തും തോ കുച്ച് കരോ രജീന്ദർ, കൽ ഫൗഡേ ഗോന്തി ലേർ ആജാ.. ( നിങ്ങൾ എന്തെങ്കിലും ചെയ്യ്, രജീന്ദർ. കൂന്താലീം കൊണ്ടന്ന് പണി തൊടങ്ങ് )- മംഗു റാം പട്ടേൽ, മീണ ഗ്രാമമുഖ്യൻ, ഗോപാൽപുര, 1985.
വരൾച്ച കൊണ്ടിട്ടുണ്ടോ നിങ്ങൾ, കണ്ണുകളിലെ മനോഹരമായ കാഴ്ചകൾക്കു വേണ്ടി ദൂരങ്ങൾ താണ്ടുന്ന യാത്രക്കാരാ..?
ആർത്തി പുരണ്ട യന്ത്രക്കൈകളുമായി എന്തിനെയും കുഴിച്ചെടുത്തും വാരിയെടുത്തും വിറ്റുതുലയ്ക്കുന്ന ഖനനലോബിയും വനം മാഫിയയും ഊറ്റിത്തീർത്ത മണ്ണിന്റെ ഈർപ്പത്തിൽ ഒരു തരി പോലും ബാക്കിയില്ലാത്തത്രയും വരൾച്ച.
ഇല്ല, തീർച്ച. എന്നാൽ, ഉത്തരേന്ത്യയുടെ വരണ്ട ജീവിതപ്പാടങ്ങളിലേക്കു വരൂ. ഒരിറ്റു വെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്ന പാവപ്പെട്ട ജനങ്ങളുടെ ദുരിതക്കാഴ്ചകളിലേക്ക്. വെള്ളം പാഴാക്കാനില്ലാതെ മലിനവസ്ത്രങ്ങൾ പോലും ചുടുള്ള മണൽ കൊണ്ടു തിരുമ്മി വൃത്തിയാക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥയിലേക്ക്. ഒരു കുടം വെള്ളം കൊണ്ടു നിവർത്തിച്ചുതീർക്കേണ്ട ഒരു ദിവസത്തിന്റെ പങ്കപ്പാടുകളിലേക്ക്.
അത്ര സുഖമുള്ള കാഴ്ചകളാവില്ല. അതും അധികം കണ്ടുനിൽക്കാനുമാവില്ല.
ആ ജീവിതത്തിൽ ഒരു കാൽപ്പനികതയും സങ്കൽപ്പിക്കാൻ കഴിയില്ല. കടുത്ത ചൂടിലെ പഞ്ചാഗ്‌നിയിലേക്കു പടരുന്ന ദിനരാത്രങ്ങൾ ജീവിതത്തെക്കുറിച്ച് ഒരു ഉദാത്ത വാഴ്ത്തലുകളും നടത്താൻ പ്രേരിപ്പിക്കുകയേയില്ല. അങ്ങനെയുമുണ്ട് കണ്ണിലേക്കു മുള്ളുകളാഴ്ത്തുന്ന കാഴ്ചകൾ. ചില വരണ്ട ജീവിതങ്ങൾ സ്വപ്നം കാണുന്നത് ഏറ്റവും പുതിയ ബ്രാൻഡ് വിനോദോൽപ്പന്നങ്ങളല്ല. ഏറ്റവും നിറം കൂടിയ ആടകളല്ല, മനസിൽ പളപളപ്പ് മിന്നിക്കുന്ന ആഭരണങ്ങളുമല്ല. മറിച്ച് വെള്ളത്തിന്റെ ലോകത്തെ ഏറ്റവും ആസ്വാദ്യകരമായ ശബ്ദമാണ്.
ലോകത്ത് ഏതെങ്കിലും സ്ഥലത്ത് വെള്ളം കാണാൻ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് അൽവറിലെ വെള്ളം തന്നെ സംശയമില്ല. വെള്ളം എന്തു കാണാനിരിക്കുന്നു. അതൊരു കടലോ കായലോ ആണെങ്കിൽ മാത്രം നമ്മുടെ പരമ്പരാഗത വിനോദസഞ്ചാര ശീലത്തിന് ഒരു കാരണമാവും, തീർച്ച.
ആർത്തിയുടെ ഇരുമ്പുകൈകൾ ഇളക്കിമറിച്ച കാട്ടുപച്ചകൾ.
മനുഷ്യന്റെ ഉപഭോഗ ആവശ്യം കളിഞ്ഞു വലിച്ചെറിഞ്ഞ കൊള്ളരുതായ്മകൾ പാഴാക്കിക്കളഞ്ഞ കുണ്ടുകുളങ്ങൾ. കാടുകളുടെയും പച്ചപ്പിന്റെയും സ്വാഭാവിക നന്മകൾ ഇല്ലാതാക്കപ്പെട്ടതോടെ സ്വതവേ മെലിഞ്ഞ നീർച്ചാലുകൾ വറ്റിവരണ്ടുപോയിരുന്നു. മണ്ണിന്റെ സ്വാഭാവികത കൂടി ഇല്ലാതായതോടെ ഒരു മഴയൊന്നു പെയ്തുപോയാൽ, ഉള്ളതും കൊണ്ട് ഒഴുക്ക് അതിനു തോന്നുന്ന വഴിയിലൂടെ കുത്തിയൊഴുകി. വെള്ളപ്പൊക്കം എന്ന നിലയില്ലാക്കയങ്ങൾ ആവർത്തിച്ചു. വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയിൽ ഗ്രാമീണമേഖലയിൽ സ്വാഭാവിക തൊഴിലിടങ്ങളും അങ്ങനെ ഒലിച്ചുപോയി. ഒരു നേരത്തേ ആഹാരത്തിനു വേണ്ടി, തൊഴിലിനു വേണ്ടി ഗ്രാമങ്ങൾ വൻപട്ടണങ്ങളിലേക്കും മഹാനഗരങ്ങളിലേക്കും ചേക്കേറി. ഇങ്ങനെയുമുണ്ട് കാഴ്ചകൾ.
രാജസ്ഥാനിലേയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇങ്ങനെയും കാഴ്ചകളുണ്ടായിരുന്നു. ജോധ്പുർ, അൽവർ തുടങ്ങിയ സ്ഥലങ്ങളിൽ. ഇവിടത്തെ വരൾച്ചയാണ് കാണാൻ പോകുന്നതെങ്കിൽ, ഇപ്പോൾ അതു കാണാൻ സാധിച്ചെന്നുവരില്ല. ലോകത്ത് ഏതെങ്കിലും സ്ഥലത്ത് വെള്ളം കാണാൻ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് അൽവറിലെ വെള്ളം തന്നെ സംശയമില്ല. വെള്ളം എന്തു കാണാനിരിക്കുന്നു. അതൊരു കടലോ കായലോ ആണെങ്കിൽ മാത്രം നമ്മുടെ പരമ്പരാഗത വിനോദസഞ്ചാര ശീലത്തിന് ഒരു കാരണമാവും, തീർച്ച. എന്നാൽ, അൽവറിൽ കാണാനുള്ളതു ജോഹദുകളാണ്. എന്നുവച്ചാൽ, കുളങ്ങളും തടയണകളുമാണ്. അതിൽ കാണാനെന്തിരിക്കുന്നു. പ്രത്യേകിച്ച് മലയാളികൾക്ക്.
എന്നാൽ, ഇത് മലയാളികൾ കൂടി കാണേണ്ട വെള്ളം തന്നെയാണ്. വർഷങ്ങൾക്കു മുമ്പേ ഉണങ്ങിവരണ്ട ഈ കുളങ്ങളെയും തോടുകളെയും മരിച്ചുപോയ പുഴനീർച്ചാലുകളെയും വീണ്ടും ഉയിർപ്പിച്ചെടുത്ത പ്രകൃതിധ്യാനങ്ങളെ കാണാനാണ് പോകുന്നത്. എങ്ങനെ മണ്ണിന്റെ ഓരോ ഇറ്റു വെള്ളത്തെയും പിടിച്ചുനിർത്തി വലിയൊരു പ്രവാഹമാക്കാം എന്ന പാഠം. വെള്ളം പാഴാക്കാനുള്ളതല്ലെന്ന തിരിച്ചറിവ്. നാളെ ഇനിയൊരു യുദ്ധം രാജ്യങ്ങൾ തമ്മിൽ ഉണ്ടാവുകയാണെങ്കിൽ അതു വെള്ളത്തിനു വേണ്ടിയായിരിക്കും എന്ന, ഒരു പ്രാമാണിക ഏട്ടിലും എഴുതിവച്ചിട്ടില്ലാത്ത നേരറിവ്. ഭൂമിയുടെ വരൾച്ചയെ ജലസമൃദ്ധിയിലേക്കു നയിച്ചത്, ഒരേയൊരു മനുഷ്യൻ കൃത്യസമയത്ത് എടുത്ത ഒരു തീരുമാനമാണ്.
ഒരൊറ്റയൊരാളാണ് രാജസ്ഥാനിലെ നീർവാർന്നു മരിച്ചുപോയ അഞ്ചു നദികളെയെങ്കിലും വീണ്ടും ഒഴുക്കിലേക്കു തിരിച്ചുകൊണ്ടുവന്നത്. ചുരത്താത്ത കുഴൽക്കിണറുകൾക്കു ചുറ്റും പടർന്ന് കാടുപിടിച്ച ഗ്രാമങ്ങൾക്കു നനവും പച്ചപ്പും തിരികെയെത്തിച്ചുകൊടുത്തത്
ആ പ്രകൃതിധ്യാനങ്ങളെ തിരിച്ചുപിടിക്കാൻ കൂടിയാണ് ഈ യാത്ര.
വർഷത്തിൽ ആറു മാസം മഴ കിട്ടിക്കൊണ്ടിരിക്കുന്ന, തിരുവാതിരയും ഞാറ്റുവേലയും മേഘമഹാസ്ഖലനങ്ങളെ കടപുഴക്കിയിടുന്ന കേരളത്തിന് എന്തിന് വെള്ളത്തിന്റെ കാഴ്ച എന്നു ചോദിക്കാം. എന്നാൽ, കേരളവും ആ ഒരു വറുതിയിൽ നിന്ന് ഏറെ അകലത്തിലല്ല എന്നതാണ് യാഥാർത്ഥ്യം. ആറു മാസത്തെ മഴ ഇന്നു പത്തോ പതിനഞ്ചോ ദിവസത്തെ കൊടുംമഴ മാത്രമായി മാറിയിരിക്കുന്നു. മേഘസ്‌ഫോടനങ്ങളും മിന്നൽപ്രളയവും ദുരിതങ്ങളും മലയാളിയുടെ മുന്നിൽ നിൽക്കുന്നു. മഹാവരൾച്ചയിൽ നിന്ന് വെള്ളത്തെ ആവശ്യത്തിന് കൊയ്‌തെടുക്കാൻ സാധിക്കുന്ന ജലസമൃദ്ധിയിലേക്കു നയിച്ചത് ഒരേയൊരു മനുഷ്യൻ. ഏതെങ്കിലും ഒരു സ്ഥലത്തേക്കല്ല, മറിച്ചു ഭൂമിയാകെയിലേക്കാണ്. ആ ഭൂമിയുടെ സ്‌നിഗ്ദ്ധത തിരിച്ചുപിടിച്ച ആ മനുഷ്യനിലേക്കു കൂടിയാണ് ഇത്തവണത്തെ യാത്ര.
ഒറ്റയാളിൽത്തുടങ്ങിയ ‘വെള്ള' പ്പട്ടാളം
ഒരൊറ്റയൊരാളാണ് രാജസ്ഥാനിലെ നീർവാർന്നു മരിച്ചുപോയ അഞ്ചു നദികളെയെങ്കിലും വീണ്ടും ഒഴുക്കിലേക്കു തിരിച്ചുകൊണ്ടുവന്നത്. ചുരത്താത്ത കുഴൽക്കിണറുകൾക്കു ചുറ്റും പടർന്ന് കാടുപിടിച്ച ഗ്രാമങ്ങൾക്കു നനവും പച്ചപ്പും തിരികെയെത്തിച്ചുകൊടുത്തത്. വരൾച്ചയ്‌ക്കെതിരെ ഒരു നിശ്ശബ്ദ വിപ്ലവത്തിന്റെ കനലുകൾ ഊതിക്കത്തിച്ചത്. കുടിവെള്ളമൂറ്റുന്ന അനധികൃത ഖനനത്തിനും ആരവല്ലി മലതുരക്കലിനും എതിരെ ജനമുന്നേറ്റത്തിന് ആവേശം പകർന്നത്. രാജസ്ഥാൻ ഗ്രാമങ്ങളുടെ ദുരിതത്തിൽ വെള്ളം ചേർത്തു നേർപ്പിച്ചെടുത്തത്.
മറ്റാരുമല്ല അത്. മരുമേഖലയിൽ കഴിഞ്ഞ മൂന്നുപതിറ്റാണ്ടു പിന്നിട്ട ജലവിപ്ലവത്തിന്റെ ചുഴിക്കണ്ണായ രാജേന്ദ്ര സിങ്. അഴുക്കുടുത്തു പട്ടിണി തിന്നു കഴിയുന്ന ശരാശരി ഗ്രാമീണന് ജോഹദ് വാലാ ബാബ. സഹപ്രവർത്തകർക്കു ഭായ് സാബ്. സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയിൽ രാജേന്ദ്ര ഭായ്. കഴിവുകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നവരെ വിളിക്കുന്ന ഓമനപ്പേരിൽ, ഇന്ത്യയുടെ ‘വെള്ള'ക്കാരൻ, രാജേന്ദ്ര സിങ്. മാധ്യമങ്ങൾക്ക് വാട്ടർ മാൻ ഓഫ് ഇന്ത്യ. ആരെന്തു പേരിട്ടുവിളിച്ചാലും ലോകത്തെവിടെയും അതിന് ഒരു അർത്ഥമേയുള്ളൂ - വെള്ളം.
ഈയൊരു മനുഷ്യൻ ഏതു സഞ്ചാരിയും കണ്ടിരിക്കേണ്ട, ഭൂമിയുടെ ഒരു പ്രദേശം തന്നെയാണ്. സാധാരണ വിനോദക്കാഴ്ചകൾക്കായല്ല പോകുന്നതെങ്കിൽ, രാജേന്ദ്ര ഭായ്‌ക്കൊപ്പമുള്ള ഒരു അഞ്ചു നിമിഷം മതി, തിരിച്ചുമടങ്ങുന്നതു വെള്ളത്തെക്കുറിച്ചുള്ള പുതിയ തിരിച്ചറിവുമായി.
കാരണം ഇനിയുമുണ്ട്. ഏതെങ്കിലും പ്രദേശത്തേക്കു ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുകയായിരുന്നില്ല, ഈ നാലു പതിറ്റാണ്ടോളമായി രാജേന്ദ്ര സിങ്. വരൾച്ച വിണ്ടുകീറിയ ഇന്ത്യൻ ഗ്രാമങ്ങളിൽ കുപ്പിവെള്ളം കൊണ്ട് ഓട്ടയടക്കുകയായിരുന്നില്ല. കണ്മുന്നിൽ നിന്ന് മൺമറഞ്ഞുപോയ ജീവിതത്തിന്റെ നനവിനെ ‘ഗ്രേറ്റ് ഇന്ത്യൻ റിട്രീവൽ ട്രിക്കി' ലൂടെ പൊയ്ക്കാഴ്ചയിൽ എത്തിക്കുകയായിരുന്നില്ല. മറിച്ച് ഒരു സംസ്‌കാരം വീണ്ടെടുക്കുകയായിരുന്നു രാജേന്ദ്ര സിങ്. ആ ഗ്രാമസംസ്‌കൃതി എന്തെന്ന് അറിയാൻ കൂടിയാണ് ഈ യാത്ര.
പരമ്പാരാഗതമായുണ്ടായിരുന്ന ജലസംരക്ഷണ രീതികൾ കുറ്റമറ്റതാണെന്ന തിരിച്ചറിവാണ് സിങ് ആദ്യമുണ്ടാക്കിയത്. ഗ്രാമങ്ങളുടെ തനതു പൈതൃക അറിവുകൾ പാഴ്വാക്കല്ലെന്നു തെളിയിക്കുകയായിരുന്നു അടുത്തത്
എന്തെല്ലാം മാറ്റങ്ങളാണ് വെള്ളത്തോടൊപ്പം തിരിച്ചുപിടിച്ചു ചേർത്തുപിടിച്ചത് എന്നറിയാൻ പടിഞ്ഞാറൻ സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ചു രാജസ്ഥാന്റെ, ഭൂപ്രകൃതി അറിയേണ്ടതുണ്ട്. അവിടത്തെ ശീലങ്ങളും നാട്ടുനടപ്പുകളും അറിയണം. വളരെക്കുറച്ചു മാത്രമുള്ള ഒന്നിനെ എങ്ങനെയാണ് പല ജീവിതങ്ങൾ കൊണ്ടു ചേർത്തുപിടിക്കുന്നത് എന്നറിയണം. എന്തായിരുന്നോ അതിലേക്കുള്ള യാത്രയായിരുന്നു സിങ്ങിന്റേതും. മുടിഞ്ഞ കാറ്റിലൂടെ മരുഭൂമിയെന്ന പകർച്ചവ്യാധി അതിനടുത്ത, പിന്നെ അതിനും തൊട്ടപ്പുറത്ത് അടുത്ത സ്ഥലങ്ങളിലേക്കു പടരുന്ന രാജസ്ഥാനിൽ, പരമ്പാരാഗതമായുണ്ടായിരുന്ന ജലസംരക്ഷണ രീതികൾ കുറ്റമറ്റതാണെന്ന തിരിച്ചറിവാണ് സിങ് ആദ്യമുണ്ടാക്കിയത്. ഗ്രാമങ്ങളുടെ തനതു പൈതൃക അറിവുകൾ പാഴ്വാക്കല്ലെന്നു തെളിയിക്കുകയായിരുന്നു അടുത്തത്. ഒരു പക്ഷെ, മരുഭൂമിയെന്ന പേരിൽ, മറ്റൊരു നിവൃത്തിയുമില്ലാതെ ഉപേക്ഷിക്കേണ്ടിവരുമായിരുന്ന നൂറുകണക്കിനു ഗ്രാമങ്ങളെ ജനവാസ ഭൂപടത്തിലേക്കു തിരിച്ചുകൊണ്ടുവന്ന് അടയാളപ്പെടുത്തുകയായിരുന്നു അതിലൂടെ. മഴ പലപ്പോഴും ചതിക്കുന്ന, കിട്ടിയ മഴ തന്നെ മണ്ണിലേക്കൂർന്നു പോവാതെ കുത്തിയൊലിച്ച് ഒഴുക്കിക്കൊണ്ടുപോയേക്കാമായിരുന്ന ഗ്രാമങ്ങളെ. ഭൂപടത്തിൽ അധികമാരും അറിയാതിരുന്ന ഒരു ഗ്രാമത്തിൽ നട്ട നനവുവിത്തുകളാണ്, ഇന്ന് ആയിരത്തോളം ഗ്രാമങ്ങളിൽ ജലപ്പശിമയുടെ വേരാഴ്ത്തിനിൽക്കുന്നത്.
മനസുകളുടെ വീണ്ടെടുപ്പ്, ലൗ ജോഹദ്
ഇതൊന്നും ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതായിരുന്നില്ല. നമ്മൾ കണ്ട വഴക്കമനുസരിച്ച് കോടികളുടെ പൈപ്പുകളും കനാലുകളും ഇവിടെ കുന്നുകൂടണമായിരുന്നു. അതിൽത്തന്നെ കോടികൾ കാണാതെ പോകണമായിരുന്നു. വഴിനീളെ ശുദ്ധജല ടാപ്പുകളിൽ വെള്ളത്തിനു പകരം കാറ്റു മാത്രം. എന്നെങ്കിലും വരുന്ന വെള്ളത്തിനു വേണ്ടി കുടങ്ങൾ താലപ്പൊലി എടുക്കണമായിരുന്നു. പൊടിപറപ്പിച്ചെത്തുന്ന ടാങ്കർ ലോറികൾക്കു വേണ്ടി മഷിയിട്ടുനോക്കണമായിരുന്നു. അവസാനം എത്തുന്ന ടാങ്കറിലെ ഒരു ലോഡ് വെള്ളത്തിനു വേണ്ടി തമ്മിൽത്തല്ലണമായിരുന്നു.
എന്നാൽ, രാജസ്ഥാനിലെ ആയിരത്തോളം ഗ്രാമങ്ങളിൽ സംഭവിച്ചത് ഇതൊന്നുമായിരുന്നില്ല. ഒന്നും ഒറ്റയ്‌ക്കൊരാൾക്കു ചെയ്തുകാണിക്കാൻ പറ്റാത്തതായിരുന്നു. ഒരൊറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോൾ നടക്കാൻ ഇടയില്ലാത്തതും. ഗ്രാമീണരുടെയും സന്നദ്ധപ്രവർത്തകരുടെയും മനസുകളെ ചേർത്തുപിടിച്ചായിരുന്നു സിങ്ങിന്റെ തുടക്കം.
അടിവയറു കാലിയായ ആയിരത്തോളം ഗ്രാമങ്ങളെയാണ് സിങ് തിരിച്ചുപിടിച്ചത്. അതിന് ഏട്ടിലെ ഒരു പാഠവും വേണ്ടിവന്നില്ല. ടെക്‌നോളജി ട്രാൻസ്ഫർ ആവശ്യം വന്നില്ല. കോടിക്കണക്കിനു രൂപയുടെ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് വേണ്ടിവന്നില്ല.
ലൗ ജോഹദ്. ജോഹദെന്നാൽ ഉത്തേരേന്ത്യൻ ഭാഷാഭൂമികയിൽ വെള്ളത്തെ തടഞ്ഞുനിർത്തുന്നത് എന്നർത്ഥം. അത് നീർച്ചാലുകളാവാം, കെട്ടിയൊരുക്കാത്ത പ്രാകൃതകുളങ്ങളാവാം. മണ്ണുകൊണ്ടുള്ള തടയണകളാവാം. ഗ്രാമീണ പൈതൃക അറിവിന്റെ ഭാഗമായ ഈ ബുദ്ധി തിരിച്ചുപിടിക്കുകയാണു സിങ് ചെയ്തത്.
പിശുക്കിക്കിട്ടുന്ന മഴവെള്ളത്തിന്റെ തോന്നിയ ഒഴുക്കിനെ മണ്ണണകൾ കൊണ്ടു പതുക്കെ തടഞ്ഞുനിർത്തുക. അതിനെ അത്രയും സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുക. മുമ്പുണ്ടായിരുന്ന ഇത്തരം മണ്ണണകളെ ജനം പാടെ മറന്നുപോയിരുന്നു. പകരം, കുഴൽക്കിണറുകൾ പുതിയ ജീവിതഗുണത്തിന്റെ ചിഹ്നങ്ങളായി മാറിക്കഴിഞ്ഞു. കുതിരക്കഴുത്തൻ പിസ്റ്റണിൽ തങ്ങളുടെ കൗതുകവും വിനോദവും കണ്ടുവച്ചു. പുതിയ സ്റ്റാറ്റസിന്റെ ചിഹ്നങ്ങളാവുകയും ചെയ്തു. പതുക്കെ ബോർവെല്ലുകൾ ബോറായിത്തുടങ്ങി. പണ്ടേപ്പോലെ ചുരത്താറായി. നിറഞ്ഞ അകിടെന്നു വിചാരിച്ചിരുന്നതു വറ്റിത്തുടങ്ങി. ആരവല്ലി മലമേഖലയിൽ അനധികൃതമായി ഖനനവും പ്രകൃതിനശീകരണവും കൊഴുത്തുതുടങ്ങിയിരുന്നു. ഇതു ചതിച്ചതു മഴയിലൂടെ കിട്ടിയിരുന്ന പരിമിതമായ വെള്ളം മണ്ണടരിലേക്കു തിരിച്ചെത്തുന്നത് തീരെ ഇല്ലാതാക്കി. കുതിരക്കഴുത്തൻ പിസ്റ്റണുകളിൽ തങ്ങളുടെ ശോഷിച്ച മസിൽ പവർ മുഴുവൻ കാണിച്ചെന്നാലും ഒരു തുള്ളി ചുരത്താതായി. സാങ്കേതികമായി പറഞ്ഞാൽ, ഒരു തുള്ളി പോലും അടിവെള്ളമില്ലാത്ത അവസ്ഥ. ഡാർക്ക് സോൺ. കട്ട ഡാർക്ക് സീൻ.
അടിവയറു കാലിയായ ഇത്തരം ആയിരത്തോളം ഗ്രാമങ്ങളെയാണ് സിങ് തിരിച്ചുപിടിച്ചത്. അതിന് ഏട്ടിലെ ഒരു പാഠവും വേണ്ടിവന്നില്ല. ടെക്‌നോളജി ട്രാൻസ്ഫർ ആവശ്യം വന്നില്ല. കോടിക്കണക്കിനു രൂപയുടെ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് വേണ്ടിവന്നില്ല. നടത്തിപ്പിന് കോർപ്പറേറ്റ് പ്രോജക്റ്റ് വെഹിക്കിൾ ആവശ്യം വന്നില്ല. പദ്ധതിയും പണവും വിശദരൂപരേഖയും ലക്ഷങ്ങളുടെ പരിസ്ഥിതി ആഘാതപഠനവും വേണ്ടിവന്നില്ല. ആകെ വേണ്ടിവന്നത് ജനങ്ങളുടെ പങ്കാളിത്തം. നമ്മുടേത്, അവരുടേത് തുടങ്ങിയ അവകാശവാദങ്ങൾ ഇല്ല. ശിലാഫലകവും പണിതുടങ്ങലും രാഹുനോക്കലും പൂജയും നാട മുറിയും തേങ്ങ ഉടക്കലും ഒന്നും വേണ്ടിവന്നില്ല.
തുടക്കം ഒരു നാട്ടുകുളത്തിൽ നിന്ന്
ഈ നിശ്ശബ്ദ വിപ്ലവത്തിന് തുടക്കമിടാൻ ആകെ ചെയ്തത് അൽവർ ജില്ലയിലെ കിശോരി ഗ്രാമത്തിൽ ഗോപാൽപുരയിൽ അതേ പേരിലുണ്ടായിരുന്ന ഒരു നാട്ടുകുളവും മൺതടയണയും ഉണ്ടായിരുന്നത് ഒന്നു വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ പാകത്തിലാക്കി എന്നതു മാത്രമായിരുന്നു. അവിടത്തെ മീണ ഗ്രാമമുഖ്യൻ മംഗു റാം പട്ടേൽ പറഞ്ഞതുപോലെ, എവിടെ നിന്നെങ്കിലും കൂന്താലി കൊണ്ടന്ന് പണിയാൻ. അത്രയേ ചെയ്യാനുണ്ടായിരുന്നുള്ളൂ. അതു ആയിരക്കണക്കിനു ടാങ്കർ ലോറികളുടെ വയറാണ് ഒഴിച്ചുകളഞ്ഞത്. അതിലൂടെ ടാങ്കർ ലോറി മാഫിയ കൈയിട്ടുവാരുമായിരുന്ന കോടികളെയും.
ഏതാണ്ട് മൂന്നു പതിറ്റാണ്ടു മുമ്പ്, ഈ നന്നാക്കിയ തടയണ തടഞ്ഞുനിർത്തിയ പിൽക്കൊല്ലത്തെ മഴവെള്ളമാണ് നൂറുകണക്കിനു രാജസ്ഥാൻ ഗ്രാമങ്ങളുടെ തലയിലെഴുത്തു മാറ്റിയത്. വെള്ളത്തിൽ മാറ്റിവരച്ച ആ തലവര രാഷ്ട്രീയക്കാരേയും ബ്യൂറോക്രസിയേയും മാറ്റിയെഴുതുകയും ചെയ്തു. മണ്ണണ നിറഞ്ഞുനിന്ന ആദ്യവർഷം തന്നെ, വർഷങ്ങളായി അകിടു വറ്റിക്കിടന്ന അടുത്തുള്ള കിണറുകളും മറ്റും നനഞ്ഞുകണ്ടു. വീണ്ടും മൂന്നുവർഷം. മണ്ണണ തടുത്തുകൂട്ടിയ വെള്ളക്കെട്ടിന്പതിനഞ്ചടി ആഴമായി. മണ്ണിലെ ജലവിതാനമുയർന്നു. അടിവെള്ള ( ഭൂഗർഭ ജലം) ത്തിന്റെ അളവു കൂടി. ഒരിറ്റു വെള്ളമില്ലാത്ത ഡാർക്ക് സോൺ, സർക്കാർ കണക്കിൽ തന്നെ വൈറ്റ് സോൺ.
ഗ്രാമങ്ങളുടെ ആ കറുത്ത വെള്ളപ്പണമാണ് സിങ് അങ്ങനെ വെളുപ്പിച്ചെടുത്തത്. ഗ്രാമീണന്റെ ആത്മാഭിമാനം കൂടിയാണ് ഉയർത്തിയെടുത്തത്. കുടിവെള്ളത്തിനും ഇന്നും ജാതി ചോദിക്കുന്ന രാജസ്ഥാൻ ഗ്രാമങ്ങളിലാണ് ഇതെന്ന് അറിയണം. ജാതിക്കുളങ്ങളും ജാതിക്കിണറുകളും അന്യജാതിക്കാരൻ തൊടുക പോലും ചെയ്യാതെ അടച്ചുപൂട്ടിയും എന്തിനു തോക്കു പിടിച്ചു മീശ പിരിക്കുന്ന കാവൽക്കാരെപ്പോലും വച്ചു കാക്കുന്ന സ്ഥലമാണ് എന്നു കാണണം. ഗ്രാമങ്ങളിൽ ഇങ്ങനെ വെള്ളത്തിന്റെ സമൃദ്ധിയെ തിരിച്ചുപിടിക്കുക എന്നത് നിലനിൽപ്പിന്റെ പിടിവള്ളി തിരിച്ചുപിടിക്കുക എന്ന അർത്ഥത്തിൽ തന്നെ വേണം വായിച്ചെടുക്കാൻ. നിറഞ്ഞ കിണറും കുളവും ജാതീയസ്വത്വത്തിന്റെയും അടയാളമാണ്. വെള്ളത്തിലൂടെ സിങ് തിരുത്തിയതു ഗ്രാമീണസംസ്‌കൃതിയുടെ തോന്ന്യവാസങ്ങളെ കൂടിയാണ്.
ഫോട്ടോഷോപ്പിലും പറ്റില്ല ഇങ്ങനെ
വർഷങ്ങളായി നീർച്ചാലുകളുടെ ശവപ്പറമ്പായിരുന്ന സ്ഥലത്ത് സുസ്ഥിരമായ നനവ് യാഥാർഥ്യമാക്കാൻ ഫോട്ടോഷോപ്പിലും കഴിയില്ല. അതൊരു കട്ട് ആൻഡ് പേസ്റ്റ് ആയിരുന്നില്ല. മരിച്ചുപോയ ഒരു നദി വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നത്. കരകളിലേക്കു നനവു വേരു പടർത്തുന്നത്. തരിശുപാടങ്ങളിൽ പച്ചപ്പു വിരിച്ച് ഉണക്കാനിടുന്നത്. കൊടുങ്കാറ്റ് വേവുന്ന അടുപ്പിനു ചുറ്റുമുള്ള പട്ടിണിപ്പായകളിൽ പശിയുടെ കരച്ചിലിനെ ഉറക്കിക്കിടത്തുന്നത്. ഇല്ലാതിരുന്ന ഒരു നീർച്ചാല് അതിന്റെ ഒഴുക്ക് പിച്ചവച്ചു പഠിച്ചുതുടങ്ങുന്നത്. ഗ്രാമമൗനങ്ങളിൽ വീണ്ടും ജീവിതം തുന്നിച്ചേർത്തുപിടിപ്പിക്കുന്നത്. മാറ്റം അങ്ങനെ പതുക്കെയും എന്നാൽ ജീവസ്സുറ്റതുമായിരുന്നു. മാറ്റം ജൈവികമായ ബദൽ തന്നെയായിരുന്നു. അജൈവ വികസനമായിരുന്നില്ല ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. ഏതൊരു ഗ്രാമത്തിന്റെയും സ്വാഭാവികമായ ജൈവ വികസനം. അതൊന്നും മനസുകളുടേതല്ലാത്ത മറ്റൊരു സാങ്കേതികവിദ്യക്കും ക്ഷിപ്രസാധ്യമായിരുന്നില്ല.
മറന്ന പല പുഴപ്പേരുകളും നാട്ടുകാർ ഓർമിച്ചെടുത്തു. തിരിച്ചുവന്ന പുഴയോടൊപ്പമെത്തിയ ജലസമൃദ്ധിയിലേക്ക് പിറന്നിടം വിട്ടോടിപ്പോയ നാട്ടുകാരും തിരിച്ചെത്തി. വിത്ത് കരിഞ്ഞിടങ്ങളിലേക്ക് പച്ചപ്പിന്റെ പുതുനാമ്പുകളും.
ഗോപാൽപ്പുര പരീക്ഷണം, അക്ഷരാർത്ഥത്തിൽ ഒരു തുടക്കമായിരുന്നു, 1985 ൽ. ഇതിൽനിന്ന് ആവേശമുൾക്കൊണ്ട് അടുത്ത വർഷം ഇരുപതു കിലോമീറ്റർ മാറിയുള്ള ഭനോട്ട - കോൽയാല ഗ്രാമത്തിൽ സിങ്ങിന്റെ നേതൃത്വത്തിൽ നാട്ടുകാർ, കാലങ്ങളായി മരിച്ചുകിടന്ന അർവാരി നദിയുടെ ഉത്ഭവസ്ഥലത്ത് ഒരു തടയണ പണിയുകയായിരുന്നു. വറ്റിയ പുഴയുടെ നീർശേഖരപ്രദേശങ്ങളിൽ മറ്റനേകം കൊച്ച് അണകളും. പിന്നെപ്പിന്നെ ഉരുവം കൊണ്ട കൊച്ചുനീർച്ചാലുകൾക്കു കുറുകെയായി നാന്നൂറോളം കൊച്ചുകൊച്ച് അണകൾ. അത്ഭുതം, നാലഞ്ചു വർഷങ്ങൾക്കു ശേഷം അർവാരി നദി വീണ്ടും ഒഴുകിത്തുടങ്ങി. അറുപതു വർഷമായി ഒരു കണ്ണീരിറ്റുചോല പോലും ഇല്ലാതെ മരിച്ചുകിടക്കുകയായിരുന്ന അതേ അർവാരി.
പിന്നെ ഉത്സാഹത്തിന്റെ കുത്തൊഴുക്കു തന്നെയായിരുന്നു. രുപാറേൽ, സഴ്‌സ, ഭഗാനി, ജഹാജ് വാലി. എല്ലാ കൊച്ചുനീർച്ചാലുകളും ചേർന്ന് ഒരു കുത്തൊഴുക്കായി ഒഴുകി, മറന്ന പല പുഴപ്പേരുകളും നാട്ടുകാർ ഓർമിച്ചെടുത്തു. തിരിച്ചുവന്ന പുഴയോടൊപ്പമെത്തിയ ജലസമൃദ്ധിയിലേക്ക് പിറന്നിടം വിട്ടോടിപ്പോയ നാട്ടുകാരും തിരിച്ചെത്തി. വിത്ത് കരിഞ്ഞിടങ്ങളിലേക്ക് പച്ചപ്പിന്റെ പുതുനാമ്പുകളും. നീന്തുക എന്ന ജന്മകൃത്യം ജീനുകളിൽ നിന്നു പോലും അന്യം നിന്ന മത്സ്യക്കൂട്ടങ്ങളും മീനുകൾ ഓർമയായി മാറിക്കഴിഞ്ഞിരുന്ന മീൻകൊത്തികളുടെ അനന്തരതലമുറകളും തിരിച്ചുവന്നു. പ്രകൃതിയും അതിന്റെ ജീവൽസ്പന്ദനങ്ങളും. തലതാഴ്ത്തിപ്പിടിച്ചിരുന്ന പാഴ് മരങ്ങളുടെ തണൽപറ്റിക്കിടന്ന അടിക്കാടുകളിലേക്കു പേരറിയാത്ത ഒട്ടേറെ അനക്കങ്ങളും തിടുക്കങ്ങളും.
തിരിച്ചുവന്ന ഈ ഗ്രാമനന്മകളെ മറ്റു വരണ്ട ഗ്രാമങ്ങളും പകർത്തിയെഴുതുകയായിരുന്നു. ആയിരത്തോളം ഗ്രാമങ്ങൾക്ക് ഡ്രിപ്പിട്ടുകൊടുത്തു കിടത്തിയ സ്ഥിതിയിൽ നിന്ന് വെള്ളത്തിന്റെ ഉന്മാദത്തിലേക്കു തിരിച്ചുവന്നു. ജയ്പുരിനടുത്ത് ജാംവ രാംഗഢിൽ നാട്ടുകാർ, സിങ് നയിക്കുന്ന യുവഭാരതമെന്ന (തരുൺ ഭാരത് സംഘം) സംഘടനയുടെ സഹായത്തോടെ, അരലക്ഷം രൂപ മാത്രം മുതൽ മുടക്കിൽ രണ്ടു തടയണ തൊണ്ണൂറുകളുടെ ആദ്യം പണിതെടുത്തു. വീണ്ടും നനഞ്ഞുതുടുത്ത മണ്ണിൽ നിന്ന് അവർ കൊയ്‌തെടുത്തതു കോടികൾ. ഒപ്പം അവരുടെ തന്നെ പുതിയ ജീവിതങ്ങളും. പ്രതിവർഷം കോടിക്കണക്കിനു രൂപയുടെ. വടക്കു കിഴക്കൻ രാജസ്ഥാനിലെ പല ജില്ലകളിലും ഇതേ ജീവിതമാണ് ഇന്ന്.
എന്തായിരുന്നു ആ ഒറ്റമൂലി ? ഒറ്റമൂലിയേ അല്ലായിരുന്നു എന്നതുതന്നെ.
ഗ്രാമമാണ് ഇന്ത്യ എന്ന പ്രാർഥനയെ മറന്നുകൊണ്ടായിരുന്നില്ല അത്. ഫോട്ടോ ഷോപ്പിൽ വെട്ടിയൊട്ടിച്ച ഇന്ത്യ തിളങ്ങുന്നു എന്ന വാഴ്ത്തല്ല. മറിച്ച്, മൂന്നു ദശകത്തോളം കാലം മണ്ണിലും ചെളിയിലും ഒരു സിദ്ധാന്തത്തിന്റെയും കൂട്ടുപിടിക്കാതെ നടത്തിയ അധ്വാനത്തെ ഒറ്റമൂലിയെന്ന് ആരു വിളിക്കാനാണ്. ചെപ്പടിവിദ്യകളാണ് രാജ്യത്തെ രക്ഷിക്കുന്നത് എന്ന മൂലമന്ത്രം മാത്രം ഉരുക്കഴിക്കുന്നവർക്ക് അതെങ്ങനെ മനസിലാവാനാണ്. അതാണ് സിങ് നടത്തിക്കാണിച്ചുകൊടുത്തത്. അവനവന്റെ പ്രകൃതിസ്വത്വത്തെക്കുറിച്ചുള്ള ബോധവത്കരണം, ഗ്രാമീണ മനസിനെ തൊട്ടറിയാനുള്ള ചേർന്നുനിൽപ്പ്, അവരിലൊരാളായി മാറാനുള്ള പരകായപ്രവേശങ്ങൾ, ഒത്തൊരുമയുടെ മണ്ണൊരുക്കങ്ങൾ, മൺപാഠങ്ങളുടെ പുനർവിദ്യാഭ്യാസം. പുറത്തു നിന്നെത്തുന്ന ആരെയും സംശയത്തോടെ മാത്രം നോക്കിനിന്ന രാജസ്ഥാൻ ഗ്രാമങ്ങളെയാണു സിങ് തിരുത്തിയെഴുതിയത്.
പോകുന്നിടം വരേയ്ക്ക് ഒരു ടിക്കറ്റ്
രാജേന്ദ്ര സിങ്ങിന്റെ കാര്യത്തിലും അതൊരു പറിച്ചുനടലായിരുന്നു. ഇന്ത്യൻ മണ്ണിനെ കാണാനുള്ള ഒരു സാഹസികയാത്രയായിരുന്നു. മറ്റാരും മൂക്കത്തു വിരൽവച്ചുപോകുന്ന തരത്തിലുള്ള ഒന്ന്. പറിച്ചുനടൽ പോലെ ഒരു യാത്ര. പിന്നെയൊരിക്കലും മടങ്ങിവരാത്തതുപോലുള്ള ഒന്ന്. പട്ടണപ്പരിഷയുടെ വർണപ്പകിട്ടിൽ നിന്നു മൺനിറത്തിലേക്ക്. ഏട്ടിൽ പഠിച്ച പാഠത്തിൽ നിന്ന് നാട്ടറിവിലേക്ക്. കൂട്ടത്തിൽ നിന്നൊറ്റുന്നവരുടെ ഇടയിൽ നിന്ന് ഏറ്റുപിടിക്കുന്നവരിലേക്ക്. നീലക്കോളർ സമൂഹത്തിൽ നിന്നു മണ്ണുപിടിച്ച ഉൾക്കാഴ്ചകളിലേക്ക്. മുപ്പതു വർഷം സിങ്ങിന്റെ സർവകലാശാല മറ്റൊന്നുമായിരുന്നില്ല. ഗ്രാമങ്ങളല്ലാതെ.
മണ്ണണകൾക്ക് ഭൂമിയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ കഴിയുമെന്ന്പഠിപ്പിച്ചത് ഏതെങ്കിലും യുണിവേഴ്‌സിറ്റി പ്രഫസർമാരായിരുന്നില്ല. മറിച്ച്, മണ്ണിന്റെ തിടുക്കങ്ങളറിയുന്ന ഒരു ഗ്രാമീണൻ. മറ്റേതൊരു പട്ടണപ്പരിഷ്‌കാരിയേയും പോലെ വായിൽക്കൊള്ളാത്ത സിദ്ധാന്തങ്ങൾക്കു പകരം ‘കൂന്താലി കൈയിലെടുക്കൂ’ എന്ന അഭിപ്രായം ഏറ്റെടുക്കാൻ കാണിച്ച ചങ്കുറപ്പ്. അതിന്നുമുണ്ട്. കാര്യസ്ഥപ്പണിക്ക് ആരെയും വച്ചിട്ടില്ല. സാങ്കേതികമായ പുറംപൂച്ചുകളില്ല. സുരക്ഷിതമായ കോളുകൾ മാത്രം നോക്കിയെടുക്കാൻ സ്വന്തമായി ഒരു ഫോൺ പോലും ഉണ്ടായിരുന്നില്ല. എന്നാലും ആർക്കും ബന്ധപ്പെടാം. കാര്യം ജനുവിൻ ആണെങ്കിൽ കൈ ഉറപ്പ്. തരുൺ ഭാരത് സംഘത്തിന്റെ പ്രവർത്തകർ കൂട്ടിന്. അതിൽ മൂപ്പിളമയൊന്നുമില്ല. മേലധികാരിയും അടിമകളുമില്ല. ഏതു ഗ്രാമത്തിലും സിങ്ങിന് ഒരു മേൽവിലാസമുണ്ട്. അവരിൽ ഒരാളാണ്. അവരിൽ ഒരാൾ മാത്രമാണ്. മറ്റു പൊങ്ങച്ചത്തൊങ്ങൽ ചേർക്കാൻ താൽപ്പര്യമില്ല. ഒരു പത്തിരുപതു വർഷം മുന്നേ, പ്രശസ്തമായ മഗ്‌സസെ പുരസ്‌കാര ജേതാവാണെങ്കിലും.
ഇന്ന് രാജസ്ഥാനും കടന്നു തരുൺ ഭാരതിന്റെ പരീക്ഷണം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ആവർത്തിച്ചു വിജയിക്കുന്നു. വെള്ളം കൊണ്ടു ചരിത്രം മാറ്റിയെഴുതുന്നു.
ശരിക്കും സിങ്ങിനത് ഒരു പുറപ്പെട്ടുപോക്കു തന്നെയായിരുന്നു.
സമൂഹത്തിലെ ഏറ്റവും സുരക്ഷിതമായ ഇടത്തുനിന്ന്. ഏറ്റവും സുഖഭോഗപരമായ ജീവിതത്തിൽ നിന്ന്. ബാങ്ക് ബാലൻസിന്റെയും വ്യക്തിഗത നേട്ടങ്ങളുടെയും പെരുപ്പത്തിൽ അന്തസ് അളക്കുന്ന സമൂഹബോധത്തിൽ നിന്ന്. സർക്കാർ സർവീസിൽ നാഷനൽ സർവീസ് വോളന്റിയർ തസ്തികയിലായിരുന്നു തുടക്കം. അവിടെത്തന്നെ നിന്നിരുന്നെങ്കിൽ, കൂടുതൽ ധനാഢ്യതയുള്ള ലാവണങ്ങളിൽ ചെന്നു ചേക്കാറാമായിരുന്നു. ജയ്പുർ സർവകാലാശാലാ വിദ്യാർഥികളും മറ്റും ചേർന്നുണ്ടാക്കിയ തരുൺ ഭാരത് സംഘവുമായി ഒരു സർക്കാർ ബന്ധം മാത്രം മതിയായിരുന്നു. എന്നാൽ, അത്ര അകലത്തിൽ നിന്നില്ല. മൂന്നു വർഷത്തിനകം അതിന്റെ ജനറൽ സെക്രട്ടറി. പത്തു നാൽപ്പതു കൊല്ലം മുമ്പത്തെ കാര്യമാണ്. എന്നാലും, അന്നു മുതൽ ഇന്നു വരെ അതിന്റെ അമരത്ത്.
ജനങ്ങളുടെ അടിത്തട്ടിലുള്ള വികസനത്തോട് സർക്കാർ ബാബുമാരുടെ ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് ജോലി വലിച്ചെറിഞ്ഞു. ഒരു യാത്രയ്ക്കു തയ്യാറായിരുന്നു. ഏതോ ഉൾനാടൻ ഗ്രാമത്തിലേക്കുള്ള ബസിൽ അങ്ങനെ അഞ്ചു പേർ. അൽവർ ജില്ലയിലെ താനഗാസി താലൂക്കിലെ കിശോരി ഗ്രാമത്തിൽ ചെന്നേ നിൽക്കൂ ബസ്. പിന്നെ മുന്നോട്ടില്ല. ലാസ്റ്റ് സ്റ്റോപ്പിലേക്ക് അഞ്ചു ടിക്കറ്റ്. പിന്നെ പിന്നോട്ടു നോക്കേണ്ടിവന്നിട്ടില്ല. ഇന്ന് രാജസ്ഥാനും കടന്നു തരുൺ ഭാരതിന്റെ പരീക്ഷണം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ആവർത്തിച്ചു വിജയിക്കുന്നു. വെള്ളം കൊണ്ടു ചരിത്രം മാറ്റിയെഴുതുന്നു.
ആ യാത്ര ജനാധിപത്യത്തിലേക്ക്
ശരിക്കും ആ അഞ്ചു ടിക്കറ്റും ജനാധിപത്യത്തിലേക്കു തന്നെയായിരുന്നു. ജനങ്ങളുടെ ശരിയായ ആധിപത്യത്തിലേക്ക്. ഗ്രാമങ്ങളുടെ പരിമിതമായ ആവശ്യങ്ങൾക്കു വേണ്ടി ആരുടെ മുന്നിലും ഓച്ഛാനിച്ചു നിൽക്കേണ്ട ആവശ്യമില്ലാത്ത ജനകീയ അവസ്ഥയിലേക്ക്. കുറെ ഗ്രാമങ്ങളിൽ വെള്ളമെത്തിച്ചു എന്ന് ലളിതവത്ക്കരിക്കാൻ സാധിക്കില്ല സിങ്ങിന്റെയും കൂട്ടരുടെയും പ്രവർത്തനത്തെ. ജലത്തെ അടിസ്ഥാനമാക്കിയ ജനാധിപത്യബോധം വളർത്തിയെടുക്കാൻ ഒരു പരിധി വരെ സാധിച്ചു എന്നിടത്താണ് അതിന്റെ യഥാർഥ അളവുകോൽ. അങ്ങനെയേ അത് അളക്കാൻ സാധിക്കൂ.
ജാതിക്കോയ്മയും അയിത്തക്കുമ്മിയും നിറഞ്ഞാടിയിരുന്ന രാജസ്ഥാൻ ഗ്രാമങ്ങളിൽ, ഗാന്ധിയൻ ഗ്രാമസ്വരാജ് മാതൃകയിൽ ജല പാർലമെന്റ് എന്ന ആശയത്തിന് വേരോട്ടമുണ്ടാക്കാൻ സാധിച്ചു എന്നിടത്താണ് അതിന്റെ വിജയം കിടക്കുന്നത്. ജനകോടികൾക്ക് ഈ ജനാധിപത്യയാത്രകൾ മാതൃകയായതും അതുകൊണ്ടുതന്നെ. അർവാരി ജല പാർലമെന്റിൽ ചുറ്റുവട്ടത്തുള്ള 72 ഗ്രാമങ്ങളുടെ പ്രതിനിധികളാണ് കൂടിച്ചേർന്നിരിക്കുന്നത്. ജലവിനിയോഗം, ജല പരിപാലനം, ജലസ്രോതസ് മേൽനോട്ടം തുടങ്ങിയ കാര്യങ്ങളിൽ പാർലമെന്റിന് അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഭൂരഹിത കർഷകർക്കു മാത്രമേ ജലസമ്പത്തിന്മേൽ നേരിട്ട് ഉപയോഗാവകാശമുള്ളൂ. വെള്ളം കുടിച്ചുവറ്റിക്കുന്ന കൃഷി പാടില്ല. വെള്ളമെത്ര കുടിച്ചാലും പള്ള നിറയാത്ത കന്നുകാലികളെ വളർത്തുന്നതിൽ നിയന്ത്രണം. ജലവുമായുള്ള ഏതു പ്രവർത്തനവും ജനപങ്കാളിത്തത്തോടെ. ഒരു തുള്ളി വെള്ളം പാഴാക്കരുത്.
ജലപങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ നിയമങ്ങളുടെ അടിയൊഴുക്ക്. എന്റെ കിണർ, എന്റെ പുഴ, എന്റെ വെള്ളം എന്നതിനെ നമ്മുടെ കൂട്ടായ ജലസമ്പത്ത്, പൊതു സമൃദ്ധി എന്നു മൊഴിമാറ്റിയെടുക്കലിലേക്കാണ് നാലു ദശകം കൊണ്ടുതുടങ്ങിയ ഒരു യാത്ര എത്തിനിൽക്കുന്നത്.
തുടർയാത്ര പല ദിക്കിലേക്ക്
തരുൺ ഭാരത് അതിന്റെ ജലാന്വേഷണ യാത്രകൾ അവസാനിപ്പിച്ചിട്ടില്ല. രാജസ്ഥാനിലെ അൽവർ ജില്ലയിലെ കിശോരി ഗ്രാമത്തിൽ ആസ്ഥാനമുള്ള സംഘം രാജ്യത്തിന്റെ പല ഭാഗത്തേക്കുമുള്ള യാത്രയിലാണ്. മനുഷ്യനു വെള്ളത്തിനു വേണ്ടി എന്തെല്ലാം ചെയ്യാൻ സാധിക്കുമോ അതിന്റെയെല്ലാം പൂർത്തീകരണത്തിനായി. ജലത്തെ എല്ലാവരുടെയും ഉത്ക്കണ്ഠാവിഷയമാക്കാനുള്ള ജനാധിപത്യപ്രക്രിയകളിലേക്ക്. ജലലഭ്യത ഉറപ്പുവരുത്താനും രാജ്യത്ത് എവിടെയുമുള്ള വെള്ളക്കെട്ടുകളെ സംരക്ഷിച്ചുനിർത്താനുമുള്ള ജനകീയ ജല സംരക്ഷണ പദ്ധതി ( ജൻ ജൽ ജോഡോ അഭിയാൻ) യായും ഗംഗാ ജല സംരക്ഷണ പ്രചാരണമായും തരുൺ ജല കലാശാലയായും ( തരുൺ ജൽ വിദ്യാപീഠ്) ദേശീയ ജലാവബോധ യാത്രയായും സരിസ്‌ക ദേശീയോദ്യാനത്തിലെ ഖനനങ്ങൾക്കെതിരായ പ്രതിഷേധമായും പുതിയ ജനാധിപത്യ ഇടങ്ങളിലേക്കു തുടരുന്ന യാത്ര.
അതിന്റെ ചിരകാല അധ്യക്ഷനെന്ന നിലയിൽ അറുപതു കഴിഞ്ഞ രാജേന്ദ്ര സിങ് മുന്നിൽ തന്നെയുണ്ട്.
യു.പിയിലെ മീററ്റിനടുത്തു ബാഗ്പത്ത് ജില്ലയിൽ ദൗല ഗ്രാമത്തിലെ ആൾബലവും തിണ്ണമിടുക്കുമുളള സെമീന്ദാരി കുടുംബത്തിൽ ജനിച്ച സിങ്ങിന് വെള്ളവും മണ്ണും കൃഷിയും ഒന്നും ഏട്ടിൽ നിന്നു പഠിക്കേണ്ടിവന്നിട്ടില്ല. അമ്പതുകളിൽ അറുപതേക്കർ കൃഷിയുടെ ആസ്തിയുണ്ടായിരുന്നു ജമീന്ദാർ കുടുംബത്തിന്. ബറൗത്തിലെ കോളജിൽ നിന്ന് ആയുർവേദത്തിൽ ബിരുദം, പിന്നെ ബിരുദാനന്തര ബിരുദം ഹിന്ദിയിൽ. ആദ്യകാലത്തൊക്കെ അല്ലറ ചില്ലറ വൈദ്യവും ഉണ്ടായിരുന്നു. എന്നാൽ ഗ്രാമങ്ങളുടെ ആരോഗ്യം വെള്ളത്തിലാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്നും പെരുംയാത്ര. ഉത്തരേന്ത്യയിൽ മാത്രമല്ല, വരണ്ട തമിഴകത്തും ജലത്തിനു വേണ്ടി എന്നും വഴക്കടിക്കേണ്ടി വരുന്ന കർണാടകത്തിലും വെള്ളത്തിന്റെ കലവറയെന്ന് അഹങ്കരിക്കുന്ന കേരളത്തിലും അതു എത്തിക്കടന്നുപോയി.
ഏതെങ്കിലും ഒരു പുരസ്‌കാരം ലഭിച്ചുകഴിഞ്ഞാൽ അതിന്റെ പെരുമയിൽ ശിഷ്ടജീവിതം തളച്ചിടുന്ന ഒരു ശീലം എന്തുകൊണ്ടോ സിങ് പഠിച്ചുവച്ചില്ല. ചെയ്തുതീർന്നില്ല എന്ന സ്വയം ഓർമപ്പെടുത്തൽ.
അതിനിടയിൽ വന്നു ചേരുന്ന പുരസ്‌കാരങ്ങളിലും ജനസമ്മതിയിലും അഭിരമിക്കാതെയാണ് ഇത് എന്നു കൂടി അറിയണം. അർവാരി നദിയുടെ പുനർജനിക്കു രാജ്യാന്തര നദി പുരസ്‌കാരം ( ഇന്റർനാഷനൽ റിവർ പ്രൈസ് - 2000), ഈ മേഖലയിലെ ഗ്രാമീണജനതയ്ക്ക് ഡൗൺ റ്റു എർത്ത്- ജോസഫ് സി. ജോൺ പുരസ്‌കാരം, സാമൂഹികനേതൃത്വ മികവിന് മഗ്‌സസെ പുരസ്‌കാരം (2001), ജാംനലാൽ ബജാജ് പുരസ്‌കാരം (2005), ജലത്തിനുള്ള നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന സ്റ്റോക്കോം വാട്ടർ പ്രൈസ് (2015 ).
പിന്നെ രാജ്യത്തെ സാധാരണ ജനങ്ങൾ നൽകുന്ന രക്ഷകനെന്ന പരിവേഷം.
ഏതെങ്കിലും ഒരു പുരസ്‌കാരം ലഭിച്ചുകഴിഞ്ഞാൽ അതിന്റെ പെരുമയിൽ ശിഷ്ടജീവിതം തളച്ചിടുന്ന ഒരു ശീലം എന്തുകൊണ്ടോ സിങ് പഠിച്ചുവച്ചില്ല. ചെയ്തുതീർന്നില്ല എന്ന സ്വയം ഓർമപ്പെടുത്തൽ. ഓരോ തുടർപ്രവർത്തനവും ഓരോ യാത്രയാണെന്ന തിരിച്ചറിവ്. ഇതു നഗരപ്പൊങ്ങച്ചങ്ങൾ കാണാനുള്ളതല്ല. വാഴ്ത്തുസ്തുതികൾ കേട്ട് പുളകം കൊളളാനില്ല. വ്യാജപഴമ്പെരുമയിൽ ഊറ്റം കൊള്ളാനല്ല. മറിച്ച്, ഓരോ ജലത്തുള്ളിയെയും തേടിയുള്ള നിതാന്തമായ യാത്ര. ▮