റൂമിയുടെ ഓർമയിൽ,
ദർവീഷ് ആശ്രമത്തിലൂടെ…

ഇസ്താംബുൾ സന്ദർശനത്തിനിടയിൽ ഹോജ പാഷ എന്ന തിയേറ്ററിൽ സെമ കണ്ടത് അപൂർവ അനുഭവമായിരുന്നു. പ്രത്യേകതരം വസ്ത്രധാരണത്തോടുകൂടി സ്വയം ഭ്രമണം ചെയ്യലാണ് ഇവിടെ നടക്കുന്നത്.

സ്താൻബുളിലെ ഗലാട്ട ഗോപുരത്തിനടുത്ത് ഉരുളൻ കല്ലുകൾ വിരിച്ച, കുത്തനെയുള്ള ഒരു റോഡുണ്ട്; ഗാലിപ് ദെദെ റോഡ്. പല തരത്തിലും വിലയിലുമുള്ള സംഗീതോപകരണങ്ങൾ വിൽപ്പനക്കുവെച്ചിരിക്കുന്ന കടകളാണ് ഇരുപുറത്തും. കനലിൽ ചുട്ടെടുക്കുന്ന ചെസ്റ്റ് നട്ടിന്റെ മണം അന്തരീക്ഷത്തിൽ ഒഴുകിപ്പരക്കുന്നു. നേരിയ ഇരുമ്പുകമ്പി കൊണ്ട് മേലാപ്പ് നിർമ്മിച്ച ഈ പാത, ബെയോഗ്‌ലു സാസ്കാരിക പാത (Beyoglu Cultural Route) എന്നും അറിയപ്പെടുന്നു. സംഗീതവും കവിതയും ഇഷ്ടപ്പെടുന്ന ഇന്നാട്ടുകാരുടെ തീർത്ഥാടന കേന്ദ്രമാണിത്. മാതളനാരകനീരും കബാബുകളും വിൽപ്പനക്കുവെച്ചിരിക്കുന്ന കടകളുടെ ഇടയിലൂടെ നടന്നുനീങ്ങുമ്പോൾ ഇടതുഭാഗത്തായി ദർവീഷുകളുടെ ആശ്രമം കാണാം.

1491-ന്റെ മധ്യത്തിൽ സ്ഥാപിക്കപ്പെട്ട ഈ ആശ്രമം 13-ാം നൂറ്റാണ്ടിൽ ജീവിച്ച ലോകപ്രശസ്ത സൂഫിവര്യനും കവിയുമായ ജലാലുദ്ദീൻ റൂമിയുടെ പാരമ്പരയിൽപ്പെട്ട, സയ്ദ് മുഹമ്മദ് സമായി സുൽത്താൻ ദിവാനിയാണ് സ്ഥാപിച്ചത്. ഗേറ്ററിനകത്തേക്കു കടന്നാൽ ആദ്യം കാണുന്നത് വലതുഭാഗത്തുള്ള പ്രശാന്തമായ പൂന്തോട്ടവും ഇരിപ്പിടങ്ങളും മറ്റുമാണ്. ഇടതുഭാഗത്തായി ഒരു ശ്മശാനം (Hamusan-House of silence). ധാരാളം വെളുത്ത സ്മാരകശിലകൾ ഇവിടെ കാണാം. 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിയായ ഗാലിബ് ദെദെയുടെ ശവകുടീരം അടുത്തു തന്നെയുള്ള ഒരു ചെറിയ മുറിയിൽ സ്വർണനൂലുകളാൽ ചിത്രപ്പണി ചെയ്ത വെൽവെറ്റ് തുണി കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ട്.

പ്രധാന മന്ദിരത്തിനകത്ത് സെമഹാനെ എന്ന ഹാൾ. ഇവിടെയാണ് എല്ലാ ഞായറാഴ്ചയും സെമ എന്ന ആരാധന. സന്ദർശകർക്ക് സൗജന്യമായി ഇതിൽ പങ്കെടുക്കാം. പാനീയങ്ങളും ലഘുഭക്ഷണ വിതരണവും ഉണ്ടാവും. നിശ്ശബ്ദത പാലിക്കണമെന്ന് മാത്രം. ആശ്രമത്തിലെ മറ്റു മുറികളിൽ പഴയ സൂഫിവര്യന്മാരുടെയും സംഗീതജ്ഞന്മാരുടെയും ചിത്രങ്ങളും അവരെ സംബന്ധിച്ച വിവരങ്ങളും അവരുപയോഗിച്ച ഉപകരണങ്ങളുടെ പ്രദർശനവും കാണാം. കൂടാതെ, ഒരു സാധാരണ വ്യക്തി ഒരു ദർവ്വീഷായി മാറുന്നതിന് വേണ്ടിവരുന്ന പരിശീലനത്തിന്റെ വിശദവിവരങ്ങൾ, പാചക ഉപകരണങ്ങൾ, വസ്ത്രധാരണരീതി എന്നിവയെ പറ്റിയുള്ള വിശദവിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. പഴയകാലത്ത് നിർമ്മിക്കപ്പെട്ട കുടിവെള്ളത്തിന്റെ ഫൗണ്ടൻ തോട്ടത്തിനു നടുവിൽ കാണാം. ദാർവീഷുകൾ ഇപ്പോൾ താമസിക്കുന്ന ഭാഗങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.

സൂഫിസത്തിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ട്. ഇവർ ഒന്നിച്ച് താമസിക്കുന്ന ഇടങ്ങളിലെല്ലാം ദർവീഷുകൾക്കും ഉപകരണ സംഗീതത്തിലും വായ്പ്പാട്ടിലും പ്രത്യേക പരിശീലനം നൽകുന്നു.

1925-ൽ ആധുനിക തുർക്കിയുടെ പിതാവായ അത്താത്തുർക്ക് റിപ്പബ്ലിക് ഓഫ് തുർക്കിയുടെ ഭരണം ഏറ്റെടുത്തതോടെ ഇത്തരം എല്ലാ സ്ഥാപനങ്ങളും ആശ്രമങ്ങളും പൂട്ടി. എങ്കിലും സൂഫിവര്യനായ ഗാലിപ് ദെദെയുടെ ശവകുടീരം നിലനിൽക്കുന്ന ഗലാട്ടയിലെ സൂഫി ആശ്രമത്തെ ഒരു മ്യൂസിയമായി നിലനിർത്തി തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചു. പിന്നീട് 1950 മുതൽക്കാണ് പൊതുസ്ഥലങ്ങളിൽ 'സെമാ' നടത്താൻ അനുവദിച്ചത്.

ഇസ്‍ലാമിന്റെ യോഗാത്മകമായ മാനത്തെ സൂചിപ്പിക്കുന്ന വാക്കാണ് സൂഫിസം. ഇത് പിൻ തുടരുന്ന ഒരു വ്യക്തി എല്ലാത്തരം ദുഷ്ച്ചിന്തകളിലും ദുശ്ശീലങ്ങളിലും നിന്ന് മുക്തി നേടി ശരീരത്തെയും ആത്മാവിനെയും പരിശുദ്ധമാക്കി ദൈവത്തോടുള്ള സ്നേഹം കൊണ്ട് പക്വത നേടി പൂർണനാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നാണ് പറയുക. പേരുപോലെ തന്നെ ഇതിനായുള്ള പാതയെയാണ് 'തരിക്ക' എന്ന വാക് സൂചിപ്പിക്കുന്നത്.

 ആശ്രമത്തിലെ നടുമുറ്റം
ആശ്രമത്തിലെ നടുമുറ്റം

അറിയപ്പെടുന്ന ഏറ്റവും പഴയ സൂഫിവര്യനായ അബു ഹാഷിം അൽ കുഫി (AD 767) ഇന്നത്തെ പാലസ്തീനിലെ റമാലയിൽ ആദ്യ സൂഫി ആശ്രമം സ്ഥാപിച്ചു. സൂഫിസത്തിന്റെ സുവർണകാലമായിരുന്ന ഓട്ടോമൻ ഭരണകാലത്തെ രാഷ്ട്രീയവും സൈനികവുമായ നയങ്ങളെല്ലാം ഇവരുടെ ചിന്താഗതികളോട് ചേർന്നു നിൽക്കുന്നതായിരുന്നു. ഇവരുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നുള്ള പലരും ഓട്ടോമൻ ഭരണകാലത്ത് പ്രധാന സ്ഥാനങ്ങൾ വഹിച്ചു. അക്കാലത്തെ സാമൂഹിക- വ്യക്തി ജീവിതത്തിൽ സൂഫിസം കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു.

ആത്മീയജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന മറ്റു പലതരം ജീവിതക്രമങ്ങൾ മുസ്‍ലിംകൾക്കിടയിലുണ്ടായിരുന്നെങ്കിലും അവയിൽ ഏറ്റവും പ്രസിദ്ധവും പ്രചാരത്തിലുള്ളതും 1273-ൽ മൗലാന ജലാലുദ്ദീൻ റൂമിയുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ സുൽത്താൻ വലീദ് സ്ഥാപിച്ച മവ്‌ലവി മുറ (mevlevi order) ആണ്. സ്നേഹം, ധർമ്മചിന്ത, സഹിഷ്ണത എന്നിവ അടിസ്ഥാനമാക്കി, അദ്ദേഹത്തിന്റെ ചിന്താപദ്ധതികൾക്കനുസരിച്ച് സ്ഥാപിക്കപ്പെട്ടതാണിത്.

ഭൗതിക ജീവിതത്തിൽ നിന്ന് മുഖം തിരിച്ച് സ്വന്തം ജീവിതം ദൈവത്തിന് മാത്രമായി സമർപ്പിച്ച് ജീവിക്കുന്ന ആളായിരിക്കും ദർവീഷ്.

ഒരു സൂഫി ഷേക്കിന്റെ ശിഷ്യനായിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ നിരന്തരമായ മേൽനോട്ടത്തിലും നിർദ്ദേശത്തിലും രൂപപ്പെടുത്തിയെടുത്ത വ്യക്തിത്വവും സ്വഭാവഗുണങ്ങളും നിറഞ്ഞ വ്യക്തിയെയാണ് ദർവീഷ് എന്ന വാക്ക് സൂചിപ്പിക്കുന്നത്. വാതിൽപ്പടി, ഫക്കീർ എന്നീ അർത്ഥങ്ങളുള്ള ഈ വാക്ക് ദർവീഷ് എന്ന പേർഷ്യൻ വാക്കിൽ നിന്നുൽഭവിച്ചതാണ്. ഭൗതിക ജീവിതത്തിൽ നിന്ന് മുഖം തിരിച്ച് സ്വന്തം ജീവിതം ദൈവത്തിന് മാത്രമായി സമർപ്പിച്ച് ജീവിക്കുന്ന ആളായിരിക്കും ദർവീഷ്. ദർവീഷ് ലോഡ്ജുകളിൽ സൂഫി ജീവിതചര്യ പിൻപറ്റുന്നവരുടെ ഒരു സംഘം ഒന്നിച്ച് ജീവിക്കുന്നു. ആ സംഘത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾ ഓരോരുത്തരും തങ്ങളാവുന്ന വിധം നിർവഹിക്കുന്നു. 13-ാം നൂറ്റാണ്ടിനുശേഷം ഇവരുടെ തത്വദർശനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

 ഗലാട്ട മെവ്‌ലെവി ഹൗസ് / Photo: istanbul.com
ഗലാട്ട മെവ്‌ലെവി ഹൗസ് / Photo: istanbul.com

ഏക ദൈവത്തെ സ്തുതിക്കാനായി പ്രാർത്ഥനകളും ഗീതങ്ങളും തുടർച്ചയായി ഉരുവിട്ട് നിർവ്വതിജനകമായ അത്യാനന്ദത്തിൽ എത്തിച്ചേരുന്ന അവസ്ഥയെയാണ് ദിക്ക്ർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ചര്യകളിൽ ഒന്നാണിത്.

ചെഹെൽ- 40 ദിവസം നീണ്ടുനിൽക്കുന്ന ഏകാന്തവാസത്തെയും പ്രാർത്ഥനയെയും സൂചിപ്പിക്കുന്ന ഈ പദം 40 എന്ന സംഖ്യക്കുതുല്യമായ പേർഷ്യൻ വാക്കിൽ നിന്ന് ഉടലെടുത്തതാണ്. നിർമ്മലവും ശാന്തവുമായ ഒരിടത്ത് ധ്യാനത്തിലിരുന്ന് പുറംലോകമായുള്ള ബന്ധം പൂർണമായും ഉപേക്ഷിച്ച്‌, സ്വാർത്ഥതയും അഹംഭാവവും വെടിയാനും ദൈവത്തോട് അടുക്കാനും, ഉള്ളിലേക്ക് നോക്കി സ്വയം ശുദ്ധീകരിക്കാനും ഈ സമയം പ്രയോജനപ്പെടുത്തുന്നു. ഏറ്റവും കുറഞ്ഞ അളവിൽ ജീവൻ നിലനിർത്താൻ മാത്രമായ ഭക്ഷണവും വെള്ളവും ഉറക്കവും മാത്രമേ ഇക്കാലത്ത് ദർവീഷിന് ആവശ്യമുള്ളൂ.

അനുഷ്ഠാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സെമ (Sema ceremony). പ്രത്യേകതരം വസ്ത്രധാരണത്തോടുകൂടി സ്വയം ഭ്രമണം ചെയ്യലാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെ ചുറ്റിത്തിഞ്ഞുകൊണ്ടിരിക്കുന്ന ദർവീഷുകളെ “സെമാസെനെ” എന്ന് വിളിക്കുന്നു. സാധാരണ കരുതപ്പെടുന്നതുപോലെ ഇതൊരു നൃത്തരൂപമല്ല. ദൈവത്തിലേക്കുള്ള ആത്മീയ യാത്രയായിട്ടാണ് ഓരോ ദർവീഷും സെമയിൽ പങ്കെടുക്കുന്നത്. 800 കൊല്ലം പഴക്കമുള്ള ഈ ആരാധനാരൂപം യുനെസ്കോയുടെ കൾച്ചറൽ ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

അനുഷ്ഠാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സെമ . പ്രത്യേകതരം വസ്ത്രധാരണത്തോടുകൂടി സ്വയം  ഭ്രമണം ചെയ്യലാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെ ചുറ്റിത്തിഞ്ഞുകൊണ്ടിരിക്കുന്ന ദർവീഷുകളെ “സെമാസെനെ” എന്ന് വിളിക്കുന്നു. / Photo: wilton-photography.com
അനുഷ്ഠാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സെമ . പ്രത്യേകതരം വസ്ത്രധാരണത്തോടുകൂടി സ്വയം ഭ്രമണം ചെയ്യലാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെ ചുറ്റിത്തിഞ്ഞുകൊണ്ടിരിക്കുന്ന ദർവീഷുകളെ “സെമാസെനെ” എന്ന് വിളിക്കുന്നു. / Photo: wilton-photography.com

വൃത്താകൃതിയിൽ കൂട്ടമായി ഭ്രമണം ചെയ്തു കൊണ്ടിരിക്കുമ്പോൾ ഓരോ വ്യക്തിയും യാഥാർഥ്യത്തിൽ നിന്നു വേർപെട്ട് അപരിചിതമായ മറ്റൊരു ലോകത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ഓരോ മനുഷ്യന്റെയും ഉള്ളിൽ നിഗൂഢമായ ഒരിടമുണ്ട്. ഇന്ത്യൻ തത്വചിന്തയിൽ പറയുന്ന “ആത്മ” ഇതാണ്. നീണ്ട ധ്യാനവും നന്മയുള്ള പ്രവർത്തികളും ഇവിടേക്കുള്ള വഴി എളുപ്പമാക്കും. തുർക്കിഷ് കവി യൂനുസ് എംറി ആത്മയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: "there is a self in me within myself. ഇത് കണ്ടെത്തിയവർ പോലും അതിനെ വാക്കുകൊണ്ട് വിവരിക്കാൻ അശക്തരാണ്. ഒരുപക്ഷേ ഇതു കൊണ്ടാകാം റൂമി, സെമയും സംഗീതവും കവിതയും ഇതിനുള്ള ഉപകരണങ്ങളായി തെരഞ്ഞെടുത്തത്.

‘Ney’എന്നറിയപ്പെടുന്ന ഓടക്കുഴലിന് സൂഫികളുടെ മാത്രമല്ല, തുർക്കികളുടെ സംഗീതത്തിലും വലിയ സ്ഥാനമുണ്ട്. പാലിൽ പഞ്ചസാര എന്നതുപോലെ റൂമിയുടെ കവിതയും സംഗീതവും ഇന്നാട്ടുകാരുടെ ജീവിതത്തിൽ നിന്ന് വേർതിരിച്ചെടുക്കാനാവാത്ത വിധം അലിഞ്ഞുചേർന്നിരിക്കുന്നു.

ഒരു കാൽ ഖുർആനിലും മറ്റേ കാൽ അക്കാലത്ത് അറിയപ്പെട്ട 72 മതശാഖകളിലുമായി ചുറ്റിത്തിരിയുന്നതാണ് സെമ എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഷിയകൾക്കും സുന്നികൾക്കും ഒരുപോലെ സ്വീകാര്യമായ ഇസ്‍ലാമിന്റെ ദാർശനികമായ വിശദീകരണമാണ് സൂഫിസം.

ഏഴ് ഭാഗങ്ങൾ അടങ്ങിയതാണ് സെമ. ഇതോടൊപ്പം ഡ്രം, ഫ്ലൂട്ട്, പ്രാർത്ഥന ഉരുവിടുന്നവർ, കൂടെപ്പാടുന്നവർ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. മുഹമ്മദ് നബിയെ പ്രകീർത്തിച്ച് ആരംഭിക്കുന്ന ചടങ്ങുകളിൽ പലപ്പോഴായി ഖുർആനിലെ വാക്യങ്ങളും പ്രാർത്ഥനകളും ഉരുവിടപ്പെടുന്നു. സ്വയംഭാവം കുടഞ്ഞുകളഞ്ഞ് ഉത്തമനായ മനുഷ്യനായി മാറാനുള്ള ശ്രമമാണിവിടെ. വൃത്തത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ദർവീഷുകളുടെ വലതുകൈ മുകളിലേക്കും ഇടതുകൈ താഴേക്കും തിരിച്ചുവച്ചിരിക്കും. ദൈവത്തിൽനിന്ന് ലഭിക്കുന്നത് മനുഷ്യകുലത്തിന് നൽകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചില ദർവീഷുകൾ രണ്ടും മൂന്നും ദിവസം വരെ തുടർച്ചയായി സെമ അനുഷ്ടിച്ചിരുന്നുവത്രേ. ഈ പ്രാർത്ഥനയുടെ തുടക്കത്തിൽ ദർവീഷുകളുടെ നെഞ്ചത്ത് പിണച്ചുവച്ച കൈകൾ ഏക ദൈവത്തെ അടയാളപ്പെടുത്തുന്നു. ഇതോടൊപ്പം ഉപയോഗിക്കുന്ന ചുവന്ന നിറത്തിലുള്ള ആട്ടിൻതോൽ ജനനത്തെയും ഈ ലോകജീവിതത്തെയും പ്രതിനിധീകരിക്കുന്നു. ‘Sikke’ എന്ന കോൺരൂപത്തിലുള്ള തൊപ്പി, സ്മാരകശിലകളെ സൂചിപ്പിക്കുന്നു. ദർവീഷികളുടെ കറുത്ത നിറത്തിലുള്ള പുറംവസ്ത്രം ശവകുടീരത്തെയും തന്നൂറ എന്ന വെളുത്ത ഫ്രോക്ക് പോലെയുള്ള വസ്ത്രം ശവക്കച്ചയേയും പ്രതിനിധാനം ചെയ്യുന്നു.

ദർവീഷുകളുടെ വസ്ത്രം
ദർവീഷുകളുടെ വസ്ത്രം

ഇസ്താംബുൾ സന്ദർശനത്തിനിടയിൽ ഹോജ പാഷ എന്ന തിയേറ്ററിൽ സെമ കണ്ടത് അപൂർവ അനുഭവമായിരുന്നു. ഇത് ആരാധന മാത്രമാണെന്നും 45 മിനിറ്റ് നീണ്ടുനിൽക്കുന്ന പരിപാടിയുടെ അവസാനം കൈയടിക്കരുതെന്നും ഫോട്ടോ എടുക്കരുതെന്നും തുടക്കത്തിൽ തന്നെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. ആശ്രമത്തിൽ ഞായറാഴ്ചകളിൽ സെമ സൗജന്യമായി കാണാം.

ഇത്തരം ആശ്രമങ്ങൾ കലയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങൾ കൂടിയായിരുന്നു. സാഹിത്യം ആത്മീയചിന്ത, സംഗീതം കാലിഗ്രാഫി, ബയന്റിങ്, ക്ലോക്ക് നിർമ്മാണം, ആനക്കൊമ്പിലെ കൊത്തുപണി, ഗസലുകളുടെ ഈരടികളുടെ (maqta) രചന, മാർബിളിങ് (മാർബിൾ ഡിസൈനുകൾ കൃത്രിമമായി നിർമ്മിക്കുന്ന കല) എന്നിവക്ക് ഇവിടെ പരിശീലനം നൽകിയിരുന്നു. ഒരോ വ്യക്തിയുടെയും ദേഹിയുടെ പരിശീലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിരക്ഷരരായ വ്യക്തികൾ പോലും ദർവീഷുകളുടെ ആശ്രമത്തിലെ താമസവും പരിശീലനവും കൊണ്ട് വിശ്വസ്തരും ഉൾവെളിച്ചമുള്ളവരും നന്നായി സംസാരിക്കാൻ കഴിവുള്ളവരുമായി മാറുന്നു.

റൂമി ജ്ഞാനത്തെ മഹത്വവൽക്കരിച്ച്, അതിനെ ശക്തിയുടെയും ആഡംബരത്തിന്റെയും മുകളിൽ സ്ഥാപിച്ചു.

സൂഫിസത്തിൽ സംഗീതത്തിന് വലിയ പ്രാധാന്യമുണ്ട്. ഇവർ ഒന്നിച്ച് താമസിക്കുന്ന ഇടങ്ങളിലെല്ലാം ദർവീഷുകൾക്കും ഉപകരണ സംഗീതത്തിലും വായ്പ്പാട്ടിലും പ്രത്യേക പരിശീലനം നൽകുന്നു. ടർക്കിയിലെ പ്രസിദ്ധരായ കമ്പോസർമാരിൽ പലരും ഇത്തരം ഗുരുകുലവാസസ്ഥലങ്ങളിൽ പരിശീലനം ലഭിച്ചവരാണ്. ‘Ney’എന്നറിയപ്പെടുന്ന ഓടക്കുഴലിന് സൂഫികളുടെ മാത്രമല്ല, തുർക്കികളുടെ സംഗീതത്തിലും വലിയ സ്ഥാനമുണ്ട്. പാലിൽ പഞ്ചസാര എന്നതുപോലെ റൂമിയുടെ കവിതയും സംഗീതവും ഇന്നാട്ടുകാരുടെ ജീവിതത്തിൽ നിന്ന് വേർ തിരിച്ചെടുക്കാനാവാത്ത വിധം അലിഞ്ഞുചേർന്നിരിക്കുന്നു.

സൂഫിവര്യന്മാരിൽ ഏറ്റവും പ്രശസ്തനായ കവി ജലാലുദ്ദീൻ റൂമി 1207 സെപ്റ്റംബർ 30-ന് അഫ്‌ഗാനിസ്ഥാനിലെ ബൽക്കിലാണ് ജനിച്ചത്. ഒരു പക്ഷെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും മഹാനായ മിസ്റ്റിക്കൽ കവിയാണ് റൂമി. ഡാന്റേ, ഷേക്‌സ്‌പിയർ എന്നിവരോട് തുല്യനായി അദ്ദേഹത്തെ കണക്കാക്കുന്നവരുണ്ട്.

Fountain of Adile Sultan at Galata Mawlawi House Museum
Fountain of Adile Sultan at Galata Mawlawi House Museum

1244 ഒക്‌ടോബർ 23 ന് ഷംസ്- ഇ-തബ്രീസിയെ കണ്ടുമുട്ടിയതോടെ അദ്ദേഹത്തിന്റെ ജീവിതവും തത്വചിന്തകളും മാറിമറിഞ്ഞു. മെസ്നവി എന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയിൽ ഗുരുവുമായുള്ള ബന്ധത്തിന്റെയും തൽഫലമായുണ്ടായ ചിന്താപരമായ മാറ്റങ്ങളുടെയും നിഴലാട്ടങ്ങളുണ്ട്. ഷംസ്-ഇ- തബ്രീസിയുമായുള്ള ഗാഢസൗഹൃദത്തിൽ അസൂയാലുക്കളായി ചിലർ അദ്ദേഹത്തെ കൊന്നു കളഞ്ഞു. ഇദ്ദേഹത്തിന്റെ പച്ചനിറത്തിലുള്ള തലപ്പാവുകൊണ്ട് അലങ്കരിച്ച ശവകൂടീരം അനറ്റോളിയയിലെ കോന്യയിൽ കാണാം. രോഗാതുരനായ റൂമി 1273 ഡിസംബർ 17 ഞായറാഴ്ച സൂര്യാസ്തമയസമയത്താണ് ഈ ലോകത്തോട് വിട പറഞ്ഞത്. എല്ലാ ജാതിയിലും മതത്തിലും പെട്ട റൂമി ആരാധകരുടെ തീർത്ഥാടനകേന്ദ്രമായ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു: ‘When we are dead, seek not our tomb in the earth, but find it in the hearts of men’. സൃഷ്ടാവുമായി സംയോഗിക്കുന്ന ദിനം എന്ന അർത്ഥത്തിൽ സെബി- ഇ- ഉറൂസ് (The Wedding night) എന്നറിയപ്പെടുന്ന ഈ ചരമവാർഷികദിനം പലതരം സംഗീത പരിപാടികളോടെയാണ് ആഘോഷിക്കപ്പെടുന്നത്. 2007-ൽ അദ്ദേഹത്തിന്റെ 800-ാം ജന്മദിനം ’International Rumi Year’ എന്ന പേരിലാണ് കൊണ്ടാടപ്പെട്ടത്.

റൂമിയുടെ തത്വചിന്തയനുസരിച്ച് മനുഷ്യപരിണാമം പൂർണമായിട്ടില്ല. എല്ലാത്തരം ഭൗതിക ചിന്തകളെയും വിശ്വാസങ്ങളെയും സ്വഭാവരീതികളെയും ഉപേക്ഷിച്ചശേഷം മേൽപ്പറഞ്ഞ “ആത്മ”നെ തേടേണ്ടണ്ടതുണ്ട്. ആ കണ്ടെത്തലോടെ ശരീരം ഭാരമില്ലാത്തതും പ്രതിബന്ധങ്ങളെ മറികടക്കാൻ ശേഷിയുള്ളതും ‘കാഴ്ച’ തെളിച്ചമുള്ളതും ആയിത്തീരുന്നു. ദൈവവുമായി ഒന്നുചേരുന്ന dying before dying എന്നർഥമുള്ള ‘Fenafillah” എന്നാണ് ഇതറിയപ്പെടുന്നത്. ദൈവസന്നിധിയിൽ ലിംഗഭേദമില്ല എന്ന ഇദ്ദേഹത്തിന്റെ വിശ്വാസം മൂലം ഇവർ സ്ത്രീകളെ വേർതിരിച്ചുകാണുന്നില്ല.


ജലാലുദ്ദീൻ റൂമിയുടെ ശവകുടീരം

ജലാലുദ്ദീൻ റൂമിയുടെ ശവകുടീരം

റൂമി ജ്ഞാനത്തെ മഹത്വവൽക്കരിച്ച്, അതിനെ ശക്തിയുടെയും ആഡംബരത്തിന്റെയും മുകളിൽ സ്ഥാപിച്ചു. ജ്ഞാനത്തോടുള്ള റൂമിയുടെ സ്നേഹം ഈ വരികളിലൂടെ പ്രതിഫലിക്കുന്നു: “പണ്ഡിതന്മാരിൽ ഏറ്റവും മോശം രാജകുമാരന്മാരെ സന്ദർശിക്കുന്നവരാണ്, രാജകുമാരന്മാരിൽ ഏറ്റവും മികച്ചത് പണ്ഡിതന്മാരെ സന്ദർശിക്കുന്നവരാണ്. ദരിദ്രന്റെ വാതിൽക്കൽ നിൽക്കുന്ന രാജകുമാരൻ ജ്ഞാനിയാണ്, രാജകുമാരന്റെ വാതിൽക്കൽ നിൽക്കുന്ന ദരിദ്രർ നികൃഷ്ടരും.’’

സ്നേഹവും കരുണയും സഹിഷ്ണുതയും മാനവികതയും നിറഞ്ഞ അദ്ദേഹത്തിന്റെ രചനകൾ ഇന്നും ലോകത്തിനു വഴിവിളക്കായി നിലനിൽക്കുന്നു. പേർഷ്യൻ ഭാഷയിലും അറബിയിലുമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ, എങ്കിലും ടർക്കിഷിലും ഗ്രീക്കിലും അദ്ദേഹം കവിതകൾ എഴുതിയിട്ടുണ്ട്. 26000 ഈരടി കവിതകൾ നിറഞ്ഞ ആറു ഖണ്ഡങ്ങളാണ് മെസ്നവി. ദിവാനി ഷംസ്- ഇ- തബ്രീസി (Works of shams-i-Tabrizi), ഫിഹി- മ- ഫിഹി (It is what it is), മെക്‌ത്തു ബാത്ത് (Mektubat-the letters) എന്നിവയാണ് പ്രധാന കൃതികൾ. അദ്ദേഹം ജീവിച്ചിരുന്നകാലത്ത് സംസാരഭാഷ തുർക്കിഷും ശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിരുന്നത് അറബിയിലും സാഹിത്യ രചന പേർഷ്യൻ ഭാഷയിലുമായിരുന്നു. ഇംഗ്ലീഷ് ഉൾപ്പെടെ ധാരാളം ഭാഷകളിൽ ഇദ്ദേഹത്തിന്റെ കൃതികൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലും അമേരിക്കയിൽ ഏറ്റവും വായിക്കപ്പെടുന്ന കവിയാണ് റൂമി.

Comments