ഖമാഖ്യ മന്ദിർ

ഗീത എന്ന പെൺകുട്ടി

‘ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’); ബോളിവുഡ് ക്യാമറാമാൻ മുരളീധരൻ സി.കെ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ നടത്തിയ യാത്ര തുടരുന്നു.

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര:
അധ്യായം രണ്ട്

1988 ജനുവരി 9 വെള്ളിയാഴ്ച.
ഗുവഹതി, ഹൊട്ടെൽ ശിവ, റൂം നമ്പർ 111.

കതകിൽ ആരോ മുട്ടുന്നു.
വാതിൽ തുറന്നു. ഒരു കൊച്ചു പെൺകുട്ടി. 10-12 വയസ്സു കാണും.

“എന്തു വേണം?”
“അടിച്ചു വാരാൻ”
“ഇത്ര രാവിലെയോ?”
“ഇതു രാവിലെയല്ല, മണി എട്ടായി”.

മരം കോച്ചുന്ന തണുപ്പത്ത് നേരം വെളുത്തത് അറിഞ്ഞതേയില്ല.

“എട്ടു മണി രാവിലെയല്ലെങ്കിൽ പിന്നെ രാത്രിയാണോ?”, ഞാൻ മുറുമുറുത്തു കൊണ്ട് കട്ടിലിലിരുന്നു.

അവൾ മറുപടി പറയാതെ അടിച്ചുവരാൻ തുടങ്ങി.

“ഇന്ന് ബന്ദല്ലേ? നിനക്ക് ബന്ദില്ലേ?”
അവളൊന്നും പറഞ്ഞില്ല.
“നിന്റെ പേരെന്താ?”
“ഗീത.”
“നീ എപ്പോൾ എണീറ്റു?”
“അഞ്ചു മണിക്ക്.”
“ഈ തണുപ്പത്തോ?”
അവളുടെ പാദങ്ങളിൽ ചെരുപ്പു പോലും ഉണ്ടായിരുന്നില്ല.

“ഇന്നലെ എപ്പോൾ കിടന്നു?”
“എട്ടു മണിക്ക്.”
“സ്കൂളിൽ പോകുന്നില്ലേ?”
“ഇല്ല.”
“എന്താ പോകാത്തത്?”
അവൾ ഒന്നും മിണ്ടാതെ അടിച്ചുവാരൽ തുടർന്നു.
ഞാൻ വീണ്ടും ചോദിച്ചു, “എന്താ പോകാത്തത്?”
“പോകുന്നില്ല അത്ര തന്നെ.”
പണി തീർത്ത് വാതിൽ വലിച്ചടച്ച് അവൾ പോയി.

ജനാലയിൽക്കൂടി പുറത്ത് നീണ്ടുനിവർന്നുകിടക്കുന്ന റോഡ് കാണാം. നിരനിരയായി പോകുന്ന പട്ടാള വാഹനങ്ങൾ. ഒരു ഫ്ലാഗ് മാർച്ചിന്റെ മുഴക്കം. ഒരു പരിപൂർണ ബന്ദ്.

ഭൂപെൻ ഹസാരിക
ഭൂപെൻ ഹസാരിക

വർഷങ്ങൾക്കു ശേഷം, പട്ടാളഅധിനിവേശത്തിന്റെ ഓർമകൾ പരോമിത ബോർദൊലോയ് പങ്കുവയ്ക്കുന്നു:

‘‘It's strange how I remember the '90s, when insurgency was at its peak. My first memory of it was coming back from school to see lines and lines of military trucks entering our sleepy town. There was hardly any traffic ever.

Everyone could cross the road. But when those huge trucks came, we had to wait to cross the one street that took us home. As a girl younger than ten, I did not know that military operations were being launched in my town. We would wave at the trucks and the army men would wave back. It felt so good to be acknowledged. We waved as fast as we could from across the street.

The United Liberation Front of Assam (ULFA) was formed in 1979. I was not even born then. It was only in 1990 that it was declared a terrorist outfit and banned. Till then, it enjoyed a lot of local support.

The time I was waving to the army men in those trucks, "Operation Bajrang" was launched by the government to hunt down militancy in Assam. I was in primary school and had no idea why so many men came to our town with guns. But they stayed and it became a regular sight.

The worst of all time was when President's rule was imposed in Assam during the AGP government. Each state machinery was suspended. Every street was taken over by the men in military uniform’’.

(‘‘കലാപം അതിന്റെ മൂർധന്യത്തിലെത്തിയിരുന്ന 90- കളെക്കുറിച്ച് ഞാനെങ്ങനെ ഓർമ്മിക്കുന്നു എന്നത് വിചിത്രമാണ്. സ്കൂളിൽ നിന്ന് മടങ്ങിവരുമ്പോൾ, ഞങ്ങളുടെ ശാന്തമായ ചെറുപട്ടണത്തിലേക്ക് നിരനിരയായി സൈനിക ട്രക്കുകൾ കയറിവരുന്നത് കണ്ടതാണ് അതിലെ ആദ്യ ഓർമ്മ. സാധാരണയായി അവിടെ വാഹനത്തിരക്കെന്നൊന്നും ഉണ്ടായിരുന്നില്ല.

ആർക്കും എളുപ്പത്തിൽ റോഡ് മുറിച്ചുകടക്കാമായിരുന്നു. എന്നാൽ ആ ഭീമൻ ട്രക്കുകൾ വരുമ്പോൾ, വീട്ടിലേക്കുള്ള ആ ഒറ്റ റോഡ് മുറിച്ചുകടക്കാൻ ഞങ്ങൾ കാത്തുനിൽക്കേണ്ടിവരും. പത്ത് വയസ്സ് പോലും തികയാത്ത ഒരു കുട്ടിയായിരുന്ന എനിക്ക്, ഞങ്ങളുടെ പട്ടണത്തിൽ സൈനികനടപടി ആരംഭിക്കുകയാണെന്നൊന്നും അറിയില്ലായിരുന്നു. ഞങ്ങൾ ട്രക്കുകളിലിരുന്ന സൈനികരെ നോക്കി കൈവീശും; അവർ തിരിച്ചും കൈവീശും. അവർ ഞങ്ങളെ ശ്രദ്ധിക്കുകയും തിരിച്ചഭിവാദ്യം ചെയ്യുകയും ചെയ്യുന്നത് വലിയ സന്തോഷമായിരുന്നു. റോഡിന്റെ മറുവശത്ത് നിന്ന് കഴിയുന്നത്ര വേഗത്തിൽ ഞങ്ങൾ കൈവീശിക്കൊണ്ടിരുന്നു.

യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ULFA) 1979-ലാണ് രൂപംകൊണ്ടത്. അന്ന് ഞാൻ ജനിച്ചിട്ടുപോലുമില്ല. 1990-ലാണ് ഈ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തത്. അതുവരെ അതിന് പ്രാദേശിക തലത്തിൽ ഗണ്യമായ ജനപിന്തുണ ലഭിച്ചിരുന്നു.

ഞാൻ ട്രക്കുകളിലിരുന്ന സൈനികരെ നോക്കി കൈവീശിക്കൊണ്ടിരുന്ന അതേ കാലത്താണ്, അസമിലെ സായുധ തീവ്രവാദത്തെ അടിച്ചമർത്താൻ സർക്കാർ 'ഓപ്പറേഷൻ ബജ്രംഗ്' ആരംഭിച്ചത്. അന്ന് ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുകയായിരുന്നു. ഇത്രയധികം തോക്കേന്തിയ സൈനികർ എന്തിനാണ് ഞങ്ങളുടെ പട്ടണത്തിലെത്തിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ അവർ അവിടെത്തന്നെ തങ്ങി. ക്രമേണ അത് നിത്യകാഴ്ചയായി മാറി.

ഏറ്റവും കഠിനമായ കാലഘട്ടം അസം ഗണപരിഷത്ത് (AGP) സർക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയപ്പോഴായിരുന്നു. സംസ്ഥാന ഭരണസംവിധാനം മുഴുവൻ പ്രായോഗികമായി നിർത്തിവെക്കപ്പെട്ടു. എല്ലാ തെരുവുകളും സൈനിക യൂണിഫോം ധരിച്ചവരുടെ നിയന്ത്രണത്തിലായി’’).

(dailyo, May 23, 2016- Read the whole article in dailyo: https://www.dailyo.in/politics/assam-indian-army-northeast-conflict-ulfa-insurgency-self-determination/story/1/10790.html).

Bihu Moring
Bihu Moring

1998 ജനുവരി 10, ശനിയാഴ്ച.
രാവിലെ 8.30, ഖമാഖ്യ മന്ദിർ.

ഷൂട്ടിങ്ങിന്റെ തുടക്കം ഖമാഖ്യ മന്ദിറിൽ ആക്കാമെന്നത് കൽപനയുടെ ഐഡിയ ആയിരുന്നു.
ഭുപേൻ ദായ്ക്കുവേണ്ടി വലിയ പോലീസ് സന്നാഹം. നാലുപാടും തോക്കുമായി പട്ടാളക്കാർ.

ഒരു മൂന്നു മണിക്കൂർ കൊണ്ട് അമ്പലത്തിന്റെ വ്യത്യസ്ത ദൃശ്യങ്ങളെല്ലാം പകർത്തി ഞാൻ ഉയർന്ന ഒരു നടക്കല്ലിലിരുന്നു. അവിടെയിരുന്നാൽ അമ്പലം മുഴുവൻ കാണാം. പട്ടാളക്കാർ ചെറിയ ചെറിയ ഗ്രൂപ്പുകളായി അമ്പലത്തിൽ കയറി തൊഴുന്നു.

അമ്പലത്തിനുള്ളിൽ നിന്ന് ഒരാൾ ഇറങ്ങിവന്ന് നേരെ എതിരെയുള്ള ഒരു കെട്ടിടത്തിലേക്കു കയറി. മേൽക്കൂര മത്രമുള്ള ആ കെട്ടിടത്തിൽ മൂന്ന് ആട്ടിൻകുട്ടികളെ കെട്ടിയിട്ടിട്ടുണ്ട്. അയാൾ കയറിവന്നപ്പോൾ ആ ആട്ടിൻകുട്ടികൾ കരയാൻ തുടങ്ങി. അതു ശ്രദ്ധിക്കാതെ അയാൾ അവിടെയൊക്കെ എന്തോ തിരഞ്ഞുനടന്നു.

അമ്പലത്തിന്റെ മാനേജിങ് കമ്മിറ്റി ഭുപേൻ ദാ യെയും കൽപനയെയും കൂട്ടി ഓഫീസിലേക്കു പോയിരിക്കുന്നു.

ബിസ്തീർണ പരാറെ’ (‘വിശാല തീരങ്ങളിൽ’) ഒന്നാം ഭാഗം വായിക്കാം, കേള്‍ക്കാം:

‘ബിസ്തീർണ പരാറെ’
(‘വിശാല തീരങ്ങളിൽ’);
ഭൂപെൻ ഹസാരികയ്‍ക്കൊപ്പം ഒരു യാത്ര

ഞാൻ അയാളെത്തന്നെ നോക്കി വെറുതെയിരുന്നു. അയാൾ ഒരു ആട്ടിൻകുട്ടിയെ ചേർത്തുപിടിക്കുന്നു. ഞാൻ കൗതുകപൂർവം അതു നോക്കിയിരുന്നു. ആട്ടിൻകുട്ടി പിടയ്ക്കാൻ തുടങ്ങിയപ്പോഴാണ് എന്താണു സംഭവിക്കുന്നത് എന്നെനിക്കു മനസ്സിലായത്. മുറിഞ്ഞ കഴുത്തിൽനിന്ന് ധാരയായി ഒഴുകുന്ന ചോര അയാൾ ഒരു പാത്രത്തിൽ ശേഖരിക്കുന്നുണ്ടായിരുന്നു.

ഞാൻ വേറെ എങ്ങോട്ടോ നോക്കിയിരുന്നു. ഇടക്കിടെ അറിയാതെ കണ്ണുകൾ അവിടെയെത്തുമ്പോൾ, പരിചയസമ്പന്നനായ ഒരു അറവുകാരനേപ്പോലെ അയാൾ ആടിന്റെ തോലുരിഞ്ഞ് മാംസം വേർപെടുത്തുന്നുണ്ടായിരുന്നു.

ആസ്സാമിലെ ഒരേയൊരു വൈഷ്ണവ ക്ഷേത്രം. ശ്രീകോവിലിനു മുൻപിൽ ഭക്തർ പ്രസാദത്തിനുവേണ്ടി പാത്രങ്ങളുമായി കാത്തു നിൽക്കുന്നു.

വൈകുന്നേരം. അഭിമുഖങ്ങൾ.
ദുലാൽ റോയ്, നാടകാചാര്യൻ,
നിരാദ് ചൗധരി, എഴുത്തുകാരൻ.
പിന്നീട് ഭുപേൻ ദാ എന്നോട് ഒരു കഥ പറഞ്ഞു.

നിരാദിന് കിഡ്നി അസുഖം.
അവസാനം കിഡ്നി ദാനം ചെയ്തത് ഒരു സ്പോർട്സ്കാരൻ പയ്യൻ. അയാളുടെ സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്താൻ, 7500 രൂപയ്ക്ക് അയാൾ സ്വന്തം കിഡ്നി വിറ്റു. നിരാദ് ഇതറിയുന്നത് എല്ലം കഴിഞ്ഞതിനു ശേഷമായിരുന്നു. ഇതേക്കുറിച്ച് നിരാദ് തന്നെ ഒരു ലേഖനം എഴുതിയിട്ടുണ്ട്.

രാത്രി സദായുടെ സന്ദർശനം.
ആസ്സാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നീണ്ട ചർച്ച.
സഞ്ജൊയ് ഘോസ് സംഭവത്തോടേ ULFA- യുടെ ഇമേജ് പോയി എന്നു ഞാൻ. സഞ്ജൊയ് RAW ഏജെന്റ് ആണെന്നും അവിഹിതമായി ധാരാളം പണം ഉണ്ടാക്കിയിട്ടുണ്ടെന്നും അയാൾ. ULFA ബഹുമാനിക്കുന്ന ഒരേയൊരാൾ ഭുപേൻ ദാ ആണെന്നും.

(സഞ്ജൊയ് സംഭവത്തെക്കുറിച്ച് 1998- ൽ പ്രസിധീകരിച്ച ഒരു പുസ്തകം: https://www.amazon.in/Sanjoys-Assam-Diaries-Writings-Sanjoy-ebook/dp/B06XYPRXBH/ref=sr_1_1?dchild=1&keywords=sanjoy%27s+assam&qid=1623394012&s=digital-text&sr=1-1).

രാത്രി 12.30.
ഉറക്കം എത്തിനോക്കാൻ മടിക്കുന്ന ഒരു രാത്രി കൂടി.

1998 ജനുവരി 11 ഞായർ.

ഇന്നത്തെ ഷൂട്ടിങ് നവഗ്രഹ മന്ദിരത്തിലും വസിഷ്ഠാശ്രമത്തിലും ആയിരുന്നു. പിന്നീട് ബിരേൻ ഭട്ടാചാര്യയുടെ വീട്ടിലേക്കു പോയി. ജ്ഞാനപീഠജേതാവും കേന്ദ്ര സഹിത്യ അകാദമി ചെയർമാനും ഒക്കെയാണ് അദ്ദേഹം. തിരിച്ചുള്ള യാത്രയിൽ ഭുപേൻ ദാ ഒരു കഥ പറയുന്നു:

‘ദോ ബിഗാ സമീൻ’ എന്ന പ്രശസ്ത ചിത്രവുമായി അതിന്റെ സംവിധായകൻ ബിമൽ റോയ് ചൈനയ്ക്കു പോകുന്നു. അദ്ദേഹം മാവോ സേതുങ്ങുമായി കൂടിക്കാഴ്ച നടത്തുന്നു. മാവോ സ്വന്തം കസേരയിൽ നിന്നെണീറ്റ് ബിമൽ റോയ് യുടെ കൈ പിടിച്ചിട്ട് പറഞ്ഞു, “Let me touch an Indian farmer”
(ഞാൻ ഒരു ഇന്ത്യൻ കർഷകനെ തൊടട്ടെ).

ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഭുപേൻ ദാ യോടു പറഞ്ഞു, ‘എനിക്കും ഒരു ഇന്ത്യൻ കർഷകനെ തൊടണം.’
ഭുപേൻ ദാ അദ്ദേഹത്തെയും കൂട്ടി ആസ്സാമിലെ ഒരു വയലിൽ ചെന്നു. കർഷകന്റെ കൈ പിടിച്ച് അദ്ദേഹം പറഞ്ഞു,
“എനിക്കു വേണ്ടി ഒരു പാട്ടു പാടൂ.”
കർഷകൻ ഒരു പാട്ട് പാടി.
ബിമൽ റോയ് പറഞ്ഞു, “വളരെ മനോഹരം. നിങ്ങളെ ആരാണ് ഈ പാട്ട് പഠിപ്പിച്ചത്?”
ഒരു നിമിഷം ഓർത്തിട്ട് അയാൾ പറഞ്ഞു, “എന്റെ അഛനും അപ്പൂപ്പനുമൊക്കെ പാടിക്കേട്ടു പഠിച്ചതാണ്.”

തിരികെ കാറിലെത്തിയ ശേഷം ഭുപേൻ ദാ ബിമൽ റോയിയോടു പറഞ്ഞു, “ഈ പാട്ട് ഒരു നാലു വർഷങ്ങൾക്കു മുൻപ് ഞാനെഴുതിയതാണ്”.

ഈ കഥ അതിശയോക്തിയായി എനിക്കപ്പോൾ തോന്നിയെങ്കിലും, പിന്നീട് ഒന്നു രണ്ടു മാസം അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തു കഴിഞ്ഞപ്പോൾ അത് ശരിയായിരിക്കാമെന്ന് എനിക്കു മനസ്സിലായി. ഭുപേൻ ദായുടെ ചിത്രം ഭിത്തിയിൽ തൂങ്ങാത്ത ഒരു വീട് പോലും ആസ്സാമിലുണ്ടാവില്ല. അദ്ദേഹത്തിന്റെ പാട്ടുകൾ പാടാനറിയാത്ത ഒരാൾ പോലും ആസ്സാമിലുണ്ടാവില്ല. ആസ്സാംകാർക്ക് അദ്ദേഹം സ്നേഹമാണ്, സന്തോഷമാണ്, പ്രതീക്ഷയാണ്.

ഖമാഖ്യ മന്ദിറിൽ ബലി നൽകുന്ന ഷെഡ്
ഖമാഖ്യ മന്ദിറിൽ ബലി നൽകുന്ന ഷെഡ്

വസിഷ്ടാശ്രമത്തിൽ 80 വയസ്സുള്ള ഒരു സ്ത്രീ കുറെനേരം അദ്ദേഹത്തെ കെട്ടിപ്പിടിച്ചുനിന്ന് കരഞ്ഞുകൊണ്ടു ചോദിച്ചു, എന്താണിവിടെ നടക്കുന്നത്? നിങ്ങൾക്കൊന്നും ചെയ്യാനാവില്ലേ?

ബിരേൻ ദായുടെ വീടിനടുത്തുവെച്ച് 10 വയസ്സുള്ള ഒരു കുട്ടി അദ്ദേഹത്തിന്റെ കൈകളിൽ ചുംബിച്ചിട്ടു പോയി.

പിന്നീടുള്ള ദിവസങ്ങളെല്ലാം ഇത്തരം നിരവധി കാഴ്ചകൾ കൊണ്ടു നിറഞ്ഞു. ഭുപേൻ ദായെ കാണാനും അദ്ദേഹത്തെ തൊടാനും ജനം തടിച്ചു കൂടി.

പതുക്കെപ്പതുക്കെ ഇത്തരം ചിത്രങ്ങൾക്കുവേണ്ടി ഞാൻ ക്യാമറ മുന്നേ ഒരുക്കിവച്ചു. ഞങ്ങൾ ചിത്രീകരികാൻ ഒരുക്കിവച്ച അമ്പലങ്ങളേയും കെട്ടിടങ്ങളേയും ആൾക്കാരേക്കാളും കൂടുതൽ, ഊഷ്മളതയുടേയും സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും ഇത്തരം രംഗങ്ങൾ ചിതീകരിക്കുന്നതിലായിരുന്നു എനിക്കു താല്പര്യം.

FTII- യിൽ നിന്ന് പാസ്സായതിനുശേഷം കുറേ വർഷങ്ങൾ ഞാൻ ഡോക്യുമെന്ററിയുടെ ലോകത്തായിരുന്നു. പലേ NGO- കൾക്കു വേണ്ടിയും, ഇന്ത്യയിലേയും വിദേശത്തെയും പല ചാനലുകൾക്കു വേണ്ടിയും ഞാൻ ഇന്ത്യ മുഴുവൻ കറങ്ങിനടന്നു. വരൾച്ചയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും വർഗ്ഗീയ കലാപങ്ങളെക്കുറിച്ചും തെരുവിലെ അനാഥ കുട്ടികളെക്കുറിച്ചും ബോളിവുഡ്ഡിനെക്കുറിച്ചും ഹിന്ദി സിനിമകളിൽ താരമാവാൻ കഷ്ടപ്പെടുന്ന വിദേശ ഇന്ത്യക്കാരുടെ മക്കളെക്കുറിച്ചും ഫാഷൻ ഷോകളുടെ പിന്നാമ്പുറങ്ങളെക്കുറിച്ചും അന്താരാഷ്ട്ര തുകൽ കച്ചവടത്തെക്കുറിച്ചുമൊക്കെ ഡോക്യുമന്ററികൾ ഷൂട്ട് ചെയ്തു. ഈ അനുഭവങ്ങളൊക്കെയും എന്നെ ധാരാളം കാര്യങ്ങൾ പഠിപ്പിച്ചു. സമൂഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ ഒട്ടേറെ ചിന്തിപ്പിച്ചു. ക്യാമറയെക്കുറിച്ചും, ലെൻസിങ്ങിനെക്കുറിച്ചും ഫ്രെയ്മിങ്ങിനെക്കുറിച്ചും ലൈറ്റിങ്ങിനെക്കുറിച്ചുമൊക്കെ ഒരു ഫിലിം സ്കൂളും പഠിപ്പിക്കാത്ത ഒട്ടേറെ കാര്യങ്ങൾ ഈ യാത്രകൾ എന്നെ പഠിപ്പിച്ചു.

‘‘ജനാലയിൽക്കൂടി പുറത്ത് നീണ്ടുനിവർന്നുകിടക്കുന്ന റോഡ് കാണാം. നിരനിരയായി പോകുന്ന പട്ടാള വാഹനങ്ങൾ. ഒരു ഫ്ലാഗ് മാർച്ചിന്റെ മുഴക്കം’’.
‘‘ജനാലയിൽക്കൂടി പുറത്ത് നീണ്ടുനിവർന്നുകിടക്കുന്ന റോഡ് കാണാം. നിരനിരയായി പോകുന്ന പട്ടാള വാഹനങ്ങൾ. ഒരു ഫ്ലാഗ് മാർച്ചിന്റെ മുഴക്കം’’.

7.30 pm, രാത്രി അഭിമുഖങ്ങൾ.
വൈസ് ചാൻസലർ.
ബബിത ശർമ, എക്സ് മിസ്സ് നോർത്ത് ഈസ്റ്റ്.
ബിജോൺ, അസ്സാമീസ് നടൻ.

രാത്രി, യാത്രാവഴിയിൽ ഒരു STD ബൂത്തിൽ നിർത്തി മീനയോട് സംസാരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി STD ബൂത്തുകൾ കിട്ടുന്നുണ്ടായിരുന്നില്ല. രണ്ടു ദിവസമായി മോൾക്കു പനിയായിരുന്നു. ഇപ്പോൾ കുറവുണ്ട്. രാത്രി വളരെ വൈകി തിരികെ ഹോട്ടെലിലെത്തി.

(യാത്ര തുടരും).


Summary: Bollywood cameraman Muraleedharan CK's journey through Assam for a documentary on Poet, Singer and Music Director Bhupen Hazarika's life - Part 2.


മുരളീധരൻ സി.കെ.

എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാർ, ത്രീ ഇഡിയറ്റ്സ്, പികെ, മോഹൻജാദാരോ, പാനി പഠ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാൻ.

Comments