മരണമില്ലാത്തത് എന്ത് എന്നതിന് ഒരുത്തരമേയുള്ളൂ; സെമിത്തേരികൾ.
മരണത്തിന്റേയും മരിച്ചവരുടെയും പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഓരോ സെമിത്തേരിയും ലോകാവസാനം വരേക്കും ഓർമിക്കപ്പെടും.
എല്ലാം അനശ്വരമാണ് എന്നു വിചാരിച്ച് ജീവിതം ആഘോഷമാക്കിയവർ മരിച്ചുമണ്ണടിഞ്ഞേക്കാം. വെട്ടിപ്പിടിച്ചതും കീഴടക്കിയതും കടപുഴകിയേക്കാം. അവനവനുവേണ്ടിയുള്ള യുദ്ധത്തിലൂടെ പിടിച്ചടക്കുന്ന പ്രണയത്തിന്റെ മഴവിൽനിറങ്ങളും തൂർന്നുപോയേക്കാം. അധികാരത്തിന്റെ കൊടിപ്പടം മുറിഞ്ഞുവീണേക്കാം. എന്റെ, എന്റെയെന്ന് ആർത്തി പിടിച്ചതൊക്കെ നശിച്ചുപോയേക്കാം. എന്നാൽ, ആരും ഇഷ്ടപ്പെടാത്ത സെമിത്തേരി കാലത്തിന്റെ ഫോസിലുകളെ തുറന്നുവയ്ക്കുന്നു.
ഇനിയും പൂർണമായി മണ്ണടിഞ്ഞില്ലാത്ത അറിവുകളുടെ ഫോസിലുകൾ നിരത്തുന്ന ഒരു സെമിത്തേരിയേ ഉളളൂ ഇന്ത്യയിൽ. ഒരു പക്ഷെ, ഇന്ത്യയിലെ ഏക ജീവിക്കുന്ന സെമിത്തേരി.
എന്നാൽ എല്ലാ സെമിത്തേരിയും മരിച്ചവരുടെ മാത്രം ഓർമപ്പുസ്തകമല്ല.
കാലത്തിന്റെ കൊടുങ്കാറ്റുകളിൽ കോട്ടകൊത്തളങ്ങൾ അടർന്നുപോയിട്ടും ബാക്കിനിൽക്കുന്ന സംസ്‌കാരത്തിന്റെ അടയാളങ്ങളാവാം. ഒരു കാലം ജീവൻ തുടിച്ചുനിന്നതിന്റെ ജൈവതുടിപ്പുകളാവാം. ഇന്നത്തേത്, സമകാലികം എന്നൊക്കെയുള്ള പാഴ്‌ബോധങ്ങളിൽ പടുത്തുകെട്ടിയ അഹങ്കാരങ്ങളുടെ ഉടുത്തുകെട്ടുകൾ അഴിക്കുന്ന ഓർമപ്പെടുത്താലാവാം. കാലം കടഞ്ഞെടുത്ത അറിവുകളുടെ ആയുധപ്പുരകളാവാം. ഞങ്ങൾ, ഞങ്ങൾ മാത്രമെന്ന നെഞ്ചൂക്കിനെ ഇല്ലാതാക്കിക്കളയുന്ന ചരിത്രപാഠങ്ങളാവാം.
ഇനിയും പൂർണമായി മണ്ണടിഞ്ഞില്ലാത്ത അറിവുകളുടെ ഫോസിലുകൾ നിരത്തുന്ന ഒരു സെമിത്തേരിയേ ഉളളൂ ഇന്ത്യയിൽ. ഒരു പക്ഷെ, ഇന്ത്യയിലെ ഏക ജീവിക്കുന്ന സെമിത്തേരി. മറ്റു രണ്ടെണ്ണമുള്ളത് അയൽപ്പക്കത്തെ പാക്കിസ്ഥാനിൽ. ജീവിക്കുന്ന സെമിത്തേരിയോ എന്നു സംശയിക്കാൻ വരട്ടെ. എല്ലാ സെമിത്തേരിയും മരിച്ചവരുടെ ഉപേക്ഷിക്കപ്പെട്ട ഇടങ്ങളാണ് എന്ന തെറ്റിദ്ധാരണ മാറ്റാനെങ്കിലും ഒരിക്കലെങ്കിലും പോകണം, ജീവിക്കുന്ന സെമിത്തേരിയിലേക്ക്. ഗുജറാത്തിലെ ലോഥലിലേക്ക്.
കാലത്തിന്റെ കൊത്തുവേല
ലോഥലിൽ നമ്മെ കാത്ത്, നമ്മൾ നാളിതുവരെ കണ്ടറിഞ്ഞിട്ടുള്ള ജീവിതത്തിന്റെ മഴവില്ലുടഞ്ഞു പടർന്ന നിറക്കൂട്ടുകളില്ല. നമ്മൾ അറിഞ്ഞ മണമോ സ്പർശമോ രുചിയോ കാഴ്ചയോ തരുന്ന ഇന്ദ്രിയസാക്ഷ്യങ്ങളില്ല. എടുപ്പുകുതിരകളെ പോലെ നിൽക്കുന്ന പാരമ്പര്യഘോഷണത്തിന്റെ കൃത്രിമ ഔന്നത്യങ്ങളില്ല. ആകാശം തുളച്ചുനിൽക്കുന്ന, പോയ മനുഷ്യകാലത്തിന്റെ ഇൻസ്റ്റലേഷനുകൾ കാണില്ല. ആരുടേയും നെഞ്ചുവിരിപ്പിന്റെ ഊറ്റങ്ങൾ കേൾക്കാനില്ല. ആർക്കും ജയ് വിളിക്കുന്ന സാമാന്യപ്പരിഷകളുടെ കണ്ണുകെട്ടിയ വിധേയത്വമില്ല.
പോയതിനെ ജീവിപ്പിച്ചുനിർത്തുന്ന ഓർമകളായി, നഷ്ടപ്പെട്ടതിനെ സൂക്ഷിച്ചുവയ്ക്കുന്ന ഫോസിലുകളായി ഒരു ലോഥൽ. അതുകൊണ്ട് ലോഥൽ എന്നതു വെറും ഒരു സ്ഥലപ്പേര് മാത്രമാവുന്നില്ല
പിന്നെയെന്താണ്, പഴമയെ ഉദ്ഖനനം ചെയ്‌തെടുത്ത കാലത്തിന്റെ കുറെ കൊത്തുവേലകൾ കാണാനാണോ ലോഥലിലേക്ക് പോകേണ്ടത്. ഇങ്ങനെയായിരുന്നു, അങ്ങനെയായിരുന്നു തുടങ്ങിയ വ്യാജമായ മേനിനടിപ്പിന്റെ തൊട്ടാൽ പൊടിയുന്ന മൺപുറ്റുകൾ കാണുന്നതിനാണോ. എന്റെയെന്നതിനെ നമ്മളെന്നു വായിക്കുന്നതിന്റെ വ്യാജസ്തുതി കേൾക്കുന്നതിനാണോ. നമ്മളൊരു കാലം ലോകം അടക്കിവാണിരുന്നെന്ന വാഴ്ത്തുകളെ വീണ്ടും പുതുക്കി ഇല്ലാതിരുന്ന ഒരു ലോകാധികാരത്തിന്റെ കിരീടവും ചെങ്കോലും ഓർമയിൽ വീണ്ടും കുത്തിവയ്ക്കുന്നതിനോ. ഞാനെന്നു കേട്ടാൽ കോൾമയിർ കൊള്ളണമെന്നു വീണ്ടും ഓർക്കാനോ?
ഇതൊന്നുമല്ല എന്നാൽ, ലോഥൽ.
അതു കാലം പിന്നിടുന്ന മനുഷ്യന്റെ ആറാം ഇന്ദ്രിയമാണ്.
മറ്റ് അഞ്ചിനും കൊണ്ടുവന്നു മുന്നിലിട്ടു തരാൻ പറ്റാത്ത ഒരു ഉൾത്താപം.
ഏതു പ്രതാപത്തെയും കാലം നിർണയിക്കുമെന്ന തിരിച്ചറിവ്.
മനുഷ്യന്റെ പുതിയ അറിവുകൾക്കും മുന്നേ, അതിൽ ചിലതൊക്കെ ജീവിതത്തിലേക്ക് അനുകരിച്ചെടുത്തു എന്നതിന്റെ തെളിവ്. ഒരു പ്രാക്തന സംസ്‌കൃതിയുടെ, പുതിയ കാല അതിർത്തിവേലികൾ ഉല്ലംഘിച്ചുകൊണ്ടുള്ള നൈരന്തര്യം. ഞാനാണ് ഞാനാണ് മുമ്പേ എന്ന അഹന്തയ്ക്കു മുന്നിൽ കാലം വയ്ക്കുന്ന ലാളിത്യം. അന്നന്നു കാണുന്ന പ്രകൃതിയെ എങ്ങനെ അന്യനുമായി പങ്കുവയ്ക്കാമെന്ന ആത്മീയ പാഠം. എന്റെ അറിവു നമ്മുടെ വെളിച്ചമാകട്ടെ എന്ന പ്രാണധ്യാനം. അധിനിവേശത്തിന്റെ ആയുധമുറകൾക്കു തീർത്തും മായ്ച്ചുകളയാൻ പറ്റാത്ത ചെറുത്തുനിൽപ്പിന്റെ മെയ്ക്കരുത്ത്.
പറഞ്ഞുവരുമ്പോൾ ഇത്രയൊക്കെയേ ഉള്ളൂ, ലോഥൽ.
വളരെ അകലെയല്ലാതെ, ഗുജറാത്തിൽ അതിനു ചുറ്റുമായി ഭൗതിക സുഖഭോഗതൃഷ്ണകളുടെ തിളനില തൃപ്തിപ്പെടുത്തുന്ന നഗരക്കാഴ്ചകളുണ്ട്. കടൽത്തിരകൾ ശയനപ്രദക്ഷിണം നടത്തുന്ന ക്ഷേത്ര നിർമിതികളുണ്ട്. മേഘങ്ങളിൽ തല കോർക്കുന്ന പടുകൂറ്റൻ പേരും പെരുമയുമുണ്ട്. മനുഷ്യനാണ്, മനുഷ്യനു മാത്രമാണു തലയെടുപ്പെന്നു ഘോഷിക്കുന്ന ശബ്ദപ്രതിഷ്ഠകളുണ്ട്. എന്നാൽ, ഇതൊന്നുമല്ല ലോഥൽ. ഇതൊന്നുമില്ല ലോഥലിൽ. പക്ഷെ, അതു ജീവനുള്ള സെമിത്തേരി. മരിച്ചിട്ടും മണ്ണടിഞ്ഞിട്ടും ഇന്നും എക്കാലവും ജീവിക്കുന്നത്. ഒരു പക്ഷെ, ലോകത്തിലെ ഏറ്റവും അവസാനത്തെ മനുഷ്യനെ ആദ്യത്തെ മനുഷ്യനെക്കുറിച്ച് ഓർമിപ്പിക്കുന്നത്.
മരിച്ചവരുടെ കുന്ന് എന്നാണ് അർത്ഥമെങ്കിലും മൊഹെൻജൊ ദാരോയും ലോഥലും ഒരു കാലത്ത് ജീവിച്ചിരുന്നവരുടെ ജീവിക്കുന്ന സെമിത്തേരി.
ലോഥലിലേക്ക്
എല്ലാ മനുഷ്യനിലും ഒരു അത് ഉണ്ട്.
പോയതിനെ ജീവിപ്പിച്ചുനിർത്തുന്ന ഓർമകളായി, നഷ്ടപ്പെട്ടതിനെ സൂക്ഷിച്ചുവയ്ക്കുന്ന ഫോസിലുകളായി ഒരു ലോഥൽ. അതുകൊണ്ട് ലോഥൽ എന്നതു വെറും ഒരു സ്ഥലപ്പേര് മാത്രമാവുന്നില്ല. കണ്ണഞ്ചിക്കുന്ന മറ്റു കാഴ്ചകളുണ്ടായിട്ടും ഒറ്റയ്ക്കും തെറ്റയ്ക്കും വന്നു ചേക്കേറുന്ന സഞ്ചാരിപ്പരിഷകൾക്കു ലോഥലിൽ നിന്നു മടങ്ങുമ്പോൾ കൂടെക്കൊണ്ടുപോകാൻ നിറപ്പകിട്ടുകളില്ല. പ്രാക്തന ഹരപ്പൻ മുദ്രകളുടെ മരക്കൊത്തുവേലകളോ ലോഥലിന്റെ നഷ്ടപ്രകൃതിയുടെ ചിത്രങ്ങളോ കൂടെക്കൊണ്ടുപോകാം എന്നേയുള്ളൂ. അതു തുടർന്നും സഞ്ചാരികളെ വേട്ടയാടിക്കൊണ്ടേയിരിക്കും. നിങ്ങളുടെ തുടർയാത്രകളെ നിർണയിക്കും.
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് നൂറിൽത്താഴെ മാത്രം കിലോമീറ്റർ ദൂരമേയുള്ളൂ ലോഥലിലേക്ക് എന്നുതോന്നും. എന്നാൽ, അഹമ്മദാബാദിലെയും വഴിനീള പട്ടണപ്രാന്തങ്ങളുടെയും തിടുക്കത്തിൽ നിന്നും ആക്രാന്തത്തിൽ നിന്നും വാഹനമോടിച്ചു നീങ്ങുമ്പോൾ, അതെന്തുകൊണ്ടും കാലത്തിനപ്പുറത്തേക്കുള്ള ഒരു യാത്രതന്നെയാവും. സമയയാത്ര എന്നൊക്കെ പേർത്തും പേർത്തും പ്രയോഗിച്ച്ക്ലിഷേകളിൽ മുഷിപ്പിച്ചുകളഞ്ഞിട്ടുണ്ടെങ്കിലും, ഈ യാത്ര സഹസ്രാബ്ദങ്ങൾക്കപ്പുറത്തേക്കു തന്നെയാണ്. ക്രിസ്തുവിനും മുമ്പ് രണ്ടോ രണ്ടരയോ സഹസ്രാബ്ദങ്ങളുടെയും അപ്പുറത്തുള്ള ശബ്ദങ്ങളിലേക്ക്.
ലോഥലിന് ഏറെ അടുത്തുള്ള - ആറു കിലോമീറ്റർ - ഭുർഖി റെയിൽവേസ്റ്റേഷനിലേക്ക് അഹമ്മദാബാദിൽ നിന്ന് ട്രെയിനും ലഭിക്കും.
ഈ ലോഥലാണ്, ഹരപ്പൻ സംസ്‌കൃതിയുടെ ജൈവപൈതൃകം പേറുന്ന ലോകത്തെ മൂന്നു പ്രധാന ഉദ്ഖനന പ്രദേശങ്ങളിൽ രാജ്യത്തുനിന്ന് ഏറ്റവും അടുത്ത്. മറ്റു രണ്ടെണ്ണം പാക്കിസ്ഥാനിലാണ്. ഹരപ്പ പാക് പഞ്ചാബ് പ്രവിശ്യയിൽ. കിഴക്കൻ പാക്കിസ്ഥാനിലെ, സിന്ധു സംസ്‌ക്കാരത്തിന് നീരൂട്ടി മുടിഞ്ഞുപോയ രവി നദിക്കരയിൽ. മൊഹെൻജൊ ദാരോ അവിടത്തെ സിന്ധ് പ്രവിശ്യയിലും. അറബിക്കടലിന്റെ അനിശ്ചിതത്വത്തിലേക്ക് കര കയറിനിന്ന ഒരു കാലത്തിന്റെ ഓർമ പുതുക്കി, മൂന്നു സംജ്ഞകൾ. മരിച്ചവരുടെ കുന്ന് എന്നാണ് അർത്ഥമെങ്കിലും മൊഹെൻജൊ ദാരോയും ലോഥലും ഒരു കാലത്ത് ജീവിച്ചിരുന്നവരുടെ ജീവിക്കുന്ന സെമിത്തേരി.
എന്തായിരുന്നു ലോഥൽ
എന്തായിരുന്നില്ല ലോഥൽ എന്നാണ് ചോദിക്കേണ്ടത് ശരിക്കും.
ക്രിസ്തുവിനും അയ്യായിരത്തോളം വർഷം മുമ്പു സിന്ധു നദീതടത്തിലെ പല നദിക്കരകളിൽ കൂട്ടുചേർന്ന് തങ്ങി കണയേറ്റ മൃഗത്തെയും കടിയേറ്റ പെണ്ണിനെയും പങ്കിട്ടുകൂടിയ നാടോടിക്കൂട്ടമായിരുന്നില്ല, ലോഥൽ. ഏതെങ്കിലും ഗോത്രക്കാട്ടുമുത്തപ്പനു മുന്നിൽ ആടിയും അടിഞ്ഞും നിറഞ്ഞും കെട്ടുപോയ നാട്ടുവെളിച്ചമായിരുന്നില്ല ലോഥൽ. ഉടൽ തന്നെ ലിംഗമായും ലിംഗം തന്നെ ഉടലുമായ ഭോഗകാമങ്ങളുടെ ക്ഷണികപ്രഭയായിരുന്നില്ല അത്. പീഡിപ്പിച്ചും അടിക്കാലുകൾ വെട്ടിയും ഒരു സംസ്‌കാരത്തിനു മേൽ മറ്റൊന്നിന്റെ പ്രതിഷ്ഠാപനവുമായിരുന്നില്ല. മറിച്ച്, ലോഥൽ ജീവിതത്തിന്റെ ആസൂത്രണങ്ങളായിരുന്നു. കടലും നദികളും ഊടും പാവും നനച്ചെടുത്ത ഒരു ജനസംസ്‌കൃതിയെ എങ്ങനെ അന്നത്തെ ഏറ്റവും മികച്ച സംവിധാനമാക്കാം എന്നതിന്റെ.
പെറുക്കിക്കൂട്ടിയും കട്ടുഭുജിച്ചും അറിയാത്തതിനെ ഭജിച്ചും കഴിഞ്ഞിരുന്ന പ്രാകൃതക്കൂട്ടങ്ങളായിരുന്നില്ല അത്. കണയേറ്റ മാനിന്റെ വേഗത്തിൽ വേട്ടനായ്ക്കളുടെ നഖക്കൂർപ്പ് ആഴ്ത്തുന്ന അധികാരത്തിന്റെ ഐതിഹ്യവർണനകളായിരുന്നില്ല അത്. മറിച്ച്, മുന്നിൽ നീളുന്ന ജീവിതത്തെ എങ്ങനെ നിർവചിക്കാം എന്നതിന്റെ പ്രത്യക്ഷവാസ്തു ആയിരുന്നു. ഇല്ലാത്ത ഒന്നിനെ പലതായി കാണുന്നതായിരുന്നില്ല, കണ്മുന്നിലുള്ള പലതിനെ എങ്ങനെ ഒന്നായിക്കാണാം എന്ന അറിവന്വേഷണത്തിന്റെ പ്രാർത്ഥനകളായിരുന്നു.
ഭൂമിക്കു മുകളിലെ നിർമിതികൾ പടിഞ്ഞാറു നിന്നു തുടങ്ങുന്നു എന്ന എന്തിനുമേതിനുമുള്ള പടിഞ്ഞാറു നോക്കികളുടെ പൊതുബോധത്തെ റദ്ദാക്കുകയാണു ലോഥൽ. വാസ്തുവിദ്യയുടെ ആദ്യകാല അറിവുകളെ എങ്ങനെ കാലത്തിനപ്പുറത്തെ സുസ്ഥിര അറിവായി മാറ്റാം എന്ന അന്വേഷണങ്ങളുടെ പരീക്ഷണശാലയായിരുന്നു ഈ തുറമുഖ പട്ടണം. നഗരനിർമിതിയുടെയും വിശാലവാസ്തുവിന്റെയും ആദ്യപാഠങ്ങളായിരുന്നു അത്. അത്തരം അറിവുകളുടെ ജീവിക്കുന്ന ഫോസിലുകളാണ്, ലോഥൽ.
മരണത്തിന്റെ കുന്ന് എന്നു വിളിച്ചെങ്കിലും. ക്രിസ്തുവിനു മുമ്പ് 2500നും 1600നും ഇടയിലുള്ള കാലത്ത് ജീവിതത്തിന്റെ എല്ലാ വർണവസന്തങ്ങളും ത്രസിച്ചുനിന്ന പ്രദേശം. പ്രശസ്ത പുരാസംസ്‌ക്കാര ഗവേഷകനായിരുന്ന എസ്. ആർ. റാവ് (1954 - 1963 കാലഘട്ടത്തിൽ ) കണ്ടെത്തുന്നതുവരെ ആർക്കും അറിയില്ലായിരുന്നു ഇങ്ങനെയൊരു സംസ്‌കൃതി ഇവിടെ പിച്ചവച്ചുനടന്നു എന്നല്ല, കൈയും കാലും വളർന്ന് മെയ്യളവിന്റെ സീമയ്ക്കപ്പുറം കടന്നിരുന്നുവെന്ന്.
ആസൂത്രണത്തിന്റെ വാസ്തുവിദ്യ
4500ഓളം വർഷം മുമ്പ് എന്തായിരുന്നു ലോഥൽ എന്ന കൃത്യം കണക്കിലല്ല ഇന്നത്തെ ലോഥൽ. മധ്യേഷ്യയിൽ നിന്നുള്ള ആര്യന്റെ കടന്നുകയറ്റം വരുന്നതിനും മുന്നേ (അങ്ങനെയൊരു അധിനിവേശം ഉണ്ടായില്ലെന്നു തന്നെ തിരുത്തപ്പെടലുകളുണ്ട് എന്നും ഓർക്കണം) വളർന്നു വികസിച്ചിരുന്ന ഒരു ജനസംസ്‌ക്കാരത്തിൽ ഏതാണ്ട് എല്ലാമുണ്ടായിരുന്നു. വളരെ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത പട്ടണാവാസ വ്യവസ്ഥ. ഒരു ആധുനിക പട്ടണത്തിൽ ജനജീവിതത്തിനായി ആരോഗ്യകരമായ എന്തൊക്കെ വേണമെന്നാണോ ഇന്നു നഗരാസൂത്രകരും വാസ്തുശിൽപ്പികളും വിചാരിക്കുന്നത്, ഏതാണ്ടതൊക്കെ നാലായിരം കൊല്ലത്തിനപ്പുറം ഈ സൈന്ധവ മേഖലയിലുണ്ടായിരുന്നു. മനുഷ്യന്റേതായ എല്ലാ തരത്തിലുള്ള വ്യാപാരങ്ങളും. മനോവ്യാപാരങ്ങളും ചിന്തയും കരകൗശലവും നാണയക്കൈമാറ്റങ്ങളും എന്തും.
കാലവും കാലാവസ്ഥയും അന്നത്തെ ലോഥലിനെ വല്ലാതെ ആക്രമിച്ചുകീഴടക്കിയിട്ടുണ്ട്. ഇപ്പോൾ ബാക്കിയിരിപ്പ് പഴയ തുറമുഖ പട്ടണത്തിന്റെ ബാക്കിവന്ന ഏതാനും കൽപ്രതിഷ്ഠകൾ മാത്രം
അതാണ് അന്നത്തെ ലോഥൽ.
മൊഹെൻജൊ ദാരോയും ഹരപ്പയും.
ഈ മൂന്നു മേഖലകളും തമ്മിൽ ഭൂമിശാസ്ത്രപരമായോ ജൈവവംശീയതയുടേയോ കാര്യത്തിലോ വ്യത്യാസം ഏറെപ്പറയാനില്ലായിരുന്നു. വേലികെട്ടി തിരിക്കുന്നത് വരെ മൂന്നും ചേർന്ന വലിയ ഒന്ന്. നീർച്ചാലുകളുടെയും വലിയ നദിപ്പെരുക്കങ്ങളുടെയും കടലിന്റെയും ഉൾക്കടലും അഴിമുഖങ്ങളും ചതുപ്പും നിറഞ്ഞ പ്രദേശങ്ങളുടെയും നൂറുകണക്കിനു ഒഴുക്കുകണ്ണികളുടെ വിശാലതയിൽ, ലോഥൽ എന്ന തുറമുഖപട്ടണം ഒരു കാലത്തെ വാണിജ്യത്തിന്റെയും കൈമാറ്റങ്ങളുടെയും കൊടിക്കൂറ തന്നെയായിരുന്നു.
ഇന്നു ലോഥലിൽ ചെല്ലുമ്പോൾ, ഈ ചടുലതയ്ക്കും തിടുക്കങ്ങൾക്കും സംത്രാസങ്ങൾക്കും പകരം ഒരു ശ്മശാനമൂകതയുണ്ട്. കടലിന്റെ ഉപ്പ് വിദൂരതയിൽ. ആളുകളൊഴിഞ്ഞ ജനപദങ്ങളുടെ മൂകത. ഒരു കാലത്തെ യൗവനത്തുടുപ്പിന്റെ സ്‌നിഗ്ദ്ധത വരുത്താൻ കൃത്രിമ ചന്തമിട്ട വാർധക്യം പോലെ. എന്നാലും ലോഥൽ മരിച്ചിട്ടില്ല. മരിക്കുകയുമില്ല. ഈ തിരിച്ചറിവാണ് ലോഥൽ മടങ്ങിപ്പോകുമ്പോൾ മനസിൽ ബാക്കിനിർത്തിയിട്ടേക്കുന്ന ഒന്ന്.
എന്താണ് ആ ബാക്കി
കാലവും കാലാവസ്ഥയും അന്നത്തെ ലോഥലിനെ വല്ലാതെ ആക്രമിച്ചുകീഴടക്കിയിട്ടുണ്ട്. ഇപ്പോൾ ബാക്കിയിരിപ്പ് പഴയ തുറമുഖ പട്ടണത്തിന്റെ ബാക്കിവന്ന ഏതാനും കൽപ്രതിഷ്ഠകൾ മാത്രം. എന്നാലും കാണുന്നതെല്ലാം ഉൾക്കണ്ണിൽ ഒന്നു ചേർത്തുവച്ചു നോക്കണം. അതിലേക്കു വിടവുകളിലേക്കു കല്ലും മണ്ണും ചുണ്ണാമ്പും സുർക്കിയും ചേർത്തുവച്ചുനോക്കണം. അപ്പോൾ, അവിടെ പട്ടണം ഉയർന്നുവരും. അതിലേക്ക് മനസിനകത്തുള്ള നിറങ്ങളും ജീവനും ജീവിതവും തേച്ചുകൊടുത്തുനോക്കണം. അപ്പോൾ ഉയർന്നുവരും ആളാരാവം കൊണ്ടു ശബ്ദമുഖരിതമായ, നമുക്കു ഇപ്പോൾ കണ്ടു പരിചയമുള്ള ഓരോ തുറമുഖ പട്ടണവും.
ഇന്നത്തേതിൽ നിന്ന് ഒട്ടും പ്രാകൃതമല്ല അന്നത്തെ ജീവിതവ്യവസ്ഥകൾ എന്നു തോന്നും. ഇന്നത്തെപ്പോലെ കപ്പലുകളും ബുള്ളറ്റ് ട്രെയിനുകളും മറ്റുമില്ല എന്നേയുള്ളൂ. എന്നാലെന്ത്, ഒരു നൂറു വർഷം മൂമ്പ് നമ്മുടെ ഇന്നത്തെ മഹാനഗരങ്ങളിലുള്ളതിനേക്കാൾ അടിസ്ഥാന സൗകര്യങ്ങൾ അവിടെയുണ്ട് എന്നു മനസിലാവും. കാലം എഴുതാൻ ശ്രമിക്കുന്ന ഏതോ മഹാവാക്യത്തിൽ നിന്ന്വിട്ടുപോയ വാക്കുകളെ ചേർത്ത് പൂരിപ്പിക്കുകയാണ് ലോഥൽ. ഇന്നത്തേതിനേക്കാൾ മെച്ചപ്പെട്ട തുറമുഖങ്ങളും ഉൾനാടൻ നീർച്ചാൽ ഗതാഗതവും വാണിജ്യവ്യാപാരങ്ങളും നാണയച്ചരക്ക് കൈമാറ്റങ്ങളും ഉള്ള ലോഥൽ മനസിൽ നിറഞ്ഞുനിൽക്കും.
ലോഥൽ, മറന്നുപോയ നമ്മുടെ ഓർമകളെ മറ്റൊരു കാലത്തേക്കു നീട്ടിയെടുക്കുകയാണ്. അറിയാത്ത നമ്മുടെ അറിവുകളെ പൂരിപ്പിക്കുകയാണ്. ആധുനികകാലത്തെ നഗരാസൂത്രകരെപ്പോലും അതിശയിക്കുന്നതാണു ലോഥലിന്റെ അടിസ്ഥാനമനുഷ്യസാങ്കേതികവിദ്യ. അതിനു മുൻ ടെക്സ്റ്റുകൾ ഇല്ലായിരുന്നു എന്ന് അറിയുക. വിരൽത്തുമ്പിൽ എന്തും അന്വേഷിച്ചു ലഭ്യമാക്കിത്തരുന്ന ഡിജിറ്റൽ രീതികളുണ്ടായിരുന്നില്ല. വേറെ എവിടെ നിന്നെങ്കിലും പകർത്താമെന്നു വച്ചാൽ പൂർവമാതൃകകൾ അധികം ഇല്ല. ഉണ്ടായിരുന്നാലും അതു പങ്കുവച്ചുകിട്ടാനുള്ള സാങ്കേതികതയും ഇല്ലായിരുന്നു. അറിവിന്റെ ആ തുരുത്തിൽ നിന്നാണ് ലോഥലും ഹരപ്പയും ദാരോയും ഇതെല്ലാം യാഥാർഥ്യമാക്കിയത് എന്നിടത്താണ് വിസ്മയം. അതു പങ്കുവയ്ക്കാനാണ് ലോഥൽ എന്നെങ്കിലും കണ്ടിരിക്കേണ്ടതും.
അന്നത്തെ ജീവിതത്തിന്റെ നേർസാക്ഷ്യങ്ങൾ അതേപടി ലോഥലിൽ കണ്ടെന്നിരിക്കില്ല. ഒന്നും ആരും പിന്നേതെങ്കിലും കാലത്തേക്കു വേണ്ടി കാത്തുവച്ചിരുന്നില്ല. അധിനിവേശങ്ങളും പിന്നീടു സഹസ്രാബ്ദങ്ങൾക്കു ശേഷം ഉണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും കാലാവസ്ഥയിലെ കുഴമറിച്ചിലുകളും കടലിന്റെ കരമാറ്റങ്ങളും എല്ലാം കൊണ്ടു അന്യം നിന്നുപോയ ഒരു സ്ഥല-കാലത്തിന്റെ നീക്കിയിരിപ്പുകൾ മാത്രമേ ഉള്ളൂ. അതിൽ നിന്നു കൂട്ടിച്ചേർക്കണം ഓരോ കണ്ണിയും. അതിനു ചരിത്രത്തിന്റെയും പ്രാദേശിക മേഖലാ രാഷ്ട്രീയത്തിന്റെയും മുന്നറിവുകൾ വേണം.
ലോഥലിന്റെ നിർമിതി- പ്രളയത്തിനും പ്രണയത്തിനും മധ്യേ
ഒന്നാമത് തുറമുഖപട്ടണം. പുറമേ സൈന്ധവമേഖലയിലെ നീർവാർച്ചയുടെ അഴിമുഖ മേഖല. വെള്ളം അതിരിടുന്ന കരപ്രദേശം. ഗുജറാത്തിലെ ഭൗഗാവോ, സാബർമതി നദികളുടെ സാന്നിധ്യമേഖല. നീർച്ചാലുകൾ ഊടും പാവും നെയ്ത ഈ പട്ടണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണി ആവർത്തിക്കുന്ന പ്രളയങ്ങൾ തന്നെയായിരുന്നു. മുമ്പും പലവട്ടം പ്രളയജലം ജനജീവിതങ്ങളെ നക്കിയെടുത്തു. ക്രിസ്തുവിനു 2300 വർഷം മുമ്പു തന്നെ വ്യാപക നാശം വിതച്ച പ്രളയങ്ങൾ ആവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ, ജീവിതത്തോടുള്ള പ്രണയത്തെ അത് ഒരിക്കലും തളർത്തിയിരുന്നില്ല.
അന്നത്തെ നഗരാസൂത്രകരുടെ പ്രധാന വെല്ലുവിളി അതുകൊണ്ടുതന്നെ പ്രളയം വിഴുങ്ങാത്ത ജനപദങ്ങൾ തന്നെയായിരുന്നു. ഈ ഭീഷണിക്ക് എതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു ലോഥലിലെ ഓരോ വാസ്തുനിർമിതിയും. അതിനെതിരെ ഭാവിയിലേക്കുള്ള ഈടുവയ്പ്പായിരുന്നു ഓരോ ചുടുകട്ടയുടെയും സ്ഥാപനം. ഒരു കല്ലും അലക്ഷ്യം വച്ചുപോയില്ല. കുറച്ചു വീടുകൾ ചേർത്തുള്ള ബ്ലോക്ക് ആയിട്ടായിരുന്നു ആസൂത്രണം. അവയ്‌ക്കെല്ലാം ചേർന്ന് പൊതു ചുടുകട്ട മതിലുകളും.
ആഴ്‌സനിക് വിഷം കലരാതെ ചെമ്പു ലോഹം വേർതിരിച്ചെടുത്ത് അതിന്റെയും മറ്റുള്ളവയുടെയും സങ്കരങ്ങൾ കൊണ്ട് ആഭരണങ്ങളും കരകൗശല വസ്തുക്കളുടെയും നിർമാണം അവർക്ക് അറിയാമായിരുന്നു
സംരക്ഷിത ഉൾനഗരവും പട്ടണപ്രാന്തപ്രദേശങ്ങളും (citadel- lower town combo ) ചേർന്നതായിരുന്നു ഓരോ പട്ടണവും. സംരക്ഷിത പ്രദേശത്തു സാമാന്യജനജീവിതത്തിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നു. കിണറുകളും വെള്ളം ഒഴുക്കാനുള്ള ജലക്കൈത്തോടുകളും കുളിപ്പുരകളും മലിനജലച്ചാലുകളും അടക്കം. ജനവാസ കേന്ദ്രങ്ങളും ചന്തകൾ, വാണിജ്യകേന്ദ്രങ്ങൾ, പണ്ടകശാലകൾ തുറമുഖ വ്യാപാര കേന്ദ്രങ്ങൾ എന്നു തുടങ്ങി ഓരോന്നും ഏറ്റവും ആധുനികമായ രീതിയിൽ ആസൂത്രണം ചെയ്തിരുന്നു.
ലോഹങ്ങളെ സംബന്ധിച്ച പ്രാചീന അറിവുകളെക്കുറിച്ചുള്ള ഫൊറൻസിക് അപഗ്രഥനം കൂടിയാവുന്നു ലോഥൽ. ആഴ്‌സനിക് വിഷം കലരാതെ ചെമ്പു ലോഹം വേർതിരിച്ചെടുത്ത് അതിന്റെയും മറ്റുള്ളവയുടെയും സങ്കരങ്ങൾ കൊണ്ട് ആഭരണങ്ങളും കരകൗശല വസ്തുക്കളുടെയും നിർമാണം അവർക്ക് അറിയാമായിരുന്നു. ഹരപ്പൻ സംസ്‌കാരത്തനിമയുള്ള മുദ്രകളും നാണയങ്ങളും കണ്ടെടുത്തു, ഏതാണ്ട് പത്തു കൊല്ലത്തോളം തുടർന്ന ഉദ്ഖനനങ്ങളിൽ.
എല്ലാം അതേപടി കാത്തുവച്ചിരിക്കുകയല്ല, ലോഥൽ.
അതൊരു പോയ കാലത്തിന്റെ കാഴ്ചബംഗ്ലാവല്ല. കുറ്റിയറ്റുപോയ നരവംശങ്ങളുടെ മൃഗശാലയുമല്ല. അതു ഭൂമിക്കു മുകളിൽ വിള്ളലേറ്റിരിക്കുന്ന, പോയ്‌പ്പോയ അറിവിന്റെ ചരിത്രനിർമിതിയാണ്. അതൊന്നും മുഴുവനായി നമുക്കു കാണിച്ചുതരുന്നില്ല.
ലോഥൽ നമ്മുടെ ചരിത്രക്കാഴ്ചകളെ മുഴുമിപ്പിക്കാൻ വേണ്ട അഹംബോധം ഉണർത്തുകയാണ്. ▮