ഉദയത്തിന്റെ ആ അതിസുന്ദര നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിലെന്ന് ആശിച്ചു
ദീർഘവും ക്ലേശകരവുമായൊരു പകൽയാത്രക്കും പാതിരാവോളം നീണ്ട തീൻമേശ ചർച്ചകൾക്കും ശേഷം മതികെട്ടുറങ്ങേണ്ടതാണ്. തലേന്നത്തെ ഉറക്കവും ബാക്കിയുണ്ട്. ഡോക്ടറുടെ ഫ്‌ളാറ്റിൽ വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്, പുലരുന്നതിനെത്രയോ മുൻപ് എഴുന്നേറ്റ് യാത്രപുറപ്പെടുകയും ചെയ്തു.
ഹെയ്‌ലി റിസോട്ടിലെ ശീതികരിച്ച മുറിയിലെ ഉയർന്ന ശയ്യാസുഖം തരുന്ന മെത്തയിലെ കട്ടിയുളള പുതപ്പിനടിയിൽ ഏറെ കാത്തുകിടന്നിട്ടും പക്ഷെ ഉറക്കം കടന്നുവന്നില്ല. പിന്നീടെപ്പോഴോ അർദ്ധമയക്കത്തിലേക്ക് ആണ്ടു പോയി. ഇടക്കെപ്പോഴൊക്കയോ ഉണർന്നു. പുലരുമ്പോൾ കാത്തിരിക്കുന്നത് ഒരു അത്ഭുതമാണെന്ന സൂചന ഡോ.അജിൻ മുൻപേ നൽകിയിരുന്നു. പാതിയുറക്കത്തിലെ ഒരു തിരിഞ്ഞു കിടപ്പിനിടയിലാണ് സുതാര്യമായ അകം ജാലക തിരശ്ശീലക്കപ്പുറം ഒരു ചുവപ്പുരാശി കണ്ണിൽപ്പെടുന്നത്. ചാടിയെഴുന്നേറ്റ് ബാൽക്കണിയിലെത്തിയപ്പോൾ ഉദയത്തിനുള്ള തയ്യാറെടുപ്പിലാണ് സൂര്യൻ. എല്ലാവരെയും വിളിച്ചെഴുന്നേൽപ്പിച്ചു. ഏറ്റവും മനോഹരമായ ദൂരക്കാഴ്ച ലഭ്യമാകുന്നതിൽ പെട്ടതായിരുന്നു രണ്ടാം നിലയിൽ റിസോട്ടിന്റെ മധ്യഭാഗത്തായി ഞങ്ങൾക്ക് കിട്ടിയിരുന്ന മുറികൾ. പതുക്കെപ്പതുക്കെ ഇരുട്ടിനെ വകഞ്ഞുമാറ്റി ചക്രവാളത്തിൽ ചുകന്ന പ്രകാശം പരന്നുതുടങ്ങി. മുൻപിൽ നിറങ്ങളുടെ ഒരിന്ദ്രജാലം. ഹോട്ടലിന് അഭിമുഖമായി താഴെ പരന്നുകിടക്കുന്നത് ഇടതൂർന്ന വനം നിറഞ്ഞ റിഫ്റ്റ്‌വാലിയാണ്. നെച്ചിസാർ നാഷണൽ പാർക്കിന്റെ ഭാഗമാണ് ആ സംരക്ഷിത പ്രദേശം.
ആ പച്ചമേലാപ്പുകൾക്കപ്പുറം ചാമോ തടാകം. മറ്റൊരു വശത്ത് അബായ തടാകത്തിന്റെ വിദൂരദൃശ്യം. മഞ്ഞണിഞ്ഞ പുലരിയാണ്. അതിനിടയിലൂടെ സൂര്യന്റെ ആദ്യ രശ്മികൾ പുറത്തു വന്നുതുടങ്ങിയതോടെ നിറക്കൂട്ടുകളുടെ ഒരു സംഗമസ്ഥലമായി ചക്രവാളം. ഭാഗ്യം പോലെ വീണുകിട്ടിയ അതിമനോഹരമായ ആ ഉദയത്തിലേക്ക് മിഴികളാഴ്ത്തി നിശബ്ദരായി നിന്നു ഞങ്ങൾ. ഇന്നലെ രാത്രി റിഫ്റ്റിനോട് ചേർന്ന ചെറിയ അരമതിൽകെട്ടിനിപ്പുറത്തിരുന്ന് അത്താഴം കഴിക്കുമ്പോൾ അവ്യക്തമായി ഒരു താഴ്‌വാരം ദൃശ്യമായിരുന്നെങ്കിലും ഇത്ര വിസ്മയകരമായ ഒരു പുലർക്കാഴ്ചയിലേക്കാണ് ഡോ.അജിൻ ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഉദയത്തിന്റെ ആ അതിസുന്ദര നിമിഷങ്ങൾ അവസാനിക്കാതിരുന്നെങ്കിലെന്ന് ആശിച്ചു. സൂര്യൻ പതുക്കെ ഉയർന്നുതുടങ്ങി. പുലർവെളിച്ചം ഹോട്ടൽ വളപ്പിലേക്കും പടർന്നുതുടങ്ങി. താഴെ ഹോട്ടലിൽ നിന്ന് റിഫ്റ്റിലേക്ക് തള്ളി നിൽക്കുന്ന ചരിച്ചുനിർമിച്ച ഒരു നിരീക്ഷണഗോപുരമുണ്ട്. ജോയേട്ടനും അൻവറിനുമൊപ്പം അങ്ങോട്ട് നടന്നു. റിഫ്റ്റിന്റെയും അതിനപ്പുറമുള്ള തടാകത്തിന്റെയും അതിൽ അപ്പോഴും ചിത്രനിർമിതി നടത്തിക്കൊണ്ടിരിക്കുന്ന സുര്യന്റെയും കാഴ്ചകൾ കണ്ട് നിശബ്ദരായി ഏറെ നേരം നിന്നു അവിടെ. പിന്നെ ഹെയ്‌ലിയുടെ ആ ഹോട്ടൽ വളപ്പിലൂടെ റിഫ്‌റ്റിന്റെ ഓരം ചേർന്ന് പ്രഭാത നടത്തത്തിനിറങ്ങി.
20 വർഷങ്ങൾക്ക് മുൻപാണ് ഇത്തരമൊരു കാഴ്ചകണ്ടത് കുടജാദ്രിയിലെ ചിത്രമൂല ഗുഹയിൽ നിന്ന്. അന്നും അൻവറുണ്ടായിരുന്നു കൂടെ. പിന്നെ കണ്ണൂര് നിന്നുള്ള മൂന്ന് സുഹൃത്തുകളും ഗുഹയിലെ അന്തേവാസിയായ സന്യാസിയും. തലേന്ന് രാത്രി കാടിന് നടുവിലെ ആ ഗുഹയിൽ തങ്ങി. ഉയരെയുള്ള ഗുഹയിൽ നിന്ന് നോക്കിയാൽ താഴെ പച്ചപ്പിന്റെ വൻകടലാണ്. ആ ആരണ്യകത്തിന് മുകളിൽ നിലാവ് പരക്കുന്നതിനും രാവ് കനക്കുന്നതിനും പിറ്റേന്ന് അതിമനോഹരമായ ഒരു പുലരിക്കും സാക്ഷിയായി ഞങ്ങൾ. അതിനു മുൻപോ പിൻപോ അത്തരമൊരു പുലരി കണ്ടിരുന്നില്ല. അതാണിവിടെ വീണ്ടും സംഭവിച്ചിരിക്കുന്നത്. എത്യോപ്യൻ യാത്ര സഫലമായിരിക്കുന്നു. പ്രിയപ്പെട്ടവർ കൂടി അരികിലുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു. വീട്ടിലേക്ക് വിളിച്ചു. അമ്മയും നിത്യയും കല്യാണിയുമായും സംസാരിച്ചു. കുഞ്ഞുണ്ണിയുടെ വിശേഷങ്ങൾ അറിഞ്ഞു.
അധികം സഞ്ചാരികളില്ലാത്തതുകൊണ്ടോ അതോ ഉള്ളവർ ഉറക്കംവിട്ടുണരാത്തതുകൊണ്ടോ എന്നറിയില്ല ഏറെയാരുമുണ്ടയിരുന്നില്ല ആ കാഴ്ചക്ക് സാക്ഷികളായി. മുകളിലെ ബാൽക്കണിയിൽ ഡോക്ടറും അബ്ദുവുമുണ്ട്. ദത്തേട്ടൻ വീണ്ടും ഉറക്കത്തിലേക്ക് മടങ്ങിയിരുന്നു. മുകളിൽ നിന്ന് ഡോക്ടർ കൈകാട്ടി വിളിക്കുന്നുണ്ട്. ഞങ്ങൾ മുറിയിലേക്ക് മടങ്ങി. എത്രയും പെട്ടെന്ന് കുളികഴിഞ്ഞ് പ്രാതലിനെത്താൻ അജിന്റെ ഉത്തരവ് വന്നു. ഉറക്കത്തിൽ നിന്നു ദത്തേട്ടനെ വിളിച്ചുണർത്തി. 8 മണിക്കാണ് ഹെയ്‌ലിയിലെ തീൻപുര പ്രഭാതഭക്ഷണത്തിനായി തുറക്കുന്ന സമയം. താമസത്തിനൊപ്പം സൗജന്യമായുള്ള ബ്രേക്ക്ഫാസ്റ്റാണ്. അതിവിശിഷ്ഠമായ എത്യോപ്യൻ-പാശ്ചാത്ത്യ ഭക്ഷണ സമ്മിശ്രണമാണ് കാത്തിരിക്കുന്നതെന്ന് അജിൻ പറഞ്ഞു. അതിന് തന്നെ നമ്മളിവിടെ കൊടുത്ത പൈസയുടെ മൂല്യമുണ്ട്. കനത്ത ആക്രമണത്തിനായി തയ്യാറാകുക. ഇവിടെ നിന്നിറങ്ങിയാൽ ഇനി കോൻസോയിലെത്തിയിട്ടേ ഭക്ഷണമുള്ളൂ.
ഉത്തരവ് ശിരസ്സാവഹിച്ച് പ്രഭാതകൃത്യങ്ങൾ കഴിച്ച് ഞങ്ങൾ താഴേക്കിറങ്ങി. പ്രതീക്ഷിച്ചതുപോലെ അതിഭംഗീരമായ പ്രാതലാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്. ഉദയം കാണാൻ ആളു കുറവായിരുന്നെങ്കിലും ഭക്ഷണശാലയിലേക്ക് ആളുകളെത്തിക്കൊണ്ടിരുന്നു. ഒരു പൂർണ ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾക്ക് പുറമെ നിരവധിയായ എത്യോപ്യൻ- ആഫ്രിക്കൻ വിഭവങ്ങളും അവിടെ നിരന്നിരുന്നിരുന്നു. വിവിധങ്ങളായ മാംസരുചികൾ പലതരത്തിൽ പുഴുങ്ങിയെടുത്ത പച്ചക്കറികൾ ആഫ്രിക്കൻ കിഴങ്ങുവർഗങ്ങൾ പുതുമവിടാത്ത പഴവർഗങ്ങൾ എത്യോപ്യൻ സ്വാദുകൾ വൈറ്റ് ഹണിയുൾപ്പടെയുള്ള നിരവധിയായ ആഫ്രിക്കൻ തേൻ ശേഖരം. അങ്ങിനെയങ്ങിനെ ഒരു വലിയൊരു വിശിഷ്ടഭോജ്യശേഖരം ഭക്ഷണപ്രിയർക്കായി ഒരുങ്ങിയിരിപ്പുണ്ട് അവിടെ. അജിന്റെയും അബ്ദുവിന്റെയും മേൽനോട്ടത്തിലും ശിക്ഷണത്തിലും ആ ഭക്ഷ്യലോകത്തിലൂടെ കടന്നുപോകാനുള്ള ഒരു ശ്രമം ഞങ്ങൾ നടത്തി. പക്ഷെ ആ രുചികൾ പാതിപോലും അനുഭവിച്ചറിയുന്നതിന് മുൻപായി നിറഞ്ഞ വയറോടെ തോറ്റ് പിൻമടങ്ങേണ്ടി വന്നു. ഭക്ഷണ ശേഷം താമസിക്കാതെ ഹോട്ടലിൽ നിന്നിറങ്ങി. അടുത്ത സങ്കേതം കോൻസോയാണ്.
അതി സുന്ദരിയായ ഒരു എത്യോപ്യൻ വനിത ഹോട്ടലിൽ നിന്ന് പുറം ഗെയ്റ്റിനടുത്തേക്ക് നടന്നുപോകുന്നുണ്ട്. ആഫ്രിക്കൻ സ്ത്രീ പുരുഷ സൗന്ദര്യത്തിന്റെ മാനദണ്ഢം അതിന്റെ വന്യമായ ഉടലഴകാണ്. ആകൃതിയൊത്ത ഉടലളവുകൾ തികഞ്ഞ കനത്ത ശരീരമുള്ളവരാണ് അവരിലെ സുന്ദരന്മാരും സുന്ദരികളും. മറ്റ് ആഫ്രിക്കക്കാരിൽ നിന്ന് വ്യത്യസ്തമായി ചോക്ലേറ്റ് നിറമുള്ളവരാണ് എത്യോപ്യക്കാർ. വണ്ടി നിറുത്തി അബ്ദു അവരോടെന്തോ ചേദിച്ചു. പൊട്ടിച്ചിരിച്ചുകൊണ്ട് അവരെന്തോ മറുപടി പറഞ്ഞു. കുസൃതി നിറഞ്ഞ മുഖത്തോടെ ഒന്ന് തിരിഞ്ഞുനോക്കി വീണ്ടും വണ്ടിയെടുത്തു അബ്ദു. സ്ത്രീകളോടെന്നല്ല ആരോടും അപമര്യാദയായി പെരുമാറാത്ത ഒരാളാണ് അബ്ദു. നൂറ് ശതമാനം മാന്യനായ ഒരാൾ. എന്താകാം അബ്ദു അവരോട് സംസാരിച്ചതെന്ന ആകാംക്ഷ ഞങ്ങളിൽ നിറഞ്ഞു. ഞങ്ങളത് അജിനോട് ചോദിച്ചു. അതൊരു എത്യോപ്യൻ രഹസ്യമാണെന്ന് അബ്ദുവിനെനോക്കി പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ ഞങ്ങളോട് പറഞ്ഞു. അർബാമിഞ്ച് നഗരഹൃദയത്തിൽ നിന്ന് കോൻസോയിലേക്കുള്ള റോഡിലേക്ക് പ്രവേശിച്ച ലാൻഡ് ക്രൂയിസർ അപ്പോഴേക്കും അതിന്റെ ഗതിവേഗം കൈവരിച്ചിരുന്നു. മറ്റെല്ലാം മറന്ന് അബ്ദു ഡ്രൈവിങ്ങിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു....
എത്യോപ്യയുടെ ഇന്നലെകൾ
എത്യോപ്യയുടെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണ് റിഫ്റ്റ് വാലിയിലെ അബായ തടാക തടം. കറുത്ത മണ്ണും പച്ചപ്പുനിറഞ്ഞ കൃഷിയിടങ്ങളുമുള്ള ആ ഹരിതമോഹന ഭൂപ്രദേശത്തുകൂടിയാണ് അർബാമിഞ്ചിൽ നിന്നും കോൻസോയിലേക്കുള്ള പാത കടന്നുപോകുന്നത്. ആ വഴിയിലൂടെയാണ് അബ്ദുവിനും ഡോ. അജിനുമൊപ്പം ഞങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എത്യോപ്യയിലെ തനതായൊരു കാർഷിക ഗോത്രജീവിതം പുലരുന്ന സാംസ്‌ക്കാരിക ഭൂമികയാണ് കോൻസോ മലമടക്കുകൾ എന്ന് അജിൻ പറഞ്ഞിരുന്നു. ഇന്ത്യയെ പോലെ ഒരു രാജ്യത്തിനുള്ളിൽ തന്നെ നിരവധിയായ എത്രയോ സംസ്‌ക്കാരങ്ങൾ, ജീവിതരീതികൾ, ഭാഷകൾ. നിരവധിയായ ഉപദേശീയതകളുടെ ഒരു സമന്വയമാണ് എത്യോപ്യൻ ദേശീയതയും. 80 ഓളം ഉപദേശീയതകൾ ഇന്ത്യയുടെ മൂന്നിലെന്ന് വലുപ്പം വരുന്ന (1,104,300 ചതുരശ്രകിലോമീറ്റർ) ഈ രാജ്യത്തുണ്ടെന്നാണ് കണക്ക്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജൈവസമ്പത്തിലും സംസ്‌ക്കാരത്തിലും സാമൂഹ്യജീവിതത്തിലും മനുഷ്യപ്രകൃതിയിലുമൊക്കെ ഈ വൈവിധ്യം പ്രകടമാണ്. അതിദരിദ്രരായ ആളുകളും അതിസമ്പന്നരും ഇവിടെയുണ്ട്. ഇപ്പോഴും നഗ്നരായി ശരീരത്ത് പച്ചകുത്തി ജീവിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങളുള്ള ഈ രാജ്യത്ത് തന്നെയാണ് AD ആദ്യദശകങ്ങൾ മുതൽ കേന്ദ്രീകൃത രാജ്യഭരണവും നിലവിലുണ്ടായിരുന്നതെന്നത് ആശ്ചര്യകരമാണ്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ കോളനിവൽക്കരണത്തിന്റെ ഭാഗമായാണ് പാശ്ചാത്യ ക്രിസ്തുമതം കടന്നു വന്നതെങ്കിൽ ഇവിടത്തെ പൗരസ്ത്യക്രിസ്തുമതവിശ്വാസങ്ങൾക്ക് ആ മതത്തിന്റെ പ്രാരംഭകാലത്തോളം തന്നെ പഴക്കമുണ്ട്. ആഫ്രിക്കയിലെ താരതമ്യേന ശാന്തമായ പ്രദേശമാണ് എത്യോപ്യ. ഭുഖണ്ഡത്തിലെ മറ്റു രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കോളനിവൽക്കരണത്തിന് കീഴ്‌പ്പെടാതിരുന്ന ഏക ആഫ്രിക്കൻ രാജ്യം, അടിമസമ്പ്രദായം നിലവിലില്ലാതിരുന്ന രാജ്യം എന്നിങ്ങനെയുള്ള പ്രത്യേകതകളും കൂടിയുണ്ട് എത്യോപ്യക്ക്.
പൊള്ളിയ മുഖങ്ങളുടെ രാജ്യം എന്നാണ് എത്യോപ്യ എന്ന പദത്തിന്റെ അർത്ഥം. മനുഷ്യവംശത്തിന്റെ വികാസ പരിണാമങ്ങൾക്ക് സാക്ഷിയായ മണ്ണാണിത്. മൂന്ന് ദശലക്ഷം വർഷങ്ങൾക്കു മുൻപത്തെ ശിലായുധങ്ങൾ കണ്ടെടുക്കപ്പെട്ട പ്രദേശം. കണ്ടെടുക്കപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ഹോമോസാപിയൻസ് ഫോസിലുകൾ ലഭിച്ചത് ഇവിടെ നിന്നാണ്. അബിസീനിയ എന്നാണ് എത്യോപ്യയുടെ പഴയ പേര്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളിലൊന്നായാണ് എത്യോപ്യയെ കണക്കാക്കുന്നത്. ബിസി 980 ഓടെ ഒരു രാജ്യമായി എത്യോപ്യ വികസിച്ചു. മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിതമായ അക്‌സുമാണ് എത്യോപ്യയിലെ ആദ്യത്തെ സുസംഘടിത രാജ്യം. നാലാം നൂറ്റാണ്ടിൽ എസ്‌നാ രാജാവിന്റെ കീഴിൽ അത് വികസിച്ചു. പിന്നീട് അദ്ദേഹം ക്രിസ്തുമതത്തിലേക്ക് കടന്നുവരികയും മുഴുവൻ രാജ്യത്തേയും അതിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്തു. അങ്ങിനെ എത്യോപ്യയിൽ ക്രിസ്തുമതം പ്രബലമായി. തുടർന്ന് യഹൂദമതവും പിന്നീട് ഇസ്‌ലാമും എത്യോപ്യയിലേക്ക് കടന്നു വരുന്നുണ്ട്. എത്യോപ്യൻ രാജ്യകുടുംബ വംശാവലി ബൈബിളിൽ പരാമർശിക്കുന്ന സോളമൻ രാജാവിൽ നിന്നും ഷേബാ രാജ്ഞിയിൽ നിന്നുമാണ് തുടങ്ങുന്നതെന്ന് എത്യോപ്യക്കാർ വിശ്വസിക്കുന്നു. സോളമൻ-ഷേബ ബന്ധത്തിൽ പിറന്ന മെൻലിക്കിന്റെ പിൻഗാമികളാണത്ര എത്യോപ്യൻ ചക്രവർത്തിമാർ. നിരവധിയായ ഉൾപിരിവുകളും പോരുകളും നൂറ്റാണ്ടുകൾ നീണ്ടു നിന്ന അധികാരത്തർക്കങ്ങളുമൊക്കെ രാജ പരമ്പരയിൽ നിലനിന്നിരുന്നു. കൃത്യമായ ഒരു വംശത്തിന്റെ ദായ പ്രകാരമുള്ള തുടർച്ച എത്യോപ്യൻ രാജവംശത്തിലും സംഭവിച്ചിട്ടില്ലെങ്കിലും നിർമ്മിച്ചെടുത്ത വംശാവലി രേഖകളിലൂടെ ഈ കുലമഹിമവാദങ്ങളെ സ്ഥാപിക്കാൻ എല്ലാ കാലത്തും ശ്രമിച്ചിരുന്നു എതോപ്യൻ ഭരണവർഗം. എത്യോപ്യൻ ഓർത്തഡോക്‌സ് സഭയുടെ പിന്തുണയും ഇതിനവർക്കുണ്ടായിരുന്നു.
15-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പൗരാണിക ക്രസ്തുമത ചരിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ പരാമർശിക്കപ്പെട്ട ഈ രാജ്യത്തെ തേടി പോർച്ചുഗീസുകാരെത്തുന്നതോടെയാണ് എത്യോപ്യ പുറംലോകവുമായുള്ള ബന്ധങ്ങൾ പുനരാരംഭിക്കുന്നത്
ഏഴാം നൂറ്റാണ്ടോടു കൂടി പുറം ലോകവുമായുള്ള ബന്ധങ്ങൾ ക്രമേണ കുറഞ്ഞ് പിന്നീട് ശതാബ്ദങ്ങളോളം പുറംലോകത്തുനിന്നും ഒറ്റപ്പെട്ടു കിടന്നു എത്യോപ്യ. ഇസ്‌ലാം വ്യാപനത്തിന്റെ ഈ കാലത്ത് ഈജിപ്ത് പോലുള്ള പൗരസ്ത്യക്രിസ്ത്യൻ കേന്ദ്രങ്ങൾ ഇസ്‌ലാമിന് കീഴടങ്ങിയതോടെ സംഭവിച്ച മതപരമായ ഒറ്റപെടലായിരുന്നു ഇതിന്റെ പ്രധാന കാരണം. എത്യോപ്യയിലും ഇത് ഇസ്‌ലാം
വ്യാപനത്തിന്റെ കാലമായിരുന്നു. പിന്നീട് 15-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പൗരാണിക ക്രസ്തുമത ചരിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ പരാമർശിക്കപ്പെട്ട ഈ രാജ്യത്തെ തേടി പോർച്ചുഗീസുകാരെത്തുന്നതോടെയാണ് എത്യോപ്യ പുറംലോകവുമായുള്ള ബന്ധങ്ങൾ പുനരാരംഭിക്കുന്നത്. ഓട്ടോമാൻ മുസ്‌ലിം
സാമ്രാജ്യത്തിനെതിരായ വിശുദ്ധയുദ്ധത്തിൽ ഈ പുരാതന ക്രൈസ്തവ രാജ്യത്തെ സംഖ്യകക്ഷിയാക്കാമെന്ന പ്രതീക്ഷ കൂടിയുണ്ടായിരുന്നു പോർട്ടുഗലിന്. പുതിയ സംഖ്യത്തിൽ ഭാഗമായെങ്കിലും ഓട്ടോമാൻ ഭരണാധികാരികളിൽ നിന്ന് കനത്ത തിരിച്ചടികൾ നേരിടേണ്ടി വന്നു എത്യോപ്യക്ക്. ഒടുവിൽ 1541 ൽ വാസകോഡഗാമയുടെ മകനായ ക്രിസ്റ്റഫർ ഡ ഗാമയാണ് മുസ്‌ലിം
ഭരണാധികാരികളുമായുള്ള യുദ്ധത്തിൽ എത്യോപ്യയെ സഹായിക്കാനെത്തുന്നത്. ക്രിസ്റ്റഫർ ഗാമ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടെങ്കിലും പോർട്ടുഗീസ് സഹായത്തോടെ എത്യോപ്യൻ സൈന്യം നവീകരിക്കപ്പെടുകയും 1543ൽ സമ്പൂർണ്ണ വിജയം നേടുകയും ചെയ്തു.
എത്യോപ്യൻ ഓർത്തഡോക്‌സ് വിശ്വാസത്തിന് മുകളിൽ കാത്തോലിക്കാ വിശ്വാസം അടിച്ചേൽപ്പിക്കാനാണ് പിന്നീട് പോർട്ടുഗൽ ശ്രമിച്ചത്. ജെസ്യൂട്ട് പാതിരിമാരും പോർട്ടുഗീസുകാർക്കൊപ്പം ചേർന്നു. മതപരമായ ഈ ഇടപെടലുകൾ രാജ്യത്തെ സംഘർഷങ്ങളിലേക്ക് നയിച്ചു. എത്യോപ്യൻ ഓർത്തഡോക്‌സ് സഭ ഈ നീക്കങ്ങളെ ശക്തമായി എതിർത്തു. ഒടുവിൽ 1633ൽ ഓർത്തഡോക്‌സ് സഭയുടെ പ്രേരണക്ക് വഴങ്ങി ചക്രവർത്തി പോർട്ടുഗീസുകാരെയും ജസ്യൂട്ടുകളെയും രാജ്യത്ത് നിന്ന് പുറത്താക്കി. 150 വർഷത്തോളം എത്യോപ്യ യൂറോപ്പുമായി പൂർണ്ണമായും അകന്നു നിന്നു. ഇക്കാലത്താണ് എത്യോപ്യ അതിന്റെ സൈനികശക്തി വർധിപ്പിക്കുന്നതും കോട്ടകളും കൊട്ടാരങ്ങളും പണിയുന്നതും "ഗോണ്ടർ' തലസ്ഥാനനഗരമാക്കുന്നതും. 18ാം നൂറ്റാണ്ടോടെ ചക്രവർത്തിയുടെ ശക്തി ക്ഷയിക്കുകയും ഫ്യൂഡൽ പ്രഭുക്കൾ പ്രബലരാകുകയും ചെയ്തു.
1769 ൽ ബ്രിട്ടീഷ് സഞ്ചാരിയായ ജെയിംസ് ബ്രൂസ് എത്യോപ്യയിലെത്തി നൈൽ നദിയുടെ തുടക്കം കണ്ടു പിടിക്കാൻ ശ്രമിക്കുന്നുണ്ട്. 1855ൽ എത്യോപ്യൻ സൈനികനേതാവായ "തിയോഡ്രോസ്' ചക്രവർത്തിയെ നിഷ്‌കാസിതനാക്കി സിംഹാസനം പിടിച്ചെടുക്കുകയും ഫ്യൂഡൽ പ്രഭുക്കളെ അടിച്ചമർത്തി വീണ്ടും കേന്ദ്രീകൃതഭരണം ശക്തമാക്കുകയും ചെയ്തു. കച്ചവടത്തിനായും പര്യവേഷണങ്ങൾക്കായും രാജ്യത്തെത്തിയ ഇംഗ്ലീഷുകാരുമായുള്ള സംഘർഷങ്ങൾ യുദ്ധത്തിലേക്ക് വഴിമാറുന്നത് അക്കാലത്ത്. ബ്രിട്ടീഷുകാർക്കെതിരെ നിർണ്ണായക വിജയങ്ങൾ നേടി എത്യോപ്യൻ സഭ. 1867 ൽ ബ്രിട്ടൻ ജനറൽ റോബർട്ട് നേപ്പിയറുടെ നേതൃത്വത്തിൽ എത്യോപ്യയിലേക്ക് സൈന്യത്തെ അയക്കുകയും 1868ൽ ബ്രിട്ടീഷുസൈന്യം വിജയിക്കുകയും ചെയ്യുന്നു. പരാജയഭീതിയാൽ തിയോഡ്രോസ് സ്വയം വെടിവെച്ച് മരിച്ചിരുന്നു. ഈ യുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ച ജോഹന്നാസ് നാലാമനാണ് തുടർന്ന് എത്യോപ്യയുടെ ഭരണാധികാരിയായി മാറുന്നത്.
1869 ൽ സൂയസ് കനാൽ തുറന്നതോടെ മെഡിറ്ററേനിയൻ തീരത്തു നിന്ന് ചെങ്കടൽ തീരത്തേക്ക് കോളനിമോഹങ്ങളുമായി യൂറോപ്യന്മാരെത്തി തുടങ്ങി. എത്യോപ്യക്ക് മുകളിൽ കണ്ണുവെച്ചത് ഇറ്റലിയായിരുന്നു. 1872 ൽ അസബ് തുറമുഖവും 1885 ൽ മസാവയും പിടിച്ചെടുത്തു ഇറ്റലി. ശേഷം എത്യോപ്യയുടെ ഉൾപ്രദേശങ്ങളിലേക്ക് മുന്നേറിയ ഇറ്റലിക്കാരെ 1887 ജനുവരിയിൽ എത്യോപ്യൻ സൈന്യം ദൊഗാലി പട്ടണത്തിൽ വെച്ച് കീഴ്‌പ്പെടുത്തി. 1889 ൽ എത്യോപ്യൻ ചക്രവർത്തിയായി ഷോഹ മെനലിക് സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് ഇറ്റലിയും എത്യോപ്യയും തമ്മിൽ ഒരു ഉടമ്പടി ഒപ്പുവെച്ചു. അതിന് പുറകിൽ ഒരു ചതി ഒളിപ്പിച്ചുവെച്ചിരുന്നു ഇറ്റലി. അമാരിക്ക് ഭാഷയിൽ എഴുതിയ യഥാർത്ഥ കരാറിൽ നിന്ന് വ്യത്യസ്തമായിരുന്നു അതിന്റെ ഇറ്റാലിയൻ പതിപ്പ്. അതനുസരിച്ച് എത്യോപ്യ ഇറ്റലിയുടെ സംരക്ഷണ കേന്ദ്രമാണ്. അതിന്റെ മറവിൽ എത്യോപ്യയിൽ വീണ്ടും ഇടപെടാൻ തുടങ്ങി ഇറ്റലി. 1895-ൽ ഇറ്റലിയും എത്യോപ്യയും തമ്മിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒരു വർഷത്തിനുശേഷം ഇറ്റാലിയൻ സൈന്യം കനത്ത തോൽവി ഏറ്റുവാങ്ങി. എത്യോപ്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാൻ ഇറ്റലി നിർബന്ധിതമായി. മെനലിക് രണ്ടാമൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ നേടിയ ഈ യുദ്ധവിജയം ഇന്നും അഭിമാനത്തോടെ ഓർക്കുന്നവരാണ് എത്യോപ്യക്കാർ.
ഹെയ്‌ലി സെലാസിയുടെ രാജഭരണം
ഇരുപതാം നൂറ്റാണ്ടിൽ മെനലിക് ചക്രവർത്തിക്ക് ശേഷം നടന്ന അധികാര വടംവലികളുടെ അവസാനം 1916 മുതൽ യുവരാജാവും പിന്നീട് രാജാവുമായിരുന്ന ഹെയ്‌ലി സെലാസി എത്യോപ്യൻ ചക്രവർത്തിയായി സ്ഥാനം ഏറ്റെടുത്തു. ആധുനിക എത്യോപ്യയുടെ പിതാവ് ഹെയ്‌ലി സെലാസിയാണ്. സെലാസിയുടെ കാലത്താണ് ഇറ്റലി ഒരിക്കൽ കൂടി എത്യോപ്യയിൽ അധിനിവേശം നടത്തുന്നത്. 1936ൽ ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകാലത്ത്. 1939ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി ഇറ്റലിയെ 1941ൽ ബ്രിട്ടൻ എത്യോപ്യയിൽ നിന്നും പുറംതള്ളി. തുടർന്ന് ലോകമഹായുദ്ധാനന്തരവും എത്യോപ്യയിൽ ഹെയ്‌ലി സെലാസിയുടെ രാജഭരണം തുടർന്നു. പാൻ ആഫ്രിക്കൻ സങ്കൽപ്പത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു ഹെയ്‌ലി സെലാസി. എത്യോപ്യക്ക് പുറത്ത് ആഫ്രിക്കക്കൊട്ടാകെ സ്വീകാര്യനായ നേതാവ്. അന്തർ ദേശീയ വേദികളിൽ അദ്ദേഹത്തിന്റെ ശബ്ദത്തിന് കാതോർത്തു ലോകം.
രണ്ടാം ലോകമഹായുദ്ധം പല ആഫ്രിക്കൻ രാജ്യങ്ങളിലെയും കോളനിഭരണത്തിന് അറുതി വരുത്തിയിരുന്നു. ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും വഴിയിൽ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു പല രാജ്യങ്ങളും. അതിന്റെ അലയൊലികൾ രാജ്യത്തുമെത്തിയിരുന്നെങ്കിലും ചക്രവർത്തിയുടെ ജനസമ്മതിയെ തകർക്കാൻ അതിനൊന്നിനുമായില്ല. പക്ഷെ 1970കളുടെ തുടക്കത്തിലെ കനത്ത ക്ഷാമം എത്യോപ്യയിലെങ്ങും അസംതൃപ്തിയും സംഘർഷങ്ങളും വളർത്തി. അതിനെ മറികടക്കാനായി 1974ൽ നടത്തിയ ചില സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങൾ ഈ അസംതൃപ്തി രൂക്ഷമാകാനാണ് സഹായിച്ചത്. ഒരു കാലത്ത് എത്യോപ്യക്കാർക്ക് ദൈവതുല്യനായ ചക്രവർത്തിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. കൊട്ടാരവുമായി ബന്ധപ്പെട്ട ഒരു ഉപജാപകവൃന്ദം ചക്രവർത്തിയുടെ തീരുമാനങ്ങളെ വരെ സ്വാധീനിക്കാവുന്ന തരത്തിൽ വളർന്നു വന്നിരുന്നു അതിന് മുൻപേ തന്നെ. പല മന്ത്രിമാരും വകുപ്പു തലവൻമാരും സൈനികമേധാവികളും അഴിമതിക്കാരായിരുന്നു. മേലേത്തട്ടിൽ നില നിന്നിരുന്ന ധൂർത്തും സുഖലോലുപതയും ആഢംബര ജീവിതവും രാജഭരണത്തെ ജനങ്ങളിൽ നിന്നകറ്റിയിരുന്നു. ചക്രവർത്തി ഇവർക്കിടയിൽ നിസ്സഹായനായിരുന്നു. ജനരോഷം താമസിക്കാതെ കൊട്ടാരത്തിനു നേരെ തിരിഞ്ഞു.
1974ൽ തന്നെ സൈനിക നേതൃത്വത്തിലെ ചിലരുടെ മുൻകൈയ്യിൽ അട്ടിമറി നടക്കുകയും ദെർഗ് (Derg, Provisional Military Government of Socialist Ethiopia) എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കമാകുയും ചെയ്തു. ആദ്യം സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സെലാസി പിന്നീട് കൊല്ലപ്പെട്ടു. സോവിയറ്റ് യൂണിയനും ക്യൂബയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ഇടതുഗവൺമെന്റിന് പൂർണ്ണ പിന്തുണ നൽകി. എതിരാളികളെയും വിമതശബ്ദങ്ങളെയും ക്രൂരമായി അടിച്ചമർത്തിയ ചുവപ്പ് ഭീകരത (Red Terror) എന്നറിയപ്പെടുന്ന കാലമാണ് പിന്നീട് എത്യോപ്യ കണ്ടത്. ലക്ഷകണക്കിന് പേരാണ് ഇക്കാലത്ത് കൊല്ലപ്പെട്ടത്.
1977 മുതൽ 1987 വരെ എത്യോപ്യൻ രാഷ്ട്ര തലവനും, ദെർഗ് ചെയർമാനും തുടർന്ന് 1987 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് എത്യോപ്യയുടെ ( People's Democratic Republic of Ethiopia) യുടെ പ്രഥമ പ്രസിഡന്റുമായ മെങ്കിസ്റ്റോ ഹെയലീ മറിയമാണ് ഈ കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയത്. 1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ കാലത്ത് എത്യോപ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണവും തകർത്തെറിയപ്പെട്ടു. ഇ പി ആർ ഡി എഫ് (Ethiopian People's Revolutionary Democratic Front) സായുധ പോരാളികൾ വിജയം നേടിയതോടെ മെങ്കിസ്റ്റോയും അടുത്ത അനുയായികളും സിംബാബ്വേയിൽ രാഷ്ട്രീയ അഭയം തേടി. 1991 മെയ് മാസത്തിൽ നടന്ന ഈ അട്ടിമറിക്ക് ശേഷം അധികാരത്തിൽ വന്നത് വിമതഗ്രൂപ്പുകളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന മെലസ് സെനാവിയായിരുന്നു. മെലസ് എത്യോപ്യയെ ജനാധിപത്യത്തിലേക്ക് കൈപിടിച്ച് നടത്തി. ആദ്യം എത്യോപ്യയുടെ പ്രസിഡന്റും പിന്നീട് 1994 ൽ ഭരണഘടന അംഗീകരിച്ച് റിപ്പബ്ലിക്കായതിന് ശേഷം പ്രധാനമന്ത്രിയുമായി മെലസ്. തുടർന്നിങ്ങോട്ട് ഇതൊരു ജനാധിപത്യരാജ്യമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വീണ്ടും പലവട്ടം ക്ഷാമവും യുദ്ധവും വംശീയസംഘർഷങ്ങളുമൊക്കെ ചേർന്ന് ഞെരിച്ചമർത്തിയെങ്കിലും ഇന്നും എത്യോപ്യ അനുശീലിക്കുന്നത് ജനാധിപത്യം തന്നെയാണ്. അതു തന്നെയാണ് മറ്റാഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്യോപ്യയെ വ്യത്യസ്തമാക്കുന്നതും.
ഇന്ന് ആഫ്രിക്കയിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് എത്യോപ്യയുടേത്. ആ എത്യോപ്യയിലൂടെയാണ് ഞങ്ങൾ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ആ മാറ്റങ്ങൾ കൂടി കണ്ടുകൊണ്ട്. അറിഞ്ഞു കൊണ്ട്. ▮
(തുടരും)