ആന്തമാൻ ദ്വീപ് / Photo: Wikimedia Commons

പുറംവെളുപ്പിന്റെ വിലക്കുകളുടെ ഉൾക്കാട്ടിൽ

കാഴ്ചകളുടെ അന്തമല്ല ആന്തമാൻ എന്നു തോന്നിപ്പിക്കും. അത് ഒരു തുടക്കമാണ്. ​നിശ്ശബ്ദവിസ്മയങ്ങളുടെ ജീവിക്കുന്ന കാഴ്ചബംഗ്ലാവ്.

മനുഷ്യനെ നോക്കാൻ വരുന്നോ?

ല യാത്രകളിൽ ഒന്നിച്ചുണ്ടായിരുന്ന സ്‌നേഹിതന്റെ ചോദ്യത്തെ കൗതുകത്തോടെയല്ലാതെ നേരിടാൻ കഴിഞ്ഞിരുന്നില്ല. മനുഷ്യനെ ഒരു കാഴ്ചവസ്തുവിനെ പോലെ നോക്കുന്നതിൽ ഒരു രാഷ്ട്രീയ ശരികേടില്ലേ? രാഷ്ട്രീയ ശരികേട് എന്നൊക്കെ രാജ്യം അന്നു ചർച്ച ചെയ്തു തുടങ്ങിയിരുന്നതേ ഉണ്ടായിരുന്നുളളൂ. എന്നിട്ടുമാണ്. അതായിരുന്നു സംശയം. എന്നാൽ, സുഹൃത്തിനു സംശയമുണ്ടായിരുന്നില്ല. കാണുന്നതല്ല കാഴ്ച.
പിന്നെ?

മറുപടി പെട്ടെന്നായിരുന്നു; ‘കാണുന്നതല്ല, നോക്കുന്നതാണ് കാഴ്ച. അതാണ് കാഴ്ചയുടെ രാഷ്ട്രീയവും. മനുഷ്യനെ നോക്കുന്നവനാക്കും നിന്നെ ഞാൻ.'
എന്നാലും ഹ്യൂമൻ സൂ എന്ന പ്രയോഗവും അതിന്റെ രാഷ്ട്രീയവും വംശീയവുമായ ശരികേടുകളും ചർച്ചയ്ക്കെടുക്കുന്ന സമയമായിരുന്നു. ഉത്തരമധ്യകാലത്തെ യൂറോപ്യൻ വംശീയതയും വർണവിവേചനങ്ങളും എല്ലാം ഓർത്തുകൊണ്ടായിരുന്നു അത്. ഒരുകൂട്ടം മനുഷ്യരെ അവരുടെ ലളിതവും പ്രാകൃതമെന്ന് പുറംലോകത്തിന് തോന്നിക്കുന്നതുമായ ആവാസപരിസരത്തുചെന്ന് അവരെ കാഴ്ചബംഗ്ലാവിൽ കൂട്ടിലടച്ചതുപോലെ നിരീക്ഷിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ല എന്നുതന്നെയായിരുന്നു നിലപാട്. ‘എന്നാൽ, അവരുടെ നിലനിൽപ്പിന്റെതായ രാഷ്ട്രീയത്തിൽ സാമൂഹികമായ കരുതൽ നൽകാനാണെങ്കിൽ...?'

അതേ, അതൊരു ചോദ്യവും സമീപനവുമായിരുന്നു. നാളിതുവരെ മുഖ്യധാരാ സമൂഹവുമായി വളരെ കുറച്ചുമാത്രം ഇടപെട്ടിട്ടുള്ള ഒരുകൂട്ടം ഗോത്രമനുഷ്യരെ അവരുടെ നിലനിൽപ്പിന്റെ, രാഷ്ട്രീയത്തിന്റെ ശക്തിക്ക് പൊതുസമൂഹത്തിന്റെ ഐക്യദാർഢ്യം ആവശ്യമെന്നു വരുകിൽ, അതിനോട് ഐക്യപ്പെടാൻ മടിക്കേണ്ടതില്ല എന്നുതന്നെ. സുഹൃത്ത് പറഞ്ഞ ആ മനുഷ്യരെക്കുറിച്ച് ധാരാളം കേട്ടിരുന്നു. അവരുടെ മണ്ണിനു നടുവിലൂടെ വലിയൊരു വാണിജ്യപാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട നിയമതർക്കങ്ങൾ. അവരെ കോളണിവത്കരിച്ച് സംരക്ഷിക്കാൻ അധികൃതർ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ, ആ സംരക്ഷണത്തിലെ പഴുതുപയോഗിച്ച് പൊതുസമൂഹത്തിന്റെ ആർത്തിയും തിടുക്കവും അവരെ വേട്ടയാടുന്നത്... എല്ലാം. അന്നു പക്ഷെ, ആ യാത്ര നടന്നില്ല.

ആന്തമാന്റെ ഹൃദയത്തിൽ നിന്നുള്ള ചോരക്കുഴൽ

പിന്നീട് വർഷങ്ങൾക്കുശേഷമാണ് അതു സംഭവിച്ചത്, അതും അപ്രതീക്ഷിതവും യാദൃച്ഛികവുമായി. ആന്തമാനിൽ താമസിക്കുന്ന, നാട്ടുകാരിലൊരാളുടെ സ്‌നേഹപൂർണമായ ക്ഷണമായിരുന്നു കാരണം. താമസവും ഭക്ഷണവും ഏറ്റെടുക്കുമെന്നുകൂടി സൗഹൃദം ബ്ലാങ്ക് ചെക്കായി അവതരിച്ചതോടെയായിരുന്നു അത്. ചെന്നൈയിൽ നിന്ന് പോർട്ട്ബ്ലെയർ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതുവരെ ഒന്നിനും കൂടുതൽ ആലോചനകൾ വേണ്ടിവന്നിരുന്നില്ല. അങ്ങനെ അതു സംഭവിക്കുകയായിരുന്നു.

ഗ്രേറ്റ് ആന്തമാൻ ട്രങ്ക് റോഡ് / Photo: Wikimedia Commons

പിന്നീടുള്ള കാര്യങ്ങളെല്ലാം നേരത്തേ തീരുമാനിക്കപ്പെട്ടതായിരുന്നു. ഏറ്റവും പ്രധാനം പോർട്ട്ബ്ലെയറെന്ന തെക്കൻ ആന്തമാനിൽ നിന്ന് വടക്കു ദിഗ്ലിപുര വരെയുള്ള സ്വപ്നയാത്ര. ആന്തമാനിൽ, നികോബറിൽ പൊങ്ങച്ചം നിറഞ്ഞതും കോൾമയിർ കൊള്ളിക്കുന്നതുമായ പല കാഴ്ചകളുണ്ടെന്നിരിക്കെ. സ്‌കൂബാ ഡൈവിങ് അടക്കമുള്ള കടലടിത്തട്ടു കാഴ്ചയും പവിഴപ്പുറ്റിന്റെ വർണരാജിയും സൂര്യോദയാസ്തമന വിസ്മയങ്ങളും എല്ലാം ഉണ്ടെന്നിരിക്കെ. ആന്തമാനിലെത്തുന്ന പരമ്പരാഗത സന്ദർശകർ ഇത്തരം കാഴ്ചകളിലേ അഭിരമിക്കാറുള്ളൂ.
എന്നാൽ, ആന്തമാന്റെ ഹൃദയത്തിൽ നിന്നുള്ള ചോരക്കുഴലായ ഗ്രേറ്റ് ആന്തമാൻ ട്രങ്ക് റോഡിലൂടെ ഒരു വട്ടമെങ്കിലും യാത്രചെയ്യാതെ പൂർത്തിയാകില്ല അവിടത്തെ ഒരു യാത്രയും. കാരണം, അതൊരു ചരിത്രപാത. എഴുപതുകളുടെ ആദ്യം നിർമിച്ച റോഡിലൂടെ ആന്തമാനിനു കുറുകെ കടക്കുന്നതുമായി ബന്ധപ്പെട്ട സഹനങ്ങളെത്ര. അതിൽ ലോകം തന്നെ നടത്തിയ ഇടപെടലുകളെത്ര. അവസാനം പരമോന്നത നീതിപീഠം തന്നെയാണ് തീർപ്പുകൽപ്പിച്ചതും. അതുപ്രകാരം, ഈ ഹൃദയപാത സുഗമവും സ്വതന്ത്രവുമല്ല. അതിലൂടെയുള്ള ഗതാഗതം കർശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. കാരണം, അവിടം, പൊതുസമൂഹം കാത്തുരക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗോത്രവിഭാഗക്കാരുടെ ആവാസവ്യവസ്ഥയാണ് എന്നതു തന്നെ. പൊതുസമൂഹവും ജരവ ഗോത്രക്കാരും തമ്മിൽ ഏതുതരത്തിലുള്ള സമ്പർക്കവും വിലക്കപ്പെട്ടിരിക്കുകയാണ്.

അത് മറ്റൊരു ലോകം തന്നെയാണ്. ഇവിടെ നിന്ന് യാത്രാരേഖകളും യാത്രക്കാരുടെ പേരുവിവരങ്ങളും കാണിച്ച് പാസ് നിർബന്ധം. രാവിലെ ആറിനും ഒമ്പതിനു അര മണിക്കൂർ നേരത്തേക്കുള്ള യാത്രാനുമതി.

ഈ വിലക്കപ്പെട്ട യാത്രയും ഒരു അനുഭവമായി ഓർമയിൽ നിൽക്കണമെങ്കിൽ ഒരു തവണയെങ്കിലും അതുവഴി യാത്ര പോകണം. ബാരതാങ് മുതൽ ദിഗ്ലിപുർ വരെയുള്ള നാന്നൂറോളം ഗ്രാമങ്ങളിലേക്കുള്ള എന്തും കടന്നുചെന്നെത്തുന്നത് ഈ പാതയിലൂടെ. ചുറ്റിലും കടലും കടൽച്ചാലുകളുമുള്ള ആന്തമാനിൽ പോർട്ട് ബ്ലെയറിൽ നിന്ന് ബാരതാങ്ങിലേക്ക് ജലമാർഗമുണ്ടെന്നിരിക്കെ, ഗോത്രജീവിതത്തെ കുറുകെ കടന്നുകൊണ്ട് എന്തിനാണൊരു പൊതുപാത എന്നായിരുന്നു ഏറ്റവും കൂടുതൽ മുഴക്കപ്പെട്ടിരുന്ന ചോദ്യം. അത് രണ്ടു തരത്തിൽ ദോഷം ചെയ്യുമെന്നായിരുന്നു വാദം. ഒന്ന്, ഗോത്രവർഗത്തിന്റെ പൊതുസമൂഹ സമ്പർക്കം വഴിയുണ്ടാകുന്ന തനിമശോഷണം. അവർക്കു നേരെ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ചൂഷണം. അതുകൊണ്ടാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും.

കറങ്ങാം, ഇറങ്ങാൻ പറ്റില്ല

ജരവ സംരക്ഷിത വനപ്രദേശ മേഖലയിലാണ് ഈ കടുത്ത നിയന്ത്രണം.
ഈ മേഖലയിലേക്കുള്ള കവാടത്തിനായി പോർട്ട് ബ്ലെയറിൽ നിന്ന് 40 കിലോമീറ്റർ വടക്കോട്ട് പോകണം ആദ്യം. ഒരു ഒന്നേകാൽ മണിക്കൂർ എടുക്കും. എത്തുന്നത് ജിർകാതാങ് ചെക്‌പോസ്റ്റിൽ. എന്നുവച്ചാൽ, മറ്റൊരു രാജ്യത്തേക്കു കടക്കുന്നതു പോലുള്ള ബന്തവസാണ്. അത് മറ്റൊരു ലോകം തന്നെയാണ്. ഇവിടെ നിന്ന് യാത്രാരേഖകളും യാത്രക്കാരുടെ പേരുവിവരങ്ങളും കാണിച്ച് പാസ് നിർബന്ധം. രാവിലെ ആറിനും ഒമ്പതിനു അര മണിക്കൂർ നേരത്തേക്കുള്ള യാത്രാനുമതി. അതുകാരണം, പുലരും മുമ്പേ ജിർകാതാങിൽ വലിയ വാഹനക്കൂട്ടമുണ്ടാകൂം. പിന്നെ ഉച്ചയ്ക്കു മൂന്നിന് വീണ്ടും അരമണിക്കൂർ. അതുകഴിഞ്ഞാൽ പിന്നെ യാത്രാനുമതി ലഭിക്കില്ല.

ഹെവ്‌ലോക്ക് ദ്വീപിലെ പ്രധാന മാർക്കറ്റ്‌ / Photo: Flickr

അതുകൊണ്ടുതന്നെ, പോർട്ട് ബ്ലെയറിൽ നിന്ന് അതിരാവിലെ യാത്ര പുറപ്പെട്ടിരുന്നു. തലേന്നത്തേതു പതിവിലും നീണ്ട രാത്രിയായിരുന്നിട്ടും. പുറത്ത് വെള്ള കീറിയിരുന്നില്ല. കണ്ണുകളും ശരിക്കും കീറിത്തുടങ്ങിയിരുന്നില്ല. എന്നാലും ജിർകാതാങിൽ എത്തുമ്പോഴേക്കും വാഹനനിരക്കു പിന്നിലായിരുന്നു. വാടകക്കെടുത്ത കാറിലെ ഡ്രൈവർ അനുമതി പാസ് കിട്ടാൻ തിടുക്കം കാട്ടുന്നുണ്ടായിരുന്നു.

അപ്പോൾ കിഴക്കു വെള്ള കീറിത്തുടങ്ങുന്നു. ഈ അരമണിക്കൂർ നേരത്തേക്ക് അനുവദിക്കപ്പെടുന്ന യാത്ര 49 കിലോമീറ്റർ കൃത്യം അനുവദിക്കപ്പെട്ട സമയം കൊണ്ടുതന്നെ - ഒരു മണിക്കൂറും ശിഷ്ടവും - തീർക്കണം. മെല്ലെ നീങ്ങാൻ പാടില്ല. ഓവർ ടേക്കിങ് പാടില്ല. വഴിയിൽ നിർത്താൻ പാടില്ല. ഫോട്ടോഗ്രഫി പാടില്ല. യാത്രക്കാർക്കു താൽപ്പര്യമുണ്ടാവുമെങ്കിലും രക്ഷയില്ല. ഡ്രൈവർമാർക്കു കർശന നിർദേശമാണ്. തൃപ്തികരമായ കാരണങ്ങളില്ലാതെ വൈകിയാൽ ശിക്ഷണനടപടികളുമുണ്ടാവും. അതുകൊണ്ടു ഡ്രൈവർ പറഞ്ഞു. തന്നെയോർത്ത് ആരും ഫോട്ടോ എടുക്കാനോ വഴിയിൽ കാണാൻ സാധ്യതയുള്ള ജരവ ഗോത്രക്കാരെ അലോസരപ്പെടുത്താനോ തുനിയരുത്. അതിനൊന്നും സാവകാശം കിട്ടില്ല. ഒന്നാമതു വാഹനവ്യൂഹമായാണു യാത്ര. രണ്ടാമതു ഡ്രൈവർ അങ്ങനെ ഒരു പ്രലോഭനത്തിലും വീണു വാഹനം നിർത്തുകയുമില്ല.

ബാരതാങിൽ മായക്കാഴ്ചകളായി കണ്ടൽത്തോണിച്ചാലുണ്ട്. ചുണ്ണാമ്പുകല്ലു ഗുഹയുണ്ട്. മഡ് വാൾകേനോ എന്നറിയപ്പെടുന്ന മൺദ്വാരങ്ങൾ ഉണ്ട്. സദാ കളിമണ്ണും പ്രകൃതിവാതകവും ബഹിർഗമിപ്പിക്കുന്നത്.

കൃത്യം ഒരു മണിക്കൂറും ശിഷ്ടവും കൊണ്ടുതന്നെ ഈ സംരക്ഷിതമേഖല തരണം ചെയ്തു കഴിഞ്ഞ ആശ്വാസത്തിലായിരുന്നു ഡ്രൈവർ. ആരും ഫോട്ടോ എടുക്കാൻ തുനിഞ്ഞില്ല. വണ്ടി നിർത്തണമെന്നോ പുറത്തിറങ്ങണമെന്നോ ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടാലും ഡ്രൈവർ അതു സമ്മതിച്ചുതരുമെന്നു തോന്നുന്നില്ല. ഏതു ഡ്രൈവർക്കുമുണ്ടാകുമല്ലോ തന്റെ ഡ്രൈവിങ് ലൈസൻസിനെപ്പറ്റിയുള്ള കരുതൽ.

പിന്നെയും പോകാനുണ്ടു ദൂരമേഖറെ.
ജിർകാതാങ് ചെക്ക്‌പോസ്റ്റും സംരക്ഷിതവനവും താണ്ടി കടന്നുചെന്നാൽ കാണാറാകും, ബാരതാങ്. വടക്കിനും തെക്കിനും ഇടയിലുള്ള മധ്യ ആന്തമാനിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. നിലമ്പൂർ ജെട്ടിയിൽ നിന്നു ഫെറി / ജങ്കാർ ബാരതാങ് ദ്വീപിലെത്തിക്കും. രാവിലെ ബാലരവിയുടെ സാന്നിധ്യത്തിലെ ആ ഫെറി ക്രോസിങ് മറക്കാനാവാത്ത അനുഭവം തന്നെ.
അതിനും ഒരു മുപ്പതു കിലോമീറ്റർ അപ്പുറത്ത് കദംതല, എഴുപതോളം കിലോമീറ്ററിൽ രംഗത്ത്, നൂറ്റമ്പതിൽ താഴെ കിലോമീറ്ററിൽ മായാബന്ദർ, ഇരുന്നൂറോളം കിലോമീറ്റർ അകലെ ദിഗ്ലിപുർ. വടക്കൻ ആൻഡമാനിലെ പ്രധാനപ്പെട്ട സ്ഥലമാണ് ദിഗ്ലിപുർ.

ബാരതാങിൽ മായക്കാഴ്ചകളായി കണ്ടൽത്തോണിച്ചാലുണ്ട്. ചുണ്ണാമ്പുകല്ലു ഗുഹയുണ്ട്. മഡ് വാൾകേനോ എന്നറിയപ്പെടുന്ന മൺദ്വാരങ്ങൾ ഉണ്ട്. സദാ കളിമണ്ണും പ്രകൃതിവാതകവും ബഹിർഗമിപ്പിക്കുന്നത്.

ആരാണു ജരവ?

ഈ സംരക്ഷിത ദൂരം വഴിയരികിൽ ജരവ ഗോത്രവർഗക്കാരെ കാണാൻ സാധ്യതയുള്ള പ്രദേശമാണ്. വഴിയരികിൽ അവർ അവരുടേതായ സ്വാഭാവികതയിൽ നിൽക്കുന്നുണ്ടാകും. പുരുഷനും സ്ത്രീയും ചിലപ്പോൾ ഒരു കുടുംബം തന്നെയും. അവരുടെ കാട്. അവരുടെ മരങ്ങൾ. അവരുടെ ഗോത്രത്തനിമ. അവരുടെ, നഗ്‌നതയല്ലാത്ത നഗ്‌നത. എന്നാലും ചെറിയ പരിഷ്‌കാരങ്ങൾ വന്നിട്ടുണ്ടാവാം. പൊതുസമൂഹവുമായി ഒരു തരത്തിലും ബന്ധപ്പെടുകയോ സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യാത്തവരാണ്. കമ്യൂണിറ്റി ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധസംഘടനാ വോളന്റിയർമാർക്കും നരവംശശാസ്ത്ര പഠിതാക്കൾക്കും മാത്രമാണ്​ നിബന്ധനകൾക്കു വിധേയമായി അവരുടെ ഇടയിൽ പ്രവർത്തിക്കാൻ നിയമപരമായ അനുവാദമുള്ളൂ.

ആന്തമാനിലെ സമുദ്രിക നേവൽ മറൈൻ മ്യൂസിയത്തിൽ സ്ഥാപിച്ച ജരാവ ഗോത്രവിഭാഗക്കാരുടെ പ്രതിമ / Photo: Wikimedia Commons

കാരണം, ജരവകളുടെ ഗോത്രത്തനിമ, അവരുടെ ആരോഗ്യപ്രതിരോധശക്തി എന്നിവ വളരെ പ്രധാനമാണ് എന്നതു തന്നെ. ജരവകളും അവരുടെ ഗോത്ര അയൽവർഗങ്ങളായ ഒങേകളും അജ്ഞാതവാസികളായ സെന്റിനെലീസ് ജനതയും അരലക്ഷത്തോളം വർഷങ്ങളായി കഴിയുന്ന പ്രദേശമാണ് ആന്തമാൻ. ഇപ്പോൾ വംശശോഷണത്തിന്റെ വക്കിലെത്തിനിൽക്കുന്നു. ജരവകൾ ഇന്ന് ഏറിയാൽ അഞ്ഞൂറിൽ താഴെയേ ഉണ്ടാവൂ. സെന്റിനെലീസ് ജനത ഇനിയും എത്ര പേരിലെത്തി ബാക്കി നിൽക്കുന്നുവെന്ന് ആർക്കും അറിയില്ല. ഇനിയും തുറക്കാത്ത നരവംശത്തിന്റെ പുസ്തകമാണ് അവർ.

ജരവകളുടെ എണ്ണം ഇനിയും കുറയാതിരിക്കാനാണ് പൊതുസമൂഹത്തിന്റെ ജാഗ്രത. എന്നാലും ജാഗ്രതയുടെ കണ്ണുവെട്ടിച്ച് അവരുടെ സാമൂഹികസുരക്ഷിതത്വത്തിലേക്ക് അതിക്രമിച്ചുകടക്കുന്നവരും ഇല്ലാതില്ല.
ഈ സാമൂഹികജാഗ്രതയുടെ നിയന്ത്രണങ്ങളാണ്​ ജിർകാതാങ് ചെക്‌പോസ്റ്റിൽ കാണുന്നത് എന്നു തിരിച്ചറിഞ്ഞാൽ, പൊതുയാത്രക്കാരുടെ പരാതികൾ താനെ ഇല്ലാതാവുന്നുണ്ട്. ഈ ജാഗ്രത കൊണ്ടുതന്നെ ജരവകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാകുന്നുണ്ടെന്നു തന്നെയാണു കണക്കുകൾ. പക്ഷെ, പൊതുസമൂഹത്തെയാണ് ഏറ്റവും ഭയപ്പെടേണ്ടതും. ജരവകളുമായി പൊതുസമൂഹത്തെ കൂട്ടിയിണക്കാരായിട്ടില്ല ഇപ്പോഴും. അവരുടെ ആർത്തിയും തിടുക്കങ്ങളും ജരവകൾക്ക് അന്യമാണ് എന്നതു തന്നെ. എന്തിനെയും വെട്ടിപ്പിടിച്ചും കീഴടക്കിയും വ്യവഹാരം നടത്തുകയും ചെയ്യുന്ന ലോകനീതി ജരവകൾക്ക് അറിയില്ലതന്നെ. എന്തിനെയും തൊട്ടുതീണ്ടി ഭാഷയും സംസ്‌കാരവും ശരീരവഴക്കത്തെയും മാറ്റിമറിച്ചുകളയുന്ന നൂതനത്വത്തിന്റെ തന്ത്രം ജരവകൾക്ക് ഇല്ലതന്നെ.

തന്റെ ചുറ്റിനുമുള്ള പ്രകൃതിയെക്കുറിച്ച് ഏതാണ്ട്​ മിക്ക അറിവുകളും ജരവയ്ക്കുണ്ട്. മണ്ണിലും മരത്തിലും ആകാശത്തും കഴിയുന്ന ജന്തുജാതികളെക്കുറിച്ച്. പറക്കുകയും ഇഴയുകയും നീന്തുകയും നടക്കുകയും ചെയ്യുന്നവയെക്കുറിച്ച്. അതിൽ തിന്നേണ്ടതെന്ത് വളർത്തേണ്ടതെന്ത് എന്നതിനെക്കുറിച്ച്.

പത്തമ്പതു പേർ വരുന്ന ചെറുസംഘങ്ങളായി തിരിഞ്ഞ് സംരക്ഷിതവനത്തിനകത്തെ ചദ്ധകളിൽ (വീടുകൾ എന്ന, കാലുകളിലുയർത്തിയ കുടിലുകൾ) ചരിത്രാതീതകാലം തൊട്ടു കഴിഞ്ഞുപോരുന്ന ശീലം ഉപേക്ഷിക്കാൻ അവർക്കു സാധിക്കില്ല, മുഖ്യധാരയുടെ കോൺക്രീറ്റ് കാടുകളിലേക്ക്​മാറ്റിപ്പാർക്കാനും. പവിഴപ്പറ്റുകൾ നിറഞ്ഞ കടലിൽ അവർ ഞണ്ടുകളെയും പല്ലൻ മീനുകളെയും ആമകലെയും നായാടിയുടെ അമ്പിൻകണയിൽ തറച്ചെടുക്കുന്നു. കാടുകളിൽ പന്നികളെ വേയാടുന്നു. തേനും കിഴങ്ങും വേരും കായ്കനികളും പെറുക്കിക്കൂട്ടുന്നു. ഊയ്ക്വാലി ചെടിയുടെ ഇലകൾ ചവച്ചെടുത്ത ചാറ് തേനടകളിലേക്കു തുപ്പി തേനീച്ചകളെ തുരത്തുന്നു. ചൂയ് മരത്തിന്റെ കൊമ്പുകളിൽ നിന്നു വില്ലും അമ്പും നിർമിച്ചെടുക്കുന്നു. അവർക്ക് അവരുടെ അതിജീവനത്തിനായുള്ള തന്ത്രങ്ങൾക്കു പൊതുലോകത്തിന്റെ ആയുധങ്ങൾ ആവശ്യമില്ല. ആകാശമേ നഗ്‌നമായിരിക്കുന്നുവെന്നതിനാൽ, സ്വന്തമായി മറ്റൊരു വസ്ത്രം അവർ ആഗ്രഹിക്കുന്നതേയില്ല.

തന്റെ ചുറ്റിനുമുള്ള പ്രകൃതിയെക്കുറിച്ച് ഏതാണ്ട്​ മിക്ക അറിവുകളും ജരവയ്ക്കുണ്ട്. മണ്ണിലും മരത്തിലും ആകാശത്തും കഴിയുന്ന ജന്തുജാതികളെക്കുറിച്ച്. പറക്കുകയും ഇഴയുകയും നീന്തുകയും നടക്കുകയും ചെയ്യുന്നവയെക്കുറിച്ച്. അതിൽ തിന്നേണ്ടതെന്ത് വളർത്തേണ്ടതെന്ത് എന്നതിനെക്കുറിച്ച്. തിന്നേണ്ടാത്തതിനെ കൊല്ലാതിരിക്കാനും തന്നെ കൊല്ലുന്നവയെപ്പോലും വളർത്തേണ്ടതിനെക്കുറിച്ചും. ഒരു പ്രകൃതിപഠനക്ലാസിലും പഠിക്കേണ്ടതില്ല അവർക്ക്. ഒരു സസ്യശാസ്ത്രപുസ്തകവും വായിക്കേണ്ടതില്ല, ചുറ്റിലുമുള്ള പടരുകയും പെരുകുകയും ചെയ്യുന്ന, മരമാവുന്നതും വള്ളിയായിച്ചുറ്റുന്നതും അടിക്കാടിൽ പിച്ചവയ്ക്കുന്നതുമായ പച്ചയുടെ വൈവിധ്യം അറിയാൻ. ഒരു വിത്തിനുള്ളിൽ തുടിക്കുന്ന കാടിന്റെ തിടുക്കങ്ങളറിയാൻ.

അവരുടെ മണ്ണും മനസും ഉടലും കീഴടക്കാൻ വരുന്ന പുറംലോകത്തിന്റെ കാപട്യങ്ങൾ അവർക്ക് ആവശ്യമില്ല. നാമറിഞ്ഞതു നമുക്കു തന്നെ വിനയാവുന്ന അറിവുകളോട് അവർക്ക് അത്യാഗ്രഹമില്ല. എന്തിനെയും ആയുധമാക്കുന്ന ലോകനീതിയോട്​ മനസടുപ്പമില്ല. ഈ ചെറുത്തുനിൽപ്പിനുള്ള അവരുടെ ശ്രമങ്ങൾ തടുത്തുകൂട്ടുന്നതിനായാണ് ജിർകാതാങ് ചെക്‌പോസ്റ്റിലെ നിയന്ത്രങ്ങൾ എന്നു നമ്മളറിയും. അത്​ നമ്മളിലേക്കു തന്നെ തിരിഞ്ഞുനോക്കാൻ ഒരു അവസരമാണ്. ജരവക്കാട്ടിൽ അത്രയും പ്രാചീനതയിൽ അവരെ കാണുമ്പോൾ, തന്നിലേക്ക് അതിക്രമിച്ചു കയറിയ പുറംലോകത്തിന്റെ കപടതകളെക്കുറിച്ച് ഒരു ആലോചന വരും. അടുത്തും അകന്നും തന്നിൽ നിന്നും പിടിച്ചെടുക്കുന്ന അവനവനെക്കുറിച്ച് ഒരു ഓട്ടക്കാഴ്ചയുണ്ടാവും. പൊതുസമൂഹം ജരവയെയല്ല, ജരവ പൊതുസമൂഹത്തി നാണു പുതിയ പാഠങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

പൊതുസമൂഹത്തെ കഴിവതും മാറ്റിനിർത്തുക. അതുമാത്രമാണ് ആദിവാസിയുടെ മണ്ണും സംസ്‌കാരവും നിലനിർത്താനുള്ള ഏകവഴിയെന്ന തിരിച്ചറിവ്.

രണ്ടായിരമാണ്ടിൽ, ജരവകൾക്കായി പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന്, ഒരു സമഗ്ര പുനരധിവാസ പാക്കേജിന്റെ ശ്രമങ്ങളുണ്ടായിരുന്നു. എന്നാൽ, പൊതുസമൂഹത്തിൽ നിന്നുതന്നെയുള്ള എതിർപ്പും പ്രതിഷേധങ്ങളും കാരണം അത് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ജരവ സ്വന്തം ഭാവി സ്വയം തീരുമാനിക്കട്ടെ എന്നൊരു സമീപനം വന്നത് അതോടുകൂടിയാണ്. അല്ലായിരുന്നെങ്കിൽ, മുഖ്യധാരാസമൂഹത്തിലെ ഇത്തരം പരീക്ഷണങ്ങൾക്കു വിധേയമാവുകയും പിന്നെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഗോത്രസമൂഹങ്ങളുടെ ഗതി ജരവകൾക്കും വന്നുപെടുമായിരുന്നു. ആ തിരിച്ചറിവിന്റെ മുദ്രാവാക്യങ്ങളാണു ജിർകാതാങ് ചെക്‌പോസ്റ്റിൽ കാണാൻ കഴിയുക. പൊതുസമൂഹത്തെ കഴിവതും മാറ്റിനിർത്തുക. അതുമാത്രമാണ് ആദിവാസിയുടെ മണ്ണും സംസ്‌കാരവും നിലനിർത്താനുള്ള ഏകവഴിയെന്ന തിരിച്ചറിവ്.

ബാരതാങ്ങിലെ കണ്ടൽക്കാട്ടിലെ മരപ്പാത / Photo: Wikimedia Commons

എന്നാലുമുണ്ട്, പ്രശ്‌നങ്ങൾ ബാക്കി.
അതു നേരത്തേ പരാമർശിച്ചതുതന്നെ. ഹുമൻ സൂയിങ്. സംരക്ഷിതവനത്തിലെ, സഫാരി പാർക്കിലെ, മൃഗശാലയിലെ മൃഗങ്ങളെന്ന കണക്കിലുള്ള പൊതുസമൂഹത്തിന്റെ ആ നോട്ടം തന്നെ. ഇന്നത്തെ ഏതു പരിരക്ഷാ പ്രവർത്തനവും നേരിടുന്ന ഏറ്റവും വലിയ വംശീയ പ്രശ്‌നം തന്നെ ആയിരിക്കുന്നു അത്. ബാരതാങ്ങിലേക്കുള്ള വഴിയിൽ ജരവയെ അവരുടെ എല്ലാ സ്വാഭാവികതയോടും കൂടി കാണാൻ അവസരം കിട്ടുകയാണെങ്കിൽ, പൊതുസമൂഹം ആ അത്ഭുതക്കാഴ്ചക്കണ്ണിൽ നിന്ന് അവരെ മാറ്റിനിർത്തുന്നില്ല. അത്ഭുതത്തോടെയോ ഏതെങ്കിലും വരേണ്യകാഴ്ചപ്പാടോടെയോ കാണേണ്ട ഒന്നല്ല അവർ. മറിച്ച്, അവരുടെ സംസ്‌കാരത്തെയും ഭൂമിയിലെ അസ്തിത്വത്തെയും മാനിച്ചുകൊണ്ട് എന്താണോ അവർ, അവരാണ് അവർ എന്ന സമഭാവത്തോടെ കാണേണ്ടവരാണ് ആരും എന്ന പാഠം കൂടി ജരവ പഠിപ്പിക്കും. ആരെയും വേറൊരു കണ്ണോടെ കാണാതിരിക്കാനുള്ള വലിയ പാഠം. എന്നാൽ, യാത്രാനിയന്ത്രണവും സമ്പർക്കവിലക്കും ഉണ്ടെന്നേയുള്ളൂ. ഈയൊരു വലിയ പാഠമാണു സംരക്ഷിതവനത്തിലൂടെ കടന്നുപോകുമ്പോൾ കൂടെക്കൊണ്ടുപോകേണ്ടത് എന്ന് ആരും ഓർമിപ്പിച്ചുതരാനില്ല. അതു സ്വയം അറിയണം. നമ്മളേക്കാൾ കുറഞ്ഞതോ വിചിത്രമായതോ അപഹസിക്കാനുള്ളതോ ആയ ഒന്നും അവരുടെ അടുത്ത് ഇല്ല എന്നത്. ആന്തമാൻ യാത്രയിൽ നിന്ന് നമ്മൾ നേടുന്ന ഈ തിരിച്ചറിവാണ് ഏറ്റവും വലിയ ഉൾക്കാഴ്ച.

പുറം ലോകത്തിന്റെ ഏതു ജ്വരബാധിതമായ കാഴ്ചപ്പാടിന്റെയും നിലപാടിന്റെയും സമീപനത്തിന്റെയും മറ്റെല്ലാ സാമൂഹിക അവസ്ഥകളുടെയും മുന്നിൽ വളരെ പെട്ടെന്ന് അടിയറവു പറഞ്ഞുപോവുന്ന അവസ്ഥയാണ്​ ജരവയുടേത്. പുതിയ ലോകത്തിന്റെ, കാലത്തിന്റെ രോഗാവസ്ഥകളുമായി അവർക്കു ശാരീരിക പ്രതിരോധമില്ല. അതുകൊണ്ടു പുതിയ ഏതു രോഗത്തിനു മുന്നിലും അവർ വീണുപോകാം. പുതിയ സംസ്‌കാരത്തിനു മുന്നിൽ അവർ തേച്ചുമായ്ക്കപ്പെട്ടുപോയേക്കാം. പുതിയ രാഷ്ട്രീയത്തിനു മുന്നിൽ അവർ തീർത്തും നിരായുധരുമാണ്. പുതിയ കാലത്തിന്റെ ലൈംഗികവും വംശീയവുമായ ചൂഷണങ്ങൾക്കും വിധേയരാവുന്നതു തുടരുന്നതിനും കാരണം മറ്റൊന്നല്ല.

ബാരതാങിനുമപ്പുറം

നിലമ്പൂർ ജെട്ടി, ഫെറി / ജങ്കാർ, ബാരതാങ് ദ്വീപ്. മുപ്പതു കിലോമീറ്റർ അപ്പുറത്ത് കദംതല, എഴുപതോളം കിലോമീറ്ററിൽ രംഗത്ത്, നൂറ്റമ്പതിൽ താഴെ കിലോമീറ്ററിൽ മായാബന്ദർ, ഇരുന്നൂറോളം കിലോമീറ്റർ അകലെ ദിഗ്ലിപുർ. കാണാനിനിയുമേറെ ഇരിക്കുന്നു. വഴി താണ്ടുമ്പോൾ, മുമ്പൊരിക്കലും ഇത്ര സ്വപ്നസാന്ദ്രമായ ഇടത്തുകൂടി കടന്നുപോയിട്ടില്ലെന്ന് ഓർക്കും. അതു ശരിയുമാണ്. ഈ പൂച്ചക്കണ്ണൻ കടൽജലക്കാഴ്ചയും പച്ചപ്പിന്റെ വിവിധ താളങ്ങളിലേക്ക് ഓടിയിറങ്ങിക്കടന്നുപോകുന്ന പ്രകൃതിയും ബാരതാങിലെ കണ്ടൽ ഊടുവഴി തോണിച്ചാലും ഒന്നും മുമ്പു കണ്ടിട്ടുള്ളതുപോലെ, കാഴ്ചബംഗ്ലാവിലെ പോലെ കൃത്രിമമായ ഒന്നല്ല. അതിരാവിലെ ഫെറിയിലൂടെയുള്ള യാത്ര പുലർച്ചെ കിടക്കപ്പായയിൽ നിന്നു ചാടിയെഴുന്നേറ്റ ക്ഷീണവും ചടപ്പും ഇല്ലാതാക്കിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. വെറുതേ ഉറങ്ങിക്കളഞ്ഞ ഒരു രാത്രിയെക്കുറിച്ചു സങ്കടപ്പെടുത്തും. സ്വപ്നതുല്യമായ കാഴ്ചകളാണ്​കാത്തിരിക്കുന്നതെന്ന് അറിഞ്ഞില്ലല്ലോ എന്നു നൊമ്പരപ്പെടും. അതെല്ലാം എന്നാൽ, കുറച്ചുനേരത്തേക്കു മാത്രം. നമ്മളെ കാഴ്ചകളുടെ മായാലോകത്തേക്ക് എടുത്തെറിയാൻ കെൽപ്പുള്ളതാണ് ഏതു ദിക്കും.

ബാരതാങ്ങിലെ മഡ് വോൾകാനോ / Photo: Wikimedia Commons

ബാരതാങ് ജെട്ടിയിൽ നിന്ന്​ പത്തുകിലോമീറ്ററിൽ കുറവേയുള്ളൂ, ആന്തമാനിലെ ജീവിക്കുന്ന, മണ്ണുലാവ പുറപ്പെടുവിക്കുന്ന ഭൂമുഖത്തേക്ക്. മഡ് വൾകാനോ എന്ന പ്രതിഭാസം. ഭൂമിക്കടിയിൽ നിന്ന്​ മണ്ണും കളിമണ്ണും സദാ പുറത്തേക്കു തുപ്പുന്നത്. വൾക്കാനോ എന്ന തീലാവ തുപ്പന്ന അഗ്‌നിപർവതങ്ങളെക്കുറിച്ചു കേട്ടറിവുണ്ടായിരിക്കും. ഇതു ഭൂമിക്കു മീതെ തന്നെ. ചെറിയ കളിമണകൂനകൾ പോലെ. എന്നാലും വളരെ ശ്രദ്ധാപൂർവം വർത്തിക്കേണ്ട ഇടമാണ്. ചിലപ്പോൾ മൺസ്‌ഫോടനങ്ങൾ തന്നെ ഉണ്ടായേക്കാനും മതി. ആന്തമാനിൽ ആകമാനം പതിനൊന്നോളം ഇത്തരം കളിമൺ ഉൾസ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂമിമുഖത്ത് അധികം ഇടത്തുമില്ല ഇത്തരമൊന്ന് എന്നു കൂടി അറിയുമ്പോഴാണ്, ആന്തമാൻ യാത്രയ്ക്കു കിട്ടിയ അവസരത്തോടു നന്ദി പറയാൻ തോന്നുക.

ചുണ്ണാമ്പുകല്ലുഗുഹയും അതിലേക്കുള്ള കണ്ടൽക്കാട് ഊടുവഴിത്തോണിച്ചാലും ജീവിതത്തിൽ വേറെ അനുഭവിച്ചിട്ടുണ്ടാവില്ല. പണ്ടെന്നോ കണ്ടുമറന്ന ഒരു സിനിമാദൃശ്യത്തിലേതു പോലെ എന്നു തോന്നിപ്പിക്കും. കണ്ടലിൽ നിന്നുള്ള വിചിത്രമായ ഗന്ധങ്ങൾ വന്നു പൂണ്ടടക്കം പിടിക്കും. സ്പീഡ്‌ബോട്ടിന്റെ ഓളത്തിലും താളത്തിലും പേടിച്ചോ പേടിച്ചോ എന്നു പലവട്ടം സ്വയം ചോദിക്കും. വെള്ളത്തിന്റെ രാവണൻകോട്ട പോലെ തോന്നിക്കുന്ന ഊടുവഴിത്തോണിച്ചാലൂകളിലൂടെ നമ്മൾ മൂന്നോട്ടു പോയ്‌ക്കൊണ്ടേയിരിക്കും. പല തണൽ വന്നു കുടപിടിക്കും. മഴക്കാലത്തു പല മഴകൾ നമ്മൾ നനയും. നമ്മൾ തന്നെ വെള്ളത്തിൽ നീന്തുന്ന മീനുകളാണോ എന്നു സംശയിപ്പിക്കും. അപ്പോഴേക്കും ബാരതാങിൽ നിന്ന് അരമണിക്കൂർ അകലെയായിക്കഴിഞ്ഞിരിക്കും.

എവിടെയോ, ഒരു സ്വപ്നദൃശ്യത്തിലെന്ന പോലെ, ബോട്ട് നിർത്തിയിട്ടുണ്ടായിരിക്കും. പിന്നെ, കുറച്ചു ദൂരം ഒരു ട്രെക്കിങ്. അത് എത്തിക്കുന്നത് ചുണ്ണാമ്പുകല്ലു ഗുഹയിലേക്ക്. ഒരേ ഇടത്തുതന്നെ സ്റ്റാലക്‌റ്റൈറ്റുകളും സ്റ്റാലഗ്​മൈറ്റുകളും കാണാൻ സാധിക്കുന്നു എന്നതാണ്​ പ്രത്യേകത. ഈ രണ്ടു സംജ്ഞകളെക്കുറിച്ച്​ നമുക്കുണ്ടായിരുന്ന ആശയക്കുഴപ്പം അതോടെ തീർന്നുകിട്ടുകയും ചെയ്യും. മുകൾപ്പാറയിൽ നിന്ന് ഒലിച്ചുതൂങ്ങിയ ചുണ്ണാമ്പുകല്ലുകളാണ് സ്റ്റാലക്‌റ്റൈറ്റുകൾ. പാറയിൽ നിന്നൂറിവന്ന്​ചുണ്ണാമ്പു കൽപ്പുറ്റുകളായി വളരുന്നത്​ സ്റ്റാലഗ്​മൈറ്റുകൾ. ലക്ഷക്കണക്കിനു വർഷങ്ങളുടെ ചരിത്രം പറയാനുണ്ട് ഈ കല്ലിച്ച ചുണ്ണാമ്പുകല്ലുറവുകൾക്ക്. പ്രകൃതിയുടെ സൂക്ഷ്മതയുടെ വിരലടയാളങ്ങൾ. ഇളംമഞ്ഞ കലർന്ന ഇരുട്ടിലും അതിൽ വിരിയുന്ന വിസ്മയങ്ങൾ ഓരോരുത്തർക്കും അവർക്കു തോന്നുന്ന രീതിയിൽ, ഭാവത്തിൽ വായിച്ചെടുക്കാം. മനസിലെ പല ഗുപ്തരൂപങ്ങളിലേക്കു മാറ്റിവരയ്ക്കാം. ചുണ്ണാമ്പുകല്ലുകളുടെ സവിശേഷമായ കൊത്തുവേലകൾക്കു മുന്നിൽ വിസ്മയം കൊള്ളാം.

ബാരതാങ്ങിലെ ചുണ്ണാമ്പ് ഗുഹ / Photo: Wikimedia Commons

സഞ്ചാരിയെ കോൾമയിർ കൊള്ളിക്കുന്ന മറ്റൊരു വിസ്മയവും ബാരതാങ് കാത്തുവച്ചിരുക്കുന്നു. സൂര്യസ്തമയത്തോടെ നൂറുകണക്കിനു തത്തകൾ ചേക്കേറുന്ന തത്തദ്വീപ് ആണ് അത്. വൈകുന്നേരത്തേടെയാണ് അങ്ങോട്ടുള്ള ബോട്ടുകൾ സജീവമാകുക.

തീർന്നില്ല, ആന്തമാനിലെ കാഴ്ചകൾ. പോർട്ട് ബ്ലെയറിൽ നിന്ന്​ പത്തിരുന്നൂറ്റമ്പതോളം അകലെയുള്ള മായാബന്ദറിലെ അസ്തമയം കാണാതെ യാത്ര പൂർണമാവില്ലതന്നെ. കർമാതാങിലെ കടൽത്തീരം കൊതിപ്പിക്കുക തന്നെ ചെയ്യും. എന്നാലും, പരമ്പരാഗത ടൂറിസ്റ്റുകളിൽ പ്രളയത്തോടു പ്രണയമുണർത്തുന്ന കടൽത്തീരങ്ങളുടെ ധാരാളിത്തത്തിൽ കർമാതാങ് ബീച്ച് അത്രയ്‌ക്കൊന്നും കേട്ടുകേൾവിയിലില്ല. എന്നാലും ഇളംതവിട്ടാർന്ന മണൽത്തരികളുടെ സമൃദ്ധിയിൽ നോക്കെത്താദൂരത്തേക്കു നീളുന്ന കടൽത്തീരം വിസ്മയിപ്പിക്കാതിരിക്കില്ല. സൂര്യാസ്തമയവും. മനസിൽ ഒരു പൊടിക്കു ചിത്രകാരനുണ്ടെങ്കിൽ രാപ്പകർച്ച സഞ്ചാരിയുടെ എല്ലാ കാൽപ്പനികതയും പുറത്തെടുത്തിരിക്കും. ഈ ആകാശക്യാൻവാസ് താൻ വരച്ച സ്വന്തം ചിത്രമാണെന്ന് കൊതിപ്പിക്കും.

മായാബന്ദർ ദ്വീപ്‌ / Photo: Andaman Tourism

വടക്കൻ ആന്തമാനിലെ ദിഗ്ലിപുരിൽ (പോർട്ട് ബ്ലെയറിൽ നിന്ന്​ മുന്നൂറിലധികം കിലോമീറ്റർ) കാണാൻ മാത്രമല്ല, കേൾക്കാനുമുണ്ട്. ഏതു വഴിയും വിസ്മയത്തിലേക്കു വഴിനടത്തും. ഏതു ഭാഷയും സൗഹൃദത്തിലേക്കും. മലയാളം പറഞ്ഞാലും ദിഗ്ലിപുരിൽ തിരിച്ചുപറയാൻ ആളുണ്ടാവും. ദിഗ്ലിപുരിലെ റോസ്, സ്മിത്ത് ഇരട്ട ദ്വീപുകളും ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് വേലിയിറക്കത്തിലെ ആലിംഗനം പിരിയുന്ന കടലിന്റെ ഇടയിലൂടെയുള്ള മണൽന്നടപ്പാതയും ജീവിതത്തിൽ എങ്ങനെ മറക്കാനാണ്. ഒരിക്കലും മറക്കില്ല. മറന്നാലും നേരിയ ഒരു തുടിപ്പുണ്ടാവും. നമ്മുടെ കണ്ണിനു മുന്നിൽ കൈപിരിയുന്ന കടലിന്റെ നടവിലൂടെയുള്ള മണലൂടുവഴിയിലൂടെ, നെഞ്ചിൽ വീർപ്പടക്കിയുള്ള മറുകര താണ്ടുന്നതിന്റെ...പിന്നെ കാണെക്കാണെ കടൽവന്നു വഴി മായ്ച്ചുകളയുന്നതിന്റെ. അത്​ ഹൃദയതാളത്തിന്റെ ഡബ്- ലബ് മിടിപ്പിന്റെ ഏതോ കാണാത്തീരത്ത് അപ്പോഴേക്ക്​ കൊത്തിവച്ചുകഴിഞ്ഞിരിക്കും. വടക്കുവടക്ക് ആന്തമാനിലെ ദിഗ്ലിപുരിലെ മറ്റെന്തു മറന്നാലും മറക്കാത്തതായിട്ട്. കാലമെത്ര കഴിഞ്ഞാലും. നരയുടെ വേലിയേറ്റമുണ്ടായിക്കഴിഞ്ഞാലും. ദിഗ്ലിപുരിലെ സാഡ്ൽ പീക്ക് ദേശീയവനോദ്യാനവും കടലാമകളുടെ പേറ്റുപുരയായ കാളിപുർ ബീച്ചും കാണാതെ തിരിച്ചുവരാനാവുമെന്നു തോന്നുന്നില്ല

ആന്തമാൻ ലോകത്തിന്റെ ഒടുക്കമല്ല, തുടക്കം

കാഴ്ചകളുടെ അന്തമല്ല ആന്തമാൻ എന്നു തോന്നിപ്പിക്കും.
അത് ഒരു തുടക്കമാണ്.
​നിശ്ശബ്ദവിസ്മയങ്ങളുടെ ജീവിക്കുന്ന കാഴ്ചബംഗ്ലാവ്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments