ബുദ്ധഗയയിലെ ബുദ്ധ പ്രതിമ / Photo: Wikimedia Commons

ഏതു വഴിയും തെറ്റിച്ചുനീങ്ങുന്ന ഒരേയൊരു വഴിവിട്ട യാത്ര

ഇന്നത്തെ ബിഹാറിലെ, അന്നത്തെ മഗധത്തിലെ, ബുദ്ധഗയയിലേക്കുള്ള ഓരോ വഴിയും അങ്ങനെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ തന്നിലേക്കു തന്നെ വന്നെത്തുന്നതാണ്.

മ്മൾ മുന്നോട്ടുപോകുന്ന വഴികളായിരുന്നല്ലോ ചുറ്റിലും.
ഓരോരോ കാഴ്ചകൾ കേൾക്കാനും ഓരോ ഭാഷകൾ കാണാനും.
എഴുതിയതിലെ തെറ്റല്ല. ഓരോ കാഴ്ചയ്ക്കും കണ്ണിൽ നിറയ്ക്കുന്നതിനുമപ്പുറം പറയാനും ധാരാളമുണ്ട് എന്നൊരു തിരിച്ചറിവുണ്ടായിരിക്കുന്നു. അത് മൃദുവായും ഉറക്കെയും ഒട്ടും ശബ്ദമില്ലാതെയും ആയിരിക്കാം. അതാണ് ഓരോ കാഴ്ചയെയും വെറും കാഴ്ച മാത്രമാക്കി മാറ്റാതിരിക്കുന്നത്. അതുപോലെ ഓരോ ഭാഷയ്ക്കുമുണ്ട്​ കാണാനുമേറെ. ഭാഷയെന്നത്​ വെറും കേൾവി മാത്രമല്ല. അതുമായി ബന്ധപ്പെട്ട സംസ്‌ക്കാരത്തെ, അതിന്റെ ആകാരവടിവുകളെ, അതിന്റെ മെയ് വഴക്കങ്ങളെ കാണേണ്ടതുണ്ട് എന്നുതന്നെ.

അതല്ല പറഞ്ഞുവന്നത്. നമ്മൾ മുന്നോട്ടുപോകുന്ന വഴികളായിരുന്നല്ലോ, ചുറ്റിലും. എന്നാൽ നമ്മളിലേയ്ക്ക് എത്തിച്ചേരുന്ന വഴികളുണ്ട്. ബോധങ്ങളുടെ വഴിയാണ് അവ. ബോധോദയം എന്നു പറയും. അങ്ങനെ തന്നിലേക്ക് എത്തിച്ചേർന്ന ഒരു യാത്രയുണ്ടായിരുന്നു മുമ്പ്. സ്വന്തം ജ്ഞാനോദയത്തിലേക്ക്. ധ്യാനബോധിയിൽ നിന്നുള്ള അഴിച്ചിലിലേക്ക്. ബോധത്തിൽ നിന്നു ബുദ്ധായനത്തിലേക്ക്. അതുകൊണ്ടുതന്നെ ബുദ്ധഗയയിലേക്കുള്ളത് അങ്ങോട്ടുള്ള വഴിയല്ല. ഇങ്ങോട്ടുള്ളതാണ്. അകത്തേക്കുള്ളത്. പുറത്തിനെ അകത്തേക്കു കൊണ്ടുവരാനുള്ളതായ യാത്രപറച്ചിലുകളുടെ. അതുകൊണ്ടുതന്നെ, ഗോതമബുദ്ധനിൽ നിന്നു ഗൗതമബുദ്ധനിലേക്ക്. ദക്ഷിണ നേപ്പാളിലെ ലുംബിനിയിൽ നിന്നു ലോകത്തിന്റെ പല ഭാഗത്തെയും മനുഷ്യരിലേക്ക്.

ബുദ്ധഗയ എന്ന മനുഷ്യതാപങ്ങളുടെ തണലിലേക്ക് നേരത്തേ തയാറാക്കിയ മുന്നൊരുക്കങ്ങളോടെ പുറപ്പെടേണ്ടുന്ന ഒരു യാത്രയല്ല. അതു സംഭവിക്കുന്നതാണ് എന്നു വിചാരിക്കുകയല്ല, സംഭവിക്കുന്നതു തന്നെയാണ്.

ഞാൻ പോകുന്നു എന്നു പറഞ്ഞു യാത്രയിറങ്ങുന്ന ആ ഒരു വഴി പുറപ്പെട്ടലഞ്ഞ് എത്തിച്ചേരുന്നത് ഓരോരുത്തരുടെയും മനസിലേക്കാണ്. ഇന്നത്തെ ബിഹാറിലെ, അന്നത്തെ മഗധത്തിലെ, ബുദ്ധഗയയിലേക്കുള്ള ഓരോ വഴിയും അങ്ങനെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ തന്നിലേക്കുതന്നെ വന്നെത്തുന്നതാണ്. അതെന്നു സംഭവിക്കും എന്നു പറയാനാവില്ല ഒരിക്കലും. അത് അങ്ങനെ സംഭവിക്കും. ആ അനിവാര്യതയ്ക്കുള്ള കാത്തിരിപ്പാണ് ജീവിതത്തിന്റെയാകെ. അതുകൊണ്ടുതന്നെ ബുദ്ധഗയ എന്ന മനുഷ്യതാപങ്ങളുടെ തണലിലേക്ക് നേരത്തേ തയാറാക്കിയ മുന്നൊരുക്കങ്ങളോടെ പുറപ്പെടേണ്ടുന്ന ഒരു യാത്രയല്ല. അതു സംഭവിക്കുന്നതാണ് എന്നു വിചാരിക്കുകയല്ല, സംഭവിക്കുന്നതു തന്നെയാണ്.

ഒരു ട്രാവൽ ഡെസ്റ്റിനേഷനല്ല, ഗയ

ലോകത്തെ മറ്റേതൊരു സ്ഥലം പോലെയും ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ബുദ്ധഗയയെ പെടുത്താതിരിക്കുക. മഹാപ്രതിഷ്ഠകളും മഹാവിഹാരങ്ങളും ഇല്ലെന്നല്ല. എല്ലാം ഉണ്ട്. എന്നാലും അതൊന്നും കാഴ്ചപ്പട്ടികയിൽ ഗയയെ ഉൾപ്പെടുത്തില്ല. കാരണം, മഹാബോധത്തിൽ നിന്ന്​ മനസിന്റെ അന്ധകോണുകളിലേയ്ക്കു വന്നെത്തുന്ന ആ വഴി തന്നെ ജ്ഞാനത്തിലേക്കുള്ള മോചനമാർഗമാണ് എന്നതുതന്നെ. ശാന്തിയിലേക്ക്, ശരണത്തിലേക്കു ഞാൻ പോകുന്നു എന്ന മന്ത്രത്തിൽ തന്നെ അതുണ്ട്. ലോകത്തിന്റെ എല്ലാ വേർതിരിവുകൾക്കും അപ്പുറത്താണു ബുദ്ധ ഗയ (ബോധ് ഗയ എന്നു ഗോസായി എഴുതും). എല്ലാ വേലിക്കെട്ടുകളും താനെ അഴിഞ്ഞുപോകുന്നിടം. എല്ലാ കാഴ്ചകളും മുറിഞ്ഞ് അലൗകികമായ അനുഭൂതിയെന്ന അനുഭവക്കാഴ്ചയാണത്.

ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രം / Photo: Wikimedia Commons

പുതിയ കാലത്ത് പുതിയ ലോകത്ത് ബുദ്ധിസ്റ്റ് സർക്യൂട്ട് എന്ന പേരിലൊക്കെ എന്നാൽ അവിടേക്കുള്ള ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ലുംബിനി, ഖുഷിനഗർ, ഗയ തുടങ്ങി ശ്രീലങ്കയിലെ ബുദ്ധമഹാപ്രതിഷ്ഠകളിലേക്കു വരെ. മുഖ്യധാരാസമൂഹത്തിലെ അങ്ങനെ ചില നാട്ടുനടപ്പുകൾക്കനുസരിച്ചു ചെന്നുകണ്ടു കുളിച്ചുതാമസിച്ചു മടങ്ങിവരാനുള്ള യാത്രയല്ല, അത്. ജ്ഞാനത്തിലേക്കുള്ള യാത്രയുമല്ല. എന്നാൽ, ജ്ഞാനോദയത്തിന്റെ മഹാഭൂമിയാണ്. അവനവനെന്ന മഹാമിഥ്യയെ അഴിച്ചുകളയൽ. അഹങ്കാരത്തെ നിരാകരിക്കൽ. സ്വന്തമെന്ന എല്ലാത്തിനെയും ഉപേക്ഷിക്കൽ. മറിച്ച്, മനുഷ്യനന്മയുടെ ആഴങ്ങൾ കണ്ടെടുക്കാനുള്ളത്. കാണുന്നതിനപ്പുറത്തേക്ക് നോക്കാനുള്ളത്. അറിഞ്ഞതിനപ്പുറം അറിയാനുള്ളത്. അതാണു ബുദ്ധഗയ.

മുൻപാഠങ്ങൾ മറന്നേക്കുക

ക്രിസ്തുവിന്​ ആറു നൂറ്റാണ്ടുകൾക്കു മുന്നേ, മുപ്പത്തഞ്ചുവയസിൽ ‘താനാ'ണ്​ലോകത്തിന്റെ എല്ലാ അർഥാനർഥങ്ങൾക്കും കാരണമെന്നു ജ്ഞാനോദയം കൊണ്ട ഗൗതമബുദ്ധനെപ്പറ്റി നാളിത്രയുമായി പല പാഠങ്ങളുമുണ്ടായിട്ടുണ്ട്. പല ഐതിഹ്യങ്ങൾ, പല സാക്ഷ്യങ്ങൾ, പല സഹനങ്ങൾ. അതെല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ആ മുൻകാല ടെക്സ്റ്റുകളുടെ പൂർവബാധ്യതകളെല്ലാം അഴിച്ചുകളയുക. ഒരു മുന്നറിവിന്റെയും മുൻകെട്ടുകളില്ലാതെ ഒരു യാത്രയാണ് ബുദ്ധഗയ.

ബുദ്ധഗയ വന്നുവിളിക്കുന്ന വഴിയിലൂടെ സ്വയം ഇറങ്ങിപ്പോവുന്ന ഓരോരുത്തരുടെയും വ്യാഖ്യാനമാണ് അയാളുടെ / അവളുടെ ബുദ്ധൻ. ആർക്കും ഒരു മുൻവിധിയുമില്ലാതെ സമീപിക്കാവുന്നതെന്തോ അതു തന്നെയാണു ബുദ്ധം. താൻതാൻ കണ്ടെത്തുന്നതെന്തോ അത്. താൻതാൻ എന്നതു നിരസിക്കുന്നതെന്തോ അത്. തന്റെ വഴിയേതെന്നു തിരിച്ചറിയുന്നതെന്തോ അത്. ബുദ്ധനെത്തുടർന്നുള്ള കാലങ്ങളിൽ അതതു കാലഘട്ടത്തിനനുസരിച്ചു ബുദ്ധന്റെ ദാർശനികസത്യത്തിൽ പല വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. പല സാക്ഷ്യങ്ങൾ. പല വിശദീകരണങ്ങൾ. പല മഹായാനങ്ങൾ. പല അനുഷ്ഠാനങ്ങൾ. ആചാരങ്ങൾ. അതെല്ലാം ഉണ്ട്. ബുദ്ധന്റെ വഴി അങ്ങനെയാണ്. അത് ഒരേയൊരൊന്നല്ല. മറിച്ച്, ഓരോരുത്തരും അനുഭവിക്കുന്നതാണ്. അതുതന്നെയാണ് ജ്ഞാനോദയമെന്നത്.

കാരണം, ജ്ഞാനത്തിന്റെ ഒരു തുറസിൽ മാത്രം ബുദ്ധനും അടയിരുന്നിരുന്നില്ല. ഒരിക്കൽ തുറന്നുകിട്ടിയ അറിവ് പല അറിവുകൾക്കും വഴികളായി. പല അന്വേഷണങ്ങളായി. ആ ജ്ഞാനോദയം ഏതെങ്കിലും വരേണ്യതകൾക്കു ബുദ്ധി ഉപദേശിക്കാൻ മാത്രമുള്ളതായിരുന്നില്ല. പല നാടുകളിൽ, പല ഭാഷകളിൽ, പല ആളുകളുമായി സംവദിക്കുകയായിരുന്നു. ഇഴയുന്നതിനെയും നാലുകാലിൽ, ഇരുകാലിൽ ഉഴലുന്നവയെയും അത് കാരുണ്യത്തോടെ കണ്ടു. അവരുടെ അശാന്തി സ്വന്തം നിർമമതയാൽ കഴുകി. എത്രയോ ചോരച്ചാലുകളെ അതു മുളയിലേ നുള്ളിക്കളഞ്ഞു. മഹായാത്രയാണു പരമമായ ജീവിതമെന്നു വഴിനടത്തിച്ചു. ആ ഒരു ബുദ്ധഗയയിലേക്കാണു പോകുന്നത്.

അതുകൊണ്ട്, അത് ആത്മാന്വേഷണത്തിനുള്ള ഒരു വ്രതം കൂടിയാവുന്നു. മുൻടെക്സ്റ്റുകളുടെ, മുൻഭാവനകളുടെ ഒരു തൂവൽക്കനം പോലും കൂടെക്കരുതണമെന്നില്ല. ഒരു മുന്നറിവുമില്ലാതെ... ഇതാണ്, ഇവിടെയാണ് എന്ന ചൂണ്ടുപലകകൾ വായിക്കാതെ. ഇങ്ങനെയാണ് എന്ന വിവരണങ്ങൾ, വ്യാഖ്യാനങ്ങൾ കേൾക്കാതെ... പറ്റുമെങ്കിൽ ഒറ്റയ്ക്ക്.

കൂറ്റൻ സ്തൂപങ്ങൾക്കുമുന്നിൽ സ്വയം ചിത്രത്തിൽ വരച്ചെടുക്കാനല്ല. പിന്നീടുള്ള ഓർമയിലേക്ക് ആൽബമാക്കാനല്ല. മറിച്ച്, ഞാനെന്നൊരാൾ തനിച്ചല്ല എന്നറിയാൻ. തന്റെ സങ്കടങ്ങളും ആശങ്കകളും മാത്രമല്ല, തന്നെ വേദനിപ്പിക്കേണ്ടതും വേവലാതിപ്പെടുത്തേണ്ടതും എന്നറിയാൻ. അത്​ മഹാബോധിയിൽ മനസിലാവും. ചുറ്റും കാണുന്ന ആൾക്കൂട്ടത്തിൽ താൻ എന്നത് എത്രമാത്രം ഒറ്റപ്പെട്ടതാണെന്ന്. ആർക്കുന്ന മനുഷ്യരുടെ കൂട്ടത്തിൽ. മഹാകാഴ്ചകൾ കണ്ട നിർവൃതിയിലെ ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കാണെന്ന്. എന്നാൽ, അടുത്ത നിമിഷം, ഭൂമിയിലെ എല്ലാ ജീവനുകളുടെയും ഒരു കോർത്തുനൂൽ തന്നിലൂടെ കടന്നുപോകുന്നുണ്ടെന്ന്. മഹാമൗനത്തിന്റെ ദേവാലയങ്ങളിൽ, മഹാത്യാഗത്തിന്റെ അനുഷ്ഠാനപ്പുരകളിൽ, മഹാസഹനത്തിന്റെ നേർച്ചക്കളങ്ങളിൽ.

ബുദ്ധ ഗയയിലെ ബോധി വൃക്ഷം / Photo: Wikimedia Commons

ഒന്നിന്റെയും പൂർവബാധ്യതയില്ലെങ്കിൽ മാത്രമേ ഇതു സാധിക്കുകയുള്ളൂ. അല്ലെങ്കിൽ പൂർവ അറിവുകൾ വന്നു തൊട്ടുകാണിക്കും. ഇതാണ്​മഹാബോധി വൃക്ഷം. അല്ലെങ്കിൽ അതിന്റെ ശേഷിപ്പുകൾ. ഇവിടെവച്ചാണു മഹാജ്ഞാനോദയം സംഭവിച്ചതെന്ന്. അതെല്ലാം പക്ഷേ, വന്നു മനസിനെ മറ്റേതോ അപദാനങ്ങളിലേക്കു വഴിതിരിച്ചുകൊണ്ടുപോകും. അല്ലെങ്കിൽ, നമ്മൾ, മഹാബോധത്തിന്റെ ബോധിവൃക്ഷത്തെ തിരിച്ചറിയും. ഇവിടെയാണ്, തനിക്കു തന്റേതായ അറിവിന്റെ വാതിൽ തുറക്കപ്പെട്ടതെന്ന്. നാളിതുവരെയില്ലാത്ത ശാന്തിയുടെ കൊടുങ്കാറ്റുകൾ കെട്ടഴിക്കപ്പെടുവാൻ കാത്തിരിക്കുന്നത് അറിയും. അവിടെ ഓരോ ആളും ഓരോ ബുദ്ധനാവും. വായിച്ചുകേട്ടറിഞ്ഞതല്ല. നാളിതുവരെ കൊണ്ടുനടന്നതുമല്ല. താൻ തന്നെ പുതുക്കപ്പെട്ടു എന്നൊരു തിരിച്ചറിവ്.

ഒരൊറ്റ ഒരിടമല്ല ബുദ്ധഗയ

പിന്നെ?
ഗയ തന്നെ യാത്രയാണ്. അന്വേഷണത്തിലേക്കുള്ളത്.
ജ്ഞാനത്തിന്റെ തുടക്കത്തിലേയ്ക്കുള്ളത്. മഹാനദികളുടെ പിറവിമുഖത്തേക്ക് എന്നതുപോലെ. പ്രപഞ്ചത്തിന്റെ ആദ്യ നിമിഷങ്ങളിലേക്ക് എന്ന പോലെ. ബുദ്ധഗയ ഒരിടമാണെന്നും മഹാബോധിവൃക്ഷം അവിടെയാണെന്നും തോന്നുന്നത് പൂർവ ടെക്​സ്​റ്റുകളുടെ ഹാങോവറിലാണ്. സിദ്ധാർഥൻ എന്ന മഹാസമ്പന്നതയുടെ കുമാരൻ, ജീവിതത്തിന്റെ കെട്ടുപാടുകളെ ഒരു പാതിയുറക്കത്തിൽ ഉപേക്ഷിച്ചുപോയി ബോധിവൃക്ഷത്തിന്റെ അഭൗമമായ തണലിൽ ഒരു നിമിത്തംപോലെ ഒരു നിമിഷത്തിൽ ബോധോദയം വന്നു ബുദ്ധനായി എന്നത് അത്തരം പൂർവപാഠങ്ങളുടെ ലളിതസാരം മാത്രമാവും. ഒരു ഉൾസ്‌ഫോടനം പോലെ ജ്ഞാനമുണ്ടായി എന്നും. അങ്ങനെയും പുരാവൃത്തങ്ങളുണ്ട്. എന്നാൽ, അത് യഥാർഥ ജ്ഞാനത്തിന്റെ ഒരു മിന്നൽപ്പിണറായിരുന്നെന്നും ഗോതമൻ എന്ന സിദ്ധാർഥന്റെ നാളതുവരെയുളള ആകുലതകൾ ജൈവവാൽമീകം പൊട്ടിച്ചു സ്വാതന്ത്ര്യം കൊള്ളുകയായിരുന്നു എന്നും തിരിച്ചറിയണം. ഇന്നു മഹാബോധിക്കു മാനവരാശിയോടു പറയാനുള്ളതും അതുതന്നെ.

പട്ടണത്തിൽ നിന്ന്​ പതിനഞ്ചോളം കിലോമീറ്ററിനപ്പുറം ബോധ്ഗയ അല്ലെങ്കിൽ ബുദ്ധഗയ. മഹാബോധി ബുദ്ധവിഹാരസമുച്ചയത്തിന്റെ മാറ്റപ്പേര്. ബുദ്ധദർശനങ്ങളുടെ ആരൂഢം. മഹാജ്ഞാനോദയത്തിന്റെ ശാശ്വതമായ പര്യായം. പിന്നീടു വന്ന ഒരു ആശയാനുഷ്ഠാനത്തിനും മായ്ച്ചുകളയാൻ സാധിക്കാത്ത മഹാപ്രതിഷ്ഠാനം.

ശ്വാസം പിടിച്ചുനിൽക്കുന്ന അരയാലികൾ ഇടയ്ക്ക് ഞെട്ടിയുണർന്നു പറയുന്നുണ്ടായിരിക്കുന്നതും മറ്റൊന്നല്ല. അതു തന്നെയാണ്​ ലോകത്തെ ഏതു പച്ചിലയും. ഏതു പച്ചിലയിലും ജീവന്റെ കാലൊച്ച കേൾക്കുന്നവർക്കു ബുദ്ധഗയ ഒരു നിമിത്തം മാത്രം. മനക്കാഴ്ചയുടെ ഉൾവനങ്ങളിലേക്കു കടന്നുചെല്ലാനുള്ള ഹരിതകവാടം. ബുദ്ധഗയ എന്ന ഒരു സ്ഥലമുണ്ട് എന്നാലും. അതു ജ്ഞാനോദയത്തിന്റെ മൂർച്ചയുടെ പല തുറസുകളിലൊന്നായി കാണാനാവും അവിടെ ചെന്നാൽ എന്നുമാത്രം. ജൈവതയുടെ അന്വേഷണത്തിന്റെ ഏതു തുറസിനെയും വിളിക്കാവുന്ന ഒരു പേരാണത് എന്നു തിരിച്ചറിയണം എന്നേയുള്ളൂ.

ആ ഗയയെ ബുദ്ധഗയ എന്ന പേരിൽ ഭൂമിയിൽ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലം, ബിഹാറിലെ പട്‌നയിൽ നിന്ന് നൂറു കിലോമീറ്ററാണ്​ ഗയയ്ക്ക്. പട്ടണത്തിൽ നിന്ന്​ പതിനഞ്ചോളം കിലോമീറ്ററിനപ്പുറം ബോധ്ഗയ അല്ലെങ്കിൽ ബുദ്ധഗയ. മഹാബോധി ബുദ്ധവിഹാരസമുച്ചയത്തിന്റെ മാറ്റപ്പേര്. ബുദ്ധദർശനങ്ങളുടെ ആരൂഢം. മഹാജ്ഞാനോദയത്തിന്റെ ശാശ്വതമായ പര്യായം. പിന്നീടു വന്ന ഒരു ആശയാനുഷ്ഠാനത്തിനും മായ്ച്ചുകളയാൻ സാധിക്കാത്ത മഹാപ്രതിഷ്ഠാനം. ബുദ്ധമതാനുയായികളെ സംബന്ധിച്ച് ഏറ്റം പുണ്യസ്ഥലം. ഗൗതമബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാലു ദിവ്യസ്ഥാനങ്ങളിൽ - ലുംബിനി, ഖുശിനഗർ, സാരനാഥ് - ഒന്ന്.

ബുദ്ധ ഗയയിലെ ബുദ്ധ വിഹാരം / Photo: Wikimedia Commons

അഹത്തിൽ നിന്ന്​ പരത്തിലേക്കും പരത്തിൽ നിന്ന് അഹത്തിലേക്കുമുള്ള ബുദ്ധന്റെ മഹായാനങ്ങളുടെ ചരിത്രവും ആഖ്യാനങ്ങളും അതിന്റെ ബദൽ പാഠങ്ങളും എല്ലാമുണ്ട് ധാരാളം. എന്നാൽ, നേരത്തേ പറഞ്ഞതുപോലെ, ഒരു മുൻ പാഠത്തിന്റെയും ഭാരമോ ബാധ്യതയോ ഇല്ലാതെ, നമ്മൾ മഹാബോധി വൃക്ഷത്തിനു മുന്നിൽ നിൽക്കുന്നു. ആറാം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യത്തിന്റെ പ്രതാപകാലത്തു പണിത മഹാബോധി ബുദ്ധവിഹാരത്തിന് (ആദ്യത്തേത് ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടുമുമ്പ് യുദ്ധക്കലിയെ കണ്ണീരിൽ കഴുകിയെടുത്ത അശോക ചക്രവർത്തി നിർമിച്ചത്) മുന്നിൽ നിസ്സാരതയോടെ സ്വന്തം ഉടൽ അടയാളപ്പെടുത്തുന്നു. അടുത്തിടെ പണിത, ആകാശം തൊടുന്ന മഹാബുദ്ധപ്രതിഷ്ഠയ്ക്കു മുന്നിയ സ്വയം ഒളിപ്പിക്കുന്നു.

മഹാബോധി വൃക്ഷ / വിഹാരം

മഹാബോധി വൃക്ഷത്തിനും സമീപത്തെ മഹാബോധി വിഹാരത്തിനും പരിസരത്തു നമ്മൾ ധ്യാനബുദ്ധനെ കണ്ടുമുട്ടാതിരിക്കില്ല. അപ്പോഴും, ഒരാളുടെ ബുദ്ധൻ അയാളുടേതു മാത്രമാണ്. ഐതിഹ്യങ്ങളിൽ ബുദ്ധൻ നടന്നിട്ടുണ്ടായിരുന്ന ഇടങ്ങളിൽ നമ്മൾ ആ കാലടിയൊച്ച കേൾക്കും. കേൾക്കണം. അതാണു ഇവിടെ എത്തി എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യം. ഒരു തെളിവും ആവശ്യമായി വേണ്ടിയതില്ലാത്ത സാന്നിധ്യം. മഹാബോധി ക്ഷേത്രത്തിന്റെ ചുറ്റിലും മൗനങ്ങൾ മന്ത്രം ചൊല്ലി പ്രദക്ഷിണം വയ്ക്കുന്നതു നമ്മൾ കാണും. ഏറ്റവും ശബ്ദം കുറഞ്ഞ ഒച്ചകൾ കേൾക്കും. ബൗദ്ധപ്രാർഥനകളിൽ സാധാരണ ആർപ്പും ആരവവും ഉയരാറില്ല. മെയ് വഴക്കങ്ങളുടെ അസാധ്യസാധ്യതകൾ ഉണ്ടാവാറില്ല. മുറിഞ്ഞും മുറിച്ചും മുറിപ്പെടുത്തിയുമുള്ള ഭക്തിസാഹസങ്ങൾ കാണാറില്ല. എല്ലാം മനസു കൊണ്ടാണ്. എല്ലാം ശാന്തമായ ഉടൽ കൊണ്ടാണ്. മന്ത്രോച്ചാരണങ്ങളും ഹരഹര ശരണം വിളികളും എല്ലാം ഏറ്റവും മൃദുവായാണ്. ഒരില പോലും അതുകൊണ്ട് കൂടുതൽ ഇളകല്ലേ എന്നു തോന്നിപ്പിക്കുമാറ്. ഒരു ഇളംകാറ്റ് പോലും അതുകൊണ്ടു കൊടുങ്കാറ്റാവരുതേ എന്ന് സമാധാനിപ്പിക്കുമാറ്.

എണ്ണിയാലൊടുങ്ങാത്ത അത്രയും പ്രാവശ്യം വിഹാരത്തിനു വലംവയ്ക്കുന്നവരുണ്ട്. അതിലും കൂടുതലും എത്രയോ പ്രാവശ്യം ബുദ്ധനെ നേരിട്ടു തൊട്ടറിയുന്നവരുണ്ട്. വിഹാരത്തിനു ചുറ്റിലുമുള്ള ആത്മീയ പരിസരത്ത് ബുദ്ധിപരമായ, ചിന്താപരമായ ഒന്നും തന്നെ കണ്ടെന്നിരിക്കില്ല. യഥാർഥ ബുദ്ധോദയത്തിലേക്കുള്ള പരിശ്രമങ്ങളായി കാണാം അതിനെ.

ഒരു അറിവ് കൊണ്ടു തീരില്ല പ്രപഞ്ചത്തിലെ മഹാസങ്കടങ്ങളൊക്കെയും എന്ന്​ബുദ്ധൻ കൊണ്ടറിഞ്ഞു. അടുത്ത കുറെ നാൾ കണ്ണിമ ചിമ്മാതെ ബോധിയിലെ ഇലപ്പച്ചഞരമ്പുകൾ ഒളിച്ചുവച്ച ജ്ഞാനത്തിന്റെ ആകാശങ്ങളിലേക്കു നോക്കിയിരിപ്പായിരുന്നു, നിർന്നിമേഷം.

ബോധിവൃക്ഷത്തിനു താഴെ ജ്ഞാനോദയത്തിന്റെ ഇടം എന്ന് ഒരു എഴുത്തു നമ്മളെ നോക്കിയിരിക്കുന്നുണ്ടാകും. ബോധി പലംക. ക്രിസ്തുവിനു അറുന്നൂറു വർഷം മുമ്പ് (623 BCE) വൈശാഖമാസത്തിലെ പൂർണചാന്ദ്രരാത്രിയിൽ സിദ്ധാർഥൻ ജ്ഞാനോദയത്താൽ ബുദ്ധനായി തീർന്ന ഇടമെന്ന്. അതൊരു നാൾ എന്നാണു മുൻടെക്സ്റ്റുകൾ എങ്കിലും അതിലേക്കു സിദ്ധാർഥൻ ബൗദ്ധികവഴികളെത്ര നടന്നുകാണും എന്നു നമ്മൾ മനസിലാക്കും. കണ്ടും അറിഞ്ഞും ചോദിച്ചും ബാല്യകൗമാരയൗനവനങ്ങളിലെ എത്രയെത്ര ചോദ്യയാത്രകൾ. അതിന്റെ ആഴത്തിലേക്കുള്ള അറിവിന്റെ തുറസായിരുന്നു ബോധിവൃക്ഷക്കരയിൽ കിട്ടിയത് എന്നു നമ്മൾ സ്വയം തിരുത്തുന്നു. അശോകൻ സ്ഥാപിച്ച വജ്രാസനത്തിൽ (ബുദ്ധൻ ഇരുന്നു ധ്യാനിച്ചു ജ്ഞാനത്തിലേക്ക് ഉയർത്തപ്പെട്ട സ്ഥലമെന്ന് അറിയപ്പെടുന്നു) ഇപ്പോഴും ഇരിപ്പുണ്ടാരോ എന്നു തോന്നിപ്പിക്കും.
ഉണ്ട്, ഇപ്പോൾ ശാശ്വതമായ മൗനം. മനനം. അരയാൽച്ചില്ലയിൽ നിന്ന് ഊർന്നുവീണൊരു ഇളംകാറ്റ്. അതിനെ ബുദ്ധനെന്നു വിളിക്കുന്നു, നമ്മൾ. ഈയോരോ തിരിച്ചറിവുകളാണു ഗയ ശരിക്കും നമുക്കായി കാത്തുവച്ചിരിക്കുന്നത്.

ബുദ്ധൻ ജ്ഞാനോദയത്തിനു ശേഷം അധികാരകേന്ദ്രങ്ങളിലേക്കു തിടുക്കപ്പെടുകയല്ല ചെയ്തത്. (പല രാജസ്വങ്ങളും ഇങ്ങോട്ട് വരികയായിരുന്നു. വരുത്തുകയായിരുന്നു). പിന്നെയും മഹാബോധിയുടെ പല വിതാനങ്ങളിൽ, പല മാനങ്ങളിൽ തന്നെ ഉണ്ടായിരുന്നു. ഒരു അറിവ് കൊണ്ടു തീരില്ല പ്രപഞ്ചത്തിലെ മഹാസങ്കടങ്ങളൊക്കെയും എന്ന്​ ബുദ്ധൻ കൊണ്ടറിഞ്ഞു. അടുത്ത കുറെ നാൾ കണ്ണിമ ചിമ്മാതെ ബോധിയിലെ ഇലപ്പച്ചഞരമ്പുകൾ ഒളിച്ചുവച്ച ജ്ഞാനത്തിന്റെ ആകാശങ്ങളിലേക്കു നോക്കിയിരിപ്പായിരുന്നു, നിർന്നിമേഷം. അറിവിന്റെ പല ചെങ്കുത്തുകളിലേക്ക്. അതിന്റെ ആധികൾ നമ്മൾ അറിയുന്നു മഹാബോധി വിഹാരസമുച്ചയത്തിന്റെ ഭാഗമായ അനിമേഷലോചന എന്ന കുടീരത്തിൽ. അവിടെ നിന്ന് അതേ അറിവിന്റെ വിതാനങ്ങളിലേക്ക് നമ്മളും നോക്കിനിൽക്കും. എന്നാൽ, ആദ്യമൊന്നും ഒന്നും തെളിഞ്ഞുവരില്ല. പിന്നെപ്പിന്നെ ജീവന്റെ നൈരന്തര്യങ്ങളിലേക്കു ഓരോ മനവാതിലുകൾ തുറന്നുകിട്ടും. കിട്ടണം. അല്ലാതെ ഗയയിൽ നിന്നൊന്നും തിരിച്ചുകൊണ്ടുപോകാനില്ല.

പിന്നെ നടന്നു ബുദ്ധൻ, മഹാബോധിയുടെ ചുറ്റിലുമായി. അറിവിന്റെ തുറസിലേക്കുള്ള തിടുക്കമായിരുന്നില്ല അത്. ഏറ്റവും മന്ദവും മൃദുലവുമായ നടത്തങ്ങളുടെ ഒരാഴ്ച. ശ്രീലങ്കയിൽ നിന്നുള്ള ബുദ്ധഭിക്ഷുക്കൾ ആ നടത്തങ്ങൾ പ്രാർത്ഥനയോടെ ആവർത്തിക്കുന്നതുകാണാം. അറിവിന്റെ ഓരോ ദലങ്ങളിലേക്കുമുള്ള സ്വപ്നനടത്തമായിരുന്നു ബുദ്ധന്റേതെന്നു നമ്മൾ തിരിച്ചറിയും. ഇന്നു കാണുന്ന മഹാബോധി വൃക്ഷത്തിനു കാലദേശാതീതമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാമെങ്കിലും. ഇപ്പോൾ, ചുവന്ന കല്ലിൽ കൊത്തിയ നടപ്പാതയിലെ താമരസ്ഥാനങ്ങൾ അന്നത്തെ ബുദ്ധന്റെ കാലടികളോടാണ് ചേർത്തുവയ്ക്കുന്നത്. ഈ സംക്രമണപാതയിൽ അത്രയും ദിവ്യമായ ഒരു നിശ്ശബ്ദത വന്നു നമ്മളെ പൊതിഞ്ഞുപിടിക്കും.

ബുദ്ധ ഗയ ക്ഷേത്രത്തിന്റെ ഉൾവശം / Photo: Wikimedia Commons

അറിവിന്റെ തീരത്തുനിന്ന് അറിവിന്റെ ആഴങ്ങളിലായിരുന്നു ആ മനനങ്ങൾ ബുദ്ധനെ കൊണ്ടുചെന്നെത്തിച്ചിരുന്നത്. പ്രപഞ്ചത്തിന്റെ മഹാസങ്കടങ്ങളുടെ പൊരുളിനെപ്പറ്റിയാവാം തുടർന്നു വിചാരപ്പെട്ടതും. മഹാബോധി വിഹാരസമുച്ചയത്തിന്റെ ശ്രേഷ്ഠമായ ഒരിടമായ രത്താന ഘറിൽ ബുദ്ധനു സർവ വ്യാധികളുടെയും പൊരുൾ തുറന്നുകിട്ടിയെന്നു പറയപ്പെടുന്നു. സ്ഫടികത്തിൽ നിന്നു വെളിച്ചം പല നിറങ്ങളായി അഴിയുന്നതുപോലെ. ഒരു കാരണവുമില്ലാതെ ഒരു വ്യാധിയുമുണ്ടാകുന്നില്ലെന്നു ബുദ്ധൻ തിരിച്ചറിഞ്ഞു. ബുദ്ധദർശനങ്ങളിലെ കാര്യകാരണസിദ്ധാന്തങ്ങളുടെ തുറസിലേക്കായിരുന്നു അതു ബുദ്ധന്റെ അറിവിനെ അഴിച്ചുവിട്ടത്. ആശയാണ്​ നിരാശയുടെ...
ആസക്തിയാണ് വേർപാടിന്റെ...
ചെയ്തികളാണു ദുരിതങ്ങളുടെ...
ബുദ്ധൻ അറിവിലേക്ക്​ കൂടുതൽ അകന്നു.

അപ്പോഴും ബുദ്ധൻ ഒറ്റയ്ക്കായിരുന്നു.
താനെന്ന എല്ലാം ഉടച്ചുകളഞ്ഞ്. പ്രപഞ്ചത്തെയാകെ ചേർത്തുപിടിച്ച്. അപ്പോഴേക്കും പല ഉത്തരങ്ങൾ കിട്ടിക്കഴിഞ്ഞിരുന്നു. എന്നാലും തൃപ്തനായിരുന്നില്ല. മനുഷ്യൻ എന്താണ് എന്നു പേർത്തും പേർത്തും ചിന്തിച്ചു. അതിലേക്കു കൂടുതൽ മനനം ചെയ്തു. അതുവരെയുള്ള എല്ലാ അതീതശക്തികളെയും തള്ളിക്കളഞ്ഞ് പരംപൊരുളിന്റെ മറ്റിടങ്ങൾ തിരഞ്ഞു. കർമം കൊണ്ടാണു മനുഷ്യൻ മനുഷ്യനാവുന്നതെന്ന് അറിഞ്ഞു. അതുവരെയുള്ള ചിട്ടകളിൽ നിന്നു വിഭിന്നമായി, മനുഷ്യോത്തമത്തം ജനനം കൊണ്ടു സിദ്ധിക്കുന്നതല്ല, മറിച്ച്​, സൽക്കർമങ്ങൾ കൊണ്ട് എന്നു തിരുത്തി. തിരുത്തുകയായിരുന്നു ബുദ്ധൻ സ്വയം. ചുറ്റുമുള്ളതിനെയും.

വിഹാരസമൂച്ചയത്തിനു തെക്കുഭാഗത്തായുള്ള മൂച്‌ലിന്ദ് തടാകക്കരയിൽ പിന്നെയും പല നാളത്തെ ധ്യാനനിർഭരമായ അന്വേഷണങ്ങൾ. ധ്യാനത്തിലൂടെ അകത്തേക്കും പുറത്തേക്കുമുള്ള മനനയാത്രകൾ. അപ്പോഴും ഒറ്റയ്ക്കായിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ്, ഇന്നത്തെപ്പോലെയായിരുന്നില്ല. സർവ ചരാചരങ്ങളുമുണ്ടായിരുന്നു ചുറ്റിലും. അവരിൽ നിന്ന് അടർന്നും ചേർത്തും ബുദ്ധൻ അറിവിന്റെ ആഴങ്ങൾ മനനം ചെയ്‌തെടുത്തു.

അതിനും പിന്നീടാണ് ആദ്യത്തെ രണ്ടു പേർ അപ്പോഴേക്കും മഹായോഗിയായി മാറിക്കഴിഞ്ഞിരുന്ന ബുദ്ധനെ അറിഞ്ഞെത്തുന്നത്. രണ്ടു വണിക്കുകൾ. അവരാണ്...ബുദ്ധം ശരണം ഗച്ഛാമി..ധർമം ശരണം ഗച്ഛാമി എന്ന് ആദ്യമായി തിരിച്ചറിയുന്നത്. അപ്പോഴും സംഘം ശരണം ഗച്ഛാമി ഇല്ല. സംഘം തന്നെയും ഇല്ലായിരുന്നു. പിന്നെപ്പിന്നെയാണ്​ ഒരു കാലം ലോകത്തിന്റെ ഏറ്റവും കൂടുതൽ പ്രദേശങ്ങളിലേക്കു കാടു പോലെ പടർന്നുപിടിച്ച ബുദ്ധദർശനങ്ങളുടെ സംഘമാർഗം ഉരുത്തിരിയുന്നത്.

മഹാബോധിവിഹാരത്തിന്റെ അകത്തെ ബുദ്ധൻ അലൗകികമായ ഒരു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്​ നമ്മൾ കാണും. അത് അതിന്റെ ശിൽപ്പി ഉദ്ദേശിച്ചതിൽ നിന്ന്​ വ്യത്യസ്തമായി നമ്മൾ മനസിലാക്കിയെടുക്കും. എടുക്കണം. ഓരോരുത്തരെയും അനുസരിച്ചാണ് ആ പുഞ്ചിരി വായിക്കേണ്ടത്. ഏറ്റവും സങ്കടം പുരണ്ട ഒരു പുഞ്ചിരി വേറെ കണ്ടിരിക്കില്ല .

മഹാബോധി വിഹാരത്തിന്റെ അറിവിന്റെ തണലിൽ നിന്ന് ഒരില കുനിഞ്ഞെടുക്കും നമ്മൾ. അതിന്റെ ഞരമ്പിലൂടെ വിരലോടിക്കും. അതു മാത്രം മതിയാവും.. ഗയയെന്ന തുറന്ന പുസ്തകത്തിൽ നിന്ന് ഒരു അക്ഷരം മതിയാവും. ജ്ഞാനോദയത്തിന്.
മുമ്പേ ചെന്നവർ അങ്ങനെയൊന്നു കൂടെക്കൂട്ടിയില്ല എന്നു ഗയ പട്ടണത്തിലൂടെ തിരിച്ചിറങ്ങുമ്പോൾ താനെ തിരിച്ചറിയും. അവിടെ ലോകത്തിന്റെ മഹാവ്യസനങ്ങളൊക്കെയും കാണാൻ കഴിയും. ആർത്തിപ്പെരുങ്കൂട്ടങ്ങലുടെ തിടുക്കങ്ങൾ തിക്കിത്തിരക്കുന്നുണ്ടാവും. അത് അധികം കണ്ടുനിൽക്കാനില്ല. അതൊന്നും ഇനി നമ്മളെ ബാധിക്കണമെന്നില്ല.

കാണാനിനിയും

ബുദ്ധഗയയിൽ സാധാരണ സഞ്ചാരികൾക്കുള്ള കാഴ്ചകളും ധാരാളം. ഒരു സാധാരണ യാത്രയ്ക്കാണ്​ പോകുന്നതെങ്കിൽ. ആകാശം തൊടുന്ന ബുദ്ധപ്രതിഷ്ഠ. വിഹാരങ്ങളായ വിഹാരങ്ങളിലൊക്കെയുള്ള ബുദ്ധന്റെ പ്രതിമകൾ. മഹാബോധിവിഹാരത്തിന്റെ അകത്തെ ബുദ്ധൻ അലൗകികമായ ഒരു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന്​ നമ്മൾ കാണും. അത് അതിന്റെ ശിൽപ്പി ഉദ്ദേശിച്ചതിൽ നിന്ന്​ വ്യത്യസ്തമായി നമ്മൾ മനസിലാക്കിയെടുക്കും. എടുക്കണം. ഓരോരുത്തരെയും അനുസരിച്ചാണ് ആ പുഞ്ചിരി വായിക്കേണ്ടത്. ഏറ്റവും സങ്കടം പുരണ്ട ഒരു പുഞ്ചിരി വേറെ കണ്ടിരിക്കില്ല . കാണില്ല. സർവ കാലത്തേക്കുമായി ബുദ്ധന് ഒരു ചിരി മാത്രമേയുള്ളൂവെങ്കിലും. അതു നമ്മളുടെ സങ്കടങ്ങളെ മായ്ച്ചുകളയും എന്നു പ്രതീക്ഷിക്കും. പലൂൽ നംമ്രോലിങ് ക്ഷേത്രം, ദൈജോ യോ ബുദ്ധ ക്ഷേത്രം, ഭൂട്ടാൻ മൊണാസ്ട്രി, മൂച്‌ലിന്ദ് സരോവരം, മെഡിറ്റേഷൻ പാർക്ക് എന്ന ധ്യാനോദ്യാനം തുടങ്ങിയവയും മനസിനെ ആറ്റിത്തണുപ്പിക്കും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments