രണ്ട്
റമദാനിനിടയിലുള്ള അഞ്ചുദിവസമാണ് ഈജിപ്തിൽ പോകാൻ ഞങ്ങൾ തിരഞ്ഞെടുത്തത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നിട്ടുകൂടി സഞ്ചാരികൾക്ക് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ അവിടെ അനുവാദമുണ്ടായിരുന്നു. അവിടെയെത്തിയ ആദ്യ രണ്ട് ദിവസവും നോമ്പുള്ള ദിവസമായിരുന്നു. സമയം കുറവായതിനാൽ അന്വേഷിച്ചന്വേഷിച്ച് അവിടെനിന്നുതന്നെ ഞങ്ങളൊരു ടൂർ ഗൈഡിനെ കണ്ടെത്തി. വളരെ ഉത്സാഹിയായൊരു ചെറുപ്പക്കാരൻ, സുൽത്താൻ.
അവിടെ സാധാരണക്കാർക്ക് കാര്യമായി ഇംഗ്ലീഷറിയില്ല. സഞ്ചാരികൾ നടക്കുന്നതോ പോകുന്നതോ അവർ ശ്രദ്ധിക്കാറുള്ളതുപോലെയെനിക്ക് തോന്നിയിരുന്നില്ല. അറബിയറിയാത്തൊരാൾക്ക് ഗൈഡിന്റെ സഹായത്താലല്ലാതെ ആ നാട്ടിൽ ചുറ്റിയടിക്കാൻ പ്രയാസമായിരിക്കും. ഒരുപക്ഷെ അങ്ങനെയൊരു നിസ്സഹകരണ മനഃസ്ഥിതി അവിടുത്തെ നാട്ടുകാരിലുണ്ടായത് ഗൈഡുകളുടെ കഞ്ഞിയിൽ കല്ലിടരുത് എന്നതുകൊണ്ടാവും.
അവിടത്തെ ഗൈഡുകളെ ഈജിപ്പ്റ്റോളജിസ്റ്റ് എന്നാണ് വിളിക്കുന്നത്. അവർ നാലുവർഷം കോളജിൽ പഠിച്ച് ഈജിപ്പ്റ്റോളോജിയിൽ ഡിഗ്രി നേടിയവരാണ്. പലരും ബഹുഭാഷാവിദഗ്ധർ. ഇംഗ്ലീഷിലും റഷ്യനിലും സ്പാനിഷിലും അപാര പ്രാവീണ്യമുള്ളവർ. അവർ വൃത്തിയായും ആധികാരികമായും അധ്യാപകരെപ്പോലെ കാര്യങ്ങൾ സഞ്ചാരികൾക്ക് വിശദീകരിച്ചുകൊടുക്കുന്നതു കാണാം. ഓരോ രാജ്യക്കാരുടെ കൂടെയും ആ ഭാഷയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നൊരു ഗൈഡ് നിർബന്ധമായുമുണ്ടാകും. സ്വന്തം നാട്ടിൽത്തന്നെ, രാവിലെ തുടങ്ങി വൈകുന്നേരം അവസാനിക്കുന്നൊരു സ്ഥിര ജോലിയാണ് ടൂർ ഗൈഡുകളുടെത്. അവർ സഞ്ചാരികൾക്കൊപ്പം സഞ്ചരിക്കുന്നവരല്ല. ഓരോ പ്രധാന സ്ഥലങ്ങളിലും അതതു സ്ഥലത്തെ ഗൈഡുകളെ കൊരുത്ത് ഒരു ശൃംഖല തന്നെ ഈജിപ്തിലുണ്ട്, സഞ്ചാരീശൃംഖല. അവരവർക്ക് ലഭിക്കുന്ന സഞ്ചാരികളെ അവർ പരസ്പരം കൈമാറുന്നു. ഓരോ പ്രദേശത്തും വണ്ടിയിറങ്ങിയാലുടൻ അവർ നമ്മെ കാത്തിരിക്കുന്നുണ്ടാകും.
യാത്രയിൽ കണ്ടുമുട്ടുന്ന, നമ്മെ പ്രതീക്ഷിച്ചിരിക്കുന്ന മനുഷ്യർ, യാത്രയോളം, കാണാക്കാഴ്ചയോളമെനിക്ക് പ്രിയപ്പെട്ടതാണ്. ആരും കാത്തിരിക്കാനില്ലാത്തൊരു സ്ഥലത്തേക്ക് യാത്ര പോകുന്നത് എന്തു ചെള്ളാണ്?
‘‘അവിടെ വന്നാൽ എന്റെ കൂടെ നൃത്തം ചെയ്യുമോ?'' എന്നുചോദിച്ചു.
‘‘എനിക്ക് നൃത്തം ചെയ്യാനറിയില്ല. ഞാൻ നൃത്തം കാണുക മാത്രമേയുള്ളൂ’’, ഞാൻ പറഞ്ഞു.
എനിക്ക് ഈജിപ്തിലങ്ങിങ്ങ് നൈൽ നദിയിലൂടെ യാത്ര ചെയ്യണം, അതിന്റെ തീരത്തെവിടെയെങ്കിലും താമസിക്കണം. നീലനിറം പടർന്ന മെഡിറ്ററേനിയൻ സമുദ്രം, അതിന്റെ തീരത്തെ വെള്ളാരംകണ്ണായ അലക്‌സാണ്ട്രിയ നഗരം, സൂര്യനെ തൊടുന്ന പിരമിഡുകൾ.. എല്ലാം എനിക്ക് കാണണം. നഗരവീഥികളിലൂടെ മഹഷി* തിന്നു നടക്കണം. ബലിഷ്ഠനായ പുരുഷനുചുറ്റും കറങ്ങുന്ന വർണശഭളതയുടെ ത്രസിപ്പിക്കുന്ന തന്യൂറ നൃത്തം കാണണം. തുള്ളിത്തെറിക്കുന്ന തുടകളുടെ, വിറയ്ക്കുന്ന ഇടുപ്പുകളുടെ, തുടിക്കുന്ന നിതംബങ്ങളുടെ, പാറിപ്പറക്കുന്ന നേർത്ത മുടിയുടെ ബെല്ലി നൃത്തം കാണണം. അഞ്ചുരൂപയും അഞ്ചുദിവസവും അയ്യായിരം മോഹങ്ങളും കൊണ്ട് ഞാൻ ടൂർ ഗൈഡിനെ വലച്ചു. അയാൾ പദ്ധതികൾ പലതുതന്നതിലൊന്നും മോഹങ്ങളടങ്ങാതെ ഞാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കാര്യമാത്രപ്രസക്തമായും വ്യക്തമായും കൃത്യമായും കാര്യങ്ങൾ സംസാരിച്ച് എത്രയും പെട്ടെന്ന് തീർപ്പുണ്ടാക്കണമെന്നു ശഠിക്കുന്ന അനീഷ് പലപ്പോഴുമെന്നിലെ സ്വപ്നജീവിയെ പിടിച്ചുകെട്ടാൻ പണിപ്പെട്ടു.
വിമാനമിറങ്ങുന്ന സമയത്തെക്കുറിച്ച് ചോദിച്ചാൽ, ഞാൻ ചായ കുടിക്കാൻ കിട്ടുമോ എന്ന് തിരിച്ചുചോദിക്കും. ഹോട്ടൽ ബുക്കിനെ പറ്റി ചോദിച്ചാൽ, ഞാൻ അവിടുത്തെ രാഷ്ട്രീയസാഹചര്യങ്ങളെ പറ്റി ചോദിക്കും. മൊത്തത്തിൽ ഞാനുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ, പാതിനിർത്തിയ സംഭാഷണങ്ങൾ, പരസ്പരബന്ധമില്ലാത്ത സംസാരങ്ങൾ, പദ്ധതിയിലില്ലാത്ത പുതിയ മാറ്റങ്ങൾ, അങ്ങനെയെന്നിലെ എണ്ണമറ്റ വിചാരങ്ങളിൽ വിരിയുന്ന പേച്ചുകളിൻ പ്രതി ഞാനും അനീഷും ഇടയ്ക്കിടെ കലഹിച്ചു. എന്നിരുന്നാലും യാത്രയിലെ തുടക്കവുമൊടുക്കവുമടക്കവുമൊക്കെ എന്റെ ഇഷ്ടത്തിനുതന്നെ തീരുമാനിക്കപ്പെട്ടു. ഉറവ വറ്റാത്ത ഭ്രാന്തൻ ചിന്തകൾക്കിടയിൽ സുസ്ഥിരതയോടെയിരിക്കുന്ന ചിലനേരങ്ങളിൽ യാത്രയുടെ രൂപരേഖകൾ എങ്ങനെയൊക്കെയോ തയ്യാറാക്കപ്പെട്ടു. സ്ഥിരതയ്ക്കും അസ്ഥിരതയ്ക്കും ഇടയിലുള്ള മനോഹരമായ മിന്നൽപ്പിണരുകളാൽ ഞങ്ങൾ വെളിച്ചപ്പെട്ടു.
സുൽത്താനും ഞാനും
ഇടയ്ക്കിടയ്ക്ക് ഞാൻ സുൽത്താനോട് അയാളുടെ നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ചോദിച്ചുകൊണ്ടേയിരുന്നു.
‘എന്റെ ഭർത്താവും രണ്ടു കുട്ടികളും ഒമാനിൽ സ്ഥിരതാമസമാണ്, അനീഷിന്റെ ഫാമിലിയും ഇവിടെത്തന്നെയുണ്ട്’, ഒരിടയ്ക്ക് ഞാൻ കളി പറഞ്ഞു.
വിവാഹിതരല്ലാത്തവർ ട്രെയിനിലോ ഹോട്ടൽമുറിയിലോ ഒരുമിച്ചു താമസിക്കുന്നത് ഈജിപ്തിൽ കുറ്റകരമാണ്. അത് വിദേശികൾക്ക് ബാധകമല്ല എന്നയാൾ ഞങ്ങളെ അറിയിച്ചു.
‘ഹോ താങ്ക് ഗോഡ്', എന്ന് ഞാൻ പായാരം പറഞ്ഞു.
ഈജിപ്തിലെന്നെ കാത്തിരിക്കുന്ന യുവാവിനെ പറ്റി ഞാൻ കൂട്ടുകാരോട് പറഞ്ഞു ചിരിച്ചു. ഭർത്താവിന്റെ കൂടെയല്ല യാത്ര ചെയ്യുന്നത് എന്ന മട്ടിൽ സംസാരിച്ചത് ശരിയായില്ലെന്നൊക്കെ സദാചാരവാദികളായ സുഹൃത്തുക്കളെന്നോട് തർക്കിച്ചു. ഞാൻ അതൊന്നും കാര്യമാക്കിയില്ല.
ഞങ്ങൾ വിവാഹിതരല്ലെന്ന് ധ്വനിപ്പിച്ചുകൊണ്ടാണ് ഞാനാ സംഭാഷണം നിർത്തിയത്. എന്റെ നൂറായിരം ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമിടയിലെ യുക്തിയും തീർപ്പും തിരയേണ്ടതില്ലെന്നുകരുതി ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റൊക്കെ അനീഷ് അവഗണിച്ചിരിക്കണം. പിന്നീടയാൾ നേരിട്ട് സന്ദേശങ്ങളയച്ചുതുടങ്ങി. അപരിചിതരായ ഒരു സ്ത്രീയും പുരുഷനും രണ്ടു ഭൂഖണ്ഡങ്ങളിലിരുന്ന് കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ സംസാരിക്കുന്നു. എനിക്ക് നന്നേ രസിച്ചു. ഈജിപ്തിലെന്നെ കാത്തിരിക്കുന്ന യുവാവിനെ പറ്റി ഞാൻ കൂട്ടുകാരോട് പറഞ്ഞു ചിരിച്ചു. ഭർത്താവിന്റെ കൂടെയല്ല യാത്ര ചെയ്യുന്നത് എന്ന മട്ടിൽ സംസാരിച്ചത് ശരിയായില്ലെന്നൊക്കെ സദാചാരവാദികളായ സുഹൃത്തുക്കളെന്നോട് തർക്കിച്ചു. ഞാൻ അതൊന്നും കാര്യമാക്കിയില്ല. അധികം കളിച്ചാൽ കെയ്റോ തെരുവിൽ അയാളെന്നെ കടത്തിക്കൊണ്ടുപോയി വിറ്റുകളയുമെന്നും, അവിടെ നിയമവും കോപ്പുമൊന്നുമില്ലെന്നും അവർ എന്നെ ഭയപ്പെടുത്തി.
പിറ്റേദിവസം അയാളെന്നോട്, ‘‘അവിടെ വന്നാൽ എന്റെ കൂടെ നൃത്തം ചെയ്യുമോ?'' എന്നുചോദിച്ചു.
‘‘എനിക്ക് നൃത്തം ചെയ്യാനറിയില്ല. നൃത്തം കാണുക മാത്രമേയുള്ളൂ’’, ഞാൻ പറഞ്ഞു.
‘‘ഞാൻ പഠിപ്പിക്കാം'', അയാൾ പറഞ്ഞു.
‘‘വേണ്ട അനീഷ് സമ്മതിക്കുന്നുണ്ടാവില്ല. എന്നെ വഴക്കു പറഞ്ഞേക്കും’’, ഞാൻ തമാശയാക്കി.
‘‘ഞാനേറെ കരുത്തനാണ്, ഞാൻ നിന്നെ രക്ഷിക്കും.’’
ആണുങ്ങളെ ഇളക്കിവിടുന്ന പെൺതമാശകൾക്കൊടുവിൽ വാർത്തകളിലും കഥകളിലും കണ്ട ക്രൂരവും പൈശാചികവുമായ അന്ത്യം എനിക്ക് സംഭവിക്കുമോ എന്നുപേടിച്ച് ഞാൻ എന്റെ ഒരു കുടുംബചിത്രം അയാൾക്ക് അയച്ചുകൊടുത്തു.
‘‘വേണ്ട നിങ്ങൾ എന്നെ രക്ഷിക്കേണ്ടതില്ല. നിർഭാഗ്യവശാൽ ഞാൻ അയാളെ തന്നെയാണ് കല്യാണം കഴിച്ചിരിക്കുന്നത്’’, സരസമായി ഞാനത് പറഞ്ഞവസാനിപ്പിച്ചു.
അയാൾ വെളുക്കനെ ചിരിക്കുന്ന കുറെ സ്‌മൈലികൾ അയച്ചു. അതിനുശേഷം നീണ്ട മൗനത്തിലാണ്ടു. പിന്നീടെപ്പോഴോ എന്തൊക്കെയോ സംസാരിച്ചപ്പോൾ ഈ യാത്ര ഞാൻ റദ്ദാക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അയാൾ അനീഷിനെ വിളിച്ച് വല്ലാതെ അസ്വസ്ഥനായി. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പാതി വർത്തമാനങ്ങൾ ഞാനവസാനിപ്പിക്കണമെന്നും, എല്ലാവർക്കുമിതൊരു ബുദ്ധിമുട്ടാണെന്നും പറഞ്ഞു. ഭ്രാന്തൻചിന്തകളുടെ കെട്ടിക്കുടുക്കുകളെന്നിൽ ജനിതകമായി ചേർത്തുവച്ചവയെന്നോർത്ത് ചിരി ഉള്ളിലൊതുക്കി ഞാൻ ശ്രദ്ധയോടെ തലയാട്ടി.
ആരും മയങ്ങുന്നതേയില്ല
ഞങ്ങൾ ചെന്നിറങ്ങുന്നത് തുറമുഖ നഗരമായ അലക്‌സാണ്ട്രിയയിലെ ബോറ്ഗ് അൽ അറബ് എയർപോർട്ടിലായിരുന്നു. നോമ്പുദിവസത്തെ ശാന്തമായ പാതിരാത്രിയിലായിരുന്നു യാത്ര. വിമാനത്തിൽ അപരിചിതരായിരുന്ന യാത്രക്കാർ ചിരപരിചിതപ്പോലെ സംസാരിച്ചുകൊണ്ടിരിക്കുന്നു. പൊട്ടിച്ചിരിക്കുന്നു. ബാഗുകൾ തുറക്കുന്നു, അടയ്ക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ആരും മയങ്ങുന്നതേയില്ല. വിമാനം കെയ്‌റോയിലെ ഖാൻ അൽക്കലിലി മാർക്കറ്റ് പോലെ ആകാശത്തു തെറിച്ചുനിന്നു.
വികാരവിചാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന, തത്വശാസ്ത്രപരമായ ചിന്തകളെ ഉണർത്തുന്ന, കാമമോഹങ്ങളെയുണർത്തുന്ന ശരീരവടിവുകൾ കൊത്തിവച്ച പ്രതിമകൾ, സൂക്ഷ്മ വിഷാദഭാവങ്ങൾ തുളുമ്പുന്ന വെണ്ണക്കൽ പ്രതിമകൾ, അത് ഹെലനിക്ക് സംസ്‌കാരത്തിന്റെതായിരുന്നു.
അവർ തമ്മിൽ സംസാരിക്കുന്നത് മസ്റിയിലാണ്. കേട്ടാൽ പരസ്പരം തല്ലു കൂടുകയാണെന്നെ തോന്നൂ. നൈൽ ഡെൽറ്റയിലെ നൂറുമില്ല്യൻ ആളുകൾ സംസാരിക്കുന്ന പ്രാദേശിക അറബിയാണ് മസ്രി. അവിടുത്തുകാരെ മസ്രികൾ എന്നും വിളിക്കാറുണ്ട്. സിനിമകളിലൂടെയും, സീരിയലുകളിലൂടെയും മസ്രിയുടെ സ്വാധീനം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പടർന്നിരുന്നു. ഈജിപ്തിലെ പുരുഷന്മാരധികവും ഇന്ത്യക്കാരെ പോലെ ഷർട്ടും ജീൻസുമാണ് ധരിക്കാറുള്ളത്.
എന്റെ തൊട്ടടുത്തിരുന്നയാൾ ഒമാനിൽ ഈജിപ്ഷ്യൻ ഫർണിച്ചർ വിൽക്കുന്ന ഒരു ചെറുകിടവ്യാപാരിയായിരുന്നു. രാജകീയ പ്രൗഢിയുള്ള, വളഞ്ഞ മൃഗക്കാലുകളുള്ള, വെള്ളിയും സ്വർണനിറമാർന്നതുമായ, ഈജിപ്തിൽ പണിത പൊന്തൻ സോഫകൾക്കും, മരയുരുപ്പടികൾക്കും ഒമാനിൽ നല്ല ആവശ്യക്കാരുണ്ട്. സിക്കൻഡ്രിയ എന്നാണ് അലക്‌സാണ്ട്രിയയെ അവിടുത്തുകാർ വിളിക്കുന്നത്. ഇംഗ്ലീഷിലാണെങ്കിൽ അലക്‌സ് എന്നും. അൽ ഹിൻഡോ എന്നാണ് അവർ ഇന്ത്യക്കാരെ വിളിക്കുന്നത്. വിമാനം ഇറങ്ങാൻ നേരമായപ്പോൾ സിക്കാൻഡ്രിയാ എന്ന് വിളിച്ചുപറഞ്ഞ് കൈ അടിച്ചുകൊണ്ടേയിരുന്നു അടുത്തിരുന്നയാൾ. വിചിത്രമായിരുന്നു ഞങ്ങൾക്ക് ഓരോ നിമിഷവും. ചിന്തയും കാഴ്ചയും കേൾവിയും പറക്കാനനുവദിച്ച്, ഞങ്ങൾ കുട്ടികളെപ്പോലെ കുതൂഹലരായി.
പുലർച്ചെ മൂന്നുമണിയോടെ ഞങ്ങൾ വിമാനമിറങ്ങി. ചുറ്റുപാടും വലിയ വെളിച്ചമോ ബഹളമോ ഇല്ല. നെയിംബോർഡുമായി കാത്തുനിൽക്കാം എന്നേറ്റ ഡ്രൈവർ അഹമ്മദിനെ കാണാനുമില്ല. ഈജിപ്ഷ്യൻ പൗണ്ട് മാറ്റിയെടുക്കാനോ സിം എടുക്കാനോ കൗണ്ടറുകളൊന്നും കണ്ടതേയില്ല. ഞങ്ങൾ മെല്ലെ പുറത്തേക്കിറങ്ങി. നല്ല തണുപ്പുണ്ടായിരുന്നു. അടുത്തുള്ള ചായക്കടയിൽ കയറി കടക്കാരന്റെ ഫോൺ മേടിച്ച് അഹമ്മദിനെ വിളിച്ചു. അയാൾ പാർക്കിംഗിലെവിടെയോ കാർ നിർത്തി നോമ്പുനോറ്റ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു. 60 കിലോമീറ്റർ യാത്ര ചെയ്തു വേണം താമസിക്കാൻ ബുക്കുചെയ്ത ഹോട്ടലിലെത്താൻ. ഉറക്കമുണരുന്നത് കടൽ കാഴ്ചകളിലേക്കാവണം എന്നുകരുതി ഡൗൺ ടൗണിൽ മെഡിറ്ററേനിയൻ സമുദ്രത്തിനോരത്തുള്ളൊരു ഹോട്ടലാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. കുളിച്ചു വസ്ത്രം മാറാനും കുറച്ചുനേരം ഉറങ്ങാനും മാത്രമുള്ള ഒരിടം. അന്നേരം നഗരം ഉറങ്ങുമ്പോൾ പച്ചയും ചുവപ്പും സിഗ്‌നലുകൾ മാത്രം വഴികാട്ടി ഉണർന്നിരിക്കുന്നു.
മെസഡോണിയൻ ടോളോമിക്ക് മുസ്ലിം അധിനിവേശമാകട്ടെ പുരാതന ഈജിപ്തിനെ പലവിധത്തിൽ മാറ്റിമറിച്ചു. ഓരോ രാജപരമ്പരയിലുള്ളവരുടെ സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങൾ കലയിലും വാസ്തുവിദ്യയിലും ജീവിതചര്യയിലും അവിടെ കാണാം.
ഗ്രീക്ക് റോമൻ തത്വശാസ്ത്രാധിഷ്ഠിത സംസ്‌കാരത്തിന്റെയും ഈജിപ്ഷ്യൻ മതസംസ്‌കാരത്തിന്റെയും സമ്മേളനമായിരുന്നു അലക്‌സ്. വികാരവിചാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന, തത്വശാസ്ത്രപരമായ ചിന്തകളെ ഉണർത്തുന്ന, കാമമോഹങ്ങളെയുണർത്തുന്ന ശരീരവടിവുകൾ കൊത്തിവച്ച പ്രതിമകൾ, സൂക്ഷ്മ വിഷാദഭാവങ്ങൾ തുളുമ്പുന്ന വെണ്ണക്കൽ പ്രതിമകൾ, അത് ഹെലനിക്ക് സംസ്‌കാരത്തിന്റെതായിരുന്നു. എന്നാൽ ഈജിപ്ഷ്യൻ പ്രതിമകൾക്കൊന്നിനും ഭാവമേ ഉണ്ടായിരുന്നില്ല. മതത്തിന്റെ ചിട്ടവട്ടങ്ങളിൽ കർക്കശമായ കണക്കിൽ തീർത്തവയായിരുന്നു അവ. എങ്കിലും സമ്പന്നമായ പുരാതന ഈജിപ്ഷൻ സംസ്‌കാരത്താൽ സ്വാംശീകരിക്കപ്പെടാനായിരുന്നു അധിനിവേശ സംസ്‌കാരങ്ങളുടെ വിധി. അങ്ങനെ ക്ലിയോപാട്ര വരെയുള്ള ടോളമി പരമ്പരയിലെ ഗ്രീക്ക് വംശജർ ഈജിപ്തിലെ പ്രഖ്യാപിത ഫറവോകളായി ഈജിപ്ഷ്യൻ സംസ്‌കാരത്തിൽ ലയിച്ചുചേർന്നു. അവർ ഈജിപ്തിന്റെ തനതുസംസ്‌കാരം സംരക്ഷിക്കുകയും, ഈജിപ്തിനെ മുഴുവൻ ഒരുമിച്ചുചേർത്തുനിർത്തുകയും ചെയ്തിരുന്നു, ആയതിനാൽ അക്കാലത്തെ ജനങ്ങൾ അവരെ ദൈവതുല്യരായി കണക്കാക്കിയിരുന്നുവെന്ന് ഗൈഡായ റാണിയാ ഞങ്ങൾക്ക് പറഞ്ഞുതന്നു. മെസഡോണിയൻ ടോളോമിക്ക് മുസ്ലിം അധിനിവേശമാകട്ടെ പുരാതന ഈജിപ്തിനെ പലവിധത്തിൽ മാറ്റിമറിച്ചു. ഓരോ രാജപരമ്പരയിലുള്ളവരുടെ സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങൾ കലയിലും വാസ്തുവിദ്യയിലും ജീവിതചര്യയിലും അവിടെ കാണാം. ഒന്നിൽ നിന്നൊന്ന് വേർതിരിക്കാൻ കഴിയാത്ത വിധം ലയിച്ചുചേർന്ന സംസ്‌കാരമാണവിടെ.
വിജ്ഞാനം വിഴുങ്ങുന്ന അലെക്‌സ്
ആയിരത്തോളം വർഷങ്ങൾ പുരാതന ഈജിപ്തിന്റെയും, ടോളമി സാമ്രാജ്യത്തിന്റെ തന്നെയും തലസ്ഥാനമായിരുന്നു അലക്‌സ്. മെഡിറ്ററേനിയൻ സിറ്റികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ബിസി 331 ൽ അലക്‌സാണ്ടർ ദ ഗ്രേറ്റ് ആണത്രെ ഈ നഗരം കണ്ടെത്തിയത്. മത്സ്യബന്ധനമൊക്കെ നടത്തിപ്പോന്ന ചെറുഗ്രാമമായിരുന്നു അന്ന് അലക്‌സ്. എന്നാൽ ഭാവിയിൽ അനേകായിരങ്ങളെ ഊട്ടാൻ കഴിവുള്ള വലിയ നഗരമായിതു പരിണമിക്കുമെന്ന് അലക്‌സാണ്ടർ ചക്രവർത്തി സ്വപ്നത്തിൽ കണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് ലോകത്തിലെ പ്രബലരായ എഴുത്തുകാരും പണ്ഡിതരും തത്വചിന്തകരും ബുദ്ധിജീവികളും ഇങ്ങോട്ടൊഴുകി. അന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രമായി മാറി അലക്‌സ്. ലോകത്തെ തന്നെ ബൃഹത് ഗ്രന്ഥശാല അലക്‌സാൻഡ്രിയയിലാണ് ഉണ്ടായിരുന്നത്. വിജ്ഞാനം കൈമാറാനും, പഠിക്കാനും സംവദിക്കാനമുള്ള സൗകര്യം, മ്യൂസിയങ്ങൾ, പഠനകേന്ദ്രങ്ങൾ എല്ലാം അലക്‌സാണ്ട്രിയയിലുണ്ടായിരുന്നു. കൈവശമുള്ള ബുക്കുകളുടെ പതിപ്പ് കൊടുക്കാതെ ഒരു കപ്പലിനും ഈ നാട്ടിൽ നങ്കൂരമിടാൻ അനുവാദമുണ്ടായിരുന്നില്ല.
പ്രാചീനലോകത്തെ ഏഴുമഹാത്ഭുതങ്ങളിൽ ഒന്നായ ഫറോ ലൈറ്റ് ഹൗസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അന്ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമിതിയായിരുന്നു അത്. പിരമിഡിനേക്കാൾ വലുപ്പം കൂടിയ വിളക്കുമാടം. മെഡിറ്ററേനിയൻ കടൽ കടന്നുവന്ന അനേകം കച്ചവടക്കാർക്കും സാമ്രാട്ടുകൾക്കും അടയാളം നിന്ന ഭീമൻ ദീപസ്തംഭം.
ബി.സി മൂന്നാം നൂറ്റാണ്ടിൽ അലക്‌സാണ്ടർ മരിച്ചതിനുശേഷം, സ്വയം രാജാവായി പ്രഖ്യാപിച്ച ആദ്യത്തെ ടോളമി, ബിസി 305-ലത്രേ, ചുണ്ണാമ്പും ഗ്രാനൈറ്റും ചേർത്ത് ഇതു പണിഞ്ഞത്. അലക്‌സാണ്ട്രിയയുടെ കിഴക്കൻ മരുഭൂമിയിലെ വാദി ഹമ്മാമത്ത് ക്വാറികളിൽ നിന്നായിരിയ്ക്കണം ഈ ചുണ്ണാമ്പുകല്ലുകൾ ഖനനം ചെയ്തു കൊണ്ടു വന്നത്. എന്തായാലും ടോളമി ഒന്നാമന്റെ മകൻ ടോളമി II ഫിലാഡൽഫസിന്റെ ഭരണകാലത്ത് ഇതു പൂർത്തിയാവാൻ നീണ്ട പന്ത്രണ്ടു വർഷങ്ങളെടുത്തു. വിളക്കുമാടത്തിന്റെ മുകളിൽ ഒരു ചൂളയുണ്ടാക്കി അതിൽ നിന്നാണ് വെളിച്ചം ഉത്പാദിപ്പിച്ചിരുന്നത്. അതിന്റെ ചൂടുള്ള വെളിച്ചം ചിതറിയ ജലവഴികളിലൂടെ കച്ചവടത്തിനും പഠനത്തിനനും മറ്റാവശ്യങ്ങൾക്കുമായി അനേകായിരങ്ങൾ ഇവിടേയ്ക്ക് കടൽ കടന്നെത്തി. എന്നാൽ നിരന്തരമായി വന്ന വലിയ ഭൂകമ്പങ്ങളെ അതിജീവിക്കാൻ ഈ മഹാസൗധങ്ങൾക്കായില്ല.
അതെ, ആയിരം കൊല്ലങ്ങൾക്കുമുമ്പ് മനുഷ്യരാലും പ്രകൃതിയാലും നശിപ്പിക്കപ്പെട്ട ചരിത്രമാണ് ഇവിടത്തുകാർക്ക് പറയാനുള്ളത്.
പഴയ പ്രതാപിയായ നഗരങ്ങൾ കാലപ്പഴക്കത്തിൽ ഇടുങ്ങിയ തെരുവുകളാകും. ഒഴിഞ്ഞ പ്രാന്തപ്രദേശങ്ങളിൽ പുത്തൻ നഗരങ്ങൾ മുളക്കും. നഗരങ്ങളുടെ ജീവചക്രം ഒരു തിരപോലെയാണ്, അലയടിച്ചൊടുങ്ങും തീർച്ച.
സർപ്പങ്ങൾ ഉടൽകൊത്തിയ പ്രേമറാണി
പ്രേമത്തിന്റെയും അധികാരത്തിന്റെയും വന്യമായ സൗന്ദര്യത്തിന്റെയും രാജ്ഞി എന്നറിയപ്പെട്ട ക്ലിയോപാട്ര ജനിച്ചത് ഇതേ അലക്‌സാണ്ട്രിയയിലാണ്. ക്ലിയോപാട്രയുടെയുടെ വന്യമായ പ്രണയങ്ങൾക്ക് സാക്ഷിയായ നഗരം. അധികാരം നിലനിർത്തുന്നതിന് സ്വന്തം ഇളയ സഹോദരന്മാരെ വിവാഹം കഴിച്ച്, പിന്നീട് കൊന്നുകളഞ്ഞ ചതിക്ക് സാക്ഷിയായ നഗരം ഒടുവിൽ, 39ാമത്തെ വയസ്സിൽ നില്ക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്‌തൊടുങ്ങേണ്ടിവന്നതിനും സാക്ഷിയായ നഗരം. അലക്‌സാണ്ട്രിയ നഗരത്തിൽ ക്ലിയോപാട്രയുടെതായി ഒരു ചരിത്രസ്മാരകവും അവശേഷിച്ചിരുന്നില്ല. ഗ്രീസിൽനിന്ന് കണ്ടു കിട്ടിയ ചില നാണയങ്ങൾവച്ച് എല്ലാവരും കരുതുംപോലെ അതിസുന്ദരിയൊന്നുമല്ല, വലിയ മൂക്കുകളുള്ള ക്ലിയോപാട്രയെന്ന് അവിടുത്തുകാർ വിശ്വസിക്കുന്നു. റോമാചക്രവർത്തിയായ ഒക്ടേവിയൻ എല്ലാ അടയാളങ്ങളും തേച്ചുമാച്ചു കളഞ്ഞിട്ടും ക്ലിയോപാട്രയെ ഇന്നും ലോകം മനസ്സിൽ സൂക്ഷിക്കുന്നു. ശരീരം കൊണ്ടാടിയ എല്ലാ സ്ത്രീകളും കാലാകാലം സമൂഹത്തിന് വശ്യമായ ഓർമയാണ്, അധികാരങ്ങളെ ഭയപ്പെടുത്തുന്ന വന്യമായ ഓർമയാണ്.
നീലച്ചായം തേച്ച ആ വാതിലുകൾ
ഗൂഗിൾ കൊണ്ടുചെന്നെത്തിച്ച കടൽക്കരയിലെ തെരുവോരത്ത് അക്രോ പൊലിസ് എന്ന്, അക്ഷരങ്ങൾ ചിലത് പൊളിഞ്ഞുവീണ, മിനുങ്ങുന്ന സ്റ്റിക്കർ കണ്ടു. അഹമ്മദ്പെട്ടിയുമെടുത്ത് ഞങ്ങളുടെ കൂടെ വന്നു. ഇടുങ്ങിയ കവാടം നടന്നുകയറി ലിഫ്റ്റ് എന്ന് കടലാസിൽ എഴുതിവെച്ച ഒരു വാതിലിനുമുമ്പിലെത്തി. വാതിൽ മുൻപോട്ട് തുറന്നതും ഗ്രില്ലില്ലാത്ത അപകടം പിടിച്ച ഒരു തൂക്കുപെട്ടി മുന്നിൽ വന്നുനിന്നു. ഈ കെട്ടിടത്തിലൊരു ഹോട്ടൽ എന്നത് അസംഭവ്യമെന്നുതോന്നി. ഒരു വൃദ്ധൻ അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. നീല പെയിന്റടിച്ച വാതിലുകൾ, ഉയരം കൂടിയ ഇരുണ്ട വരാന്തകൾ. അതിന്റെ അറ്റത്ത് ഒരു അരണ്ട മുറി. വല്ലാത്തൊരു മൂകതയാണപ്പോൾ തോന്നിയത്. അഹമ്മദ് ഇല്ലായിരുന്നുവെങ്കിൽ ഞങ്ങളാ കെട്ടിടത്തിൽനിന്ന് ഈ ഹോട്ടൽ ഉത്ഖനനം ചെയ്യേണ്ടിയിരിക്കുമെന്ന് ഉറപ്പ്.
പഴയ പ്രതാപിയായ നഗരങ്ങൾ കാലപ്പഴക്കത്തിൽ ഇടുങ്ങിയ തെരുവുകളാകും. ഒഴിഞ്ഞ പ്രാന്തപ്രദേശങ്ങളിൽ പുത്തൻ നഗരങ്ങൾ മുളക്കും. നഗരങ്ങളുടെ ജീവചക്രം ഒരു തിരപോലെയാണ്, അലയടിച്ചൊടുങ്ങും തീർച്ച. പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ കഴിയാതെ ആ നഗരത്തിലെങ്ങും ശ്വാസംമുട്ടും. ജനാലക്കൽ തുരുമ്പെടുത്ത അരികുകമ്പികൾ, അടക്കുമ്പോഴും തുറക്കുമ്പോഴും ഒച്ചയുണ്ടാക്കുന്ന പൂതലിച്ച വാതിലുകൾ. പഴക്കം പഴക്കം എന്നു ഞാൻ ഉറക്കത്തിലേക്ക് വഴുതി. ▮
* മഹഷി - മുന്തിരി ഇലയിൽ ചോറു പൊതിഞ്ഞ ഒരു തനത് ഈജിപ്ത്യൻ ഭക്ഷണം.
അമ്മു വള്ളിക്കാട്ട്: പെൺവിക്രമാദിത്യം - പേശാമടന്തയും മൂലമടന്തയും എന്ന കവിതാസമാഹാരം.
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.