ഒരേ യാത്രയിൽ നാല് ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്നത് ആദ്യമായിട്ടാണ്. റുവാണ്ടയിലെ കിഗാലിയിൽ നടക്കുന്ന 'വിവ് ആഫ്രിക്ക' എക്സിബിഷനിൽ പങ്കെടുക്കാനാണ് ദുബൈയിൽ നിന്ന് യാത്ര തിരിക്കുന്നത്.
വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ള രാജ്യമാണ് റുവാണ്ട. 2018-ലെ ആദ്യ റുവാണ്ടൻ യാത്രയിൽ പരിചയപ്പെട്ട (1987 മുതൽ അവിടെ താമസിക്കുന്ന) പ്രകാശേട്ടൻ പറഞ്ഞുതന്ന അവിടത്തെ കൂട്ടക്കൊലയുടെ വിശേഷങ്ങൾ, അന്ന് കണ്ട ജീനോസൈഡ് മ്യൂസിയം ഇതെല്ലാമാണ് ജീവിതത്തിലാദ്യമായി എഴുതാൻ പ്രേരണ നൽകിയത്. വിവരിക്കാനാകാത്ത ക്രൂരത നടമാടിയ നാട്. 1994 ഏപ്രിൽ 7 മുതലുള്ള മൂന്നു മാസം കൊണ്ട് പത്തുലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ, പിന്നീട് ലോകത്തിനു മാതൃകയാക്കാവുന്ന തരത്തിൽ സമാധാനം നിറഞ്ഞതും സുരക്ഷിതവുമായ രാജ്യമായി റുവാണ്ട മാറി.
കിഗാലിയിൽ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എക്സിബിഷൻ കാരണം തീർത്തും തിരക്കേറിയ ദിനം, മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പലരെയും അവിടെ കണ്ടുമുട്ടി. റുവാണ്ടയിലെ പരിചയമുള്ള വ്യക്തികളിലൊരാളായ നമ്പ്യാർ സാറിനെ കാണാനായി.
ആഫ്രിക്കയെ നുകരുന്നവരാണ് മലയാളികൾ. ചെണ്ടമേളം പോലെ താളം കണ്ടെത്തിയാൽ ആഫ്രിക്കയിലെ ജീവിതവും ഒരു ആഘോഷമാണ്.
തുടർന്ന് ഉഗാണ്ടയിൽ നാലു ദിവസം. സുഹൃത്ത് രമേഷിന്റെ സഹായമുണ്ടായിരുന്നതിനാൽ ജോലിസംബന്ധമായ കാര്യങ്ങൾ ഭംഗിയായി നടന്നു. എന്റെബ്ബെ എയർപോർട്ടിന് സമീപം ചെല്ലുമ്പോൾ വിക്ടോറിയ തടാകം കാണാൻ പോകാറുണ്ട്. വിക്ടോറിയ തടാകം ഓരോ പ്രാവശ്യം കാണുമ്പോഴും കൂടുതൽ സുന്ദരിയായി വരുന്നതുപോലെ. ശാന്തത നിറഞ്ഞ ആ തടാകം എത്ര കണ്ടാലും മതിവരില്ല.
പിന്നീട് ടാൻസാനിയയിലെ എക്സിബിഷന് പങ്കെടുക്കാൻ ദാർ എസ് സലാമിലേക്ക്. നവരാത്രി ആഘോഷസമയത്ത് ആദ്യമായിട്ടാണ് ആഫ്രിക്കയിൽ- പ്രത്യേകിച്ച് ടാൻസാനിയയിൽ- യാത്ര ചെയ്യുന്നത്. ദാർ എസ് സലാമിലെ ടെംപിൾ സ്ട്രീറ്റിലാണ് താമസിക്കാറ്. ഇപ്രാവശ്യം നവരാത്രി ആഘോഷങ്ങൾ കണ്ടു. ആദ്യമായിട്ടാണ് ഡാൻഡിയ, ഗർഭ നൃത്തരൂപങ്ങൾ നേരിട്ട് കാണുന്നത്.
ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ നവരാത്രി ആഘോഷം കാണുന്നതുപോലെയായിരുന്നു ദാർ എസ് സലാമിലെ ആഘോഷം. മുൻപെല്ലാം ഇവിടെ വരുമ്പോൾ ഈ അമ്പലത്തിന്റെ തൊട്ടടുത്ത ചപ്പാൻ ഭോഗ് വെജിറ്റേറിയൻ ഹോട്ടലിൽ അനേകം ഉത്തരേന്ത്യക്കാരെ കാണാറുണ്ട്. കൂടാതെ അമ്പലത്തിൽ വെച്ചു പരിചയപ്പെട്ട കൃഷ്ണ എന്ന ഗുജറാത്തി സുഹൃത്ത് അദ്ദേഹത്തിന്റെ ബന്ധുക്കളെയും പരിചയപ്പെടുത്തിയിരുന്നു.
1949- ൽ എസ്.കെ. പൊറ്റെക്കാട് തന്റെ ആഫ്രിക്കൻ യാത്രയിൽ, അന്ന് ടാങ്കാനീക എന്നറിയപ്പെട്ടിരുന്ന ടാൻസാനിയയിലെ ദാർ എസ് സലാമിനെ 'മിനി ബോംബെ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 40,000-ഓളം ഇന്ത്യക്കാർ അന്നും ഇവിടെയുണ്ടായിരുന്നു. സിംഹഭൂമി എന്ന പുസ്തകത്തിൽ ഇവിടത്തെ വിശേഷങ്ങൾ അദ്ദേഹം കുറിച്ചിട്ടുണ്ട്. അതിനാൽ ഇത്രയധികം ഗുജറാത്തി സമൂഹത്തെ കണ്ടപ്പോൾ വലിയ അത്ഭുതം തോന്നിയില്ല.

പത്തുവർഷത്തോളമായി പരിചയമുള്ള അടുത്ത സുഹൃത്ത് ഡോ. ബാലസാഹിബിനെ കുറച്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ദാർ എസ് സലാമിൽ കണ്ടുമുട്ടി. മുൻപ് ഘാനയിലും നൈജീരിയയിലും അദ്ദേഹം ജോലിചെയ്തപ്പോൾ കണ്ടിരുന്നു. 2018- ൽ ഘാനയിൽ വെച്ച് അദ്ദേഹത്തെ ആദ്യമായി കാണുമ്പോൾ കൂടെ കുടുംബവുമുണ്ടായിരുന്നു. ഇപ്രവാശ്യം മകൾ ധ്രുവയെ ഫോണിൽ വിളിച്ചു സംസാരിച്ചു. അന്ന് ചുകപ്പ് ഷൂസിനോട് വളരെ ഇഷ്ടമുണ്ടായിരുന്നു ധ്രുവക്ക്. അക്കാര്യം ഓർത്തെടുത്തു ചോദിച്ചപ്പോൾ ഏഴാം ക്ലാസ്സിൽ ഇപ്പോൾ പഠിക്കുന്ന ധ്രുവ ഞെട്ടിപ്പോയി. ഡോ. ബാലയുടെ കൂടെ കോകോ ബീച്ചിൽ പോയി ഒരുപാടു വിശേഷങ്ങൾ പങ്കുവെച്ചു. സൗഹൃദത്തിന്റെ വില ഇങ്ങനെയുള്ള ബന്ധങ്ങളിൽകൂടെയാണ് കൂടുതൽ ദൃഢമാകുന്നത്.
ടാൻസാനിയയിലെ അസ്സോസിയേറ്റ് സന്ദീപ് അടുത്ത സുഹൃത്ത് കൂടിയാണ്. അവരുടെ സ്റ്റാഫിന്റെ കല്യാണത്തിനുപോയ വിശേഷങ്ങളും പലരും രണ്ടു കുട്ടികളായതിനുശേഷം കല്യാണം കഴിക്കുന്ന രീതികളുമെല്ലാം അവർ വിശദമായി പറഞ്ഞുതന്നു.
ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ കുറഞ്ഞ മലയാളികൾ മാത്രമാണ് ഓരോ ആഫ്രിക്കൻ രാജ്യത്തുമുള്ളത്.
ടാൻസാനിയയിൽ നിന്ന് പിന്നെ പോയത് കെനിയയിലേക്കാണ്. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ മലയാളി സുഹൃത്തുക്കളുള്ളത് കെനിയയിലാണ്. കൂടാതെ കമ്പനിയുടെ അവിടത്തെ അസ്സോസിയേറ്റ് മെഡിസെൽ ഗ്രൂപ്പിൽ, കുറച്ചു കെനിയൻ സുഹൃത്തുക്കളുമുണ്ട്. വെറ്റിനറി വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ. ഒകോതുമായി എപ്പോഴും ബിസിനസ്സ് കാര്യങ്ങൾ പോലെ തന്നെ ലോകകാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. അദ്ദേഹം കുറച്ചുകാലം സൗദിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും എല്ലാം അദ്ദേഹത്തിന് നന്നായി അറിയാം. അതുപോലെ നമ്മുടെ എഴുത്തിനെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം.
ഓരോ ജനതക്കും അവരുടെ ചട്ടക്കൂടിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ചില അറിവുകൾ, വിശേഷങ്ങൾ ഉണ്ടായിരിക്കും. ഉദാഹരണതിന് കുഞ്ഞാലിപ്പാറ എന്ന ഞങ്ങളുടെ നാട്ടിലെ മനോഹരമായ മലയും അതിനു പുറകിലെ ഐതിഹ്യങ്ങളും എല്ലാം. അങ്ങനെയുള്ള കെനിയയിലെ അദ്ദേഹത്തിന്റെ ഗോത്രത്തോടു ബന്ധപ്പെട്ട, ഭൂവിഭാഗത്തോട് ബന്ധമുള്ള കാര്യങ്ങൾ പറഞ്ഞുതരുവാൻ പ്രത്യേക കഴിവാണ് ഡോക്ടർക്ക്. ചെറിയ സന്ദർശനമായിരുന്നതിനാൽ ഇപ്രാവശ്യം കൂടുതലും ബിസിനസ്സ് ചർച്ചകൾ മാത്രമായിരുന്നു.

ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ കുറഞ്ഞ മലയാളികൾ മാത്രമാണ് ഓരോ ആഫ്രിക്കൻ രാജ്യത്തുമുള്ളത്. കെനിയയിൽ ഒരു പക്ഷെ ആയിരത്തിൽപരം പേർ കാണുമായിരിക്കും. തലസ്ഥാനമായ നെയ്റോബിയിലാണ് ഇവരിൽ കൂടുതലും താമസിക്കുന്നത്. ഓരോ രാജ്യത്തും മലയാളികളെ കൂട്ടിയിണക്കാൻ കേരള -മലയാളി അസോസിയേഷനുകളുണ്ടാകും. കെനിയയിലെ കേരള അസോസിയേഷൻ (KAK) പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. 1954- ൽ സ്ഥാപിച്ചതിനുശേഷം മറ്റൊരു വിഭാഗമായി അത് വേർപിരിഞ്ഞിട്ടില്ല എന്നുള്ളതുകൊണ്ടുമാത്രമല്ല, വളരെ ഊർജ്ജസ്വലമായി ഓരോ വർഷം കഴിയുന്തോറും കൂടുതൽ ശക്തിപ്രാപിക്കുന്നു. തുടക്കം മുതൽ അതിന്റെ നേതൃനിരയിലോ പിന്നാമ്പുറത്തോ പ്രവർത്തിക്കുന്ന ചില വ്യക്തികളുടെ നിശ്ചയദാർഢ്യവും സഹായമനഃസ്ഥിതിയുമാണ് ഈ സംഘടന നിലനിൽക്കാൻ കാരണം.
കെനിയയിൽ ഏവർക്കും താങ്ങും തണലുമായി പ്രവർത്തിക്കുന്ന വ്യക്തികളിൽ ഒരാളാണ് സജിത്തേട്ടൻ. എല്ലാ പ്രാവശ്യവും കെനിയയിൽ വരുമ്പോൾ സജിത്തേട്ടനെയും രാജ് മോഹൻ ചേട്ടൻ അടങ്ങുന്ന സുഹൃത്തുക്കളേയും കാണാതെ മടങ്ങാറില്ല. അന്ന് വൈകുന്നേരം സജിത്തേട്ടൻ ഹോട്ടലിൽനിന്ന് നേരിട്ട് അവരുടെ ചെണ്ട പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. നൈറോബിയിലെ അയ്യപ്പക്ഷേത്രം ഉൾപ്പെട്ട ശ്രീറാം മന്ദിർ അമ്പലത്തിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിലെ ചെറിയ മുറിയാണ് ചെണ്ട പരിശീലനകേന്ദ്രം. ഇരുപത്തഞ്ചോളം പേർ ദിവസവും അവിടെ പരിശീലിക്കുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ എട്ടുപേരുള്ള മൂന്നാമത്തെ ബാച്ചിന്റെ അരങ്ങേറ്റമാണ് അടുത്ത ദിവസം.

ആദ്യ ബാച്ചിൽ 13 പേരും രണ്ടാം ബാച്ചിൽ 11 പേരും കഴിഞ്ഞ രണ്ടുവർഷങ്ങളായി അരങ്ങേറ്റം കുറിച്ചിരുന്നു. അതുവരെ ചെണ്ടമേളം പരിശീലിച്ച എല്ലാവരും ഇപ്രാവശ്യം അരങ്ങേറുന്നവർക്കു പ്രോത്സാഹനവും പരിശീലനവും നൽകുന്നതിനായി എന്നും ഒരു മണിക്കൂർ ഇവിടെ വന്ന് ചെണ്ട കൊട്ടും. ആ ചെണ്ട ബാൻഡിലെ കുറച്ചുപേരെ മുൻപേ പരിചയമുണ്ടെങ്കിലും കൂടുതൽ പേരെയും ആദ്യമായിട്ടാണ് കാണുന്നത്. 'ആഫ്രിക്കയുടെ വേരുകൾ' എന്ന ആദ്യ പുസ്തകം വെച്ചാണ് എന്നെ പരിചയപ്പെടുത്തിയത്. കെനിയയിൽ വെച്ചാണ് ആ പുസ്തകം പ്രകാശനം ചെയ്തത് എന്നതുകൊണ്ട് അവർക്കു പെട്ടന്ന് മനസിലായി. എന്തായാലും ആഫ്രിക്കയിലെ ചെണ്ടയുടെ വേരുകൾ ഇവിടെ കാണാമെന്നു ചിരിച്ചുകൊണ്ട് ചെണ്ട മേളത്തിലെ ഒരംഗമായ നിമിഷ എന്ന പെൺകുട്ടി പറഞ്ഞു.
നാട്ടിൽവെച്ച് ചെണ്ടയായി അത്ര പരിചയം പോലുമില്ലാത്തവർ എത്ര സുഗമമായി ഇവിടെ കൊട്ടുന്നു, തീർത്തും വ്യത്യസ്തമായ സാഹചര്യത്തിൽ പോലും…
അവർ പതുക്കെ ചെണ്ടമേളം തുടങ്ങി. മൂന്നാം കാലത്തിൽ തുടങ്ങി പതുക്കെ കൊട്ടിക്കയറി അവസാനം നാലാം കാലം കഴിഞ്ഞു ശരിയായ രൗദ്രഭാവം വിളിച്ചോതുന്ന അഞ്ചാംകാലത്തിൽ ഉഷാറായി കൊട്ടിക്കസറി. കുഴൽവാദ്യം വിളിക്കാൻ രണ്ടുപേരും ഇലത്താളത്തിനായി നാലുപേരുമുണ്ട് സംഘത്തിൽ. കുഴൽവാദ്യം കൈകാര്യം ചെയ്യുന്ന ബാലുച്ചേട്ടനാണ് കലാക്ഷേത്ര കെനിയയുടെ ചെയർമാൻ. കെനിയയിൽ പഞ്ചാരിമേളം പരിശീലിക്കുന്ന കലാസംഘത്തിന്റെ ഗുരു പേരാമംഗലത്തുനിന്നുള്ള കലാമണ്ഡലം അഖിൽ മാരാർ ആണ്. വർഷത്തിൽ മൂന്നു മാസത്തോളം അദ്ദേഹത്തെ കെനിയയിൽ താമസിപ്പിച്ചു പരിശീലനം നേടാറുണ്ട്.

ആശാന്റെ അസാന്നിധ്യത്തിൽ നൈറോബിയിലെ ചെണ്ട ക്ലാസുകൾ പരിശീലിപ്പിക്കുന്നത് ബാലുച്ചേട്ടനും ഞങ്ങളുടെ നാട്ടുകാരനും വലംതല പ്രമാണിയുമായ രമേഷ് പിഷാരവും കൂടെയാണ്. കലാക്ഷേത്ര കെനിയ രൂപീകരിച്ചതും കലാമണ്ഡലം അഖിൽ മാരാരെ കെനിയയിൽ എത്തിച്ചതും ഗുരുവായൂർ ബ്രഹ്മകുളം സ്വദേശി കൂടിയായ സുഭാഷ് അമ്പിടിയാണ്.
കെനിയയിലെ തുറമുഖ നഗരമായ മൊമ്പാസ്സയിലെ ക്ലാസുകൾ എടുക്കുന്നതിനു ബാലുച്ചേട്ടൻ വാരാന്ത്യത്തിൽ രണ്ടു ദിവസം അവിടെയും ചെലവഴിക്കാറുണ്ട്. ഒരു മണിക്കൂറിലേറെ നീണ്ട അന്നത്തെ പരിശീലനം ശരിക്കും വ്യത്യസ്ത ഒരനുഭവമായി. നാട്ടിലെ തോറ്റം നടക്കുമ്പോൾ ചെണ്ടമേളം കാണാറുണ്ടെങ്കിലും ഇത്രക്കും ആസ്വദിച്ച് അടുത്തുനിന്ന് കണ്ടത് ഇപ്പോഴാണ്. ആ സമയത്തു മനസ്സിൽ ചേക്കേറിയ ചിന്ത ഈ ചെണ്ടമേളവും ആഫ്രിക്കയിലെ മലയാളികളുടെ ജീവിതവും തമ്മിലൊരു ബന്ധമുണ്ടെന്നാണ്.
നാട്ടിൽവെച്ച് ചെണ്ടയായി അത്ര പരിചയം പോലുമില്ലാത്തവർ എത്ര സുഗമമായി ഇവിടെ കൊട്ടുന്നു. തീർത്തും വ്യത്യസ്തമായ സാഹചര്യത്തിൽ പോലും എന്തും പഠിച്ചെടുക്കാനുള്ള ഒരഭിനിവേശം എല്ലാ മലയാളികൾക്കുമുണ്ട്. ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ഒരു ശക്തി, അതിനായുള്ള പ്രയത്നം, അതിലുപരി ഒടുങ്ങാത്ത ആവേശം. ചെണ്ട കൊട്ടുന്ന ആ 20 മലയാളികൾ ആഫ്രിക്കയിലെ മലയാളികളുടെ മിനിപതിപ്പാണ്.

വലതുകൈയിലെ ചെണ്ടക്കോൽ കൊണ്ട് കൊട്ടുമ്പോൾ ശക്തമായി ഇടതുകൈകൊണ്ടും ചെണ്ടയിലടിക്കുന്നു. അഞ്ചാം കാലത്തിലെത്തുമ്പോൾ മതിമറന്ന് ഈ പ്രഹരം അത്യുന്നതിയിലെത്തുന്നു. എന്നാൽ ചെണ്ടക്കോൽ ഇടത്തെ കൈയിൽ കൊള്ളാതെ, താളത്തിനൊപ്പം നീങ്ങാൻ പരിശീലനം കൊണ്ട് സാധിക്കുന്നു.
ആഫ്രിക്കയിലെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ട പരീക്ഷണങ്ങൾ തരണം ചെയ്യാൻ കഠിന പരിശീലനം തന്നെ വേണം, എന്നുമാത്രമല്ല അത് തുടർന്നുകൊണ്ടേയിരിക്കണം, ചെണ്ടമേളം പോലെ. എന്നാൽ താളം കണ്ടെത്തിയാൽ അതിന്റെ ഹരം നമ്മളെ സാഹസികമായ ഒരുന്നതിയിലെത്തിക്കും.
ചെണ്ടമേളത്തിന് ഒരു നിയമവശമുണ്ട്. എത്ര താളം മുറുകിയാലും ഇലത്താളത്തിന്റെയും കൊമ്പുവിളിയുടെയും നാദം കേൾക്കണം, അതനുസരിച്ചു കാലം അല്ലെങ്കിൽ ഭാവം മാറ്റണം. എല്ലാം കൂടിചേർന്നാലേ പൂർണത കൈവരികയുള്ളു. ചെറിയ ഘടകങ്ങളിൽ പോലും സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ താളപ്പിഴ വരും.
ആഫ്രിക്കയിലെ ജീവിതത്തിൽ എത്ര മുൻകരുതൽ എടുത്താലും അവധാനത വന്നാൽ കുഴപ്പങ്ങളിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്. താളപ്പിഴ വരാതിരിക്കാൻ ചെണ്ടമേളത്തിലേതുപോലെ സൂക്ഷമത നിലനിർത്തേണ്ടത് ആവശ്യമാണ്.
ചെണ്ടമേളം എപ്പോഴും മൃദുഭാവത്തിൽ തുടങ്ങി , പതിയെ മുറുകി ഏറ്റവും ഉന്നതിയിലെത്തി, പതുക്കെ താഴോട്ടിറങ്ങി വീണ്ടും കുതിക്കുകയാണ് പതിവ്.

ആഫ്രിക്കയിലെ മലയാളികൾ തങ്ങളുടെ സംരംഭം തുടങ്ങുന്നതും അങ്ങനെയാണ്. ചെറിയ രീതിയിൽ തുടങ്ങി പതുക്കെ ഉയരങ്ങളിലെത്തുകയും അവരുടെ വളർച്ചക്കൊപ്പം സമൂഹത്തിനു ഉപകാരമാകുന്ന രീതിയിൽ പലവിധ സഹായങ്ങളും ചെയ്യുകയും ചെയ്യുന്നു. തദ്ദേശീയരായ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസസഹായം കൊടുക്കുക, വികസനപ്രവർത്തങ്ങൾക്കു പിന്തുണ നൽകുക എന്നിവ സാധാരണമാണ്. ഇതെല്ലം അവരുടെ വിജയത്തിന്റെ ഘടകങ്ങളാണ്. സഹാനുഭൂതി വെച്ചു പുലർത്തുമ്പോൾ തന്നെ ആ രാജ്യക്കാരോട് ഒരുതരം വിവേചനവും കാണിക്കാതിരിക്കുന്നത്, അവരുടെ വിശ്വാസവും ബഹുമാനവും ലഭിക്കാനിടയാക്കുന്നു.
ആഫ്രിക്കയെ നുകരുന്നവരാണ് മലയാളികൾ. ചെണ്ടമേളം പോലെ താളം കണ്ടെത്തിയാൽ ആഫ്രിക്കയിലെ ജീവിതവും ഒരു ആഘോഷമാണ്. എന്നാൽ ചെണ്ട കൊട്ടുവാൻ പഠിക്കുന്ന പോലെ അതിനു കുറുക്കുവഴികളില്ല, നിരന്തരപരിശീലനം ആവശ്യമാണുതാനും.
