Photos : Wikimedia Commons

ഒന്നിൽ നിന്നുതന്നെ പുറപ്പെട്ടു പോവുന്ന പല യാത്രകൾ

ഡൽഹിയിൽ നിന്ന്​ ഹരിദ്വാർ വഴി ബദരീനാഥിലേക്കും തുടർന്ന്​ രാജ്യത്തിന്റെ ഏറ്റവും അതിരിലുള്ള മാനാ ഗ്രാമത്തിലേക്കും ഒരു യാത്ര.

ങ്ങനെയൊരു യാത്രയുണ്ടാവുമോ എന്ന് അതുവരെ ആലോചിച്ചിരുന്നില്ല.
ഒരു യാത്രയിൽ നിന്ന്​ പൊട്ടിമുളയ്ക്കുന്നതുപോലെ മറ്റൊന്ന്.
പിന്നെയും മറ്റൊന്ന്. അങ്ങനെ പലതുകൾ.
തീരെ ആകസ്​മികമായാണ് അങ്ങനെയൊരു യാത്ര പുറപ്പെടുന്നത്.
അതിനുമുമ്പും അങ്ങനെയെന്നു തോന്നിപ്പിക്കാവുന്ന ദീർഘദൂര, പലനാൾ യാത്രകളുണ്ടായിരുന്നു. നേരത്തേ നിശ്ചയിക്കപ്പെട്ടത്.
പോകേണ്ട സ്ഥലങ്ങളും കാണേണ്ട സ്ഥലങ്ങളും നേരത്തേ തെരഞ്ഞെടുത്തുവച്ചത്.

ദിവസങ്ങൾ നീണ്ട രാജസ്ഥാൻ യാത്രകളുണ്ടായിരുന്നു.
അതുപോലെ പശ്ചിമഘട്ട യാത്രകൾ... ഉയരങ്ങൾ എന്നും മാടിവിളിച്ചിരുന്നു. എന്നാൽ, അധികം ഉയരങ്ങളിലേയ്ക്കു വിലക്കപ്പെട്ട ഒരു ശരീരമാണ് എന്റേത്.
വലിയ ഉയരങ്ങൾ വന്നു ശ്വാസംമുട്ടിക്കുന്ന, നേരത്തേ പല പരുക്കുകൾ പറ്റിയ ശ്വാസകോശം. വലിയ നടയാത്രകൾ വിലക്കുന്ന കാലുകളും കൈയ്യുകളും വച്ച ഒരു ശരീരം. അതുകൊണ്ടുതന്നെയായിരുന്നു മുമ്പും പല യാത്രകളെപ്പറ്റിയും ചിന്തിക്കാൻ കൂടി സാധിക്കില്ലായിരുന്നത്. ഹിമവാന്റെ മുടികളിലേയ്ക്കുള്ളതും പല യാതനകൾ സഹിക്കേണ്ടുന്ന മാനസസരോവർ യാത്രയും ഏറെ വഴിദൂരം നടന്നടുക്കേണ്ട പൂക്കളുടെ താഴ്വര (വാലി ഓഫ് ഫ്‌ളവേഴ്‌സ്). യാത്രയും മറ്റും ആഗ്രഹമുണ്ടായിരുന്നിട്ടും അങ്ങനെ നടക്കാതെ പോയതാണ്.

പൂക്കളുടെ താഴ്​വര (വാലി ഒഫ് ഫ്‌ളവേഴ്‌സ്)

എന്നാലും മുടിഞ്ഞ ഉയരങ്ങളും കൊടിയ സഹനങ്ങളും പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. ഈ ദുർബല ശരീരത്തെ എങ്ങനെ വഴിനടത്തും എന്ന ചിന്ത അതിനെ വിലക്കുന്നുമുണ്ടായിരുന്നു. എന്നാലും ഏതു യാത്രാസംഘത്തോടൊപ്പവും മനസുകൊണ്ടു കൂടെപ്പോകുമായിരുന്നു. അങ്ങനെ കാണാൻ സാധിക്കില്ലെന്ന് ഉറപ്പിച്ച രണ്ടു സ്ഥലങ്ങളായിരുന്നു, മാനസസരോവറും വാലി ഓഫ് ഫ്‌ളവേഴ്‌സും. അടുത്ത ജന്മത്തിൽ, കൂടുതൽ ശക്തമായ ഒരു ഉടലിലേക്ക് ജീവനെ ഡൗൺലോഡ് ചെയ്‌തെടുക്കാൻ പറ്റുന്ന സമയത്ത് നടത്താം എന്നു സമാധാനിക്കുക മാത്രമായിരുന്നു പോംവഴി. എങ്കിൽ, ഹിമാലയത്തിന്റെ മുടിയഴകുകളിലേയ്ക്കു വേണ്ട, തിടംവച്ച മടിത്തട്ടിലേയ്ക്ക് പൊയ്ക്കൂടേ എന്നൊരു സാഹചര്യം ഒത്തുവന്നത് യാദൃച്ഛികമായിട്ടായിരുന്നു.

ഡൽഹിയിൽ നിന്ന്​ ഹരിദ്വാർ വഴി ബദരീനാഥിലേയ്ക്കും തുടർന്ന്​ രാജ്യത്തിന്റെ ഏറ്റവും അതിരിലുള്ള മാനാ ഗ്രാമത്തിലേയ്ക്കും ഒരു യാത്ര. എന്നാൽ, ഈ ലക്ഷ്യങ്ങളിൽ ഏതു സാധ്യമാകും ഏതു വഴിമുട്ടിപ്പോവും എന്നു പ്രവചനവും സാധ്യമല്ലായിരുന്നു. വരുന്നത്​ വരുന്നിടത്തുവച്ചു കാണാം എന്നൊരു നെഞ്ചൂക്കുണ്ടായിരുന്നു പണ്ടേ പരിക്കുപറ്റിയ നെഞ്ചിനകത്ത്. ഏതറ്റം വരെയും പോകാം എന്നൊരു പാദബലം തോന്നിയിരുന്നു, അധികദൂരം നടപ്പിനെ പല പീഢകൾ കൊണ്ടു വിലക്കുന്ന കാലുകളായിരുന്നിട്ടും. എങ്കിൽ, തുടരാം എന്നൊരു ആവേശത്തിനു പുറത്തായിരുന്നു ഡൽഹിയിൽ ട്രെയിനിറങ്ങുന്നത്.

എന്തുകാണാനാണ് ഈ ഉത്തരാഖണ്ഡത്തിലേക്കു പോകേണ്ടത് എന്ന ചോദ്യം തന്നെ അവാസ്തവികമാണ്. എന്തു കാണാനല്ല എന്നാണു ചോദിക്കേണ്ടത്.

ഇതിലും മികച്ചൊരു യാത്ര സ്വപ്നത്തിൽ മാത്രം.

ശരിയായിരുന്നു. അന്നങ്ങനെ ഒരു യാത്ര മുടക്കിയിരുന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും പിന്നീടതു സംഭവിക്കുമായിരുന്നില്ല. മുമ്പൊരു സംഘം അങ്ങനെ ഈ വഴികളിലൂടെ യാത്ര പോയിരുന്നു എന്ന അറിവിൽ നിന്നായിരുന്നു പ്രലോഭനത്തെ അടക്കാൻ സാധിക്കാതിരുന്നത്. മനസിൽ അതിനെപ്പറ്റിയുള്ള വിചാരങ്ങളേക്കാൾ ആഴവും പരപ്പും ഉള്ളതായിരുന്നു പക്ഷെ, യഥാർഥ യാത്ര. മുമ്പ് ഈ വഴികളിലൂടെ കടന്നുപോയി എന്ന്​ ഐതിഹ്യങ്ങളും പുരാണങ്ങളും വായിച്ചു പറയുന്ന സംഘം യാത്ര പുറപ്പെട്ടത്​ സ്വർഗത്തിലേയ്ക്കായിരുന്നു. ഒരു മനുഷ്യജീവിതത്തിന്റെ എല്ലാ കാമനകളുടെയും അവസാനം. എല്ലാ കാമങ്ങളുടെയും തീർപ്പിനുശേഷം. എല്ലാ പുരുഷാർഥങ്ങളുടെയും - ധർമത്തിന്റെ, കാമത്തിന്റെ, അർഥത്തിന്റെ, മോക്ഷത്തിന്റെ - പരിസമാപ്തിയിലേക്കാണ് അവർ നടന്നുനീങ്ങിയത്. അഞ്ചുപേരും അവരുടെ ധർമപത്‌നിയും പിന്നെ എല്ലാത്തിനും സാക്ഷിയായ ചൈതന്യത്തിന്റെ പ്രതിനിധിയായി ഒരു നായയും. അതേ, മഹാഭാരതത്തിലെ ആ അവസാനയാത്ര തന്നെ. പരമമായ മോക്ഷത്തിലേയ്ക്ക്... സ്വർഗത്തിലേയ്ക്ക്. അവരുടെ സഞ്ചാരപാത പിന്തുടരണമെന്നു തന്നെയുണ്ടായിരുന്നു.

മുഴുവൻ അതുപോലെ സാധിക്കുകയില്ലെങ്കിലും പറ്റുന്നിടത്തോളം.
ജീവിതത്തിന്റെ എല്ലാ ദശകളെയും കണ്ടുതീർന്നിട്ടില്ലായിരുന്നു.
കാമമോഹങ്ങൾ അടങ്ങിയിട്ടില്ലായിരുന്നു. ജീവിതത്തോടുള്ള പോരാട്ടങ്ങൾ ബാക്കിയുണ്ടായിരുന്നു. ഹിമാലയത്തിന്റെ മടിത്തടം, മലഗർഭങ്ങളുടെ മോഹിപ്പിക്കുന്ന ആഴം. ഗംഗയുടെ പല കൈവഴികൾ പല നീളത്തിലും പല ആഴത്തിലും കാഴ്ചയുടെ പല വർണരാജിയിലും ഒഴുകുന്ന, മായക്കാഴ്ചയെന്നു തോന്നിപ്പിക്കുന്ന ഉണ്മ. വെയിലിന്റെയും മഴയുടെയും മഞ്ഞിന്റെയും പല കൊടിയ അനുഭവങ്ങൾ. ഉത്തരാഖണ്ഡമെന്ന വിശാലതയെ ഒരു ഭൂഖണ്ഡമായിത്തന്നെ വേർതിരിച്ച് അടയാളപ്പെടുത്തുന്ന ഒരു യാത്രയായിരുന്നു അത്.

പല യാത്രകൾ പുറപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു യാത്ര. അതു തുടങ്ങണം ഡൽഹിയിൽ നിന്നുതന്നെ. അത്രയും യുക്തമായ മറ്റൊരു തുടക്കസ്ഥാനമില്ല.

ഒന്നിൽ നിന്ന്​ പല യാത്രകൾ

അത് ഒരു യാത്രയായിരുന്നില്ല. ഒരു യാത്രയെന്ന്​ ഏറ്റവും ലളിതമായി പോലും കാണാൻ സാധിക്കില്ല. എന്തുകാണാനാണ് ഈ ഉത്തരാഖണ്ഡത്തിലേക്കു പോകേണ്ടത് എന്ന ചോദ്യം തന്നെ അവാസ്തവികമാണ്. എന്തു കാണാനല്ല എന്നാണു ചോദിക്കേണ്ടത്. ഉപഹിമാലയൻ മലകളുടെ താഴ്​വാരങ്ങളിലേയ്ക്ക്. അവിടെ മെലിഞ്ഞും തടിച്ചും തെഴുക്കുന്ന ജീവിതങ്ങളിലേയ്ക്ക്. കണ്ണുകളുടെ വിസ്മയക്കാഴ്ചകളിലേയ്ക്ക്. ഗംഗയെന്നത് ഒരു നീരൊഴുക്കു മാത്രമല്ലെന്ന തിരിച്ചറിവിലേയ്ക്ക്. ഉയരങ്ങളും പീഠഭൂമിയും സമതലങ്ങളും ഭൂമിയുടെ വെവ്വേറെ അവസ്ഥകളല്ല, മറിച്ച് ഒന്നിൽ നിന്ന്​ മറ്റൊന്നിലേക്കുള്ള നൈരന്തര്യമാണ് എന്ന അകംബോധ്യത്തിലേയ്ക്ക്. വിശ്വാസങ്ങളിൽ നിന്നും മതക്കെട്ടുകളിൽ നിന്നും മോചിതമാവുന്ന ഭക്തിയുടെ യുക്തികളിലേയ്ക്ക്... വെയിലും ചൂടും മഴയും തണുപ്പും ഹിമവും ശൈത്യവുമെല്ലാം ജീവിതങ്ങളുടെ പല അവസ്ഥകളാണ് എന്ന ഏകബോധത്തിലേയ്ക്ക്. ഇതൊക്കെയും ഒരൊറ്റൊരു യാത്രയിൽ നിന്നു ലഭിക്കുക എന്നാൽ, ഇതിലും മികച്ചൊരു യാത്ര സ്വപ്നങ്ങളിൽ മാത്രം.
അങ്ങനെയുള്ള സ്വപ്നാവസ്ഥയിലേയ്ക്കു തള്ളിയിടുന്ന യാത്രകൾ വേറെ ഉണ്ടായിരിക്കാം. കൈലാസമടക്കമുള്ള ഇടങ്ങളിലേക്കു മഞ്ഞുപടികൾ നടന്നു കയറുന്നവർ അതു ചെയ്യുന്നുണ്ടായിരിക്കാം. അത്തരം ഒരു ഉന്മാദാവസ്ഥയിലേയ്ക്കു തന്നെയാണ് ഇതും കൊണ്ടെത്തിക്കുന്നത്. രണ്ട് ഉന്മാദാവസ്ഥകൾ താരതമ്യത്തിന് അതീതമാണല്ലോ എന്ന തിരിച്ചറിവിൽ.

തുടക്കം സാധാരണതകളുടെ ഡൽഹിയിൽ നിന്ന്

ഡൽഹി, ചരിത്രത്തിന്റെ നാൽക്കവല. അധിനിവേശങ്ങളുടെ പടിപ്പുര. അധികാരങ്ങളുടെ കാലങ്ങളായുള്ള നൈരന്തര്യം. ഇതിനെല്ലാം പുറമേ, പല ദിക്കിൽ നിന്നും വന്നുകയറി കുടിയേറി മുടിഞ്ഞുപോയ അശരണരരുടെ താൽക്കാലിക മേൽവിലാസം. വന്നുകയറുന്നതുപോലെ ലോകത്തിന്റെ എട്ടുദിക്കിലേക്കും തുറക്കുന്ന വണ്ടിത്താവളം. ഇന്ദ്രപ്രസ്ഥവും ഹസ്​തിനപുരവും കുരുക്ഷേത്രവും പുരാണങ്ങളിൽ നിന്ന്​ അകത്തോട്ടും പുറത്തോട്ടും തുറക്കുന്ന വാതിലുകൾ. ലോഥിയും മുഗളനും രജപുത്രനും വെള്ളക്കാരനും മുഴക്കിയ അഹങ്കാരങ്ങളുടെ ആരവം വിയർത്തിരുന്ന കാലങ്ങളിലേക്ക് ഓർമകൾ ഉണക്കാനിടുന്ന ചരിത്രത്തിന്റെ വലിയ കാഴ്ചപ്പറമ്പ്. വിലപേശിയ മണ്ണും പെണ്ണും മാനവും ആത്മാഭിമാനവും നാണക്കേടും ഒട്ടിച്ചുവച്ച ആൽബം. എങ്ങോട്ടു തിരിഞ്ഞാലും ചരിത്രത്തെ അടക്കിയ ശവക്കോട്ടകളുടെ വലിയ ചുടുകാട്.

ചെങ്കോട്ട

ഇവിടെ നിന്നുതന്നെ വേണം, മാനായിലേക്കു യാത്ര തിരിക്കാൻ. ജീവിതമോക്ഷങ്ങൾക്കു വേണ്ടിയല്ല, കയ്ക്കുന്ന ഓർമകളിൽ നിന്ന്​തിരിഞ്ഞുനടക്കാനല്ല. മറിച്ച്, ജീവിതത്തിലെ അതിരുകളിലേക്കാണ് ആ യാത്ര. മറ്റാരുടെയെങ്കിലും ജീവിതത്തിന്റെയല്ല, സ്വന്തം ജീവിതങ്ങളുടെ. കുന്നും മലയും കണ്ണീർച്ചാലുപോലെ ഒഴുകുന്ന നദിയും ഉരുകിയൊലിച്ചു പോകുന്ന ഹിമവും കണ്ടാൽ അതു സാധ്യമാകുമെന്നാണോ? താരതമ്യേന പ്രായത്തിൽ ചെറുതായ ഹിമാലയത്തിന്റെ, ഇപ്പോഴും ഉള്ളുറപ്പ് ആയിട്ടില്ലാത്തതിനാൽ പൊടിഞ്ഞു തീർന്നുകൊണ്ടിരിക്കുന്ന വിജനതകൾ കൊണ്ടാൽ അതു കഴിയുമെന്നാണോ? ഉയരങ്ങളിലെ ഭക്തിപ്രതിഷ്ഠാപനങ്ങൾ കണ്ട്​ നിർവൃതി അടഞ്ഞാൽ, ജീവിതത്തിന്റെ അരികുകളുടെ സ്വപ്നദർശനം സാധ്യമാകുമെന്നോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒരു മറുപടിയേ ഉള്ളൂ. ഉത്തരാഖണ്ഡത്തിലൂടെ ഒരു തവണയെങ്കിലും ഒന്നു യാത്ര ചെയ്യണമെന്നുമാത്രം.

ഹരിദ്വാറിൽ ഗംഗയെ കാണുന്നുണ്ട്. സ്‌നാനഘട്ടങ്ങളിലൂടെ ആർത്തുല്ലസിച്ചു കടന്നുപോകുന്നത്. ഗംഗാസമതലത്തിലേക്കു ഗംഗ പ്രവേശിക്കുന്നത് ഇവിടെ. ഗംഗയുടെ വലതുകരയാണ്.

പല വായനകൾ സാധ്യമാകുന്ന ചരിത്രം പോലെയാണ് അതും. പല യാത്രകൾ പുറപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഒരു യാത്ര. അതു തുടങ്ങണം ഡൽഹിയിൽ നിന്നു തന്നെ. അത്രയും യുക്തമായ മറ്റൊരു തുടക്കസ്ഥാനമില്ല. ജീവിതങ്ങൾ വേവളക്കുന്ന വെയിൽ വിയർത്ത തെരുവുകളിൽ നിന്ന്, എന്തിനു വേണ്ടിയും തിടുക്കപ്പെടുന്ന ജീവിതാസക്തികളിൽ നിന്ന്, എല്ലാം പിടിച്ചടക്കിയെന്നു പേർത്തും പേർത്തും മിഥ്യകളിൽ അഭിരമിക്കുന്ന അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന്, പിശകുന്ന വഴിക്കണക്കുകളിൽ സ്വന്തം ഉടൽ ശിഷ്ടമായി എണ്ണിത്തീർക്കുന്ന ദയനീയതകളിൽ നിന്ന്...

ഒരു ചെറിയ പുഴയല്ല, ഗംഗ

അതേക്കുറിച്ചുള്ള വിശ്വാസങ്ങളും ഐതിഹ്യങ്ങളും ആചാരങ്ങളും എന്തുമായിക്കൊള്ളട്ടെ, സാധാരണ ഒരു നീർച്ചാലിൽ ഒതുങ്ങുന്ന ഒരു നീരൊഴുക്കല്ല, ഗംഗാ നദി. ആര്യാവർത്തം ഭരിച്ച, ഇക്ഷ്വാകു വംശമെന്നും രഘുവംശമെന്നും പേരുകേട്ട സൂര്യവംശരാജാക്കന്മാരുടെ കുലത്തിൽ പിറന്ന ദിലീപപുത്രൻ ഭഗീരഥന്റെ പേരിലാണ് ആകാശഗംഗയുടെ ഭൂമിയിലേക്കുള്ള നിപതനവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ വേരുകൾ കിടക്കുന്നത്. അതിനുവേണ്ടി നടത്തിയ പരിശ്രമങ്ങളുടെ ഐതിഹ്യങ്ങൾ ഭഗീരഥപ്രയത്‌നമായി ഭാഷയിൽ ആഴത്തിൽ ഉറച്ചുപോകുകയും ചെയ്തിട്ടുണ്ട്. ഐതിഹ്യങ്ങളിൽ തന്നെയുണ്ട്, ഗംഗയുടെ വിശാലത. മണ്ണിലേക്ക് ഇറക്കിക്കൊണ്ടുവരാൻ വേണ്ടി ഭഗീരഥന്റെ കഠിനപ്രാർഥനകൾ, തപസുകൾ... ഭൂമിയിലേക്കു ശിവന്റെ ശിരസ് വഴി ഉരുൾപൊട്ടിയിറങ്ങിയ ഗംഗയെ തലമുടിക്കെട്ടിൽ ഒളിപ്പിച്ചതു വഴി ഗംഗാധരനായത്, തന്റെ പർണശാല മുക്കിക്കളഞ്ഞ ഗംഗയോടു കോപിച്ചു അതിനെ കമണ്ഡലുവിൽ നിറച്ചെടുത്തു പാനം ചെയ്ത്, ഭഗീരഥന്റെയും സന്ന്യാസികളുടെയും പ്രാർഥന പ്രകാരം ചെവിയിലൂടെ പുനരുത്ഥാനം ചെയ്യിപ്പിച്ച്​ ജഹ്നു മഹർഷി അതിനെ ജാഹ്നവിയാക്കിയത്... ഹിമവാന്റെ പല മുടികളിൽ നിറഞ്ഞുതുളുമ്പുന്ന ഒരു പ്രവാഹത്തെ എത്ര കാവ്യാത്മകമായി ചിത്രീകരിച്ചാലാണ് ഗംഗയെക്കുറിച്ചുള്ള വിസ്മയങ്ങൾ അവസാനിക്കുക.

ഗംഗാ നദി

വേറെയും മഹാനദികളുണ്ടായിട്ടുണ്ട് ഭൂമിയിൽ. നീളത്തിലും ആഴത്തിലും പരപ്പിലും വിസ്മയിപ്പിച്ചുകളയുന്നത്. ഇന്ത്യയിൽ തന്നെ സിന്ധുവുണ്ട്, ബ്രഹ്മപുത്രയുണ്ട്, യമുനയുണ്ട്, ഏഷ്യയിലാണെങ്കിൽ യാങ്ട്സിയുണ്ട്. അങ്ങനെ പരപ്പിലും നിറപ്പിലും... എന്നാൽ, ഇവയോടൊന്നും ഒരു സാമ്യം പറയാനില്ല ഗംഗയ്ക്ക്. അതിനെ ഒരു നദിയായി മാത്രം കാണാനാവില്ല എന്നുതന്നെ. ഹിമാലയത്തിൽ പന്ത്രണ്ടായിരത്തോളം അടി ഉയരത്തിലുള്ള ഗോമുഖിലെ ഗംഗോത്രി ഹിമാനിയിൽ (ഗ്ലേഷർ) നിന്നു തുടക്കം, പിന്നെ പല നീരൊഴുക്കുകൾ അതിനോടു കൂടിച്ചേരുകയാണ്. ഭാഗീരഥിയും അളകനന്ദയും ധൗലിഗംഗയും തുടങ്ങി ഒരു ഡസനോളം. ഒട്ടും കുറവല്ല, അതൊഴുകിത്തീർക്കുന്ന ദൂരം. പല സംസ്ഥാനങ്ങളിലൂടെ, പല ഭാഷകളിലൂടെ, പല സംസ്‌കാരങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നതിനുമുമ്പ് രണ്ടായിരത്തി അഞ്ഞൂറിലധികം കിലോമീറ്റർ ദൂരത്തോളം.

നയ്‌നിതാൽ, കൊസാനി തുടങ്ങിയ മലമുടിയിലെ സ്വപ്നതൽപ്പങ്ങൾ, സ്വപ്നങ്ങളിൽ മാത്രം സാധ്യമാവുന്ന തരത്തിലുള്ള ആകാശക്കാഴ്ചകൾ, അൽമോഡ, ഡെറാഡൂൺ, ഔലി തുടങ്ങിയ ഹിൽ സ്റ്റേഷനുകൾ, ദേവപ്രയാഗും രുദ്രപ്രയാഗും കർമപ്രയാഗും പോലുള്ള മഹാസംഗമസന്നിധികൾ

എന്നാൽ, മുന്നിൽ കാണുന്നത് ഈ നീളമോ ദൂരമോ അതു തടുത്തുകൂട്ടുന്ന ജനപദങ്ങളോ തിടംവച്ചുയർത്തുന്ന പുറംതൊലിക്കാഴ്ചകളോ അല്ല. ഹരിദ്വാറിൽ എത്തുന്നതിനു മുമ്പുള്ള ഹിമാലയത്താഴ്ചയിൽ അതു കടന്നുവരുന്ന ഭൂമികളുടെ സംസ്‌കാരവും രാഷ്ട്രീയവും വച്ചുകെട്ടിയ വികസനാഘോഷങ്ങളും മാത്രമല്ല. അതിറങ്ങിവരുന്ന ഭൂമികകളിലെ പ്രകൃതിയും ജീവിതവും മാത്രമല്ല, ഒരു ദിവ്യത്വപരിവേഷവും വച്ചുകെട്ടാനോ വച്ചുചാർത്തിക്കെട്ടിയതിനെ വാഴ്​ത്താനോ അല്ല. മറിച്ച്, ഗംഗയെ തന്നെ അറിയാൻ കൂടിയാണ്. ഒരു ജൈവപരമായ സാന്നിധ്യം അതിന്റെ കരകളിലെ ജനകോടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നു കാണാനാണ്. ചൈതന്യത്തിന്റെ ഒരു ജീവനാഡിയെ എങ്ങനെയാണ് ഒരു ജനത കൊണ്ടുനടക്കുന്നത് എന്നു തിരിച്ചറിയാൻ കൂടിയാണ്. ഗംഗയ്ക്ക് ഒരു ഭാഷയല്ല, ഒരു സംസ്‌കാരമല്ല, ഒരു വിശ്വാസമല്ല എന്ന ബഹുസാംസ്‌കാരികത മനസിലാക്കാൻ കൂടിയാണ്. പുതിയ കാല ഇന്ത്യൻ സാഹചര്യത്തിൽ എങ്ങനെ ഒരു മഹാനദിയെ നോക്കിക്കാണണമെന്നു പഠിക്കാൻ കൂടിയാണ്.

ഹരിദ്വാർ, ഉത്തരാഖണ്ഡ്

ഡൽഹിയിൽ നിന്ന് ആദ്യം ഹരിദ്വാർ. നമ്മൾ ഗംഗയുടെ പശ്ചാത്തലത്തിൽ യാത്ര തുടരുകയാണ്. ഹിമാലയത്താഴ്ചകൾ ഇറങ്ങിവന്ന് ഹരിദ്വാറിൽ, ഗംഗ സമതലത്തിലേക്കു വരികയാണ് എന്നു വേണമെങ്കിൽ പറയാം. അതുവരെ പല പേരുകളിൽ വിളിക്കപ്പെട്ട ഒന്നിനെ ഗംഗയെന്നു മനസിലാക്കുകയാണ്. ഹരിദ്വാരമെന്നും ഹരദ്വാരമെന്നും അറിയപ്പെടുന്ന ഹരിദ്വാർ. ദ്വാർ എന്നാൽ ദ്വാരം തന്നെ. മലയാളത്തിലെ ദ്വാരമെന്ന ചെറിയ അർഥത്തിലല്ല. കുറച്ചുകൂടി വിശാലമായ കവാടം എന്ന അർഥത്തിൽ. സാധാരണ ജീവിതത്തിന്റെ സമതലങ്ങളിൽ നിന്നു ജ്ഞാനോദയത്തിന്റെ ഉയരത്തിലേക്കാണ് നമ്മളുടെ യാത്ര. ഒരു പക്ഷെ, ഗംഗ തിരിച്ചിറങ്ങുന്ന വഴിയേ മുകളിലേക്ക്. ഹരിയുടെ കവാടത്തിലൂടെ ബദരീനാഥനായ വിഷ്ണുവിന്റെ സന്നിധിയിലേയ്ക്ക്. അല്ലെങ്കിൽ, ഹരനാഥ് കവാടത്തിലൂടെ കൈലാസത്തിലേക്കും. കേദാരനാഥനായ ശിവന്റെ ആരൂഢത്തിലേയ്ക്ക്.

പല വെല്ലുവിളികളാണ്​ ഹിമാലയം യാത്രക്കാരനു മുന്നിൽ അടർത്തിയിടുന്നുണ്ടായിരിക്കുക. സ്വതവേ ചെറുപ്പക്കാരായ മലനിരകളാണ്, ഹിമാലയമാകെ. നമ്മുടെ പശ്ചിമഘട്ടത്തേക്കാളും ചെറുപ്പം. ഒരു കാലഗണന വച്ചു നോക്കുകയാണെങ്കിൽ, ഏറിയാൽ അഞ്ചുകോടി വർഷം മാത്രം.

ഹരിദ്വാറിൽ ഗംഗയെ കാണുന്നുണ്ട്. സ്‌നാനഘട്ടങ്ങളിലൂടെ ആർത്തുല്ലസിച്ചു കടന്നുപോകുന്നത്. ഗംഗാസമതലത്തിലേക്കു ഗംഗ പ്രവേശിക്കുന്നത് ഇവിടെ. ഗംഗയുടെ വലതുകരയാണ്. അതുകൊണ്ടു ഗംഗാദ്വാർ എന്നും പരാമർശിക്കപ്പെടാറുണ്ട്. പാലാഴിമഥനം കഴിഞ്ഞ് അമൃത് കൊണ്ടുപോകുന്ന വഴിയിൽ ഇറ്റിവീണെന്ന വിശ്വാസത്തിൽ ഹരിദ്വാറിലെ ഹർ കി പൗഡി വിശുദ്ധ സ്‌നാനപ്രാർഥനാഘാട്ടായി. വ്യാഴവട്ടക്കാലത്തിലൊരിക്കലെ കുംഭമേളയുടെയും വേദിയാണ് ഹരിദ്വാർ.

ഇവിടെ നിന്ന്​ ഗംഗയെ കണ്ടുതുടങ്ങി നമ്മൾ മുകൾക്കരയിലേയ്ക്കാണ് യാത്രയാവുന്നത്. ആ ഉയരത്തിലേയ്ക്കുള്ള വഴിയിൽ അളകനന്ദ പോലുള്ള നദികൾ ഗംഗയിലേയ്ക്കു കൂടിച്ചേരും. നയ്‌നിതാൽ, കൊസാനി തുടങ്ങിയ മലമുടിയിലെ സ്വപ്നതൽപ്പങ്ങൾ, സ്വപ്നങ്ങളിൽ മാത്രം സാധ്യമാവുന്ന തരത്തിലുള്ള ആകാശക്കാഴ്ചകൾ, അൽമോഡ, ഡെറാഡൂൺ, ഔലി തുടങ്ങിയ ഹിൽ സ്റ്റേഷനുകൾ, ദേവപ്രയാഗും രുദ്രപ്രയാഗും കർമപ്രയാഗും പോലുള്ള മഹാസംഗമസന്നിധികൾ, ജിം കോർബെറ്റ് പോലുള്ള ദേശീയ വന ഉദ്യാനങ്ങൾ, പീപ്പൽകോട്ടി, ജോഷിമഠ് വഴി ബദരീനാഥ്. അതിനുമപ്പുറം ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ഗ്രാമം - മാനാ... അവിടെ നിന്നു ചൈനയിലേക്കു വെറും ഇരുപത്തിനാലു കിലോമീറ്റർ.

ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ഗ്രാമം - മാനാ

ജോഷിമഠിൽ നിന്ന്​ ഗോവിന്ദ്ഘട്ട്. അവിടെ നിന്നു നടക്കണം. നടന്നുതന്നെ പോകണം, ഗൗരി പർവതത്തിന്റെയും നീലഗിരി പർവതത്തിന്റെയും മലമുടികളുടെ മടിയിലേക്ക്. വസന്തകാലമാണെങ്കിൽ, ജീവിതത്തിൽ ഇതുവരെ കാണാത്ത തരത്തിൽ താഴ്​വരകളാകെ പൂക്കൾ കൊണ്ടുനിറഞ്ഞിരിക്കുന്ന ഒരിടത്തേയ്ക്കാണ് അതു നയിക്കുക- പൂക്കളുടെ താഴ്​വര (വാലി ഓഫ് ഫ്‌ളവേഴ്‌സ്). ഒരു പത്തൻപതു കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി. ഒരു ജീവിതമാകെ ഓർത്തുവയ്ക്കാൻ വേണ്ട സൗരഭ്യം മുഴുവൻ കിട്ടും ആ ഒരൊറ്റ യാത്രയിൽ. ഒരു ജന്മത്തെയാകെ പൂമ്പൊടികളാൽ കാമുകപ്പെടുത്താൻ പറ്റുന്നത്ര നിറങ്ങളിൽ, മണങ്ങളിൽ, വലിപ്പത്തിൽ.

ഹിമാലയൻ യാത്ര എന്ന സർക്കസ്

പല വെല്ലുവിളികളാണ്​ ഹിമാലയം യാത്രക്കാരനുമുന്നിൽ അടർത്തിയിടുന്നുണ്ടായിരിക്കുക. സ്വതവേ ചെറുപ്പക്കാരായ മലനിരകളാണ്, ഹിമാലയമാകെ. നമ്മുടെ പശ്ചിമഘട്ടത്തേക്കാളും ചെറുപ്പം. ഒരു കാലഗണന വച്ചു നോക്കുകയാണെങ്കിൽ, ഏറിയാൽ അഞ്ചുകോടി വർഷം മാത്രം. പത്തിരുപതു കോടി വർഷം മുമ്പ്​ ഇന്ത്യൻ ഉപഭൂഖണ്ഡം തെക്കൻ കടലിലെവിടെയോ കൂറ്റൻ ദ്വീപായി കഴിഞ്ഞിരുന്നിടത്തുനിന്ന് ഒഴുകിനീങ്ങി ഏഷ്യൻ ഭൗമപാളിയിലേയ്ക്ക് ഇടിച്ചുകയറിയപ്പോൾ ഉണ്ടായത്. ഹിമാലയവും തിബത്ത് പീഠഭൂമിയും.

താഴെ ഏതോ ആഴത്തിൽ, കണ്ണീർച്ചാലുപോലെ ഗംഗയും പല കൈവഴികളും ഒഴുകുന്നുണ്ടാകും. ഏതു പേടിയിലും മനസിനെ കാമുകപ്പെടുത്തുന്ന കാഴ്ച തന്നെയാണ് അത്.

ഈ ചെറുപ്പം കൊണ്ടുതന്നെ ബാലാരിഷ്ടതകളും കൂടും. ഇടയ്ക്കിടെ ഇടിയുന്ന മണ്ണും പാറകളും. വളരെ കൂടിയ ജലസാന്നിധ്യമുള്ളതിനാൽ, പലപ്പോഴും മുന്നിൽ റോഡാണോ തോടാണോ എന്നു സംശയം ജനിപ്പിക്കും. ഏതു സമയത്തു മുന്നിൽ എന്തു സംഭവിക്കും എന്നു പ്രവചനാതീതം. വരുന്നിടത്തുവച്ചു കാണാം എന്നൊരു ചങ്കൂറ്റം വേണം യാത്രക്കാർക്ക്. മറ്റൊന്ന്, റോഡുകളുടെ വീതിക്കുറവാണ്. കഷ്ടിച്ച് ഒരു പെട്ടിബസിനു പോകാവുന്ന വീതി മാത്രമാണ് പലയിടത്തും. അതിൽത്തന്നെ അങ്ങോട്ടുമിങ്ങോട്ടുമുണ്ടാവും വാഹനങ്ങൾ. പെട്ടിബസിനു മുന്നിലിരിക്കുന്ന ഡ്രൈവർ റോഡ് നോക്കിത്തന്നെയാണോ വളവുകളും തിരിവുകളും എടുക്കുന്നതെന്നു സംശയിപ്പിക്കും. എതിർവാഹനത്തിനു ഇടം കൊടുക്കാൻ വേണ്ടി ഒതുക്കുമ്പോൾ, താഴെ... അങ്ങു താഴെ ആഴം നിശ്ചയിക്കാൻ സാധിക്കാത്ത കൊല്ലികൾ. സമുദ്രനിരപ്പിൽ നിന്നു രണ്ടായിരവും നാലായിരവും അടി ഉയരത്തിലായിക്കും. പലപ്പോഴും വാഹനത്തിന്റെ കൊല്ലിയുടെ വശത്തെ ടയർ റോഡും കടന്നുനിൽക്കും. ഏറെ താമസിയാതെ മനസിലാവും, ഡ്രൈവർക്കു റോഡ് അയാളുടെ മനസിലാണെന്ന്. ഒരു കൈക്കണക്കാണു ബസിനെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന്... (അതുകൊണ്ടുതന്നെ അപകടങ്ങളും ധാരാളം). വളവുകൾ വീശിയെടുക്കുന്നത് ആ കൈക്കണക്കിലാണ്. ഉയരങ്ങൾ കയറുന്നത് അതേ കൈക്കണക്കിൽ. ഒരു ഡ്രൈവറുടെ മനസിലാണ് യഥാർഥ റോഡ് ടാറിട്ടു തീർത്തിരിക്കുന്നത് എന്ന സംശയം ബലപ്പെടുത്തും.

പല വെല്ലുവിളികളാണ്​ ഹിമാലയം യാത്രക്കാരനു മുന്നിൽ അടർത്തിയിടുന്നുണ്ടായിരിക്കുക. സ്വതവേ ചെറുപ്പക്കാരായ മലനിരകളാണ്, ഹിമാലയമാകെ.

താഴെ ഏതോ ആഴത്തിൽ, കണ്ണീർച്ചാലുപോലെ ഗംഗയും പല കൈവഴികളും ഒഴുകുന്നുണ്ടാകും. ഏതു പേടിയിലും മനസിനെ കാമുകപ്പെടുത്തുന്ന കാഴ്ച തന്നെയാണ് അത്. ഹരിദ്വാറിൽ നമ്മൾ കണ്ട ഗംഗയല്ല അത്. അതിന്റെ ഒഴുക്കിന്റെ ഒച്ച പലപ്പോഴും നമ്മൾ കേട്ടെന്നിരിക്കില്ല. അതിന്റെ കളകളാരവം എന്നും മറ്റും പറയുന്ന ആ അത് വികാരപ്പെടില്ല. മറിച്ച്, നിശ്ശബ്ദമായി ഒഴുകുന്നു, താഴെയേതോ ആഴങ്ങളിൽ ഗംഗ. അത് ഉയരത്തിൽ നിന്നു സമതലത്തിലേക്കു വരികയാണ്. എന്നാൽ, അത് മനസിലാവില്ല എല്ലായിടത്തു വച്ചും. അത് അറിയണമെങ്കിൽ, മനസിൽ ഗംഗാതടത്തിന്റെ വലിയൊരു ഭൂപടം തന്നെ വേണം.

എന്നാൽ, നമ്മൾ അത് ആഗ്രഹിക്കുന്നതേയില്ല. കണ്ണീർച്ചാലു പോലെയാണ് ഒഴുക്കെങ്കിലും ഗംഗ അപ്പോഴേക്കും മനസുകളിൽ ഒഴുകിത്തുടങ്ങിയിട്ടുണ്ടാകും. പലപ്പോഴും പൂച്ചക്കണ്ണിന്റെ പച്ച കലർന്ന നീല നിറത്തിലോ അല്ലെങ്കിൽ പായൽപ്പച്ച കലർന്ന നിറത്തിലോ. ഹരിദ്വാറിൽ നമ്മൾ കണ്ട ചുറുചുറുക്കുള്ള ഗംഗയല്ല പോകുന്ന വഴിയിൽ പലയിടത്തും. എന്നാൽ, പോകപ്പോകെ നിറഞ്ഞും മെലിഞ്ഞും ഗംഗയുണ്ടാവും കൂടെ. രാത്രിയാകാശത്തെ ചന്ദ്രബിംബം യാത്രയിൽ കൂട്ടുവരുന്നതുപോലെ. ഇത്രയും കാവ്യാത്മകമായ ഒരു യാത്ര മുമ്പ് ചെയ്തിട്ടുണ്ടാവില്ല എന്നുതോന്നും. ശരിയാണ്. പേടിപ്പിക്കുന്ന ആഴങ്ങൾക്കും അടിതെറ്റിക്കുമോ എന്നു പരിഭ്രമപ്പെടുത്തുന്ന വളവുകളും തിരിവുകളും ഉണ്ടെങ്കിലും... ഓരോ വളവിലും തിരിവിലും നമ്മൾ തേടുന്നുണ്ടായിരിക്കുക ഗംഗയെത്തന്നെയായിരിക്കും.

ഋഷികേശിനും മുകളിലേക്ക്

ഋഷികേശിനു മുകളിലേക്കു പിന്നെ ഗംഗ എന്ന പേരിലായിരിക്കില്ല അത് വിളിക്കപ്പെടുന്നത്. ഗംഗോത്രി ഹിമാനി, ശതോപാന്ത് ഹിമാനി, ഖാത്ത്‌ലിങ് ഹിമാനി എന്നിവിടങ്ങളും നന്ദാദേവി, ത്രിശൂൽ, കേദാർനാഥ്, നന്ദാകോട്ട് തുടങ്ങിയ ഹിമമുടികളിൽ നിന്ന്​ ഉരുകിയെത്തുന്ന ഹിമജലവുമാണ് ഗംഗയുടെ സ്രോതസായി കണക്കാക്കപ്പെടുന്നത്. ഹിമാലയൻ മലനിരകളിൽ നിന്നു താഴേക്കിറങ്ങുന്ന പല കൈവഴികളുടെ - ധൗലിഗംഗ, അളകനന്ദ, നന്ദാകിനി, മന്ദാകിനി, പിണ്ടാർ, ഭാഗീരഥി - ജലസമൃദ്ധിയാണു ഗംഗയ്ക്ക്.

ഈ നദികൾ അവയുടെ നീർവഴിയിൽ മറ്റുള്ളവയുമായി സന്ധിക്കുന്നു. നദികളെ ആരാധിച്ചവർ തന്നെ നദീസംഗമങ്ങളെയും ആരാധിക്കുന്നുണ്ട്. ആരാധനയ്ക്കും ഭക്തിക്കും മീതെ യാത്രക്കാരനെ ആകർഷിക്കുന്നത്​ രണ്ടു ദേവതീർഥങ്ങളുടെ സംഗമത്തിലെ കാഴ്ചയുടെ പുണ്യം തന്നെയാണ്. ഏതു നാസ്തികനും ആ അലൗകികതയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കും. ഒരു ജനതയുടെ ജീവിതത്തിലേക്കു സിരാപടലം പടർത്തിയ നീരൊഴുക്കിന്റെ സമ്പന്നതയെ. അത്തരം ഒരു ജലസംഗമത്തിനു പ്രകൃതി ചേർത്തുവച്ചിരിക്കുന്ന മായികമായ ഇണക്കണ്ണികളെ... ആ അന്തരീക്ഷത്തിന്റെ സ്വച്ഛതയെ. ജീവനുള്ളവയെയും ഇല്ലാത്തവയെയും ചേർത്തുപിടിക്കുന്ന സൂക്ഷ്മസമഗ്രതയെ.

ബദരീനാഥിൽ നിന്ന്​ വീണ്ടും മുന്നോട്ട് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിവരില്ല, മാനാ ഗ്രാമമെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ അവസാനത്തെ ഗ്രാമം.

അളകനന്ദയുമായി വിഷ്ണുപ്രയാഗിൽ ധൗലിഗംഗ, നന്ദപ്രയാഗയിൽ നന്ദാകിനി, കർമപ്രയാഗയിൽ പിണ്ടാർ, ദേവപ്രയാഗയിൽ ഭാഗീരഥി, രുദ്രപ്രയാഗയിൽ മന്ദാകിനി എന്നിവയുമായി കൂടിച്ചേരുന്നു. ഈ ഓരോ സംഗമഘട്ടത്തിലും വിശ്വാസമൂർത്തികളുമായി ബന്ധപ്പെട്ട് ആരാധനകളും കൂട്ടായ്മകളും ഭക്തിഘോഷണങ്ങളും നടക്കാറുണ്ട്. (ഇങ്ങുതാഴെ യു.പി.യിലെ അലാഹാബാദിലാണ് - പ്രയാഗ് രാജ് - ഗംഗയും യമുനയും (ഇതിഹാസ) സരസ്വതിയും സംഗമിക്കുന്നത്).

ജോഷിമഠ് : സ്വപ്നത്തിലേക്കുള്ള കവാടം

തീർന്നില്ല, കാഴ്ചകൾ. പല ഉയരങ്ങൾ പല മലമടക്കുകൾ കയറിക്കറങ്ങി ജ്യോതിർ മഠമെന്ന ജോഷിമഠിലെത്തും. അവിടെയും എന്നാൽ, വീണ്ടും കാഴ്ചകൾ കാണാൻ തുടങ്ങുന്നതേയുള്ള. ആറായിരത്തിലധികം അടി ഉയരത്തിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇവിടെനിന്ന്​ മൂന്നുവഴി. നേരേ ബദരീനാഥ്. അതിനുമപ്പുറം മാനീ ഗ്രാമം, അവിടെ ഇന്ത്യ തീരുന്നു. അപ്പുറത്തു ചൈന. മഞ്ഞുപുതഞ്ഞു കിടക്കുന്ന ഔലി എന്ന ഹിമസാമ്രാജ്യം. പിന്നെ പുഷ്പങ്ങളുടെ താഴ്വര എന്ന വാലി ഓഫ് ഫ്‌ളവേഴ്‌സ്. നന്ദാദേവി ദേശീയ വനോദ്യാനം. പിന്നെ ഉയരങ്ങളിൽ താമസിക്കുന്ന ജനതയുടെ മഞ്ഞിലിട്ട ജീവിതങ്ങളും കാണാനുണ്ട്.

അളകനന്ദയുടെ തീരത്തുള്ള ബദരിക്ഷേത്രം, അല്ലെങ്കിൽ ബദരിനാരായൺ ക്ഷേത്രം പ്രശസ്തം. എട്ടാം നൂറ്റാണ്ടിലെ ഹിന്ദു നവോത്ഥാനത്തിന്റെ ഭാഗമായി ശങ്കരാചാര്യർ പുനർനിർണയിച്ച ഹൈന്ദവ വിശ്വാസത്തിന്റെ ആണിക്കല്ലുകളായ ചതുർ ധാമുകളിൽ (ക്ഷേത്രം) ഒന്ന്. ഏപ്രിൽ മുതൽ നവംബർ ആദ്യം വരെ ആറുമാസം മാത്രം ക്ഷേത്രദർശനം. മുഖ്യപൂജാരിയായ റാവൽ കേരള നമ്പൂതിരി കുടുംബങ്ങളിൽ നിന്നുമാത്രം. മലയാളികൾക്കു ക്ഷേത്രം സന്ദർശിക്കാൻ അങ്ങനെയൊരു കാരണം കൂടിയുണ്ട്.

‘ഹിന്ദുസ്ഥാൻ കീ അന്തിമ ദൂകാൻ’ എന്നെഴുതി സ്വയം പരസ്യമായി നിൽക്കുന്ന കടകളും കാണാം. ഇന്ത്യയുടെ അവസാനത്തെ ചായ / കാപ്പി കടയിൽ നിന്നു ചായ കുടിക്കാൻ ക്ഷണിക്കും നാട്ടുകാർ

ജോഷിമഠിൽ നിന്ന്​ റോഡുവഴിയെത്താം ഔലിയിൽ. അതിസാഹസികരല്ലാത്ത സാധാരണ യാത്രക്കാർക്കു ചെന്നുപറ്റാൻ പറ്റുന്ന ഒരു ഹിമ മുടി തന്നെയത്. പതിനഞ്ചിൽ താഴെ കിലോമീറ്റർ ദൂരമേയുളളൂ. ഇനി ആകാശത്തിലൂടെ മഞ്ഞിൻമുടികൾക്കുമീതെ പറന്നുപോകുന്ന പ്രതീതിയാണ്​ വേണ്ടതെങ്കിൽ റോപ് വേയുണ്ട്. കമ്പിക്കയറിൽ കൊളുത്തിയിട്ട സുതാര്യമായ പേടകത്തിനുള്ളിൽ നിന്നുകൊണ്ട് ഹിമാലയൻ മലനിരകൾ കണ്ട് ഉയരങ്ങളിലേക്ക്.

സ്വർഗത്തിലേക്കുള്ള വഴി, മാനാ ഗ്രാമം

ബദരീനാഥിൽ നിന്ന്​ വീണ്ടും മുന്നോട്ട് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിവരില്ല, മാനാ ഗ്രാമമെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ അവസാനത്തെ ഗ്രാമം. മാനായോ ചിത്കുലോ തവാങ്ങോ ഈ അവസാനത്തെ ഗ്രാമം എന്നു സംശയമുണ്ടായേക്കാം. ഇന്ത്യാ- തിബത്ത് അതിർത്തിയിലാണ്​ ഹിമാചൽ പ്രദേശിലെ ചിത്കുൽ ഗ്രാമമുള്ളത്. അതും അവസാനത്തേതു തന്നെ. എന്നാൽ സർക്കാർ രേഖകൾ പ്രകാരം മാനായാണ് ജനവാസമുള്ള അവസാനത്തേത്. ആ അവകാശവാദം മാനായിലെ ജനങ്ങളും പ്രഖ്യാപിക്കുക മാത്രമല്ല, ബോർഡിലെഴുതി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ‘ഹിന്ദുസ്ഥാൻ കീ അന്തിമ ദൂകാൻ’ എന്നെഴുതി സ്വയം പരസ്യമായി നിൽക്കുന്ന കടകളും കാണാം. അവിടെ നിന്ന് ഇരുപത്തഞ്ചിൽ താഴെ കിലോമീറ്റർ ദൂരം ചൈനയിലേക്ക്. ഇന്ത്യയുടെ അവസാനത്തെ ചായ / കാപ്പി കടയിൽ നിന്നു ചായ കുടിക്കാൻ ക്ഷണിക്കും നാട്ടുകാർ.

ചിത്കുൽ ഗ്രാമം

ചമോലി ജില്ലയിൽ, സരസ്വതി നദിക്കരയിലെ മാനാ എല്ലാ അർഥത്തിലും വിദൂരഗ്രാമം തന്നെയാണ്. അപ്പോഴും ഇന്ത്യയുടെ അവസാന ശ്വാസം അവിടെയുണ്ട്.

പഞ്ചപാണ്ഡവരും പത്‌നിയും കൂട്ടുവന്ന ശ്വാനനും അവരുടെ സ്വർഗാരോഹണത്തിന്റെ പടിക്കല്ലുകൾ ചവിട്ടിക്കയറിയതു മാനായിലൂടെയാണ് എന്നാണ് ഐതിഹ്യം. അതിനെ സാധൂകരിക്കുന്നതായി സരസ്വതി നദിയിൽ ഒരു പാലവും. ഭീം പുൽ. ഭീമൻപാലമല്ലെങ്കിലും മഹാഭാരത ഭീമൻ നിർമിച്ചതാണെന്നാണു സങ്കൽപ്പം.

പുഷ്പജന്മങ്ങളുടെ താഴ്​വര

ജോഷിമഠിൽ നിന്ന്​ കാണാതെ തിരിച്ചുപോകുന്നത്​ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിത്തീരുന്ന ഒരു സ്ഥലമേയുള്ളൂ. അതാണ്​ പൂക്കളുടെ താഴ്​വര എന്ന വാലി ഓഫ് ഫ്‌ളവേഴ്‌സ്. ജോഷിമഠിൽ നിന്ന് ആദ്യം പോകേണ്ടതു ഇരുപതോളം കിലോമീറ്റർ അകലെയുള്ള ഗോവിന്ദ്ഘാട്ടിലേക്ക്. ഇടത്തരം ബസ്സോ വാടകയ്ക്കു കാറോ ലഭിച്ചാൽ, ഏറിയാൽ മുക്കാൽ മണിക്കൂറേയുള്ളൂ. പൂക്കളുടെ താഴ്വരയിലേക്കുള്ള ട്രെക് പോയിന്റിലേക്ക്​ പിന്നെയും നാലു കിലോമീറ്റർ. ഏതു വാഹനത്തിന്റെയും അവസാന പോയിന്റാണ് അത്. പിന്നെ നടത്തം തന്നെ. ഒരു പതിനൊന്നു കിലോമീറ്ററോളം ഘനഗാരിയയിലേക്ക്. (കീശ കനമുള്ളതെങ്കിൽ ഘനഗാരിയ വരെ ഹെലികോപ്റ്ററിൽ യാത്ര തരപ്പെടുത്താം). പത്തെണ്ണൂറോളം മീറ്റർ ഉയരത്തിലേക്കാണ്​ യാത്ര. അവിടെ നിന്നു വിസ്മയങ്ങളുടെ താഴ്വരയിലേക്കു പിന്നെയും അഞ്ചുകിലോമീറ്റർ. നടന്നുതന്നെ പോകണം.

ഗോവിന്ദ്ഘാട്ട് ടൗൺ

എത്ര നടന്നാലെന്ത്. ഇത്രയും കാവ്യാത്മകമായ ഒരു നടത്തം ജീവിതത്തിൽ മുമ്പുണ്ടായിട്ടില്ലെന്നു മനസിലാവും. ദൂരെ വെൺമേഘങ്ങളെ തടുത്തുകൂട്ടുന്ന മലനിരകൾ. മൂവായിരത്തറുന്നൂറോളം മീറ്റർ ഉയരത്തിലുള്ളതാണ് പൂത്താഴ്​വര അടങ്ങുന്ന ദേശീയോദ്യാനം. അതിന്റെ കുറച്ചു സ്ഥലങ്ങൾ മാത്രമാണ്​സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുന്നത്. എന്നാലും, നൂറായിരം നിറങ്ങൾ വന്നു കണ്ണുനിറച്ചു കളയും. പിന്നെയും ഉയരത്തിലേക്കു ഹേമകുണ്ഠ് സാഹിബ്. ഇതിലും സുന്ദരമായ കാഴ്ച പിന്നെ സ്വപ്നങ്ങളിൽ മാത്രം. ഒരിക്കലും മനസിൽ നിന്നു മാഞ്ഞുപോകാത്തത്. എന്നും മണം പൊഴിക്കുന്നത്. പേരറിയാത്ത കാട്ടുപൂമണം വന്നു അകമേ വസന്തം വിരിയിച്ചുകളയും. അടുത്ത ജൂലൈ, ഓഗസ്റ്റ് മാസങ്ങളെ ഇപ്പോഴേ മാറ്റിവച്ചേക്കുക. ഭൂമിയിലെ സ്വർഗമെന്നും മറ്റും കശ്മീരിനെ വാഴ്ത്തുന്നവർ പറയാത്ത ഒരു കാര്യം, യഥാർഥത്തിൽ ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയാണ് എന്നതു മാത്രമാണ്.

ഉത്തരാഖണ്ഡിൽ നിന്നു മടക്കം

ഒരിക്കലും മടങ്ങിപ്പോവാൻ തോന്നരുതേ എന്നു പ്രാർഥിച്ചുപോവുന്ന ഒരു സ്ഥലത്തു നിന്നാണ് - അതൊരു സ്ഥലമല്ല, ഒരു സ്ഥല-കാല ഹാങോവറാണ് ശരിക്കും - വേരുപറിച്ച് ഇറങ്ങേണ്ടിവരുന്നത്. ജീവിതത്തിൽ എന്നെങ്കിലും എന്തെങ്കിലും പ്രാർഥിക്കാനായി ഉണ്ടെങ്കിൽ ഇതാണ് ആ പ്രാർഥന. ഒന്നിൽ നിന്നു പല വഴിക്കു പടിയിറങ്ങിപ്പോവുന്ന പല യാത്രകൾ അപ്പോഴും തീർന്നിട്ടുണ്ടാവില്ല മനസിൽ. അതു പിന്നീടുള്ള ജീവിതകാലം മുഴുവൻ ഓർമയുടെ പല വഴികളിലൂടെ യാത്ര നടത്തിക്കൊണ്ടേയിരിക്കും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments