പ്രൈമറി ക്ലാസ് മുതൽ കേട്ടുപഠിച്ച ഒരു നാടിന്റെ പേരാണ് ചിറാപുഞ്ചി. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമേത് എന്ന പതിവ് പ്രശ്നോത്തരിയുടെ ഉത്തരമായാണ് ചിറാപുഞ്ചി ഓർമയിൽ ഇടം പിടിച്ചത്. ചിറാപുഞ്ചിക്ക് ആ പദവി ഇപ്പോഴില്ല. ചിറാപുഞ്ചിയിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ദൂരെയുള്ള മൗസിൻറാം എന്ന പ്രദേശത്താണിപ്പോൾ ഇന്ത്യയിൽ ഏറ്റവുമേറെ മഴ ലഭിക്കുന്നത്. മേഘാലയയിലൂടെ കറങ്ങുമ്പോൾ ചിറാപുഞ്ചി കാണണം എന്ന് തീരുമാനിച്ചത്, ഓർമകളിൽ പെയ്തു കൊണ്ടിരുന്ന ആ പേർ കാരണം മാത്രമാണ്. ചില പേരുകൾക്ക് അങ്ങനെ ഒരു വശീകരണ ശക്തിയുണ്ടെന്ന് പറയുന്നത് വെറുതെയല്ല.
ലോകത്തിന്റെ നെറുകയിൽ, ഭൂമിയെ തൊട്ടുനിൽക്കുന്ന മേഘക്കൂമ്പാരങ്ങളുടെ നാട്. മേഘങ്ങളുടെ ആലയമാണു മേഘാലയമെങ്കിൽ ചിറാപുഞ്ചിയാണ് ആ പേരിനെ അന്വർത്ഥമാക്കുന്നത്. എപ്പോഴും ശ്യാമമേഘങ്ങളാൽ ആവൃതമായിരിക്കുന്ന കുന്നുകൾ. കുന്നിൻ മുകളിൽ ഒട്ടും തിരക്കില്ലാത്ത ഒരു ചെറിയ നഗരം. ചിറാപുഞ്ചി ഇന്നറിയപ്പെടുന്നത് സോഹ്‌റ എന്നാണ്. അവിടെ ബസ് ഗതാഗതം ദുർലഭമാണ്. ഗുവാഹത്തിയിൽ നിന്ന് 143 കിലോമീറ്റർ ടാക്സിയിൽ സഞ്ചരിച്ചാണ് ഞങ്ങൾ സോഹ്‌റയിൽ എത്തിയത്.
ചുരങ്ങളിലെ മൂടൽമഞ്ഞും പ്രകൃതിയുടെ മാന്ത്രിക നൃത്തവും ഷില്ലോങ്ങിൽ നിന്ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയെ അവിസ്മരണീയമാക്കുന്നു. നീലാകാശം തുറന്നു തരുന്ന താഴ്‌വരകളുടെ വിദൂര ദൃശ്യങ്ങൾ മിന്നി മറയുന്നു. അതുകഴിഞ്ഞ് ഒരു മന്ത്രവാദം പോലെ, കനത്ത മൂടൽമഞ്ഞ് മലയിടുക്കുകളിലൂടെ വെളുത്ത പുഴയായി ഒഴുകിയിറങ്ങി നമ്മെ ഒറ്റപ്പെടുത്തുന്നു. ഈ ക്ഷണികമായ കാലാവസ്ഥാ മാറ്റങ്ങളാണ് ചിറാപുഞ്ചിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. മലയിടുക്കുകൾക്കിടയിലൂടെ നോക്കുമ്പോൾ താഴെ ബംഗ്ലാദേശിന്റെ സമതലങ്ങൾ മേഘങ്ങൾക്കിടയിൽ ഒരു ചിത്രത്തിലെന്നപോലെ തെളിഞ്ഞു വരുന്നത് കാണാം. പാറക്കെട്ടുകളിലൂടെ വെള്ളിച്ചീളുകൾ പോലെ പതിനായിരം കൈവഴികളായി ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങൾ. വ്യൂ പോയന്റുകളിൽ വണ്ടി നിർത്തി ഞങ്ങൾ കാഴ്ചകളിൽ മുഴുകി.

ചിറാപുഞ്ചിയിലെ ഗോത്രജനത
ചിറാപുഞ്ചിയിൽ അപൂർവ്വമായ ഒരു ഗോത്രജനതയുണ്ട്, ഖാസികൾ. അതിശയിപ്പിക്കുന്ന സാമൂഹ്യവ്യവസ്ഥ പിന്തുടരുന്ന ഒരു ജനതയാണ് ഖാസികൾ. ഞങ്ങളുടെ ടാക്സി ഡ്രൈവർ ഹെൻസൻ സിംലെയ് എന്ന യുവാവ് ഖാസിയായിരുന്നു. അയാളുമായുള്ള കുശലമാണ് ഖാസി ഗോത്രത്തിന്റെ അനന്യ സംസ്കാരങ്ങളിലേക്കുള്ള താക്കോലായത്. ഹെൻസൻ സിംലെയ് എന്ന പേരിനെ കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: "സിംലെയ് എന്നത് എന്റെ അമ്മയുടെ പേരാണ്. അമ്മയുടെ പേരാണ് കുട്ടികൾക്ക് ലഭിക്കുന്നത്; അച്ഛന്റെയല്ല. എന്റെ കുഞ്ഞുങ്ങൾക്ക് എന്റെ ഭാര്യയുടെ പേരാണ് സർ നെയിം ആയി ഉണ്ടാകുക. ഇതാണ് ഖാസി പാരമ്പര്യം". ആ ചർച്ച നീണ്ടു പോയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. ഖാസി ഗോത്രം ഇന്ത്യയിൽ മാതൃദായക്രമം പിന്തുടരുന്ന അപൂർവ്വ ജനതയാണ്.
കുടുംബ വ്യവസ്ഥയിൽ സ്ത്രീകൾക്കാണ് പ്രാധാന്യം. പുരുഷനെയാണ് ഇവിടെ കല്യാണം കഴിച്ച് 'അയക്കുന്നത്'. വിവാഹ ശേഷം ഭർത്താവ് ഭാര്യയുടെ വീട്ടിലാണ് കഴിയേണ്ടത്. നമ്മുടെ നാട്ടിൽ ചില വിഭാഗങ്ങൾ അനുവർത്തിക്കുന്ന മരുമക്കത്തായത്തിന് സമാനമായ സമ്പ്രദായമാണിത്. ഈ വ്യവസ്ഥയിൽ സ്വത്തവകാശവും സ്ത്രീക്കാണ്. ഇളയ മകൾക്കാണ് തറവാട് പാരമ്പര്യമായി കിട്ടുന്നത്. അവളായിരിക്കും വീടിന്റെയും ഗോത്രത്തിന്റെയും മേൽനോട്ടക്കാരി. ഈ നിയമങ്ങൾ ഖാസി സ്ത്രീകളെ വീട്ടിലെ രാജ്ഞിമാരാക്കി മാറ്റുന്നു. സാമ്പത്തിക വിഷയങ്ങളിലും, കുടുംബപരമായ കാര്യങ്ങളിലും അവരുടെ വാക്കായിരിക്കും അന്തിമം. അതുകൊണ്ട് ഖാസി സ്ത്രീകൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരും സാമ്പത്തിക സ്വാശ്രയത്വമുള്ളവരുമാണ്. മേഘാലയയുടെ സാക്ഷരതാ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്ന് ഓർക്കണം. ഇതിൽ ഖാസി സമൂഹത്തിന്റെ പങ്ക് വലുതാണ്.
READ: സാലബേഗിന്റെ ഖബറിടമുള്ള പുരി, വർണ്ണക്കാഴ്ചകളുടെ പിപ്പിലി
മാതൃദായക്രമമാണ് പിന്തുടരുന്നതെങ്കിലും, വിവാഹ ചടങ്ങുകളിൽ ഇരു കുടുംബങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. പുരുഷന്റെ കുടുംബമാണ് സ്ത്രീധനം നൽകുന്നത് (ചില പ്രദേശങ്ങളിൽ). വിവാഹം ഒരു താൽക്കാലിക ബന്ധമായിട്ടല്ല, മറിച്ച് ഗോത്രങ്ങൾ തമ്മിലുള്ള ഒരു ഉടമ്പടിയായിട്ടാണ് ഇവർ കാണുന്നത്. ഖാസി ജനതയിൽ സ്ത്രീകൾക്ക് കിട്ടുന്ന പ്രിവിലേജ് അതിശയിപ്പിക്കുന്നത് തന്നെ. എന്നാൽ ഇതിന്ന് ഒരു മറുവശവുമുണ്ടെന്നാണ് ഹെൻസൻ പറയുന്നത്: "നിങ്ങൾക്കറിയാമോ, നിയമപരമായി സ്വത്തവകാശമില്ലാത്തതിനാൽ ഖാസി പുരുഷന്മാർക്ക് എന്നും 'അതിഥികളായി' കഴിയേണ്ട ഗതിയാണ്. വിവാഹം കഴിക്കുന്നതോടെ സ്വന്തം വീട്ടിൽ നിന്ന് പുറത്താകുന്നു. സ്വന്തം എന്ന് പറയാൻ ഒരിടമില്ലാതാകുന്നു". ചിറാപുഞ്ചിയിൽ സഞ്ചരിക്കുന്നതിനിടെ മറ്റ് പലരുമായും ഖാസി ഗോത്ര വ്യവസ്ഥിയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഈ അടുത്തായി അവിടെ ഖാസി യുവാക്കളുടെ ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. എസ് ആർ ടി (Syngkhong Rympei Thymmai - SRT) എന്നാണതിന്റെ പേർ. പുരുഷന്മാർക്കും സമൂഹത്തിൽ തുല്യാവകാശം വേണം എന്നാണവർ വാദിക്കുന്നത്. ഏറ്റവും ഇളയ മകൾക്ക് പ്രധാന അവകാശം നൽകുന്ന സമ്പ്രദായം മാറി, പുരുഷനും സ്വത്തിൽ തുല്യാവകാശങ്ങൾ നൽകണം. കുടുംബ പേരിൽ അമ്മയ്ക്കൊപ്പം അച്ഛന്റെയും പേർ ചേർക്കണം, വിവാഹശേഷം ഭാര്യയുടെ വീട്ടിലേക്ക് പോകുന്ന പുരുഷന്, അവിടെ "അതിഥി" എന്ന സ്ഥാനത്തിന് പകരം, ഗൃഹനാഥൻ എന്ന നിലയിൽ തുല്യമായ അധികാരവും അന്തസ്സും നൽകണം, വിവാഹബന്ധം വേർപെടുമ്പോൾ പുരുഷന്മാർ അനുഭവിക്കുന്ന സാമൂഹികവും നിയമപരവുമായ അരക്ഷിതാവസ്ഥക്ക് അറുതി വരുത്തണം തുടങ്ങിയവയാണ് ഈ സംഘടനയുടെ ആവശ്യങ്ങൾ. ഖാസി ഹിൽസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ (KHADC) കീഴിലാണ് ഖാസി ഗോത്ര നിയമങ്ങൾ വരുന്നത്. ഈ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തണം എന്നും നിയമങ്ങൾ പരിഷ്കരിക്കണം എന്നും സംഘടന ആവശ്യപ്പെടുന്നു. ഇതിന്ന് വേണ്ടി നിയമസഭയിലും നീതിന്യായ വ്യവസ്ഥയിലും ഇവർ സമ്മർദ്ദം ചെലുത്തി വരികയാണ്. പിതൃദായ ക്രമം നടപ്പാക്കുക ആണോ നിങ്ങളുടെ ആവശ്യം എന്ന് ചോദിച്ചപ്പോൾ ഒരു എസ് ആർ ടി അനുഭാവി പറഞ്ഞത് അല്ല എന്നാണ്. മറിച്ച് തുല്യദായ ക്രമവും അന്തസുമാണ് അവർ ആവശ്യപ്പെടുന്നത്.
അതേസമയം, ഈ സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങൾ സ്ത്രീ സംഘടനകൾ അനുകൂലിക്കുന്നില്ല. ഗോത്ര നിയമങ്ങൾ സംരക്ഷിക്കണം എന്ന് വാദിക്കുന്ന പാരമ്പര്യ ഗോത്ര നിയമ സംരക്ഷകരും ഇവരെ എതിർക്കുന്നു. ഇന്ത്യയിൽ ഒരു ഗോത്ര ജനതയിൽ എങ്കിലും മാതൃദായക്രമം നിലനിൽക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. ഖാസി സമൂഹത്തിന്റെ രാഷ്ട്രീയ നേതൃപദവികളിൽ ഇരിക്കുന്നവർ ആരാണെന്ന് അന്വേഷിച്ച് ചെന്നതോടെ സങ്കീർണ്ണമായ മറ്റൊരു ചിത്രമാണ് തെളിഞ്ഞത്.

രാഷ്ട്രീയ അധികാര പദവികളിൽ പുരുഷൻ തന്നെ
പൊതുഭരണത്തിലും പരമ്പരാഗത രാഷ്ട്രീയ സ്ഥാപനങ്ങളിലും പുരുഷാധിപത്യപരമായ (Patriarchal) ഘടനയാണ് ഖാസികളിലും ചരിത്രപരമായി നിലനിൽക്കുന്നത്. ഡോർബാർ ശില്ലോങ് (Durbar Shnong) ആണ് ഗ്രാമതലത്തിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭരണസമിതി. ഗ്രാമത്തിലെ നിയമങ്ങളും ആചാരങ്ങളും നടപ്പാക്കുക, തർക്കങ്ങൾ പരിഹരിക്കുക എന്നിവയാണ് ഇതിന്റെ ചുമതല. ഇതിലെ എല്ലാ അംഗങ്ങളും (Syiem, Lyngdoh, Sirdar, Waheh Shnong തുടങ്ങിയ തലവൻമാരെല്ലാം) പൊതുവ പുരുഷന്മാരായിരിക്കും.
സ്ത്രീകൾക്ക് ഡോർബാറുകളിൽ വോട്ടവകാശം ഉണ്ടെങ്കിലും അതിന്റെ തീരുമാനമെടുക്കുന്ന പദവികളിൽ അംഗങ്ങളാകാൻ പരമ്പരാഗതമായി അനുവാദമില്ല. മേഘാലയയിൽ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം രൂപീകരിച്ച സ്ഥാപനമാണ് ഖാസി ഹിൽസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (KHADC). ഗോത്ര നിയമങ്ങൾ സംരക്ഷിക്കുകയും പ്രാദേശിക വികസന കാര്യങ്ങൾ കൈകാര്യം ചെയ്യുകയുമാണ് ഇതിന്റെ പ്രധാന ചുമതല. ഇത് ഒരു തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ്. KHADC-യിലും രാഷ്ട്രീയ അധികാര സ്ഥാനങ്ങളിലും പുരുഷാധിപത്യമാണ് നിലനിൽക്കുന്നത്. ഇതിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ഗോത്രവ്യവസ്ഥയിൽ സ്ത്രീകളെ അധികാര സ്ഥാനങ്ങളിൽ നിരുത്സാഹപ്പെടുത്തുന്ന സമീപനം കൊണ്ടാണവർ മൽസര രംഗത്ത് പുറന്തള്ളപ്പെടുന്നത് എന്ന് സ്ത്രീകൾക്ക് പരാതിയുണ്ട്. അതിനാൽ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കുറവാണ്. എങ്കിലും സമീപകാല തിരഞ്ഞെടുപ്പുകളിൽ ചില വനിതാ സ്ഥാനാർത്ഥികൾ വിജയിച്ച് കൗൺസിലർമാരായിട്ടുണ്ട്. പക്ഷെ വളരെ നാമമാത്രമായ സ്ത്രീ പ്രാതിനിധ്യമേ അത്തരം ബോഡികളിൽ ഇന്നുമുള്ളൂ. ഉദാഹരണത്തിന്, 2019-ലെ തിരഞ്ഞെടുപ്പിൽ KHADC-യിൽ 29 കൗൺസിലർമാരിൽ 28 പേരും പുരുഷന്മാരാണ്. ഒരാൾ മാത്രമാണ് വനിത. കുടുംബത്തിൽ നിർണായകമായ അധികാരവും സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഖാസി സ്ത്രീകൾ സാമൂഹ്യ, രാഷ്ട്രീയ അധികാര രംഗങ്ങളുടെ കാര്യത്തിൽ മറ്റ് എവിടെയുമെന്ന പോലെ അവഗണിക്കപ്പെടുക തന്നെയാണ്.
ചിറാപുഞ്ചിയിൽ നിന്ന് മടങ്ങുമ്പോൾ രാജ്യത്തിന്റെ വൈവിധ്യങ്ങളെ കുറിച്ച് ഓർക്കുകയായിരുന്നു. ഈ നാടിന്റെ പാരമ്പര്യങ്ങളും സംസ്കാരങ്ങളും നിയമങ്ങളും ഏതെങ്കിലും ലളിതമായ സൂത്രവാക്യങ്ങൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. വിശേഷിച്ച് ഗോത്ര സമൂഹങ്ങൾ ജീവിക്കുന്ന നോർത്ത് ഈസ്റ്റ്. സങ്കീർണമാണ് അതിന്റെ സാംസ്കാരിക ഭൂമിക.







