കോൻസോയിലെ നാട്ടു ചന്തയിലെ തിരക്ക്

ക്രൈസ്തവ സദാചാരത്തിന് കീഴടങ്ങാത്ത ഗോത്ര സംസ്കാരം

എത്യോപ്യൻ യാത്ര - 6

അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്ത് നമ്മൾ മലയാളികൾ വരെ എത്യോപ്യക്കായി പിടിയരി ശേഖരിച്ചിരുന്നത് ചിലരുടെയെങ്കിലും ഓർമകളിൽ ബാക്കിയുണ്ടാകും

നാഗരീകമായ ചിഹ്നങ്ങൾ ഏറെയെന്നും ദൃശ്യമാകാത്ത കോൻസോയിലെ ആ നാട്ടുചന്തയിലെ ബഹളങ്ങൾക്കിടയിൽ അങ്ങിനെ നിൽക്കേ എസ്.കെ പൊറ്റെക്കാട് എന്ന മഹാസഞ്ചാരിയും കാപ്പിരികളുടെ നാട്ടിലൂടെ അദ്ദേഹം നടത്തിയ ദീർഘയാത്രയും മനസ്സിലേക്കെത്തി. ദീർഘമായ ആഫ്രിക്കൻ യാത്രക്കിടയിൽ പൊറ്റെക്കാട് പക്ഷെ എത്യോപ്യ സന്ദർശിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ വരികളിലൂടെ കണ്ടറിഞ്ഞ മറ്റ് ആഫ്രിക്കൻ നാട്ടു വിപണികളിൽ നിന്ന് ഏറെയൊന്നും വിഭിന്നമല്ല കാലങ്ങൾക്കിപ്പുറവും കോൻസോയിലെ ഈ നാട്ടുചന്ത.

കോൻസോയിലെ നാട്ടു ചന്ത
കോൻസോയിലെ നാട്ടു ചന്ത

സമീപഗ്രാമങ്ങളിൽ നിന്നും കാർഷികോൽപ്പന്നങ്ങളും മലഞ്ചരക്കുകളും കൈവേല നിർമ്മിതികളും മറ്റുമായി ചന്തയിലെത്തി അത് വിപണനം ചെയ്ത് തിരിച്ച് നഗരത്തിന്റെ ഉൽപ്പന്നങ്ങളുമായി മടങ്ങാനൊരുങ്ങുന്ന ഈ ഗ്രാമീണർക്ക് കാലങ്ങൾക്കിപ്പോഴും കാര്യമായ ഒരു മാറ്റവും വന്നിട്ടില്ലെന്ന് തോന്നും ഇതിനിടയിലൂടെ നടക്കുമ്പോൾ.

കോൻസോ നാട്ടുചന്തയിലെ വിൽപ്പനക്കാർ
കോൻസോ നാട്ടുചന്തയിലെ വിൽപ്പനക്കാർ

ഞങ്ങൾക്കടുത്തായി ഒരു തയ്യൽക്കാരൻ ഇരിക്കുന്നുണ്ട്. തുണിക്കൾക്ക് മനോഹരമായ കര വെച്ച് കൊടുക്കുകയാണ് അയാളുടെ ജോലി. അതി വിദഗ്ദ്ധമായി നല്ല വേഗത്തിലാണ് അയാളത് ചെയ്തുകൊണ്ടിരിക്കുന്നത്. പരുത്തിതുണികൾ വാങ്ങി സ്ത്രീകളും കുട്ടികളും അയാൾക്കരികിലെത്തുന്നു. പല മാതൃകയിലുള്ള കരകൾ അയാളുടെ കൈവശമുണ്ട്. ആവശ്യക്കാർ അതിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കുന്നു അതിവേഗം അതയാൾ അവർ കൊണ്ടുവന്ന തുണികളുടെ അരികുകളിൽ തയ്ച്ചു പിടിപ്പിക്കുന്നു. തിരക്കേറിയ നാട്ടുചന്തയുടെ തുറസ്സിലൊരിടത്തിരുന്ന് മറ്റെല്ലാം മറന്ന് തയ്ക്കുന്ന അയാൾക്ക് വാരകൾ നീളമുള്ള തുണി ഉയർത്തിപിടിച്ചുകൊടുക്കാനും പൈസവാങ്ങാനും മറ്റുമായി സഹായിയായ ഒരു ബാലനുമുണ്ട്. ഞങ്ങൾ കാഴ്ചക്കാരായതോടെ ഇരുവർക്കും ആവേശമായി. തന്റെ കൈയ്യടക്കവും തൊഴിൽ വൈദഗ്ദ്ധ്യവും സന്തോഷപൂർവ്വം ഞങ്ങൾക്കു മുൻപിൽ പ്രദർശിപ്പിച്ചു അദ്ദേഹം.

നാട്ടുചന്തയിലെ ആൾക്കൂട്ടം / ഫോട്ടോ : എം.സി.എച്ച്. അൻവർ
നാട്ടുചന്തയിലെ ആൾക്കൂട്ടം / ഫോട്ടോ : എം.സി.എച്ച്. അൻവർ

വിവിധങ്ങളായ കിഴങ്ങുകൾ, തുണിത്തരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ലഹരി പാനീയങ്ങൾ. വിറ്റും വാങ്ങിയും കാഴ്ചകണ്ടും ചുമടെടുത്തും ഭിക്ഷയാചിച്ചും ഭക്ഷണം കഴിച്ചും അരാക്കുകുടിച്ചും നിഷ്‌കാമരായി മാറിയിരുന്നുമൊക്കെ ഇതിന്റെ ഭാഗമാകുന്ന വലിയൊരു ജനക്കൂട്ടം. ഒരു വശത്ത് ചാക്കിലും ഷീറ്റിലുമൊക്കെ നരത്തിയിട്ട ധാന്യങ്ങളുമായി ഇരിക്കുന്ന സ്ത്രീകൾ. മൊത്തക്കച്ചവടക്കാരെ കാത്തിരിക്കുന്ന ഉൽപ്പാദകരാകാം അവർ. അത്തരം ധാന്യങ്ങൾ ചാക്കിലാക്കി ചെറു ലോറിയിലേക്ക് കയറ്റുന്നുണ്ട് ഇനിയൊരിടത്ത്. വിറകുകെട്ടുകളുമായി വിൽപ്പനക്കെത്തിയ സ്ത്രീകൾ, പഴയ പെട്ടിമരുന്നുകടകളിലെ അങ്ങാടിമരുന്നുകെട്ടുകളോട് സാമ്യമുള്ള വേരിന്റെയും ചില്ലയുടെയും കെട്ടുകളുമായി മറ്റു ചിലർ.

കോൻസോ ചന്തയിലെ കാഴ്ചകൾ
കോൻസോ ചന്തയിലെ കാഴ്ചകൾ

പുരുഷൻമാരേക്കാളും പ്രാതിനിധ്യം സ്ത്രീകൾക്കാകണം ഈ നാട്ടുവിപണിയിൽ. ആടും, പശുവും നായയുമൊക്കെ പോലുള്ള മൃഗങ്ങളും യാതൊരു അലോസരവും കൂടാതെ അലഞ്ഞു തിരിയുന്നുണ്ട് ഈ തിരക്കിനിടയിലും.

ഡോക്ടറും അബ്ദുവും ചേർന്ന് ആ നാട്ടുകമ്പോളത്തിൽ നിന്ന് എന്തൊക്കയോ വാങ്ങുന്നുണ്ട്. വിലപിടിപ്പുള്ളതൊക്കെ വണ്ടിയിൽ വെച്ചു എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഡോ. അജിൻ അവിടെ ഞങ്ങളെ പുറത്തിറങ്ങാൻ അനുവദിച്ചത്.

എത്യോപ്യയിലെ പകൽമോഷണങ്ങൾ പലതും പരസ്യമായ പിടിച്ചുപറികളാണ്. ഫോണോ, പഴ്സോ, ക്യാമറയോ ആഭരണങ്ങളോ അങ്ങിനെ ഒറ്റ വലിക്ക് കൈയ്യിൽ കിട്ടിയതുമായി മോഷ്ടാക്കൾ ഓടി രക്ഷപ്പെടും. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയോ ശാരീരികാക്രമങ്ങൾക്ക് മുതിർന്നോ ഉള്ള പിടിച്ചുപറികൾ എത്യോപ്യയിൽ അപൂർവ്വമാണ്. നമ്മുടെ ശ്രദ്ധതെറ്റിച്ചോ കബളിപ്പിച്ചോ പെട്ടെന്ന് കൈയ്യിൽ നിന്ന് വലിച്ചെടുക്കാവുന്നതോ ആയി ഓടി രക്ഷപ്പെടുന്ന സാധുക്കളാണ് ഇവിടുത്തെ അപഹർത്താക്കൾ.

ഒരു നേരത്തെ വിശപ്പടക്കുക എന്നതിലുപരി കൊള്ളമുതലുകൊണ്ട് സമ്പന്നരാകലും ആർഭാടജീവിതം നയിക്കലുമൊന്നും അവരുടെ ലക്ഷ്യമല്ല. തിരക്കിനിടയിൽ ഒൽപ്പം ശ്രദ്ധിച്ചാൽ മോഷണമെന്ന ലക്ഷ്യവുമായി നമ്മെ നിരീക്ഷിക്കുന്ന ചിലരെയെങ്കിലും നമുക്ക് കണ്ടെത്താനാകും. പക്ഷെ ഒപ്പമുള്ള അബ്ദുവിന്റെ ജാഗ്രതയും കരുതലും മനസ്സിലാക്കുന്ന അവർ പതുക്കെ പിൻതിരിഞ്ഞുപോകുകയാണ് പതിവ്.

ഒരു കാലത്ത് പട്ടിണിയുടെ പര്യായമായിരുന്നു എത്യോപ്യ.

1984ലെ എത്യോപ്യൻ ക്ഷാമ കാലത്ത്
1984ലെ എത്യോപ്യൻ ക്ഷാമ കാലത്ത്

രണ്ടാം ലോകമഹായുദ്ധകാലത്തെ ഇറ്റാലിയൻ അധിനിവേശവും വരൾച്ചയും ക്ഷാമങ്ങളും ആഭ്യന്തര കലഹങ്ങളും എറിത്രിയുമായുള്ള യുദ്ധവും ഗോത്രകലാപങ്ങളുമൊക്കെ ചേർന്ന് അതി ദരിദ്രമായ ഒരു രാജ്യമാക്കി ഈ നാടിനെ മാറ്റി. അതിവിദൂരമല്ലാത്ത ഒരു ഭൂതകാലത്ത് നമ്മൾ മലയാളികൾ വരെ എത്യോപ്യക്കായി പിടിയരി ശേഖരിച്ചിരുന്നത് ചിലരുടെയെങ്കിലും ഓർമകളിൽ ബാക്കിയുണ്ടാകും. 2000ന് ശേഷം എത്യോപ്യ പതുക്കെ പതുക്കെ ദാരിദ്ര്യത്തിൽ നിന്ന് മുക്തിനേടി വരുന്നുണ്ട്.

താഴ്‌വാരത്തുനിന്നുള്ള വർണക്കല്ലുകൾ വിൽക്കുന്ന കുട്ടികൾ
താഴ്‌വാരത്തുനിന്നുള്ള വർണക്കല്ലുകൾ വിൽക്കുന്ന കുട്ടികൾ

കാർഷികമേഖലയിലുണ്ടായ വളർച്ചയുടെയും രാഷ്ട്രീയസ്ഥിരതയുടെയും പ്രവാസികളായ എത്യോപ്യക്കാരുടെ നിക്ഷേപപദ്ധതികളുടെയും വിദേശമുലധനത്തിന്റെയുമൊക്കെ ഫലമായി ഇന്ന് ആഫ്രിക്കയിൽ തന്നെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് എത്യോപ്യയുടേത്.

കോൻസോ ഗ്രാമം
കോൻസോ ഗ്രാമം

എങ്കിലും പട്ടിണിയുടെ കാര്യത്തിൽ ലോകത്ത് ഇപ്പോഴും ഇരുപതിനോടടുത്ത സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. സമൂഹത്തിൽ പലയിടത്തായി ശേഷിക്കുന്ന പട്ടിണിയുടെ പഴയ വ്രണങ്ങൾ പരിപൂർണ്ണമായി സുഖപ്പെടാൻ ഇനിയും ഏറെക്കാലമെടുക്കും.

അരാക്കും തേജും പോലുള്ള നാട്ടുമദ്യങ്ങൾ ആ നാട്ടു കമ്പോളത്തിൽ പരസ്യമായി വിൽക്കപ്പെടുന്നുണ്ട്. സ്ത്രീകളാണ് വിൽപ്പനക്കാരിൽ ഏറെയും പ്രദേശികമായി വീടുകളിൽ നിർമ്മിച്ചെടുക്കുന്നതായിരിക്കണം അത്. സാംസ്‌ക്കാരികഭൂമികയിൽ നിന്ന് മടങ്ങുംവഴി അത്തരമൊരു പ്രാദേശിക വാറ്റുകേന്ദ്രത്തിൽ ഞങ്ങൾ കയറുകയുണ്ടായി. മോശമല്ലാത്ത തിരക്കുണ്ടായിരുന്നു അപ്പോഴവിടെ.

കോൻസോയിലെ വാറ്റുപുര / ഫോട്ടോ : എം.സി.എച്ച്. അൻവർ
കോൻസോയിലെ വാറ്റുപുര / ഫോട്ടോ : എം.സി.എച്ച്. അൻവർ

ഒരു ചെറിയ മൺകെട്ടിടത്തിന്റെ വരാന്തയിലും മുറ്റത്തുമായി മുപ്പതോളം ആളുകൾ സ്വസ്ഥമായിരുന്ന് മദ്യപിക്കുന്ന ഒരിടം. പെട്ടെന്ന് വിദേശികളായ കുറച്ച് പേർ അവർക്കിടയിലേക്ക് കയറിവന്നപ്പോൾ സ്വാഭാവികമായും അവർ കൗതുകപൂർവ്വം ഞങ്ങൾക്കരികിലേക്കെത്തി. അകത്ത് വാറ്റ് നടക്കുന്നുണ്ട്.

ഏറ്റവും താഴേത്തട്ടിലുള്ള ഒരു പൊലീസുകാരനും അവർക്കിടയിലുണ്ട്. അജിനും അബ്ദുവും അവരുമായി പെട്ടെന്ന് സൗഹൃദത്തിലായി. ഡോക്ടറാണെന്നറിഞ്ഞപ്പോൾ അവരിൽ പലർക്കും വൈദ്യസംബന്ധമായി അജിന്റെ ഉപദേശങ്ങളും സഹായങ്ങളും വേണ്ടതുണ്ടായിരുന്നു. തന്റെ വിസിറ്റിങ്ങ് കാർഡ് അവരിൽ ചിലർക്ക് കൊടുത്തു അജിൻ. ആഡിസിൽ ചികിത്സക്കായി വരേണ്ടി വന്നാൽ വിളിക്കാനാവശ്യപ്പെട്ടു അവരോട്. ഏറെ ഊഷ്മളവും സൗഹൃദം നിറഞ്ഞുനിൽക്കുന്നതുമായിരുന്നു ആ ഗ്രാമീണ കുടിപ്പുര. ആ മൺകെട്ടിടത്തിനുള്ളിൽ മദ്യം വാറ്റുന്നതിന്റെ വിവിധ ഘട്ടങ്ങൾ സ്ത്രീകൾ ഞങ്ങൾക്ക് കാണിച്ചു തന്നു. കുട്ടികൾ കൗതുകത്തോടെ ഞങ്ങളുടെ ഫോണും ക്യാമറയുമൊക്കെ തൊട്ടു നോക്കിയും അവരുടെ ചില സാഹസങ്ങൾ ഞങ്ങൾക്ക് മുൻപിൽ അഭിമാനത്തോടെയും ചെറിയ ലജ്ജയോടെയും പ്രദർശിപ്പിച്ചുകൊണ്ടും ഒട്ടി നടന്നു.

വാറ്റുപുരയിലെ ജോലിക്കാരായ സ്ത്രീകൾ / ഫോട്ടോ : എം.സി.എച്ച്. അൻവർ
വാറ്റുപുരയിലെ ജോലിക്കാരായ സ്ത്രീകൾ / ഫോട്ടോ : എം.സി.എച്ച്. അൻവർ

റോഡിലൂടെ കടന്നുപോകുന്ന ചില ചെറുപ്പക്കാർ മാത്രം ഞങ്ങളെ ചെറിയൊരു സംശയത്തോടെ നോക്കിക്കൊണ്ടിരുന്നു. ഏറെ ഹൃദ്യമായ ആ സായാഹ്നത്തിൽ എത്യോപ്യയിലെ ആ ഉൾനാടിൽ ഗ്രാമീണർക്കൊപ്പം സൗഹൃദപൂർവ്വം ചിലവഴിച്ച ആ നിമിഷങ്ങൾ പോലെ വൈവിധ്യവും എത്യോപ്യയുടെ ഉള്ളിലേക്കിറങ്ങിച്ചെന്നതുമായ അനുഭവങ്ങൾ സാധ്യമായത് ഡോ. അജിൻ അവിടെ ഞങ്ങളുടെ ആതിഥേയനായി ഉള്ളതുകൊണ്ടു മാത്രമായിരുന്നു. ആ ചെറിയ മൺപുരയുടെ ചെമ്മണ്ണിൽ തീർത്ത ഉമ്മറത്തിണ്ണയിൽ മദ്യം മോന്തി നാട്ടുവർത്തമാനങ്ങളിലാഴ്ന്ന് സ്വയം മറന്നിരിക്കുകയായിരുന്നു അപ്പോഴദ്ദേഹം.

വാറ്റുപുരയിൽ മദ്യം അളക്കുന്ന സ്ത്രീ / ഫോട്ടോ : എം.സി.എച്ച്. അൻവർ
വാറ്റുപുരയിൽ മദ്യം അളക്കുന്ന സ്ത്രീ / ഫോട്ടോ : എം.സി.എച്ച്. അൻവർ

എത്യോപ്യക്കാരൻ കൂടിയായ അബ്ദുവിനേക്കാൾ അവർക്കിടയിൽ സ്വീകാര്യത അജിനു തന്നെയായിരുന്നു. നർമ്മഭാഷണവും പ്രദേശികഭാഷയിലുള്ള ജ്ഞാനവും തുറന്ന സൗഹൃദപൂർവ്വമായ സമീപനവുമായിരിക്കണം അതിനദ്ദേഹത്തിനെ സഹായിക്കുന്നത്. വാറ്റുപുരക്കുപുറകിൽ സസ്യനിബഡമായ ഒരു തൊടി നീണ്ടു കിടന്നു. ചെറുപുൽകൂരകൾക്കു താഴെയും വൃക്ഷച്ഛായയിലുമായി കനത്ത ശരീരത്തോടു കൂടിയ കാളകൾ. ആഫ്രിക്കൻ ചുരയ്ക്കയുടെ തോട് നിറുത്തി ഉൾഭാഗം തുരന്നുകളഞ്ഞുണ്ടാക്കിയ കുടുക്കകളിലാണ് മദ്യം തരുന്നത്. നമ്മുടെ നാട്ടിലെ പഴയഗ്രാമീണ കള്ളുഷാപ്പുകളിലെ പോലെ മധ്യവയസ്‌ക്കരും പ്രായമായവരുമാണ് പറ്റുവരവുകാരിൽ അധികവും. നന്നെ ചെറുപ്പക്കാർ ഇല്ലെന്ന് തന്നെ പറയാം. ഒരു പക്ഷെ അപരിചിതരായ ചിലരുടെ സാന്നിധ്യം മൂലമാകണം ഏറെയൊന്നും ശബ്ദമുഖരിതമായിരുന്നില്ല അവിടം. ആചാരവാക്കുകൾ പറഞ്ഞ് സന്തോഷപൂർവ്വം അവിടെ നിന്ന് പിരിഞ്ഞു.

കോൻസോയിലെ ന്യൂയോർക്ക്  എന്നറിയപ്പെടുന്ന സ്​ഥലം / ഫോട്ടോ: എം.സി.എച്ച്. അൻവർ
കോൻസോയിലെ ന്യൂയോർക്ക് എന്നറിയപ്പെടുന്ന സ്​ഥലം / ഫോട്ടോ: എം.സി.എച്ച്. അൻവർ

പൊടി നിറഞ്ഞ ആ ചെമ്മൺ വഴികളിലൂടെ ഞങ്ങൾ പിന്നീട് പോയത് ന്യൂയോർക്ക് എന്ന് വിളിക്കുന്ന ഭൂഭാഗത്തേക്കാണ് അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തെ ബ്രൈസ് മലയിടുക്കുകളിലെ കാന്യൺ ദേശീയോദ്യാനത്തിന്റെ (Bryce Canyon National park, USA) വളരെ ചെറിയ ഒരു പതിപ്പാണ് ഈ പ്രദേശം. ജലപ്രവാഹത്തെ തുടർന്നുണ്ടായ മണ്ണൊലിപ്പിനെതുടർന്ന് സൃഷ്ടിക്കപ്പെട്ട ഉയരത്തിലുള്ള മൺസ്തൂപങ്ങൾ നിറഞ്ഞുകിടക്കുന്നു ഒരു പ്രദേശമാകെ. ബ്രൈസ് കാന്യനോടുള്ള അതിശയകരമായ സാമ്യം മൂലം പ്രാദേശികമായി ആരോ നൽകിയ പേരാണ് ന്യൂയോർക്ക്. അവിടെയും ഒരു കുട്ടിക്കൂട്ടം സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. കരകൗശലവസ്തുക്കളും ആ താഴ്വാരത്തു നിന്നും ലഭിക്കുന്ന ചില വർണ്ണശിലകളും ലോഹ ആഭരണങ്ങളും വിൽപ്പന നടത്തിയും സഞ്ചാരികൾക്ക് വേണ്ടി സംഘ നൃത്തം ചെയ്തും വരുമാനം കണ്ടെത്താൻ ഉത്സാഹിക്കുന്നു ആ കുരുന്നുകൾ. അവരിൽ നിന്ന് കല്ലുകളും ചില കരകൗശലവസ്തുക്കളും വാങ്ങി. ഒടുവിൽ തങ്ങളുടെ നൃത്തപാടവവും പ്രദർശിപ്പിച്ചേ അവർ ഞങ്ങളെ വിട്ടുള്ളൂ. കുട്ടിക്കൂട്ടത്തിന്റെ ഒരു ധനസമ്പാദനത്തിനുള്ള ഒരു തക്കിടി വിദ്യ എന്നതിൽ കവിഞ്ഞ് ആഫ്രിക്കൻ നൃത്തച്ചുവടുകളുമായി സാമ്യമെന്നും തോന്നിയില്ലെങ്കിലും അസാമാന്യമായ ഊർജ്ജവും ചടുലമായ ചുവടുകളും അശിക്ഷിതമായ ആ നൃത്തത്തിലും പ്രകടമാകുന്നുണ്ട്. താഴെ മൺസ്തൂഭങ്ങൾക്കിടയിൽ കാലികൾ മേയുന്നുണ്ട്. ഇടയൻമാരാകണം ചിലയിടങ്ങളിൽ വിശ്രമിക്കുന്നു. മൺസ്തൂഭങ്ങൾക്കപ്പുറത്ത് വിശാലമയ ആഫ്രിക്കൻ സമതലം ദീർഘദൂരത്തോളം പരന്നുകിടക്കുന്നു. സമീപ പ്രദേശങ്ങളിൽ പരമ്പരാഗത ആഫ്രിക്കൻ ശൈലിയിലുള്ള പുല്ലുമേഞ്ഞ വൃത്താകൃതിയിലുള്ള മൺകൂരകൾ. ആ ഗ്രാമത്തിലെയാകണം ഈ കുട്ടി വ്യാപാരികൾ. താഴേക്കിറങ്ങാമെന്ന് ഗൈഡ് പറഞ്ഞെങ്കിലും വേണ്ടെന്ന് വെച്ച് ഞങ്ങൾ മടങ്ങി.

​ഗ്രാമീണർ
​ഗ്രാമീണർ

വഴിയിൽ വിറകും ചാക്കുകെട്ടുകളായി പോകുന്ന സ്ത്രീകളെ കാണാം. വല്ലപ്പോഴും എതിരെ കടന്നു വരുന്ന വാഹനങ്ങൾ. രണ്ടും മുന്നും പേരുമായി കടന്നുപോകുന്ന മോട്ടോർസൈക്കിളുകൾ. തുടർന്നാണ് ഞങ്ങൾ കോൻസോയിലെ ഈ നാട്ടു ചന്തയിലെത്തിപ്പെട്ടത്. പുരുഷാരം ഇരമ്പിയാർക്കുന്ന മധ്യകേരളത്തിലെ ഒരു ഉത്സവപറമ്പിലെന്നോണം സജീവമായ ഈ ആഴ്ചന്തയിൽ നിൽക്കുമ്പോൾ എത്യോപ്യയുടെ കാഴ്ചകൾക്കും ശബ്ദങ്ങൾക്കുമൊപ്പം വിവിധങ്ങളായ ഗന്ധങ്ങളും കൂടി അറിയുന്നുണ്ട്. വന്യവും രൂക്ഷവും പ്രാകൃതവുമായ ബഹുവിധ ഗന്ധങ്ങൾ....

ഇരുട്ടത്തെ അത്താഴം, കാന്താലോഡ്ജിലെ രാത്രി, ബ്ലൂനൈലിലെ ഡാം...

പഴമയിൽ നിന്ന് ആധുനികതയിലേക്കുള്ള യാത്രക്കിടയിൽ വികൃതമാക്കപ്പെട്ട ഒരങ്ങാടിയാണ് കോൻസോ പട്ടണം. ഒട്ടും സൗന്ദര്യബോധം പുലർത്താതെ നിർമ്മിച്ച കോലംകെട്ട കോൺക്രീറ്റ് നിർമ്മിതികളാലും പരന്നുകിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാലും ദുർഗന്ധം വമിക്കുന്ന ചവറുകൂനകളാലും അഴുക്കുചാലുകളാലും തകർന്ന പാതകളാലും മനംമടിപ്പിക്കുന്ന ഒരു ശരാശരി ആഫ്രിക്കൻ നഗരം.

കോൻസോ അങ്ങാടി
കോൻസോ അങ്ങാടി

കോൻസോയിലെ നാട്ടുചന്തയിൽ നിന്നും പോക്കുവെയിൽ പിൻവാങ്ങിത്തുടങ്ങിയപ്പോൾ ഞങ്ങൾ അവിടം വിട്ടു, പിന്നീട് നേരെ പോയത് അത്താഴം കഴിക്കാനായി കോൻസോ അങ്ങാടിയിലേക്കാണ്.

ഇരുട്ടു പരന്നുതുടങ്ങിയിരുന്നു. നഗരത്തിൽ തന്നെയുള്ള ഒരു ഇടത്തരം ഭക്ഷണശാല. പാതവക്കിലെ കടമുറികളുടെ പുറകിൽ ഇടുങ്ങിയതല്ലാത്ത ഒരു പറമ്പിൽ ആകാശത്തിന് കീഴെയിട്ട തീൻമേശകൾ നടുവിൽ മേൽക്കൂരയുള്ള ചുമരുകളില്ലാത്ത ഒരു തറ അവിടെയും തീൻമേശകൾ. നല്ല തിരക്കുണ്ട് ആ നേരത്ത് ആ ഭോജനശാലയിൽ. ഇരുണ്ട പ്രകാശത്തിൽ ഏറെ സജീവമാണ് അപ്പോഴവിടം. അത്താഴമേശകളൊന്നും ഒഴിഞ്ഞു കിടക്കുന്നില്ല. ഉച്ചത്തിലുള്ള സംസാരങ്ങളും പൊട്ടിച്ചിരികളും. വെളിച്ചം വളരെ കമ്മിയാണ്. എണ്ണവിളക്കുകളും മെഴുകുതിരികളും മറ്റുമാണ് വെളിച്ചം പരത്തുന്നത്. ചിലയിടത്ത് വളരെ മങ്ങിയ പ്രകാശം പരത്തിക്കൊണ്ട് ഇലക്ട്രിക് ലൈറ്റുകൾ.

വൈദ്യുതക്ഷാമം വളരെ രൂക്ഷമാണ് എത്യോപ്യയിൽ പലയിടത്തും പ്രകാശം പരത്തുന്നത് ജനറേറ്ററുകളുപയോഗിച്ചാണ്. ഇവിടെയും അങ്ങിനെതന്നെയാകണം. പക്ഷെ അതിനിടയിലും ഉച്ചത്തിലുള്ള സംഗീതമുയരുന്നുണ്ട്. വൃത്തിയെ സംബന്ധിച്ച നമ്മുടെ പരമ്പരാഗത സങ്കൽപ്പങ്ങളുമായി ഒട്ടും യോജിച്ചുപോകുന്നതല്ല ആ പരിസരം. ഒരു പക്ഷെ ആ ഇരുണ്ട അന്തരീക്ഷത്തിൽ വൃത്തിഹീനത അധികരിച്ച് തോന്നുന്നതുമാകാം. അടുത്തുപോകാൻപോലും കഴിയാത്തത്ര പരിതാപകരമാണ് ശുചിമുറിയുടെ അവസ്ഥ. പുറകിലാണ് അടുക്കള. അവിടെ നിന്ന് ഭക്ഷണം നിറച്ച തട്ടുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്.

സ്ഥൂല ശരീരത്തോടുകൂടിയ ഒരു വിളമ്പൽക്കാരി സ്ത്രീ പുകയുന്ന ഒരു തട്ടുംകൊണ്ട് ഞങ്ങൾക്കരികിലേക്കെത്തി അതവിടെ സ്ഥാപിച്ചു. അത് കൊതുകുകളെയും ഈച്ചയേയുമൊക്കെ അകറ്റും. ഇഞ്ചിറയും കോഴിക്കറിയും കാളയിറച്ചി വറുത്തതും ഒരിനം അപ്പവും പരിപ്പുമൊക്കെയാണ് ഞങ്ങളാവശ്യപ്പെട്ടത്. ഗോമാംസമാണ് എത്യോപ്യക്കാരുടെ പ്രധാനഭക്ഷണം. പഴയ സെമിറ്റിക്ക് വിശ്വാസങ്ങളുടെ ഭാഗമായാണെന്ന് പറയുന്നു എത്യോപ്യക്കാർ പന്നിയിറച്ചി കഴിക്കാറില്ല. മാലാഖമാരോടൊപ്പം സഞ്ചരിക്കുന്നവരാണ് പക്ഷികൾ എന്ന് വിശ്വസിക്കുന്നതുകൊണ്ട് പറക്കുന്ന പക്ഷികളുടെ ഇറച്ചിയും അവർ ഭക്ഷിക്കാറില്ല. കോഴിയെ പക്ഷിയായി കണക്കുകൂട്ടാത്തതുകൊണ്ടായിരിക്കണം കോഴിയിറച്ചി എല്ലായിടത്തും ലഭ്യമാകുന്നത്.

കോൻസോയിലെ രാത്രി ഭക്ഷണം
കോൻസോയിലെ രാത്രി ഭക്ഷണം

ഈ ഇരുട്ടത്ത് അടി കൊള്ളാൻ വയ്യ അതുകൊണ്ട് തന്നെ ക്യാമറ പുറത്തെടുക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു. ഭക്ഷണം അത്ര സ്വാദിഷ്ടമായി തോന്നിയില്ല. പരിസരത്തിന്റെ സ്വാധീനവുമുണ്ടാകാം. എങ്കിലും തികച്ചും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു അത്. എത്യോപ്യയിലെ ഒരുൾനാട്ടിലെ സജീവമായ ഒരു ഗ്രാമീണ തീൻപുരയിൽ അവിടത്തെ നാട്ടുകാർക്കൊപ്പം മെഴുകുതിരിവെട്ടത്തിൽ ഒരത്താഴം. ഒരു ടൂർ സംഘത്തിനൊപ്പമായിരുന്നെങ്കിൽ ഞങ്ങൾക്കിതൊക്കെ നഷ്ടമാകുമായിരുന്നു. എത്യോപ്യൻ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയാതെ മുൻ നിശ്ചയിച്ച വഴികളിലൂടെയും കാഴ്ചകളിലൂടെയുമുള്ള സമയത്തിനൊപ്പിച്ച പുറംയാത്ര മാത്രമായി അത് ചുരുങ്ങുമായിരുന്നു. ഭക്ഷണം കഴിഞ്ഞു. വിളമ്പലുകാരൻ പറഞ്ഞ ബിൽ തുക സംബന്ധിച്ച് സംശയം തോന്നിയ അബ്ദു വിശദാശങ്ങളാവശ്യപ്പെട്ടതോടെ തുക കുറച്ച് കുറഞ്ഞു. അബ്ദു ചെറിയൊരു നീരസത്തോടെ നടത്തിപ്പുകാരി സ്ത്രീയോടെന്തോ പറഞ്ഞു. അവരൊരു പുഞ്ചിരിയോടെ എന്തോ പറഞ്ഞ് അതിനെ നേരിട്ടു. അരിശം തീരാതെ പിന്നെയും സംസാരം തുടർന്ന അബ്ദുവിനോട് വിട്ടു കൊടുക്കാൻ പറഞ്ഞ് ശാന്തനാക്കി ഡോ. അജിൻ.

കാന്തലോഡ്ജിലെ കല്ലുവിരിച്ച നടവഴി
കാന്തലോഡ്ജിലെ കല്ലുവിരിച്ച നടവഴി

മടങ്ങിയെത്തുമ്പോൾ ഞങ്ങൾ കാണുന്നത് ഇരുട്ടിൽ കുളിച്ചു നിൽക്കുന്ന കാന്താ ലോഡ്ജാണ്. ചെറിയ നാട്ടുവെളിച്ചമുണ്ട്. കോട്ടേജുകളുടെ പുല്ല് മേഞ്ഞ വൃത്തമേൽക്കൂരകൾ ആകാശത്തിന്റെ പശ്ചാത്തലത്തിൽ ആ ഇരുണ്ട നാട്ടുവെളിച്ചത്തിലും ദൃശ്യമാകുന്നുണ്ട്. മായികമായൊരു സൗന്ദര്യമുണ്ട് ആ കാഴ്ചക്ക്. റിസപ്ഷൻ ഏരിയയിൽ മാത്രം മങ്ങിയ വെളിച്ചമുണ്ട്. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം നടത്തിപ്പുകാരിലൊരാൾ ജനറേറ്റർ പ്രവർത്തിപ്പിച്ചു. 9 മണിക്ക് അതിന്റെ പ്രവർത്തനമവസാനിപ്പിക്കും ശേഷിക്കുന്ന രാവ് മുതൽ അന്ധകാരത്തിൽ കഴിച്ചുകൂട്ടണം. നിശ്ചിത സമയത്തിന് ശേഷം വൈദ്യുതി ഉണ്ടാകില്ലെന്ന് മുറിയെടുക്കുമ്പോഴെ അവർ പറഞ്ഞിരുന്നതാണ്. എന്നാൽ കോട്ടേജിലെത്തി കുളിക്കാൻ നോക്കുമ്പോൾ വെള്ളമില്ല. പിന്നെയും കുറേ നേരം കാത്തു വെള്ളമെത്താൻ. വെള്ളമെത്തി പക്ഷെ ചൂടുവെള്ളം ലഭ്യമാകുന്നില്ല. അജിൻ വല്ലാതെ ക്ഷുഭിതനായി. എന്നാൽ തങ്ങളല്ല ഉത്തരവാദപ്പെട്ടവർ എന്ന രീതിയിൽ ഒഴിഞ്ഞു നിൽക്കുകയാണ് അവിടത്തെ ജോലിക്കാർ. ഒടുവിൽ നീണ്ട ചീത്ത വിളിക്കൾക്കും ഒച്ചയെടുക്കലുകൾക്കും ശേഷം അടുക്കളയിൽ നിന്ന് പാത്രങ്ങളിൽ ചൂടുവെള്ളം കോട്ടേജുകളിലേക്കെത്തിച്ചു തന്നു ജോലിക്കാർ. സമയമേറെ അങ്ങിനെ കടന്നുപോയതുകൊണ്ട് ജനറേറ്റർ 10 മണി വരെ പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു അജിൻ. അതിനായി വീണ്ടുമൊരു ശണ്ഠവേണ്ടി വന്നു അവരുമായി.

അതിരൂക്ഷമാണ് എത്യോപ്യയിൽ വൈദ്യുതി ക്ഷാമം. റിഫ്റ്റ്‌വാലി തടങ്ങളിലൊഴിച്ച് ജലക്ഷാമവും അങ്ങിനെതന്നെ. ഈ രണ്ടു പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്ന രീതിയിലാണ് നൈലിന്റെ പ്രധാന കൈവഴിയായ ബ്ലൂനൈൽ നദിയിൽ എത്യോപ്യ ഡാം (Grand Ethiopian Renaissance Dam) പണിയാനാരംഭിച്ചത്. എത്യോപ്യയിലെ ടാനാതടാകത്തിൽ നിന്ന് ആരംഭിച്ച് സുഡാനിലൂടെയാണ് ബ്ലൂനൈൽ ഈജിപ്തിലെത്തിചേരുന്നത്. ഡാം നിർമ്മാണം അവസാനഘട്ടത്തിലേക്കടുത്തുകൊണ്ടിരിക്കുമ്പോൾ ഈജിപത് പരിഭ്രാന്തിയിലാണ്. ഈജിപ്തിൽ നിന്ന് 2500 കിലോമീറ്ററോളം അകലെയാണ് എത്യോപ്യയുടെ ഡാമെങ്കിലും നൈലിലെ ജലലഭ്യതയെ അത് സാരമായി ബാധിക്കുമെന്നും അങ്ങിനെ ഈജിപ്ഷ്യൻ സാമ്പത്തികരംഗം തകരുമെന്നുമുള്ള ഭയം അവർക്കുണ്ട്. ഒരു യുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് കരുതുന്നവരുണ്ട്. 2011ൽ മുല്ലപ്പുവിപ്ലവത്തിൽ ഈജിപ്ത് കലുഷിതമായിരിക്കുന്ന സാഹചര്യം മുതലെടുത്താണ് എത്യോപ്യ ഡാം നിർമ്മാണമാരംഭിക്കുന്നത് അതുകൊണ്ട് തന്നെ അന്നതിനെതിരെ ശബ്ദമുയർത്താൻ ഈജിപ്തിനായില്ല.

ലേഖകനും സുഹൃത്തുക്കളും കാന്താ ലോഡ്ജിലെ ഊട്ടുപുരയിൽ. ഒപ്പമുള്ള യുവതിയാണ് അവിടുത്തെ പാചകക്കാരി.
ലേഖകനും സുഹൃത്തുക്കളും കാന്താ ലോഡ്ജിലെ ഊട്ടുപുരയിൽ. ഒപ്പമുള്ള യുവതിയാണ് അവിടുത്തെ പാചകക്കാരി.

ഈ ഘട്ടത്തിൽ ഡാം നിർമ്മാണം തടയാനാകില്ലെന്നിരിക്കെ ഡാമിൽ ജലം നിറക്കുന്നത് 10-12 വർഷമെടുത്ത് ക്രമാനുഗതമായാകണമെന്നും തങ്ങളുടെ ആവശ്യകതയനുസരിച്ച് പ്രതിവർഷം 40 ബില്യൺ ക്യുബിക്ക്മീറ്റർ ജലം വിട്ടുനൽകണമെന്നുമാണ് ഈജിപ്തിന്റെ പ്രധാന ആവശ്യം എന്നാൽ ഇതു രണ്ടും പരിഗണിക്കാൻ എത്യോപ്യ തയ്യാറായിട്ടില്ല. വിഷയം ഐക്യരാഷ്ട്രസഭ രക്ഷാസമിതിക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് ഈജിപ്ത്. യു.എസ്.എയും മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തുണ്ട്. എത്യോപ്യക്കെതിരെ ആയുധമെടുക്കണമെന്ന മുറവിളി ഈജിപ്തിൽ ഉയരുന്നുണ്ട്. എന്നാൽ എത്യോപ്യ തങ്ങളുടെ മണ്ണിൽ ഒരു ഡാം നിർമ്മിക്കുന്നതിനെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അങ്ങിനെയൊരു നീക്കമുണ്ടായാൽ അതിനെ ചെറുക്കാൻ ഏതറ്റം വരെയും പോകുമെന്നുമാണ് സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവ് കൂടിയായ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് പറയുന്നത്.

ഈജിപ്തിന്റെ 90% സ്ഥലവും മരുഭൂമിയാണ് ശേഷിക്കുന്ന 10% സ്ഥലത്തെ പച്ചപ്പിന് കാരണം നൈൽ നദിയാണ്. ഈ 10 %പ്രദേശത്താണ് ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ 95% ജീവിക്കുന്നത്. ഈജിപ്തിലൂടെ ഒഴുകുന്ന നൈലിന്റെ 65% ജലവും ബ്ലൂനൈലിന്റെ സംഭാവനയാണ്. അതുകൊണ്ട് തന്നെ ബ്ലൂനൈലിലെ ഡാം നിർമ്മാണം ഈജിപ്തിനെ പരിഭ്രാന്തരാക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ കടുത്ത ജലക്ഷാമവും വൈദ്യുതി ക്ഷാമവുമുള്ള എത്യോപ്യക്ക് ഈ ഡാമല്ലാതെ മറ്റു പോംവഴികളില്ല. ഇന്നും രാജ്യത്ത് നിലനിൽക്കുന്ന കടുത്ത പട്ടിണിയും ഭക്ഷ്യക്ഷാമവും വ്യാവസായിക വികസനത്തിന് തടസ്സം നിൽക്കുന്ന കടുത്ത വൈദ്യുതി ക്ഷാമവുമൊക്കെ മറി കടക്കാൻ ഈ ഡാം എത്യോപ്യയെ സഹായിക്കും. സുഡാനാണ് ഈ ഡാം നിർമ്മാണം ബാധിക്കുന്ന മറ്റൊരു രാജ്യം എന്നാൽ മഴക്കാലത്ത് നൈൽ സൃഷ്ടിക്കുന്ന വെള്ളപ്പൊക്കത്തിന് ഡാം അറുതി വരുത്തുമെന്നതും ഡാം വഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ ഒരു പങ്ക് തങ്ങൾക്ക് ലഭിക്കുമെന്നതും സുഡാനെ നിശബ്ദരാക്കുന്നു. 74 ബില്യൺ ക്യുബിക്ക് മീറ്ററാണ് ഡാമിന്റെ മൊത്തം സംഭരണശേഷി. ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായി (6,000 മെഗാവാട്ട് ഉൽപ്പാദനശേഷി) മാറും നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഈ ഡാം. അഞ്ച് ബില്യൺ ഡോളറാണ് കണക്കാക്കിയിരിക്കുന്ന മൊത്തം ഉൽപ്പാദനച്ചിലവ്. ജനങ്ങളിൽ നിന്നുള്ള ദേശാഭിമാനബോണ്ടുകളിലൂടെയും (Patriotic Bonds) വിദേശവായ്പകളിലൂടയുമാണ് ഈ തുക കണ്ടെത്തിയിരിക്കുന്നത്. എത്യോപ്യയുടെ ആഭ്യന്തര ആവശ്യങ്ങൾക്ക് പുതിയതായി 4,000 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടത്. ശേഷിക്കുന്ന വൈദ്യുതി മറ്റാഫ്രിക്കൻ രാജ്യങ്ങൾക്ക് വിറ്റ് നല്ലൊരു സംഖ്യ നേടാനാകും എത്യോപ്യക്ക്. വായ്പാതിരിച്ചടവുകളും മറ്റ് സാമ്പത്തിക ബാധ്യതകളും മുന്നിലുള്ളതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് പദ്ധതി കമ്മീഷൻ ചെയ്ത് ഉൽപ്പാദനമാരംഭിക്കാനാണ് എത്യോപ്യൻ നീക്കം എന്നാൽ അതെത്രമാത്രം നീട്ടിക്കൊണ്ടു പോകാനാകുമെന്നാണ് ഈജിപ്തിന്റെ ചിന്ത. എന്തായാലും റിനൈസാൻസ് ഡാം ആ പേരു പോലെ തന്നെ എത്യോപ്യയുടെ സമൂലമായ മാറ്റത്തിന് സഹായകരമാകുമെന്ന കാര്യത്തിൽ സംശയമില്ല. ആ സുദിനം കാത്തിരിക്കുകയാണ് എത്യോപ്യക്കാർ.

കാന്താ ലോഡ്ജിലെ കോട്ടേജുകൾ
കാന്താ ലോഡ്ജിലെ കോട്ടേജുകൾ

ഒരു വലിയ വളപ്പിൽ അതി മനോഹരമായാണ് കോട്ടേജുകളുടെ നിർമ്മിതി. പുല്ല് വളർത്തിയ തൊടി അതിനിടയിലൂടെ കല്ലുവിരിച്ച നടവഴികൾ അതിനരികിലെ മനോഹരമായ പൂച്ചെടികൾ. മികച്ച ലാൻഡ് സ്‌കേപ്പിങ്ങും ആർക്കിടെക്ച്ചറും ലൊക്കേഷനുമൊക്കെയായിട്ടും അതിനോടൊന്നും ഒട്ടും നീതി പുലർത്താത്ത ആതിഥേയത്വം. കുടിലുകൾക്കകവും മനോഹരമായി രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. രണ്ടു കോട്ടേജുകളാണ് എടുത്തിരുന്നത്. ഒന്നിൽ ദത്തേട്ടനും അൻവറും ഞാനും മറ്റേതിൽ ഡോ. അജിനും അബ്ദുവും ജോയേട്ടനും. അജിനും ജോയേട്ടനും കുളി കഴിഞ്ഞ് ഞങ്ങളുടെ കോട്ടേജിലേക്കെത്തി. പുറത്ത് നല്ല തണുപ്പുണ്ട്. അതിനിടയിൽ ചാറ്റൽ മഴയും തുടങ്ങി. മഴ കണ്ട് നിൽക്കുന്നതിനിടയിൽ ജനറേറ്റർ നിറുത്തിയിരുന്നു.

കാന്താ ലോഡ്ജിലെ കാഴ്ചകൾ
കാന്താ ലോഡ്ജിലെ കാഴ്ചകൾ

അബ്ദുവിനെ കാണാനില്ല. റിസോട്ടിലെ ജോലിക്കാരിയായ എത്യോപ്യൻ യുവതിക്ക് അബ്ദുവിനോട് എന്തോ കാര്യമായ ആകർഷണം തോന്നിയിട്ടുണ്ടെന്ന് ജോയേട്ടൻ പറഞ്ഞിരുന്നു. എത്യോപ്യൻ സാമൂഹ്യജീവിതത്തിൽ അത്തരം പ്രണയനാടകങ്ങൾ സാധാരണമാണത്രെ. സ്ത്രീ പുരുഷ ബന്ധങ്ങൾ കുറേകൂടി സ്വതന്ത്രവും തുറന്നതുമാണവിടെ. സാമൂഹ്യജീവിതത്തിൽ നിന്നും ഗോത്ര സംസ്‌ക്കാരത്തിന്റെ അടയാളങ്ങൾ പാടെ മായ്ച്ചുകളയാൻ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ക്രൈസ്തവ സദാചാരത്തിനായിട്ടില്ല. അന്നത്തെ പകൽ കാഴ്ചകളേയും നാളത്തെ യാത്രാപരിപാടികളേയും കുറിച്ച് സംസാരിച്ചും നാട്ടുകഥകൾ പങ്കിട്ടും എത്രനേരമിരുന്നെന്ന് ഓർമയില്ല.

ലേഖകനും സുഹൃത്തുക്കളും കാന്താ ലോഡ്ജിനരികിൽ
ലേഖകനും സുഹൃത്തുക്കളും കാന്താ ലോഡ്ജിനരികിൽ

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പതിയെ കിടക്കിയിലേക്ക് ചരിയുകയും ക്ഷണനേരം കൊണ്ട് ഉറക്കിലേത്ത് ആഴ്ന്നുപോകുകയുമായിരുന്നെന്ന് പിറ്റേന്ന് ജോയേട്ടൻ പറഞ്ഞറിഞ്ഞു. പുലർച്ചെ നാലിന് അലാറം കേട്ടാണുർന്നത്. പ്രാഥമിക കൃത്യങ്ങൾ മാത്രം കഴിച്ച് കുളിക്കാൻ പോലും നിൽക്കാതെ ഇറങ്ങി. മതിക്കെട്ടുറങ്ങി ആ രാത്രി. പുറത്ത് രാത്രി എപ്പോഴൊക്കയോ മഴ പെയ്തിരുന്നു എന്ന് പറഞ്ഞു ദത്തേട്ടനും അൻവറും. കറന്റും വെള്ളവുമില്ലാത്ത ഒരു രാത്രിയാണ് കടന്നുപോയത്. അതിന്റെ അരിശം അപ്പോഴും ശമിച്ചിട്ടുണ്ടായിരുന്നില്ല ഡോ. അജിന്. ടിപ്പ് ചോദിച്ചെത്തിയ ജോലിക്കാരെ ചീത്ത പറഞ്ഞോടിച്ചു ആദ്യം അദ്ദേഹം. പിന്നീട് അവർക്കെന്തോ കൊടുത്ത് അവിടെ നിന്നിറങ്ങി. കാന്താലോഡ്ജിൽ നിന്നും കോൻസോയുടെ പ്രധാന പാതയിലേക്ക് വണ്ടി കയറുമ്പോഴേക്കും പുലർ വെളിച്ചം പരന്നു തുടങ്ങിയിരുന്നു അവിടെയാകെ.▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments