മഴയെ തുടർന്ന് കാസീരംഗയിൽ വെള്ളത്തിന്റെ തോത് വർധിച്ചപ്പോൾ അഭയസ്ഥാനം തേടുന്ന സമ്പാർ മാനുകൾ / Photo: Wikimedia Commons

ഭൂമിയുടെ പനി തൊട്ടുനോക്കുന്ന കാസീരംഗ

പത്തു വർഷം മുമ്പു വരെയുള്ള കണക്കനുസരിച്ച്, കാസീരംഗയിൽ അന്നു വരെയുള്ള കാൽനൂറ്റാണ്ടിനിടയിൽ കാട്ടുകൊള്ളക്കാർ കൊന്നുതള്ളിയത് അറുനൂറോളം കാണ്ടാമൃഗങ്ങളെ. ഇന്നും കുറഞ്ഞിട്ടില്ല കാസീരംഗയിലും സമീപ മേഖലകളിലുമുള്ള വേട്ട.

ലോകത്തെ ഏതൊരു പരിസ്ഥിതിപ്രവർത്തകനും കാണാൻ ഏറ്റവും നെഞ്ചേറ്റുന്ന ഇടം.
സ്വർഗത്തിന്റെ കേട്ടറിവുള്ള ഭംഗിയോ മേലാപ്പുകളോ ഇല്ലാത്ത ഒരിടം.
കണ്ണു നിറയ്ക്കുന്ന നിത്യഹരിതം നിറഞ്ഞ കന്യാവനക്കാഴ്ചയോ ഇല്ലാത്തത്.
എന്തിനെയും കാമുകപ്പെടുത്തുന്ന വന്യവിജനതയോ ജീവിതത്തിന്റെ വർണരാജിയോ ഇല്ലാത്തത്.
ഒരൊറ്റ പേരേയുള്ളൂ അതിന്- കാസീരംഗ.

ബ്രഹ്‌മപുത്രയുടെ ആലിംഗനത്തിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നോട്ടത്തിന്റെ നരപ്പ്.
ആകാശം തൊടുന്ന സ്ഥലങ്ങളിൽ കാട്ടുപച്ച.
അതിൽ നിന്ന് അകത്തേക്ക് പോകുന്ന വനനിഗൂഢത.
ആകാശത്തിന്റെ അതിരിലേക്കു നീളുന്ന പച്ചപ്പുല്ലിന്റെ നിബിഡത.
ഇടയ്ക്ക് ആരെയും കണ്ണുകളിലിരുട്ടുരുട്ടി താഴേക്കു വലിക്കുന്ന ചതുപ്പുകൾ. വെള്ളക്കെട്ടുകൾ. ബ്രഹ്‌മപുത്രയൊന്നു നിറഞ്ഞാൽ, വെള്ളത്തിൽ തുവർന്നുപോകുന്ന ഭൂമി. ഇതു കാണാനാണോ, ഇക്കണ്ട വഴിയെല്ലാം അസമിലെ ഗുവാഹത്തിയിൽ നിന്ന് ദൂരങ്ങൾ താണ്ടിയെത്തേണ്ടത് എന്നു ചോദിക്കാം.
അതിന് ഉത്തരമില്ല.

കാസീരംഗ എന്താണ് എന്ന ചോദ്യമേ ഉദിക്കുന്നില്ല. ഭൂമിക്കു മീതെ കുലംകുത്തിക്കൊണ്ടിരിക്കുന്ന ഒരു മൃഗത്തിന്റെ നിലനിൽപ്പിന്റെ വളരെച്ചുരുക്കം അവസാന താവളങ്ങളിൽ ഒന്ന്.

ചിലതുണ്ട്, കണ്ടുതന്നെ നിറയേണ്ടതായിട്ട്. ചിലതുണ്ട് വാക്കുകൾ കൊണ്ട് ഓട്ടയടക്കാൻ പറ്റാത്തതായിട്ട്. ചിലതുണ്ട് നിറം വാരിപ്പൂശി വരച്ചുകാണിക്കാൻ പറ്റാത്തതായിട്ട്. അതിന്റെ പേരാണ് കാസീരംഗ. അത് ഏതെങ്കിലും മൃഗത്തിന്റെ, മൃഗങ്ങളുടെ വെറും കൂട്ടിലിട്ടടച്ച ശാലയല്ല. പൊയ്‌പ്പോയ കാലത്തിന്റ ഫോസിലുകൾ അടുക്കിവച്ച കാഴ്ചബംഗ്ലാവല്ല. വെറും വെള്ളക്കെട്ടും ചതുപ്പും പുൽമേടുകളും മാത്രമല്ല. കാടു മുഴുവൻ ഫോറസ്റ്റാണല്ലോ എന്ന് വിസ്മയപ്പെടുത്തുന്ന കാനനക്കാഴ്ചയുമാണ്.

വന്യസ്വാഭാവികതയുടെ ഏറ്റവും തീക്ഷ്ണമായ കാഴ്ചകളിലേക്കാണ് കാസീരംഗ ആരെയും തിടുക്കപ്പെടുത്തുന്നത് / Photo: Wikimedia Commons

കാണാൻ പോകുന്നത് ഏതെങ്കിലും ഒരു മൃഗത്തെ മാത്രം കാണാനല്ല. അതിന്റെ അടുത്തേക്കു പോകാവുന്ന ഏറ്റവും സമീപ സുരക്ഷിത ദൂരത്തുനിന്ന് പടങ്ങൾ എടുക്കാനല്ല. തീൻപണ്ടങ്ങൾ എറിഞ്ഞുകൊടുത്ത് സ്വാഭാവിക മൃഗക്കഴപ്പ് എടുത്തുകളഞ്ഞ കൃത്രിമ വളർത്തുദ്യാനത്തിലെ മൃഗങ്ങൾക്കൊപ്പം നിന്ന് സെൽഫി എടുക്കാനല്ല. ഏതെങ്കിലും മൃഗപ്പെരുമയുടെ കഥകൾ പറഞ്ഞ് ഇവിടേക്കാരും ആരെയും ക്ഷണിക്കുന്നില്ല. മറിച്ച്, വന്യസ്വാഭാവികതയുടെ ഏറ്റവും തീക്ഷ്ണമായ കാഴ്ചകളിലേക്കാണ് കാസീരംഗ ആരെയും തിടുക്കപ്പെടുത്തുന്നത്.

കിഴക്കൻ ഹിമാലയത്തിനു താഴെയുള്ള ഭൂവിഭാഗത്തിൽ, ഭൂമിയുടെ പ്രത്യേക സാഹചര്യങ്ങളിൽ ഇവിടെ നീന്തിയും പറന്നും ഇരയ്ക്കു മേൽ നഖമൂർച്ച ആഴ്ത്തിയും ഇഴഞ്ഞും ജീവിക്കുന്ന അനേകായിരം വന്യതകളുടെ സഞ്ചയമാണ് കാസീരംഗ

കാസീരംഗ എന്താണ് എന്ന ചോദ്യമേ ഉദിക്കുന്നില്ല. എന്തെല്ലാമാണ് അല്ലാത്തത് എന്ന ഉത്തരം മാത്രം. ഭൂമിക്കു മീതെ കുലംകുത്തിക്കൊണ്ടിരിക്കുന്ന ഒരു മൃഗത്തിന്റെ നിലനിൽപ്പിന്റെ വളരെച്ചുരുക്കം അവസാന താവളങ്ങളിൽ ഒന്ന്. നൂറു വർഷത്തിലധികം പഴക്കമുള്ള ചുരുക്കം വന്യജീവി സങ്കേതങ്ങളിലൊന്ന്. 1908 ൽ സംരക്ഷിതവന മേഖലയായി പ്രഖ്യാപിക്കപ്പെട്ടത്. 1916 ൽ മറ്റേതൊരു സംരക്ഷിതപ്രദേശം പോലെയും വെള്ളക്കാരന്റെ മൃഗയാവിനോദങ്ങൾക്കുള്ള സംരക്ഷിത സ്ഥലം. എന്നാൽ ആ വെടിയൊച്ചകളെല്ലാം ഇരുപതോളം വർഷത്തിനു ശേഷം നിലച്ചു. 1950 ൽ കാസീരംഗ വന്യജീവി സങ്കേതമായി.

കാണ്ടാമൃഗവേട്ടയ്‌ക്കെതിരെ ശക്തമായ താക്കീതുമായി അസം നിയമം. 1968 മുതൽ ദേശീയോദ്യാന പദവി. 1974 ൽ ദേശീയോദ്യാനം. തീർന്നില്ല. 1985 മുതൽ യുനെസ്‌കോ ലോക പൈതൃ ഇടം. എന്നാലും വെടിയൊച്ചകൾ ഇനിയും നിലച്ചിട്ടില്ല.
പറയാനുണ്ടേറെ. എന്നാൽ കാസീരംഗ ലോക പൈതൃക ഇടം മാത്രമല്ല, മറിച്ച്, ലോകത്തിന്റെ നിലനിൽപ്പിന്റെ സൂചകം കൂടിയാണ്. നാളെ ഇനിയൊരിക്കൽ മനുഷ്യൻ ഇനിയുമെത്രനാൾ എന്നു ചോദിക്കേണ്ടി വരുമ്പോഴത്തെ, ഭൂമിയുടെ ആരോഗ്യത്തിന്റെ ഇ.സി.ജിയാണ് ഈ ചതുപ്പുകൾ. കിഴക്കൻ ഹിമാലയത്തിനു താഴെയുള്ള ഭൂവിഭാഗത്തിൽ, ഭൂമിയുടെ പ്രത്യേക സാഹചര്യങ്ങളിൽ ഇവിടെ നീന്തിയും പറന്നും ഇരയ്ക്കു മേൽ നഖമൂർച്ച ആഴ്ത്തിയും ഇഴഞ്ഞും ജീവിക്കുന്ന അനേകായിരം വന്യതകളുടെ സഞ്ചയമാണ് കാസീരംഗ. അതുകൊണ്ടുതന്നെ ഹിമാലയൻ കുന്നുകളുടെ കീഴെയുള്ള ഏറ്റവും ജീവത്തായ, ജീവന്റെ ഓരോ തുടിപ്പും തുടിക്കുന്ന ജൈവവൈവിധ്യത്തിന്റെ നിർണായക സ്ഥാനനിർമിതി കൂടിയാണ്. എന്നുവച്ചാൽ, ബയോഡൈവേഴ്‌സിറ്റി ഹോട്ട്‌സ്‌പോട്ട്.

ഫോട്ടോ: ഡോ. മോഹനൻ പിലാങ്കു

ജൂൺ മുതൽ നാലു മാസത്തോളം ആകാശം പൊട്ടിയൊലിക്കുമാറു പെയ്യുന്ന മഴപ്പെയ്ത്തിൽ കുതിർന്നടരുന്ന ഭൂമി. രണ്ടായിരത്തിലധികം മില്ലിമീറ്റർ മഴ. എത്ര കുടിച്ചാലും ദാഹം തീരാത്ത, എത്ര നിറഞ്ഞാലും നിറയാത്ത ബ്രഹ്‌മപുത്ര, ആകാശമൊന്നു കറുക്കുമ്പോഴേ എന്നാൽ അകമേ കവിഞ്ഞുതുടങ്ങും. ഈ പെരുമഴയിൽ, കര കവിയാതെങ്ങനെ. നാലു മാസത്തോളം കാസീരംഗയെ വട്ടം ചുറ്റിയിരിക്കുന്ന ആലിംഗനക്കൈകൾ പിന്നെയും പൂണ്ടടക്കം പിടിക്കും. നാലു മാസത്തോളം കാസീരംഗ ബ്രഹ്‌മപുത്രയുടെ അടിവയറ്റിൽ അമർന്നുകിടക്കും. നോക്കെത്താദൂരത്തോളം ജലപ്പരപ്പോടെ എഴുപതു ശതമാനത്തോളം സ്ഥലങ്ങളും വെള്ളത്തിനടിയിലേക്ക്.

ഈ വെള്ളക്കെട്ടിനോടും പ്രകൃതിയുടെ എല്ലാ കനിവിനെയും എതിരിട്ടാണ് ഇവിടത്തെ മുപ്പത്തഞ്ചോളം സസ്തനി ജീവിജാതികൾ ഭൂമിയിലേക്കു ജീവന്റെ പൊക്കിൽക്കൊടി ബന്ധത്തിൽ ചരിത്രത്തിൽ നാളിതുവരെയായി ജീവിച്ചുപോരുന്നത്. അതിനിടയിൽ അസം അടക്കമുള്ള വടക്കുകിഴക്കൻ മേഖല കണ്ട പടയോട്ടങ്ങളെത്ര, രാഷ്ട്രീയ കാലുഷ്യങ്ങളെത്ര, വംശീയ ഹത്യകളെത്ര. അതെല്ലാം, ചരിത്രത്തിന്റെ ഓർമപ്പുസ്തകത്തിൽ മാഞ്ഞുപോയാലും നിലനിൽക്കും കാസീരംഗ. നിലനിൽക്കണം കാസീരംഗ.

ഇവിടെ മണ്ണിൽ ഉഴലുന്ന ഏതു മൃഗത്തിനുമുണ്ട്, അതുകൊണ്ടു തന്നെ, വെള്ളവുമായുള്ള കുടഞ്ഞെറിഞ്ഞുകളയാനാവാത്ത ഒരു ഐക്യപ്പെടൽ. താദാത്മ്യത്തിന്റെ ഈ മൃഗീയത കാണാൻ കൂടിയാണ് കാസീരംഗ. കാണ്ടാമൃഗങ്ങളും (റിനോ ) ജലപ്പോത്തുകളും (ഏഷ്യാറ്റിക് വാട്ടർ ബഫലോ) ചതുപ്പുമാനുകളും (സ്വാംപ് ഡീയർ) എല്ലാം അതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങൾ. ആനകളും കാട്ടുപോത്തുകളും മ്ലാവുകളും ധാരാളം.

ഏഷ്യാട്ടിക്ക് വാട്ടർ ബഫലോ / ഫോട്ടോ: ഡോ. മോഹൻ പിലാങ്കു

സാധാരണ നീർത്തടപ്രദേശങ്ങളിലും മറ്റും വാഴാത്ത കടുവകളും പുള്ളിപ്പുലികളും ധാരാളം. 2006 മുതൽ കടുവ സംരക്ഷണ സങ്കേതം കൂടിയാണ്. അപ്പോൾ കാസീരംഗ ഒരു കാണ്ടാമൃഗ ദേശീയോദ്യാനമാണോ അതോ കടുവാ സങ്കേതമോ? ചോദ്യം വെറും സാങ്കേതികം. വന്യജീവിസംരക്ഷണത്തിന്റെ പല ആസൂത്രണങ്ങളുടെ മാറ്റപ്പേരുമാത്രമാണ്. എന്നാൽ, കാസീരംഗ പണ്ടേക്കുപണ്ടേ അറിയപ്പെട്ടിരുന്നതു കാണ്ടാമൃഗങ്ങളുടെ സ്വാഭാവിക ജീവിതമേഖല എന്നു തന്നെ. അതുകൊണ്ടു കൂടിയായിരുന്നല്ലോ, 1904 ൽ അന്നത്തെ ഇന്ത്യൻ വൈസ്രോയി കഴ്‌സണിന്റെ ഭാര്യ മേരി കഴ്‌സൺ കാണ്ടാമൃഗത്തെപ്പറ്റി കേട്ടറിഞ്ഞു വന്നതും കാസീരംഗയിൽ ഒന്നിനെപ്പോലും കാണാൻ കഴിയാത്തതിനെത്തുടർന്ന്, അവയുടെ കുലം കുറ്റിയറ്റുപോകാതിരിക്കാൻ സർക്കാർതല ശ്രമം വേണമെന്ന് വൈസ്രോയിയെ നിർബന്ധിച്ചതും. അപ്പോൾ തന്നെ അതിനൊരു തീരുമാനവുമായി. ഒരു വർഷത്തിനുള്ളിൽ തന്നെ കാസീരംഗ സംരക്ഷിത വനമാക്കാനുള്ള നടപടിയായി.

ആട് എന്നും ചുവന്ന എന്നും കർബി ഭാഷയിൽ അർത്ഥമുള്ള കാസീ, രംഗ് എന്നീ വാക്കുകളിൽ നിന്നാണ് കാസീരംഗ എന്ന സംജ്ഞ പിറന്നതെന്നാണ് ഭാഷാപരമായ വിശ്വാസം. ചുവന്ന മാനുകളുടെ ഇടം എന്ന അർത്ഥത്തിൽ. ചതുപ്പുമാനുകളെ ധാരാളമായി കാണുമ്പോൾ അതും വിശ്വസിക്കും. കർബി സംസ്‌ക്കാരത്തിലെ ചൊൽവഴക്കക്കഥകളിൽ കാസി, റൗങ്ങ എന്നു പേരായ കമിതാക്കളുടെ പരാമർശമുണ്ട്. കജിർ എന്ന പെൺനാടുവാഴി ഭരിച്ച നാട് എന്ന കേട്ടുചരിത്രത്തിനു തെളിവേറ്റി കൽപ്രമാണങ്ങളുണ്ട്. അങ്ങനെയും വിശ്വസിക്കാം. കഥകളേതായാലും ഇന്നു കാസീരംഗയിൽ കാണുന്നതാണു യാഥാർത്ഥ്യം.

എല്ലാ വഴിയും കാസീരംഗയിലേക്ക്

ഗുവാഹത്തിയിൽനിന്ന് ഇരുന്നൂറോളം കിലോമീറ്റർ ദൂരം നാലു മണിക്കൂറോളം വാഹനത്തിലിരിക്കുമ്പോൾ, ഇരുവശത്തും കാഴ്ചയുടെ തുറസുകളാണ്. എല്ലാം വെളിമ്പറമ്പുകളാണെന്നു തോന്നും. പാടങ്ങളും തുറന്ന സ്ഥലങ്ങളും കണ്ണുകളിലേക്ക് ഒന്നും തിടുക്കപ്പെടുത്തുന്നില്ല. ഉറക്കം തൂങ്ങിനിൽക്കുന്ന ഗ്രാമീണത സാധാരണ കാഴ്ചയ്ക്കപ്പുറത്തേക്കു പരമ്പരാഗത യാത്രക്കാരനെ മാടിവിളിക്കുന്നതേയില്ല. എന്നാൽ, നോക്കുന്നവനു ദൃഷ്ടാന്തമുണ്ട്. അവന് / അവൾക്കു കാണാൻ കാഴ്ചകളുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം അഞ്ചു ലക്ഷത്തോളം കാണ്ടാമൃഗങ്ങൾ മേഞ്ഞുനടന്ന ഭൂമിക്കുമീതെ, ഇന്ന് അവശേഷിക്കുന്നത് അരലക്ഷത്തിൽ താഴെ മാത്രം. കാസീരംഗയിൽ അവശേഷിക്കുന്നത് വെറും 2413 എണ്ണം

എന്നാലും കാസീരംഗയിലെത്തുന്നതു വരെ ഒരു കാഴ്ചയും സാധാരണഗതിയിൽ നാളിതുവരെ കാണാത്തതൊന്നുമായിരിക്കില്ല. ദേശീയോദ്യാനത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്ന സഫാരി വാഹനങ്ങൾ പെട്ടെന്നു സജീവമാവും. ചതുപ്പുകളിൽ ഇറങ്ങിനടന്നു കാണ്ടാമൃഗക്കൂട്ടത്തിനു നേരെ നിർഭയം നടന്നടുക്കുന്ന ആന സഫാരിയുമുണ്ട്. സഫാരി ജീപ്പുകൾ ചതുപ്പിൽ ചിതറിക്കിടക്കുന്ന കുറ്റിക്കാടുകൾക്കിടയിലേക്കു വഴി നടത്തും. അടുത്തും ദൂരെയും അലസം മേയുന്ന കാണ്ടാമൃഗങ്ങൾ. വല്ലപ്പോഴും തലയുയർത്തി ഒന്നു നോക്കും. അസ്വാഭാവികമായി ഒന്നുമില്ലെങ്കിൽ സഫാരി വഴി കുറുകെ കടക്കും. കണ്ടാൽ ക്ഷോഭത്തിന് ഇത്രയും തൊലിക്കട്ടിയുള്ള വേറെ മൃഗമില്ല എന്നു തന്നെ വിചാരിക്കും. എന്നാൽ, അതെല്ലാം അതു പ്രകോപിപ്പിക്കപ്പെടുന്നതുവരെ. അങ്ങനെയൊന്നുണ്ടായാൽ, മൃഗക്കുതിപ്പിന്റെ എല്ലാ വേഗങ്ങളും മിന്നൽപ്പിണറിൽ തെളിയും.

കാസീരംഗയ്ക്ക് എന്താ കൊമ്പുണ്ടോ

കാസീരംഗയ്ക്ക് എന്താ കൊമ്പുണ്ടോ എന്നു ചോദിക്കും. ഉണ്ട് എന്നു തന്നെയാണ് ഉത്തരം. ഒരേയൊരു കൊമ്പ്. ഒറ്റക്കൊമ്പ്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ കേദാരം തന്നെയാണു കാസീരംഗ. രണ്ടു കൊമ്പുള്ളപ്പോൾ എന്തിന് ഒറ്റക്കൊമ്പിൽ ഊറ്റം കൊള്ളണം എന്നു ചോദിക്കാം. രണ്ടു കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ കുലം തന്നെ കുറ്റിയറ്റുതുടങ്ങിയിരിക്കുന്നു. ലോകത്താകമാനം തന്നെ ഒറ്റയും ഇരട്ടയും കൊമ്പുകളുമായി എത്ര കാണ്ടാമൃഗങ്ങളെ ഇനിയെത്ര കാലം കാണാമെന്നു ചോദിച്ചാൽ, അധികം കാലമില്ല എന്നേ ഉത്തരമുള്ളു. ആഫ്രിക്ക, സുമാത്ര, ബോർണിയോ ദ്വീപുകളിലുമായി മുപ്പതിനായിരത്തിൽ താഴെ മാത്രം ഇരട്ടക്കൊമ്പന്മാർ. ഇന്ത്യയിലും നേപ്പാളിലുമായി അയ്യായിരത്തിൽ താഴെ. വെള്ള, ജാവ, ആഫ്രിക്കൻ കറുപ്പ് വിഭാഗങ്ങളിലായി പിന്നെയും കുറച്ച് ആയിരങ്ങൾ.
തീർന്നു, ലോകത്തോടു യാതൊരു പ്രതിപത്തിയുമില്ലാതെ, ചുറ്റുമുള്ള ഒരു വാസ്തവികതയെയും യാഥാർത്ഥ്യത്തെയും കൂസാതെ നിൽക്കുന്ന പ്രകൃതിയുടെ ഏറ്റവും വലിയ നിർമമതയ്ക്കു കൈയും കാലും വച്ചു നിൽക്കുന്ന ഒരു ജീവായുസിന്റെ എണ്ണം. ഇടഞ്ഞാൽ, ഒരു പക്ഷെ ഒറ്റയാൻ കാട്ടുകൊമ്പനെക്കാളും ഊറ്റത്തോടെ, വിടാതെ തുരത്തിച്ചെന്നു പ്രതിയോഗിയെ കുത്തിമലർത്തുന്ന മൃഗക്കഴപ്പിന്റെ മിന്നൽക്കുതിപ്പ് ചുരത്തുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം. ഭൂമിയുടെ ഒരു നഖപ്പോറലും ഏൽക്കാത്ത തരത്തിൽ പ്രകൃതി നൽകിയ മടക്കുതൊലിയുടെ കാഠിന്യത്തിലാണ് ഏതു ശത്രുവിനെയും കുടഞ്ഞെറിഞ്ഞുകളയുന്ന ശൗര്യം ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന് ആരെക്കൊണ്ടും സംശയിപ്പിച്ചുകളയുന്നത്ര. എന്നാൽ, കാണ്ടാമൃഗത്തേക്കാളും തൊലിക്കട്ടിയുള്ള ഏക മൃഗം മറ്റാരുമല്ലെന്നു തെളിയിച്ച മനുഷ്യൻ തന്നെ ഏക ശത്രു.

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം / Photo: ഡോ. മോഹൻ പിലാങ്കു

മനുഷ്യൻ തോക്കുകൊണ്ടും മൂർച്ച കൊണ്ടും അതിന്റെ കൊമ്പിന്റെ അനുകൂലനങ്ങളെ ആക്രമിച്ചു. ഇടയ്ക്കു വല്ലപ്പോഴും ആർത്തലച്ചുവരുന്ന മഴയിൽ കരകവിയുന്ന വെള്ളക്കെട്ടുകൾ മുറിഞ്ഞുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ ഭീഷണിയാവുന്നത് ഒഴിച്ചാൽ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം അഞ്ചു ലക്ഷത്തോളം കാണ്ടാമൃഗങ്ങൾ മേഞ്ഞുനടന്ന ഭൂമിക്കുമീതെ, ഇന്ന് അവശേഷിക്കുന്നത് അരലക്ഷത്തിൽ താഴെ മാത്രം. കാസീരംഗയിൽ അവശേഷിക്കുന്നത് വെറും 2413 എണ്ണം ( 2018 ലെ മൃഗസംഖ്യാ കണക്കെടുപ്പ് പ്രകാരം). നേപ്പാളിൽ ഒരു എഴുന്നൂറോളം എണ്ണം. പിന്നെ, അസമിലെ ഗുവാഹത്തിക്കടുത്തുള്ള പോബിത്തോറ വനസങ്കേതത്തിൽ ഒരു നൂറെണ്ണവും. എണ്ണിയെണ്ണിത്തീരുന്നു കണക്കുകൾ.
അദ്ഭുതം വേണ്ട, കാസീരംഗയിൽ പത്തു വർഷം മുമ്പു വരെയുള്ള കണക്കനുസരിച്ച്, അന്നു വരെയുള്ള കാൽനൂറ്റാണ്ടിനിടയിൽ കാട്ടുകൊള്ളക്കാർ കൊന്നുതള്ളിയത് അറുനൂറോളം കാണ്ടാമൃഗങ്ങളെ. ഇങ്ങനെ പോയാൽ ഈ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏറെയൊന്നും വൈകാതെ കാണാമൃഗമാകുമെന്ന ശക്തമായ സൂചന തന്നെയാണിത്. ഇന്നും കുറഞ്ഞിട്ടില്ല കാസീരംഗയിലും സമീപ മേഖലകളിലുമുള്ള വേട്ട.

കള്ളക്കടത്തിന്റെ കാണാവഴികൾ

കാസീരംഗ മേഖലയിലെ രാഷ്ട്രീയാരക്ഷിത അവസ്ഥയും വിവിധ ഗോത്രസമൂഹങ്ങൾ തമ്മിലുള്ള അധികാര സമവാക്യങ്ങളുമെല്ലാം ദേശീയോദ്യാനത്തിലേക്കു നോക്കുന്ന കള്ളക്കണ്ണുകളിൽ വേട്ടപ്പിടച്ചിൽ നിറയ്ക്കുന്നുണ്ട്. കള്ളക്കൊടുക്കകളുടെ വഴി അങ്ങു ചെന്നവസാനിക്കുന്നത് മ്യാൻമറിൽ. ദേശീയോദ്യാനം ഉൾപ്പെടുന്നത് ഗോലാഘട്ട്, നഗാവ്, കർബി ആങ്‌ലോങ് ജില്ലകളിലായി. കർബി ആങ്‌ലോങ് കടന്നാൽ അപ്പുറത്ത് നാഗാലാൻഡ്. ദിമാപുരിൽ നിന്ന് മണിപുർ - മ്യാൻമർ അതിർത്തിയിലെ മോറേ പട്ടണം. അവിടെ നിന്ന് അതിർത്തി കടന്നാൽ താമു പട്ടണം. അവിടെയും തീരുന്നില്ല വഴികൾ...നേരേ പോയാൽ അതിനുമപ്പുറം തായ്‌ലൻഡ്, മലേഷ്യ. മുകളിലേക്കുവച്ചു പിടിച്ചാൽ, ലാവോസ്, വിയറ്റ്‌നാം, അപ്പുറം ചൈന. ലോകത്തിന്റെ കാണാത്ത ആർത്തിയുടെ വ്യാപാരകേന്ദ്രങ്ങളിലേക്കുള്ള വാതിലുകൾ. മ്യാൻമർ-ലാവോസ്- തായ്‌ലൻഡ് എന്ന ലഹരിയുടെയും മറ്റെല്ലാ കൊള്ളത്തരങ്ങളുടെയും ചുഴിക്കണ്ണായ സുവർണ ത്രികോണം.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മാത്രം എൺപതോളം കള്ളനായാട്ടു സംഭവങ്ങൾ നടന്നതായി പുറത്തുവന്ന റിപ്പോർട്ടുകൾ തന്നെയുണ്ട്. ശരിക്കുള്ള കണക്ക് അപ്പോഴും അജ്ഞാതം

കാസീരംഗയിലെ കാണ്ടാമൃഗത്തിന്റെ ആ ഒറ്റക്കൊമ്പുണ്ടല്ലോ. അതിലേക്കാണു ഒളിവേട്ടക്കാരുടെ കണ്ണ്. അതിന് ഇല്ലാത്ത ലൈംഗികോത്തേജകത്തിന്റെ എരിവേറ്റുന്ന കഥകളിൽ വിജ്രംഭിതരായ ആർത്തിക്കൂട്ടങ്ങളുടെ ഒളിയമ്പും കള്ളത്തോക്കും. സന്നാഹങ്ങൾ വേറെയും. മേഖലയിലെ ഗോത്രവർഗക്കാരുടെ പരമ്പരാഗത വേട്ടവാസനയെ ചൂഷണം ചെയ്തും മറ്റും.

തൊട്ടപ്പുറത്തുള്ള വിയറ്റ്‌നാമും ചൈനയുമാകട്ടെ, കാണ്ടാമൃഗക്കൊമ്പിന്റെ ഏറ്റവും വലിയ ആവശ്യക്കാരും. പതിനാറാം നൂറ്റാണ്ടിലെ പെൻ സാവോ കാങ് മു ( ചൈനീസ് ഫാർമകോപിയ) എന്ന പ്രകൃതിമരുന്നുകളുടെ പ്രാമാണിക ഗ്രന്ഥത്തിൽ ( ലി ഷിസെൻ- 1597 ) പനിക്കും ആമവാതത്തിനുമുള്ള മരുന്നുകളുടെ കൂട്ടത്തിൽ ഒറ്റക്കൊമ്പും പെടും. സദാ ഊർജസ്വലത കാണിക്കുന്ന അവയവം എന്ന നിലയിൽ നോക്കിക്കണ്ട്, അതിനു പിന്നീട് ഇല്ലാത്ത ലൈംഗികോത്തേജനശേഷിയും കൽപ്പിച്ചുണ്ടാക്കി. അതിന്റെ ബാക്കിയാണ് ഇന്നു ലോകത്താകമാനമുള്ള, അരലക്ഷത്തോളം മാത്രം വരുന്ന കാണ്ടാമൃഗങ്ങൾ.

സ്വന്തം കാമത്തോടുള്ള ഈ അത്യാസക്തി തരണം ചെയ്യാൻ ചൈനയിലും മറ്റും കാണ്ടാമൃഗങ്ങളെ വളർത്തിയെടുക്കുന്നുണ്ട്. അടുത്തിടെയാണ് കൃത്രിമ കാണ്ടാമൃഗക്കൊമ്പും വളർത്തിയെടുക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇതിനൊന്നും പക്ഷെ, കാട്ടുകാണ്ടന്റെ കൊമ്പിനോളമില്ല വയാഗ്രഗുണമെന്നു രതിയുടെ കാമുകന്മാർ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട്, നിർബാധം തുടരുന്നുണ്ട് കാണ്ടാമൃഗ ഒളിവേട്ട. മറ്റു സംരക്ഷിത മേഖലകളിലെന്ന പോലെ ഈ പ്രദേശങ്ങളിലൊക്കെയും കള്ളനായാട്ട് നിയമവിരുദ്ധം തന്നെ. പക്ഷേ ഒന്നിനും വലിയ കുറവ് വന്നിട്ടില്ല. കൂടുതൽ ഭോഗത്തിനും കാമത്തിനും ആവശ്യക്കാരുണ്ടെന്നിരിക്കെ.

കാസീരംഗയിലെ ജീപ്പ് സഫാരി / Photo: S.N. Rajeesh

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മാത്രം എൺപതോളം കള്ളനായാട്ടു സംഭവങ്ങൾ നടന്നതായി പുറത്തുവന്ന റിപ്പോർട്ടുകൾ തന്നെയുണ്ട്. ശരിക്കുള്ള കണക്ക് അപ്പോഴും അജ്ഞാതം. കഴിഞ്ഞ വർഷം കാണ്ടാമൃഗത്തെ വേട്ടയാടിയതിന് അറസ്റ്റ് നടന്നിട്ടുണ്ട്. ഒറ്റക്കൊമ്പുകൾ കൈവശം വച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തത് ഈ വർഷം ആദ്യവും. ആനയും കടുവയും പുള്ളിപ്പുലിയും എന്തിന് ഈനാംപേച്ചി വരെ വേട്ടത്തോക്കിനു മുന്നിൽ വീഴും. കാട്ടിൽ നിന്നുകിട്ടുന്ന എന്തും മരുന്നാണെന്ന് ആരൊക്കെയോ വിശ്വസിച്ചിരിക്കുന്നു. അല്ലെങ്കിൽ വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഈ മേഖലയിലെ ഗോത്രാധികാരവും പൊതുസമൂഹവുമായുള്ള അപകടകരവും ഉലഞ്ഞതുമായ സമവാക്യങ്ങളും ഇവിടത്തെ അനധികൃത വേട്ടകൾക്കു ചൂട്ടുപിടിക്കുന്നുണ്ട്. അസമിലെ ഏറ്റവും വലിയ ജില്ലയായ കർബി ആങ്‌ലോങിൽ മാത്രം ഒരു ഡസനോളം ഗോത്ര വിഭാഗങ്ങളുണ്ട്. ഗോത്രപ്പെരുമയ്ക്കും നാട്ടുകോയ്മയ്ക്കും വേണ്ടി പരസ്പരം തോക്കും മൂർച്ചയും ആയുധങ്ങളുമെടുക്കുന്നവർ. കർബി, ബോഡോ, കുക്കി, ദിമാസ, ഗാരോ, റെങ്മ നാഗ തുടങ്ങിയവർ. കർബി ആങ്‌ലോങ് സ്വയംഭരണ സമിതി ( കെ.എ.എ.സി ) യുടെ മേൽനോട്ടത്തിലാണ് പ്രദേശം. സ്വയംഭരണാവകാശമുള്ള പ്രത്യേക സംസ്ഥാനം തന്നെയാണ് മനസിൽ. മുഖ്യധാരാ രാഷ്ട്രീയവുമായുള്ള ഈ അധികാരവടംവലിയും ആരെയും കൂസാത്ത ഒറ്റക്കൊമ്പനു ഭീഷണി.

നീളക്കൈക്കാരൻ വാലില്ലാക്കുരങ്ങനെ - ഹൂലക്ക് ഗിബൺ - ഒഴിച്ചു മറ്റെന്തിനെയും വീഴ്​ത്താമെന്നതു കർബി മേഖലയിലെ ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗതമായ അവകാശമാണെന്ന് അവരുടെ ചങ്കൂറ്റം. എന്നാൽ, പ്രകൃതി അവരുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണു താനും. എന്നാലും, കള്ളവേട്ടയിലേക്കു കൂട്ടുചേർക്കപ്പെടാൻ എളുപ്പം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ ദളങ്ങളിൽ പെട്ട സായുധ കലാപകാരികളുടെ ഒത്താശയോടെ ഒറ്റക്കൊമ്പു വേട്ടയും കടത്തും നടന്നതായി മാധ്യമറിപ്പോർട്ടുകളുണ്ട്. നേരിട്ടും അല്ലാതെയും. അത്യന്തം കലുഷിതമായ രാഷ്ട്രീയ കാരണങ്ങളാൽ തന്നെ വനംവകുപ്പിനും മേൽനോട്ടത്തിനു പരിമിതികളുണ്ട്. ഇതെല്ലാം വിരൽചൂണ്ടുന്നത് ഒറ്റക്കൊമ്പന്റെ നിലനിൽപ്പിനു നേരെ.

ഭൂമിയുടെ പനിനില

കാസീരംഗയിൽ നമ്മൾ തൊടുന്നത് ഭൂമിയുടെ നാഡി മിടിപ്പിലാണ്. പനിത്തിളപ്പിലാണ്. അറിയുന്നത് നമ്മുടെ തന്നെ ജീവന്റെ തിളനില.
​വരൂ, കാസീരംഗയിൽ നമ്മൾ നമ്മളെ അറിയുന്നു. ▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments