യാത്ര ലേഡീസ് ഓൺലി

ലേഡീസ് ഓൺലി ട്രാവൽ ഗ്രൂപ്പുകൾ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തരം യാത്രാ ഗ്രൂപ്പുകളിലൂടെ ഒട്ടനേകം സ്ത്രീകൾ തങ്ങൾക്കിഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു തുടങ്ങിയിരിക്കുന്നു. അത്തരം സംഘങ്ങളി​ലെ സ്ത്രീയാത്രികരുടെ അനുഭവങ്ങളിലൂടെ.

നൂറ്റാണ്ടുകളോളം യാത്രകളും സഞ്ചാര സാഹിത്യവും പുരുഷന്റെ കുത്തകയായിരുന്നു. സ്ത്രീയുടെയും പുരുഷന്റെയും പ്രവർത്തന മണ്ഡലങ്ങൾ വ്യത്യസ്തമാണെന്ന് പ്രഖ്യാപിച്ച പുരുഷാധിപത്യ സമൂഹം, പുറംലോകവും യാത്രകളും പുരുഷന്റേതു മാത്രമായി തീറെയെഴുതിയപ്പോൾ, സ്ത്രീകൾ വീടിന്റെ അകത്തളങ്ങളിൽ മാത്രമായി ഒതുങ്ങി. ഭൂരിഭാഗം സ്ത്രീകളുടെയും യാത്രകൾ ബന്ധുജനങ്ങളുടെ വീടുകളിലേക്കും കൂടിപ്പോയാൽ ജോലി സ്ഥലങ്ങളിലേക്കും ഒതുങ്ങിയപ്പോൾ പുരുഷൻമാർ യാത്രാപ്രേമികളായി വിലസി. സമൂഹം വില കല്പിക്കുന്ന ഒരു ഉദ്ദേശ്യലക്ഷ്യമില്ലാതെ സ്വന്തം സന്തോഷത്തിന് യാത്ര ചെയ്യുന്ന സ്ത്രീ എന്ന സങ്കൽപം നൂറ്റാണ്ടുകളോളും ലോകത്തെങ്ങുമുള്ള സംസ്കാരങ്ങൾക്ക് അന്യമായിരുന്നു എന്നതാണ് വാസ്തവം.

കുടുംബത്തോടൊപ്പമോ ഭർത്താവിനെ അനുഗമിച്ചോ സ്ത്രീകൾ യാത്ര ചെയ്തിരുന്നു. പക്ഷേ യാത്രാക്കമ്പം കൊണ്ട്, യാത്ര ചെയ്യുന്ന സ്ത്രീ എന്ന സങ്കൽപം പരക്കെ അംഗീകരിക്കപ്പെട്ട ഒന്നായിരുന്നില്ല. എന്നാൽ ഇന്ന് ഒരുപാട് മാറ്റങ്ങളുണ്ടായിരിക്കുന്നു. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ഒരു അത്ഭുതക്കാഴ്ചയല്ലാതായിക്കഴിഞ്ഞു. ഇന്ത്യക്കകത്തും പുറത്തുമായി ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് ജന്റർ വ്യത്യാസമില്ലാതെ പുതുതലമുറയ്ക്ക് ആവേശം പകരുന്നുണ്ട്. പല കാരണങ്ങളാൽ ഒറ്റക്ക് യാത്ര ചെയ്യാൻ താല്പര്യ​പ്പെടാത്ത, സാധിക്കാത്ത വലിയ വിഭാഗം സ്ത്രീകളുണ്ട്. സ്വന്തമായി എന്തെങ്കിലും വരുമാനമുള്ള യാത്രാ കമ്പക്കാരായ ഇത്തരം സ്ത്രീകളുടെ പ്രധാന ആശ്രയം ട്രാവൽ ഗ്രൂപ്പുകളാണ്.

സ്ത്രീകൾക്ക് മാത്രമായുള്ള യാത്രാ ഗ്രൂപ്പുകളിലൂടെയും സാമാന്യമായ മറ്റു യാത്രാ ഗ്രൂപ്പുകളിലൂടെയും ഒട്ടനേകം സ്ത്രീകൾ തങ്ങൾക്കിഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു തുടങ്ങിയിട്ടുണ്ട്./photo: Appooppanthaadi
സ്ത്രീകൾക്ക് മാത്രമായുള്ള യാത്രാ ഗ്രൂപ്പുകളിലൂടെയും സാമാന്യമായ മറ്റു യാത്രാ ഗ്രൂപ്പുകളിലൂടെയും ഒട്ടനേകം സ്ത്രീകൾ തങ്ങൾക്കിഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു തുടങ്ങിയിട്ടുണ്ട്./photo: Appooppanthaadi

കുറച്ചു വർഷങ്ങളിലായി രൂപം കൊണ്ടിട്ടുള്ള ലേഡീസ് ഓൺലി ട്രാവൽ ഗ്രൂപ്പുകൾ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.  സ്ത്രീകൾക്ക് മാത്രമായുള്ള ഇത്തരം യാത്രാ ഗ്രൂപ്പുകളിലൂടെയും സാമാന്യമായ മറ്റു യാത്രാ ഗ്രൂപ്പുകളിലൂടെയും ഒട്ടനേകം സ്ത്രീകൾ തങ്ങൾക്കിഷ്ടമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു തുടങ്ങി. ലോക്കൽ യാത്രകളിൽ തുടങ്ങി അന്തർദേശീയ യാത്രകളിൽ വരെ എത്തിനിൽക്കുന്നു ഇത്.

എഴുത്തുകാരിയായ വിർജിനിയ വുൾഫ് പറഞ്ഞതു പോലെ, സാമ്പത്തിക ഭദ്രത ഒരു സ്ത്രീക്ക്  അനവധി സൗകര്യങ്ങൾ തുറന്നുകൊടുക്കും. അതിൽ തന്നെ ഏറ്റവും മാസ്മരികമായ ഒന്നാണ് യാത്രാനുഭവങ്ങൾ. സോഷ്യൽ മീഡിയാ തരംഗവും ജീവിതം എത്രത്തോളം നൈമിഷികമാണെന്ന കോവിഡാനന്തര തിരിച്ചറിവും മലയാളികളുടെ യാത്രയെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ സാമാന്യമായി മാറ്റിമറിച്ചിട്ടുണ്ട്. ഈ അവസ്ഥയെ മുതലെടുത്താണ് പല യാത്രാ ഗ്രൂപ്പുകളും രൂപം കൊണ്ടിട്ടുള്ളതെങ്കിൽ കൂടിയും ഇവ മൂലമുള്ള പോസിറ്റീവ് മാറ്റങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല.

ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പുരുഷൻ നമുക്കൊരു കൗതുക കാഴ്ചയേയല്ല. ജീവിതപങ്കാളിയുടെ യാത്രയിലെ താല്പര്യവും താല്പര്യമില്ലായ്മയും പുരുഷന്റെ യാത്രകളെ ഒരു പരിധിക്കപ്പുറത്തേക്ക് ബാധിക്കാറുമില്ല. 

അപ്പൂപ്പൻ താടി, സൃഷ്ടി, ലേഡി റോവേഴ്സ് എന്നിങ്ങനെ പോകുന്നു സ്ത്രീകൾക്കായി യാത്രനുഭവങ്ങൾ തയ്യാറാക്കുന്ന യാത്രാ ഗ്രൂപ്പുകളുടെ നിര. വിദ്യാർത്ഥിനികൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഈ യാത്രാ സംരംഭങ്ങളുടെ സഹായം തേടുന്നുണ്ട്. ഒരൊറ്റ ദിവസത്തെ ദൈർഘ്യം മാത്രമുള്ള യാത്രകൾ മുതൽ രണ്ടാഴ്ചയിൽ കൂടുതലുള്ള അന്താരാഷ്ട്ര യാത്രകൾ വരെ ഉണ്ടിതിൽ. ട്രെക്കിങ്, അഡ്വഞ്ചർ സ്പോർട്സ്, നഗരക്കാഴ്ചകൾ, ഗ്രാമങ്ങളിലേക്കുള്ള യാത്രകൾ എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ ‘ലേഡീസ് ഓൺലി’ യാത്രാ ഗ്രൂപ്പുകൾ മുന്നോട്ടു വയ്ക്കുന്നത്. യാത്ര ചെയ്യാൻ മോഹമുണ്ടെങ്കിലും ഒറ്റക്ക് യാത്ര ചെയ്യാനുള്ള ഭയവും പരിചയക്കുറവും തുടങ്ങി സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പുകൾ നൽകുന്ന സുരക്ഷാബോധവും വരെ പല കാരണങ്ങളാൽ ഇത്തരം ഗ്രൂപ്പുകളിൽ എത്തിച്ചേരുന്നവരാണ് അധികവും. സ്ത്രീകളുടെ യാത്രകളെ നിരുത്സാഹപ്പെടുത്തുന്ന പ്രധാന ഘടകം സുരക്ഷാഭീതി തന്നെയാണ്.

വിർജിനിയ വുൾഫ് പറഞ്ഞതു പോലെ, സാമ്പത്തിക ഭദ്രത സ്ത്രീക്ക്  അനവധി സൗകര്യങ്ങൾ തുറന്നുകൊടുക്കും. അതിൽ ഏറ്റവും മാസ്മരികമായ ഒന്നാണ് യാത്രാനുഭവങ്ങൾ.
വിർജിനിയ വുൾഫ് പറഞ്ഞതു പോലെ, സാമ്പത്തിക ഭദ്രത സ്ത്രീക്ക്  അനവധി സൗകര്യങ്ങൾ തുറന്നുകൊടുക്കും. അതിൽ ഏറ്റവും മാസ്മരികമായ ഒന്നാണ് യാത്രാനുഭവങ്ങൾ.

മാറിവരുന്ന സാമൂഹ്യ സാഹചര്യത്തിലേക്ക് സ്ത്രീകളുടെ യാത്രകൾ വിരൽ ചൂണ്ടുന്നുണ്ടോ എന്നത് ചർച്ചകൾ ആവശ്യപ്പെടുന്ന പ്രസക്തമായ ചോദ്യമാണ്.  ഒരു ‘ലേഡീസ് ഓൺലി’ യാത്രയിൽ പങ്കാളിയാകാനുള്ള ഭാഗ്യം എനിക്കുമുണ്ടായി. എന്താണ് എന്റെ സഹയാത്രികരെ ഇതിലേക്കാകർഷിച്ചത് എന്നറിയാനുള്ള ആഗ്രഹം കാരണം ഓരോരുത്തരോടും ഞാനത് ചോദിച്ചു. ഇത്തരം ഗ്രൂപ്പുകളെ പരമാവധി ഉപയോഗപ്പെടുത്തിയ, 62 വയസ്സുകാരിയായ അനിത പറഞ്ഞത്, മക്കളെല്ലാം വിവാഹിതരായി, അവർക്കു കുടുംബമായി, ഇനി തനിക്ക് യാത്ര ചെയ്യാനുള്ള കാലമാണ് എന്നാണ്.
കുടുംബം, വിവാഹം തുടങ്ങിയ പുരുഷാധിപത്യ സ്ഥാപനങ്ങൾ സ്ത്രീകളെ വീട്ടിൽ തളച്ചു നിർത്തുമ്പോൾ, സമൂഹം സ്ത്രീയുടെ മാത്രം കടമകൾ എന്ന് മുദ്ര കുത്തിയ കടമകൾ നിറവേറ്റി എന്നുറപ്പിച്ചതിനുശേഷം മാത്രമേ യാത്രക്കിറങ്ങാൻ ഒരാൾക്ക് സാധിക്കുന്നുള്ളൂ എന്നത് എത്ര ഭീകരമായ അവസ്ഥയാണ്. നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ 62ാം വയസ്സിൽ അവർക്ക് ഇത്തരം ചട്ടക്കൂടുകൾ ഒരു വശത്തേക്ക് തള്ളിനീക്കാനായി എന്നതുപോലും ഒരു വലിയ കാര്യമായി അടയാളപ്പെടുത്തേണ്ടതാണ്.

വീട്ടുകാരോ കുട്ടികളോ ഇല്ലാതെ നല്ല ഭക്ഷണം കഴിക്കുന്നതോ സിനിമയ്ക്കു പോകുന്നതോ ചെയ്യരുതാത്ത ഒരു കാര്യമായി കരുതുന്ന പൊതുബോധത്തെ ലംഘിച്ചും നിഷേധിച്ചും കുറച്ചെങ്കിലും മുന്നോട്ടുവരാൻ സ്ത്രീകൾ വളർന്നിരിക്കുന്നു.
വീട്ടുകാരോ കുട്ടികളോ ഇല്ലാതെ നല്ല ഭക്ഷണം കഴിക്കുന്നതോ സിനിമയ്ക്കു പോകുന്നതോ ചെയ്യരുതാത്ത ഒരു കാര്യമായി കരുതുന്ന പൊതുബോധത്തെ ലംഘിച്ചും നിഷേധിച്ചും കുറച്ചെങ്കിലും മുന്നോട്ടുവരാൻ സ്ത്രീകൾ വളർന്നിരിക്കുന്നു.

മക്കളുടെ വിദ്യാഭ്യാസം, വിവാഹം, കുടുംബം എന്നിവയൊക്കെ മറ്റാരേക്കാളും സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്നു. 35 വയസ്സുകാരി സീന പറയുന്നു; 'ഭർത്താവിന് യാത്ര ഇഷ്ടമേയല്ല. നിർബന്ധിച്ചുകൊണ്ടുപോയാൽ ഞാനാഗ്രഹിച്ച പോലെ ഒന്നും നടക്കില്ല. ഇപ്പോൾ ഞാൻ ഇത്തരം ഗ്രൂപ്പിന്റെ കൂടെ പോകുമ്പോൾ ഞാനും ഹാപ്പി, പുള്ളിയും ഹാപ്പി".
ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പുരുഷൻ നമുക്കൊരു കൗതുക കാഴ്ചയേയല്ല. ജീവിതപങ്കാളിയുടെ യാത്രയിലെ താല്പര്യവും താല്പര്യമില്ലായ്മയും പുരുഷന്റെ യാത്രകളെ ഒരു പരിധിക്കപ്പുറത്തേക്ക് ബാധിക്കാറുമില്ല. എന്നാൽ സ്ത്രീകളുടെ കാര്യം ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാകാറുണ്ട്. അച്ഛന്റെയോ പങ്കാളിയുടെയോ യാത്രാഭിനിവേശമില്ലായ്മ അവരുടെ യാത്രകളെ പ്രതികൂലമായി ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിക്ക് ഇത്തരം ഗ്രൂപ്പുകൾ സഹായമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

42 വയസ്സുകാരിയായ ലത സ്ത്രീകളുടെ കൂടെയുള്ള യാത്രകളെ വളരെ സ്നേഹിക്കുന്നയാളാണ്. അവർ പറയുന്നു; ‘‘മിക്സഡ് ട്രിപ്പുകൾ ഓക്കേ ആണ്. പക്ഷെ എനിക്ക് കൂടുതൽ ഇഷ്ടം ലേഡീസ് ട്രിപ്പുകളാണ്. സ്വാതന്ത്ര്യം കൂടുതലാണതിൽ’’.
സമൂഹം നിഷ്കർഷിക്കുന്ന ചുമതലകൾ പൂർത്തീകരിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ നഷ്ടപ്പെട്ടു പോകുന്ന സ്ത്രീയാത്രാനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയാണ് ഈ ഓരോ വാചകങ്ങളും. 

അച്ഛന്റെയോ പങ്കാളിയുടെയോ യാത്രാഭിനിവേശമില്ലായ്മ പല സ്ത്രീകളുടെയും യാത്രകളെ പ്രതികൂലമായി ബാധിക്കാറുണ്ട്.
അച്ഛന്റെയോ പങ്കാളിയുടെയോ യാത്രാഭിനിവേശമില്ലായ്മ പല സ്ത്രീകളുടെയും യാത്രകളെ പ്രതികൂലമായി ബാധിക്കാറുണ്ട്.

കുടുംബം, കുഞ്ഞുങ്ങൾ, അവരുടെ വിദ്യാഭ്യാസം, വീട്ടിലെ പ്രായമായവരെ പരിചരിക്കൽ എന്നീ കുരുക്കുകളിൽ കുടുങ്ങി സ്വന്തം ആഗ്രഹങ്ങൾ ബലികഴിക്കേണ്ടിവരുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് അനിത. സുരക്ഷയെ കുറിച്ചുള്ള ഭയം സ്ത്രീകളുടെ യാത്രഭിനിവേശത്തെ എത്രമാത്രം ബാധിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു ലത. സുരക്ഷയെ കുറിച്ചുള്ള ഭയം പേറാതെ, അതുകൊണ്ടുമാത്രം ഒരു പുരുഷനെ സഹയാത്രികനായി സ്വീകരിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥയിൽ നിന്നു മാറി, യാത്ര ചെയ്യാനൊരു അവസരം ലഭിച്ചതിൽ സന്തുഷ്ടരാണ് ഇത്തരം യാത്രാ ഗ്രൂപ്പുകളുടെ ആരാധകർ. നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥയെ ചെറിയ രീതിയിലെങ്കിലും തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമമായി ഒരു മുതലാളിത്ത തന്ത്രത്തെ പോലും ഉപയോഗിക്കാൻ സാധിക്കുന്നു എന്നത് ഒരു സാധ്യതയാണെന്നും അനുമാനിക്കാം.

സമ്പാദിക്കാൻ കഴിയുക എന്നതുമാത്രമല്ല, അത് ഇഷ്ടമുള്ള കാര്യങ്ങൾക്കായി ചെലവഴിക്കാൻ കൂടി സാധിക്കുക എന്നത് പരമപ്രധാനമാണ്. വീട്ടുകാരോ കുട്ടികളോ ഇല്ലാതെ നല്ല ഭക്ഷണം കഴിക്കുന്നതോ സിനിമയ്ക്കു പോകുന്നതോ ചെയ്യരുതാത്ത ഒരു കാര്യമായി കരുതുന്ന പൊതുബോധത്തെ ലംഘിച്ചും നിഷേധിച്ചും കുറച്ചെങ്കിലും മുന്നോട്ടുവരാൻ സ്ത്രീകൾ വളർന്നിരിക്കുന്നു എന്നത് ഒരു പ്രതീക്ഷയാണ്. 

(കുറിപ്പ്: സ്വകാര്യത ഉറപ്പാക്കുന്നതിനായി പേരുകൾ മാറ്റി ഉപയോഗിച്ചിരിക്കുന്നു)

Comments