കാഫ്രെ മുഖനായ്
സ്​ഫിങ്ക്​സ്​

അടിമകളെ കൊണ്ടല്ല പിരമിഡ് പണിയിപ്പിച്ചത് എന്ന് പറയാനാണ് ആ ആ നാട്ടുകാർക്ക് ഏറെ ഇഷ്ടം. എം.ആർ.ഐ ചിത്രങ്ങളുപയോഗിച്ച് മമ്മികൾ വിശദപഠനത്തിന് വിധേയമാക്കുന്നു. മനുഷ്യർ ചോദ്യങ്ങളുമായി പുരാവസ്തുക്കൾക്കു ചുറ്റും കറങ്ങുന്നു.

നഷ്ടരാഗം വീണ്ടെടുത്ത എഴുത്തുകൾ

ന്തതസഹചാരിയായ ഒരു പാട്ട് എന്റെ കൂടെയെപ്പോഴും ഉണ്ടാവും.
ഓരോ പ്രദേശങ്ങൾ, നേരങ്ങൾ തോന്നലുകൾ, വിചാരങ്ങൾ, ചില മണങ്ങൾ വ്യക്തികൾ, ചില ഭയാശങ്കകൾ, മോഹങ്ങൾ എല്ലാറ്റിനെയും മസ്തിഷ്‌കത്തിൽ, ഓർമയുടെ മൂടുപടത്തിൽ ബന്ധിപ്പിക്കുന്ന സംഗീതം. നന്നായി പാടിയിട്ടോ അറിഞ്ഞിട്ടോ അഭ്യസിച്ചിട്ടോ അല്ല, എപ്പോഴും എന്തെങ്കിലും പാടിക്കൊണ്ടേയിരിക്കുമെന്നാണ്. ഓഫീസിൽ ഞെരിഞ്ഞുപണിയെടുക്കുമ്പോൾ പോലും ഞാൻ പാട്ടുപാടിക്കൊണ്ടിരിക്കും. പാട്ട് അന്തരാത്മാവും ജീവിതവും ജീവനുമാണ് ഞങ്ങൾക്ക്. അച്ഛൻ സംഗീതം തൊഴിലാക്കിയാണ് ഞങ്ങളെ വളർത്തി വലുതാക്കിയത്. അച്ഛനും അമ്മയും മൂന്നു കുട്ടികളുമുള്ള കുടുംബത്തെ പോറ്റി വളർത്തിയ സംഗീതത്തിനോടുള്ള ആദരവ്. അതാണ് നാവിൻ തുമ്പത്ത് സദാ തത്തി കളിക്കുന്നത്. ഞാൻ എന്ന സ്വത്വത്തെ തേടാനുള്ള വഴി. ഞങ്ങൾ കാൽപ്പനികമായി കൂടെ കൂട്ടിയതല്ല, പലപ്പോഴും ശകലമായും വികലമായും ജീവിതത്തിൽ പൊറ്റപിടിച്ചുനിൽക്കുന്നതാണ്. അച്ഛനെന്ന, അമ്മയെന്ന, ഞാനെന്ന, എന്റേതെന്ന മോഹമാണ് പാട്ട്.

ഈജിപ്​ത്​ എന്ന മായികഭൂമികയെ അതുവരെ പരിചയിച്ച ഒരു താളം കൊണ്ട് എനിക്ക് അടയാളപ്പെടുത്താനാവില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഈ എഴുതുന്ന വരികളിലൂടെ ഈജിപ്​തിനെ ഞാൻ പതിയെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നൊരു ആത്മവിശ്വാസം ഉടലെടുക്കുന്നു.

എന്താണെന്നറിയില്ല ഈജിപ്തിൽ കഴിഞ്ഞ അഞ്ചുദിവസവും, ഒറ്റപ്പാട്ടുപോലും മനസ്സിൽ വന്നെത്തിനോക്കിയില്ല. ഈജിപ്തിന്റെ പിടപ്പ് ഉള്ളാലറിയാനായി ഒരു സംഗീതശകലം പോലും എന്റെ നാവിലുണ്ടായിരുന്നില്ല. ഈ മഹാരാജ്യത്തിന്റെ പൈതൃകവും, നൈൽ മഹാനദിയുടെ നൂറ്റാണ്ടുകളുടെ പ്രതാപകാലവും എന്നെ ശരിക്കും സ്തബ്ധയാക്കിയിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഈരടികൾ പോലും എന്റെ നാവിൽ നിന്നുമൂറുന്നില്ലല്ലോയെന്ന് ഞാൻ അവസാനത്തെ ദിവസം തിരിച്ചറിഞ്ഞു. ജ്ഞാനം ശുഷ്‌കമെന്നറിയണമെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞു. അത് ശരിയായിരിക്കാം എന്നെനിക്ക് തോന്നി. ഈജിപ്​ത്​ എന്ന മായികഭൂമികയെ അതുവരെ പരിചയിച്ച ഒരു താളം കൊണ്ട് എനിക്ക് അടയാളപ്പെടുത്താനാവില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഈ എഴുതുന്ന വരികളിലൂടെ ഈജിപ്​തിനെ ഞാൻ പതിയെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നൊരു ആത്മവിശ്വാസം ഉടലെടുക്കുന്നു.

മീന

പിറ്റേദിവസത്തെ ഞങ്ങളുടെ ടൂറിസ്റ്റ് മീന ആണെന്ന് സുൽത്താൻ അറിയിച്ചു. അനീഷ് ഉറക്കമുണർന്നത് മുതൽ മീനയെ തേടിക്കൊണ്ടേയിരുന്നു.

‘വേർ ഈസ് മീന, ലെറ്റസ് മീറ്റ് ഹെർ, വെൻ വിൽ ഷീ കം' എന്നുചോദിച്ച്​ ഹോട്ടൽ റിസപ്ഷനിൽ പാഞ്ഞുനടന്നു.

അമ്മു വള്ളിക്കാട്ടും അനീഷും

പ്രഭാതഭക്ഷണം കഴിക്കാൻ പോയപ്പോൾ ഞങ്ങൾ ഒരു ജോർദാനിയെ കണ്ടു. ഏകനായ സഞ്ചാരിയായിരുന്നു അയാൾ. രണ്ടാമത്തെ വരവാണ് ഈജിപ്തിലേക്ക്. ഞങ്ങൾ പരിചയപ്പെട്ട് സംസാരത്തിലേക്ക് കടന്നു. ഞാൻ ഇവളുടെ കൂട്ടത്തിലേയില്ല എന്നകണക്കെ അനീഷ് ആ സംസാരമവഗണിച്ച് ഞങ്ങൾക്കു മുന്നേ ലിഫ്റ്റിൽ കയറിപ്പോയി. തൊലിച്ചുകഴിഞ്ഞോ എന്നവൻ ചോദിക്കും പോലൊരു തോന്നലിൽ, ഇപ്പോൾ ആ കേറിപ്പോയവനെ ഞാൻ എന്റെ ജീവിതത്തിൽ മുൻപ് കണ്ടിട്ടേയില്ല എന്ന മട്ടിൽ എന്റെ പല്ലുകൾ ഇളിച്ചുനിന്നു, ഞങ്ങൾ സംസാരം തുടർന്നു. ഒലീവ്കാലങ്ങളെ പറ്റി ലിഫ്റ്റിലെ ഇത്തിരിയിറക്കത്തിൽ ഒത്തിരി സംസാരിച്ചുകൂട്ടി. പ്രാതലിന് പലവിധ ഭക്ഷണങ്ങൾക്കൊപ്പം നമ്മുടെ ഉപ്പുമാവ് പോലെയെന്തോ ഒന്ന് ബലമുള്ള ഗോതമ്പുതരികൊണ്ട് ഉണ്ടാക്കിയെടുത്തത്, ഞാൻ കഴിച്ചു. ചെറിയ ഒലീവ് കായയുടെ ചവർപ്പ് ഞാൻ ജോർദാൻകാരനെ നോക്കിയിറക്കി.

കെയ്​റോ എയർപോർട്ടിൽ വച്ച് എന്റെ പാൻറ്​ മുഴുവൻ നനഞ്ഞത്, ഒരു വലിയ ഒരു കോട്ടെടുത്ത് അരക്കെട്ടിൽ സ്‌റ്റൈലിൽ ചുറ്റിക്കെട്ടിയാണ് ഞാൻ മറച്ചുനടന്നത്. അല്ലെങ്കിൽ അറിയാതെ മൂത്രം പോയതാണെന്നുമാത്രമേ ഏതൊരാളും ധരിക്കുകയുള്ളൂ.

അന്നുരാവിലെ നാലുദിവസമായി മനസ്സിൽ കൊണ്ടുനടക്കുന്ന നിഗൂഢ രഹസ്യം അനീഷിനോട് വെളിപ്പെടുത്താമെന്നുറപ്പിച്ചു. ഈജിപ്തിൽ പല ടോയ്​ലറ്റുകളിലും പേപ്പറോ, വെള്ളമടിക്കാനുള്ള സംവിധാനമോ, കോപ്പയോ കാണാനില്ലായിരുന്നു. മുറിയുടെ നടുവിൽ നഖം കടിച്ചു നിന്ന്, ഇതെന്താണ് ഇവർ ഉദ്ദേശിക്കുന്നത് എന്നറിയാതെ അങ്കലാപ്പിൽ നിന്നുപോയി ഞാൻ ആദ്യത്തെ ദിവസം തന്നെ അലക്‌സാൻഡ്രിയയിൽ. ഓരോന്നും വലിച്ചും പിടിച്ചും നോക്കി എവിടെയും ഒരു രക്ഷയുമില്ല. അവിടെയുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ചപ്പോഴാണ് കൊമോഡിന്റെ വശത്തായുള്ള ഒരു ചെറിയ പിടിയെ കുറിച്ചറിഞ്ഞത്. അത് തിരിച്ചാൽ ഇരിക്കുന്നതിന്റെ പിറകിൽ നിന്ന് മൂട്ടിലേക്ക് വെള്ളം തെറിക്കും. തൂതകാമുൻ കല്ലറ കണ്ടെടുത്ത കാർട്ടറെ പോലെ ഞാനീ കണ്ടെത്തലിൽ അഭിമാനം കൊണ്ടു. 30 ഡിഗ്രിയോ 40 ഡിഗ്രിയോ 90 ഡിഗ്രിയോ ചെരുവിൽ അടിക്കുന്ന ഈ വെള്ളത്തിനൊപ്പിച്ച് ചന്തി പിടിക്കുന്നതൊക്കെ മറ്റൊരു സാഹസിക കലാപരിപാടിയാണ്. കെയ്​റോ എയർപോർട്ടിൽ വച്ച് എന്റെ പാൻറ്​ മുഴുവൻ നനഞ്ഞത്, ഒരു വലിയ ഒരു കോട്ടെടുത്ത് അരക്കെട്ടിൽ സ്‌റ്റൈലിൽ ചുറ്റിക്കെട്ടിയാണ് ഞാൻ മറച്ചുനടന്നത്. അല്ലെങ്കിൽ അറിയാതെ മൂത്രം പോയതാണെന്നുമാത്രമേ ഏതൊരാളും ധരിക്കുകയുള്ളൂ. കഴിഞ്ഞ നാലു ദിവസവും അതിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞുകൊടുക്കാതെ കപ്പും മുറികുപ്പിയും കൊണ്ട് അനീഷ് കഷ്ടപ്പെടുന്നത് ഞാൻ നോക്കിയിരുന്നു ചിരിച്ചു. അഞ്ചാം നാൾ വൻരഹസ്യം അറിഞ്ഞതും സ്വതസിദ്ധമായ പുച്ഛത്തോടെ ഒന്നും പറയാതെ ചുണ്ട് കൂട്ടിയവൻ തിരിഞ്ഞുനടന്നു. എന്തായാലും ലൈറ്റ് ലഗേജ് എന്ന തൊലിഞ്ഞ പരീക്ഷണത്തിനൊടുവിൽ അവന്റെ കുപ്പായവും കട്ട് എടുത്തിട്ട് ഞാൻ പുറത്തിറങ്ങി.

രാവിലെ 9 മണിയോടെ മീനയെയും കൊണ്ട് ഡ്രൈവർ അഹമ്മദ് വന്നിറങ്ങി. നീണ്ട മൂക്കുള്ള ഈജിപ്ഷ്യൻ സുന്ദരിയെ പ്രതീക്ഷിച്ചു കൊണ്ടുള്ള അനീഷിന്റെ ഉത്സാഹം സിനിമയിലെ ശ്രീനിവാസനെ പോലെ പാരമ്യത്തിലായി. നീണ്ടുമെലിഞ്ഞൊരു ചെറുപ്പക്കാരൻ കാറിൽ നിന്നിറങ്ങി വന്ന് സ്വയം പരിചയപ്പെടുത്തി.

‘ഐ ആം മീന, യുവർ ഗൈഡ് ഫോർ ദ ഡേ'

മര്യാദയുടെ എല്ലാ സീമുകളും ലംഘിച്ച് ഞാൻ വയറുളുക്കി ചിരിച്ചു.
‘ആർ യു മീനാ, ഐവ മീന'
എന്നു ഞാനുറക്കെ വിളിച്ചു. എന്തോ പന്തികേട് മണത്ത അഹമ്മദ് ഞങ്ങളെ മാറി മാറി നോക്കി കാറിൽ കയറിയിട്ടും ഞാൻ വിട്ടില്ല.
‘ഹലോ മീനാ, ഹൗ ആർ യു മീനാ, ഓൾ ഓക്കേ മീന... ' എന്ന് വിളിച്ചു പറഞ്ഞു രസമുണ്ടാക്കിക്കൊണ്ടിരുന്നു.

‘മീനാ യു നോ, വീവെർ റീയ്‌ലി വെയ്റ്റിംഗ് ഫോയു.'

‘ഐ നോ വൈ യു ആർ ലാഫിങ്' എന്ന് മീനയും ചിരിച്ചു.

ഈജിപ്തിൽ ക്രിസ്ത്യൻ ആണുങ്ങൾക്ക് സാധാരണയായി ഇടാറുള്ള പേരാണ് മീന എന്ന് ഞങ്ങളോടും, ഇന്ത്യയിൽ അത് സ്ത്രീകളുടെ പേരാണെന്നും, ഒരുപക്ഷേ ഞങ്ങൾ ഒരു സ്ത്രീയെ ആയിരിക്കും പ്രതീക്ഷിച്ചിരിക്കുക എന്ന് അഹമ്മദിനോടും മീന പറഞ്ഞു.

ഞങ്ങൾ ആ യാത്രയിൽ കണ്ട ശാന്തനും മിതഭാഷയും വിവേകിയുമായ ചെറുപ്പക്കാരനായിരുന്നു മീന. നല്ല അറിവും ഇംഗ്ലീഷിൽ നല്ല തെളിഞ്ഞ ഗ്രാഹ്യവും മീനക്കുണ്ടായിരുന്നു. അതുവരെ കൂട്ടിവെച്ചിരുന്ന പല സംശയങ്ങളും നിവർത്തിച്ചു തരാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ. നിർത്താതെ പലതും ഞങ്ങൾ യാത്രയിൽ ചോദിച്ചുകൊണ്ടേയിരുന്നു. അനീഷിനെ സംബന്ധിച്ച് ലോകത്തിലെ ഏതു മൂലയിലായിക്കൊള്ളട്ടെ, ആ പ്രദേശത്തെ സാമ്പത്തിക സൂചിക അവനളക്കുന്നത് കോഴിയുടെ വിലയിലാണ്. അതുകഴിഞ്ഞേ പെട്രോളിന്റെ പൈസ പോലും അവൻ ചോദിക്കുകയുള്ളൂ.

‘വാട്ട് ഈസ് ദ പ്രൈസ് ഓഫ് ഓഫ് എ കിലോ ചിക്കൻ?'

‘നിനക്ക് പിന്നെ അരി ഒന്നും തിന്നണ്ടല്ലോ?' എന്ന് ഞാൻ പറഞ്ഞപ്പോൾ,
‘അണക്കിന്ന് ചായ കിട്ടീല്ലേ' എന്നവൻ തിരിച്ചുമടിച്ചു.

താമരപരിമളക്കാലം

ഗിസ്സയിലേക്ക് പോകുന്ന വഴിയിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉണ്ടാക്കി വിൽക്കുന്ന ഗോൾഡൻ ഈഗിൾ എന്ന ഷോപ്പിൽ മീന ഞങ്ങളെ ഇറക്കിവിട്ടു. പത്തിരുന്നൂറോളം വരുന്ന വലിയ കുപ്പികളിൽ നിറഞ്ഞുനിൽക്കുന്ന പരിമളം. പലതും വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്തത് എന്നവർ അറിയിച്ചു. എല്ലാറ്റിനും കൂടിയ വിലയുമായിരുന്നു. അതിലും മെച്ചപ്പെട്ട പല സുഗന്ധതൈലങ്ങളും അവിടെയുണ്ടായിരുന്നുവെങ്കിലും, ഞാൻ താമരതൈലം തന്നെയെടുത്തു. അതിന് ഈജിപ്​തിന്റെ ഗന്ധമുണ്ടായിരുന്നു. വിമാനമിറങ്ങിയത് മുതൽ ഈ സുഗന്ധമായിരുന്നു ഞങ്ങളെ പിന്തുടരുന്നതെന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. അവിടുത്തെ സർവ്വസാധാരണമായ ഗന്ധം. ഈജിപ്ഷ്യൻ ദേശീയ പുഷ്പമാണ് താമര. ചുവർചിത്രങ്ങളിലും കൽക്കൊത്തുകളിലും നിറയെ ദൃശ്യമാകുന്ന സ്ത്രീകളേന്തി നിൽക്കുന്ന തണ്ടുലഞ്ഞ താമര. സംഗീതം കൊണ്ടുണരാത്ത ഇന്ദ്രിയങ്ങളന്നേരം വന്യഗന്ധർവ്വഗന്ധമറിഞ്ഞു. ഇനിയെനിക്ക് താമരയെന്നാൽ ഈജിപ്ത് എന്ന രാജ്യത്തിൽ കഴിഞ്ഞ അഞ്ചു നാളുകളാണ്. കാലത്തെ അടയാളപ്പെടുത്താൻ അവാച്യമായ അതിതീക്ഷ്ണമായ ഒന്നുണ്ടെങ്കിലത് ഗന്ധമാണ്. അച്ഛന്റെ ചാരുകസേരയുടെ എണ്ണ മണം, അമ്മയുടെ പപ്പടം മണം, അനീഷിന്റെ മഞ്ചുമണം, ചേച്ചിയുടെ സ്‌ട്രോബറിമണം, കുട്ടികളുടെ തലമണം, ഒമാനിന്റെ ഊദ് മണം, ട്രെയിനിന്റെ ഇരുമ്പു മണം, കുളത്തിന്റെ ഉളുമ്പു മണം. മണങ്ങൾ എഴുതിവയ്ക്കാത്ത കവിതയാണ്. ശബ്ദമില്ലാത്ത സംഗീതവും.

പാപ്പിറസ്സ് പേപ്പറത്തം

അതുകഴിഞ്ഞ് പാപ്പിറസ്സിൽ ചിത്രങ്ങൾ വരച്ചുനൽകുന്ന ഒരു കടയിൽ ഞങ്ങൾ കയറി. അവിടെ അതിന്റെ നിർമാണം എങ്ങനെയാണെന്ന് ചെയ്തുകാട്ടി വിവരിക്കുന്നുണ്ടായിരുന്നു. പാപ്പിറസ് തണ്ട് വളരെ എളുപ്പം പേപ്പറാക്കി മാറ്റുന്നത് ഞങ്ങൾ നോക്കി കണ്ടു. അമ്മിക്കല്ലുകൊണ്ട് പരത്തിയെടുത്ത ത്രികോണത്തണ്ട് വലപോലെ നെയ്ത് വയ്ക്കുന്നു. ഈ താളുകൾ വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. വളരെ ഉറപ്പുള്ളതും കഴുകിയെടുക്കാൻ പറ്റുന്നതും എങ്ങനെ വേണമെങ്കിലും ചുരുട്ടാൻ പറ്റുന്നതുമാണ് ഈ താളുകൾ. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകളുടെ രഹസ്യങ്ങൾ പേറി നമ്മളിലേക്ക് പകർന്നത് ഈ താളുകളാണ്. ഫറവോ കാലത്തു മുതൽ ഈ താളുകളുടെ ഉപയോഗമുണ്ടായിരുന്നു.

പാപ്പിറസ് ചെടി

ആ കടയിൽ നിറയെ വെജിറ്റബിൾ ഡൈ കൊണ്ട് കൈകൊണ്ടുവരച്ചെടുത്ത മനോഹരമായ അനേകം ചിത്രങ്ങൾ കണ്ടു. നീണ്ട പച്ചപുൽത്തണ്ട്, അതിന്റെ അറ്റത്ത് വട്ടത്തിൽ തൂവൽ പോലെ തെറിച്ചു നിൽക്കുന്ന ഒരു പൂവ്, അതിന്റെ ആഗ്രത്ത് ചില കായും ഉണ്ട്, അതാണ് പാപ്പിറസ് ചെടി. നമ്മുടെ നാട്ടിലും ഇതുപോലെ ചില പുല്ലുകൾ നദിയുടെ കരയിലായി കാണാറുണ്ടല്ലോ എന്നെനിക്ക് തോന്നി. ലോവർ ഈജിപ്തിൽ നൈൽ ഡെൽറ്റയിലാണ് സാധാരണയായി പാപ്പിറസ് ചെടി തഴച്ചുവളരുന്നത്. താമരയാവട്ടെ അപ്പർ ഈജിപ്തിലും. അപ്പർ ഈജിപ്തിന്റെയും ലോവർ ഈജിപ്തിന്റെയും ഐക്യത്തെ സൂചിപ്പിക്കാൻ താമരയും, പാപ്പിറസ്സും ചേർത്തുവയ്ക്കുന്നു ഈജിപ്തുകാർ.

മനുഷ്യക്കൊതുകുകൾ

ദൂരെ നിന്ന്​ സ്പിങ്ക്‌സ് കാണാം. അതിന്റെ ഓരത്തുള്ള വഴികളിലൂടെ ഞങ്ങൾ വണ്ടിയിൽ നീങ്ങുന്നു. ഒരിടത്ത് നിർത്തി നല്ല ഫോട്ടോയെടുക്കാമെന്ന് മീന പറഞ്ഞു. എങ്ങും വഴിയോര കച്ചവടക്കാരാണ്.
‘മനുഷ്യക്കൊതുകുകൾ', മീന അവരെ വിശേഷിപ്പിച്ചു മുരണ്ടു.

ഞങ്ങൾ ആ യാത്രയിൽ കണ്ട ശാന്തനും മിതഭാഷയും വിവേകിയുമായ ചെറുപ്പക്കാരനായിരുന്നു മീന. നല്ല അറിവും ഇംഗ്ലീഷിൽ നല്ല തെളിഞ്ഞ ഗ്രാഹ്യവും മീനക്കുണ്ടായിരുന്നു. അതുവരെ കൂട്ടിവെച്ചിരുന്ന പല സംശയങ്ങളും നിവർത്തിച്ചു തരാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ.

‘അവരോട് യെസ് എന്നോ നോ എന്നോ പറയരുത്,' അവരെ അവഗണിച്ച് നടന്നുനേരെ പോകണമെന്ന് മീന നിർദേശിച്ചു. എനിക്ക് അതത്രയ്ക്ക് പഥ്യമുള്ളതല്ല. ഞാൻ വേണ്ട എന്ന്​ പറഞ്ഞു മനസ്സിലാക്കി വരുമ്പോഴേക്കും അവരുടെ വലയിൽപ്പെടാറാണ് പതിവ്. ഗതികെട്ട മനുഷ്യരെ ആ രീതിയിൽ പരിചയപ്പെടുത്തിയതോർത്ത് എനിക്ക് മീനയോട് ഈർഷ്യ തോന്നി. ടൂർ ഗൈഡും കച്ചവടക്കാരും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ നോക്കിലും വാക്കിലും ഉണ്ടായിരുന്നതായി പലപ്പോഴും അനുഭവപ്പെട്ടു. ഈ പരദേശികൾക്കുവേണ്ടി ഞങ്ങളുടെ കച്ചവടം നീ എന്തിനു മുടക്കുന്നു എന്ന ഭാവം കച്ചവടക്കാരനും എന്റെ അതിഥികളെ നീ എന്തിന് വേട്ടയാടുന്നു എന്ന ഭാവം ടൂർ ഗൈഡിനുമുണ്ടായിരുന്നു. പരസ്യമായി അവരുടെ മുന്നിൽവച്ച് അത് വാങ്ങിക്കേണ്ടതില്ല എന്ന് പറയാനുള്ള ധൈര്യം മീനക്കുണ്ടായിരുന്നില്ല അതുകൊണ്ടാണ് ഇറങ്ങുന്നതിനുമുമ്പ് തന്നെ നിർദേശങ്ങൾ തന്നത്. ഇടയ്ക്ക് വണ്ടി നിർത്തിയിട്ടതിന്റെ പേരിൽ മീനയും കച്ചവടക്കാർക്കുമിടയിൽ വലിയ വാഗ്വാദവും ഉണ്ടായി. മീന ശാന്തരൂപിയിൽ നിന്ന് ധാർഷ്ട്യക്കാരനായി വിറകൊണ്ടു. ടൂർ ഗൈഡുകൾ ബന്ധം സ്ഥാപിച്ച ചില കടകളിൽ കൊണ്ട് ചെന്ന് നിർത്തി സഞ്ചാരികളോട് അവിടെനിന്ന് സാധനം വാങ്ങിക്കാൻ നിർദ്ദേശിക്കും. അതാണ് കേമമെന്നും, മറ്റെല്ലാം പറ്റിപ്പാണെന്നും നമ്മളെ ധരിപ്പിക്കും.

photo: pexels.com

തെരുവിലെയും ചേരിയിലെയും മനുഷ്യർ ഏതൊരു രാജ്യത്തിനും അപമാനമോ എന്ന് ഞാൻ ഓർത്തുനിന്നു. പണ്ട് ജോർജിയയിൽ പോയപ്പോൾ നാടോടി കുട്ടികളെ പറ്റി ഗൈഡ് തമുന പറഞ്ഞത് ഓർമ വന്നു, ‘അവറ്റകൾ നിങ്ങളെ കെട്ടിപ്പിടിക്കുകയും, നീങ്ങാൻ സമ്മതിക്കാതെയിരിക്കുകയും ഒക്കെ ചെയ്യും, നിങ്ങൾ അവരെ നോക്കുക കൂടി ചെയ്യരുത്.'

നടവഴിയിൽ കെട്ടിപ്പിടിച്ച്, ഒരു കുട്ടി പാടിയപാട്ട് എന്നെ സംബന്ധിച്ച്​ അന്നേരം മനോഹരമായി തോന്നി. എന്നാൽ മറ്റു ചിലർക്ക് അതൊരു വലിയ ശല്യമാകുന്നതും ഞാൻ നോക്കിക്കണ്ടുനിന്നു. അവർ ഭിക്ഷക്കാരായിരുന്നില്ല. അവർക്ക് നമ്മുടെ കയ്യിൽ നിന്ന്​ ഒന്നും ആവശ്യമില്ല. അവർ നാടോടികളാണ്. അവർക്ക് പുനരധിവാസമോ കെട്ടുറപ്പുള്ള ജീവിതമോ ഒന്നും തന്നെ ആവശ്യമില്ല. ആ സ്വാതന്ത്ര്യമാണ് അവരുടെ സ്വർഗം.

കെട്ടുപിണഞ്ഞു കിടക്കുന്ന യാഥാർത്ഥ്യങ്ങളും, ഗൂഢരഹസ്യങ്ങളും പല രാജ്യത്തുനിന്നുമുള്ള ഗവേഷകർ പഠിച്ചുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യങ്ങൾ പലതും പല കാലങ്ങളിലായി വെളിവാകുന്നു.

സ്ഫിങ്ക്‌സ് രൂപി

മനുഷ്യത്തലയും സിംഹയുടലുമായി ഏകശിലയിൽ തീർത്ത പ്രസിദ്ധമായ ഗിസ്സ മരുഭൂമിയിലെ സ്പിങ്ക്‌സ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമകളിൽ ഒന്നാണ്. അതിന്റെ തൊട്ടടുത്തുതന്നെയാണ് ഗിസ്സയിലെ മഹത്തായ മൂന്നു വലിയ പിരമിഡുകൾ. അതിൽ രണ്ടാമത്തെ പിരമിഡ് പണിത കാഫ്രെ ഫറവൊ തന്നെയാണ് 2500 ബി.സിയിൽ ഈ പ്രതിമ പണികഴിപ്പിച്ചത്. അതുകൊണ്ടുതന്നെ ആ രൂപത്തിന് കാഫ്രയുടെ മുഖമായിരുന്നു. അവിടെയുള്ള പാറക്കെട്ടിൽ നേരിട്ടു കൊത്തിയെടുത്തതാണ് സ്പിങ്ക്‌സ്. ചുണ്ണാമ്പുകൽമലയുടെ അടരുകളിൽ പണിതുയർത്തിയ ഭീകരരൂപം. ഗിസ്സയിലെ മഹത്തായ മൂന്നുപിരമിഡുകൾക്കും കാവൽക്കാരനെന്നോണം അവൻ വെയിലേറ്റുവാടാതെ തലയുയർത്തി പിടിച്ചിരിക്കുന്നു, ഗർവോടെ. ദ്രവിച്ചടർന്നുപോയ നാസികാഗ്രങ്ങൾ കാലവും കാലാവസ്ഥയും അതിജീവിച്ചതിന്റെ പാടായി കണക്കാക്കുക. അതല്ല, മൂർച്ചയുള്ള മറ്റെന്തോ കൊണ്ട് മനപ്പൂർവ്വം വെട്ടിമാറ്റിയതാണ് എന്ന വാദവും നിലനിൽക്കുന്നുണ്ട്. ഈജിപ്റ്റിൽ അങ്ങനെയാണ്, ഒന്നിനും ഒരു തീർപ്പില്ല. ഗവേഷണപഠനത്തിന്റെയും, കെട്ടുകഥകളുടെയും, മിഥ്യയുടെയും പല തന്തുവിൽ കെട്ടുപിണഞ്ഞു കിടക്കുന്ന യാഥാർത്ഥ്യങ്ങളും, ഗൂഢരഹസ്യങ്ങളും പല രാജ്യത്തുനിന്നുമുള്ള ഗവേഷകർ പഠിച്ചുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യങ്ങൾ പലതും പല കാലങ്ങളിലായി വെളിവാകുന്നു. ചില കൽപ്പനകൾ പിൻകാലങ്ങളിൽ ശാസ്ത്ര സാങ്കേതിക പുരോഗതിയ്ക്കനുസരിച്ച് മാറി മറയുന്നു. എന്നിരുന്നാലും ഉത്തരം കണ്ടെത്താൻ ഇനിയും ആവാത്ത എത്രയോ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് ഈജിപ്തിലെ പുരാതന നിർമിതികൾ കാലം അതിജീവിക്കുന്നത്.

ഏകശിലയിൽ തീർത്ത പ്രസിദ്ധമായ ഗിസ്സ മരുഭൂമിയിലെ സ്പിങ്ക്‌സ്/ photo: wikipedia

അടിമകളെ കൊണ്ടാണ് പിരമിഡ് പണിയിപ്പിച്ചെടുത്തത് എന്നായിരുന്നു ഒരു കാലം വരെയുമുള്ള പ്രബലവിശ്വാസം. എന്നാൽ ഇന്ന് ഫോറൻസിക് പുരാവസ്തുശാസ്ത്രശാഖയുടെ കടന്നുവരവോടെ, അവിടെ പണിയെടുത്തവർ അടിമകളല്ലെന്നും, അവർ ഈജിപ്തുകാർ തന്നെയെന്നും ശാസ്ത്രജ്ഞർ കണ്ടെത്തുന്നു. നിറയെ മാംസവും പാലും ഭക്ഷിച്ച് സുഭിക്ഷജീവിതം അവർക്ക് ലഭ്യമായിരുന്നു എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഗവേഷകർ പുതിയ വാദങ്ങൾ നിരത്തുന്നു. രാജ്യസേവനം എന്ന കണക്കെ പിരമിഡ് നിർമാണത്തിലേർപ്പെട്ടിരുന്നുവെന്നാണ് ഇന്നത്തെ വാദഗതികൾ. അടിമകളെ കൊണ്ടല്ല പിരമിഡ് പണിയിപ്പിച്ചത് എന്ന് പറയാനാണ് ആ ആ നാട്ടുകാർക്ക് ഏറെ ഇഷ്ടം. എം.ആർ.ഐ ചിത്രങ്ങളുപയോഗിച്ച് മമ്മികൾ വിശദപഠനത്തിന് വിധേയമാക്കുന്നു. മനുഷ്യർ ചോദ്യങ്ങളുമായി പുരാവസ്തുക്കൾക്കു ചുറ്റും കറങ്ങുന്നു. ഓരോ ഉത്തരവും മറു ചോദ്യങ്ങൾ തൊടുത്തുവിടുന്നു. ഉത്തരത്തിനും ചോദ്യത്തിനും ഇടയിൽ മാസ്മരികം, മാസ്മരികം എന്ന് ആധുനിക മനുഷ്യൻ മന്ത്രിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments