ഇഞ്ചിറ, വറുത്ത കാളയിറച്ചി, മുളക് കലക്കിയത്. ഇഞ്ചിറയാണ് എത്യോപ്യയുടെ ദേശീയഭക്ഷണമെന്ന് പറയാം

ഇഞ്ചിറ, കാളയിറച്ചി വറുത്തത്, ബാർളി കള്ള്,

എത്യോപ്യൻ യാത്ര -2

കോഫി സെറിമണി

പച്ച കാളയിറച്ചിയാണ് എത്യോപ്യക്കാരുടെ ഇഷ്ടവിഭവം. അതവർ കഴിക്കുക ഈ ചുവന്ന മുളകുദ്രാവകത്തിൽ മുക്കിയാണ്

ഡാഡി മറിയത്തിലെ കൽഗുഹാദേവാലയത്തിൽ നിന്ന് മടങ്ങുംവഴി വിശപ്പിനെക്കുറിച്ച് പരാതിപ്പെട്ടുതുടങ്ങിയിരുന്നു എല്ലാവരും. ആഡിസ് അബാബ- ബുട്ടാചിറ പെരുംപാതയിലേക്ക് തിരികെ പ്രവേശിച്ചശേഷം ആദ്യം കണ്ട കവലയിലെ ഒരു സാധാരണ നാടൻ ഭക്ഷണശാലക്കുമുമ്പിൽ അബ്ദു വണ്ടി നിർത്തി. നാട്ടുകാരുടെ ചെറു തീൻപുര. സമയം പത്തുമണിയോടടുത്തിരുന്നു, ഒട്ടും തിരക്കില്ല. നമ്മുടെ ഹോട്ടലുകളെ പോലെ അടച്ചുപൂട്ടിയതല്ല എത്യോപ്യൻ ഗ്രാമീണ ഭോജനശാലകൾ. തണലുള്ള തുറന്ന സ്ഥലത്താണ് ഇരിപ്പുവട്ടങ്ങൾ. മേൽക്കൂരക്കുകീഴെയുള്ള ഭക്ഷണശാലകൾക്കാകട്ടെ സാധാരണയായി ചുമരുകളുമുണ്ടാകില്ല.

മുമ്പിലെ മാംസ വിൽപ്പനശാലയിൽ അന്നുരാവിലെ വെട്ടിയ കാളയിറച്ചി തൂങ്ങിക്കിടപ്പുണ്ട്. ഇഞ്ചിറയും കാളയിറച്ചി വറുത്തതും ഓർഡർ ചെയ്തു. മാംസക്കടയിൽനിന്ന് കാളയിറച്ചയുമായി ഒരു സ്ത്രീ ഭക്ഷണശാലക്കുപുറകിലെ കൂരയിലേക്ക് പോകുന്നുണ്ട്. അവിടെയാണ് ഭക്ഷണം തയ്യാറാക്കുന്നത്. പ്രാദേശികമായി തയാറാക്കുന്ന മദ്യമുണ്ടോ എന്നന്വേഷിക്കാൻ ഡോക്ടർ അബ്ദുവിനോട് പറഞ്ഞു. അബ്ദു ഹോട്ടലുകാരു വഴി അത് ഏർപ്പാടാക്കി.

എത്യോപ്യൻ പ്രാതൽ

താമസിയാതെ ബൈക്കിൽ ഒരു ചെറിയ കന്നാസ് മദ്യവുമായി ഒരു യുവാവെത്തി. നാട്ടുമദ്യങ്ങൾ ഏറെയുണ്ട് എത്യോപ്യയിൽ. വിവിധതരം ധാന്യങ്ങൾ പുളിപ്പിച്ചും വാറ്റിയുമൊക്കെ നിർമിക്കുന്ന വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യങ്ങൾ.
ഇഞ്ചിറ എത്തി. കൂടെ ചട്‌നി പോലെ മുളക് കലക്കിയതും. പച്ച കാളയിറച്ചിയാണ് എത്യോപ്യക്കാരുടെ ഇഷ്ടവിഭവം. അതവർ കഴിക്കുക ഈ ചുവന്ന മുളകുദ്രാവകത്തിൽ മുക്കിയാണ്. ഇഞ്ചിറയാണ് എത്യോപ്യയുടെ ദേശീയഭക്ഷണമെന്ന് വേണമെങ്കിൽ പറയാം. തെഫ് ധാന്യം ഉപയോഗിച്ച് ദോശ പോലെ ഉണ്ടാക്കുന്ന ഒന്ന്. ചെറിയൊരു പുളിപ്പുണ്ടാകും. ഇതിന് നിരവധി വകഭേദങ്ങളുമുണ്ട്. ഇപ്പോൾ അരിപ്പൊടികൊണ്ടും ഇഞ്ചിറ ഉണ്ടാക്കാറുണ്ടത്രെ. അസാമാന്യമായ ശാരീരികക്ഷമത നേടിക്കൊടുക്കുന്ന ധാന്യമാണ് തെഫ്. ദീർഘദൂര ഓട്ട മത്സരങ്ങളിൽ എത്യോപ്യക്കാരെ ലോകജേതാക്കളാക്കുന്നതിൽ ഈ ധാന്യത്തിന് വലിയ പങ്കുണ്ടെന്നാണ് വിശ്വാസം.

ഡോ. അജിൻ

നാഗരികമായ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ തീർത്തും വൃത്തിരഹിതമെന്ന് തോന്നുന്ന അന്തരീക്ഷം. ആദ്യമായാകണം കുറച്ച് വിനോദസഞ്ചാരികൾ അവിടെ കയറുന്നത്. ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കണ്ടം തിന്നണം എന്നാണ് ഡോക്ടറുടെ പക്ഷം. എത്യോപ്യൻ ഗ്രാമീണരിൽനിന്ന് ഒട്ടും അകലം പാലിക്കാത്ത വിവേചനം മനസിൽ പോലും കൊണ്ടുനടക്കാത്ത ആളാണ് അജിൻ. എല്ലാവരും മനുഷ്യരാണെന്ന് കരുതുന്ന, ആരോടും വലിപ്പചെറുപ്പം കാണിക്കാത്ത ഒരാൾ. അപരിചിതരെ കണ്ട് അകലത്തോടെ നിൽക്കുന്ന ഒരു കൂട്ടത്തിനുള്ളിൽ പുഞ്ചിരിയും ഫലിതവും കലർത്തി അവരുടെ ഭാഷയിൽ സംസാരിച്ച് വളരെപ്പെട്ടെന്ന് അവരിലൊരാളായി മാറും അജിൻ.
എത്യോപ്യൻ മലയാളി സമാജം പ്രസിഡന്റെന്ന നിലയിലും മെഡിക്കൽ കോളേജ് അധ്യാപകനെന്ന നിലയിലും സർക്കാരിന്റെ മെഡിക്കൽ കൺസൽട്ടുകളിലൊരാളെന്ന നിലയിലും വിപുലമായ ബന്ധങ്ങളാണ് എത്യോപ്യയിൽ ഡോ. അജിനുള്ളത്.

താമസിയാതെ വറുത്ത കാളയിറച്ചി എത്തി. പച്ച കാളയിറച്ചി ട്രെ ചെയ്യണോ എന്ന് ചോദിച്ചു ഡോക്ടർ. പക്ഷെ ആർക്കും അതിനുള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. തണുത്ത ബിയർ അതിനുമുമ്പേ തന്നെ എത്തിയിരുന്നു. അബ്ദുവിന് ബിയറിനൊപ്പമല്ലാതെ ഒരു ഭക്ഷണമില്ല. യാത്രകളുടെ ഇടവേളകളിലൊക്കെ അബ്ദുവിന്റെ കൈകളിൽ ബിയർകുപ്പിയുണ്ടാകും. എത്യോപ്യൻ യാത്രയുടെ ചിത്രങ്ങൾ കണ്ട സുഹൃത്ത് പ്രദീപ് കണ്ണത്ത് ചോദിച്ചത്, ഇയാളുടെ ശരീരത്തിന്റെ ഒരവയവമാണോ ബിയർകുപ്പി എന്നാണ്.

വിശപ്പടക്കി നാട്ടുവിശേഷങ്ങൾ പറഞ്ഞ് കുറച്ചുനേരം അങ്ങിനെയിരുന്നു. നാട്ടുമദ്യത്തിന്റെ ചുവയ്ക്കുമുന്നിൽ ഞങ്ങൾക്കൊപ്പമുള്ള മദ്യപ്രേമികൾ കീഴടങ്ങിയിരുന്നു. ബാക്കിയായ മദ്യം അവിടത്തെ പരിചാരകന് കൈമാറി ഞങ്ങളിറങ്ങി. ഇനി തിയയിലേക്കാണ്. മഹാശിലാസ്മാരകകാലത്തെ സ്മാരക ശിലകൾ നിറഞ്ഞ ഒരു പ്രദേശത്തേക്ക്. ഭക്ഷണശാലയിൽ നിന്നിറങ്ങി 10-20 മിനിറ്റിനുള്ളിൽ തിയയിലെത്തി. ആഡിസ് അബാബ - ബുട്ടാചിറ പെരുംപാതയിൽനിന്ന് കുറച്ച് കിഴക്കുമാറിയാണ് തിയ. അഡാഡി മറിയത്തിൽ വിശ്വാസികൾ കൂടി എത്തുമെങ്കിൽ തിയയിലെത്തുന്നത് ചരിത്രാന്വേഷികളായ സഞ്ചാരികൾ മാത്രമാണ്.

തിയ വേൾഡ് ഹെറിറ്റേജ് സൈറ്റ്

അതിമനോഹരമായ ഒരു നാട്ടിൻപുറം. അവിടെ ഒരു കുന്നിൻചെരുവിലാണ് സ്മാരകമുള്ള, കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുന്ന സ്ഥലം. അവിടെ നിന്ന് നോക്കിയാൽ കുന്നിൻചെരുവുകളിൽ പരന്നുകിടക്കുന്ന വയലുകൾ കാണാം. നിലമൊരിക്കുന്ന ചില കർഷകർ ദൂരക്കാഴ്ചയിൽ ദൃശ്യമാകുന്നുണ്ട്. കവാടത്തിനരികിൽ തന്നെയായി ഒരു ചെറിയ കുടിൽ. അവിടെയാണ് സ്മാരകത്തിലെ വഴികാട്ടി. ചില കരകൗശലവസ്തുക്കളും ഭക്ഷണസാധനങ്ങളുമൊക്കെ വാങ്ങാൻ കിട്ടും അവിടെ. ഒരു കാപ്പിക്കട കൂടിയാണത്. കാപ്പിയുടെ ജന്മദേശമാണല്ലോ എത്യോപ്യ. എത്യോപ്യയിലെത്തിയാൽ തീർച്ചയായും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് എത്യോപ്യന് (Coffee ceremony) കോഫി സെറിമണി. സ്മാരകങ്ങളും പ്രദർശനശാലയും കണ്ട് തിരിച്ചുവരുമെന്നും അപ്പോഴേക്കും കാപ്പി സൽക്കാരത്തിനായി തയ്യാറാകണമെന്നും ഡോക്ടർ അവിടത്തെ പെൺകുട്ടിയോട് ശട്ടം കെട്ടിയിരുന്നു.

കോഫി സെറിമണി

പുരാവസ്തുഗവേഷകരുടെ ഇഷ്ടപ്രദേശമാണ് ആഡിസ് അബാബക്ക് തെക്കായി സ്ഥിതി ചെയ്യുന്ന സോഡോമേഖല. 160 ഓളം സ്ഥാനങ്ങളിൽനിന്നാണ് ഇവിടെ പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടെടുത്തിരിക്കുന്നത്. അതിൽ പ്രാധാനപ്പെട്ടതാണ് തിയ. എത്യോപ്യയിൽ യുനസ്‌കോ അടയാളപ്പെടുത്തിയ 9 ലോകപൈതൃക സ്ഥലത്തിൽപ്പെട്ട ഒന്നുകൂടിയാണ് ഈ മഹാശിലാസ്മാരകം. 41 ഓളം ശിലാസ്തംഭങ്ങളാണ് ഇവിടെയുള്ളത്. രണ്ടടി മുതൽ 10 അടി വരെ ഉയരമുള്ളവയാണ് ഈ ശിലാസ്തംഭങ്ങൾ. ഈ ഫലകങ്ങളിലെ ചിഹ്നങ്ങളും രൂപങ്ങളുമാണ് അവരുടെ വിജയങ്ങളെയും ലിംഗപദവിയെയും വൈവാഹികസ്ഥിതിയെയും സൂചിപ്പിക്കുന്നത്. മഹാശിലാസ്മാരകങ്ങളുടെ കാലം പൊതുവെ ബി.സി.യിലാണെങ്കിലും പഴക്കം കുറഞ്ഞ മഹാശിലാസ്മാരകം എന്ന പ്രത്യേകതകൂടിയുണ്ട് ഇതിന്. ഇതിന്റെ നിർമാണകാലമായി കണ്ടെത്തിയിരിക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനുമിടയിലാണ്.

കോളേജ് വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയാണ് അവിടത്തെ ഗൈഡ്. ചുറുചുറുക്കും പ്രസരിപ്പുമുള്ള ഒരു പെൺകുട്ടി. എത്യോപ്യൻ പുതുതലമുറയുടെ പ്രതിനിധി. അവൾ സ്മാരകങ്ങളുടെ ചരിത്രവും കാലവും അതിനോടനുബന്ധിച്ച കഥകളും പറഞ്ഞുതന്നു. ശത്രുക്കളോടും വന്യമൃഗങ്ങളോടും പോരാടിയ പഴയ ഗോത്രതലവന്മാരുമാരുടെയും വീരന്മാരുടെയും സ്മാരകങ്ങളാണ് ആ കൽസ്തൂഭങ്ങൾ. അവക്കടിയിലാണ് അവരുടെ ഭൗകിതശരീരം അടക്കം ചെയ്തിരിക്കുന്നത്. ഓരോ ചിത്രശിലയിലെയും പ്രതീകങ്ങൾ അവരുടെ വീരസ്മൃതികളെയാണ് അടയാളപ്പെടുത്തുന്നതെന്ന് അവൾ പറഞ്ഞുതന്നു. അനേകായിരം കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും വരുന്ന ഞങ്ങളുടെ നാട്ടിൽ വയനാടെന്ന ഒരു ദേശമുണ്ടെന്നും അവിടെ ഇതിനോട് ഇത്രമാത്രം ചേർന്നുനിൽക്കുന്ന സ്മാരകശിലകളുണ്ടെന്നും ഞങ്ങളവയെ വീരക്കല്ലുകളെന്ന് വിളിക്കാറുണ്ടെന്നും അവളോട് പറഞ്ഞു.

എത്യോപ്യയുടെ സാമൂഹ്യജീവിതത്തിലെന്ന പോലെ സാമ്പത്തിക രംഗത്തും അവഗണിക്കാനാകാത്ത സ്ഥാനമുണ്ട് കാപ്പിക്ക്. ലോകത്തെ അഞ്ചാമത്തെ ദരിദ്രരാജ്യമാണ് എത്യോപ്യ

ലോകത്തിന്റെ പലഭാഗത്തും ഓരോ കാലത്തും സമാനമായ സംസ്‌കൃതികൾ നിലനിന്നുപോന്നിരുന്നു. എന്നിട്ടും കാലം കൊണ്ട് അവയെത്രമാത്രം അകന്നുപോയിരിക്കുന്നു. പുറംലോകത്തിന്റെ കാഴ്ചപ്പാടിൽ ചിലത് വലുതും ചിലത് ചെറുമായിരിക്കുന്നു. നല്ലതും ചീത്തയുമായിരിക്കുന്നു. എത്യോപ്യൻ ഗോത്രസംസ്‌കൃതിയിലേക്കും പാരമ്പര്യത്തിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ചെറുപ്രദർശനാലയവും വളപ്പിന്റെ ഒരു ഭാഗത്തായി ഒരുക്കിയിട്ടുണ്ട്. അതും കണ്ടുകഴിഞ്ഞ് കോഫി സെറിമണിക്കായി ഞങ്ങൾ പോകുമ്പോഴേക്കും ജപ്പാനിൽനിന്നുള്ള രണ്ട് മൂന്ന് വിനോദസഞ്ചാരികളുമായി ഒരു വാഹനമെത്തി. വഴികാട്ടിയായ പെൺകുട്ടി ഞങ്ങളോട് യാത്രപറഞ്ഞ് അവരെ സ്ഥലം കാണിക്കാനായി പോയി.

ടെല ഹൗസ് എന്ന കള്ളുഷാപ്പിൽ

തിയയിലെ ശിലാസ്മാരകങ്ങളും ചെറുപുരാവസ്തു പ്രദർശനശാലയും കണ്ട് തിരികെയെത്തിയപ്പോഴേക്കും കോഫിസെറിമണിക്കുള്ള ഒരുക്കങ്ങളൊക്കെ തയ്യാറായിരുന്നു. കരകൗശല വിൽപനശാലയും അതോടൊപ്പം ഒരു പെട്ടിക്കടയുമൊക്കെയായ ആ ചെറുകുടിൽ ഒരു നാടൻ കാപ്പിക്കടയായി രൂപം മാറിയിരുന്നു അപ്പോഴേക്കും. എല്ലാവരെയും വൃത്താകൃതിയിൽ അഭിമുഖമായിട്ട പീഠങ്ങളിലേക്ക് ക്ഷണിച്ചു അവർ. കഴിക്കാൻ വറുത്തധാന്യം തന്നു.

കള്ളുപുര

കാപ്പി തയ്യാറാകുന്നതുവരെ അത് കൊറിച്ചിരിക്കാം. തിരഞ്ഞെടുത്ത മികച്ച കാപ്പിക്കുരു കഴുകി വറുത്തെടുക്കലാണ് ആദ്യഘട്ടം. കാപ്പിക്കുരുവിൽ ചൂടു തട്ടിതുടങ്ങുന്നതോടെ ആസ്വാദ്യകരമായ ഒരു സൗരഭ്യം അവിടെയാകെ പരക്കും. വറചട്ടി ഇളക്കി കരിയാതെ കാപ്പിക്കുരുവിന്റെ എല്ലാഭാഗവും ഒരുപോലെ വറുത്തെടുക്കണം. ശേഷം വറുത്ത കുരുവുമായി അതിഥികൾക്കടുത്തെത്തി അതവരെക്കൊണ്ട് വാസനിപ്പിക്കും. തുടർന്നാണ് ചെറു മര ഉരലിൽ കുരു ഇടിച്ച് പൊടി തയ്യാറാക്കുന്നത്. ഒടുവിൽ തരംതിരിച്ചെടുക്കുന്ന ആ കാപ്പിപൊടിയും മറ്റു കൂട്ടുകളുമുപയോഗിച്ച് കടുപ്പത്തിൽ ബുന്ന എന്ന് വിളിക്കുന്ന എത്യോപ്യൻ കാപ്പി തയ്യാറാക്കും. കനലിൽ മൺകൂജയിലാണ് കാപ്പി തിളപ്പിക്കുന്നത്.

കോഫി സെറിമണി

മൂന്ന് തവണയായാണ് സൽക്കാരം. ആദ്യം നെയ്യും ഉപ്പും ചേർത്താണ് നൽകുക. പിന്നീട് മധുരമോ ഉപ്പോ ഇട്ട് നൽകും. പലവിധ പലഹാരങ്ങളും ഇതിനെത്തുടർന്ന് സൽക്കരിക്കും. കുശലാന്വേഷണങ്ങളും സൗഹൃദസംഭാഷണങ്ങളും പാട്ടും നൃത്തവുമൊക്കെ ചേർന്നതാണ് എത്യോപ്യൻ വീടുകളിലെ പരമ്പരാഗത കോഫി സെറിമണി. രണ്ടും മൂന്നും മണിക്കൂർ നീണ്ടുനിൽക്കും ആചാരപരമായ ആ എത്യോപ്യൻ കാപ്പി സൽക്കാരം.

തിയയിലെ മഹാശിലാസ്മാരകങ്ങൾ

ഏഴാം നൂറ്റാണ്ടിൽ എത്യോപ്യയിലെ കഫ പ്രദേശത്ത് വെച്ച് കല്ദി എന്ന ഇടയനാണ് ഒരു പ്രത്യേക മരത്തിന്റെ കായ കഴിച്ച തന്റെ ആടുകൾ പതിവില്ലാത്ത ഉന്മേഷത്തോടെ തിമിർക്കുന്നത് കണ്ട് കാപ്പിയുടെ ഗുണങ്ങൾ ആദ്യമായി തിരിച്ചറിയുന്നത്. അങ്ങിനെ എത്യോപ്യൻ വിശിഷ്ട പാനീയമായിത്തീർന്ന കാപ്പി പിന്നീട് യെമൻ വഴി തുർക്കി സാമ്രാജ്യത്തിലെത്തി. അവിടെ നിന്ന് പിന്നീട് ഫ്രാൻസ് വഴി യൂറോപ്യന്മാരിലെത്തുകയും അവരിലൂടെ ലോകം കീഴടക്കുകയും ചെയ്തു ഈ കറുത്ത പാനീയം. പെട്രോളിയം കഴിഞ്ഞാൽ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിൽപ്പനച്ചരക്കാണ് കാപ്പി. 12 ഓളം രാജ്യങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി ഉൽപ്പന്നം. ലോകത്താകമാനമുള്ള 100 മില്യൺ ജനങ്ങളുടെ ഉപജീവനം ഇന്ന് ഇതുമായി ബന്ധപ്പെട്ടാണ്.

എത്യോപ്യയുടെ സാമൂഹ്യജീവിതത്തിലെന്ന പോലെ സാമ്പത്തിക രംഗത്തും അവഗണിക്കാനാകാത്ത സ്ഥാനമുണ്ട് കാപ്പിക്ക്. ലോകത്തെ അഞ്ചാമത്തെ ദരിദ്രരാജ്യമാണ് എത്യോപ്യ. ജനസംഖ്യയിലെ മൂന്നിൽ രണ്ടു പേരുടേയും വരുമാനം ദിവസം ഒരു ഡോളറിൽ താഴെ മാത്രമാണ് ഇവിടെ. ആ എത്യോപ്യയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത് ഒരു പരിധിവരെ കാപ്പിയാണ്. ലോക കാപ്പി ഉൽപ്പാദനത്തിൽ 3% മാത്രമാണ് എത്യോപ്യയുടെ സംഭാവനയെങ്കിലും രാജ്യത്തിന്റെ മൊത്തം വിദേശനാണ്യവരുമാനത്തിന്റെ 60 ശതമാനവും ലഭിക്കുന്നത് കാപ്പിയുടെ കയറ്റുമതിയിൽ നിന്നാണ്. ഇന്ന് പല പ്രമുഖ അന്താരാഷ്ട്ര കോഫി ബ്രാന്റുകളും ഉപയോഗിക്കുന്നത് ഇവിടെ നിന്ന് വരുന്ന കാപ്പിക്കുരുവാണ്. 15 മില്യൺ ആളുകൾ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട് ഇവിടെ. ലോകത്തിലെ പല വൻ നഗരങ്ങളിലും എത്യോപ്യൻ ബുന്ന ഷോപ്പുകളുണ്ട്.

എത്യോപ്യൻ ബുന്ന

ഒട്ടും ധൃതിയില്ലാതെ വളരെ താളാത്മകമായി ആചാരപരമായാണ് കുരു വറുക്കുന്നതും പൊടിക്കുന്നതും കാപ്പി തയ്യാറാക്കുന്നതും അത് പകർന്നു നൽകുന്നതുമൊക്കെ. എത്യോപ്യൻ ആഥിഥേയത്വത്തിലും ആ കാപ്പിയുടെ അതിപൗരാണികമായ സവിശേഷ രുചിയിലും മുഴുകി അങ്ങിനെ ഇരുന്നു കുറച്ചുനേരം. എത്യോപ്യൻ സംസ്‌ക്കാരത്തെയും സാമൂഹ്യജീവിതത്തേയും മതത്തേയുമൊക്കെ കുറിച്ചുള്ള ചോദ്യങ്ങളും അവരുടെ മറുപടിയും ഡോക്ടറുടെ ഇടപെടലുകളുമൊക്കെയായി ആസ്വാദ്യവും ഹൃദ്യവുമായ ഒരു മധ്യാഹ്നം. ഔപചാരികവും കൃത്രിമവുമായ ആഥിഥേയത്വത്തിനപ്പുറം നൈസർഗികമായ ഒരു സൗഹൃദാന്തരീക്ഷമുണ്ട് ഗ്രാമീണസ്ത്രീകളുടെ ഈ ചെറുകച്ചവടപുരക്ക്. പുറത്ത് വെയില് കനക്കുകയാണ്. ആ ചെറുകൂരയിൽ ബുന്നയും കുടിച്ച് എത്യോപ്യൻ അതിഥിമുറിയുടെ ആ പാരമ്പര്യ അന്തരീക്ഷത്തിൽ അങ്ങനെയിരിക്കെ സംസ്‌കാരങ്ങൾ തമ്മിലുള്ള അകലമെന്നത് ചില പുറം വൈജാത്യങ്ങൾ മാത്രമാണെന്നും സ്ഥലകാലദേശരാശികൾക്കപ്പുറം മനുഷ്യനെ ഒന്നിപ്പിക്കുന്ന എത്രയോ ഘടകങ്ങൾ പൊതുവായുണ്ടെന്നും അനുഭവിച്ചറിയുകയായിരുന്നു ഞങ്ങൾ. ഇന്ന് ഇനിയുമേറെ ദൂരം പിന്നിടേണ്ടതുണ്ട്. പണം കൊടുത്ത് കാപ്പിക്കടയിലെ സ്ത്രീകളോട് യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.

കാപ്പിക്കട

ഹൈവേയിലേക്ക് കയറുന്നതിനുമുമ്പ് ഒരു ചെറിയ പുരയിൽനിന്ന് പതുക്കെ പോകുന്ന ഞങ്ങളുടെ വണ്ടിയിലേക്ക് നോക്കി ആരോ എന്തോ വിളിച്ചുപറയുന്നതുകേട്ടു. അബ്ദു ഡോക്ടറോടെന്തോ പറഞ്ഞു. ഡോക്ടർ ഞങ്ങൾക്കു നേരെ തിരിഞ്ഞു; "നാടൻ കള്ളുഷാപ്പാണ് കയറാം'. ആർക്കും വിരോധമുണ്ടായിരുന്നില്ല. അബ്ദുവിനും ഡോ.അജിനും പുറകെ ഞങ്ങളും അവിടേക്ക് കയറി. ബാർളിയിൽ നിന്നുണ്ടാക്കുന്ന വീര്യം കുറഞ്ഞ ടെല (Tela) എന്ന മദ്യമാണവിടെ വിൽക്കുന്നത്. സത്യത്തിൽ ഒരു വീടാണത്. രണ്ട് സ്ത്രീകൾ, മൂന്നു നാല് കുട്ടികൾ, ആ പാനീയം കഴിക്കാൻ എത്തിയ ചില വൃദ്ധന്മാർ. ധാന്യങ്ങളിൽനിന്ന് വാറ്റിയെടുക്കുന്ന പ്രാദേശികമായ നിരവധി മദ്യങ്ങളുണ്ട് എത്യോപ്യയിൽ. ടെല തന്നെ ബാർളിയിൽനിന്നും ചോളത്തിൽനിന്നും തെഫിൽ നിന്നുമൊക്കെ പ്രദേശികമായ ലഭ്യതക്കും അഭിരുചികളുമനുസരിച്ച് നിർമിക്കാറുണ്ട്. ടെല ഹൗസുകൾ എന്ന കള്ളുഷാപ്പുകൾ എത്യോപ്യൻ ഗ്രാമീണ സംസ്‌കൃതിയുടെ ഭാഗമാണ്. ലഹരി ഉപാസകർക്കുള്ളതല്ല ഈ പാനീയം. മദ്യത്തിന്റെ അംശം വളരെ കുറവാണിതിൽ (4% ത്തിൽ താഴെ). ലഹരി എന്നതിനുപരിയായി നേരം പോക്കാനും സാമൂഹ്യസമ്പർക്കങ്ങൾക്കുമുള്ള കേന്ദ്രമായിട്ടാണ് എത്യോപ്യയിൽ ടെല ഹൗസുകൾ ഉപയോഗിക്കപ്പെടുന്നതെന്ന് തോന്നുന്നു. മിക്കവാറും ടെലപ്പുരകളും ഇവിടത്തെ പോലെ തന്നെ വീടുകളുടെ ഭാഗമായി തന്നെയുള്ള വിൽപ്പനകേന്ദ്രങ്ങളാണ്. പറ്റുവരവുകാരായ വൃദ്ധന്മാരും അവരുടെ ഒട്ടും ധൃതിയില്ലാത്ത കടന്നുവരവും സ്വസ്ഥമായ ഇരിപ്പും നർമസംഭാഷണങ്ങളും ടെല ഹൗസുകളെ മദ്യശാലകളെന്നതിനേക്കാൾ ഒരു വാർധക്യ വിശ്രമകേന്ദ്രങ്ങളാക്കുന്നുണ്ടെന്ന് തോന്നി അവിടയിരിക്കുമ്പോൾ. ജീവിതസായന്തനത്തിലെത്തിയവരുടെ ഒരു പകൽവീടോ കൂടിയിരിപ്പുകേന്ദ്രമോ വിനോദശാലയോ ഒക്കെയാണത്.

ചിലരൊക്കെ ആ ബാർളി കള്ളിന്റെ രുചി നോക്കി. അവരോടൊക്കെ ലോഹ്യം പറഞ്ഞ് കുറച്ചുനേരം അവിടെയിരുന്നു. പിന്നെ സമയത്തെക്കുറിച്ച് ഓർമ വന്നപ്പോൾ തിരക്കിട്ട് യാത്ര ചോദിച്ചു. സുദീർഘമായ യാത്രാപഥത്തിൽ വിജന്നമായ പ്രദേശങ്ങളും ഗ്രാമങ്ങളും ചെറുനഗരങ്ങളും മാറി മാറി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇടത്തരമെന്ന് പറയാവുന്ന റോഡിലൂടെ പരമാവധി വേഗത്തിലാണ് അബ്ദു വണ്ടി ഓടിക്കുന്നത്. ഇടക്കൊക്കെ വേഗത കുറക്കാൻ ആവശ്യപ്പെടുന്നുണ്ട് ഡോക്ടർ. വഴിയിലെ ബുട്ടാചിറ എന്ന ചെറു നഗരത്തിൽനിന്ന് പഴങ്ങൾ വാങ്ങി. ഇന്നിനി ഉച്ചഭക്ഷണത്തിന് എവിടെയും നിറുത്തില്ലെന്നും ഭക്ഷണം പഴങ്ങളായിരിക്കുമെന്നും തിയയിൽ നിന്ന് പുറപ്പെടുമ്പോഴെ അജിൻ പറഞ്ഞിരുന്നു. എത്യോപ്യൻ വഴിയോരങ്ങളിലും നഗരങ്ങളിലെ തെരുവോരങ്ങളിലും നാടൻപഴങ്ങൾ ധാരാളമായി കിട്ടും. ഉൽപാദകർ തന്നെ വിപണനത്തിന് കൊണ്ടുവന്നുവെച്ചവ. നാട്ടിൻപുറങ്ങളിൽ രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ വളരുന്നവയാണവ. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന വൻതോട്ടങ്ങളിലേ രാസ-വള കീടനാശിനി പ്രയോഗമുള്ളു. അത് വൻമാർക്കറ്റുകളിലേക്കും കയറ്റുമതിക്കുമായാണ് കൊണ്ടുപോകുക.

കുട്ടിക്കച്ചവടക്കാർ

ബുട്ടാചിറയിൽ നിന്ന് വിട്ടാൽ വീണ്ടും വിജനമായ കൃഷിയിടങ്ങൾക്കിടയിലൂടെ നീണ്ടുകിടക്കുന്ന പാതയാണ്. ഹൊസൈനയാണ് അടുത്ത നഗരം. ഹൈവേക്കരികിൽ പഴങ്ങളും പച്ചക്കറികളുമായി കുട്ടികളുണ്ട് ചിലയിടത്ത്. അവരവരുടെ വീട്ടിലുണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും കൂടയിലാക്കി കൊണ്ടുവരുന്നവർ. ആ കുട്ടികൾ വാഹനങ്ങൾക്ക് കൈകാട്ടും, നിറുത്തിയാൽ എല്ലാവരും കൂടി ഓടിയടുക്കും. പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ നമ്മെ പൊതിയും. കച്ചവടം നടക്കാതെ പോകുന്നവരുടെ മുഖം വാടും. ഓരോരുത്തരിൽ നിന്നും ചെറുതെന്തിലും വാങ്ങാൻ ഞങ്ങള് അബ്ദുവിനെ ചട്ടം കെട്ടും. അപ്പോഴും പക്ഷെ പലർക്കും നിരാശയും അസംതൃപ്തിയും ബാക്കിയാകും. കച്ചവടം കിട്ടിയ കുട്ടികളോടുള്ള അസൂയയും തങ്ങളിൽനിന്ന് വാങ്ങാത്തതിന്റെ ദേഷ്യവും ദൈന്യതയുമൊക്കെ നിറഞ്ഞ ആ കുഞ്ഞുമുഖങ്ങൾ കുറേനേരം നമ്മുടെ മനസ്സിനെ വേദനയോടെ പിന്തുടരും.▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments