മുതലകളുടെ മമ്മികൾ

മുതലമമ്മികളുടെ
​നൈലോരം

ക്രിസ്ത്യൻ അധിനിവേശസമയത്ത് അമ്പലത്തിലെ പല ചിഹ്നങ്ങളും മായ്ച്ചുകളയാൻ തീയിട്ടതിന്റെ അടയാളം കറുത്തു മച്ചിൽ കിടന്നിരുന്നു. മച്ച് കറുത്തുകിടന്നിരുന്നു. ലോകത്തിൽ സകല ശാസ്ത്രങ്ങളുടെയും പാരമ്പര്യമെല്ലാം അവിടെനിന്നു തന്നെയാണെന്നുപറഞ്ഞാൽ തള്ളിക്കളയാൻ സാധിക്കുമോ?

അഞ്ച്​

ജിപ്തിൽ എത്തിയിട്ട് അന്നേക്ക് മൂന്നാം ദിവസമായിരുന്നു.
തലേന്നു രാത്രി എഡ്ഫുവിൽ കപ്പൽ നിർത്തിയിട്ടിരുന്നു. പെരുന്നാളിന്റെ പുലരിയിൽ ബാങ്കുവിളി കേട്ടാണ് ഞങ്ങൾ ഉറക്കം ഉണർന്നത്. ലുക്‌സൂറിലും അസ്വാനിലും ഏതുകാലത്തും ഉഷ്ണമാണ്. ഞങ്ങൾ യാത്രപോയ മേയ് മാസത്തിലെ രാത്രികളിൽ 20 ഡിഗ്രി സെൽഷ്യസും, ഉച്ചയ്ക്ക് 30 ഡിഗ്രി സെൽഷ്യസുമായായിരുന്നു താപനില. എഡ്ഫു അമ്പലം രാവിലെത്തന്നെ കണ്ട് തിരിച്ചുകയറണമെന്നാണ് കപ്പലിൽനിന്നുള്ള ശാസന. രണ്ടുമണിക്കൂറിനുള്ളിൽ കപ്പൽ യാത്ര പുറപ്പെടും. ഗൈഡ് ഞങ്ങൾക്കുവേണ്ടി കപ്പലിന്റെ ലോബിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പുറത്ത് നിരയായി കോർണിഷിൽ കുതിരവണ്ടികൾ നിർത്തിയിട്ടിരിക്കുന്നു. അതിൽ കയറി മൂന്നു കിലോമീറ്റർ സഞ്ചരിച്ചുവേണം അമ്പലത്തിലെത്താൻ. ആ ചെറുഗ്രാമത്തിൽ ഈദ് ഗാഹുകൾ നടക്കുന്നു. എങ്ങും ഉത്സവത്തിന്റെ മേളമായിരുന്നു. റോഡിൽ നിറയെ സ്ത്രീകളും പെൺകുട്ടികളും ആൺകുട്ടികളും നിറഞ്ഞുനിന്നു. കുതിരവണ്ടി ഓടിക്കാൻ സ്ഥലമില്ലാതെ കുതിരക്കാരൻ റോഡിൽ കയറുന്ന കുട്ടികളെ ഹോയ് ഹോയ് എന്നാട്ടുന്നുണ്ട്. ഇടയ്ക്ക് അറബിയിൽ നല്ല ചീത്തയും പറയുന്നുണ്ട്.

പുത്തനുടുപ്പുകൾ അണിഞ്ഞ തുമ്പികൾ, കുതിരച്ചൂരുള്ള ആ തെരുവിൽ പാറിനടന്നു. 10 വയസ്സോളം വരുന്ന ചെറിയ കുട്ടികളുടെ നാൽവർ സംഘങ്ങൾ കുത്തിക്കയറിയിരുന്ന് സ്‌കൂട്ടറോടിച്ചുപോകുന്നതുകണ്ട് ഞങ്ങളമ്പരന്നു. റോഡിൽ നിറയെ കുട്ടികൾ യാതൊരു കൂസലുമില്ലാതെ വണ്ടിയെടുത്ത് അങ്ങോട്ടുമിങ്ങോട്ടും പായുന്നു. അന്വേഷിച്ചപ്പോൾ കുട്ടികൾക്ക് അത്തരത്തിലുള്ള സ്‌കൂട്ടർ ഓടിക്കാനുള്ള അനുവാദം അവിടെയുണ്ട് എന്ന് മനസ്സിലായി. സ്ത്രീകൾ തെന്നിത്തെറിച്ച് കുട്ടികളുമായി നടന്നലയുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് കൺകുളിർന്നു.

എഡ്ഫു അമ്പലത്തിലെ കാഴ്ചകൾ കാണിക്കാനായി വന്ന ടൂർ ഗൈഡ്

എഡ്ഫു അമ്പലം

എഡ്ഫു അമ്പലത്തിലെ കാഴ്ചകൾ കാണിക്കാനായി വന്ന ടൂർ ഗൈഡ് മൊട്ടത്തലയുള്ള പെരുത്ത മനുഷ്യനായിരുന്നു. അലാവുദ്ദീന്റെ അത്ഭുതവിളക്കിൽനിന്നോ മുക്കുവന്റെ കുപ്പിയിൽനിന്നോ ഉടലായ ഭൂതമെന്ന് ഞങ്ങൾ അയാളെ രഹസ്യമായി വിളിച്ചു. ടോളമി പരമ്പരയിൽപ്പെട്ട ഫറവോകൾ 237 മുതൽ 57 ബി.സി. വരെയുള്ള കാലഘട്ടത്തിൽ പണിത അമ്പലമാണ് എഡ്ഫുവിലേത്. പരുന്തുമുഖമുള്ള രക്ഷകനായ ദേവൻ ഹോറസ്സിനുവേണ്ടി പണികഴിപ്പിച്ചത്. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കള്ളച്ചിരിയോടെ കുസൃതിചോദ്യങ്ങളൊക്കെ ചോദിച്ചുകൊണ്ടേയിരുന്നു. എന്റെ ശ്രദ്ധ മുഴുവൻ അദ്ദേഹത്തിന്റെ സംസാരത്തിൽ പറ്റിനിന്നു. പ്രത്യേക ചേഷ്ഠകളും ഗോഷ്ടികളും കണ്ടാലങ്ങനെ കൗതുകത്തോടെ നിന്നുപോകും. പുരികം പൊക്കിയും ചുണ്ടുകൾ കൂർപ്പിച്ചും നാക്കു വെളിയിലിട്ടും കൊണ്ട് അദ്ദേഹം കുഴക്കുന്ന ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടേയിരുന്നു. ടോളൊമി എന്ന് അദ്ദേഹം പറയുന്ന സമയത്ത് ടോയും ളൊയും ഒക്കെ ഉച്ചരിക്കുമ്പോൾ, യാത്രയാക്കാൻ നാവു കൂടെ ഇറങ്ങി പുറത്തുവന്നു. ഞാൻ കണ്ട പല ഈജിപ്തുകാരും പ്രത്യേകരീതിയിൽ ചുണ്ടുകൾ നീട്ടിപ്പിടിച്ച് പല്ലുകാണിച്ചാണ് സംസാരിക്കാറ്. എന്റെ കൂടെ പണ്ട് ജോലിചെയ്തിരുന്ന ഒരു ഈജിപ്തുകാരൻ ഈജിപ്ത് എന്ന് പറയുമ്പോൾ താഴ്‌നിരയിലെ പല്ലുകൾ മുഴുവൻ ആരോടാണയാൾ സംസാരിക്കുന്നത് എന്നറിയാൻ വേണ്ടിയെന്നപോലെ പുറത്തേക്കുവന്ന്​ എത്തിനോക്കും. വക്കീലായിരുന്നു അദ്ദേഹം. പൂച്ചക്കണ്ണുള്ള അദ്ദേഹത്തിന്റെ അച്ഛൻ ഈജിപ്ഷ്യനും അമ്മ ഗ്രീക്കും, സഹോദരൻ അമേരിക്കൻ പൗരനും, ഭാര്യ ടുണീഷിനും ആയിരുന്നു. 40 ലക്ഷം പൗരന്മാർ അന്യദേശങ്ങളിൽ നിന്ന് വിവാഹം ചെയ്തിരിക്കുന്നു എന്നദ്ദേഹം പറഞ്ഞപ്പോൾ എനിക്കത് വിശ്വസിക്കാനേ ആയില്ല . ഈജിപ്തുകാർക്കുമാത്രം സാധിക്കുന്ന വിശ്വപൗര ബന്ധങ്ങൾ.

വലിയ മതിലുള്ള ആ ദേവാലയത്തിന്റെ ഓരോ ഭാഗങ്ങളും ഞങ്ങൾ നോക്കിക്കണ്ടു. അവിടെ സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കുന്ന ഒരു മുറി കാണാനായി. ലോകോത്തര പെർഫ്യൂംസിന്റെ രഹസ്യക്കൂട്ടുകൾ ഫ്രാൻസിന് ലഭിച്ചത് ഈജിപ്തിൽ നിന്നാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ലോകത്തിലെ ഏറ്റവും മുന്തിയ സുഗന്ധദ്രവ്യങ്ങൾ വ്യാപാരം ചെയ്യുന്നത് ഫ്രാൻസാണ്. ക്രിസ്ത്യൻ അധിനിവേശസമയത്ത് അമ്പലത്തിലെ പല ചിഹ്നങ്ങളും മായ്ച്ചുകളയാൻ തീയിട്ടതിന്റെ അടയാളം കറുത്തു മച്ചിൽ കിടന്നിരുന്നു. ലോകത്തിൽ സകല ശാസ്ത്രങ്ങളുടെയും പാരമ്പര്യമെല്ലാം അവിടെനിന്നു തന്നെയാണെന്നുപറഞ്ഞാൽ തള്ളിക്കളയാൻ സാധിക്കുമോ? 3000 വർഷങ്ങൾക്കുമുമ്പുള്ള എഞ്ചിനീയറിങ്ങിന്റെയും ശാസ്ത്രത്തിന്റെയും, സാങ്കേതികതയുടെയും, ചിത്രകലയുടെയും, ഇന്നും നിലനിൽക്കുന്ന ശേഷിപ്പുകൾ ലോകത്ത് മറ്റെവിടെയും കണ്ടെടുത്തിട്ടുണ്ടോ?

സാഹിത്യമില്ലാത്ത അടയാളങ്ങളുടെ ഭാഷകൊണ്ട്, ഈ ശില്പങ്ങളും, ചുവർകൊത്തുകളും എന്റെ മനസ്സിൽ എഴുതിയുണ്ടാക്കിയ കൃതികളുടെ വ്യാപ്തിയിൽ, വിസ്മയിപ്പിക്കുന്ന ആഴത്തിൽ, ഉൾക്കാഴ്ചകളിൽ മനസ്​ നിറഞ്ഞുകവിയുന്നുണ്ടായിരുന്നു.

വലിയ തൂണുകളിൽ നിരയായി കാർറ്റൂഷുകൾ ആലേഖനം ചെയ്തിരിക്കുന്നു. കാർറ്റൂഷുകളിൽ കൊത്തിവെച്ചിരിക്കുന്ന ഓരോ ജീവികളുടെയും പേരുകൾ ചേർത്തുവച്ചുകൊണ്ട് അത് പണിത ഫറോവകളുടെയും, അവരുടെ പൂർവികരുടെയും പേരുകൾ അയാൾ വായിച്ചെടുത്തു. ക്ലിയോപാട്രയുടെ പേരെഴുതിയ കാർറ്റൂഷുകൾ പോലും എഡ്ഫുവിലുണ്ടായിരുന്നു. മൃഗങ്ങൾ നോക്കിനിൽക്കുന്ന ദിശയിലാണ് ചില ഹൈറോക്ലിഫിക്‌സ് ആലേഖനങ്ങൾ അദ്ദേഹം വായിച്ചെടുത്തത്. ഭാഷാതീതമായി വ്യാകരണത്തിന്റെ ആയാസങ്ങളില്ലാതെ ബിംബങ്ങൾകൊണ്ട് മനുഷ്യർ വരുംതലമുറയോട് സംവദിക്കുന്നു. സാഹിത്യമില്ലാത്ത അടയാളങ്ങളുടെ ഭാഷകൊണ്ട്, ഈ ശില്പങ്ങളും, ചുവർകൊത്തുകളും എന്റെ മനസ്സിൽ എഴുതിയുണ്ടാക്കിയ കൃതികളുടെ വ്യാപ്തിയിൽ, വിസ്മയിപ്പിക്കുന്ന ആഴത്തിൽ, ഉൾക്കാഴ്ചകളിൽ മനസ്​ നിറഞ്ഞുകവിയുന്നുണ്ടായിരുന്നു.

ജോണും അനീഷും എഡ്ഫു അമ്പലത്തിനുമുന്നിൽ

കോംഒമ്പു അമ്പലം

കപ്പൽ അടുത്തതായി നങ്കൂരമിട്ടത് കോംഒമ്പു അമ്പലത്തിലാണ്. അവിടെ ഞങ്ങളെ കാത്ത് ജോൺ നിൽപ്പുണ്ടായിരുന്നു. അതുവരെ ഞങ്ങൾ കണ്ടുമുട്ടിയ ആളുകൾ ഒന്നുകിൽ അഹമ്മദ് അല്ലെങ്കിൽ മുഹമ്മദ് എന്ന നാമധാരികൾ ആയിരുന്നു. ജോൺ ഈജിപ്തിലെ 10 ശതമാനത്തിൽ താഴെ വരുന്ന ക്രിസ്തീയ മതവിഭാഗത്തിൽപ്പെട്ട ആളാണ്. അവിടുത്തെ ന്യൂനപക്ഷം. ആ ദേവാലയം നൈലിന്റെ തീരത്തുതന്നെ കുറച്ചുയരത്തിൽ ഒരു മലയിലാണ് സ്ഥിതിചെയ്യുന്നത്. വർഷാവർഷമുള്ള പ്രളയം അവിടെയുള്ള വലിയ തൂണുകളുടെ ഏതറ്റം വരെ പൊന്തിയിരുന്നുവെന്ന് നിറംമാറ്റം ചൂണ്ടിക്കാട്ടി അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചുതന്നു. രണ്ടാൾപൊക്കത്തിൽ മലമുകളിൽ നൈൽ വെള്ളം പൊങ്ങിയിരുന്നു എന്നു പറഞ്ഞുകേട്ടപ്പോൾ അന്നത്തെ മനുഷ്യർ അനുഭവിച്ചിരുന്ന അസ്ഥിരതയുടെ ആഴമോർത്ത് എനിക്ക് ഭയം തോന്നി. തീരം വിട്ടുപോകാനോ തീരം അടുപ്പിച്ച് അധിവസിക്കാനോ അവർക്ക് സാധിക്കില്ല. ഒരുവർഷം പ്രളയം, അടുത്ത വർഷം കൊടുംവരൾച്ച.

പ്രകൃതിയെ തന്നെയാണ് ദൈവരൂപം കൊടുത്ത് അവർ ആരാധിച്ചിരുന്നത്. ഉറങ്ങാത്ത പാമ്പിൻകണ്ണുകളെ അവർ രക്ഷകനായി ആരാധിച്ചു. മൃഗത്തലയുള്ള മനുഷ്യദൈവങ്ങൾ മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിച്ചു. നൈൽ പ്രളയം പൊങ്ങുന്ന സമയത്താണ് നിർമാണപ്രവർത്തനങ്ങളിൽ പുരാതന ഈജിപ്തുകാർ ഏർപ്പെട്ടിരുന്നത്. എന്തെന്നാൽ ആ സമയങ്ങളിൽ ചങ്ങാടങ്ങൾ നിർമിച്ച് വലിയ കല്ലുകൾ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകുവാനും, കളിമണ്ണു കുഴച്ച് നിരക്കിക്കൊണ്ടുപോകുവാനും പ്രയാസമുണ്ടായിരുന്നിരിക്കില്ല. അവിടുത്തെ അമ്പലങ്ങളെല്ലാം ഫറവോകൾ നീണ്ടനാൾ വാഴാനും, ഏറെ നാൾ രാജ്യം ഭരിക്കാനും, യശസ്സ് വർധിപ്പിക്കാനും ദൈവങ്ങൾക്കായി സമർപ്പിച്ചതാണ്. അവിടെ രാജകുടുംബാംഗങ്ങൾക്കും പൂജാരിമാർക്കും മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ചുവരെല്ലാം തന്നെ രാജാക്കന്മാരും ദൈവങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്നവയായിരുന്നു. രാജാക്കന്മാരുടെയും, അവിടുത്തെ പൂർവികരുടെയും രാജ്ഞിമാരുടെയും ദേവന്മാരുടെയും ചിത്രങ്ങൾ നിരയായി വരച്ചുവച്ചിരിക്കുന്നു. ചില ചിത്രങ്ങൾ ചുമരിനുള്ളിലേക്ക് കൊത്തിവച്ചവയാണ്, ചിലത് പുറത്തേക്ക് കൊത്തിയെടുത്തതാണ്. കല്ലിൽ അകത്തേക്ക് കൊത്തിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്ന് ടൂർ ഗൈഡ് വിശദീകരിച്ചു.

ഇരുണ്ട മുറികളിലാണ് മമ്മികൾ വെച്ചിരിക്കുന്നത്. അവിടെ മൊബൈൽ ഫ്ലാഷ് പോലും നിരോധിച്ചിരിക്കുന്നു. ഈജിപ്തിൽ എല്ലാ പുരാതനാലയങ്ങൾക്കും വലിയ സുരക്ഷാപരിശോധനയുണ്ട്. ഇലക്​ട്രോണിക് മെഷീനിൽ സ്‌കാനിങ് നടത്താതെ ഒന്നും ഉള്ളിലേക്ക് കടത്തിവിടുന്നില്ല.

പണ്ടുകാലത്ത് അവിടെ ഒരിടത്തായി ചികിത്സാലയം ഉണ്ടായിരുന്നത്രെ. പരിശോധനയ്ക്കും, ശുശ്രുഷയ്ക്കും വേണ്ട സാധനസാമഗ്രികളും കണ്ടെടുത്തിരുന്നുവെന്നും, ഒരു സ്ത്രീ ഗർഭിണിയാണോ എന്നറിയാൻ മൺപരീക്ഷ നടത്തുന്നതെങ്ങനെയെന്നും ജോൺ വിശദീകരിച്ചു. അസ്വാനിലെ വലിയ ഡാം പണികഴിപ്പിക്കുന്നതുവരെ നൈൽ നദിയിൽ നിറയെ മുതലകളുണ്ടായിരുന്നു. അമ്പലത്തിനടുത്തായി മുതലകളുടെ 24 മമ്മികൾ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു മ്യൂസിയത്തിലേക്ക് ഞങ്ങൾ പോയി. ഇരുണ്ട മുറികളിലാണ് ഈ മമ്മികൾ വെച്ചിരിക്കുന്നത്. അവിടെ മൊബൈൽ ഫ്ലാഷ് പോലും നിരോധിച്ചിരിക്കുന്നു. ഈജിപ്തിൽ എല്ലാ പുരാതനാലയങ്ങൾക്കും വലിയ സുരക്ഷാപരിശോധനയുണ്ട്. ഇലക്​ട്രോണിക് മെഷീനിൽ സ്‌കാനിങ് നടത്താതെ ഒന്നും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തോക്കേന്തിയ സെക്യൂരിറ്റി ഗാർഡുകൾ എല്ലായിടങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്.

മരണപുസ്തകത്തിൽ എഴുതിവെച്ച കല്പനകൾ പലതും ചുവർചിത്രങ്ങളിൽ ദൃശ്യമായി. നിശിതമായ നിയമങ്ങൾ പാലിക്കപ്പെട്ടവയാണ് അവിടുത്തെ ചുമർകൊത്തുപണികൾ. നിറം, വലിപ്പം, അളവ്, എല്ലായിടത്തും ഒരുപോലെയുള്ള രൂപങ്ങൾ, അലങ്കാരങ്ങൾ, മോട്ടിഫുകൾ, തനിയാവർത്തനങ്ങൾ... ദൈവങ്ങളെ പ്രീതിപ്പെടുത്താൻ രാജാവ് കാണിക്കവച്ച സാധനങ്ങൾ, അവിടെ നിലനിന്നിരുന്ന ദൈവികമായ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ, വിളവെടുപ്പുകൾ, യുദ്ധങ്ങളിലെ ജയം എന്നിങ്ങനെയുള്ള അറിയിപ്പുകൾ, നിയമാവലികൾ ഒക്കെയാണ് അവിടുത്തെ കൊത്തുപണികൾ. തന്റെ ഭാവനയ്ക്കനുസരിച്ച് തനതുശൈലിയിൽ രൂപങ്ങൾ വരയ്ക്കാനോ, വ്യത്യസ്ത ചിത്രങ്ങൾ വരയ്ക്കാനോ, മാറ്റിവരയ്ക്കാനോ അന്നത്തെ പേരില്ലാത്ത കലാകാരന്മാർക്ക് അനുവാദമുണ്ടായിരുന്നില്ല. തടിച്ചതോ കുറുതായതോ വയസ്സായതോ ആയ വ്യത്യസ്ത രൂപങ്ങൾ എങ്ങുമേ കാണാനില്ല. കുട്ടികളെ കാണാനില്ല. ചെറിയ തോർത്തുമുണ്ട് പോലെയുള്ള ശീലയുടുത്ത്​ ബലിഷ്​ഠമായ ഒതുങ്ങിയ വയറുള്ള ആൺരൂപങ്ങൾ. നീട്ടി വരച്ച അവരുടെ മെലിഞ്ഞ കൈകൾ. കാലുകൾ ഒന്നിനുപിറകിലൊന്നായി നടക്കുന്ന പോലെയാണ് കാണാനാവുക.

കോംഒമ്പു അമ്പലം

നീളമുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീരൂപങ്ങൾ. നേരെ വരച്ച ഉടലിൽ ചെരിഞ്ഞുനിൽക്കുന്ന തലയും മുലയും വരച്ചുചേർത്തുവെച്ചിരിക്കുന്നു. നീളത്തിൽ വരച്ച മുലകളുടെ അഴകില്ലായ്മ കാഴ്ചയിൽ മുഴച്ചുനിൽക്കും. കേവല സ്ത്രൈണതയുടെ വികൃത അടയാളങ്ങൾ പോലെ കൈകൾക്കുപുറത്തേക്ക് വൈരൂപ്യമായവ തുറിച്ചുനിന്നു. അഴകാർന്ന ഉടലോ സ്ത്രീപുരുഷ ബന്ധങ്ങളോ അടയാളപ്പെടുത്തുന്ന ഒന്നുമേ അവിടെ ദൃശ്യമായിരുന്നില്ല. അവർ ദൈവഭയത്തിലും ചിട്ടവട്ടങ്ങളിലും ആചാരങ്ങളിലും ഉപചാരങ്ങളിലും മാത്രം ശ്രദ്ധചെലുത്തി ജീവിച്ചുപോന്നിരിക്കുമോ? വിളവ് എന്നുമാത്രം സ്വപ്നം കണ്ട കർഷകരോ? മരണാനന്തരജീവിതത്തിലും വലിയ നെൽപ്പാടങ്ങളാണ് അവർ കൊതിച്ചിരുന്നതല്ലോ. ഒരുപക്ഷേ മനോഹരികളായ ഹൂറിമാരെ അവർ സ്വപ്നം കണ്ടിരിക്കില്ല. ആദ്യത്തെ ഈജിപ്ഷ്യൻ ദൈവം ആറ്റം സ്വയംഭോഗം ചെയ്തിട്ടാണ് സന്തതികളെ ഉണ്ടാക്കിയത് എന്നാണ് ഈജിപ്റ്റുകാരുടെ വിശ്വാസം. അന്ന് "സ്ത്രീധർമം' നിർവഹിച്ചത് ദൈവത്തിന്റെ കൈകൾ ആയിരുന്നു എന്നതുകൊണ്ട് സ്ത്രീകളെ പല കാലങ്ങളിൽ ദൈവത്തിന്റെ കൈകൾ എന്ന് വിളിച്ചിരുന്നു. സ്ത്രീകൾ കേവലം പേറുവണ്ടികൾ എന്ന കാഴ്ചപ്പാട്, സ്ത്രീശരീരങ്ങളുടെ വസ്തുവത്കരണം എല്ലാം ആദിമകാലങ്ങൾ മുതൽക്കേ ഉണ്ടായിരുന്നു. മൃഗയുടൽ കൊണ്ട അസമത്വമാണ് സ്ത്രീകൾ അനുഭവിക്കുന്നത്. ജൈവപരമായ അസമത്വം, ജന്മം കൊണ്ട് അനുഭവിക്കുന്ന അസമത്വം.

ആദ്യത്തെ ഈജിപ്ഷ്യൻ ദൈവം ആറ്റം സ്വയംഭോഗം ചെയ്തിട്ടാണ് സന്തതികളെ ഉണ്ടാക്കിയത് എന്നാണ് ഈജിപ്റ്റുകാരുടെ വിശ്വാസം. അന്ന് "സ്ത്രീധർമം' നിർവഹിച്ചത് ദൈവത്തിന്റെ കൈകൾ ആയിരുന്നു എന്നതുകൊണ്ട് സ്ത്രീകളെ പല കാലങ്ങളിൽ ദൈവത്തിന്റെ കൈകൾ എന്ന് വിളിച്ചിരുന്നു.

നദിയിലെ കച്ചവടങ്ങൾ

സന്ധ്യ കഴിഞ്ഞ് ഞങ്ങൾ എസ്‌നയിൽ എത്തി. ഹലോ എന്ന അലർച്ചയോടെ ഒരു ചെറിയ ബോട്ട് ഞങ്ങളുടെ കപ്പലിനുനേരെ കുതിക്കുന്നു. ടുർ... ടുർ എന്ന ശബ്ദത്തിൽ ബോട്ടും ഒച്ച ഉണ്ടാക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ കപ്പലിൽ നിന്ന്​ ഞങ്ങളെല്ലാവരും താഴേക്ക് നോക്കിനിൽക്കുന്നു. ബോട്ട് കപ്പലിന്റെ ഏറെ അടുത്തേക്ക് കുതിച്ചുപായുന്നു. രണ്ടു ചെറുപ്പക്കാർ സൊമാലിയൻ കൊള്ളക്കാരെ പോലെ ബോട്ടിന്റെ മുൻവശത്തും പിൻവശത്തുമായി എഴുന്നേറ്റുനിന്നു. ഒരുത്തൻ ഒരു വലിയ കയർ ആയത്തിൽ കപ്പലിലേക്ക് എറിയുന്നു. കപ്പലിൽ കുടുക്കിവലിച്ച്​ ബോട്ട് ചേർത്തുകെട്ടുന്നു. ബോട്ടപ്പോൾ കപ്പലിന്റെ കൂടെ നീങ്ങിത്തുടങ്ങി. രണ്ടാമൻ താഴെയുള്ള പെട്ടിയിൽ നിന്ന്​ എന്തോ വലിച്ചെടുത്തു. രണ്ടുപേരും ഒരു പുതപ്പ് രണ്ടു കൈകളും ഉപയോഗിച്ച് വലിച്ചുപിടിച്ച് മുകളിൽ നിൽക്കുന്ന ഞങ്ങളെ കാണിച്ചു. വെള്ള കോട്ടൻ ഷീറ്റുകളിൽ നിറയെ പുരാതന ഈജിപ്ഷ്യൻ ചിത്രങ്ങൾ. എല്ലാവരും ആ പ്രകടനം കണ്ട് കൈയടിച്ചുപോയി. സിനിമാ സ്‌റ്റൈലിലുള്ള ലാൻഡിങ്ങും പൊസിഷനിങ്ങുമൊക്കെ ഗംഭീരമായിരുന്നു.

ആ ചെറുക്കന്മാർ കച്ചവടക്കാരാണ്. പൊടിക്കൈ എന്ന് വിശേഷിപ്പിക്കാൻ പാടുള്ളതല്ല, എങ്കിലും ഇത്തരം പൊടിക്കൈകൾ കാണിച്ചാണ് അവർ സഞ്ചാരികളെ ആകൃഷ്ടരാക്കുന്നത്. തുടർന്ന് മൂന്നുനില ഉയരത്തിലേക്ക് അവരാ പുതപ്പുകൾ വലിച്ചെറിയുന്നു. അത് നദിയിൽ വീണുപോകുമോ എന്ന് നെഞ്ച് പടപടാ ഇടിക്കവേ പറന്ന്​ അത്​ നമ്മുടെ അടുത്തെത്തും. കൂടെ അവരുടെ ഹലോ ഹലോ എന്ന ബഹളവും... അത് തിരികെയെറിയാൻ ഭയന്ന് നമ്മൾ അങ്കലാപ്പിലാകും. വാങ്ങാനും വയ്യ, തിരിച്ചേൽപ്പിക്കാനും വയ്യ എന്ന സ്ഥിതിയിലകപ്പെടും. അതാണ് അവരുടെ കച്ചവടതന്ത്രം. നമ്മളത് എടുത്തുകൊണ്ടുപോകുമോ എന്ന ഭയമേതുമേ അവർക്കില്ല... ചെറുബോട്ടിലെ കൈവിട്ടുള്ള പ്രകടനങ്ങൾ കണ്ടാൽ അവർ ഇരുട്ടിൽ നദിയുടെ ആഴങ്ങളിലേക്ക് വീണുപോയിടുമോ എന്ന ഭയപ്പാടുണ്ടാവും. നമ്മൾ ഇന്ത്യക്കാരാണ് എന്ന് മനസ്സിലാക്കിയ ഉടൻ അവിടുത്തെ കച്ചവടക്കാർ ഹിന്ദിയിൽ ഓരോ വളിപ്പുകൾ ആരംഭിക്കുകയായി.

എസ്ന ലോക്ക്

ലക്‌സൂറിനും അസ്വാനുമിടയിൽ എസ്​ന എന്ന സ്ഥലത്ത് നൈലിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിന്​ ഒരു നീളൻ കെട്ടുണ്ട്. ആ കെട്ടിന്റെ ഒരു വശത്തുള്ള ഉയരമല്ല മറുവശത്ത്. അതുകൊണ്ടുതന്നെ കപ്പലിന് താഴ്ചയിൽ നിന്ന്​ ഉയരത്തിലേക്ക് കടന്നുപോകേണ്ടതുണ്ട്. നൈൽ ക്രൂയിസിന്റെ ഇടയിൽ കാണുന്ന അതിശയകരമായ കാഴ്ചയാണ് ഈ കപ്പൽ കയറ്റം. നിറയെ കപ്പലുകൾ ഈ ലോക്ക് കടക്കാൻ നിരന്നുനിൽക്കുന്നു. പോം എന്ന വലിയ ശബ്ദത്തിൽ പതുക്കെയൊരു കപ്പൽ ലോക്കിനുള്ളിൽ കയറുന്നത് ദൂരെ നിന്നുതന്നെ ഞങ്ങൾ കാണുന്നുണ്ട്. കപ്പലുകൾ ലോക്ക് കടക്കാൻ 10 മിനിറ്റോളം എടുക്കുന്നുണ്ട്. 30 മീറ്ററോളം നീളമുള്ള ദീർഘചതുര കെട്ടുകളിൽ രണ്ട് കവാടങ്ങളുണ്ട്. ഓരോന്നിനും രണ്ടുവീതം ഗേറ്റുകൾ. ലുക്‌സൂറിൽ നിന്നുവരുന്ന രണ്ടു കപ്പലുകൾ ഒരേസമയം ഈ ലോക്കിനുള്ളിൽ പ്രവേശിക്കുന്നു. തുടർന്ന് നാല് ഗേറ്റുകളും അടയ്ക്കും. അവിടെയുള്ള കൺട്രോൾ റൂമുളാണ് ലോക്കിലേക്കുള്ള വെള്ളം നിയന്ത്രിക്കുന്നത്. വെള്ളം അടിച്ചുകയറ്റുംതോറും കപ്പൽ ഉയർന്നുപൊങ്ങുന്നു. മറുവശത്തുള്ള വെള്ളത്തിനൊപ്പം എത്തിയാൽ അസ്വാൻ ഭാഗത്തേക്കുള്ള രണ്ടു വാതിലുകൾ തുറന്നുകിട്ടും. രണ്ടു കപ്പലുകളും പുറത്തേക്ക് ഒരുമിച്ച് നീങ്ങുകയായി. രാത്രി ഈ കാഴ്ച കാണാൻ ആ കപ്പലിലെ എല്ലാവരും മുകളിൽവന്ന് കൂട്ടമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.

സംഭവ്യമല്ല എന്നുകരുതിയിട്ടും മനുഷ്യർ നൈലിനെ പിടിച്ചുകെട്ടി. അസ്വാനിലെ വലിയ ഡാം എന്ന അത്ഭുതം, നാസർ തടാകം എന്ന ലോകത്തിലെ തന്നെ വലിയ മനുഷ്യനിർമിത തടാകം, ഡാം കെട്ടിയാൽ പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്ന, എന്നാൽ അതേപടി മാറ്റിസ്ഥാപിക്കപ്പെട്ട രണ്ട് വലിയ അമ്പലങ്ങൾ.

ഉച്ചകളിൽ ചൂടു തോന്നിയതുകൊണ്ട് ഏറെനേരം ഞങ്ങൾ മുറിയിൽ തന്നെ ചെലവഴിച്ചു. അവിടെനിന്ന് നൈൽതീരത്തെ പുൽമേടുകൾ കാണാം. മുത്തു പെറുക്കിയിട്ടപോലെ പെരുന്നാൾ ദിവസം വെള്ള വസ്ത്രങ്ങൾ ധരിച്ച മനുഷ്യർ തീരത്ത് നിറയെ ചിതറിക്കിടക്കുന്നു. ചെറുതോണികളിലും ബോട്ടുകളിലും ആളുകൾ സൊറ പറഞ്ഞിരിക്കുന്നു. തീരത്തെ പുൽക്കെട്ടുകളിൽ കുട്ടികൾ ഓടിക്കളിക്കുന്നു. ഞങ്ങൾ നോക്കിനിൽക്കെ കുറച്ചകലെ മലയുടെ അടിവാരത്ത് നീളത്തിൽ എന്തോ നീങ്ങുന്നുണ്ടായിരുന്നു. എന്തെന്ന് മനസ്സിലാവാതെ മലയുടെ തന്നെ കല്ലുകൾ നീങ്ങുന്നതുപോലെ ഒരു തോന്നൽ എനിക്കുണ്ടായി. ഒരുപക്ഷേ ട്രെയിനായിരിക്കുമോ എന്ന് സൂക്ഷിച്ചുനോക്കി. മലയുടെ അടിയിൽ ഒരു ട്രെയിൻ പായും എന്ന് ഞങ്ങൾ ഒരിക്കലും ഓർത്തില്ല. കെയ്റോയിൽ നിന്ന് ലൂക്ക്‌സൂറിലേക്കും അസ്വാനിലേക്കുമുള്ള ട്രെയിൻ തന്നെയായിരുന്നു അത്.

ഉച്ചകളിൽ ചൂടു തോന്നിയതുകൊണ്ട് ഏറെനേരം ഞങ്ങൾ മുറിയിൽ തന്നെ ചെലവഴിച്ചു. അവിടെനിന്ന് നൈൽതീരത്തെ പുൽമേടുകൾ കാണാം.

ട്രെയിൻ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സമയക്കുറവുമൂലം അവിടുത്തെ ട്രെയിനിൽ ഒരു യാത്രപോകാൻ എനിക്ക് സാധിച്ചില്ല. കൊതിപ്പിക്കാനെന്നവണ്ണം മിന്നൽ പോലെ ഒരു ട്രെയിൻ കൺമുന്നിലൂടെ പാഞ്ഞുപോയി. നൈൽ നദിയുടെ പടിഞ്ഞാറുഭാഗത്ത് മലകളിൽ കൊത്തിയുണ്ടാക്കിയ ചെറിയ ജനാലകൾ, കിളിവാതിലുകൾ പോലെ ഓരോന്നും കാണാം. ഓരോ കാലങ്ങളിൽ മനുഷ്യർ വസിച്ചിരുന്ന ഇടങ്ങളായിരുന്നു അത്. ഇത്രയും കാലം കണ്ടെടുത്തതിനേക്കാളും വലിയ രഹസ്യങ്ങൾ ഒരു പക്ഷേ ഈ മലയ്ക്കുള്ളിൽ ആയിരിക്കില്ലെന്ന് ആരറിഞ്ഞു? അന്ന് പകൽ ഞങ്ങൾ കണ്ട കോംഒമ്പു അമ്പലം രണ്ടടി ഉയരത്തിൽ മണ്ണുമൂടി കിടക്കുകയായിരുന്നു. കണ്ടെടുക്കുന്നതിനുമുമ്പുവരെ അതിന്റെ ചുറ്റുവട്ടത്ത് നിറയെ ആൾതാമസമുണ്ടായിരുന്നു.

രണ്ടാം ദിവസം രാത്രി ഞങ്ങൾ അസ്വാനിൽ എത്തി. നൈലിലൂടെയുള്ള യാത്ര അവിടെ അവസാനിക്കുന്നു. നഗരം അതിമനോഹരമായ രാത്രി കാഴ്ചകളൊരുക്കി. ചുറ്റുമുള്ള മലകളും അമ്പലങ്ങളും എല്ലാം പലനിറത്തിലുള്ള ലൈറ്റുകൾ കൊണ്ട് ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. വലിയ നഗരമായിരുന്നു അസ്വാൻ. അവിടെയെങ്ങും കപ്പലുകൾ നിർത്തിയിട്ടിരിക്കുന്നു. നൈൽ നിയന്ത്രിച്ച ജീവിതങ്ങൾ എന്ന കഥകളിൽ നിന്ന് നൈലിനെ നിയന്ത്രിച്ച ജീവിതങ്ങൾ എന്ന കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്. സംഭവ്യമല്ല എന്നുകരുതിയിട്ടും മനുഷ്യർ നൈലിനെ പിടിച്ചുകെട്ടി. അസ്വാനിലെ വലിയ ഡാം എന്ന അത്ഭുതം, നാസർ തടാകം എന്ന ലോകത്തിലെ തന്നെ വലിയ മനുഷ്യനിർമിത തടാകം, ഡാം കെട്ടിയാൽ പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്ന, എന്നാൽ അതേപടി മാറ്റിസ്ഥാപിക്കപ്പെട്ട രണ്ട് വലിയ അമ്പലങ്ങൾ... നാസർ തടാകത്തിൽ കുടുങ്ങിയ ചീങ്കണ്ണികളെപ്പോലെ വരുംദിവസത്തെ കാഴ്ചകളിൽ ഞങ്ങൾ കുടുങ്ങിപ്പോയി.

ചില്ലുകണ്ണാടിമുറിയിലെ തണുപ്പിനുള്ളിൽ അവസാനത്തെ കപ്പൽരാത്രിയിൽ ഞങ്ങൾ പുതച്ചുറങ്ങി... ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments