Photo : touropia.com

ആകാശം ചൂഴ്‌ന്നെടുക്കും
​അമുൻ റായുടെ പ്രകാശസൂചികൾ

ക്രിസ്തീയ ആധിപത്യസൂചകമായി ഒബ്ലിസ്‌ക്കുകൾ പല രാജ്യങ്ങളിലേക്ക് കടത്തിയിരുന്നു. ഒന്ന് വത്തിക്കാനിലും മറ്റൊന്ന് ടൂർക്കിയിലും പോളണ്ടിലും ഒക്കെയുണ്ടെന്ന് ​ദുഃഖത്തോടെ പറഞ്ഞു, ഗൈഡ് സബ. അതെല്ലാം തിരിച്ചുകൊണ്ടുവരണം എന്ന ആവശ്യവും ചില ആളുകൾ ഉയർത്തുന്നുണ്ട് എന്നും അവർ പറഞ്ഞു.

ആറ്

കപ്പലിലെ കൂട്ടുകാർ

ചെറുപ്പത്തിൽതന്നെ അച്ഛൻ മരിച്ചുപോയതിൽപിന്നെ അമ്മയെയും പെങ്ങളെയും സംരക്ഷിക്കാൻ കപ്പലിൽ പണിക്കിറങ്ങിയ പതിനെട്ടുകാരനായിരുന്നു യൂസുഫ്. മനസ്സിലാക്കിയതിൽനിന്ന് അവന് വളരെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. കൊഞ്ചിക്കൊഞ്ചി ചിരിച്ച്​അവൻ അനീഷിനോട് ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഞാനും കയറി. കപ്പലിലെ മാനേജർ മുകളിലേക്ക് കയറിവരുമ്പോൾ അവൻ ഓടിയൊളിക്കും. ചിലനേരം മാനേജർ അവനെ കുറച്ചൊന്ന്​ ഇഷ്ടപ്പെടാത്തപോലെ നോക്കും. ഞങ്ങൾക്ക് വല്ലതും വേണോ എന്ന് അതിവിനയത്തോടെ അദ്ദേഹം ചോദിച്ചു. ആ വിനയഭാവത്തിനിടയിൽ തന്നെയും സഞ്ചാരികളോട് അനാവശ്യമായി ഇടപെടേണ്ട കാര്യമില്ല എന്ന തരത്തിൽ യൂസഫിനുള്ള ഒരു താക്കീതും ഞങ്ങൾക്ക് വായിച്ചെടുക്കാനായി.

ഉടനെ കോട്ടും സൂട്ടും ഇട്ട അവൻ അവിടെയെല്ലാം തുടച്ചുവൃത്തിയാക്കി നടന്നു. മാനേജർ വിട്ടുപോകുന്ന സമയങ്ങളിൽ അവൻ കൂടെക്കൂടെ വന്ന് ഞങ്ങളോട് സംസാരിച്ചു.
‘യുവർ മാനേജർ' എന്ന് ഞങ്ങൾ ഇടയ്ക്ക് അവനെ പറ്റിച്ചു. അവൻ പരിഭ്രമപ്പെട്ട് ജാഗ്രത്തനായി പണി തുടർന്നു. അവൻ ഞങ്ങളുടെ ഫോൺ നമ്പർ വാങ്ങി, എണീച്ചോ ഉറങ്ങിയോ എന്ന കൊച്ചുകുട്ടി ചോദ്യങ്ങൾ വാട്‌സാപ്പിൽ ചോദിക്കാൻ തുടങ്ങി. ഇത്തിരിനേരം സംസാരിച്ചാൽ അനീഷേ, ഇനി നീ കുറച്ച് സംസാരിക്ക് എന്നുപറഞ്ഞ് ഞാൻ അവന്റെ ചാറ്റ് അനീഷിന് കൈമാറി. നേരിട്ടുള്ള സംഭാഷണം പലപ്പോഴും ഗൂഗിൾ ട്രാൻസ്ലേറ്ററിലായിരുന്നു. ഞങ്ങൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് അറബിയിലാക്കി അവനെ കാണിക്കും. അവൻ തിരിച്ച് അതുപോലെ അറബിയിൽ ടൈപ്പ് ചെയ്ത് ഇംഗ്ലീഷിൽ കാണിക്കും. അർത്ഥവ്യതിയാനമുണ്ടെങ്കിൽത്തന്നെയും ഹൃദയങ്ങൾ തമ്മിൽ സംസാരിക്കാൻ അത് ധാരാളമായിരുന്നു.

യാത്രയവസാനിപ്പിച്ച് തിരിച്ചു പോയാൽപ്പിന്നെ ആരും മറുപടി പോലും അയക്കാത്തതെന്തെന്ന് അവൻ ഞങ്ങളോട് ആരാഞ്ഞു. നിങ്ങളും അതുപോലെന്നോട് ചെയ്യുമോ എന്നും ഇടയ്ക്കവൻ കാര്യമായി ചോദിച്ചു. സത്യത്തിൽ ഞാൻ മൗനിയായി.

ഇവിടെയായിരിക്കുമ്പോൾ ടൂറിസ്റ്റുകൾ കാര്യമായി സംസാരിക്കുകയും, ഇടപെടുകയും, യാത്രയവസാനിപ്പിച്ച് തിരിച്ചു പോയാൽപ്പിന്നെ ആരും മറുപടി പോലും അയക്കാത്തതെന്തെന്ന് അവൻ ഞങ്ങളോട് ആരാഞ്ഞു. നിങ്ങളും അതുപോലെന്നോട് ചെയ്യുമോ എന്നും ഇടയ്ക്കവൻ കാര്യമായി ചോദിച്ചു. സത്യത്തിൽ ഞാൻ മൗനിയായി. ഞങ്ങളും വ്യത്യസ്തരായിരിക്കില്ല. നിന്റെ ജീവിതം സഞ്ചാരികൾക്ക് ഇടവേളകളിലെ ചെറിയ നേര​മ്പോക്കുമാത്രം. നിനക്കറിയാത്ത ലോകത്തിലെ ഇടപാടുകളെല്ലാം ഓരോ കൊടുക്കൽവാങ്ങലുകളാണ്. തിരക്കുള്ള ജീവിതത്തിന്റെയിടയ്ക്ക് നിന്റെ സന്തോഷസല്ലാപങ്ങൾക്കൊന്നും ഞങ്ങളെ തൊടാനേ കഴിയുകയില്ല. തിരിച്ചുപോകുന്നതിനു മുമ്പ് ഒരിക്കൽക്കൂടി രഹസ്യമായി കാണാൻ വരുമോ എന്നവൻ ഞങ്ങളോട് ചോദിച്ചിരുന്നു.

പോകാൻനേരം അവിടെ വച്ചുപരിചയപ്പെട്ട ഓരോ ആളുകളെയും കണ്ട് ഞങ്ങൾ യാത്ര പറഞ്ഞു. ഒരു സ്പാനിഷ് അമ്മൂമ്മ അവരുടെ ജീവിതത്തെ പറ്റിയും മക്കളെ പറ്റിയും ഏറെ നേരം സംസാരിച്ചിരുന്നു. ഭർത്താവിനുവേണ്ടി ഒഴുകാത്ത പുഴ എന്നാണ് അവരെപ്പറ്റി, നൈലിനെ നോക്കി അവർ എന്നോട് പറഞ്ഞത്. കുട്ടികളെയെല്ലാം വളർത്തി വലുതാക്കി ഇപ്പോൾ 72 വയസ്സിൽ ലോകം കാണാനുള്ള യാത്രയിൽ അവരന്നേരം തനിച്ചായിരുന്നു. വടിവൊത്ത ശരീരത്തിലെ തൊലി മാത്രം വാർദ്ധക്യത്തിലേക്ക് പിടിവിട്ടുപോയിരിക്കുന്നു. സ്പാനിഷ് സംഘം ഞങ്ങൾക്കുമുമ്പേ പോകാനൊരുങ്ങി. പിന്നെ ആ കപ്പലിൽ ബാക്കിയുണ്ടായിരുന്നത് ഞങ്ങളും ഒരു സുഡാനി കുടുംബവും മാത്രമാണ്. സുന്ദരമായ മൈഥുനങ്ങളെ കപ്പലിൽ എന്നെന്നേക്കുമുള്ള ഓർമയാക്കി ഇണകൾ ഓരോരുത്തരായി അവിടം വിട്ട് ഇറങ്ങിപ്പോകുന്നു.

പോകുന്നതിനുമുമ്പ് കാണണം എന്നു പറഞ്ഞുപിരിഞ്ഞ യൂസഫിനെ കാണാനില്ല. ടൂറിസ്റ്റുകൾക്ക് ടിപ്പുകൊടുക്കുക എന്നത് വളരെ സാധാരണമാണവിടെ. അതിനും കൂടി വകയിരുത്തിവേണം അവിടുത്തെ യാത്രയ്‌ക്കൊരുങ്ങാൻ. പക്ഷേ ചിലപ്പോൾ എത്രപേർക്ക് എത്രമാത്രം എന്നൊക്കെയുള്ള സമ്മർദ്ദത്തിലാകും നമ്മൾ. ആ കപ്പൽ നിറയെ പണിക്കാരാണ്. പണി നന്നായി വീതിച്ചെടുക്കുന്നവരാണ് അവിടുത്തെ ആളുകൾ. സഞ്ചാരികളുമായി ഇടപെടാൻ ഓരോരുത്തർക്കും പ്രത്യേകം അവസരങ്ങളുണ്ടാക്കും. എല്ലാവരും ടിപ്പ് ചോദിക്കും.

യൂസഫിനെ മാനേജർ വിലക്കിയിരിക്കുമെന്ന് ഞങ്ങൾ കരുതി. പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അവൻ എവിടെനിന്നോ പാഞ്ഞെത്തി. നിർത്തിയിട്ടിരിക്കുന്ന അടുത്ത കപ്പലിലേക്ക് ഞങ്ങൾ പെട്ടികൾ കയറ്റി വയ്ക്കുന്നതിനിടയിൽ സഹായിക്കാനെന്നപോലെ അവൻ കയറിവന്നു. യാത്രപറഞ്ഞ് കുറച്ചു പണവും നൽകി ഞങ്ങൾ അവനേയും പിരിഞ്ഞു. നന്നായി സ്പാനിഷ് സംസാരിക്കാനറിയാവുന്ന ഗമാൽ എന്ന ലൂക്ക്‌സൂറുകാരൻ ആ കപ്പലിൽ മൂന്നു ദിവസത്തേക്ക് ഫ്രീലാൻസായി ജോലി ചെയ്യാൻ വന്നവനായിരുന്നു. സ്പാനിഷ് സഞ്ചാരികളുള്ള കപ്പലിൽ ജോലി അവൻ തേടി കണ്ടുപിടിക്കുന്നു. റിസപ്ഷനിലിരുന്ന് സഞ്ചാരികൾക്കുവേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നു. പോകാൻനേരം ഒരൊഴിഞ്ഞ പേപ്പർ കവർ ഞങ്ങളെയേൽപ്പിച്ചു. എന്തെങ്കിലും ടിപ്പ് അതിലിടാൻ അദ്ദേഹം നിർദ്ദേശിച്ചു.

നമുക്കറിവില്ലാത്ത ദേശത്തിലെ, ഒരുപക്ഷേ നമുക്കു മനസ്സിലാക്കാൻ സാധിക്കാത്ത വികാരങ്ങൾ കൊണ്ടുനടക്കുന്ന, ഏതോ ഭാഷയിൽ സംസാരിക്കുന്ന, നമുക്കപരിചിതമായ പ്രതിസന്ധികളിലും ഇഷ്ടങ്ങളിലും മോഹങ്ങളിലും അലയുന്നവരെ നിർവികാരമായ കണ്ണുകളോടെ, എന്നാൽ ജ്വലിക്കുന്ന മനസ്സോടെ യാത്രകളിൽ നോക്കിയിരിക്കും ഞാൻ

കഴിഞ്ഞ മൂന്നുദിവസത്തിലെ യാത്രയ്ക്കിടയിൽ വീഡിയോ പിടിച്ചൊരുവൻ നടന്നിരുന്നു. ഞങ്ങൾ കപ്പലിന്റെ മുകൾത്തട്ടിൽ ഇരിക്കുന്നതിന്റെയും പുറത്തേക്ക് ഇറങ്ങുന്നതിന്റെയും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടക്കുന്നതിന്റയും ദൃശ്യങ്ങൾ അവൻ പകർത്തി. അവരുടെയെന്തോ ആവശ്യത്തിനാണ് എന്ന മട്ടിലാണ് കാര്യങ്ങൾ. ഡക്കിലേക്ക് കയറിപ്പോകുന്ന വഴിയിൽ ഒരു വലിയ ഡിസ്‌പ്ലേയിൽ അവൻ എഡിറ്റ് ചെയ്ത വീഡിയോയുടെ പ്രദർശനമായിരുന്നു, ഞാൻ അവിടം വിട്ടുപോകുന്നതിന്റെ തലേന്ന് രാത്രി. നമ്മളുള്ള രംഗങ്ങൾ അവൻ നമ്മളെ കാണിച്ചു തരും. നമ്മൾ ധൃതംഗപുളകിതരാകും. സിഡിയിലോ പെൻഡ്രൈവിലോ കോപ്പി ചെയ്തുതരും. ഓരോന്നിനും ഓരോ ചാർജ് ആണ്. അയാളുടെ അധ്വാനത്തെയോർത്ത്, അത് വാങ്ങാതെ നിരസിച്ചാൽ അയാൾക്കുണ്ടാകുന്ന നിരാശയോർത്ത് സന്ദേഹത്തോടെ ആ വീഡിയോ പലരും വാങ്ങിവയ്ക്കും. അയാൾക്ക് ആ വീഡിയോ പിടിച്ചു കിട്ടുന്ന ചില്ലറ വരുമാനമാണ് ആകെയുള്ളത്.

കപ്പൽയാത്രയിൽ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും ശ്രദ്ധിച്ചതും ശ്രദ്ധിക്കാത്തതും ആശ്ചര്യപ്പെടുത്തിയതുമായ ആളുകളെ, വിചിത്രമായ ആൺ പെൺ സൗഹൃദങ്ങളെ, നമ്മുടെ കാഴ്ചയുടെ അച്ചിന് യോജിക്കാത്ത ചില മനുഷ്യച്ചേർപ്പുകളെ വീണ്ടും ഓർത്തെടുക്കാൻ അതെടുത്തു നോക്കാമല്ലോ എന്ന് ഞാൻ ആഹ്ലാദിച്ചു. അപരിചിതരായ ആളുകളെ കണ്മുന്നിൽ കാണുമ്പോൾ എന്തെന്നറിയാത്ത ആകാംക്ഷ നുരഞ്ഞുപൊന്തുന്നു. നമുക്കറിവില്ലാത്ത ദേശത്തിലെ, ഒരുപക്ഷേ നമുക്കു മനസ്സിലാക്കാൻ സാധിക്കാത്ത വികാരങ്ങൾ കൊണ്ടുനടക്കുന്ന, ഏതോ ഭാഷയിൽ സംസാരിക്കുന്ന, നമുക്കപരിചിതമായ പ്രതിസന്ധികളിലും ഇഷ്ടങ്ങളിലും മോഹങ്ങളിലും അലയുന്നവരെ നിർവികാരമായ കണ്ണുകളോടെ, എന്നാൽ ജ്വലിക്കുന്ന മനസ്സോടെ യാത്രകളിൽ നോക്കിയിരിക്കും ഞാൻ. തടിച്ചുരുണ്ട സ്ത്രീയും മെല്ലിച്ച പുരുഷനും, ചുരുണ്ട മുടി ഉയരത്തിൽ കെട്ടിവെച്ച്​ ടാറ്റു ചെയ്ത പെരുത്ത മനുഷ്യനും കൂടെയുള്ള താമരത്തണ്ടുപോലെ ചുവന്ന പെൺകുട്ടിയും, സ്വതന്ത്രരായി വിന്യസിക്കുന്ന സ്ത്രീസംഘങ്ങളും, തപ്പിത്തടഞ്ഞുനടക്കുന്ന വൃദ്ധരായ കുറെ ദമ്പതിമാരും, നുര പൊന്തുന്ന ബിയറിനുചുറ്റുമുള്ള പുകവലിയാഘോഷങ്ങളും, ഉടലുകളുരസിയുതിരുന്ന പ്രണയമേഘവർഷങ്ങളും, സ്വിമ്മിംഗ്പൂളിലെ പോക്കുവെയിലിൽ തട്ടിക്കളിക്കുന്ന അർദ്ധനഗ്‌നാനന്ദങ്ങളും.

രുചി വൈവിധ്യങ്ങളുടെ ഇന്ദ്രജാലം

കോഷാരി. / Photo : Wikimedia Commons

ജലനിരപ്പിലായി ഏറ്റവും താഴത്തെ നിലയിലാണ് റസ്റ്റോറൻറ്​. ഷെഫുകളെ കണ്ട് യാത്ര പറയാൻ തോന്നിയെനിക്ക്. ആ പേര് അന്വർത്ഥമാക്കും വിധം നാവിലൂടെ വഴുതുന്ന വഴുതനങ്ങാരുചിയറിഞ്ഞു. അതിന്റെ നേർത്ത കട്ടിയുള്ള തൊലിയുടെ ഉപ്പുരസമൂർന്ന് നാവിലേക്ക് ഒലിച്ചിറങ്ങും. പിന്നെയുള്ളത് മീനാണ്. അലക്‌സാൻഡ്രിയയിലെ കടൽമീനും ലുക്ക്‌സൂറിലെ പുഴമീനും. മാർദ്ദവമുള്ള വെളുത്ത മാംസം പൊതിഞ്ഞുനിൽക്കുന്ന എണ്ണക്കറുമുറുപ്പ്. മുൻപ് കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് വച്ചുണ്ടാക്കി തന്നപ്പോഴാണ് ഞാൻ ആദ്യമായി ഈജിപ്ഷ്യൻ സ്വാദിന് അടിമപ്പെട്ടത്. മുന്തിരിയിലകളിൽ പൊതിഞ്ഞെടുത്ത് വെന്ത്​ പൂവായി നാവിലൊട്ടുന്ന ഈജിപ്ഷ്യൻ ഉണ്ടയരി കൊണ്ടുണ്ടാക്കിയ മഹിഷി. ഹോ, മാരകം എന്നേ പറയാനാവൂ. ചുവന്ന പുളിരസച്ചാറിൽ എണ്ണ തിളങ്ങുന്ന പച്ചക്കറികൾക്കുള്ളിൽ കുത്തിനിറച്ച അരിമണികൾ. സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും ഒരുപോലെ രുചിക്കുന്ന തരത്തിലുള്ള ഭക്ഷണവൈവിധ്യം. മസാലകളുടെ പെരുപ്പമില്ലെങ്കിലും രൂക്ഷമായ പുളിരസങ്ങളിൽ നാവിൻതടങ്ങളിൽ തോണിയിറങ്ങും. നമുക്കധികം പരിചയമില്ലാത്ത പച്ചനിറത്തിലുള്ള കോസ വെട്ടിയും വേവിച്ചും അവർ പാത്രം നിറയ്ക്കുന്നു. ഇന്ത്യക്കാർ ഉരുളക്കിഴങ്ങ് സർവ്വഭക്ഷണത്തിനുമൊപ്പം എങ്ങനെയാണോ ഉപയോഗിക്കുന്നത്, അതുപോലെ തന്നെ. നല്ല നീളൻ പച്ചപ്പയറുകളിൽ എണ്ണ തൂവി വാട്ടിയെടുത്ത കൈവിരൽ മൃദുലതയാണ്. ഞാൻ കാത്തുനിന്ന് ചീഫ് ഷെഫിനെ കണ്ടു. ഈജിപ്ഷ്യൻ രുചികളിൽ മയങ്ങുന്നുവെന്നുപറഞ്ഞ് അദ്ദേഹത്തെ വാനോളം പുകഴ്ത്തി. വലിയ കുടവയർ കുലുക്കിച്ചിരിച്ച്​ അദ്ദേഹം എന്നോട് നന്ദി പറഞ്ഞു. വലിയ അടക്കാവലിപ്പത്തിലാണ് അവിടുത്തെ ഈന്തക്കായ്കൾ. അതുപോലെ ഈന്തപ്പനകളും ചെറിയ തെങ്ങുപോലെ കുറച്ച് നീളം കൂടിയതാണ്. പഴങ്ങൾക്കരികിൽ ഒരു വലിയ തളികയിൽ പച്ചയോടെ പറിച്ച് നിറച്ചുവെച്ചിരുന്നു. ഒമാനിലെയത്ര തേൻരുചി തോന്നിയില്ലെങ്കിലും അതും സ്വാദിഷ്ടമായിരുന്നു. ചവർക്കുന്ന ചുവന്നുതുടുത്ത പീച്ചുകൾ ഞങ്ങൾ പോയ കാലത്ത് സുലഭമായിരുന്നു. തമേയ പോലുള്ള ഈജിപ്ഷ്യൻ തെരുവുഭക്ഷണം ഞങ്ങൾക്ക് കഴിക്കാനായില്ല, കാരണം മുഴുവൻ നേരവും ടൂർഗൈഡുകളുടെ സമയക്രമത്തിനുള്ളിൽ ഞങ്ങൾ അകപ്പെട്ടുപോയി. എല്ലാ ഭക്ഷണത്തിനുള്ള ഏർപ്പാടും അവർ തന്നെയാണ് ചെയ്തിരുന്നത്, അതുകൊണ്ടുതന്നെ ഒരുപാട് സമയവും ഞങ്ങൾക്ക് നഷ്ടപ്പെടുത്തേണ്ടി വന്നില്ല.

ഈജിപ്ത് തെരുവുകളിൽ പ്രാവുകളെ വളർത്താൻ ഉപയോഗിക്കുന്ന മൺചിമ്മിനികൾ. / Photo : atlasobscura.com

റോഡരികിൽ മണ്ണുകൊണ്ട് നിർമ്മിച്ച വലിയ മൺകൂനകൾ കാണാം. അതിൽ നിറയെ ചെറിയ പൊത്തുകളുമുണ്ട്. പ്രാവ് വളർത്തുന്ന സ്ഥലമാണത്. ഇളം പ്രാവുകളെ കൊണ്ടവർ ഉണ്ടാക്കുന്ന ഹമാം മഹിഷി അവിടുത്തെ പ്രധാന ഭക്ഷണമാണ്. അരിയും പയറും മക്രോണിയും ഒക്കെചേർന്ന അത്ഭുതരുചിയാണ് കോഷാരി. സംസാരത്തിനുശേഷം വെള്ളപേപ്പർ കൊണ്ട് തൊപ്പിയുണ്ടാക്കി കപ്പലിലെ ഷെഫുകളെന്നെ അണിയിച്ചു. രണ്ടുമൂന്നു ഫോട്ടോകളെടുത്ത് യാത്ര പറഞ്ഞ് ഞാൻ അവിടെ നിന്നും തിരിച്ചിറങ്ങി.

ഒബ്ലിസ്‌ക്കുകൾ

നാലാം ദിവസം ആശ്വാനിൽ ഏർപ്പാടാക്കിയ ടൂർ ഗൈഡ്, സബ തൂങ്ങിപ്പിടിച്ച മുഖവുമായാണ് ഞങ്ങളെ കാണാൻ വൈകിയോടിവന്നത്. മൂക്ക് ചെത്തിക്കളഞ്ഞ ഒരു സ്പിൻങ്സ് പ്രതിമയെ പോലെ പതിഞ്ഞ മൂക്കുള്ള ഒരു മധ്യവയസ്‌ക്ക. വഴിയിൽ നിന്ന് വീട്ടിലെ പല കാര്യങ്ങളും തീർപ്പാക്കാൻ അവർ ബദ്ധപ്പെടുന്നുണ്ടായിരുന്നു. ജീവിതപ്രാരാബ്ദക്കുഴിയിലകപ്പെട്ട ഒരു പാവം വണ്ടിക്കാള. പെട്ടെന്ന് കാര്യങ്ങൾ വിശദീകരിച്ച് തിരിച്ചുപോകാനായി തിടുക്കത്തിലായിരുന്നു പലപ്പോഴും അവർ.

അസ്വാനിലെ ഗ്രാനൈറ്റ് കോറികളിൽ നിന്ന്​ അടർത്തിയെടുത്ത് നൈൽ നദി വഴി കയറ്റിക്കൊണ്ടുവന്ന്, സൂര്യദേവനായ അമുൻ റായ്ക്ക് വേണ്ടി സമർപ്പിച്ചതാണ് മിക്ക ഒബ്ലിസ്‌ക്കുകളും. അവ സൂചിപ്പിക്കുന്നത് സൂര്യകിരണത്തെയാണ്

സൂക്ഷ്മതയോടെ മുറിച്ചെടുക്കപ്പെട്ടവയാണ് ഈജിപ്തിലെ ഒബ്ലിസ്‌ക്കുകൾ. ദൈവങ്ങളെ പ്രീതിപ്പെടുത്താനായി ഉയർത്തിയ, ദീർഘചതുരാകൃതിയിൽ, നീളത്തിൽ പണികഴിപ്പിച്ച ഏകശിലകൾ. അഗ്രം ചെറുതായി പോകുന്ന കുത്തനെയുള്ള ഒരു ദണ്ഡ്. പവിത്രവും കമനീയവുമായ പിരമിഡ് രൂപങ്ങളാണ് അതിന്റെ അറ്റത്തുള്ളത്. ഈ നിർമിതികൾ പുരാതന ഈജിപ്റ്റുകാർക്ക്, പിരമിഡുകൾ പോലെയോ കല്ലറ പോലെയോ തന്നെ പ്രധാനപ്പെട്ട സ്മാരകങ്ങളാണ്. ഓരോ സ്തംഭവും പല നീളത്തിലുള്ളതാണ്. അമ്പല കവാടങ്ങളിൽ രണ്ടു വീതം പണ്ട് നാട്ടിയിരുന്നു. ഫറവോകളുടെ പ്രതാപത്തിന്റെ നേരളവുകൊലുകൾ കൂടിയാണിവ. 3200 ബി.സി മുതൽക്കേ ഇത്തരത്തിലുള്ള രൂപങ്ങൾ സൃഷ്ടിച്ചിരുന്നു. അംബരം ചൂഴ്‌ന്നെടുക്കുന്ന രൂപങ്ങൾ എന്ന അർത്ഥം വരുന്ന തെക്കനു എന്നാണ് പുരാതന ഈജിപ്റ്റുകാർ ഈ ഏകശിലകളെ വിളിച്ചിരുന്നത്. നീളൻ ശിലകൾ എങ്ങനെ ഭൂമിയിൽ കുത്തനെ നാട്ടിയിരിക്കും എന്നത് ഇന്നും ഒരു പ്രഹേളികയാണ്.

അസ്വാനിലെ ഗ്രാനൈറ്റ് കോറികളിൽ നിന്ന്​ അടർത്തിയെടുത്ത് നൈൽ നദി വഴി കയറ്റിക്കൊണ്ടുവന്ന്, സൂര്യദേവനായ അമുൻ റായ്ക്ക് വേണ്ടി സമർപ്പിച്ചതാണ് മിക്ക ഒബ്ലിസ്‌ക്കുകളും. അവ സൂചിപ്പിക്കുന്നത് സൂര്യകിരണത്തെയാണ്. കർണാക്ക് അമ്പലത്തിലേത് നൈൽ നദിക്കരയിലപ്പുറത്ത്, ബെസ്റ്റ് ബാങ്കിൽ നിന്നു നോക്കിയാൽ പോലും കാണാവുന്നതാണ്. അതിന്റെ പിരമിഡഗ്രം സ്വർണത്തിലും വെള്ളിയിലും സൂര്യരശ്മികളേറ്റ് തിളങ്ങി നിൽക്കും. റാമീസ് രണ്ടാമൻ ലുക്‌സൂറിൽ തന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത ഒബ്ലിസ്‌ക്കുകൾ ഉയർത്തുന്ന സമയത്ത് സ്വന്തം മകനെ കൂടി അതിൽ കൂട്ടിക്കെട്ടിയിരുന്നു എന്നൊരു കഥയുണ്ട്. അതായത്, അതീവ ശ്രദ്ധയോടും പവിത്രതയോടും കൂടി അവർ ചെയ്തിരുന്ന ഒരു കാര്യമായിരുന്നു ഒബ്ലിസ്‌ക്കുകളുടെ സ്ഥാപനം. ഓരോ ഒബ്ലിസ്‌ക്കുകൾക്കും ആയിരം ടൺ വരെ ഭാരമുണ്ട്. ലുക്‌സൂറിലെ ഒബ്ലിസ്‌ക്കിന് 25 മീറ്ററും കർണ്ണാക്കിലേതിന് 30 മീറ്ററും നീളമുണ്ട്.

മൊത്തം, മുപ്പതിനടുത്ത് എണ്ണമുള്ള ഏകശിലകളിൽ ആറെണ്ണം മാത്രമേ ഇന്ന് ഈജിപ്തിൽ അവശേഷിക്കുന്നുള്ളൂ. അതിൽ കൂടുതൽ റോമിലുണ്ടെന്നാണ് കണക്ക്. നാട്ടിയതിൽ ലോകത്തിലെ ഏറ്റവും വലുത്, ഇന്ന് പാരീസിൽ സ്ഥിതി ചെയ്യുന്ന, തുത്തുമോസ് മൂന്നാമൻ കർണ്ണാക്കിൽ പണിതുടങ്ങിവച്ച ലാറ്റിറാൻ ഒബ്ലിസ്‌ക്കാണ്. 23 മീറ്റർ നീളവും 250 ടൺ ഭാരവുമുണ്ടതിന്. 1833ൽ അത് പാരീസിൽ എത്തിയത് കിംഗ് ലൂയിസിന്റെ കാലത്താണ്. കിംഗ് ലൂയി ഒരു വലിയ കപ്പലും 300 പണിക്കാരേയും ഒക്കെ ഏർപ്പാടാക്കിയാണ് തങ്ങൾക്ക് ലഭിച്ച സമ്മാനം പാരീസിൽ എത്തിച്ചത്.

കൊളീസിയം ആൻറ് ലാറ്റിറാൻ ഒബ്ലിസ്‌ക്ക് എന്ന ഹ്യൂബർട്ട് റോബർട്ട് ഓയിൽ പെയ്റ്റിങ്ങ്. / Photo :doaks.org

30ൽ, 22 എണ്ണത്തോളം പുതിയ രാജവംശകാലത്ത് പണിയിപ്പിച്ചതാണ്, അതായത് ഹാച്പ്പ്‌സൂത്തിന്റെ കാലത്ത്. ഈജിപ്തിലുള്ളതിൽ ഹാചപ്പ്‌സൂത്തിന്റെതാണ് ഇനിയും നശിക്കാത്ത ഒബ്ലിസ്‌ക്കുകൾ. വലുപ്പക്കൂടുതൽ കൊണ്ട് തൂത്തുമോസ് മൂന്നാമന് തന്റെ ശത്രുവിന്റെ ഒബ്ലിസ്‌ക്കുകൾ മുഴുവനായി നശിപ്പിച്ചുകളയാൻ സാധിച്ചില്ല. വേറൊന്ന് തൊട്ടുമോസ് മൂന്നാമന്റേതുതന്നെയാണ്. പുരാതനകാലങ്ങളിൽ കടത്തിക്കൊണ്ടുപോയതോ 19ാം നൂറ്റാണ്ടിൽ സമ്മാനിക്കപ്പെട്ടതോ ആണ് മറ്റു രാജ്യങ്ങളിലുള്ള ഒബ്ലിസ്‌ക്കുകൾ. ക്ലിയോപാട്രയുടെ സൂചി എന്നറിയപ്പെടുന്ന രണ്ട് ഒബ്ലിസ്‌ക്കുകൾ ഒന്ന് ലണ്ടനിലെ വിക്ടോറിയ എംബാർക്കമെന്റിലും മറ്റൊന്ന് ന്യൂയോർക്കിലേ സെൻട്രൽ പാർക്കിലുമാണ്. അത് 1870നുശേഷം അവിടേക്ക് കൊണ്ടുപോയതാണ്. ക്രിസ്തീയ ആധിപത്യസൂചകമായി ഒബ്ലിസ്‌ക്കുകൾ പല രാജ്യങ്ങളിലേക്ക് കടത്തിയിരുന്നു. ഒന്ന് വത്തിക്കാനിലും മറ്റൊന്ന് ടൂർക്കിയിലും പോളണ്ടിലും ഒക്കെയുണ്ടെന്ന്​ദുഃഖത്തോടെ പറഞ്ഞു, ഗൈഡ് സബ. അതെല്ലാം തിരിച്ചുകൊണ്ടുവരണം എന്ന ആവശ്യവും ചില ആളുകൾ ഉയർത്തുന്നുണ്ട് എന്നും അവർ പറഞ്ഞു.

250 ബി.സിയിൽ, ഗ്രീക്ക് കവിയും ഭൂമിശാസ്ത്രജ്ഞനുമായ ഇറാറ്റോസ്‌തെനിസ് ഭൂമിയിൽ നിഴൽ പതിക്കാത്ത സമയവും, ഒബ്ലിസ്‌ക്കിന്റെ നിഴൽവലുപ്പവും, ആസ്വാനിലും അലക്‌സാൻഡ്രിയയിലും അതിന്റെ ചെരിവും അടയാളപ്പെടുത്തി, ഭൂമിയുടെ വിസ്തീർണ്ണം കിറുകൃത്യമായി കണ്ടുപിടിച്ചിരുന്നു. ചില ഒബ്ലിസ്‌ക്കുകളുടെ ഭംഗിയെന്തെന്നുവെച്ചാൽ, പ്രഭാതത്തിലെ ആദ്യത്തെ രശ്മിയും, പ്രദോഷത്തിലെ അവസാനത്തെ രശ്മിയും പതിക്കുന്നത് അതിന്റെ അഗ്രത്തിലായാണ്. ഘടികാരമായി ഒരുപക്ഷേ ഇതിനെ കരുതിയിരിക്കും എന്നൊരു വാദവുമുണ്ട്. നിഴലിന്റെ വലുപ്പവും ചേരിവും അടയാളപ്പെടുത്തി ഋതുക്കളും, മാസവും ദിനദൈർഘ്യങ്ങളുമെല്ലാം ഈജിപ്തിലുള്ളവർ മനസ്സിലാക്കിയിരുന്നു. ​▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments