ദിയു കോട്ട / Photo: Wikimedia Commons

കാലങ്ങളുടെ കെട്ട ചോര മണക്കുന്ന കൊട്ടാരക്കോട്ട

ചെയ്ത പാതകങ്ങളുടെ കാഴ്ചകളാണ്​ ദിയു കോട്ട മുന്നിൽ വയ്ക്കുന്നത്. മറ്റൊരു മണ്ണിനും പെണ്ണിനും മീതെ കടന്നുകയറിയ ആണധികാരത്തിന്റെ കോട്ട.

തു കോട്ടയ്‌ക്കൊപ്പമാണ് ഒരു ചരിത്രമില്ലാത്തത്?
മൺകോട്ട കെട്ടി അതിജീവനത്തിന്റെ ദുർഘടങ്ങളിലേക്ക് കാലത്തെ മാറ്റിക്കെട്ടുന്ന നീർനായയിൽ തുടങ്ങുന്നു പ്രകൃതിയുടെ പ്രതിരോധങ്ങൾ. പിന്നെയാണ് എന്തും വെട്ടിപ്പിടിക്കാനും കാൽക്കീഴിലാക്കാനും എക്കാലത്തും തിടുക്കപ്പെട്ടിരുന്ന മനുഷ്യന്റെ കോട്ടയ്ക്ക് ഇല്ലാതിരിക്കുന്നത്.
ഉണ്ട്. ലോകത്ത് ഒരു കോട്ടയും സ്വയംഭൂവായി ഉണ്ടാവുമെന്നു തോന്നുന്നില്ല. മണ്ണിനടിയിൽ നിന്നു മുളച്ചുവരുന്നതാണ് എന്നു തോന്നിക്കുന്ന ഒരു കോട്ടയുമില്ല. കൊത്തളങ്ങളുമില്ല. ശത്രുവിനെ നിരീക്ഷിക്കാനും അവർക്കെതിരെ തീപ്പീരങ്കി വയ്ക്കാനുള്ള പഴുതുകളായ കൊത്തളവും കോട്ടകളും താനേ ചരിത്രത്തിൽ കിളിർത്തുവന്നിട്ടില്ല. ദുരയുടെ, പകയുടെ കോട്ടകൾ എക്കാലത്തും മനുഷ്യന്റെ മനസിലേയുള്ളൂ. ഉപ്പുകാറ്റു വീശുന്ന ഈ പറങ്കിക്കോട്ടയുടെ മുകളിൽ നിൽക്കുമ്പോൾ പത്തഞ്ഞൂറു കൊല്ലങ്ങളുടെ ചരിത്രമാണ്​ പത്തേമാരി കയറിയെത്തുന്നത്.

ഇവിടെയിരുന്നും മറ്റുമാണു അവർ, പൂച്ചക്കണ്ണുകളുമായി കുരുമുളക് ചോദിച്ചു വന്നവരെപ്പോലും വിളിച്ചിരുത്തിയ കേരളത്തെ കത്തിച്ചത്. കോഴിക്കാട്ടും കൊച്ചിയിലും മരണത്തിന്റെ താണ്ഡവമാടിത്തകർത്തതും.

ഇത്​ രാജ്യത്തിന്റെ ഏറ്റവും പടിഞ്ഞാറുള്ള ദിയുവിലെ പറങ്കിക്കോട്ട.
വെള്ളക്കാരെ പാതിരാത്രി കടൽ കടത്തി സ്വാതന്ത്ര്യം നേടിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പിടിച്ചിടം വിടാൻ കൂട്ടാക്കാത്ത പറങ്കിക്കോയ്മയെ വെടിയുണ്ടകളാൽ മുട്ടുകുത്തിച്ച് ഇന്ത്യ പിടിച്ചെടുത്ത കോട്ടകൊത്തളങ്ങൾ. ഇന്ത്യയിൽ പോർച്ചുഗീസുകാരെന്ന പറങ്കികൾക്ക് ആദ്യം കാൽ കുത്താനും പിന്നെ കോയ്മക്കൊടി കുത്താനും വഴിയൊരുക്കിയ വാസ്‌കോ ഡ ഗാമയുടെ കാപ്പാടു വന്നുള്ള കപ്പലിറങ്ങലും മറ്റും ചരിത്രം. ഈ പറങ്കിക്കോട്ടയിൽ നിന്ന് ചരിത്രത്തിനു കാതോർക്കുമ്പോൾ കേരളവും സാമൂതിരിയും തിരുവാതിരയുമൊക്കെ ഓർമകളിൽ നങ്കൂരമിടും.
നങ്കൂരമിടണം.
ഒരു കോട്ടയും വെറുതേ നടന്നുകണ്ട്, മഹത്തരം അഹോ മഹാദ്ഭുതം എന്നു വാഴ്​ത്താനുള്ളതല്ല. കാലത്തെ അതിശയിക്കുന്നത് എന്നു പറഞ്ഞുപോവാനുള്ളതല്ല. വിലാപങ്ങളുടെ സെമിത്തേരിയാണ്. കൊടിക്കൂറകളുടെ അകാലനരകളുടെ കാഴ്ചബംഗ്ലാവാണ്.

ആഗ്രയിൽ കൊടികുത്തിവാണ മുഗളന്മാർക്കെതിരെ ഗുജറാത്ത് സുൽത്താൻ നടത്തിയ പ്രതിരോധത്തിന്റെ കൂടി ചിഹ്നമാണിത്. ആ ചങ്ങാത്തം പെട്ടെന്നു തീർന്നെങ്കിലും കോട്ടയിൽ നിന്ന്​ തുരത്താൻ സുൽത്താൻ നടത്തിയ ശ്രമങ്ങൾ ഫലിച്ചില്ല. പറങ്കികൾക്ക് കയറിനിൽക്കാൻ ഇടം കൊടുത്തവരെയെല്ലാം അവർ ചതിച്ചതായിരുന്നു ചരിത്രം. ഇവിടെയിരുന്നും മറ്റുമാണു അവർ, പൂച്ചക്കണ്ണുകളുമായി കുരുമുളക് ചോദിച്ചു വന്നവരെപ്പോലും വിളിച്ചിരുത്തിയ കേരളത്തെ കത്തിച്ചത്. കോഴിക്കാട്ടും കൊച്ചിയിലും മരണത്തിന്റെ താണ്ഡവമാടിത്തകർത്തതും. ദിയു കോട്ടയ്ക്കും പത്തുമുപ്പത്തഞ്ചു കൊല്ലം മുമ്പേ അവർ കൊച്ചിയിലും കോട്ട പണിതിരുന്നു. ഒരു പക്ഷെ, ഇന്ത്യൻ മണ്ണിൽ യൂറോപ്യൻ വിദേശിയുടെ ആദ്യകോട്ട.

ഏതു കോട്ടയും ചരിത്രത്തിന്റെ ചോരക്കറകൾ പേറി നിൽക്കുന്നുണ്ട്. എന്നിട്ടും എന്തിനു ചരിത്രത്തെ ആവർത്തനവിരസമാക്കുന്ന ദിയു കോട്ടയിലേക്കു പോകണം. ഉണ്ട്, അതിനു പല കാരണം

പിന്നെ എന്തിനു പോകണം ദിയു കോട്ടയിലേക്ക്

ഇന്ത്യയിൽ ആദ്യത്തെ പറങ്കിക്കോട്ട കൊച്ചിയിലായിരുന്നെങ്കിലും (പള്ളിപ്പുറം) ദിയുവിൽ അവർ പണിതത് ഒരു കൊട്ടാരക്കോട്ട തന്നെയായിരുന്നു (ഫോട്രെസ്). സൈനികനീക്കത്തിനും ശാക്തീകരണത്തിനും വേണ്ടി സാധാരണ നിർമിതിയിൽ നിന്ന്​ വ്യത്യസ്തമായി സൈനിക താവളത്തിനും ആയുധശേഖരത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കും വേണ്ട ഉപസംവിധാനങ്ങളോടെയുള്ളതാണ്​ ആ കൊട്ടാരക്കോട്ട. എന്നാലും കാലപ്പഴക്കം അതിന്റെ പല ഭാഗങ്ങളെയും മായ്ച്ചുകളഞ്ഞിട്ടുണ്ട്. പിന്നെയെന്തിന്, ദിയു?

കോട്ടകൾ പലതുമുണ്ട്, രാജ്യത്ത്. കേരളത്തിൽ തന്നെ ഒരു ഡസനോളം.
ഇക്കേരി രാജാവായിരുന്ന സോമശേഖര നായക പണിത കാസർകോട്ട് ഹൊസ്ദുർഗിലെ കോട്ട, അതേ രാജവംശത്തിലെ ശിവപ്പ നായക പതിനേഴാം നൂറ്റാണ്ടിനടുത്തു പണിത ബേക്കൽ, ചന്ദ്രഗിരി കോട്ടകൾ, തിരുവിതാംകൂർ രാജാവ് ധർമരാജ തൃശൂരിൽ പണിത നെടുങ്കോട്ട, മൈസൂർ സുൽത്താൻ ഹൈദരലി തീർത്ത പാലക്കാട് കോട്ട ( 1766), പറങ്കികൾ പണിത കണ്ണൂർ ( 1505), കോട്ടപ്പുറം, ഫോർട്ട് കൊച്ചി, വെള്ളക്കാരുടെ തലശ്ശേരി, അഞ്ചുതെങ്ങ് കോട്ടകൾ ഡച്ചുകാരുടെ ചേറ്റുവ വില്യം കോട്ട എന്നങ്ങനെ. കേരളത്തിലെ ഏറ്റവും വലുതായ ബേക്കൽ കോട്ടയും മറ്റും ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും മറ്റു പലതും കാലമെടുത്തുകഴിഞ്ഞിരിക്കുന്നു.

ഏതു കോട്ടയും ചരിത്രത്തിന്റെ ചോരക്കറകൾ പേറി നിൽക്കുന്നുണ്ട്. എന്നിട്ടും എന്തിനു ചരിത്രത്തെ ആവർത്തനവിരസമാക്കുന്ന ദിയു കോട്ടയിലേക്കു പോകണം. ഉണ്ട്, അതിനു പല കാരണം. പടിഞ്ഞാറൻ തീരം കേന്ദ്രമാക്കി പറങ്കികൾ എന്ന പോർച്ചുഗീസുകാർ ഇന്ത്യയിൽ ലക്ഷ്യമിട്ട, ഗാമയ്ക്കു ശേഷമുള്ള എല്ലാ അധിനിവേശ - അധികാര സ്ഥാപനത്തിനുമുള്ള സൈനിക നീക്കങ്ങളുടെ കേന്ദ്ര കണ്ണികളിൽ പെടുന്ന ഒന്നായിരുന്നു ഇത്.
രാജ്യത്ത് അവരുണ്ടാക്കിയ ബാക്കിയെല്ലാ കോട്ടകൾക്കും ലന്തക്കാരെന്ന ഡച്ചുകാർക്കും വെള്ളക്കാരെന്ന ബ്രിട്ടീഷുകാർക്കും എതിരെയായിരുന്നു. എന്നാൽ, ദിയു കോട്ട മുഗളന്മാർക്കെതിരെയും. ഇന്ത്യയുടെ പടിഞ്ഞാറൻ മണ്ണിൽ കാലുറപ്പിക്കാൻ ഒരു തുണ്ടു ഭൂമി നോക്കിനിന്ന പറങ്കികൾക്കു നേരെ വച്ചു നീട്ടുകയായിരുന്നു അതിനുള്ള എല്ലാ ഒത്താശയും, ഗുജറാത്ത് സുൽത്താനായിരുന്ന ബഹാദൂർ ഷാ.

ദിയു കോട്ട വീണത് ഇന്ത്യൻ സൈന്യത്തിനു മുന്നിലായിരുന്നു. 1961ൽ. തങ്ങളുടെ മണ്ണു വിട്ടുപോവാൻ കൂട്ടാക്കാത്ത പോർച്ചുഗലിനു നേരെ ഗോവയിലും ദമനിലും ദിയുവിലും ഇന്ത്യൻ പട്ടാളം ഇരച്ചുകയറി.

ചോര കൊണ്ടു ചുവന്ന പടിഞ്ഞാറ്

14ാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത്, പറങ്കികൾക്കു മുന്നേ ദിയു മേഖല കൈയടക്കിയിരുന്നത് സുൽത്താൻ ബഹാദൂർ ഷാ (1330). ഷായുടെ കണ്ണായ ഭൂമിയുടെ തന്ത്രപരമായ പ്രാധാന്യം മനസിൽ കണ്ട് കൊതിച്ച പറങ്കികൾ ബലപ്രയോഗത്തിലൂടെ അതു കൈക്കലാക്കാൻ, നൂറോളം കപ്പലുകളും ആയിരക്കണക്കിനു പടയാളികളുമായി നടത്തിയ മുൻശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ദിയു കീഴടക്കാൻ അന്നത്തെ മുഗൾ സുൽത്താൻ ഹുമയൂൺ നടത്തിയ നീക്കങ്ങളാണ്​ ഷായേയും പറങ്കികളെയും ഒന്നിപ്പിച്ചത്. കിട്ടിയ അവസരം മുതലെടുത്ത്​ പറങ്കികൾ അവരുടെ സ്വന്തം കോട്ട പണിയുകയും ചെയ്തു. വാണിജ്യ, സൈനിക താൽപ്പര്യങ്ങളെല്ലാം കണക്കിലെടുത്ത് ഒരു കൊട്ടാരക്കോട്ട തന്നെ.

ദിയു കോട്ടയുടെ ഉൾവശം
ദിയു കോട്ടയുടെ ഉൾവശം

എന്നാൽ ഈ സൈനിക മധുവിധു അധികം കാലം നീണ്ടില്ല. കാര്യം കണ്ടു കഴിഞ്ഞാൽ പാലം വലിക്കുക എന്നതായിരുന്നു ഇന്ത്യയിലെങ്ങും പറങ്കികളുടെ തന്ത്രം. കോഴിക്കോട്ടും കൊച്ചിയിലും ഇതുതന്നെയായിരുന്നു. ഷായുമായി ഒന്നും രണ്ടും പറഞ്ഞുതെറ്റി. കോട്ടയ്ക്കു പുറത്തേക്കും അധികാരം വ്യാപിപ്പിച്ചു. തുറമുഖത്തുണ്ടായ വഴക്കിൽ ഷാ തന്നെ കൊല്ലപ്പെടുകയും ഉണ്ടായി. ഷായുടെ പിൻമുറക്കാരും അവരോടു സന്ധി ചെയ്തില്ല. കോട്ട ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ആളും കോപ്പുമായി പിന്നെയും ഏറ്റുമുട്ടലുകൾ നടന്നു. ഒന്നും വിലപ്പോയില്ല.

ഇന്ത്യയിൽ പോർച്ചുഗലിനെതിരെ കൊമ്പു കോർത്തവരിൽ തുർക്കികളും ഉണ്ടായിരുന്നു. ഒരു സമയത്ത് അവർ പായക്കപ്പലുകളിലെത്തി ദിയു കോട്ടയെ തരിപ്പണമാക്കുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. കച്ചവട ആവശ്യത്തിനും സമുദ്ര നിരീക്ഷണത്തിനും വേണ്ടി എന്നു പറഞ്ഞ്​ പണിത കൊട്ടാരക്കോട്ടയിലെ സർവസന്നാഹങ്ങളെയും ചിതറിച്ചുകളഞ്ഞിരുന്നു. കോട്ടക്കകത്തെ സൈനികപാളയത്തിൽ ജീവൻ ബാക്കിയായത്​ ഏതാനും പേർക്കു മാത്രം. ഏതു നിമിഷവും വീണു എന്നു വിചാരിച്ചിരുന്ന നേരത്താണു തുർക്കിപ്പട എന്തോ അജ്ഞാതകാരണത്താൽ പിൻവാങ്ങുന്നത്. അല്ലായിരുന്നെങ്കിൽ ഇന്ത്യയിലെ പറങ്കി അധിനിവേശത്തിനു മറ്റൊരു ചരിത്രമായിരുന്നേനെ.

ഒരു രാജ്യത്തോട് അധിനിവേശം, അതേതു വിദേശിയായാലും, ചെയ്ത പാതകങ്ങളുടെ കാഴ്ചകളാണ്​ ദിയു കോട്ട മുന്നിൽ വയ്ക്കുന്നത്. മറ്റൊരു മണ്ണിനും പെണ്ണിനും മീതെ കടന്നുകയറിയ ആണധികാരത്തിന്റെ കോട്ട.

പിന്നെ, ദിയു കോട്ട വീണത് ഇന്ത്യൻ സൈന്യത്തിനു മുന്നിലായിരുന്നു. അത് 1961ൽ. ഒരു രാജ്യത്തിനു മുഴുവനായി സ്വാതന്ത്ര്യം ലഭിച്ചിട്ടും തങ്ങളുടെ മണ്ണു വിട്ടുപോവാൻ കൂട്ടാക്കാത്ത പോർച്ചുഗലിനു നേരെ ഗോവയിലും ദമനിലും ദിയുവിലും ഇന്ത്യൻ പട്ടാളം ഇരച്ചുകയറി. രണ്ടു നാൾ നീണ്ട യുദ്ധത്തിനു ശേഷം1961 ഡിസംബർ 19 ന്​ ദിയു ഇന്ത്യയുടെ ഭാഗമായി. 1999 ൽ കാർഗിൽ മേഖലയിൽ നിന്ന്​ പാക് പട്ടാളത്തെ ഒഴിപ്പിച്ച അതേ സൈനിക ഓപ്പറേഷന്റെ പേരു തന്നെയായിരുന്നു അതിനും. ഓപ്പറേഷൻ വിജയ്. പിന്നീടു ഗോവയ്ക്കു സംസ്ഥാന പദവിയായി. ദിയുവും ദമനും കേന്ദ്ര ഭരണ പ്രദേശവും.

അധിനിവേശത്തിനായി വന്ന യൂറോപ്പുകാരിൽ ലന്തക്കാർക്കോ (ഡച്ച്) പരന്ത്രീസുകാർക്കോ (ഫ്രഞ്ച്) വെള്ളക്കാർക്കോ (ബ്രിട്ടീഷ്) ഒട്ടോമനോ (തുർക്കി) ഇങ്ങനെ കോട്ടയ്ക്കകത്തു ഭീകരമായ ആക്രമണം സഹിക്കേണ്ടിവന്നിരുന്നില്ല. ഇന്ത്യയിൽ ബാക്കിയുള്ളവരുടെ കോട്ടകളും ആധിപത്യവും പിന്നീടു ബ്രിട്ടീഷുകാർ പിടിച്ചെടുത്തിരുന്നെങ്കിലും.
പറങ്കികളുടെ ഇന്ത്യയിലെ ചരിത്രം തിരുത്തപ്പെടാതെ കാത്ത ഏറ്റവും വലിയ ശക്തിദുർഗങ്ങളിലൊന്നാണ്​ ദിയു കോട്ട. അവർ ഒരു ഡസനിലധികം (ഗോവയിലേത് അടക്കം) കോട്ടകൾ നിർമിച്ചിരുന്നെങ്കിലും, ലോകത്തെമ്പാടും പറങ്കി വാസ്തുവിദ്യയിൽ സ്ഥാപിച്ച പള്ളികളുടെയും അധികാര നിർമിതിയുടെയും ഏഴു അത്ഭുതപ്രതിഷ്ഠാനങ്ങളിൽ ഒന്നാണ് ഈ കോട്ട എന്ന പ്രത്യേകതയും ഉണ്ട്. മറ്റൊന്നായി ഈ പട്ടികയിലുള്ളത്​ പഴയ ഗോവയിലെ ജീസസ് ബസിലിക്ക.

ദിയു കോട്ടയുടെ കവാടം / Photo: Wikimedia Commons
ദിയു കോട്ടയുടെ കവാടം / Photo: Wikimedia Commons

ദിയു കോട്ടയിൽ കാറ്റെടുക്കുന്ന കടൽവിശാലതയിലേക്കു കണ്ണുനടുമ്പോൾ അടുത്തുള്ള കൊത്തളത്തിലെ ഇരുമ്പു പീരങ്കികൾ ഏതോ കാലം എത്രയോ തീ തുപ്പിയിരുന്നു എന്ന് അറിയും. കണ്ണെത്താ ദൂരത്തെ കടൽചക്രവാളത്തിൽ നിന്ന്​ഓർമയിൽ നിന്നുള്ള പായക്കപ്പലുകൾ വരും. മുന്നിൽ തിരയാർക്കുന്ന നീലയിൽ ചോരച്ചുവപ്പു പടരുന്നുണ്ടോ എന്നു തോന്നും. കൊന്നും ചുട്ടും കത്തിച്ചും ഒരു കാലഘട്ടത്തെ സ്വന്തമാക്കാൻ കൊതിച്ച പറങ്കികളുടെ സ്വയംകൃതാനർത്ഥങ്ങൾ ഓർക്കും. കോഴിക്കോട്ടും കൊച്ചിയിലും അവർ കത്തിച്ചെറിഞ്ഞ പാണ്ടികശാലകളും ചുട്ടുകൊന്ന അറേബ്യക്കാരുടെയും യുദ്ധത്തിൽ തുലച്ച നൂറുകണക്കിന് നാട്ടുപടയാളികളുടെയും പൊലിഞ്ഞ ജീവനുകൾ വന്ന് ആർക്കും. കോഴിക്കോടൻ തീരത്തെ അറബിക്കടലിൽ അവർ നടത്തിയ കപ്പൽക്കൂട്ടക്കുരുതി ഓർക്കും. കൊച്ചി മുതൽ മുകളിലോട്ടുള്ള പഴയ കേരളത്തിന്റെ രാഷ്ട്രീയത്തെ ഇത്രമേൽ അസ്വസ്ഥമാക്കിയ മറ്റൊരു വിദേശശക്തി ഇല്ല. വെള്ളക്കാരുണ്ടാക്കിയ രാഷ്ട്രീയ അടിമത്തവും മുറിവുകളും മറന്നുകൊണ്ടല്ല.

അതേ, അറബിക്കടലിന്റെ തീരത്തുതന്നെയുള്ള ദിയു കോട്ടയ്ക്കു മുകളിൽ നിൽക്കുമ്പോൾ, ഇന്ത്യയിൽ മറ്റൊരു കോട്ടയുമുണ്ടാക്കാത്ത വിചാരങ്ങളാണ് ഉണ്ടാക്കുക. ഇന്നു ദിയ സുന്ദരകാഴ്കളെ മാത്രം തരുന്നു എങ്കിൽ പോലും. കാലവും ചരിത്രവുമെടുത്ത ദിയു കോട്ട ഇനിയെത്ര കാലം നിലനിൽക്കും എന്നു പറയാനാവില്ല. എന്നാലും, അതു കാലാതീതമായി നിൽക്കും. ഒരു രാജ്യത്തോട് അധിനിവേശം, അതേതു വിദേശിയായാലും, ചെയ്ത പാതകങ്ങളുടെ കാഴ്ചകളാണ്​ ദിയു കോട്ട മുന്നിൽ വയ്ക്കുന്നത്. മറ്റൊരു മണ്ണിനും പെണ്ണിനും മീതെ കടന്നുകയറിയ ആണധികാരത്തിന്റെ കോട്ട.

പോകാം ദിയുവിലേക്ക്

ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയുടെ പടിഞ്ഞാറെ അറ്റത്താണ്​ ദിയു.
ദീവ് എന്ന വാക്കിന്റെ ഭാഷാന്തരീകരണം. അഹമ്മദാബാദിലോ വഡോദരയിലോ നിന്ന്​ നാന്നൂറോളം കിലോമീറ്റർ, മുംബൈയിൽ നിന്ന് എണ്ണൂറോളം കിലോമീറ്റർ അകലെ. ദിയു പട്ടണത്തിന് എന്നാൽ, അവാച്യമായ ശാന്തതയാണുള്ളത്. പരന്ത്രീസുകാർ ഭരിച്ച മയ്യഴിയോ പുതുച്ചേരിയോ പോലെ ജനസാന്ദ്രമല്ല. മറ്റൊരു വ്യത്യാസമുള്ളത്​, പുതുപ്പണക്കാരുടെ ഊറ്റത്തിന്റെ കൂറ്റൻ നിർമിതികളില്ല എന്നതാണ്. ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്ന നഗരപ്രാന്തങ്ങൾ. മേച്ചിൽ പച്ചപ്പിന്റെ തുറസുകൾ. ടൂറിസം ലോബിയുടെ വലിയ കടന്നുകയറ്റങ്ങൾ തുടങ്ങിയിട്ടില്ല.

നെെദാ ഗുഹ
നെെദാ ഗുഹ

പേരുകൊണ്ടു പ്രസിദ്ധമായ കടൽത്തീരങ്ങളോ യുവത്വം വന്നു അർമാദങ്ങളെ അഴിച്ചുകളയുന്ന ബീച്ചുകളോ കാര്യമായില്ല. എന്നാലും സുന്ദരവും സുരഭിലവുമായ കടൽത്തീരപ്രശാന്തകൾ ഇപ്പോഴും ബാക്കിയുണ്ട്. നാഗോവ ബീച്ചും ഘോഘ്‌ല ബീച്ചും. കണ്ണിൽ കുത്തിക്കയറുന്ന ബഹുനിലക്കെട്ടിടങ്ങളുടെ ധാരാളിത്തമില്ല. പുത്തൻപണത്തിന്റെ ആർഭാടങ്ങളൊഴിഞ്ഞ ഭുപ്രകൃതിക്ക് എത്ര കാലം പിടിച്ചുനിൽക്കാൻ പറ്റുമെന്ന് ഉറപ്പിക്കാൻ വയ്യ. വികസനവും വിനോദസഞ്ചാര പരിഗണനകളും വന്നു ശ്വാസം മുട്ടിച്ചുകൂടെന്നില്ല. ഇപ്പോൾ പട്ടണത്തിലെ ഗലികൾക്കും മറ്റും ഒരു സൗരാഷ്ട്ര വാസ്തുനിർമിതിയാണുള്ളത്.

ദിയു തീരത്തിനടുത്ത കടലിലാണ് ഖുക്രി മുങ്ങിയത്. ഒപ്പം, തന്റെ കപ്പലിനൊപ്പം കപ്പിത്താൻ മഹേന്ദ്ര നാഥ് മുള്ളയും. ബാക്കി നാവികരോട് രക്ഷപ്പെടാൻ നിർദേശിച്ച്​കപ്പലുപേക്ഷിക്കാതെ മരണത്തിലേക്ക്. ഇന്ത്യ എന്നും ഓർക്കുന്ന വീരമൃത്യു.

കൊട്ടാരക്കോട്ട മാത്രമല്ല ദിയു

ഒരു കോട്ട കാണാൻ വേണ്ടി മാത്രമാണോ ദിയുവിലേക്കു പോകേണ്ടത്? തീർച്ചയായും അല്ല. പറങ്കി പൗരാണികതയോടു ചേർത്തു നിർത്താവുന്ന മറ്റ് അടയാളനിർമിതികളുമുണ്ട്.
ദിയുവിലെ കൊട്ടാരക്കോട്ടയുടെ കാഴ്ച പോലെ ചരിത്രം ഉണർത്തുന്നതാണ് നൈദാ ഗുഹകളും. ഇത്​ പ്രകൃതി നിർമിതമോ ഏതോ മനുഷ്യന്റെ ഇടപെടലോ എന്ന വിസ്മയം അതു കണ്ടുള്ളിൽ കൊണ്ടുകഴിഞ്ഞു കാലമെത്ര കഴിഞ്ഞാലും വേട്ടയാടിക്കൊണ്ടിരിക്കും. എന്നാലും ഒറ്റനോട്ടത്തിൽ മനുഷ്യനിർമിതിയുടെ പരിമിതികളെ മറികടക്കുന്ന വാസ്തുവികതയാണ് അവിടെ കാണാൻ കഴിയുക. കിലോമീറ്ററോളം നീളുന്ന ഗുഹയിലെ പല ഭാഗത്തും പിന്നീടു മനുഷ്യൻ ഇടപെടലുകൾ നടത്തിയിട്ടുണ്ടായിരിക്കാം. പറങ്കികൾ കുഴിച്ചുകുഴിച്ചു പോയതാവാം. കോട്ടയ്ക്കു പുറത്ത് ഒരു ഒളിത്താവളം കൂടി ഉദ്ദേശിച്ചിട്ടുണ്ടായിരുന്നിരിക്കാം. എന്നാലും മനുഷ്യന്റെ കഴിവിനപ്പുറം മണ്ണിനടിയിൽ ഭൂമിയുടെ ചില തീരുമാനങ്ങളുണ്ടല്ലോ. അതിന്റെ ചില കരവിരുതുകളുണ്ടല്ലോ. അതിന്റെ അടയാളങ്ങളും ഊഹിച്ചെടുക്കാനാവും . മനുഷ്യസാധ്യതയ്ക്ക് അപ്പുറത്തെ നിർമിതി തന്നെയാണത് എന്നു വിശ്വസിക്കാനാണ് ഓരോ കാഴ്ചയും നോട്ടവും പ്രേരിപ്പിക്കുക.

സെന്റ് പോൾസ് ചർച്ച് / Photo: Wikimedia Commons
സെന്റ് പോൾസ് ചർച്ച് / Photo: Wikimedia Commons

ദിയു കോട്ടയുടെ പുറംമതിലിനു തൊട്ടടുത്താണ്​ നൈദാ ഗുഹ. സാധാരണ മനുഷ്യനിർമിത ഗുഹകളിൽ നിന്ന്​ വ്യത്യസ്തമായി വളവുകളും തിരിവുകളും ഇടനാഴികളും എല്ലാം നിറഞ്ഞ, മണ്ണിനടിയിലെ ഒരു കോട്ടയെന്നോ കൊട്ടാരമെന്നോ കാണാൻ കഴിയുന്ന ഒന്നാണ്. അതിന്റെ രാവണൻകോട്ടയിൽ വഴിതെറ്റുമെന്ന് ഉറപ്പ്. ഇടയ്ക്കു മുകളിലെ ആകാശത്തേക്കു തുറക്കുന്ന കിളിവാതിലുകൾ എന്നു തോന്നിപ്പിക്കുന്ന കൽവിള്ളലുകൾ. സാധാരണ ഗുഹയുടെ ഇരുളും കനച്ച ഈർപ്പവുമല്ല, കണ്ണിനു മുന്നിലേക്കു തുറക്കുന്ന വിസ്മയങ്ങൾ തന്നെയാണു നൈദ.

കൊട്ടാരക്കോട്ടയ്ക്കു വേണ്ടി പറങ്കി വാസ്തുശിൽപ്പികൾ ഏതോ കൂറ്റൻ പാറയിളക്കിയെടുത്തപ്പോൾ മണ്ണിനടിയിൽ സംഭവിച്ച സ്വാഭാവിക മാറ്റങ്ങളെ തുടർന്നുണ്ടായതാണു നൈദയെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ, അത്​കാഴ്ചക്കാരെ അത്രയ്ക്കങ്ങു വിശ്വസിപ്പിക്കുന്നില്ല. അതിനകത്തെ സ്ഥല - കാല നിർമിതി അതാണ്. ഒരിക്കലും കാണാതെ പോകരുത് ഈ ഗുഹ. ഒരു മോക്ഷവും വാഗ്ദാനം ചെയ്യുന്നില്ല അത്. ഒരു ധ്യാനത്തിനും അരങ്ങൊരുക്കുന്നില്ല. മറ്റു പല ഇടങ്ങളിലുമായി, അജന്തയും എലോറയും എലഫെന്റയും ബറാബർ ഗുഹയും കണ്ടിട്ടുണ്ടാവാം. അവകളിലെ കൊത്തുവേലകളും കാലത്തിന്റെ അടയാളങ്ങളും കണ്ടിട്ടുണ്ടാവാം. എന്നാലും നൈദ കാണാതിരിക്കാൻ അതൊരു കാരണമാവുന്നില്ല. നൈദ കാലത്തിന് അതീതമായ വിസ്തമയമായി നിൽക്കുന്നു.

യൂറോപ്യൻ വാസ്തുവിദ്യയുടെ കൊത്തടയാളമായ സെൻറ്​ പോൾ പള്ളിയുണ്ട്, പഞ്ചപാണ്ഡവന്മാർ അവരുടെ മൂപ്പിളമയനുസരിച്ച്​ പല വലിപ്പത്തിൽ ശിവലിംഗപ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന, 5000ഓളം വർഷം പഴക്കമുള്ള കടൽത്തീര ശിവ (ഗംഗേശ്വർ മഹാദേവ) ക്ഷേത്രമുണ്ട്. ഓരോ തിരയിലും കടൽ വന്ന് ആലിംഗനം ചെയ്തു പോകുന്ന ലിംഗപ്രതിഷ്ഠകൾ. 1971 ലെ പാക് യുദ്ധത്തിൽ ടോർപ്പിഡോ വച്ചു മുക്കിയ, എക്കാലത്തെയും ഇന്ത്യൻ കടൽയുദ്ധത്തിന്റെ വീരോചിത സ്മരണകൾ നിറക്കുന്ന ഐ.എൻ.എസ് ഖുക്രി കപ്പൽ സ്മാരകമുണ്ട്.
ദിയു തീരത്തിനടുത്ത കടലിലാണ് ഖുക്രി മുങ്ങിയത്. ഒപ്പം, തന്റെ കപ്പലിനൊപ്പം കപ്പിത്താൻ മഹേന്ദ്ര നാഥ് മുള്ളയും. ബാക്കി നാവികരോട് രക്ഷപ്പെടാൻ നിർദേശിച്ച്​കപ്പലുപേക്ഷിക്കാതെ മരണത്തിലേക്ക്. ഇന്ത്യ എന്നും ഓർക്കുന്ന വീരമൃത്യു.

രാജ്യത്തിന്റെ പടിഞ്ഞാറേ തീരത്തുള്ള ഒരു മറുക്. എന്നാലും കണ്ടാൽത്തീരില്ല കാഴ്ചകൾ.

സംപ നഗരകവാടം

ഇന്ത്യയിലെ പറങ്കി സാമ്രാജ്യത്തിലേക്കുള്ള, പോർച്ചുഗലിന്റെ അധികാര പ്രമത്തതയുടെ പ്രവേശനകവാടം തന്നെയായിരുന്നു ഇതും. മറ്റു പലയിടത്തും പറങ്കിക്കൊടി വെള്ളക്കാരൻ വലിച്ചുകീറിത്താഴ്​ത്തിയിട്ടും താഴാത്ത കൊടിക്കൂറ. ലിസ്ബണിൽ നിന്ന് ആയിരക്കണക്കിന് കടൽക്കാതമകലെ കിഴക്കൻ മണ്ണിലെ പത്തഞ്ഞൂറു കൊല്ലത്തെ അധികാരത്തിന്റെ ചിഹ്നം.

മുംബൈയിലെ, വെള്ളക്കാരന്റെ ഇന്ത്യ ഗെയ്റ്റ് വെ പോലെ. ഇതുതന്നെയാണ് ദിയുവിനെ ലോകത്ത് എവിടെയും അടയാളപ്പെടുത്തുന്ന സ്ഥാനീയ നിർമ്മിതിയും. ലാൻഡ് മാർക്ക്. ഡൽഹിയുടെ ഇന്ത്യ ഗെയ്റ്റ് പോലെ. ജയ്​പുരിന്റെ ഹവാ മഹൽ പോലെ. ▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments