ഭാഗം രണ്ട്
കങ്കേശൻതുറയ്ക്കും ജാഫ്നയ്ക്കുമിടയിലെ യാത്രയിൽ, നിറയെ പൂത്തുനിൽക്കുന്ന മാവും, പ്ലാവും, തെങ്ങും, മുരിങ്ങയുമെല്ലാമുള്ള പുരയിടങ്ങൾ കൂട്ടു വരും. ഇടയ്ക്കിടെ പച്ചപ്പണിഞ്ഞ വയലുകളും, ചെറുപട്ടണങ്ങളും, പള്ളികളും, അമ്പലങ്ങളും, വീടുകൾക്കു മുന്നിലെ ചെറുപീടികകളുമായി മുപ്പതോ നാല്പതോ വർഷം മുമ്പുള്ള കേരളത്തെയോ തമിഴ്നാടിനെയോ പകർത്തുന്നു.
ജാഫ്ന; വടക്കൻ ശ്രീലങ്ക പ്രവിശ്യയുടെ തലസ്ഥാനം. പൊങ്കലും പൊരിയലും കുറലും കൂത്തും തമിഴകത്തിനൊപ്പം ഇവരുടേതുമാണ്. പഴന്തമിഴ്കാലത്തോളം നീളുന്നതാണ് ഇവരുടെ വേരുകൾ. തമിഴർക്കിത് യാഴ്പ്പാണം. സിംഹളർക്ക് യാപാപട്ടുന, മറ്റുള്ളവർക്ക് ജാഫ്ന.
ശൈവിസത്തിൻ്റെ കേന്ദ്രമായിരുന്ന ജാഫ്ന ഏറെക്കാലം രാജാധികാരത്തിനു കീഴിലായിരുന്നു. പിന്നെ കൊളോണിയൽ ആധിപത്യത്തിൻ്റെ നീണ്ട നാളുകൾ, സ്വാതന്ത്ര്യത്തിനുശേഷം ആരംഭിച്ച വിവേചനങ്ങൾ, പീഡനങ്ങൾ, വംശീയ സംഘർഷത്തിൻ്റെയും കൂട്ട ക്കൊലപാതകങ്ങളുടേയും അസ്വസ്ഥ ദശകങ്ങൾ. പുറമെയ്ക്ക് ശാന്തമെന്നു തോന്നുന്ന ജാഫ്ന ഉള്ളിൽ കരയുന്ന നഗരമാണ്. നീണ്ട മൂന്നു ദശകത്തോളം നീണ്ടു നിന്ന ആഭ്യന്തരയുദ്ധത്തിൻ്റെയും, അതിനു മുമ്പെന്നോ ആരംഭിച്ച വംശീയ വിദ്വേഷത്തിൻ്റെയും കനൽ ഇപ്പോഴും കെട്ടുപോകാതെ കിടക്കുന്നയിടമാണ്.
ജാഫ്നയ്ക്കടുത്തുള്ള മുല്ലൈത്തീവിലും ട്രിങ്കോ മാലിയിലും ചാവക്കച്ചേരിയിലും എലിഫൻ്റ് പാസിലും കിളിനോച്ചിയിലും വാവുനിയയിലും കാണും, ഒരോ വീട്ടിലും കൊല്ലപ്പെട്ടവരോ കാണാതായവരോ, നാടുവിട്ടവരോ ക്രൂരമായ പീഡനങ്ങൾക്കിരയായവരോ ആയ ആരെങ്കിലും. പിന്നെങ്ങനെയാണ് ജാഫ്ന സന്തോഷിക്കുന്നത്, ഉറക്കെ ചിരിക്കുന്നത്. അവസാനത്തെ യുദ്ധവും കഴിഞ്ഞ് 16 കൊല്ലം പിന്നിടുമ്പോഴും ജാഫ്നയുടെ കണ്ണീർ ഉണങ്ങിയിട്ടില്ല.
ജാഫ്നയിലെയും, സമീപപ്രദേശങ്ങളിലേയും എല്ലാ തമിഴരും വിടുതലൈ പുലികളെ അനുകൂലിക്കുന്നവരോ പിന്തുണയ്ക്കുന്നരോ ആയിരുന്നില്ല. പക്ഷേ, അവരിലും, ഭരണകൂടത്തിനൊപ്പം നിന്നുള്ള സിംഹള ഭൂരിപക്ഷത്തിൻ്റെ വംശീയ വിദ്വേഷവും അടിച്ചമർത്തലുകളും ആട്ടിയോടിക്കലുകളും കടുത്ത പ്രതിഷേധവും എതിർപ്പും സൃഷ്ടിച്ചിരുന്നു. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ കോളനികൾ സ്ഥാപിച്ച് സിംഹളരെ കുടിയിരുത്താനുള്ള നീക്കങ്ങളും സംശയാസ്പദമായിരുന്നു. TULF, TELO, EPRLF തുടങ്ങിയ തമിഴ് വിമോചക സംഘടനകളുടെ തുടക്കം അങ്ങനെയാണ്.
അക്രമത്തെയും, കൊലപാതകങ്ങളെയും ന്യായീകരിക്കാത്തവരിൽപ്പോലും പ്രഭാകരൻ്റെ അജയ്യമായ നേതൃത്വവും കേഡർ സ്വഭാവവും ശക്തമായ ചെറുത്തുനില്പും അടിയ്ക്ക് തിരിച്ചടിയെന്ന പ്രായോഗിക സമീപനവും മതിപ്പുളവാക്കി. ചിലരെങ്കിലും തമിഴ് ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൽ.ടി.ടി.ഇയ്ക്കും പ്രഭാകരനുമാവുമെന്ന് ഉറച്ചു വിശ്വസിച്ചു. എന്നാൽ എൽ.ടി.ടി. ഇയുടെയും പ്രഭാകരൻ്റെയും ദാരുണ പതനം അവരിൽ ആഴമേറിയ മുറിവുണ്ടാക്കി. പ്രഭാകരൻ്റെ പരാജയം, മറ്റൊരർത്ഥത്തിൽ ശ്രീലങ്കയിലെ തമിഴ് ജനതയുടെ രാഷ്ട്രീയപരാജയമായി മാറി. ഈഴത്തെക്കുറിച്ചുള്ള കനവുകൾ അകന്നകന്നു പോയി.

എൽ.ടി.ടി.ഇയുടെ ഹാർഡ്കോർ നേതാക്കളായിരുന്ന കരുണയും ദയാ മാസ്റ്ററുമെല്ലാം യുദ്ധത്തിനു മുമ്പു തന്നെ കൂറുമാറി. ജയിലിലെ ചോദ്യം ചെയ്യലുകളെയും ക്രൂരമർദ്ദനങ്ങളെയും ഭയന്ന് ചിലർ ആത്മഹത്യയിലഭയം തേടി. ആയിരക്കണക്കിനാളുകൾ ഇപ്പോഴും ജയിലുകളിലും റഫ്യൂജി ക്യാമ്പുകളിലുമാണ്. ജയിലിൽ നിന്നു തിരിച്ചു വന്നവർ പൊതുജീവിതത്തിൽ നിന്നും ഉൾവലിഞ്ഞു. ജാഫ്നയിലെ പ്രബുദ്ധമായ അക്കാദമിക് സമൂഹവും ഇപ്പോൾ നിശ്ശബ്ദതയിലും നിസംഗതയിലുമാണ്.
ജാഫ്നയിൽ, ഇപ്പോൾ ആരും രാഷ്ട്രീയം സംസാരിക്കുന്നില്ല. പ്രതിഷേധങ്ങളോ, പ്രകടനങ്ങളോ പ്രതികരണങ്ങളോ ഇല്ല. ഉടഞ്ഞു ചിതറിയ സ്വപ്നങ്ങളുടെ ആകെത്തുകയെന്നോണം, പുതുതലമുറ മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെയാണ്. രജപക്സെ സർക്കാർ തമിഴ് പ്രദേശങ്ങളിൽ മദ്യവും, മയക്കുമരുന്നുകളും വൻതോതിൽ ലഭ്യമാക്കിയിരുന്നതായി മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഈഴത്തിലെ മനുഷ്യരുടെ കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ചോ സന്ധിയില്ലാത്ത പോരാട്ടത്തെക്കുറിച്ചോ യാതൊന്നുമറിയാത്ത അഥവാ അറിയാൻ താല്പര്യമില്ലാത്ത പുതുതലമുറ കുടിച്ചും കൂത്താടിയും ജാഫ്നയിലെ തെരുവുകളിൽ തൊഴിലില്ലാത്തവരായി അലയുന്നു.
ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങൾ പരിഹരിക്കുന്നതിനായി തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളുമായി അധികാരം പങ്കിടുമെന്ന് ശ്രീലങ്കൻ സർക്കാർ ഐക്യരാഷ്ട്രസഭയ്ക്കും മറ്റു രാജ്യങ്ങൾക്കും വാഗ്ദാനം ചെയ്തിരുന്നു. യുദ്ധകുറ്റകൃത്യങ്ങളിലേർപ്പെട്ട സൈനികോദ്യോഗസ്ഥർക്ക് അർഹമായ ശിക്ഷ നൽകുമെന്നും. എന്നാൽ മാറിമാറി വന്ന സർക്കാരുകൾ അവയൊന്നും പാലിച്ചില്ല. യുദ്ധക്കുറ്റവാളികളായ, മുൻ സൈനികോദ്യോഗസ്ഥരോടുള്ള പുതിയ ഗവൺമെൻ്റിൻ്റെ സമീപനമെന്താവുമെന്നുള്ളതിലേക്കും ജാഫ്ന ഉറ്റുനോക്കുന്നുണ്ട്.

നല്ലൂർ കന്ദസ്വാമി കോവിലിൻ്റെ മുറ്റത്തിരുന്ന് പാർഥിപൻ ജാഫ്നയുടെ വർത്തമാനകാല സങ്കടങ്ങൾ പങ്കുവയ്ക്കുകയാണ്. ഡിഗ്രി വരെ പഠിച്ചിട്ടും ജോലിയില്ല. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ഇപ്പോൾ പിക് മിയ്ക്കു വേണ്ടി വാടകയ്ക്ക് ബൈക്ക് ഓടിക്കുകയാണ്. രാവിലെ തുടങ്ങി രാത്രി അവസാനിക്കും വരെ ഓടിയാൽ കിട്ടുന്ന തുക ഒന്നിനും തികയില്ല. ഒരു ലിറ്റർ പെട്രോളിന് 399 രൂപയാണ്. ഒരു കിലോ അരി 250-300 രൂപയാണ്. ഒരു മസാല ദോശയ്ക്ക് മൂന്നൂറും ചായയ്ക്ക് നൂറ്റമ്പതും. സമ്പന്നർ ഒഴികെ മറ്റെല്ലാവരുടേതും അരിഷ്ടിച്ചുള്ള ജീവിതമാണ്. സാമ്പത്തികത്തകർച്ചയിൽ നിന്ന് ശ്രീലങ്ക ഇപ്പോഴും കരകയറിയിട്ടില്ല എന്നതാണ് സത്യം.
‘‘ജാഫ്ന ആകെ കൺഫ്യൂഷനിലാണ്. പഴയ തലമുറ ഇപ്പോഴും ഈഴം പോരാട്ടത്തിൻ്റെ ഓർമ്മകളിൽ ജീവിക്കുന്നു. പുതിയവർക്ക് എങ്ങനെയെങ്കിലുമങ്ങ് ജീവിച്ചാൽ മതി. ഇനിയൊരു വിടുതലൈ മൂവ്മെൻ്റ് സാധ്യമേയല്ല എന്ന് എല്ലാവർക്കുമറിയാം’’- പാർഥിപൻ്റെ വർത്തമാനം തുടരുമ്പോൾ കന്ദസ്വാമി കോവിലിനു ചുറ്റും ഇരുട്ടു പരന്നിരുന്നു. കോവിലിനു മുന്നിലെ മണൽ വിരിപ്പിൽ നല്ലൂരിലെ പഴയ തലമുറ അപ്പോഴും ഓർമ്മകൾ തുന്നിക്കൂട്ടുകയാണ്.
ജാഫ്ന ലൈബ്രറി, ജാഫ്ന ഫോർട്ട്, ജാഫ്ന യൂണിവേഴ്സിറ്റി എന്നീ മൂന്നിടങ്ങളിൽ നിർബന്ധമായും പോകണമെന്ന് പാർഥിപൻ ഓർമ്മപ്പെടുത്തി. ഇവ മൂന്നും വംശീയ സംഘർഷ കാലത്തെ ഓർമ്മകൾ പേറുന്ന ചരിത്രസ്മാരകങ്ങളാണ്.
കത്തിയമർന്ന ജാഫ്ന ലൈബ്രറി,
ഫാദർ ഡേവിഡിൻ്റെ നിലച്ച ഹൃദയം
സെൻ്റ് പാട്രിക് കോളേജ് ഹോസ്റ്റലിലെ മൂന്നാം നിലയിലെ മുറിയിൽ റവറൻ്റ് ഫാദർ ഡോ. എച്ച്.എസ്. ഡേവിഡ് അസ്വസ്ഥനായിരുന്നു. ഭാഷാപണ്ഡിതൻ ഫാദർ ജ്ഞാനപ്രകാശത്തിൻ്റെ തമിഴ് പദോൽപ്പത്തിയുമായി ബന്ധപ്പെട്ട, കയ്യെഴുത്തുപ്രതി പുസ്തകശേഖരത്തിനുള്ളിലെവിടെയോ പെട്ടുപോയി. കുറച്ചു ദിവസമായി തിരയുകയാണ്. തമിഴും, സിംഹളയും വ്യത്യസ്ത ഭാഷാഗോത്രത്തിൽപ്പെട്ടവയല്ലെന്ന് സ്ഥാപിക്കണം. ഭാഷയെയും, വംശത്തേയും ചൊല്ലി തെരുവിൽ ഉരുണ്ടു കൂടുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണം.
വാതിലിൽ തുടർച്ചയായ മുട്ടു കേട്ട് ഫാദർ കതകു തുറന്നു. ഫാദർ സെൽവരാജ് പടികൾ ഓടിക്കയറി വന്ന കിതപ്പിൽ പറഞ്ഞു, ‘ഫാദർ നമ്മുടെ ലൈബ്രറി കത്തുന്നു’.
ഫാദർ ഡേവിഡ് അവിശ്വസനീയതയോടെ ജാഫ്ന ലൈബ്രറിയിലേക്കു നോക്കി. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പുസ്തക ശേഖരത്തെ തീനാളങ്ങൾ വിഴുങ്ങുന്നു, ‘ഓ ജീസസ്, ആരാണിത് ചെയ്തത്?’
അൽപ്പനേരം നടുക്കുന്ന ആ കാഴ്ച അദ്ദേഹം നോക്കി നിന്നു. പിന്നെ ഫാദർ ഡേവിഡ് കുഴഞ്ഞു വീണു. സെൽവരാജ് അദ്ദേഹത്തെ താങ്ങിപ്പിടിച്ച് റൂമിലെത്തിച്ചു. ഫാദർ സെൽവരാജ് ചില നമ്പറുകൾ ഡയൽ ചെയ്തു. നിരാശയോടെ ഫോൺ റിസീവറിൽ വെച്ചു.
ഫാദർ ഡേവിഡ് കിടക്കയിൽ നിന്ന് പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു. ജനാലയിലൂടെ ഒരിക്കൽക്കൂടി നോക്കി. എങ്ങും തീജ്വാലകളും പുകയും. ജാഫ്ന ലൈബ്രറി കത്തിയമരുന്നു. ജാഫ്നയിലെ തമിഴ് മക്കളുടെ സ്വപ്നമാണ് എരിഞ്ഞൊടുങ്ങുന്നത്.

ഫാദർ സെൽവരാജ് ആരെയോ വിളിക്കാൻ വെളിയിലേക്കോടി. ഡേവിഡ് വിങ്ങുന്ന മനസ്സോടെ, കിടക്കയിലേക്കു വീണു. അദ്ദേഹത്തിൻ്റെ ഓർമ്മകളിൽ കെ.എം. ചെല്ലയ്യയും ഫാ ഐസക് തമ്പയ്യയും പൊന്നമ്പലവും വന്നു നിന്നു. ശൂന്യതയിൽ നിന്ന് ലൈബ്രറി പടുത്തുയർത്തിയ മനുഷ്യർ. ഈ നാടിൻ്റെ വെളിച്ചമായവർ.
മുപ്പതു വർഷത്തിലധികമായി ജാഫ്ന ലൈബ്രറിയായിരുന്നു എല്ലാം. പള്ളിയിൽ നിന്നിറങ്ങിയാൽ നേരെ ലൈബ്രറിയിലെത്തും. രാവേറുവോളം പുസ്തകങ്ങളും, റഫറൻസും. പിഎച്ച് ഡി തീസിസിനായി പരതിയ തമിഴ് ക്ലാസിക്കുകൾ, താളിയോലക്കെട്ടുകൾ, മാനുസ്ക്രിപ്റ്റുകൾ...
രണ്ടുമൂന്നു ദിവസമായി ജാഫ്നയിൽ ടുൾഫിൻ്റെ റാലിയുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ നിലനിന്നിരുന്നുവെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞിരുന്നു. പക്ഷേ, പുസ്തകങ്ങൾ കത്തിക്കാൻ ആരെങ്കിലും തയ്യാറാവുമോ? അക്ഷരങ്ങളും, അറിവുമല്ലേ എരിഞ്ഞു തീരുന്നത്? ആരാണ്, എന്തിനാണ് ലൈബ്രറിക്ക് തീ കൊളുത്തിയത്? സങ്കടവും, വേദനയും, നിരാശയും. ഫാദർ ഡേവിഡിന് ഉറക്കം വന്നില്ല. എരിഞ്ഞുതീർന്ന അക്ഷരങ്ങളും പുസ്തകങ്ങളും നിലവിളികളായി മുന്നിൽ വന്നു നിൽക്കുന്നു. അദ്ദേഹം അസ്വസ്ഥതയോടെ, തിരിഞ്ഞും മറിഞ്ഞും കിടന്നു. പ്രഭാത ഭക്ഷണ സമയത്താണ്, സെൽവരാജ്, ഫാ ഡേവിഡ് ഭക്ഷണശാലയിൽ എത്തിയിട്ടില്ലെന്നത് ശ്രദ്ധിക്കുന്നത്. സാധാരണ അദ്ദേഹം കൃത്യസമയത്ത് എത്താറുള്ളതാണ്. സെൽവരാജ് ഡേവിഡിൻ്റെ മുറിയിലേക്കു ചെന്നു. കതകു തുറന്നിട്ടില്ല. തുറന്നു കിടക്കുന്ന ജനലിലൂടെ നോക്കി.
ഫാദർ ഡേവിഡ് കട്ടിലിൽ കിടക്കുന്നു. രാവിലെ എഴുന്നേൽക്കുന്നതാണല്ലോ? കതകിൽ മുട്ടിയിട്ടും ഫാദർ എഴുന്നേൽക്കുന്നില്ല. ഇനി അസുഖമോ മറ്റോ? ബലമായി കതകു തുറന്നു. പക്ഷേ, ഒന്നും അദ്ദേഹം അറിയുന്നില്ല. സെൽവരാജ് അദ്ദേഹത്തെ കുലുക്കി വിളിച്ചു. പക്ഷേ അദ്ദേഹം ഉണർന്നില്ല. കത്തിയമർന്ന ജാഫ്ന ലൈബ്രറിയ്ക്കൊപ്പം ഫാദർ ഡേവിഡിൻ്റെ ഹൃദയവും നിലച്ചുപോയിരുന്നു.
ജാഫ്ന ലൈബ്രറിയിലിരുന്ന് അസിസ്റ്റൻ്റ് ലൈബ്രേറിയൻ ചെല്ലദുരൈ വൈകാരികമായി ഇക്കഥ പറയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പലരിൽ നിന്ന് കേട്ടറിഞ്ഞ കഥയെങ്കിലും ദൃക്സാക്ഷിയെപ്പോലെ വിശദാംശങ്ങളോടെ, ഫാദർ ഡേവിഡിൻ്റെ അവസാന ദിവസം ചെല്ലദുരൈ ഓർത്തെടുത്തു.
ലൈബ്രറി കോമ്പൗണ്ടിലെ ഫാദർ ഡേവിഡിൻ്റെ പ്രതിമ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു; ‘അതാണ് ഫാദർ ഹയാസിന്ത് സിംഗരായർ ഡേവിഡ്’.

1981 മെയ് 31-ന് വടക്കൻ ശ്രീലങ്കയിലെ ജാഫ്ന ഉപദ്വീപിൽ വരാനിരിക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ആദ്യ ലക്ഷണങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഒരു സംഘടിത സിംഹള ജനക്കൂട്ടം ജൂൺ ഒന്നിന് പ്രശസ്തമായ ജാഫ്ന പബ്ലിക് ലൈബ്രറിക്ക് തീയിട്ടു. അക്കാലത്ത് ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും മികച്ചതുമായ സജ്ജീകരണങ്ങൾ ഉണ്ടായിരുന്ന ലൈബ്രറിയായിരുന്നു അത്. ശ്രീലങ്കൻ പോലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ ഒരു വലിയ സംഘമായിരുന്നു അവർ. തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് (TULF) സംഘടിപ്പിച്ച ഒരു റാലിയിൽ പ്രശ്നങ്ങളുണ്ടാക്കാനും, തടസ്സപ്പെടുത്താനും ശ്രീലങ്കൻ കാബിനറ്റ് മന്ത്രിമാരായ സിറിൽ മാത്യുവും ഗാമിനി ദിസനായകേയും അവരെ ജാഫ്നയിലേക്ക് കൊണ്ടുവന്നു. റാലിയ്ക്കിടെ സംഘർഷത്തെത്തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അന്നു രാത്രി ഗുണ്ടകൾ ജാഫ്ന പബ്ലിക് ലൈബ്രറി കത്തിച്ചു, രണ്ട് രാത്രികൾ തീപിടുത്തം നിയന്ത്രണാതീതമായി തുടർന്നു. TULF ആസ്ഥാനവും ഈഴനാട് പത്രത്തിന്റെ ഓഫീസും ഉൾപ്പെടെ ജാഫ്നയിലുടനീളമുള്ള വീടുകളിലേക്കും കടകളിലേക്കും തീയും അക്രമവും പടർന്നു. തമിഴ് നേതാക്കളിൽ പലരും അറസ്റ്റിലായി.
അതേസമയം, മാത്യൂസും ദിസനായകെയും അടുത്തുള്ള ജാഫ്ന റസ്റ്റ് ഹൗസിന്റെ വരാന്തയിൽ നിന്ന് ജാഫ്ന പബ്ലിക് ലൈബ്രറി കത്തിച്ചാരമാവുന്നത് കാണുകയായിരുന്നു. പിന്നീട് ലൈബ്രറി കത്തിയത് നിർഭാഗ്യകരമായ സംഭവമായിരുന്നുവെന്നാണ് അവർ പറഞ്ഞത്. മദ്യപിച്ച് ലക്കുകെട്ട ഒരു സംഘം പോലീസുകാരുടെ തെറ്റായ പ്രവൃത്തിയെന്ന് ഭരണകൂടം വ്യാഖ്യാനിച്ചു. സിംഹള നേതാക്കളും സിംഹള മാധ്യമങ്ങളും ഇത് ആവർത്തിച്ചു.
1933-ൽ ബെർലിനിലെ സ്റ്റേറ്റ് ഓപ്പറയിലെ സ്ക്വയറിൽ നാസികൾ പതിനായിരക്കണക്കിന് പുസ്തകങ്ങൾ കത്തിച്ച അതേ വർഷമാണ് ജാഫ്ന പബ്ലിക് ലൈബ്രറി, പണ്ഡിതനായ കെ.എം. ചെല്ലപ്പയുടെ സ്വകാര്യ ശേഖരമായി ആരംഭിക്കുന്നത്. ഈ എളിയ തുടക്കത്തിന്റെ ഫലമായി ചെല്ലപ്പ സെക്രട്ടറിയായി ഒരു പ്രാദേശിക കമ്മിറ്റി രൂപീകരിച്ചു. ചെറിയ ലൈബ്രറിയായി തുടങ്ങിയതെങ്കിലും കാലക്രമേണ ശേഖരം വളർന്നു, നാട്ടുകാരുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമ്മിച്ചു 1959-ൽ അന്നത്തെ ജാഫ്‌ന മേയറായിരുന്ന ആൽഫ്രഡ് ദുരൈപ്പയാണ് (പിന്നീട് തമിഴ് പുലികളാൽ കൊല്ലപ്പെട്ടു) ലൈബ്രറി ഉദ്ഘാടനം ചെയ്തത്. തമിഴ് സമൂഹത്തിന്റെ സാംസ്കാരിക കേന്ദ്രമായി അത് മാറി.
1736-ൽ തമിഴ് കവി മയിൽവാഗന പുലവർ എഴുതിയ ജാഫ്നയുടെ ചരിത്രമായ യാൽപ്പനം വൈപവയുടെ നിലവിലുള്ള ഏക പകർപ്പ് ജാഫ്ന ലൈബ്രറിയിൽ മാത്രമായിരുന്നു. രാമായണത്തിൻ്റെ മിനിയേച്ചർ പതിപ്പുകൾ, പഴയ തമിഴ് ഭാഷാപത്രങ്ങളുടെ ശേഖരങ്ങൾ, പ്രധാനപ്പെട്ട രേഖകളുടെ മൈക്രോഫിലിമുകൾ, ക്രിസ്ത്യൻ മിഷനറിമാർ പ്രസിദ്ധീകരിച്ച ജേണലായ മോർണിംഗ് സ്റ്റാറിന്റെ രേഖകൾ എന്നിവ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു.

വിലയേറിയ രേഖകൾ ഉണങ്ങിയ ഈന്തപ്പനയിലകളിൽ എഴുതി സുഗന്ധമുള്ള ചന്ദനപ്പെട്ടികളിൽ സൂക്ഷിച്ചിരുന്നു. ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ചരിത്ര ചുരുളുകളും പ്രമുഖ ബുദ്ധിജീവികൾ, എഴുത്തുകാർ, നാടകകൃത്തുക്കൾ എന്നിവരുടെ കൈയെഴുത്തുപ്രതികളും ഉണ്ടായിരുന്നു - പ്രത്യേകിച്ച് ആനന്ദ കുമാരസ്വാമിയുടേയും, ഡോ. ഐസക് തമ്പയ്യയുടേയും രചനകൾ -അവ ചാരത്തിൽ മുങ്ങി.
ജാഫ്ന പബ്ലിക് ലൈബ്രറിക്ക് നേരെയുണ്ടായ ആക്രമണം ശരിയായ രീതിയിൽ അന്വേഷിക്കപ്പെട്ടില്ല. മറ്റെല്ലാ വംശീയ സംഘട്ടനങ്ങളിലുമെന്നതുപോലെ കുറ്റവാളികളെ ഒരിക്കലും ശിക്ഷിച്ചില്ല. 1992-ൽ സരജേവോയിൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിനുനേരെ സെർബിയൻ ദേശീയവാദികൾ നടത്തിയ ആക്രമണം പോലെ, പിൽക്കാലത്ത് പലസ്തീനിലെ ലൈബ്രറികൾക്കും, മ്യൂസിയങ്ങൾക്കും ആർക്കൈവ്സുകൾക്കും നേരെ ഇസ്രായേൽ ഭരണകൂടം നടത്തിയ സാംസ്കാരികഹത്യ പോലെ, ചരിത്രം, അറിവ്, ഓർമ്മ എന്നിവയെ ലക്ഷ്യമിടുന്നത് വംശീയ ഉന്മൂലനത്തിലെ പ്രധാന രീതിയാണ്.
1983-ൽ കറുത്ത ജൂലൈ എന്നറിയപ്പെടുന്ന യുദ്ധത്തോടെ ആരംഭിച്ച് 2009 മെയിൽ അവസാനിച്ച, രണ്ടു ലക്ഷത്തോളം മരണങ്ങൾക്കും തിരോധാനങ്ങൾക്കും കാരണമായ, വരാനിരിക്കുന്ന വിനാശകരമായ മനുഷ്യക്കുരുതിയുടെ തുടക്കമായിരുന്നു ജാഫ്ന ലൈബ്രറി ആക്രമണം.
ജാഫ്ന ലൈബ്രറിയിൽ നടന്ന അതിക്രമങ്ങളെ ക്കുറിച്ച് ഒരു തമിഴ്കവി എഴുതി:
ഇന്നലെ രാത്രി
ഞാൻ സ്വപ്നം കണ്ടു,
നിയമപാലകരായ പോലീസുകാർ
ബുദ്ധനെ വെടിവച്ചു കൊന്നു.
ജാഫ്ന ലൈബ്രറിയുടെ പടികളിൽ
രക്തത്തിൽ കുളിച്ചുകിടക്കുന്നു
അദ്ദേഹത്തിന്റെ ശരീരം.
ഇരുട്ടിന്റെ മറവിൽ
ശുശ്രൂഷകർ വന്നു,
അവന്റെ പേര് ഞങ്ങളുടെ പട്ടികയിൽ ഇല്ല,
നിങ്ങൾ
എന്തിനാണ് അവനെ കൊന്നത്?
അവർ ദേഷ്യത്തോടെ ചോദിച്ചു.
ഇല്ല സാറേ, ഒരുതെറ്റുമുണ്ടായിട്ടില്ല.
അവനെ കൊല്ലാതെ
ഒരു ഈച്ചയെപ്പോലും ഉപദ്രവിക്കുക അസാധ്യമായിരുന്നു
അതുകൊണ്ട്…
അവർ ഇടറി.
"ശരി, എങ്കിൽ ശവം മറവു ചെയ്യൂ"
മന്ത്രിമാർ തിരികെ പോകുന്നു.
നഗരവാസികളായ ആളുകൾ
മൃതദേഹം ലൈബ്രറിയിലേക്ക് വലിച്ചിഴച്ചു.
ആകെ തൊണ്ണൂറായിരം പുസ്തകങ്ങൾ
അവർ കൂട്ടിയിട്ടു,
സികലോകവദ്ദ സൂത്ത ഉപയോഗിച്ച്
ചിതയ്ക്ക് തീ കൊളുത്തി.
അങ്ങനെ ധർമ്മപദത്തോടൊപ്പം
കാരുണ്യവാനായ ദൈവത്തിന്റെ ഭൗതികാവശിഷ്ടങ്ങളും
കത്തി ചാരമായി.
വംശീയ സംഘർഷത്തിൻ്റെ
നാലു ഘട്ടങ്ങൾ
വംശീയ സംഘർഷത്തെക്കുറിച്ചും, ജാഫ്ന ലൈബ്രറിയേക്കുറിച്ചും കൂടുതൽ അറിയണമെന്ന ആഗ്രഹത്തിനു മറുപടിയായി ചെല്ലദുരൈ, താൽക്കാലിക റഫറൻസിനായി ഒന്നു രണ്ടു പുസ്തകങ്ങളുമായി മടങ്ങിയെത്തി. പുറത്ത് വെയിൽ കത്തിക്കാളുന്നതിനാൽ ഇന്നിവിടെയാവാം. കാൻ്റീനിൽ നല്ല ഭക്ഷണവും മിതമായ നിരക്കിൽ കിട്ടും.
സമന്ത് സുബ്രഹ്മണ്യൻ്റെ 'ദിസ് ഡിവൈഡഡ് ഐലൻ്റ് , നിരോമി ഡി സോയ്സയുടെ 'തമിൾ ട്രൈഗ്രസ്, ' അനിതാ പ്രതാപിൻ്റെ 'ബ്ലഡ് ഐലൻ്റ്'. ഇതിൽ ബ്ലഡ് ഐലൻ്റ്, ചോര ചീന്തിയ ദ്വീപ് എന്ന പേരിൽ മലയാളത്തിൽ വായിച്ചുണ്ടെന്ന് പറഞ്ഞപ്പോൾ ചെല്ലദുരൈയ്ക്കതിഷ്ടമായി. ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നമറിയുന്ന, അറിയാൻ ശ്രമിക്കുന്നവരെ അവർക്കിഷ്ടമാണ്. ദിസ് ഡിവൈഡഡ് ഐലൻ്റ് താരതമ്യേന പുതിയ പുസ്തകമാണ്. അതിലൂടെ കടന്നുപോവുമ്പോൾ ശ്രീലങ്കയിലെ വംശീയ സംഘർഷത്തിൻ്റെ തുടക്കത്തിലേക്കും പിന്നീടുള്ള ഒരോ ചെക്ക് പോയിൻ്റുകളിലേക്കും നാമെത്തിച്ചേരും.
1815 മുതൽ 1948 വരെ നീണ്ടുനിന്ന ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്താണ് ശ്രീലങ്കയിൽ വംശീയതയുടെ വിത്തുകൾ വിതയ്ക്കപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത്, തമിഴ് സമൂഹം, വിദ്യാഭ്യാസത്തിലും സിവിൽ സർവീസിലും നേടിയ മുൻതൂക്കമാണ് പിൽക്കാലത്ത് തമിഴർക്കെതിരായ കരിനിയമങ്ങൾക്ക് സിംഹളരെ പ്രേരിപ്പിച്ചത്.
1983-ൽ ശ്രീലങ്കയിൽ നടന്ന ‘കറുത്ത ജൂലൈ കലാപം’ (Black July Pogrom) എന്നറിയപ്പെടുന്ന തമിഴ് വിരുദ്ധ വംശഹത്യയോടെയാണ് ആഭ്യന്തരയുദ്ധത്തിൻ്റെ തുടക്കം. നാല് വ്യത്യസ്ത ഘട്ടങ്ങളിൽ 1983- ൽ ആരംഭിച്ച ഒന്നാം ഘട്ടം 1987-ൽ ഇന്ത്യ ഇടപെട്ടതോടെയാണ് അവസാനിച്ചത്. 1990-ൽ ആരംഭിച്ച രണ്ടാം ഘട്ടം 1995-ൽ എൽ.ടി.ടി.ഇയും പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗയുടെ സർക്കാരും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ അവസാനിച്ചു.
1995-ൽ ആരംഭിച്ച മൂന്നാം ഘട്ടം 2006-ൽ വെടിനിർത്തൽ കരാറിന്റെ അന്തിമ തകർച്ചയോടെ അവസാനിച്ചു.
നാലാമത്തെയും അവസാനത്തെയും ഘട്ടം അതിനുശേഷം താമസിയാതെ ആരംഭിച്ച് 2009-ൽ എൽ.ടി.ടി.ഇയുടെ പരാജയത്തിലും, ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളിലും കലാശിച്ചു.

1983 ജൂലൈയിൽ തലസ്ഥാന നഗരമായ കൊളംബോയിൽ പടർന്നുപിടിച്ച തമിഴ് വിരുദ്ധ വംശഹത്യയാണ് ആഭ്യന്തര യുദ്ധത്തിന്റെ ഉത്ഭവത്തിന് കാരണമെന്ന് പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും, 1979-ൽ എൽ.ടി.ടി.ഇക്കാർ നാല് പോലീസുകാരെ കൊലപ്പെടുത്തിയതോടെയാണ് സംഘർഷത്തിന് തുടക്കമിട്ടത്. തുടർന്ന് ജാഫ്ന പ്രവിശ്യയിലും കൊളംബോയ്ക്ക് സമീപമുള്ള രണ്ട് വിമാനത്താവളങ്ങളിലും സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാർലമെന്റ് തീവ്രവാദ നിരോധന നിയമം പാസാക്കി. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യക്തികളെ വിചാരണ കൂടാതെ 18 മാസം വരെ തടവിലാക്കാനുള്ള അധികാരവും സുരക്ഷാ സേനയ്ക്ക് പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷണവും അത് ഉറപ്പാക്കി.
1983 ജൂലൈ പകുതിയോടെ, ശ്രീലങ്കൻ സുരക്ഷാ സേന എൽ.ടി.ടി.ഇയുടെ സൈനിക വിഭാഗത്തിന്റെ തലവനായ ചാൾസ് ആന്റണിയെ കൊലപ്പെടുത്തി . (പ്രഭാകരൻ മൂത്തമകന് നൽകിയ പേര് ചാൾസ് ആൻ്റണി എന്നായിരുന്നു) അതിനുശേഷം, അദ്ദേഹത്തിന്റെ കൊലപാതകത്തിന് പ്രതികാരമായി, എൽ.ടി.ടി.ഇ ജാഫ്നയിൽ ശ്രീലങ്കൻ സൈനിക പട്രോളിംഗിനെ പതിയിരുന്ന് ആക്രമിച്ച് 13 സൈനികരെ കൊലപ്പെടുത്തി. പ്രസിഡന്റ് ജൂനിയസ് ജയവർധനയുടെ ഭരണകൂടം കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കൊളംബോയിലേക്ക് ഒരു കൂട്ട ശവസംസ്കാരത്തിനായി കൊണ്ടുവരാൻ തീരുമാനിച്ചു. ഈ പ്രവൃത്തി നിസ്സംശയമായും സിംഹള വികാരങ്ങളെ ആളിക്കത്തിക്കുകയും തമിഴ് സമൂഹത്തിനെതിരെ അക്രമാസക്തമായ പ്രതികാരത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കൊളംബോയിലും മറ്റിടങ്ങളിലും ഒരാഴ്ചയ്ക്കുള്ളിൽ രണ്ടായിരത്തോളം തമിഴർ കൊല്ലപ്പെട്ടതായി വിശ്വസനീയമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസ് നിഷ്ക്രിയ കാഴ്ചക്കാരായി, സായുധ സേനാംഗങ്ങൾ ഉൾപ്പെടെ അക്രമത്തിൽ പങ്കെടുത്തതിന് തെളിവുകളുണ്ട്.
ജൂലൈയിലെ വംശഹത്യയ്ക്ക് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ, ദുരിതമനുഭവിക്കുന്ന തമിഴ് സമൂഹത്തിന് ആശ്വാസം നൽകുന്നതൊന്നും, പ്രസിഡന്റ് ജയവർധനയുടെ ഭരണകൂടം ചെയ്തില്ല. വംശഹത്യയുടെയും സർക്കാരിന്റെ പ്രതികൂല സമീപനങ്ങളുടെയും ഫലമായി, ഒരു ലക്ഷത്തിലധികം തമിഴർ ഭവനരഹിതരായി. അടുത്ത വർഷങ്ങളിൽ ലക്ഷക്കണക്കിന് പേർ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തു., എൽ.ടി.ടി.ഇയ്ക്കുള്ള ഒരു പ്രധാന റിക്രൂട്ട്മെന്റ് സാധ്യതയായി ഈ സംഭവങ്ങൾ പ്രവർത്തിച്ചു. ഫലത്തിൽ, അടുത്ത മുപ്പത് വർഷത്തേക്ക് രാജ്യത്തെ വിഴുങ്ങിയ പൂർണ്ണമായ ആഭ്യന്തര യുദ്ധത്തിന്റെ ഉത്ഭവം 1983 ജൂലൈയിലെ നടുക്കുന്ന സംഭവങ്ങളിൽ നിന്നാണ്. ഭരണകൂടവും, സിംഹള ഭൂരിപക്ഷവും ചേർന്നു നടത്തിയ വംശഹത്യാ നടപടികളാണ്, പിൽക്കാലത്ത് ഇന്ത്യയിലും തമിഴർക്കനുകൂലമായ മനോഭാവം സൃഷ്ടിച്ചത്.
ജാഫ്നയിലെ സ്ഥാപനങ്ങൾ, തെരുവുകൾ, മാർക്കറ്റ്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾക്കെല്ലാം സിവിൽ വാറുമായി ബന്ധപ്പെട്ട, കുറേയെറെ അസ്വസ്ഥകരമായ ഓർമ്മകളുണ്ട്.
ജാഫ്ന കോട്ടയ്ക്കുള്ളിലെ കാഴ്ചകൾ
ഏപ്രിലിലെ കൊടുംചൂടിൽ ജാഫ്ന കോട്ടയിലേക്കുളള യാത്ര രാവിലെയാക്കുന്നതാണ് ഉചിതമെന്നു തോന്നി. നല്ലൂർ കന്ദസ്വാമി ക്ഷേത്രത്തിനടുത്തെ താമസസ്ഥലത്തു നിന്ന്, പിക്മി ഉപയോഗിച്ച് വിളിച്ച ബൈക്കിൽ കോട്ടയിലെത്തി. പോർട്ടുഗീസുകാർ നിർമ്മിച്ച്, ഡച്ചുകാരിലൂടെ, ഇംഗ്ലീഷുകാരിലൂടെ, സിവിൽ യുദ്ധകാലത്തെ സൈന്യത്തിൻ്റെയും, തമിഴ് പുലികളുടേയും നിരന്തരമായ ഏറ്റുമുട്ടലുകളിലൂടെ കടന്നുവന്നതിൻ്റെ എല്ലാ പരിക്കുകളും ജാഫ്ന കോട്ടയിൽ കാണാം.
കോട്ടയ്ക്കുള്ളിലെ ചെറിയ മ്യൂസിയത്തിൽ ശ്രീലങ്കയുടെ ബുദ്ധിസ്റ്റ് ചരിത്രത്തിൻ്റെയും, സൈറ്റുകളുടെയും സചിത്ര വിവരണമുണ്ട്. കൊളോണിയലിസ്റ്റ് കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടെങ്കിലും, ആഭ്യന്തരയുദ്ധം പരാമർശിക്കുന്നില്ല. മറച്ചുപിടിക്കാനാവാത്ത തെളിവെന്ന പോലെ, യുദ്ധത്തിൽ തകർന്ന അവശിഷ്ടങ്ങൾ കോട്ടയ്ക്കുള്ളിൽ കൂട്ടിയിട്ടിരിക്കുന്നു.
ചുരുക്കം ചില ആളുകളൊഴിച്ചാൽ, സന്ദർശകർ കുറവ്. കോട്ടയ്ക്കുള്ളിൽ ഗൈഡോ കാര്യങ്ങൾ വ്യക്തമാക്കിത്തരാൻ മറ്റാരുമോ ഇല്ലാത്ത സാഹചര്യത്തിലാണ് ടിക്കറ്റ് സീൽ ചെയ്യുന്ന ചെറുപ്പക്കാരനോട് ചില സംശയങ്ങൾ ചോദിച്ചത്. കോട്ട പിടിക്കാൻ സൈന്യവും തമിഴ് പുലികളും തമ്മിൽ നടന്ന രൂക്ഷമായ പോരാട്ടങ്ങളെക്കുറിച്ച് അയാൾ തമിഴിലും മുറി ഇംഗ്ലീഷിലുമായി പറഞ്ഞു തുടങ്ങി. ഇടയ്ക്കെപ്പോഴോ അയാളുടെ വ്യക്തി ജീവിതത്തിലേക്കും വഴിമാറി. പേര് പ്രദീപൻ. കിളിനോച്ചിയിലാണ് വീട്. പതിനേഴോ, പതിനെട്ടോ വയസ്സുള്ളപ്പോൾ എൽ.ടി.ടി.ഇ അനുഭാവ സംഘത്തിൽ ചേർന്നു. അന്ന് കിളിനോച്ചിയിലേയും, വാവുനിയയിലേയുമെല്ലാം കുട്ടികൾക്ക് ഈഴം ആവേശമായിരുന്നു. സംഘം ചില ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുന്നു. അതെന്തായിരുന്നുവെന്ന് അയാൾ പറഞ്ഞില്ല. പൊട്ടു അമ്മനേയും സൂസയേയുമെല്ലാം നേരിൽ കണ്ടിട്ടുണ്ട്. പക്ഷേ തലൈവരെ കണ്ടിട്ടില്ല. അദ്ദേഹത്തെ, ആർക്കും അങ്ങനെയൊന്നും കാണാനാവുമായിരുന്നില്ല.

2008-ൽ ഒരു വൈകുന്നേരത്ത്, കുറച്ചു കൂട്ടുകാർക്കൊപ്പം കിളിനോച്ചിയിലെ ക്ലബ്ബിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് റോഡിൽ സൈനികവാഹനം വന്നു നിന്നത്. അതിൽ നിന്നു ചാടിയിറങ്ങിയവർ തോക്കുകളുമായി ക്ലബിനു നേരെ ഓടിവരുന്നതാണ് കണ്ടത്. രക്ഷപ്പെടാൻ സമയം കിട്ടുന്നതിനുമുമ്പ് വെടിവയ്പാരംഭിച്ചു. കൂട്ടനിലവിളികളിൽ ആരെല്ലാം മരിച്ചുവെന്നോ, രക്ഷപ്പെട്ടുവെന്നോ അറിയില്ല. ചിലർ വെടിയേറ്റു വീണു. കഴുത്തിൻ്റെയും, കവിളിൻ്റെയും വശങ്ങളിലൂടെ രണ്ടു വെടിയുണ്ടകൾ പാഞ്ഞു പോയി. കവിളിലേയും കഴുത്തിലേയും ആഴത്തിലുള്ള മുറിവുകൾ ഉണങ്ങിയ പാടുകൾ പ്രദീപൻ കാണിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന അയാളെ അവർ ഏതോ ഹോസ്പിറ്റലിലെത്തിച്ചു. പിന്നെ രണ്ടു വർഷത്തോളം പല ജയിലുകളിൽ കിടന്നു. അന്നു കൂടെയുണ്ടായിരുന്ന പെൺകുട്ടികളിലൊരാളെ സൈന്യം പിടിച്ചു കൊണ്ടുപോയി. അവളിനിയും മടങ്ങിവന്നിട്ടില്ല. മൊബൈലിൽ മെലിഞ്ഞുണങ്ങിയ ആ പെൺകുട്ടിയുടെ ചിത്രം പ്രദീപൻ കാണിച്ചുതന്നു. സംസാരിക്കുമ്പോഴെല്ലാം അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഏതോ ഒരു ശ്രീലങ്കൻ സൈനികോദ്യോഗസ്ഥൻ പ്രദീപനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പഠിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞപ്പോൾ എ ലെവൽ പരീക്ഷ എഴുതാൻ ജയിലിൽ സൗകര്യമുണ്ടാക്കി. രണ്ടു മാസം കൊണ്ട് പഠിച്ചു പരീക്ഷയെഴുതി പാസ്സായി. മാപ്പപേക്ഷയെഴുതിക്കൊടുത്ത് ജയിലിൽ നിന്നു പുറത്തിറങ്ങി. പിന്നെ മൂന്നാലു വർഷം അലച്ചിലായിരുന്നു. ഒടുവിൽ എങ്ങനെയോ ഇവിടെയെത്തി. ഇപ്പോൾ മുപ്പതു വയസ്സിനു മീതേയുള്ള ജാഫ്നയിലെ യുവാക്കളിൽ പലരും പ്രദീപൻ്റേതിനു സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാവണം.
‘വൈറ്റ് വാൻ’ സ്റ്റോറീസ്
യുദ്ധത്തിലും, യുദ്ധശേഷവും വൈറ്റ് വാനിൽ വന്നവർ പിടിച്ചുകൊണ്ടുപോയ ഇനിയും തിരിച്ചെത്താത്ത ചില സുഹൃത്തുക്കളുടെ ഫോട്ടോയും പ്രദീപൻ മൊബൈലിൽ കാണിച്ചു. ഒപ്പം കുറെ കുട്ടികൾക്കൊപ്പമിരിക്കുന്ന പ്രഭാകരൻ്റെ പന്ത്രണ്ടു വയസ്സുകാരനായ ബാലചന്ദ്രൻ്റെ ചിത്രവും. ആ കുഞ്ഞിനെ സൈന്യം പിടികൂടി തൊട്ടടുത്തു നിന്നു വെടിവെച്ചു കൊല്ലുകയായിരുന്നു. അക്കാലത്തെ പത്രങ്ങളിലും, ചാനൽ വാർത്തകളിലും വന്ന രണ്ടു ചിത്രങ്ങൾ വല്ലാതെ ഉലച്ചുകളഞ്ഞതാണ്. മിഠായി നുണഞ്ഞിരിക്കുന്ന കുട്ടി, തൊട്ടു പിന്നാലെ നെഞ്ചിൽ തുള വീണ് വെടിയേറ്റു കിടക്കുന്നു.
യുദ്ധസമയത്തെ
ഒരു രാത്രിയുടെ സമ്മർദ്ദം
നമ്മുടെ കുട്ടികളെ മുതിർന്നവരാക്കി മാറ്റും
ഒരു സുഹൃത്തിനെ,
ശത്രുവായി കരുതി
കൊല്ലാൻ വേണ്ടി
നിശാശലഭത്തിൻ്റെ ചിറകുകൾ
മനഃപൂർവ്വം പറിച്ചെറിയുന്നതും
വടികളും ചില്ലകളും
തോക്കുകളാക്കി മാറ്റുന്നതും
ഞങ്ങളുടെ കുട്ടികളുടെ കളിയായി മാറി
യുദ്ധകാലത്തെ ഒരു രാത്രിയുടെ
സമ്മർദ്ദത്തിനിടയിൽ
ഞങ്ങളുടെ കുട്ടികൾ
മുതിർന്നവരായി മാറിയിരിക്കുന്നു.
23-ാം വയസ്സിൽ ആത്മഹത്യ ചെയ്ത ശിവരപ്രിയ എന്ന കവിയുടെ യുദ്ധസമയത്ത് എന്ന കവിത നമ്മെ പൊള്ളിക്കുന്നത് യുദ്ധകാലത്തെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള സങ്കടകരമായ ഓർമ്മകൾ കൊണ്ടാവാം.
പ്രദീപൻ്റെ അനുഭവ വിവരണങ്ങളിലെ ‘വൈറ്റ് വാൻ’ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിലെ പ്രധാന കഥാപാത്രമാണ്. കോവിഡ് കാലത്തെപ്പോഴോ കണ്ട വൈറ്റ് വാൻ സ്റ്റോറീസ് എന്ന ഡോക്യുമെൻ്ററിയാണ് പെട്ടെന്ന് ഓർമ്മയിൽ വന്നത്. തമിഴ് ഫിലിം മേക്കറും ആക്ടിവിസ്റ്റുമായ ലീന മണിമേഖലയാണ് ചാനൽ 4 നു വേണ്ടി അത് നിർമ്മിച്ചത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിനു തൊട്ടു പിന്നാലെ, ഏറെ പ്രതിസന്ധികൾ നേരിട്ടാണ് ലീന ഡോക്യുമെൻ്ററി ചിത്രീകരിച്ചത്. ശ്രീലങ്കയിൽ വംശീയയുദ്ധ സമയത്തും, അതിനു ശേഷവും നടന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അതിലുള്ളത്.
ശ്രീലങ്കയിലെ വംശീയ സംഘർഷ കാലത്ത് നമ്പർ പ്ലേറ്റില്ലാത്ത വെളുത്ത വാൻ തമിഴ്മേഖലയിലെ ജനങ്ങൾക്ക് ഭയപ്പെടുത്തുന്ന ഓർമ്മയായിരുന്നു. പതിനായിരക്കണക്കിന് ആളുകളെയാണ് തമിഴ് പുലികളെന്നും, അനുഭാവികളെന്നും സംശയിച്ച് വെള്ളവാനുകളിൽ വന്നവർ തട്ടിക്കൊണ്ടുപോയത്. അവരാരും പിന്നീട് ജീവനോടെ വീടുകളിലേക്ക് തിരിച്ചെത്തിയില്ല. അപൂർവ്വം ചിലരെ ക്രൂരമായി ആക്രമിച്ചശേഷം തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അബ്സ്കൗണ്ടിംഗ് എന്ന് പോലീസ് രേഖകളിൽ എഴുതപ്പെട്ട ഈ മനുഷ്യർക്കു മേൽ നടന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ്.
ഭരണകൂടം സ്പോൺസർ ചെയ്ത അതിക്രമങ്ങളാണ് ഇവയെന്ന് ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഏറെ നിയമപോരാട്ടങ്ങൾ നടന്നിട്ടും, ഒരു കേസിലും ആരും ശിക്ഷിക്കപ്പെട്ടില്ലയെന്നത് അവരുടെ വാദങ്ങൾ ശരിവയ്ക്കുന്നുണ്ട്. യുദ്ധം കഴിഞ്ഞ് ഒന്നര ദശകം പിന്നിടുമ്പോഴും വാവുനിയയിലേയോ, കിളിനോച്ചിയിലെയോ, മുല്ലൈത്തീവിലേയോ ആളുകൾ അതൊന്നും സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ സംശയവും, നിശ്ശബ്ദതയും, ഭയവും ഇവിടുത്തെ തെരുവുകളിൽ ഇപ്പോഴുമുണ്ട് എന്നു മനസ്സിലാക്കേണ്ടിവരും.
വെളുത്ത വാൻ പിടിച്ചു കൊണ്ടുപോയവരിൽ മാധ്യമപ്രവർത്തകരുണ്ട്, മനുഷ്യാവകാശ പ്രവർത്തകരുണ്ട്, അധ്യാപകരുണ്ട്, ഭരണകൂടത്തിന് സംശയം തോന്നിയവരെല്ലാവരുമുണ്ട്.
അങ്ങനെയൊരാളാണ് താരകി എന്ന പേരിൽ എഴുതിയിരുന്ന ധർമ്മരത്നം ശിവറാം. ശ്രീലങ്കയിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനായിരുന്നു. 2005 ഏപ്രിൽ 28 ന് കൊളംബോയിലെ ബംബാലാപിത്യ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് വെള്ള വാനിൽ എത്തിയ നാലു പേർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. അടുത്ത ദിവസം ശ്രീലങ്കൻ പാർലമെന്റിനടുത്തു നിന്ന് തലയിൽ വെടിയേറ്റ നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി.

ദ സൺഡേ ലീഡർ എഡിറ്റർ ലസന്ത വിക്രമതുങ്കയുടെ കൊലപാതകം, ദ നേഷൻ എന്ന വാരികയുടെ അസോസിയേറ്റ് എഡിറ്റർ കീത്ത് നോയാറിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കൽ, ഉപാലി ടെന്നക്കൂണിനെ ആക്രമിച്ചത്, കോളമിസ്സും കാർട്ടൂണിസ്റ്റുമായ പ്രഗീത് എക്‌നെലിഗോഡയുടെ തിരോധാനം എന്നിങ്ങനെ അറിയപ്പെടുന്നവരും, അല്ലാത്തവരുമായ നിരവധി മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടു. പ്രമുഖ മാധ്യമപ്രവർത്തകനാ കീത്ത് നോയറിനെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ച ശ്രീലങ്കൻ വർക്കിംഗ് ജേർണലിസ്റ്റ് പ്രസിഡൻ്റായിരുന്ന പൊദ്ദല ജയന്തയെ വൈറ്റ് വാനിൽ വന്നവർ തട്ടിക്കൊണ്ടുപോയി കൈകാലുകൾ തല്ലിയൊടിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. നിരന്തരമായ ഭീഷണികൾക്കൊടുവിൽ അദ്ദേഹം യു.എസിലേക്കു പലായനം ചെയ്തു. 2005 മുതൽ 15 വരെയുള്ള മഹീന്ദ -ഗോതഭയ കാലത്താണ് ഈ അതിക്രമങ്ങളെല്ലാം നടന്നത്. ഭരണകൂടത്തിൻ്റെ ഏകാധിപത്യ സ്വഭാവത്തെയും, കുടുംബവാഴ്ചയേയും, അഴിമതിയേയും, വംശീയ ഉൻമൂലനത്തേയും, യുദ്ധ കുറ്റകൃത്യങ്ങളേയും പുറത്തു കൊണ്ടുവന്ന നിരവധി പത്രപ്രവർത്തകർക്ക് ജീവൻ നഷ്ടമായി, ക്രൂര മർദ്ദനമുറകൾക്കിരയായി.
യുദ്ധം അവസാനിച്ചു, പക്ഷെ…
ശ്രീലങ്കയിലെ ക്രൂരവും രക്തരൂക്ഷിതവുമായ വംശീയ സംഘർഷം 26 വർഷങ്ങൾക്കുശേഷം 2009- ൽ അവസാനിച്ചു. കുറഞ്ഞത് ഒരു ലക്ഷം പേരാണ് കൊല്ലപ്പെട്ടത് എൽ.ടി.ടി.ഇയെ ശ്രീലങ്കൻ സൈന്യം പരാജയപ്പെടുത്തിയ യുദ്ധം അവസാനിച്ചിട്ട് 15 വർഷം കഴിഞ്ഞിട്ടും, സംഘർഷത്തിലേക്കു നയിച്ച കാരണങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. സിംഹള ബുദ്ധമത ഭൂരിപക്ഷം സമ്പന്നമായ തെക്കൻ പ്രദേശങ്ങളിലും തമിഴർ വികസിതമല്ലാത്തതും കൂടുതൽ സൈനികവൽക്കരിക്കപ്പെട്ടതുമായ രാജ്യത്തിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ രാജ്യം എക്കാലത്തെയും പോലെ രണ്ടായി ഇപ്പോഴും വേർതിരിക്കപ്പെട്ടിരിക്കുന്നു.
യുദ്ധാനന്തര വർഷങ്ങളിൽ വ്യാപകമായിരുന്ന ക്രൂര പീഢനങ്ങൾ കുറഞ്ഞെങ്കിലും, ഭരണകൂട സർവൈലൻസും തീവ്രവാദ നിരോധന നിയമവും (PTA) ഇപ്പോഴും തുടരുന്നു. 1979- ൽ പാസാക്കിയ ഈ നിയമം തീവ്രവാദിയെന്ന് സംശയിക്കുന്ന ആരെയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്യാനും, കുറ്റപത്രമോ തെളിവോ ഇല്ലാതെ തടങ്കലിൽ വയ്ക്കാനും, നിർബന്ധിത കുറ്റസമ്മതം നടത്താനും, പീഡിപ്പിക്കാനും, സൈന്യത്തിനും പോലീസിനും അവസരം നൽകുന്നു.
"യുദ്ധംഅവസാനിച്ചുവെന്ന് അവർ പറയുന്നു, പക്ഷേ അവർ എപ്പോഴും തമിഴരോട് ചെയ്തതുപോലെ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ഞങ്ങളെ തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ, ഞങ്ങളുടെ ഭൂമി കൈയടക്കൽ, തെളിവില്ലാതെ PTA ഉപയോഗിച്ച് ഞങ്ങളെ തടവിലാക്കൽ. എന്താണ് മാറിയതെന്ന് പറയൂ, ഞങ്ങൾ ഇപ്പോഴും ഒരു തുറന്ന ജയിലിലാണ് താമസിക്കുന്നത്’’- ജാഫ്ന മാർക്കറ്റിൽ, കച്ചവടം നടത്തുന്ന പാണ്ഡ്യൻ രഹസ്യമായി ചോദിക്കുന്നു.
2009-ൽ ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും, യുദ്ധക്കുറ്റവാളികളായ സൈനികോദ്യോഗസ്ഥരുടെ വിചാരണയ്ക്ക് അനുമതി നൽകിയിട്ടില്ല. എൽ.ടി.ടി.ഇയുമായി വിദൂര ബന്ധമുള്ള ആളുകളെ സർക്കാർ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നു. യുദ്ധകാലത്തെപ്പോലെ വ്യാപകമല്ലെങ്കിലും, "ഉയർന്ന സുരക്ഷാ മേഖലകൾ" എന്ന് വ്യക്തമാക്കിയ തമിഴ് പ്രദേശങ്ങൾ ശ്രീലങ്കൻ സൈന്യം ഇപ്പോഴും കൈവശപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സൂക്ഷ്മമായ അർത്ഥത്തിൽ, ശ്രീലങ്കൻ സർക്കാർ തമിഴ് സമൂഹത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നത് തുടരുന്നു.
തമിഴ് മേഖലകളിലെ
സിംഹളവൽക്കരണം
ജാഫ്നയിലും കങ്കേശൻതുറയിലും തമിഴ് പ്രദേശങ്ങളിൽ വേലി കെട്ടി ബുദ്ധിസ്റ്റ് വിഹാരങ്ങളും, ക്ഷേത്രങ്ങളും നിർമ്മിക്കുന്ന രണ്ടിടങ്ങൾ നേരിട്ടു കണ്ടു. അവിടങ്ങളിലേയ്ക്കുള്ള വഴി അന്വേഷിക്കുമ്പോൾ തമിഴർ അവിശ്വാസത്തോടെ നോക്കുന്നതാണ് കണ്ടത്.
യുദ്ധത്തിനുശേഷം വ്യാപകമായി നടക്കുന്ന സിംഹളവൽക്കരണ പ്രക്രിയയിലൂടെ, സിംഹള സംസ്കാരം തമിഴ് ജനതയുടെ സംസ്കാരത്തെ പതുക്കെ മാറ്റിസ്ഥാപിക്കുന്നതിൻ്റെ അസ്വസ്ഥത അവരിലുണ്ട്. സിംഹളീസ് സ്മാരകങ്ങൾ, റോഡ് അടയാളങ്ങൾ, തെരുവ്, ഗ്രാമനാമങ്ങൾ, ബുദ്ധമത ആരാധനാലയങ്ങൾ എന്നിവ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ സാധാരണമായി. ശ്രീലങ്കൻ ചരിത്രത്തെ സിംഹളചരിത്രം മാത്രമാക്കി പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളും ശ്രീലങ്കൻ സംസ്കാരത്തിലെ തമിഴ്, ഹിന്ദു ഘടകങ്ങളെയെല്ലാം ഇല്ലാതാക്കാനും ശ്രമിക്കുന്നു. ജാഫ്നയുടെ ഉൾഗ്രാമങ്ങളിൽ സിംഹള ബുദ്ധമത സംരക്ഷിത പ്രദേശങ്ങളും, സെറ്റിൽമെൻ്റുകളും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. കങ്കേശൻതുറയ്ക്കടുത്ത്, ടിസ്സ വിഹാരിയ എന്ന ബുദ്ധവിഹാരത്തെച്ചൊല്ലി തമിഴർ സംഘർഷത്തിലാണ്. യുദ്ധത്തിൽ കുടിയിറക്കപ്പെട്ട 14 തമിഴ് കുടുംബങ്ങളുടെ സ്വകാര്യ ഭൂമിയിലാണ് ശ്രീലങ്കൻ സൈന്യം അനധികൃതമായി ക്ഷേത്രം നിർമ്മിച്ചത്. മുമ്പ് ഒരു ചെറിയ സ്ഥലത്ത് നിലനിന്നിരുന്ന ടിസ്സ വിഹാരയ, സൈന്യം പിടിച്ചെടുത്ത ഭൂമി ഉപയോഗിച്ച് വികസിപ്പിക്കുകയാണ് ചെയ്തത്. ജാഫ്നയിൽ വിവിധയിടങ്ങളിൽ നിന്ന് സിംഹള ചരിത്രം കുഴിച്ചെടുക്കാനുള്ള ശ്രമമാണ് കൾച്ചറൽ ഡിപ്പാർട്ടുമെൻ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്.
തമിഴർ ഉപേക്ഷിച്ചു പോയതോ, പുറത്താക്കപ്പെട്ട തോ ആയ പ്രദേശങ്ങളിൽ സിംഹള കോളനികളും, അധിവാസ പ്രദേശങ്ങളും നിർമ്മിക്കുന്നതും തുടരുന്നു. പുറത്താക്കപ്പെട്ട ജാഫ്നയിലെ തമിഴർ ഇടം തേടി എവിടെയെല്ലാമോ അലഞ്ഞുതിരിയുന്നു. തമിഴരുടെ പ്രവാസ ജീവിതത്തെ എഴുത്തുകാർ ആവിഷ്ക്കരിക്കുന്നതിങ്ങനെയാണ്.
My son in Jaffna
My wife in Colombo
My father in Vanni
At this old age
My mother in Tamilnadu
Relatives in Frankfort
One sister in France
But me In Oslo
As a camel that has strayed to Alaska
losing its way.
What is our family?
Is it a cotton pillow torn and flung into the wind
By Fate the monkey?
(തുടരും)
ഭാഗം ഒന്ന്:
ശ്രീലങ്കൻ യാത്ര തുടങ്ങുന്നു;
രണ്ടു കരകൾക്കിടയിലെ അതിരില്ലാക്കടൽ