ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ബസാറായ മെർക്കാറ്റോ മാർക്കറ്റ്. 1896ൽ ഇറ്റലിയ്‌ക്കെതിരായ യുദ്ധവിജയത്തിന്റെ ഓർമയ്ക്ക് മെനലിക് ചക്രവർത്തി സ്ഥാപിച്ചതാണ് ഈ മാർക്കറ്റ്.

ഇനിയും വരാം, പുതുയുഗത്തിലെ എത്യോപ്യയിലേക്ക്

എത്യോപ്യൻ യാത്ര-9

​​​​​​​മനുഷ്യൻ പിറന്ന മാനവകുലത്തിന്റെ വികാസപരിണാമത്തിലെ പല ഏടുകൾക്കും സാക്ഷിയായ ഈ മണ്ണിനെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇപ്പോൾ.

ത്യോപ്യൻ മണ്ണിൽ ഇത് അഞ്ചാം ദിവസമാണ്.
വൈവിധ്യമായ ഭൂഭാഗങ്ങളിലൂടെ, വ്യത്യസ്തമായ ജീവിതങ്ങളിലൂടെ, വിഭിന്നമായ കാഴ്ചകളിലൂടെ കടന്നുപോയ ഒരു യാത്രയാണ് അവസാനഘട്ടത്തിലേക്കെത്തുന്നത്. അബിജാട്ടാ-ഷാലാ നാഷണൽ പാർക്കിൽ നിന്ന് അതിദുർഘടമായ വഴിതാണ്ടി പുറത്തെത്തിയപ്പോൾ പകുതി ആശ്വാസമായി എല്ലാവർക്കും. ഗാർഡിനെ ഓഫീസിലിറക്കി യാത്രപറഞ്ഞിറങ്ങി. വണ്ടി ഹൈവേയിലെത്തിയതോടെ ചെറു മയക്കത്തിനുള്ള തയ്യാറെടുപ്പിലായി ഞങ്ങൾ. വെളിച്ചം പരക്കും മുമ്പേ അവാസയിൽ നിന്ന് പുറപ്പെട്ടതാണ്. അബിജാട്ടാ-ഷാലാ ദേശീയോദ്യാനത്തിലെ മനോഹരമായൊരു പുലരിയും കാഴ്ചകളും കണ്ട് കുന്നും മേടും കയറിയിറങ്ങി തളർന്നിരുന്നു എല്ലാവരും. നല്ല വിശപ്പുമുണ്ട്. A7 റോഡിലൂടെ ആഡിസ് അബാബ ലക്ഷ്യമാക്കി കുതിക്കുകയാണ് ഡോക്ടറുടെ ലാൻഡ് ക്രൂയിസർ. അർബാമിഞ്ചിൽ നിന്ന് അബിജട്ട- ഷാലാ ദേശീയ ഉദ്യാനത്തിനുമുന്നിലൂടെ മോജോവിലെത്തുന്ന പ്രധാനപാതയാണ് A7 റോഡ്. മോജോവിൽ വെച്ച് അത് ആഡിസ് അബാബ - എത്യോപ്യ റോഡായ A1 ൽ ചേരും. എത്യോപ്യൻ റോഡ് വ്യവസ്ഥ പ്രകാരം ട്രങ്ക് റോഡുകളെയാണ് A എന്ന പദം സൂചിപ്പിക്കുന്നത്. B ലിങ്ക് റോഡുകളും C ആക്സസ് റോഡുകളും D കളക്ടർ റോഡുകളും E ഫീഡർ റോഡുകളുമാണ്.

ആഡിസ് ആബാബ
ആഡിസ് ആബാബ

സമയത്തിന് ഞങ്ങളെ എയർപോർട്ടിലെത്തിക്കാനാകില്ലേ എന്ന ടെൻഷൻ അപ്പോഴും ഡോക്ടറിൽ നിന്ന് വിട്ടുപിരിഞ്ഞിട്ടില്ല. മണിക്കൂറുകളേറെ ബാക്കിയുണ്ടല്ലോ എന്ന ജോയേട്ടന്റെ ചോദ്യത്തിന് വാരാന്ത്യത്തിലെ ആഡിസ് അബാബയുടെ തെരുവുകളെപറ്റി നിങ്ങൾക്കൊന്നുമറിയില്ലെന്ന് തെല്ലൊരു ഈർഷ്യയോടെ മറുപടി കൊടുക്കുന്നു ഡോ. അജിൻ. മോജോവിലെത്തിയാൽ ആഡിസ് അബാബയിലേക്ക് എക്​സ്​പ്രസ് വേയുണ്ട് മോശമല്ലാത്ത ടോളാണ് എങ്കിലും ആ വഴി തന്നെ പോകാം എന്ന് ഡോക്ടർ പറഞ്ഞു. ചൈനീസ് സഹായത്തോടെ 2014ലാണ് ഈ എക്​സ്​പ്രസ് ഹൈവേ പ്രവർത്തനക്ഷമമായത്.

എത്യോപ്യ ഉൾപ്പടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവിപുലമായ അടിസ്ഥാനസൗകര്യവികസനങ്ങളാണ് ചൈനീസ് സഹായത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. കൃത്യവും ദീർഘവുമായ രാഷ്ട്രീയ- വാണിജ്യ താൽപര്യങ്ങളുമുണ്ട് ഈ ചൈനീസ് സഹായത്തിനു പുറകിൽ. സാമ്പത്തിക ആശ്രിതത്വത്തിന്റെ ഈ ചൈനീസ് നീരാളിപ്പിടുത്തം ആഫ്രിക്കൻ വൻകരയിൽ മാത്രം ഒതുങ്ങുന്നില്ല. മിക്ക ഏഷ്യൻ രാജ്യങ്ങളിലും ചൈനീസ് ഡ്രാഗൺ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. എഷ്യൻ, ലാറ്റിനമേരിക്കൻ തുടങ്ങി ചില യൂറോപ്യൻ രാജ്യങ്ങളിൽ വരെ ചൈനയുടെ നിശ്ശബ്ദ സാമ്പത്തിക അധിനിവേശം നടന്നുകൊണ്ടിരിക്കുന്നുണ്ട്.

സിവേയിലെ ഭക്ഷണശാല
സിവേയിലെ ഭക്ഷണശാല

വഴിയിൽ സിവേ എന്ന ചെറിയൊരു നഗരത്തിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. എത്യോപ്യൻ റിഫ്റ്റ് വാലിയിലെ പ്രധാന ശുദ്ധജലതടാകങ്ങളിലൊന്നായ (440 ചതുരശ്ര കിലോമീറ്റർ) സിവേ തടാകത്തോടുചർന്ന് രൂപം കൊണ്ട നഗരമാണിത്. കൃഷിയും മത്സ്യബന്ധനവും അലങ്കാര പൂ കൃഷിയുമൊക്കെയായി താരതമ്യേന സമ്പന്നമായ ഒരു ഇടത്തരം എത്യോപ്യൻ നഗരം. വഴിയാത്രികർക്ക് മികച്ച ഭക്ഷണശാലകളും താമസസ്ഥലികളും ഈ നഗരത്തിലെ വഴിയോരത്തെമ്പാടുമുണ്ട്. സായ് എന്ന തനതായ ഒരു വംശീയ വിഭാഗം അതിവസിക്കുന്നത് ഈ തടാകക്കരയിലാണ്. മുസ്‌ലിം സോമാലി രാജവംശമായ അഡാൽ സുൽത്താനേറ്റിലെ അഹമ്മദ് ഇബ്നു ഇബ്രാഹിം അൽ-ഗാസി 16-ാം നൂറ്റാണ്ടിൽ എത്യോപ്യയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങൾ പിടിച്ചടക്കിയപ്പോൾ ക്രിസ്തുമതവിശ്വാസികളായ സായികൾ അവരുടെ വിശ്വാസപ്രമാണങ്ങൾക്കൊപ്പം അഭയം തേടിയത് വിജനമായ ഈ തടാക തീരങ്ങളിലാണ്. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ എത്യോപ്യൻ ചക്രവർത്തി മെനലിക് രണ്ടാമൻ ഈ പ്രദേശങ്ങൾ തിരിച്ചു പിടിച്ചപ്പോഴാണ് അവർ വീണ്ടും പുറംലോകത്തേക്കെത്തുന്നത്. അവരിൽ നിന്നാണ് എത്യോപ്യയിലെ പല പുരാതന ക്രൈസ്തവ കൈയ്യെഴുത്തു പുസ്തകങ്ങളും കണ്ടെടുത്തത്.

ആഡിസ് അബാബയിൽ വിമാനമിറങ്ങുന്നതിന് മുമ്പായി താഴേക്ക് നോക്കിയാൽ വെട്ടിത്തിളങ്ങുന്ന നിരവധി കണ്ണാടികളാണ് ദൃശ്യമാകുക. കൂരകളുടെ തകര മേൽപ്പുരകളാണ് പകൽ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്നത്. മനുഷ്യർ പുഴുക്കളെപ്പോലെ കഴിയുന്ന ആഫ്രിക്കയിലെ തന്നെ വലിയൊരു ചേരിപ്രദേശമാണ് ആ ടിൻഷീറ്റ് കൂരകൾക്കുതാഴെ പരന്നുകിടക്കുന്നത്.

എത്യോപ്യയിലെ പ്രധാന പുഷ്പകൃഷി മേഖലകളിലൊന്നുകൂടിയാണ് സിവേയും പരിസരപ്രദേശങ്ങളും. ആഫ്രിക്കൻ രാജ്യങ്ങളിൽ കെനിയ കഴിഞ്ഞാൽ ഏറ്റവും വലിയ പുഷ്പ ഉൽപാദനരാജ്യം എത്യോപ്യയാണ്. എത്യോപ്യക്ക് വൻതോതിൽ വിദേശനാണ്യം നേടിത്തരുന്ന ഒന്നായി പുഷ്പ കയറ്റുമതി മാറിയിട്ടുണ്ട്. നിരവധി ആഭ്യന്തര- വിദേശ സംരംഭകർ ഈ മേഖലയിൽ മുതൽ മുടക്കിയിട്ടുണ്ട്. ഒട്ടനവധി മലയാളി സംരംഭകരും എത്യോപ്യയിൽ ഭൂമി പാട്ടത്തിനെടുത്ത് പൂ കൃഷി നടത്തുന്നുണ്ട്. ഫ്ളോറൽ ഫ്ളവേഴ്സ് എന്ന യു.എ.ഇയിലെ പ്രധാന അലങ്കാരപുഷ്പ വിതരണ കമ്പനിയുടെ ഉടമയായ നരേഷ് കോവിൽ അവിടത്തെ ചില കൃഷിക്കാരുടെയും കച്ചവടക്കാരുടെയും ഫോൺ നമ്പറുകൾ ഞങ്ങൾക്ക് തന്നിരുന്നെങ്കിലും അവരെ കാണാനോ തോട്ടങ്ങൾ സന്ദർശിക്കാനോ കഴിഞ്ഞില്ല. ഇനിയാകട്ടെ സമയം ശേഷിക്കുന്നുമില്ല.

ഭക്ഷണശാലയിൽ മോശമില്ലാത്ത തിരക്കുണ്ട്. തുറന്ന ഒരു സ്ഥലത്ത് പരമ്പരാഗത എത്യോപ്യൻ വേഷമണിഞ്ഞ ഒരു യുവതി കാപ്പിക്കുരു വറുത്ത് ബുന്ന തയ്യാറാക്കുന്നു. തുറന്ന ആ തീൻപുരയുടെ ഒരു വശത്ത് കണ്ണാടിക്കൂട്ടിൽ മാട്ടിറച്ചി കെട്ടിത്തൂക്കിയിട്ടുണ്ട്. അവിടെനിന്ന് പാചകമുറിയിലേക്ക് ആവശ്യാനുസരണം കൊണ്ടുപോയി ചൂടോടെ തയ്യാറാക്കിയെടുക്കുകയാണ് മാംസവിഭവങ്ങൾ. പഴച്ചാറും ഇഞ്ചിറയും ബുന്നയും കാളയിറച്ചിയും ചില പച്ചക്കറി വിഭവങ്ങളുമൊക്കെ കഴിച്ച് താമസിക്കാതെ ഞങ്ങളവിടെനിന്നിറങ്ങി. വണ്ടി മോജോവിലെത്തി, എക്​സ്​പ്രസ് വേയിൽ പ്രവേശിച്ചു. ഓരോ വശത്തേക്കും മൂന്നുവരികളിലായി നടുവിൽ ഡിവൈഡറുകളോടുകൂടിയ സുന്ദരൻ പാത. കാര്യമായ തിരക്കില്ല. വശങ്ങളിൽ മരങ്ങളും ഡിവൈഡറിൽ പുല്ലും പൂച്ചെടികളും പരിപാലിക്കുന്നുണ്ട്.

ആഡിസ് അബാബയിലേക്കുള്ള എക്​സ്​പ്രസ് വേ
ആഡിസ് അബാബയിലേക്കുള്ള എക്​സ്​പ്രസ് വേ

നഗരത്തിരക്കുകളിൽ നിന്ന് മാറി മനോഹരമായ എത്യോപ്യൻ പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. വശങ്ങളിൽ നിന്ന് പാതയിലേക്കുള്ള പ്രവേശനം അസാധ്യമായതുകൊണ്ട് കച്ചവടസ്ഥാപനങ്ങളോ മറ്റു നിർമിതികളോ കാഴ്ചയെ മറച്ച് പാതയോരത്ത് ഉയർന്നുവന്നിട്ടില്ല. ആഡിസ് അബാബ മുതൽ മോജോവിലെ അഡാമ വരെ 6 85 കിലോമീറ്ററാണ് പാതയുടെ നീളം. 43 ശതമാനമാണ് സർക്കാർ മുതൽമുടക്ക്. ബാക്കി 57 ശതമാനം ചൈനീസ് വായ്പയാണ്. ചൈന കമ്യൂണിക്കേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. ചൈനീസ് ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്യക്ഷമതക്കും നിർമാണ മികവിനും പേരുകേട്ട ഈ കമ്പനി. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അളവുകോൽ വെച്ച് ഇതിനെ അളക്കാനാകില്ല എന്ന് ആദ്യം മനസിലായത് ബഹ്റൈനിൽ ജോലി ചെയ്യുമ്പോഴാണ്. അന്ന് നിർമാണത്തിലിരുന്ന ഷെല്ലാക്ക് റിസോർട്ട് എന്ന കൂറ്റൻ ആഡംബര ഹോട്ടലിന്റെ പ്രധാന കരാറുകാരായിരുന്നു ഈ കമ്പനി. ഞാൻ ജോലി ചെയ്തിരുന്ന കമ്പനി അതിന്റെ ഉപകരാറുകാരും. ഇന്ന് ലോകത്തിന്റെ പല ഭാഗത്തുമായി ചൈനീസ് സാമ്പത്തിക സഹായത്തോടെയും അല്ലാതെയും നടക്കുന്ന പല നിർമാണങ്ങളുടേയും കരാർ ജോലി നടത്തുന്നത് ഈ നിർമാണക്കമ്പനിയാണ്. മൊഡ്ജോ മുതൽ ഹവാസ വരെയുള്ള എക്സ്പ്രസ് വേയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനം നടന്നുവരികയാണിപ്പോൾ.

തെരുവോരങ്ങളിലെ കച്ചവടം, യാതൊരു ട്രാഫിക്ക് മര്യാദകൾക്കും വഴിപ്പെടാത്ത ഡ്രൈവർമാർ, വാഹനങ്ങളെ ഒട്ടും കൂസാതെ നടന്നുനീങ്ങുന്ന കാൽനട യാത്രികർ, സ്വതന്ത്രമായി അലയുന്ന കന്നുകാലികളും നായ്ക്കളും. ആഡിസിന്റെ ചില വഴികളിങ്ങനെയാണ്.

ആഡിസ് അബാബ അടുക്കുന്നതോടെ പുതിയ കുറേ നിർമിതികൾ കണ്ടുതുടങ്ങി. അപ്പാർട്ട്മെന്റ് സമുച്ചയങ്ങളാണ്. അതും ചൈനീസ് സഹായത്തോടെ തന്നെ നിർമിക്കുന്നവ. വലിയൊരു ടൗൺഷിപ്പാണ് അവിടെ വളർന്നുവരുന്നത്. കിലോമീറ്ററുകളോളം നീളത്തിൽ ഇടവേളകളോടെ കാണുന്നത് ഈ കാഴ്ചയാണ്. എത്യോപ്യയുടെ മുഖം മാറിക്കൊണ്ടിരിക്കുകയാണ്. ആഡിസ് അബാബയിൽ വിമാനമിറങ്ങുന്നതിന് മുമ്പായി താഴേക്ക് നോക്കിയാൽ വെട്ടിത്തിളങ്ങുന്ന നിരവധി കണ്ണാടികളാണ് ദൃശ്യമാകുക. വിമാനം വീണ്ടും താഴേക്കടുക്കുമ്പോഴാണ് ആ വെളിച്ചത്തിനു പുറകിലെ രഹസ്യം വെളിവാകുക. ആഡിസ് അബാബയിലെ കൂരകളുടെ തകര മേൽപ്പുരകളാണ് പകൽ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്നത്. മനുഷ്യർ പുഴുക്കളെപ്പോലെ കഴിയുന്ന ആഫ്രിക്കയിലെ തന്നെ വലിയൊരു ചേരിപ്രദേശമാണ് ആ ടിൻഷീറ്റ് കൂരകൾക്കുതാഴെ പരന്നുകിടക്കുന്നത്. കുറച്ച് മുന്നോട്ടു പോയതോടെ വണ്ടി ചില പ്രശ്നങ്ങൾ കാണിച്ചു തുടങ്ങി. റേഡിയേറ്ററിൽ നിന്ന് പുക പുറത്തു വരുന്നു. എക്സ്പ്രസ് വേയിലെ സർവീസ് റോഡിലേക്ക് മാറ്റി വണ്ടിയൊതുക്കി അബ്ദു. കരുതിവെച്ചിരുന്ന കുടിവെള്ള ശേഖരം മുഴുവനും ഒഴിച്ചിട്ടും വണ്ടിയുടെ ദാഹം മാറുന്നില്ല.

ഡോ. അജിനും അബ്ദുവും
ഡോ. അജിനും അബ്ദുവും

യാത്ര തുടർന്നു. വഴിയിൽ ചിലയിടത്ത് നിന്ന് വീണ്ടും വെള്ളമൊഴിച്ചു കൊടുത്തു. എക്സ്പ്രസ് വേ പിന്നിട്ട് നഗരപാതയിലേക്ക് കടന്ന് ആദ്യം കണ്ട ഗ്യാരേജിൽ വണ്ടി കയറ്റി ചില താൽക്കാലിക ഉപായങ്ങൾ ചെയ്ത് യാത്ര തുടർന്നു. എക്സ്പ്രസ് വേയുടെ വിജനതയിൽ നിന്ന് ആഡിസിന്റെ നഗരത്തിരക്കുകളിലേക്കാണ് വാഹനമെത്തിയിരിക്കുന്നത്. ഞങ്ങളുടെ ലഗേജുകളിൽ പലതും ഡോക്ടറുടെ വീട്ടിലാണ്. അവിടെ നിന്ന് അതെടുത്തിട്ട് വേണം എയർപോർട്ടിലേക്ക് പോകാൻ. മറ്റു പലതിലുമെന്നപോലെ ഗതാഗതക്കുരുക്കിനും കുപ്രസിദ്ധമാണ് ഈ നഗരം. ശനിയാഴ്ചകളിൽ ഉച്ചതിരിഞ്ഞാൽ കുരുക്ക് എല്ലാ നിയന്ത്രണങ്ങൾക്കും അതീതമാകും. സമയത്ത് വിമാനത്താവളത്തിലെത്താനാകുമോ എന്ന ഡോ. അജിന്റെ ആശങ്ക പതുക്കെ ഞങ്ങളിലേക്കും പടർന്നു.

ആഡിസിലെ ഗതാഗതക്കുരുക്കിൽ നിന്ന് കുതറി മാറി 12.30ഓടെ ഡോ. അജിന്റെ ഫ്ളാറ്റിലെത്തി. പെട്ടെന്ന് ലഗേജുകളെടുത്ത് യാത്ര പറഞ്ഞിറങ്ങി. അജിൻ ഞങ്ങൾക്കൊപ്പം എയർപോർട്ടിലേക്ക് വന്നില്ല. നിരവധി ജോലികൾ അദ്ദേഹത്തെ കാത്തുകിടപ്പുണ്ടായിരുന്നു.

യാത്രാസംഘം
യാത്രാസംഘം

നഗരത്തിരക്കുകളിൽ നിന്ന് മാറി ബോലെയിലാണ് അജിന്റെ ഫ്ളാറ്റ്. രണ്ട് കിലോമീറ്ററോളം ദൂരമേയുള്ളൂ ഇവിടെ നിന്ന് എയർപോർട്ടിലേക്ക്. പക്ഷെ മുക്കാൽ മണിക്കൂറോളം സമയമെടുത്തു ആ യാത്രക്ക്. തെരുവോരങ്ങളിലെ കച്ചവടം, യാതൊരു ട്രാഫിക്ക് മര്യാദകൾക്കും വഴിപ്പെടാത്ത ഡ്രൈവർമാർ, വാഹനങ്ങളെ ഒട്ടും കൂസാതെ നടന്നുനീങ്ങുന്ന കാൽനട യാത്രികർ, നഗരത്തിരക്കുകളിൽ സ്വതന്ത്രമായി അലയുന്ന കന്നുകാലികളും നായ്ക്കളും. ആഡിസിന്റെ ചില വഴികളിങ്ങനെയാണ്.

എത്യോപ്യൻ ചക്രവർത്തിയായ മെനെലിക് രണ്ടാമനാണ് 1886 ൽ "നിത്യ വസന്തത്തിന്റെ നഗരം' എന്ന അഡിസ് അബാബ സ്ഥാപിച്ചത്. വർഷം മുഴുവനും മിതശീതോഷ്ണ കാലാവസ്ഥയാണിവിടെ. ആഫ്രിക്കയുടെ രാഷ്ട്രീയ തലസ്ഥാനമെന്നറിയപ്പെടുന്ന ഈ നഗരത്തിലാണ് ആഫ്രിക്കൻ യൂണിയന്റെയും യു.എന്നിനുകീഴിലെ ആഫ്രിക്കൻ സാമ്പത്തിക സമിതിയുടെയും ആസ്ഥാനം. 1896 ൽ ഇറ്റലിക്കെതിരായ യുദ്ധവിജയത്തിന്റെ ഓർമയ്ക്ക് മെനലിക് ചക്രവർത്തി സ്ഥാപിച്ച മെർക്കാറ്റോ മാർക്കറ്റ് എന്ന ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ ബസാറാണ് നഗരത്തിലെ ഏറ്റവും പ്രധാന കാഴ്ചകളിലൊന്ന്. നഗര ചിഹ്നം സിംഹമാണ്.

അനാഥക്കുട്ടികളും യാചകരും ലൈംഗികത്തൊഴിലാളികളും അടക്കം ആഡിസിൽ തെരുവിൽ കഴിയുന്നവരുടെ എണ്ണം അമ്പതിനായിരത്തോളമാണ്. ഇതിൽ 90% ത്തോളം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് ഇവിടെ എത്തിച്ചേർന്നവരാണ്.

മ്യൂസിയങ്ങളുടെ നഗരം കൂടിയാണ് എത്യോപ്യ. ലൂസി മുത്തശ്ശിയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന എത്യോപ്യൻ നാഷനൽ മ്യൂസിയം, എത്യോപ്യൻ എത്‌നോളജിക്കൽ മ്യൂസിയം, അഡിസ് അബാബ മ്യൂസിയം, എത്യോപ്യൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, എത്യോപ്യൻ റെയിൽവേ മ്യൂസിയം, നാഷണൽ പോസ്റ്റൽ മ്യൂസിയം എന്നിവയൊക്കെ ഇവിടെയാണ്. മെസ്‌കൽ സ്‌ക്വയർ, മെനെലിക് രാജാവിന്റെ ഇംപീരിയൽ കൊട്ടാരം (പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് ഇത് ഇന്ന്) ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മാതൃകയിൽ നിർമിച്ച ജൂബിലി കൊട്ടാരം. പാർലമെന്റ് മന്ദിരമായ ഷെൻഗോ ഹാൾ എന്നിവയാണ് നഗരത്തിലെ മറ്റ് കാഴ്ചകൾ.

പ്രധാന നഗരവീഥികൾക്ക് ഇരുപുറവും കൂറ്റൻ കെട്ടിടങ്ങളും ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഷോപ്പിങ്ങ് മാളുകളും നക്ഷത്രഹോട്ടലുകളും ഗവൺമന്റ് കെട്ടിടങ്ങളും ഉയർന്നു നിൽക്കുന്നുണ്ടെങ്കിലും അതിനുപുറകിൽ ചേരികളും അഴുക്കുചാലുകളും ചവറുകൂനകളും നിറഞ്ഞ മനുഷ്യർ ഇടതിങ്ങിക്കഴിയുന്ന മറ്റൊരു ആഡിസ് ഒളിഞ്ഞിരിക്കുന്നുണ്ട്. മൂന്ന് ദശലക്ഷത്തിലധികമാണ് ഈ മഹാനഗരത്തിലെ ഇപ്പോഴത്തെ ജനസംഖ്യ.

ലൈംഗിക തൊഴിലാളികൾ ഏറെയുള്ള നഗരം കൂടിയാണ് ആഡിസ്. ക്ഷാമങ്ങളും ആഭ്യന്തരസംഘർഷങ്ങളും വംശീയകലാപങ്ങളും സൃഷ്ടിച്ച അരക്ഷിതാവസ്ഥയും പട്ടിണിയും ഈ നഗരത്തിൽ കൊണ്ടു ചെന്നെത്തിച്ച സ്ത്രീകളുടെ എണ്ണം വളരെ വലുതാണ്. അനാഥക്കുട്ടികളും യാചകരും ലൈംഗികത്തൊഴിലാളികളും അടക്കം ആഡിസിൽ തെരുവിൽ കഴിയുന്നവരുടെ എണ്ണം അമ്പതിനായിരത്തോളമാണ്. ഇതിൽ 90% ത്തോളം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് ഇവിടെ എത്തിച്ചേർന്നവരാണ്.

 ഗോണ്ടേർ കോട്ട
ഗോണ്ടേർ കോട്ട

പുതുക്കിയ നിയമപ്രകാരം ഭിക്ഷാടനവും ലൈംഗികത്തൊഴിലും ആഡിസിൽ നിയമവിരുദ്ധമാക്കിയിട്ടുണ്ടെങ്കിലും അതിന് തടയിടാനോ അതിലേർപ്പെട്ടവരെ പുനരധിവസിപ്പിക്കാനോ സർക്കാരിനായിട്ടില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടേയും പ്രതിദിന വരുമാനം ഒരു ഡോളറിൽ താഴെയാണ്. അതു തന്നെയാണ് അവരെ ഭിക്ഷാടനത്തിലേക്കും ലൈംഗികത്തൊഴിലിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്. പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറ്റകരമല്ല. സാമ്പത്തിക നേട്ടങ്ങൾക്ക് ലൈംഗികത ഉപയോഗിക്കുന്നതിനെയാണ് 2005ലെ നിയമം തടയുന്നത്. ബാല ലൈംഗിക ചൂഷണത്തിന്റെ ലോകത്തിലെ തന്നെ കുപ്രസിദ്ധ കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ആഡിസ് ഇന്ന്.

തെരുവുജീവിതങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാരും സന്നദ്ധസംഘടനകളും വിദേശ ഏജൻസികളും ചേർന്ന് നടത്തുന്നുണ്ടെങ്കിലും പട്ടിണിയും തൊഴിലില്ലായ്മയും മൂലം രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്ന് ഈ തെരുവിൽ എത്തിപ്പെടുന്നവരുടെ എണ്ണം ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കുപ്രസിദ്ധമായ മനുഷ്യക്കടത്ത് കേന്ദ്രം കൂടിയാണ് ആഡിസ്. മിഡിലീസ്റ്റിലേക്കും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും നിർബന്ധിത ജോലിക്കും ലൈംഗിക തൊഴിലിനും മറ്റുമായി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി ഗ്രാമങ്ങളിൽ നിന്നെത്തുന്നവരെ കടത്തിക്കൊണ്ടുപോകുന്നുണ്ട് ഇവിടെ നിന്ന്.

ഈ നഗരം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. കരുത്തുറ്റ ഒരു രാഷ്ട്രീയ നേതൃത്വമുണ്ട് എത്യോപ്യക്കിന്ന്. സ്വപ്നങ്ങളെ നെഞ്ചേറ്റിയ ഒരു തലമുറയും.

എത്യോപ്യയിലെ ചുരുങ്ങിയ ദിവസങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് മടക്കയാത്ര. അതിന് നന്ദി പറയേണ്ടത് ഡോ. അജിനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായ അബ്ദുവിനോടുമാണ്. നഗരക്കുരുക്കുകളിൽ നിന്ന് വിടുതൽ നേടി ഒടുവിൽ ബോലെ ഇന്റർ നാഷണൽ എയർപോർട്ടിലെത്തി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന്റെ കൗണ്ടറിൽ അവസാന ആളുകളായി ഞങ്ങളെത്തി. ബോർഡിങ്ങ് പാസ് വാങ്ങി. മുകളിലെത്തിയപ്പോഴേക്കും വിമാനത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. എത്യോപ്യയിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്സിന്റെ 360 സീറ്റുള്ള വിമാനത്തിൽ ഫസ്റ്റ് ക്ലാസിലും ബിസിനസ്സ് ക്ലാസിലുമൊഴിച്ച് മുഴുവൻ സീറ്റിലും ആളുണ്ട്. വൈകീട്ട് കൃത്യം നാലിന് വിമാനം ഉയർന്നുപൊങ്ങി. താഴെ ആഡിസ് നഗരം പരന്നു കിടക്കുന്നു. വിമാനമിറങ്ങുമ്പോൾ കണ്ട വെട്ടിത്തിളങ്ങുന്ന ടിൻഷീറ്റ് മേൽപ്പുരകൾക്ക് മുമ്പുകണ്ട പ്രഭയില്ല, സമയം വൈകിത്തുടങ്ങിയതുകൊണ്ടാകാം. ഈയൊരു ദൃശ്യം ഒരു പക്ഷെ അടുത്ത വരവിലുണ്ടായിക്കൊള്ളണമെന്നില്ല. ഈ നഗരം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. കരുത്തുറ്റ ഒരു രാഷ്ട്രീയ നേതൃത്വമുണ്ട് എത്യോപ്യക്കിന്ന്. സ്വപ്നങ്ങളെ നെഞ്ചേറ്റിയ ഒരു തലമുറയും.

ലാലിബെല്ല
ലാലിബെല്ല

മനുഷ്യൻ പിറന്ന മാനവകുലത്തിന്റെ വികാസപരിണാമത്തിലെ പല ഏടുകൾക്കും സാക്ഷിയായ ഈ മണ്ണിനെ കൂടുതൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇപ്പോൾ. എത്യോപ്യൻ മണ്ണിൽ നിരവധി കാഴ്ചകൾ ഇപ്പോഴും ബാക്കി കിടക്കുകയാണ്. ലാലിബെല്ല തന്നെയാണ് അതിൽ പ്രധാനം. ഗോണ്ടേർ കോട്ട, ബ്ലൂ നൈലിന്റെ ഉത്ഭവ കേന്ദ്രം, ഉപ്പു തടാകം, അഗ്‌നിപർവത മുഖം. പുരാതനമായ മൊണാസ്ട്രികൾ അങ്ങനെ ഒട്ടനവധി കാഴ്ചകൾ. ആഡിസ് അബാബ നഗരത്തിലെ നിരവധി കാഴ്ചകളും ബാക്കിയുണ്ട്. പക്ഷെ കണ്ടു തീർത്തതെല്ലാം തികച്ചും ഒന്നിനൊന്ന് വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളായിരുന്നു. അടുത്തറിയുമ്പോഴാണ് നമ്മുടെ മുൻധാരണകൾ പലതും തെറ്റായിരുന്നെന്ന് തിരിച്ചറിയുക. മനസ്സുപൊള്ളിക്കുന്ന മുഖങ്ങളും കാഴ്ചകളും ബാക്കിയുണ്ടെങ്കിലും ശേഷിക്കുന്നത് പ്രത്യാശ തന്നെയാണ്. ഗോത്രസംഘർഷങ്ങളെയും അഴിമതിയെയും രാഷ്ട്രീയ അസ്ഥിരതയെയും പുത്തൻ കോളനിവൽക്കരണത്തേയും മറികടക്കാൻ തീർച്ചയായും എത്യോപ്യക്കാകും. പുതിയ യുഗത്തിൽ ആഫ്രിക്കൻ വൻകരക്ക് വെളിച്ചം വീശുന്നത് എത്യോപ്യയായിരിക്കും.

അഡാൽ - എത്യോപ്യൻ യുദ്ധത്തിന്റെ ചിത്രീകരണം / Photo: Horniman Museum, London, UK
അഡാൽ - എത്യോപ്യൻ യുദ്ധത്തിന്റെ ചിത്രീകരണം / Photo: Horniman Museum, London, UK

വിമാനത്തിലെ യാത്രക്കാരിലധികവും എത്യോപ്യൻ സ്വദേശികൾ തന്നെയാണ്. മലയാളികളെപ്പോലെ എത്യോപ്യക്കാരിൽ വലിയൊരു വിഭാഗവും പ്രവാസികളാണ്. രണ്ടാം ലോകമഹായുദ്ധകാലത്തും പിന്നീട് പലപ്പോഴായുണ്ടായ ക്ഷാമങ്ങളുടെ കാലത്തും റെഡ് ടെറർ കാലത്തും എറിത്രിയയുമായുണ്ടായ യുദ്ധകാലത്തും വംശീയ സംഘർഷങ്ങളെ തുടർന്നുമൊക്കെ നാടുവിട്ടവർ. അവരിൽ പലരും ഇന്ന് എത്യോപ്യയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. അവരുടെ മുൻകൈയ്യിൽ പല വാണിജ്യ-വ്യവസായ പദ്ധതികളും നടപ്പിലായിക്കൊണ്ടിരിക്കുന്നു. ആഡിസിന്റെ മുഖച്ഛായ മാറ്റുന്നതും അവരാണ്.

വിമാനത്തിൽ നിന്നുള്ള കാഴ്ച
വിമാനത്തിൽ നിന്നുള്ള കാഴ്ച

എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദിന്റെ നേതൃത്വത്തിൽ എറിത്രിയയുമായി ദീർഘകാലം തുടർന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തിയത് രാജ്യത്തിന്റെ കുതിപ്പിന് സഹായകരമാകും. വലിയ ടൂറിസം സാധ്യതകളുള്ള നാടാണ് എത്യോപ്യ. സമാധാനം പുലരുന്നത് ആ രംഗത്തേയും വലിയ രീതിയിൽ സഹായിക്കും. ബ്ലൂനൈലിൽ നിർമാണത്തിലിരിക്കുന്ന ഡാം എത്യോപ്യയുടെ മുഖച്ഛായ മാറ്റും.

വിമാനം വളരെ ഉയരത്തിലെത്തി കഴിഞ്ഞിരുന്നു. താഴത്തെ കാഴ്ച മറച്ച് മേഘപടലങ്ങൾക്കിടയിലൂടെയാണ് ഇപ്പോൾ യാത്ര. യു.എ.ഇ സമയം 8.30 നാണ് വിമാനം ദുബായിലെത്തുക. നല്ലൊരുറക്കത്തിനുള്ള സമയമുണ്ട്. ആകാശ കാഴ്ചകളിൽ നിന്ന് മുഖംതിരിച്ച് പതിയെ കണ്ണുകളടച്ചു. ▮

(അവസാനിച്ചു)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments