സാംസ്‌കാരികമായും സാമൂഹ്യമായും മതപരമായും തനതായ സവിശേഷതകൾ കാത്തുസൂക്ഷിക്കുന്ന ഒരു രാജ്യത്തെ അടയാളപ്പെടുത്തുന്ന യാത്ര തുടങ്ങുന്നു
ആഡിസ് അബാബയിൽനിന്ന് ഞങ്ങൾ പുറപ്പെടുമ്പോൾ നഗരം ഇരുട്ടിന്റെ കനത്ത കരിമ്പടത്തിനുള്ളിലായിരുന്നു.പൊതുവേ പ്രകാശമാനമായ നഗരമല്ല എത്യോപ്യയുടെ ഈ തലസ്ഥാനം. കനത്ത വൈദ്യുതക്ഷാമം മൂലം ദിവസത്തിൽ എട്ടു മണിക്കൂറോളം പവർക്കട്ട് എത്യോപ്യയിൽ നിലവിലുണ്ട്. വൈദ്യുതിയുടെ ഈ ലഭ്യതക്കുറവുമൂലമാകാം രാജ്യതലസ്ഥാനമായിട്ടും വഴിയോരങ്ങളിൽ വെളിച്ചത്തിന്റെ സമൃദ്ധിയില്ലാത്തത്. ഡ്രൈവർ അബ്ദുവും ദത്തേട്ടനുമൊഴിച്ച് മറ്റുള്ളവരെല്ലാം ഉറക്കത്തിലാണ്. അജിൻ ഡോക്ടറുടെ പഴയ മോഡൽ ലാന്റ് ക്രൂയ്സറിൽ ഡൈവറടക്കം ആറുപേർക്കിരിക്കാം. ഡ്രൈവർ അബ്ദുവിനോടൊപ്പം മുൻസീറ്റിലാണ് ഡോക്ടർ. പുറകിൽ അഭിമുഖമായി ദത്തേട്ടനും ജോയേട്ടനും അൻവറും ഞാനും.
നല്ല വേഗത്തിലാണ് വണ്ടി പോകുന്നത്. പുറകിലെ ചില്ലുജാലകത്തിലൂടെ നോക്കുമ്പോൾ പിന്നോട്ട് ഓടിമറയുന്ന നിർജ്ജീവമായ വീഥി. എണ്ണത്തിൽ കുറവായ വഴിവിളക്കുകളൊഴിച്ചാൽ തെരുവിൽ പ്രകാശം പരത്തുന്നത് വഴിയോര സ്ഥാപനങ്ങളുടെ നെയിംബോർഡുകളാണ്. ആ നേരത്തും നേർത്ത പ്രകാശം പരത്തുന്നവയിൽ മിക്കതും ഉഴിച്ചിൽ കേന്ദ്രങ്ങളുടെ നാമപലകകളാണ്. തലേന്ന് ആഡിസിന്റെ ഈ തെരുവുകളിലൂടെ ഡോക്ടറുടെ ഫ്ളാറ്റിലേക്ക് പോകുമ്പോൾ ദൃശ്യമായിരുന്ന നിശാസുന്ദരികളുടെ നിര ഇപ്പോഴില്ല. തെരുവുകൾ വൃത്തിയാക്കുകയോ ആക്രി സാധനങ്ങൾ ശേഖരിക്കുകയോ ചെയ്യുന്ന ചിലരെ കാണാം. ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗത്തിലും അലസമായും നടന്നുനീങ്ങുന്നു മറ്റു ചിലർ. വരാനിരിക്കുന്ന വാഹനങ്ങൾക്കായാകണം ആ നേരത്തും വഴിയോരങ്ങളിൽ കാത്തുനിൽക്കുന്നുണ്ട് ഇനിയും ചിലർ.
ക്രമേണ പാതയുടെ വശങ്ങളിലെ കോൺക്രീറ്റ് സൗധങ്ങൾ ചെറുകുടിലുകൾക്കും പിന്നീട് വൃക്ഷച്ഛായകൾക്കും വഴിമാറി. വണ്ടിയുടെ പ്രയാണം വിജനവഴികളിലേക്ക് മാറി. നഗരാതിർത്തി പിന്നിട്ടിരിക്കണം. അപ്പോഴും പുലരിയുടെ ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങിയിട്ടില്ല. വശങ്ങളിലെ തെന്നിനീക്കാവുന്ന ചില്ലുജാലകത്തിന്റെ ഏതോ പാളികൾക്കിടയിലൂടെ കയറുന്ന തണുത്ത കാറ്റ് പുലർച്ചയിലെ ആ പാതിയുറക്കത്തിന്റെ സുഖം കെടുത്തുന്നുണ്ട്. കാറ്റ് എവിടെനിന്നാണ് വരുന്നത്? അറിയില്ല.
പിന്നീടെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.
വണ്ടി ചെറുതല്ലാത്ത ഒരു കുഴിയിൽ കയറിയിറങ്ങിയപ്പോഴാണ് ഉറക്കം തെളിഞ്ഞത്. നല്ല വേഗത്തിലാണ് അബ്ദു വണ്ടിയോടിക്കുന്നത്.""ഈ പോക്ക് പോയാൽ തണ്ടലിന്റെ ആക്സലൊടിയും''; ജോയേട്ടൻ പറയുന്നുണ്ട്. നഗരാതിർത്തി പിന്നിട്ടതോടെ വഴിയുടെ അവസ്ഥ മോശമായിട്ടുണ്ട്. ഇടക്കിടെ ചെറുതും വലുതുമായ കുഴികൾ. അതില്ലാത്തിടത്തും സമനിരപ്പിലല്ല റോഡ്. പതുക്കെ പ്രകാശം പരന്നുതുടങ്ങി.
ആഫ്രിക്കൻ ഭൂപ്രകൃതിയുടെ വിശാലത കണ്ടുതുടങ്ങി.
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന സമതലപ്രദേശം, അവക്കിടയിൽ ഒറ്റപ്പെട്ട് പടർന്നു പന്തലിച്ച വൃക്ഷങ്ങൾ. കേരളത്തിലേതുപോലെ ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥയാണ് എത്യോപ്യയുടെ വലിയൊരു പ്രദേശത്തും. ജൂണിൽ മഴ വരാൻ കാത്തുകിടക്കുകയാണ് കൃഷിയിടങ്ങൾ. പെയ്തുപോയ വേനൽമഴയുടെ ചെറുനനവിൽ പുലരിയുടെ ആ ആദ്യവേളയിലും നിലമുഴുന്നുണ്ട് കർഷകർ. 30-35 വർഷം മുമ്പത്തെ കേരളീയ ദൃശ്യം പോലെ കാലികളെ ഉപയോഗിച്ചാണ് നിലമുഴൽ. ഇവിടെ അത് പോത്തുങ്ങളായിരുന്നെങ്കിൽ അവിടെ കാളകളാണെന്ന വ്യത്യാസം മാത്രം.
തലേന്നാൾ ഉച്ചക്ക് 1.30-ന്റെ എമിറേറ്റ്സ് വിമാനത്തിലാണ് എത്യോപ്യയിലെത്തിയത്. കൂടെ സുഹൃത്തുക്കളായ അൻവറും ജോയേട്ടനും ദത്തേട്ടനും. യാത്രയുടെ ആലോചനകളിൽ സജീവമായുണ്ടായിരുന്ന മജീദ് പെരുമ്പിലാവിന് ഒടുവിൽ പങ്കുചേരാനായില്ല. ദുബായിൽനിന്ന് 5 മണിക്കൂർ യാത്ര. 10.30ന് കയറിയാൽ 2.30 നാണ് ആഡിസ് അബാബയിലെത്തേണ്ടത്. എത്യോപ്യൻ സമയം ദുബായ് സമയത്തേക്കാൾ ഒരു മണിക്കൂർ പുറകിലാണ്. അങ്ങനെ പ്രാദേശിക സമയം 1.30ന് ഫ്ളൈറ്റ് നിലംതൊട്ടു. വിസ പതിപ്പിക്കലും എമിഗ്രേഷന് നടപടികളും കറൻസി എകസ്ചേഞ്ചും കഴിഞ്ഞ് ലഗേജെടുത്ത് പുറത്തിറങ്ങാൻ ഒരു മണിക്കൂറിൽ കൂടുതലെടുത്തു. 50 യു.എസ് ഡോളറാണ് വിസ ചാർജ്. എത്യോപ്യൻ കറൻസി ബിർ ആണ്. ഒരു ബിർ ലഭിക്കാൻ 2.25 ഇന്ത്യൻ രൂപ കൊടുക്കണം. താമസത്തിന് ബുക്ക് ചെയ്തിരുന്ന ഫാസിൽ ഇന്റർനാഷണൽ ഹോട്ടലിന്റെ വണ്ടി പാർക്കിങ്ങ് ഏരിയയിൽ ഞങ്ങളെക്കാത്ത് കിടക്കുന്നുണ്ടായിരുന്നു. നഗരകേന്ദ്രമായ ബോലെയിൽ നിന്ന് 10 കിലോമീറ്ററോളം മാറിയാണ് ഹോട്ടൽ. അവിടെയെത്തി രേഖകൾ കൈമാറി മുറിയിൽ ഭാണ്ഡങ്ങളിറക്കി ഭോജനശാലയിലേക്ക് നടന്നു. പാരമ്പര്യ എത്യോപ്യന് ഭക്ഷണം നിർദ്ദേശിക്കാൻ അവിടത്തെ പരിചാരകയായ പെൺകുട്ടിയോട് തന്നെ പറഞ്ഞു ഞങ്ങൾ.
കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ രുചികരമായ എത്യോപ്യൻ ഭക്ഷണമെത്തി. ഇഞ്ചിറയും കാളയിറച്ചിയും കോഴിക്കറിയും ചില പച്ചക്കറികളും പഴച്ചാറും. എത്യോപ്യയിലേക്കുള്ള യാത്രയെപ്പറ്റി പറഞ്ഞപ്പോൾ പല സുഹൃത്തുക്കളും പറഞ്ഞത് ഡോ.അജിനെക്കുറിച്ചായിരുന്നു. പെരുമ്പിലാവിൽ ഡെന്റൽ ക്ലിനിക്ക് നടത്തിയിരുന്ന അജിൻ 7 വർഷത്തോളമായി എത്യോപ്യയിലാണ്. വൈദ്യ അധ്യാപനവും ഒപ്പം നിരവധി കച്ചവട സംരംഭങ്ങളുമായി അജിനവിടെ കഴിയുന്നു. അദ്ദേഹം എത്യോപ്യയിലെത്തിയത് ഞാനറിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് കണ്ടതാണ് അദ്ദേഹത്തെ.
എത്യോപ്യയിലേക്ക് പോകുന്ന വിവരം പറഞ്ഞപ്പോൾ അഡ്വ. ഋത്വിക്കാണ് (സി.വി.ശ്രീരാമന്റെ മകൻ) മജീദിനോട് അജിനെക്കുറിച്ച് ആദ്യം പറയുന്നത്. അജിൻ എത്യോപിയിലുണ്ടെന്ന് അറിയിച്ച് യു.കെയിൽ നിന്ന് മോട്ടിയേട്ടന്റെ മകൾ ലക്ഷ്മിയുടെ മെസേജ് വന്നു. സുഹൃത്തായ രവിയേട്ടൻ ഡോക്ടറെ വിളിച്ച് ഞങ്ങളുടെ വരവറിയിച്ചിരുന്നു. ധൈര്യമായി പോരാൻ പറഞ്ഞ് യാത്രക്ക് ദിവസങ്ങൾ മുമ്പേ ഡോക്ടറുടെ സന്ദേശമെത്തി. സമൃദ്ധവും രുചികരവുമായ എത്യോപ്യയിലെ ആദ്യ ഭക്ഷണം കഴിഞ്ഞ് തിരികെ മുറിയിലെത്തിയ ഞങ്ങൾ എത്തിയ വിവരത്തിന് അജിന് മെസേജിട്ടു. ഹോട്ടലിന്റെ പേര് പറഞ്ഞതോടെ തനിച്ച് പുറത്തിറങ്ങേണ്ട എന്നായി അജിൻ. സമീപപ്രദേശങ്ങളിൽ മോഷണവും പിടിച്ചുപറിയുമുണ്ട്. താനുടനെ എത്താം, അവിടെ നിന്നും മാറാം.
താമസിക്കാതെ ഡോ. അജിനും അദ്ദേഹത്തിന്റെ ഡ്രൈവറും സുഹൃത്തും സഹായിയും അംഗരക്ഷകനുമെല്ലാമായ അബ്ദുവും ഹോട്ടലിലെത്തി. ബുക്കിങ്ങ് ഡോട് കോം വഴി രണ്ട് മുറി നാല് ദിവസത്തേക്കായിരുന്നു എടുത്തിരുന്നത്. മുറിയൊഴിയണമെങ്കിൽ മുഴുവൻ പണവും നല്കണമെന്നായി ഹോട്ടലുകാർ. ഒടുവിൽ 100 ഡോളറിൽ രാജിയാക്കി. അങ്ങിനെയാണ് ആ രാത്രി നഗരത്തിലെ സമ്പന്നരായവർ താമസിക്കുന്ന പ്രദേശത്തെ ഡോക്ടറുടെ ത്രീ ബെഡ്റും ഫ്ളാറ്റിലേക്ക് ഞങ്ങളെത്തുന്നത്. അന്ന് രാത്രി തന്നെ യാത്രാപരിപാടികൾ തയ്യാറാക്കി. പിറ്റേന്ന് പുലർച്ചെ 4 മണിക്ക് മുമ്പായി അബ്ദുവിനൊപ്പം യാത്ര തുടങ്ങും. എത്യോപ്യയിലെ വിവിധ കാഴ്ച്ചകളിലൂടെ കടന്നുപോകുന്ന മൂന്നര ദിവസത്തെ ഒരു റോഡ് ട്രിപ്പ്. ഒടുവിൽ നീണ്ട ആലോചനകൾക്കൊടുവിൽ ഡോക്ടറും ഞങ്ങൾക്കൊപ്പം വരാമെന്ന് തീരുമാനമായി. അങ്ങനെ തുടങ്ങിയതാണ് എത്യോപ്യൻ മണ്ണിലൂടെയുള്ള ഈ പുലർക്കാല യാത്ര...
അഡാഡി മറിയത്തിലെ ശിലാത്ഭുതം
ക്രിസ്തുമതം പ്രാരംഭകാലത്ത് തന്നെ സ്വാധീനമുറപ്പിച്ച ഇടങ്ങളിലൊന്നാണ് എത്യോപ്യ. ലോകചരിത്രത്തിലെ രണ്ടാമത്തെ ക്രൈസ്തവരാജ്യം (ആദ്യ രാജ്യം അർമേനിയ). ഡോ. അജിനോടൊപ്പം എത്യോപ്യയുടെ ഉൾനാടുകളിലേക്കുള്ള യാത്രയിൽ ഞങ്ങൾ ആദ്യമെത്തിയത് എത്യോപ്യൻ ഓർത്തഡോക്‌സ്
ക്രിസ്തുമതത്തിന്റെ പൗരാണിക കേന്ദ്രങ്ങളിലൊന്നായ അഡാഡി മറിയം പള്ളിയിലാണ്. യുനസ്‌കോ സംരക്ഷിത സ്മാരകപട്ടികയിൽ ഉൾപ്പെട്ടതാണിതിന്ന്. ആഡിസ് അബാബയിൽ നിന്ന് തെക്ക് പടിഞ്ഞാറായി 66 കിലോമീറ്ററോളം അകലെയായാണ് 12 നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കൽഗുഹാദേവാലയം.
ചുമർചിത്രങ്ങളിലും പുരാതന ചിത്രബൈബിളിലും യേശുവിനും മറിയത്തിനും മറ്റു വിശുദ്ധന്മാർക്കൊക്കെ എത്യോപ്യൻ മുഖച്ഛായയാണ്
അലേംജെന- ബുട്ടാച്ചിറ ഹൈവേയിൽ നിന്ന് അഡാഡി മറിയത്തിലേക്കുള്ള ഗ്രാമപാതയിലേക്ക് വണ്ടി തിരിയുമ്പോൾ പുലരിവെയിൽ പിടിച്ച് തുടങ്ങിയിരുന്നില്ല. മുമ്പ് ഒന്നോ രണ്ടോ തവണയേ അബ്ദുവും ഡോക്ടറും അവിടെ പോയിട്ടുള്ളു. വഴി സുപരിചിതമല്ല ഇരുവർക്കും. ആഫ്രിക്കൻ സമതലത്തിലൂടെ നീളുന്ന നിരപ്പല്ലാത്ത കല്ലുനിറഞ്ഞ മൺപാത. വിജന്നമായ പരിസരങ്ങൾ, ഇടക്ക് തരിശ് ഭൂമിയിൽ നിലമുഴുന്ന ഗ്രാമീണർ. കാളകളെ മേയ്ക്കുന്ന ഇടയർ. ഇടക്കൊക്കെ ഒറ്റപ്പെട്ട് ഗ്രാമീണ ഭവനങ്ങൾ കാണാം. ഗൂഗിൾമാപ്പിൽ ഈ വഴി ഇനിയും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. വഴിയോരങ്ങളിൽ വല്ലപ്പോഴും മാത്രം കാണുന്ന ഗ്രാമീണരോട് വഴി ചോദിച്ച് യാത്ര തുടർന്നു.
വഴിയിലൊരിടത്ത് വലിയൊരു ഒട്ടകക്കൂട്ടം.
ഫോട്ടോക്കായി വണ്ടി നിറുത്തണമെന്നായി എല്ലാവരും.
ചിത്രങ്ങളെടുത്ത് തുടങ്ങിയതോടെ വലിയ വടിയും ചുഴറ്റി മുന്നോട്ട് നീങ്ങി കൂട്ടത്തിലൊരിടയൻ. അനുവാദം ചോദിക്കാതെ ചിത്രമെടുത്തത് മൂപ്പരെ വല്ലാതെ ക്രുദ്ധനാക്കിയിരിക്കുന്നു. ആളുടെ വരവു കണ്ടതോടെ ഇടയിൽ കയറി നിൽപ്പുറപ്പിച്ചു അബ്ദു. നയവും ശാസനയും ഒക്കെ കലർത്തി പണിപ്പെട്ട് ഒരുവിധം ആളെ സമാധാനിപ്പിച്ചു. ഡോക്ടറും എത്യോപ്യൻ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞതോടെ ആളൊന്നടങ്ങി. 82 ഓളം ഭാഷകളുണ്ട് എത്യോപ്യയിൽ. ഗ്രാമ്യഭാഷകളും പ്രദേശികവാമൊഴികളുമായി 200ഓളം വേറെയും. ദേശീയ ഭാഷയും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ഭാഷയും അമാരിക് (Amharic) ആണ്. ഏഴ് വർഷത്തെ എത്യോപ്യൻ വാസം മോശമില്ലാത്ത രീതിയിൽ ഭാഷ ഉപയോഗിക്കാൻ പ്രാപ്തനാക്കിയിട്ടുണ്ട് ഡോക്ടറെ.
വീണ്ടും യാത്ര തുടരുമ്പോൾ സ്‌ക്കൂളിലേക്ക് പോകുന്ന കുട്ടികളെ കണ്ടുതുടങ്ങി. കളിക്കളത്തിൽ നിന്നെന്നോണം പോകുന്ന കുട്ടികൾ. മുഷിഞ്ഞ വസ്ത്രങ്ങൾ. ഒതുക്കമില്ലാത്ത പൊടിപുരണ്ട മുടി. കൈയ്യിലും ചെറിയ കവറുകളിലുമായി കുറച്ച് പുസ്തകങ്ങൾ. പക്ഷെ സന്തോഷം നിറഞ്ഞ മുഖങ്ങൾ. താമസിക്കാതെ ചെറിയൊരു ഗ്രാമീണ പള്ളിക്കൂടം കണ്ടു. വീണ്ടും വിജനമായ വഴിയോരങ്ങൾ. കാലി മേയ്ക്കുന്ന ചില കുട്ടികൾ വണ്ടിക്ക് പുറകെ ഓടുന്നുണ്ട് ഇടക്കൊക്കെ. ഒടുവിൽ ജനവാസത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ചെറിയൊരു ഗ്രാമം. സ്‌ക്കൂൾ ചില കടകൾ.
അബ്ദു വണ്ടി അഡാഡി മറിയം പള്ളിയുടെ മതില്ക്കെട്ടിൻ പുറത്തായി പാർക്ക് ചെയ്തു. കൗതുകം പൂണ്ട മിഴികളോടെ ചിലർ ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് നിന്നു. ടിക്കറ്റെടുക്കണം. ആരോ പോയി ടിക്കറ്റ് കൗണ്ടറിന്റെ ചുമതലയുള്ള ആളെ വിളിച്ചുകൊണ്ടു വന്നു. പ്രായമായ ഒന്ന് രണ്ട് സ്ത്രീകൾ പണത്തിനായി അടുത്തുവന്നു. മതിൽക്കെട്ടിനപ്പുറം പുല്ലും മരങ്ങളും നിറഞ്ഞ തൊടി അതിൽ താഴേക്ക് കുഴിച്ചുണ്ടാക്കിയിരിക്കുകയാണ് കല്ലുകൊണ്ടുള്ള പള്ളി. പള്ളിയുടെ മുകൾ ഭാഗം ഭൂമിയുടെ അതേ നിരപ്പിലാണ് ചുറ്റോട് ചുറ്റ് കിടങ്ങ് പോലുള്ള വീതിയുള്ള ഒരു ചാല്. അതിലേക്കിറങ്ങി പാറയിൽ തുരന്നുണ്ടാക്കിയ പള്ളിയിലേക്ക് പ്രവേശിക്കാം. കല്ലിൽ വെട്ടിയുണ്ടാക്കിയ മുറികൾ. അൾത്താരയും വൈദികരുടെ അറയും മറ്റു തയ്യാറെടുപ്പുകൾക്കുള്ള ഇടങ്ങളും സൂക്ഷുപ്പുമുറികളുമൊക്കെ ചേർന്ന് ഒരു സ്ഥലം. പുരാതനമായൊരു നിർമ്മിതി.
കാലപ്പഴക്കം കൊണ്ടും മനുഷ്യ ഇടപെടലുകൾ കൊണ്ടും നാശോന്മുഖമായ ഈ പൈതൃകസ്ഥലം സ്വിസ് സർക്കാരിന്റെ സഹായത്തോടെയാണ് അടുത്തിടെ പുനരുദ്ധരിക്കപ്പെട്ടത്. ലാലിബെല രാജാവ് (ജെബ്രെ മെസ്‌കൽ ലാലിബെല; 1162 - 1221) നിർമ്മിച്ച 76 കൽദേവാലയങ്ങളിൽ പ്രശസ്തമായ ലാലിബെല്ല ദേവാലയ സമുച്ചയം കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള പുരാതന ശിലാ നിർമ്മിതികളിലൊന്നാണ് അഡാഡി മറിയം. സാഗ്വെ രാജവംശത്തിലെ കരുത്തനായ രാജാവായിരുന്ന ലാലിബെലക്ക് എത്യോപ്യൻ ഓർത്തഡോക്‌സ് വിശ്വാസികൾ വിശുദ്ധന്റെ സ്ഥാനമാണ് കൽപ്പിച്ചു നല്കിയിരിക്കുന്നത്. 1187-ൽ ജറുസലേം മുസ്‌ലിംകൾ പിടിച്ചടക്കിയപ്പോൾ അതുപോലൊരു വിശുദ്ധനഗരം എത്യോപ്യയിൽ പുനഃസൃഷ്ടിക്കാൻ ശ്രമിച്ച രാജാവാണ് ലാലിബെല. ബൈബിളിലെ പലസ്ഥലനാമങ്ങളും അദ്ദേഹം തന്റെ രാജ്യത്തെ പ്രദേശങ്ങൾക്ക് നല്കുകയുണ്ടായി.
ഓർത്തഡോക്‌സ് പാരമ്പര്യമാണ് എത്യോപ്യൻ ക്രിസ്ത്യാനിറ്റി പിന്തുടരുന്നത്. എത്യോപ്യൻ ജനസംഖ്യയുടെ 60 ശതമാനത്തോളം വരുന്ന ക്രിസ്തുമത വിശ്വാസികളിൽ 46 ദശലക്ഷത്തോളം ഓർത്തഡോക്‌സ് വിശ്വാസികളാണ്. 14 ദശലക്ഷത്തോളമാണ് പ്രൊട്ടസ്റ്റന്റ് വിശ്വാസികൾ. പിൽക്കാലത്ത് എത്യോപ്യയിലെത്തിപ്പെട്ട റോമൻ കാത്തലിക്ക് വിശ്വാസികളുടെ ജനസംഖ്യ 5 ലക്ഷത്തോളമാണ്. എ.ഡി ആദ്യ ശതകങ്ങളിൽ തന്നെ എത്യോപ്യയിൽ ക്രിസ്തുമതം കടന്നുവന്നു. അബീസീനിയ എന്നാണ് എത്യോപ്യയുടെ പഴയ പേര്. അന്ത്യോഖ്യയിൽ നിന്നും സിറിയയിൽ നിന്നുമുള്ള മതപ്രചാരകരാണ് ക്രിസ്തുമതം ഇവിടെ പ്രചരിപ്പിച്ചത്. ഭരണാധികാരികളിൽ നിന്ന് പിന്തുണയും പ്രോത്സാഹനവും ലഭിച്ചതോടെ എത്യോപ്യയിലെമ്പാടും അത് വ്യാപിച്ചു.
നിരവധി വിശുദ്ധന്മാരും അവരുടെ അപദാനകഥകളും ദിവ്യാത്ഭുതങ്ങളും
പൗരാണികമായ സന്യാസാശ്രമങ്ങളും വേദപഠനകേന്ദ്രങ്ങളുമൊക്കെയായി പൊതുവായുള്ള ആഫ്രിക്കൻ പാരമ്പര്യത്തിൽ നിന്നും വിഭിന്നമായ മറ്റൊരു മുഖം കൂടിയുണ്ട് എത്യോപ്യക്ക്. ചുമർചിത്രങ്ങളിലും പുരാതന ചിത്രബൈബിളിലും യേശുവിനും മറിയത്തിനും മറ്റു വിശുദ്ധന്മാർക്കൊക്കെ എത്യോപ്യൻ മുഖച്ഛായയാണ്. ഇന്ത്യയുടെ മൂന്നിലൊന്നോളം വലിപ്പമുള്ള ഈ രാജ്യം കാത്തുസൂക്ഷിക്കുന്ന വൈവിധ്യങ്ങളും ഇന്ത്യയെപ്പോലെ തന്നെ വിസ്മയാവഹമാണ്.
കുറച്ചു നേരം നൂറ്റാണ്ടുകളുടെ പഴമയിൽ നിലനിലക്കുന്ന ആ ശിലാഭവനത്തിൽ കഴിച്ചുകൂട്ടി. ചിത്രങ്ങളെടുത്തു. ആ പരിസരങ്ങളിലൊക്കെ കറങ്ങി നടന്നു. ചുരുക്കം ചില സന്ദർശകരെ ആ പുലർക്കാലത്ത് അവിടെ എത്തിയിട്ടുള്ളൂ. വിശ്വാസികളുടെ ഇപ്പോഴുപയോഗിക്കുന്ന ഒരു പള്ളി മതിൽക്കെട്ടിനുപുറത്ത് സമീപത്ത് തന്നെയുണ്ട്. അവിടേക്ക് പരമ്പരാഗത എത്യോപ്യൻ വസ്ത്രം ധരിച്ച സ്ത്രീകൾ പോയി വരുന്നുണ്ട്. 3 മാസങ്ങൾക്ക് മുമ്പ് ആദ്യ ക്രൈസ്തവ രാജ്യമായ അർമേനിയയിലേക്കുള്ള യാത്രയിൽ കണ്ടത് അർമേനിയൻ രൂപഭാവങ്ങളോട് കൂടിയുള്ള ക്രിസ്തുമതമാണ്. ഇവിടെ അതിൽ നിന്നും തീർത്തും വിഭിന്നമായ രൂപഭാവാദികളോടുകൂടിയ ക്രിസ്തുവും പ്രാദേശികവല്ക്കരിക്കപ്പെട്ട മറ്റൊരു സഭയും.
അങ്ങനെ പ്രാദേശികവല്ക്കരിക്കപ്പെട്ട വിശ്വാസവും സഭയുമായിരുന്നല്ലോ കേരളത്തിലും. അത് കണ്ട് ഈർഷ്യയെടുത്ത പോർച്ചുഗീസുകാരും അവർക്കുമുന്നിൽ മുട്ടുമടക്കാതിരുന്ന കേരള ക്രൈസ്തവരും. കൂനൻകുരിശ് പ്രതിജ്ഞയും ഉദയംപേരൂർ സുന്നഹദോസുമൊക്കെ കേരളത്തിന്റെ ഇന്നലകളിലെ ആ ഏടുകളാണല്ലോ. വൈവിധ്യങ്ങളാണ് സംസ്‌ക്കാരങ്ങളുടെ സൗന്ദര്യം. പ്രദേശികമായ ആ വൈവിധ്യങ്ങളെ അപഭ്രംശങ്ങളായി കാണുകയാണ് സംഘടിത മതങ്ങൾ.
ശുദ്ധതാവാദം തലക്ക് പിടിച്ചവർ ലോകത്താകമാനമുള്ള തങ്ങളുടെ മതവിശ്വാസികൾ ഒരേ വസ്ത്രം ധരിക്കണമെന്നും ഒരേ ആചാരങ്ങളും ആരാധനാക്രമങ്ങളും പിന്തുടരണമെന്നും നിഷ്‌കർഷിക്കുന്നു. അതിൽ നിന്ന് വിട്ട് നില്ക്കുന്നവരെ ഒട്ടും സഹിഷ്ണുതയില്ലാതെ നേരിടുന്നു. സെമിറ്റിക് മതങ്ങളിലെ ചില തീവ്രവാദികളുടെ ഈ മാതൃക പിന്തുടരുകയാണല്ലോ ഇന്ന് ഇന്ത്യയിലെ ഹിന്ദുമതമൗലികവാദികൾ.
ആഗോളീകരണം മതങ്ങൾക്കകത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് തനതായ സാംസ്‌കാരിക തനിമകൾ ഇനിയെത്ര കാലം നിലനിറുത്താൻ ഇത്തരം പ്രാദേശിക സംസ്‌കൃതികൾക്ക് കഴിയും. ആഫ്രിക്കൻ മുഖത്തോട് കൂടിയ യേശുവിന്റെയും മറിയത്തിന്റെയും മനോഹരരൂപങ്ങൾ വിട്ടുപോകാൻ കൂട്ടാക്കാതെ അപ്പോഴും മനസ്സിൽ തെളിഞ്ഞു നിന്നു. ▮
(തുടരും)