വീണ്ടും ആ ദ്വീപിലേക്കായി ഈ ഫെറിയിൽ കയറാൻ ഒരൊറ്റ കാരണമേയുളളൂ. റഷ്യൻ വിപ്ലവത്തിന് ലെനിനൊപ്പം നേതൃത്വം നൽകിയ ട്രോട്സ്‌കി താമസിച്ച വീടൊന്ന് കാണണം. പെട്രോൾ വാഹനങ്ങൾക്ക് വിലക്കുളള മനോഹര ദ്വീപെന്നതിനപ്പുറം ട്രോട്സ്‌കിയുമായി ഈ സ്ഥലത്തിന് ബന്ധമുണ്ടെന്ന കാര്യം ആദ്യ സന്ദർശന സമയത്ത് അറിയില്ലായിരുന്നു. നഗര ബഹളങ്ങളിൽ നിന്ന് മോചനം തേടി അവിടെയെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗത്തിനും അതറിയില്ല. അത് സൂചിപ്പിക്കുന്ന ഒന്നും അവിടെയില്ല താനും. ദ്വീപിന്റെ ചരിത്രം ഗൂഗിളിൽ പരതിയപ്പോൾ കിട്ടിയ ഒരു ലിങ്കിൽ നിന്നാണ് അക്കാര്യമറിയുന്നത്. അത് വായിച്ചപ്പോൾ തീരുമാനിച്ചതാണ് ഇസ്താംബൂളിൽ ഇനി വരുമ്പോൾ ആ ദ്വീപിലേക്ക് വീണ്ടും പോകുമെന്ന്.
ചരിത്ര തല്പരരല്ലെങ്കിലും ഈ ദ്വീപ് ഒരിക്കലെങ്കിലും സന്ദർശിച്ചിട്ടുളളവർ പിന്നെയും പോകാൻ അവസരം കൈവന്നാൽ രണ്ടാമതൊന്ന് ആലോചിക്കില്ല. ആ ദ്വീപിനെ പോലെ തന്നെ മനോഹരമാണ് അങ്ങോട്ടുളള ഈ ബോട്ടു യാത്രയും. നീലാകാശത്തിൽ തൂവെളള മേഘങ്ങൾ തീർത്ത ചിത്രങ്ങൾക്ക് ഭംഗിയേറ്റി കടൽക്കാക്കൾ വട്ടമിട്ടു പറക്കുന്നു. ബോട്ടിന് പുറകിലെ പാൽ നുരയ്ക്ക് മീതെ പറക്കുന്ന കടൽക്കാക്കളെ നോക്കി നിൽക്കുമ്പോൾ ട്രോട്സ്‌കിയുടെ കപ്പൽ സഞ്ചരിച്ചതും ഈ വഴി തന്നെയല്ലേ എന്ന് ചിന്തിച്ചു. ആ യാത്രയിൽ ഈ നയനാനന്ദ കാഴ്ചകളൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല.
റഷ്യയിൽ നിന്ന് തുർക്കിയിലേക്ക് നാടുകടത്തുന്നത് തന്നെ ഇവിടെ വെച്ച് കൊലപ്പെടുത്താൻ സ്റ്റാലിൻ അത്താത്തുർക്കുമായി ധാരണയുണ്ടാക്കിയിട്ടായിരിക്കുമെന്ന ചിന്ത മനസ്സിനെ വേട്ടയാടുമ്പോൾ കണ്ണുകളിൽ ഈ കാഴ്ചകൾ തെളിയുന്നതെങ്ങനെ.
ഭാര്യ നടാലിയ സെദോവും മകൻ ലേവ് സെദോവും കൂടെയുണ്ടായിരുന്നെങ്കിലും സ്റ്റാലിന്റെ രഹസ്യ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആ കപ്പൽ യാത്ര. ആഭ്യന്തര നാടുകടത്തലിന് വിധേയമായി ഒരു വർഷത്തോളം താമസിച്ച കസഖ്സ്ഥാനിലെ അൽമ അറ്റയിൽ നിന്നായിരുന്നു ട്രോട്സ്‌കിയുടെ ഒരു മാസത്തോളം നീണ്ട യാത്രയുടെ തുടക്കം. അവിടെ നിന്ന് കരിങ്കടലിലെ സോവിയറ്റ് തുറമുഖമായ ഒഡസയിലെത്തിച്ച് കപ്പലിൽ കയറ്റിയാണ് ബോസ് ഫറസ് കടലിടുക്ക് വഴി ട്രോട്സ്‌കിയെ തുർക്കിയിലേക്ക് കൊണ്ടു വന്നത്. ലെനിനോടൊപ്പം നിന്ന് പോരാടി നേടിയ ഭരണത്തിൽ നിന്ന് മാത്രമല്ല താൻ രൂപം നൽകിയ ചെമ്പടയുടെ കരുത്തിൽ സംരക്ഷിക്കപ്പെട്ട മണ്ണിൽ നിന്നു പോലും പുറത്താക്കപ്പെട്ടിരിക്കുന്നുവെന്ന സത്യം ട്രോട്സ്‌കിയെ കുറച്ചൊന്നുമായിരിക്കില്ല ഉലച്ചിട്ടുണ്ടാവുക. കപ്പൽ തുർക്കിയുടെ തീരത്തടുക്കും മുമ്പ് ട്രോട്സ്‌കി സോവിയറ്റ് യൂണിയനിലെ കേന്ദ്ര കമ്മ്യൂണിസ്റ്റ് പാർട്ടിക്കും തുർക്കിയിലെ ഭരണാധികാരിയായ അത്താതുർക്കിനും അയച്ച എഴുത്തുകളിൽ അത് നിഴലിക്കുന്നുണ്ട്.
സ്റ്റാലിന്റെ രഹസ്യ പോലീസും തുർക്കിയിലെ ദേശീയ ഭരണകൂടവും തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്ന് കമ്മിറ്റിക്കെഴുതിയ കത്തിൽ അദ്ദേഹം ആരോപിച്ചു. കൊല്ലപ്പെട്ടാൽ സ്റ്റാലിനും പാർട്ടിയുമാണ് ഉത്തരവാദിയെന്ന് തുറന്നെഴുതി. തന്റെ ആഗ്രഹ പ്രകാരമല്ല അതിർത്തി കടന്ന് തുർക്കിയിലേക്ക് വരുന്നതെന്ന് അത്താത്തുർക്കിനും കപ്പലിലിരുന്ന് കത്തെഴുതി. താൻ സംസാരിക്കുന്ന ഭാഷയുളള രാജ്യത്തേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെന്നും നാടുകടത്തപ്പെടുന്നവന്റെ ആഗ്രഹങ്ങൾ നാടുകടത്തുന്നവർ പരിഗണിക്കാത്തതു കൊണ്ട് മാത്രമാണ് ഇവിടേക്ക് വരുന്നതെന്നും അദ്ദേഹം ആ കത്തിൽ വിശദമാക്കിയിരുന്നു. കാണുന്നത് ഒരേ കാഴ്ചകളാണെങ്കിലും ഓരോ യാത്രക്കാരന്റെ മനസ്സിലും അതുണർത്തുന്ന ചിന്തകൾ എത്ര വ്യത്യസ്തമായിരിക്കുമെന്നതിനുളള ഉദാഹരണമാണീ ട്രോട്സ്‌കിയെക്കുറിച്ചുളള ആലോചനകളെന്ന് ആത്മഗതം ചെയ്ത് ക്യാമറയെടുത്ത് ഫോട്ടോയെടുക്കാനാരംഭിച്ചു.
രാജകുമാരന്മാരുടെ ദ്വീപ്
ഫെറി മർമ്മറ സമുദ്രത്തിലൂടെ രാജകുമാരന്മാരുടെ ദ്വീപി (പ്രിൻസെസ് ഐലന്റി) നെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ദ്വീപുകൾ എന്നർത്ഥം വരുന്ന അദലാർ (അദയെന്നാൽ ദ്വീപ്) എന്നതാണ് തുർക്കിഷ് ഭാഷയിൽ ഈ ദ്വീപുകളുടെ വിളിപ്പേര്. ബുയൂകദ, ഹൈബേലി, കിനലി, ബുർഗസ എന്നീ പേരുകളിൽ അറിയപ്പെടുന്ന പ്രധാന നാല് ദ്വീപുകളും വളരെ ചെറിയ മറ്റ് അഞ്ച് ദ്വീപുകളും ഉൾപ്പെടുന്നതാണ് ദ്വീപ് സമൂഹമായ പ്രിൻസെസ് ഐലന്റ്. ഇസ്താംബൂളിന്റെ യൂറോപ്യൻ ഭാഗത്തു നിന്നും ഏഷ്യൻ ഭാഗത്തു നിന്നും ഈ ദ്വീപിലേക്ക് ബോട്ടിലെത്താനാകും. ഇസ്താംബൂളിൽ ഫെറി യാത്ര അത്ര ചെലവേറിയതല്ല.
ദീപിൽ പോയി തിരിച്ച് വരാൻ ടിക്കറ്റിനായി ചെലവായത് പത്ത് തുർക്കിഷ് ലിറയാണ് (നൂറ് ഇന്ത്യൻ രൂപ). യൂറോപ്യൻ ഭാഗത്ത് നിന്ന് രണ്ട് മണിക്കൂറും ഏഷ്യൻ ഭാഗത്ത് നിന്നാണെങ്കിൽ ഒരുമണിക്കൂർ കൊണ്ടും ഫെറിയിൽ ഈ ദ്വീപിൽ എത്താനാകും. സ്പീഡ് ബോട്ടിലാണെങ്കിൽ ഇതിന്റെ പകുതി സമയം മതി.
തീവ്രദേശീയവാദിയുടെ തോക്കിനിരയായ ആർമീനിയൻ
ഫെറിയുടെ മുകളിലെ നിലയിലെ സൈഡ് ബെഞ്ചിലിരുന്നും നിന്നും ഫോട്ടോയെടുത്ത ശേഷം യാത്രക്കാരെ ശ്രദ്ധിച്ചു. ബോട്ടിന്റെ ഇരു നിലകളിലും നിറയെ യാത്രക്കാരാണ്. സ്വദേശികളുടെ അത്ര തന്നെ വിദേശികളുമുണ്ട്. ദ്വീപുകളിൽ താമസിക്കുന്ന ആരെങ്കിലുമൊരാളോട് സംസാരിക്കാമെന്ന് കരുതി ചുറ്റും കണ്ണോടിച്ചപ്പോൾ, അതാ ഒരാൾ രണ്ടു പേരുടെ സീറ്റിൽ ഒറ്റക്കിരുന്ന് വെളളക്കടലാസിൽ എന്തോ കുറിക്കുന്നു. പതുക്കെ അദ്ദേഹത്തിന്റെ അടുത്ത് പോയിരുന്നു. പരിചയപ്പെട്ട് സംസാരിച്ച് തുടങ്ങിയപ്പോൾ പത്രപ്രവർത്തകനാണെന്ന് മനസ്സിലായി. തുർക്കിയിലെ ആർമീനിയക്കാരുടെ ചരിത്രത്തിന് പുറകെ സഞ്ചരിച്ച് അത് പുസ്തകമായും അല്ലാതെയും രേഖപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ജോലിയെന്ന് അഭിമാനത്തോടെ റോബർ കോപ്താസ് പരിചയപ്പെടുത്തി.
2007-ൽ ഇസ്താംബൂളിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്ന തുർക്കിഷ്-ആർമീനിയൻ ബുദ്ധിജീവിയായ റാന്റ് ഡിങ്കിന്റെ കൊലപാതകം. തീവ്രദേശീയ വാദിയായ ഒരു കൗമാരക്കാരന്റെ വെടിയേറ്റാണ് അഗോസ് വാരികയുടെ പത്രാധിപരായ റാന്റ് ഡിങ്ക് മരിച്ചത്. വെടിവെച്ചത് കൗമാരക്കാരനാണെങ്കിലും അതൊരു ആസൂത്രിത കൊലപാതകമായിരുന്നു. ആർമീനിയൻ വംശഹത്യയെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിനെതിരെ പലതവണ തീവ്രദേശീയവാദികൾ നടത്തിയ വധ ശ്രമത്തിന്റെ തുടർച്ചയായിരുന്നു അത്. 2006-മുതൽ കോളേജ് വിദ്യാർത്ഥിയായിരിക്കെ തന്നെ അഗോസ് വാരികയിൽ എഴുതുമായിരുന്ന റോബർ കോപ്താസിന് റാന്റ് ഡിങ്കുമായി നല്ല ബന്ധമുണ്ടായിരുന്നു.
ഡാങ്കിന്റെ കൊലപാതകത്തിനുത്തരവാദികളായ പൊലീസുകാരുൾപ്പെടെയുളളവർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി നടന്ന പ്രതിഷേധങ്ങളിലൊക്കെ കോപ്താസ് നേതൃപരമായ പങ്ക് വഹിച്ചു. "ഞങ്ങളെല്ലാം ആർമേനിയക്കാരാണ്', "ഞങ്ങളെല്ലാം റാന്റ് ഡിങ്കാണ്' എന്ന മുദ്രാവാക്യങ്ങളുമായി ഇസ്താംബൂളിൽ നടന്ന വിലാപയാത്രയിൽ ഒരു ലക്ഷത്തിൽ പരം പേരാണ് അണി നിരന്നത്.
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം 2008-ൽ കോപ്താസ് അഗോസ് വാരികയിൽ മുഴുവൻ സമയ ജീവനക്കാരനായി ചേർന്നു. 2010-ൽ ചീഫ് എഡിറ്ററായി വാരികയെ മുന്നോട്ട് നയിച്ചു. 2011-ൽ റാന്റ് ഡിങ്കിന്റെ മകൾ ദലാൽ ഡിങ്കിനെ വിവാഹം ചെയ്തെങ്കിലും ആ ബന്ധം അധികം നീണ്ടില്ല. 2014-ൽ അവർ വേർപിരിഞ്ഞു. ആ ബന്ധത്തിലുണ്ടായ മകളെ കാണാനാണ് അദ്ദേഹം ഇപ്പോൾ ഈ ബോട്ടിൽ വന്നിട്ടുളളത്. ഈ ദ്വീപുകളിലൊന്നായ കിനാലി അദയിലാണ് മകളിപ്പോൾ. ആർമീനിയൻ വംശജരാണ് ഈ ദ്വീപിലെ ഭൂരിഭാഗം താമസക്കാരും. പൗരസ്ത്യ റോമൻ സാമ്രാജ്യക്കാലത്ത് കിനാലി അദയിലേക്കായിരുന്നു അധികാരം നഷ്ടപ്പെട്ടവരും വിമതരുമായ രാജാക്കന്മാരെ കൂടുതലും നാടു കടത്തിയിരുന്നത്. കണ്ണു കുത്തിപ്പൊട്ടിച്ച ശേഷം ഇങ്ങോട്ടു നാടു കടത്തപ്പെട്ട ചക്രവർത്തി റോമനോസ് നാലാമനാണ് അതിൽ പ്രമുഖൻ.
തുർക്കിയിൽ എർദ്വാൻ വീണ്ടും തെരഞ്ഞടുക്കപ്പെട്ടതിലുളള ആശങ്ക പങ്കുവെച്ച കോപ്താസ് പ്രതിപക്ഷത്തിന്റെ ഐക്യമില്ലായ്മയാണ് അദ്ദേഹത്തെ ഇത്ര പ്രബലനാക്കിയതെന്ന് വിശദീകരിച്ചു. മതേതരത്വം പിന്തുടരുന്ന മതവിശ്വാസികളെ ഉൾക്കൊളളാൻ ഇടത് ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടികൾ ആദ്യം മടിച്ചിരുന്നു. ഏകാധിപത്യത്തിനും രാജ്യത്തിന്റെ മതവത്കരണത്തിനുമെതിരെ നിലകൊളളുന്നവരെല്ലാം തുടക്കം മുതലേ ഒറ്റക്കെട്ടായി നിന്നിരുന്നെങ്കിൽ തുർക്കിയിലെ അവസ്ഥ ഇങ്ങനെയാകുമായിരുന്നില്ലെന്നാണ് കോപ്താസിന്റെ അഭിപ്രായം. കിനാലി അദയിൽ ബോട്ട് നിർത്തിയപ്പോൾ അദ്ദേഹമവിടെ ഇറങ്ങി. കിനാലിഅദയുടെ തീരത്തെ മണൽപരപ്പിൽ ബഹുവർണങ്ങളിലുളള ചാരുകസേരകളിലിരുന്ന് വെയിൽ കൊളളുന്നവരെയും സമുദ്രത്തിലിറങ്ങി കുളിക്കുന്നവരെയും ബോട്ടിലിരുന്നു കാണാം.
കുതിരക്കുളമ്പടിയും സൈക്കിൾ ബെല്ലും മുഴങ്ങുന്ന ദ്വീപ്
പ്രിൻസെസ് ഐലന്റിലെ ഏറ്റവും വലിയ ദ്വീപായ ബുയൂകദയിൽ ഇറങ്ങാനായിരുന്നു എന്റെ പരിപാടി. കിനാലിഅദക്ക് ശേഷം ബുർഗസദ, ഹൈബേലിയദ എന്നീ രണ്ട് ദ്വീപുകളിൽ കൂടി ആളെയിറക്കി ബോട്ട് ബുയൂകദയിലേക്ക് നീങ്ങി. വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ഇവിടേക്കാണ്.
ദ്വീപിലേക്കിറങ്ങിയതോടെ മറ്റൊരു ലോകത്തെത്തിയ പ്രതീതി. വാഹനങ്ങളുടെ ഇന്ധനപ്പുകയും ശബ്ദവും മലിനമാക്കാത്ത നടുക്കടലിലെ ഭൂമി. കുതിരക്കുളമ്പടിയും സൈക്കിൾ ബെല്ലും മുഴങ്ങുന്ന വീഥികൾ. സഞ്ചാരികളുടെ തിരക്കൊഴിഞ്ഞാൽ നിശ്ശബ്ദത കൊണ്ട് വിസ്മയിപ്പിക്കുന്ന കുന്നുകളും ഇടവഴികളും തീരങ്ങളും. പെട്രോൾ വാഹനങ്ങൾക്ക് പ്രിൻസെസ് ഐലന്റ് എന്നറിയപ്പെടുന്ന ഈ ദ്വീപുകളിലെല്ലാം നിരോധനമാണ്. മാലിന്യം നീക്കം ചെയ്യൽ ഉൾപ്പെടെയുളള കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന സർവീസ് വാഹനങ്ങൾക്ക് മാത്രമാണ് നിരോധനം ബാധകമല്ലാത്തത്. ഇലക്ട്രിക് ഇരുചക്ര -മുച്ചക്ര വാഹനങ്ങളും ഇവിടെ കാണാനാകും. ആദ്യ തവണ വന്നപ്പോൾ സൈക്കിളിൽ ദ്വീപ് മുഴുവൻ ചുറ്റിക്കറങ്ങിയിരുന്നു. ധാരാളം കയറ്റിറക്കങ്ങളുളള ദ്വീപിലെ റോഡിലൂടെ ബുദ്ധിമുട്ടില്ലാതെ ചവിട്ടാൻ പറ്റുന്ന ഗിയർ സൈക്കിളുകൾ വാടകക്ക് നൽകുന്ന നിരവധി ഷോപ്പുകൾ ഇവിടെയുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം സൈക്കിളിൽ കയറിയതിന്റെ സന്തോഷത്തിൽ തുർക്കിയിലെ ഒരു സുഹൃത്തിനൊപ്പം ദ്വീപിന്റെ ഏറ്റവും മുകളിലെ കുന്ന് വരെ പോയി.
ആകെ അഞ്ച് ചതുരശ്ര കി.മീറ്റർ മാത്രമുളള ദ്വീപ് കറങ്ങാൻ സൈക്കിൾ മതിയെങ്കിലും ഇത്തവണ കുതിര വണ്ടി പരീക്ഷിക്കാനാണ് തീരുമാനം. ഫെറിയിൽ വന്നിറങ്ങിയവർ കുതിരവണ്ടിക്ക് വേണ്ടിയുളള നീണ്ട നിരയായി മാറിയിരിക്കുന്നു. ബോട്ടിറങ്ങി സമുദ്രതീരത്തോട് ചേർന്നുളള ഭക്ഷണശാലകളിൽ നിന്നുളള വിവിധ രുചികളുടെ മണവും ചെറിയ ഷോപ്പുകളും മറികടന്ന് വലത്തോട്ട് തിരിഞ്ഞാൽ ചെറിയ ഒരു ചത്വരത്തിലാണ് എത്തുക. അധികം ഉയരമില്ലാത്ത ക്ലോക്ക് ടവർ മദ്ധ്യത്തിലുളള ഈ ചത്വരമാണ് ബുയുകദയുടെ ഹൃദയഭാഗം. എണ്ണായിരത്തോളം മാത്രം ജനസംഖ്യയുളള ഈ ദ്വീപിലെ വ്യാപാരസ്ഥാപനങ്ങളൊക്കെ കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. സഞ്ചാരികളെ ലക്ഷ്യമാക്കിയിട്ടുളളതാണ് ഈ ഷോപ്പുകളിലധികവും. ഈ ചത്വരത്തോട് ചേർന്നുളള ക്യൂവിൽ നിന്ന് ട്രോട്സ്‌കി താമസിച്ച വീടിനടുത്ത് ഇറക്കാൻ കുതിര വണ്ടിക്കാരനോട് ആവശ്യപ്പെട്ടു. റോഡിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോയി വണ്ടി നിർത്തിയ ശേഷം കുതിരവണ്ടിക്കാരൻ വലത്തോട്ടുളള ഇറക്കത്തിലേക്ക് ചുണ്ടി എന്നോട് പറഞ്ഞു: "അതാ അവിടെയാണ് ആ വീട്'
ട്രോട്സ്കിയുടെ വീട്
ആ ഇറക്കത്തിലൂടെ ഇറങ്ങി ചെന്ന് കാടു പിടിച്ചു കിടക്കുന്ന ഒരു വീടിന്റെ മുന്നിലെത്തി. ആവേശത്തോടെ അതിനകത്ത് കയറാൻ പോയപ്പോൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നു! ചുറ്റും നോക്കി, ആരുമില്ല. അതാണ് ആ നിരത്തിലെ വലതു വശത്തെ അവസാന വീട്. അതിനപ്പുറം താഴെ കടലാണ്. മതിലിന്റെ ഇപ്പുറത്തുണ്ടായിരുന്ന ഒരു കല്ലിൽ കയറി ഉളളിലേക്ക് നോക്കിയപ്പോൾ കണ്ടത് പൊന്തയാൽ മൂടിയ മുറ്റവും പൊട്ടിപ്പൊളിഞ്ഞ വീടും മാത്രം. കടൽ തീരത്തിലൂടെ അങ്ങോട്ട് കടക്കാനാകുമോ എന്ന് നോക്കാനായി മതിലിനോട് ചേർന്നുളള പൊതുവഴിയിലൂടെ താഴോട്ട് ചവിട്ടു പടികളിറങ്ങി. അവിടെയും കാട് പിടിച്ചു കടക്കുന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ച് തിരിച്ച് ഗേറ്റിന് മുന്നിൽ തന്നെയെത്തി. അപ്പുറത്തുളള ഒരു വീട്ടിൽ നിന്ന് ഒരാൾ ഇറങ്ങി വരുന്നതു കണ്ടപ്പോൾ അങ്ങോട്ട് പോയി ചോദിച്ചു. വിദേശത്ത് നിന്ന് വരുന്നതു കൊണ്ട് അകത്ത് കയറാൻ പറ്റിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് പറഞ്ഞപ്പോൾ മതിലിന്റെ ഒരു വശം കാണിച്ചു തന്നിട്ട് അങ്ങോട്ട് കയറാൻ പറഞ്ഞു. അത് വേണോ വേണ്ടേയോ എന്ന് കുറച്ച് നേരം ആലോചിച്ച ശേഷം പെട്ടെന്ന് കയറിയിറങ്ങാൻ തീരുമാനിച്ചു. പൊന്ത പിടിച്ചു കിടക്കുന്ന മുറ്റത്ത് ഇഴജന്തുക്കളൊന്നുമില്ലെന്നുറപ്പ് വരുത്തി വീടിനുളളിലേക്ക് കയറി.
മൂന്ന് നിലകളിലായി 8600 ചതുരശ്ര അടി വിസ്തീർണമുണ്ടായിരുന്ന വീടിന്റെ മുൻവശത്തെ ചുമരൊഴികെ ബാക്കിയെല്ലാം ഭാഗികമായോ പൂർണമായേ നിലം പൊത്തിയിരിക്കുന്നു. അഞ്ച് മുറികളുണ്ടായിരുന്ന വീടിനകത്തിപ്പോൾ ഭയപ്പെടുത്തുന്ന നിശ്ശബ്ദത മാത്രം. ഇവിടെയെന്തെങ്കിലും സംഭവിച്ചാൽ പുറത്തൊരു മനുഷ്യനും അത് കേൾക്കാൻ സാദ്ധ്യതയില്ല. ഉളളിലെ വാതിലിലൂടെ ഇറങ്ങി വീടിന്റെ പുറക് വശത്ത് പോയി സമൂദ്രതീരത്തേക്കുളള കാഴ്ച കൂടി കണ്ട് വേഗം തിരിച്ച് പോകാമെന്നുറപ്പിച്ചു. മനസ്സിനും കണ്ണിനും കുളിരു പകരുന്ന ഈ സമുദ്രക്കാഴചകളിലേക്ക് തുറക്കുന്ന ജനാലകൾ എല്ലാ നിലകളിലുമുണ്ടായിരുന്നുവെന്ന് ഈ വീടിന്റെ അസ്ഥികൂടത്തിൽ നിന്നും മനസ്സിലാകും.
ഫാസിസം പ്രവചിക്കപ്പെട്ടതിവിടെ
ട്രോട്സ്‌കിയുടെ പ്രധാനപ്പെട്ട പുസ്തകങ്ങളായ എന്റെ ജീവിതം, മൂന്ന് വാള്യങ്ങളിലുളള റഷ്യൻ വിപ്ലവത്തിന്റെ ചരിത്രം എന്നിവ രചിക്കപ്പെട്ടത് ഈ വീട്ടിൽ വെച്ചായിരുന്നു. നിരവധി പത്രങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഈ വീട്ടിലിരുന്ന് എഴുതി. കപ്പലിൽ ഇസ്താംബൂളിലെത്തിയ അദ്ദേഹത്തിനും കുടുംബത്തിനും ആദ്യദിനങ്ങളിൽ സോവിയറ്റ് യൂണിയൻ കോൺസുലേറ്റിലും പിന്നീടൊരു ഹോട്ടലിലുമായിരുന്നു താമസമൊരുക്കിയിരുന്നത്. ഇസ്താംബൂളിലെത്തി ആദ്യ മാസത്തിൽ തന്നെ ന്യൂയോർക് ടൈംസ്, പാരീസ് ജേണൽ, ഇംഗ്ലീഷ് ഡെയ്ലി എക്സ്പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളിലും തുർക്കിഷ് മാധ്യമമായ മില്ലിയെത്തിലും അദ്ദേഹത്തിന്റെ അഭിമുഖം പ്രത്യക്ഷപ്പെട്ടു. പ്രസശ്തരായ പല പത്രപ്രവർത്തകരും ബുയൂകദയിൽ പലപ്പോഴായി വന്നു. ഹിറ്റ് ലർ അധികാരത്തിലേറുന്നതിന് രണ്ടര വർഷം മുമ്പേ ജർമ്മനിയിൽ ഫാസിസം യഥാർത്ഥ വിപത്തായി മാറുകയാണെന്ന് ട്രോട്സ്‌കി ഈ ദ്വീപിലിരുന്ന് പ്രവചിച്ചു. മദ്ധ്യവർഗ്ഗത്തിന്റെ നിലപാടുകളും കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ഊർജ്ജക്കുറവും ചേർന്ന് അതിന് വഴിയൊരുക്കുകയാണെന്ന് നിരീക്ഷിച്ച ട്രോട്സ്‌കി ജർമ്മൻ പ്രതിസന്ധിയുടെ അനന്തരഫലം ആ രാജ്യത്തിന്റെ മാത്രമല്ല യൂറോപ്യന്റെയും ലോകത്തിന്റെയും കൂടി ഭാവി നിർണയിക്കുമെന്നും പ്രവചിച്ചു.
തുർക്കി-സോവിയറ്റ് ബന്ധം
തുർക്കിയിലെ കമ്യൂണിസ്റ്റ് പാർട്ടിക്കാരെ ജയിലിലടക്കുമ്പോഴും ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞ ട്രോട്സ്‌കിക്ക് തന്റെ ഭരണത്തിന് കിഴീൽ ഒന്നും സംഭവിക്കരുതെന്ന നിർബന്ധം അത്താത്തുർക്കിനുണ്ടായിരുന്നു. തുർക്കിയിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടരുതെന്ന നിബന്ധന ട്രോട്സ്‌കി വന്നിറങ്ങിയപ്പോൾ തന്നെ അറിയിച്ചിരുന്നു. അങ്ങനെ സുരക്ഷിതമായ ഇടമെന്ന നിലയിലാണ് ട്രോട്സ്‌കിയെ ബുയൂകദയിലേക്ക് അയക്കുന്നത്. സമുദ്രത്താൽ വലയം ചെയ്യപ്പെട്ട ബുയൂകദ ഇസ്താംബൂൾ നഗരത്തേക്കാൾ സുരക്ഷിതമായി ട്രോട്സ്‌കിക്കും അനുഭവപ്പെട്ടു. തുർക്കിയിൽ ഒട്ടോമൻ ഭരണകൂടവും റഷ്യയിൽ സാർ ചക്രവർത്തിമാരും ഭരിച്ചിരുന്നപ്പോൾ പാമ്പും കീരിയും പോലെ കഴിഞ്ഞിരുന്ന ഇരു രാജ്യങ്ങളിലും നടന്ന വിപ്ലവങ്ങളാണ് ഇതിനൊക്കെ വഴിയൊരുക്കിയത്. തുർക്കിയിൽ നടന്ന നാഷണലിസ്റ്റ് വിപ്ലവത്തെ റഷ്യയിലെ ബോൾഷെവിക്കുകൾ പിന്തുണച്ചിരുന്നു. അതിന്റെ തുടർച്ചയാണ് സ്റ്റാലിനും അത്താത്തുർക്കും തമ്മിലുളള ബന്ധവും ട്രോട്സ്‌കിയുടെ ഈ വരവും.
ട്രോട്സ്‌കി ഇവിടെ താമസിക്കുമ്പോൾ തുർക്കിയിലെ അത്താത്തുർക്ക് ഭരണകൂടവും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ട്രോട്സ്‌കിയുടെ അനുയായികളായ വളണ്ടിയർമാരും വീടിന് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നെങ്കിലും കൊല്ലാനായി സ്റ്റാലിൻ ആളെ അയക്കുമെന്ന് അദ്ദേഹം ഭയന്നിരുന്നു. ട്രോട്സ്‌കിയുടെ കീഴിൽ ചെമ്പട (റെഡ് ആർമി) തോല്പിച്ചോടിച്ച സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ വെളളപ്പട(വൈറ്റ് ആർമി)യിലെ 1500 ഓളം പേർ തുർക്കിയിൽ അഭയം തേടിയിരുന്നു. അവരിലാരെങ്കിലും തനിക്ക് നെരെ തിരിയുമോ എന്ന ഭയവും ട്രോടസ്‌കിക്ക് ഉണ്ടായിരുന്നു. ഒരിക്കൽ ചികിത്സിക്കാൻ വന്ന ഡോക്ടർ സ്റ്റെതസ്‌കോപ്പ് എടുക്കാനായി പുറകിലുളള പോകറ്റിലേക്ക് കൈ കൊണ്ടു പോയപ്പോൾ കൊല്ലാൻ ആയുധമെടുക്കുകയാണെന്ന് കരുതി ട്രോട്സ്‌കി പെട്ടെന്ന് തോക്കെടുത്ത് ഡോക്ടർക്ക് നേരെ ചൂണ്ടിയത് ആ ഭയവും സംശയവും കൊണ്ടായിരുന്നു.
മുഴുവൻ സമയവും കർമ്മ നിരതനായിരുന്ന ട്രോട്സ്‌കി പുലരും മുമ്പെ എഴുന്നേറ്റ് വായനയും എഴുത്തും നടത്തിയിരുന്ന മുറി ഏതായിരുന്നുവെന്ന് കണ്ടുപിടിക്കുക ഇപ്പോൾ പ്രയാസമാണ്. ജനലഴികളിലൂടെയുളള മർമ്മരാ സമുദ്രത്തിൻരെ കാഴചകൾക്ക് ഇതിനേക്കാൾ സൗന്ദര്യം അന്നുണ്ടായിരിക്കണം. ജനലിലൂടെയും പുമുഖത്തിരുന്നും അത് കാണുക മാത്രമല്ല പുലർച്ചെ എഴുന്നേറ്റ് ഗ്രീക്കുകാരനായ മീൻപിടുത്തക്കാരനൊപ്പം മത്സ്യബന്ധനത്തിനും പലപ്പോഴും അദ്ദേഹം കടലിലേക്കിറങ്ങി. അത്താത്തുർക്ക് ഭരണകൂടം ഒരുക്കിയ സുരക്ഷയിൽ പൂർണ വിശ്വാസമായപ്പോൾ അദ്ദേഹം സമീപ പ്രദേശങ്ങളിലേക്ക് കുടുംബത്തിനും കൂട്ടൂകാർക്കുമൊപ്പം വിനോദയാത്രക്കും പോകാൻ തുടങ്ങി.
മാസങ്ങൾ പിന്നിടുന്തോറും അത്താതുർക്കിന്റെ തുർക്കിയും സ്റ്റാലിന്റെ സോവിയറ്റ് യൂണിയനും തമ്മിലുളള ബന്ധം കൂടുതൽ ദൃഢമായി. 1931-ൽ തുർക്കി പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദർശനത്തിനിടെ സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ച 80 ലക്ഷം ഡോളറിന്റെ സഹായം തുർക്കിഷ് മാധ്യമങ്ങൾ വൻ വാർത്തയാക്കുകയും സ്റ്റാലിനെ പുകഴ് ത്തുകയും ചെയ്തു. ഇതോടെ അസ്വസ്ഥനായ ട്രോട്സ്‌കി വിവിധ രാജ്യങ്ങളിൽ വിസക്കായി ബന്ധപ്പെട്ടു. സ്റ്റാലിൻ തന്നെ കൊലപ്പെടുത്താൻ അത്താത്തുർക്കിനു മേൽ സമ്മർദ്ദം ചെലുത്തുമെന്ന് ഭയന്ന് ഫ്രാൻസിൽ വിസ കിട്ടാനുളള ശ്രമം ഊർജിതമാക്കി. ഫ്രഞ്ച് ദ്വീപായ കോർസികയിൽ വരെ താമസിക്കാൻ തയ്യാറാണെന്ന് കത്തെഴുതി.
ബുയൂകദയിൽ നിന്ന് യൂറോപ്പിലേക്ക്
ഒടുവിൽ 1933-ൽ പാരിസിലേക്ക് പ്രവേശിക്കരുതെന്നും ദക്ഷിണ പ്രാന്ത പ്രദേശത്തു മാത്രമെ താമസിക്കാവൂയെന്നുമുളള നിബന്ധനയോടെ വിസ കിട്ടി. ആ വർഷം ജൂൺ 25 ന് ട്രോട്സ്‌കിയും ഭാര്യ നടാലിയെയും ഫ്രാൻസിലേക്കായി ബുയൂകദയിൽ നിന്ന് കപ്പൽ കയറി. മകനെ പഠനാവശ്യത്തിനും പാർട്ടി പ്രവർത്തനത്തിനുമായി അതിനു മുമ്പേ ജർമ്മനിയിലേക്കയച്ചിരുന്നു. ആ വർഷത്തിന്റെ തുടക്കത്തിൽ ട്രോട്സ്‌കിയെ തളർത്തിയ ഒരു സംഭവം കൂടി നടന്നു. ബുയൂകദയിൽ സന്ദർശനത്തിനെത്തി താമസം തുടരാനാഗ്രഹിച്ച മകൾ സീനയെ നിർബന്ധിച്ച് അദ്ദേഹം ജർമ്മനിയിലേക്ക് അയച്ചിരുന്നു. ക്ഷയ രോഗവും വിഷാദ രോഗവും അലട്ടിയിരുന്ന മകളെ വിദഗ്ദ്ധ ചികിത്സക്ക് വേണ്ടിയാണ് പറഞ്ഞയച്ചതെങ്കിലും വിപരീത ഫലമാണുണ്ടായത്.
ജൂതന്മാർക്കെതിരെ നാസികൾ നിലപാട് കടുപ്പിക്കുന്ന വാർത്തകൾ പുറത്തു വന്നതോടെ വിഷാദ രോഗം തീവ്രമാകുകയും സീന ആത്മഹത്യയിൽ അഭയം തേടുകയും ചെയ്തു. ആ ആഘാതത്തിൽ നിന്ന് ആഴ്ചകളെടുത്താണ് ട്രോട്സ്‌കി മുക്തനായത്. ആതിഥേയത്വത്തിനും സുരക്ഷയൊരുക്കിയതിനും നന്ദി അറിയിച്ചു കൊണ്ട് തുർക്കി സർക്കാരിന് കത്തെഴുതിയ ശേഷമാണ് ട്രോട്സ്‌കി തുർക്കി വിട്ടത്. ഫ്രഞ്ച് സർക്കാർ വീസ നീട്ടി നൽകാത്തതു കൊണ്ട് 1935-ൽ അദ്ദേഹം നോർവേയിലേക്ക് പോയി. സ്റ്റാലിന്റെ സമ്മർദ്ദവും നോർവേയിലെ ഫാസിസ്റ്റുകളുടെ അക്രമ-പ്രതിഷേധങ്ങളും കാരണം അവിടെ തുടരാനായില്ല.
മെക്സിക്കോ അഭയം നൽകാൻ തയ്യാറായപ്പോൾ 1936-ൽ ട്രോട്സ്‌കിയും കുടുംബവും ചിത്രകാരരായ ദമ്പതികൾ ഡീഗോ റിവേറയുടെയും ഫ്രിദ കാലോയുടെയും ആതിഥേയത്വം സ്വീകരിച്ചു. അവിടെയത്തി നാലാമത്തെ വർഷം 1940 മെയിൽ ആദ്യ വധ ശ്രമത്തിൽ ബുളളറ്റുകൾ വീടിന് കാര്യമായ പരിക്കേൽപ്പിച്ചെങ്കിലും ട്രോട്സ്‌കി കഷ്ടിച്ച് രക്ഷപ്പെട്ടു. അതോടെ പുറത്തു പോകുന്നതൊക്കെ ഒഴിവാക്കി വീട്ടു കാവലിന് കൂടുതൽ ആളുകളെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല.
Embed from Getty Imageswindow.gie=window.gie||function(c){(gie.q=gie.q||[]).push(c)};gie(function(){gie.widgets.load({id:'Q39KPjyeTg17WjpI5C1h6g',sig:'g9gUr6cYEmkaWBHLv7ZFNIlXhTCV0sTkOvLfqMUMri4=',w:'594px',h:'463px',items:'2635571',caption: true ,tld:'in',is360: false })});
ട്രോട്‌സ്‌കിയുടെ അനുയായിയും അടുത്ത വൃന്ദത്തിലെ അംഗവുമായ സിൽവിയുമായി പ്രണയം നടിച്ച റമോൺ മെർകെയ്ഡർ എന്ന സ്പാനിഷ് വംശജനും സ്റ്റാലിന്റെ ഏജന്റുമായിരുന്ന യുവാവ് പലപ്പോഴായി വീട്ടിലെത്തി വിശ്വാസം നേടിയെടുത്തു. ട്രോട്സ്‌കിയുടെ കൂടി വിശ്വാസം നേടിയ റമോൺ അദ്ദേഹം തനിയെ ഇരിക്കുന്ന സമയത്ത് സംസാരിക്കാനെന്ന വ്യാജേന മുറിയിൽ കയറി. കോട്ടിനകത്ത് ഒളിപ്പിച്ചു വെച്ചിരുന്ന ഐസ് മഴുവെടുത്ത് പുസ്തകത്തിലേക്ക് നോക്കിയിരിക്കുകയായിരുന്ന ട്രോട്സ്‌കിയുടെ തലയുടെ പുറകിൽ വെട്ടി.
ലെനിൻ ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷെ സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയാവേണ്ടിയിരുന്ന ട്രോട്സ്‌കി വിദേശത്ത് ജീവിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ടവനായി 1940 ആഗ്സ്റ്റ് 20ന് ഈ ലോകത്തോട് വിട പറഞ്ഞു. റഷ്യൻ വിപ്ലവത്തിന്റെ ദശ വാർഷികത്തിൽ സെർഗേ ഐസൻസ്‌റ്റൈൻ നിർമ്മിച്ച സിനിമയിലെ രംഗങ്ങളിൽ നിന്ന് മാത്രമല്ല പറ്റാവുന്ന എല്ലാ ചരിത്ര രേഖകളിൽ നിന്നും സ്റ്റാലിൻ ട്രോട്സ്‌കിയെ ആദ്യമേ വെട്ടിമാറ്റിയിരുന്നു. മാത്രമല്ല, ട്രോട്സ്‌കിയെ കൊലപ്പെടുത്തിയ മെർകെയ്ഡറെ "ഓർഡർ ഓഫ് ലെനിൻ' എന്ന ബഹുമതി നൽകി സ്റ്റാലിൻ ആദരിക്കുകയും ചെയ്തു. ട്രോട്സ്‌കിയുടെ ആശയപ്രചാരണങ്ങൾക്ക് വലം കൈയായി നിന്നിരുന്ന മകൻ ലേവ് സേദോവ് പാരിസിലെ ആശുപത്രിയിൽ കൊല്ലപ്പെട്ടതിന്റെ രണ്ടാമത്തെ വർഷമായിരുന്നു ട്രോട്സ്‌കിയുടെ കൊലപാതകം.
നാടുകടത്തപ്പെട്ടവരുടെ ദ്വീപ്
സോവിയറ്റ് യൂണിയനിൽ നിന്ന് നാടുകാടത്തപ്പെട്ടശേഷമുളള ട്രോട്സ്‌കിയുടെ ജീവിതത്തിന് ഏറ്റവുമധികം സമാധാനവും സർഗാത്മകതയും പകർന്നത് ഈ ദ്വീപായിരുന്നു. ഈ വീട് മ്യൂസിയമാക്കി മാറ്റാൻ ആവശ്യമുയർന്നെങ്കിലും അതിനുളള നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോഴത്തെ ഉടമ 10 വർഷം മുമ്പ് ഇത് വാങ്ങുമ്പോൾ മേൽക്കുരയൊക്കെ ഉണ്ടായിരുന്നു. അഞ്ച് വർഷം മുമ്പ് 45 ലക്ഷം ഡോളറിന് അദ്ദേഹമത് വിൽപനക്ക് വെച്ചെങ്കിലും കെട്ടിടം ആരെങ്കിലും വാങ്ങിയതായി അറിയില്ല. സാംസ്‌കാരിക കേന്ദ്രമായി മാത്രമേ ഉപയോഗിക്കാവൂ എന്ന സർക്കാർ നിബന്ധനയുളളതു കൊണ്ട് ഈ കെട്ടിടം സ്വകാര്യാവശ്യത്തിന് ഉപയോഗിക്കാനാവില്ലെന്നാണ് മനസ്സിലാക്കുന്നത്. ട്രോട്സ്‌കി മാത്രമല്ല പല കാലങ്ങളിലായി നാടുകടത്തപ്പെട്ട പൗരസ്ത്യ റോമൻ സാമ്രാജ്യത്തിലെ അഞ്ച് ചക്രവർത്തിനിമാരും പരാജയപ്പെട്ട ബ്രിട്ടീഷ ജനറലുമൊക്കെ ഈ ദ്വീപിലെ താമസക്കാരായിരുന്നു.
ഈ ദ്വീപിന്റെ ഏറ്റവും മുകളിൾ സ്ഥിതി ചെയ്യുന്ന 1751-ൽ നിർമ്മിക്കപ്പെട്ട ക്രിസത്യൻ പളളിയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. 202 മീറ്റർ ഉയരത്തിലുളള കുന്നിൽ സ്ഥിതി ചെയ്യുന്ന ഈ പളളി ഒരു തീർത്ഥാടന കേന്ദ്രമാണ്. വർഷത്തിലൊരിക്കൽ ഇവിടെ നടക്കാറുളള പ്രത്യേക പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണകിന് പേരാണ് പങ്കടുക്കാറ്. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. വിശേഷ ദിവസത്തിൽ ചർച്ചിലേക്കുളള വഴി തുടങ്ങുന്നിടത്തുളള മരം മുതൽ പളളി വരെ പൊട്ടാതെ നൂൽ കെട്ടിയാൽ ആഗ്രഹം നടക്കുമെന്ന വിശ്വസിക്കുന്നവരാണ് ആ ചടങ്ങിനായി എത്താറ്. അങ്ങനെ സംസാരമൊഴിവാക്കി വിശ്വാസികൾ പളളി വരെ കെട്ടിയ നൂലുകളുടെ അവശിഷ്ടങ്ങൾ പലയിടങ്ങളിലായി കണ്ടു.
ആഗ്രഹ സാഫല്യത്തിനായി നൂലും തുണിയുമൊക്കെ മരത്തിൽ കെട്ടിത്തൂക്കിയതിനും നഗ്‌നപാദരായി വിശ്വാസികൾ കുന്ന് കയറുന്നതിനും സാക്ഷിയായി. ഈ ദ്വീപിലെ ഏറ്റവും ഉയരമുളള ഈ കുന്നിൻ നിന്നാൽ തൊട്ടടുത്തുളള ദ്വീപുകളും ഇസ്താംബൂൾ നഗരത്തിന്റെ ഏഷ്യൻ ഭാഗവും വ്യക്തമായി കാണാനാകും. പൈൻ മരങ്ങൾ നിറഞ്ഞ കുന്നും വഴികളും ബൈസാന്റൈൻ-ഒട്ടോമൺ കാലത്തെ കെട്ടിടങ്ങളുമെല്ലാം ചേർന്ന് ഈ ദ്വീപിന് ഒരു പൗരാണിക ഛായ നൽകുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളുൾപ്പെടെ അറബ് രാജ്യങ്ങളിൽ നിന്നുളള ധാരാളം സഞ്ചാരികളെ ഈ ദ്വീപിൽ കാണാനായി. ദ്വീപ് ചുറ്റിക്കറങ്ങി തിരിച്ച് ഫെറിയിലേക്ക് നടക്കുന്നവരുടെ കൈയിലൊക്കെ ഐസ്‌ക്രീം കാണാം. വിവിധ ഫ്‌ളേവറിലുളള ഇവിടുത്തെ ഐസ്‌ക്രീം പ്രശസ്തമാണ്. കടലിനഭിമുഖമായിട്ടുളളതും അല്ലാത്തതുമായ ഭക്ഷണശാലകളാണ് കച്ചവടസ്ഥാപനങ്ങളിൽ കൂടുതലും. ഫ്രഷായ മത്സ്യം തന്നെയാണ് മിക്ക ദ്വീപുകളിലെയും പോലെ ഇവിടുത്തെയും പ്രത്യേകത. ഇവിടെ നിന്ന് കാണാനാവുന്ന ഇസ്താംബൂളിന്റെ ഏഷ്യൻ ഭാഗത്തും ഇത്തരം റസ്റ്റോറന്റുകൾ ധാരാളമുണ്ട്. ഗ്രീക്ക് വിഭവങ്ങൾ മാത്രമല്ല സംഗീതമുൾപ്പെടെ മൊത്തം ഗ്രീക്ക് ആമ്പിയൻസ് വിളമ്പുന്നവയാണ് ഈ ഭക്ഷണ ശാലകൾ.
പകർച്ച വ്യാധിയും പ്രിൻസസ് ഐലന്റും
നാടുകടത്തപ്പെട്ടവരുടെയും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ചരിത്രം മാത്രമല്ല ഈ ദ്വീപുകൾക്ക് പറയാനുളളത്.
ഒട്ടോമൺ സാമ്രാജ്യ കാലത്ത് പ്ലേഗ് പടർന്ന് പിടിച്ചപ്പോൾ സമ്പന്നരും പ്രമുഖരും രക്ഷ തേടിയെത്തിയ തുരുത്തു കൂടിയാണ് ഈ ദ്വീപുകൾ. പതിനാറാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്ൾ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഇസ്താംബൂളിന്റെ വിവിധ ഭാഗങ്ങളിൽ പ്ലേഗ് ഭീഷണിയുയർത്തിയപ്പോൾ സമ്പന്നർ ബുയൂകദയിലും ഹൈബേലിയദയിലും തോണികളിൽ വന്നിറങ്ങി. കോൺസ്റ്റാന്റിനോപ്ളിൽ നിന്ന് വൈകി പുറപ്പെട്ടതു കാരണം പ്ലേഗുമായി ദ്വീപിലെത്തി മരിച്ച പ്രമുഖനാണ് ബ്രിട്ടീഷ് അംബാസഡറായിരുന്ന സർ എഡ്വാഡ് ബാർട്ടൺ. മതിയായ ചികിത്സ കിട്ടാതെ കുതിരകൾ ചാകുന്നത് മൃഗ സ്നേഹികളും പരിസ്ഥിതിവാദികളും വർഷങ്ങളായി ഉയർത്തുന്ന പ്രശ്നമാണ്. മൃഗങ്ങൾക്കിടയിലെ പ്ലേഗാണ് കുതിരകളുടെ മരണകാരണമെന്നാണ് പറയുന്നത്. കുതിരകളെ ഒഴിവാക്കിയുളള ഗതാഗതമെന്നാവശ്യം ഈ കോവിഡ് കാലത്ത് ദ്വീപിൽ നടപ്പിലാകുകയാണ്. കുതിരവണ്ടികൾ പൂർണമായി നിർത്തി ഇലക്ട്രിക് ബസുകൾ കഴിഞ്ഞാഴ്ച മുതൽ ദ്വീപിലെ റോഡിൽ ഓടിത്തുടങ്ങി. ബുയുകദയിലെ ചർച്ചിനടുത്തുളള മരത്തിൽ ആഗ്രഹ സാഫല്യത്തിനായി കെട്ടിടുന്നതിന് കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മാസ്‌കുകൾ ഉപയോഗിക്കുന്നത് ഈ ദ്വീപിൽ നിന്നുളള മറ്റൊരു കൗതുക വാർത്തയാണ്. പരിസ്ഥിതിക്ക് ഇത് ദോഷം വരുത്തുമെന്ന വിമർശനം പലരും ഉന്നയിച്ചിട്ടുണ്ട്. 19-ാം നൂറ്റാണ്ടിൽ ഗ്രീക്കുകാർ, ആർമേനിക്കാർ, ജൂതർ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നരുടെ താവളമായി മാറിയ ഈ ദ്വീപ് സമൂഹമിപ്പോൾ സഞ്ചാരികളുടെ കൂടി ഇഷ്ടകേന്ദ്രമാണ്. 1984-ൽ മുതൽ പരിസ്ഥിതി സംരക്ഷണ മേഖലയായി സംരക്ഷിച്ചു പോരുന്ന ഈ ദ്വീപുകളിലെ അന്തരീക്ഷം തന്നെയാണ് എല്ലാവരെയും ഇങ്ങോട്ട് ആകർഷിക്കുന്നത്.