ആ അപൂർവ്വ നിമിഷം എങ്ങനെയോ നഷ്ടപ്പെട്ടു. ഹിൽസ പുരാണം തല്ക്കാലം നിർത്തുന്നു.
ഘട്ടക്കിനും മൃണാൾ സെന്നിനുമൊപ്പം അണിയറ പ്രവർത്തകനായി, ഋഷികേശ് മുഖർജിയുടെ അസിസ്റ്റന്റായി. പഴയ സ്റ്റീൻബെക്ക് സിസ്റ്റത്തിൽ എഡിറ്റിങ് അറിയുന്ന, കുറച്ചുപേരിൽ ഒരാളെ അങ്ങനെ കണ്ടെത്തി. പക്ഷേ നേരിൽ കാണുമ്പോൾ ആ വലിയ മനുഷ്യൻ മാലിന്യക്കൂനയ്ക്കരികെ മരത്തിനോട് ചേർന്ന്, റോഡരികിൽ ചായക്കട നടത്തുന്നു.
കൊൽക്കത്തയിൽ നിന്ന് സ്ഥലംമാറിയതിനുശേഷം പ്രദീപ് ടാക്കീസിനെ ഓർക്കാൻ കോടതിയാണ് കാരണം. സിനിമാ തിയറ്ററിൽ ദേശീയഗാനം നിർബന്ധമാക്കിയ വിധി വന്നപ്പോൾ പ്രദീപ് ടാക്കീസിനെ ഓർത്തു. രതിപ്പടം കളിക്കുന്ന ടാക്കീസുകൾക്കും വിധി ബാധകമാണല്ലോ. ആസ്ബസ്റ്റോസ് മേഞ്ഞ ടാക്കീസിൽ നിന്ന് മാർക്കറ്റിലേക്ക് പടരുന്ന ഓരോ ഷോയിലേയും കുതിപ്പിന്റേയും കിതപ്പിന്റേയും രതി ശബ്ദത്തിന് തൊട്ടുമുമ്പ് നിർബന്ധിത ദേശീയഗാനം ഉണ്ടാകും. ശേഷം പരിസരം മുഴുക്കെ രതിസ്വരങ്ങളുടെ കൊളാഷ്. അടുത്ത ഷോയ്ക്കും ദേശീയഗാനം. കോടതി വിധി എങ്ങനെയാകും പ്രദീപ് ടാക്കീസ് നടപ്പാക്കിക്കാണുക എന്നാലോചിച്ച് ഒരെത്തുംപിടിയും കിട്ടിയില്ല.
റായ് ബഹാദൂർ ഗല്ലിയിലെ താമസക്കാലത്താണ് ബംഗാളി ഫിലിം എഡിറ്റർ അരബിന്ദോ ഭട്ടാചാര്യയെ കണ്ടെത്തുന്നത്. പ്രദീപ് സിനിമയുടെ അധികം ദൂരത്തല്ലാതെ തർത്തലയിൽ. സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ ഒരു ബംഗാളി റിപ്പോർട്ടറിൽ നിന്നാണ് ഭട്ടാചാര്യയെക്കുറിച്ചറിയുന്നതും ഫോൺ നമ്പർ കിട്ടിയതും. അങ്ങനെ അയാളിലേക്ക് എത്തിപ്പെട്ടു.
200 ഓളം ചെറുതും വലുതുമായ സിനിമാ-ഡോക്യു- പരസ്യ പ്രോജക്ടുകൾ എഡിറ്റ് ചെയ്ത മനുഷ്യനാണ്. സലിൽ ചൗധരിയുടെ സുഹൃത്ത്, റേയുടെ കൂടെ ഏതോ പരസ്യം എഡിറ്റ് ചെയ്തിട്ടുണ്ട്, ഘട്ടക്കിനും മൃണാൾ സെന്നിനുമൊപ്പം അണിയറ പ്രവർത്തകനായി, ഋഷികേശ് മുഖർജിയുടെ അസിസ്റ്റന്റായി എഡിറ്റേഴ്സ് അസോസിയേഷന്റെ നേതാവായി എല്ലാം ജീവിച്ചയാൾ. പഴയ സ്റ്റീൻബെക്ക് സിസ്റ്റത്തിൽ എഡിറ്റിങ് അറിയുന്ന, കുറച്ചുപേരിൽ ഒരാളെ അങ്ങനെ കണ്ടെത്തി. കൊൽക്കത്തയിലെ പ്രശസ്തമായ രൂപായൻ സ്റ്റുഡിയോയിൽ സ്റ്റീൻബെക്ക് മെഷിനീൽ സിനിമ എഡിറ്റ് ചെയ്യുന്നത് പഠിപ്പിക്കുന്ന ഭട്ടാചാര്യയുടെ വീഡിയോ യൂട്യൂബിൽ കണ്ടു. പക്ഷേ നേരിൽ കാണുമ്പോൾ ആ വലിയ മനുഷ്യൻ ബെഹാല-തർത്തല റോഡിലെ ഫ്ളൈ ഓവറിന്റെ താഴെ ചായപ്പീടികയിലാണ്. സിനിമയും സന്തോഷവും നഷ്ടപ്പെട്ട് മാലിന്യക്കൂനയ്ക്കരികെ മരത്തിനോട് ചേർന്ന്, റോഡരികിൽ ചായക്കട നടത്തുന്നു. മകൻ എല്ലാം വിറ്റുതുലച്ചതും ആത്മഹത്യ ചെയ്തതും വൃദ്ധനായ പഴയ സിനിമാ എഡിറ്ററേയും ഭാര്യയേയും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് ഈ അവസ്ഥയാക്കി, താമസം വൃദ്ധസദനത്തിൽ.
സുഹൃത്തായ, ഗൗതം ഘോഷ് ഉൾപ്പെടെ പലരും ബംഗാളി സിനിമാലോകത്ത് സക്രിയമാണ്. എന്നിട്ടും ഭട്ടാചാര്യ ആരുടേയും സഹായം തേടി പോയില്ല. മദ്രാസിലെ കളർ ലാബുകളിൽ പല വർക്കുകൾക്കുമായി വന്നതും ചെമ്മീൻ സിനിമയിൽ, നായികയുടെ വിവാഹം കഴിഞ്ഞിട്ട് കാക്കകൾ ഭക്ഷണം കൊത്തിത്തിന്നുന്ന ഷോട്ടില്ലേ എന്നും പ്രായം ഒരുപാടുണ്ടായിട്ടും അരബിന്ദോ അന്ന് കണ്ടപ്പോ ഓർമിച്ചു. വാരാന്തപ്പതിപ്പിന് വേണ്ടി അയാളുടെ കഥ എഴുതി. ‘ജീവിതം ഒരു എഡിറ്റർക്ക് ഒന്നും ചെയ്യാനില്ലാത്ത സിനിമയുടെ പേര്' എന്ന പേരിൽ ഫീച്ചർ പ്രസീദ്ധീകരിച്ചു. ഒരു കോപ്പി ഫ്രെയിം ചെയ്ത് കൊടുക്കാനായി പോയി. ഫീച്ചർ കണ്ട് ചില സുഹൃത്തുക്കൾ അജാന്ത്രിക് എന്ന ഡോക്യമെന്ററി ചെയ്തു, കേരളത്തിൽ നിന്നെത്തി. കുറച്ച് പൈസ അദ്ദേഹത്തിന് അതുകാരണം കിട്ടി. ഷൂട്ട് സമയത്തും നാളേറെ കഴിഞ്ഞ് സിഡി കൈമാറാനും പോയി, കുമാർപുകൂറിലെ വൃദ്ധസദനത്തിലേക്ക്. രണ്ടോ മൂന്നോ വട്ടം പിന്നീട് വിളിച്ചു. കേൾവി നന്നായി കുറഞ്ഞു. അങ്ങോട്ട് പറയുന്നത് മിക്കതും മനസ്സിലാകില്ല. ശാരീരികമായി അവശനും. പിന്നീട് ടെലഗ്രാഫ് പത്രം അരബിന്ദോയിലെ അവശ കലാകാരനെ ആദരിച്ച് ധനസഹായം നൽകിയ വാർത്ത കണ്ടു. ജീവിതപാച്ചിലും തിരക്കുമായി പിന്നീട് അദ്ദേഹത്തെ കണ്ടില്ല, വിളിയുമുണ്ടായില്ല. മഞ്ഞിലും ചൂടിലും കുറച്ചുനാൾ കഴിഞ്ഞ്, റായ് ബഹാദൂർ റോഡിലെ താമസം ദേശപ്രിയ പാർക്കിന്റെ അടുത്തെ ഒരു ഫ്ലാറ്റിലേക്ക് മാറി. അതിനിടെ കൊഹിമയിലേക്ക് സ്ഥലംമാറ്റംവന്നു, ബംഗാൾ ജീവിതം അവസാനിച്ചു.
ജീവിതസായാന്തനത്തിൽ സങ്കട ഹർജികളുടെ കൈവശക്കാരനാകാൻ മാത്രം വിധിക്കപ്പെട്ട ആ പഴയ ഫിലിം എഡിറ്റർ ഇപ്പോഴുണ്ടാകുമോ എന്നറിയില്ല. ആദ്യം ആദ്ദേഹം മരിക്കണമെന്നാണ് ആഗ്രഹമെന്ന് ഭട്ടാചാര്യയുടെ ഭാര്യ അവസാനം കണ്ടപ്പോൾ പറഞ്ഞു
പ്രദീപ് ടാക്കീസിനേയും അരബിന്ദോയേയും ബന്ധിപ്പിക്കുന്ന ഏക ഘടകം സിനിമയാണ്. സിനിമകളെ പുതുക്കിപ്പണിത ഗതകാല സ്മരണയുള്ള ഒരു എഡിറ്ററും നിറഞ്ഞുകവിഞ്ഞ കാണികളെ വിസ്മയിപ്പിച്ച കാലമുണ്ടായിരുന്നു, പിന്നീട് ഗതിമാറി ഒറ്റപ്പെട്ടുപോയ ഒരു ടാക്കീസും. അതിജീവിക്കാൻ കൈകാലിട്ടടിക്കുന്ന രണ്ട് അവസ്ഥകൾ. സ്വയം മിനുക്കലിന്റെ കാലമായപ്പോ, പ്രദീപ് ടാക്കീസ് മാറിക്കാണുമായിരിക്കും. ഷോപ്പിങ് കോംപ്ലക്സോ പുതിയ തിയ്യറ്ററോ ആയിട്ടുണ്ടാകാം. കനാലിലെ കറുപ്പ് വെള്ളം സീറ്റിനടിയിലേക്ക് വരുമ്പോ- പാ,തുലെ ബോഷൂൻ- എന്ന സ്ലൈഡിന്റെ ആവശ്യം ഇപ്പോൾ വേണ്ടി വരില്ലായിരിക്കാം. പക്ഷേ, ജീവിതസായാന്തനത്തിൽ സങ്കട ഹർജികളുടെ കൈവശക്കാരനാകാൻ മാത്രം വിധിക്കപ്പെട്ട ആ പഴയ ഫിലിം എഡിറ്റർ ഇപ്പോഴുണ്ടാകുമോ എന്നറിയില്ല. ആദ്യം ആദ്ദേഹം മരിക്കണമെന്നാണ് ആഗ്രഹമെന്ന് ഭട്ടാചാര്യയുടെ ഭാര്യ അവസാനം കണ്ടപ്പോൾ പറഞ്ഞു. ഇല്ലെങ്കിൽ അദ്ദേഹത്തെ ആര് നോക്കുമെന്നതായിരുന്നു ആ സ്ത്രീയുടെ ആധി.▮