മഹാബലേശ്വർ

ഏതു കാഴ്ചയാണ് അവനവനെ അകലങ്ങളിലേക്ക് വലിച്ചെറിയുക

എവിടെ നിൽക്കുമ്പോഴാണോ, മനുഷ്യനെന്ന അഹങ്കാരം മുഴുവൻ അഴിഞ്ഞുവീണു തിരിച്ചറിവിന്റെ നഗ്‌നത അറിയുന്നത്, അത് ഇവിടെയാണ്. പേരിൽ എന്നാൽ, മഹാബലമുണ്ട്. അതു പ്രകൃതിയുടെ മഹാബലമാണെന്ന തിരിച്ചറിവു കൂടിയുണ്ടാവും, ഇവിടെ.

റ്റെവിടെയായിരിക്കും അങ്ങനെ തോന്നിച്ചിട്ടുണ്ടാകുക?.
പല തവണ ഓർത്തുനോക്കും.
ജീവിതത്തിൽ പല വലുതുകളുടെയും സാമീപ്യമുണ്ടായിട്ടുണ്ടെന്നിരിക്കും.
അപ്പോഴൊന്നും പക്ഷെ, അത്ര ചെറുതായി തോന്നില്ല അവനവനെ.

മഹാമേരുക്കളുടെ മുന്നിൽ. അതിന്റെ ഒരു പുറംകല്ലിന്റെ വലിപ്പം പോലുമുണ്ടാവില്ല നമ്മൾക്ക്. എന്നാലും നമ്മൾ നമുക്കുതന്നെ ഒരു വലിപ്പം നിശ്ചയിച്ചിട്ടുണ്ടാകും. മഹാസമുദ്രത്തിന്റെ വിജനമായ ഏകാന്തതയിൽ. ആകാശം മുഴുവൻ വന്ന് ആലിംഗനം ചെയ്യുന്നുണ്ടാകും. മഹാസമുദ്രത്തിൽ ഒരു വെള്ളത്തുള്ളിയുടെ മാത്രം വലിപ്പമുള്ള കപ്പലെന്ന മനുഷ്യന്റെ മഹാബോധത്തെ കടലിന്റെ നീലവിശാലത തീർത്തും ചെറുതാക്കിക്കളഞ്ഞിട്ടുണ്ടാവും.

എന്നാലും, കടലിനോട് നെഞ്ചെതിർത്തു നിൽക്കുന്ന മനുഷ്യന്റെ ഒരു ഊറ്റമുണ്ടാവും. അതിലെ ഏറ്റവും ചെറിയ ജീവനുകൂടി നമ്മളേക്കാൾ വലിപ്പമുണ്ടായിരിക്കാമെങ്കിലും. മഹാമനുഷ്യന്റെ മുന്നിൽ നിന്നിട്ടുണ്ടാവും. ഔദ്ധത്യത്തിന്റെയും അഹങ്കാരത്തിന്റെയും വിശാല നെഞ്ചളവിനു മുന്നിൽ. തനിക്കുമുന്നിലുള്ള എന്തും തന്റെ അടിമയെന്ന് ഉദ്‌ഘോഷിക്കുന്ന അധികാരത്തിന്റെ ധാർഷ്ട്യത്തിനു മുന്നിൽ. സമസ്ത അറിവും ഉള്ളിലൊടുക്കിയെന്ന മിഥ്യാഭിമാനത്തിനു മുന്നിൽ..എല്ലാം തൃണമെന്ന ബോധത്തിൽ നിന്നുദിക്കുന്ന സമ്യമിയുടെ മുന്നിൽ...അപ്പോഴും അവനവൻ അത്ര പുഴുവല്ല എന്നൊരു തോന്നൽ ഉണ്ടായിരിക്കും, അത് അജ്ഞാനത്തിൽ നിന്നാവാം. തന്നെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ കൊണ്ടാവാം. ചെറുത് ഒന്നിന്റെ മുന്നിലും കുനിയേണ്ടതില്ലെന്ന ഊറ്റം കൊണ്ടുമാവാം.

എൽഫിൻസ്റ്റൻ പോയിന്റ്‌ /Photo: mahabaleshwartourism.in

അതൊന്നുമല്ല. ഈ പ്രപഞ്ചത്തിലെ അനേകകോടി കോശങ്ങളിൽ ഒന്നുമാത്രമാണ്​താൻ എന്നു തോന്നിപ്പിക്കുന്ന ഒരു വിശാലതയേയുള്ളൂ. അവിടെ പ്രകൃതിക്കു മുന്നിൽ, നമ്മൾ തീർത്തും ഇല്ലാതെ തന്നെയാവും. ഒരൊത്തൊരു മനുഷ്യന്റെ നീളവും അൻപതിഞ്ചു നെഞ്ചളവും ഒക്കെ ഉണ്ട് എന്നു നാളിതുവരെ തോന്നിപ്പിച്ചതു മാത്രമാണെന്നു തിരിച്ചറിയും. നമ്മൾ അറിഞ്ഞതൊന്നുമല്ല അറിവ് എന്നല്ല, നമ്മൾ ഇതിനോടകം ഒന്നും അറിഞ്ഞിട്ടില്ല എന്നു തിരിച്ചറിയും. നാളിതുവരെ ഒരു അടവിയിലും മണൽക്കാട്ടിലും ഒരു ആഴിയിലും തോന്നാത്ത ഒരു ചെറുതായി നമ്മളെ മാറ്റിക്കളയും. ചെറുത് എന്നല്ല, നമ്മൾ എന്നത് ഇല്ലേയില്ല എന്നു തോന്നിപ്പിച്ചുകളയും. ഒരു ചെറുതായിട്ടുപോലും ഇല്ല. തീരെ ഇല്ല..സ്വന്തം വലിപ്പവും ശക്തിയും ഇല്ലാതാക്കിക്കളയുന്ന ഒരേയൊരു തുറസ് മാത്രമാണ് ഒരു യാത്രയിൽ കാണാൻ കഴിഞ്ഞത്. മഹത്തരം, മഹോന്നതം എന്നു വാഴ്ത്തപ്പെടുന്ന പലതും നേരിൽ അനുഭവിച്ചിട്ടുണ്ട്. അനുഭവിക്കാൻ സാധിക്കാത്തതു ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. അതുമല്ലാത്തവ പറഞ്ഞുകേട്ടിട്ടുണ്ട്.

അങ്ങനെ, മഞ്ഞുമുടിയിളക്കുന്ന ഹിമവാനെ, സൂനാമിത്തിരകൾ വിയർത്തുകൊണ്ടേയിരിക്കുന്ന ഭ്രാന്തൻ കടൽപ്പരപ്പുകളെ, കണ്ണിലേക്ക് വെളിച്ചത്തിന്റെ ഒരു അട്ട പോലും അരിച്ചുകയറാത്ത കാനനഗർഭങ്ങളെ. ആഴത്തിലേക്കു പൂണ്ടടക്കം വലിക്കുന്ന ഭൂമിയുടെ സിസേറിയൻ മുറിപ്പാടുകളെ. നേരിൽ കണ്ടും കൊണ്ടും ചിത്രങ്ങളിൽ കണ്ടും പറഞ്ഞുകേട്ടും ഉള്ളിൽ കൊണ്ട അത്തരം മഹാവിശാലതകളിൽ, ഒരു പൊടി തന്നെ പല പൊടികളായി ചിന്നിച്ചിതറിയ ചെറുതെന്ന മഹാബോധത്തിലേക്കു വീണുപോവുന്ന ഒരു അനുഭവം ഇന്ത്യയിൽ ഒരിടത്തേ കാണാൻ സാധിച്ചിട്ടുള്ളൂ. മഹാ ഉയരങ്ങളിൽ നിന്നു നോക്കുമ്പോൾ, താഴെ ഉറുമ്പിൻപറ്റം പോലെ തോന്നിക്കുന്ന മനുഷ്യക്കൂട്ടങ്ങളെ കണ്ടിട്ടുണ്ട്. അതല്ല. എവിടെ നിൽക്കുമ്പോഴാണോ സ്വയം ഉറുമ്പിൻപറ്റത്തേക്കാളും ചെറുതാണെന്ന മഹാബോധജ്ഞാനോദയം ഉണ്ടായിട്ടുള്ളത്, അത് പശ്ചിമഘട്ടത്തിന്റെ ഈ ഉത്തുംഗതയിൽ വച്ചാണ്. അതുപക്ഷെ, സാധാരണ ആകാശം മുട്ടുന്ന മലമുടികളിൽ കിട്ടുന്നതു പോലെയല്ല.

മഴയെക്കൂടി ഒപ്പം കൂട്ടുന്ന യാത്രയാണെങ്കിൽ, മഹാബലേശ്വറിൽ എത്തുന്നതുവരെ, ഒരു മായാലോകത്തെന്ന പോലെ തോന്നിപ്പിക്കും. അവിടെയെത്തിക്കഴിഞ്ഞാലുള്ള വിസ്മയങ്ങൾ ബാക്കി. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കയറിയെത്തുന്നത് അറിഞ്ഞെന്നുവരില്ല.

എവിടെ നിൽക്കുമ്പോഴാണോ, മനുഷ്യനെന്ന അഹങ്കാരം മുഴുവൻ അഴിഞ്ഞുവീണു തിരിച്ചറിവിന്റെ നഗ്‌നത അറിയുന്നത്, അത് ഇവിടെയാണ്. പേരിൽ എന്നാൽ, മഹാബലമുണ്ട്. അതു പ്രകൃതിയുടെ മഹാബലമാണെന്ന തിരിച്ചറിവു കൂടിയുണ്ടാവും, ഇവിടെ. മഹാബലേശ്വരം. മഹാബലേശ്വർ എന്നു വിളിക്കും ഉത്തരേന്ത്യക്കാരും ഗോസായികളും. മഹാരാഷ്ട്രയിൽ, സത്താറ ജില്ലയിൽ, പശ്ചിമഘട്ടത്തിന്റെ ഈ വഴിത്തിരിവിൽ. തെക്കേ ഇന്ത്യയുടെ മണ്ണിനെ പിടിച്ചുനിർത്തുന്ന നട്ടെല്ലു തന്നെയായ (അതിന്റെ തുടർച്ചയെന്നോണം, ബാക്കി ശ്രീലങ്കയിലും) പശ്ചിമഘട്ടം. മഹാഔന്നത്യത്തിനു കുറുകെ നടപ്പാതകളും കാഴ്ചകേന്ദ്രങ്ങളുമൊരുക്കിവച്ച്, മനുഷ്യാഹങ്കാരങ്ങളെ ചിതറിപ്പിച്ചുകളയുകയാണു മഹാബലേശ്വർ. വിശാലമായ തുറസിൽ നിന്നു കിട്ടുന്ന ഈ ഉൾക്കാഴ്ചയ്ക്കു വേണ്ടിയെങ്കിലും ഒരിക്കൽ പോകേണ്ടിയിരിക്കുന്നു ആരും അവിടേക്ക്. തിരിച്ചുവരുമ്പോൾ, കൂടെ കൊണ്ടുവരാൻ ഞാൻ, ഞാനെന്ന മിഥ്യാബോധം ഉണ്ടാവില്ല. ഭൂമിക്കുമേൽ ആകാശം നടത്തുന്ന കൊത്തുവേലകളുടെ വിശാലത അതിലുമപ്പുറം വാക്കിലൊതുങ്ങുമെന്നു തോന്നുന്നില്ല.

മാനസസരസിലെ വിശ്വവിശാലതയിൽ, ഹിമം വിയർക്കുന്ന ഗിരിമകുടങ്ങളിൽ, വെളിച്ചം ശ്വാസംമുട്ടുന്ന കന്യാവനഗർഭങ്ങളിൽ... മനുഷ്യരിലെ സാധാരണക്കാർക്ക് അത്രയെളുപ്പം വഴങ്ങിത്തരാത്ത ഇത്തരം നിഗൂഢതകളിലേക്കൊന്നും എളുപ്പം എത്തിപ്പെടാൻ സാധിച്ചെന്നു വരില്ല, മിക്കപ്പോഴും, എല്ലാവർക്കും. എന്നാൽ, മഹാബലേശ്വർ അങ്ങനെ എത്തിപ്പെടാൻ പറ്റാത്ത, അല്ലെങ്കിൽ അഗമ്യമായ ഒരു സ്ഥലമല്ല. പക്ഷെ, ഒന്നുണ്ട്. അവിടെ പ്രകൃതിയുടെ കൊത്തുവേലകൾ മാത്രമേയുള്ളൂ. അതല്ലാതെ, കണ്ണഞ്ചിക്കുന്ന നിർമിതികളില്ല. പ്രലോഭിപ്പിക്കുന്ന കൃത്രിമ വശ്യതകളില്ല. ഉള്ളത്, ആഴങ്ങളിലേക്ക് അടർത്തിയിടുന്ന മലമുടികളുടെ കാടുപിടിച്ച അടിവയറുകളാണ്. അതിന്റെ മുന്നിൽ, ഒന്നുമല്ലാതെയായിത്തീരുന്നത് മനുഷ്യൻ എന്ന ആർത്തിയും ആഭിചാരവുമാണ്. ഇല്ലാത്ത വച്ചുകെട്ടലുകൾ കൊണ്ടു വലിപ്പമേറ്റിയ, ഇല്ലാവചനങ്ങൾ കൊണ്ട് വാഴ്​ത്തിയ, ഇല്ലാത്ത പെരുമ കൊണ്ടു കോലമെഴുതിയ മനുഷ്യൻ എന്ന വലിയ മിഥ്യാബോധത്തെയാണ്.

ലിങ്മല വെള്ളച്ചാട്ടം /Phot: maharashtratourism.in

ബലത്തിന്റെ ബോധത്തിലേക്കു പലവഴി

മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ, പശ്ചിമഘട്ട മലമുടികളാൽ ചുറ്റപ്പെട്ട ഒരു പീഠഭൂമിയാണ് അത് എന്നു ഭൂമിശാസ്ത്രം. തെക്കേ ഇന്ത്യയിൽ ജലവേരുകൾ പടർത്തിയ കൃഷ്ണ നദിയുടെ ഉറവിടം കൂടിയാണ് സഹ്യാദ്രിയുടെ ഈ ഭാഗം. ചെന്നുപറ്റാൻ എളുപ്പമാണ്. അവിടെ നിന്നു തിരിച്ചുപോരുന്നതു മാത്രമാണ് എന്തെങ്കിലും വിഷമകരമായിട്ടുള്ളത്. പുണെ നഗരത്തിന്റെ നൂറ്റിയിരുപതോളം കിലോമീറ്റർ തെക്കുപടിഞ്ഞാട്ടു മാറി. മുംബൈയിൽ നിന്ന് മുന്നൂറോളം കിലോമീറ്റർ. മംഗലൂരുവിൽ നിന്നും ബംഗളൂരുവിൽ നിന്നും ഏതാണ്ട് ഒരേ സമയം. പതിനാലു മണിക്കൂർ. സത്താറയിൽ നിന്നു കഷ്ടി ഒന്നര മണിക്കൂർ. മംഗലൂരുവിൽ നിന്നോ ബംഗളൂരുവിൽ നിന്നോ ആണെങ്കിൽ വലിയ നഗരങ്ങളുടെ പ്രലോഭനത്തിൽ നിന്നു വൈകാതെ അടർന്നുകഴിയും. സത്താറയിൽ നിന്നുള്ള യാത്ര തുടങ്ങുമ്പോഴേക്കും പച്ചപ്പ്​ വന്നു വഴിയിൽ തടസം നിൽക്കും. മഴയെക്കൂടി ഒപ്പം കൂട്ടുന്ന യാത്രയാണെങ്കിൽ, മഹാബലേശ്വറിൽ എത്തുന്നതുവരെ, ഒരു മായാലോകത്തെന്ന പോലെ തോന്നിപ്പിക്കും. അവിടെയെത്തിക്കഴിഞ്ഞാലുള്ള വിസ്മയങ്ങൾ ബാക്കി. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്കു കയറിയെത്തുന്നത് അറിഞ്ഞെന്നുവരില്ല. ഉയരങ്ങളുടെ അനുഭവങ്ങൾ നേരത്തേയില്ലെങ്കിൽ, തീരെ അറിയില്ല.

മഹാബലം മഹാബലേശ്വർ എന്നു കേട്ട് ഓടിയെത്തുന്ന മിക്കവരും മടങ്ങിപ്പോവുന്നത്, രാജ്യത്തെ നാലാമത്തെ വലിയ നദികളിലൊന്നിന്റെ ഈ പൂർവചരിത്രമറിയാതെ. അത് വെള്ളമൊഴിച്ച്, കെടുത്താതെ നിർത്തുന്ന ലക്ഷക്കണക്കിനു ജീവനുകളുണ്ട്

ഇതാണോ മഹാകായത്തെക്കുറിച്ചുള്ള വാഴ്​ത്തുകൾ

മഹാബലേശ്വരമെന്ന പട്ടണം ഒരു കൗതുകത്തിനും എന്നാൽ, ആദ്യമേ ഇടനൽകില്ല. സാധാരണതകളുടെ തനിയാവർത്തനം. ഏതു പുതിയ അത്ഭുതങ്ങളുടെയും സ്ഥലത്തെന്ന പോലെ പഴയതും പുതിയതുമായ ജനപദങ്ങൾ. പഴയ മഹാബലേശ്വറിൽ ക്ഷേത്രങ്ങളും കൃഷ്ണയുടെ നദീമുഖവും. തൊട്ടടുത്തു തന്നെയാണു ജോർ ഗ്രാമം. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന കൃഷ്ണയുടെ നൂറുകണക്കിനു കിലോമീറ്റർ ദൂരത്തേക്കുള്ള ഒഴുക്കിനു തിടംവയ്ക്കുന്ന നദീമുഖം ഈ ഗ്രാമത്തിലാണ്. അത് എന്നാൽ, മഹാബലേശ്വരം രഹസ്യമാക്കിവച്ചുകളയും. മഹാബലം മഹാബലേശ്വർ എന്നു കേട്ട് ഓടിയെത്തുന്ന മിക്കവരും മടങ്ങിപ്പോവുന്നത്, രാജ്യത്തെ നാലാമത്തെ വലിയ നദികളിലൊന്നിന്റെ ഈ പൂർവചരിത്രമറിയാതെ. അത് വെള്ളമൊഴിച്ച്, കെടുത്താതെ നിർത്തുന്ന ലക്ഷക്കണക്കിനു ജീവനുകളുണ്ട്. അതു ജലസേചനം ചെയ്തു വളർത്തിയെടുക്കുന്ന ഏക്കറുകണക്കിനു കൃഷിസ്ഥലങ്ങൾ, അത്​ നീർവീഴ്​ത്തുന്ന നൂറുകണക്കിനു പണിശാലകൾ, ഫാക്ടറികൾ, റിസർവോയറുകൾ, ഊർജ ഉറവിടങ്ങൾ. അറിയാതെ പോകരുത് ജോർ ഗ്രാമത്തെ, തീരെ.

മഹാബലേശ്വരം എന്നാൽ മൂന്നു ഗ്രാമങ്ങളുടെ ബലമേയുള്ളൂ എന്നു കാണാം. ഏറിയാൽ, ഒരു നൂറ്റമ്പതു ചതുരശ്രകിലോമീറ്റർ വിസ്തീർണം. കൃത്യമായി പറഞ്ഞാൽ, മാൽക്കം പേത്ത്, പഴയ മഹാബലേശ്വരം എന്ന ക്ഷേത്ര ഗ്രാമം, പിന്നെ ഷിൻഡോല ഗ്രാമത്തിന്റെ ഒരു ഭാഗം. മറാത്ത സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം വെള്ളക്കാർ കണ്ണുവച്ച സ്ഥലമായിരുന്നു ഇത്. കുറെ ഗ്രാമങ്ങൾ സത്താറ രാജാവിനു വിട്ടുകൊടുത്തു തരപ്പെടുത്തുകയായിരുന്നു ഈ മേഖല. അതിനും നൂറ്റമ്പതോളം വർഷം മുമ്പ് ഛത്രപതി ശിവജി ബിജാപ്പൂരിലെ ആദിൽഷാഹി സുൽത്താന്മാരുടെ സാമന്തനായ ചന്ദ്രറാവ് മോറെയെ വധിച്ചു കീഴടക്കിയ സ്ഥലം. പിന്നീടു മറാത്ത അധികാരത്തിന്റെ വെന്നിക്കൊടി ഒരു നൂറ്റാണ്ടിലധികം പാറിച്ച പ്രതാപ്ഗഢ് കോട്ടയടക്കമുള്ള തന്ത്രപ്രധാന സ്ഥലത്തെ വെള്ളക്കാർ കണ്ണുവെച്ചത്, അന്നത്തെ ബോംബെ പ്രസിഡൻസിയുടെ ഗവർണർ സർ ജോൺ മാൽക്കോമിന്റെ ആസ്ഥാനമായി മാറ്റാനായിരുന്നു. ഏത് ഉയർന്ന സ്ഥലത്തെയും ഒരു മിനി ഇംഗ്ലണ്ട് ആക്കി മാറ്റാനുള്ള വെള്ളക്കാരന്റെ കാമുകത്വം പിന്നീട് ഈ മേഖലയെ ബോംബെയുടെ ഉഷ്ണകാല തലസ്ഥാനം വരെയാക്കി മാറ്റിയിരുന്നു. പഴയ ബ്രിട്ടീഷ് രേഖകളിൽ മാൽക്കോം പേത്ത് എന്നുതന്നെയായിരുന്നു. പിന്നെ മൂന്നു ഗ്രാമങ്ങളും ചേർന്നു മഹാബലേശ്വരമായി. പഴയത് പുതിയത് എന്നു വേർതിരിവില്ലാതെയായി. പഴയ മഹാബലേശ്വരത്തേക്ക് അധികം സഞ്ചാരികളും ചെന്നുപറ്റാതായി. അതിന്റെ സാക്ഷ്യമായി പുരാതനക്ഷേത്രങ്ങൾ കൃഷ്ണയുടെയും മറ്റു പഞ്ചനദികളുടെയും സംഗമസ്ഥാനങ്ങളായി.

ഈ പുഴകൾക്കെല്ലാം ഹൈന്ദവമൂർത്തീ സങ്കൽപ്പങ്ങളുമുണ്ട്. കൃഷ്ണ നദി (വിഷ്ണു) കൈവഴികളായ വെന്ന നദി (ശിവൻ) , കൊയ്‌ന നദി (ബ്രഹ്മാവ്) എന്നാണു സങ്കൽപ്പം. ഇന്നത്തെ പഴയ മഹാബലേശ്വരത്ത് ഈ വിശ്വാസങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നുണ്ട്. ചരിത്രമേത് ഐതിഹ്യമേത് എന്നൊരു സന്ദേഹം ഉണ്ടാക്കിക്കൊണ്ട്. ക്ഷേത്രത്തിലെ ഗോമുഖപ്രതിഷ്ഠയിൽ നിന്നാണു കൃഷ്ണ ഉത്ഭവിക്കുന്നതെന്നാണ് പുരാവൃത്തങ്ങളിൽ ശക്തം. വേറെ മൂന്നു നദികൾക്കു കൂടിയുണ്ട് ഇവിടെ നിന്ന് ഇതേ ഉൽപ്പത്തി. ഇവ മൂന്നും കുറേ ദൂരം സ്വതന്ത്രമായി ഒഴുകിയതിനുശേഷമാണ് കൃഷ്ണയുമായുള്ള ജലസംഗമം. ഇവിടെ ഐതിഹ്യത്തെ മാറ്റിനിർത്തിയാൽ, പാരിസ്ഥിതികമായി കാണേണ്ടത് പശ്ചിമഘട്ട മലനിരകളുടെ ഭൂമിശാസ്ത്രപരമായ തന്ത്രപ്രാധാന്യത്തെയാണ്. അതിന്മേൽ വീഴുന്ന ഓരോ ജെ.സി.ബിക്കൈയ്ക്കും വിലങ്ങിടപ്പെടേണ്ടതിന്റെ ആവശ്യകത. അതിന്റെ പച്ചയ്ക്കു കുറുകെ വീഴുന്ന ഓരോ മഴുവൊച്ചയും ഭൂമിയുടെ നിലനിൽപ്പിനെ അപകടപ്പെടുത്തും എന്ന വ്യഗ്രത.

കാണാനും കൺനിറയെ കണ്ടുനിൽക്കാനുമുള്ള ഈ നിറകൺരതിയാണ്​ ശരിക്കും മഹാബലേശ്വരത്തിനെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആകാശക്കാഴ്ചകളുടെ പറുദീസയാക്കുന്നത്.

കാണാൻ നിറയെ

അതെ, അതുതന്നെയാണ് മഹാബലേശ്വരത്തെ അധിനിവേശക്കാരുടെയും അധികാരത്തിന്റെയും ഉറക്കം കെടുത്തിയിരുന്നത്, ഇന്നും അതേ. ഒരു ദൃശ്യത്താൽ തന്നെ അണുബാധയേൽക്കുന്നതുപോലെ എന്നു പറയുന്നതാണ് ഏറ്റവും ശരി. ആദ്യനോട്ടത്തിൽ പ്രണയാസക്തരായി എന്നോ ആദ്യദർശനത്തിൽ തന്നെ അടരാൻ വയ്യാതെയായി എന്നൊക്കെപ്പറയുന്നതു കാലഹരണപ്പെട്ടു പോയിക്കഴിഞ്ഞിട്ടുണ്ടാവും. മലമുടികളുടെ ഉയർച്ചതാഴ്ചകൾ, ഇടയ്ക്കു ചെങ്കുത്തായ ആഴങ്ങൾ. ദുരെ മേഘസ്ഖലനങ്ങൾ പോലെ ഒലിച്ചിറങ്ങുന്ന ആകാശം. അതിനെ വെള്ളച്ചാട്ടമെന്നു വിളിക്കാം. സാധാരണ നോട്ടത്തിൽ അവ മലമുടിയിൽ നിന്ന് ഇറങ്ങുന്ന നീർച്ചാട്ടങ്ങൾ തന്നെ. ധോബിയെന്നോ ലിങ്മാലയെന്നോ ഭിലാറെന്നോ.. മലകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന നീർച്ചാലുകളെ അങ്ങനെയേ നമ്മൾ ഇതുവരെ കണ്ടിട്ടുള്ളൂ. വിളിച്ചിട്ടുള്ളൂ... ഇവിടെ അതിനെ ആകാശം ഒലിച്ചിറങ്ങുന്നതായേ തോന്നൂ. മലന്താഴ്​വാരങ്ങളുടെ 180 ഡിഗ്രി വിതാനക്കാഴ്ചയിൽ. എന്തിനെയും തീരെ ചെറുതാക്കിക്കളയും മഹാബലേശ്വരം.

എലിഫന്റ് ഹെഡ് പോയിന്റ്‌ /Photo: maharashtratourism.in

കാണാനും കൺനിറയെ കണ്ടുനിൽക്കാനുമുള്ള ഈ നിറകൺരതിയാണ്​ ശരിക്കും മഹാബലേശ്വരത്തിനെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആകാശക്കാഴ്ചകളുടെ പറുദീസയാക്കുന്നത്. ഇവിടേക്ക് എത്തിയ യൂറോപ്യൻ ധ്വരമാരുടെ പേരിലാണു മഹാബലേശ്വരത്തെ കാഴ്ചയുടെ കുറച്ചു കിഴുക്കാംതൂക്കുകളെങ്കിലും അറിയപ്പെടുന്നത്. സർ മാൽക്കോമിനുശേഷം വന്ന ഗവർണർ ആർതർ മാലേറ്റിന്റെയും (1806 - 1888), ഗവർണർ സർ ലെസ്ലി വിൽസൺ (1923- 26), സർ മൗണ്ട് സ്റ്റുവർട്ട് എൽഫിൻസ്റ്റൺ, ആദ്യമായി മലയുടെ നിറുക കീഴടക്കിയ ജനറൽ ലോഡ്വിക്ക് തുടങ്ങിയവരുടെയും പേരിൽ. അവയിന്നും അങ്ങനെത്തന്നെയാണ് അറിയപ്പെടുന്നതും. ഓരോ മലനിറുകയും ആകാശഗർഭങ്ങളിലാണു നമ്മളുടെ തല പൂഴ്​ത്തിവയ്ക്കുന്നത്. കൈയെത്തിയാൽ തൊടാം ആകാശത്തിന്റെ അടിവയറുകളെ. താഴ്വരയുടെ മണവുമായി എത്തുന്ന കാറ്റ് ഏതു ഭാഷയിലാണ് അവിടെ അജ്ഞാതലിപികളെ എഴുതുന്നതെന്നു നമ്മളെ സംശയിപ്പിച്ചുകൊണ്ട്.

ആദ്യമായി ഈ ഉയരം ചവിട്ടിക്കയറിയ ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥൻ കൂടിയായ ലോഡ്വിക്കിന്റെ ആ ഉയരത്തിനു സ്മാരകമായി മകൻ സ്ഥാപിച്ച ഇരുപത്തഞ്ചോളം അടി ഉയരമുള്ള സ്തൂപമുണ്ട്, അതിന്റെ അടുത്തായി തന്നെ.

ഒരു സാധാരണ ചെറുപട്ടണത്തിൽ നിന്നു കിലോമീറ്ററുകൾ മാത്രമേ അകലമുള്ളൂ. നമ്മൾ നിൽക്കുന്നത് ഒരു മായാലോകത്താണെന്ന അപരബോധത്തിലേക്കു വീണുപോവാൻ പിന്നെ അധികനേരമില്ല. ഒരേയിടത്തല്ല ഈ കാഴ്ചപ്പെരുക്കങ്ങളുടെ നോട്ടച്ചെരിവുകൾ. ഓരോന്നും തമ്മിൽ എന്നാൽ അധികം ദൂരവുമില്ല. പട്ടണവും സാധാരണ വഴികളും പിന്നിട്ടു ചെന്നെത്തുന്നത് ഉയരങ്ങളുടെ വയറിനുകുറുകെ പാവാടച്ചരടുകൾ പോലെ കെട്ടിയുണ്ടാക്കിയ നടപ്പാതകളിലേക്ക്. മലകളുടെ വയറിന്റെ മടക്കുകളിൽ പതുങ്ങിയും തെളിഞ്ഞുമായി പ്രത്യക്ഷപ്പെടുകയും ഒളിക്കുകയും ചെയ്യുന്ന ഇവയിൽ നടക്കല്ലുകൾ പാകിയിരിക്കുന്നു. ആഴങ്ങളുടെ വക്കുകളിൽ താഴെ താഴ്​വരയുടെ അഗാധഗർഭങ്ങൾ മാടിവിളിക്കുന്നതിലേക്കു വീണുപോവാതിരിക്കാൻ കൈവരികളുണ്ട്. ഓരോ മലമുടിയും ഒന്നിനൊന്നു വേറിട്ടതായി സൂക്ഷ്മക്കാഴ്ചയിൽ കാണാം. അല്ലെങ്കിൽ കാട്ടിൽ എല്ലാ മരങ്ങളും ഒരു പോലെ, കാണാനെന്തിരിക്കുന്നു എന്നു ചോദിക്കുന്നതുപോലെ ഒരേപോലെ. വിരസം. എന്നാൽ, മലമുടികൾ ഉയരങ്ങൾ തന്നെയാണെങ്കിലും അടുത്തറിയുമ്പോൾ വെവ്വേറെ. രണ്ടു കടുവാക്കണ്ണെഴുത്തുകൾ ഒരു പോലെയല്ല എന്നു തിരിച്ചറിയുന്നതുപോലെ രണ്ടു മലമടക്കുകളും ഒരിക്കലും ഒരുപോലെയല്ല എന്ന കാഴ്ചയുടെ വലിയ പാഠം.

ലോഡ്വിക് പോയിന്റ്‌ /Photo: maharashtratourism.in

മഹാബലേശ്വരം ബസ് സ്റ്റാൻഡിൽ നിന്ന്​ നാലു കിലോമീറ്റർ അകലെയുള്ള ലോഡ്വിക് പോയിന്റിലേക്ക് (ജനറൽ ലോഡ്വിക്കിന്റെ പേരിലുള്ളത്) പോകുമ്പോൾ സാധാരണ പട്ടണക്കാഴ്ചകൾ വൈകാതെ മാഞ്ഞുതുടങ്ങും. നമ്മൾ പട്ടണപ്പരിഷകളുടെ സാധാരണതകളിൽ നിന്ന് ഏകാന്തതയിലേക്ക്, വിജനതയിലേക്ക്, കാഴ്ചപ്പെരുക്കങ്ങളിലേക്ക് നടന്നുകയറുകയാണ്. വാക്കുകൾ കൊണ്ട് പറയാൻ വിഷമിക്കും അത് മനസിലേക്കു കുടഞ്ഞിടുന്ന സൗന്ദര്യത്തിന്റെ നിറക്കൂട്ട്. രണ്ടുവശത്തുമുള്ള കൊക്കകൾക്കു നടുവിലൂടെ, കൈവരികളുടെ മധ്യത്തിലൂടെ നമ്മൾ നാലായിരത്തോളം അടി ഉയരത്തിൽ ആകാശത്തിലേക്കു നടന്നുകയറുകയാണ് എന്നു പറഞ്ഞുകൊണ്ടു നിർത്താനല്ലാതെ. ആദ്യമായി ഈ ഉയരം ചവിട്ടിക്കയറിയ (1824) ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥൻ കൂടിയായ ലോഡ്വിക്കിന്റെ ആ ഉയരത്തിനു സ്മാരകമായി മകൻ സ്ഥാപിച്ച ഇരുപത്തഞ്ചോളം അടി ഉയരമുള്ള സ്തൂപമുണ്ട്, അതിന്റെ അടുത്തായി തന്നെ.

ലോഡ്വിക്ക് പോയിന്റിൽ നിന്ന്​ ആകാശത്തെ കൈയെത്തിത്തൊടാനുള്ള നിമിഷങ്ങളിലാണ്, അതു നമ്മളുടെ മനുഷ്യനെന്ന എല്ലാ ഭാരവും തൂവൽക്കനത്തിലാക്കിക്കളയുന്നത്. മനുഷ്യനെന്ന എല്ലാ വലിപ്പവും ചോർത്തിക്കളയുന്നത്. പിന്നെ, മനുഷ്യനല്ലാത്ത ഒരു മനുഷ്യനായി നിൽക്കുന്ന നേരത്തു തോന്നുന്നത് ഭൂമിയിലെ ഒരു സൈക്കഡലിക് കാഴ്ചയ്ക്കും പങ്കുവച്ചുതരാൻ കവിയാത്തത്. അപ്പോൾ അനുഭവിക്കുന്ന താഴ്വരയുടെ ശൂന്യതയുടെ മണം ലോകത്തെ ഒരു മാദകഗന്ധത്തിനും പകരം വയ്ക്കാൻ കഴിയില്ല. അത് അനുഭവിച്ചുതന്നെ അറിയണം. ഭൂമിയിൽ അങ്ങനെ പലതുമുണ്ട്, പൂർണമായി പറഞ്ഞുതരാൻ പറ്റാത്തതായിട്ട്. ചുറ്റിലുമുള്ള ആഴങ്ങളിലേക്ക് നോക്കണം. കൃത്യമായി കണ്ണുപിടിക്കാൻ പറ്റുന്ന എന്തെങ്കിലും തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരിക്കില്ല. ഇങ്ങനെയൊന്നു മുമ്പു കണ്ടിട്ടുണ്ടായിരിക്കില്ല എന്നതു കൊണ്ടുതന്നെ.

അവിടെ വച്ച് ഒരാൾ കാണുന്നതും കേൾക്കുന്നതും എല്ലാം അയാൾ / അവൾ തന്നെ അനുഭവിക്കുന്നതു മാത്രമാണ്. എല്ലാവർക്കുമായി അവിടെ ഒന്നുമില്ല. കൈവിടർത്തിയതു പോലെ തുറന്നു നിൽക്കുന്ന ആകാശഗർഭങ്ങളിൽ എന്തെങ്കിലും പ്രത്യേകിച്ചു ചൂണ്ടിക്കാണിച്ചുതരാനായി ഒന്നുമില്ല. ചില വെള്ളച്ചാട്ടങ്ങളോ നീർച്ചാലുകളുടെ കുസൃതികളോ കണ്ടേക്കാം. എന്നാലും ഇന്നത് എന്നു പറഞ്ഞ് അടയാളപ്പെടുത്താൻ, ചൂണ്ടിക്കാണിച്ചുതരാൻ, കൃഷ്ണമണികളിലേക്ക് ഒറ്റയ്ക്ക് ഒറ്റയ്‌ക്കെന്നു പറഞ്ഞു വേർതിരിച്ചു തരാൻ ഒന്നുമില്ല. എയ്ത്തുകാരനോടു നിർദേശിക്കുന്നതുപോലെ ഏതെങ്കിലും ഒരു കിളിക്കണ്ണു കാണണം എന്നു പറയാനില്ല. കിളിക്കണ്ണു മാത്രം കണ്ടാൽ പോരാ. പ്രകൃതിയുടെ പല കണ്ണുകൾ, അതു കൂടുവച്ചിരിക്കുന്ന കാടുകൾ, മരങ്ങൾ, പച്ചപ്പുകൾ. അതിനുള്ളിലെ ജൈവതാളങ്ങൾ, പ്രകൃതിയുടെ ജീവന്റെ നൈരന്തര്യങ്ങൾ. എല്ലാം നിറയണം, കണ്ണിൽ, മനസിൽ, പ്രജ്ഞയിൽ... അതാണു മഹാബലേശ്വരം.

മഹാബലേശ്വരത്ത് 4710 അടി ഉയരെ, ആകാശത്തിന് ഏറ്റവും അടുത്തു വിൽസൺ മലമുടി. സൂര്യോദയവും അസ്തമയവും ഒരു പോലെ ഇതേക്കാളും മനോഹരമായി കാണാൻ മഹാബലേശ്വരത്ത് മറ്റൊരു ഇടവുമില്ല.

ഒരു താരതമ്യത്തിനും സാധിക്കില്ല. നാലായിരത്തിലധികം അടി ഉയരത്തിലുള്ള ആർതർ മലമുടി. ആർതറുടെ ഇടം എന്ന അർഥത്തിൽ ആർതേഴ്‌സ് സീറ്റ് എന്നൊക്കെ വിളിക്കാം എന്നേയുള്ളൂ. അല്ലാതെ ഭൂമിയിലെ ഉയരങ്ങളെ എന്തു പേരിട്ടുവിളിക്കാനാണ്. മഹാബലേശ്വരത്തു നിന്നു പതിമൂന്നും പഴയ മഹാബലേശ്വരത്തു നിന്ന് ഏഴും കിലോമീറ്ററാണ് ഈ മലമുടിയിലേക്കുള്ള ദൂരം. വാഹനത്തിൽ നിന്നിറങ്ങിയാൽ ഒരു അരമണിക്കൂറെങ്കിലും ആകാശത്തിലൂടെ നടക്കണം. നോട്ടക്കാഴ്ചയുടെ പെരുക്കങ്ങളിലേക്ക് ആവാഹിക്കാനുള്ള വ്യൂ പോയിന്റിലെത്താൻ. എന്തും ത്യജിക്കാം ആ നോട്ടത്തിനായി എന്നു തോന്നും അവിടെയെത്തിക്കഴിയുമ്പോൾ. അർഥവും അനർഥവും എന്തും. സ്വന്തം ഉടൽ പോലും. ആർതർ സീറ്റിൽ നിന്നു കാണുന്ന കാഴ്ചകൾക്കു പകരംവയ്ക്കാൻ സ്ഥിരം കാഴ്ചകളിൽ ഒന്നുമില്ലെന്നു തിരിച്ചറിയും. (അമേരിക്കയിലുണ്ട് ഒരു ഗ്രാൻഡ് കാന്യൺ). മഹാബലേശ്വരത്തു നിന്നുള്ള നോട്ടങ്ങളുടെ തൊട്ടുമുന്നിൽ സാവിത്രി നദീതാഴ്​വരയിലെ അഗാധ ഗർത്തങ്ങളാണ്​ മാടിവിളിക്കുന്നത്. ഗവർണർ ആർതർ മാലേറ്റിന്റെ സന്തതസാന്നിധ്യം അയാളുടെ പേരുകൊണ്ട് ഓർമിപ്പിക്കപ്പെട്ടുകൊണ്ട്. സാവിത്രി നദിയുടെ ദൂരക്കാഴ്ചയിൽ മുമ്പ്​ പത്‌നിയെയും മക്കളെയും ബോട്ടപകടത്തിൽ നഷ്ടമായ ആർതറിന്റെ ദുഃഖം തെളിഞ്ഞുനിൽക്കും. ഇടതുവശത്തു സാവിത്രി താഴ്വവരയും വലതുവശത്ത് ജോർ താഴ്​വരയും.

ഏറ്റവും മികച്ച നോട്ടസ്ഥലമായാണ് ആർതർ സീറ്റ് അറിയപ്പെടുന്നതു തന്നെ. കാഴ്ചകളുടെ റാണി. അതു ശരിയാണെന്നുതന്നെ തോന്നും. ദൂരം നിർണയിക്കാൻ പറ്റാത്ത കാഴ്ചകൾ വന്നു കണ്ണുകളിൽ നിറയുമ്പോൾ. ഇക്കോ പോയിൻറ്​, ഹണ്ടർ പോയിൻറ്​, ടൈഗർ സ്​പ്രിങ്​ പോയിൻറ്​, വിൻഡോ പോയിൻറ്​, മാൽക്കോം പോയിൻറ്​ എന്നിവിടങ്ങളിലേക്കുള്ള വഴികളും ഇവിടെത്തന്നെ. കൊങ്കൻ സമതലത്തിന്റെയും ഡെക്കാൻ പീഠഭൂമിയുടെയും ഭൗമപരമായ വ്യത്യാസങ്ങൾ ഏറ്റവും പ്രകടമായിരിക്കുന്നതും ഇതേ സ്ഥലത്ത്.

വിൽസൺ പോയിന്റിലെ സൂര്യോദയം /Photo: maharashtratourism.in

മഹാബലേശ്വരത്ത് 4710 അടി ഉയരെ, ആകാശത്തിന് ഏറ്റവും അടുത്തു വിൽസൺ മലമുടി. സൂര്യോദയവും അസ്തമയവും ഒരു പോലെ ഇതേക്കാളും മനോഹരമായി കാണാൻ മഹാബലേശ്വരത്ത് മറ്റൊരു ഇടവുമില്ല. ഏറ്റവും മനോഹരമായ ജലച്ചായച്ചിത്രം പോലെ അതു തോന്നിക്കും . പിന്നെ, ഉദയത്തിനും അസ്തമയത്തിനും പൊതുവേ ഒരു കാര്യമുണ്ട്. കാണുന്നവരുടെ മനസിലാണു നടക്കുന്നത് ഉദയവും അസ്തമയവും. ആകാശം ഒരു ക്യാൻവാസ് ആകുന്നെന്നേയുള്ളൂ. അതുകൊണ്ട്, വിൽസൺ പോയിന്റിലെ സൂര്യോദയാസ്തമയങ്ങളാണ് ലോകത്തേക്ക് ഏറ്റവും മികച്ചത് എന്ന് അവകാശവാദമുന്നയിക്കുന്നില്ല. അത് ഇനിയുള്ള കാഴ്ചക്കാർക്കായി വിട്ടുകൊടുക്കുന്നു. വിൽസൺ പോയിന്റാണു പട്ടണത്തിൽ നിന്ന് ഏറ്റവും അടുത്തുള്ളത്. അങ്ങനെ ഒരു പ്രത്യേകത കൂടിയുണ്ട്.

തീർന്നില്ല വിസ്മയങ്ങൾ.
ഇവിടെ അത് അങ്ങനെ തീരാനുള്ളതല്ല.
ഒരൊത്തൊരു ആനത്തല തന്നെ താഴ്​വാരം കരിമ്പാറക്കല്ലിൽ കൊത്തിനിർത്തിയിട്ടുള്ള എലിഫെൻറ്​ ഹെഡ് പോയിൻറ്​, ലിങ്മാലാ വെള്ളച്ചാട്ടം, വെന്ന തടാകം എന്നിങ്ങനെ വാക്കുകൾ കൊണ്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത വേറെയും. ഇതിനും പുറമേ പഴയ മഹാബലേശ്വരം ഗ്രാമത്തിലെ ക്ഷേത്രനിർമിതികളുടെ ശേഷിപ്പുകൾ. മഹാദേവക്ഷേത്രം, കൃഷ്ണക്ഷേത്രം..അവയോടു ചേർന്നു നിൽക്കുന്ന മിത്തുക്കളും യാഥാർഥ്യങ്ങളും..അവിടെ നിന്ന്​നീർച്ചാലുകളായി തുടങ്ങി വഴിയിൽ നിറഞ്ഞും കവിഞ്ഞും തിടംവയ്ക്കുന്ന മഹാപ്രവാഹങ്ങളുടെ നിറഞ്ഞ കാഴ്ച. കൊയ്‌ന അണയുടെ പരിസരത്തുണ്ടായ മഹാഭൂമികുലുക്കത്തിൽ ഇരുന്നൂറോളം പേർക്കുണ്ടായ ജീവഹാനി (1967)... ഓർമയുടെ ഉയരക്കെട്ടുകൾ അഴിയുന്നു... മഹാബലേശ്വരം ആദ്യനോട്ടത്തിൽ തന്നെ കാഴ്ചയുടെ ജ്വരബാധിതനാക്കിക്കളയും. കാഴ്ചയുടെ അണുബാധ. അല്ലെങ്കിൽ, കാഴ്ചയുടെ അന്ധതയെന്നു വിളിക്കാവുന്ന പരമകാഷ്ഠ.

മലമുടിയിൽ വാസ്തുശാസ്ത്രത്തിന്​ ചെയ്യാൻ പറ്റുന്ന അക്കാലത്തെ എല്ലാ വിസ്മയങ്ങളും ഇവിടെയുണ്ട്, ഈ ഇരുനിലക്കോട്ടയിൽ. എക്കാലത്തെയും ശത്രുഭയങ്ങളുടെ ശേഷിപ്പ് കാണാനവിടെയുണ്ട്

ഛത്രപതിയുടെ ധ്വജപ്രതിഷ്ഠ

1656-ൽ ഛത്രപതി ശിവജി ബിജാപ്പൂരിലെ ആദിൽഷാഹി സുൽത്താന്മാരുടെ സാമന്തനായ ചന്ദ്രറാവ് മോറെയെ വധിച്ചു കീഴടക്കിയ സ്ഥലം പിന്നീടു കണ്ടത്​പോരാട്ടങ്ങളും ചോരപ്പുഴകളും. മഹാബലേശ്വരത്തു നിന്ന് ഇരുപത്തഞ്ചോളം കിലോമീറ്റർ അകലെ തന്റെ വരുംകാല യുദ്ധങ്ങൾക്കുള്ള കാവലിനും കരുതലിനുമായി പണിയിച്ചതാണു പ്രതാപ്ഗഢ് കോട്ട. മറാത്തയുടെയും ഡക്കാന്റെയും ഗതിവിഗതകിളെ മാറ്റിമറിച്ച സൈനികനീക്കങ്ങളായിരുന്നു പിന്നീട്. പ്രതാപ്ഗഢ് കോട്ട പാറിച്ചത് മറാത്ത അധികാരത്തിന്റെ വെന്നിക്കൊടി.. ഒരു നൂറ്റാണ്ടിലധികത്തോളം കാലം. 1818 ൽ വെള്ളക്കാരോടു അടിയറവു പറയുന്നതു വരെ. ഈ മേഖലയിൽ മറാത്തയുടെ ശക്തിദുർഗം തന്നെയായിരുന്നു ഈ കൊട്ടാരക്കോട്ട. അതിന്റെ ശേഷിപ്പുകൾ ഇന്നുമുണ്ട്, സന്ദർശകരെ കാത്ത്.

ഒരു കാലത്തെ അധികാരത്തിനു വരുംകാലങ്ങളിൽ പിന്നെയെന്താണു കാത്തുവയ്ക്കാനുള്ളത്. മലമുടിയിൽ വാസ്തുശാസ്ത്രത്തിന്​ ചെയ്യാൻ പറ്റുന്ന അക്കാലത്തെ എല്ലാ വിസ്മയങ്ങളും ഇവിടെയുണ്ട്, ഈ ഇരുനിലക്കോട്ടയിൽ. എക്കാലത്തെയും ശത്രുഭയങ്ങളുടെ ശേഷിപ്പ് കാണാനവിടെയുണ്ട്. ഏതു അധികാരഛത്രവും കാലത്തിനു മുന്നിൽ നിലംപൊത്തുമെന്ന ബലത്തിന്റെ നീതിശാസ്ത്രത്തെ ഓർമിപ്പിച്ചുകൊണ്ട്.

ബാക്കിയാവുക ഒന്നുമല്ലെന്ന മഹാബലം

ഒന്നുമല്ലെന്ന അഹംബോധത്തിൽ നിന്ന്​ നമ്മൾ തിരിച്ചിറങ്ങുന്നത്​ നമ്മുടെ ഉള്ളിൽ തന്നെയുള്ള മഹാബലത്തിന്റെ അണുവിനെ അറിഞ്ഞുകൊണ്ടാണ്. ഈ തിരിച്ചറിവാണ്​ മഹാബലേശ്വരക്കാഴ്ചയുടെ ഓർമയിൽ ബാക്കിവയ്ക്കാനുള്ളത്. ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments