ഷാഷാമെനാണ് ആദ്യ ലക്ഷ്യസ്ഥാനം. റസ്തഫാരി മതവിഭാഗത്തിന്റെ കേന്ദ്രമായ അവിടെ ഉറങ്ങുന്നത് ബോബ്മാർലിയുടെ ഓർമകളാണ്.
ഹവാസ ഒയാസിസ് ഇന്റർനാഷണൽ എന്ന ത്രിനക്ഷത്ര ഹോട്ടലിലെ സാമാന്യം വലിപ്പമുള്ള മുറിയിൽ മികച്ച ശയനസുഖം തരുന്ന കിടക്കയിലായിരുന്നിട്ടും ഉറക്കം കാര്യമായി നടന്നില്ല ആ രാത്രിയിൽ. യാത്രക്കിടയിലെ ചിലദിവസങ്ങളിങ്ങനെയാണ്. ഓർമകളിലും പാതിയുറക്കത്തിലും സ്വപ്നങ്ങളിലും കുരുങ്ങിയങ്ങിനെ കിടക്കും. പുലർച്ചെ നേരത്തേ ഉണരേണ്ടതുണ്ട്. ഷാഷാമെനാണ് ആദ്യ ലക്ഷ്യസ്ഥാനം. ചെഗുവേര വന്നുപോയ സ്ഥലമെന്നാണ് ഡോ. അജിൻ ആ സ്ഥലത്തെ പറ്റി ആദ്യം വിശദീകരിച്ചത്. അദ്ദേഹത്തിന് പേര് പെട്ടെന്ന് മാറിപ്പോയതായിരുന്നു. റസ്തഫാരി മതവിഭാഗത്തിന്റെ കേന്ദ്രമായ അവിടെ ഉറങ്ങുന്നത് ബോബ്മാർലിയുടെ ഓർമകളാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെമിറ്റിക് മതമെന്നറിയപ്പെടുന്ന റസ്തഫാരി ആവിർഭവിക്കുന്നത് 1930കളിൽ മാർലിയുടെ ജമൈക്കയിലായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കൻ ഭൂഖണ്ഡത്തിലേക്കും ജമൈക്ക അടക്കമുള്ള കരീബിയൻ ദ്വീപ് സമൂഹങ്ങളിലേക്കും അടിമകളാക്കി കൊണ്ടു പോയവരുടെ പിൻമുറക്കാരാണ് റസ്തഫാരി പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. സ്വത്വം തേടിയുള്ള ആത്മീയാന്വേഷണങ്ങളാണ് അവരെ റസ്തഫാരിസത്തിലേക്കും ഹെയ്‌ലി സെലാസിയിലേക്കും എത്യോപ്യയിലേക്കും കൊണ്ടെത്തിച്ചത്.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ട ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിമക്കടത്ത് കച്ചവടാടിസ്ഥാനത്തിൽ ആദ്യം തുടങ്ങിവെക്കുന്നത് അറബികളാണ്. ഒമാൻ സുൽത്താന്റെ കീഴിലുണ്ടായിരുന്ന സാൻസിബാറായിരുന്നു (ഇന്നത്തെ ടാൻസാനിയയിൽ) ആഫ്രിക്കയിലെ ഏറ്റവും കുപ്രസിദ്ധമായ അടിമകടത്ത് കേന്ദ്രം. ആഫ്രിക്കക്കാരെ മൃഗങ്ങളെപോലെ പിടിച്ച് കച്ചവട ചരക്കാക്കി കൈമാറ്റം ചെയ്ത് കപ്പലുകളിൽ വിദൂരദേശങ്ങളിൽ വിൽക്കുകയായിരുന്നു പതിവ്. ഏഴാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ അറബികൾ കയ്യാളിയിരുന്ന ഈ രംഗത്തേക്ക് 15-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ട് വരെയുള്ള കാലത്ത് യൂറോപ്യൻമാർ കടന്നുവന്നു. അറ്റ്‌ലാന്റിക്
സ്ലേവ് ട്രേഡ് എന്നറിയപ്പെടുന്ന യൂറോപ്യൻ അടിമവ്യാപാരത്തിന്റെ ഇക്കാലത്താണ് അമേരിക്ക ഉൾപ്പടെ പല പുതിയ കോളനികളും കണ്ടുപിടിക്കുന്നത്. ആ കോളനികളിലെ തോട്ടംപണികൾക്കും മറ്റുമായി കൊണ്ടുവരപ്പെട്ട ആഫ്രിക്കൻ അടിമകൾ നയിച്ചത് മൃഗസമാനമായ ജീവിതമായിരുന്നു. പിന്നീട് ജനാധിപത്യത്തിന്റെയും പുത്തൻ ആശയങ്ങളുടെയും കാലമെത്തിയതോടെ ആ അടിമകളുടെ പിൻമുറക്കാരായവർ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായി മോചിപ്പിക്കപ്പെട്ടു. പക്ഷെ അപ്പോഴും അവശേഷിച്ച വർണവെറിക്കും വംശീയതക്കും മറ്റു വിവേചനങ്ങൾക്കും മുന്നിൽ ആദ്യം പകച്ചു നിന്ന അവർ പതുക്കെ ചെറുത്തുനിൽപ്പുകളാരംഭിച്ചു. അവർ തങ്ങളുടെ വേരുകൾ അന്വേഷിച്ചു തുടങ്ങി. തങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ട മതങ്ങളൊന്നും തന്നെ സമത്വം പ്രധാനം ചെയ്യുന്നില്ലെന്നും ചൂഷകർക്കൊപ്പമാണ് ആ മതപൗരോഹിത്യങ്ങളൊക്കെ തന്നെയും എന്ന് മനസ്സിലാക്കിയ അവർ പുതിയ അഭയകേന്ദ്രങ്ങളന്വേഷിക്കാനാരംഭിച്ചു അതാണൊടുവിൽ റസ്തഫാരിയിലെത്തിയത്.
റസ്തഫാരി മതത്തിന്റെ അടിവേരുകൾ ക്രിസ്തുമതത്തിലാണ്. പക്ഷെ അവരുടെ വിശ്വാസപ്രകാരം ക്രിസ്തുവിനുശേഷവും ഒരു ദൈവപുത്രൻ കടന്നുവരുന്നുണ്ട്. കറുത്തവരുടെ വിമോചനത്തിന് വേണ്ടി, ആ ദൈവപുത്രനാണ് എത്യോപ്യൻ ചക്രവർത്തിയായ ഹെയ്‌ലി സെലാസി.
ക്രിസ്തുമതത്തിൽ യേശുവിനുള്ള സ്ഥാനമാണ് റസ്തഫാരിസത്തിൽ സെലാസിക്ക്. ജമൈക്കയിൽ നിന്ന് ആരംഭിച്ച റസ്തഫാരിസം കറുത്തലോകത്തിന് പുറത്ത് ശ്രദ്ധ ആകർഷിക്കുന്നത് ബോബ് മാർലിയിലൂടെയാണ്. ഇംഗ്ലീഷുകാരനായ അച്ഛന്റെയും കറുത്തവർഗക്കാരിയായ അമ്മയുടേയും മകനായി ജമൈക്കയിൽ ജനിച്ച മാർലി തന്റെ സംഗീതത്തിലൂടെ ലോകം കീഴടക്കിയപ്പോൾ, സംഗീതം കൊണ്ട് വിവേചനത്തിനും വംശീയതക്കും അടിച്ചമർത്തലുകൾക്കുമെതിരെ പ്രതിഷേധവും പ്രതിരോധവുമുയർത്തിയപ്പോൾ മാർലിക്കൊപ്പം റസ്തഫാരിസവും ലോകമറിഞ്ഞു. തങ്ങളുടെ മാതൃഭൂമിയായ ആഫ്രിക്കയിലേക്കുള്ള മടക്കം സ്വപ്നം കണ്ട് കഴിയുന്ന വലിയൊരു വിഭാഗം കറുത്തവർഗക്കാർ ലോകത്തിലെമ്പാടുമുണ്ടായിരുന്നു. പക്ഷെ തലമുറകൾക്ക് മുന്നേ വൻകരയുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട അവർക്ക് മടങ്ങാനായി ആഫ്രിക്കയിൽ ഒരു രാജ്യമുണ്ടായിരുന്നില്ല. അത്തരക്കാർക്ക് വേണ്ടിയാണ് രണ്ടാംലോകമഹായുദ്ധാവസാനം ഇറ്റാലിയൻ അധിനിവേശത്തിൽ നിന്ന് മോചിതമായ എത്യോപ്യയിൽ മടങ്ങിയെത്തി വീണ്ടും ചക്രവർത്തിപദമേറ്റെടുത്ത സെലാസി 200 ഹെക്ടർ ഭൂമി ഷാഷമെന്നിൽ അനുവദിക്കുന്നത്. എന്നാൽ അവിടേക്ക് കടന്നു വന്നവരിലേരെയും റസ്തഫാരി വിശ്വാസികളായിരുന്നു. അങ്ങിനെ പതുക്കെ റസ്തഫാരികളുടെ വാഗ്ദത്ത ഭൂമിയായി മാറി ഷാഷാമെൻ.
പച്ചയും മഞ്ഞയും ചുവപ്പും ചേർന്ന എത്യോപ്യൻ പതാകയുടെ നിറങ്ങൾ തന്നെയാണ് റസ്തഫാരികളുടെ പതാകക്കും. മധ്യത്തിൽ എത്യോപ്യൻ രാജവംശത്തെ പ്രതിനിധാനം ചെയ്യുന്ന സിംഹം. കുരിശടയാളമുള്ള അധികാരദണ്ഡുമേന്തി നിൽക്കുന്ന കിരീടം വെച്ച ഈ സിംഹരൂപം (Lion of Judah) ജൂത സംസ്‌ക്കാരത്തിന്റെ ഒരു പ്രതീകം കൂടിയാണ്. സംഗീതവും ലഹരിയും റസ്തഫാരിസത്തിന്റെ അവിഭാജ്യമായ ഘടകങ്ങളാണ്. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്ന ആഹ്വാനത്തോടെ ആരംഭിച്ച റസ്തഫാരിയിസത്തിന്റെ മുഖമായി പിന്നീട് മാറിയത് ബോബ് മാർലിയായിരുന്നു. അച്ഛൻ വെളുത്തവനായിരുന്നിട്ടും വംശീയമായ അധിക്ഷേപങ്ങൾക്കും വിവേചനങ്ങൾക്കുമിരയായി ബോബ് മാർലി. ഏറെ താമസിക്കാതെ കറുത്തവരുടെ വിമോചനപോരാട്ടത്തിന്റെ മുഖമായി മാറി മാർലിയും അദ്ദേഹത്തിന്റെ സംഗീതവും. കഞ്ചാവിനെ വിശുദ്ധമായി കണക്കാക്കുന്നവരാണ് റസ്തഫാരി വിശ്വാസികൾ. മരിയുവാനയാണ് അവരുടെ ഇഷ്ട ലഹരി പദാർത്ഥം. റസ്തഫാരി വിശ്വാസത്തിന്റെ ഭാഗമാണ് ലഹരിയും സംഗീതവും മാർലിയുടെ ജീവിതവും അങ്ങിനെ തന്നെ. എന്നാൽ ലോകത്തെ ഏറ്റവും പ്രതിഭാധനരിലൊരാളായ ആ സംഗീതജ്ഞനെ ഒരു ലഹരിയുമായി മാത്രം ചേർത്തുവെച്ചുള്ള വിലയിരുത്തലുകൾ മാർലി മുന്നോട്ട് വെച്ച പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ പൂർണ്ണമായും നിരാകരിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ്. റസ്തഫാരി വിശ്വാസപ്രമാണങ്ങളുടെ ഭാഗമായി തന്നെയാണ് തലമുടി കയർ പോലെ പിരിച്ച് നീട്ടി വളർത്തുന്ന "ഡ്രെഡ്ലോക്ക്' ജടാധാരണരീതി മാർലി സ്വീകരിക്കുന്നതും. റസ്തകളുടെ ആചാരമെന്നതുപോലെ കറുത്തവരുടെ സ്വത്വപ്രഖ്യാപനം കൂടിയാണ് ഈ കേശരൂപം.
1975ൽ ദിവ്യാത്ഭുതങ്ങളൊന്നും സംഭവിക്കാതെ ഹെയ്‌ലി സെലാസി അന്തരിച്ചതോടെ റസ്തഫാരി വിശ്വാസികളുടെ എണ്ണത്തിൽ വളരെ കുറവ് വന്നു. പിന്നീട് മാർലിയായിരുന്നു റസ്തവിശ്വാസികളുടെ പ്രധാന പിൻബലമായി തീർന്നത്. 36-ാം വയസ്സിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ കാൻസർ രോഗം ബാധിച്ച് മരിക്കുന്നതുവരെ വരെ റസ്തഫാരിസത്തിന്റെ വക്താവായിരുന്നു മാർലി. റസ്തഫാരികളുടെ കേന്ദ്രം എന്ന നിലയിൽ മാർലി എന്നും ആരാധനയോടെ നോക്കിക്കണ്ട ഇടമായിരുന്നു ഷാഷാമെൻ. 1978ൽ മാർലി ഷാഷാമെനിലെത്തുന്നുമുണ്ട്. 1981 ൽ മാർലി മരിക്കുമ്പോൾ എത്യോപ്യ കമ്മ്യൂണിസ്റ്റ് ദെർഗ് ഭരണത്തിൽ കീഴിലായിരുന്നു. അതുകൊണ്ടാകാം ജമൈക്കയിൽ തന്നെയാണ് മാർലിയുടെ ശരീരം അടക്കം ചെയ്തത്. 2005 ൽ മാർലിയുടെ 60-ാം ജയന്തിദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭൗകിതാവശിഷ്ടങ്ങൾ ജമൈക്കയിൽ നിന്നും ഷാഷാമാനിലെത്തിച്ച് അടക്കം ചെയ്യുമെന്ന് മാർലിയുടെ പത്നി പറഞ്ഞിരുന്നെങ്കിലും അതിതുവരെ സംഭവിച്ചിട്ടില്ല. കറുത്തവരുടെ വിമോചനപോരാട്ടത്തിന്റെ ഭാഗമായി തുടങ്ങിയ റസ്തഫാരിസത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് പാശ്ചാത്യസമൂഹത്തിന്റെ നിരാകരണമായിരുന്നു. ആ ജീവിതശൈലിയോടൊപ്പം പാശ്ചാത്യരോടും അകലം പാലിച്ച റസ്തഫാരികളുടെ അനുയായികളായി ഇന്ന് വലിയൊരു വിഭാഗം വെള്ളക്കാരാണുള്ളത്. മാർലിയിലൂടെ റസ്തഫാരിസത്തിന് യൂറോപ്പിലും അമേരിക്കയിലും പ്രചാരം കിട്ടി. അങ്ങനെ മതത്തിലേക്ക് കടന്നുവന്ന വെള്ളക്കാർ ഇന്ന് ഷാഷാമാനിലുമുണ്ട്. വൻകരയ്ക്ക് പുറത്തുള്ള വേരുകൾ നഷ്ടപ്പെട്ട കറുത്തവർക്ക് മടങ്ങിവരാനായി നീക്കിവെക്കപ്പെട്ട വാഗ്ദത്ത ഭൂമിയിൽ ഇന്ന് താമസക്കാരായി വെള്ളക്കാരായ റസ്തകളുമുണ്ടെന്നുള്ളത് ചരിത്രത്തിന്റെ വിചിത്രമായ കുഴമറിച്ചിലുകളുടെ ബാക്കിയാണ്.
പുലർച്ചെ 3.30ക്ക് എഴുന്നേറ്റ് തയ്യാറായി പുറത്തിറങ്ങി. ഹോട്ടലും പരിസരവും പൂർണ്ണനിശബ്ദതയിലാണ്. നല്ല തണുപ്പുണ്ട്. ആഘോഷരാവുകൾക്ക് ശേഷം ഏറെ വൈകി ഉറങ്ങുന്ന നഗരമാണ് അവാസ. അതുകൊണ്ട് തന്നെ ഇവിടത്തെ പ്രഭാതവും ഏറെ വൈകിയാണ്. വണ്ടി ഓടിതുടങ്ങിയതോടെ ഉറക്കത്തിലേക്ക് വീണ്ടും മടങ്ങി പലരും. ആഡിസ് അബാബയിലെപ്പോലെ തെരുവോരങ്ങളിൽ പ്രകാശം പരത്തി നിലകൊള്ളുന്നത് ഹോട്ടലുകളുടേയും റിസോട്ടുകളുടേയും ഉഴിച്ചിൽ കേന്ദ്രങ്ങളുടെയും പരസ്യപലകകൾ മാത്രമാണ്. മുൻ സീറ്റിലിരിക്കുന്ന ഡോക്ടർ ഉറക്കത്തിലാണ്. അബ്ദു അതിവേഗത്തിലാണ് വണ്ടി ഓട്ടിക്കൊണ്ടിരിക്കുന്നത്. റോഡും വളരെ മികച്ചതാണ്. ഷാഷാമെന്നെത്തുന്നതും നോക്കി ഉറങ്ങാതെ കാത്തിരിക്കുകയാണ് അൻവറും ഞാനും. ഇടക്ക് ഡോ. അജിനോട് സ്ഥലമെത്താറായോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നും അബ്ദു പറയുമെന്നുമായിരുന്നു മറുപടി. ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി. ഉണരുമ്പോൾ പുലരിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. താമസിയാതെ അബിജാട്ട-ഷാല നാഷണൽ പാർക്കെത്തും ഡോക്ടർ ചോദിക്കാതെ തന്നെ പറഞ്ഞു. "അപ്പോൾ ഷാഷാമെൻ' ?. "അതു കഴിഞ്ഞു പോയി'. അബ്ദു പറഞ്ഞില്ലല്ലോ എന്ന് ചോദിച്ച ഞങ്ങളോട് ഡോക്ടർ പറഞ്ഞു. അബ്ദുവിനോട് പറയേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. അവിടെ നേരം വെളുക്കാതെ ഒന്നും കാണാനാകില്ല. അവിടെ നേരം കളഞ്ഞാൽ പിന്നെ അബിജാട്ട-ഷാല നാഷണൽ പാർക്ക് കാണാനുമാകില്ല. അജിൻ പറഞ്ഞത് ശരിയാണ് എങ്കിലും മാർലിയുടെ ഓർമകളുറങ്ങുന്ന ആ നഗരത്തിന്റെ വഴിയോരക്കാഴ്ചകൾ പോലും കാണാനായില്ലല്ലോ എന്ന നഷ്ടബോധത്തോടെ ഞങ്ങളിരുന്നു.
ഇളംചുവപ്പിൽ മുക്കിയ അരയന്നക്കൊക്കുകളുടെ തീരം
അവാസ - അഡിസ് പാതയിൽ കർക്കരോ റിസോട്ടിലേക്കുള്ള ദിശാസൂചി പലകക്കരികെ വണ്ടി നിറുത്തി പാതയോരം ചേർന്ന് നിൽക്കുകയാണ് ഞങ്ങൾ. നേരം പുലരുന്നതേയുള്ളൂ. ഏത്യോപ്യയിലെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന ഈ പാതയിലൂടെ ഇടവേളകളിൽ ശരവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. വഴിയോരത്ത് വാഹനങ്ങൾ കാത്തുനിൽക്കുന്നുണ്ട് ചിലരോട് അബിജാട്ട-ഷാല ദേശീയോദ്യാനത്തിലേക്കുള്ള വഴി ചോദിക്കുന്നുണ്ട് അബ്ദു. പക്ഷെ മറുപടികൾ പരസ്പര വിരുദ്ധമാണ്. ഗൂഗിൾ മാപ്പ് ഒട്ടും ആശ്രയയോഗ്യമല്ല എത്യോപ്യയിൽ പലയിടത്തും. ഈ സംരക്ഷിതകേന്ദ്രം രാവിലെ 9 മുതലാണ് സന്ദർശകർക്കായി തുറന്നുകൊടുക്കുക.
അത്രയും നേരം കാത്തിരിക്കാൻ മാത്രം സമയം ഞങ്ങൾക്കില്ല. ആഡിസ് ദിശയിൽ വീണ്ടും മുന്നോട്ട് പോയി. റോഡിന്റെ വലതുവശത്ത് ഉള്ളിലേക്ക് മാറിയാണ് ലങ്കാനോ തടാകം. അതിന്റെ കരയിലാണ് കർക്കരോ അടക്കമുള്ള ബീച്ച് കോട്ടേജുകളും ജംഗിൾലോഡ്ജുകളും സ്ഥിതി ചെയ്യുന്ന ഇക്കോ-ടൂറിസം പ്രദേശങ്ങൾ. ഇടത് വശത്ത് ഉള്ളിലായി അബിജാട്ടാ-ഷാല തടാകങ്ങളും ദേശീയോദ്യാനവും. തടാകങ്ങൾ പക്ഷെ റോഡിൽ നിന്ന് ദൃശ്യമല്ല. എത്യോപ്യൻ വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരിലൊരാൾ അജിന്റെ അടുത്ത സുഹൃത്താണ്. പക്ഷെ കക്ഷിയെ ഫോണിൽ കിട്ടുന്നില്ല. പ്രധാനകവാടം കൂടാതെ പാർക്കിലേക്ക് കടക്കാൻ മറ്റുവഴികളുമുണ്ട് അതന്വേഷിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.
കുറച്ചധികം ദൂരം ചെന്നപ്പോൾ ഇടത്തോട്ട് കാണുന്ന ഒരു ചെറിയ മൺപാതക്കൊടുവിൽ ഒരു ബോർഡ് കാണുന്നുണ്ടെന്ന് അബ്ദു പറഞ്ഞു. ആ വഴിപോയപ്പോൾ ഒരു ഗെയിറ്റും അതിനോട് ചേർന്ന് ചില കുടിലുകളുമാണ്. അതിൽ നിന്ന് ഇറങ്ങി വന്ന ഒരാളോട് അബ്ദു വിവരം പറഞ്ഞു. അദ്ദേഹം സമീപത്തെ കുടിലിൽ നിന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്നു. മിനിറ്റുകൾക്കകം അയാൾ വസ്ത്രം മാറിയെത്തി. ദേശീയോദ്യാനത്തിലെ ഗാർഡുകളിലൊരാളാണ് കക്ഷി. കാവിയിൽ കടും പച്ച ഡിസൈനുകളോടുകൂടിയ നരച്ച യൂണിഫോമും പിഞ്ഞിത്തുടങ്ങിയ തൊപ്പിയും പരിതാപാവസ്ഥയിലുള്ള ഷൂസും ധരിച്ച ഒരു പാവം മനുഷ്യൻ.
ഞങ്ങൾ ഹൈവേയിലൂടെ വീണ്ടും അവാസ ദിശയിലേക്ക് തിരികെ പോന്നു. താമസിയാതെ അബിജാട്ടാ-ഷാലാ ദേശീയോദ്യാനത്തിന്റെ പ്രധാനകവാടത്തിലേക്കെത്തി ഞങ്ങളുടെ വാഹനം. സമയം ഏഴ് കഴിഞ്ഞിട്ടേയുള്ളൂ. അബ്ദുവിൽ നിന്ന് പണംവാങ്ങി സമീപത്തെ ഓഫീസിലേക്ക് പോയി താക്കോലുവാങ്ങി തിരികെ എത്തിയ ഗാർഡ് ഗെയിറ്റ് തുറന്നു. നല്ല സന്തോഷത്തിലാണ് മൂപ്പർ. ടിക്കറ്റിലെ എന്തോ കൃത്രിമങ്ങൾക്കു പുറമേ അദ്ദേഹത്തിന് പ്രത്യേകമായി ഒരു ഗൈഡ് ചാർജ്ജും ഉണ്ട് എന്ന് സംഭാഷണങ്ങളിൽ നിന്ന് മനസ്സിലായി. വണ്ടിയിൽ അകത്തേക്ക് പ്രവേശിച്ച ഞങ്ങൾ മുഖ്യകവാടത്തിൽ നിന്ന് അധികം അകലെയല്ലാതെ മേഞ്ഞു നടക്കുന്ന ഒട്ടകപക്ഷി കൂട്ടങ്ങൾക്കരികിലായി നിറുത്തി.
അമ്പതിൽ പരം വരുന്ന ഒട്ടകപക്ഷികകളുണ്ട് ആ കൂട്ടത്തിൽ. കുറച്ച് ചിത്രങ്ങളെടുത്തതിന് ശേഷം മുന്നോട്ട് തന്നെ പോയി. ഒറോമിയ സംസ്ഥാനത്തെ മലനിരകളിൽ 1963ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 887 ചതുരശ്ര കിലോമീറ്ററാണ്. 1540 മുതൽ 2075 വരെ മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മൺപാതയിലൂടെ മുന്നോട്ട് പോകുമ്പോൾ വശങ്ങളിൽ കാണുന്ന ചില കൃഷിയിടങ്ങളിൽ നിലമൊരുക്കൽ നടക്കുന്നുണ്ട്. വെളിപ്രദേശങ്ങളിൽ കുട്ടികൾ കാലികളെ മേക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ദർഗ് ഭരണത്തിന്റെ അവസാനകാലത്തെ അരാജകാവസ്ഥ മുതലെടുത്ത് ഭൂരഹിതകർഷകരും ചില ഗോത്രവിഭാഗക്കാരും ഈ സംരക്ഷിതപ്രദേശത്ത് അതിക്രമിച്ചു കടന്ന് വാസമുറപ്പിച്ചിരുന്നു. അവരുടെ ചെറുകുടിപാർപ്പുകേന്ദ്രങ്ങളാണ് വശങ്ങളിൽ കാണുന്നത്. അവരെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള പങ്കാളിത്ത വന-പരിപാലനമാണ് എത്യോപ്യൻ സർക്കാർ ഇപ്പോൾ നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നത്.
വീണ്ടും വനപ്രകൃതിയിലേക്കെത്തി. കാട്ടുപന്നികളെയും മ്ലാവുകളെയും മറ്റും കണ്ടുതുടങ്ങി വഴിയരികിൽ. മുന്നോട്ട് പോകും തോറും വഴി അതി ദുർഘടമായി മാറി. വളക്കൂറുള്ള കറുത്തമണ്ണുള്ള സ്ഥലങ്ങൾ വിട്ട് ചരലും കല്ലും നിറഞ്ഞ മേടിലേക്ക് വണ്ടി കയറിത്തുടങ്ങി. അബിജാട്ടാ തടാകത്തെയും ഷാലാ തടാകത്തെയും വേർത്തിരിക്കുന്നത് മൂന്നു കിലോമീറ്ററോളം വീതിയിൽ കിടക്കുന്ന ഒരു പർവ്വതഭാഗമാണ്. അവിടേക്കാണ് ഈ മൺപാത ചെന്നെത്തുന്നത്. വണ്ടി മേട് കയറി മുകളിലെത്തിയപ്പോൾ അതി മനോഹരമായ ദൂരക്കാഴ്ചകൾ ദൃശ്യമായിത്തുടങ്ങി. വലതു വശത്തു ദൂരെയായി കടലുപോലൊരു ജലാശയം. അബിജാട്ടാ തടാകമാണതെന്ന് വഴികാട്ടി പറഞ്ഞു. അതിമനോഹരമാണ് അവിടെ നിന്നുള്ള തടാകത്തിന്റെ കാഴ്ച. റിഫ്റ്റിനുള്ളിലാണ് തടാകം. ഉയരം കുറഞ്ഞ മരങ്ങൾ മേലാപ്പ് വിരിച്ച റിഫ്റ്റിലെ സമതലത്തിനപ്പുറം തടാകം പരന്നു കിടക്കുന്നു. എത്രയോ വന്യമൃഗങ്ങളുടെ വിഹാരഭൂമിയായിരിക്കണം ആ പ്രദേശങ്ങൾ. കെനിയയിലെയും ടാൻസാനിയയിലെയും പോലെ പ്രശസ്തമായ വൈൽഡ് സഫാരികൾ കുറവാണ് എത്യോപ്യൻ സംരക്ഷിത വനപ്രദേശങ്ങളിൽ. ആ രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ വന്യമൃഗബാഹുല്യവും കുറവാണ് എത്യോപ്യയിൽ.
ഫോർവീൽ വണ്ടിചക്രങ്ങൾ തീർത്ത വഴിത്താരയിലൂടെയാണ് മുന്നോട്ടുള്ള
പ്രയാണം. ഒരിടത്തെത്തിയപ്പോൾ അതിദുർഘടമായ ഇറക്കം. മലവെള്ളമൊലിച്ച് വഴിയെന്ന് പറയാവുന്നത് ഒരു ചാലായി തീർന്നിരിക്കുന്നു. ഞങ്ങൾ താഴോട്ട് നടന്നിറങ്ങി. അതിശക്തമായി കാറ്റടിക്കുന്നതിന്റെ ശീൽക്കാര ശബ്ദം കാതിൽ മുഴങ്ങുന്നുണ്ട് വിജനമായ ആ മലഞ്ചെരുവിൽ നിൽക്കുമ്പോൾ. വരണ്ട വനപ്രകൃതിയാണ്. ഒട്ടും വൃക്ഷനിബിഡമല്ല പരിസരങ്ങൾ. അബ്ദു അതിസാഹസികമായി വണ്ടി താഴെയെത്തിച്ചു. വീണ്ടും യാത്രതുടർന്നു. ഇനി ഇറക്കമാണ്. ഒരു തിരുവ് കഴിഞ്ഞതോടെ മുൻപിൽ അങ്ങ് ദൂരെയായി മറ്റൊരു
ജലസമുദ്രം. ഷാലാ തടാകം. ഞങ്ങളുടെ ലക്ഷ്യസ്ഥാനം. അവിടെയെത്തി മറ്റൊരു വഴിയിലൂടെ ഞങ്ങൾ മടങ്ങും. പലയിടത്തും വെച്ച് വണ്ടിയിൽ നിന്നിറങ്ങേണ്ടി വന്നു. ഒടുവിൽ ഞങ്ങൾ തടാകത്തോടടുത്തുതുടങ്ങി. തടാക തീരം മുഴുവൻ ശ്വേതരക്തവർണ്ണമാണ്. എന്താണതെന്ന് മനസ്സിലാക്കാൻ സമയമെടുത്തു.
പതിനായിരക്കണക്കിന് ഫ്ളെമിംഗോ പക്ഷികൾ. ഒരുപക്ഷെ ഇതാണ് അബിജാട്ട-ഷാല നാഷണൽ പാർക്കിലെ പ്രധാനകാഴ്ച. ഞങ്ങൾ അൽപ്പം അകലെ നിന്ന് ആ കാഴ്ച ആസ്വദിച്ചു. വണ്ടി നിറുത്തിയതിന് കുറച്ചകലെയായി ഒരു മോട്ടോർബൈക്ക് ഇരിക്കുന്നുണ്ട്. ഒരു പക്ഷെ അതിൽ വന്നവരാകാം യുവമിഥുനങ്ങൾ. മറ്റൊന്നും കാണാതെ അറിയാതെ പ്രണയത്തിലാഴ്ന്ന് ആ തീരത്ത് ഇരിക്കുന്നുണ്ട് അവർ.
നാഷണൽ പാർക്ക് തുറക്കാൻ ഇനിയും ഒരു മണിക്കൂറോളം സമയമുണ്ട്. ആ പരിസരത്ത് തന്നെ മറ്റാരുമില്ല. മുന്നിൽ വിശാലമായി കിടക്കുന്ന ജലാശയം. അതിനുമപ്പുറം റിഫ്റ്റ് വാലിമലനിരകൾ, തീരമാകെ പാടലവർണ്ണത്തിൽ മുക്കി അരയന്നക്കൊക്കുകൾ. ഇത്ര മനോഹരമായൊരു അന്തരീക്ഷത്തിൽ പ്രണയം പങ്കിടുകയാണ് ആ കമിതാക്കൾ. പുരാണങ്ങളിലെ ദേവ, യക്ഷ, കിന്നര, ഗന്ധർവ്വ പ്രണയകഥകളുടെ പശ്ചാത്തലം മനസ്സിലേക്കെത്തി. അവരെ ഒട്ടും ശല്യപ്പെടുത്താതെ കുറച്ചപ്പുറത്തേക്ക് മാറി ആ തീരത്തിന്റെ കാഴ്ചകൾ കണ്ടു ഞങ്ങൾ. കുറച്ച് സമയം അവടെ ചിലവഴിച്ചപ്പോഴേക്കും ഡോക്ടറുടെ വിളിയെത്തി. വീണ്ടും മുന്നോട്ടു തന്നെ. ചെറിയൊരു കൈത്തോട് മുറിച്ചു കടന്ന് വണ്ടി സാഹസികമായി അപ്പുറത്തേക്കെത്തിച്ചു അബ്ദു. താമസിക്കാതെ വഴി മുറിച്ചുകൊണ്ട് വലിയൊരരുവി. ഫോർ വീൽ വാഹനങ്ങൾ അതും മുറിച്ചുകടക്കാറുണ്ടെന്ന് വഴികാട്ടി പറഞ്ഞു. അബ്ദുവും അത് ശരിവെച്ചു. പക്ഷെ ഡോ. അജിൻ അതിന് സമ്മതിച്ചില്ല. വണ്ടി അതിലെങ്ങാനും പെട്ടുപോയാൽ ഇന്ന് വൈകീട്ടത്തെ വിമാനത്തിൽ ദുബായിലേക്ക് മടങ്ങാനാകില്ലെന്നത് നൂറ് ശതമാനം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഈ നാഷണൽ പാർക്കിൽ നിന്ന് പുറത്തുകടക്കാൻ തന്നെ മണിക്കൂറുകൾ വേണ്ടി വരും പിന്നീട് ആഡിസിലെത്താനായി ഒരു വണ്ടി കണ്ടെത്താൻ അതിലുമേറെ ബുദ്ധിമുട്ടാകും.
ഒടുവിൽ വന്ന വഴി തിരിച്ചു പോകാമെന്ന് തീരുമാനമായി. പക്ഷെ അതി സാഹസികമായാണ് ഇതുവരെ എത്തിയത്. ആ വഴി എങ്ങിനെ മടങ്ങിപോകും. ആ കയറ്റങ്ങൾ എങ്ങിനെ മറികടക്കും. എല്ലാവരും ആശങ്കയിലായിരുന്നു. പക്ഷെ ഒട്ടും കുലുക്കമില്ലാതെ നിന്നു അബ്ദു. ഡോ. അജിനാകട്ടെ ഗൈഡിനെ ശകാരിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. പൊതുവെ അക്ഷോഭ്യനെങ്കിലും ദേഷ്യം വന്നാൽ, സമ്മർദ്ദം വന്നാൽ ചിലപ്പോൾ കണ്ണുകാണില്ല മൂപ്പർക്ക്. കാന്താലോഡ്ജിൽ വെച്ച് ഞങ്ങളത് തിരിച്ചറിഞ്ഞതാണ്. അജിന്റെ ചീത്ത വിളിയിൽ നിന്ന് രക്ഷനേടാനാകണം വലിയൊരു കാഴ്ചയുണ്ടെന്ന് പറഞ്ഞ് ഞങ്ങളെ മുന്നിലേക്ക് നടത്തിച്ചു വഴികാട്ടി. അരുവി മുറിച്ച് അപ്പുറം കടന്ന് കുറച്ച് നടന്നപ്പോൾ മുന്നിൽ വലിയൊരു പ്രദേശം നിറയെ ജലം തിളച്ചുമറിയുന്നു. ഭൂമിക്കടിയിൽ നിന്ന് തിളച്ചുമറിയുന്ന വെള്ളമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ആ പ്രദേശത്തൊട്ടാകെ നീരാവി അന്തരീക്ഷത്തിലേക്കുയരുന്നുണ്ട്. ചുടുനീരുറവ (Hot Spring) പാടമാണ് മുന്നിൽ.
തിളച്ച ആ ജലം മറ്റൊരു ഉറവയുമായി ചേർന്ന് ചൂട് നഷ്ടമായി പിന്നീടാണ് തടാകത്തിലേക്ക് ഒഴുകുന്നത്. ഇവിടെ സന്ദർശകർ കുളിക്കാനായി എത്താറുണ്ടത്രെ. ചർമ്മ രോഗങ്ങൾ ശമിപ്പിക്കാനും ആരോഗ്യം പ്രധാനം ചെയ്യാനും കഴിവുള്ളതാണ് ഇത്തരം ഉഷ്ണജല പ്രവാഹങ്ങളെന്ന് കരുതുന്നുണ്ട്. കുറച്ച് നേരം ആ കാഴ്ചകണ്ട് വെള്ളം സ്പർശനയോഗ്യമാകുന്ന അരുവിയുടെ ഭാഗത്ത് നിന്ന് കൈകാലുകളും മുഖവും കഴുകി കയറി ഞങ്ങൾ. ഒന്ന് കുളിച്ചുകറിയാലോ എന്ന ആശയം മുന്നോട്ട് വെച്ച ജോയേട്ടനെ ഒരു നോട്ടം കൊണ്ട് നിശബ്ദനാക്കി ഡോ. അജിൻ.
തിരികെ കയറേണ്ട കൊടുംകയറ്റവും വളവുകളും സൃഷ്ടിക്കുന്ന ആശങ്ക മനസ്സിലുണ്ടെങ്കിലും ഡോ. അജിന്റെ ലാൻഡ്ക്രൂയിസറിലും (27 വർഷം പഴക്കമുണ്ട് ആ പഴയ പടക്കുതിരക്ക്) അബ്ദുവിലും വിശ്വാസമുറപ്പിച്ച് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. ▮
(തുടരും)