ജനാധിപത്യം എന്ന പദം അതിന്റെ പൂർണ്ണമായ അർത്ഥവ്യാപ്തി കൈവരിക്കുകയാണ് അബി അഹമ്മദിന്റെ എത്യോപ്യയിൽ.
വെള്ളവും കറന്റുമില്ലാത്ത ഒരു രാത്രിക്കുശേഷം പ്രഭാതഭക്ഷണം കഴിക്കാൻ നിൽക്കാതെ പുലർച്ചെ തന്നെ കാന്താലോഡ്ജിൽ നിന്ന് ഞങ്ങളിറങ്ങി. കറന്റുണ്ടായിരുന്നില്ലെങ്കിലും പുൽമേൽക്കൂരയുള്ള മനോഹരമായ വൃത്തിയുള്ള കുടിലുകളിൽ സുഖമായുറങ്ങിയിരുന്നു എല്ലാവരും. കോൻസോ അങ്ങാടി അപ്പോഴും ഉണർന്നിട്ടുണ്ടായിരുന്നില്ല. ഭക്ഷണം പിന്നീട് വഴിയിലെവിടെ നിന്നെങ്കിലുമാകാമെന്ന ധാരണയിൽ വണ്ടി വിട്ടു. രാത്രി കാര്യമായി തന്നെ മഴ പെയ്തിട്ടുണ്ട് ആ വഴിയോരങ്ങളിലൊക്കെ. റോഡിന് കുറുകെയുള്ള നിലംപതികളിലൂടെ കൈത്തോടുകൾ കടന്നുപോകുന്നു പലയിടത്തും. ചേറും ചളിയും കുഴഞ്ഞ് വല്ലാത്തൊരു പരുവത്തിലാണ് റോഡ്. ദുഷ്‌കര യാത്ര. പക്ഷെ അതിസുന്ദരമായിരുന്നു ആ പാതയോരങ്ങൾ.
തെഫ് വളരുന്ന വയലുകൾ. ചില പാടങ്ങളിൽ നമ്മുടെ നാട്ടിലേത് പോലുള്ള കാവൽ മാടങ്ങൾ. ഇളം മഞ്ഞും ചെറിയ ചാറ്റൽ മഴയുമുള്ള അതി മനോഹരമായ ഒരു ആഫ്രിക്കൻ പുലരിയായിരുന്നു അത്. വഴിയിൽ ചിലയിടത്ത് ബസ്സ് കാത്ത് നിൽക്കുന്ന ഗ്രാമീണർ. വല്ലാതെ മോഹിപ്പിക്കുന്ന ചിലയിടങ്ങളിൽ ചിത്രമെടുക്കാനായി വണ്ടി നിറുത്തി. ബസ് കാത്തു നിൽക്കുന്ന ചിലരോടൊക്കെ കുലശം ചോദിച്ചു. ചിലയിടത്ത് കുട്ടികൾ വണ്ടിക്ക് പുറകെ ഓടി. മഞ്ഞും മഴയും മേഘാവൃതമായ ആകാശവും അതിനിടയിലൂടെ ഇടക്കിടെ കടന്നുവരുന്ന വെള്ളിവെളിച്ചവുമൊക്കെ കൂടികലർന്ന ഒരു പുലർക്കാലം.
ഏറെ താമസിക്കാതെ ഒരു ചെറുകവലയിലെ ഒരു ഗ്രാമീണഭോജനശാലക്ക് മുൻപിൽ വണ്ടി നിറുത്തി അബ്ദു. ഗാർഡുല എന്ന ഒരു ചെറിയൊരങ്ങാടി. കുറച്ച് വാഹനങ്ങൾ ചെറിയ കച്ചവടപ്പുരകൾ, അലഞ്ഞുതിരിഞ്ഞു നടക്കുന്ന ചില പശുക്കൾ, പന്നികൾ. തുറസായ മുറ്റത്തും ചെറിയ തുറന്ന മേൽക്കൂരക്ക് കീഴിലുമായി കുറച്ച് ഇരിപ്പിടങ്ങൾ. ഫാമിലി ഫിഷ് റസ്റ്റോറന്റ് എന്നാണ് ആ ഭോജനശാലയുടെ പേര്. കുറച്ച് പ്രദേശവാസികളൊഴിച്ചാൽ ഒട്ടും തിരക്കില്ല. അബ്ദുവിന് തണുത്ത ബിയറെത്തി. ഇഞ്ചിറയും കാളയിറച്ചിയും എന്തൊക്കയോ പച്ചക്കറി വിഭവങ്ങളും ഓർഡർ ചെയ്തു.
ലളിതമെങ്കിലും രുചികരമായിരുന്നു ഭക്ഷണം. കോഫി സെറിമണി പോലെതന്നെയാണ് എത്യോപ്യൻ ഭക്ഷണവും, ഉപചാരപൂർവ്വമാണ് വിളമ്പൽ. ഇഞ്ചിറക്ക് പുറമേ അരിപ്പൊടികൊണ്ടുള്ള ഒരപ്പവും കോഴിക്കറിയും കൂടി കഴിച്ചു. കൂടെ ഉറപ്പായും ബുന്ന എന്ന എത്യോപ്യൻ കാപ്പിയും. തലേന്നാൾ പെയ്ത മഴയുടെ ചില മരപെയ്ത്തുകൾ അപ്പോഴും ആ തുറസ്സിടത്തിൽ ബാക്കിയുണ്ടായിരുന്നു. അബ്ദുവിന്റെ കണ്ണ് മിക്കപ്പോഴും ഹോട്ടൽ വളപ്പിന് പുറത്തായി പാർക്ക് ചെയ്ത വണ്ടിയിലാണ്. ചില കുട്ടികളൊക്കെ വണ്ടിക്ക് ചുറ്റും നടന്നുനോക്കുന്നുണ്ട്. വണ്ടി തുറക്കാനുള്ള ശ്രമമുണ്ടായാൽ മിന്നൽ വേഗത്തിൽ അവിടെ എത്തുന്ന അബ്ദുവിന്റെ കൈയുയരും. പിന്നെ ഡോക്ടർ ഇടപെടേണ്ടി വരും.
രുചികരമായ പ്രാതലിനുശേഷം യാത്ര തുടർന്നു. പച്ചപുതച്ച വഴിയോരങ്ങൾ അപ്പോഴും പെയ്തു പോയ മഴയുടെ ആലസ്യം കൈവിടാതെ കിടന്നു. തെഫ് ധാന്യക്കതിരുകളിൽ ബാക്കിയായ മഴത്തുള്ളികൾ വെയിലേറ്റ് തിളങ്ങി. ജീപ്പിൽ ബാക്കിയായ ചാട് ഇലകൾ വെറുതെ സമയം പോക്കാനായി ചവക്കുന്നുണ്ട് ജോയേട്ടൻ. പ്രസന്നമായൊരു മൗനത്തിലാണ് ദത്തേട്ടൻ. ചെറിയൊരു ഉറക്കച്ചടവിൽ പുറം കാഴ്ചകളിലേക്ക് നോക്കി അൻവർ. ഡോ.അജിൻ ഫോണിൽ തനിക്കുള്ള മെയിലുകൾ പരിശോധിക്കുന്ന തിരക്കിലാണ്. തകർന്ന റോഡിലൂടെ വിദഗ്ദ്ധമായി വണ്ടിയോട്ടുന്നു അബ്ദു.
ആഫ്രിക്കൻ ജീവിതത്തിന്റെ അവിഭാജ്യമായ ഘടകമാണ് ചാട് എന്ന മരത്തിന്റെ ഈ ഇലകൾ. സുഖകരമായ ചെറിയൊരു ലഹരി പ്രധാനം ചെയ്യുമത്രെ ഇത്. പക്ഷെ ഒരു ലഹരിയും അനുഭവപ്പെടുന്നില്ല എന്നാണ് ഞങ്ങൾക്കൊപ്പമുള്ള ലഹരി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എന്തായാലും ചാടിന്റെ ഇല ചവച്ച് വെറുതെ ചടഞ്ഞിരിക്കുന്നത് ഒരു പൊതു ആഫ്രിക്കൻ ശീലമാണെന്ന് പറയുന്നു. ചാടിന്റെ ഇലയില്ലാത്ത ഒരു ദിവസം അവരിൽ ഭൂരിഭാഗം പേർക്കും ചിന്തിക്കാൻ പോലുമാകില്ലത്രെ. അർബാമിഞ്ച് പിന്നിട്ടതോടെ യാത്രാദുരിതത്തിന് അവധിയായി. വഴിയിലൊരിടത്ത് നിന്ന് കുട്ടികളിൽ നിന്ന് വിവിധങ്ങളായ പഴങ്ങൾ ഒരു ചാക്ക് നിറയെ വാങ്ങി വണ്ടിയുടെ മുകളിൽ കയറ്റി ഞങ്ങൾ.
അർബാമിഞ്ചിൽ നിന്ന് അവാസയിലേക്കുള്ള വഴിയിലെ പ്രധാന നഗരമാണ് സോഡോ. വോലൈറ്റ സോഡോ (Wolaita Sodo) എന്ന ജില്ലയുടെ ആസ്ഥാനം കൂടിയാണ് സോഡോ നഗരം. എത്യോപ്യയെ ഭരണപരമായി ഒമ്പത് സംസ്ഥാനങ്ങളും രണ്ട് നഗരഭരണപ്രദേശങ്ങളുമായാണ് തരം തിരിച്ചിരിക്കുന്നത്. അഡിസ് അബാബയും ഡയർ ദാവയും നഗര ഭരണപ്രദേശങ്ങൾ. അഫാർ, അംഹാര, ബെനിഷാങ്കുൽഗുമുസ്, ഗാംബെല, ഹരാരി, ഒറോമിയ, സോമാലി, സതേൺ നേഷൻസ് നാഷണാലിറ്റീസ് ആൻഡ് പീപ്പിൾസ് റീജിയൻ (SNNPR), ടിഗ്രെ എന്നിവയാണ് എത്യോപ്യയിലെ സംസ്ഥാനങ്ങൾ. ആഡിസിൽ നിന്ന് തുടങ്ങി ഒറോമിയ സംസ്ഥാനം പിന്നിട്ട് SNNPR സംസ്ഥാനത്തിലൂടെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ യാത്ര. SNNPR സംസ്ഥാനത്തിലെ പ്രധാന ജില്ലയാണ് വോലൈറ്റ സോഡോ. വണ്ടി നിറുത്തി, ഫോൺ റീചാർജ്ജ് ചെയ്യാനും എ.ടി.എമ്മിൽ നിന്ന് പണമെടുക്കാനുമായി ഡോക്ടർ പോയി . ഞങ്ങൾ സോഡോ നഗരത്തിന്റെ കാഴ്ചകളിലേക്ക് ചെറുതായൊന്നിറങ്ങി.
നഗരങ്ങളും ഗ്രാമപ്രദേശങ്ങളും തമ്മിൽ സാമൂഹ്യജീവിതത്തിലുള്ള അന്തരം കാണിച്ചു തരും എത്യോപ്യയിലെ ഇത്തരം ഇടത്തരം നഗരങ്ങൾ. വൻസൗധങ്ങൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന വിൽപ്പനശാലകൾ, പുതിയ വാഹനങ്ങൾ, വൃത്തിയായി മോഡിയിൽ വസ്ത്രം ധരിച്ച ചെറുപ്പക്കാർ, വീതിയുള്ള, പുല്ലും മരങ്ങളും വെച്ച് പിടിപ്പിച്ച ഡിവൈഡറുകളുള്ള നാല് വരിപാതകൾ, അന്താരാഷ്ട്ര ഉൽപ്പന്നങ്ങളുടെ വലിയ പരസ്യപലകകൾ... രാവിലെ കടന്നുപോന്ന കോൻസോ അങ്ങാടിയിൽ നിന്നെത്രയോ വിഭിന്നമായ മറ്റൊരു ലോകം.
സോഡോവിൽ നിന്ന് 120 കിലോമീറ്ററോളം ദൂരമുണ്ട് അവാസയിലേക്ക്. പച്ചപ്പ് ചിലയിടത്ത് വരണ്ട ഭൂപ്രകൃതിക്ക് വഴിമാറുന്നുണ്ട്. വഴിയിൽ ചിലയിടത്തായി പർദ്ദ ധരിച്ച സ്ത്രീകളെ കണ്ടു തുടങ്ങി. മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങളാണ്. പക്ഷെ സാധാരണഗതിയിൽ പർദ്ദ ധരിക്കുന്നവരല്ല എത്യോപ്യൻ മുസ്‌ലീങ്ങൾ. എത്യോപ്യയിൽ 30 ശതമാനത്തിൻ മുകളിൽ ജനങ്ങൾ ഇസ്‌ലാം
മത വിശ്വാസികളാണ്. ഇസ്‌ലാം ആദ്യകാലത്ത് തന്നെ പ്രചരിച്ച ഇടങ്ങളിലൊന്ന് കൂടിയാണ് എത്യോപ്യ. ഖുറൈശികളുടെ പീഢനത്തെ തുടർന്ന് മക്കയിൽ നിന്നും പാലായനം ചെയ്ത മുഹമ്മദിനും കുടുംബത്തിനും അനുയായികൾക്കും അഭയം നൽകിയത് എത്യോപ്യൻ (അന്നത്തെ അക്‌സൂം) ഭരണാധികാരിയായ അശമ ഇബിൻ അബ്ജാർ ആയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ ഇദ്ദേഹം പരാമർശിക്കപ്പെടുന്നത് അൽനജ്ജാശി രാജാവ് എന്ന പേരിലാണ്.
അറേബ്യക്ക് പുറത്തുള്ള ആദ്യ മുസ്‌ലിം പള്ളി സ്ഥാപിക്കപ്പെട്ടതും എത്യോപ്യയിലാണ്. കാര്യമായ മതസംഘർഷങ്ങളില്ലാത്ത ഒരു രാജ്യമാണ് എത്യോപ്യ. ഇപ്പോഴത്തെ എത്യോപ്യൻ പ്രധാനമന്ത്രിയായ അബി അഹമ്മദ് അലി ക്രിസ്ത്യൻ മാതാവിന്റെയും മുസ്‌ലീമായ പിതാവിന്റെയും മകനാണ്. ഇടം കയ്യിൽ ബൈബിളും വലംകയ്യിൽ ഖുർആനുമായാണ് 2018 ഏപ്രിൽ 2 ന് എത്യോപ്യയുടെ പ്രധാനമന്ത്രിയായി അബി അഹമ്മദ് ചുമതലയേറ്റത്. മുന്നുമാസത്തിനുള്ളിൽ ജൂലൈയിൽ എത്യോപ്യയും എറിത്രിയയും തമ്മിലുള്ള 20 വർഷത്തെ സംഘർഷത്തിനറുതി വരുത്തി സമാധാനകരാറിൽ ഒപ്പു വെക്കാനായി അഹമ്മദിന് (ഈ നേട്ടത്തിന് അദ്ദേഹത്തിന് പിന്നീട് സമാധാനത്തിനുള്ള 2019ലെ നോബൽ സമ്മാനം ലഭിക്കുകയുണ്ടായി) ജനാധിപത്യം എന്ന പദം അതിന്റെ പൂർണ്ണമായ അർത്ഥവ്യാപ്തി കൈവരിക്കുകയാണ് അബി അഹമ്മദിന്റെ എത്യോപ്യയിൽ.
പൊതുവേ ആഫ്രിക്കക്ക് അത്ര പഥ്യമായ ഒന്നല്ല ജനാധിപത്യം. രണ്ടാം ലോകമഹായുദ്ധാനന്തരം ഭൂഖണ്ഡത്തിലെ കോളനികളിൽ നിന്ന് സാമ്രാജ്യത്വ ശക്തികൾ പിൻവാങ്ങിയതോടെ ആഫ്രിക്കയിലെമ്പാടും പുതിയ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടു തുടങ്ങി. ഇന്ത്യൻ സ്വാതന്ത്രസമരവും നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യാനന്തര ഇന്ത്യയും അവരുടെ സ്വാതന്ത്ര്യപ്രതീക്ഷകൾക്ക് ഉണർവ്വേകി. വിദ്യാസമ്പന്നരായ ജനാധിപത്യ സോഷ്യലിസ്റ്റ് സ്വപ്നങ്ങളിൽ വിശ്വസിച്ചിരുന്ന ഒരു പുതുതലമുറ ആഫ്രിക്കയുടെ നേതൃത്വത്തിലേക്ക് ഉദിച്ചുയർന്നു. ക്വാമേ എൻക്രൂമയേയും (ഘാന) ജൂലിയസ് നരേരയേയും (ടാൻസാനിയ) പാത്രിസ് ലുമുംബയേയും (കോംഗോ) പോലുള്ള വിശാല ഇടത് കാഴ്ചപ്പാടുള്ള നേതാക്കൾ അധികാരത്തിലെത്തി.
സ്വതന്ത്രരാഷ്ടമായി മാറിയ തങ്ങളുടെ പഴയ കോളനികളിൽ അപ്പോഴും സാമ്പത്തിക താൽപര്യങ്ങളുണ്ടായിരുന്ന സാമ്രാജ്യത്വശക്തികൾ തങ്ങളുടെ പാവസർക്കാരുകളെ വീണ്ടും അവിടെ പ്രതിഷ്ഠിച്ചു തുടങ്ങി. ലുമുംബയെ പോലെ തങ്ങളുടെ ഹിതത്തിനനുസരിച്ച് നടക്കാത്തവരെ വധിക്കുകയോ സ്ഥാനഭ്രഷ്ഠരാക്കുകയോ ചെയ്തു. ശേഷിച്ചവരെ ഭീഷണിയിലൂടെയും പ്രലോഭനങ്ങളിലൂടെയും വശത്താക്കി. പ്രതീക്ഷ ഉയർത്തി ഭരണത്തിലെത്തിയ പല നേതാക്കളും അഴിമതിയിലേക്കും സേച്ഛാധിപത്യത്തിലേക്കും കൂപ്പുകുത്തി. സിംബാവെയിലെ റോബർട്ട് മുഗാബെയെപ്പോലുള്ളവർ വിപ്ലവവഴികളിൽ നിന്ന് ജീർണ്ണതയിലേക്ക് കൂപ്പുകുത്തി. ഗോത്രകലഹങ്ങളും സാമ്രാജ്യത്വതാൽപര്യങ്ങളും പട്ടാളഭരണകൂടങ്ങളും ശീതയുദ്ധകാലത്തെ അമേരിക്കൻ-സോവിയറ്റ് വടംവലികളും ചേർന്ന് ആഫ്രിക്ക ഒരു നരകമായി മാറി.
90 കൾക്ക് ശേഷം ഇസ്‌ലാമിക തീവ്രവാദം വലിയൊരു ഭീഷണിയായി ആഫ്രിക്കക്ക് മുകളിലുണ്ട്. അൽഖ്വെയ്ദ, അൽ ശബാബ്, ബൊകോ ഹറം, അൻസാറുദ്ദീൻ തുടങ്ങിയുള്ള മതഭീകരവാദ സംഘടനകൾ ഭൂഖണ്ഡത്തിൽ പലയിടത്തും സജീവമാണ്. ആയുധകച്ചവടക്കാരും, തീവ്രവാദികളും, ഗോത്രസേനകളും, പട്ടാളഭരണകൂടങ്ങളും മാഫിയാസംഘങ്ങളുമെല്ലാം ചേർന്ന് ഉൽപ്പതിഷ്ണുക്കളായ ആഫ്രിക്കൻ നേതാക്കൾ വളർത്തികൊണ്ടു വന്ന പാൻ ആഫ്രിക്കൻ സ്വപ്നത്തിന് മങ്ങലേൽപ്പിച്ചിരിക്കുന്നു. എന്നാൽ പൊതുവായ ആഫ്രിക്കയുടെ ഇത്തരമൊരു വർത്തമാനത്തിൽ നിന്നും ഭിന്നമാണ് ഇന്നത്തെ എത്യോപ്യ. ക്രിസ്തുവിന് ശേഷം ആദ്യനൂറ്റാണ്ടുകളിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി വരെ തുടർച്ചയായി എത്യോപ്യയുടെ അധികാരം കൈയ്യാളിയിരുന്ന പൗരസ്ത്യ ക്രിസ്ത്യൻ രാജവംശം. 74 മുതൽ 87 വരെ 13 വർഷത്തോളം എത്യോപ്യയെ നിയന്ത്രിച്ച കമ്മ്യൂണിസ്റ്റ് ദെർഗ് തുടർന്ന് 1987 മുതൽ 91 വരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണം. 91മുതൽ ഇതുവരെ ജധാനിപത്യം. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെ പോലെ കോളനിവൽക്കരണത്തിന്റെയോ, അടിമക്കച്ചവടത്തിന്റെയോ ദുരിതങ്ങൾ എത്യോപ്യക്ക് നേരിടേണ്ടി വന്നിട്ടില്ല.
ഏറിത്രിയയുമായുള്ള യുദ്ധകാലത്തും മെൻഗിത്സു ഹെയ്‌ലി മറിയത്തിന്റെ കമ്മ്യൂണിസ്റ്റ് ദർഗ് കാലത്തുമൊഴിച്ച് ഹിംസയിൽ നിന്ന് ഏറെയൊക്കെ മുക്തമായിരുന്നു ഈ രാജ്യം. അതുകൊണ്ടാകണം അവർ ജനാധിപത്യത്തെ കൈവിടാതെ സൂക്ഷിക്കുന്നതും. ഈ സമാധാന അന്തരീക്ഷവും അവസാന എത്യോപ്യൻ ചക്രവർത്തിയായിരുന്ന ഹെയ്‌ലി സെലാസി മുന്നോട്ട് വെച്ച പാൻ ആഫ്രിക്കൻ ആശയവുമൊക്കെ കാരണമാകണം ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം എത്യോപ്യയിലാണ്. സോമാലിയയിലെയും സുഡാനിലെയും തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ ഏറ്റവും വലിയ സൗഹൃദ രാഷ്ട്രമാണ് എത്യോപ്യ.
തന്റെ മുൻഗാമികളുടെ കാലത്ത് നിലനിന്നുപോന്നിരുന്ന പല അടിച്ചമർത്തലുകളും അവസാനിപ്പിച്ച് എത്യോപ്യയെ ജനാധിപത്യത്തിന്റെ സുവർണ്ണകാലത്തിലൂടെ കൈപിടിച്ച് നടത്തുന്നു അഫ്രിക്കയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായ (43) അബി അഹമ്മദ്. ഒറോമിയയിലെ അഗാരോയ്ക്ക് അടുത്ത് ബെഷാഷായിൽ ഒരു ദരിദ്രകുടുംബത്തിൽ 1976 ആഗസ്റ്റ് 15 നാണ് അബി അഹമ്മദിന്റെ ജനനം. തറയിലാണ് കിടന്നുറങ്ങിയിരുന്നത്. അടുത്ത നദിയിൽ നിന്ന് വെള്ളം ശേഖരിച്ചിച്ചു കൊണ്ടു വരണം. വീട്ടിൽ വൈദ്യുതിയെത്തിയത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ. പഠനത്തിൽ മിടുക്കനായ അബി ചെറുപ്രായത്തിൽ തന്നെ എത്യോപ്യൻ സൈന്യത്തിൽ റേഡിയോ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചു. സൈന്യം വിട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള സൈബർ ഇന്റലിജൻസ് ഓഫീസറായിരുന്നു. എറിത്രിയയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച അബി പിന്നീട് സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വഴിവെട്ടിയത് രാജ്യത്തിനകത്ത് തന്നെയാണ്. ഭീകരവിരുദ്ധനിയമം ചുമത്തി അറസ്റ്റ് ചെയ്ത രാഷ്ട്രീയ പ്രവർത്തകരെ മോചിപ്പിച്ചു. വിദേശത്തേക്ക് നാട് കടത്തിയ രാഷ്ട്രീയ പ്രവർത്തകർക്ക് മുന്നിൽ രാജ്യത്തിന്റെ വാതിലുകൾ തുറന്നിട്ടു. എതിരഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ താഴിട്ടുപൂട്ടേണ്ടി വന്ന പത്രങ്ങൾക്കും ചാനലുകൾക്കും വെബ്‌സൈറ്റുകൾക്കും വീണ്ടും പ്രവർത്തന സ്വാതന്ത്രം കൊടുത്തു.
ജയിലിലുണ്ടായിരുന്ന അവസാന മാധ്യമപ്രവർത്തകനേയും മോചിപ്പിച്ചു. ഈ പ്രവർത്തനങ്ങൾ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുകൾ ക്ഷണിച്ചു വരുത്തിയെങ്കിലും ജനങ്ങളിൽ ഭൂരിപക്ഷവും ഇന്ന് അബിയോടൊപ്പമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്തെ ഈ സമാധാനം മുഴുവൻ ആഫ്രിക്കയുടെയും പ്രതീക്ഷയാണിന്ന്.
50 ശതമാനം വനിതാപ്രാതിനിധ്യം തന്റെ മന്ത്രിസഭയിൽ നടപ്പിലാക്കിയും സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ധീര വനിതയായ സാൽ വർക്ക് സ്യൂഡയെ രാജ്യത്തിന്റെ ആദ്യ വനിത പ്രസിഡന്റായി കൊണ്ടു വന്നും പിന്നെയും ലോകത്തെ ഞെട്ടിച്ചു അബി. പഴയ ഷേബ രാജ്ഞിയുടെ നാടാണെങ്കിലും പുരുഷ കേന്ദീകൃത സമൂഹമാണ് എത്യോപ്യയുടേത്.
എത്യോപ്യയുടെ പരിസ്ഥിതി പുന:സ്ഥാപനമാണ് അബി അഹമ്മദിന്റെ മറ്റൊരു പ്രധാന പരിഗണനാവിഷയം. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 35 ശതമാനം വനമായിരുന്നെങ്കിൽ ഇന്നത് 4% മാത്രമാണ്. മരുവൽക്കരണവും മണ്ണൊലിപ്പും മണ്ണിന്റെ പശിമക്കുറവുമൊക്കെ ഇതിന്റെ ഭാഗമായി സംഭവിച്ചതാണെന്ന തിരിച്ചറിവിൽ രാജ്യത്തെ വീണ്ടും പച്ചപുതപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അബി ഇന്ന്. അദ്ദേഹം മുന്നോട്ട് വെച്ച മരം നടീൽ ചലഞ്ച് ഏറ്റെടുത്ത് ഒറ്റ ദിവസം കൊണ്ട് 350 മില്യൺ വൃക്ഷതൈകൾ നട്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി എത്യോപ്യൻ ജനത.
വണ്ടി ഒരു നഗരത്തോടത്തുകൊണ്ടിരിക്കുന്നു അവാസയാകണം. അന്തരീക്ഷത്തിന് സുഖകരമായ ഒരിളം തണുപ്പുണ്ട് ആ ഉച്ചനേരത്തും അവിടെ. ഒരു വിനോദസഞ്ചാര കേന്ദമാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ ഉയർന്നു കാണുന്ന ഹോട്ടലുകളും റിസോട്ടുകളും. കല്ല് പാകി മനോഹരമാക്കിയ വഴിയോരങ്ങൾ. അവിടെയും തലേന്ന് പെയ്ത മഴയുടെ വെള്ളക്കെട്ടുകൾ ശേഷിക്കുന്നുണ്ട് പലയിടത്തും.
ഹിപ്പോകളെ തേടി
അവാസ (ഹവാസ) തടാകതീരത്തെ അസഖ്യം ഭക്ഷണശാലകളിലൊന്നിൽ തടാകത്തിനഭിമുഖമായിട്ട ഇരിപ്പിടങ്ങളിൽ തയ്യാറാക്കാനാവശ്യപ്പെട്ട മത്സ്യവിഭവങ്ങൾ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. ജലാശയത്തിനപ്പുറം ചക്രവാളത്തിൽ നിറങ്ങളുടെ ആഘോഷം നടക്കുകയാണ്. തടാകതീരത്തെ ഭോജനശാലകളിൽ നിന്ന് അത്യുച്ചത്തിലുള്ള ആഫ്രിക്കൻ സംഗീതമുയരുന്നുണ്ട്.
തടാകത്തിൽ ചെറുവള്ളങ്ങളിലും തീരത്ത് നിന്ന് ചൂണ്ടയെറിഞ്ഞും അപ്പോഴും മീൻപിടുത്തം തുടരുന്നുണ്ട് ചിലർ. ഒട്ടും പഴക്കമില്ലാത്ത പിടക്കുന്ന മീനിനെ വറുത്ത് കൊണ്ട് വരാനാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. പഴക്കം തോന്നിയാൽ പണംതരില്ലെന്ന അബ്ദുവിന്റെ ഭീഷണിയും പുറകെ പോയിട്ടുണ്ട്. എത്യോപ്യൻ യാത്രക്കിടയിൽ തീർച്ചയായും അനുഭവിച്ചറിയേണ്ട ഒന്നാണത്രേ അവാസ തടാകതീരത്തിനഭിമുഖമായ റെസ്‌റ്റോറന്റുകളിൽ പോക്കുവെയിലേറ്റിരുന്നുകൊണ്ടുള്ള ഈ മത്സ്യഭോജനം.
ആഘോഷതിമിർപ്പിലാണ് എല്ലാവരും. എങ്ങും പ്രസന്നവദനരായ ആളുകൾ. തൊട്ടുരുമ്മിക്കൊണ്ട് നടന്നു നീങ്ങുന്ന യുവമിഥുനങ്ങൾ. കുട്ടികളോടൊപ്പം വന്നിട്ടുള്ള അച്ഛനമ്മമാർ, ചുരുക്കം ചില ഏകാന്ത യാത്രികർ. പല രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുണ്ട് അവർക്കിടയിൽ. സ്വർണ്ണവെയിലേറ്റ് കാഴ്ചമങ്ങുന്ന വിദൂരതയിലേക്ക് കണ്ണുകളാഴ്ത്തി തടാകതീരത്ത് ഇങ്ങനെയിരിക്കുമ്പോൾ അറിയുന്നത് എത്യോപ്യയുടെ മറ്റൊരു മുഖമാണ്. ആഡിസ് അബാബയുടെ ജനം പുളക്കുന്ന ചേരികൾ, കോൻസോയിലെ പ്രാകൃതഗോത്രവർഗക്കാർ, പച്ചപുതച്ച അർബാമിഞ്ച് റിഫ്റ്റ് വാലി, നിലമുഴുന്ന കർഷകരും കാലിമേക്കുന്ന ഇടയൻമാരുമുള്ള സമതലങ്ങൾ, എറിത്രിയയോടു ചേർന്നുള്ള മരുഭൂമികൾ, ഉപ്പുപാടങ്ങൾ, ചുടുനീരുറവകൾ പതഞ്ഞുപൊങ്ങുന്ന സൾഫർ നിലങ്ങൾ അങ്ങിനെയങ്ങിനെ എത്രയോ എത്യോപ്യകൾ.
അവാസ എന്ന് പദത്തിനർത്ഥം വിശാലമായ ജലാശയം എന്നാണ്. എന്നാൽ വലിപ്പത്തിന്റെ കാര്യത്തിൽ ഇതിനേക്കാൽ വലിയ പന്ത്രണ്ടോളം തടാകങ്ങളുണ്ട് എത്യോപ്യയിൽ. 16 കിലോമീറ്റർ നീളവും 9 കിലോമീറ്റർ വീതിയുമുള്ള ഈ റിഫ്റ്റ്‌വാലി ശുദ്ധജലതടാകം വിപുലമായ മത്സ്യസമ്പത്തിനെക്കൂടി ഉൾക്കൊള്ളുന്നു. കരിമീൻ, ടിലാപിയ, ഭീമൻ പെഞ്ച്, സ്ഫിനോരോഗി, കാറ്റ്ഫിഷ് തുടങ്ങിയവയൊക്കെയാണ് എത്യോപ്യയിലെ പ്രധാന ശുദ്ധജല മത്സ്യങ്ങൾ. ഈ തടാകതീരത്തെ മനോഹരമായ കാഴ്ചകൾ കാണാനും മത്സ്യരുചികൾ ആസ്വദിക്കാനും ലോകത്തെ പല ഭാഗത്തുനിന്നും എത്തിയവരുണ്ട് സമീപത്തെ ഇരിപ്പിടങ്ങളിലൊക്കെ. തടാകത്തിനപ്പുറം റിഫ്റ്റ് വാലിയുടെ അതിർത്തികുറിക്കുന്ന വൻ പർവ്വതങ്ങളാണ്. അതിനുമപ്പുറമാണ് വർണ്ണവിരുന്നൊരുക്കി യാത്രപറയുന്ന ആദിത്യൻ.
കോൻസോയിൽ നിന്നുള്ള ദീർഘയാത്രക്ക് ശേഷം ഉച്ചക്കാണ് അവാസയിലെത്തിയത്. മെയ് മാസത്തിലെ ആ മദ്ധ്യാഹ്നത്തിലും അവാസയിൽ ഒട്ടും ചൂടുണ്ടായിരുന്നില്ല. നേരിട്ട് വെയിലടിക്കാത്ത ഇടങ്ങളിലൊക്കെ അപ്പോഴും സുഖകരമായ ഒരിളം തണുപ്പ് ബാക്കി കിടന്നിരുന്നു അവിടെ. ഹവാസ ഒയാസിസ് ഇന്റർ നാഷണൽ ഹോട്ടലിലെ റൂമിൽ ലഗേജുകൾ നിക്ഷേപിച്ച് ആദ്യം പോയത് തടാകത്തിലെ ഹിപ്പോകളെ കാണാനായുള്ള ബോട്ടിങ്ങിനായിരുന്നു. കുറച്ച് ചെറു മോട്ടോർ ബോട്ടുകൾ സഞ്ചാരികളെ കാത്തുകിടക്കുന്നുണ്ട് ഈ തടാകതീരത്ത്.
ആഫ്രിക്കൻ തടാകങ്ങളെ അടുത്തറിയുകയും ആഫ്രിക്കൻ ജലഭീമൻമാരായ ഹിപ്പോകളെ അവരുടെ ആവാസമേഖലയിൽ ചെന്ന് കാണുകയുമാണ് അവാസ യാത്രയുടെ ലക്ഷ്യം. എത്യോപ്യയിലെ ഏറ്റവും പ്രധാന സുഖവാസകേന്ദ്രങ്ങളിലൊന്നാണ് എപ്പോഴും സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന അവാസ. സമുദ്രം പോലെ പരന്നുകിടക്കുകയാണ് ലെയ്ക്ക് അവാസ. വിനോദസഞ്ചാരികളുടെ വലിയ തിരക്കില്ല അപ്പോളവിടെ. കരകൗശലസാധനങ്ങൾ കച്ചവടം ചെയ്യുന്ന കുട്ടികൾ വരുന്ന ഓരോ സന്ദർശകരേയും സമീപിക്കുന്നുണ്ട്. പക്ഷികളുടെ നഖം കൊണ്ടുള്ള ആഭരണങ്ങൾ തൂവലുകൾ കൊണ്ടുള്ള കൗതുകവസ്തുക്കൾ.
മുതല നഖവും പല്ലുമുണ്ടെന്ന് പറഞ്ഞ് ഒരാൾ ഞങ്ങൾക്കരികിലേക്കെത്തി. അത് പരിശോധിച്ച് വിലയുറപ്പിച്ച് വാങ്ങാനാരംഭിച്ച ജോയേട്ടനെ പിൻതിരിപ്പിച്ചു അജിൻ. മുതലയുടെ നഖവും ദന്തവും മാത്രമല്ല കണ്ടാമൃഗത്തിന്റെ കൊമ്പുവരെ കൊണ്ടുവന്നുതരും അവർ പക്ഷെ ശുദ്ധവ്യാജമാണെന്ന് മാത്രം. ചൈനയിൽ നിന്ന് ആഫ്രിക്കയിലേക്ക് ആഫ്രിക്കൻ കരകൗശലവസ്തുക്കളുടെ പകർപ്പെത്തിക്കുന്നവർ തന്നെ മൃഗങ്ങളുടെ നഖ-ദന്തങ്ങളുടെ തിരിച്ചറിയാൻ പോലുമാകാത്ത പകർപ്പുകളുമെത്തിക്കുന്നുണ്ടത്രെ. അബ്ദുവും അയാളോടെന്തോ പറഞ്ഞു. ചിരിച്ചുകൊണ്ട് അയാൾ ഞങ്ങളെ വിട്ടു പോയി. ചൈനാ പകർപ്പുകൾ ആഫ്രിക്കൻ കരകൗശലവിപണിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മരത്തിലും കായകളുടെ പുറന്തോടിലും ഇലകളിലും കല്ലില്ലും എല്ലുകളിലുമൊക്കെ അതുല്യമായ കലാനിർമ്മിതികൾ സൃഷ്ടിച്ചിരുന്ന ഒരു വലിയ വിഭാഗം ഗ്രാമീണ കൈവേലക്കാർ ഇത്തരം ഉൽപ്പന്നങ്ങളുടെ തന്നെ തിരിച്ചറിയാൻ കഴിയാത്ത യന്ത്രനിർമ്മിത പകർപ്പുകളോട് മത്സരിക്കാൻ കഴിയാതെ അവരുടെ പരമ്പരാഗത തൊഴിലുകളിൽ നിന്ന് പിൻവാങ്ങിക്കൊണ്ടിരിക്കുന്നു.
ബോട്ടിൽ കയറിയ വഴിക്ക് ഞങ്ങളെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചു ഡൈവറുടെ സഹായിയായ ബാലൻ. പച്ചപുതച്ച് നിൽക്കുകയാണ് അവാസതടാകതീരങ്ങൾ. തടാകത്തിന്റെ വടക്ക് ഭാഗത്തേക്കായാണ് യാത്ര. ഹെയ്‌ലിയുടേതുൾപ്പടെയുള്ള പ്രശസ്തമായ നക്ഷത്ര റിസോർട്ടുകൾ കിഴക്കുഭാഗത്തെ തടാകതീരത്തെ പച്ചപ്പിന് പുറകിൽ ഒളിച്ചിരിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്തേക്ക് നോട്ടമെത്തുന്നില്ല. ഗ്രാമീണരുടെ ചെറുവള്ളങ്ങൾ മത്സ്യബന്ധനത്തിനായി തടാകത്തിലുണ്ട്. ചില വൻ ബോട്ടുകൾ കടന്നുപോകുമ്പോഴുണ്ടാകുന്ന തിരകളിൽ പെട്ട് ബോട്ട് ഉലയുന്നുണ്ട്. നിരവധിയായ ദേശാടനപക്ഷികളുടെ ഒരു കേന്ദ്രം കൂടിയാണ് ഈ ശുദ്ധജലതടാകവും പരിസരങ്ങളും. പുതിയ കാഴ്ചയുടെ കൗതുകങ്ങളിലാണ് എല്ലാവരും ഒപ്പം ഹിപ്പോക്ക് വേണ്ടിയുള്ള കാത്തിരിപ്പിലും.
ലോകത്ത് ഹിപ്പോകളെ കണ്ടു വരുന്നത് ആഫ്രിക്കൻ വൻകരയിൽ സഹാറ മരുമേഖലക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രമാണ്. പ്രധാനമായും റിഫ്റ്റ് വാലി തടാകങ്ങളാണ് അവയുടെ സ്വാഭാവിക വാസസ്ഥലങ്ങൾ. വംശാനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ജീവി വർഗ്ഗം കൂടിയാണ് ഹിപ്പോപ്പൊട്ടാമസ് എന്ന നീർക്കുതിരകൾ. സസ്യബുക്കാണെങ്കിലും മുതലകളേക്കാളും അപകടകാരികളാണ് ഈ ഭീമൻമാർ വൻകരയിൽ മുതലകളുടെ ആക്രമണത്തിൽ മരിക്കുന്നവരേക്കാൾ കൂടുതൽ ആളുകൾ ഹിപ്പോയുടെ കടിയേറ്റ് മരിക്കുന്നുണ്ടെന്നാണ് കണക്ക്. അതിനാൽ തന്നെ സംരക്ഷിത ജന്തുവിഭാഗമാണെങ്കിലും സൗകര്യപ്രദമായി കിട്ടിയാൽ ആഫ്രിക്കൻ വേട്ടക്കാർ ഹിപ്പോകളെ കൊന്നിരിക്കും. രുചികരവും പോഷകസമൃദ്ധവുമായ മാംസം ഭക്ഷണത്തിന് വേണ്ടിയും തൊലിയും പല്ലും നഖങ്ങളും വിൽപ്പനക്കായും ഉപയോഗിക്കും. വേട്ടയും സ്വാഭാവികവാസസ്ഥലങ്ങൾ ചുരുങ്ങിവരുന്നതും തടാകങ്ങൾ മലിനമാക്കപ്പെടുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്. പകൽ മുഴുവൻ വെള്ളത്തിൽ കഴിയുന്ന ഇവർ രാത്രിയിൽ പുല്ലും മറ്റ് സസ്യഭക്ഷണവും തേടി കിലോമീറ്ററുകളോളം കരയിൽ സഞ്ചരിക്കും.
ഒരു മണിക്കൂറിൽ പരം നീണ്ട യാത്രക്കൊടുവിൽ ബോട്ടിന്റെ വേഗം കുറഞ്ഞു. ബോട്ട് തീരത്തോട് അടുത്താണ് ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. തടാകപരപ്പിന് മുകളിലേക്ക് വളർന്നു നിൽക്കുന്ന പുല്ലുകൾ. അബ്ദുവാണ് ആദ്യം ആ കാഴ്ച കണ്ടത്. തടാകപ്പരിൽ തല മാത്രം പുറത്ത് കാണിച്ച് നീന്തുന്ന രണ്ട് ഹിപ്പോകൾ. രണ്ടെണ്ണമല്ല അതെന്ന് പിന്നീട് മനസ്സിലായി അതൊരു ഹിപ്പോ കുടുംബമാണ്. 6-7 പേരുണ്ട്. ചിലർ അലസരായി വെയിൽ കാഞ്ഞു കിടക്കുന്നു. കുഞ്ഞൻമാർ ചില്ലറ വികൃതികളുമായി കൂത്തുമറിയുന്നു. അവർക്കടുത്തേക്ക് ബോട്ട് അടുപ്പിക്കാനാഞ്ഞ ഡ്രൈവറെ ഡോക്ടർ തടഞ്ഞു. മടിയൻമാരാണെങ്കിലും ദേഷ്യം വന്നാൽ അപകടകാരികളാണ് ഹിപ്പോകൾ. ബോട്ട് മറിച്ച് യാത്രക്കാരെ കടിച്ചു മുറിക്കും അവർ. നിരന്തരമുള്ള സന്ദർശകരുടെ വരവ് ഹിപ്പോകൾക്ക് പരിചിതമായതുകൊണ്ട് ആക്രമണത്തിനൊന്നും മുതിരാതെ അങ്ങിനെ വെറുതെ കിടക്കുക തന്നെയാണ് അവർ ചെയ്യുക. എങ്കിലും അവരെ പ്രകോപിക്കേണ്ടെന്നും തന്റെ അതിഥികളെ സുരക്ഷിതരായി മടക്കി അയക്കേണ്ടതുണ്ടെന്നും ഡോ. അജിൻ അവരോട് പറഞ്ഞു. വെള്ളത്തിലേക്കാൾ അപകടകാരികളാണ് ഹിപ്പോകൾ കരയിൽ മണിക്കൂറിൽ 35 കിലോമീറ്ററോളം വേഗതയിൽ ഓടാൻ ഇവർക്ക് കഴിയും. കനത്ത ശരീരഭാരവും അലസമായ ഗമനവും മൂലം ഇത്തരമൊരു ആക്രമണം ഹിപ്പോകളിൽ നിന്നും ആരും പ്രതീക്ഷിക്കില്ല.
ബോട്ടിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പോക്ക് വെയിൽ പരന്നുതുടങ്ങിയിരുന്നു. തീരം നിറയെ മാറാബൂ കൊക്കുകളാണ് ( Marabou stork). അവക്ക് തീറ്റ കൊടുക്കാനുള്ള ധാന്യങ്ങളുമായി ചിലർ നിൽക്കുന്നുണ്ട്. പണം കൊടുത്താൽ അവർ മാറാബൂ കൊക്കുകൾക്കുള്ള ഭക്ഷണം വാരിയെറിയും അത് കഴിക്കാൻ ചാടിവീഴുന്ന കൊക്കുകളെ പശ്ചാത്തലമാക്കി സഞ്ചാരികൾക്ക് ചിത്രങ്ങളെടുക്കാം. സഹാറൻ പ്രദേശങ്ങൾക്ക് പുറത്ത് തെക്കൻ ആഫ്രിക്കയിൽ മാത്രം കണ്ടു വരുന്ന ഒരു കൊറ്റിവർഗമാണിത്. കഴുകനെ പോലെ ചീഞ്ഞളിഞ്ഞ മാംസമാണ് പ്രിയഭക്ഷണം. 9 കിലോവരെ തൂക്കം വരും വളർച്ചയെത്തിയ മാറാബൂ കൊക്കുകൾക്ക്. അവിടെ കുറച്ച് സമയം ചിലവഴിച്ചു പിന്നീട് റൂമിലേക്ക് പോകാതെ നേരെ വന്നത് ഈ തടാകഭാഗത്തേക്കാണ്. ഇവിടെയിരുന്ന് അസ്തമയം കാണാൻ. ഈ മത്സ്യരുചികളറിയാൻ.
എത്യോപ്യയിലെ പ്രധാനനഗരങ്ങളിലൊന്നാണ് അവാസ. വിമാനത്താവളവും നിരവധിയായ വിദ്യഭ്യാസ സ്ഥാപനങ്ങളും സന്ദർശകർക്കുള്ള ഹോട്ടലുകളും ഇൻഡസ്ട്രിയൽ പാർക്കും ഒക്കെ അടങ്ങുന്ന നഗരമാണത്. അബ്ദുപഠിച്ച കോളേജ് ഇവിടെയാണ്. ഈജിപ്തിലെ കെയ്‌റോമുതൽ ദക്ഷിണാഫ്രിക്കയിലെ കെയ്പടൗൺ വരെ നീണ്ടു കിടക്കുന്ന ട്രാൻസ് ആഫ്രിക്കൻ ഹൈവേ കടന്നുപോകുന്നത് ഈ നഗരത്തിലൂടെയാണ്. സൗത്ത് സുഡാനുമായും കെനിയയുമായും അതിർത്തി പങ്കിടുന്ന എത്യോപ്യയിലെ തെക്കൻ സംസ്ഥാനത്തിന്റെ (SNNPR)ആസ്ഥാനം കൂടിയാണ് ഈ നഗരം. 2017ൽ 300 ഹെക്ടർ സ്ഥലത്ത് സ്ഥാപിതമായ അവാസ ഇൻഡസ്ട്രിയൽ പാർക്ക് അവാസയുടെ മുഖച്ഛായ വലിയ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമായും തുണിത്തരങ്ങളും വസ്ത്ര ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന അവിടെ നിലവിൽ അമേരിക്ക, ചൈന, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പതിനഞ്ച് പ്രമുഖ ആഗോള തുണി - വസ്ത്ര നിർമ്മാതക്കളും ആറ് പ്രാദേശിക കമ്പനികളും പ്രവർത്തിക്കുന്നു. പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ 60,000ത്തോളം തൊഴിലവസരങ്ങളും പ്രതിവർഷം ഒരു ബില്യൺ ഡോളറിന്റെ വിറ്റുവരവുമാണ് പ്രതീക്ഷിക്കുന്നത്.
നിരന്തരമായ രാഷ്ട്രീയ സംഘർഷങ്ങളുടെ ഒരു ഭൂമികകൂടിയാണ് അവാസ. സ്വന്തമായി ഒരു പുതിയ സംസ്ഥാനം എന്ന സിഡാമ ഗോത്രക്കാരുടെ ആവശ്യമാണ് സർക്കാരും അവരും തമ്മിലുള്ള രക്തരൂക്ഷിതമായ സമരങ്ങൾക്ക് കാരണമാകുന്നത്. സിഡാമ ലിബറേഷൻ മൂവ്‌മെന്റ് എന്ന രാഷ്ട്രീയ കക്ഷിയാണ് പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. എത്യോപ്യയിലെ അഞ്ചാമത്തെ വലിയ വംശീയ വിഭാഗമാണ് ജനസംഖ്യയുടെ 4% വരുന്ന സിഡാമ ഗോത്രക്കാർ. ഒറോമോ(34%), അംഹാര(27%) സോമാലി (6.2%) ടിഗ്രേയൻ (6%) എന്നിവയാണ് സിഡാമ ഗോത്രത്തേക്കാളും ജനസംഖ്യയുള്ള മറ്റ് നാല് ഗോത്രങ്ങൾ ആ നാല് ഗോത്രഭൂരിപക്ഷ മേഖലകൾക്കും പ്രത്യേക സംസ്ഥാനങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ട്.
ഇതിന്റെ ചുവട് പിടിച്ചാണ് സിഡാമക്കാരുടെ ആവശ്യം. എന്നാൽ ഇനിയൊരു സംസ്ഥാനം സിഡാമകൾക്ക് പ്രത്യേകമായി അനുവദിച്ചാൽ അതിലും കുറവ് ജനസംഖ്യയുള്ള മറ്റ് ഗോത്രങ്ങളും ഈ ആവശ്യവുമായി രംഗത്തെത്തുമെന്ന ഭയം സർക്കാരിനുണ്ട്. പ്രധാനമായും കൃഷിക്കാരാണ് സിഡാമ ഗോത്രക്കാർ. പ്രധാനവിള കാപ്പിയും. ഓരോ സംസ്ഥാനത്തിനും പ്രദേശികമായി അവിടത്തെ ഔദ്യോഗികഭാഷ തിരഞ്ഞെടുക്കാം അതത് സംസ്ഥാനങ്ങൾക്ക് അവരുടെ സാമൂഹ്യ-സാംസ്‌ക്കാരിക-സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായ നിയമങ്ങൾ നിർമ്മിക്കാനുമാകും ഇതാണ് പുതിയ സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള വാദങ്ങൾ ഉയർന്നു വരുന്നതിനുള്ള കാരണം.
താമസിക്കാതെ മീനെത്തി. ടിലോപിയയാണ്. രണ്ടു തരത്തിൽ മസാലപുരട്ടിയ മീനുകളുണ്ട്. കൂടെ മുറിച്ച ചെറുനാരങ്ങയും മുളക് ചട്‌നിയും. അറ്റാക്ക് അൻവർ പറഞ്ഞു തീർന്നതും. ആക്രമണം തുടങ്ങി. കടുത്ത പോരാളികൾ പോരാട്ടവീര്യം കുറഞ്ഞവരുടെ ടെറിട്ടറികളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. തടാകത്തിൽ നിറങ്ങളുടെ കൊട്ടിക്കലാശം കഴിഞ്ഞ് ഇരുട്ട് പടർന്നു തുടങ്ങിയിരുന്നു. ഈച്ചയും കൊതുകുകളുമുണ്ട്. സംഗീതം അപ്പോഴും ഉച്ചസ്ഥായിയിലാണ്. തീൻ മേശകളിലേക്കും തിരിച്ചുമുള്ള ഓട്ടങ്ങളിലാണ് പരിചാരകർ. പതിനായിരക്കണക്കിന് ബിയറിന്റെ കച്ചവടം നടക്കുന്നുണ്ടാകണം ഇത്തരം ഓരോ ഭക്ഷണശാലയിലും. അത്യാവശ്യം വലിയ മത്സ്യങ്ങളെയാണ് നൊടിയിടയിൽ അപ്രത്യക്ഷമാക്കിയത്. വിശപ്പടങ്ങിയിരുന്നെങ്ങിലും മീനിന്റെ രുചി അപ്പോഴും നാവിൽ നിന്നു വിട്ടൊഴിയാതെ നിന്നു. വീണ്ടും ഓർഡർ പോയി. അപ്പോഴേക്കും തടാകം ഇരുണ്ടാലാണ്ടു കഴിഞ്ഞിരുന്നു. കൊതുകിനെ പേടിച്ച് ഇരിപ്പ് തടാകക്കരയിൽ നിന്ന് റെസ്റ്റോറന്റിനുള്ളിലേക്ക് മാറ്റി. ഏറെ താമസിക്കാതെ വീണ്ടും മത്സ്യമെത്തി.
വൈദ്യുതി ക്ഷാമം ഇവിടേയും പ്രകടമാണ്. മങ്ങിയ വെളിച്ചം പ്രസരിപ്പിക്കുന്ന റെസ്റ്റോറന്റുകളിൽ നിന്ന് പതുക്കെ ജനം ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഇരുട്ടും വെളിച്ചവും ഇടകലർന്ന നടപ്പാതകളിലൂടെ ഞങ്ങളും വാഹനത്തിനടുത്തേക്ക് മടങ്ങി. ഹോട്ടലിലെ സാമാന്യം വലിപ്പമുള്ള രണ്ടു മുറകളികളിലായാണ് ഇന്നത്തെ താമസം. ഹവാസ ഒയാസിസ് ഹോട്ടലിലെ മുറികളിൽ മിക്കതിലും ആളുകളുണ്ടെന്ന് തോന്നി. ഹോട്ടൽ ലോബിക്കപ്പുറമായുള്ള റെസ്റ്റോറന്റിലും മോശമല്ലാത്ത തിരക്കുണ്ട്. എത്യോപ്യൻ നൈറ്റ് ലൈഫ് അടുത്തറിയുകയാണ് ഇന്നത്തെ ശേഷിക്കുന്ന യാത്രാ പരിപാടി. നിരവധിയായ നൈറ്റ് ക്ലബുകളും ബാറുകളുമുള്ള നഗരം കൂടിയാണ് ഹവാസ. ചൂടുവെള്ളത്തിലുള്ള കുളി കഴിഞ്ഞതോടെ ഉറക്കം കണ്ണുകളിലേക്കിരച്ചെത്തി. റൂമിൽ നെറ്റ് കിട്ടുന്നില്ല. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അത് ശരിയായി കിട്ടി. നാട്ടിലേക്കുള്ള ഫോൺവിളികളും മറ്റു സന്ദേശങ്ങൾക്കുള്ള മറുപടി അയക്കലുകളും കഴിഞ്ഞതോടെ സമയം വൈകി. കോളേജ് പഠന കാലത്തെ കൂട്ടുകാരെ കാണാൻ പോയ അബ്ദു. തിരിച്ചെത്താനും കുറച്ച് വൈകി. ഒടുവിൽ നെറ്റ് ക്ലബ് സന്ദർശനം വേണ്ടെന്ന് വെച്ചു. ഹോട്ടലിനു സമീപത്തെ തെരുവോരങ്ങളിലേക്ക് നടക്കാനിറങ്ങി. ഇരുണ്ട ആ വഴികളിലൂടെയുള്ള യാത്ര അപകടകരമാകുമെന്ന് മനസ്സിലാക്കി മുറിയിലേക്ക് മടങ്ങി.
എത്യോപ്യൻ രാത്രി ജീവിതം അതിന്റെ പൂർണ്ണതയിൽ കാണാനാകുക ആഡിസിലാണ്. അതും ശനിയാഴ്ചകളിൽ. ഒരാഴ്ചത്തെ അധ്വാനത്തിന് ശേഷം നഗരത്തിലെ യുവത്വം അഘോഷിക്കാനായി അവിടെ ഒത്തുചേരും. അവിടത്തെ ഭോജന നൃത്ത ശാലകളിൽ നിന്ന് ഉയരുന്ന നൃത്തവും സംഗീതവും പതയുന്ന മദ്യവും പിറ്റേന്ന് പുലരും വരെ ആ നഗരത്തെ സജീവമാക്കും. വിദേശികളായ സഞ്ചാരികളും സ്വദേശികളായ യുവതി-യുവാക്കളും കലാകാരൻമാരുമൊക്കെ ചേർന്ന് ആഡിസിന്റെ ആ ആഘോഷരാവുകളെ കൊഴുപ്പിക്കും. ഡോ. അജിൻ പറഞ്ഞു. പക്ഷെ ആ എത്യോപ്യൻ രാത്രി ജീവിതം കാണാൻ ഇനിയൊരു രാത്രി എത്യോപ്യയിലില്ല.▮
(തുടരും)