കുംഭൽഗഢ് കോട്ട

ഏതു മതിൽ കൊണ്ട് മറച്ചുപിടിക്കും മനുഷ്യപ്പേടിയെ

ഇന്ത്യയിലെ ഇന്ന് അറിയപ്പെടുന്ന രണ്ടു വന്മതിലുകളും രാജസ്ഥാനിൽ തന്നെ. നാട്ടുരാജാവിനും രജപുത്രനും സുൽത്താനും വൈദേശികർക്കും അവസാനം വിദേശരാജ്ഞിക്കും വേണ്ടി പിച്ചിച്ചീന്തപ്പെട്ട് പിന്നീടു തുന്നിക്കൂട്ടിയെടുത്ത ദേശചരിത്രം.

രിത്രത്തിന്റെ ഏതു കോട്ടയിലാണ് സമാധാനം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ പെരുംകോട്ടയും വലിയൊരു പേടിയുടെ മുകളിൽത്തന്നെയാണ് കെട്ടിയുറപ്പിച്ചിട്ടുള്ളത്.

പ്രതിരോധത്തിനും സൈനിക ശാക്തീകരണത്തിനുമായുള്ള സാദാ കോട്ടകളായാലും സൈനിക, സിവിലിയൻ അധികാരത്തിന്റെയും ജനാവാസത്തിന്റെയും കേന്ദ്രങ്ങളായ കൊട്ടാരക്കോട്ടകളായാലും അവസ്ഥ ഇതുതന്നെ. എന്നും പേടി തന്നെയാണ് കോട്ടയ്ക്കകത്ത് ഇരിക്കുന്നവനെ നിയന്ത്രിക്കുന്നത്. കൊത്തളങ്ങളിൽ നട്ടുവച്ച ചാരക്കണ്ണുകളും തീതുപ്പുന്ന പീരങ്കിയുമെല്ലാം ആ പേടിയെ കാലത്തിനിപ്പുറത്തും വായിച്ചെടുക്കാൻ സാധിക്കുന്ന ചരിത്രസ്മാരകങ്ങൾ.

നിലയ്ക്കാത്ത ഈ പേടിയുടെ അടയാളങ്ങളാണ് കോട്ടകൾക്കും കൊട്ടാരക്കോട്ടകൾക്കും ചുറ്റും പിന്നെയുമുള്ള സുരക്ഷാസന്നാഹങ്ങൾ. കിടങ്ങുകൾ കുത്തി പുറത്തുനിന്നുള്ള ആക്രമണത്തിന്റെ വേഗത്തിന് തടയിടുന്നു. തൂക്കുപാലങ്ങളും തൂക്കുവാതിലുകളും പെട്ടെന്നുള്ള ആക്രമണത്തിനെതിരെ പടച്ചട്ടയാകുന്നു. കോട്ടകൾക്കുള്ളിൽ നിന്ന് പലവഴിക്കു പുറപ്പെട്ടുപോകുന്ന ഗുഹകളും രക്ഷാമാർഗങ്ങളും വേറെ. എന്നിട്ടുമിനിയും ശത്രുവിന്റെ മുന്നിൽ പെട്ടുപോയാൽ, പിടികൊടുക്കാതെ രക്ഷപ്പെടാവുന്ന ജീവന്മരണപഴുതുകൾ വേറെ. അതെല്ലാം, പിന്നീട് വാഴ്ത്തുപാട്ടുകളായി ചരിത്രം ഏറ്റെടുത്തുകൊള്ളുമെന്ന അന്ത്യാഭിലാഷം. എന്നിട്ടും തീരുന്നില്ല പേടിയെങ്കിൽ, പിന്നെ കോട്ടകൊത്തളക്കൊട്ടാരങ്ങൾക്കുമപ്പുറം പലയാൾപ്പൊക്കത്തിൽ നെടുങ്കൻ മതിലുകൾ തന്നെ. എന്നിട്ടും, എന്തിനെയും മതിലുകൾ തടുത്തുനിർത്തിയിട്ടുള്ള ചരിത്രമേതാണുള്ളത്.

ഇന്ത്യയിൽ, പല പോരാട്ടങ്ങൾക്കും പടയോട്ടങ്ങൾക്കും ചോരച്ചാലുകൾ നിർമിച്ചുനൽകിയ രാജസ്ഥാനിലുണ്ട്, ഇന്ത്യയുടെ സ്വന്തം വന്മതിലുകൾ

സമീപകാല ചരിത്രത്തിൽ പടുത്തുയർത്തിയ മതിലുകളെല്ലാം തകർന്നുവീണിരിക്കുന്നു. ബർലിൻ മതിലടക്കമുള്ളത്. സോവിയറ്റ് റഷ്യയെ ലോകത്തിൽ നിന്ന് മറച്ചുനിർത്തിയ വിർച്വൽ ഇരുമ്പുമതിലും അറ്റുവീണിരിക്കുന്നു. ചരിത്രത്തിൽ നിന്ന് കാലത്തിന് മായ്ച്ചുകളയാൻ പറ്റാത്തത് വന്മതിലുകൾ മാത്രം. ഭൂമിക്കുമുകളിലെ അത്തരത്തിൽ പെട്ട ഏറ്റവും വലുത് ചൈനയിൽ. നൂറ്റാണ്ടുകളോളം അടിമകളും കുറ്റവാളികളും നിന്ന് പണിതുയർത്തിയ, ലോകത്തിന്റെ ഏറ്റവും വലിയ മനുഷ്യനിർമിതി. വടക്കൻ ചൈനയിലെ ബോഹായ് ഉൾക്കടലിനടുത്തുനിന്ന് തുടങ്ങി മംഗോളിയയും കടന്ന് ഗോബി മരുഭൂമിയിലെത്തിനിൽക്കുന്നത്. ആറായിരത്തിലധികം കിലോമീറ്ററോളം നീളത്തിൽ, മണ്ണിനു മുകളിൽ ഭൂമിയുടെ വേരുപടലം പോലെ വളർന്നുപന്തലിച്ച ഈ നിർമിതി തന്നെയും പല നൂറ്റാണ്ടുകളിലെ പല അധിനിവേശങ്ങൾ ചെറുക്കാനായിട്ടായിരുന്നു.

ജയ്​പുർ വന്മതിൽ

എന്നാൽ, ഈ വന്മതിലുകൾ ചൈനയുടെ മാത്രം കുത്തകയല്ല. ഇന്ത്യയിൽ, പല പോരാട്ടങ്ങൾക്കും പടയോട്ടങ്ങൾക്കും ചോരച്ചാലുകൾ നിർമിച്ചുനൽകിയ രാജസ്ഥാനിലുണ്ട്, ഇന്ത്യയുടെ സ്വന്തം വന്മതിലുകൾ. നീളത്തിലും വ്യാപ്തിയിലും നിർമിതിയിലും ചൈനയിലെ വന്മതിലിനെ അതിശയിക്കാൻ കഴിഞ്ഞിട്ടല്ലെങ്കിലും ശത്രുവിനു മുന്നിലുള്ള മനുഷ്യന്റെ മൃഗീയഭയത്തിന്റെ അടയാളപ്പെടുത്തലുകളായി അത്. ഭയം എന്നത് ചൈനക്കാരനായാലും ഇന്ത്യക്കാരനായാലും അത് അവന്റെ ചോരയിൽ പച്ചകുത്തിയതാണ് എന്നു വരുംകാലത്തെ പേടികളെയൊന്നാകെ പേടിപ്പിച്ചുകൊണ്ട്.

പുതിയ കാലത്ത് പല പേടികളുടെ സാങ്കേതികതയുടെ കാലത്ത്, അതുകൊണ്ടുതന്നെ, ഈ ഇന്ത്യൻ വന്മതിലുകൾ ദൂരസഞ്ചാരിയുടെ ആകാംക്ഷകളെ മാടിവിളിക്കുന്നു. വെറും കോട്ടയിൽ കാണാനെന്തിരിക്കുന്നു, പോയ കാലത്തിന്റെ കാഴ്ചവസ്തുക്കളല്ലാതെ എന്ന ധാരണയെ തിരുത്തുന്നു. ഈ വന്മതിലുകൾ ഭൂമിയുടെ ഭയങ്ങളെയാണ് ഇന്നും എടുത്തുകാണിക്കുന്നത് എന്നതുകൊണ്ടുതന്നെ. ഇന്നത്തെ സാങ്കേതികവിദ്യകൾക്ക് വന്മതിലിന്റെ ഉയരം ഒരു പരിമിതിയേ ആകുന്നില്ല. ഏത് ഉയരവും കീഴടക്കാൻ അതിനു സാധിച്ചിരിക്കുന്നു. ഏതു ദൂരവും കീഴടക്കാൻ കഴിഞ്ഞിരിക്കുന്നു. ഏത് ആഴത്തെയും കൈവെള്ളയിലാക്കാനും. എന്നിട്ടും മനുഷ്യന്റെ നൈസർഗികമായ ഭയത്തിന് ഒരു കുറവുമില്ല. ഇന്ത്യൻ വന്മതിലുകളെ ഒരിക്കലെങ്കിലും കണ്ടിരിക്കാൻ അതുതന്നെ മതിയായ കാരണം.

രാജസ്ഥാനിലെ വന്മതിലിൽ യാത്രക്കാർ ഇന്നും കാണുന്നത് എക്കാലത്തേക്കുമുള്ള ആ ഭയത്തെ തന്നെ. അല്ലാതെ, വേറെയെന്താണ് കാണാനിരിക്കുന്നത്. മലകളുടെ പള്ളകളിലൂടെ ദൂരേയ്ക്കു ദൂരേയ്ക്കു പോകുന്ന കൽക്കെട്ടോ, അവയിൽ ഒറ്റപ്പെട്ടു പോയ കാലത്തെയോ.

ഇന്ത്യൻ പേടിയുടെ വന്മതിൽ

ശത്രു ആക്രമിക്കുമെന്നു പേടിയില്ലാത്ത ഏത് അധികാരത്തിന്റെ ലബ്ധപ്രതിഷ്ഠകളുണ്ടായിട്ടുണ്ട് ഭൂമിയിൽ. പെറുക്കിത്തീനിയിൽ നിന്നു കുടിപ്പാർപ്പുപരിഷകളായി മാറിയ കാലം തൊട്ട്. മണ്ണും പെണ്ണും പൊന്നും കൈപ്പിടിയിലൊതുക്കിത്തുടങ്ങിയ കാലം തൊട്ട് ഇങ്ങോട്ട്. എല്ലാം എല്ലാവർക്കും സ്വന്തമെന്ന സ്‌നേഹരാജ്യങ്ങൾ വരെ പിൽക്കാലത്തു അധികാരത്തിന്റെ വാൾമുനകൾക്കും വെടിയുണ്ടയുടെ സീൽക്കാരങ്ങൾക്കും മൂന്നിൽ കൊടിപ്പടം താഴ്‌ത്തേണ്ടിവന്നതു ചരിത്രം.

ഇന്ത്യയിലെ ഇന്ന് അറിയപ്പെടുന്ന രണ്ടു വന്മതിലുകളും രാജസ്ഥാനിൽ തന്നെ. പേരു പോലെ പുകൾപെറ്റ രാജാക്കന്മാർ വാഴുകയും വീഴുകയും ചെയ്ത പടിഞ്ഞാറൻ ഇന്ത്യ. പടയോട്ടങ്ങളും ചോരച്ചാലുകളും മാറിമാറിക്കണ്ട തുറസുകൾ. നാട്ടുരാജാവിനും രജപുത്രനും സുൽത്താനും വൈദേശികർക്കും അവസാനം വിദേശരാജ്ഞിക്കും വേണ്ടി പിച്ചിച്ചീന്തപ്പെട്ട് പിന്നീടു തുന്നിക്കൂട്ടിയെടുത്ത ദേശചരിത്രം. രാജസ്ഥാനം എന്നാൽ താണുപോകുന്ന കൊടിക്കൂറയ്ക്കും പേരെന്നു കണ്ട നാൾവഴികൾ. കൊന്നും വെന്നും കഴിയുന്നതിന് അപ്പുറം വീണുപോകുകയെന്ന അവസാനത്തെ അസ്തിത്വവുമുണ്ടെന്ന തിരിച്ചറിവിന്റെ ചീട്ടുകൊട്ടാരങ്ങൾ.

യുദ്ധവും ചോരയും വിജയാരവവും മരണവും ഓടിക്കയറിയ രാജസ്ഥാനിൽത്തന്നെയാണ് രണ്ടു വന്മതിലുകളും. ആരവലി പർവതനിരകൾ ചിന്നിത്തെറിച്ച മലയുയരങ്ങളുടെ ഉച്ചിയിൽ നിന്ന് ഉച്ചിയിലേക്കു നീളുന്ന വന്മതിൽ നൂറ്റാണ്ടുകളോളം തടഞ്ഞുനിർത്തിയത് പുറത്തുനിന്നുള്ള ആക്രമണങ്ങൾ മാത്രമായിരുന്നില്ല. പുറത്തുനിന്നെത്തുമായിരുന്ന അധികാര ഹൂങ്കുകളുടെ പടഹധ്വനികൾ കൂടിയായിരുന്നു. പുറത്തുനിന്നെത്തുമായിരുന്ന മറ്റൊരു നിയമശാസനത്തിന്റെ തിട്ടുരങ്ങളെയായിരുന്നു. എന്നാലും, ആത്യന്തികമായി അതു പെരുപ്പിച്ചുനിർത്തിയിരുന്നത് മനുഷ്യന്റെ നൈസർഗികമായ ഭയത്തെത്തന്നെ. ഏതു കന്മതിലുയരം കൊണ്ടു തടുക്കാൻ പറ്റും അതിനെ. ഏത് ആയുധം കൊണ്ട് ഇല്ലാതാക്കാനാവും ഭയത്തെ.

കുംഭൽഗഢ് കോട്ട ആരവലി മലനിരയ്ക്കു മുകളിൽ മൂവായിരത്തോളം അടി സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ. മലനിരകൾക്കിടയിൽ മറ്റൊരു മഹാമേരുവായി നമ്മുടെ കണ്ണിൽ നിറഞ്ഞുനിൽക്കും.

രാജസ്ഥാനിലെ വന്മതിലിൽ യാത്രക്കാർ ഇന്നും കാണുന്നത് എക്കാലത്തേക്കുമുള്ള ആ ഭയത്തെ തന്നെ. അല്ലാതെ, വേറെയെന്താണ് കാണാനിരിക്കുന്നത്. മലകളുടെ പള്ളകളിലൂടെ ദൂരേയ്ക്കു ദൂരേയ്ക്കു പോകുന്ന കൽക്കെട്ടോ, അവയിൽ കൂടു വച്ചും കുറുകിക്കരഞ്ഞുമിരിക്കുന്ന ഒറ്റപ്പെട്ടു പോയ കാലത്തെയോ. തീർച്ചയായും അതിന്റെ നിർമിതി അത്ഭൂതപ്പെടുത്തുന്നുണ്ട്. അതിന്റെ വലിപ്പം കണ്ണുകളിൽ കൗതുകം നിറക്കുന്നില്ല എന്നല്ല. എങ്ങനെ സാധ്യമായി, അങ്ങനെയൊന്ന്, അതും അക്കാലത്ത് എന്നൊരു സംശയം വന്നു കാഴ്ചക്കാരെ പൂണ്ടടക്കം പിടിക്കും. ഏതോ വിശുദ്ധശക്തി അതിന്റെ പിന്നിലുണ്ടായേക്കാമെന്നു വിസ്മയം കൊള്ളാം. എല്ലാ വൻനിർമികൾക്കും പിന്നിൽ സാധാരണക്കാരനായ മനുഷ്യനു തോന്നിയേക്കാവുന്ന ഒരു വിശ്വാസം വരായ്ക തോന്നാം. എന്നാലും അതു നമ്മളുടെ മുന്നിൽത്തന്നെയുണ്ട്.

മനുഷ്യന്റെ, സ്വത്തിന്മേൽ സ്ഥാപിക്കുന്ന അധികാരത്തിന്റെ എല്ലാ ഭയങ്ങളും വന്മതിലുകളിൽ കാലം മായ്ക്കാതെ കിടക്കുന്നുണ്ട്, ഇന്നും. അതു കാണണം. എങ്ങനെയാണു പേടിയെ മറ്റൊരു പേടി കൊണ്ടു വേലി കെട്ടിത്തിരിക്കുന്നതെന്നു തിരിച്ചറിയാൻ.

ആനയ്ക്കു മാത്രം പിടിക്കാൻ കഴിയുന്നത്ര വലിപ്പമുള്ള പാറക്കൂട്ടങ്ങളും മറ്റു നിർമാണവസ്തുക്കളും. മതിലിൽ ഇടയ്ക്കിടെയുള്ള കാവൽപ്പുരകളിൽ നിന്ന് താഴ്‌വര വരെ ചെന്നെത്തി മടങ്ങുന്ന വലിയ വിസ്താരത്തിലുള്ള കാഴ്ചകൾ. കുന്നുകളിൽ നിന്ന് മറ്റൊന്നിലേക്കു വഴിപിരിയുന്ന മതിൽക്കെട്ടുകൾ. ശരിയാണ്. ആരെയും അത്ഭുതപ്പെടുത്താൻ പോന്നതാണ്. എന്നാലും വന്മതിൽ എന്നത് അതിന്റെ വിസ്തൃതിയോ നീളമോ അതിന്റെ നി4മിതിയോ മനുഷ്യസാധ്യതയോ അല്ല. അതിനുമപ്പുറത്താണ്. കല്ലും ചുണ്ണാമ്പും വാസ്തുശാസ്ത്രവും അതിന്റെ സ്ഥല- കാലവും മാത്രമല്ല. കാലാകാലങ്ങളായി ആരും കൊണ്ടുനടന്നിട്ടും കെടുത്താനാവാത്ത മനുഷ്യന്റെ പേടികളാണു വന്മതിലിന്റ ഓരോ ഇഞ്ചിലും കാണാൻ കഴിയുക. അല്ലെങ്കിൽ കാണാൻ കഴിയേണ്ടത്.
മനുഷ്യൻ അവനു ചുറ്റുമുണ്ടാക്കുന്ന ഓരോ അടച്ചുറപ്പും അതിന്റെ വാസ്തുനിർമിതിയാണ്. അതിന്റെ വച്ചുകെട്ടലുകളാണ്. അതുപോലെ ഇതും. കോട്ടയ്ക്കും കൊട്ടാരക്കോട്ടയ്ക്കും അപ്പുറത്തേക്കു തല നീട്ടിയ ദേശഭയത്തിന്റെ നിർമിതി. ഈയൊരു മൃഗീയഭയം തന്നെയാണ് രാജസ്ഥാനിലെ ജയ്പൂരിലെയും ഉദയ്പുരിനടുത്തു രാജ്സമന്ദിലെ കുംഭൽഗഢിലെയും വന്മതിൽക്കാഴ്ചകൾ സഞ്ചാരിയുടെ ചോരയിലും പച്ചകുത്തുന്നതും. അതു വളരെപ്പിന്നീടു കാലത്തേക്കു കാഴ്ചകളെ വേട്ടയാടുകയും ചെയ്യും. ജയ്പുരിലെ ആമേർ കോട്ട, ജയ്ഗഢ് കോട്ട, കുംഭൽഗഢ് കോട്ടകളുടെ വലിപ്പവും വിസ്തൃതിയും വാസ്തുവിദ്യയും കടന്നും അത് ഓർമയിൽ തറച്ചുനിൽക്കും.

എക്കാലത്തെയും ഭൂമിയിലെ വിലപിടിച്ച ഇടം

അധികം അകലെയല്ലാത്ത ഒരു കാലത്ത് ഉത്തരേന്ത്യയിലെ ഏറ്റവും സമ്പന്നമായിരുന്ന പ്രദേശങ്ങൾ തന്നെയായിരുന്നു പടിഞ്ഞാറു ഭാഗത്തു രജപുത്രന്മാർ ഭരിച്ചിരുന്ന ഇന്നത്തെ രാജസ്ഥാന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ജയ്പുരും അതേക്കാളും കുറച്ചുകൂടി പടിഞ്ഞാറു ഭാഗത്തായി ജോധ്പുരിനും ഉദയ്പുരിനും അടുത്തുണ്ടായിരുന്ന മേവാറും. ഒരു പതിനഞ്ചാം നൂറ്റാണ്ടുതൊട്ട് പല രാജാക്കന്മാരും വെട്ടിപ്പിടിച്ചും കൊന്നുകീഴടക്കിയും നേടിയ പൊന്നും പണ്ടവും മണ്ണും പെണ്ണുമടക്കം മഹത്വവത്ക്കരിക്കപ്പെട്ട ധനാസ്തിയുടെ കേന്ദ്രം. അതിന്മേൽ കണ്ണുനട്ടു പടപടഹങ്ങളുമായി വന്ന അധിനിവേശക്കാർ. കൊന്നും വെന്നും ചതിയിൽ പെടുത്തിയും ആളെക്കൂട്ടിയും തൻപക്ഷത്തുനിർത്തിയും നടത്തിയ കൊള്ളകളുടെ ചരിത്രം. പ്രബലരെ പിണക്കാതിരിക്കാൻ പൊന്നും മണ്ണും പെണ്ണും കാണിക്ക വച്ച രാജപ്രതാപങ്ങളുടെ കേട്ടുകഥകൾ. മനുഷ്യന്റെ, സ്വത്തിന്മേൽ സ്ഥാപിക്കുന്ന അധികാരത്തിന്റെ എല്ലാ ഭയങ്ങളും വന്മതിലുകളിൽ കാലം മായ്ക്കാതെ കിടക്കുന്നുണ്ട്, ഇന്നും. അതു കാണണം. എങ്ങനെയാണു പേടിയെ മറ്റൊരു പേടി കൊണ്ടു വേലി കെട്ടിത്തിരിക്കുന്നതെന്നു തിരിച്ചറിയാൻ.

കുംഭൽ കോട്ടയുടെ മതിലിന്റെ ആകാശ ദൃശ്യം / Photo : wikipedia

മുഗളനും ഖിൽജിയും വെള്ളക്കാരനും തേരുകളും തീപെറുന്ന വെടിവണ്ടികളും ചരിത്രത്തിലേക്ക് ഓടിച്ചുകയറ്റിയതിനെപ്പറ്റി. വീണും വീണ്ടും കാലിൽ ഉയർന്നും വിട്ടുകൊടുത്തും തിരിച്ചുപിടിച്ചും ഒരു കാലം അധികാരത്തെ എങ്ങനെയാണു നിലനിർത്തിയതെന്നറിയാൻ. വാളും കുന്തവും വെടിയുണ്ടയും ഓരോ കാലത്തെയും പേടികളെ എങ്ങനെയായിരുന്നു ഊതിപ്പെരുപ്പിച്ചിരുന്നത് എന്നറിയാൻ. ഒരായുധവും അവസാനത്തെ ആയുധമല്ലെന്ന ഉൾക്കാഴ്ച തോന്നാൻ. കൊട്ടാരക്കോട്ടകളെ പൊതിഞ്ഞുനിർത്തിയ വന്മതിലുകൾ പോലും പേടിക്കു മീതെ എങ്ങനെയാണു നെഞ്ചൂക്കിന്റെ അധികാരം നിർമിച്ചതെന്ന് അറിയണം.
ഇന്നത്തെ രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിൽ തന്നെയുണ്ട് ഒരു വന്മതിൽ. ചൈനയിലേതിനു രണ്ടാമത്തേതായ കുംഭൽഗഢ് വന്മതിൽ കാണാൻ ജയ്പുരിൽ നിന്ന് വീണ്ടും പത്തുമുന്നൂറ്റമ്പതു കിലോമീറ്റർ പിന്നെയും പടിഞ്ഞാറോട്ട് യാത്ര ചെയ്യണം. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഏതാണ്ട് അതേ ദൂരം. ജയ്പുരിന്റെ പിങ്ക് നിറമുള്ള നഗരസീമയിൽ നിന്നു ഉദയ്പുരിന്റെ വെളുത്ത കോട്ടക്കാഴ്ചയ്ക്കും ജോധ്പുരിന്റെ ചുവന്ന നഗരത്തലക്കെട്ടിനും അടുത്ത്. ഉദയ്പുരിൽ നിന്ന് എഴുപതോളം കിലോമീറ്റർ അകലെ രാജ്‌സമന്ദിൽ. ജയ്പുർ ഡൽഹിയിൽ നിന്ന് മുന്നൂറിൽത്താഴെ മാത്രം കിലോമീറ്റർ ദൂരം.
വളരെ അകലെയല്ല ഈ വന്മതിലുകൾ. ഓരോ മനുഷ്യന്റെയും പേടിയിൽ നിന്ന് അപരന്റെ പേടിയിലേക്കുള്ളതിനേക്കാൾ ദൂരമുണ്ട് എന്നു മാത്രം.

പെരുംകൊട്ടാരക്കോട്ടയെ ചുറ്റി വളഞ്ഞുപുളഞ്ഞുകിടക്കുന്ന വന്മതിലിന് നാൽപ്പതു കിലോമീറ്ററോളം നീളമുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ കൊട്ടാരക്കെട്ടോടുകൂടിയ ഏഴു പടിപ്പുരകളും

കുംഭൽഗഢ് വന്മതിൽ

പെരുംകൊട്ടാരക്കോട്ട തന്നെയാണ് കുംഭൽഗഢ്. പതിനഞ്ചാം നൂറ്റാണ്ടിൽ മേവാർ രാജാവായിരുന്ന റാണാ കുംഭയുടെ (കുംഭകർണൻ എന്നു തന്നെ) കാലത്തായിരുന്നു നിർമാണം. റാണാമാരുടെ നൂറ്റാണ്ടുകളോളമുള്ള ഭരണകാലത്ത് കോട്ടകൾ നിർമിച്ചുകൂട്ടിയത് ഒന്നും രണ്ടുമായിരുന്നില്ല. അതിൽ പകുതിയും റാണാ കുംഭയുടെ കാലത്തും. അതുതന്നെ വരും പത്തുമുപ്പതോളം. കുംഭൽഗഢ് കോട്ട ആരവലി മലനിരയ്ക്കു മുകളിൽ മൂവായിരത്തോളം അടി സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ. മലനിരകൾക്കിടയിൽ മറ്റൊരു മഹാമേരുവായി നമ്മുടെ കണ്ണിൽ നിറഞ്ഞുനിൽക്കും. കൊട്ടാരങ്ങളുടെ പതിനാറോ മുപ്പത്തിരണ്ടോ കെട്ടല്ല, മറിച്ച് ഒരു രാജ്യം തന്നെയായിരുന്നു വന്മതിലുകൾക്കകത്ത്.

പെരുംകൊട്ടാരക്കോട്ടയെ ചുറ്റി വളഞ്ഞുപുളഞ്ഞുകിടക്കുന്ന വന്മതിലിന് നാൽപ്പതു കിലോമീറ്ററോളം നീളമുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ കൊട്ടാരക്കെട്ടോടുകൂടിയ ഏഴു പടിപ്പുരകളും. കാലം ചില ഭാഗത്തെങ്കിലും വന്മതിലിനെ കടപുഴക്കിയിരിക്കുന്നതിനാൽ, കൃത്യമായ അതിന്റെ ദൈർഘ്യം വ്യക്തമല്ല. ഒരു നിര കല്ലുവച്ചുണ്ടാക്കിയ സാധാരണ നമ്മൾ കാണാറുള്ള ചുറ്റുമതിലുമായി ഈ വന്മതിലിന് ഒരു സാമ്യവുമില്ല. ഇത് സർവസന്നാഹങ്ങളോടെയുമുള്ള സൈനികക്കെട്ടുകൾ. മുൻമതിലുകൾക്കു പതിനഞ്ച് അടിയോളമാണ് കട്ടി. അതുകൊണ്ടുതന്നെ, അതു ചരിത്രത്തിലെ പല പടയോട്ടങ്ങളെയും തടുത്തുനിർത്തി. അതേസമയം, മറ്റു പല ആക്രമണങ്ങൾക്കും മുന്നിൽ നോക്കുകുത്തിയാവുകയും ചെയ്തു.

38 കിലോ മീറ്റർ വ്യാപിച്ച് കിടക്കുന്ന കുംഭൽ ഗഡ് കോട്ട മതിൽ./ Photo : wikipedia

വൻ പടയുമായെത്തിയ ഗുജറാത്ത് സുൽത്താൻ അഹമ്മദ് ഷായും ( 1457) മധ്യപ്രദേശ് മാൾവ സുൽത്താൻ മഹമൂദ് ഖിൽജിയും ( 1467 ) പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കോട്ടയോ വന്മതിലിനെയോ ഭേദിക്കാൻ സാധിക്കാതെ തിരിച്ചുപോവുകയായിരുന്നു. പിന്നെയും ഒരു നൂറു വ4ഷം കൂടി കഴിഞ്ഞ് മുഗൾ സുൽത്താൻ അക്ബറുടെ പടത്തലവൻ ഷാബാസ് ഖാനു മുന്നിൽ എന്നാൽ പിടിച്ചുനിൽക്കാനുമായില്ല. കോട്ട പിടിച്ചെടുത്തേ മടങ്ങിയുള്ളൂ ഖാൻ. പത്തുകൊല്ലത്തിനകം റാണാ പ്രതാപ് കോട്ട തിരിച്ചുപിടിച്ചെങ്കിലും കാൽനൂറ്റാണ്ടിനപ്പുറം ജഹാംഗീറിന്റെ പടയ്ക്കു മുന്നിൽ വീണ്ടും വീഴുകയായിരുന്നു. ഒരു കോട്ടയും ഒരു വന്മതിലും എക്കാലവും കാത്തുരക്ഷിക്കുകയില്ല ഒരു അധികാരത്തെയും എന്ന് ഓ4ക്കും സഞ്ചാരികൾ, വിശാലമായ കുംഭൽഗഢ് വന്മതിലിന്റെ ദൂരങ്ങൾ നടന്ന് അളക്കുമ്പോൾ.

ജയ്​പുർ വന്മതിൽ

ഉത്തരേന്ത്യയിൽ തന്നെ ഒരു പക്ഷെ ഏറ്റവും സമ്പന്നമായ കഛ്വാഹാ രജപുത്ര രാജവംശത്തിന്റെ കൊടിക്കൂറയാണ് ജയ്​പുരിലെ ആമേർ ( ആംബർ) കൊട്ടാരക്കോട്ടയിൽ ഉയർന്നിരുന്നത്. ആയിരത്തോളം വർഷം മുമ്പ്, ജയ്പുരിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള ആമേർ പട്ടണത്തിലെ ആരവലി കുന്നിനുമുകളിൽ മീണ രാജവംശത്തിൽ പെട്ട നാട്ടുരാജാവ് കെട്ടിപ്പൊക്കിയ കോട്ട പിന്നീട് കഛ്വാഹാ രജപുത്രന്മാർ പിടിച്ചെടുക്കുകയായിരുന്നു. പിന്നെയും വളരെ കാലം കഴിഞ്ഞ്, രാജാ മാൻ സിങ്ങിന്റെ കാലത്താണ്, ഇന്നു കാണുന്ന രീതിയിലുള്ള പെരുംകോട്ടയിലേക്ക് അതു നിർമിച്ചെടുത്തത്. മാൻ സിങ്ങിന്റെ പിൻഗാമി ജയ് സിങ് ഒന്നാമന്റെ കാലത്ത് അതു പ്രതാപത്തിന്റെ ഉയരത്തിലേക്കു വളർന്നു. പിന്നെയും നൂറ്റമ്പതു വ4ഷത്തോളം ജയ്പുരിന്റെ അധികാരക്കൊടിയാണ് അവിടെ പാറിയിരുന്നത്. ജയ്‌സിങ് രണ്ടാമന്റെ കാലത്ത് ( 1727 ) തലസ്ഥാനം ഇന്നത്തെ ജയ്പുരിലേക്കു മാറ്റുന്നതു വരെ.

ആംബർ കോട്ട

ആമേർ കൊട്ടാരക്കോട്ട ശരിക്കും ഒരു ഇരട്ടക്കോട്ട തന്നെയാണ്. തൊട്ടടുത്തു തന്നെ ജയ്ഗഢ് കോട്ട. പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങി പതിനെട്ടാം നൂറ്റാണ്ടു വരെ വളർന്നുകൊണ്ടിരുന്ന കോട്ട. ഇവിടെയും ഒരു ‘രാജ്യം' തന്നെയാണു കോട്ടയ്ക്കകം. ആമേറിൽ എവിടെ നിന്നു നോക്കിയാലും കോട്ടയുടെ കാഴ്ചകളാവും കണ്ണുകളിലേക്ക് ഓടിക്കയറുക.

ഈ രണ്ടു കൊട്ടാരക്കോട്ടകളിലും കാലാകാലങ്ങളിൽ കൂടുവച്ച ശത്രുഭയത്തിൽ നിന്നുതന്നെയാണു വന്മതിലിന്റെയും നിർമിതിയെന്നു കാണാൻ വിഷമമില്ല. കണ്ണുകളെ അതിന്റെ ചെറിയ നോട്ടവട്ടത്തിൽ നിന്നു വലിച്ചുപടർത്തുന്ന കൊട്ടാരസ്ഥലനിർമിതിയുടെ വിസ്മയത്തിനിടയിലും ഈ ഭയത്തിന്റെ കാഴ്ചകളെ ഇന്നും കാണാൻ കഴിയുമെന്നതാണു വാസ്തവം. നമ്മൾ സാധാരണ ഗതിയിൽ കണ്ടിരിക്കാവുന്ന, ‘പാവപ്പെട്ട ' നാട്ടുരാജാക്കന്മാരുടെ സാദാ കോട്ടയല്ല മുന്നിൽ. ഏതൊരു സമ്പത്തിന്റെ ധാരാളിത്തക്കാഴ്ചകളുടെയും ആരൂഢം തന്നെയാണിവ. കാഴ്ചകളുടെ കെട്ടിപ്പെരുക്കം. ആർഭാടത്തിന്റെ അവസാന വാക്കാണോ എന്നു സംശയിപ്പിക്കും. ഇതിലും വലിയൊരു മനുഷ്യവാസ്തുനിർമിതി ഉണ്ടാവില്ല എന്നു വിസ്മയിപ്പിക്കും. എന്നാലും അതിനിടയിലും പറയാതെ പറയുന്നുണ്ട് പുറത്തുനിന്നുള്ള കടന്നുകയറ്റത്തെക്കുറിച്ചുള്ള ആധികൾ.
ഒരു കുന്നിന്റെ പള്ളയിലൂടെ കയറി ഉച്ചിയിലെത്തിയതിനുശേഷം വീണ്ടും അടുത്തൊരു കുന്നിലേക്കു ഓടിക്കയറുന്ന ജയ്പുർ വന്മതിലിന്റെ മുഴുവൻ ഭാഗങ്ങളും ഇന്നു നിലവിലില്ല. അതുകൊണ്ടു തന്നെ അതിന്റെ യഥാർത്ഥ നീളമെന്തായിരുന്നു എന്നത് ഊഹം മാത്രം. എങ്കിലും കിലോമീറ്ററുകൾക്ക് അപ്പുറം അതു മറഞ്ഞുപോകുന്നുണ്ട്. മാൻ സിങ്ങിന്റെ കാലത്ത് 1592 ലായിരുന്നു പഴയ കോട്ടയുടെ സ്ഥാനത്ത് പുതിയതും പിന്നെ ചുറ്റുവന്മതിലും പണിയാൻ ആരംഭിച്ചത്. ദൂരെ കാണാമറയത്തിരിക്കുന്ന ശത്രുവിന്റെ നേരിയ ഇളക്കം പോലും കാണാവുന്ന തരത്തിലുള്ള കാവൽനോട്ടപ്പുരകളടക്കം.

ആംബർ കോട്ട, ജയ്ഗഢ് കോട്ടയിൽ നിന്നും വീക്ഷിക്കുമ്പോൾ

പല കാലത്തിലേക്കു കയറിയെത്തി നോക്കാൻ ഉപകരിക്കുന്ന കരിങ്കൽക്കോവണിപ്പടികളിൽ തണുപ്പും ഈർപ്പവും തങ്ങിനിന്നു, മഞ്ഞുകാലത്ത്. അല്ലാത്തപ്പോൾ, അവയോരോന്നും ഇരുട്ട് കാടുപിടിച്ച് വെയിലിനെ വിയർത്തു. അവിടെയോരോ ഇടത്തും നിതാന്ത ജാഗ്രതയോടെ ഉൾപ്പേടിയിൽ പൊള്ളി കാവൽക്കാർ കാത്തുനിന്നുകാണും. ദൂരെ ഒറ്റുകൊടുക്കലിന്റെ, പടയൊരുക്കത്തിന്റെ, ചതിയുടെ കാലുകൾ ഇളകുന്നുണ്ടോ എന്നു ശ്രദ്ധിച്ചുകാണും. ശത്രുവിനെ ഇണക്കിയും പ്രലോഭനങ്ങൾ നിരത്തിയും സന്ധി രജപുത്രന്മാർക്ക് അറിയാത്ത യുദ്ധതന്ത്രമല്ല. അതെല്ലാം ചരിത്രം. എന്നാലും, ഇണങ്ങാത്ത ശത്രു കൊളുത്തുന്ന ഭയമെന്ന കാട്ടുതീ പടരാൻ അധികം സമയം വേണമെന്നില്ല. വന്മതിലിന്റെ നിർമിതിയെ അങ്ങനെ സാധൂകരിക്കുന്നു ചരിത്രം.
കാര്യമില്ലാതില്ല. ഈ പ്രദേശത്തിന്റെ പോരാട്ടങ്ങളുടെ കഥയറിയണം. ആ ആധികളുടെ ആഴമറിയാൻ. ആ ഉറക്കമില്ലായ്മകളുടെ തിളനില അറിയാൻ. ദുരിതവും ദുരന്തവും കണ്ട മണ്ണായിരുന്നു ഇത്. ചോരയും വേദനയും തിടുക്കപ്പെട്ട ഇടം. രാഷ്ട്രതന്ത്രത്തിന്റെ ചതികളും വഞ്ചനയും ഉടമ്പടിച്ചേതങ്ങളും ഉടന്തടിച്ചാട്ടങ്ങളും കണ്ട മണ്ണ്. പല കൊടുംയുദ്ധങ്ങളുടെയും പോരാട്ട ഭൂമിയായിരുന്നു. കത്തിജ്വലിക്കുകയും വീണ്ടും കെട്ടണയുകയും ചെയ്ത രാജാധികാരത്തിന്റെ. വാഴുകയും വീഴുകയും ചെയ്ത കൊടിപ്പടങ്ങളുടെ. ഡൽഹി ഭരിച്ച സുൽത്താൻ അലാവുദീൻ ഖിൽജി ചോരപ്പുഴയൊഴുക്കി രാജസ്ഥാൻ ജാലോറിലെ ചഹമാന വംശത്തിലെ കാൻഹദ് ദേവിനെ തോൽപ്പിച്ച ജാലോർ യുദ്ധം ( 1310), മുഗൾ ചക്രവ4ത്തിമാരായ അക്ബറുടെയും ഔറംഗസീബിന്റെയും പടയോട്ടങ്ങൾ, അഫ്ഗാനിൽ നിന്നുള്ള ഷേ4 ഷാ സൂരിയും റാത്തോഢ് രാജാക്കന്മാരുമായി നടന്ന സമ്മേൽ യുദ്ധത്തിന്റെ... ചോര മണക്കുന്നോ കാറ്റിൽ എന്നു ജയ്ഗഢ് കോട്ടയ്ക്കു മുകളിൽ നിന്ന് വിചാരിക്കും. ആമേറിന്റെ ഇന്നും അണയാത്ത വർണരാജിയിൽ ഭയത്തിന്റെ നിറമേതെന്നു തിരക്കിപ്പോവും. ഒരു കോട്ടകൊത്തളവും ശാശ്വതമായി ഒന്നിനെയും കാത്തുവയ്ക്കുന്നില്ല എന്നു തിരിച്ചറിയും.

എന്തായിരുന്നു വന്മതിൽ

വന്മതിലുകൾ കണ്ടു തിരിച്ചിറങ്ങുമ്പോൾ എന്തു കണ്ടു എന്നാരും ചോദിക്കാതിരിക്കട്ടെ എന്നു വിചാരിച്ചുപോവും. അതിന് മറുപടി പറയാനേറെയുണ്ടെങ്കിലും. ആമേർ, ജയ്ഗഢ് കോട്ടയ്ക്ക് അകത്ത് ജയ്പുരിലെ സവായ് സാമ്രാജ്യം ബാക്കിവച്ചിരിക്കുന്നതെന്ത് എന്ന ചോദ്യം പോലെ. ഒരു കാലം ഡൽഹിയുടെ ഏതാണ്ടു പകുതിയുടെ വരെ അവകാശിയും ജയ്പുർ രജപുത്രരാജാക്കന്മാരുടേതായിരുന്നു എന്നറിയുമ്പോൾ ഈ ഔത്സുക്യം ഇരട്ടിക്കും. പിൽക്കാലത്തു ജനാധിപത്യകാലത്തും ജയ്​പുർ രാജകുടുംബം ഡൽഹിയുടെ രാഷ്ട്രീയ എതിർപക്ഷത്തായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഡൽഹി ഭരണകൂടം ഈ രജപുത്രകോട്ടകളിലും കൊട്ടാരങ്ങളിലും നിധി തേടിയ കെട്ടുകഥ അയവിറക്കുന്ന ഒരാളെയെങ്കിലും ഇപ്പോഴും കാണും വന്മതിലിന്റെ പരിസരത്ത്. മുഗളന്മാരും വെള്ളക്കാരും കടത്തിക്കൊണ്ടുപോയിരുന്ന സമ്പത്തിനു ശേഷമുള്ള നിധിനീക്കിയിരിപ്പ്.

ആംബർ കോട്ടയിൽ നിന്നും ജയ്ഗഢ് കോട്ടയിലേക്കുള്ള തുരങ്കം

തലസ്ഥാനം ജയ്​പുരിലേക്ക്​ മാറ്റിയതിനു ശേഷമുള്ള കൊട്ടാരക്കെട്ടുകളുടെ ഇന്നും മങ്ങാത്ത ആർഭാടത്തിളപ്പ് അതിന് ആക്കം കൂട്ടും. എന്നാൽ, ഇതൊന്നും മാത്രമല്ല, ജയ്​പുരിലും കുംഭൽഗഢിലും യഥാർത്ഥത്തിൽ കാണാനുള്ളത്. ഇന്നത്തെ സാങ്കേതികതയുടെ കാലത്ത് അതൊന്നും അങ്ങോട്ടു ചെന്നു കാണണമെന്നുമില്ല. എന്നാൽ, ഓരോ മതിൽക്കല്ലിലും പൂണ്ടിരിക്കുന്ന ശത്രുവിനെതിരെയുള്ള ആ നോക്കിയിരിപ്പു കാണാൻ അവിടെ ചെന്നേ പറ്റൂ. അല്ലങ്കിലും പേടികളെ ഫോട്ടോഷോപ്പ് ചെയ്യാൻ ഏതു സാങ്കേതികവിദ്യയ്ക്കാവും.
അതു നേരിട്ടു കാണുമ്പോഴല്ലാതെ. അതു നേരിട്ടു കൊള്ളുമ്പോഴല്ലാതെ. അവനവൻ അല്ലെങ്കിൽ അവനവൾ സ്വയം അനുഭവിക്കുമ്പോഴല്ലാതെ. ഈ വന്മതിൽ മനുഷ്യന്റെ നൈസർഗികമായ, ഏതു ജന്തുവിന്റെയും കണ്ണിലുള്ള പ്രാണഭയത്തെ അനുഭവിപ്പിക്കുന്നു. ഏതു വലിയതും സ്വന്തം പേടി മറച്ചുപിടിക്കുന്നതുപോലെ അപരന്റെ പേടിയെ ആളിക്കത്തിക്കുന്നു എന്ന വലിയൊരു പാഠവും. ▮


വി. ജയദേവ്​

മാധ്യമപ്രവർത്തകൻ, കവി, നോവലിസ്റ്റ്, കഥാകൃത്ത്. ഭൂമിയോളം ചെറുതായ കാര്യങ്ങൾ, ചോരപ്പേര്,മായാബന്ധർ (നോവൽ), ഒരു കാറ്റിനെ എങ്ങനെ വായിക്കും, ഒരു പൂമ്പൊടി കൊണ്ടും ഒരു പൂക്കാലം കൊണ്ടും, കപ്പലെന്ന നിലയിൽ ഒരു കടലാസ് തുണ്ടിന്റെ ജീവിതം (കവിതാ സമാഹാരങ്ങൾ), ഭയോളജി, മരണക്കിണർ എന്ന ഉപമ (കഥാസമാഹാരം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments