യു.എ.ഇ യാത്രക്കിടെ

അച്​ഛനെ കൈപിടിച്ച്​ നടത്തിച്ച്​
ഞാൻ ജീവിതത്തിലേക്ക്​ തിരിച്ചുനടന്നു

കോവിഡ് കാലത്ത്​ നടക്കാതെ പോയ യാത്രകളെക്കുറിച്ച് ഒട്ടും ദുഃഖമില്ല. അച്ഛനോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ ദിവസങ്ങൾ. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ അച്ഛനെ പരിചരിക്കാൻ കഴിഞ്ഞ സന്ദർഭങ്ങൾ. ഏതൊരു യാത്രയെക്കാളും സ്വാസ്ഥ്യം പകർന്നുതന്ന ദിനങ്ങൾ... പ്രവാസജീവിതത്തിൽനിന്നുള്ള തീക്ഷ്​ണാനുഭവങ്ങൾ രേഖപ്പെടുത്തുന്ന പംക്തി തുടങ്ങുന്നു

ന്താകാം ഒരാളെ യാത്രയ്ക്കു പ്രേരിപ്പിച്ചുകൊണ്ട് സ്വസ്​ഥമായ വീട്ടകങ്ങളിൽ നിന്ന്​പുറത്തേക്ക് ഓടിക്കുന്നത്? എന്താകാം ഒരാളെ യാത്രകളെല്ലാം വെടിഞ്ഞ്​ സ്വന്തം വീട്ടിലേക്കു വലിച്ചടുപ്പിക്കുന്ന ബലമായി പ്രവർത്തിക്കുന്നത്? വഴിയുടെ വിളികളും വീടിന്റെ ഭൂഗുരുത്വബലവും പരസ്പരം മേളിക്കുന്ന ലോലമായ സമതുലനത്തിന്റെ നിലതെറ്റി എപ്പോഴാണ് ആദ്യത്തേത്​ മേൽക്കൈ നേടുന്നത്?
രവീന്ദ്രന്റെ യാത്രാസമാഹാരത്തിന് ആമുഖമായി എഴുതിയ വഴികളും വാക്കുകളും എന്ന പഠനത്തിൽ കെ.സി. നാരായണൻ അന്വേഷിക്കുന്നുണ്ട്.

എന്നാൽ, വീടും നാടും ഉപേക്ഷിച്ച് ജോലിക്കുവേണ്ടി മറ്റൊരു നാടിനെ പുൽകിയ പ്രവാസിയായ ഒരു യാത്രികനെ സംബന്ധിച്ച് ഈയൊരു സംഘർഷം കുറേക്കൂടി ദുഷ്‌കരമാണ്. തന്നെ കാത്തിരിക്കുന്ന അച്ഛനമ്മമാരും ഭാര്യയും കുട്ടികളും സുഹൃത്തുകളും ബന്ധുക്കളും ഒരു ഭാഗത്ത്. അപരിചിത ഭൂഭാഗങ്ങളിലേക്ക് നീളുന്ന വിശാലമായ വഴികൾ, മോഹിപ്പിച്ചുകൊണ്ട് മറുവശത്ത്.
ഒട്ടും തൊഴിലാളിസൗഹൃദമല്ലാത്ത മിഡിൽ ഈസ്റ്റ് പോലെ ഒരു പ്രദേശത്ത് ജോലിചെയ്യുന്ന, പാസ്​പോർട്ട് പോലും തൊഴിലുടമയുടെ സൂക്ഷിപ്പിലിരിക്കുന്ന ഒരു പ്രവാസിക്ക്, കമ്പനികളിൽ നിന്ന്​ ഉപാധികളോടെ ലഭിക്കുന്ന പരിമിതമായ അവധി ദിവസങ്ങളിൽ ഒതുങ്ങിനിന്നുകൊണ്ടുവേണം ഈയൊരു തിരഞ്ഞെടുപ്പ് നടത്താൻ. യാത്രകളെ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പ്രവാസിക്ക് നീണ്ട ആത്മസംഘർഷങ്ങളിലൂടെ കടന്നുവേണം ഇത്തരമൊരു തീരുമാനത്തിലേക്കെത്താൻ. ജന്മനാട്ടിൽ കാര്യമായ വേരുകളില്ലാത്ത കുടുംബത്തോടൊപ്പം പ്രവാസജീവിതം നയിക്കുന്ന, വലിയ വരുമാനവും സൗകര്യങ്ങളുമുള്ള പ്രവാസികളെക്കുറിച്ചല്ല പറയുന്നത്.

യു.എ.ഇയിൽ ഒരു രാത്രി സ​ങ്കേതത്തിൽ
യു.എ.ഇയിൽ ഒരു രാത്രി സ​ങ്കേതത്തിൽ

നോങ്ങല്ലൂർ എന്ന ദേശം

എന്നെ സംബന്ധിച്ച്​ ഇതിനൊക്കെ പുറമേ നാട്ടിലേക്ക് പിടിച്ചു വലിച്ചുകൊണ്ടിരിക്കുന്ന മറ്റൊന്നു കൂടിയുണ്ടായിരുന്നു. അത് നോങ്ങല്ലൂരെന്ന ദേശവും കാണംകോട്ട് എന്ന വീടുമായിരുന്നു. നോങ്ങല്ലൂർ മാത്രമല്ല കാണംകോട്ടും ഒരു ദേശമാണെന്നാണ് നഗര സുഹൃത്തുക്കൾ പറയുക. മയിലുകൾ മേയുന്ന അഞ്ചേക്കർ തൊടിയിൽ 120ൽ പരം വർഷം പഴക്കമുള്ള, ചിതലുകളുടെ ആക്രമണം തുടങ്ങിയ വിണ്ടു തുടങ്ങിയ ചാന്തുതറകളും കുമ്മായമടർന്നു വീഴുന്ന ചുമരുകളുള്ള ഒരു വീടും പത്തായപ്പുരയും. സമീപത്തൊക്കെ സമാനമായ വിജന പറമ്പുകൾ. മുൻപിൽ നോങ്ങല്ലൂർ പാടം. തൊടിയിലെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ. കവുങ്ങിൻ തലപ്പുകൾക്കിടയിലൂടെ പരന്നെത്തുന്ന നിലാവു കണ്ട് തട്ടിൻപുറ വരാന്തയിൽ എത്രനേരം വേണമെങ്കിലും സ്വപ്നം കണ്ട്​ കിടക്കാം.

കാണംകോട്ടുനിന്നുള്ള കാഴ്​ച
കാണംകോട്ടുനിന്നുള്ള കാഴ്​ച

വീടും പത്തായപ്പുരയും കയ്യാലയും തൊഴുത്തും അതിരിടുന്ന മുറ്റത്തേക്ക് നാലുവശത്തും നിന്നും പെയ്തിറങ്ങുന്ന മഴ കണ്ട് ഒട്ടും മുഷിപ്പില്ലാതെ ഉമ്മറത്തെ ചാരുകസേരയിൽ ചടഞ്ഞിരിക്കാം. കുളിരുള്ള പുലർക്കാലങ്ങളിൽ മഞ്ഞും പുലർവെയിലും കൂടിയൊരുക്കുന്ന നിറക്കൂട്ടുകൾ കണ്ട്, നിരവധിയായ പക്ഷികളുടെ ശബ്ദങ്ങൾ കേട്ട് പാടത്തേക്ക് തുറക്കുന്ന കിഴക്കേപടിയിൽ കൂനിക്കൂടിയിരിക്കാം. യാത്രകളെ സ്നേഹിക്കുമ്പോഴും, ഒരു യഥാർത്ഥ യാത്രികനല്ലാത്തതുകൊണ്ടാകാം യാത്രകളുടെ അനിശ്ചിതത്ത്വത്തിനുമേൽ നോങ്ങല്ലൂരിന്റെ സ്വാസ്ഥ്യം വിജയിക്കുന്നത്. ദുബായിയിൽ നിന്ന് ചുരുങ്ങിയ ചെലവിൽ പോയി വരാവുന്ന നാടുകളേറെയുണ്ടായിട്ടും യാത്രകളിലധികവും ഏഴ്​ എമിറേറ്റുകളുടെ വൃത്തത്തിനുള്ളിലേക്കൊതുങ്ങിയത്.

ദുബായ്​ എന്ന നഗരം, ജീവിതം

13 വർഷം മുൻപ് തുടങ്ങിയ പ്രവാസത്തിന്റെ ആദ്യ ആറു വർഷം ബഹ്​റൈനിലായിരുന്നു. ആദ്യം ജോലി ചെയ്തിരുന്ന മലയാളി കമ്പനിയിൽ അവധി ലഭിക്കുന്നത് രണ്ടു വർഷത്തിലൊരിക്കൽ. നാട്ടിലെത്തുന്ന ദിവസം മാത്രം സ്വപ്നം കണ്ട് ജീവിച്ചിരുന്ന അക്കാലത്തൊരിക്കലും ബഹ്​റൈനുപുറത്തേക്കുള്ള ഒരു യാത്രയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. പിന്നീട് ഒരു ബഹ്​റൈൻ സ്വദേശി കമ്പനിയിലേക്ക് ജോലി മാറിയതോടെ അത് വർഷത്തിലൊരിക്കലായി. ‘വ്യാഴച്ചന്ത’യിൽ ഒരു അവസാനക്കാരനായി സൽമാനിയയിൽ, സജി മാർക്കോസിന്റെ ഫ്ളാറ്റിൽ സജിചേട്ടന്റെയും ഇ.എ. സലീമേട്ടന്റെയും യാത്രാനുഭവങ്ങൾ കേട്ട് കൗതുകം പൂണ്ടിരിക്കുമ്പോഴും ഇന്ത്യക്കും ബഹ്​റൈനും പുറത്തൊരു യാത്ര സ്വപ്നം കണ്ടിരുന്നില്ല. പിന്നീട് ഒരു ബഹുരാഷ്ട്ര കമ്പനിയുടെ മിഡിൽ ഈസ്റ്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ദുബായ് ഓഫീസിലേക്ക് ജോലി മാറിയതോടെയാണ് പാസ്​പോർട്ടും ആവശ്യത്തിന് അവധി ദിനങ്ങളും കൈയ്യിലെത്തുന്നത്.

യു.എ.ഇയിൽ യാത്രക്കിടെ
യു.എ.ഇയിൽ യാത്രക്കിടെ

ആഴ്ചയിലെ രണ്ട് വാരാന്ത്യ അവധി ദിനങ്ങൾക്കുപുറമെ 30 പ്രവർത്തിദിനങ്ങൾ വാർഷികാവധിയായി എടുക്കാം. വാർഷികാവധിദിനങ്ങൾക്കിടയിൽ വരുന്ന വാരാന്ത്യ അവധിദിനങ്ങളും മറ്റ് യു.എ.ഇ ദേശീയ അവധി ദിനങ്ങളും ഇതിനു പുറമേ ലഭിക്കും. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവർത്തിദിനങ്ങളിൽ അവധിക്കപേക്ഷിച്ചാൽ തുടക്കത്തിലേയും അവസാനത്തേയും വാരാന്ത്യ അവധി അടക്കം ഒമ്പതു ദിവസങ്ങൾ ലഭിക്കും. പത്ത് ദിവസത്തെ അവധിയെടുത്താൽ 16 ദിവസം. അതിനിടയിൽ മൂന്നുനാലു ദിവസത്തെ പെരുനാൾ അവധിയോ മറ്റോ വന്നുപെട്ടാൽ അത് പിന്നെയും നീട്ടിക്കിട്ടും. അവധിയിലുള്ളപ്പോൾ എന്റെ ജോലികൾ ചേയ്യേണ്ട സഹപ്രവർത്തകൻ, നാട്ടിലേക്ക് പോകാൻ ഒട്ടും താൽപര്യം കാണിക്കാത്ത ദുബായ് നഗരജീവിതത്തിൽ മുങ്ങിപ്പോയ ഒരാളായിരുന്നതുകൊണ്ടു തന്നെ അവധിദിനങ്ങൾ ഭാഗിച്ച് കൂട്ടിക്കിഴിച്ച് വർഷത്തിൽ മൂന്നോ നാലോ തവണ നാട്ടിൽ വരാൻ തുടങ്ങി.

പ്ലാൻ ചെയ്​ത യാത്രകൾ

‘വീട് കൊടകരേല്, ജോലി ജബലലീല്, ഡെയിലി പോയി വരും’ എന്ന് സജീവ് എടത്താടൻ പറഞ്ഞതുപോലെ മനസ്സുകൊണ്ട് നോങ്ങല്ലൂരിൽ ജീവിക്കുകയും ബഹ്​റൈനിലും പിന്നീട് ദുബായിലുമുള്ള തൊഴിലിടങ്ങളിലേക്ക് നിരന്തരം പോയി വരികയും ചെയ്തിരുന്ന ഒരാളായിരുന്നു ഞാൻ. ഓരോ തവണ നാട്ടിൽ വരുമ്പോഴും വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് സ്വപ്നം കാണാറുണ്ട്, എന്നിട്ട് അവധിയെടുത്ത് പുറംനാടുകളിലേക്ക് യാത്ര പോകുക. ഇതിനിടയിൽ ദുബായിയിൽ നിന്ന് അർമേനിയയിലേക്കും എത്യോപ്യയിലേക്കുമൊക്കെ നോങ്ങല്ലൂരിന്റെ ഭൂഗുരുത്വ ബലത്തെ അതിജീവിച്ച് പോയിവന്നിരുന്നു. അച്ഛനും അമ്മക്കും പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ കണ്ടുതുടങ്ങിയതോടെയാണ് ബഹ്​റൈൻ ഇന്ത്യൻ സ്‌കൂൾ അധ്യാപികയായിരുന്ന നിത്യ നാട്ടിലേക്ക് മടങ്ങുന്നത്. 82-ാം വയസ്സിലും നോങ്ങല്ലൂർ പാടത്തിരിക്കുന്ന പെറ്റർ ഇംഗ്ലണ്ടിന്റെ പമ്പും എഞ്ചിനും ബെൽട്ടിനാൽ ബന്ധിപ്പിച്ചിരിക്കുന്ന അഞ്ച്​ എച്ച്​.പിയുടെ ഡീസൽ എഞ്ചിൻ തനിച്ചു സ്റ്റാർട്ട് ചെയ്യുമായിരുന്ന അച്ഛൻ പതുക്കെ ക്ഷീണിതനായിക്കൊണ്ടിരുന്നു, അദ്ദേഹത്തിനത് തിരിച്ചറിയാനാകുന്നുണ്ടായിരുന്നില്ലെങ്കിലും. അച്ഛനോടൊപ്പം സഹായത്തിന് കൂടെയുണ്ടാകണം എന്ന് മുൻപേ തീരുമാനിച്ചിരുന്നു.

പ്രമോദ്​ കെ.എസിന്റെ അച്​ഛൻ സുബ്രഹ്​മണ്യൻ
പ്രമോദ്​ കെ.എസിന്റെ അച്​ഛൻ സുബ്രഹ്​മണ്യൻ

എങ്കിലും ജോലി ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരമാകാനുള്ള ആലോചനകളെ അച്ഛൻ എതിർത്തു പോന്നു. പക്ഷെ നാട്ടിലേക്ക് മടങ്ങാൻ തന്നെ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നു. അതിനുള്ളിൽ യു.എ.ഇയിൽ നിന്ന് എളുപ്പം പോയി വരാൻ കഴിയുന്ന കുറച്ച് സ്ഥലങ്ങളെങ്കിലും കാണണം. 2020 മാർച്ചിൽ പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്), വിയന്ന (ആസ്ട്രിയ), ബുഡാപെസ്റ്റ് (ഹംഗറി) എന്നീ മൂന്നു രാജ്യതലസ്ഥാനങ്ങളിലൂടെ ഏഴു പകലും ആറു രാത്രിയും നീണ്ട ഒരു യാത്രക്ക് ഹോളിഡേ ഫാക്ടറിയുടെ ദുബായ് ഓഫീസിൽ പണമടച്ച് ഞാനും സുഹൃത്ത് മജീദ് പെരുമ്പിലാവും കൂടി ബുക്ക് ചെയ്തു. 2019 ഡിസംബറിൽ മജീദിനും ഇബ്രാഹിമിനുമൊപ്പം നടത്താനിരുന്ന സെൻറ്​ പീറ്റേഴ്സ് ബർഗ്ഗിലേക്കുള്ള ഒരു ശീതകാലയാത്രയാത്ര, ജർമനിയെ വരെ മുട്ടുകുത്തിച്ച റഷ്യൻ ശൈത്യത്തെ പേടിച്ച് 2020 ലേക്ക് മാറ്റിവെച്ചിരുന്നു. ഓൾഗ എന്ന റഷ്യൻ സുഹൃത്താണ് മഞ്ഞിലുറഞ്ഞു കിടക്കുന്ന തന്റെ ജാലകപ്പുറ ദൃശ്യങ്ങളുടെ ചിത്രങ്ങളയച്ചും പൂജ്യത്തിൽ നിന്ന് ഏറെ താഴേക്ക് ആഴ്ന്നുപോകുന്ന കാലാവസ്ഥാമാപിനിയുടെ കണക്കുകളയച്ചും ഞങ്ങളെ പിന്തിരിപ്പിച്ചത്. മാറ്റിവെച്ച ആ യാത്രയും 2020ൽ തന്നെ നടത്തണം എന്നതായിരുന്നു മറ്റൊരു തീരുമാനം. പിന്നൊന്ന് ശ്രീലങ്കയിലൂടെയുള്ള ഒരു ഏകാന്തയാത്രയായിരുന്നു. മാതൃഭൂമിയിൽ പത്രപ്രവർത്തകനായിരുന്ന സി. നാരായണനും ഈ യാത്രയിൽ പങ്കുചേരാമെന്ന് അറിയിച്ചിരുന്നു.
‘ചാവുനിലങ്ങളിൽ വിളയുന്ന സ്വാതന്ത്ര്യസ്വപ്നങ്ങൾ’ എന്ന നാരായണേട്ടന്റെ ലേഖനം ഇരുപത് വർഷങ്ങൾക്ക് മുൻപാണ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വരുന്നത്. വർഷങ്ങൾക്കിപ്പുറം എങ്ങനെയാണ് ശ്രീലങ്ക മാറിയതെന്ന് നാരായണേട്ടന് കാണണമെന്നുണ്ടായിരുന്നു. ടി.ഡി.രാമകൃഷ്​ണനും ആ യാത്രക്ക് താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏതോ സിനിമാസംബന്ധിയായ എഴുത്ത് അതിനിടയിൽ വന്നതുകൊണ്ടാണ് ടി.ഡി.ആർ പണമടക്കാതെ അതിൽ നിന്ന് പിൻമാറുന്നത്.

മാസ്​ക്​ വരുന്നു, യാത്രകൾ നിലയ്​ക്കുന്നു

2020ലെ ഈ മൂന്ന് യാത്രകളും മനസ്സിലിട്ടാണ് ഫെബ്രുവരി ആദ്യവാരം നാട്ടിലേക്ക് വിമാനം കയറുന്നത്. മകൻ നചികേതസ്സിന്റെ ഒന്നാം പിറന്നാളായിരുന്നു പ്രധാന വിശേഷം. യാത്രക്ക് ഒരാഴ്​ച മുൻപേ കോവിഡ് ഓഫീസിലെയും താമസസ്ഥലത്തെയും സംഭാഷണ വിഷയമായി തുടങ്ങിയിരുന്നു. മെട്രോയിൽ ചിലരെങ്കിലും മാസ്‌ക്ക് ധരിച്ചു തുടങ്ങിയിരുന്നു. മെട്രോയിൽ ഓഫീസിലെത്തുന്ന എന്നോട് നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും കോറോണ അത്ര നിസ്സാരമല്ലെന്നും പറഞ്ഞ് സഹപ്രവർത്തകയായ ഫിലിപ്പീനി പെൺകുട്ടി ഡോണ കുറച്ച് ഡിസ്പോസിബിൾ മാസ്‌ക്ക് തന്നിരുന്നു. നാട്ടിലെത്തി ദിവസങ്ങൾ നീങ്ങവേ കൊറോണ സംബന്ധിച്ച വാർത്തകൾ കൂടിവരാൻ തുടങ്ങി. പിറന്നാളാഘോഷവും കഴിഞ്ഞ് ദുബായിയിൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞതോടെ വിമാനയാത്രകൾക്ക് നിയന്ത്രണം വന്നു.

കാണംകോ​ട്ടെ വീട്​
കാണംകോ​ട്ടെ വീട്​

2020 മാർച്ച് മധ്യത്തോടെ എച്ച്. ആറിൽ നിന്നുള്ള മെയിൽ കിട്ടി; ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാവരും താമസസ്ഥലത്തിരുന്ന് ജോലി ചെയ്യുക. അന്നു തന്നെ ഹങ്കറിയിലെ ഹെഡ് ഓഫീസിൽ നിന്ന് ഐ.ടി. ടീം, വി.പി. തുടങ്ങിയ അനുബന്ധ സംവിധാനങ്ങൾ ഓരോ സിസ്റ്റത്തിലും ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തനക്ഷമമാക്കി. ബർദുബായിയിലെ താമസസ്ഥലത്തേക്ക് ഞാൻ വർക്ക് സ്റ്റേഷൻ മാറ്റി. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ടു തന്നെ എല്ലാവരും പുതിയ രീതിയിലേക്ക് മാറി. കാര്യക്ഷമത കുറയും എന്ന് കമ്പനി കരുതിയിടത്ത് തിരിച്ചായിരുന്നു മിക്കവാറും പേരുടെ കാര്യത്തിൽ സംഭവിച്ചത്. കൂടുതൽ കംഫർട്ടബിളായ ഇടത്തേക്ക് മാറിയതോടെ ജോലി കൂടുതൽ നടന്നു തുടങ്ങി. യാത്രക്കുവേണ്ടിവരുന്ന സമയവും അതുണ്ടാക്കുന്ന ക്ഷീണവും ജോലിയേയും ജീവിതത്തെയും ബാധിക്കാതെയായി. ആശയവിനിമയവും ഫയൽ ഷെയറിങ്ങും സെർവർ ആക്സസും കാര്യക്ഷമമാക്കാൻ പുതിയ പല സംവിധാനങ്ങളും വന്നു. യാതൊരു തടസ്സവുമില്ലാതെ ജോലി മുന്നോട്ടുപോയി. യാത്രകൾ പൂർണമായും നിലച്ചു. കൂടിച്ചേരലുകൾ നിന്നു.

ദുബായ് വാരാന്ത്യങ്ങൾ എന്നത് കൂടിച്ചേരലുകളും യാത്രകളുമായിരുന്നു. അൻവറിനും ഷാജിക്കും അഫ്സലിനുമൊപ്പം, മറ്റു എമിറേറ്റുകളിലെ പച്ചപ്പിലൂടെയും കൃഷിയിടങ്ങളിലൂടെയും പൗരാണിക ശേഷിപ്പുകളിലൂടെയുമൊക്കെയുള്ള അലച്ചിലുകൾ. അല്ലെങ്കിൽ സലീമിന്റെ എഫ്.ജെ ക്രൂയിസറിൽ യു.എ.ഇ മരുഭൂമിയുടെ ഉള്ളറകളിലേക്കുള്ള യാത്രകൾ. എല്ലാം നിലച്ചു. മാസങ്ങളോളം ഫ്ളാറ്റിൽ നിന്ന് അപൂർവമായി മാത്രം പുറത്തിറങ്ങി. ജോലി ഫ്ളാറ്റിലേക്ക് മാറിയതോടെ ദിവസേന ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രാസമയം ലാഭിക്കാനായി. വായനക്കും സിനിമക്കും പഴയ യാത്രകളെക്കുറിച്ച് എഴുതുന്നതിനും സമയം ചെലവഴിച്ചു. സഹമുറിയൻമാരുടെ പാചക പരീക്ഷണങ്ങൾ ശരീരത്തെ ബാധിക്കാൻ തുടങ്ങിയതോടെ യോഗ പരിശീലനവും ആരംഭിച്ചു.

നോങ്ങല്ലൂരുനിന്ന്​ ദുബായിക്ക്​ ദിവസേന യാത്ര!

ഇനി യാത്രകൾ സാധ്യമാകില്ലെന്ന് ഉറപ്പായി. യൂറോപ്പ് യാത്രക്ക് ഹോളിഡേ ഫാക്ടറിയിൽ മുൻകൂറായി അടച്ച പണം തിരികെ ലഭിക്കാനായി പിന്നീട് ശ്രമം. ക്ഷമയോടെ കാത്തിരിക്കാനുള്ള അവരുടെ ഓട്ടോമാറ്റിക് റിപ്ലെകൾ കേട്ടുമടുത്ത് അവരുടെ ഓഫീസിലെത്തിയപ്പോൾ അത് തുറന്നിട്ട് കാലമേറെയായി എന്നു മനസ്സിലായി. ഏഴെട്ടുമാസത്തിനുശേഷം വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ അവധിക്ക് അപേക്ഷ കൊടുത്തു, പക്ഷെ നാട്ടിലെത്തിയാൽ 15 ദിവസത്തോളം ഹോം ക്വാറന്റയിൻ വേണം പരിമിതമായ അവധി ദിവസങ്ങളിൽ 15 ദിവസം അങ്ങനെ വെറുതെ കളയാനില്ലാത്തതിനാൽ ആ ദിവസങ്ങളിൽ നാട്ടിലിരുന്ന് ജോലി ചെയ്യാൻ ടെക്​നിക്കൽ ഡിവിഷന്റെ ചാർജ്ജുള്ള ആൻഡ്രിറ ക്ലാവർട്ടിന്റെ അനുവാദം കിട്ടി. ക്വാറന്റയിൻ കാലത്ത് അങ്ങനെ ആദ്യമായി നോങ്ങല്ലൂരിൽ ഇരുന്ന് ജോലി ചെയ്തു. ജോലി തടസ്സമില്ലാതെ നടന്നതോടെ അവധിക്കുശേഷം മൂന്നുമാസത്തോളം നാട്ടിലിരുന്നുതന്നെ ജോലി ചെയ്യാൻ കമ്പനിയിൽ നിന്ന് അനുവാദം കിട്ടി. അങ്ങനെ നോങ്ങല്ലൂരു നിന്നും ദുബായിലേക്ക് ഡെയിലി പോയി വരാൻ തുടങ്ങി. അവധി കഴിഞ്ഞ് ദുബായിലെത്തി നാലഞ്ചു മാസത്തിനകം വീണ്ടും നാട്ടിലേക്ക്. ഇത്തവണ ആറു മാസത്തോളം നാട്ടിലിരുന്നായിരുന്നു ജോലി. അച്ഛന്റെ ആരോഗ്യസ്ഥിതി ഇതിനിടെ പെട്ടെന്ന് മോശമായിരുന്നു. എന്റെ സാമീപ്യം അദ്ദേഹം ആഗ്രഹിച്ചു തുടങ്ങിയിരുന്നു.

നാട്ടിലിരുന്നുള്ള ജോലി കുഴപ്പമില്ലാതെ പോകുന്നതുകൊണ്ട് കമ്പനി തീരുമാനമറിയിക്കുന്നു: നാട്ടിൽ നിൽക്കാനായി ജോലി വിടേണ്ടതില്ല. പുതിയ തൊഴിൽ കരാർ വെക്കാം. ശമ്പളത്തിൽ കുറവ് വരുത്തി സ്ഥിരമായി നാട്ടിലിരുന്ന് ജോലി ചെയ്യാം. ആറു മാസത്തിലൊരിക്കൽ വിസ റദ്ദാകാതിരിക്കാനായി മാത്രം യു.എ.യിൽ എത്തിയാൽ മതി.
നടക്കാതെ പോയ യാത്രകൾക്കുപകരം കൊറോണക്കാലം കൊണ്ടുവന്നുതന്നത്, വർഷത്തിൽ മൂന്നോ നാലോ തവണ ഒരു വിരുന്നുകാരനായി മാത്രം വന്നെത്തുന്ന സ്വന്തം മണ്ണിലേക്കുള്ള യാത്രയാണ്. അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ അവസാനകാലത്ത് ജോലി വിടാതെ തന്നെ കൂടെ നിൽക്കാനുള്ള അവസരമാണ്.

ചെറുപ്പത്തിൽ അച്ഛന്റെ കൈയ്യിൽ തൂങ്ങി ഏറെ നടന്നിട്ടുണ്ട്. തന്റെതും ഉദ്യോഗസ്ഥരായ രണ്ട് സഹോദരൻമാരുടെയും ഒരു സഹോദരിയുടെയുമടക്കമുള്ള പാരമ്പര്യ സ്വത്തുകൾ അച്ഛനാണ് അന്ന് നോക്കിനടത്തിയിരുന്നത്. നോങ്ങല്ലൂർ പാടം, ഞാൽ, തെക്കെ പറമ്പ്, കിഴക്കേ പറമ്പ്, വടക്കേ മാട്ടം, പൂതൻപുറം, വെങ്കളപ്പാടം, കലാർണ്ണപ്പാടം, നെച്ചിത്തടം എന്നിങ്ങനെയൊക്കെയായിരുന്നു പറമ്പുകളുടയെും പാടങ്ങളുടേയും പേരുകൾ. ചൊവ്വന്നൂർ, പോർക്കുളം, കടങ്ങോട് പഞ്ചായത്തുകളിലായി കിടന്നിരുന്ന അവിടേക്കൊക്കെ അച്ഛന്റെ വിരൽ പിടിച്ച് ഏറെ യാത്ര ചെയ്തിട്ടുണ്ട്, നടന്നുതീർത്തിട്ടുണ്ട് അന്നൊക്കെ.

നോങ്ങല്ലൂരിലെ കാഴ്​ച
നോങ്ങല്ലൂരിലെ കാഴ്​ച

വൈകീട്ട് അച്ഛനെ നടത്താനിറക്കും. വീണു പോകുമോ എന്ന ഭയത്താൽ എന്റെ കൈകളിൽ മുറുകെ പിടിക്കും അച്ഛൻ. ആ കൈകളിലൂടെ പഴയ ഓർമകൾ എന്നിലേക്ക് കടന്നുവരും. അച്ഛന്റെ കൈപിടിച്ച് അങ്ങനെ നടത്തിക്കുമ്പോൾ, മനസ്സു നിറയും, ഇടക്കൊക്കെ കണ്ണുകളും.

85 വർഷത്തെ യാത്ര അവസാനിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ അച്ഛൻ കടന്നുപോയി. കോവിഡുകാലത്ത്​ നടക്കാതെ പോയ യാത്രകളെക്കുറിച്ച് ഒട്ടും ദുഃഖമില്ല. അച്ഛനോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ ദിവസങ്ങൾ. ഒരു കൊച്ചു കുട്ടിയെ എന്ന പോലെ അച്ഛനെ പരിചരിക്കാൻ കഴിഞ്ഞ സന്ദർഭങ്ങൾ. ഒപ്പമിരിക്കുമ്പോഴൊക്കെ അദ്ദേഹം പറഞ്ഞ നിരവധിയായ നാട്ടുകഥകൾ, അതിലെ ജീവിതങ്ങൾ...
ഏതൊരു യാത്രയെക്കാളും സ്വാസ്ഥ്യം പകർന്നു തന്ന ദിനങ്ങൾ...
ഉടനെ ഒരു യാത്രയെക്കുറിച്ചും ആലോചിക്കുന്നില്ല. ദിവസത്തിൽ 8-9 മണിക്കുറിൽ ഒരു ബഹുരാഷ്ടകമ്പനിക്ക് വേണ്ടി തൊഴിലെടുത്തും മറ്റു സമയങ്ങളിലും വാരാന്ത്യങ്ങളിലും ഒരു കർഷകനായും അങ്ങനെ ജീവിക്കുന്നു ഈ (പോസ്റ്റ്) കോവിഡ് കാലത്ത് ഇപ്പോൾ...▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments