വെർച്വൽ യാത്രയിൽ കാണാനാകുമോ?
അർമേനിയൻ വംശഹത്യാ സ്മാരകത്തിലെ ​ആ ദമ്പതികളെ?

ഒരിടത്തെ ശാരീരിക സാന്നിധ്യം പകർന്നുതരുന്ന അനുഭവലോകത്തിന്റെ അടുത്തെങ്ങാനുമെത്താൻ അതിദ്രുതമായ സാങ്കേതിക കുതിപ്പിന്റെ നടുവിൽ നിൽക്കുമ്പോഴും, അതിവിദൂരഭാവിയിൽ പോലും വെർച്വൽ യാത്രകൾക്കാകുമോ? ഇല്ല എന്ന നിഗമനത്തിൽ തുടരാൻ തന്നെയാണ് എന്നെ പ്രേരിപ്പിക്കുന്നത്.

നിർമിത ബുദ്ധിയുടെയും ഗൂഗിളിന്റെയും സോഷ്യൽ മീഡിയയുടേയും യുറ്റ്യൂബിന്റെയും വെർച്വൽ റിയാലിറ്റിയുടെയുമൊക്കെ ഇക്കാലത്ത് യാത്ര എങ്ങനെയാണ് വൈയക്തികമായ അനുഭവമല്ലാതായി മാറുന്നത് എന്നാലോചിക്കാറുണ്ട് ഇടക്കൊക്കെ.

ഡേവിഡ് ലിവിങ്ങ്സ്റ്റണൻ പുറംലോകത്തിന് മുന്നിലേക്കെത്തിച്ച പൊറ്റെക്കാട്ടിലൂടെ, മലയാളി വായിച്ചറിഞ്ഞ സന്തോഷ് ജോർജ്ജ് കുളങ്ങരയിലൂടെ കണ്ടറിഞ്ഞ വിക്ടോറിയ വെള്ളച്ചാട്ടം 360 ഡിഗ്രിയിൽ കണ്ട് ആസ്വദിക്കാൻ നിരവധി വെർച്വൽ ടൂർ വീഡിയോകൾ ഓൺലൈനിൽ ലഭ്യമാണ്. 3 D സ്മാർട്ട് ഗ്ലാസുകൾ നൽകുന്ന ദൃശ്യ- ശ്രവ്യ അനുഭവങ്ങളിലൂടെ പഴയ ന്യൂസ് റീൽ കാലത്തുനിന്ന് എത്രയോ മെച്ചപ്പെട്ട രീതിയിൽ നമുക്കിന്ന് ഈ മഹാദ്ഭുതത്തെ അവിടെ പോകാതെ തന്നെ അറിയാനും അനുഭവിക്കാനും കഴിയും. പക്ഷെ, ഒരിടത്തെ ശാരീരിക സാന്നിധ്യം പകർന്നുതരുന്ന അനുഭവ ലോകത്തിന്റെ അടുത്തെങ്ങാനുമെത്താൻ അതിദ്രുതമായ ഈ സാങ്കേതിക കുതിപ്പിന്റെ നടുവിൽ നിൽക്കുമ്പോഴും, അതി വിദൂരഭാവിയിൽ പോലും ഇത്തരം വെർച്വൽ യാത്രകൾക്കാകുമോ?

പുതിയ യാത്രകളും പഴയ യാത്രകളുടെ ഓർമകളും അത് സാധ്യമാകില്ല എന്ന നിഗമനത്തിൽ തുടരാൻ തന്നെയാണ് എന്നെ പ്രേരിപ്പിക്കുന്നത്.

അവാസ്തവികമായ യാത്രകൾ നമുക്കുവേണ്ടി മാത്രമായല്ല തയ്യാറാക്കപ്പെടുന്നത് എന്നത് അതിന്റെ പ്രധാന ന്യൂനത തന്നെയാണ്. ഒരു ദൃശ്യത്തെ സ്വീകരിക്കാനും നിരാകരിക്കാനും കണ്ണുകളും കാലുകളും ചേർന്ന് നമുക്കുതരുന്ന സ്വാതന്ത്ര്യം പോർട്ടബിൾ 3 D ഗ്ലാസുകളോ 360 തിയറ്ററുകളോ നമുക്ക് നൽകുമോ?. നമ്മുടെ ആജ്ഞകൾക്കനുസരിച്ച് മുന്നിൽ തെളിയുന്ന ദൃശ്യങ്ങൾക്ക് നേരിട്ടുള്ള സന്ദർശനം പ്രദാനം ചെയ്യുന്ന അനുഭൂതി നൽകാൻ വരും കാലങ്ങളിലാകുമോ?.

കാഴ്ചകൾ മാത്രമല്ലല്ലോ യാത്രകൾ, അത് ഗന്ധമായും രുചിയായും സ്പർശമായും ചൂടായും തണുപ്പായും ക്ഷീണമായും കാൽകഴപ്പായും പുറംതോളിലെ കനമായും എല്ലാം കൂടിച്ചേരുന്നതല്ലേ?. അതിനൊക്കെയായുള്ള തിരഞ്ഞെടുക്കൽ സാധ്യതകൾ ഭാവിയിൽ നമുക്കുമുന്നിൽ തുറന്നിടപ്പെടുമോ?.

കാരെക്കട്ടെ നിന്ന്​ കുടജാദ്രിയിലേക്കുള്ള കാട്ടുവഴിയോരത്തെ തങ്കപ്പൻ നായരുടെ ചായക്കടയിൽ നിന്ന്​ 23 വർഷം മുൻപ് അൻവറിനൊപ്പം കഴിച്ച പുട്ടിന്റെയും കടലക്കറിയുടെയും രുചി...

കാരെക്കട്ടെ നിന്ന്​ കുടജാദ്രിയിലേക്കുള്ള കാട്ടുവഴിയോരത്തെ തങ്കപ്പൻ നായരുടെ ചായക്കടയിൽ നിന്ന്​ 23 വർഷം മുൻപ് അൻവറിനൊപ്പം കഴിച്ച പുട്ടിന്റെയും കടലക്കറിയുടെയും രുചി ഇപ്പോഴും ആ യാത്രയെക്കുറിച്ചുള്ള നിരവധിയായ ഓർമകളിലേക്കിറങ്ങുമ്പോഴൊക്കെ നാവിൻ തുമ്പിലേക്കെത്തും.

ഗണപതി ഗുഹക്കു സമീപത്തുള്ള ഒരു കാട്ടരുവിയിലെ അതുവരെയുള്ള യാത്രയുടെ എല്ലാ ക്ഷീണവും മടുപ്പും കഴുകിക്കളഞ്ഞ കുളി...

ചിത്രമൂലയിലെ ഈർപ്പവും നരിച്ചീറുകളും പക്ഷിക്കാഷ്ടങ്ങളുമൊക്കെ ചേർന്ന് സൃഷ്ടിക്കുന്ന പ്രാകൃത ഗന്ധം...

സർവജ്ഞപീഠത്തിനരികിൽ നിലാവും തണുപ്പും രാത്രിയുടെ സൂക്ഷ്മശബ്ദങ്ങളും ചേർന്നൊരുക്കുന്ന അനുഭവലോകം...

കോടയും സൂര്യനും ചേർന്നൊരുക്കുന്ന നിറക്കൂട്ടുകൾക്കുനടുവിലെ പുലരിയിലെ കുളിര്...

ഇതൊക്കെ അവിടെ പോകാതെ തന്നെ അനുഭവിച്ചറിയാൻ ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നമുക്കാവുമോ?.

കുടജാദ്രിയിൽ നിന്ന് മടങ്ങുമ്പോൾ കാരിക്കട്ടെ നിന്ന്​ മൂംകാംബിക വരെ ലോഡിറക്കിവരുന്ന ഒരു ലോറിയുടെ പിന്നിലിരുന്നായിരുന്നു യാത്ര. ശരീരം മൊത്തം കുടഞ്ഞ് അകത്തുള്ളതെല്ലാം കുലുക്കി മറിച്ച അവസ്ഥയിലെത്തിച്ചിരുന്നു, വളവുതിരിവുകളിലൂടെ അതിവേഗം ചുരമിറങ്ങി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ചരക്കില്ലാത്ത ആ ലോറിയുടെ പുറകിലെ യാത്ര.

അന്ന് മൊബൈൽ ഫോണുകൾ പ്രചാരത്തിലായിട്ടില്ല. അപൂർവമായി ചിലരുടെ കൈയ്യിലൊക്കെ പേജറുകൾ വന്നുതുടങ്ങിയിട്ടുണ്ട്. യാത്രക്കുള്ള ആശ്രയം, മുൻപ് ആ വഴി പോയ ചില സുഹൃത്തുക്കളുടെ അനുഭവ വിവരണങ്ങളും ചില വാരാന്തപ്പതിപ്പുകളിലെ സചിത്ര ലേഖനങ്ങളും അവിടത്തെ വിനോദസഞ്ചാര വകുപ്പിന്റെ ബ്രോഷറുകളുമായിരുന്നു.

ചോദിച്ചുചോദിച്ചറിഞ്ഞ്... അങ്ങനെയങ്ങനെയായിരുന്നു ആ യാത്രകൾ.

ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള ലഘുലേഖകൾ അന്ന് ശേഖരത്തിലുണ്ടായിരുന്നു. ഒടുവിൽ ജോലിക്കായി ഇന്ത്യ വിടുമ്പോൾ സൃഹൃത്തുക്കളും യാത്രയിൽ തൽപ്പരരുമായിരുന്ന സുർജിത്ത് അയ്യപ്പത്തിനും കെ.എ. അജീഷിനും അതെല്ലാം കൈമാറി. പിന്നെ ഗൂഗിൾ സേർച്ച് സർവസാധാരണമായി. യാത്രാവിശേഷങ്ങളുമായി ബ്ലോഗുകളെത്തി. പിന്നീട് യു റ്റ്യൂബ്​ വീഡിയോകളുടെ വരവായി. അടുത്തിടെ ചാറ്റ് ജി. പി. ടിയാണ് യാത്ര പ്ലാൻ ചെയ്യാൻ സഹായിച്ചതെന്ന് ഒരു സുഹൃത്ത് എഴുതിക്കണ്ടു. നിർമിതബുദ്ധിയിൽ തയ്യാറാക്കിയ യാത്രാവിവരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു.

Photo: ARPost

അച്ചടിച്ച അക്ഷരങ്ങൾ മാത്രം യാത്രക്ക് വഴികാട്ടാനുണ്ടായിരുന്ന ഒരു കാലത്തെ കൊങ്കൺ യാത്രയിലാണ് സൗത്ത് അൻജുന ബീച്ചിൽ ടോപ്​ലെസ്​ ആയി ബീച്ച് വോളിബോൾ കളിക്കുന്ന ഒരു സംഘത്തിനരികിലേക്കെത്തുന്നത്. വഴിയാത്രക്കുള്ള ചെലവ് കണ്ടെത്താൻ ചില വിൽപ്പനപ്പണ്ടങ്ങൾ ഞാൻ കൈവശം വെച്ചിരുന്നു. മണ്ണുകൊണ്ടും ചിരട്ടകൊണ്ടും മുള കൊണ്ടും മരം കൊണ്ടുമുള്ള ആഭരണങ്ങളായിരുന്നു അവ. ഗോവയിലെ കടലോരങ്ങളിൽ അവ തീർച്ചയായും വിറ്റുപോകുമെന്ന് അറിയാമായിരുന്നു. മാറിടം അനാവൃതമാക്കി വെയിലു കായുന്ന ചിലരെ പിന്നിട്ടാണ് കരിമ്പാറക്കൂട്ടം അതിരിടുന്ന ആ ബിച്ചിന്റെ തെക്കേ അറ്റത്തെത്തിയത്. ഇരുപതോളം പേരടങ്ങുന്ന ഒരു സംഘം അര ഭാഗം മാത്രം മറച്ച്​വാശിയോടെ വോളിബോൾ കളിക്കുകയാണ്. അവരിൽ ചിലർ എന്റെ കൈകളിൽ തൂങ്ങി കിടക്കുന്ന മാലകളും വളകളുമൊക്കെ കണ്ട് അരികിലേക്കുവന്നു. അതിലൊരു പെൺകുട്ടിയുടെ തവിട്ടുനിറമുള്ള വലിയ മാറിടത്തിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പുചാലുകൾ കാലമേറെ കഴിഞ്ഞിട്ടും മനസ്സിൽ പതിഞ്ഞ് കിടക്കുന്നുണ്ട്. ഗോവയിൽ ഇപ്പോൾ ഹിപ്പി വിനോദസഞ്ചാരികളുടെ സംഘങ്ങളുണ്ടോ എന്നറിയില്ല. ഒരുപക്ഷെ ക്ഷയിച്ചുകൊണ്ടിരുന്ന ഹിപ്പികളുടെ അവസാന കൂട്ടങ്ങളിലൊന്നായിരിക്കണം അത്.

ക്ലോഡ് അൽവാരീസിന്റെ അദർ ഇന്ത്യ ബുക്ക് സ്റ്റാൾ...

മോപ്​സയിലെ മാർക്കറ്റ്...

പാലോളിം ബീച്ചിലെ ദിനരാത്രങ്ങൾ...

കൊച്ചിക്കാരനായ വാൾട്ടറും വിദേശിയായ വനിതാ സുഹൃത്തും ചേർന്ന് നടത്തിയിരുന്ന ‘ഡ്രീം കാച്ചർ' ബീച്ച് ഹട്ട് റിസോർട്ട്, അവിടത്തെ ലഹരി വിൽപ്പന പൊടിപൊടിക്കുന്ന നിശാ പാർട്ടികൾ...

‘ബാൻയൻ ട്രീ' റെസ്റ്റോറന്റിലെ ദീപു എന്ന നേപ്പാളി പരിചാരകൻ, ദിവസേനയെന്നോണം മാറുന്ന അവന്റെ വിദേശ വിനോദസഞ്ചാരികളായ നിശാകൂട്ടുകാരികൾ...

ഗോവയിലെ ഹിപ്പി വിനോദസഞ്ചാരികൾ / Photo: India Mike

പൂർവാശ്രമത്തിൽ ഹിമാചലിൽ സന്യാസിയായിരുന്ന ബാബ എന്ന പേരിലറിയപ്പെടുന്ന അഞ്ചടിക്കാരനും ആറടിയോളം ഉയരമുള്ള അയാളുടെ ജർമൻകാരിയായ ഭാര്യയും. ടൂറിസ്റ്റ് സീസണിൽ പൊടി കച്ചവടത്തിന്​ ഗോവയിലെത്തിയിരുന്ന അവർക്ക് മൂന്ന് കുട്ടികളായിരുന്നു. ഗോവയിലെത്തുമ്പോൾ അവരിവിടത്തെ പ്രാദേശിക ഗവൺമെൻറ്​ സ്‌ക്കൂളിലെ വിദ്യാർത്ഥികളാകും. ഹിമാചലിലെത്തുമ്പോൾ അവിടത്തെയും. അമ്മയെ പോലെ സൗന്ദര്യമുള്ള ആ കുട്ടികൾക്ക് ഗർവാലി, ഹിന്ദി, കൊങ്കണി, ഇംഗ്ലീഷ്, ജർമൻ എന്നിങ്ങനെ 5 ഭാഷകൾ അറിയാമായിരുന്നു.

വെർച്വൽ യാത്രകളിൽ ആതിഥേയരുമായുള്ള സംവാദങ്ങൾ നമുക്ക് സാധ്യമാകുമോ?. തങ്ങളുടെ ദേശത്തെക്കുറിച്ചുള്ള ആശങ്കകളും അറിവുകളും അവർ നമ്മളുമായി പങ്കുവെക്കുമോ?

സ്വച്ഛ് ഭാരത് സൗകര്യങ്ങൾ കുറവായ അവിടെ കാര്യസാധ്യത്തിന്​ പുലർച്ചയിലെ നദിക്കരയിലേക്കുള്ള യാത്ര. തിബറ്റൻ ബുദ്ധ സംഗീതം അലയടിക്കുന്ന കരകൗശല വിൽപ്പന തെരുവുകൾ. അന്ന് നെടുമങ്ങാട്ടെ ഡോ. വിജയന് (Body Tree) അവിടെ ആയുർവ്വേദ സെന്ററുണ്ടായിരുന്നു. അവിടെയായിരുന്നു താമസം. അടുത്തു തന്നെയുള്ള റിവർ വാലി കോട്ടജിലെ മഞ്ജുനാഥിന്റെ അമ്മാവൻ മറാഠി വംശജനും ആർ.എസ്​.എസുകാരനും വലിയ ഭൂവുടമയുമായ ധനിക വൃദ്ധനായിരുന്നു. പാട്ടത്തിന് നൽകിയ തന്റെ ഭൂമികളിലെ തേങ്ങയിടാൻ ഒരു സംഘത്തെയും കൊണ്ട് വരും കക്ഷി. അഴിമതിക്കാരല്ലെന്ന കാരണത്താൽ കമ്യൂണിസ്റ്റുകാരെ വലിയ മതിപ്പായിരുന്നു മൂപ്പർക്ക്.

ക്ലോഡുമായി ഗോവയിലെ ടൂറിസത്തെക്കുറിച്ച് സംസാരിച്ച് മോപ്സയിലെ ബുക് സ്റ്റാളിൽ ഒരു മധ്യാഹ്നം മുഴുവൻ ചെലവഴിച്ചിരുന്നു ഗോവൻ ദിനങ്ങളിലൊന്നിൽ. തന്റെ നാടിന്റെ സംസ്‌കാരത്തിന്റെയും പരിസ്ഥിതിയുടേയും മേൽ വിനോദസഞ്ചാരം വരുത്തിവെക്കുന്ന ആഘാതങ്ങളെക്കുറിച്ച് സംസാരിച്ചു ക്ലോഡ്. വിനോദസഞ്ചാരത്തിന് അദ്ദേഹം എതിരായിരുന്നില്ല. ഉത്തരവാദ- ബദൽ വിനോദസഞ്ചാരമായിരുന്നു ഗോവൻ തീരത്താനായി ക്ലോഡ് അൽവാരിസ് മുന്നോട്ട് വെച്ചിരുന്നത്.

ക്ലോഡ് അൽവാരിസ്

വെർച്വൽ യാത്രകളിൽ ഇത്തരം ആതിഥേയരുമായുള്ള സംവാദങ്ങൾ നമുക്ക് സാധ്യമാകുമോ?. തങ്ങളുടെ ദേശത്തെക്കുറിച്ചുള്ള ആശങ്കകളും അറിവുകളും അവർ നമ്മളുമായി പങ്കുവെക്കുമോ?

കൃഷ്ണ അച്ഛാച്ഛൻ പുന്നശ്ശേരി ഗുരുകുലത്തിലെ വിദ്യാർത്ഥിയായിരുന്നു. ജാതി യാഥാസ്ഥിതികത്വത്തിൽ നിന്ന് രക്ഷപ്പെട്ട് സംസ്‌കൃതം പഠിക്കാനാണ് തണത്തറ പാലം കടന്ന് കൊച്ചി രാജ്യത്തു നിന്ന്​ മലബാറിലേക്ക് അച്ഛാച്ഛൻ യാത്രയാകുന്നത്. അവിടെനിന്ന് സംസ്‌കൃതവും വൈദ്യവും പഠിച്ച് നമ്പിയുടെ അരുമ ശിഷ്യൻമാരിലൊരാളായി അദ്ദേഹം. വൈദ്യശിരോമണി ബിരുദം നേടി പട്ടാമ്പിയിൽ തിരിച്ചെത്തിയതോടെ സന്യാസജിവിതത്തിലേക്കും ബ്രഹ്മചര്യത്തിലേക്കും തിരിഞ്ഞു അച്ഛാച്ഛൻ. പിന്നീടൊരുനാൾ കാശിയിലേക്ക് പുറപ്പെട്ടുപോയി. കാൽ നടയായായിരുന്നു യാത്ര. കാശിയിൽ പോയവർ സാധാരണ ജീവിതാവസാനം വരെ അവിടെ തങ്ങുകയാണ് പതിവ്. പക്ഷെ അദ്ദേഹം തിരിച്ചുവന്നു. യാത്രക്കിടയിൽ എവിടെ നിന്നോ കുടിച്ച മായം ചേർന്ന പാലിൽ (മരക്കറ ചേർത്ത പാൽ) നിന്നാണെന്ന് പറയുന്നു, ക്ഷയരോഗ ബാധിതനായി, താമസിയാതെ മരിച്ച അദ്ദേഹത്തെ സമാധിക്കിരുത്തി അടക്കി. അവാസ്തികമായൊരു യാത്രയിൽ ഭക്ഷ്യവിഷബാധയെക്കുറിച്ചോ രോഗങ്ങളെക്കുറിച്ചോ അപകടങ്ങളോക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. യാത്രയുടെ മറ്റനിശ്ചിതത്വങ്ങളില്ല.

ഒരു പക്ഷെ നാം കാണുന്ന ത്രിമാന ദൃശ്യങ്ങൾക്കൊപ്പമുള്ള വിവരണങ്ങളിലൂടെ നമുക്കിത്തരം ആലോചനകളിലേക്കെത്താൻ കഴിയുമായിരുക്കും. അതിൽ പക്ഷെ നമ്മുടെ ചിന്തകളുടെ മേലും ബാഹ്യസ്വാധീനങ്ങളുണ്ടാകില്ലേ.

ഒരു അവധി ദിവസത്തിലെ പുലരിയിലാണ് അർമേനിയൻ വംശഹത്യാ സ്മാരകത്തിലെത്തുന്നത്. യുവതുർക്കികളുടെ അധിനിവേശ ഭരണകാലത്ത് അർമേനിയൻ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത ദിനങ്ങളുടെ ഭീതിതവും ദുഃഖ ഭരിതവുമായ ഓർമകൾ, പ്രദർശനശാലയിലെ ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും കടന്നുപോകുമ്പോൾ നമ്മളിലേക്കും കയറിപ്പറ്റും. അവിടത്തെ വലിയ കെടാവിളക്കിന് സമീപം പൂച്ചെണ്ട് സമർപ്പിച്ച് മടങ്ങുന്ന വൃദ്ധരായ അർമേനിയൻ ദമ്പതികൾ, അവരുടെ ചുളിവുകൾ നിറഞ്ഞ മുഖത്തെ ഭാവമെന്താണെന്നറിയാനുള്ള നമ്മുടെ ആകാംക്ഷ, അവർക്ക് ആരെയൊക്കെയായിരിക്കും ആ ചോരചിന്തിയ ദിനങ്ങളിൽ നഷ്ടപ്പെട്ടിട്ടുണ്ടാകുക എന്ന നമ്മുടെ ആലോചനങ്ങൾ... അതൊക്കെ ഒരു സ്ഥലത്തെ ഭൗതിക സാന്നിധ്യമില്ലാതെ തന്നെ നമ്മുടെ ചിന്താലോകത്തേക്കെത്തുമോ?

അർമേനിയൻ അഭയാർത്ഥികൾ / PHOTO: THE IMAGE WORKS

ഒരു പക്ഷെ നാം കാണുന്ന ത്രിമാന ദൃശ്യങ്ങൾക്കൊപ്പമുള്ള വിവരണങ്ങളിലൂടെ നമുക്കിത്തരം ആലോചനകളിലേക്കെത്താൻ കഴിയുമായിരുക്കും. അതിൽ പക്ഷെ നമ്മുടെ ചിന്തകളുടെ മേലും ബാഹ്യസ്വാധീനങ്ങളുണ്ടാകില്ലേ. നമ്മളെങ്ങനെ ആ ദൃശ്യത്തെ സ്വീകരിക്കണമെന്നതും മനസ്സാലാക്കണമെന്നതും മുൻപുതന്നെ നിശ്ചയിക്കപ്പെട്ടിരിക്കില്ലേ.

വണ്ടിപ്പെരിയാറിൽനിന്ന്​ മുല്ലപ്പെരിയാർ ഡാം വരെയും തിരിച്ചും വനംവകുപ്പ് സംഘത്തിനൊപ്പം ഒരു പകൽ നടന്നപ്പോൾ കാലിൽ നിന്ന് രക്തം ഊറ്റിയെടുത്ത് ഭീമാകാരൻമാരായി തീർന്ന അട്ടകളുമായുള്ള പിടിവലി എങ്ങനെയായിരിക്കും ഒരു വെർച്വൽ യാത്രയിൽ നമുക്കനുഭവപ്പെടുക.
മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലൂടെ യാത്ര ചെയ്ത്, മുതുമലയും(തമിഴ്നാട്) നാഗർഹോളയും (കർണാടക) മുത്തങ്ങയും (കേരളം) സംഗമിക്കുന്ന ട്രൈ ജംഗ്ഷൻ കണ്ടു മടങ്ങും വഴി, ശബ്ദം കേട്ട് പ്രകോപിതനായി ഞങ്ങളുടെ സംഘത്തിനുനേരെ ഓടിയടുത്ത ഒരു കൊമ്പൻ മനസ്സിലേക്ക് കോരിയിട്ട ഭയവും നിസ്സഹായതയും അതേ തീവ്രതയിൽ വെർച്വൽ യാത്രയിൽ നമുക്കനുഭവിക്കാനാകുമോ?.
മലയാളിയായ മേരി വട്ടമറ്റവും ബംഗാളിയായ ബബ്ലുവും ചേർന്ന് ജലം- മണ്ണ് സംരക്ഷണത്തിന്റെയും സാമൂഹ്യവനവൽക്കരണത്തിന്റെയും ഗ്രാമീണ സ്വാശ്രിതത്വത്തിന്റെയും പുതിയ വഴികൾ വെട്ടിയ അനന്ത്പൂർ ജില്ലയിലെ ‘ടിബക്റ്റു കളക്ടീവിലേക്കുള്ള' യാത്രയിൽ വഴിയറിയാതെ ഒരു ഗ്രാമീണ കവലയിൽ നിരാശ്രയനായി നിൽപ്പായ എന്നെ ബൈക്കിൽ അവിടെയെത്തിച്ച അജ്ഞാതനായ ബൈക്ക് യാത്രികനെപ്പോലെ, ഒരാളെ നമുക്കിവിടെ കണ്ടെത്താനാകുമോ?

യാത്രകൾക്കിടയിൽ യാന്ത്രികമല്ലാതെ സംവദിക്കാനും നമ്മെ വിശ്വസിക്കാനും അവിശ്വസിക്കാനും കഴിയുന്ന ഒരു സാരഥിയെ വെർച്വൽ യാത്രകളിൽ നമുക്ക് കൂട്ടായി കിട്ടുമോ?.

നിമ്മലഗൊണ്ട എന്ന തോൽപ്പാവകൾ നിർമിക്കുന്നവർ താമസിക്കുന്ന ഉൾനാടൻ ആന്ധ്ര ഗ്രാമത്തിലെ ഒരു ചെറുഭവനത്തിൽ നിന്ന് കഴിച്ച ഉപ്പിട്ട് പുഴുങ്ങിയെടുത്ത പച്ച നിലക്കടലയുടെ രുചി.

ഗോകർണത്തിലെ ഹാഫ് മൂൺ ബീച്ചിന്റെ നിർജ്ജനമായ ഒരു ഓരത്ത് മാനം കണ്ടു കിടന്ന ഒരു സന്ധ്യ.

സ്പിരിച്വൽ ടീച്ചർ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ശ്രീ ശ്രീ വാസ്ത് എന്ന ആധുനിക ഗുരുവിനൊപ്പം ഓറോവില്ലിന്റെ ഉൾപ്രദേശങ്ങളിലൂടെയുള്ള പ്രഭാത നടത്തം.

അവിടത്തെ നിർജ്ജനമായ ചെറു മൺപാതയോരങ്ങളിലെ വടവൃക്ഷങ്ങളുടെ ശാഖികളിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന വള്ളിപ്പടർപ്പുകൾ.

മരത്തിൽ കളിപ്പാട്ടങ്ങൾ നിർമിക്കുന്നവരുടെ ഗ്രാമമായ ചെന്നപ്പട്ടണയിലെ ചെറിയ പണിശാലകൾ.

Photo: Pexels

അവിടെ പ്രകൃതിദത്തമായ നിറങ്ങൾ കൊണ്ട് കളിപ്പാട്ടങ്ങൾക്ക് നിറം നൽകി വിദേശത്തേക്ക് വരെ കയറ്റി അയച്ചിരുന്ന വെങ്കിടേഷ്.

മറ്റൊരു വിദഗ്ദ കളിപ്പാട്ട നിർമാതാവായ ശ്രീനിവാസ്.

അവരുടെ പണിശാലകളിലൂടെ നടക്കുമ്പോൾ നമ്മെ പൊതിയുന്ന മരപ്പൊടി.

ജോഗ് ഫാൾസിൽ നിന്ന് ജലകണികകളെയും കൊണ്ടുവരുന്ന കാറ്റ്.

ജാഞ്ചിറ ബീച്ചിൽ നിന്ന് മുറാദ് ജാഞ്ചിറ കോട്ടയിലേക്ക് വിനോദ യാത്രികരെയും കൊണ്ട് കടലിലൂടെ സഞ്ചരിക്കുന്ന പായ്​വഞ്ചികളിലെ ചാഞ്ചാട്ടം...

ഇതൊക്കെ അതേ അളവിൽ അറിയാനും അനുഭവിക്കാനും നിർമിതബുദ്ധിയാൽ നമുക്കുവേണ്ടി തയ്യാറാക്കുന്ന യാത്രകൾക്ക് കഴിയുമോ?

​​​​​​​ടി.ഡി. രാമകൃഷ്ണേട്ടന്റെ അച്ഛനായ, ‘ഐ.മു. ഇളയത്’ എന്ന് നാട്ടുകാർ വിളിച്ചിരുന്ന, കടുത്ത കമ്യൂണിസ്റ്റ് വിശ്വാസിയായിരുന്ന ദാമോദരൻ ഇളയതിന്റെ ആരോഗ്യനില കൂടുതൽ മോശമാക്കിയേക്കുമോ, സോവിയറ്റ് യൂണിയന്റെ തകർച്ച എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആശങ്കപ്പെട്ടിരുന്നു

യെർവാനിൽ നിന്ന് സെവനാവാങ്ക് തടാകക്കരയിലെ മൊണാസ്ട്രി കാണാനുള്ള യാത്രക്കിടയിലാണ് ഡ്രൈവറായ മിഖായേലിനോട് സോവിയറ്റ് യൂണിയനെക്കുറിച്ച് ചോദിക്കുന്നത്. സോവിയറ്റ് കാലഘട്ടത്തിനുശേഷം ജനിച്ച ഒരു കിഴക്കൻ യൂറോപ്പുകാരനാണ് മിഖായേൽ. ചരിത്രത്തോട് ഒട്ടും പ്രതിപത്തി ഉണ്ടായിരുന്നില്ല മിഖായേലിന്. അതിലയാൾ വിമുഖനും അതിലേറെ അജ്ഞനുമായിരുന്നു. സോവിയറ്റ് കാലത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും അയാൾക്ക് കാര്യമായ മറുപടികളുണ്ടായിരുന്നില്ല. അയാളുടെ രാജ്യമുൾപ്പെടുന്ന സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ഏറെ നാൾ ഉറങ്ങാൻ കഴിയാതെ പോയ ഒട്ടേറെ പേർ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നെന്ന് ഞാനയാളോട് പറഞ്ഞു. ടി.ഡി. രാമകൃഷ്ണേട്ടന്റെ അച്ഛനായ, ‘ഐ.മു. ഇളയത്’ എന്ന് നാട്ടുകാർ വിളിച്ചിരുന്ന, കടുത്ത കമ്യൂണിസ്റ്റ് വിശ്വാസിയായിരുന്ന ദാമോദരൻ ഇളയതിന്റെ ആരോഗ്യനില കൂടുതൽ മോശമാക്കിയേക്കുമോ, സോവിയറ്റ് യൂണിയന്റെ തകർച്ച എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ ആശങ്കപ്പെട്ടിരുന്നതിനെക്കുറിച്ച് മിഖായേലിനോട് ഞാൻ പറഞ്ഞു. മിഖായേലത് വിശ്വസിച്ചതായി തോന്നിയില്ല. അങ്ങനെ യാത്രകൾക്കിടയിൽ യാന്ത്രികമല്ലാതെ സംവദിക്കാനും നമ്മെ വിശ്വസിക്കാനും അവിശ്വസിക്കാനും കഴിയുന്ന ഒരു സാരഥിയെ വെർച്വൽ യാത്രകളിൽ നമുക്ക് കൂട്ടായി കിട്ടുമോ?.

നമ്മുടെ സന്ദേഹങ്ങളെയൊക്കെ അസ്ഥാനത്താക്കി, അവാസ്തവികവും അയഥാർത്ഥവുമായ യാത്രകളിൽ ഇതിനൊക്കെ കഴിയുന്ന ഒരു കാലം ഒരുപക്ഷെ എന്നെങ്കിലും വരുമായിരിക്കും. പക്ഷെ അത്തരമൊരു കാലം വന്നാൽ ആ ലോകവും അത്രമേൽ മാറിമറഞ്ഞിരിക്കും. അത്തരമൊരു കാലവും ലോകവുമായി സ്വപ്നം കണ്ടു കൊണ്ട് യഥാതഥമായി യാത്ര ചെയ്യുന്ന ഒരു അലഞ്ഞുതിരിയൽ യാത്രികന് എങ്ങനെയായിരിക്കും പൊരുത്തപ്പെടാനാകുക? ▮


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments