റാൻ ഓഫ് കച്ച്

കാലത്തെ, കാഴ്ചയെ ഉപ്പിലിട്ടുവച്ചു കച്ച്

നാട്ടുരാജ്യങ്ങളുടെ ഒരു കടന്നൽക്കൂടു തന്നെയായിരുന്നു ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഈ പടിഞ്ഞാറൻ മേഖല.

തു കണ്ടിട്ടില്ലെങ്കിൽ പിന്നെ നിങ്ങൾ ഒന്നും തന്നെ കണ്ടിട്ടില്ല. എന്നു പറയാൻ കച്ചിൽ എന്തിരുന്നിട്ടാണ്. രണ്ടു രാജ്യങ്ങൾക്കിടയിലെ ഒരു കാക്കക്കാലിന്റെ നിഴൽ പോലുമില്ലാത്ത, ഒരു പച്ചപ്പിന്റെ ഇലഞരമ്പു പോലുമോടാത്ത, ഒരു തരുവിനു പോലും വേരു പിടിക്കാത്ത ഒരു പാഴ്ഭൂമി. നോക്കെത്താ ദൂരത്തോളം കൺകാഴ്ചകളെ നരപ്പിച്ചുകളയുന്ന ഏകവർണം. വീശിയടിക്കുന്ന കാറ്റിനു സുഗന്ധമല്ല, പകരം ഉപ്പിന്റെ ലോഹച്ചൂര്. ഏതു ജീവനെയും നിശ്ചലമാക്കിക്കളയുന്ന ലവണലാവണ്യം. കാതങ്ങൾക്കപ്പുറത്തു നിന്നു കാതുകളിലേക്കു തുഴയെറിയുന്ന കടലിന്റെ ലാസ്യം.

എന്നാൽ, ഇതു കച്ചിന്റെ നേർസാക്ഷ്യമല്ല. വീണ്ടും പറയട്ടെ. ഇതു കണ്ടിട്ടില്ലെങ്കിൽ പിന്നെ നിങ്ങൾ ജീവിതത്തിന്റെ വർണരതിക്കപ്പുറം ഒന്നും കണ്ടിട്ടില്ല. ശരിയാണ്, കച്ചിലെ ഈ തൂവെള്ള ഉപ്പുകടൽ ഒരു കാക്കക്കാലിന്റെയും നിഴൽ സൂക്ഷിക്കുന്നില്ല. ഒരു മുളയും ഓരില ഈരിലയായി വളരുന്നില്ല. ഒരു വേരും നനവു തേടി മണ്ണാഴങ്ങളിലേക്കു തുരക്കുന്നില്ല. ചുരുക്കത്തിൽ പാഴ്ഭൂമി. സ്ഥലമെന്നോ പ്രദേശമെന്നോ പറയാൻ പറ്റുന്നതിനേക്കാളും വലിയ ഭൂമിയാണ്. കേരളത്തിലെ പത്തോളം ജില്ലകളുടെ ആകെ വിസ്തീർണം വരും അത്. എന്നു പറഞ്ഞാൽ, കാൽലക്ഷത്തോളും ചതുരശ്ര കിലോമീറ്റർ. പേരിൽത്തന്നെ ആ പോരിമയുണ്ട്.
ദ് ഗ്രേറ്റ് റാൻ ഓഫ് കച്ച്.

പ്രത്യേകിച്ചു നിലാവു പെയ്യുന്ന രാത്രികളിൽ. കണ്ണിലേക്കു നിറഞ്ഞെത്തുന്ന നീലം മെഴുകിയ വെളുപ്പിൽ ചിലപ്പോൾ അന്ധത ബാധിച്ചെന്നുവരാം. ഹിമാന്ധത പോലൊന്ന്.

ഉപ്പുഭാവം കൊണ്ടും കാഴ്ച കൊണ്ടും വെള്ള മരുഭൂമി എന്നറിയപ്പെട്ട കച്ചിലെ ഉപ്പുപാടങ്ങൾ വടക്കു രാജസ്ഥാനിലെ താർ മരൂഭൂമിയുമായി ചേർന്നു കഴിയുമ്പോൾ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ വിശാലമായ മരുസാഗരമായിത്തീരുന്നു. അവിടെ ഉയർന്നു പാറുന്ന കപ്പൽക്കൊടിക്കൂറകളില്ല, അവിരാമം കരയെ ആഞ്ഞുപുൽകുന്ന തിരമാലക്കൈകളില്ല. ഒഴുകുന്ന ദ്വീപുകളോ പവിഴപ്പുറ്റുകളോ ഉഷ്ണജലപ്രവാഹങ്ങളോ ഇല്ല. വൻകരകളെ അഴിക്കുകയും തുന്നുകയും ചെയ്യുന്ന വെള്ളത്തിന്റെ അതീതശക്തിയില്ല.

റാൻ ഓഫ് കച്ച്, എല്ലാ ഒച്ചകളെയും വിഴുങ്ങിനിൽക്കുന്നു. എല്ലാ നിറങ്ങളെയും ഏകവർണത്തിലേക്കു വലിച്ചെടുക്കുന്നു. ഒന്നിനെ പലതാക്കുകയല്ല, പലതിനെ ഒന്നാക്കുന്ന, ഒന്നു മാത്രമാക്കുന്ന മഹാമാന്ത്രികതയ്ക്കു മുന്നിൽ എല്ലാ ഒച്ചയും കെട്ടു നിന്നു പോകും കാഴ്ചക്കാർ. കടലെന്ന പോലെ, ആരെയും കാഴ്ച കണ്ടുനിൽക്കാൻ മാത്രമായി അനുവദിക്കുന്നില്ല. ഈ ലവണവിജനതയും നിങ്ങളെ അകത്തേക്കകത്തേക്കു മാടിവിളിക്കും.

റാൻ ഓഫ് കച്ച്, നീലം മെഴുകിയ രാത്രി. / ഫോട്ടോ : മഹേഷ് ഹരിലാൽ

പ്രത്യേകിച്ചു നിലാവു പെയ്യുന്ന രാത്രികളിൽ. കണ്ണിലേക്കു നിറഞ്ഞെത്തുന്ന നീലം മെഴുകിയ വെളുപ്പിൽ ചിലപ്പോൾ അന്ധത ബാധിച്ചെന്നുവരാം. ഹിമാന്ധത പോലൊന്ന്. എങ്ങോട്ടു നോക്കിയാലും ഒന്നിന്റെ പ്രതിഫലനമെന്ന പോലെ തോന്നിക്കുന്ന അഷ്ടദിക്കുകൾ. ഏതെങ്കിലും ഒന്നിലേക്കു നോട്ടത്തെ കൂർപ്പിച്ചു നിർത്താമെന്ന വ്യാമോഹം വൈകാതെ ഉടഞ്ഞുപോകും. ഏതു വഴിയില്ലാവഴിയും ഒരു പോലെ. മനസു കൊണ്ടു പോലും ഒരു കാഴ്ചയിൽ ദിക്ക് ഉറപ്പിക്കാനാവില്ല. കാണുന്നതെല്ലാം ഒരു പോലെ തോന്നും. വന്ന വഴിയും മുന്നോട്ടുള്ള വഴിയും മറക്കും. ബോധ്യത്തെത്തന്നെ വഴിതെറ്റിക്കുന്ന ഇതുപോലെ ഒന്ന് മറ്റെവിടെയും കാണാൻ കഴിയുമെന്നു തോന്നുന്നില്ല.

പടിഞ്ഞാറൻ തീരത്തു ഗുജറാത്തിന്റെ സിംഹത്തലയുടെ ആകൃതിയിയിലെ മേൽത്താടിയിൽ 27,000 ലധികം ചതുരശ്രകിലോമീറ്ററിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ പരന്നുകിടക്കുകയാണ് ഉപ്പു വിളയുന്ന പാടങ്ങൾ

അകത്തേക്ക് അകത്തേക്കു പോകാം. അങ്ങനെ പോകുന്നവരുണ്ട്. എന്നാൽ, അതിനു കാലങ്ങളുടെ ചിരപരിചിതത്വം വേണം. ഏതു ഉപ്പുതരിയിലും മനസ് ഉറപ്പിക്കാൻ കഴിയണം. ഭൂമിയിൽ വെളുപ്പ് അല്ലാതെ മറ്റൊന്നും ഇല്ലാതിരിക്കെ, ആകാശത്തെ വഴി തിരിച്ചറിയാൻ പറ്റണം. മുന്നോട്ടും പിന്നോട്ടും നോക്കി ദിഗ് ഭ്രമത്തിൽ പെട്ടുഴലാതെ നോക്കണം. അങ്ങനെ അകത്തേക്കകത്തേക്കു ചെന്നാൽ, ചെന്നുപറ്റുക പാക്കിസ്ഥാനിലാവും. കച്ച് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ മരുസാഗരം. കരയിലെ ഉപ്പുകടൽ. എന്തിന്റെയും ചോരയും നീരും വറ്റിക്കുന്ന ലവണലാവണ്യം.

റാൻ എന്നാൽ ഉപ്പളം. ഭൂമിയുടെ ഉപ്പു വിളയുന്ന പാടങ്ങൾ. പടിഞ്ഞാറൻ തീരത്തു ഗുജറാത്തിന്റെ സിംഹത്തലയുടെ ആകൃതിയിയിലെ മേൽത്താടിയിൽ 27,000 ലധികം ചതുരശ്രകിലോമീറ്ററിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ പരന്നുകിടക്കുകയാണ് അത്. കൂടുതൽ ഭാഗങ്ങളും ഗുജറാത്ത് സംസ്ഥാനത്ത്. അതിന്റെ അങ്ങേ പടിഞ്ഞാറേ അറ്റം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ചെന്നു തൊടുന്നു. അതിർത്തി പ്രദേശമായതിനാൽ, സുരക്ഷാകാരണങ്ങളാലുള്ള നിയന്ത്രണങ്ങളുണ്ട്. അതിർത്തി രക്ഷാ സേനയുടെ കൈപ്പിടിയിലാണു കച്ച്.

പടിഞ്ഞാറ് സിന്ധു നദി അറബിക്കടലുമായി ചേരുന്ന അഴിമുഖത്തെ ചതുപ്പുകളും ഉൾനീർച്ചാലുകളും ചേർന്നു കിടക്കുന്നത് പാക്കിസ്ഥാനെ. അഴിമുഖചതുപ്പു പ്രദേശങ്ങൾ കൂടുതലും അപ്പുറത്താണ്. ഇന്ത്യൻ ഭാഗത്തുള്ള സർ ക്രീക്കിൽ നിന്നു കറാച്ചി ഇരുന്നൂറിൽത്താഴെ കിലോമീറ്റർ ദൂരെ മാത്രമാണ് എന്നറിയുമ്പോഴാണ് ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തിനപ്പുറം തന്ത്രപ്രാധാന്യം തിരിച്ചറിയാൻ സാധിക്കുന്നത്.

കച്ച് ഒരു തുടർച്ച

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി ഭാഗം വയ്പിൽ, ഒറ്റ രാത്രി കൊണ്ടു വെട്ടിമുറിക്കപ്പെട്ടതായിരുന്നു പടിഞ്ഞാറിനെ. ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും. അതിൽത്തന്നെ ഏറ്റവും വലിയ മുറിച്ചുതുന്നലായിരുന്നു കച്ച്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുമായുണ്ടായിരുന്ന കച്ച് സാംസ്‌ക്കാരിക നൈരന്തര്യമാണ് ഇതുവഴി രണ്ടായത്. നാട്ടുരാജ്യങ്ങളുടെ ഒരു കടന്നൽക്കൂടു തന്നെയായിരുന്നു ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഈ പടിഞ്ഞാറൻ മേഖല.

കച്ചിയുടെ ഭാഷയും കച്ചിസംസ്‌ക്കാരവുമെല്ലാം ഒരു തുടർച്ച തന്നെയാണ്. ഈ കൊടുക്കൽ വാങ്ങലുകൾ ഇന്നുമുണ്ട്. കച്ചി ഭാഷ സംസാരിക്കുന്ന പാക്കിസ്ഥാനികളും മൂന്നോ നാലോ ഭാഷ സംസാരിക്കുന്ന കച്ചികളും ഉണ്ട്.

കച്ച് രാജാവായിരുന്ന മഹാറാവു ശ്രീ വിജയരാജി, സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ, പിന്നെയും കുറെക്കാലം 1948 മെയ് വരെ കച്ച് പ്രദേശം രാജാവിന്റെ കയ്യിൽത്തന്നെയായിരുന്നു. 1948 ഫെബ്രുവരിയിൽ വിജയരാജി മരിച്ചെങ്കിലും മകൻ മേഘരാജിയായി അടുത്ത രാജാവ്. 1948 ജൂണിൽ ഇന്ത്യൻ യൂണിയനിൽ ചേർത്ത കച്ച് 1956 വരെ മുഖ്യമന്ത്രിയും ചീഫ് കമ്മിഷണറുമുള്ള, കേന്ദ്ര നിയന്ത്രണത്തിലുള്ള പ്രദേശമായിത്തുടർന്നു. സംസ്ഥാന പുനർനിർണയം നടന്ന 1956 ൽ ഐക്യ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായി. പിന്നീട് 1960 ൽ, ഏറെ സമരങ്ങൾക്കും മറ്റും ശേഷം, ഐക്യ ബോംബെ സംസ്ഥാനം രണ്ടാക്കി മഹാരാഷ്ട്രയും ഗുജറാത്തുമാക്കിയപ്പോൾ കച്ച് ഗുജറാത്തിന്റെ കൂടെയായി.

എന്നാൽ, ഗുജറാത്തിന്റെ ഗുജറാത്തിയിൽ നിന്നു വ്യത്യസ്തമായി കച്ചികൾക്ക് (കച്ച് ജനങ്ങൾ) കച്ചി ഭാഷയുണ്ട്. ഗുജറാത്തി ലിപിയോ ഖുജാബാഡി ലിപിയോ എന്തിന് ഉർദു (അറബി) ലിപിയോ ഉപയോഗിച്ച് എഴുതാവുന്നത്. എന്നാൽ, കച്ചിക്കു കൂടുതൽ ബന്ധമുള്ളത് സിന്ധി ഭാഷയോടാണ്. ഗുജറാത്തിയോടല്ല. രാജസ്ഥാനിലെ മാർവാഡി ഭാഷയിൽ നിന്നുള്ള കടമെടുപ്പും ഉണ്ട്. ഇന്തോ- ആര്യൻ ഭാഷാസമൂഹത്തിൽ തന്നെ പെട്ട കച്ചി ഭാഷയ്ക്ക് കൂടുതൽ കൂറ് സിന്ധിയോടാണ് എന്നു മാത്രമല്ല, സിന്ധിയുടെ ഒരു ഭാഷാഭേദമായിട്ടു തന്നെയാണ് കണക്കാക്കപ്പെടുന്നത്.

കച്ചിലെ ഗ്രാമീണർ

നിങ്ങളുടെ പേരെന്താണ് എന്നു മലയാളി ചോദിക്കുന്നതു ഗുജറാത്തി ‘തമാരു നാം സൂച്ചേ’ എന്നു ചോദിക്കുമ്പോൾ കച്ചി, ‘ആഞ്ഞോ നാലോ കുറോ ആയ്’ എന്നാണു ചോദിക്കുക. ഇതു സിന്ധി ഭാഷയിൽ ‘തവാഞ്ഞോ നാലോ ഛാ ആഹേ’ എന്നും. സിന്ധിയോടുള്ള ആ അടുപ്പം നോക്കുക.

അതേ, കച്ചിയുടെ ഭാഷയും കച്ചിസംസ്‌ക്കാരവുമെല്ലാം കാലങ്ങളുടെ, ഭാഷയുടെ , ജീവിതത്തിന്റ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്ന ഒരു തുടർച്ച തന്നെയാണ്. ഈ കൊടുക്കൽ വാങ്ങലുകൾ ഇന്നുമുണ്ട്. കച്ചി ഭാഷ സംസാരിക്കുന്ന പാക്കിസ്ഥാനികളും മൂന്നോ നാലോ ഭാഷ സംസാരിക്കുന്ന കച്ചികളും ഉണ്ട്. എല്ലാ നിറങ്ങളെയും ഹനിച്ചുകളയുന്ന കാഴ്ചയുടെ നരപ്പിനെ കച്ചികൾ പല നിറങ്ങളിലുള്ള മേലാടകൊണ്ടും നിറങ്ങൾ വാരിയണിഞ്ഞ ആഘോഷങ്ങൾ കൊണ്ടും നിറഞ്ഞ നടനം കൊണ്ടും പല വർണരാജിയിലേക്കു പ്രസരിപ്പിക്കുന്നു. റാൻ മഹോത്സവമെന്ന വാർഷികാഘോഷത്തിന് ഒരിക്കലെങ്കിലും പങ്കെടുക്കുക, നിങ്ങളുടെ ജീവിതകാഴ്ചപ്പാടിനെത്തന്നെ പല സംസ്‌കൃതികളിലേക്കു ചിതറിപ്പിച്ചുകളയും അത്.

വെളുപ്പിന്റെ മഹാമരുവിലൂടെ പരമ്പരാഗതപാതകൾ താണ്ടി മറുപുറത്തു പോയി തിരിച്ചുവരുന്നവരുണ്ടാ യിരുന്നു. ഇന്നും അത് അന്യം നിന്നു പോയിട്ടില്ല. എന്നാൽ അതിനു സാധാരണ മെയ്ക്കരുത്തു മാത്രം പോര. ഉപ്പിന്റെ ലവണാമ്ലത്തിന്റെ നീറ്റലിലാണ് അതൊക്കെ. ചതുപ്പിന്റെ കാണാക്കയങ്ങളുണ്ട്. കാഴ്ചയുടെ കണ്ണുകെട്ടലുകളുണ്ട്. സദാ ജാഗരൂകരായ അതിർത്തിരക്ഷാസേനയുണ്ട് കാവലിന്. ഒട്ടകപ്പട്ടാളം. അതുകൊണ്ടുതന്നെ പോക്കുവരവുകൾ ഒരു കെട്ടുകഥയിലെന്ന പോലെ. കച്ചിലെ ഭൂമിയുടെ പല തരങ്ങൾ അപരിചിതനെ വഴിയിൽ പെടുത്തിക്കളയും എന്ന് ഒരു അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥന്റെ സാക്ഷ്യം നൂറു ശതമാനം ശരി.

ദൂരക്കാഴ്ചയിലേക്കു കണ്ണുകെട്ടുന്നുവെങ്കിലും കച്ചിലെ ഉപ്പുകടലിനെ ഇത്രയും ദൂരേയ്ക്കു കാണാൻ പറ്റിയ സ്ഥലം വേറെയില്ല.

കാലാ ദൂംഗർ എന്ന കറുത്ത കോട്ട

കച്ച് മരുക്കടലിന്റെ ധവളവിശാലതയിലേക്കു കാഴ്ചയുടെ വിദൂര പക്ഷിക്കണ്ണുകൾ തുറക്കുന്ന ഒരേയൊരിടം എന്നു വേണമെങ്കിൽ പറയാവുന്ന ഒന്നേയുള്ളൂ. ഈ കറുത്ത കുന്നിൻമുനയിൽ (കാലാ ദുംഗർ) നിന്നു തുറക്കുന്നത് ഓരോരുത്തരുടെ കാഴ്ചയുടെ ശക്തിക്കനുസരിച്ച് കിലോമീറ്ററുകൾക്കപ്പുറത്തേക്കു തട്ടിമറിഞ്ഞുവീണുകിടക്കുന്നുവെന്നു തോന്നിപ്പിക്കുന്ന വെളുത്ത ഉപ്പുകടൽ. നമ്മൾ ഭൂമിക്കും ആകാശത്തിനും ഇടയ്ക്കു നിൽക്കുകയാണോ എന്നു തോന്നിപ്പിച്ചകളയും. വിമാനത്തിൽ നിന്നു നോക്കുമ്പോൾ കാണുന്ന പിരിഞ്ഞ പാൽ പോലുള്ള മേഘക്കൂട്ടങ്ങളല്ല, മറിച്ച് കാഴ്ചയെ എങ്ങോട്ടും വലിച്ചുനീട്ടുന്ന ഒറ്റ വെളുത്ത മേഘം.

മുന്നിൽ കാണുന്നതു ഭൂമിയേയല്ല എന്നു തോന്നിപ്പിച്ചുകളയും. കാലാ ദൂംഗർ കച്ചിന്റെ നിരയൊപ്പിച്ച പരന്ന ഭൂപ്രകൃതിയിൽ ഒറ്റപ്പെട്ടു നിൽക്കുന്നു ഏറ്റവും ഉയരത്തിൽ. ആയിരത്തിഅഞ്ഞൂറോളം അടി ഉയരത്തിൽ. അവിടെ മരുസാഗരം ആവോളം കണ്ടു ജീവിതം വിയർപ്പിക്കാൻ കാഴ്ചസ്ഥലങ്ങൾ പണിതിട്ടിരിക്കുന്നു. ദൂരക്കാഴ്ചയിലേക്കു കണ്ണുകെട്ടുന്നുവെങ്കിലും കച്ചിലെ ഉപ്പുകടലിനെ ഇത്രയും ദൂരേയ്ക്കു കാണാൻ പറ്റിയ സ്ഥലം വേറെയില്ല. മെലിഞ്ഞും തടിച്ചും വന്നുകൊണ്ടിരിക്കുന്ന സന്ദർശകർ. കണ്ണഞ്ചിക്കുന്ന ഒന്നും ഇല്ലാഞ്ഞിട്ടുകൂടി ദൂരങ്ങളിലേക്കു നോക്കിനിന്ന് കണ്ണു വേദനിപ്പിച്ചു മടങ്ങുന്നു.

കച്ച് ഗ്രാമീണ ജീവിതം / ഫോട്ടോ: മഹേഷ് ഹരിലാൽ

മുന്നിൽ കാണുന്നത് ഉപ്പിന്റെ നരപ്പാണെങ്കിലും അവിടേക്കു നോക്കിയാൽ ലവണാമ്ലത്തിൽ തെളിയില്ല ഒന്നും. വെളിച്ചത്തെ പല നിറത്തിലാക്കി കൊതിപ്പിക്കാൻ അറിയില്ല ഉപ്പു പരലുകൾക്ക്. എന്നാലും വെയിലിനെ വല്ലാതെ പ്രതിഫലിപ്പിച്ചുകളയും. ബാക്കിയെന്തെങ്കിലും ഉണ്ടാകുമോ കച്ചിൽ നിന്ന്, കാലാ ദൂംഗറിൽ നിന്നു മടങ്ങുമ്പോൾ കൂടെയോർക്കുവാൻ ? എന്താണു കണ്ടതെന്നു ഒരു വാചകത്തിൽ പറയാമോ? രണ്ടിനുമുണ്ടാവില്ല കൃത്യമായ ഉത്തരം.

എന്നാൽ, മനസിൽ കൊണ്ടതെന്തെന്ന് ഒരു വാചകത്തിൽ ഉപന്യസിക്കാൻ തന്നെയുണ്ടാവും. ബാക്കിയേതു സ്ഥലത്തെ കാഴ്ചയുടെ ഉടുത്തുകെട്ടലുകളും എടുപ്പുകുതിരകളും ഒന്നുമുണ്ടാവില്ല, പ്രത്യേകിച്ച് വിശേഷിച്ച് ആരോടെങ്കിലും പറയുവാൻ. വേറെയും വെളുപ്പുകൾ കണ്ടിട്ടുണ്ട്. താജിന്റെ വെളുപ്പിൽ പ്രണയത്തെ നോക്കിനിന്നിട്ടുണ്ട്. ഹിമാലയത്തിന്റെ ധവളിമയിൽ മനുഷ്യനുമപ്പുറത്തേക്കു നോക്കിനിന്നിട്ടുണ്ട്. ധൂത് സാഗർ വെള്ളച്ചാട്ടത്തിലും മറ്റും വെളുപ്പിന്റെ കാണാക്കയങ്ങൾ അറിഞ്ഞിട്ടുണ്ട്. എന്നാൽ, കച്ചിലെ ഉപ്പിന്റെ നീറ്റുന്ന വെളുപ്പിലോ? കണ്ണും കാഴ്ചയും നീറ്റുന്ന കച്ച്, ബാക്കി ജീവിതകാലം മുഴുവൻ നിങ്ങളെ ഓർമ കൊണ്ടു വേട്ടയാടുമെന്ന് ഉറപ്പ്. കാരണം, ഇതു നാളിതുവരെ കാണാത്ത മറ്റൊരു ലോകമാണ് എന്നതു തന്നെ.

കാലാ ദൂംഗറിൽ നാന്നൂറോളം വർഷമുള്ള ക്ഷേത്രത്തിലേക്കും വിശ്വാസികൾ എത്തുന്നുണ്ട്. ദത്താത്രേയ ക്ഷേത്രം. ഹൈന്ദവ ത്രിത്വ സാന്നിധ്യമുള്ള അവതാരമെന്നു വിശ്വസിക്കപ്പെടുന്ന ദത്താത്രേയന്റെ ത്രിമുഖ വിഗ്രഹത്തിനു മുന്നിൽ പ്രാർത്ഥനകളുടെ മണികൾ മുഴങ്ങുന്നുണ്ടായിരുന്നു. ബാക്കി ഏഴു കോണുകളിലെയും വെളുപ്പിനെ സാക്ഷി നിർത്തി. ഒരുപ്പു കാറ്റുവന്ന് മനസിലും മണിയടിച്ചതു പോലെ വിശ്വാസികൾ തൊഴുതുമടങ്ങി. പുല്ലിനെയും പുഴുവിനെയും പ്രാണിയേയും പറവയേയും ഒഴുക്കിനെയും നിശ്ചലതയെയും വണങ്ങിയ ദത്താത്രേയന്റെ, ഒരു നിറമെഴുത്തുണ്ട്, രാജാ രവിവർമയുടേതായി. അത് ഓർമ വരണം മനസിലേക്ക്.

കച്ചിൽ പകലും രാത്രിയും കച്ചും വെവ്വേറെ മായക്കാഴ്ചകളാണ്. തികച്ചും വ്യത്യസ്തമായ മൂന്നു ലോകങ്ങൾ എന്നേ, ഏറ്റവും കൂടിയാൽ പറയാൻ സാധിക്കുകയുള്ളൂ. അതിനപ്പുറം വാക്കുകൾ പോരാതെ വരുന്നു.

പടിഞ്ഞാറു വെളിച്ചം കെടുന്ന സമയത്ത് പകലിന്റെ അതിരിൽ, ക്ഷേത്രത്തിലെ പ്രസാദമുണ്ണാൻ വരുന്ന കുറുക്കന്മാരുടെ അനക്കം വച്ചുതുടങ്ങുകയായി. ദത്താത്രേയന്റെ ഐതിഹ്യത്തോളം പഴക്കമുണ്ട് ഈ കുറുക്കനൂട്ടിന്. അറബിക്കടലിന്റെ വർഷപ്പെരുക്കത്തിൽ കച്ചിനെ പ്രളയത്തിലാക്കി പിന്നീട് അത് ഉപ്പായി ഉണക്കിയെടുക്കുന്ന പ്രകൃതിയുടെ പ്രസാദമൂട്ട് പോലെ.

ഇന്ത്യാ ബ്രിജ്

കാലാ ദൂംഗറിൽ നിന്ന്​ വീണ്ടും പടിഞ്ഞാട്ട് ഒരു മണിക്കൂർ യാത്ര. എത്തുന്നത് ഇന്ത്യാ ബ്രിജ് എന്ന തന്ത്രപ്രധാന പാലത്തിനടുത്ത്. അവിടെ കാവലും പരിശോധനകളും അതിശക്തം. അതിനപ്പുറം പോകാൻ ഭുജിലെ അതിർത്തിരക്ഷാ സേനാ ആസ്ഥാനത്തു നിന്ന് പ്രത്യേക അനുമതി വാങ്ങണം. പാലത്തിനപ്പുറത്തേക്ക് അല്ലെങ്കിൽ പ്രവേശനം വിലക്കപ്പെട്ടിരിക്കുന്നു. പാലത്തിനു മുകളിൽ വച്ച് ഒരു സിവിലിയൻ പ്രവർത്തനവും പാടില്ല. സെൽഫിയോ ഫോട്ടോഗ്രഫിയോ പാടില്ല. കാരണം, പാക്കിസ്ഥാൻ അതിർത്തിയിലേക്ക് ഇനിയധികം ദൂരമില്ല.

ബി.എസ്.എഫിന്റെ അനുമതിയുണ്ടെങ്കിൽ, കുറച്ചുകിലോമീറ്ററുകൾ കൂടി മുന്നോട്ടു പോവാമെന്നു മാത്രം. അല്ലെങ്കിൽ, പാലത്തിൽ നിന്നു മടങ്ങേണ്ടിവരും. മുന്നോട്ടു പോയാൽ ഒരു സ്മൃതിമണ്ഡപമെത്തും. അതാണു നാട്ടുകാർക്കു ചെന്നെത്താവുന്ന അവസാനത്തെ പോയിൻറ്​. അതിനപ്പുറം പട്ടാളക്കാർക്കു മാത്രം. അവിടെ നിന്ന് 50 കിലോമീറ്റർ അകലെ ഇന്ത്യാ- പാക് അതിർത്തി. കുറ്റിക്കാടുകൾ വകഞ്ഞ് ഒരു കാട്ടുപന്നിയോ നീലപ്പശുവോ കാഴ്ചയ്ക്കു കുറുകെ കടക്കുന്നുണ്ടാവാം. എവിടെയും ചുണ്ടുകൾ ഇറുക്കിപ്പിടിച്ച നിശ്ശബ്ദത. വിജനതയിലേക്ക് ഒരു പകൽ പതുക്കെ ചേക്കേറുന്നു.

രാത്രിയിലെ കച്ച്

പകലല്ല ഭൂമിയിൽ എവിടെയും രാത്രി. എന്നാൽ, കച്ചിൽ പകലും രാത്രിയും കച്ചും വെവ്വേറെ മായക്കാഴ്ചകളാണ്. തികച്ചും വ്യത്യസ്തമായ മൂന്നു ലോകങ്ങൾ എന്നേ, ഏറ്റവും കൂടിയാൽ പറയാൻ സാധിക്കുകയുള്ളൂ. അതിനപ്പുറം വാക്കുകൾ പോരാതെ വരുന്നു. ഭാഷ തികയാതെ വരുന്നു. ലോകത്തെ ഏതു കൂടിയ വീര്യത്തിനും പകർന്നു തരാൻ പറ്റാത്തത്രയും വിചിത്രമായ വിഭ്രാന്ത കാഴ്ചകളാണു ഉപ്പുകടലിനു മീതെ പരക്കുന്ന രാത്രിക്ക്.

പലപ്പോഴും സൂര്യൻ അണഞ്ഞുകഴിഞ്ഞാൽ ഉടൻ ചന്ദ്രോദയം ഉണ്ടാവാറില്ല. ചന്ദ്രബിംബം എവിടെപ്പോയി എന്നു തിക്കിത്തിരഞ്ഞുകൊണ്ടിരിക്കും. പതുക്കെ, കാത്തിരിപ്പുകൾക്കു വിരാമമിട്ടു കൊണ്ടു ചന്ദ്രൻ യാത്ര തുടങ്ങുകയായി. തിളങ്ങുന്ന ചാന്ദ്രമുഖത്തുനിന്നുള്ള വെളിച്ചം നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു നിറക്കൂട്ടിലേക്കാണ്. ലോകത്തു മറ്റൊരിടത്തും അധികം കാണാൻ സാധിക്കാത്ത തരത്തിൽ. ഇരുട്ടിൽ ഉപ്പിന്റെ ലവണാമ്ലത്തിന്റെ നീറ്റുന്ന മങ്ങിയ വെളുപ്പിലേക്ക് ആകാശത്തു നിന്നുള്ള ചാന്ദ്രവെളിച്ചം പെയ്തിറങ്ങുമ്പോൾ നീല പൊട്ടിപ്പരക്കുകയായിരിക്കും ചുറ്റും. അതു നീലമാണോ അതോ വെള്ള കലർന്ന നീലയാണോ അതോ എല്ലാം കൂടിച്ചേർന്ന മറ്റൊന്നോ എന്ന് വിസ്മയിക്കും.

എന്നാൽ, ഈ കാഴ്ചവിരുന്നിൽ നേരം പുലരും വരെ നമ്മളെ അലിയിച്ചലിയിച്ചുകളയാം എന്നു വിചാരിക്കാൻ പറ്റില്ല. അർധരാത്രിക്കു ശേഷം ഉപ്പുമരുവിൽ ആളനക്കങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ അതു നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. തിരിച്ചുപോകാതെ പറ്റില്ല. അല്ലെങ്കിൽ, ആരും തിരിച്ചുപോകാതെ ഇരുന്നെന്നുവരും. അത്ര കാന്തികതയാണ് ഈ നിറക്കൂട്ടിന്. അന്ധതയിലേക്കു നയിക്കുന്ന മായികതയാണെങ്കിലും തിരിച്ചുവിളിക്കുന്നുണ്ട്, പിന്നെയും പിന്നെയും. പക്ഷെ, തിരിച്ചുപോകാതെ വയ്യ.

ഈയൊരൊറ്റക്കാഴ്ച മതി, പിന്നെ ജന്മങ്ങളോളം മാസ്മരികമായി വേട്ടയാടിക്കൊണ്ടേയിരിക്കാൻ. അതെ. കച്ച് ജന്മങ്ങളുടെ തുടർച്ചയാണ്. മറ്റെന്തു കിട്ടിയിട്ടെന്ത്, ഇതില്ലെങ്കിൽ എന്ന തൃഷ്ണയുടെ തുടർച്ച. ഇതു കണ്ടില്ലെങ്കിൽ, മറ്റൊന്നും കണ്ടിട്ടില്ല എന്ന വെളിപാടിന്റെ. ഇത് ഉള്ളിലെവിടെയും കൊണ്ടില്ലെങ്കിൽ, മറ്റൊന്നും ഒരു പാഴ്ജീവിതം കൊണ്ടു നേടിയിട്ടില്ല എന്ന തിരിച്ചറിയലിന്റെ. ▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments