ഈജിപ്​തിലെ സ്ഫിങ്ക്സ് ശിൽപം

​നാട്ടുലിപിയുടെ ഗൂഢരഹസ്യങ്ങൾ

കെമറ്റിൽ ഹൈറോഗ്ലിഫിക്

ഒരുപക്ഷേ ലോകത്തിലെതന്നെ ഏറ്റവും പ്രതാപശാലികളായ മനുഷ്യരുടെ പിന്മുറക്കാർ, അവരിന്ന് ഈ നൂറ്റാണ്ടിൽ പരിതാപകരമായ രാഷ്ട്രീയ- സാമൂഹികാവസ്ഥയിൽ ജീവിക്കുന്നു. കാണാനിമ്പമുള്ള കാഴ്ചയേ അല്ലായിരുന്നു ഈജിപ്​ത്​. എന്നാൽ ഇപ്പോഴും ഒന്നാലോചിക്കുമ്പോൾ, ഉള്ളിനെ കിടിലം കൊള്ളിയ്ക്കുന്ന നിഗൂഢ മാസ്മരികത.
ഈജിപ്​ത്​ യാത്ര തുടങ്ങുന്നു

യാത്രകളെന്നാൽ, കേവലം സ്ഥലങ്ങൾ സന്ദർശിക്കുകയെന്നതുമാത്രമല്ല, ലക്ഷ്യസ്ഥാനങ്ങളിൽ എത്തിപ്പെടുകയെന്നതുമല്ല, അതൊരു നിരന്തരപ്രക്രിയയാണ്. ആഗ്രഹങ്ങളിൽ തുടങ്ങി യാത്ര അവസാനിച്ചിട്ടും നമ്മെ പിൻതുടരുന്നത്.

നമ്മെ നമ്മിൽ നിന്ന്​ വേർപെടുത്തി ലോകത്തിന്റെ പലയിടങ്ങളിൽ, അവിടെ അധിവസിക്കുന്ന മനുഷ്യരിൽ, അവരുടെ സന്തോഷങ്ങളിൽ, സന്താപങ്ങളിൽ കൊളുത്തിയിടുന്ന നൈരന്തര്യം. നമ്മുടെ ദിനചര്യകളിൽ നിന്നും കഠിനമായ ജോലികളിൽ നിന്നും ബന്ധുത്വങ്ങളിൽ നിന്നും ലൗകിക ഉത്തരവാദിത്തങ്ങളിൽ നിന്നും നമ്മെ മുറിച്ചുമാറ്റി ആനന്ദത്തിന്റേതും ആത്മദർശനത്തിന്റേതുമായ മനോവ്യാപാരങ്ങളിൽ അത് നമ്മളെ ഒട്ടിച്ചുവെക്കുന്നു. എന്നെ സംബന്ധിച്ച്​ യാത്ര യാത്രക്കുവേണ്ടിയുള്ളതാണ്. ജീവിതത്തിന് അർഥം തോന്നുന്നത് യാത്ര ചെയ്യുമ്പോഴാണ്. ജോലി ചെയ്യുന്നതിനും സമ്പാദിക്കുന്നതിനും മക്കളെ നോക്കി വളർത്തുന്നതിനും മനുഷ്യനായി ഈ ലോകത്ത് ജീവിച്ചിരിക്കുന്നതിനുമൊക്കെ ഒരർഥമുണ്ടെന്ന് കരുതുന്നത് യാത്രയ്ക്ക് പോകുമ്പോഴാണ്. യാത്ര ചെയ്യാൻ സാധിക്കുകയെന്നത് ഒരു വലിയ പ്രിവിലേജ് ആണെന്നിരിക്കെ മറ്റ് ഉപഭോക്ത വ്യാപാരങ്ങളേക്കാൾ പ്രധാനമാണ് യാത്ര എന്ന് കരുതുന്നവർക്ക് മാത്രമേ അതിനുള്ള വഴി കണ്ടെത്തുവാൻ സാധിക്കുന്നുള്ളൂ.

അമ്മു വള്ളിക്കാടും ഭർത്താവ് അനിഷും

വൈയക്തികമായൊരു കുറിപ്പാകാതിരിക്കാൻ ഇതിനാവില്ല. അമ്മയുടെ അപ്രതീക്ഷിത മരണമുണ്ടാക്കിയ തിരിച്ചറിവിലാണ് ജീവിച്ചിരിക്കുക എന്നതുതന്നെ വലിയ സൗഭാഗ്യമാണെന്നും, മനുഷ്യൻ എന്ന നിലയിൽ നിന്ന് കുറച്ചുകൂടി ഉയരേണ്ടതുണ്ടെന്നുമുള്ള ചിന്തകളുണ്ടാവുന്നത്. ഉള്ളിൽ, ശിഷ്ടജീവിതം ആഘോഷിക്കുവാനുള്ള ഒരു നാമ്പ് മുളപൊട്ടുംപോലെയായിരുന്നു അത്. സമയം നമുക്കുവേണ്ടി എവിടെയും കാത്തിരിക്കുന്നില്ല, ആരെയും കൂസാത്ത, മുന്നോട്ടുപായുന്ന ഒരു ഭീമൻ വണ്ടിയാണത്. നമ്മൾ കെട്ടിപ്പൊക്കുന്ന വീടുകളിലോ അതിന്റെ വിസ്തൃതിയിലോ മോടിയിലോ, കൈവശം വെച്ചിരിക്കുന്ന സമ്പത്തുകളിലോ ഒന്നുമല്ല മനുഷ്യന്റെ അസ്ഥിത്വം ഇരിക്കുന്നത്. ഇത്തരം പല ചിന്തകളാലാണ് യാത്രചെയ്യുക എന്നത് ഒരു ചെറിയ സന്തോഷം എന്ന നിലയിൽ നിന്ന്​ വലിയ ആവശ്യം എന്ന രീതിയിലേക്ക് വളർന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഞങ്ങൾക്ക് സാധ്യമാകുന്ന രീതിയിൽ യാത്രകൾ ചെയ്തുകൊണ്ടേയിരുന്നു. താമസിക്കുന്ന രാജ്യത്തിനകത്തും പുറത്തും. അച്ഛനുമൊത്ത് പല യാത്രകൾ ചെയ്തു. അതിനുമുമ്പ് അത്തരം ഒരു ശ്രമം തന്നെ ഉണ്ടായിരുന്നതായി ഞാൻ ഓർക്കുന്നില്ല.

ഇന്ത്യയെപ്പോലെ തന്നെ ജനസാന്ദ്രത കൂടിയ വൃത്തികെട്ട തെരുവുകളാണെന്നും നിങ്ങൾക്കത് അപരിചിതമല്ലല്ലോയെന്നും ചിലർ പരിഹസിച്ചു. എന്നിട്ടും ഞങ്ങൾക്ക് പോകണമെന്നുതന്നെയായിരുന്നു. അന്വേഷിച്ചപ്പോൾ ഈജിപ്​തിലെ വിപ്ലവത്തിനുശേഷം അവിടെ പോയ ഒരു ഇന്ത്യക്കാരനെയും കണ്ടുകിട്ടിയില്ല.

പങ്കാളിയുമായിട്ടുള്ള എന്റെ പ്രഥമ ബന്ധുത്വം സൗഹൃദമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂട്ടുകാരുടെ സാന്നിധ്യത്തിൽ ഞങ്ങൾ പൂക്കുകയും തളിർക്കുകയും ചെയ്യുന്നു. ചിലപ്പോൾ എനിക്ക് തോന്നാറുള്ളത് നാടോടികളായി സംതൃപ്തിയോടെ പരമാനന്ദത്തിൽ ജീവിക്കേണ്ടിയിരുന്ന രണ്ടുപേർ, പർവതത്തോളം പരസ്പരം പ്രണയിക്കേണ്ടവർ, കുടുംബബന്ധങ്ങളിൽ അവിദഗ്ധമായി കുടുങ്ങിക്കിടക്കുന്നുവെന്നാണ്. ഇത്തരം വ്യവസ്ഥിതിക്ക് അടിമപ്പെട്ടല്ലാതെ മറ്റെങ്ങനെയാണ് മെച്ചപ്പെട്ട ജീവിതം നയിക്കുക എന്നത് ഇന്നും അറിഞ്ഞുകൂടാ. അല്ലെങ്കിൽ പരീക്ഷിക്കാനുള്ള ധൈര്യമോ സ്ഥൈര്യമോ ഇല്ല. ഒരുതരത്തിൽ പരിതാപകരമായ ഇത്തരം ബന്ധനചിന്തകളിൽ നിന്നുള്ള വിമോചനമാണ് യാത്ര. ആയതിനാലത് അത്യന്താപേക്ഷിതവുമാണ്.

ഈജിപ്തിലേക്കുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചുറപ്പിച്ചതായിരുന്നു. എനിക്കും അനീഷിനും തനിയെ യാത്ര ചെയ്യണമെന്നുതന്നെയായിരുന്നു ആഗ്രഹം. അത് കൂടെക്കൂടെ കുട്ടികളോട് ഞങ്ങൾ പറയാറുണ്ട്. ഇത്തവണ അവർക്ക് പല മോഹനവാഗ്ദാനങ്ങൾ നൽകിയും കൂടെ കുറച്ചു തട്ടിപ്പു നടത്തിയും, ഞങ്ങളത് തരപ്പെടുത്തിയെടുത്തു. അച്ഛനോ അമ്മയോ കുട്ടികളോ ഇല്ലാത്ത വിദേശയാത്രകൾ ഇതുവരെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ശരിക്കും കെട്ടുപാടുകൾ ഇല്ലാതെ, നാടോടികളായി (nomads) അലയാനുള്ള അവസരം. അവധിക്കാലാഘോഷയാത്ര, കുട്ടികളോടൊത്തായിരുന്നുവെങ്കിലത് വെക്കേഷൻ ആയിരിക്കില്ല, ചേഞ്ച് ഓഫ് ലൊക്കേഷൻ മാത്രമേ ആയിരിക്കുകയുള്ളൂ.

ഒമാനിൽ ഒരുപാട് ഈജിപ്തുകാരുണ്ട്. അവരിൽ പലരും പരുക്കൻമാരായിട്ടാണ് തോന്നിയിട്ടുള്ളത്. വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്നവർ. പെട്ടെന്ന് വികാരാധീനരാകുന്നവർ. കയർത്ത് സംസാരിക്കുന്നവർ. ഓരോ നാട്ടുകാരുടെയും ഇത്തരത്തിലുള്ള പ്രകൃതത്തിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക കാരണം ഉണ്ടാകും. യാത്രകൾ ഇത്തരം സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമുള്ള ഉത്തരം കൂടിയാണ് തരിക.

‘‘അഞ്ചു രൂപയ്ക്ക് അവർ നിങ്ങൾക്കുവേണ്ടി വെറുതെ പ്രാർത്ഥിക്കും. 10 രൂപയ്ക്ക് അവർ നിങ്ങൾക്കുവേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കും. 15 രൂപയ്ക്ക് അവർ നിങ്ങൾക്കുവേണ്ടി ദുആ ചെയ്യും. 20 രൂപയ്ക്ക് അവർ ദൈവത്തിന്റെ അടുക്കൽ പോയി നിങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യും. ഇതാണ് ഈജിപ്​തുകാർ’’

ഒമാനികളിൽ പലരും ഈജിപ്​തിൽ പോയി പറ്റിക്കപ്പെട്ട കഥയും ഉദ്യോഗസ്ഥർ വരെ അവരോട് വളരെ മോശമായി പെരുമാറിയ കഥയും പറയുന്നുണ്ടായിരുന്നു. പറ്റിക്കപ്പെടാൻ വേണ്ടി മാത്രമാണ് നിങ്ങളവിടെ പോകുന്നതെന്നും, ഒരുപക്ഷേ ഇന്ത്യക്കാരെ പോലെ തന്നെയായിരിക്കും ഈജിപ്​തുകാരെന്നും പലരും പറഞ്ഞു. ഇന്ത്യയെപ്പോലെ തന്നെ ജനസാന്ദ്രത കൂടിയ വൃത്തികെട്ട തെരുവുകളാണെന്നും നിങ്ങൾക്കത് അപരിചിതമല്ലല്ലോയെന്നും ചിലർ പരിഹസിച്ചു. എന്നിട്ടും ഞങ്ങൾക്ക് പോകണമെന്നുതന്നെയായിരുന്നു. അന്വേഷിച്ചപ്പോൾ ഈജിപ്​തിലെ വിപ്ലവത്തിനുശേഷം അവിടെ പോയ ഒരു ഇന്ത്യക്കാരനെയും കണ്ടുകിട്ടിയില്ല.

അന്നേരമാണ് യാത്രാപ്രിയനായനായൊരു സുഹൃത്തുവഴി അലക്‌സാണ്ട്രിയയിൽ താമസമാക്കിയ അദ്ദേഹത്തിന്റെ സുഹൃത്തിനെ വിളിച്ചുകിട്ടിയത്. അതീവ സുരക്ഷിതമേഖലയിലെ എണ്ണക്കമ്പനിയിലായിരുന്നു അദ്ദേഹം ജോലിചെയ്തിരുന്നത്. പുറത്തുപോകാനോ, ലീവെടുക്കാനോ അനുവാദമില്ലാത്തൊരാൾ. അവർക്ക് പട്ടാള സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അദ്ദേഹം വഴി ബന്ധപ്പെട്ട അവിടുത്തെ നാട്ടുകാരുമായി സംസാരിച്ചു. പൊതുവിൽ ഒരു ആവശ്യവും നിഷേധിക്കാത്തവരാണ് ഈജിപ്റ്റുകാർ.

ഈജിപ്​ത്യൻ കാഴ്​ച

‘‘നിങ്ങളെ ഫറവോ ആക്കാം എന്നവർ സമ്മതിക്കും, എന്നാൽ പിന്നെ പൊടിപോലും കാണില്ല'' എന്ന് സുഹൃത്ത് പറയുന്നുണ്ടായിരുന്നു. അത് സത്യവുമായിരുന്നു. ആദ്യപ്രതികരണത്തിനുശേഷം, പല ഉറപ്പുകളും തന്നുപോയവർ, പിന്നീട് തിരിച്ചുവന്നതേയില്ല.
‘‘അഞ്ചുരൂപയ്ക്ക് അവർ നിങ്ങൾക്കുവേണ്ടി വെറുതെ പ്രാർഥിക്കും. 10 രൂപയ്ക്ക് അവർ നിങ്ങൾക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കും. 15 രൂപയ്ക്ക് അവർ നിങ്ങൾക്കുവേണ്ടി ദുആ ചെയ്യും. 20 രൂപയ്ക്ക് അവർ ദൈവത്തിന്റെ അടുക്കൽ പോയി നിങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യും. ഇതാണ് ഈജിപ്​തുകാർ'', എന്റെ മറ്റൊരു ഒമാനി സുഹൃത്ത് കളിയാക്കി പറഞ്ഞു.

വിസ എങ്ങനെ എടുക്കണമെന്ന് പറഞ്ഞുതരാൻ ഒരു ട്രാവൽ ഏജൻസി പോലും ഉണ്ടായില്ല എന്നതാണ് സത്യം. ഈജിപ്ഷ്യൻ വിപ്ലവത്തിനുശേഷം അവിടത്തെ ടൂറിസ്റ്റുകളുടെ വരവ് നന്നേ കുറഞ്ഞിരുന്നു. കൂനിന്മേൽകുരുപോലെ കൊറോണയും വന്നു. പല ചട്ടങ്ങളും മാറിമറിഞ്ഞിരുന്നു. ആർക്കും ഒരു കൃത്യതയും ഇല്ല. പല ഊഹാപോഹങ്ങളൊടുകൂടിയും ചില വിവരങ്ങൾ കണ്ടെത്തിയും ഞങ്ങൾ ഈജിപ്ഷ്യൻ എംബസിയിൽ പോകാൻ തീരുമാനിച്ചു. ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും ഒക്കെ ആയിട്ടാണ് അവിടെ ചെന്നത്. എല്ലാം വേണ്ടിവരും എന്നാണ് കരുതിയത് എങ്കിലും ഒന്നും വേണ്ടിവന്നില്ല. മസ്‌കറ്റിലായതുകൊണ്ടുതന്നെ ഏതു രാജ്യത്തെയും എംബസിയിൽ പോവുക എന്നത് വളരെ എളുപ്പമാണ്. ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ എല്ലാ എംബസികളും കടലിനോട് ഓരം ചേർന്ന് പ്രൗഢഗംഭീരമായി ഒരു വരിയിലിങ്ങനെ നിരന്നുനിൽപ്പാണ്.

എംബസിയിൽ ആളുകൾ ആവശ്യങ്ങൾക്കായി ചെല്ലുന്നയിടം ഒരു പഴയ ചെറിയ റെയിൽവേ സ്റ്റേഷൻ കൗണ്ടർ പോലെ തോന്നിച്ചു. അവിടെ വരുന്നവരും കയറുന്നവരും ഒരു രജിസ്റ്ററിൽ പേരെഴുതിവെക്കണം. ഇന്ത്യൻ എംബസിയിലെ ചായക്കടയോളം വരും ഈ കൗണ്ടർ. 20 പേർക്ക് ഇരിക്കാനുള്ള കഷ്ടിസ്ഥലം. മധ്യവയസ്‌കരായ ഒരു നാലഞ്ചു ഉദ്യോഗസ്ഥർ അവിടെയുണ്ട്. എല്ലാവരും നീളം കൂടിയ പെരുത്ത മനുഷ്യർ. ഫറവോകളുടെ പിന്മുറക്കാർ.
‘‘നമുക്ക് വേണമെങ്കിൽ അവരുടെ കാലിനടിയിലൂടെ എലികളെപ്പോലെ ഓടി നടക്കാം'', ഞാൻ അടക്കം പറഞ്ഞു.

അന്നു പണിഞ്ഞ അമ്പലങ്ങളിലെ ദൈവവിഗ്രഹങ്ങൾ അനാഥമായി നോക്കിനിന്നു. സന്ദർശകർ ശിലാസ്തൂപങ്ങളിലും ചുവർചിത്രങ്ങളിലും തൊട്ടും മാന്തിയും നടക്കുന്നു. തൊട്ടും തലോടിയും പരിപാവനപ്പെടുത്തിയും കളങ്കപ്പെടുത്തിയും ദൈവങ്ങൾ ഉഗ്രമഹാസംസകാരത്തിന്റെയും സംരക്ഷണത്തിന്റെയും സാക്ഷികളായി വെറുതെ നിന്നു.

കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് വാങ്ങിക്കുവാനൊക്കെയായി രണ്ടുമൂന്നു ഈജിപ്​തുകാർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. സ്റ്റാമ്പ് അടിച്ച്​ പൈസ വാങ്ങി വിടുന്നതല്ലാതെ ഒരു രേഖ പോലും എടുത്തുവെക്കുന്നുണ്ടായിരുന്നില്ല. അടുത്തകാലത്തൊന്നും വിസ തേടി ഒരു ഇന്ത്യക്കാരനും വരാത്തതിനാലാവണം അവർ തെല്ലൊരു അത്ഭുതത്തോടെ, ‘‘നിങ്ങൾക്ക് ഉറപ്പായും ഈജിപ്തിൽ പോകാൻ ആഗ്രഹമുണ്ടോ?'' എന്ന് സരസമായി ചോദിച്ചു.

അവർ അപേക്ഷാഫോമിനൊപ്പം പാസ്‌പോർട്ടും പൈസയും കമ്പനിയിൽ നിന്നുള്ള ഒരു എൻ.ഒ.സി. ലെറ്ററും വാങ്ങിവെച്ചു. ഒരാഴ്ചയ്ക്കുശേഷം വരാൻ പറഞ്ഞു. റസിപ്‌റ്റോ കുറിപ്പോ ഉറപ്പോ ഒന്നുമില്ല. പാസ്‌പോർട്ട് തിരിച്ചുകിട്ടിയില്ലെങ്കിലോ എന്നോർത്ത് ലേശം ആധിപൂണ്ട ഞങ്ങൾ, വരുന്നതുവരട്ടെ എന്നുകരുതി അവിടം വിട്ടു. മറ്റ് എംബസികളിലെ സെക്യൂരിറ്റിയും, നടത്തിപ്പും ആലോചിച്ചപ്പോൾ ഈ രാജ്യത്തിന് ഇതെന്തുപറ്റി എന്ന് തോന്നുകയും ചെയ്തു. കേട്ട കഥകളിലെ ശമ്പളം പോലും ശരിക്ക് കിട്ടാത്ത ഗവൺമെൻറ്​ ഉദ്യോഗസ്ഥരിൽ ഇവരും പെടുമോ ആവോ?

എന്തായാലും ഒരാഴ്ചയ്ക്കുശേഷം ഒരു കെട്ട് പാസ്‌പോർട്ടിൽ നിന്ന്​ നിങ്ങളുടെ പാസ്‌പോർട്ട് എടുത്തുകൊണ്ടുപോകുവാൻ അവർ ആവശ്യപ്പെട്ടു. വിസ അടിച്ച പാസ്‌പോർട്ട് ഞങ്ങൾക്ക് കിട്ടുകയും ചെയ്തു. മറ്റേതെങ്കിലും പാസ്‌പോർട്ട് എടുത്തുമാറ്റിയാൽ പോലും അവർ മനസ്സിലാക്കില്ലായിരുന്നു എന്ന് അനീഷ് പറയുന്നുണ്ടായിരുന്നു.

നൈൽ എന്ന മഹാനദിയുടെ തീരത്ത് 3100 ബി.സിയിൽ തുടങ്ങി മഹാസംസ്‌കാരത്തിന്റെ ഔന്നത്യമറിഞ്ഞവർ, സമ്പത്തിന്റെയും അധികാരത്തിന്റെയും ശാസ്ത്രത്തിന്റെയും എഞ്ചിനീയറിങ്ങിന്റെയും ഫറവോ കാലങ്ങളിൽ വികാസം കൊണ്ട്​ പരന്ന സാമൂഹിക പശ്ചാത്തലമുള്ളവർ, ഒരുപക്ഷേ ലോകത്തിലെതന്നെ ഏറ്റവും പ്രതാപശാലികളായ മനുഷ്യരുടെ പിന്മുറക്കാർ, അവരിന്ന് ഈ നൂറ്റാണ്ടിൽ പരിതാപകരമായ രാഷ്ട്രീയ- സാമൂഹികാവസ്ഥയിൽ ജീവിക്കുന്നു! അവർ കാലങ്ങൾക്കുമുമ്പ് ഭയഭക്തിപുരസ്സരം ആരാധിച്ചിരുന്ന ദൈവങ്ങൾ ഇന്നെവിടെ പോയി? ആ ദൈവങ്ങളെവിടെ? അവരെ ഇന്ന് ആരാധിക്കുന്ന മനുഷ്യരെ തിരഞ്ഞു. എവിടെ? ആരുമില്ല. അന്നു പണിഞ്ഞ അമ്പലങ്ങളിലെ ദൈവവിഗ്രഹങ്ങൾ അനാഥമായി നോക്കിനിന്നു. സന്ദർശകർ ശിലാസ്തൂപങ്ങളിലും ചുവർചിത്രങ്ങളിലും തൊട്ടും മാന്തിയും നടക്കുന്നു. തൊട്ടും തലോടിയും പരിപാവനപ്പെടുത്തിയും കളങ്കപ്പെടുത്തിയും ദൈവങ്ങൾ ഉഗ്രമഹാസംസകാരത്തിന്റെയും സംരക്ഷണത്തിന്റെയും സാക്ഷികളായി വെറുതെ നിന്നു.

നിഗൂഢവും വന്യവും മായികവും മാസമരികവും മാന്ത്രികവും മൃത്യുന്മാദപരവുമായ സഹാറ മരുഭൂമിയിലെ രഹസ്യാദൃശ്യകാഴചകൾ! അതെ, ഈജിപ്ത്... മമ്മികളുടെ മരണസൂക്ഷിപ്പുകാരനായ ഈജിപ്ത്.

നിലനിന്നുപോയെങ്കിൽ ഇനിയൊരു 3000 വർഷങ്ങൾക്കുശേഷം, സ്വാമി അയ്യപ്പന്റെ മൂക്ക്​ പിടിച്ചുവലിക്കുന്ന എ.ഡി. അയ്യായിരത്തിലെ പെൺകുട്ടികളെ വെറുതേ മനസ്സിലിന്ന് കണ്ടു, 21-ാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന ഈ അമ്മുത്തള്ള. വിശ്വാസം എന്നത് ഒരു സങ്കല്പം മാത്രമാണ്, കാലങ്ങൾകൊണ്ട് കൗതുകമായി പോകുന്നത്. കാണാനിമ്പമുള്ള കാഴ്ചയേ അല്ലായിരുന്നു ഈജിപ്​ത്​. എന്നാൽ ഇപ്പോഴും ഒന്നാലോചിക്കുമ്പോൾ, ഉള്ളിനെ കിടിലംകൊള്ളിയ്ക്കുന്ന നിഗൂഢ മാസ്മരികത.

തേയ്മാനം വന്നത്...
നശിച്ചുപോയത്...
നരച്ചുപോയത്...
അവശിഷ്ടപ്പെട്ടത്...
ശുഷ്‌കമായത്...
ശപിക്കപ്പെട്ടത്...

ചില വാക്കുകളിലൂടെ പടരുന്ന ചിന്തകൾക്കുമുകളിൽ ഒഴുകുന്ന മഹാനദി. മഹാ സംസ്‌കാരങ്ങൾക്ക് സാക്ഷിയായ, പിറവിയും അമ്മയുമായ, നൂറ്റാണ്ടുകളോളം മനുഷ്യകുലങ്ങളെ പോഷിപ്പിച്ച് താലോലിച്ച മഹാനദി. കടുത്ത വേനൽമരുക്കാലങ്ങളാഴ്ന്ന മരുഭൂമിയെപ്പോലും പിളർന്നുപായുന്ന, എട്ടോളം രാജ്യങ്ങളെ തഴുകിയൊഴുകുന്ന, ഒടുവിൽ മെഡിറ്ററേനിയൻ കടലിലലിയുന്ന നൈൽ...
അതിന്റെ തീരങ്ങളിൽ മനുഷ്യർ തിങ്ങിപ്പാർക്കുന്ന നഗരങ്ങൾ, ചെമ്മണ്ണുകല്ലിൽ പണിതീരാതെ അടുക്കടുക്കായി അടുത്തടുത്ത്​ നിരന്നുനിൽക്കുന്ന, പൊട്ടിപ്പോളിഞ്ഞ നരച്ച കെട്ടിടങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ട വീടുകളുടെ അവശിഷ്ടങ്ങൾ, അങ്ങിങ്ങ് ഉത്ഖനനങ്ങൾ നടക്കുന്ന ഒഴിഞ്ഞ മരുപ്രദേശങ്ങൾ, കല്ലറകളിൽ നിന്ന്​ കണ്ടെടുത്ത മമ്മികൾ, കൂടാതെ മാനവരാശിയോട് പ്രാചീനകാലത്തെ പറ്റി വിളിച്ചുപറയാനായി അടയാളം വച്ച നിധികൾ, കല്ലിൽകൊത്തിവെച്ച ചിത്രങ്ങൾ, ലിപികൾ.

നിഗൂഢവും വന്യവും മായികവും മാസമരികവും മാന്ത്രികവും മൃത്യുന്മാദപരവുമായ സഹാറ മരുഭൂമിയിലെ രഹസ്യാദൃശ്യകാഴചകൾ!
അതെ, ഈജിപ്ത്...
മമ്മികളുടെ മരണസൂക്ഷിപ്പുകാരനായ ഈജിപ്ത്.
സ്ഫിങ്ക്സ്സുകളുടെ സിംഹയുടലും പെൺതലയും ഗർവമായിരിയ്ക്കുന്ന ഈജിപ്ത്.
മെങ്കറയുടെയും കഫ്രയുടെയും ഖുഫുവിന്റെയും സ്തൂഭരൂപീ പിരമിഡുകൾ,
അതെ, ഈജിപ്ത്...

ഈജിപ്തിനെ കുറിച്ച് പറയാൻ ഒരുപാടുണ്ട്. ​▮

* കെമെറ്റ് ഈജിപ്തിന്റെ പഴയ പേര്. കറുത്ത ഭൂമി എന്നതാണ് ഇതിന്റെയർഥം. നൈൽ നദി കൊണ്ടുവരുന്ന ഫലഭൂയിഷ്ഠമായ കറുത്ത ചളിമണ്ണ് വന്നടിഞ്ഞ് നൈൽ തീരങ്ങൾ കടുപ്പുനിറമാർന്നിരുന്നുവെത്രെ.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments