ജീവിതത്തിൽ എങ്ങോട്ടെങ്കിലും ഒരു ലക്ഷ്യവുമില്ലാതെ യാത്ര ചെയ്യണമെന്നൊക്കെ തോന്നും. എന്നാൽ, അറിയാത്ത ദൂരങ്ങൾ വന്ന് വിളിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?
ഭൂമിയുടെ ദിക്കുകൾ വന്ന് കൂട്ടിക്കൊണ്ടുപോകുന്നതുപോലെ.
പേരറിയാത്ത വിദൂരങ്ങൾ വരൂ വരൂ എന്നാർത്തുവിളിച്ചിട്ടുണ്ടോ? ഉണ്ടാവും.
എന്നാൽ പലർക്കും അത് തിരിച്ചറിയാൻ സാധിക്കുന്നുണ്ടാകില്ല.
അറിയാത്ത മണങ്ങൾ ഏതെന്ന് ഊഹിക്കാൻ സാധിക്കുന്നുണ്ടാകില്ല.
എത്ര ദൂരമെന്ന് ഒരു കണക്കുമില്ലാതെ ഈ ഭൂമിയുടെ അവസാനംവരെ എന്നു തോന്നിപ്പിക്കുന്ന ഒരു യാത്ര ആരെയും കാൽപനികമായി ആഗ്രഹം കൊള്ളിക്കും.
എന്നാലും, എവിടേക്കു തിരിഞ്ഞാലും ദൂരേക്കുദൂരേക്ക് എന്ന് വഴികാണിക്കുന്ന വഴികളല്ലാതെ ഒന്നുമുണ്ടാവില്ല മുന്നിൽ. മണ്ണ് കത്തുന്നതിന്റെയും കാടുകളൊന്നാകെ ഒന്നിച്ചു പൂക്കുന്നതും പോലെയുള്ള വേർതിരിക്കാൻ കഴിയാത്ത മണക്കൂട്ടുകളുണ്ടാകും. ഏതൊരൊച്ചയും വലിയ ഒച്ചയാകുന്നത്ര നിശ്ശബ്ദതയായിരിക്കും കാതുകളിൽ. ഒരിക്കലെങ്കിലും അത്തരമൊരു പ്രലോഭനത്തിൽപെട്ടുപോയില്ലെങ്കിൽ ചിട്ടയായ ജീവിതം കൊണ്ടുമാത്രം എന്തുനേടാനാണ്.
പച്ചപിടിച്ച കല്ല് എന്നാണു മൗഫലാങ്ങിന്റെ അർത്ഥം. ഖാസിക്കുന്നുകൾക്കു മേൽ അങ്ങനെയൊരു പുലരി നിങ്ങളുടെ കാഴ്ചയെയും സ്വർണമുരുക്കിയൊഴിക്കട്ടെ എന്നു ശപിക്കുകയല്ലാതെ വേറെന്ത് തരാനാണ്?
ഒരു വഴിക്കു പുറപ്പെടുകയെന്നാൽ, പോകാനുള്ള ലക്ഷ്യം, താണ്ടാനുള്ള ദൂരം, അനുഭവിക്കാനുള്ള കാഴ്ചകൾ എന്നിവയുടെ കണക്കെടുക്കുന്ന ചിട്ടജീവിതത്തിൽനിന്ന് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. അങ്ങനെ ഒഴിവാക്കാൻ പറ്റാത്ത ഒരു പ്രലോഭനം ഒരിക്കലുണ്ടായി.
ഗുവാഹത്തിയിൽ നിന്ന് എങ്ങോട്ടോ...
അസമിൽ, ഗുവാഹത്തിയിൽ മറ്റു കാഴ്ചകൾ കാണാനുള്ള തയാറെടുപ്പിനിടയിലായിരുന്നു. ഒരു യാത്ര പോകാം എന്ന് സുഹൃത്ത് ചോദിക്കുന്നു. എങ്ങോട്ട് എന്ന പതിവുചോദ്യത്തിന്റെ കല്ലുകടിക്കുന്നതിനുമുമ്പേ വിഴുങ്ങി. പോകാം എന്ന മറുപടി കിട്ടിയതോടെ അണിയറ ഒന്നാകെ ഉണർന്നു. അടുത്ത ഹോൺ മുഴക്കത്തോടെ യാത്ര പുറപ്പെടും എന്ന അറിയിപ്പായി.
ഞങ്ങൾ ഇറങ്ങിയൊരൊറ്റപ്പോക്കായിരുന്നു. മുറ്റത്തെ നിറഗർഭിണിയായ വാഹനം എന്നാൽ ദുർബലയാണ് എന്നതൊന്നും ഓർത്തില്ല. എങ്ങോട്ടാണ് പോകുന്നതെന്ന് മുൻനിശ്ചയമില്ലാത്തതിനാൽ അതു ശ്രദ്ധിച്ചുമില്ല. വഴിയിൽവച്ച് ഒരു ഫോൺ കോൾ. വരൂ, മേഘാലയത്തിലെ ഖാസി കുന്നുകളിലേക്ക് എന്ന്. അതെവിടെ എന്ന് കൃത്യമായി അറിയില്ല. അങ്ങനെ തോന്നിയുമില്ല. ഗുവാഹത്തിയിൽ നിന്ന് ഷിലാങ് (ഷില്ലോങ്) വഴി ദൂരമെത്രയോ താണ്ടിപ്പോകണം. ഷിലാങ് വിട്ടപ്പോൾ തന്നെ ഉച്ചകവിഞ്ഞിരുന്നു. ദൂരെ ആകാശത്തിന്റെ അരികുകൾ ഇരുണ്ടുവന്നുതുടങ്ങിയിരുന്നു. ഷിലാങ് കഴിഞ്ഞ് കിലോമീറ്ററുകൾ താണ്ടിയതോടെ സൂര്യൻ രണ്ടോ മൂന്നോ ഐസ് ക്യൂബുകളിട്ട നിറചഷകം പോലെ തുടുത്തു.
എങ്ങോട്ടാണ് പോകുന്നതെന്ന് ആരും ചോദിക്കുന്നുണ്ടായിരുന്നില്ല. എവിടെയെങ്കിലും എത്തണമെന്ന് ആർക്കും ആഗ്രഹമില്ലാത്തതു പോലെയായിരുന്നു അത്. അറിയാത്ത ദൂരങ്ങൾ വന്നു വിളിക്കുന്നുണ്ടായിരുന്നു. ഗുവാഹത്തിയിൽ താമസക്കാരനായ സുഹൃത്തിനും വഴിയേറെ പരിചയമില്ല. ബാക്കി ആർക്കും തീരെയും. ഏതോ ദൂരങ്ങൾ വന്ന് മാടിവിളിക്കുന്നതിനെപ്പറ്റി, മുമ്പെന്നോ യാത്രാക്കുറിപ്പിലല്ലാതെയും എഴുതിയിട്ടുണ്ട്. ആ ദൂരങ്ങളാണ് ഇപ്പോൾ വന്നു കൂട്ടിക്കൊണ്ടുപോകുന്നതെന്നു തോന്നി.
സുഹൃത്ത് വാഹനം ഓടിക്കുന്നില്ല എന്നു തന്നെ വിചാരിക്കാനായിരുന്നു താൽപ്പര്യം.
വാഹനം ആരും ഓടിക്കാതെ ദൂരെ എന്തിലേക്കോ ആകർഷിക്കപ്പെടുകയാണോ എന്നു സംശയിച്ചു. അറിയാത്ത കാട്ടുപൂക്കളുടെ മണങ്ങൾ വന്നു മണപ്പിച്ചുതുടങ്ങിയിരുന്നു. അത്രയും സുന്ദരമായ ഒരു വൈകുന്നേരത്തിലൂടെ മുമ്പൊരിക്കലും യാത്ര ചെയ്തിട്ടില്ല എന്നുതോന്നി. ദേ ജാവു എന്നൊക്കെപ്പറയുന്ന മുന്നനുഭവാനുഭൂതിക്കെതിരെയുള്ള ഒരു മാനസികാവസ്ഥയായിരുന്നു. മുമ്പൊരിക്കലും ഇതൊന്നും കണ്ടിട്ടേയില്ല എന്ന്. ശരിയാണ്. മുമ്പൊരിക്കലും ജീവിതത്തിൽ ഇങ്ങനെയുള്ള വഴിപിഴച്ചുപോക്ക് ഉണ്ടായിട്ടില്ല. പല കാലത്തും മറ്റു പല രീതിയിലുള്ള ദുർന്നടപ്പുകളുണ്ടായിട്ടുണ്ട്. എന്നാലും ഇതുപോലെ ഒന്നുണ്ടായിട്ടില്ല. ഒരു കാൽപ്പനികകാല ജലച്ചായചിത്രത്തിലെന്ന പോലെ ആയിരിക്കുന്നു ചുറ്റും.
ഗോത്രത്തിനു പുറത്തെ ലോകത്തുനിന്ന് നോക്കുമ്പോൾ, അവിടെ കോടിക്കണക്കിനു വിലപിടിപ്പുള്ള വനോൽപ്പന്നങ്ങളുണ്ട്. തൊട്ടതിനും പിടിച്ചതിനുമുള്ള ആധികൾക്കു പരിഹാരമുണ്ട്. മാറാവ്യാധിക്കു വരെ മറുമരുന്ന്.
പണ്ട് സുവോളജി ലാബിൽ മണ്ണിരയെ നെടുകെ കീറി വശങ്ങളിലേക്കു തറച്ചുകുത്തിവച്ചിരിക്കുന്നത് ഓർമപ്പെടുത്തിയ മൈൽക്കുറ്റികളിൽ എഴുതിയിരിക്കുന്ന സ്ഥലപ്പേര് ജീവിതത്തിലാദ്യമായി കാണുകയാണ്. അസം അതിർത്തി വിട്ട് മേഘാലയത്തിലൂടെ പോയ്‌ക്കൊണ്ടിരിക്കുകയാണ് എന്നുമാത്രം അറിയാം. ദേശീയപാതയുടെ മറ്റേ അറ്റം എവിടെയാണെന്ന് അറിയാമായിരുന്നില്ല. അത് അറിയണമെന്ന് ആരും താൽപ്പര്യം പ്രകടിപ്പിച്ചും കണ്ടില്ല. പതുക്കെപ്പതുക്കെ കാഴ്ചകൾ മങ്ങുകയാണ്. പച്ചപ്പിനുമേൽ ഇരുട്ടു കാടുപിടിച്ചുതുടങ്ങിയിരുന്നു. ഏതാനും മിനിട്ടുകൾക്കുള്ളിൽ ഇരുട്ടിന്റെ വലിയ കാട്ടിലേക്കു പ്രവേശിക്കും എന്നുറപ്പ്. അതു ശരിയായിരുന്നു.
നിമിഷങ്ങൾ അധികം വലിച്ചുനീട്ടേണ്ടിവന്നില്ല.
ഇരുട്ടിലേക്കു കടന്നുകഴിഞ്ഞിരുന്നു.
ദേശീയപാതയായിട്ടും വിജനം.
ഞങ്ങളുടെ ഒരുമിച്ചോ എതിർവശത്തുനിന്നോ വാഹനങ്ങളൊന്നും വരുന്നുണ്ടായിരുന്നില്ല. വിശാലമായ ഇരുട്ടിൽ വാഹനത്തിന്റെ രണ്ടു കണ്ണുകൾ മാത്രം കത്തിനിന്നു. അതിന്റെ പ്രകാശത്തിൽ മുന്നിലെ റോഡ് മാത്രം കണ്ടു.
രാത്രി ഇത്ര കരിച്ചു ചുട്ടെടുത്തതാണെന്ന് അറിയില്ല. ഇത്രയും കരിഞ്ഞ് മുമ്പൊരു രാത്രി കണ്ടിരുന്നില്ല. എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു വിവരവുമില്ല. എവിടെയെങ്കിലും എത്തുമെന്ന് ഒരുറപ്പും. നേരത്തേ ഖാസി കുന്നുകളിൽ നിന്ന് വന്ന ഫോൺ കോൾ ഇപ്പോൾ അതിനുശേഷം ആവർത്തിച്ചിട്ടേയില്ല; ഇനിയതു തോന്നലായിരിക്കുമോ എന്ന് തോന്നിപ്പിച്ച്.
എന്നാലും ആർക്കും ഉണ്ടായിരുന്നില്ല ഒരു ആശങ്കയും.
രാത്രിയുടെ എണ്ണക്കറുപ്പ് അപ്പോൾ തിളങ്ങിത്തുടങ്ങിയിരുന്നു.
ഇരുട്ടിന് ഇത്ര അഴകുണ്ടെന്ന് മുമ്പൊരിക്കലും തോന്നിപ്പിച്ചിരുന്നില്ല.
മേഘാലയം ആയതുകൊണ്ട് ഇരുട്ട് കുളിച്ചൊരുങ്ങിയാണ് വന്നതെന്നു തോന്നി. വാക്കുകൾക്കതീതമായ ഒരു മണം ഉയരുന്നുണ്ടായിരുന്നു. കാട്ടിലെ എല്ലാ പൂക്കളും ഒന്നിച്ച് പൂത്തിറങ്ങിയതു പോലെ. ഇന്നത് ഇന്നത് എന്ന് വേർതിരിക്കാൻ കഴിയാത്തതുപോലെ. പൂക്കളെല്ലാം പൂത്തിറങ്ങുമ്പോൾ കാടിനുണ്ടാകുന്ന വായനാറ്റം പോലെയായിരുന്നു അത്.
അപ്പോൾ കുളിച്ചെത്തിയെന്ന് തോന്നിപ്പിക്കുന്ന മട്ടിൽ ഇരുട്ടിന്റെ ഉടലിൽ ഈറൻ നനവുണ്ടായിരുന്നു.
ജീവിതത്തിൽ ഇത്ര സുന്ദരമായി മുമ്പ് വണ്ടിയോടിച്ചിട്ടില്ലെന്ന മാനസികാവസ്ഥയിലായിരുന്നു, വാഹനമോടിക്കുന്ന സുഹൃത്ത്. അതോ അയാൾ സ്വപ്നം കാണുകയായിരുന്നുവോ. ഇനി ഒരു പക്ഷെ ഉറങ്ങിക്കൊണ്ടായിരിക്കുമോ വണ്ടിയോടിച്ചുകൊണ്ടിരിക്കുന്നത്. ബാക്കിയുള്ളവരും ജീവിതത്തിൽ അന്നോളമില്ലാത്ത ഭാരരഹിതാവസ്ഥയിലായിരുന്നു. ആരും പാട്ടുപാടിയോ ശബ്ദമുണ്ടാക്കിയോ ഇരുട്ടിന്റെ മൂളിപ്പാട്ടുകളെ സാവധാനത്തിലാക്കിയില്ല. എല്ലാവരും ഇരുട്ടു കാണുക തന്നെയായിരുന്നു. ഇരുട്ടിലെന്തു കാണാനിരിക്കുന്നു എന്ന ചോദ്യത്തെ തന്നെ അപ്രസക്തമാക്കിക്കൊണ്ട്.
ഇപ്പോൾ മുന്നിൽ കൊഴുത്ത യൗവനത്തിളപ്പുള്ള ഇരുട്ട് തന്നെയായിക്കഴിഞ്ഞു. അതിലേക്കു വാഹനം ഓടിച്ചുകയറുകയായിരുന്നു എന്ന് പിന്നീടെപ്പോഴെങ്കിലും സംശയിച്ചാൽ അത് കുറ്റകരമാകുമായിരുന്നു. ഇരുട്ട് വലിച്ചടുപ്പിക്കുകയാണ് എന്നൊക്കെ കവിതയിലൊക്കെ അനുഭവിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, ഇത് നേരിട്ട്, സ്വന്തം അനുഭവത്തിൽ. ദൂരെ ഇരുട്ട് മലയായും ഉയരങ്ങളായും വേഷം മാറിക്കൊണ്ടിരിക്കുകയായിരുന്നു. ഇരുട്ടിന്റെ മലയടിവാരത്തിലൂടെ വാഹനം നീങ്ങി.
ദൂരെയേതോ ഇരുട്ടുമലയ്ക്കുമുകളിൽ പെട്ടെന്ന് ഒറ്റയ്ക്ക് ഒരു മുലക്കണ്ണു കത്തുന്നതു പോലെ വെളിച്ചം തെളിഞ്ഞു. ഇരുട്ടിന്റെ അടുപ്പിൽ മൂന്നു ദുർമന്ത്രവാദിനികൾ തീമരുന്നു കാച്ചുന്നതുപോലെയുണ്ടായിരുന്നു. ഓർമയിൽ നിന്ന് ഷെയ്ക്‌സ്പിയർ ഇറങ്ങിനിന്നു. ‘മക്‌ബെത്തി'ലെ ആ ആദ്യസീൻ.
witch 1When shall we three meet again? In thunder, lightning, or in rain?witch 2When the hurly-burly's done when the battle's lost and won. witch 3That will be ere the set of sun.witch 1Where the place?witch 2Upon the heath.witch 3There to meet with Macbeth...........ALLFair is foul and foul is fairHover through the fog and filthy air(Exeunt)
മക്‌ബെത്തിന്റെ ആത്യന്തിക ദുരന്തമരണം ഉറപ്പാക്കുന്ന ആ നാടകസീൻ കാറ്റിന്റെ അരങ്ങിൽ ആടിക്കൊണ്ടിരിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ദൂരേയ്ക്കുദൂരെ നാളങ്ങൾ ഇളകി. ഞങ്ങളുടെ യാത്ര മരണത്തിലേക്കാണെന്ന് തോന്നിപ്പിക്കാൻ മതിയാവുമായിരുന്നു ആ കാഴ്ച. അത് കാറിലെ ബാക്കിയുള്ളവരും കണ്ടുകഴിഞ്ഞിരിക്കുന്നു. ലോകമെന്ന നാടകത്തിന്റെ നാലു കാണികളെപ്പോലെ ഞങ്ങളിരുന്നു. വാഹനം അപ്പോഴും എങ്ങോട്ടോ കടന്നുപോയിക്കൊണ്ടിരുന്നു. പിന്നെ ആ തീപ്പിടിച്ച ഒറ്റമുലക്കൺ വെളിച്ചങ്ങൾ പല ഇരുട്ടുമലകളിലും ആവർത്തിച്ചു. അവിടെയെല്ലാം ഇരുട്ടിന്റെ ദുർമന്ത്രവാദിനികൾ ഉണർന്നിരിപ്പുണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ട്. മറ്റൊന്നുമില്ല. അതു കാട്ടുതീയാവാം, ആരെങ്കിലും കൊളുത്തിയതാകാം എന്നീ വാസ്തവങ്ങളെ മറക്കാൻ ശ്രമിച്ചു. നമ്മൾ അപ്പോൾ ഭൗമികമായ ഒരു യാഥാർഥ്യത്തിലുമല്ല എന്നു വിശ്വസിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. അത് ഞങ്ങളെ സംബന്ധിച്ച് ശരിയുമായിരുന്നു. ഞങ്ങളാരും തന്നെ ഭൂമിയിലേ അല്ലായിരുന്നു.
എന്നാൽ, ഭൂമിയിൽ തന്നെയാണെന്ന് ഓർമിപ്പിച്ച് ഇടയ്ക്ക് ഏതോ സീബ്രാ ക്രോസിനു മുന്നിൽ വാഹനം പതുക്കെയായി. അല്ലെങ്കിൽ താനേ നിന്നു. അതെന്തിന് എന്ന ചോദ്യം ആരും ചോദിച്ചില്ല. ഏതു സീബ്രാ മുറിപ്പാതയ്ക്കു മുന്നിലെയും വാഹനമോടിക്കുന്നവന്റെ ജാഗ്രതയാവാം. അത് വ്യക്തിയുടെ തലച്ചോറിന് നിയന്ത്രണമില്ലാത്ത അനിച്ഛാപ്രവർത്തനമായിക്കഴിഞ്ഞിരിക്കുമല്ലോ.
"യക്ഷികൾ ദേശീയ പാത മുറിച്ചുകടക്കുന്ന സീബ്രാ വരയാണിത് ' എന്നോ മറ്റോ സുഹൃത്ത് പറഞ്ഞതായി തോന്നി. അതോ ഞാൻ തന്നെ പറഞ്ഞതോ?. അല്ലെങ്കിൽ ബാക്കിയുള്ളവരിൽ ആരെങ്കിലും?. അതോ ആരും പറഞ്ഞില്ലെന്നുതന്നെ വരുമോ? ഇത്രയും ഫാന്റസി നിറഞ്ഞ ഒരു യാത്ര മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഒരു യാത്രാപ്പുസ്തകം ഇല്ലാതെ, ഗൂഗിൾ മാപ്പോ മറ്റു ഭൂപടങ്ങളോ ഇല്ലാതെ, എങ്ങോട്ടു പോകുന്നു എന്നറിയാതെ, ഇടയ്ക്കിടെ ശല്യപ്പെടുത്താൻ മൊബൈലിന്റെ നിരന്തര ബന്ധം ഇല്ലാതെ, എവിടെയെങ്കിലും എത്തുമെന്ന ഒരു നിശ്ചയവുമില്ലാതെ.
അതെ, അവിടെ ആ സമയത്ത്, പോയ കാലത്തിന്റെ ഓർമയക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ദേശീയപാത മുറിച്ചുകടക്കാൻ. ചോരയും വിയർപ്പും മണ്ണിൽ പശയായി ഒട്ടിയ ഖാസി കുന്നുകളുടെ ഓർമകൾ. അതിന്റെ പള്ളയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. നേരേ പോവുകയാണെങ്കിൽ, മറ്റു തടസങ്ങളും വേലികളും ഇല്ലെങ്കിൽ, ചെന്നുനിൽക്കുക ബംഗ്ലാദേശിലായിരിക്കും.
വാഹനത്തിന്റെ യന്ത്രഭാഗങ്ങളിൽനിന്ന് ഓരോ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടായിരുന്നു. എന്തു തന്നെയായാലും അതൊരു യന്ത്രമാണല്ലോ. യാത്രയുടെ ലഹരിയല്ല അതിന്റെ ജീവൗഷധം. യന്ത്രത്തിന്റെ പരിമിതികൾ തന്നെയാണ്. ചിലപ്പോൾ വഴിയിൽ കിടന്നേക്കുമെന്ന് സുഹൃത്ത് ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ഭൂമിയിൽ മാത്രമേ വഴി എന്നൊരു പരിമിതിയുണ്ടായിരുന്നുള്ളൂ. സീബ്രാ ക്രോസ് പിന്നിട്ടശേഷം ഭൂമിയിൽ നിന്ന് വ്യത്യസ്തമായ ഏതോ സ്ഥലകാല നിർമിതിയിലായിരുന്നു.
അതുതന്നെ. ദുർമന്ത്രവാദിനികൾ പറഞ്ഞതു പോലെ Fair is foul and foul is fair. ഞങ്ങളും പുകമഞ്ഞിലൂടെയും മലീമസമല്ലാത്ത അന്തരീക്ഷത്തിലുടെയും പറന്നുപോവുകയായിരുന്നു. ഏതാണു വഴിയെന്നും അല്ലാത്തതെന്നുമുള്ള ഭേദചിന്തയില്ലാതെ. അത്തരമൊരു യാത്ര ഭൂമിപ്പുറത്ത് എങ്ങനെ സാധിക്കാനാണ്.
കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ ഖാസിക്കുന്നുകളുടെ അടിവയറ്റിലെവിടെയോ നിന്ന് വീണ്ടും ആ ഫോൺവിളിയെത്തി. ഇപ്പോഴാണ് നമ്മൾ എങ്ങോട്ടേക്കെങ്കിലും പോയിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവുണ്ടായത്. അപ്പോഴേക്കും വളരെയേറെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. എവിടെ നിന്നോ വഴിതിരിയണമായിരുന്നു. തിരിഞ്ഞില്ല. അറിഞ്ഞില്ലല്ലോ അങ്ങനെയൊരു വഴി തിരിയണമെന്ന്.
അറിഞ്ഞില്ലല്ലോ, ഇരുട്ടിൽ എവിടെയോ ഒരു വഴി ഒളിച്ചിരിപ്പുണ്ടായിരുന്നെന്ന്. ഇടയ്ക്കിടെ വന്നും പോയും കൊണ്ടിരിക്കുന്ന മൊബൈൽ റേഞ്ചിൽ പിന്നെയും ഏതൊക്കെയോ വഴികൾ താണ്ടുകയായിരുന്നു.
കനത്തുകൊഴുത്ത ഇരുട്ടായിരുന്നു പുറത്ത്. ആരെയും പറത്തിക്കൊണ്ടുപോകുന്ന, ഖാസി പുൽമേടുകളിൽ നിന്നുള്ള കാറ്റ്. ആരോടെങ്കിലും വഴി ചോദിക്കാമെന്നു വച്ചാൽ കാറ്റിനോടുതന്നെ ചോദിക്കണം. എങ്ങോട്ടാണ് പോകേണ്ടതെന്ന് കൃത്യമായ ഊഹം പോലുമില്ല. ഏതു ദിശയിലേക്കെന്ന് അറിയാൻ വടക്കുനോക്കിയില്ല. ശരിക്കും നടുക്കടലിലകപ്പെട്ടു എന്നൊക്കെപ്പറയുന്നതു പോലെ നടുവഴികളിൽ പെട്ടുപോയിരിക്കുന്നു. ഇടയ്ക്ക് കാറ്റ് വകഞ്ഞെത്തുന്ന മൊബൈൽ റേഞ്ചിലെ ശബ്ദത്തിലുണ്ട് ഏതൊക്കെയോ ദിക്കുകളിലേക്കു വഴി നടത്തുന്ന നിർദേശങ്ങൾ. പറഞ്ഞുകേട്ട വഴികളിലൂടെ ഏതു വിധേനയും മുന്നിലേക്കു പാഞ്ഞുകൊണ്ടിരുന്ന യാത്ര, ഏതോ സമയത്ത് എവിടെയോ ഇടയ്ക്കു വീണ്ടും നിന്നു.
മങ്ങിയ ഹെഡ്‌ലൈറ്റിൽ അതൊരു കയറ്റത്തിലാണെന്നു തോന്നിപ്പിക്കുന്നുണ്ടായിരുന്നു. അടുത്തെങ്ങും ഒരു മിന്നാമിനുങ്ങിന്റെ പോലും നുറുങ്ങുവെട്ടമുണ്ടായിരുന്നില്ല. വഴിപോക്കന്മാരായി ചീറിയടിക്കുന്ന കാറ്റു മാത്രം. വാഹനം വീണ്ടും മുന്നിലേക്കെടുക്കാൻ ശ്രമിച്ചപ്പോൾ, അതു പൂർണമായും പരാജയപ്പെട്ടു. ഇനി തിരിച്ചുപോവാൻ വഴികളില്ലാത്ത അവസ്ഥ. അത്രയും നേരം വന്നത് വഴിയിലൂടെ തന്നെയായിരുന്നോ എന്ന് ഓർത്തെടുക്കാൻ പോലും പ്രയാസപ്പെട്ടു. നാലുപേരെയും ഒരുമിച്ചു ചുമയ്ക്കാൻ പറ്റില്ലെന്നു വാഹനം അതിന്റെ തീരുമാനം വ്യക്തമാക്കി. കൂറ്റാക്കൂറ്റിരുട്ടിലേക്ക് ബാക്കിയുള്ളവർ ഇറങ്ങിനിന്നാണ് പിന്നെ അത് അനങ്ങിത്തുടങ്ങിയത്. പിന്നെയും കിലോമീറ്ററുകൾ.
രാത്രി എത്രയോ ആയിക്കഴിഞ്ഞിട്ടുണ്ടാകുമായിരിക്കും. മേഘാലയത്തിൽ മേഘങ്ങൾ പെട്ടെന്ന് പകലിന്റെ വയസ് കൂട്ടിക്കളയും. കൂറ്റാക്കൂറ്റിരുട്ടുകണ്ട് രാത്രിയുടെ വയസ് അറിയാനും സാധിക്കില്ല. മേഘാലയത്തിൽ രാത്രി ഏതു ബോധത്തെയും ചതിച്ചുകളയും. ഏതു നിർണയത്തെയും തെറ്റിച്ചുകളയും. പിന്നെയും കിലോമീറ്ററുകൾ. വല്ലപ്പോഴുമെത്തിയ മൊബൈൽ ശബ്ദത്തിന്റെ ഒച്ച ഇരുട്ടിൽ ഒരു സ്ഥാനമായി ഉറപ്പിച്ചുകൊണ്ട്. ആ യാത്ര അന്ന് അവസാനിച്ചത് പിന്നെയും കിലോമീറ്ററുകൾ പിന്നിട്ടു ഖാസിക്കുന്നുകളിലേതോ ഒന്നിന്റെ വയറ്റത്ത് പാറിക്കളിച്ചിരുന്ന പുൽമേട്ടിൽ. അവിടെ ഇരുട്ടിൽ ഒരാൾ കാത്തിരിപ്പുണ്ടായിരുന്നു. മൗഫലാങ്ങിൽ.
മൗഫലാങ് പുൽമേട്ടിൽ ഒരു രാത്രി
നേരമിത്രയായിട്ടും രാത്രി യൗവനം പിന്നിട്ടിരുന്നില്ല. ഖാസിക്കുന്നുകളുടെ മലമടക്കുകളാണ്. പുൽമേടുകളാണ്. മഴ കുടിച്ചെത്തുന്ന മാസങ്ങളിൽ പല നിറങ്ങളായി പൂത്ത് മനസിനെ ദ്രവിപ്പിച്ചുകളയുന്നതാണ്. എന്നാൽ, ആ രാത്രിയിൽ അതിന്റെ നിറഭേദങ്ങൾ അറിയാനുണ്ടായിരുന്നില്ല. മാത്രമല്ല, മഞ്ഞുകഴിഞ്ഞ മാസങ്ങളിലായിരുന്നു യാത്ര. അത് മലമടക്കുകളിലെ പുൽമേടുകളെ വരണ്ട മൊട്ടക്കുന്നുകളാക്കി മാറ്റിക്കഴിഞ്ഞിരിക്കും. എന്നാൽ, ആ രാത്രിയിൽ അതൊന്നും അറിയാനുണ്ടായിരുന്നില്ല. എന്നാൽ, ചൂളം കുത്തി വീശുന്ന കാറ്റും കൊടുംതണുപ്പും ആതിഥേയരായി.
പിന്നെ സംഭവിച്ച കാര്യങ്ങൾ ജീവിതത്തിൽ മുമ്പൊരിക്കലും സംഭവിച്ചതായിരുന്നില്ല. അപ്പോഴേക്കും ഞങ്ങളെ കാത്തിരുന്ന, നനഞ്ഞുതുടങ്ങിയ വിറകുകളിലേക്ക് കനൽക്കട്ടകൾ പെയ്തുതുടങ്ങിയിരുന്നു. കാത്തിരിപ്പുകാരന്റെ ഉത്സാഹത്തിൽ അതൊരു തീക്കുണ്ഠമായി മാറാൻ തണുപ്പും കാറ്റും തടസമായില്ല. കാറ്റ്, അതിനെ ആളിക്കത്തിച്ചും കൊണ്ടിരുന്നു. പിന്നെ രാത്രിയെ കൊഴുപ്പിക്കാൻ ഞങ്ങളുമുണ്ടായിരുന്നല്ലോ.
ഒരു പക്ഷെ, നേരത്തേ കണ്ടുപേക്ഷിച്ച ആ ദുർമന്ത്രവാദികളായി ഞങ്ങൾ മാറുകയായിരുന്നു. വലിയ തീത്തൈലച്ചെമ്പിലേക്ക് പല മന്ത്രങ്ങളോടെ നരകതീർത്ഥങ്ങൾ പെയ്തിറങ്ങിയിരുന്നു. ഉറക്കമില്ലാത്ത ഒരു രാത്രിയിലേക്കുള്ള കോപ്പുകൾ തയാറായിരുന്നു. കേൾക്കാനും വഴക്കുപിടിക്കാനും മറ്റാരും കിലോമീറ്ററുകളുടെ അടുത്തെങ്ങും ഇല്ലാതിരുന്നതിനാൽ ഞങ്ങളുടെ അധീനതയിലായി ആ പ്രദേശം മുഴുവൻ. സ്വത്വം സംരക്ഷിക്കുന്നതിന് ചോര ചിന്തിയ ഖാസികളുടെ ആത്മാക്കൾ വന്ന് കൂട്ടിരുന്നുകാണും. ഞങ്ങൾ വെട്ടിപ്പിടിച്ച പ്രദേശങ്ങളായിരുന്നു അന്ന് രാത്രിയിലേക്കു മാത്രം ആ ഖാസിക്കുന്നുകളാകെ. അവിടെ ഞങ്ങളുടെ ചെമ്മരിയാടിൻപറ്റം മേയാനിറങ്ങിയതു പോലെ ഇടയ്ക്ക് ഒരു കൂട്ടം നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പറ്റെത്തെളിഞ്ഞ ആകാശം ഖാസിക്കുന്നുകൾക്കു മുകളിൽ പതിവല്ലായിരുന്നു.
നാളതുവരെ കാണാത്ത ഒരു പ്രഭാതത്തിലേക്ക് ഉണരാൻ വേണ്ടിയായിരുന്നു ആ രാത്രിയെ ഞങ്ങൾ തല്ലിപ്പഴുപ്പിച്ചുകൊണ്ടിരുന്നത് എന്നറിയാൻ കഴിഞ്ഞില്ലായിരുന്നു ഏതോ യാമത്തിൽ ഉറക്കത്തിലേക്ക് ഊളിയിടുന്നതുവരെ. ആ രാത്രി മുഴുവൻ കൊടുംതണുപ്പു പുതച്ചാണ് ഉറങ്ങിയതെന്നും അറിയാതെ.
പുൽമേടുകളിലെ ആകാശത്തുറപ്പ്
അത്യസാധാരണമായ ഒരു പകലിലേക്കാണ് ഉറങ്ങിയെഴുന്നേറ്റത്.
പുൽമേടുകളിലെ സൂര്യോദയമാണ് ഏറ്റവും മനോഹരം എന്ന് മനസിനെ തിരുത്തിച്ച പുലരിയായിരുന്നു അത്. സൂര്യൻ ഉദിച്ചുവന്നിരുന്നത് ഖാസിക്കുന്നുകൾക്കപ്പുറത്തു നിന്നു തന്നെ. ഭൂമിയിൽ എവിടെയും സൂര്യൻ ഉദിക്കുന്നതു പോലെത്തന്നെയായിരുന്നു. ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല ഉദിക്കുന്ന എന്ന പ്രക്രിയയ്ക്ക്. എന്നാൽ, ഉദിച്ചുവരുമ്പോൾ അതിനെ പ്രകൃതി ആഘോഷിക്കുന്നിടത്താണ് എല്ലാ വേറിട്ടകാഴ്ചകളും കിടക്കുന്നത്.
അതാണ് ഖാസിക്കുന്നുകളിലെ പുൽമേടുകൾ ഞങ്ങൾക്കായി ഒരുക്കിവച്ചിരിക്കുന്നത്.
സ്വർണം ഉരുക്കിയെഴുതിവരച്ച കോലങ്ങളെന്നൊക്കെയുള്ള സിനിമാപ്പാട്ടുകൾക്കും അപ്പുറത്തായിരുന്നു അത്. അതു കോലങ്ങൾ മാത്രമല്ലായിരുന്നു. സ്വർണം കൊണ്ടുള്ള പുതിയൊരു ഭൂമിയെത്തന്നെയായിരുന്നു ആ പുലരി വാർത്തെടുത്തുകൊണ്ടിരുന്നത്. ചൂളം കുത്തിയുള്ള കാറ്റ് ഇപ്പോൾ ശമിച്ചിരിക്കുന്നു. രാത്രി മുഴുവൻ വന്നു പൂണ്ടടക്കം പിടിച്ച കൊടുംമഞ്ഞിന്റെ ഗാഢാലിംഗനങ്ങൾ കൊഴിഞ്ഞിരുന്നു. എന്നാലും തണുപ്പിൽ സ്വർണമുറഞ്ഞ ഒരു പുലരി തന്നെ. അതിനപ്പുറം വാക്കുകൾ കൊണ്ടു വിവരിക്കുക എന്നത് അസാധ്യം.
മൗഫലാങ് എന്ന പേരിൽ തന്നെയുണ്ട് അതിന്റെ എല്ലാ സൗന്ദര്യവും. പച്ചപിടിച്ച കല്ല് എന്നാണു മൗഫലാങ്ങിന്റെ അർത്ഥം. ഖാസിക്കുന്നുകൾക്കു മേൽ അങ്ങനെയൊരു പുലരി നിങ്ങളുടെ കാഴ്ചയെയും സ്വർണമുരുക്കിയൊഴിക്കട്ടെ എന്നു ശപിക്കുകയല്ലാതെ വേറെന്ത് തരാനാണ്? ദൂരെയും അടുത്തും കുന്നുകൾ അതിന്റെ ഉയരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. ഇന്നലെ കടന്നുവന്ന വഴികളുടെ ഭീകരത മനസിൽ തോന്നിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. രാത്രി കഴിച്ചുകൂട്ടിയ മേട്ടിലെ പൊയ്കയിൽ സ്വർണവെട്ടത്തോണികൾ തുഴഞ്ഞുതുടങ്ങിയിരുന്നു. അതൊരു കാഴ്ച തന്നെയായിരുന്നു. കുട്ടിസൂര്യൻ വെള്ളത്തിൽ ഒഴുക്കിയ സ്വർണ്ണക്കടലാസ് തോണികൾ. ആരും വന്ന് മുഖം നോക്കാനില്ലാത്ത പൊയ്കയിൽ ആകാശം മുഖം നോക്കുന്നു. (മാലിനിയിൽ കണ്ണാടി നോക്കുന്ന മാൻ എത്തിയിട്ടുണ്ടായിരുന്നില്ല).
ഈറൻമഞ്ഞു മുലക്കച്ചയഴിച്ചു തുടങ്ങിയ ചെറിയ കുന്നുകളുടെ താഴ്‌വാരങ്ങളിൽ നിശ്ശബ്ദത അലസം നടക്കുന്നുണ്ട്. ഭൂമിക്ക് അജ്ഞാതമായ ഏതോ ആകാശപ്പള്ളിയിൽ കുർബാനയ്ക്കു കാറ്റുകന്യകൾ കുന്നുകളുടെ പള്ളകളിലൂടെ കടന്നുപോകുന്നുണ്ട്.
കാന്തിമാനായ ബാലരവി വിരലുകൾകൊണ്ട് എല്ലാത്തിലും പൊന്നുപൂശിത്തുടങ്ങിയിട്ടുണ്ട്. അടുത്തൊരു കുന്നിൻ മുകളിൽ വിശ്വാസികൾ ഉപേക്ഷിച്ചുപോയ ഏതോ പ്രാക്തന പള്ളിയിൽ പ്രാർത്ഥനകൾക്കു കാതോർത്ത് ഏറെപ്പഴക്കം ചെന്നു കാലമുപേക്ഷിച്ച മണിയെ പതുക്കെ ഒച്ചകൾക്കായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു കാറ്റ്. അതിന്റെ അനക്കമറ്റിരിക്കുന്നു. അതിന്റെ ഒച്ച എന്നെന്നേക്കുമായി സ്ഖലിച്ചിരിക്കുന്നു കാലങ്ങൾക്കു മുമ്പേ. ഏകാന്തമായതും ഉപേക്ഷിക്കപ്പെട്ടതുമായ പള്ളിയുടെ മറന്നുതുടങ്ങിയ ഒറ്റയടിപ്പാതകളിൽ വീണ്ടും ഞങ്ങളുടെ വെള്ളിക്കമ്പികൾ വീണുതുടങ്ങിയ ശരീരങ്ങൾ യൗവനം ചവിട്ടിനടന്നു. ഇതാ, ഞങ്ങൾ ക്രൂശിതർ, ഞങ്ങളോടു പൊറുക്കേണമേ എന്നു പ്രാർഥനകൊണ്ടു.
ബൈ, ഖാസി ഹിൽസ്
മടങ്ങാൻ ആരും നിർബന്ധിക്കുന്നുണ്ടായിരുന്നില്ല.
രാത്രിയിലെ കാത്തിരിപ്പുകാരന് അങ്ങനെ ഒരു നിർബന്ധമില്ല. ഖാസിക്കുന്നുകൾക്കും. എന്നാലും മടങ്ങേണ്ടതുണ്ടായിരുന്നു. ഭൂമിയിൽ ഒരിടത്തും സ്ഥിരമായി പാർക്കാൻ സാധിക്കുമോ ആർക്കെങ്കിലും. തിരിച്ചുപടിയിറങ്ങുമ്പോൾ യാത്രയയക്കാൻ രാത്രിയിലെ ഞങ്ങളുടെ ഉത്സവം അറിഞ്ഞെത്തിയ ഒന്നോ രണ്ടോ നായകൾ മാത്രം. കാത്തിരിപ്പുകാരന് അങ്ങനെ പിരിയുന്നതിന്റേതായ സങ്കടമോ സന്തോഷമോ തോന്നേണ്ട ആവശ്യമില്ല. ഖാസി പുൽമേടുകൾ തേടിയെത്തിയ ആദ്യത്തെ കാമുകന്മാരായിരുന്നില്ല, ഞങ്ങൾ. ഇതു പറഞ്ഞുകേട്ട് എത്തുന്നവർ തന്നെ ധാരാളമുണ്ട്. പ്രത്യേകിച്ച്, മഴ കഴിഞ്ഞു നിറയെ പച്ചയും നിറങ്ങളുമുടുക്കുന്ന സീസണിൽ.
എന്നാൽ, ഞങ്ങളെ ഒരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു. അസമിലെ ഗുവാഹതിയിൽ നിന്ന് മേഘാലയത്തിലെ ഷിലാങ് ( ഷില്ലോങ് ) വഴി മൗഫലാങ്ങിലേക്കു കഷ്ടി 125 കിലോമീറ്ററാണ്. എന്നാൽ ഞങ്ങൾ ഓടിയെത്തിയത് അതിനുമെത്രയോ അധികം കിലോമീറ്ററുകൾ താണ്ടിയും. എന്നാൽ ഏതു ദൂരപ്പുസ്തകത്തിനു കാണിച്ചുതരാനാവും ഭൗമാതീത അനുഭവങ്ങളിലേക്കുള്ള യഥാർഥ ദൂരം.
പക്ഷെ, കാത്തിരുന്ന ആ ദുരന്തം പകൽ തലേന്നുരാത്രിയെ പോലെ അത്രയും കാൽപ്പനികമല്ല എന്ന തിരിച്ചറിവാണ്. മാത്രമല്ല, കുന്നിന്റെ പള്ളകളിറങ്ങി മൗഫലാങ് എന്ന ചെറുപട്ടണത്തിൽ എത്തിയപ്പോഴേ, വാഹനത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായിക്കഴിഞ്ഞിരുന്നു. അതു പൂർണമായി നിശ്ചലമായി. ബോണറ്റ് തുറന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിന് തുനിഞ്ഞപ്പോഴാണ് കഴിഞ്ഞ രാത്രി ഞങ്ങൾ അറിയാതെ പോയ കൊടുംപാതകങ്ങളുടെ നേർസ്ഥിതി അറിയുന്നത്. എൻജിൻ അപ്പാടെ പൊട്ടി റോഡിലേക്ക് ഊർന്നിറങ്ങിയിരുന്നു. അത് കുറച്ചുനേരം കൂടി നിരത്തിൽ ഉരയാൻ അനുവദിച്ചിരുന്നുവെങ്കിൽ തീപ്പൊരിയടർന്നു പെരുകുന്ന തീയിൽ ഒന്നാകെ തീപ്പെട്ടുപോയേനെ എന്ന്.
തലേന്നു രാത്രി ആ എൻജിനും വാഹനവും അനുഭവിക്കാത്ത പീഢാനുഭവങ്ങൾ ഒന്നുമില്ലായിരുന്നു. ഞങ്ങളെ സ്വർഗത്തിലൂടെ ആനയിക്കുന്നതിനായി ഡിസൈൻ ചെയ്തിട്ടുണ്ടായിരുന്ന വാഹനമായിരുന്നില്ല അത്. ഇന്നത്തെ അവസ്ഥയിൽ ഏറ്റവും പ്രാകൃതമായ ഒന്ന്. എന്നാലും ഇരുട്ടിലും തണുപ്പിലും വഴിയിൽ കിടത്തിയില്ലല്ലോ എന്നു സമാധാനിക്കേണ്ടിവന്നു. അടുത്ത വർക്ക്‌ഷോപ്പിൽ, റോഡിലേക്ക് ഇറങ്ങിപ്പോയ എൻജിനെ താങ്ങിനിർത്താൻ ഒരു ഇരുമ്പുതാങ്ങ് വിളക്കിച്ചേർക്കേണ്ടിയും വന്നു. പെട്രോൾ അവശേഷിക്കുന്ന എൻജിന്റെ തൊട്ടടുത്തുവച്ചുതന്നെ അതു വെൽഡ് ചെയ്തു പിടിപ്പിക്കാൻ വർക്ക്‌ഷോപ്പിലെ പണിക്കാർ കാണിച്ച മണ്ടത്തരമൊന്നുകൊണ്ട് മാത്രമാണ് തിരികെ ഗുവഹത്തിയിൽ എത്താൻ സാധിച്ചത്. മേഘാലയ- അസം അതിർത്തിയിൽ വച്ച് വലിയൊരു വാഹനക്കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ദുർമന്ത്രവാദിനികൾ മലമുടിയിൽ പറഞ്ഞുവച്ച ദുരന്തം മക്‌ബെത്ത് മാത്രമായി ഏറ്റെടുത്തതുകൊണ്ടുമാത്രം.
മൗഫലാങിലെ ഖാസി വിശുദ്ധ വനം
മൗഫലാങിൽ സഞ്ചാരികൾ ഒരിക്കലും ഒഴിവാക്കരുതാത്ത മറ്റൊരു ഇടമുണ്ട്. ഖാസിഗോത്രക്കാരുടെ സ്വത്വവും വിശ്വാസവും സംസ്‌ക്കാരവും തന്നെയായ വിശുദ്ധവനം. ഒരു പക്ഷെ, കേരളത്തിൽ ഒരു കാലത്ത് അങ്ങോളമിങ്ങോളമുണ്ടായിരുന്ന വിശുദ്ധ കാവുകളെ വികസനത്തള്ളലിൽ മായ്ച്ചുനശിപ്പിച്ചുകളഞ്ഞ കുറ്റബോധം മറയ്ക്കാനെങ്കിലും മലയാളികൾ ഇതു കണ്ടിരിക്കണം. വിസ്തൃതമായ ഒരു പച്ചപ്പിനെ ഒരു ചുള്ളിയും ഒരു തൂവലും കുടി പിഴുതെടുക്കാതെ എങ്ങനെയാണു ഒരു ജനസമൂഹം കാത്തുരക്ഷിച്ചുകൊണ്ടുപോകുന്നതെന്ന് അറിയാൻ. പച്ചപ്പിനും അതു തടുത്തുകൂട്ടുന്ന ഈർപ്പത്തിനും അതു പെറ്റുകൂട്ടുന്ന വൈവിധ്യത്തിനും പകരം വയ്ക്കാൻ കോൺക്രീറ്റ് കാടുകളും കുപ്പിവെള്ളവും ഫാസ്റ്റ് ഫോറസ്റ്റുകൾക്കും കഴിയില്ലെന്ന വലിയൊരു ബയോളജി പഠിക്കാൻ.
മൗഫലാങ് ജില്ലയിലെ ഖാസി പൈതൃകഗ്രാമമാണ് ഈ മേഖലയിലെ ഖാസി സംസ്‌ക്കാരത്തിന്റെ ആണിക്കല്ല് എന്നു പറയാൻ കഴിയുന്നത്. തങ്ങളുടെ സ്വത്വത്തെയും പ്രകൃതിയെയും സംസ്‌ക്കാരത്തെയും പ്രതിരോധിക്കുന്ന കൂട്ടത്തിൽ ഒരു ഒത്തുതീർപ്പിനും ഇല്ലാത്തവരാണ് ഖാസികൾ. ലബാസ എന്ന തനതു ദൈവത്തിന്റെ ഇരിപ്പിടമായ മൗഫലാങിലെ വിശുദ്ധവനത്തിന്റെ കാര്യത്തിൽ ജീവൻ കളഞ്ഞാണെങ്കിൽപ്പോലും. ഒരു പത്തെണ്ണൂറു വർഷത്തെ സമ്പന്നമായ ചരിത്രം പച്ചകുത്തിയിട്ടുണ്ട് അവരുടെ ചോരയിൽ.
വിശുദ്ധവനം അവർ സംരക്ഷിക്കുന്നതുപോലെ ലബാസ ദൈവം ഖാസികളെയും സംരക്ഷിക്കും. ലിങ്‌ദോ ഗോത്രക്കാരാണു ഇരുന്നൂറോളം ഏക്കർ വിസ്തീർണമുള്ള വിശുദ്ധവനത്തിന്റെ സൂക്ഷിപ്പുകാർ. വനത്തിൽ ജൈവവൈവിധ്യത്തിനപ്പുറം അവരുടെ വിശ്വാസത്തിന്റെ ഏകാത്മകതയും കാണണം. അവിടെ അവരുടെ വിശ്വാസത്തിന്റെ പ്രതീകങ്ങളായിട്ടുള്ള ആരാധനാമൂർത്തിയുണ്ട്. അവർക്കു പ്രകൃതിയിൽ തന്നെ ആരാധനാസ്ഥലങ്ങളുണ്ട്. ആലയമില്ല, മറിച്ച് തുറസ്സിടങ്ങൾ. അവിടങ്ങളിൽ കൽത്തൂണുകൾ (മോണോലിത്) നാട്ടി വേർതിരിച്ചു നിർത്തിയിരിക്കുന്ന ബലിത്തറകളുണ്ട്. ഗോത്രാംഗങ്ങളുടെ താരതമ്യേന ചെറിയ പ്രാർത്ഥനകൾക്കു ബലി. നേർച്ച നടത്താൻ വേണ്ടതൊക്കെ കൊണ്ടുപോകണമെന്ന് ഗോത്രനടപ്പ്. ഇല്ലെങ്കിൽ ആരാധനാമൂർത്തി കോപിക്കും. അടുത്തുള്ള കരിയിലക്കാട്ടിൽ നാഗത്തിന്റെ സാന്നിധ്യം കാണിച്ച് കോപത്തിന്റെ ദൃഷ്ടാന്തം കാണിക്കും. കനിഞ്ഞാൽ, ഒരു പുള്ളിപ്പുലിയായി ഗോത്രമനസിലേക്ക് ഓടിക്കയറും.
ഗോത്രത്തിനു പുറത്തെ ലോകത്തുനിന്ന് നോക്കുമ്പോൾ, അവിടെ കോടിക്കണക്കിനു വിലപിടിപ്പുള്ള വനോൽപ്പന്നങ്ങളുണ്ട്. തൊട്ടതിനും പിടിച്ചതിനുമുള്ള ആധികൾക്കു പരിഹാരമുണ്ട്. മാറാവ്യാധിക്കു വരെ മറുമരുന്ന്. പുഴുവിനും പ്രാണിക്കും പറവയ്ക്കും പച്ചയ്ക്കും ജീവനുള്ളതിനും ഇല്ലാത്തതിനും എല്ലാം ഇടമുണ്ട്. വനം കാണാൻ പോകുന്നവർക്കു മുന്നിൽ ഒരു നിയമമേ ഉളളൂ. ഒരു പുൽക്കൊടി പോലും അവിടെനിന്ന് എടുക്കരുത്. അതു ലംഘിച്ചാൽ, വലിയ വില കൊടുക്കേണ്ടിവരും. പട്ടാളത്തിനും സർക്കാരിനും ഈ വിലക്കു ബാധകം. ആയുധത്തിനും അധികാരത്തിനും മറ്റു പ്രിവിലേജ് പ്രതീക്ഷിക്കേണ്ടതില്ല.
മേഘാലയത്തിലെ ഈസ്റ്റ് ഖാസി ഹിൽസ്, ജയ്ന്തിയ ഹിൽസ് ജില്ലകളിൽ നിറയെ ഇത്തരം ആരാധനാ വനങ്ങളുണ്ടെങ്കിലും അക്കൂട്ടത്തിൽ വിശുദ്ധമേറിയതു മൗഫലാങിലേതാണ്.
അതുല്യമായ യാത്ര
മൗഫലാങിലേക്കുള്ളതിനേക്കാളും കഠിനമായ യാത്രകളുണ്ടാവാം.
ഇതിലും കണ്ണിനെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുണ്ടാവാം.
ഇതേക്കാളും കൊടുംതണുപ്പിൽ പുതച്ചെടുപ്പിക്കുന്ന വഴികളുണ്ടാവാം.
ഇതേക്കാളും കോൾമയിർ കൊള്ളിക്കുന്ന ലക്ഷ്യസ്ഥാനങ്ങളുണ്ടാവാം.
എന്നാലും മൗഫലാങ് അതുക്കും മേലെ. മറ്റൊരു യാത്രയിലും കിട്ടില്ല, അവനവനെ ഏതൊക്കെയോ ദിക്കുകളിൽ കൊണ്ടുകളഞ്ഞിട്ട്, ഭൂമിയിലേ അല്ല എന്നു തോന്നിപ്പിച്ചിട്ട്, ജീവിച്ചിരുന്നിട്ടേയില്ല എന്നു കൊതിപ്പിച്ചിട്ട്, പിന്നെ എവിടെനിന്നോ പെറുക്കിയെടുത്തും അടുക്കിവച്ചും തന്നെ താൻ തന്നെയാക്കുന്ന ഈ മാന്ത്രികതയോളം. ജീവിതത്തിന്റെ എല്ലാ അടുക്കും ചിട്ടയും ഉപേക്ഷിച്ചുകളഞ്ഞിട്ട്, ശരീരമെന്ന മേലുടുപ്പുകൾ അഴിച്ചുകളഞ്ഞിട്ട്, ആത്മാവിന്റെ ഏറ്റവും ദുർബലമായ അറ്റം വരെ സ്വയം കാണിപ്പിച്ച്, പിന്നെയും ഇതാ ജീവിച്ചിരിക്കുന്നല്ലോ എന്ന് ഓർമിപ്പിച്ചുകളയുന്ന ജാലത്തോളം.
മൗഫലാങ് ഭൂമിയിലില്ലാത്ത ഭൂമിയിലേക്കുള്ള യാത്രയാണ്.
എന്നാൽ, എല്ലാം ഉപേക്ഷിച്ചുപോകണം അതിന്. ▮