നാലംദാ എന്ന ബുദ്ധിസ്റ്റ് മഹാവിഹാരം ( നാലംദാ സർവകലാശാല ).

ഒരു യാത്ര കൊണ്ടൊന്നും ഒരിക്കലും
​തീരാത്ത ഒരേയൊരു യാത്ര

ജ്ഞാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ ഉത്തരമായിട്ടായിരിക്കാം നാലംദാ ഇന്നു സഞ്ചാരിയെ കാത്തുനിൽക്കുന്നത്. അതു കേവലം കണ്ടുകാഴ്ചകളുടെ മ്യൂസിയം അല്ലാതാവുന്നത് അതുകൊണ്ടാണ്.

പുറപ്പെട്ടുപോവുന്ന യാത്രകളുണ്ട്. എങ്ങുമെത്താത്തവയും. തന്നിലേക്കു വന്നു ചേരുന്ന യാത്രകളുണ്ട്. എന്നാൽ, ഒരു ജീവിതകാലം മുഴുവൻ തന്നിൽത്തന്നെ നിൽക്കാത്തതും. ഏതു യാത്രയും പുറപ്പെടുന്നതിനു മുമ്പുള്ള ഒരു ലക്ഷ്യസ്ഥാനമല്ല. അവിടെ നിന്നും മുന്നോട്ടുപോവേണ്ടുന്ന ഒരു ഇടത്താവളം മാത്രമാണ്. പുതിയ കാലത്ത് എന്തും വീട്ടുപടിക്കലെത്തുന്ന സാധ്യതയിൽ, ആർക്കെങ്കിലും എങ്ങോട്ടെങ്കിലും പുറപ്പെട്ടുപോവാനുണ്ടോ ? ടെക്സ്റ്റ് ബുക്കുകളിലെ അറിവു മാത്രം മതിയാവും ജീവിതത്തിൽ വിജയം നേടാനെന്നു വന്നുകഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്, അറിവു തേടി എന്തിനു യാത്ര പോകണം. ലോകമായ ലോകത്തെ എല്ലാ കാഴ്ചകളും വിരുന്നുമുറിയിലെത്തുന്ന പോസ്റ്റ് മോഡേൺ കാലത്ത്, കണ്ണിൽ നിറയ്ക്കുന്ന കാഴ്ചകൾ തേടി ഒരിക്കലും പുറപ്പെട്ടുപോവേണ്ടിവരുന്നില്ല.

എന്നാൽ ചില സ്ഥലങ്ങളുണ്ട്. അവ ചെന്നെത്തേണ്ടുന്ന ഏതെങ്കിലും ഇടമല്ല. വരിക വരികെന്നു വിളിക്കുന്ന കാഴ്ചകളല്ല. അവിടെ ഏതെങ്കിലും ഒരിടത്തു മാത്രമായിരിക്കില്ല ചെന്നെത്തേണ്ടതും. അവിടെ മോഹിപ്പിക്കുന്ന ഒന്നും കണ്ടെന്നിരിക്കില്ല. എന്നാലും, അത് അവിടെ എവിടെയോ ഉണ്ടായിരുന്നു. കാലങ്ങളെത്രയോ. എത്രയോ നൂറ്റാണ്ടുകൾ പഴുത്തിലകൾ പോലെ കൊഴിഞ്ഞുപോവുന്നത് അതു കണ്ടിരിക്കുന്നു. എന്തൊക്കെ അതു മനസിലും ഉടലിലും മനനം ചെയ്തിരിക്കുന്നു. ഉടലിനെത്തന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഇതല്ല, ഇതല്ല എന്നു കരഞ്ഞിരിക്കുന്നു. ഇവിടെയല്ല ഇവിടെയല്ല എന്നു ഒഴിഞ്ഞിരിക്കുന്നു. എല്ലാം ഞാനാണ് എന്നു പറയുന്ന ഒരു കാലത്തെയല്ല അത് ഉള്ളടക്കം പിടിച്ചിരിക്കുന്നത്. എല്ലാം എന്റെയാണ് എന്ന ഊറ്റമല്ല അതു വിളിച്ചുപറയുന്നത്. ഞാൻ മാത്രം ശരിയെന്നല്ല അതു പ്രാർഥിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം എന്റെ കീഴിലാണ് എന്ന നെഞ്ചൂക്കിന്റെ പ്രകടനം ആയിരുന്നില്ല അത്.

നാ അൽ ഇലം ദാ...കൂട്ടിവായിച്ചാൽ, നാലംദാ.. അതു ലോപിച്ചും പച്ചപ്പരിഷ്‌കാരം ചേർത്തും നാളന്ദയും നളന്ദയും ആയിരിക്കുന്നു. നളന്ദ എന്നെഴുതിയാൽ മാത്രം മാർക്കു കിട്ടുന്ന ഉത്തരം. എന്നാൽ, ഒരു കാലത്ത് അന്നത്തെ പല ചോദ്യങ്ങളുടെയും ഉത്തരം തേടുകയായിരുന്നു, നാലംദാ.

മറിച്ച്, കൈയയച്ചു നൽകുക എന്നാണ് അതിന്റെ മൂലമന്ത്രം.. നാ അൽ ഇലം ദാ എന്ന്. ഏതു ഭാഷയിലായാലും അതിന് ഒരേയൊരർഥം. ആ അർഥത്തിൽ നിന്നു മാറിയും എങ്ങനെയും വ്യാഖ്യാനിക്കാമായിരുന്നു. പല ജീവിതങ്ങൾ കൊണ്ടു വലിച്ചുനീട്ടാമായിരുന്നു. എന്തു തന്നെയായാലും അളന്നു കൊടുക്കില്ല ഒന്നും എന്നു തന്നെ. ആറ്റിൽക്കളഞ്ഞാലും അളന്നു കളയണമെന്ന സമൂഹത്തിന്റെ പൊതുബോധ്യത്തിന്റെ നേർവിപരീതം. അതിന്റെ നിരാസം. ആ മഹാത്യാഗത്തിലേക്കാണു ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ടത്. അവിടെ കാണാൻ അധികമൊന്നും ബാക്കിയില്ലെങ്കിലും. അവിടെ ഓർത്തുവയ്ക്കാൻ മണ്ണിന്റെ തുലോം ചെറുതായ കുനിപ്പുകളല്ലാതെ. മണ്ണിൽ നിന്നു ഉയിർപ്പിച്ച വീണ്ടെടുപ്പുകളല്ലാതെ. എന്നാൽ, അവിടെ ഉയർന്നു നിന്നിരുന്നു, പത്തു രണ്ടായിരത്തോളം കൊല്ലക്കാലത്തെ ചരിത്രവും സംസ്‌ക്കാരവും. അതിന്റെയെല്ലാം പാഠം ഒന്നുതന്നെ. നൽകുന്നതിനു ഒരു അളവുമില്ല. അതേ, അതു കൈയയച്ചു കൊടുത്തിരുന്നത് കൊടുക്കുന്തോറും വർധിക്കുന്ന ആ സമ്പത്തു തന്നെ. ജ്ഞാനമെന്ന മഹാസാഗരം.

വെറും അറിവല്ല, ജ്ഞാനം. കേവലമായ അറിവ് നൈമിഷികമാണ്. അതു കൊണ്ടു ജീവിത വ്യവഹാരങ്ങൾ സാധിക്കും. കൂട്ടത്തിൽ കൂടുതൽ കേമനെന്നു വിധിക്കും. എന്നാൽ, ജ്ഞാനം ഒരു സംസ്‌ക്കാരനിർമിതിയാണ്. അതു തന്നെ. നാ അൽ ഇലം ദാ...കൂട്ടിവായിച്ചാൽ, നാലംദാ.. അതു ലോപിച്ചും പച്ചപ്പരിഷ്‌കാരം ചേർത്തും നാളന്ദയും നളന്ദയും ആയിരിക്കുന്നു. നളന്ദ എന്നെഴുതിയാൽ മാത്രം മാർക്കു കിട്ടുന്ന ഉത്തരം. എന്നാൽ, ഒരു കാലത്ത് അന്നത്തെ പല ചോദ്യങ്ങളുടെയും ഉത്തരം തേടുകയായിരുന്നു, നാലംദാ.

എന്താണു നാലംദാ

നാലംദാ കണ്ടിരിക്കേണ്ട ഏതെങ്കിലും ഒരു സ്ഥലമല്ല, ഒരു കാഴ്ച പോലുമല്ല, കോൾമയിർ കൊളളിക്കുന്ന ഒന്നുമില്ല. ഇന്നത്തെ ബിഹാറിന്റെ ചുടും പൊടിയും വീശിയടിക്കുന്ന കാറ്റും രാത്രിയിലത്തെ ഒരൂഹത്തിലും നിൽക്കാത്ത കൊതുകുപടയും. എന്നാൽ, നാലംദാ എത്തിപ്പെടേണ്ട സ്ഥലമല്ല. പുറപ്പെട്ടുപോകേണ്ട സ്ഥലമാണ്. ഒരേ സമയം പല യാത്രകളുടെയും പല പുറപ്പെട്ടുപോകലിന്റെയും ഇടത്താവളം. അവിടേക്കു വന്നുകയറിയ യാത്രികരെത്ര, അവിടെ നിന്നു പുറപ്പെട്ടുപോയ യാത്രകളെത്ര. അതൊക്കെയറിയണം. വന്നുചേരുകയും കൂടിയിരിക്കുകയും കൂട്ടുചേർന്നു ചിന്തിക്കുകയും പകർപ്പുകളായും തെഴുപ്പുകളായും വീണ്ടും ഭൂഖണ്ഡങ്ങൾ കടന്നു യാത്ര പുറപ്പെടുകയും ചെയ്ത സഞ്ചിതജ്ഞാനശേഖരങ്ങലെത്ര. അറിവിന്റെ കൊച്ചുനീർച്ചാലുകളായും പുഴകളായും വന്നു പൊരുത്തു പെരുങ്കടലായി വീണ്ടും നദികളായും പുഴകളായും വഴിമാറിയൊഴുകിപ്പോയ ദേശറിവുകളുടെയും അകംപൊരുളിന്റെയും ജ്ഞാനോദയം.

ജ്ഞാനത്തെ കൊള്ളയടിച്ചെന്തിന്. മണ്ണും പൊന്നും പെണ്ണുമല്ലാതെ കൊള്ളയുടെ ആർത്തിപ്പണ്ടങ്ങളിൽ ഒരിക്കലും വിജ്ഞാനം ഉണ്ടായിരുന്നില്ല. കൊണ്ടുപോകേണ്ട ആവശ്യമില്ലാത്തതിനെ മുച്ചൂടും നശിപ്പിക്കുക എന്നത് ഏത് അധിനിവേശത്തിന്റെയും പ്രത്യയശാസ്ത്രം

അധികം ദൂരമില്ല നാലംദായിലേക്ക്, ഇന്നത്തെ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് ഏറിയാൽ രണ്ടുമണിക്കൂർ യാത്ര. ഒരു പത്തെഴുപതു കിലോമീറ്റർ മാത്രം. നാലംദാ എന്ന ബുദ്ധിസ്റ്റ് മഹാവിഹാരം ( നാലംദാ സർവകലാശാല ). അതിന്റെ പ്രതാപകാലത്തിന്റെ ഓർമയിലേക്കു പോകണമെങ്കിൽ, ഇന്നത്തെ ബിഹാർ അന്നത്തെ മഗധ. കാലം ക്രിസ്തുവർഷം ഒരു അഞ്ചാം നൂറ്റാണ്ട്. സംസാരിക്കുന്നതു പാലി ഭാഷ. ജീവിതച്ചിട്ടകളിൽ ഗൗതമ ബുദ്ധന്റെ സ്വാധീനം. ദൂരമേറെ പോകാനുണ്ട്. എന്നാൽ ഇതൊന്നും ദൂരമേയല്ല. ആ പ്രതാപത്തിന്റെ കാലത്ത് നൂറുകണക്കിനു കിലോമീറ്ററുകൾക്കപ്പുറത്തെ ചീനത്തു നിന്ന് ( ചൈന ) ബുദ്ധഭിക്ഷുക്കളും ഹുയാൻസങ് തുടങ്ങിയ സഞ്ചാരികളും എത്തി. നാടു കാണാൻ വന്ന്, അന്നത്തെ ജ്ഞാനദേശങ്ങളുടെ സഞ്ചരിക്കാൻ പറ്റുന്ന വഴികളിലൊക്കെ നടന്നും കണ്ടും അറിഞ്ഞും ഉള്ളിൽക്കൊണ്ടു. കിഴക്കു നിന്നും വീണ്ടുമെത്തി വിദ്യാർഥികൾ. ജാപ്പാനത്തു നിന്നും ഇന്തോനീഷയിൽ നിന്നും കൊറിയയിൽ നിന്നും. പടിഞ്ഞാറ് തുർക്കിയിൽ നിന്നും പേർഷ്യയിൽ നിന്നും. ജീവിതം പോലെ നീണ്ട യാത്രകളായിരുന്നു.

ഏറ്റവും വേഗത്തിൽ പോകുന്ന വാഹനത്തിൽ കയറി ഓടിപ്പിടച്ചുള്ള ഓട്ടപ്രദക്ഷിണമായിരുന്നില്ല. ഒന്നു കണ്ട് അടുത്തതിലേക്കുള്ള കാകനോട്ടങ്ങളല്ല. വഞ്ചിയിലും കപ്പലിലും നടന്നും മൃഗപ്പുറത്തും മാസങ്ങളോളം താണ്ടിയെത്തിയവർ. വന്നു അവിടത്തെ ജീവിതം പഠിച്ച് ജ്ഞാനം മനനം ചെയ്തുറപ്പിച്ച്, കൊണ്ടതും കണ്ടതും അറിഞ്ഞതും അറിയാത്തതുമെല്ലാം ചേർത്തു മടക്കയാത്ര. അപ്പോഴേക്കും കാലചക്രം കറങ്ങിയിട്ടുണ്ടാകും പലവട്ടം.

കൊടുക്കാനും എടുക്കാനും വന്നവർ മാത്രമായിരുന്നില്ല, വന്നവരിൽ പലരും. കൊള്ളയടിക്കാൻ വന്നവരും ഉണ്ടായിരുന്നു. ജ്ഞാനത്തെ കൊള്ളയടിച്ചെന്തിന്. മണ്ണും പൊന്നും പെണ്ണുമല്ലാതെ കൊള്ളയുടെ ആർത്തിപ്പണ്ടങ്ങളിൽ ഒരിക്കലും വിജ്ഞാനം ഉണ്ടായിരുന്നില്ല. കൊണ്ടുപോകേണ്ട ആവശ്യമില്ലാത്തതിനെ മുച്ചൂടും നശിപ്പിക്കുക എന്നത് ഏത് അധിനിവേശത്തിന്റെയും പ്രത്യയശാസ്ത്രം. ഇന്നും അതുതന്നെ. എടുക്കാൻ വിസമ്മതിക്കുന്നതിനെ കവരുക. ആവശ്യമില്ലാത്തതിനെ നശിപ്പിക്കുക. എടുക്കാൻ പറ്റാത്തതിനെ തന്റേതെന്നു ചാപ്പ കുത്തുക, മറ്റുള്ളവന്റെ സംസ്‌ക്കാരത്തിനു മീതെ അധീശത്വം ഉണ്ടാക്കുക. അങ്ങനെയും ഉണ്ടായി നാലംദായിൽ. മൂന്നു തവണയാണ് അതു മൂച്ചൂടും ആക്രമിക്കപ്പെട്ടത്. നശിപ്പിൽ നിന്നു തടുത്തുകൂട്ടി വീണ്ടെടുപ്പിനു ശ്രമങ്ങളുണ്ടായിരുന്നു. രണ്ടു തവണ...എന്നാൽ, കരിന്തിരി കത്തിയതു കെടാതെ തരമില്ല... അണഞ്ഞു. അല്ല, കെടുത്തിക്കളഞ്ഞു.

നാലംദാ യാത്രകളുടെ കത്തിപ്പോയ ഇരിപ്പിടമാണ്. അതുകൊണ്ടുതന്നെയാണ് യാത്രയെ അത്രമേൽ ഇഷ്ടപ്പടുന്നവർക്ക് അത് അത്രമേൽ പ്രിയങ്കരമായിരിക്കുന്നത്. അവിടെ അണഞ്ഞ ജ്ഞാനത്തിന്റെ ഉൾവേവറിയും അതിന്റെ ഇന്നത്തെ മണ്ണടിഞ്ഞ ശേഷിപ്പുകളിലൂടെ അലയുമ്പോൾ. ജ്ഞാനത്തെ ഒരിക്കലും അണക്കാൻ കഴിയില്ല എന്ന വലിയ പാഠത്തെയാണ് അവിടെ ചരിത്രം നനഞ്ഞ കാലത്തിന്റെ ശേഷിപ്പുകളിൽ കാണാൻ കഴിയുക. അതു തന്നെയാണു കാണേണ്ടതും. അതു വലിയൊരു പാഠമാണ്. ഒരു നാട്ടൊരുമയുടെ അകംപൊരുളുകളെ തീർത്തും നാമാവശേഷമാക്കാൻ സാധിക്കില്ലെന്ന പാഠം. തമസ്‌ക്കരിക്കപ്പെടുന്ന എന്തും പിന്നീടൊരു കാലം ഉയിർക്കുമെന്ന പാഠം.

നാലംദാ മറ്റൊരു ബോധോദയത്തിന്റെ ഇടം കൂടിയാണ്. പൗരാണിക ഇന്ത്യയിലെ ജ്ഞാനത്തിന്റെ ഇരിപ്പിടങ്ങളെക്കുറിച്ചുള്ള വലിയൊരു ബോധത്തിന്റെ തുടക്കം. നാലംദായോളം പ്രതാപം ഇല്ലെങ്കിലും വേറെയും സർവകലാശാലകൾ ഉണ്ടായിരുന്നു എന്ന അറിവിന്റെ. നാലംദായും തക്ഷശിലയും മാത്രമേ അങ്ങനെയുള്ള ജ്ഞാനത്തിന്റെ തുരുത്തുകളായി ഉണ്ടായിരുന്നുള്ളൂ എന്ന തമസ്‌കരണത്തിന്റെ ഉള്ളറിവുകൾ. വേറെയും ഉണ്ടായിരുന്നു. ജഗദ്ദലയിൽ, ഓദന്ത്പുരയിൽ, സോമപുരയിൽ, വിക്രമശിലയിൽ. ഇവയെല്ലാം നാലംദായെ മാതൃകയാക്കിത്തന്നെയായിരുന്നു.

പ്രായക്കണക്കില്ലാത്ത നാലംദാ

പോയ കാലത്തിന്റെ പ്രായമളക്കാൻ ഇന്നു പല ഉപായങ്ങളുണ്ട്. പിന്നിട്ട പ്രായങ്ങളുടെ നാട്ടെഴുത്തുകൾ, സഞ്ചാരികളുടെ അടയാളപ്പെടുത്തലുകൾ, പാട്ടിലും സാഹിത്യത്തിലുമുള്ള പരാമർശങ്ങൾ, ശാസ്ത്രീയമായി കാർബൺ കാലമാപന വിദ്യ...ഏതു വിധത്തിൽ ഗണിച്ചാലും ഏതു പ്രായനിർണയത്തിനും അപ്പുറത്താണു നാലംദാ...ക്രിസ്തുവിനു മുമ്പ് ഒരു അഞ്ചു നൂറ്റാണ്ടു മുമ്പു തന്നെ, അന്നത്തെ മഗധയുടെ ( ബിഹാർ) തലസ്ഥാനമായ രാജഗൃഹം ( ഇന്നത്തെ രാജ്ഗിർ) നഗരത്തിന്റെ അടുത്തായി നാലംദാ എന്നൊരു ഗ്രാമം പേരെടുത്തിരുന്നു. സമ്പത്തു കൊണ്ടും ഗൗതമബൂദ്ധന്റെയും മഹാവീരന്റെയും സമീപസാന്നിധ്യം കൊണ്ടും.

എന്നാൽ, മറ്റു പല മാപനരീതിപ്രകാരം ക്രിസ്തുവിനു 1200 വർഷം മുമ്പുവരെയൊക്കെ ചരിതവും ചരിത്രവും പറയുന്നുണ്ട്. ക്രിസ്തുവിനു മുമ്പു മൂന്നാം നൂറ്റാണ്ടിൽ ശോകത്തെ ജയിച്ച മൗര്യ ചക്രവർത്തി അശോകൻ അവിടെ ഒരു മഹാക്ഷേത്രം പണിതെന്ന ഗ്രന്ഥാടയാളങ്ങൾ, അവിടത്തെ വാസ്തുനിർമിതികളെക്കുറിച്ചുള്ള ഫാഹിയാന്റെ ( ചൈനീസ് ബുദ്ധിസ്റ്റ് സഞ്ചാരി) രേഖപ്പെടുത്തലുകൾ, ക്രിസ്തുവിനു ശേഷം അഞ്ചാം നൂറ്റാണ്ടോടെ അവിടം കേന്ദ്രമാക്കിയുള്ള ബുദ്ധവിഹാരങ്ങളുടെ നിർമിതികളെക്കുറിച്ചുള്ള ചൈനീസ് സഞ്ചാരി ഹുയാൻസങ്ങിന്റെ വെളിപ്പെടുത്തലുകൾ, പിന്നീടു നാലംദാ സർവകലാശാലയുടെ പ്രതാപകാലത്തെയും പിന്നീടുള്ള ക്ഷീണത്തെയും കുറിച്ചുള്ള ചരിത്രവും ചരിതവും കേട്ടുകേൾവിയും കെട്ടുകഥകളും ചേർന്നുള്ള വിവരശേഖരങ്ങൾ....

എങ്ങനെ നോക്കിയാലും നാലംദായിൽ നമ്മൾ, പോയ കാലത്തിന്റെ വേവറിയും. കാതങ്ങൾ കടന്നു വന്നെത്തിച്ചേർന്നതിന്റെ കിതപ്പുകൾ തിരിച്ചറിയും. പിന്നീടു നൂറ്റാണ്ടുകളുടെ കൂടിയിരുപ്പു കൊണ്ട്, കൊണ്ടും കൊടുത്തും തടുത്തുകൂട്ടിയ അറിവുകൾ ജ്ഞാനമായി മാറിയതിന്റെ തിളനില മനസിലാവും. ഞാനാര്, നീയാര് . പ്രപഞ്ചമെന്ത്, ജ്ഞാനമെന്ത് , അജ്ഞാനമെന്ത്, അകംപൊരുളെന്ത് ,പുറംപൊരുളെന്ത്, ഏറ്റവും ശാശ്വതമായ ജ്ഞാനമെന്ത് തുടങ്ങിയ അന്വേഷണങ്ങൾ നെഞ്ചേറ്റിയതിന്റെ പൊള്ളൽപ്പാടുകൾ ഓർമിക്കും. നാലംദാ ഒരു അന്വേഷണത്തിന്റെയും ഒടുക്കമല്ല, തുടക്കമാണ്. എത്തിച്ചേരുന്ന ദിക്കല്ല, പുറപ്പെട്ടുപോവുന്നതിന്റെയാണ്.

ജ്ഞാനത്തിന്റെ പല കാലനിർമിതി

ഇന്നു നാലംദായിൽ ഒന്നുമില്ല. അങ്ങനെ തീർത്തുപറയാൻ പറ്റില്ല. പഴയ കാലത്തിന്റെ ഫോട്ടോസ്റ്റാറ്റ് എന്ന പോലെ, ഉത്ഖനനം ചെയ്‌തെടുത്തുവച്ചിട്ടുണ്ട്. 1811 ൽ ഫ്രാൻസിസ് ബുക്കാനൻ എന്ന സ്‌കോട്ട്‌ലൻഡുകാരൻ അപ്പോത്തിക്കരി സ്ഥലം സർവേ ചെയ്തു ചില മൺശേഷിപ്പുകൾ കണ്ടെടുക്കുകായയിരുന്നു. എന്നാൽ, അതിനെ മണ്ണടിഞ്ഞുപോയ നാലംദായെന്ന മഹാജ്ഞാനനിർമിതിയാണെന്ന് ബുക്കാനനു ബന്ധപ്പെടുത്താൻ കഴിഞ്ഞില്ല. അതിനു പിന്നെയും മുപ്പത്തഞ്ചു കൊല്ലം കൂടി കഴിയേണ്ടിവന്നു. മേജർ മർഖാം കിറ്റോ 1847 ൽ അതിനെ പുരാതനസംസ്‌കൃതിയെന്നു തിരിച്ചറിഞ്ഞത്. ശാസ്ത്രീയമായ ഉത്ഖനനത്തിനു പിന്നെയും നൂറുവർഷത്തോളമെടുത്തു. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം നടത്തിയ രണ്ടാമത്തെ ശാസ്ത്രീയ ഉത്ഖനനത്തിന്റെ ചരിത്രനിർമിതിയാണ് ഇന്നു നാലംദായിൽ കാണാൻ കഴിയുക.

ഉദ്ഖനനത്തിലൂടെ പ്രതിഷ്ഠാപനം ചെയ്‌തെടുത്ത നാലംദാ ആകെക്കൂടി ഒരു പന്ത്രണ്ടു ഹെക്ടർ വരും. അതിന്റെ പ്രതാപകാലത്ത് ഉണ്ടായിരുന്നിരിക്കാവുന്നതിന്റെ എത്രയോ തുലോം കുറവ്

ഓർക്കുക, ഇവിടെ നാം കാണുന്നതെല്ലാം പോയ കാലത്തിന്റെ മൺശേഷിപ്പുകൾ മാത്രമല്ല. അവിടെ ആരാധിക്കാനോ പ്രാർഥിക്കാനോ ഒന്നുമില്ല. ഉരുവിടാൻ മന്ത്രങ്ങളുമില്ല. എന്നാൽ, തൊടുന്നത് പുതിയ കാലത്തേയല്ല. പുതിയ അറിവുകളേയല്ല. യന്ത്രവും മനുഷ്യനും അന്യോന്യം പങ്കുവയ്ക്കപ്പെടുന്ന പുതിയകാല ശാസ്ത്രജ്ഞാനത്തിന്റെ കാലത്ത് ഈ കാലഹരണപ്പെട്ട അറിവുകളെന്തിന് എന്നു ചോദിക്കാം. ഉത്തരം ഒന്നേയുള്ളു. എല്ലാം തുടങ്ങിയത് അങ്ങനെയാണ്...ഏത് അന്വേഷണത്തിന്റെയും തുടക്കം.

ഏറ്റവും കൂടിയ വേഗത്തിലും ഏറ്റവും തിടുക്കത്തിലും എങ്ങനെ പുതിയ ജീവിതത്തെ സാധ്യമാക്കും എന്ന ഇന്നത്തെ അന്വേഷണമല്ല. എങ്ങനെ ജീവിതത്തെ കുറേക്കാലം കൂടി വലിച്ചുനീട്ടും എന്ന ഉൽക്കണ്ഠയായിരുന്നില്ല. മറിച്ച്, അവനവനെ അറിയാനുള്ള അന്വേഷണങ്ങളാവാം.. എങ്ങനെ ബൗദ്ധികമായി ഉയരാം എന്ന തിടുക്കമാവാം. എങ്ങനെ ജ്ഞാനത്തെ അധിനിവേശക്കാരിൽ നിന്നു സൂക്ഷിച്ചെടുക്കാം എന്ന കരുതലാവാം. എങ്ങനെ ജ്ഞാനത്തെ പല ഓലകളിലും തുണിയിലും മരത്തോലിലും പകർത്തി തന്റെ അറിവ് ലോകത്തിന്റെ അറിവാക്കാം എന്ന അന്വേഷണമാവാം...എന്നാലും അതിൽ നിന്നായിരുന്നു എല്ലാ അന്വേഷണത്തിന്റെയും തുടക്കം. ആ ഉൾവെളിച്ചമാണു നാലംദായിൽ ഇപ്പോൾ കാണുന്ന ചുടുകട്ടകളുടെയും മൺശേഷിപ്പുകളെയും നോക്കുന്ന മാത്രയിൽ അതിനു വളരെയേറെക്കാലം പിന്നിട്ട ശേഷമുള്ള അന്വേഷണത്തെ നയിക്കുന്നത്.

ഉദ്ഖനനത്തിലൂടെ പ്രതിഷ്ഠാപനം ചെയ്‌തെടുത്ത നാലംദാ ആകെക്കൂടി ഒരു പന്ത്രണ്ടു ഹെക്ടർ വരും. അതിന്റെ പ്രതാപകാലത്ത് ഉണ്ടായിരുന്നിരിക്കാവുന്നതിന്റെ എത്രയോ തുലോം കുറവ്. അപ്പോൾ, എന്തായിരുന്നിരിക്കണം അന്നത്തെ പ്രൗഢിയും വിശാലതയും. അതിനു ചരിത്രം പോലുമില്ല. വെറും ദേശചരിതങ്ങളും യാത്രാക്കുറിപ്പുകളും മാത്രം.

രണ്ടു തവണയായി ഇന്ത്യ കറങ്ങിയ ഹുയാൻസങ് രണ്ടു തവണ അന്നത്തെ നാലംദാ സന്ദർശിക്കുകയും രണ്ടു വർഷത്തോളം അവിടെ താമസിച്ചിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരിയായി വന്നു പിന്നെ വിദ്യാർഥിയായും പഠിതാവായും കഴിഞ്ഞു. വിശാലമായ ഗ്രന്ഥശേഖരാലായവും ആരാധനയ്ക്കും പഠനത്തിനുമുള്ള ഹാളുകളും വേദികളും നിറഞ്ഞ വിശാലമായ ക്യാംപസ് ആയിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും ബുദ്ധഭിക്ഷുക്കൾക്കും സഞ്ചാരികൾക്കും താമസിക്കാനും ജീവിക്കാനുമുള്ള എല്ലാ ' സൗകര്യ' ങ്ങളോടെയുമുള്ള മുന്നൂറോളം മുറികൾ അടക്കം. അന്നത്തെയും ഇന്നത്തെയും ബിഹാറിനെ ചുട്ടുപൊള്ളിക്കുന്ന കൊടുംവേനലിലും ചൂടുകാറ്റിലും അകമേ തണുപ്പു കിനിയുന്ന രീതിയിലായിരുന്നു ഹോസ്റ്റലുകളുടെയും മറ്റും നിർമിതി. ക്യാംപസിനെ ചുറ്റി പടുകൂറ്റൻ ചുടുകട്ടമതിൽ. സർവകലാശാലയിലെ പാഠ്യമുറികൾ ഒൻപതു ദിക്കിലേക്കായി പിരിയുന്ന കൂറ്റൻ ഹാളുകളുള്ളതായിരുന്നു. ഓരോന്നും പത്തിരുന്നൂറു പേരെ ഉൾക്കൊള്ളുന്നത്. മറ്റൊന്നു പടുകൂറ്റൻ ഗ്രന്ഥശേഖരാലയം. അതിനാണ്, അധിനിവേശക്കാരൂടെ ക്രൂരത ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത്. ഓലയായും തുണിയായും തുകലായും ശേഖരിച്ചുവച്ചിരുന്ന അറിവുകൾ മുഴുവൻ കത്തിച്ചാമ്പലായതിനു നിത്യസാക്ഷിയായ അതിന്റെ ഏതാനും ശേഷിപ്പുകളിൽ ഉത്ഖനനത്തിലൂടെ അതിന്റെ ഗരിമ നിലനി4ത്തിയിട്ടുള്ളതായി കാണാം. അകം വേവാതെ കണ്ടു നിൽക്കാൻ കഴിയില്ല സത്യാന്വേഷക4ക്ക്.

ചുറ്റുമുള്ള പത്തിരുന്നൂറു ഗ്രാമങ്ങളുടെ വരുമാനവും അധ്വാനവുമായിരുന്നു സർവകാലാശാലയെ നിലനിർത്തിപ്പോന്നിരുന്നത്.

ബുദ്ധമതപഠന സർവകലാശാലയെന്ന നിലയിൽ നാലംദായിൽ പഠിതാക്കളെ ചിന്തയുടെ എഴുത്തിനിരുത്തിച്ചിരുന്നത് മഹായാന പ്രസ്ഥാനത്തിന്റെ ടെക്സ്റ്റുകൾ തന്നെയായിരുന്നു. എന്നാൽ മഹായാനത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്നില്ല. ബുദ്ധമതം അപ്പോഴേക്കും വിവിധ ചിന്താധാരകളുടെ ധിഷണത്തിളക്കങ്ങൾ ആർജിച്ചിരുന്നു. പതിനെട്ട് അവാന്തര ബുദ്ധിസ്റ്റ് ടെക്സ്റ്റുകളുടെ ശാഖയായ ഹിനയാനം, വേദങ്ങൾ ( അപ്പോഴതു ബ്രാഹ്‌മണിക്കൽ കോയ്മ നേടിക്കഴിഞ്ഞിട്ടില്ല), ഹേതുവിദ്യയെന്ന തർക്കശാസ്ത്രം ( ലോജിക്) , ശബ്ദവിദ്യ ( തത്വശാസ്ത്രവും വ്യാകരണവും), വൈദ്യം തുടങ്ങിയവയും പഠിച്ചിരുന്നു. അഥർവവും സാംഖ്യവും പുറമേ.

അന്നത്തെ ഒരു ജ്ഞാനധാരയെയും ഒഴിവാക്കിയിരുന്നില്ല. എല്ലാ ജ്ഞാനമുഖങ്ങളുടെയും സംവാദവും താരതമ്യവും അഭ്യസിക്കുകയും ചെയ്തു. തത്വചിന്തയിൽ അന്നു ലോകം അറിഞ്ഞ ബോധധാരകളെയെല്ലാം തർക്കിക്കാനും സമർഥിക്കാനും പരിശീലനം നൽകിയിരുന്നു. തർക്കം വാദിച്ചു ജയിക്കാനോ ഏതെങ്കിലും ഒന്നിനെ അടിച്ചേൽപ്പിക്കാനോ അല്ലായിരുന്നു. അറിവിനെ അളവില്ലാതെ വിളമ്പിനൽകുകയായിരുന്നു നാലംദാ. പല അറിവുകളെ ഒരേ മുനയിൽ നിർത്തി ഇഴകീറി അറിവിന്റെ മൂർച്ച കൂട്ടി. എന്നാൽ, അതേതെങ്കിലും കോയ്മയ്ക്കു സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയിട്ടായിരുന്നില്ല. എന്റേത് എന്റേത് എന്നു മേനിനടിക്കലല്ല, എന്തിന്റെയും ഉള്ളറിയാനുള്ള അന്വേഷണങ്ങളായിരുന്നു.

മൂന്നു സൈനികാക്രമണങ്ങളെ, അന്നത്തെ കൂടൂം കുടുക്കയം ശേഷിക്കാത്ത തരത്തിൽ അനാഥമാക്കിക്കളയുന്ന അധിനിവേശങ്ങളെ ചെറുക്കാൻ നാലംദായ്ക്കു കഴിഞ്ഞില്ല

പ്രതാപക്ഷയത്തിന്റെ ഉൾസ്‌ഫോടനങ്ങൾ

എന്നിട്ടുമാണ് കല്ലിനുമുകളിൽ കല്ലില്ലാത്ത വിധം നാലംദാ എല്ലാ പ്രതീക്ഷകളെയും തല്ലിക്കൊഴിച്ചത്. എല്ലാ പ്രത്യാശയെയും അണച്ചുകളഞ്ഞത്. കൊടുക്കുന്തോറും ഏറുന്നു എന്ന വിശ്വാസത്തെ ഉപേക്ഷിക്കേണ്ടിവന്നത്. ഒരു കാലത്തെ വിശ്വപ്രതാപം മണ്ണടിയേണ്ടിവന്നതിനു കാരണമെന്തെന്ന് ആ മൺശേഷിപ്പുകൾ കാണുമ്പോൾ ഏതു സഞ്ചാരിയുടെ മനസിലും സന്ദേഹം ഉയരുമെന്നു തീർച്ച. ഇതുതന്നെയാണു, നാലംദായിൽ നിന്നു മടങ്ങിപ്പോവുമ്പോഴും ആരും കൂടെക്കൊണ്ടുപോവുന്ന ഒരു ചോദ്യം. മൂന്നുതവണ സൈനികാക്രമണങ്ങൾക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്. പല തവണ വീണിടത്തുനിന്നു വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചിട്ടുണ്ട്. മുട്ടുകാലിൽ വരെ ഉയർന്നിട്ടുമുണ്ട്. എന്നാലും പഴയതുപോലെ തലയുയർത്തിനിൽക്കാൻ പിന്നീടു കഴിഞ്ഞിട്ടേയില്ല.

അതിനു കാരണമെന്താവാം. ഒരു കാര്യം ഉറപ്പാണ്. മൂന്നു സൈനികാക്രമണങ്ങളെ, അന്നത്തെ കൂടൂം കുടുക്കയം ശേഷിക്കാത്ത തരത്തിൽ അനാഥമാക്കിക്കളയുന്ന അധിനിവേശങ്ങളെ ചെറുക്കാൻ നാലംദായ്ക്കു കഴിഞ്ഞില്ല എന്നതു തന്നെ. മറ്റു വേറെയും ഉൾസ്‌ഫോടനങ്ങളുണ്ടായിട്ടില്ല എന്നല്ല. ഉണ്ടായിരുന്നു. എന്നാലും ഒരു സർവകലാശാലയെന്ന പ്രതാപത്തിന്റെ നടുവൊടിച്ചുകളഞ്ഞതു സൈനികാധിനിവേശങ്ങൾ തന്നെയായിരുന്നു.

ഡൽഹി ഭരിച്ച മംമ്ലക് വംശത്തിൽ പെട്ട സുൽത്താന്മാരുടെ ആക്രമണത്തിലായിരുന്നു നാലംദാ തറപറ്റിപ്പോയത് എന്നു സ്ഥിരീകരിക്കുന്ന രേഖകളുണ്ട്. ക്രിസ്തുവർഷം 1202 ൽ അവരുടെ പടത്തലവൻ ഭക്തിയാർ ഖൽജി വൻനാശനഷ്ടങ്ങൾ വരുത്തിവച്ചു. ഗ്രന്ഥശേഖരാലയം തീയിട്ടു. ബുദ്ധിഭിക്ഷുക്കളെയും വേദാഭ്യാസികളായ ബ്രാഹ്‌മണവിദ്യാർഥികളെയും കൂട്ടക്കൊല ചെയ്തു. ഒട്ടേറെ പേർ ആക്രമണത്തോടെ പാലായനം ചെയ്യുകയും ചെയ്തു. എന്നിട്ടും ക്രിസ്തുവർഷം 1250 വരെയും നാലംദാ പിടിച്ചുനിന്നു. പല രീതിയിൽ തെഴുത്തുപൊന്തി. എന്നാലത്, പഴയ നാലംദായുടെ പേക്കോലം മാത്രമായിരുന്നെന്നു സഞ്ചാരിക്കുറിപ്പുകൾ രേഖപ്പെടുത്തി. പിന്നെയേറെക്കാലം നാലംദായ്ക്കു തുടരാനായില്ല. അതു പടുതിരി കത്തിത്തുടങ്ങിയിരുന്നു.

പതനത്തിനു മറ്റു പല കാരണങ്ങളുമുണ്ടായിരുന്നു. ഉത്തരേന്ത്യയിൽ പ്രബലമായിരുന്ന മഗധയുടെ ക്ഷയം, പിന്നീടു വന്നു ബുദ്ധിസ്റ്റ് വിഹാരങ്ങളെയും മഹാവിഹാരത്തെയും സംരക്ഷിച്ച പാൽ രാജവംശത്തിന്റെ 1200 നു ശേഷമുള്ള അസ്തമയകാലം തുടങ്ങിയവയും പല കാരണങ്ങളിലൊന്നാണ് എന്നു കാണാം. ഇത്തരം ജ്ഞാനകേന്ദ്രങ്ങളുടെ നിലനിൽപ്പിന് എക്കാലത്തും സുസ്ഥിരമായ രാഷ്ട്രീയനേതൃത്വം അനിവാര്യമാണ്.

ഏഴാം നൂറ്റാണ്ടിനു ശേഷം ബുദ്ധമതത്തിനു വന്നുഭവിച്ച ആശയപരവും ദർശനപരമായ അപചയവും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബുദ്ധന്റെ മഹാനിർവാണത്തിനു ശേഷം വിശ്വാസത്തിലുണ്ടായ ഉൾപ്പിരിവുകളും ബൗദ്ധ കൗൺസിൽ യോഗങ്ങൾക്കു ശേഷം രൂക്ഷമായ ആചാരവ്യത്യാസങ്ങളും ബുദ്ധമതത്തെ വിശാലമാക്കിയെങ്കിലും ശക്തിയിൽ ക്ഷയിപ്പിക്കാൻ പോന്നതായിരുന്നു. ഭൂരിപക്ഷ വിശ്വാസത്തെ എതിർത്തുകൊണ്ടു കൂടുതൽ കർക്കശ വാദികളായ സ്ഥാവിര ശാഖ രംഗത്തുവന്നുകഴിഞ്ഞിരുന്നു. പ്രധാനമായും മഹായാന ദർശനത്തിന് ഊന്നൽ കൊടുത്തിരുന്ന നാലംദായോട് ഈ ശാഖക്കാർക്കും ഒഡീഷയിൽ നിന്നുള്ള ബുദ്ധഭിക്ഷുശാഖയ്ക്കും ആശയപരമായി പൊരുത്തക്കേടുകളുണ്ടായിരുന്നു. പ്രബലമായ സാമ്രാജ്യങ്ങളുടെ തണൽപറ്റിയിരുന്ന ബുദ്ധമതത്തിന് അതു കടപുഴകിയതോടെ വന്ന ബലക്ഷയത്തിനു പുറമേയായിരുന്നു മതവിശ്വാസത്തിനകത്തു സംഭവിച്ച ഇത്തരം ഉൾസ്‌ഫോടനങ്ങൾ.

നാലംദായുടെ പ്രതാപാസ്തമയത്തിനു ഹേതുവായ മറ്റൊന്ന്, അപ്പോഴേക്കും ഇന്ത്യയൊട്ടാകെയും ഉണ്ടായിത്തുടങ്ങിയ ഹിന്ദുനവോത്ഥാനമായിരുന്നു. ഭക്തിപ്രസ്ഥാനമായും വിശ്വാസസമൂഹങ്ങളായും ഹിന്ദുമതത്തിന്റെ വളർച്ച തിടുക്കത്തിലായിരുന്നു. ബ്രാഹ്‌മണിക്കൽ ആയ മേധാവിത്വവും അതിനു വന്നുതുടങ്ങിയിരുന്നു. ചാതുർവർണ്യനീതികളും ജ്ഞാനസമ്പാദനത്തിനു പരിമിതികൾ നിശ്ചയിച്ചിരുന്നു. ഈ നവോത്ഥാന കാലഘട്ടത്തിൽ ഇന്ത്യയൊട്ടുക്കും വിഹാരങ്ങളുടെയും വിശ്വാസമാറ്റങ്ങൾ നടപ്പാക്കിയിരുന്നതായി കാണാം. വിശ്വാസത്തിനു മീതെക്കൂടിയുള്ള ഈ തേരോട്ടങ്ങളും നാലംദായെ അപ്രസക്തമാക്കിത്തുടങ്ങിയിരുന്നു.

മറ്റൊന്നു ജ്ഞാനത്തിന്റെ അപരവത്ക്കരണവും. സാധാരണ ജനത്തിൽ നിന്നു വേറിട്ട ഒരു ജ്ഞാനനിർമിയെ താങ്ങിനിർത്തുകയായിരുന്നു നാലംദായ്ക്കു ചുറ്റുമുള്ള എണ്ണമറ്റ ഗ്രാമങ്ങൾ. അത് ഒരു ഡസനിൽ തുടങ്ങി, പ്രതാപകാലത്ത് ഇരുന്നൂറോളം ഗ്രാമങ്ങളിലേക്കു വളർന്നു. ഇവിടെയുള്ള അടിസ്ഥാന ആവശ്യങ്ങളോടു നേരിട്ടു സംവദിക്കുന്നതല്ലായിരുന്നു നാലംദായിലെ ജ്ഞാനാന്വേഷണങ്ങൾ. അറിവ് ഉൽപ്പാദിപ്പിക്കുന്ന അജൈവമായ കേന്ദ്രങ്ങൾ മാത്രമായി മാറി നാലംദാ എന്ന ഒരു മാനസികാകലം അതു വർഷങ്ങളിലൂടെ നേടിയെടുത്തിട്ടുണ്ടായിരിക്കാം. നാലംദാ മാത്രമല്ല, ബാക്കിയുള്ള മഹാവിഹാരങ്ങളും നാമാവശേഷമായി.

എന്നാൽ, സൈനികാധിനിവേശം തന്നെയാണു നാലംദായുടെ തകർച്ച വേഗത്തിലാക്കിയത്. അതിൽ നിന്നു പിടിച്ചുകയറാൻ അതിനെ പരോക്ഷമായി അപ്രാപ്തമാക്കിയതിനു പിന്നിൽ മറ്റുകാരണങ്ങളും.

നാളറിവുകളുടെ ബാക്കിപത്രം

ജ്ഞാനത്തെക്കുറിച്ചുള്ള ഇത്തരം ചോദ്യങ്ങളുടെ ഉത്തരമായിട്ടായിരിക്കാം നാലംദാ ഇന്നു സഞ്ചാരിയെ കാത്തുനിൽക്കുന്നത്. അതു കേവലം കണ്ടുകാഴ്ചകളുടെ മ്യൂസിയം അല്ലാതാവുന്നത് അതുകൊണ്ടാണ്. പോയതും ചത്തതും കെട്ടതും അണഞ്ഞതും മാത്രമാവുന്ന പലതിൽ നിന്നും അതു വേറിട്ടുനിൽക്കുന്നത്. പഴമയുടെ ഏതോ അസ്ഥിപഞ്ജരമാണ് എന്നു നമ്മളിൽ മിഥ്യാബോധമുണ്ടാക്കാത്തത്. അവിടെ ചുട്ടുകട്ടയിൽ, ചുണ്ണാമ്പുകല്ലിൽ കാണുന്നതു മാറിയ കാലത്തെ നമ്മളെത്തന്നെയാണ്.

പുതിയ കാലം ചേർത്തുപിടിക്കുന്ന അറിവിന്റെ നൈമിഷികതയെ അത് ഓർമിപ്പിക്കുന്നു. ഇന്നത്തെ യൗവനങ്ങൾ കൊണ്ടുനടക്കുന്ന ലോകഭോഗങ്ങളെ നിരർഥകമെന്നു വ്യഞ്ജിപ്പിക്കുന്നു. ഒരു യാത്ര കൊണ്ടൊന്നും ഒരു യാത്രയും തീരില്ലെന്ന് പൊള്ളിപ്പിച്ചുനിർത്തുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments