ഒരു ജന്മം കൂടി ഇവിടെ
അതൊരു മായികലോകത്തെന്ന പോലെ തോന്നും. ഒന്നും നേരിൽ തെളിയുന്ന നോട്ടത്തിലേക്കു കയറിവരുന്നില്ല. മുൻപിൽ ആകാശം പുകപോലെ ഉയർന്നുനിൽക്കുന്നതായി തോന്നും. ഒരു തണുത്ത കോട വന്നു പൂണ്ടടക്കം പിടിക്കും. ഭൂമിയിലെ എല്ലാ ജന്മങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി.
സ്വന്തം ശരീരത്തിൽ നിന്നുപോലും അതു നമ്മളെ മാറ്റിനിർത്തിയെന്നു തോന്നിപ്പിക്കും. ആകാശം ചുറ്റിലും നിറയുന്ന ഈർപ്പത്തിന്റെ തുള്ളികളായി മാറിക്കഴിയും. അതിന്റെ തണുത്ത വിരലുകൾ ശരീരത്തെയാകെ ഒരു ജലച്ചായ ചിത്രപടം പോലെയാക്കി മാറ്റിത്തുടങ്ങിയിരിക്കും. അഭൗമമായ ചിത്രകലയുടെ കാൻവാസ്. അതു നമ്മളുടെ ശരീരം തന്നെ. ഈർപ്പത്തിന്റെ നനുത്ത വരബ്രഷിന്റെ തൂവൽ അതിൽ നമുക്കു തിരിച്ചറിയാനാവാത്ത ചിത്രങ്ങൾ വരച്ചുതുടങ്ങും. എന്നാൽ, ഒരേയൊരു നിറം മാത്രമേയുള്ളൂ. പുക പിടിച്ച വെള്ളനിറത്തിൽ.
കൂടെക്കൂട്ടാൻ സാധിക്കാതിരുന്ന എന്തോ ഒന്നിനെ പറ്റിയുള്ള ആ ഓർമയുണ്ടല്ലോ. നമ്മളുടെ കഴുത്തിലൂടെ കൈയിട്ടു ചേർത്തുപിടിച്ചിട്ടുണ്ടാവും. ഇതാ, ഞാൻ കൂടെയുണ്ടല്ലോ എന്നു മറ്റാർക്കും കേൾക്കാതെ പറഞ്ഞുകൊണ്ട്.
മൂന്നിലൊന്നും കാണുന്നുതന്നെയുണ്ടാവില്ല. എന്നാൽ, ഈർപ്പക്കണ്ണാടിയിലൂടെ തൊട്ടുമുന്നിലുള്ള കാട്ടുവഴിയും അതിന്റെ പച്ചപ്പും അതിലെ ഓരോ ഇലയനക്കങ്ങളും കാണാനുണ്ടാവും. ഏറ്റവും പ്രിയപ്പെട്ട എന്തിനെയെങ്കിലുമാവും അപ്പോൾ നമ്മളോർക്കുന്നത്. ലോകത്തിന്റെ കാലുഷ്യങ്ങളെക്കുറിച്ചല്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആശയസംഘാതങ്ങൾ മനസിലേക്കു കയറിവരുന്നില്ല. കിട്ടാതെ പോയ ഒന്നിനെക്കുറിച്ചും സങ്കടം തോന്നില്ല. പൂർത്തിയാക്കാൻ കഴിയാതെ പോയ ഒന്നിനെക്കുറിച്ചും കുണ്ഠിതം ഉണ്ടാവില്ല. എഴുതിത്തോറ്റ ജീവിതപ്പരീക്ഷകളൊന്നും ഓർമയിലേക്കു കയറിവരില്ല. എല്ലാ തോൽവികൾക്കും ശേഷമുള്ള ചെറിയ ജീവിതത്തെക്കുറിച്ചാവാം, തോറ്റുപോയവർ ആലോചിക്കുന്നുണ്ടാവുക. അപ്പോഴും കാണും പ്രിയപ്പെട്ടതെന്തോ കൂടെയില്ലല്ലോ എന്നൊരു പോറൽ മനസിൽ.
എന്നാൽ, അതെല്ലാം ഈർപ്പത്തിന്റെ കുരുന്നിലവിരലുകൾ വന്നു മായ്ച്ചുകളയും. താനേ നമ്മൾ നഷ്ടസൗഭാഗ്യങ്ങൾക്കുമപ്പുറം എത്തിക്കഴിയും. അപ്പോൾ കൂടെക്കൂട്ടാൻ സാധിക്കാതിരുന്ന എന്തോ ഒന്നിനെ പറ്റിയുള്ള ആ ഓർമയുണ്ടല്ലോ. നമ്മളുടെ കഴുത്തിലൂടെ കൈയിട്ടു ചേർത്തുപിടിച്ചിട്ടുണ്ടാവും. ഇതാ, ഞാൻ കൂടെയുണ്ടല്ലോ എന്നു മറ്റാർക്കും കേൾക്കാതെ പറഞ്ഞുകൊണ്ട്. ആകാശത്ത് അപ്പോൾ അടുത്ത മഴയുടെ നനവ് കൊളുത്തപ്പെട്ടിട്ടുണ്ടാവും. മുൻകാഴ്ചകൾ ഒന്നു കൂടി മങ്ങും. നമ്മൾ ഇങ്ങനെയൊന്നു കണ്ടിട്ടുണ്ടല്ലോ എന്നു മനസിലോർക്കും. വയനാട്ടിലും നീലഗിരിയിലും ഇടുക്കിയിലും കണ്ടിട്ടുണ്ടാകും. ഇതിന്റെ പകർപ്പുകൾ. എന്നാൽ ഇതല്ല. മഴയിൽ നനവു വിയർത്തുകിടക്കുന്ന വഴിയിലൂടെ മുന്നോട്ട് ഇനിയും. ഉണ്ടാവും, ഇതുപോലെ നനവിന്റെ കാഴ്ചകൾ വേറെയും. ദൂരെ ഒരു മഴ കാറിക്കരയുന്നതു കേട്ടിട്ടുണ്ടാവും.
എന്നാൽ, ഇത് അങ്ങനെയൊന്നുമല്ല. ഒരു മഴയിൽ നടക്കുകയല്ല, നമ്മൾ. മറ്റൊരു മഴയായി പെയ്യുക തന്നെയാണ്. ഏതെങ്കിലും ഒരു ഓർമയിലൂടെ കടന്നുപോവുകയല്ല, മറിച്ച്, നമ്മൾ തന്നെ ഓർമയാവുകയാണ്. ഈ വഴി അവസാനിക്കരുതേ എന്നു പ്രാർഥിച്ചുപോകും, ജീവിതത്തിൽ ഇതുവരെ ഒന്നും പ്രാർഥിക്കാൻ പോലും. ഇത് എന്തെങ്കിലും വെട്ടിപ്പിടിക്കാനുള്ള പ്രാർഥനയല്ല. കൂടുതലിലേക്കുള്ള അത്യാഗ്രഹമല്ല. മറിച്ച്, തന്റെ തന്നെ ജീവനിലേക്കു ജീവിതം നിറഞ്ഞുവരുമ്പോഴത്തെ ആഗ്രഹമാണ്. കൂടുതൽ സുന്ദരമായ കാഴ്ചകൾക്കല്ല, മഴയുടെ ജാലകവിരിക്കപ്പുറം സാധാരണ സഞ്ചാരികൾക്കുള്ള കാഴ്ചകളൊന്നും ഇല്ല. എല്ലാം ഒതുക്കിവച്ചു സ്വസ്ഥമാകാനല്ല, കോടയുടെ അപ്പുറം ചടുലമായ ജീവിതം ബാക്കിയിരിക്കെ. ദൂരെ മേഘങ്ങളുടെ നിറഗർഭത്തിൽ നിന്ന് ഇഴപൊട്ടിയെത്തുന്ന നേരിയ ഈർപ്പം കനംവച്ചു തുള്ളികളായി, തുള്ളികൾ തിടംവച്ചു മഴയായി പെയ്തുനിറയുകയാണ്.
അതും പല ഭാവങ്ങളിൽ. പൊടിമഴയായും നൂൽമഴയായും ജലമുടിയാകെ അഴിച്ചിട്ട് നിറഞ്ഞുതുള്ളി ഒരു തുള്ളിയിൽ ഒരു ആകാശം തന്നെ നിറയ്ക്കുന്ന പെരുമഴയായി. ഓരോന്നിനെയും സ്‌നേഹിച്ചുപോകും. ആരും കാത്തുനിൽക്കുന്നില്ല, മഴ തോരാൻ. തോരല്ലേ, തോരല്ലേ എന്നൊരു ആന്തൽ മനസിൽ നിറഞ്ഞിട്ടുണ്ടാവും.
മഴയിൽ നിന്ന് ഓടിക്കയറിനിൽക്കാൻ ഒരു മഴത്തണലും ആരും അന്വേഷിച്ചെന്നിരിക്കില്ല. മഴയിൽ നിന്നു മാറിനിൽക്കാൻ ഒരു വഴിയോരക്കടച്ചായ്പും ആരും തിരക്കില്ല. അങ്ങനെയൊന്നു കാണരുതേ എന്നായിരിക്കും. അങ്ങനെയൊന്ന്, പതിവുശീലത്തിന്റെ ഭാഗമായി നമ്മളെ ഈ ആകാശസ്ഖലനത്തിൽ നിന്ന് അടർത്തിവിളിച്ചാലോ എന്നു പരിഭ്രമിച്ച്.
ആഗുംബെ, മഴയുടെ വൻകര. തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഇടം. മഴയെന്നാൽ അതിന്റെ എല്ലാവിധത്തിലുമുള്ള സൗന്ദര്യത്തോടെ. ഇതു പട്ടണത്തിൽ, ഓട്ടുപാത്തിയിലൂടെ ചോർത്തിക്കളയുന്ന മഴ പോലെയല്ല.
ജീവിതത്തിൽ എല്ലായിടത്തും വിജയിച്ചവരുമുണ്ടാവും. അവരെ ഈ നനഞ്ഞ തണുപ്പിൽ ഒരു നഷ്ടബോധവും പുറമേ നിന്നു വിളിക്കുന്നുണ്ടാവില്ല. എന്നാലും, വിജയത്തിനും നേട്ടങ്ങൾക്കും പിന്നാലെ ഒരു ജീവിതം മുഴുവൻ നിറഞ്ഞ ഓട്ടപ്പാച്ചിലിലിൽ ഈ മഴ മുമ്പേ കൊള്ളാനായില്ലല്ലോ എന്നൊരു സ്വകാര്യ ദുഃഖം ബാക്കിനിർത്തും. അവസാനം, ഇപ്പോഴെങ്കിലും എത്താനായല്ലോ എന്നൊരു ആശ്വാസം, മഴയ്ക്കിടയിലും വിയർക്കും. കൂടെ വരാനും കൂടെക്കൂട്ടാനും ആളുകളുണ്ടായിരിക്കും. ചേർത്തുപിടിച്ചണച്ചു നിർത്താൻ അത്രയും പ്രിയപ്പെട്ടവരുണ്ടാവും. മുന്നിലേക്കുള്ള നനവിൽ, അവരുടെയും പ്രാർഥന മറ്റൊന്നായിരിക്കില്ല. ഇവിടെ ഒരു ഊഴം കൂടി സാധ്യമാകണേ എന്നായിരിക്കും.
മനസിനെ ദിവ്യമായി ഉണർത്തുന്ന ഈ മഴയുടെ പേരാണ്, ആഗുംബെ. അത് ഒരു സ്ഥലമാണോ എന്നു ചോദിച്ചാൽ, ഒരു സ്ഥലമല്ല. മറിച്ച് ഒരു പ്രദേശം? അതുമല്ല. ആഗുംബെ ഒരു രാജ്യം തന്നെയാണ്. സ്വകാര്യതയുടെ രാജ്യം. മഴയുടെ സാമ്രാജ്യം. അവിടെ മഴ കണ്ണുകെട്ടും. അതേസമയം മനസിന്റെ കണ്ണുകളെല്ലാം തുറന്നുവയ്ക്കും. മനസിന് എത്ര കണ്ണുകളുണ്ടെന്നുവച്ചിട്ടാണ്. ആയിരമോ അതോ പതിനായിരമോ. അതല്ല, അകത്തും പുറത്തും എല്ലാത്തിനെയും തുറന്നുവയ്ക്കുന്ന മനസിനു തോന്നുന്നിടത്തെല്ലാം കണ്ണുകളാണ് എന്നറിയും, ഈ മഴയിൽ നടക്കുമ്പോൾ. ആഗുംബെ, അവനവനെ വല്ലപ്പോഴും ഓർമിപ്പിക്കുന്ന മഴക്കണ്ണാടിയാണ്. ആഗുംബെ എല്ലാമാണ്, ജയിച്ചവനും തോറ്റവനും ഒരുപോലെ ജീവിതത്തെക്കുറിച്ച് ഏറ്റവും പോസിറ്റീവ് ആയി മാർക്കിടാൻ. വെട്ടിപ്പിടിച്ചവനും ഒഴിഞ്ഞുകൊടുക്കേണ്ടിവന്നവനും ഭൂമിയുടെ നിരർഥകതയെക്കുറിച്ച് ആലോചിക്കാൻ. കൂട്ടുള്ളവനും ആരുമേ കൂട്ടില്ലാത്തവനും ആരോ ഉണ്ടുകൂടെ എന്ന് ഒന്നുകൂടി ഉറപ്പിക്കാൻ.
ആഗുംബെ, മഴയുടെ വൻകര. തെക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഇടം. മഴയെന്നാാൽ അതിന്റെ എല്ലാവിധത്തിലുമുള്ള സൗന്ദര്യത്തോടെ. ഇതു പട്ടണത്തിൽ, ഓട്ടുപാത്തിയിലൂടെ ചോർത്തിക്കളയുന്ന മഴ പോലെയല്ല. നഗരത്തിൽ പെയ്യുന്ന, ട്രാഫിക് ലൈറ്റുകളിൽ മെലിഞ്ഞും നിറഞ്ഞും കാത്തുകെട്ടിക്കിടന്നു പിന്നെ കുതിക്കുന്ന മഴ പോലെയല്ല. സമുദ്രനിരപ്പിൽ നിന്നു മൂവായിരത്തോളം അടി ഉരത്തിലുള്ളത്. മലയുടെ അടിവയറുകളിലൂടെ നൂണ്ടുകടക്കാൻ മനുഷ്യൻ നിർമിച്ച ഹെയർപ്പിൻ ചുരങ്ങളിൽ ആഴമറിയിക്കാതെ ഇറങ്ങിവരുന്ന ആകാശം. മഴയുടെ കൈപിടിച്ചു കോടയുടെ ആലിംഗനങ്ങളിൽ ദേഹമഴിച്ചിട്ടു നടന്നുതീർക്കാനുള്ള ദൂരം. നമ്മളെ കാണാത്ത കാഴ്ചകളിലേക്കു വീഴ്ത്തുന്ന താഴ്വാരങ്ങളിൽ കോടപിടിച്ചതുപോലെയുള്ള മഴക്കാട്. മഴ തന്നെ കാടാവുന്ന കാഴ്ച. നമ്മൾ തന്നെ കാഴ്ചയാവുന്ന മലയുടെ ചെങ്കുത്തുകൾ. ആ നിറവിന്റെ പേരാണ്, ആഗുംബെ. പശ്ചിമഘട്ടത്തിലെ മലമുടികളിൽ, വെള്ളിനിറത്തിൽ മൂടൽമഞ്ഞു രൂപപ്പെടുന്ന ചുരുക്കം സ്ഥലങ്ങളിൽ ആദ്യത്തേതാണു ആഗുംബെ. മേഖലയിൽ ഏറ്റവും ഉയരത്തിലുള്ള കുന്ദാദ്രി മലഞ്ചെരിവിൽ നിന്ന് കാണുന്നതിനൊന്നും ഒരു പേരേ ആവശ്യമില്ലെന്നു വരുന്നു.
ഇതൊന്നുമല്ലാതെ, വേറെയും പേരിട്ടുവിളിക്കും, എന്തിനെയും അന്യോന്യം താരതമ്യപ്പെടുത്തുന്ന ലോകം. ഏറ്റവും നനഞ്ഞ മാസത്തിലെ (ജൂലൈ) ശരാശരി 2600ഓളം മില്ലിമീറ്റർ മഴ അടക്കം വർഷത്തിൽ 7600ഓളം മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൺസൂൺ മഴയെന്നു പേരിട്ടുവിളിക്കാൻ പറ്റാത്ത ശുഷ്‌കമഴയുടെ മാസമായ ഫെബ്രുവരിയിൽ പോലും മഴ കിട്ടാറുണ്ട് ആഗുംബെയിൽ. (ഇന്ത്യയുടെ മഴപ്രദേശമായ മേഘാലയത്തിലെ ചെറാപ്പുഞ്ചിയിൽ, പ്രതിവർഷ ശരാശരി 11,619 മില്ലിമീറ്ററും) അതുകൊണ്ടുതന്നെ തെക്കിന്റെ ചെറാപ്പുഞ്ചിയെന്നൊരു വിളിപ്പേരുണ്ട്. എന്നാൽ, ആഗുംബെയിൽ ഒരിക്കലെങ്കിലും മഴ കണ്ടിട്ടുള്ളവരിലും കൊണ്ടിട്ടുള്ളവരിലും ഒരു ചോദ്യമുണമുണരും. ആർക്കു താരതമ്യപ്പെടുത്താനാവും രണ്ടു മഴകളെ. ഒരു സമാനതയുമില്ല. രണ്ടും രണ്ടാണ്. സമാനതകളില്ലാത്ത എന്തിന്റെയോ ഒന്നിന്റെ പേരാണ്, ആഗുംബെ.
ഇതു മാത്രമോ ആഗുംബെ
ഒരു മനുഷ്യജന്മത്തിന്റെ സായൂജ്യപൂർണത തന്നെയാണ്, ആഗുംബെ. എന്നാൽ അതുമാത്രമല്ല. മഴയൊഴിഞ്ഞ ആകാശം, കാട്ടുപൊയ്കയിൽ നിന്ന് കുളിച്ചുകയറിവന്നതു പോലെ ഈറൻ മാറാതെ പകലുണ്ടായിരിക്കും. വെയിലിന്റെ ഓരോ അടരിനിടയിലും ഏറ്റവും ഉന്മേഷം തുളുമ്പുന്ന കാഴ്ചകളാണു കാത്തിരിക്കുന്നത്. സമുദ്രത്തിൽ നിന്നു 50 കിലോമീറ്ററിൽ താഴെ ദൂരമുള്ള ആഗുംബെയിലെ തെളിഞ്ഞ ആകാശക്കാഴ്ചയിൽ അറബിക്കടലിന്റെ നീലം കൃഷ്ണമണികളെ ചൂണ്ടയിടും.
പടിഞ്ഞാറൻ കർണാടകത്തിലെ കുന്ദാപുര, ശങ്കരനാരായൺ, ഹൊസനഗര, ശൃംഗേരി, തീർഥഹള്ളി എന്നിവിടങ്ങളിലെ മഴക്കാടുകളും അതിന്റെ അടിക്കാടുകളും അതു തടുത്തുനിർത്തുന്ന ആവാസവ്യവസ്ഥയും എല്ലാം ചേർന്നതാണ്, ആഗുംബെ.
ആഗുംബെ ഏതെങ്കിലും ഒരു സ്ഥലമല്ല. അങ്ങനെ ആ പേരിൽ ഒരു ഗ്രാമീണതയെ ഭൂപടത്തിൽ അടയാളപ്പെടുത്താമെങ്കിലും. മൂന്നു ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒന്ന്. കൃഷിയും ചില്ലറ കച്ചവടവുമൊക്കെയായി മണ്ണിലും ആകാശത്തും പണിയെടുക്കുന്നവരായ ജനങ്ങൾ. ഭൂമിശാസ്ത്രം പറഞ്ഞാൽ കർണാടകത്തിലെ ശിമൊഗ്ഗ (ശിവമൊഗ്ഗ, ഷിമോഗ) ജില്ലയിൽപെട്ട തീർഥഹള്ളി താലൂക്കിലെ ഒരു ചെറിയ പച്ചത്തുരുത്ത്. ഏറിയാൽ ജനങ്ങൾ ഒരു എഴുന്നൂറ്റമ്പതോളം വരും. അവരവുരുടെ വീടും കൃഷിയും മഴയും മണ്ണുമായി കഴിയുന്നവർ. വലുതു പോയിട്ട്, ചെറിയ പട്ടണമായിപ്പോലും വളർന്നിട്ടില്ലാത്ത തനി കർണാടക ഗ്രാമം. ഹോട്ടലുകളോ ലോഡ്ജുകളോ റസ്റ്ററന്റുകളോ ഗൂഗിൾമഷിയിട്ടു നോക്കിയാൽ പോലും അധികമൊന്നും കണ്ടെന്നുവരില്ല.
എന്നാൽ ആഗുംബെ അങ്ങനെ ഒരു ചെറിയ സ്ഥലവട്ടത്തിൽ മാത്രം ഒതുങ്ങുന്നില്ല. കാഴ്ചകളോ യാത്രകളോ പുറപ്പെട്ടുപോവുന്ന വഴികളോ ആകാശത്തിൽ നിന്നു കുത്തിയൊലിച്ചുനിറയുന്ന അനുഭവങ്ങളോ ആ ഇട്ടാവട്ടത്തിൽ ഒതുങ്ങില്ല. പടിഞ്ഞാറൻ കർണാടകത്തിലെ കുന്ദാപുര, ശങ്കരനാരായൺ, ഹൊസനഗര, ശൃംഗേരി, തീർഥഹള്ളി എന്നിവിടങ്ങളിലെ മഴക്കാടുകളും അതിന്റെ അടിക്കാടുകളും അതു തടുത്തുനിർത്തുന്ന ആവാസവ്യവസ്ഥയും എല്ലാം ചേർന്നതാണ്, ആഗുംബെ. അല്ലെങ്കിൽ, ആഗുംബെ നിത്യഹരിത വനപ്രദേശം.
പറഞ്ഞുവരുമ്പോൾ, ഒന്നും അത്ര അകലത്തിലൊന്നുമല്ല. മംഗളൂരുവിൽ (മംഗലാപുരം) നിന്ന് നൂറോളം കിലോമീറ്റർ വടക്കുകിഴക്ക്. ബംഗളൂരുവിൽ (ബാംഗ്ലൂർ) നിന്ന് പത്തുമുന്നൂറ്റമ്പതു കിലോമീറ്റർ വടക്കുപടിഞ്ഞാറ്. പ്രശസ്തമായ ശൃംഗേരിയിൽ നിന്ന് 25 കിലോമീറ്റർ. ഉഡുപ്പിയിൽ നിന്നും അറബിക്കടലിൽ നിന്നും അറുപതോളം കിലോമീറ്റർ... എന്നുവച്ചാൽ, തൊട്ടടുത്തുതന്നെ. സോമേശ്വര വന്യജീവിസങ്കേതത്തിനും കുദ്രേമുഖ് ദേശീയ പാർക്കിനും അടുത്ത്. ഇടയ്ക്കു കുദ്രേമുഖ് ഇരുമ്പയിരു ഖനിയിൽ നിന്നു മംഗളുരുവിലേക്കുള്ള ചരക്കുവണ്ടി ചൂളം കൂത്തും.
ഇതുമാത്രമല്ല, എന്നാൽ ആഗുംബെ. ഏറ്റവും കൂടുതൽ മഴ മണ്ണിൽനിന്ന് വിടാതെ നിർത്തുന്ന തണുപ്പും അടിക്കാടുകളുടെ കരിയില മൂടിയ മണ്ണും ആഗുംബെയെ മറ്റൊരു അനന്യമായ പ്രദേശം കൂടിയായി മാറ്റിനിർത്തുന്നുണ്ട്. രാജവെമ്പാലകളുടെ ഇഷ്ടപ്പെട്ട ആവാസകേന്ദ്രം എന്ന നിലയിൽ. പാമ്പുകളടക്കമുള്ള ഉരഗങ്ങളെക്കുറിച്ചുള്ള സമഗ്ര ഗവേഷണകേന്ദ്രമായാണു ആഗുംബെ മഴക്കാടു ഗവേഷണ സ്ഥാപനം വിഭാവനം ചെയ്തിട്ടുള്ളത്. എട്ടേക്കറിൽ. അതിനു പിന്നിൽ പ്രവർത്തിച്ചത് പ്രശസ്ത ഉരഗശാസ്ത്ര ഗവേഷകനായി രാജവെമ്പാലയെക്കുറിച്ചു പഠിക്കാൻ എഴുപതുകൾ തൊട്ടേ ആഗുംബെയുമായി ബന്ധപ്പെട്ടിരുന്ന റോമുലസ് വിറ്റേക്കർ. 2005-ൽ. അതേ വിറ്റേക്കർ തന്നെ. മദ്രാസ് സ്‌നെയ്ക് പാർക്കും ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റിനും തുടക്കമിട്ട വിറ്റേക്കർ. യു.കെ.യിൽ നിന്നുള്ള വൈറ്റ്‌ലി പുരസ്‌കാരവും (2005) റോളക്‌സ് പുരസ്‌കാരവും (2008) പദ്മശ്രീയും (2018) നേടിയ അതേ വിറ്റേക്കർ. നിത്യഹരിതവനങ്ങളുടെ ആവാസവ്യസ്ഥയുടെ പഠനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള സ്ഥാപനത്തിലെ ഗവേഷണങ്ങളുടെ ഫോക്കസ് എന്നു പറയുന്നതു തന്നെ, വംശനാശ ഭീഷണിയുള്ള രാജവെമ്പാലകളാണ്. അവയുടെ ഉടലിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്മിറ്ററിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ അപഗ്രഥിച്ചുള്ള റേഡിയോ ടെലിമെട്രിയിൽ ലോകത്തു തന്നെ പ്രാരംഭപരീക്ഷണങ്ങൾക്കു തുടക്കമിട്ടതും ഇവിടെ.
മാൽഗുഡി കഥകളെ ആസ്പദമാക്കി വിശ്രുത തെന്നിന്ത്യൻ നടൻ ശങ്കർനാഗ് ദൂരദർശനുവേണ്ടി സീരിയൽ നിർമിച്ചപ്പോൾ അതിലെ പല എപ്പിസോഡുകളെയും ക്യാമറയിൽ പകർത്തിയത് ആഗുംബെയിൽ വച്ചായിരുന്നു
ആഗുംബെയിലെ മണ്ണിൽ ഓരോ കാലടിവയ്ക്കുമ്പോഴും ഓർക്കണം. ഇതു രാജവെമ്പാലയുടെ (കിങ് കോബ്ര) കൂടാണ് എന്ന്. പൊതുവേ മനുഷ്യരിൽ നിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന അവയുമായി ഇവിടെ മനുഷ്യനുമായുള്ള ഇടപെടൽ തുലോം കുറവാണ്. അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതുതന്നെ കാരണം. ധാരാഴം മഴ ലഭിക്കുന്ന നിത്യഹരിതവനമേഖലയിൽ കാണുന്ന ഒട്ടനവധി മൃഗങ്ങൾക്കും പറവകൾക്കും കൂടൊരുക്കുന്നു, ആഗുംബെ.
തീർന്നില്ല, വീണ്ടുമുണ്ട്, ആഗുംബെയെ അറിയാൻ.
മാൽഗുഡി എന്ന സാങ്കൽപ്പിക 'രാജ്യം'
അറിയാതിരിക്കില്ല, രാസിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമിയെ? മുഴുവൻ പേരു പറഞ്ഞതു കൊണ്ടാണ് സംശയം. ആർ.കെ. നാരായൺ എന്നു കേട്ടാൽ തീരും. മാൽഗുഡിയെന്ന സാങ്കൽപ്പികഗ്രാമത്തിലെ കഥ കൊണ്ട് പല ജനങ്ങളുടെ ജീവിതത്തെയും ഇന്ത്യയുടെ അക്കാലത്തെ രാഷ്ട്രീയമാറ്റങ്ങളെയും കുറിച്ചിട്ട കഥാകാരനുമായും ബന്ധമുണ്ട്, ആഗുംബെയ്ക്ക്. കൃത്യമായും മദ്രാസ് നഗരത്തിൽ ജനിച്ച നാരായൺ ആഗുംബെയോട് അങ്ങനെ ഒരു ഭൗതികബന്ധം പറയാനില്ലെങ്കിലും അദ്ദേഹത്തിനു ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിലേയും കർണാകടകത്തിലെയും അടിസ്ഥാനജീവിതങ്ങളുമായി ആത്മബന്ധമുണ്ടായിരുന്നു. മാൽഗുഡി കഥകൾ എന്ന പേരിൽ തുടരെ എഴുതപ്പെട്ട നോവലുകളിൽ ഒരു തമിഴ്- കർണാടക ജീവിതത്തിന്റെ പരിഛേദം തന്നെയായിരുന്നു നാരായൺ വാക്കുകളിലൂടെ അടയാളപ്പെടുത്തിയത്.
വർഷങ്ങൾക്കുശേഷം (1985) മാൽഗുഡി കഥകളെ ആസ്പദമാക്കി വിശ്രുത തെന്നിന്ത്യൻ നടൻ ശങ്കർനാഗ് ദൂരദർശനുവേണ്ടി സീരിയൽ നിർമിച്ചപ്പോൾ അതിലെ പല എപ്പിസോഡുകളെയും ക്യാമറയിൽ പകർത്തിയത് ആഗുംബെയിൽ വച്ചായിരുന്നു. കഥയിലെ ഓരോ വാക്കും ആഗുംബെയിൽ ആവർത്തിക്കുന്നതു ശങ്കർനാഗ് ക്യാമറക്കണ്ണിലൂടെ കണ്ടു എന്നതായിരുന്നു അത്ഭുതം. അതു നാരായൺ നേരിൽ കണ്ട് എഴുതിവച്ചതുപോലെത്തന്നെയുണ്ടായിരുന്നു. അന്നും ഇന്നും ആഗുംബെ ഒരു ടിപ്പിക്കൽ കർണാടക ഗ്രാമം ആണെന്ന് അറിയുമ്പോൾ അതിൽ അത്ഭുതം അധികം ഉണ്ടാവാനില്ല. ഒരു അൻപതുകൊല്ലം മുമ്പത്തെ ഗ്രാമത്തിന്റെ അതേ പകിട്ടും നിഷ്‌കളങ്കതയും തന്നെയാണ് ഇന്നും ആഗുംബെയിൽ.
പിന്നീടും (2004) കവിതാ ലങ്കേശിന്റെ സംവിധാനത്തിൽ വീണ്ടും മാൽഗുഡി കഥകൾക്കു ദൃശ്യഭാഷ ഉണ്ടായി. അന്നും ആഗുംബെ അല്ലാതെ മറ്റൊരിടത്തെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
എൺപതുകളിലും പിന്നീടും മാൽഗുഡിയുടെ അക്ഷരഗരിമയും ആഗുംബെയുടെ ദൃശ്യചാരുതയും ജനങ്ങൾ ഏറ്റെടുത്തതോടെ, മാൽഗുഡി എന്ന സാങ്കൽപ്പിക സ്ഥലം ആഗുംബെ തന്നെയായി പരിഭാഷപ്പെട്ടു എന്നുവേണം പറയാൻ. മാൽഗുഡി ചിത്രത്തിലെ റയിൽവേസ്റ്റേഷൻ ചിത്രീകരിച്ച, ശിവമൊഗ്ഗ- തലഗുപ്പ റൂട്ടിലെ 'അരസലു' സ്റ്റേഷൻ 'മാൽഗുഡി' എന്നു തന്നെയാണ് തിരിച്ചറിയപ്പെടുന്നത്. സിനിമാപശ്ചാത്തലത്തിൽ പുനർവികസനത്തിന് ഒന്നേകാൽക്കോടിയോളം രൂപ റെയിൽവേ അനുവദിച്ചിരുന്നു. യെലഹങ്ക- യശ്വന്ത്പൂർ- മൈസൂരു എക്‌സ്പ്രസിന്റെ പേര് 'മാൽഗുഡി എക്‌സ്പ്രസ്' എന്നാക്കി മാറ്റി. ആഗുംബെയിൽ നിന്ന് ഇവിടേക്കു കഷ്ടി ഒന്നരമണിക്കൂർ യാത്രയേയുള്ളൂ.
ഇപ്പോഴും ഉഡുപ്പിയിൽ നിന്നു യാത്ര തുടങ്ങുമ്പോഴേ, നാരായണിന്റെ കഥ പറച്ചിൽ ഹാങോവർ ബാക്കിയുള്ള സഞ്ചാരികൾ മുന്നിലും റോഡിന്റെ വശങ്ങളിലും കാണുന്ന കെട്ടിടങ്ങളും പ്രതിമ പോലുള്ളവയും നോക്കും.
ശരിക്കും മാൽഗുഡി എന്നതു ബാംഗ്‌ളൂരിനടുത്തുള്ള രണ്ടു യഥാർഥ സ്ഥലങ്ങളുടെ പേരുകൾ ചേർത്തു വിളക്കിയെടുത്തത്. മല്ലേശ്വരവും ബസവാനാഗുഡിയും. വായനക്കാരെ വിശ്വസിപ്പിക്കുന്ന മട്ടിലുള്ള ഒരു ഗ്രാമയാണു നാരായൺ മാൽഗുഡിയെ വാർത്തെടുത്തത്. രാമനാഥപുരത്ത് സാങ്കൽപ്പികനദിയായ സരയൂവിന്റെ കരയിൽ. നാരായണിന്റെ കഥ പറച്ചിലിന്റെ ഗ്രാമീണതയും നിഷ്‌ക്കളങ്കതയും മാറുന്ന രാഷ്ട്രീയവുമെല്ലാം വായനക്കാരുടെ മനസുകളിൽ ഇന്നും യാഥാർഥ്യം തന്നെയാണു പ്രതിഷ്ഠിക്കുന്നത്. ഈ സാങ്കൽപ്പികലോകം കാണാൻ കൂടിയാണു സഞ്ചാരികളിൽ പലരും എത്തുന്നത്. പക്ഷെ, ആഗുംബെ എല്ലാ ആകാംക്ഷകളെയും പിന്നെയും വളർത്തുന്നു.
'സ്വാമിയുടെ' വീട് കാണാനും തങ്ങാനും
മാൽഗുഡിയെന്ന കാൽപ്പനിക പട്ടണം അക്ഷരങ്ങളിൽ വരച്ചിട്ട ആർ.കെ.നാരായൺ ഒരു സാങ്കൽപ്പിക ഭൂപടം തന്നെയാണ് അടയാളപ്പെടുത്തിയിരുന്നത്. സരയൂ നദിയും അതിന്റെ അങ്ങേക്കരയിലെ മെംപി വനവും മാൽഗുഡി റയിൽവേ സ്റ്റേഷനും പട്ടണത്തിലെ പ്രധാന കെട്ടിടങ്ങളുമടക്കം. മാൽഗുഡി മെഡിക്കൽ സെന്റർ എന്ന ആശുപത്രി. സർ ഫെഡ്രറിക്കിന്റെ അശ്വാരൂഢ പ്രതിമ. നാട്ടുകാർ സൊറ പറയാനെത്തുന്ന ബോർഡില്ലാത്ത ചായക്കട. ഇപ്പോഴും ഉഡുപ്പിയിൽ നിന്നു യാത്ര തുടങ്ങുമ്പോഴേ, നാരായണിന്റെ കഥ പറച്ചിൽ ഹാങോവർ ബാക്കിയുള്ള സഞ്ചാരികൾ മുന്നിലും റോഡിന്റെ വശങ്ങളിലും കാണുന്ന കെട്ടിടങ്ങളും പ്രതിമ പോലുള്ളവയും നോക്കും. മെഡിക്കൽ സെന്ററാണോ സർ ഫെഡറിക്കിന്റെ പ്രതിമയാണോ എന്ന്. അത്രയും വിശ്വസനീയമായ രീതിയിലായിരുന്നു മാൽഗുഡിയെ കേന്ദ്രമാക്കി നോവലുകൾ നാരായൺ എഴുതിയിട്ടുണ്ടായിരുന്നത്.
കഥകളിലെ കേന്ദ്രകഥാപാത്രമായ സ്വാമി എന്ന കുട്ടി താമസിച്ചിരുന്ന വീടും അങ്ങനെ, നട്ടാൽ കുരുക്കാത്ത നുണയാണെങ്കിലും ആരും വിശ്വസിച്ചുപോകുന്ന രീതിയിൽ അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. എന്നാൽ, സ്വാമി താമസിച്ചിരുന്ന വീട് ഇപ്പോഴുമുണ്ട് എന്നറിയുമ്പോൾ കൗതുകം ഇരട്ടിക്കും. നാരായണിന്റെ സ്വാമിയല്ല, മാൽഗുഡി സീരിയലിലെ കഥാപാത്രം മാസ്റ്റർ മഞ്ചുനാഥ് "താമസിച്ച' വീടാണെന്നു മാത്രം. ആഗുംബെയിലെത്തുന്ന ആരും ആ വീട് കാണാതെ മടങ്ങില്ല. അതിന്റെ ആതിഥേയത്വം സ്വീകരിക്കാതെയും.
"സ്വാമി' യുടെ വീടായ "ദൊഡ്ഡ മനെ' നൂറ്റമ്പതോളം വർഷം പളക്കമുള്ള അന്നത്തെ സമ്പന്നഗൃഹമായിരുന്നു. ഇന്നും സമ്പത്തിനു കുറവില്ല. അതേക്കാളും സമ്പത്ത് അവിടെ ലഭിക്കുന്ന ആതിഥേയത്വത്തിനാണ്. (കോവിഡ് കാലത്ത് പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്).
ഗൃഹനാഥ കസ്തൂരിയക്കയുടെ സ്‌നേഹവും പ്രസാദാത്മകതയുമായിരിക്കും മടങ്ങിപ്പോയാലും ഇടയ്ക്കിടെ ഓർമിപ്പിക്കാനെത്തുന്ന അമ്മസ്‌നേഹം.
ആഗുംബെയിൽ പരിമിതമായ താമസസൗകര്യങ്ങളേയുള്ളൂ. ചില താമസകേന്ദ്രങ്ങൾ ഉണ്ട്. പതിനഞ്ചു കിലോമീറ്റർ അകലെ വനംവകുപ്പിന്റെ കീഴിൽ ഫോറസ്റ്റ് ലോഡ്ജും.
അതല്ലെങ്കിൽ ഉഡുപ്പിയിലോ മണിപ്പാലിലോ (60 കിലോമീറ്റർ) ശൃംഗേരിയിലോ (25 കിലോമീറ്റർ) തൊട്ടടുത്ത് തീർഥഹള്ളിയിലോ താമസിച്ചുകൊണ്ടു ആഗുംബെയിലേക്ക് എത്താം. മംഗളൂരുവിൽനിന്ന് നേരേ മൂന്നോട്ടു വടക്കുകിഴക്കോട്ട് പോയാൽ ഉഡുപ്പിയിലെത്തിക്കഴിഞ്ഞു. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഖ്യാതമായ സൗജന്യ ഊട്ട്, മണിപ്പാൽ കാഴ്ചകൾ വഴി ദേശീയപാത 169 ലൂടെ വീണ്ടും മുന്നോട്ട്. സോമേശ്വര പട്ടണം കഴിഞ്ഞാൽ, പിന്നെ ഹെയർപ്പിന്നുകളുടെ കുതിപ്പും കിതപ്പുകളും. ഹെയർപ്പിന്നുകളുടെ ഉച്ചിയിൽ സൂര്യാസ്തമന പോയിന്റിൽ, കത്തിക്കയറിയ സൂര്യന്റെ നഷ്ടപ്രതാപത്തിന്റെ നിറങ്ങൾ തെളിയുകയായി. ദൂരെ നീല അരഞ്ഞാണമിട്ട് അറബിക്കടൽ. ഒരിക്കലും മറക്കാത്ത ഒരു കാഴ്ചയാക്കി മാറ്റാനാവും അതിനെ. അത്രയും ഉള്ളിൽക്കൊണ്ടു കാണണം, അത്.
ആഗുംബെയിൽ എത്തിക്കഴിഞ്ഞാൽ, ഇടത്തോട്ട് തീർഥഹള്ളി ഗ്രാമം. വലത്തോട്ടിറങ്ങിയാൽ ശൃംഗേരി. തുംഗഭദ്രയുടെ കരയിൽ പുണ്യസ്‌നാനം കഴിഞ്ഞെത്തുന്ന കാറ്റിനെ തിരിച്ചറിയും. അതിന്റെ കരയിൽ തന്നെയാണു ശൃംഗേരി മഠവും. ശങ്കരാചാര്യർ സ്ഥാപിച്ച നാലു ഹൈന്ദവമഠങ്ങളിൽ ഒന്ന്. തീർഥഹള്ളി പിന്നിട്ടു പിന്നെയും പോയാൽ, ശിവമൊഗ്ഗ എന്ന ഷിമോഗ. ആഗുംബെയിൽ ദൊഡ്ഡ മനെ അന്വേഷിച്ചു നടന്നു വലഞ്ഞുപോകുകയൊന്നും ഇല്ല. അങ്ങനെ തെറ്റിപ്പോവാൻ ധാരാളം കെട്ടിടങ്ങളൊന്നുമില്ല. എങ്ങോട്ടു നോക്കിയാലും കാടിന്റെ പച്ചപ്പ് കാണാം. കാടു മുഴുവൻ ഫോറസ്റ്റാണല്ലോ എന്ന് അത്ഭുതപ്പെടുത്താം. മഴക്കാലത്തു രാത്രിയും പകലിലേക്കും നീളുന്ന മഴയനുഭവത്തിൽ അധികം ദൂരത്തേക്കൊന്നും കൺകാഴ്ചകൾ അനുവദിക്കപ്പെടില്ല. പച്ചപ്പിനിടയിൽ ഇടയ്ക്കു വല്ലപ്പോഴും തല നീട്ടുന്ന ഉയരം കുറഞ്ഞ ഓടുവീടുകൾ. ഒരുതരം മുള്ളുകോർത്ത വേലിക്കകത്തെ ഗ്രാമീണജീവിതം. അതിൽ മനുഷ്യർക്കൊപ്പം എല്ലാവരുമുണ്ട്. തൊഴുത്തിലെ കാലികൾ, പുഴുവിനെ കൊത്തിവലിക്കുന്ന പിടകൾ, അവയ്ക്കിടയിലൂടെ കോഴികളുടെ കാമുകത്വം ഉറക്കെ കൂവിയുറപ്പിക്കുന്ന അങ്കവാലൻ. മുറ്റങ്ങളിൽ ഉണങ്ങുകയും മെലിയുകയും ചെയ്യുന്ന അടക്കയും കൊപ്രയും മനുഷ്യജീവിതങ്ങളും. വഴിയോരത്ത് കൊച്ചുചായക്കട. ചില്ലലമാരയിലും കണ്ണാടിക്കുപ്പികളിലും ചെറുകടികൾ. കൂടുതലും കന്നഡകടികളാണെന്നു മാത്രം. ചായയെ അടിച്ചൊതുക്കുന്ന ചായക്കാരൻ. ഒട്ടുമിക്കവാറും ഉടമ തന്നെ. ഇരിക്കാൻ തുടങ്ങുമ്പോൾ ആടിത്തുടങ്ങുന്ന ബെഞ്ചും. അതേ, നമ്മൾ കണ്ടുമറന്ന മലയാള ഗ്രാമങ്ങളുടെ ഫോട്ടോസ്റ്റാറ്റ്.
ആഗുംബെയെ അറിയണമെങ്കിൽ, ഉള്ളിൽ കൊള്ളണമെങ്കിൽ ആഗുംബെയിൽ തന്നെ താമസിക്കണം. എങ്കിൽ, ഇന്ന് ഒരു ഇടത്തരം ഹോം സ്റ്റേ ആയിക്കഴിഞ്ഞ ദൊഡ്ഡ മനെയിൽ നേരത്തേ ഓൺലൈനിൽ താമസം ഉറപ്പാക്കണം
ദൊഡ്ഡ മനെ വലിയ വീടല്ല, വലിയ സ്‌നേഹം
ആഗുംബെയെ അറിയണമെങ്കിൽ, ഉള്ളിൽ കൊള്ളണമെങ്കിൽ ആഗുംബെയിൽ തന്നെ താമസിക്കണം. എങ്കിൽ, ഇന്ന് ഒരു ഇടത്തരം ഹോം സ്റ്റേ ആയിക്കഴിഞ്ഞ ദൊഡ്ഡ മനെയിൽ നേരത്തേ ഓൺലൈനിൽ താമസം ഉറപ്പാക്കണം. അല്ലെങ്കിൽ, ആ വലിയ വീടും അതിലെ ഡോർമിറ്ററികളും മുറികളും ഹൗസ് ഫുൾ ആയെന്നു വരും. ഒരിക്കലും കുറയാത്തത്, കസ്തൂരിയക്കയുടെ സ്‌നേഹം മാത്രം. ആറോ ഏഴോ ഭാഷകൾ സംസാരിക്കും. (ഇപ്പൊൾ താമസം അനുവദിക്കുന്നില്ല. അത് അന്വേഷിക്കാൻ ലാൻഡ് ലൈനിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ നമ്പർ നിലവിലില്ല എന്ന് യന്ത്രമറുപടി).
നൂറ്റിയമ്പതോളം വർഷംമുമ്പ് കരിങ്കല്ലിൽ പണിത ഇരുനിലക്കെട്ടിടം. ആരെയും കൊതിപ്പിക്കുന്ന നെടുനീളൻ വരാന്ത. അകത്തു നാലുകെട്ട്. മരത്തൂണുകളും തണുപ്പും മരത്തിന്റെ മച്ചും ഏകാന്തതയും തോന്നിപ്പിക്കുന്ന ഉള്ള്. സമ്പന്നകാലമുണ്ടായിരുന്നു മുമ്പ്. അന്നു വന്നുപറ്റുന്നവർക്കെല്ലാം സൗജന്യമായി ഭക്ഷണം. ഈ അടുത്ത കാലം വരെയും, താമസത്തിനും ഭക്ഷണത്തിനും പ്രത്യേക നിരക്കും പത്രാസ് നികുതിയും സേവനനികുതിയും ബില്ലും കണക്കുമൊന്നുമില്ല, സഞ്ചാരികൾ കൊടുക്കുന്നതു സ്വീകരിക്കും. കസ്തൂരിയക്കയും മകളുടെ ഭർത്താവ് രവികുമാറും മകളും ഒക്കെ ചേർന്നായിരുന്നു നടത്തിപ്പ്.
പരിമിത സൗകര്യങ്ങൾ. ഫൈവും സ്റ്റാറും ഒന്നുമില്ല. മുകൾ നിലയിലെ ഡോർമിറ്ററിയിൽ കിടപ്പ്. കുളിപ്പുരയുടെ ഏകാന്തതയിൽ വച്ചിരിക്കുന്ന ചെമ്പുകുട്ടകത്തിൽ ആർക്കോ വേണ്ടി തിളച്ച ചൂടുവെള്ളമുണ്ടാവും. അതിൽ തണുത്ത വെള്ളമൊഴിച്ചു ചൂടു നേർപ്പിച്ചു കുളി. താഴെ നടുത്തളത്തിന് ചുറ്റും ലഘുവായ പ്രാതൽ. കന്നഡയുടെ സ്വാദുള്ള മധുരഉപ്പുമാവോ വേവിച്ചെടുത്ത മാവോ എന്തെങ്കിലും... അത്താഴം അൽപ്പം കൂടി വിശാലമായിരിക്കും. തവിടിന്റെ മാസ്‌കിട്ടിരിക്കുന്ന കുത്തരിയുടെ ചോറ്. അരപ്പില്ലാത്ത കന്നഡ സാമ്പാർ, ഉപ്പേരി-ഉപ്പിലിട്ടത്-ഉടച്ചെടുത്തത് തുടങ്ങിയ ഉപദംശങ്ങൾ. മല്ലിയിലയിട്ട സംഭാരം എന്ന പച്ചമോ... ആഗുംബെയുടെ സ്വാദ് പിന്നെ കുറേ നേരത്തേക്കു നമ്മളുടേതു കൂടിയാവുന്നു. ഉപയോഗിച്ച പച്ചക്കറികളെപ്പറ്റി സംശയം വേണ്ട. ജൈവം തന്നെ.
മഴയില്ലാത്ത വൈകുന്നേരങ്ങളിലാണെങ്കിൽ, സൺസെറ്റ് പോയിന്റ് വരെ നടക്കാം. കാടിനെ അറിയാം... കാടിന്റെ വിസ്മയങ്ങളിലൂടെ ഏകാന്തയാത്ര ആവാം. ആദ്യം കണ്ട ഗ്രാമപ്രകൃതി പെട്ടെന്ന് അവസാനിക്കും. പിന്നെ കാട്ടുപ്രകൃതിയായി. മരങ്ങളുടെ നിബിഡത വർധിച്ചുവന്നു കൊണ്ടേയിരിക്കും. പെട്ടെന്ന് ഒടുവിൽ നമ്മൾ ഒറ്റയായെന്നു തോന്നും. എന്നാൽ, ഒറ്റയ്ക്കല്ല. സചേതനമായ പ്രകൃതിയുണ്ട് കൂടെ. അതിന്റെ ചടുതലയുണ്ട്. കാലം ഇലപ്പച്ചയ്ക്കുള്ളിൽ പതുങ്ങിനിൽക്കുന്നുണ്ടാകും. കാണാമറയത്തുനിന്നു തിടുക്കങ്ങളുടെ ചില്ലയൊച്ചയുണ്ടാവും. എന്തോ ഓടിപ്പോവുന്ന കരിയിലയനക്കങ്ങളുണ്ടാവും. ധാരാളം കിളികൾ വന്നു പലതും പറയുന്നുണ്ടാവും.
കാടിനകത്തേക്കു തിടുക്കത്തിൽ കയറുന്ന തോക്കും മരംവെട്ടികളും കുറവായതുകൊണ്ടാവാം. കാടിനടുത്തു താമസിക്കുന്നവരുടെ, അതുതന്നെയാണു തന്റെ ജീവനും ഈട് എന്നൊരു പ്രാർഥനകൊണ്ടായിരിക്കാം, ആഗുംബെ ഇന്നും ഇങ്ങനെ ബാക്കിനിൽക്കുന്നത്
പതുക്കെപ്പതുക്കെ പ്രകൃതിയുടെ ഒരു ഭാഷ മനസിലായിത്തുടങ്ങും. അതിന്റെ താളപ്പെരുക്കങ്ങൾ വായിച്ചുതുടങ്ങും. ഇടയ്ക്കു മൗനം പൂണ്ടും പിന്നെയെപ്പോഴോ ഒച്ചവച്ചും കാട് ഒപ്പം നടക്കുന്നുണ്ടാവും. മഴക്കലാത്താണെങ്കിൽ, പ്രകൃതിയുടെ ഈ ഓർക്കെസ്ട്ര ഒന്നുകൂടി വിസ്മയിപ്പിക്കും. വന്നുപെയ്‌തൊഴിയുന്ന ഉരുളൻതുളളികളുടെ തിടുക്കങ്ങൾ. പതിഞ്ഞുമാറിനിന്നു ഭൂമിയിലേക്കു നൂലോട്ടുന്ന നൂൽമഴയുടെ പ്രസാദം അറിയും. ദൂരെ ഉൾക്കാട്ടിൽ പ്രിയപ്പെട്ടവളെന്തോ മൊഴിയുന്ന മട്ടിൽ മഴപ്പെയ്ത്തുണ്ടാവുന്നുണ്ടായിരിക്കും. ഇതൊന്നുമല്ലെങ്കിൽ, ദൂരെ മാറിനിന്നു പിണക്കം കാണിക്കുന്ന മട്ടിൽ പൊടിമഴയായിരിക്കും. നനഞ്ഞും കുളിച്ചും നിൽക്കുന്ന വനതരുക്കൾ. അതിനിടയിൽ കുളിപ്പിച്ചു തോർത്താതെ നിർത്തുന്നതിൽ പരിഭവിച്ച് ഒരു സിംഹവാലൻ മരത്തിന്റെ ഉച്ചിയിൽ അസ്വസ്ഥത കാട്ടുന്നുണ്ടാവും. നിർത്താതെ പെയ്യുന്ന മഴയിലേക്കു കൊക്കുപിളർത്തി മലമുഴക്കി വേഴാമ്പൽ അതിനെപ്പറ്റിയുള്ള ആ കെട്ടുകഥയെ വീണ്ടും ഓർമിപ്പിക്കുന്നുണ്ടാവും.
കാട്ടിനുള്ളിലൂടെ ട്രെക്കിങ് നാളിതുവരെയില്ലാത്ത ഒരു അനുഭവം തന്നെയാണ്, ആഗുംബെയിൽ. കുഡ്‌ലു തീർഥ (25 കിലോമീറ്റർ) വെള്ളച്ചാട്ടത്തിലേക്കോ നിശാനി ഗുഡ്ഡയിലോക്കോ വഴി നടത്തുന്ന സഞ്ചാരപാതകൾ. മഴക്കാലത്തു വെള്ളത്തിന്റെ എടുത്തുചാട്ടങ്ങളുമായി വിസ്മയിപ്പിക്കുന്ന കുഞ്ചിക്കൽ, ബർകാന (അഞ്ചു കിലോമീറ്റർ), ജോഗിഗുണ്ടി (ആഗുംബെ ), ഒനകെ അബ്ബി (അഞ്ചു കിലോമീറ്റർ) വെള്ളച്ചാട്ടങ്ങളാണ് പ്രധാനം.
പത്തുമുതൽ പതിനാലാം നൂറ്റാണ്ടു വരെ കർണാടകത്തെ ഏതാണ്ട് ആകെ അടക്കി ഭരിച്ചിരുന്ന കന്നഡിക ഹോയ്‌സാല രാജാക്കന്മാരുടെ കാലത്തെ ക്ഷേത്രങ്ങളുടെയും മൈസൂർ രാജാവു പണികഴിപ്പിച്ച (സിർക 1900) പൗരാണിക സത്രത്തിന്റെയും മറ്റും അവശേഷിപ്പുകളുമുണ്ട്, സഞ്ചാരികൾക്കു കാണാൻ. പഴയ മദ്രാസ്- മൈസൂർ രാജ്യ അതിർത്തിയായതിനാൽ കാട്ടുപാതകളും നടവഴികളും കച്ചവടക്കാരെക്കൊണ്ടും കടത്തുമൃഗങ്ങളെക്കൊണ്ടും സജീവമായിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു ആഗുംബെയ്ക്ക്.
ആധുനികമനുഷ്യന്റെ, നഗരപ്പരിഷകളുടെ ആർത്തിയുടെ കാഠിന്യക്കുറവാകാം. ഉള്ളതു കൊണ്ടു നാടു പോലെ എന്നു കാട്ടിനുള്ളിലും വിചാരിക്കുന്നതുകൊണ്ടാവാം, എന്തുകൊണ്ടോ ആഗുംബെ ഇപ്പോഴും ബാക്കിയുണ്ട്.
പല കാലങ്ങളിൽ ഒരേ ഒരു ആഗുംബെ
പുത്തൻപണത്തിന്റെ സ്വാധീനം വന്നുതുടങ്ങിയിട്ടില്ല. വരാനും സാധ്യതയില്ല. പശ്ചിമഘട്ടത്തിന്റെ മറ്റു മേഖലകളെ കുടിയേറ്റവും പുതുകൃഷിയും അസ്ഥിരമാക്കിയിട്ടും ഇപ്പോഴും ‘കന്യകാത്വം' ബാക്കിനിൽക്കുന്ന ചുരുക്കം മഴക്കാടുപ്രദേശങ്ങളിൽ പ്രധാനപ്പെട്ടതെന്ന നിലയിൽ ബാക്കിയായതിനെ ചേർത്തുനിർത്തി സംരക്ഷണം കർക്കശമാക്കിയതു കൊണ്ടാവാം. കാടിനകത്തേക്കു തിടുക്കത്തിൽ കയറുന്ന തോക്കും മരംവെട്ടികളും കുറവായതുകൊണ്ടാവാം. കാടിനടുത്തു താമസിക്കുന്നവരുടെ, അതുതന്നെയാണു തന്റെ ജീവനും ഈട് എന്നൊരു പ്രാർഥനകൊണ്ടായിരിക്കാം, ആഗുംബെ ഇന്നും ഇങ്ങനെ ബാക്കിനിൽക്കുന്നത് എന്ന് അർഥമാക്കാം. ഇപ്പോഴും അന്യം നിന്നുപോയിട്ടില്ലാത്ത ഒരു 'കാടത്തം' എന്നും വേണമെങ്കിൽ വിളിക്കാം. ഒരു മാധവ് ഗാഡ്ഗിലോ കസ്തൂരിരംഗനോ വന്നുപറയാതെ തന്നെ കാടിന്റെയും പശ്ചിമാദ്രിയുടെയും പ്രാധാന്യം അറിയാവുന്ന "നാട്ടിൻപുറത്തം' ആയിരിക്കാം ഒരു പക്ഷെ.
ആധുനികമനുഷ്യന്റെ, നഗരപ്പരിഷകളുടെ ആർത്തിയുടെ കാഠിന്യക്കുറവാകാം. ഉള്ളതു കൊണ്ടു നാടു പോലെ എന്നു കാട്ടിനുള്ളിലും വിചാരിക്കുന്നതുകൊണ്ടാവാം, എന്തുകൊണ്ടോ ആഗുംബെ ഇപ്പോഴും ബാക്കിയുണ്ട്. എന്നാലും അതെക്കാലവും ഉണ്ടായിരിക്കുമെന്നു കരുതാനും നിവൃത്തിയില്ല. ഒരിക്കലെങ്കിലും അവിടെ പോവണം, എന്നാലും. ഞാനും ഒപ്പമുണ്ട് എന്നു പറയാനെങ്കിലും. ആഗുംബെ ഓരോ മഴത്തുള്ളിയിലും എഴുതിനിറയ്ക്കുന്നതു മറ്റൊന്നല്ല. പല പച്ചയിൽ നിറയുന്ന ഇലക്കൂട്ടങ്ങളിൽ ഏറ്റവും ചെറുതിന്റെ നിറുകയിൽ എഴുതിവച്ചിരിക്കുന്നതും മറ്റൊന്നല്ല. ഉണ്ട് കൂടെ എന്ന്. ആഗുംബെയിൽ കഴിയുന്ന ഓരോ നിമിഷവും നമ്മൾ തിരിച്ചറിയുന്നതും ഈ കൂട്ടു തന്നെ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.