ഡോർചെസ്റ്ററിലെ ഞായറാഴ്ച ചന്തയിലുള്ള പച്ചക്കറിക്കട / ഫോട്ടോകൾ: ഡോ. അരവിന്ദ് രഘുനാഥൻ

മനുഷ്യരുടെയും മത്തിയുടെയും മണം നുരയുന്ന
ഒരു ബ്രിട്ടീഷ് ഗ്രാമചന്തയിൽ

ഒരു തനി ബ്രിട്ടീഷ് ഗ്രാമപ്രദേശത്ത് ഞായറാഴ്ചയും ബുധനാഴ്ചയും സജീവമായി നടക്കുന്ന പഴമയുടെ നിറമുള്ള ചന്തയിലേക്കൊരു യാത്ര. എഴുത്തും ഫോട്ടോകളും ഡോ. അരവിന്ദ് രഘുനാഥൻ.

യൂറോപ്പിലെ മിക്കവാറും ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും വിനോദസഞ്ചാര പരസ്യവാചകങ്ങളിൽ പൊതുവെ കാണുന്ന വാക്ക്, ‘ചരിത്രപ്രാധാന്യമുള്ളത്’ എന്നതായിരിക്കും. പുരോഗമിച്ച ചരിത്രഗവേഷണങ്ങളെക്കുറിച്ചും സ്മാരകങ്ങളെയും അതിനോടനുബന്ധിച്ച കഥകളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചും ലോകത്തോട് സന്തോഷത്തോടെ വിളിച്ചുപറയാൻ ഈ സ്ഥലങ്ങൾ വെമ്പൽ കൊള്ളുന്നപോലെ തോന്നും.

ഇംഗ്ലണ്ടിലെ തെക്കുപടിഞ്ഞാറ് ഡോർസെറ്റ് കൗണ്ടിയിലെ ഡോർചെസ്റ്ററിൽ വരുന്നവരെ എതിരേൽക്കുന്നത് The Historic Market Town of Dorchester എന്നെഴുതിയ ബോർഡാണ്. The Mayor of Casterbridge പോലുള്ള ലോകപ്രശസ്ത കൃതികളെഴുതിയ തോമസ് ഹാർഡിയുടെ ജന്മദേശം എന്ന നിലയിൽ സാഹിത്യതൽപരർക്ക് കൗതുകകരമാണെങ്കിലും, ഡോർചെസ്റ്റർ ഒരു വിനോദസഞ്ചാരിയുടെ ലിസ്റ്റിൽ ആദ്യസ്ഥാനങ്ങളിലുണ്ടാവണമെന്നില്ല.

ബോൺമത്ത്, വെയ്മത്ത് എന്ന രണ്ടു കടൽത്തീര പട്ടണങ്ങളുടെയിടയ്ക്ക്, യുനെസ്കോ പൈതൃകപദവിയുള്ള ജുറാസ്സിക് കോസ്റ്റിനടുത്തായി കിടക്കുന്ന ഇവിടേക്ക് ഇംഗ്ലണ്ടിലെ മറ്റു പല ഭാഗങ്ങളിലെയും പോലെ വിദേശീയരുടെ കുടിയേറ്റം വലുതായി സംഭവിച്ചിട്ടുമില്ല, നാഷണൽ ഹെൽത്ത് സർവീസിന്റെ ഒരു ജനറൽ ഹോസ്പിറ്റൽ കുറച്ചു മലയാളികളെ ജോലിക്ക് ഇങ്ങോട്ട് ആകർഷിച്ചതൊഴിച്ചാൽ.
എന്റെ രണ്ടര വർഷത്തെ താമസസ്ഥലമെന്നതിലുപരി, ഒരു തനി ബ്രിട്ടീഷ് ഗ്രാമപ്രദേശത്ത് ഞായറാഴ്ചയും ബുധനാഴ്ചയും സജീവമായി നടക്കുന്ന പഴമയുടെ നിറമുള്ള ചന്തയാണ് ഈ കുറിപ്പിന്റെ ശ്രദ്ധ ഡോർചെസ്റ്ററിലേക്ക് കൊണ്ടുവരുന്നത്.

ഡോർചെസ്റ്ററിലെ ഞായറാഴ്ച ചന്തയിലുള്ള പച്ചക്കറിക്കട

വീട്ടിലേക്ക് പച്ചക്കറികളും പഴങ്ങളും വാങ്ങാമെന്നതുകൊണ്ട്, ബുധനാഴ്ചയിലെ കാർഷിക ചന്തയിലാണ് ഞാൻ കൂടുതലും പോകാറ്. എറണാകുളം ജില്ലയിലെ വടവുകോടിൽ വയലുംപാട് മൈതാനത്ത് കളിച്ചുവളർന്ന എനിക്ക് കാർഷിക ചന്തയിൽ ഇഷ്ടം തോന്നുന്നത് സ്വാഭാവികം. ഇന്നു കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ വരുന്നതിനുമുമ്പ് വയലുംപാട്ടിൽ കന്നുകാലികളെ കച്ചവടം ചെയ്യാൻ ആഴ്ചയിലൊരുദിവസം ചന്തയുണ്ടായിരുന്നു. ബസിൽ പഴയ കണ്ടക്ടർമാരാണെങ്കിൽ ടിക്കറ്റെടുക്കുമ്പോൾ വയൽ എന്നുപറഞ്ഞാൽഇപ്പോഴും വയലുംപാട്ടിലിറങ്ങാം.

വസന്തത്തിലും വേനലിലും വീടിനുമുന്നിൽ തൂക്കാനായി വിവിധതരം പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പൂക്കൂടകൾ മനോഹര കാഴ്ചയാണ്.

ബുധനാഴ്ചത്തെ പരിപാടി വച്ച് നോക്കുമ്പോൾ, ഡോർചെസ്റ്ററിലെ ഞായറാഴ്ച ചന്ത കാർഷിക ഉല്പന്നങ്ങളുടെ വിപണിയേക്കാൾ സെക്കന്റ് ഹാൻഡ് സാധനങ്ങളുടെ മാർക്കറ്റായാണ് പ്രവർത്തിക്കുന്നത്. ആ ചന്ത, വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന സാധനങ്ങൾ വലിയ വിലയ്ക്ക് വിൽക്കാൻ കൊണ്ടുവയ്ക്കുന്ന തട്ടിപ്പാണ് എന്നാണ് ഡോർച്ചസ്റ്റർകാരനായ സുഹൃത്ത് ജോണിന്റെ അഭിപ്രായം. എന്നിരുന്നാലും, അപൂർവങ്ങളിൽ അപൂർവമായ വസ്തുക്കൾ ക്ഷമയോടെ കണ്ടുപിടിക്കാൻ കണ്ണുള്ളവർക്ക് ഞായറാഴ്ച ചന്ത അക്ഷയഖനിയാകാൻ സാധ്യതയുണ്ട്.

കാർ പാർക്കിംഗിനുപയോഗിക്കുന്ന, ഒരു ചെറിയ ഇടവഴി വേർതിരിക്കുന്ന രണ്ട് കോമ്പൗണ്ടുകളാണ് ഞായറാഴ്ചയും ബുധനാഴ്ചയും ചന്തയായി വേഷം മാറുന്നത്. ചന്തയുള്ള ദിവസങ്ങളിൽ തന്നെയും അതിലെ വലിയ കാർ പാർക്കിൽ മുക്കാൽ ഭാഗത്തും കാറുകൾ പാർക്ക് ചെയ്തിട്ടുണ്ടാകും. ചെറിയൊരു പ്രദേശമായതുകൊണ്ട് പാർക്കിങ്ങിന് വേറൊരു സ്ഥലം തരപ്പെടുത്താൻ ഡോർചെസ്റ്റർ കൗൺസിലിന് ബുദ്ധിമുട്ടാണ്. ആ പാർക്കിംഗ് കോമ്പൗണ്ടിന്റെ ബാക്കി സ്ഥലത്തുനിന്ന് കച്ചവടത്തിന്റെയും ജനങ്ങളുടെ ഇടപഴകലിന്റെയും നിറമുള്ള കാഴ്ചകൾ തുടങ്ങുകയായി.

യൂറോപ്യൻ ആതിഥ്യത്തിന്റെയും വീടലങ്കാരങ്ങളുടെയും പ്രധാന ചേരുവയാണ് പൂക്കൾ കൊണ്ടുള്ള ബൊക്കെകൾ. മാർക്കറ്റിൽ വിൽക്കാൻ വച്ചിരിക്കുന്ന പൂച്ചെടികള്‍

എല്ലാവരോടും വർത്തമാനം പറയുന്ന, വർഷങ്ങളായി ചന്തയിൽ കച്ചവടത്തിനായി വരുന്നുണ്ടെന്ന് ആർക്കും മനസ്സിലാകുന്ന നല്ല പ്രായമുള്ള ഒരു സ്ത്രീയുടെ പൂച്ചെടി കച്ചവടമാണ് ഇവിടേക്കു കയറുമ്പോൾ ആദ്യം ശ്രദ്ധയാകർഷിക്കുക. സിഗരറ്റ് വലിച്ചും ഉറക്കെ സംസാരിച്ചും ചിരിച്ചും അവർ എല്ലായിടത്തും ഓടി നടക്കുന്നു. ബ്രിട്ടീഷുകാർ സൊറ പറഞ്ഞു തുടങ്ങാനായി ഒന്നുകിൽ കാലാവസ്ഥയെ, അല്ലെങ്കിൽ ഫുട്ബോളിനെയാണ് ആശ്രയിക്കുന്നതെന്നു പൊതുവെ പറയും. ഇവിടെ ചെടിക്കച്ചവടമായതുകൊണ്ട് കാലാവസ്ഥയെക്കുറിച്ചു പറയാൻ വ്യക്തമായ കാരണം കൂടിയുണ്ടല്ലോ, ഈ വല്യമ്മയത് സന്തോഷത്തോടെ ഉപയോഗിക്കുന്നുണ്ട്. വീടിന്റെയുള്ളിൽ വയ്ക്കാൻ ഈ ചെടിയാകാം, ദിവസമിത്രയായിട്ടും ആ ചെടി പൂന്തോട്ടത്തിൽ നട്ടില്ലേ, അങ്ങനെയങ്ങനെ…

നേർവിപരീതദിശയിൽ ഒരു അച്ഛനും മകളും കൂടി അതേ കച്ചവടം ചെയ്യുന്നുണ്ട്, പക്ഷെ വാക്ചാതുരിയിൽ ആരാണ് വിജയി എന്നൊരു ചോദ്യമേയില്ല. വല്യമ്മയുടെ അടുത്ത് വലിയ പൂച്ചെടികളുള്ളപ്പോൾ അപ്പുറത്ത് കൂടുതലും നിലത്തുനിന്ന് അധികം ഉയരമില്ലാത്ത ചെറിയ ചട്ടികളിലുള്ളതാണ്. വസന്തത്തിലും വേനലിലും വീടിനുമുന്നിൽ തൂക്കാനായി വിവിധതരം പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പൂക്കൂടകൾ മനോഹര കാഴ്ചയാണ്.

അച്ഛന്റെയും മകളുടെയും പൂച്ചെടിക്കട.

ചന്ത ദിവസങ്ങളിൽ, നടുക്കുള്ള ചെറു റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. പഴയ കളിപ്പാട്ടങ്ങളും ഭംഗിയുള്ള ചായക്കോപ്പകൾ പോലുള്ള സാധനങ്ങളും നാട്ടിലെ സ്കൂളിലുള്ളതുപോ​ലത്തെ മേശകളിൽ നിരത്തി വച്ചിരിക്കുന്നു. സെക്കന്റ് ഹാൻഡ് എന്ന് പറയുന്നതിനുപകരം പലരും pre loved എന്ന വാക്കാണ് ഉപയോഗിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആരുടെയോ ഇഷ്ടങ്ങൾക്കനുസരിച്ച് അകത്തളങ്ങൾ അലങ്കരിച്ചിരുന്നവയാണല്ലോ ഇവ. സെക്കൻഡ് ഹാൻഡ് എന്നതിനെ അപേക്ഷിച്ചുനോക്കുമ്പോൾ, pre loved എന്ന വാക്ക് കൂടുതൽ വികാരപരവും മാനവികവുമായി തോന്നുന്നില്ലേ?

ഈ ഭാഗത്തു നിന്നാണ് ഒരിക്കൽ ബിൽ ബ്രൈസന്റെ നാലഞ്ചു പുസ്തകങ്ങൾ ഒരുമിച്ച് വെറും നാല് പൗണ്ടിന് ഞാൻ വാങ്ങിയത്. ഇന്ത്യയിലെ വായനക്കാർ എന്തുകൊണ്ടോ അത്രയ്ക്കങ്ങ് പരിചയപ്പെടാത്ത, എന്നാൽ സഞ്ചാരസാഹിത്യത്തിൽ വളരെ പ്രശസ്തനായ, ബ്രൈസണെകുറിച്ച് ചെറിയൊരു സ്റ്റഡി ക്ലാസും തന്നിട്ടാണ് എന്നെ കച്ചവടക്കാരൻ യാത്രയാക്കിയത്.

ചന്തയിൽ പൂക്കള്‍ വില്‍ക്കുന്നവര്‍

ഒരു വ്യാപാരമേളയിലെ സ്റ്റാളുകൾ പോലെ പെട്ടെന്ന് അഴിച്ചുകൊണ്ടുപോകാൻ പാകത്തിന് കെട്ടിയ മറ്റു കടകളിൽ നിന്ന് ഭിന്നമായി, പാർക്കിങ് കോമ്പൗണ്ടിന്റെ ഒരറ്റത്തുള്ള മുറികളിലൊന്നിൽ ചന്ത ദിവസങ്ങളിൽ മാത്രം തുറക്കുന്ന ഒരു കടയുണ്ട്. വളർത്തുമൃഗങ്ങളുടെ തീറ്റയും അവരെ ചുറ്റിപ്പറ്റിയുള്ള സാധനങ്ങളുമാണ് അവിടെയുള്ളത്. മാംസാവശിഷ്ടങ്ങൾ പൊടിച്ചെടുത്തത് മുതൽ കുതിരയ്ക്കുള്ള മുതിര വരെ, കമ്പി വളച്ചുണ്ടാക്കിയ ചെറിയ കൂട് മുതൽ തീറ്റയിട്ടു കൊടുക്കാനുള്ള ചിത്രപ്പണികളുള്ള ബൗളുകൾ വരെ ഈ കടയിൽ കിട്ടും. നിരപ്പലകകൾ അടുക്കിവച്ച നമ്മുടെ നാട്ടിലെ പഴയ പലചരക്കുകടയുടെ പ്രതീതി ഈ കടമുറിക്കുചുറ്റും തങ്ങിനിൽക്കുന്നു. തൊട്ടപ്പുറത്ത്, ചില ആഴ്ചകളിൽ മാത്രം ഒരു തുണിക്കട കാണാം. ഇംഗ്ലണ്ടിലെ കാലാവസ്ഥ പോലെ തന്നെ (ബിൽ ബ്രൈസന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ This small rainy island) വിരസമായ കറുപ്പ്, നീല, ചാര നിറങ്ങളിലാണ് ഇവിടുത്തെ വസ്ത്രങ്ങളെന്നും പറയാറുണ്ട്. പക്ഷെ, ആ രീതിയിൽ നിന്ന് വ്യത്യസ്തമാണ് കണ്ണുകൾക്ക് സുഖകരമായിട്ടുള്ള ഈ തുണിക്കടയിലെ പലാസോ പാന്റുകൾ. 

ഇടറോഡ് കടന്നാൽ ചന്തയുടെ പ്രധാന കോമ്പൗണ്ടിലെത്താം. മതിലിനു പിറകിൽ ഒളിച്ചിരിക്കുന്ന പോലൊരിടത്താണ് മുട്ട മാത്രം വിൽക്കുന്ന ഒരാളെ ചില ആഴ്ചകളിൽ കാണുക. മാലിന്യം കുറയ്ക്കാനായി നിരനിരയായി മുട്ടകൾ വയ്ക്കുന്ന അട്ടികളുമായി ആൾക്കാർ വരുന്നത് കാണുമ്പോഴാണ് പുനരുപയോഗം എന്ന സമ്പ്രദായം ഇവിടെയൊക്കെ എത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാവുക. (ചായക്കടകളിൽ സ്വന്തം ഗ്ലാസ് കൊണ്ടുചെന്നാൽ ഡിസ്കൗണ്ട് കൊടുക്കുന്നതുപോലുള്ള, പ്രകൃതിയെ നോവിക്കുന്നതൊഴിവാക്കുന്ന സിംപിളും പവർഫുള്ളുമായ ഐഡിയകളും പ്രചാരത്തിലുണ്ട്). 

ചന്തയിലെ മീന്‍ കച്ചവടം

ബുധനാഴ്ച ചന്തയിൽ മീൻ കച്ചവടം ചെയ്യുന്ന ചേച്ചി ഞാനുമായി കമ്പനിയാണ്. പലതും ഏതു മീനാണെന്നു മനസ്സിലാവാത്തതുകൊണ്ട് വറുക്കാനോ കറി വയ്ക്കാനോ നല്ലതെന്ന് സ്ഥിരം ചോദിച്ച് പരിചയമായതാണ്. ചക്രമുള്ള ഒരു അലുമിനിയം പെട്ടിക്കട പോലെയിരിക്കും ഈ മീൻകട. മത്തി, അയല തുടങ്ങി തിരണ്ടിയും ഞണ്ടും കക്കയും വരെ ചേച്ചിയുടെ മൂർച്ചയുള്ള കത്തി കാത്ത് ഐസിൽ പുതഞ്ഞുകിടക്കുന്നു. കോഴിക്കോട് ഐ.ഐ.എമ്മിന്റെ പുറകിലത്തെ ഗേറ്റിനരികെയുള്ള, കുടുംബശ്രീ ചേച്ചിമാർ ഉണ്ടാക്കുന്ന വറുത്തെടുത്ത മത്തിയുടെ രുചിയോർത്ത് സ്ഥിരം പ്രലോഭനം തോന്നാറുണ്ടെങ്കിലും, ഇവിടങ്ങളിലെ വീടുകളിൽ മണം തങ്ങിനിൽക്കാനുള്ള സാധ്യത മുന്നിൽ കണ്ട് ഡോർചെസ്റ്ററിലെ മത്തിയെ ഞാൻ നിരാശയോടെ കണ്ടില്ലെന്നു നടിക്കും.

ബ്രിട്ടീഷുകാർ റിട്ടയർമെൻറ് ജീവിതത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഡോർസെറ്റും അവിടുത്തെ ഗ്രാമങ്ങളും.

മീൻകടക്കരികിൽ ഒരു കുടുംബം ബർഗറും ഹോട്ട്ഡോഗും കാപ്പിയും വിൽക്കുന്ന വേറൊരു അലുമിനിയം പെട്ടിക്കട നടത്തുന്നു. മിക്കവാറും സമയങ്ങളിൽ അച്ഛനും മകളും കൂടിയാണ് ചൂട് തവയിൽ ബണ്ണിന്റെയിടയിൽ സവാളയും ബീഫും വച്ച് ബർഗർ തയാറാക്കി തരുന്നത്. ചന്തയിലെ തിരക്കിന്റെ പാരമ്യത്തിലും ഈ കടയുടെ മുന്നിലിട്ടിരിക്കുന്ന കസേരകളിൽ പഴയ ചുള്ളൻമാരും ചുള്ളത്തികളും അലസമായൊരു സന്തോഷത്തോടെ കാപ്പികുടിച്ചിരിക്കുന്നുണ്ടാവും. യു.കെയുടെ ഉത്തരദേശങ്ങളെ അപേക്ഷിച്ച് ചൂട് ലേശം കൂടുതലുള്ളതുകൊണ്ട്, ബ്രിട്ടീഷുകാർ റിട്ടയർമെൻറ് ജീവിതത്തിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഡോർസെറ്റും അവിടുത്തെ ഗ്രാമങ്ങളും.

മീന്‍ കച്ചവടം

യൂറോപ്യൻ ആതിഥ്യത്തിന്റെയും വീടലങ്കാരങ്ങളുടെയും പ്രധാന ചേരുവയാണ് പൂക്കൾ കൊണ്ടുള്ള ബൊക്കെകൾ. ഒരു മിനിവാനിന്റെ മുന്നിൽ അവ നിരത്തിവച്ച് വിൽക്കുന്നിടത്ത് എപ്പോഴും നല്ല തിരക്കാണ്. കൗബോയ് തൊപ്പി വച്ച പൂക്കാരൻ ആ കളറിന്റെയൊപ്പം ഈ പൂവ് നല്ലതായിരിക്കുമെന്നൊക്കെ നിർദ്ദേശിച്ചും തന്റെ കഴിവ് കാണിക്കുന്നുണ്ട്. ഇടയ്ക്ക് ബൊക്കെകൾ വാടാതിരിക്കാൻ തളിച്ച വെള്ളം വഴിയേ നടന്നുപോകുന്നവരുടെ ദേഹത്തു വീഴുമ്പോൾ ഉറക്കെ ചിരിച്ചൊരു തമാശയാക്കി മാറ്റാനും നോക്കുന്നുണ്ട്. തണുപ്പ് കാലാവസ്ഥയിൽ എത്രപേർക്ക് അത് ശരിക്കുമൊരു തമാശയായി തോന്നുന്നുണ്ടോ ആവോ?

റൊട്ടിയും അനുബന്ധ വിഭവങ്ങളുമായി വേറൊരു ചേച്ചി അങ്ങേവശത്തിരിക്കുന്നു. പൊതുവേ അലസഭാവമാണ്. എന്നാൽ ഉപഭോക്താവെത്തിയാൽ വിശേഷങ്ങൾ ചോദിച്ചും ചേരുവകളെക്കുറിച്ചു പറഞ്ഞുമൊക്കെ തന്നെയാണ് കച്ചവടം. ഇറ്റാലിയൻ വേരുകളുണ്ടെന്നാണ് സ്റ്റാളിന്റെ പേരിൽ നിന്ന് മനസ്സിലാക്കേണ്ടത്. ലോകത്തെവിടെയായാലും, വ്യത്യസ്തത കാണിക്കാൻ വേറൊരു പ്രദേശത്തു നിന്നാണെന്ന് പറയുമല്ലോ? കൊച്ചിയിൽ മലബാർ ബിരിയാണി മെനുവിന്റെ ഹൈലൈറ്റ്, മലബാറിൽ കൊച്ചിൻ ബിരിയാണി ബോർഡിൽ ചിരിച്ചിരിക്കുന്നു എന്ന പോലെ.  

ഇറ്റാലിയന്‍ ബേക്കറിയില്‍ ബ്രഡ് നിരത്തിവച്ചിരിക്കുന്നു.

ചന്തയുടെ കേന്ദ്രബിന്ദു പച്ചക്കറി-പഴം കച്ചവടം നടത്തുന്ന ഇടമാണ്. ഇവിടെയാണ് ഏറ്റവും തിരക്കും. സാധനങ്ങളുടെ വിലയും ഗുണവുമൊക്കെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് ഇവിടെ ആളുകളെ ആകർഷിക്കുന്നത്. യുറോപ്പിലെവിടെയും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലകൾ കാണാമെങ്കിലും അവ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് പറഞ്ഞ്, നാടൻ ചന്തകളെയും വഴിയോര കച്ചവടത്തെയും ആശ്രയിക്കുന്നവർ നിരവധിയാണ്. അത്തരം ആദർശങ്ങളെ ന്യായീകരിച്ചുകൊണ്ടുതന്നെ, ന്യൂജൻ കടകളിൽ ലഭ്യമല്ലാത്ത തനിനാടൻ സംഗതികളും ഈ ചന്തകളിൽ ലഭ്യമാണ്. ഓക്ക് മരത്തിന്റെ ഇലകൾ, ചെസ്റ്റ്നട്ട്, നാടൻ മധുരക്കിഴങ്ങ് അങ്ങനെ പലതും. പുതിയ കാലത്തിന്റെ മാറ്റമാണോ എന്നറിയില്ല, സൂപ്പർമാർക്കറ്റിലെ പോലെ തന്നെ ഒരു വഴിയിൽ കൂടി കൂടയുമായി കയറിയാൽ സാധനങ്ങൾ തൊട്ടും മണത്തുമൊക്കെ നോക്കി തിരഞ്ഞെടുത്ത് ചുറ്റിവളഞ്ഞ് കാശ് കൊടുക്കുന്നിടത്ത് എത്തിച്ചേരാം. 

പച്ചക്കറി ചന്തയുടെ തൊട്ടപ്പുറത്ത് ഒരു വല്യപ്പൻ ചെരുപ്പുകച്ചവടം ചെയ്യുന്നുണ്ട്. ഫാഷനേക്കാൾ ഉപയോഗത്തിനാണ് അദ്ദേഹം മുൻതൂക്കം കൊടുക്കുന്നതെന്ന് വ്യക്തം. ഏതു കാലാവസ്ഥയിലും യോജിക്കുന്ന കട്ടി കൂടിയ ഷൂസുകളാണ് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൈയിലെടുത്ത് ഞെരിച്ചും താഴെയിട്ടും ഷൂസിന്റെ ദൃഢത കാണിക്കാൻ അദ്ദേഹത്തിന് വല്യ ഉത്സാഹമാണ്. തൊട്ടപ്പുറത്തുള്ള കടയിൽ ബാറ്ററി മുതൽ സോക്സ് വരെ ആകെ മൊത്തം ഒരു മേളം. ഉപഭോക്താക്കൾക്കും ആ കുഴച്ചിൽ അനുഭവപ്പെടുന്നതുകൊണ്ടാണോ എന്നറിയില്ല, ഒരിക്കലും അവിടെ തിരക്ക് കണ്ടിട്ടില്ല.

ചെരിപ്പ് വില്‍ക്കുന്ന വയോധികൻ

ഡോർസെറ്റിൽ തന്നെയുണ്ടാക്കുന്ന ജാമും ജെല്ലിയും ചട്നിയും ഭംഗിയുള്ള ചെറിയ ചില്ലു ജാറുകളിലാക്കി കച്ചവടത്തിനിരിക്കുകയാണ് വേറൊരാൾ. അതിൽ നിന്നുള്ള വരുമാനം ഒരു ജീവകാരുണ്യ സംഘടനയ്ക്കാണെന്ന് എഴുതിവച്ചിട്ടുണ്ട്. വീട്ടിലെ പഴയ ഫർണിച്ചർ വിറ്റുകിട്ടുന്ന പൗണ്ടൊക്കെ മൊത്തം ഇത്തരം കാര്യങ്ങൾക്ക് നീക്കിവയ്ക്കുന്നവരെ ഞാനിവിടെ കണ്ടുമുട്ടാറുണ്ട്, പ്രത്യേകിച്ചും ഞായറാഴ്ച ചന്തയിൽ. ചിലർ വരുന്നതാകട്ടെ, കച്ചവടത്തിനേക്കാളുപരി വർത്തമാനം പറഞ്ഞു നിൽക്കാനാണെന്നും തോന്നാറുണ്ട്.

തണുത്ത് വിറങ്ങലിച്ച ശീതകാല ആഴ്ചകളിൽ കമ്പിളി വസ്ത്രങ്ങളുടെയും കഴുത്തിലിടുന്ന സ്കാർഫുകളുടെയും സ്റ്റാളുകളുമുണ്ടാകും. ക്രിസ്മസ് കാലത്ത് വർണ്ണക്കടലാസുകളും മറ്റ് അലങ്കാര വസ്തുക്കളും ചന്തയ്ക്ക് മൊത്തത്തിൽ ഒരു ആഘോഷഛായ നൽകുന്നു. 

ചന്തയിലെ, സോസും ജെല്ലിയും വില്‍ക്കുന്ന കട

യൂറോപ്യൻ ജനത തങ്ങളുടെ പഴമയെയും വ്യവഹാരങ്ങളെയും മുറുകെ പിടിക്കുന്നവരായാണ് പൊതുവേ അറിയപ്പെടുന്നത്. പഴയ ശൈലിയിലുള്ള വീടുകൾ മുതൽ ഇത്തരം കാർഷിക ചന്തകൾ വരെ ആ സംസ്കാരത്തിന്റെ അടയാളങ്ങളാണ്.

യാത്ര ചെയ്യുമ്പോൾ നമ്മളിൽ പലരും നഗരങ്ങളിലും മാളുകളിലും മാത്രം കറങ്ങി തിരിച്ചുപോകാറുണ്ട്. ലോകത്തെവിടെയായാലും, എല്ലാ നഗരങ്ങളിലും ‘അമേരിക്കനൈസേഷൻ’ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭീമാകാരങ്ങളായ മാളുകൾ, അതിൽ തന്നെ ഒരേ ബ്രാൻഡുകളുടെ നിര… അങ്ങനെയാകുമ്പോൾ, വൈവിധ്യമാർന്ന സംസ്കാരങ്ങ​ളെക്കുറിച്ച് അറിയാൻ ഇത്തരം ഗ്രാമച്ചന്തകളിലേക്കും ഉൾനാടുകളിലേക്കും പോകേണ്ടതുണ്ട്.

Comments