സിറോ വാലി / Photos : Wikimedia Commons

ഭൂമിയെ ഇത്രമേൽ മധുരമായി മറ്റാർക്ക് പ്രണയിക്കാനാവും?

അരുണാചൽ പ്രദേശിൽ സിറോ വാലി ഗ്രാമത്തിലെ അപതാനി ഗോത്രജനങ്ങളാണ് ഭൂമിയെ അത്രമേൽ അന്ധമായി സ്‌നേഹിക്കുന്നുണ്ടാകുക ഒരു പക്ഷേ. മണ്ണിൽ നിന്ന് എടുക്കുന്ന എന്തിനെയും സ്‌നേഹമായി അവർ തിരിച്ചുനൽകുന്നു.

റ്റാരും പ്രണയിച്ചു കാണില്ല ഈ ഭൂമിയെ ഇത്രയും അന്ധമായി.
എന്തെങ്കിലും തിരിച്ചുകിട്ടുമമെന്നു വിചാരിച്ചായിരുന്നില്ല അത്.
അതിനെന്തെങ്കിലും ഒരു ഉപാധി ഉണ്ടായിരുന്നില്ല, ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിൽ ഇനിയും ഉണ്ടായിരിക്കുകയുള്ളൂ.
ഈ ഭൂമിയിൽ താമസിക്കാൻ ഒരു ജന്മം കൊണ്ട് അവസരം ലഭിച്ചു എന്ന ഒരേയൊരൊന്ന്.

അത് മഴയായാലും മഞ്ഞായാലും വരൾച്ചയായാലും പ്രളയമായാലും അതിന് ഒരു മാറ്റവും വരാനില്ല. കാരണം, ഭൂമിയിൽനിന്ന് അങ്ങനെ കൊക്കിൽ കൊള്ളാത്തതൊന്നും ആഗ്രഹിച്ചിട്ടേയില്ല. അതിന്റെ തണുത്ത മടിത്തട്ടിൽ, നെരിപ്പോടു പുകയുന്ന നെഞ്ചിൽ, അതിന്റെ ആലിംഗനക്കൈകളിൽ ജീവിച്ചുതീർക്കാനൊരു ജന്മം തന്നല്ലോ എന്നൊരേയൊരു കാരണം മതി. ഭൂമിയുമായി കാമുകപ്പെടാൻ മറ്റെന്തു കാരണമാണു വേണ്ടത്.
അങ്ങനെയൊരു സ്ഥലമുണ്ട്, എല്ലാ തിടുക്കങ്ങൾക്കും ശേഷം ചെന്നുകാണാൻ. പറ്റുമെങ്കിൽ കുറച്ചു ദിവസമെങ്കിലും താമസിക്കാൻ. അരുണാചൽ പ്രദേശിൽ സിറോ വാലി ഗ്രാമത്തിലെ അപതാനി ഗോത്രജനങ്ങളാണ് ഭൂമിയെ അത്രമേൽ അന്ധമായി സ്‌നേഹിക്കുന്നുണ്ടാകുക ഒരു പക്ഷേ. മണ്ണിൽ നിന്ന് എടുക്കുന്ന എന്തിനെയും സ്‌നേഹമായി അവർ തിരിച്ചുനൽകുന്നു. ഒരു പക്ഷെ, അതു കായ്കനികളും നെല്ലും കിഴങ്ങും മറ്റുമാണെന്നു നമുക്കു തോന്നുന്നതാകാം. അവരും അതിനെ അങ്ങനെയാണു വിളിക്കുന്നതെങ്കിലും അതിനെ തിരിച്ചറിയുന്നതു ഭൂമിയുടെ സ്‌നേഹമായാണ്. മണ്ണിന്റെ കരുതലായാണ്. ആകാശത്തിന്റെ ആലിംഗനമായാണ്. അവർക്കേ അങ്ങനെ തോന്നുകയുള്ളൂ. അതിനു മണ്ണിന്റെ ഭാഷയറിയണം. അതിന്റെ ആഴങ്ങളുടെ സംത്രാസം അറിയണം. എങ്കിലേ അതിനെ സാന്ത്വനപ്പെടുത്താനാവൂ.

ഭൂമിയിൽ നിന്നെടുക്കുന്ന ഓരോ തുള്ളി വെള്ളവും അവർ ഭുമിക്കു തന്നെ തിരിച്ചുനൽകുകയാണ്. ഭൂമിയെ ഒട്ടും നോവിക്കാത്ത തരത്തിലാണ് അവരുടെ പരിചരണം

മണ്ണ് എന്നാൽ വെട്ടിപ്പിടിക്കാനും അതിരുമാന്താനും മാത്രമുള്ള എന്തോ ഒന്നാണ് എന്നു വിചാരപ്പെടുന്ന നാഗരികന് അതു മനസിലായെന്നു വരില്ല. മണ്ണ് എന്നാൽ ക്രയവിക്രയം ചെയ്തു കീശ വീർപ്പിക്കാനാവുന്ന ഒരു കമോഡിറ്റി മാത്രമാണെന്നു കരുതുന്ന കച്ചവടക്കണ്ണുകൾക്ക് അതു കാണാൻ സാധിച്ചെന്നിരിക്കില്ല. മണ്ണും അപതാനി സ്ത്രീകളും തമ്മിലുള്ള മെയ്യടുപ്പത്തിന്റെ ഭൗതികം അറിയാൻ. അവർ മണ്ണിലും മനസിലും നടുന്ന സ്വപ്നങ്ങളുടെ രസതന്ത്രം അറിയാൻ. ഈ ഇഴയടുപ്പത്തിന് ഒരു പേരിട്ടു വിളിക്കണമെന്നു നിർബന്ധമെങ്കിൽ വിളിക്കാം., സിറോ താഴ്‌വര എന്ന്. അത് ശരിക്കും താഴ്‌വാരം തന്നെയാണ്.

സിറോ വാലിയിലെ കൃഷിയിടം
സിറോ വാലിയിലെ കൃഷിയിടം

അരുണാചൽ പ്രദേശിലെ ലോവർ സുബൻസാരി ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന്
ആറായിരത്തോളം അടി ഉയരത്തിൽ, കിഴക്കൻ ഹിമാലയത്തിന്റെ താഴ്ന്ന മലനിരകളുടെ മടിത്തട്ടിൽ. ഭൂമിയിൽ നിന്നെടുക്കുന്ന ഓരോ തുള്ളി വെള്ളവും അവർ ഭുമിക്കു തന്നെ തിരിച്ചുനൽകുകയാണ്. ഭൂമിയെ ഒട്ടും നോവിക്കാത്ത തരത്തിലാണ് അവരുടെ പരിചരണം. മണ്ണിന്റെ ഒരടരിന്റെയും ആയുർനൂലു പൊട്ടാതെ. കൂറ്റൻ മണ്ണുമാന്തിയും യന്ത്രക്കലപ്പകളുമില്ലാതെയാണ് അത്. ഭൂമിയുടെ നെഞ്ചിലാണ് തന്റെ നെൽഞാറിന്റെ ഏറ്റവും ദുർബലമായ നേർത്ത വിരൽവേരുകൾ നട്ടുവയ്ക്കുന്നത് എന്നറിഞ്ഞുകൊണ്ട്. അതിലേക്കു വന്നു വീഴുന്ന ഈർപ്പവും ജീവവായുവും ശുദ്ധ അന്തരീക്ഷവുമാണ് അതിനെ ഓരില ഈരിലയായി വളർത്തുന്നത് എന്നറിഞ്ഞുകൊണ്ട്. ഒരു മണ്ണിരയുടെ പോലും ഇഴച്ചിലിനും നുഴച്ചിലിനും ഒരു തരത്തിലുമുള്ള ഊനവും തട്ടാതെ, ഭൂമിയിലെ പറക്കുന്ന, നീന്തുന്ന, ഇഴയുന്ന, നടക്കുന്ന ഒന്നിന്റെയും ജൈവതാളത്തെ താറുമാറാക്കാതെ. അതാണ് വയലിൽ പച്ചപ്പായും സ്വർണക്കതിരായും തങ്ങളെയും ചേർത്തുനിർത്തുന്നത് എന്ന് ഓരോ നിമിഷവും തിരിച്ചറിഞ്ഞുകൊണ്ട്.
ഇത്തരമൊരു ഉപാധിയില്ലാത്ത കൊടുക്കൽ- വാങ്ങലുകൾ മറ്റെവിടെ കാണാൻ കഴിയും. പ്രകൃതിയുമായുള്ള പ്രണയത്തിലല്ലാതെ. സാധാരണ ഉടൽരതികളുടെ ഉന്മാദത്തേക്കാളും വലിയൊരു ആനന്ദം അവർ അനുഭവിക്കുന്നുണ്ടാകും. കാരണം, അവരുടെ ജീവിതത്തിൽ ഒന്നും അനാവശ്യമായി അധികം എടുക്കുന്നില്ല. എന്നാൽ, എന്തും വിട്ടുകൊടുക്കാനും തയാറാണ്. ഒന്നിനും കണക്കു പറയുന്നില്ല. ഒന്നിനോടും ഒരു പരിധിയിൽ കവിഞ്ഞ ആർത്തിയില്ല. ഒരു കാര്യത്തിനും തിടുക്കമില്ല. സിറോ വാലിയിലെ അപതാനി ഗോത്രഗ്രാമവയലുകളിലെ പച്ചപ്പിനിടയിൽ ഈ ജീവിതം കാണാം. മറ്റെവിടെ ഇങ്ങനെ എന്തിലും വിട്ടുവീഴ്ച ചെയ്യാനാവും. മറ്റെവിടെ, ഒരു കണക്കുമില്ലാതെ എന്തും വിട്ടുകൊടുക്കാൻ കഴിയും. മറ്റെവിടെയാണ്, പ്രകൃതിയുടെ ഒരു ശ്വാസം പോലും അധികമെടുക്കാതെ...ഭൂമിയെ മറ്റാർക്ക് ഇതിൽപ്പരം അന്ധമായി സ്‌നേഹിക്കാൻ കഴിയും? അധികമാർക്കും കഴിയില്ലതന്നെ. കാരണം, പ്രണയത്തിനും രതിക്കും വരെ കണക്കുപറയുന്ന, വികാരമില്ലാതെ വേൾക്കാൻ കഴിയുന്ന, വിശപ്പില്ലാതെ വിഴുങ്ങാൻ കഴിയുന്ന, പരസ്പരം ഭാഗിക്കാതെ ഭോഗിക്കാൻ സാധിക്കാത്ത ജനക്കൂട്ടമായി ഭൂരിപക്ഷലോകം മാറിയിരിക്കുന്നു.

സിറോ വാലിയിലെ കോ​ട്ടേജുകൾ  / Photo : Ziro Valley Cottage, FB Page
സിറോ വാലിയിലെ കോ​ട്ടേജുകൾ / Photo : Ziro Valley Cottage, FB Page

അവിടെയാണ്, സിറോയിലെ അപതാനി സ്ത്രീകൾ കൃഷിയെ, പ്രകൃതിയെ, ചുറ്റുമുള്ള മണ്ണിനെ, ആകാശത്തെ, ഈർപ്പത്തെ, വെയിലിനെ സ്വന്തം കൈകൾ കൊണ്ടു ഓമനിച്ചൊരുക്കുന്നത്. ഒന്നും മറ്റൊന്നല്ല എന്നൊരു തന്മയീഭാവത്തെ സ്‌ത്രൈണതയാൽ പരിഭാഷപ്പെടുത്തുന്നത്. സ്ത്രീകളാണ് ഇവിടെ മണ്ണിൽ നിന്ന് പ്രകൃതിയെ നെല്ലായും കതിരായും കായ്കനികളായും വിളയിച്ചെടുക്കുന്നത്. ഒരു പക്ഷെ, ലോകത്തിലെ ഏറ്റവും അനന്യമായ കൃഷി ചെയ്യുന്നുണ്ടാകുക ഇവരാണ്. സമാനതകളില്ലാത്തത്. ഒരിഞ്ചുമണ്ണിൽ നിന്ന് ഒരു പറയെന്ന തിടുക്കം ഇവിടെ കാണില്ല. യന്ത്രങ്ങളോ മാരകമായ വിഷവളങ്ങളോ ഉപയോഗിക്കേണ്ടിവരുന്നില്ല. പുതിയ കൃഷി പാഠപുസ്തകങ്ങളിലെ അറിവുകളല്ല, മറിച്ച് സ്വന്തം നാട്ടറിവുകളാണ് അവരുടെ ശക്തി. മൃഗങ്ങളോ യന്ത്രസഹായമോ എടുക്കുന്നില്ല. കൃഷിയമുമായി ബന്ധപ്പെട്ട ഏതു എല്ലാ ജോലിയും സ്വന്തം കൈകൊണ്ട്.

ഈ പച്ച ഇനിയെത്രകാലം അവിടെയുണ്ടാവുമെന്നു പറയാൻ സാധിക്കില്ല. എന്തു കൃഷിചെയ്യണമെന്നും എന്തു തിന്നരുതെന്നും കോർപറേറ്റ് നീതി വിലക്കുന്ന കാലം വന്നുകഴിഞ്ഞിട്ടില്ലെന്ന് എങ്ങനെ പറയാനാവും

ഉയർന്ന പ്രദേശങ്ങളിലും മലമുകളിലും തട്ടുതട്ടായുള്ള കൃഷിരീതികൾ പ്രയോഗിക്കുമ്പോൾ സിറോയെ അതിൽ നിന്നു മാറ്റിനിർത്തുന്നത് ഹിമാലയൻ കുന്നുകൾക്ക് ഇടയിലെ അതിന്റെ തുറസു തന്നെയാണ്. ഒരു ചെറിയ പുഴ മാത്രമാണ് അപതാനി ഗ്രാമത്തിലൂടെ നിറവയറുമായി ഒഴുകുന്നത്. എന്നാലും, മണ്ണിന്റെ ഒരിഞ്ചും അവർ പാഴാക്കുന്നില്ല. ഈ പുഴയിൽ നിന്നെടുക്കുന്ന ഓരോ തുള്ളി വെള്ളവും അവർ സുസ്ഥിര പ്രകൃതിയിലൂടെ തിരിച്ചുനൽകുന്നുമുണ്ട്.
വയലുകൾക്കു നടുവരമ്പിൽ പെറ്റിട്ടതുപോലുള്ള മലയാളി ഈ നെൽകൃഷി കാണാൻ എന്തിനാണ് ഇക്കണ്ട ദുരമെല്ലാം താണ്ടി ഹിമാലയത്തിന്റെ കണങ്കാലിലെ പാദസരം പോലുള്ള അരുണാചൽ വരെ പോകുന്നത്. തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് പിന്നെയും പത്തുനൂറ്റിരുപതോളം കിലോമീറ്റർ താണ്ടി. അസമിലെ ഗുവാഹതിയിൽ നിന്ന് ഇറ്റാനഗറിലേക്കു തന്നെയുണ്ട് മുന്നൂറിലധികം കിലോമീറ്റർ. ഒരു എട്ടു മണിക്കൂർ യാത്ര അതുതന്നെ വരും. അതും രാജ്യത്തിന്റെ അന്യഭാഗങ്ങളിൽ നിന്നുള്ളവർക്കു നിയന്ത്രിതപ്രദേശമായതിനാൽ, ഇന്നർ ലൈൻ പെർമിറ്റ് എന്ന സമ്മതിപത്രവും കാലേക്കൂട്ടി കരസ്ഥമാക്കണം. അരുണാചലിലേക്കുള്ള കവാടത്തിൽ, സായുധ സൈനികരുടെ പരിശോധനയും പതിവു ചോദ്യോത്തരങ്ങളും പുറമേ.

സ്ത്രീകളാണ് ഇവിടെ മണ്ണിൽ നിന്ന് പ്രകൃതിയെ നെല്ലായും കതിരായും കായ്കനികളായും വിളയിച്ചെടുക്കുന്നത്.
സ്ത്രീകളാണ് ഇവിടെ മണ്ണിൽ നിന്ന് പ്രകൃതിയെ നെല്ലായും കതിരായും കായ്കനികളായും വിളയിച്ചെടുക്കുന്നത്.

എന്നാൽ, കേരളത്തിൽ എവിടെയുണ്ട് ഇങ്ങനെ പ്രകൃതിയെ കൈകൊണ്ട് ഇണക്കി കൃഷിചെയ്യുന്ന രീതി. എവിടെയുണ്ട് ഏട്ടിൽ പറയാത്ത നാട്ടറിവുകൾ കൊണ്ടുള്ളത്. എവിടെയുണ്ട് വിഷപ്പുള്ളിക്കുത്തു വീഴാത്ത പച്ചപ്പരവതാനിക്കൂട്ടം. വെട്ടിയും മുറിച്ചും കഷ്ണമാക്കിയും മണ്ണിട്ടു നികത്തി ഷോപ്പിങ് മാളുകളും സിനിമാക്കൊട്ടകകളും കെട്ടി അളവുതെറ്റിച്ചു മുറിച്ച പച്ചപ്പാവാടത്തുരുത്തുകളല്ലാതെ. അരുണാചലിലെ സിറോ വാലായിൽ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ എത്തിപ്പെടേണ്ട കാരണം അതാണ്. ഈ പച്ച ഇനിയെത്രകാലം അവിടെയുണ്ടാവുമെന്നു പറയാൻ സാധിക്കില്ല. എന്തു കൃഷിചെയ്യണമെന്നും എന്തു തിന്നരുതെന്നും കോർപറേറ്റ് നീതി വിലക്കുന്ന കാലം വന്നുകഴിഞ്ഞിട്ടില്ലെന്ന് എങ്ങനെ പറയാനാവും. നാളെ അപതാനി ഗോത്രക്കാർ കടുകു വിളയിക്കട്ടെ എന്നു തിട്ടൂരം ഉണ്ടാവില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും.
മണ്ണിനോടുള്ള, പച്ചപ്പിനോടുള്ള, ആകാശത്തോടും പുഴയോടുമുള്ള, ചുറ്റിലുമുള്ള സർവചരാചരങ്ങളോടുമുള്ള നിഷ്‌ക്കാമമായ ഈ പ്രണയത്തെ നാളെ കൂച്ചുവിലങ്ങിടില്ലെന്ന് ആർക്ക് നിശ്ചയിക്കാനാവും.

സിറോയിൽ പിന്നെയും

ഭൂമിയുമായുള്ള ഈ പ്രണയത്തിന്റെ കാഴ്ചകൾ കാണാൻ മാത്രമായി, ദൂരങ്ങളെത്ര താണ്ടിയാൽത്തന്നെയെന്ത്. അങ്ങനെയൊന്നാണു ചെയ്യുന്നതെന്നു പോലും വിചാരിക്കാത്ത, നിശ്ശബ്ദമായ ഈ കൊടുക്കൽ - വാങ്ങലുകൾ അറിയാൻ എത്ര ജന്മങ്ങൾ കാത്തിരുന്നാലെന്ത്. ഒട്ടും മോഹഭംഗമുണ്ടാക്കില്ല അത്. മറിച്ച്, ഏതെങ്കിലും ഒരു യാത്ര അവസാനം വരേക്കും ഓർമിച്ചുവയ്ക്കുകയാണെങ്കിൽ അത് ഇതല്ലാതെ മറ്റൊന്നായിരിക്കില്ല. തീർച്ച.

ലോകം അപര ശരീരദൂഷണത്തിന്റെ ശരികേടുകൾ ഇപ്പോൾ അറിഞ്ഞുവരുന്നതേയുള്ളൂ. എന്നാൽ, ഈ അപതാനികൾ എത്രയോ ദശകങ്ങൾക്കു മുന്നേ ഇതു മനസിലാക്കിയിരിക്കുന്നു. സ്വയം, ശരീരത്തെ വികൃതമാക്കിക്കൊണ്ട്.

പ്രകൃതിക്കു മേൽ വിരിച്ചിട്ട പച്ചപ്പുൽവിരിപ്പിന്മേൽ, അങ്ങിങ്ങായി കറുത്ത പൊട്ടുകൾ പോലെ ചിതറിയിരിക്കുന്ന കൃഷിക്കാരികളെ നമ്മൾ സൂക്ഷിച്ചുനോക്കും. അതിൽ പ്രായമായവരുടെ മുഖത്ത് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വൈകൃതങ്ങൾ കാണും. എന്നാലും, അതിനിടയിലൂടെ വരുന്ന ചിരിയിൽ ആശ്വസിക്കും. ലോകത്ത് ഏതു ചിരിയെ ആർക്കാണു വികൃതമാക്കാൻ കഴിയുക എന്ന് അറിയും. അതേ, ലോകം അപര ശരീരദൂഷണത്തിന്റെ ശരികേടുകൾ ഇപ്പോൾ അറിഞ്ഞുവരുന്നതേയുള്ളൂ. അതിന്റെ ശരിയല്ലാത്ത രാഷ്ട്രീയത്തെ മനസിലാക്കിവരുന്നതേ ഉള്ളൂ. എന്നാൽ, ഈ അപതാനികൾ എത്രയോ ദശകങ്ങൾക്കു മുന്നേ ഇതു മനസിലാക്കിയിരിക്കുന്നു. സ്വയം, ശരീരത്തെ വികൃതമാക്കിക്കൊണ്ട്.
അത് അപതാനികൾക്കിടയിലുണ്ടായിരുന്ന ഒരു ആചാരമാണ്. "സ്വന്തം കുലത്തിന്റെ ശുദ്ധിയും സ്വന്തം ശരീരങ്ങളുടെ മാനവും കാക്കാൻ'. ശരീരം തന്റേത് മാത്രമാണെന്ന് പ്രഖ്യാപിക്കാൻ. അതിന് അവർ ആയുധമല്ല എടുത്തത്. മറിച്ച് സ്വന്തം ശരീരത്തെ തന്നെ.

നൂറ്റാണ്ടുകൾക്കു മുമ്പെന്നോ മുദോ സുപങിൽ നിന്ന് ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലേക്കു കുടിയേറിയെത്തിയവരാണ്. മുദോ സുപങ് എന്നു പറഞ്ഞാൽ അറിയില്ല. അതിന്ന് തിബത്ത് എന്നു തന്നെ പറയണം. ഇന്നത്തെ തലമുറയുടെ ഒരു പത്തുമുപ്പത്തഞ്ചു തലമുറയ്ക്കപ്പുറത്തെ അപതാനികൾ, അന്നത്തെ നൂറുകണിക്കിനു കിലോമീറ്ററുകൾ താണ്ടിയെത്തി സിറോയിൽ പാർപ്പുറപ്പിച്ചവർ. (ഈയടുത്ത കാല ചരിത്രത്തിലും അങ്ങനെ ഒരു മഹാപലായനം ഉണ്ടായിരുന്നു, ചീനക്കാർ ഏതു കളിക്കും ശ്രമിക്കും എന്നറിഞ്ഞതിനെത്തുടർന്നു തിബത്തിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന്. 1959 ൽ ദലൈ ലാമ ഇന്ത്യയിൽ രാഷ്ട്രീയാഭയം തേടിയ ആ പലായനം).

നേപ്പാളിലെ ജോമോസോമിലൂടെ കടന്നു പോയ ടിബറ്റൻ അഭയാർത്ഥികൾ. നേപ്പാൾ വഴിയാണ് മിക്ക ടിബറ്റൻ അഭയാർത്ഥികളും ഇന്ത്യയിലേക്ക് എത്തിയിരുന്നത്. (1966 )/ Photo: Wikimedia Commons
നേപ്പാളിലെ ജോമോസോമിലൂടെ കടന്നു പോയ ടിബറ്റൻ അഭയാർത്ഥികൾ. നേപ്പാൾ വഴിയാണ് മിക്ക ടിബറ്റൻ അഭയാർത്ഥികളും ഇന്ത്യയിലേക്ക് എത്തിയിരുന്നത്. (1966 )/ Photo: Wikimedia Commons

അതിനും വളരെയേറെ മുമ്പായിരുന്നു അപതാനികളുടെ പലായനം. എന്നാൽ, ഏതാണ്ട് അതേ കാലത്തു തന്നെയാണ് സിറോ താഴ്വര അപതാനികളുടെ ആവാസകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതും. തിബത്തിൽ നിന്നു വരുമ്പോൾ രണ്ടു വിലപിടിച്ച വസ്തുക്കൾ അവരുടെ പക്കലുണ്ടായിരുന്നു. എവിടെയും ജീവിതം പച്ചപിടിപ്പിക്കാനുള്ള ചങ്കൂറ്റവും കൂട്ടത്തിലെ സുന്ദരികളായ യൗവനങ്ങളും. പിന്നീട് സിറോയെ നോട്ടമിട്ടവർ ഇതു രണ്ടിലും തന്നെയായിരുന്നു കണ്ണുവച്ചത്. നിരവധി തവണ മറ്റു ഗോത്രങ്ങളുടെയും നാട്ടധികാരങ്ങളുടെയും അധിനിവേശങ്ങൾ നടന്നു. അതിനിടയിൽ, ഗോത്രത്തിലെ സ്ത്രീകളെ കവർച്ചയിൽ നിന്നു രക്ഷിക്കാൻ അവർ അവരുടെ മുഖങ്ങൾക്കു മേൽ വൈരൂപ്യത്തിന്റെ ചുട്ടികുത്തുകയായിരുന്നു.
ഇപ്പോഴും കൂട്ടത്തിലെ പ്രായമായവരിൽ അതുണ്ട്. അതാണു നമ്മൾ കാണുന്നതും. സ്ത്രീകൾ മുക്കിൽ തുളകളുണ്ടാക്കി മൂക്കിനോളം വലിപ്പമുള്ള മുളമൂക്കുത്തികൾ ധരിച്ചു. ചെവിയിൽ, പണ്ടു കാലത്തു കേരളത്തിൽ സ്ത്രീകൾ ധരിക്കാറുള്ളതുപോലുള്ള തോടകളും. മുഖമാകെ കരികൊണ്ടും ചായങ്ങൾ കൊണ്ടുള്ള ചുട്ടികുത്തും. അല്ലെങ്കിൽ പച്ചകുത്തുകൾ. തങ്ങളെ സ്വയം അനാകർഷകരാക്കി നിർത്തുകയായിരുന്നു ഇതിലൂടെ. മറ്റു ഗോത്രക്കണ്ണുകളിലെ കാമത്തിന്റെ മുനയൊടിക്കാൻ. അക്രമിച്ചെത്തുന്നവരുടെ ചോരക്കുഴലുകളിലെ മൃഗക്കഴപ്പ് കെടുത്താൻ. ലോകം സൗന്ദര്യത്തിനു വേണ്ടി മുഖം മിനുക്കുമ്പോഴാണ് സ്വയം രക്ഷയ്ക്ക് അപതാനി സ്ത്രീകളുടെ, സുന്ദരമായതിനെ കെടുത്താനുള്ള മുഖമെഴുത്ത്. ആ മുഖങ്ങളിൽ കാണാം, ദശകങ്ങളായി അവർ അവരുടെ മാനത്തിനായി നടത്തിയ കാമഫ്‌ലാഷ്. വർഷങ്ങളായുളള ഭിതിയുടെ കറുത്ത പാടുകൾ.

എഴുപതുകളിൽ ഈ ആചാരം കേന്ദ്ര സർക്കാർ നിയമത്തിലൂടെ നിർത്തലാക്കുകയായിരുന്നു. ദശകങ്ങളായുള്ള സ്വയം വിലക്കിന്റെ ചിഹ്നങ്ങളെ എന്നെന്നേക്കുമായി അഴിച്ചുകളഞ്ഞതു ചരിത്രം. പുതിയ തലമുറയിൽ പെട്ട സ്ത്രീകൾക്ക്, അവർക്കു നേരേയുള്ള സമൂഹത്തിന്റെ കടന്നാക്രമണങ്ങൾ തീരെ നിന്നുപോയിട്ടില്ലെങ്കിലും, ഈ ഒളിച്ചിരിക്കലിന്റെ ആചാരം പിന്തുടരേണ്ടതില്ല. മാറുമറയ്ക്കാനുള്ള അവകാശത്തിനും മുലക്കരത്തിനെതിരെയും നവോത്ഥാന കേരളം നടത്തിയ പോരാട്ടങ്ങൾ മനസിൽ വച്ചുകൊണ്ട്, ഈ കാഴ്ച കാണുമ്പോൾ അറിയേണ്ടത് അവരുടെ കാലങ്ങളായുള്ള നിസ്സഹായതകളാണ്. വീണുപോവുന്ന ജനങ്ങൾക്കു മേൽ അധിനിവേശങ്ങൾ അടിച്ചേൽപ്പിക്കുന്ന പലഭയങ്ങളുടെ ആധി.
ഈ കാഴ്ച കാണാൻ വേണ്ടിയല്ല, സിറോവിൽ പോവേണ്ടത്. അപര ശരീരനിന്ദ പോലെത്തന്നെയാണ് അതും. എന്തിന്റെ പേരിലായാലും "ഹ്യുമൻ സൂ' എന്നതു വിലക്കപ്പെടേണ്ട ഒന്നു തന്നെ. രാഷ്ട്രീയമായി ശരിയുമല്ല അത്. ( മുമ്പു കാലത്തു പൃഥുല നിതംബിനികളായ ആഫ്രിക്കൻ സ്ത്രീകളെ യൂറോപ്പിലും മറ്റും പരസ്യമായി പ്രദർശിപ്പിച്ചിരുന്നതിന്റെ വംശീയ നിന്ദയും മറ്റും ഓർക്കുക). എന്നാലും, സിറോ താഴ്‌വരയിൽ കാലത്തിന്റെ ഈ ആക്രമണോത്സുകത കാണാതെ പോകരുത്. അവരെ പ്രദർശനവസ്തുവാക്കരുത് എന്നു മാത്രം. അതുകൊണ്ടുതന്നെ ഒരു സെൽഫിയെടുക്കാനൊക്കെ തോന്നുന്ന ഒരു തോന്നലുണ്ടല്ലോ, അതിനെ ഒന്ന് അടക്കിവയ്ക്കുന്നതാണു നല്ലത്. ഇനി ആ ആഗ്രഹം അടക്കാൻ പറ്റുന്നില്ലെങ്കിൽ, അവരുടെ സമ്മതത്തോടെ മാത്രം അതിനു ശ്രമിക്കുക. ( ആരുടെ സ്വകാര്യതയും അവരുടെ അവകാശമാണ്. അതു നാട്ടിൽ മാത്രമല്ല, അപതാനിക്കും ഉണ്ടെന്നു മറക്കരുതെന്നു മാത്രം). പുതിയ കാലത്ത്, എവിടെയും എന്തും മുറിപ്പെടുന്ന വികാരങ്ങളാണ്.

തിബത്തിൽ ബുദ്ധമതത്തിനായിരുന്നു ഒരു രണ്ടായിരത്തിലധികം വർഷങ്ങളായി സ്വാധീനമെങ്കിലും അപതാനികൾ ബൗദ്ധരല്ല. അവരുടെ മതം ഏതാണെന്നു ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളു- ഡോൻയി പോലോ

കൂടെക്കൊണ്ടുവന്നത് സ്വന്തം ദൈവങ്ങളെ

തിബത്തിൽ നിന്ന് ( ഏതു കാരണത്താലോ എന്നറിയില്ല, പലായനം എന്നത് ഒരു ജനതയും മനസു കൊണ്ട് പൂർണമായി ഇഷ്ടപ്പെടാത്തതാണ് ) അപതാനികൾ കൂടെക്കൊണ്ടുവന്ന രണ്ടു കാര്യങ്ങൾ കൂടിയുണ്ട്. സ്വന്തം ദൈവങ്ങളെയും താനി എന്ന സ്വന്തം ഭാഷയെയും.
സിറോയിൽ പത്തുമുപ്പതു തലമുറ പിന്നിടുമ്പോൾ പ്രാദേശിക ഭാഷ അവർക്കു നന്നായി വഴങ്ങുമെങ്കിലും താനി മറന്നിട്ടില്ല. മറക്കില്ല. സ്വന്തം രീതികളും ആചാരങ്ങളും സംസ്‌കാരവും അവർ മറക്കുമെന്നു തോന്നുന്നില്ല. കൃഷിക്ക് ഏട്ടിലെ അറിവുകൾ വേണ്ടെന്നതടക്കമുള്ളത്. താമസിക്കുന്ന വീടുകളുടെ നിർമിതിയിലും അതു കെട്ടുന്ന സ്ഥലത്തിന്റെ പൊതു സ്വീകാര്യതയിലും എല്ലാം ഈ താനി തനിമ ഉണ്ട്. സിറോയിലെ ഹോങ് ഗ്രാമത്തിലേക്കു വഴി ചോദിച്ചു ചോദിച്ചു പോകൂ... അപതാനി സംസ്‌കാരത്തിന്റെ നിറക്കൊഴുപ്പും ആചാരങ്ങളുടെ ഇഴയടുപ്പവും സംസ്‌ക്കാരത്തിന്റെ ചെത്തിവച്ച കാഴ്ചകളും അറിയാൻ...

തിബത്തിൽ ബുദ്ധമതത്തിനായിരുന്നു ഒരു രണ്ടായിരത്തിലധികം വർഷങ്ങളായി സ്വാധീനമെങ്കിലും അപതാനികൾ ബൗദ്ധരല്ല. അവരുടെ മതം ഏതാണെന്നു ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളു- ഡോൻയി പോലോ. ആരാധനാമൂർത്തി എന്നതു പ്രകൃതി തന്നെ. സൂര്യനും ( അയോ ഡാൻയി) ചന്ദ്രനും ( അതോ പുലോ). അപതാനി വംശത്തിന്റെ സ്ഥാപകൻ അബോതാനിയും. ബിംബാരാധന ഇല്ലെങ്കിലും ആൾ പുരോഹിതന്മാരും മന്ത്രവാദികളും ഉണ്ട്. മന്ത്രം ചെല്ലുന്ന, മൃഗക്കഴുത്ത് അറുത്തു ചോര ചിന്തുന്ന, എല്ലാ രോഗങ്ങളെയും അകറ്റുമെന്ന് അവകാശപ്പെടുന്ന. പിന്നെ പച്ചിലമർമങ്ങൾ അറിയുന്ന വൈദ്യനും. എല്ലാം ചേർന്ന് സമഗ്രവും സുസ്ഥിരവുമായ വ്യവസ്ഥകളുമുള്ള സമൂഹമായിരുന്നു ഇതുവരെ. ബ്രിട്ടീഷ് ഭരണകാലത്തും മറ്റും വിശാല വടക്കുകിഴക്കൻ മേഖലയിൽ വ്യാപകമായി നടന്ന മതപരിവർത്തനങ്ങളുടെ പിൻപറ്റി ഇപ്പോൾ, അപതാനികൾക്കു കൈകൂപ്പാൻ വേറെയും ദൈവങ്ങളുമുണ്ട് എന്നു മാത്രം.

അപതാനികൾക്കിടയിലെ ഒരു ആചാരം. സ്വന്തം കുലത്തിന്റെ ശുദ്ധിയും ശരീരത്തിന്റെ മാനവും കാക്കാൻ മുഖങ്ങൾക്കു മേൽ ചുട്ടികുത്തുന്നു
അപതാനികൾക്കിടയിലെ ഒരു ആചാരം. സ്വന്തം കുലത്തിന്റെ ശുദ്ധിയും ശരീരത്തിന്റെ മാനവും കാക്കാൻ മുഖങ്ങൾക്കു മേൽ ചുട്ടികുത്തുന്നു

അരുണാചലിൽ മാത്രം ഇരുപത്തഞ്ചിലധികം പ്രധാന ഗോത്രജാതികളും നൂറോളം ഉപഗോത്ര അവാന്തരവിഭാഗങ്ങളുമുണ്ട്. സിറോയാണ് അപതാനി ഗോത്രത്തിന്റെ കേന്ദ്രമെന്നു പറയാവുന്ന പ്രദേശം. ഇവിടെത്തന്നെ നിശി, മിരി ഗോത്രങ്ങളുമുണ്ട്. ഓരോ ഗോത്രവും ഓരോന്നു തന്നെയാണ്.
ഈ ഗോത്രവൈവിധ്യങ്ങൾ കൂടി കാണാൻ കഴിയും സിറോയിലേക്കുള്ള യാത്രയിൽ

സൗഹൃദമെന്ന ഉന്മാദത്തിന്റെ കൂട്ടിരിപ്പുകാർ

ഭൂമിയോടുള്ള പ്രണയം പോലെ തന്നെയാണു അപതാനികളുടെ, സൗഹൃദങ്ങളോടുള്ള ആത്മാർത്ഥതയും. അന്നന്നുകാണുന്നവനെ തൽക്കാലത്തേക്കു കൂട്ടുകാരനാക്കുന്ന ‘കാടത്തം' അല്ല അത്. കൂട്ടുകാരനെന്നു കൂട്ടി കഴുത്തറക്കുന്ന "നാടത്ത' വുമല്ല അത്. ഏതു സൗഹൃദങ്ങളെയും കൂട്ടിരിപ്പിന്റെ ഉന്മാദത്തിലേക്കു കൂട്ടിയെടുക്കുകയാണ് അപതാനികൾ. അവരുടെ പേരിൽ അറിയപ്പെടുന്ന രണ്ടു മഹോത്സവങ്ങളുണ്ട്. മഹോത്സവങ്ങൾ എന്നു തന്നെ വിളിക്കണം. അതു സാധാരണ ആനമയിലൊട്ടകം ആട്ടക്കലാശം അല്ല. കൃത്രിമ ശബ്ദങ്ങളുടെ കലാശക്കൊട്ടല്ല. മറിച്ച് അതു മനുഷ്യരുടെ തന്നെ ശബ്ദമാണ്. സൗഹൃദത്തിന്റെ ഇഴയടുപ്പത്തിന്റെ ആഘോഷമാണ്.

സിറോ ഉത്സവം
സിറോ ഉത്സവം

നാലു ദിവസത്തെ സിറോ സംഗീതോത്സവത്തിൽ രാജ്യത്തിന്റെ വിശാല സംഗീതത്തിലെ സ്വരച്ചേർച്ച തന്നെ സിറോയിലേക്ക് ഒഴുകിയെത്തുന്നതു കാണാം. ഗിറ്റാറും സന്ദൂറും സിത്താറും ചെണ്ടയും ബാൻഡും എല്ലാം... ഓരോ മാതിരി സംഗീതം തേച്ച ശബ്ദങ്ങൾ. ഈ ആരവങ്ങൾ താഴ്‌വരയിലെ തുറസുകളിൽ അലയടിക്കുമ്പോൾ അവിടെ കിഴക്കനും തെക്കനും എന്നില്ല. വരേണ്യം, അധമം എന്നൊന്നില്ല. ദേവതാളം, അസുരതാളം എന്നുമില്ല. സംഗീതം മാത്രം. അവിടെ ഒത്തുകൂടുന്നവർ അധികവും അപതാനികളുടെ സാംസ്‌കാരികക്കൂട്ടായ്മയുടെ സൗഹൃദക്ഷണം സ്വീകരിച്ചു വന്നവർ തന്നെ. ഇതേ സമയത്ത് ( സെപ്റ്റംബർ) നടക്കുന്ന ചടങ്ങിന് കാലേക്കൂട്ടി നടത്തേണ്ടിവരും നടപടിക്രമങ്ങൾ എന്നു മാത്രം. വിലക്കില്ല ആർക്കും. തീണ്ടലില്ല ഏതു സംഗീതത്തോടും. സിറോ ഉത്സവം അതിനാൽ പല ചേരാച്ചേരുവകളുടെ കൂട്ടായി മാറുന്നു.

സിറോയിലേക്കുള്ള ഒരൊറ്റ യാത്രയിൽ സഞ്ചാരികളെ വഴിയിൽ തടഞ്ഞുനിർത്തുന്നത് ഇത്തരം വൈവിധ്യങ്ങൾ. ജീവിതത്തിന്റെ, ആചാരത്തിന്റെ, അനുഷ്ഠാനങ്ങളുടെ, വിശ്വാസങ്ങളുടെ, പ്രണയങ്ങളുടെ...

അപതാനികളെ അറിയാൻ, അവരുടെ സൗഹൃദത്തെ അറിയാൻ ഈ ഉത്സവത്തിനു പോകണം എന്നാണു പറയുക. ഗ്രാമത്തിലെത്തുന്ന ആരും അത്ര കണ്ട് ഉദാരമായാണു സ്വീകരിക്കപ്പെടുക എന്നതു തന്നെ കാരണം. പിന്നെ ഉന്മാദത്തിന്റെ മണിക്കൂറുകളാണ്. കൈയും കെട്ടിനിന്നോ മണ്ണും ചാരിനിന്നോ ആരും കേൾക്കില്ല ഓരോ മാതിരി സംഗീതം കിനിയുന്ന ഒച്ചകളെ. അതിനെ കാണികളുടെ ശരീരം ഏറ്റെടുത്തുകഴിയും ഏറെ വൈകാതെ തന്നെ. അവരുടെ ഉടലിലെ ഓരോ കോണും സംഗീതത്തിന്റെ ഏറ്റക്കുറച്ചിലിനനുസരിച്ച്, ബാസിനും മുഴക്കത്തിനും അനുസരിച്ച്. ബാൻഡിനും തുടിക്കും പെരുമ്പറയ്ക്കും അനുസരിച്ച്. നൃത്തച്ചുവടുകളായി ആദ്യം. പിന്നെപ്പിന്നെ ഉടലിന്റെ ആട്ടപ്പെരുക്കങ്ങൾക്കനുസരിച്ച് ഉന്മാദത്തിന്റെ ലോകങ്ങളിലേക്ക്. അതൊക്കെയും സിറോയും കേൾക്കും. കൂടെയുണ്ടാവും.

സിറോ നഗരത്തിന്റെ ദൃശ്യം
സിറോ നഗരത്തിന്റെ ദൃശ്യം

ഒപ്പം, സിരകളിൽ തീപടർത്താൻ അപതാനികളുടെ സ്വന്തം കഞ്ഞിവെള്ളപ്പുളിപ്പും അതിന്റെ, ഞരമ്പുകളെ വിരലിൽ കുരുക്കിവീശിയെറിയുന്ന കൊടുങ്കാറ്റുകളും. അതിനെ വെറും കഞ്ഞിവെള്ളം പുളിപ്പിച്ചത് എന്നൊക്കെ അവഗണിക്കാൻ വരട്ടെ. വടക്കുകിഴക്കൻ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഇത്തരം നാടൻലഹരികളുടെ ഒരു ആചാരപ്പെരുമ തന്നെയുണ്ട്. അരുണാചലിൽ മാത്രം അപാങ്, ഇന്നോഗ്, കാലാ അപാങ് തുടങ്ങിയ പല പേരുകളിൽ. അരി വേവിച്ചു ചുട്ട തവിടുമായി ചേർത്ത് ചില ഇലകളും മറ്റു കൂട്ടുകളും ( ഷയി) ചേർത്ത് അഞ്ചു ദിവസം കൊണ്ടോ ( ഇന്നോഗ്) പതിനഞ്ചിരുപതു ദിവസം കൊണ്ടോ ( അപാങ്) പുളിപ്പിച്ചെടുത്തുണ്ടാക്കുന്നതാണ് ഈ ‘റൈസ് ബിയറുകൾ'. സിറോയിൽ കിട്ടുന്ന വെളുത്ത അരിബിയറിനും അതുപോലെ ചില രീതികളുടെ തലമുറയിൽ നിന്ന് അടുത്തതിലേക്കു നീളുന്ന രഹസ്യങ്ങളുണ്ട്.

പൂജ്യമല്ല, പലതുകളുടെ സിറോ

സിറോയിലേക്കുള്ള ഒരൊറ്റ യാത്രയിൽ സഞ്ചാരികളെ വഴിയിൽ തടഞ്ഞുനിർത്തുന്നത് ഇത്തരം വൈവിധ്യങ്ങൾ. ജീവിതത്തിന്റെ, ആചാരത്തിന്റെ, അനുഷ്ഠാനങ്ങളുടെ, വിശ്വാസങ്ങളുടെ, പ്രണയങ്ങളുടെ... അത് വ്യക്തികളുടെ ഇടയിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. അപതാനി ഇരുട്ടിൽ കൈ കൂപ്പുന്ന അതോ പുലോ എന്ന ചന്ദ്രനായാലും ഭൂമിയെ സ്വന്തം കൈകൾ കൊണ്ടൂട്ടുന്ന മാതൃത്വങ്ങളായാലും. തങ്ങളുടെ മണ്ണിൽ പ്രവേശിക്കരുതെന്ന് ആരെയും വിലക്കാത്ത അപതാനിയുടെ വികാരങ്ങളുടെ വൈവിധ്യം കൂടിയാണു കാണാൻ കഴിയുന്നത്. സഞ്ചാരി കടന്നുചെല്ലുന്നത് മനുഷ്യരുടെ ഒരു കാഴ്ചബംഗ്ലാവിലേക്കല്ല. അയാൾ / അവൾ കൂടി ഉൾപ്പെടുന്ന മനുഷ്യകുലത്തിന്റെ പുരാവൃത്തങ്ങളുടെ, ദേശ - കാല കഥയുടെ മറ്റൊരു താളിലേക്കാണ്.

ഞാൻ, ഞാൻ മാത്രം എന്നു പറയുന്നില്ല അപതാനി. എന്റേത് എന്റേത് എന്നു തർക്കിക്കുന്ന ലോകത്തിനൊപ്പം തന്നെ വരിനിർത്തുന്നില്ല. എന്റേതാണ്, എന്റേതു മാത്രമാണ് ഉത്കൃഷ്ടം എന്നു ശഠിക്കുന്ന ഒരു സംസ്‌കാരത്തോടോ ഒരു മതവിശ്വാസത്തോടോ വംശീയതയോടോ ദേശീയതയോടോ തന്റെ പേരു കൂട്ടിച്ചേർക്കുന്നില്ല, അപതാനി. എന്നാൽ, ഈ ലോകത്തു ഞാൻ കൂടിയുണ്ട് എന്നൊരു അപതാനി പ്രാർഥന കേൾക്കാം, മറ്റെല്ലാം ഉയർന്നുകേൾക്കുന്ന കോലാഹലങ്ങൾക്കിടയിലും. അതാണ്, അതുമാത്രമാണു സിറോ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments