അമ്മു വള്ളിക്കാട്ട്‌

പൊക്കിൾക്കൊടിത്തണ്ടൊടിഞ്ഞജലനീലത്താമരകൾ

ഇന്ത്യയെപോലെ തന്നെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈജിപ്ത് എന്ന രാജ്യം. പക്ഷെ തീവ്രവലതുപക്ഷങ്ങൾ ഏകസംസ്‌കാരങ്ങളിലേക്ക് വൈവിധ്യങ്ങളെ ചുരുക്കാൻ ശ്രമിക്കുന്ന കാഴ്ച ഇന്ത്യയിലെ പോലെ അവിടെയും കാണാം.

എട്ട്​

ഞാൻ...
ചിലപ്പോൾ ഗത്യന്തരമില്ലാത്ത മനുഷ്യരെ കുറിച്ചോർത്തു വ്യഥയിലാളുന്നു...
ചിലപ്പോൾ എൻജിനീയർ എന്ന നിലയിൽ ഈജിപ്തിന്റെ സാങ്കേതികമികവുകളിൽ അത്ഭുതം കൂറുന്നു.
രാഷ്ട്രീയജീവി എന്ന നിലയിൽ ആ രാഷ്ട്രം ഇന്ന് നേരിടുന്ന പ്രശ്‌നങ്ങളിൽ വ്യാകുലപ്പെടുന്നു.
ചില ബോധ്യങ്ങൾ സ്വസ്ഥതകൾ കെടുത്തുന്നു.
മനുഷ്യൻ എന്ന നിലയിൽ നദി കാൺകെ പ്രകൃതിയിലേക്ക് ലയിക്കാൻ വെമ്പുന്നു. മരണമണമുള്ള മരുഭൂവിൽ മനുഷ്യോത്പത്തിയോളം നൂണ്ടുപോകുന്നു.
ചില നേരങ്ങളിൽ രുചിയാർന്ന ഭക്ഷണങ്ങളിൽ, വസ്തുക്കളിൽ അഭിരമിച്ച്, ആഢംബരയാത്രയിൽ ഉപഭോക്തൃജീവി എന്ന നിലയിലേക്ക് ചുരുങ്ങുന്നു.
ഇഷ്ടപ്പെട്ട പുരുഷനുമൊത്തുള്ള ജലപ്രയാണത്തിൽ പ്രേമത്തിന്റെ വെള്ളത്താമരകൾ മനസ്സിൽ പൂത്തുലയുന്നു.
ഉടൽ ഉന്മാദത്തിന്റെ ഈജിപ്ഷ്യൻ നീലത്താമരകൾ കണ്ടെടുക്കുന്നു.

ഗമാൽ അബ്ദുൾ നാസർ എന്ന ധിഷാണാശാലിയായ പ്രസിഡന്റിനെ ഇന്നും ഏറിയകൂറോടെ ഓർക്കുന്നവരാണവർ. അഭ്യർഥിച്ചോ ഭയപ്പെടുത്തിയോ തന്ത്രപരമായോ ചേരി ചേരാതെയോ ജനതയ്ക്ക് വേണ്ടതെല്ലാം അദ്ദേഹം ചെയ്തു എന്നവർ വിശ്വസിക്കുന്നു.

ഇത്തരത്തിലുള്ള ഒരു യാത്രാനുഭവം തരാൻ ഈജിപ്തിനല്ലാതെ മറ്റേത് ഭൂമികയ്ക്ക് സാധിക്കും?
ഞാനോർത്തു, ഞാനെന്റെ അച്ഛന്റെ മോളു തന്നെ.
കാണുന്നതെല്ലാം വിസ്മയമാക്കുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ.
അച്ഛന്റെ കൂടെ യാത്ര ചെയ്താൽ, എന്താണിത്ര മാത്രം അച്ഛൻ കണ്ടതെന്ന് നമുക്ക് സംശയം തോന്നും. സർവേന്ദ്രിയാനുഭൂതിയോടെ അദ്ദേഹം കാഴ്ച കാണുന്നതുകണ്ട് ആശ്ചര്യത്തോടെ ഞാൻ പലതവണ നിന്നിട്ടുണ്ട്. പൂജ്യത്തിൽ നിന്ന്​ പ്രപഞ്ചം കണ്ടെടുക്കാനുള്ള ചോദന എനിക്കവിടുന്ന് ലഭിച്ചുകാണുമോയെന്തോ?

പൊളിയുന്ന ജലപൂട്ടുകൾ

കെയ്റോയുടെ വളരെ അടുത്തായി സാദ് എൽ കഫാര, 100 മീറ്റർ നീളത്തിൽ ചെറിയ ഡാം പണിയാനുള്ള ശ്രമം 5000 കൊല്ലങ്ങൾക്ക് മുൻപേ നടന്നിരുന്നു. എന്നാൽ നൈൽ നദിയുടെ നീരൊഴുക്ക് ചെറുതായി പോലും തടഞ്ഞുനിർത്താൻ അതിനായില്ല. അത് പണിതയുടൻ തന്നെ പൊട്ടിപ്പോയിരുന്നുവെന്നാണ് അവശിഷ്ടങ്ങൾ പറയുന്നത്.

അസ്വാനിലെ ചെറിയ ഡാം

1920-ൽ ആദ്യം പണിഞ്ഞത് അസ്വാനിലെ ചെറിയ ഡാം (Aswan Low Dam) ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കല്ലിൽ പടുത്തുയർത്തിയ അണക്കെട്ടായിരുന്നുവത് (masonary dam). താങ്ങായി അനേകം ഉപഭിത്തികളും (buttress) അതിനുണ്ടായിരുന്നു. ഒരു പരിധിവരെ വരൾച്ച നിയന്ത്രിക്കാനായെങ്കിലും വെള്ളപ്പൊക്കം പിടിച്ചുകെട്ടാനായില്ല അതിന്. 1899-ൽ ബ്രിട്ടീഷുകാരാണ് അതിന്റെ പണി ആരംഭിക്കുന്നത്. അന്ന് ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു ഈജിപ്ത്. രണ്ടുതവണ പുതുക്കിപ്പണിത്, ഡാമിന്റെ നീളം കൂട്ടിയെടുത്തെങ്കിലും, 1949-ൽ ഉണ്ടായ വലിയ പ്രളയത്തെ തടയാനതിനായില്ല. രണ്ടാമത്തെ പുനരുദ്ധാരണതിനുശേഷം ചെറിയതോതിലൊക്കെ വൈദ്യുതിയും ഉത്പാദിപ്പിച്ചിരുന്നു. എക്കൽ മണ്ണിന് കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ള അനേകം തുറകൾ അതിനുണ്ടായിരുന്നു. എസ്നയിലുള്ളതുപോലെ ഒരു നിരപ്പിൽ നിന്ന് മറ്റൊരു നിരപ്പിലേക്ക് കപ്പൽ കയറ്റിവിടാൻ വേണ്ടിയുള്ള ഒരു നാവിഗേഷൻ ലോക്കും (Navigation Lock) ഉണ്ടായിരുന്നു.

അമേരിക്കയുടെ പ്രതീക്ഷക്കുവിരുദ്ധമായി ശീതയുദ്ധകാലത്ത് കമ്യൂണിസ്റ്റ് റഷ്യയുമായി സഹകരിച്ച് അണക്കെട്ടിന്റെ നിർമാണവുമായി മുന്നോട്ടുപോകുന്നതിൽ നാസർ വിജയിക്കുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ കാലിഫ് അൽ ഹക്കിം ഒരണക്കെട്ട് ഉണ്ടാക്കാനുള്ള ശ്രമം നടത്തി. അത് പണിയുകയെന്നത്, തന്നെക്കൊണ്ട് അസാധ്യമെന്ന് മനസ്സിലാക്കിയ എൻജിനീയറായ ഇബിൻ അൽഹൈതം വട്ട് അഭിനയിച്ചാണ് ഹക്കീമിൽ നിന്നും രക്ഷനേടിയത് എന്നാണ് കഥ.

ജലഋതുവിൽ അസ്വാനിലെ വലിയ അണക്കെട്ട് (Aswan High Dam)

ഉച്ഛ്വാസത്തിൽ എന്നപോലെ പരിചിതമാണ് ഏവർക്കും നൈൽ പ്രളയനഷ്ടങ്ങളുടെ കഥ. 50 വർഷങ്ങൾക്കുമുമ്പുള്ള വരൾച്ചയും വർഷപ്രളയവുമാണ് അവരുടെ ജീവിതം ആ തോതിൽ ചിട്ടപ്പെടുത്തിയത്. പ്രവചനാതീതമായിരുന്നു ഓരോ ജലഋതുവും. ഗമാൽ അബ്ദുൾ നാസർ എന്ന ധിഷാണാശാലിയായ പ്രസിഡന്റിനെ ഇന്നും ഏറിയകൂറോടെ ഓർക്കുന്നവരാണവർ. അഭ്യർഥിച്ചോ ഭയപ്പെടുത്തിയോ തന്ത്രപരമായൊ ചേരി ചേരാതെയോ ജനതക്കുവേണ്ടതെല്ലാം അദ്ദേഹം ചെയ്തു എന്നവർ വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രസിഡൻറ്​ എന്ന് സ്‌നേഹത്തോടെയാണ് അദ്ദേഹത്തെ ടൂർ ഗൈഡ് സഭ ഓർക്കുന്നത്.

ലോട്ടസ് ഫ്‌ളവർ ടവർ

നൈൽ നദിക്കുകുറുകെ ഈജിപ്തിന്റെ തെക്കേ അറ്റത്ത് സുഡാനിന്റെ വടക്കേ അതിർത്തിയിലാണ് 1970-ൽ ഡാം പണികഴിപ്പിക്കുന്നത്. നൈൽ പ്രളയം പിടിച്ചുകെട്ടാനായതും, ജലം സംഭരിച്ചു വരൾച്ച തടയാനായതും ഈ ഡാം മൂലമാണ്. ഈജിപ്തുകാരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും ലോകത്തിനു മുന്നിൽ ഉയർന്നുതന്നെയിരുന്നു. ഈജിപ്തിനെ സാമ്പത്തികമായി ഉന്നമനത്തിലേക്ക് നയിച്ച, 15 വർഷം നീണ്ട ഒരു വലിയ പദ്ധതിയായിരുന്നു അത്. അവിടെ 10 ബില്ല്യൺ കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട് പ്രതിവർഷം. 111 മീറ്റർ നീളമുള്ള ഈ ഡാമിന്റെ ക്രസ്റ്റിന്റെ നീളം 3830 മീറ്റർ ആണ്. 44 മില്ല്യൺ ക്യൂബിക് മീറ്റർ വ്യാപ്തിയുണ്ട് അണക്കെട്ടിന്. ലോകത്തിലെ ഏറ്റവും വലിയ എംബാർക്ക്‌മെൻറ്​ ഡാമാണ് അസ്വാനിലേത്. അതായത് കല്ലും മണ്ണും കുത്തി നിറച്ചുയർത്തിയ ഡാം.

ഡാമിനാൽ രൂപപ്പെട്ട ജലസംഭരണി നാസർ തടാകമെന്ന് ഈജിപ്റ്റിലും, നൂബിയ തടാകമെന്ന് സുഡാനിലും അറിയപ്പെടുന്നു. വലിയൊരു മനുഷ്യനിർമിത തടാകം 320 കിലോമീറ്റർ ഈജിപ്തിന്റെ തെക്കായും 160 കിലോമീറ്റർ സുഡാനിന്റെ വടക്കായും അത് നീണ്ടുകിടക്കുന്നു. 22 കിലോമീറ്ററോളം വീതിയും 90 മീറ്റർ ആഴവുമുള്ള ഈ വലിയ സംഭരണി സുഡാനിലേക്ക് കൂടി വെള്ളം കൈമാറുന്നുണ്ട്. സുഡാൻ തുടക്കത്തിൽ ഈ ഡാം പണിയുന്നതിന് എതിരുനിന്നെങ്കിലും അന്നത്തെ പ്രസിഡന്റിന്റെ നയതന്ത്രത്താൽ എതിർപ്പെല്ലാമില്ലാതായി. ചരിത്രനിർമിതിയുടെ ഭാഗമാകാൻ അവരും നിർബന്ധിതരായി.

സാമ്പത്തികമായും സാങ്കേതികമായും, മനുഷ്യവിഭവങ്ങളായും റഷ്യ ഈജിപ്തിനെ അകമഴിഞ്ഞ് സഹായിച്ചു. ഈജിപ്തിന്റെയും റഷ്യയുടെയും സൗഹൃദം സൂചിപ്പിക്കുന്ന ലോട്ടസ് ഫ്ലവർ ടവർ എന്നറിയപ്പെടുന്ന താമരയിതൾ തൂണ് ഡാമിന്റെ അടുത്തായിത്തന്നെ നമുക്ക് കാണാം.

1952-ൽ കിങ് ഫാറൂഖിന്റെ രാജഭരണം പട്ടാള അട്ടിമറിയിലൂടെ അവസാനിപ്പിച്ചതിനു ശേഷം ഗമാൽ അബ്ദുൾ നാസർ 1954-ൽ ഈജിപ്ത് പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്തു. 1952-ൽ തന്നെ അസ്വാൻ ഡാമിന്റെ പണി ആരംഭിക്കുന്നുണ്ട്. തുടക്കത്തിൽ യു.എസും ബ്രിട്ടനും അണക്കെട്ട് പണിയാൻ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 1956-ൽ, നാസർ, ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും മേൽനോട്ടം നടത്തിപ്പോന്ന സൂയിസ് കനാൽ ദേശീയവത്കരിച്ചതോടുകൂടി ബ്രിട്ടനുമായുള്ള ബന്ധം വഷളാവുകയും, അവർ സഹായവാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്യുന്നു. അമേരിക്കയുടെ പ്രതീക്ഷക്കുവിരുദ്ധമായി ശീതയുദ്ധകാലത്ത് കമ്യൂണിസ്റ്റ് റഷ്യയുമായി സഹകരിച്ച് അണക്കെട്ടിന്റെ നിർമാണവുമായി മുന്നോട്ടുപോകുന്നതിൽ നാസർ വിജയിക്കുന്നു. സാമ്പത്തികമായും സാങ്കേതികമായും, മനുഷ്യവിഭവങ്ങളായും റഷ്യ ഈജിപ്തിനെ അകമഴിഞ്ഞ് സഹായിച്ചു. ഈജിപ്തിന്റെയും റഷ്യയുടെയും സൗഹൃദം സൂചിപ്പിക്കുന്ന ലോട്ടസ് ഫ്ലവർ ടവർ എന്നറിയപ്പെടുന്ന താമരയിതൾ തൂണ് ഡാമിന്റെ അടുത്തായിത്തന്നെ നമുക്ക് കാണാം. ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നാണ് റഷ്യൻ പ്രസിഡന്റായ നികിത ക്രൂഷ്‌ച്ചേവ് പണിക്കിടെ അസ്വാൻ ഡാമിനെപ്പറ്റി സൂചിപ്പിച്ചത്. 1972-73 ലും 1983-87 ലും ഉണ്ടായ കഠിനവരൾച്ചയിൽ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങൾ കൊടിയ ദാരിദ്ര്യത്തിലകപ്പെട്ടപ്പോൾ ഈജിപ്ത് മാത്രം പിടിച്ചുനിന്നതിന് ഒരേയൊരു കാരണം ഈ ഡാം ആണ്.

മാതൃഭൂമി കൊതിക്കുന്നവർ

ഡാം പണിയുന്നതോടുകൂടി ഇരുവശത്തുമുള്ള നൈൽതീരമെല്ലാം എന്നെന്നേക്കുമായി വെള്ളം കയറി പോകുമെന്ന സ്ഥിതിയായി. ഏകദേശം ഒരുലക്ഷത്തോളം നൂബിയൻ ഗോത്രവർഗക്കാർക്ക് തങ്ങളുടെ വാസസ്ഥലം നഷ്ടമായി. നൂബിയൻ താഴ്വാരം മൊത്തമായി വെള്ളത്തിനടിയിൽ പോയി. വിസ്മൃതിയിലായ ഗ്രാമങ്ങൾ ഇന്ന് ചിത്രങ്ങളിൽ മാത്രം കാണാം. അന്ന് കുട്ടികളായി അവിടെ കളിച്ചിരുന്നവരിൽ പലരും 70 വർഷങ്ങൾക്കിപ്പുറം, ഇന്ന് ജീവിച്ചിരിക്കുന്നുണ്ടാവില്ലല്ലോ.

അമ്മു വള്ളിക്കാട്ടും അനീഷും

സുഡാനിലെയും ഈജിപ്തിലെയും നൂബിയൻ ഗോത്രവർഗക്കാരെ പുനരധിവസിപ്പിക്കാനായി ആധുനിക സംവിധാനങ്ങൾ ഒരുക്കിയ ഗ്രാമവും, ഭവനപദ്ധതിയും സർക്കാർ തയ്യാറാക്കി. അവിടങ്ങളിലേക്ക് എല്ലാവരെയും മാറ്റിപ്പാർപ്പിച്ചു എന്നുവേണം കരുതാൻ. വലിയ കൃഷിമോഹങ്ങളോടുകൂടിയാണ് പലരും അങ്ങോട്ട് മാറിത്താമസിച്ചത്. ഈജിപ്തിലെ ഗോത്രവർഗക്കാരെ അസ്വാനിൽ നിന്ന്​ 60 കിലോമീറ്റർ അകലെയുള്ള കോം ഒമ്പോ എന്ന സ്ഥലത്തേക്കാണ് മാറ്റിയത്. ആ കർഷകഗ്രാമങ്ങൾ ന്യൂബേറിയ എന്നറിയപ്പെടുന്നു.

തന്റേതല്ലാത്ത ഇടങ്ങളിൽ ആർക്കും സമൃദ്ധിയില്ല. അവിടെയവർക്ക് ഭൂജലസമ്പത്തില്ല, ചുറ്റും നാടിന്റെ തുടിപ്പറിയുന്നവരില്ല. സമൂഹത്തിൽ സ്വതസിദ്ധമായൊരു നിലനിൽപ്പില്ല.

തനത് സംസ്‌കാരം തിരിച്ചുപിടിക്കാനുള്ള വലിയ സമരമുറയിലാണ് ഇന്ന് അവരിൽ പലരും. ഒറ്റപ്പെട്ട അവരുടെ ശബ്ദങ്ങൾ തിരികെ മാതൃഭൂമിയിലേക്ക് എന്ന് കേഴുന്നു. കറുത്ത ആഫ്രിക്കൻ വംശജരാണ് നൂബിയൻ ഗോത്രവർഗക്കാർ. പണ്ടേക്കുപണ്ടേ അതായത് ഫറവോ കാലം മുതൽക്കുതന്നെ, അവിടെ അധിവസിച്ചിരുന്ന തനത് ഗോത്രവംശം. ഈജിപ്ത് എന്നാൽ പലർക്കും വെളുത്ത ഗ്രീക്ക് റോമൻ സൗകുമാര്യങ്ങളാണ്. ഈജിപ്ത് ആഫ്രിക്കയുടെ ഭാഗമായി പോലും പലരും കാണുന്നില്ല. അറബ് സംസ്‌കാരവുമായിട്ടാണ് അവർക്ക് കൂടുതൽ ബന്ധമെന്നാണ് പൊതുധാരണ. കലയിലൂടെയും നൃത്തത്തിലൂടെയും എഴുത്തിലൂടെയും നൂബിയക്കാർ അവരെ വ്യത്യസ്തമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്.
2014-ൽ പുതുക്കിയ ഈജിപ്തിന്റെ ഭരണഘടനയിൽ, ആ ഗോത്രവർഗത്തിന്റെ സാംസ്‌കാരിക സ്വത്വത്തെ പ്രത്യേകം സംരക്ഷിക്കപ്പെടേണ്ടതായി അംഗീകരിക്കുന്നുണ്ട്. എങ്കിലും അവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികളൊന്നും അംഗീകരിക്കാത്തതിൽ നിരാശരാണ് നൂബിയൻ ആക്ടിവിസ്റ്റുകൾ. ഇന്ത്യയെപോലെ തന്നെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈജിപ്ത് എന്ന രാജ്യം. പക്ഷെ, തീവ്ര വലതുപക്ഷങ്ങൾ ഏകസംസ്‌കാരങ്ങളിലേക്ക് വൈവിധ്യങ്ങളെ ചുരുക്കാൻ ശ്രമിക്കുന്ന കാഴ്ച ഇന്ത്യയിലെ പോലെ അവിടെയും കാണാം.

വിവാഹത്തിനും ജനനത്തിലും മരണത്തിലും നൈൽ പങ്കുചേർന്നു. സ്വത്വപ്രതിസന്ധിയിൽ ശ്വാസം മുട്ടി, കരയിൽ പിടിച്ചിട്ട മീനായവർ പിടയുന്നു. തീയിട്ട് പുകച്ച മാളത്തിനുപുറത്ത് ഉടൽ വെന്തുനീറുന്ന നാഗങ്ങളാകുന്നു.

നൈൽ തടത്തിലേക്ക് പുനരധിവസിപ്പിക്കണം എന്നാണ് അവരുടെ ആവശ്യം. തന്റേതല്ലാത്ത ഇടങ്ങളിൽ ആർക്കും സമൃദ്ധിയില്ല. അവിടെയവർക്ക് ഭൂജലസമ്പത്തില്ല, ചുറ്റും നാടിന്റെ തുടിപ്പറിയുന്നവരില്ല. സമൂഹത്തിൽ സ്വതസിദ്ധമായൊരു നിലനിൽപ്പില്ല. അമ്മയറുന്ന കുഞ്ഞിനെപ്പോലെ അനാഥരാണവർ.

"ഇപ്പോൾ കുറച്ച് ഭയം തോന്നുമെങ്കിലും തീർച്ചയായും ആശാവഹവും സമൃദ്ധവുമായ ഭാവി ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു' എന്നാണ് ഗമാൽ അബ്ദുൽ നാസർ അവർക്ക് നൽകിയ വാക്ക്. അമ്പതിനായിരത്തോളം പേരെ 1963-64 കാലങ്ങളിൽ മറ്റു വഴികളില്ലാത്തതിനാൽ ബലമായി തന്നെ അവിടന്ന് മാറ്റിപ്പർപ്പിച്ചുവെന്നാണ് വാസ്തവം. അവരുടെ സംസ്‌കാരം നദിയോട് ഗാഢമായി ഇഴചേർന്നതാണ്. അവരുടെ ഓരോ സമ്പ്രദായത്തിലും നദിയുണ്ടായിരുന്നു. വിവാഹത്തിലും ജനനത്തിലും മരണത്തിലും നൈൽ പങ്കുചേർന്നു. സ്വത്വപ്രതിസന്ധിയിൽ ശ്വാസം മുട്ടി, കരയിൽ പിടിച്ചിട്ട മീനായവർ പിടയുന്നു. തീയിട്ട് പുകച്ച മാളത്തിനുപുറത്ത് ഉടൽ വെന്തുനീറുന്ന നാഗങ്ങളാകുന്നു. ഈജിപ്തിന്റെ സമ്പദ്സമൃദ്ധിക്കായി സ്വയം ബലികഴിപ്പിച്ച് ജീവിതം തന്നെയവർ അർപ്പിച്ചു. നദിക്കരയിൽ ആർദ്രമായി ജീവിച്ചിരുന്നവർക്ക് കൃഷിഭൂമിയിൽ പാദങ്ങൾ വിണ്ടുനീറിയിരിക്കണം.
വൈദ്യുതിയും, സൗകര്യങ്ങളും അവരെ മോഹിപ്പിക്കുന്നേയില്ല. ഇടുങ്ങിയ മുറികളിൽ നദിയുടെ മടിത്തട്ട് സ്വപ്നം കണ്ടവർ ഉറങ്ങി. ഹൃദയസ്പന്ദനങ്ങളിൽ ജല രേഖകൾ അലയടിച്ചു.

ഡൗൺ സ്ട്രീം ഡാം

നൂബിയൻ എഴുത്തുകാരനായ ഹഗാഗ് ഔൾ എഴുതിയ ഫെയർവെൽ മൈ ഗ്രാൻഡ് മദർ എന്ന കഥയിൽ ഇങ്ങനെ പറയുന്നു; ‘ഞങ്ങളുടെ മക്കൾ എല്ലായിടത്തും ചിതറിപ്പോയിരിക്കുന്നു. അവർ വിദേശികളുടെയും വെള്ളക്കാരുടെയും പേരമക്കൾക്കു വേണ്ടി വീട്ടുവേല ചെയ്യുന്നു. ഞങ്ങൾ സാത്താന്റെ കൈയിൽ അകപ്പെട്ട ആട്ടുംകൂട്ടങ്ങളെ പോലെ ഈ താഴ്വരയിൽ അലയുന്നു. അവർ ഞങ്ങളെ കൊന്നു... എന്റെ മക്കളെ...വെള്ളത്തൊലിയുള്ളവർ ഞങ്ങളുടെ ജീവനെടുക്കുന്നു...'

169 ബില്ല്യൺ ക്യൂബിക് മീറ്റർ വെള്ളമാണ് നാസർ തടാകത്തിന്റെ സംഭരണശേഷി. ഡാം പണിതതിനുശേഷം ഏഴുലക്ഷം ഹെക്ടറോളം അധിക കൃഷിഭൂമി നൈൽ തടത്തിൽ രൂപപ്പെട്ടു. മൂന്നുലക്ഷത്തോളം മരുഭൂമി ജലസേചനം ചെയ്തവർ കൃഷിയോഗ്യമാക്കി. സമ്പദ് വ്യവസ്ഥ മടങ്ങുകൾ വർധിച്ചു.

പക്ഷേ നൈൽ കൊണ്ടുവരുന്ന ഊറൽ മണ്ണ്, ഏറിയപങ്കും തടാകത്തിൽ തന്നെ അടിഞ്ഞുകിടക്കുന്നു. ഒഴുക്ക് കുറഞ്ഞതുകാരണം ചില ജലജന്യരോഗങ്ങളും പടരാൻ ഇടയായി. ജലനിരപ്പ് മൊത്തത്തിൽ കുറഞ്ഞതുകൊണ്ട് മെഡിറ്ററേനിയൻ സമുദ്രത്തിലെ ഉപ്പുകലർന്ന് കരയിലെ വെള്ളത്തിൽ ലവണാംശം അധികമായി. ചില വിളകളെ അത് ബാധിച്ചുവെങ്കിലും ഒരൊറ്റ വിളമാത്രം കൊല്ലത്തിൽ ഉത്പാദിപ്പിച്ചിരുന്നവർക്ക് പിന്നെ പല വിളകൾ മാറ്റിമാറ്റി ഉത്പാദിപ്പിക്കാൻ സാധിച്ചു.

തടാകം രൂപപ്പെട്ടതോടുകൂടി പല സ്മാരകങ്ങളും എടുത്തു മാറ്റി പണിയേണ്ടിവന്നു. ചരിത്ര ഓർമയിൽ, ജലക്കുത്തൊഴുക്കിൽ മുങ്ങിപ്പോകുമായിരുന്ന അമ്പലങ്ങൾ മാറ്റിപ്പണിതത്, ലോകപുരാവസ്തു സംരക്ഷണത്തിന് എന്നും ഓർക്കാനൊരു മാതൃകയായി. മനുഷ്യനെ മാറ്റി പാർപ്പിച്ചപോലത്ര എളുപ്പമായിരുന്നില്ല റമിസിസ് രണ്ടാമൻ പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച അബൂ സിംബൽ എന്ന പുരാതനക്ഷേത്രം മാറ്റിസ്ഥാപിക്കൽ.
മനുഷ്യരെപ്പോലെ സംസ്‌കാരങ്ങളും അവയുടെ സ്പർശ്യവും സ്പർശ്യേതരവുമായ ഘടകങ്ങളും പലായനത്തിന്റെ എല്ലാ പ്രതിസന്ധിയും അനുഭവിച്ചു... എങ്കിലും അസ്വാൻ അണക്കെട്ടിന്റെ ജലഗർഭവയറിൽ താണുപോവുന്ന പുരാശിശുവായില്ല അബൂ സിംബൽ. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments