വിശുദ്ധാഗ്നി തൻ തേജകിരണമേ, പൂണ്ടടക്കം പിടിക്കുക, വന്നെന്നെ. വെടിഞ്ഞിരിക്കുന്നു ഭൂവസന്തം, അഭിലാഷങ്ങളും ഞാൻ, അഗ്നിയുടെ നവാംഗനേ. പ്രകാശത്തിന്റെ സൗന്ദര്യമേ, ദീപ്തമാക്കുക എൻ ജീവനെ, ത്യജിച്ചിരിക്കുന്നു ഞാനെൻ കാമനയെ, വെടിഞ്ഞു, കൊടിയ വിഷാദത്തെ. നിറയുന്നുവെന്നിൽ, നിന്റെ ഹർഷോന്മാദമൊക്കെയും.(കവി അരബിന്ദോ)
ഓരോ നിമിഷവും നിശ്ശബ്ദത അവനവനെക്കുറിച്ച് ഓർമിപ്പിക്കാത്ത ഒരിടമേയുള്ളൂ, ലോകത്ത്. ബുദ്ധന്റെ യോഗനിശ്ശബ്ദതയെ അറിയാൻ പറ്റുന്ന ബൗദ്ധവിഹാരങ്ങളുണ്ടായിരിക്കാം. സ്വന്തം ശ്വാസോച്ഛാസം മാത്രം കേൾക്കാൻ അനുവദിക്കുന്ന മഞ്ഞണിഞ്ഞ മലമുടികളുണ്ടായേക്കാം. അപ്പോഴും അവനവനെ, സ്വന്തം അസ്തിത്വത്തെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും ബൗദ്ധവിഹാരങ്ങളും ചെങ്കുത്തായ മലങ്കോണുകളും. ഉണ്ട്, നീയുണ്ട് എന്നു നിർബന്ധിച്ചുകൊണ്ടിരിക്കും. എന്നാൽ, എല്ലാം ത്യജിച്ചുവെന്ന് ഉറപ്പാക്കുന്ന കുറച്ചുനേരങ്ങൾ മാത്രമേ ഉണ്ടാവൂ. അതും ഒരിടത്തു മാത്രം. പുതുച്ചേരിയിലെ ഓറോവിൽ എന്ന രണ്ടായിരത്തോളം ഏക്കർ വരുന്ന ആഗോളഗ്രാമത്തിന്റെ തിലകക്കുറിയായ മാതൃമന്ദിരത്തിൽ മാത്രം.
നിശ്ശബ്ദതയ്ക്ക് എത്ര ആഴമുണ്ടാവും എന്നു സംശയിപ്പിക്കും. ശാശ്വതമായ നിശ്ശബ്ദതയെ അറിയണമെങ്കിൽ ഒരിക്കൽ, ഒരിക്കലെങ്കിലും പുതുച്ചേരിയിലെ ഓറോവിലിലേക്കു നമ്മൾ സ്വയം വഴി നടത്തും
ഓറോവിൽ എന്നാൽ ഉദയത്തിന്റെ നഗരം എന്നർത്ഥത്തിലെടുക്കാം. സൂര്യോദയത്തിന്റെ, പ്രഭാതത്തിന്റെ ഒക്കെ. എന്നാൽ, അതു ലോകത്തിന്റെ പതിവുചിട്ടകളിലേക്കുള്ള ഉദയമല്ല. മനുഷ്യന്റെ സാധാരണതകളിലേക്കുള്ള പ്രഭാതമല്ല. മറിച്ച്, അത് ഉദയത്തിന്റേതാണ്. ശരിക്കും പറഞ്ഞാൽ ബോധാദയത്തിന്റെ. ആ ബോധമാണ് നേരത്തേ പറഞ്ഞത്. ഞാനെന്ന ബോധമല്ല. ഞാനല്ല എന്ന ശരിയായ ബോധം.
വിപ്ലവകാരികളിലെ കവിയും കവികൾക്കിടയിലെ വിപ്ലവകാരിയുമായിരുന്ന അരബിന്ദോ പറഞ്ഞതു പോലെ, സൂര്യാഗ്നിയെന്ന ദിവ്യജ്യോതിസിന്റെ തേജകിരണങ്ങൾ വന്ന് പൂണ്ടടക്കം പിടിക്കും. പ്രകാശത്തിന്റെ സൗന്ദര്യം വന്ന് ജീവനെ, ജീവിതത്തെ ദീപ്തമാക്കും. അപ്പോഴേക്കും ഭൂമിയോടുള്ള കാമങ്ങൾ, ഭൂമിയുടെ നിറവസന്തങ്ങൾ, എല്ലാം അഴിച്ചുവച്ച് ശരീരമെന്ന കൊടും വിഷാദത്തെ മറികടന്നുകഴിയും. ആകാശങ്ങളിൽ നിന്നുള്ള ഹർഷോന്മാദങ്ങളെ കൊള്ളാൻ മാത്രമായിക്കഴിയും മനസ് അപ്പോഴേക്കും. ചുറ്റും വെളിച്ചം വീണുടയുന്ന, കാതുകൾ കൊണ്ടും കേൾക്കാനാവാത്ത ശബ്ദം മാത്രം. നിശ്ശബ്ദതയ്ക്ക് എത്ര ആഴമുണ്ടാവും എന്നു സംശയിപ്പിക്കും. ശാശ്വതമായ നിശ്ശബ്ദതയെ അറിയണമെങ്കിൽ ഒരിക്കൽ, ഒരിക്കലെങ്കിലും പുതുച്ചേരിയിലെ ഓറോവിലിലേക്കു നമ്മൾ സ്വയം വഴിനടത്തും.
ഓറോവിൽ എന്നത് ശരിക്കും ഒരു ഫ്രഞ്ചുസംജ്ഞയാണ്. ലാൻഡ് ഓഫ് ഡോൺ എന്ന് ഏറ്റവും ദുർബലമായ മൊഴിമാറ്റം. പ്രഭാതത്തിന്റെ നഗരമെന്ന്. എന്നാൽ, ഉദയത്തിന്റെ, ജ്ഞാനോദയത്തിന്റെ ഇരിപ്പിടമാണെന്നു തിരുത്തി അറിയണം.
വെള്ളക്കാരനെതിരെ ആയുധമെടുത്ത വിപ്ലവകാരിയും വംഗപാരമ്പര്യത്തിൽ നിന്നുദിച്ചുയർന്ന മിസ്റ്റിസിസത്തിന്റെ കവിതാവഴിയുടെ കോസ്മിക് കാമുകനുമായ അരബിന്ദോയുടെ പേരുകൂടി ചേർത്തുവായിക്കണം. ബംഗാളിയിൽ അരവിന്ദൻ ഓറോബിന്ദോ ആണ്. വിപ്ലവവും കവിതയും കടന്ന് ആധ്യാത്മികതയുടെ ഉത്തുംഗങ്ങളിലേക്ക് വിലയിച്ചുനിന്ന ഓറോബിന്ദോയുടെ ഓറോയും നഗരമെന്ന വിലും ചേരുമ്പോഴാണ് ഇന്നത്തെ ഓറോവിൽ യാഥാർഥ്യമാകുന്നത്.
കവിതയും ലേഖനങ്ങളും പ്രസംഗങ്ങളും കൊണ്ട് പൊറുതിമുട്ടിയ വെള്ളക്കാരൻ അരബിന്ദോയെ നാടുകടത്താനിരിക്കെയാണ് വെള്ളക്കാരന്റെ കണ്ണുവെട്ടിച്ചുകടന്ന് പരന്ത്രീസുകാരന്റെ ഫ്രഞ്ചു പുതുച്ചേരിയിൽ എത്തുന്നത്. പിന്നെയും കുറെക്കഴിഞ്ഞ്, ഭൂമിയുമായുള്ള എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ച് നിത്യഹർഷോന്മാദത്തിന്റെ ഏകാന്തതയിലേക്കും നിശ്ശബ്ദതയിലേക്കും ചേക്കേറിയപ്പോൾ പുതുച്ചേരിയിലെ എല്ലാ പ്രസ്ഥാനങ്ങളുടെയും ചുമതല ഏൽപ്പിച്ചുകൊടുത്തത് അമ്മയ്ക്ക്. സ്വന്തം അമ്മയല്ല. എന്നാൽ ഈ ലോകത്തിന്റെ, പ്രപഞ്ചത്തിന്റെ മുഴുവൻ അമ്മയ്ക്ക്. സർവചരാചരങ്ങളുടെയും അമ്മ.
അത് അരബിന്ദോ കണ്ടെത്തിയ, അറിഞ്ഞ അമ്മ തന്നെയായിരുന്നു. തന്നിൽ നിന്ന് ശിഷ്യത്വം സ്വീകരിച്ച് പിന്നെ ജഗത്തിന്റെ സ്നേഹത്തിലേക്ക് ഒരു നിയോഗം പോലെ കുടിയേറിയ മിറ അൽഫാസ എന്ന ഫ്രഞ്ചു യുവതിയായിരുന്നു അത്. അവരിൽ അരബിന്ദോ അമ്മയെ കണ്ടു, സാക്ഷാൽ വിശ്വമാതാവ്. വിശുദ്ധ ജഗദ്മാതാവ്. ഡിവൈൻ മദർ. അവരായിരുന്നു അൻപതുകൾക്കുശേഷം പുതുച്ചേരിയിൽ 1926 ൽ രണ്ടു ഡസനോളം മാത്രം ശിഷ്യന്മാർ മാത്രമായി തുടങ്ങിയ പ്രസ്ഥാനത്തെ ലോകത്തിന്റെ ഓരോ കോണിലും എത്തിച്ചത്. ഓറോവിൽ എന്ന ആഗോളഗ്രാമം യാഥാർഥ്യമായതിനു പിന്നിൽ ഈ അമ്മ തന്നെ. ആ അമ്മയ്ക്കുള്ള പ്രാർഥനയായാണ് മാതൃമന്ദിരം എന്ന നിശ്ശബ്ദതയുടെ ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓറോവിൽ ഒരു ആഗോളഗ്രാമമാണ്. അൻപതിലധികം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മൂവായിരത്തോളം സ്ഥിരം താമസക്കാർ. ശരിക്കും ലോകത്തിന്റെ ഒരു ചെറിയ തുള്ളി
ഏറെ വഴി ദൂരമില്ല പുതുച്ചേരിയിലേക്ക്
ഓറോവിൽ എന്നാൽ ഒരു സ്ഥലമല്ല. ഏതെങ്കിലും ക്ഷേത്രത്തിന്റെ പേരല്ല. ഏതെങ്കിലും ഒരു ഔന്നത്യനിർമിതിയല്ല. എന്തിന്റെയെങ്കിലും വാഴ്ത്തുപാട്ടല്ല. അതിനപ്പുറം ഒരു ലോകം തന്നെ. എന്നാൽ സമ്പന്ന ലോകത്തിന്റെ ഉടുത്തുകെട്ടുകളില്ല. അതിന്റെ യന്ത്രസംഗീതമില്ല. നിറം കൊണ്ടു ചിന്തേരിട്ട പുറംകാഴ്ചകളില്ല. നഗരാർത്തികളുടെ തീക്ഷ്ണവേഗങ്ങളില്ല. ഉടൽ കൊണ്ടുള്ള ഉന്മാദങ്ങളില്ല. മൃഗക്കഴപ്പിന്റെ തൊലിക്കൊഴുപ്പുകളില്ല. എന്നാൽ, ഓറോവിൽ ഒരു ആഗോളഗ്രാമമാണ്. അൻപതിലധികം രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മൂവായിരത്തോളം സ്ഥിരം താമസക്കാർ. ശരിക്കും ലോകത്തിന്റെ ഒരു ചെറിയ തുള്ളി.
എന്നാൽ, ലോകത്തിന്റേതായ മറ്റു വൃത്തികേടുകൾ ഒന്നുമില്ല. മദ്യവും മദിരാക്ഷിയും ഉടലുന്മാദങ്ങളും ചൂതും ചൂതാട്ടവും ഊഹക്കച്ചവടവും കോർപറേറ്റ് നീതിശാസ്ത്രങ്ങളുമില്ല. ഉള്ളത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വിട്ടുപോകാത്ത ഉയിർക്കണ്ണികൾ. മനുഷ്യനും മനസുകളും തമ്മിലുള്ള നൈരന്തര്യം. അരനൂറ്റാണ്ടുമുമ്പ് ഓറോവിൽ എന്ന ആശയത്തിന് കല്ലിടുമ്പോൾ ഒരു പടുകൂറ്റൻ ആൽമരം മാത്രമുള്ള പാഴ്ഭൂമിയായിരുന്നു. ഇന്നത് പച്ചപ്പിന്റെ കാട്. മനുഷ്യനും പ്രാണിയും പറവയും ഇത്തിൾക്കണ്ണി പിടിച്ച ഭൂമിയെന്ന വന്മരം. ഇഴയുന്നതും നടക്കുന്നതും പറക്കുന്നതും നീന്തുന്നതുമായ എന്തിനും പോറ്റമ്മ. അരബിന്ദോ കണ്ട വിശ്വമാതാവിന്റെ മടിയിലെ കളിയിമ്പം പകരുന്ന ജീവിതത്തിന്റെ നേർക്കാഴ്ച.
അന്ന് ഒരേയൊരു ആൽമരമായിരുന്നെങ്കിൽ, ഇന്നത് അരക്കോടിയോളം മരങ്ങളുള്ള പച്ചത്തുരുത്ത്. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി അതിരിടുന്ന സ്ഥലമാണെന്നറിയണം. രണ്ടിടത്തേയും പച്ചപ്പിന്റെ ജൈവസാന്ദ്രത എന്താണെന്ന് മനസിലാക്കണം. എന്നാലേ ഈ പച്ചത്തുരുത്ത് തടുത്തുകൂട്ടിയിരിക്കുന്ന ജീവിതവൈവിധ്യത്തിന്റെ ഊഹക്കണക്കെങ്കിലും ആവുകയുള്ളൂ.
ഓറോവിൽ നിങ്ങളെ ക്ഷണിക്കുന്നത് സാധാരണ ജീവിതത്തിന്റെ പുതിയ നിറക്കാഴ്ചകളിലേക്ക്. വൈദ്യുതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തം. കൂടുതലും സൗരോർജം. പഠിക്കാനേറെയുണ്ട് ജീവിതത്തെപ്പറ്റി
രണ്ടായിരത്തോളം ഏക്കറിന്റെ ഈ ഭൗമവിസ്തൃതിയിൽ എല്ലാമുണ്ട്. പച്ചപ്പിന്റെ ബഫറുകളുണ്ട്. ജനവാസമേഖലയുണ്ട്. ഉൽപാദനമേഖല, വ്യാവസായിക മേഖല, വാണിജ്യമേഖല എന്നിങ്ങനെ വേർതിരിവുകളുണ്ട്. ഒന്നും അന്യോന്യം പോരടിക്കുന്നില്ല. ഒന്നും ഒന്നിന്റെയും സ്വാസ്ഥ്യം കെടുത്തുന്നില്ല.
നാലുവരിയോ അതിൽക്കൂടുതലോ ഉള്ള കണ്ണാടിപ്രതലമുള്ള അത്യന്താധുനിക റോഡുകൾ പ്രതീക്ഷിക്കരുത്. സുഖഭോഗത്തിന്റെ പുതിയ അനുഭവങ്ങൾ അന്വേഷിക്കരുത്. ഓറോവിൽ നിങ്ങളെ ക്ഷണിക്കുന്നത് സാധാരണ ജീവിതത്തിന്റെ പുതിയ നിറക്കാഴ്ചകളിലേക്ക്. വൈദ്യുതിയുടെ കാര്യത്തിൽ സ്വയംപര്യാപ്തം. കൂടുതലും സൗരോർജം. പഠിക്കാനേറെയുണ്ട് ജീവിതത്തെപ്പറ്റി. ജീവിതം തന്നെ കലാശാല. രാജ്യാന്തര സമൂഹമായതിനാൽ, വിദ്യാഭ്യാസ ഗവേഷണത്തിനായുള്ള അരബിന്ദോ രാജ്യാന്തര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലയുള്ള സ്‌കൂളിൽ കുട്ടികൾ ഭാഷ തന്നെ ഒന്നിലല്ല തുടങ്ങുന്നത്. നാലും അഞ്ചും ഭാഷകളിൽ പിച്ചവച്ചാണ് അവർ ജീവിതത്തിലെ പല ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാപ്തി നേടുന്നത്.
അറിയുക, ഭൂമിയിലെ ദൂരം കൊണ്ട് ഏറെ അകലെയല്ല ഓറോവിൽ. തമിഴ്നാട്ടിൽ ചെന്നെയിൽ നിന്ന് മൂന്നുമണിക്കൂർ കഷ്ടി. പുതുച്ചേരിയിൽ നിന്ന് പതിനഞ്ചു കിലോമീറ്ററിൽ താഴെ. എന്നാൽ ആർത്തിപിടിച്ച ജീവിതത്തിൽ നിന്ന് ഏറെ അകലെയാണു ഓറോവിൽ. തിടുക്കങ്ങളുടെയും ഞാൻ ഞാൻ മുന്നിൽ എന്ന മാത്സര്യത്തിൽ നിന്നും ഏറെ അകലെ. ഗർവിന്റെ ലോകത്തിൽ നിന്നും വളരെ വളരെ അകലെ. നമ്മൾ നമ്മളെ ഉപേക്ഷിക്കേണ്ടതായ ലോകത്തിന്റെ ഒരു തുള്ളി.
എന്തല്ല ഓറോവിൽ
എന്തൊക്കെയല്ല ഓറോവിൽ എന്നാണ് ഈ യാത്രയുടെ ആദ്യമേ മനസിലാക്കേണ്ടുന്ന കാര്യം. എല്ലാമുണ്ടായിട്ടും ഇല്ലാതെ പോകുന്ന എന്തോ ഒന്നിനെ അന്വേഷിച്ചാണ് യാത്രയെങ്കിൽ പ്രത്യേകിച്ചും. ഇതുപോലെ വിജനവും വന്യവുമായ, ആസക്തിശൂന്യമായ, ആനന്ദദായകമായ പല സ്ഥലങ്ങളും കണ്ടേക്കാം. കടലിനുനടുവിലെ ദ്വീപുകളുണ്ടാവാം. മലയുയരങ്ങളിലെ ഏകാന്തതയുടെ ഇരിപ്പിടങ്ങളുണ്ടാവാം. ആൾക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് തീർത്തും ഒറ്റയായിപ്പോവുന്ന അവനവൻ കാണാത്ത മനസിന്റെ തുരങ്കങ്ങളുണ്ടാവാം. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഓറോവിൽ.
എല്ലാവരുടെയും സ്വന്തമായ, എന്നാൽ അതേസമയം ആരുടെയും സ്വന്തമല്ലാത്ത ഒന്നാണ് ഓറോവിൽ. എല്ലാവർക്കും അവകാശമുള്ള, എന്നാൽ ആർക്കും അവകാശമില്ലാത്ത ഒന്നു നിങ്ങൾ മുമ്പു കണ്ടിട്ടുണ്ടാവില്ല. കേട്ടിട്ടുണ്ടാവില്ല. ഓറോവിലിൽ അതു നിങ്ങൾക്ക് അനുഭവിക്കാം.
ഓറോവിലിൽ നമ്മൾ എന്ന് നമ്മൾതന്നെ വാഴ്ത്തി വലുതാക്കിയെടുത്ത നമ്മളെ അഴിച്ചുകളഞ്ഞ ശേഷമുള്ള സാധാരണ മനുഷ്യരെ കണ്ടെത്താൻ കഴിയും. പുതുതായി ഒന്നും കാണാനല്ല ആ യാത്ര. പുതിയതായി ഒന്നുമില്ല. നമ്മൾ മറന്നുതുടങ്ങിയ നാട്ടിൻപുറത്തുടെയുള്ള സാധാരണ റോഡ്. മുഖം മിനുക്കാത്ത സാധാരണ കാഴ്ചകൾ. അതിനിടയിൽ ജീവിക്കുകയും ജീവിതം പഠിപ്പിക്കുകയും ചെയ്യുന്ന സാധാരണതകൾ. നമ്മൾ കണ്ടു മറന്ന ഗ്രാമീണ ലാൻഡ് സ്‌കെയ്പ്പുകൾ. പൊങ്ങച്ചം കെട്ടാത്ത മേൽവിലാസങ്ങൾ. നമ്മുടെ തന്നെ നന്മകൾ. ഒരു നൂറ്റാണ്ടു മുന്നത്തെ നമ്മൾ തന്നെ.
ജനവാസ മേഖലകളിൽ, പല നാടുകളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നുണ്ട്. പല ഭാഷകൾ കൈമാറുന്നുണ്ട്. പല രാഷ്ട്രീയ വിശ്വാസമുള്ളവർ, പല മതങ്ങളെ പിന്തുടരുന്നവർ. പല ജാതികളായി വേർപിരിഞ്ഞെന്ന് നമ്മൾ വിചാരിച്ചിരുന്നവർ. നമ്മൾ തന്നെ പടിയടച്ചു പിണ്ഡം വച്ച പല വാക്കുകൾ. എന്തും ഒന്നിച്ചുകഴിയുകയാണ്. മതിൽക്കെട്ടോ മറ്റു വേർതിരിവുകളോ അതിനു മുകളിൽ കാവൽപ്പുരകളോ തോക്കുപിടിച്ച കണ്ണുകളോ ഇല്ലാതെ. ഉരുക്കുചങ്കിന്റെയോ വിരിഞ്ഞ നെഞ്ചിന്റെയോ ഘോഷണങ്ങളില്ലാത്തവർ. കെട്ടിപ്പൂട്ടിവയ്ക്കാനോ തഞ്ചത്തിൽ തട്ടിപ്പറിക്കാനോ ഒന്നും സൂക്ഷിച്ചുവയ്ക്കാത്തവർ. മണ്ണിനും പെണ്ണിനും വേണ്ടി കുലമുടയ്ക്കാത്തവർ. അടച്ചു ഭദ്രമാക്കിയ പടിപ്പുരകളോ ജാഗ്രത കൊണ്ട് വിജാഗിരി വച്ച സുരക്ഷാവാതിലുകളോ ഇല്ലാത്ത പാർപ്പിടങ്ങൾ. ഈ എല്ലാ ഇല്ലായ്മകളുടെയും ലോകമാണ് ഓറോവിൽ.
ഇടയ്ക്കു നിങ്ങളെ ഓർമിപ്പിക്കും; ഫ്രീ ഫ്രം ഓൾ സ്ലേവറി. അതെ, ആരും ഒന്നിന്റെയും അടിമയല്ല എന്ന്. എല്ലാവിധ അടിമത്തങ്ങൾക്കുമെതിരെയുള്ള ദർശനമായിരുന്നു അരബിന്ദോയുടേത്.
സന്ദർശകർക്കു നിയന്ത്രണങ്ങളുണ്ടെങ്കിലും ഏതു നാട്ടുവഴിയിലൂടെയും നടക്കാം. എന്തും കാണാം. എന്തും അനുഭവിക്കാം. ആരും വന്നു ചോദിക്കില്ല, നിങ്ങൾക്കെന്താണ് ഇവിടെ കാര്യമെന്ന്. ആരും വന്നു വിലക്കില്ല, നിങ്ങൾ ഇവിടെ അധികപ്പറ്റാണ് എന്ന്. ഈയൊരു ലോകത്തിൽ ആർക്കും ഒരു ഇടമുണ്ടെന്നു തോന്നും. തോന്നണം. മടങ്ങിപ്പോകുമ്പോൾ കൂടെക്കൊണ്ടുപോവാൻ നിറക്കാഴ്ചകളൊന്നും ഉണ്ടായെന്നു വരില്ല. ഉണ്ട്, പല കരകൗശല വസ്തുക്കളും വാണിജ്യമേഖലയിൽ നിന്നു വാങ്ങാൻ. എന്നാൽ അതിന് ഇതുവരെ കണ്ട ലോകത്തിന്റെ മാസ്മരിക ഗന്ധങ്ങളുണ്ടായിരിക്കില്ല. മിനുസമുണ്ടായിരിക്കില്ല. എന്നാലും തിരിച്ചുപോകുന്നത് മറ്റൊരു ആളായിരിക്കും. അതാണ് ഓറോവിൽ.
ഇടയ്ക്കു നിങ്ങളെ ഓർമിപ്പിക്കും; ഫ്രീ ഫ്രം ഓൾ സ്ലേവറി. അതെ, ആരും ഒന്നിന്റെയും അടിമയല്ല എന്ന്. എല്ലാവിധ അടിമത്തങ്ങൾക്കുമെതിരെയുള്ള ദർശനമായിരുന്നു അരബിന്ദോയുടേത്. അതിന്ദ്രീയാനുഭവങ്ങളുടെ പാട്ടുകാരനായിരുന്ന (രബീന്ദ്രനാഥ ടഗോറിനെപ്പോലെ) അരബിന്ദോ ഒന്നുകൂടി കടത്തിപ്പറയും. ഫ്രീ ഫ്രം യുവർ സോൾ. അത്രത്തോളം എല്ലാവർക്കും - നമ്മളെപ്പോലെ ഇന്ദ്രിയാനുഭൂതികൾ മാത്രമുള്ള സാധാരണക്കാർക്ക് - കടന്നുപോകാൻ പറ്റിയെന്നു വരില്ല. എന്നാലും ഓറോവിൽ പറഞ്ഞുവയ്ക്കുന്നത് അത്രത്തോളം തന്നെ. ദ് അൾട്ടിമേറ്റ് എക്സ്പീരിയൻസ്.
മാതൃക്ഷേത്രമെന്ന ബോധകേന്ദ്രം
ആരും അത് കാണാതെ പോകില്ല. അത് കാലമിത്രയായും കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണെന്നു തോന്നും. വാസ്തുവിദ്യയുടെയും രൂപസമമിതിയുടെയും സമ്പൂർണയായ ഒരു ഗോളം. അത് എന്നോ കണ്ടുകൊണ്ടിരിക്കുകയാണെന്നു തോന്നും. അതെ, ഭൂമിയിൽ നാളിതുവരെയായി നമ്മൾ പെർഫെക്റ്റ് എന്ന് കണ്ടുകൊണ്ടിരിക്കുന്ന, എന്തിനും ഗോളാകൃതി തന്നെയായിരുന്നു എന്നു തിരിച്ചറിയും. ഭാരതീയതയും അതുതന്നെയായിരുന്നു. അതങ്ങനെ സ്വർണനിറത്തിൽ തെളിയുന്നു ഓറോവിലിൽ.
വേറെയും സുവർണക്ഷേത്രങ്ങൾ കണ്ടിരിക്കാം. കരുത്തിന്റെയും ദേശാധികാരത്തിന്റെയും ഊറ്റങ്ങൾ സ്വർണത്തിൽ പൊതിഞ്ഞത്. ഏതു കോയ്മയെയും വെല്ലുവിളിക്കാനുള്ള ഊറ്റത്തിന്റെ സ്വർണവർണം. അടുത്തും അകന്നുമുള്ള നാട്ടുഭരണക്കലവറകളെ കൊള്ളയടിച്ചും തടുത്തുകൂട്ടിയും സ്വരൂപിച്ച സമ്പത്തിനെ അടിയറ വച്ച സ്വർണത്താഴികക്കുടങ്ങളെ. സമ്പത്തിന്റെ ധാരാളിത്തം കൊണ്ട് ഉയർത്തിയുണ്ടാക്കിയ സ്വർണധ്വജങ്ങളെ. എന്നാൽ, ഓറോവിലിലെ സുവർണനിറം, തന്നെത്തന്നെ ഉപേക്ഷിക്കുന്നവരുടെ പ്രാർഥനയാണ്.
ഓറോവിലിലെ മാതൃക്ഷേത്രം തന്നെ ഒരു വലിയ പ്രാർഥന. അകംപൊരുളിൽ നിന്ന് പുറംപൊരുളിലേക്കുള്ള അന്വേഷണത്തിന്റെ... വിശ്വമാതൃത്വത്തിന്റെ പൊരുൾ എന്ത് എന്ന അന്വേഷണത്തിന്റെ... ജീവിച്ചും മനനം ചെയ്തും സംശയിപ്പിച്ചും ഉത്തരം കൊരുത്തും പിന്നെ മരിച്ചും പോകുന്ന ജീവിതങ്ങളുടെ അർത്ഥം കണ്ടെത്തലാണ്. അതിനെയെല്ലാം ഒരു മാതൃഭാവത്തിലേക്കുള്ള ചേർത്തുനിർത്തലാണ്. അരബിന്ദോ വിശുദ്ധ വിശ്വമാതാവ് എന്ന ജഗത്മാതാവിനെപ്പറ്റി ഇനി പ്രാർഥിക്കാനായി ഒന്നുമില്ല. അതിന്റെ സാക്ഷാത്ക്കാരമാണ് മാതൃമന്ദിരം എന്ന മാതൃക്ഷേത്രം. ഇത് അരബിന്ദോ നിർമിച്ചതൊന്നുമല്ല. എന്നാൽ, അത് അരബിന്ദോയുടെ തന്നെ പ്രാർത്ഥനകളാണ്. തന്നെ പരംപൊരുളിലേക്ക് ഉപേക്ഷിച്ച സന്ന്യാസത്തിന്റെ ഏറ്റവും ഉയർന്ന ഭാവത്തിലുള്ള ആരാധന.
അതുകൊണ്ടുതന്നെ ഈ മാതൃക്ഷേത്രത്തിൽ അമ്മദൈവങ്ങളുടെ പ്രതിഷ്ഠകളില്ല. അതിനു മുന്നിൽ സാഷ്ടാംഗവും അല്ലാതെയുമുള്ള ഭക്തിപ്രകടനത്തിന്റെ പൊരിച്ചിലുകളില്ല. മൂർച്ചയുടെ സഹനങ്ങളില്ല. മന്ത്രോച്ചാരണങ്ങളില്ല. ഒരു ഗ്രന്ഥത്തിൽ നിന്ന് ഒന്നും ഉദ്ധരിക്കപ്പെടുന്നില്ല. എന്നെ കാത്തോളണമേ എന്ന അപേക്ഷയില്ല. എനിക്കു നന്മ വരുത്തേണമേ എന്ന ചിന്തയില്ല. എന്തിന്, എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കേണമേ എന്നൊരു കാലം ഇന്ത്യ ശ്രവിച്ച ആ പ്രാർഥന പോലുമില്ല.
അകത്തേക്ക് ഒന്നും പാടില്ല. താൻ താൻ എന്ന ഭാവം അരുത്. താനേ ഉളളൂ എന്ന ചിന്ത വെടിയണം, അകത്തേക്കു കടക്കാൻ. അടുത്തു നിൽക്കുന്നവനും ആശ്രിതനും അടിമയും ഉടമയും ഇല്ല. എന്തിന്, താന്താൻ പോലും പാടില്ലെന്നാണ്. എല്ലാം ഉപേക്ഷിക്കുന്നവന്റെ മനസു വേണം. ഇതൊന്നും എന്റെയല്ല എന്നൊരു നിർമമത വേണം. ശരീരം പോലും താനല്ല എന്ന ഏറ്റവും ഉയർന്ന വിചാരം. മനസിലോർക്കാൻ ഒരു ധ്യാനശകലം പോലുമുണ്ടാവില്ല. താൻ തന്നെയാണ് തന്റെ പ്രാർഥന എന്ന കൊടിയ വിഷാദത്തെയും മറികടക്കും.
അവിടെ അനാദിയായ പ്രകാശമാണ് ഭക്തിയുടെ എല്ലാ വച്ചുകെട്ടലുകളും ഉപേക്ഷിച്ചുകഴിഞ്ഞ ഭക്തനെ കാത്തിരിക്കുന്നത്; അരബിന്ദോ അനുഭവിച്ചതുപോലൊന്ന്. വിശുദ്ധാഗ്നിയുടെ തേജകിരണങ്ങൾ വന്ന് പൂണ്ടടക്കം പിടിക്കുന്നപോലെ.
സാധാരണ കാഴ്ചകൾക്കുവേണ്ടി തിക്കിത്തിരക്കുന്നവർക്ക്, എന്നാൽ വാതിൽ തുറക്കില്ല മാതൃക്ഷേത്രം. നിശ്ശബ്ദതയുമായി താദാത്മ്യം പ്രാപിക്കാൻ ഉൾവിളിയുള്ളവരെ ഉദ്ദേശിച്ചാണ് അതിന്റെ നിർമിതി തന്നെ
ജീവിക്കുന്ന സൂര്യപ്രപഞ്ചത്തിൽ നിന്നുള്ള പ്രകാശപുഞ്ജം മുകളിൽനിന്ന് ഉരുൾപൊട്ടി വന്നൊഴുകും. അവിടെ സ്ഥാപിച്ചിരിക്കുന്ന സ്ഫടികക്കനത്തിലൂടെ നൂണ്ടിറങ്ങി അഭൗമമായ പ്രകാശധാരയാണ് പ്രാർത്ഥിക്കാനായി മുന്നിലുള്ളത്. അതിനു സാക്ഷിയായി ആ വിശാലമായ ഹാളിലിരുന്ന് ധ്യാനം തുടരാം. എന്താണത്; സ്ഫടികമോ എന്നൊക്കെ സംശയം തോന്നാം. അത് ഓരോ ആളിന്റെയും മനസല്ലാതെ മറ്റെന്താണ്. അവനവന്റെ മനസിനെ പ്രപഞ്ചമനസുമായി സംയോജിപ്പിക്കാനുള്ള ബോധധ്യാനം തന്നെയായി മാറുന്നു അത്.
സാധാരണ കാഴ്ചകൾക്കുവേണ്ടി തിക്കിത്തിരക്കുന്നവർക്ക്, എന്നാൽ വാതിൽ തുറക്കില്ല മാതൃക്ഷേത്രം. നിശ്ശബ്ദതയുമായി താദാത്മ്യം പ്രാപിക്കാൻ ഉൾവിളിയുള്ളവരെ ഉദ്ദേശിച്ചാണ് അതിന്റെ നിർമിതി തന്നെ. ദിവസം രണ്ടു തവണ പൊതുജനങ്ങൾക്ക് അനുവാദമുണ്ട്. നേരത്തേ അതിന് തയാറെടുക്കണം. ഓടിക്കയറി വന്നു കണ്ട് അഹോ, അപാരം എന്നു പുലമ്പുന്നവർക്കു പുറത്തേക്കു വാതിൽ കാണിച്ചുകൊടുക്കപ്പെട്ടിരിക്കും.
അരബിന്ദോയുടെ ഒരു ജീവിതം കൊണ്ട് നടത്തിയ പ്രാർഥനകളുടെ - അതിനെ കവിതയായും കലാപമായും വായിച്ചെടുക്കാം - സാക്ഷാത്കാരം തന്നെ ഈ മനസിന്റെ ക്ഷേത്രം.
കവി, കാമുകൻ, ഭ്രാന്തൻ എന്ന ഭാവനയുടെ മൂന്നവസ്ഥകളെ മറികടന്നുകൊണ്ട് കവിയും കാമുകനും കലാപകാരിയും സന്ന്യാസിയുമായി മാറിയ ജീവിതമായിരുന്നല്ലോ അരബിന്ദോയുടേത്. അതിന്ദ്രീയ അനുഭവങ്ങളെ വാക്കുകളിലേക്ക് സന്നിവേശിപ്പിച്ച് വംഗഭാഷയിൽ ഉദയം കൊണ്ട കോസ്മിക് മിസ്റ്റിക് കവിതകളുടെ രണ്ടു അന്വേഷികളിലൊരാൾ... ( മറ്റൊരാൾ ടഗോർ). കവിതയും കാമുകത്വവും തരണം ചെയ്ത് ചെന്നുകയറിയത്, സ്വാതന്ത്ര്യകലാപത്തിന്റെ വെടിമരുന്നറയിൽ. ആലിപ്പൂർ ബോംബ് കേസിൽ പ്രതിയാക്കപ്പെട്ട് കൽക്കട്ട ആലിപ്പൂർ ജയിലിൽ. പിന്നെ കുറ്റവിമുക്തനായി പുറത്തിറങ്ങിയപ്പോഴേക്കും അരബിന്ദോ തന്നെത്തന്നെ ആഴത്തിൽ കണ്ടുകഴിഞ്ഞിരുന്നു. അകംപൊരുളിൽ നിന്ന് പരംപൊരുളിലേക്കുള്ള അന്വേഷണ തീർത്ഥാടനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. വീണ്ടും വെള്ളക്കാരാൽ പീഡിപ്പിക്കപ്പടുമെന്ന് അറിയാൻ കഴിഞ്ഞപ്പോൾ ഫ്രഞ്ചുകാരുടെ പുതുച്ചേരിയിലേക്ക് (പോണ്ടിച്ചേരി), 1910 ൽ.
തുടർന്ന് ചെറിയ തോതിൽ ആശ്രമം.
ഓറോവിൽ കണ്ട നിയമ, രാഷ്ട്രീയ, നിയമനിർമാണ പോരാട്ടങ്ങൾ ചരിത്രം. എന്നാൽ, അതൊന്നുമല്ല ഓറോവിൽ. എല്ലാ സഹനങ്ങൾക്കുമപ്പുറത്തുള്ള സഹനമാണ് അത്
അപ്പോഴും ലോകജീവിതം തുടർന്നിരുന്നു. ഫ്രഞ്ചുകാരിയായ മിറ അൽഫാസ അരബിന്ദോയുടെ ശിഷ്യത്വഗണത്തിലേക്കു വന്നു. ആധ്യാത്മികാന്വേഷണങ്ങളിൽ സഹചാരിയായി. തനിക്കു തുല്യയായ ആത്മീയപങ്കാളിയായും പിന്നീട് അവരെ സാക്ഷാൽ വിശ്വമാതാവായും (ഡിവൈൻ മദർ) കണ്ടു. പരംപൊരുളിന്റെ പല ഭാവങ്ങൾ അവരിൽ ദർശനം ചെയ്തു. പിന്നെയും പത്തു പതിനഞ്ചു വർഷം കൂടിക്കഴിഞ്ഞ് അമ്മയെ എല്ലാം ഏൽപ്പിച്ച് ലോകത്തിന്റെ സാധാരണതയിൽ നിന്ന് നിത്യ ഏകാന്തതയിലേക്ക്.
1950 ഡിസംബറിൽ നിത്യതയിൽ വിലയം പ്രാപിച്ചു.
പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് മിറ അൽഫാസ അരബിന്ദോ സൊസൈറ്റിക്കുവേണ്ടി 1968 ൽ ഓറോവിൽ എന്ന ആശയം സ്ഥാപിക്കുന്നത്. ഒരു വലിയ പ്രദേശത്തെയാകെ തണലിൽ നിർത്തിയിരുന്ന വലിയ ആൽമരത്തിന്റെ ചുറ്റും. പിന്നെയത് രണ്ടായിരത്തോളം ഏക്കറിലേക്കു വളർന്നു, ആഗോളഗ്രാമത്തിലേക്കും. അതിനിടയിൽ ഓറോവിൽ കണ്ട നിയമ, രാഷ്ട്രീയ, നിയമനിർമാണ പോരാട്ടങ്ങൾ ചരിത്രം. എന്നാൽ, അതൊന്നുമല്ല ഓറോവിൽ. എല്ലാ സഹനങ്ങൾക്കുമപ്പുറത്തുള്ള സഹനമാണ് അത്. മൊത്തം വിസ്തൃതിയുടെ വളരെക്കുറച്ചു മേഖലകളിൽ മാത്രമാണ് സാധാരണ പൊതുജനങ്ങൾക്ക് പ്രവേശനമുള്ളൂവെങ്കിലും ഓറോവിൽ എല്ലാ വിലക്കുകൾക്കും അപ്പുറത്താണ്, ഏത് അടിമത്തത്തിനും അതീതം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.