അബുസിംബൽ ക്ഷേത്രം

ഉദയസൂര്യന്റെ ക്ഷേത്രങ്ങൾ
നടന്നുപോകുമ്പോൾ

ദൂരെ, നൈലിന്റെ മറുകരയിൽ ഫിലെ ഞങ്ങൾക്ക് കാണാമായിരുന്നു. 3000 കൊല്ലത്തെ ചരിത്രം അടർത്തി മാറ്റി പുനഃസ്ഥാപിക്കുക വഴി, വികസനവും പുതിയ ജീവിതത്തിന്റെ ആവശ്യങ്ങളും പ്രകൃതിയുടെയും പൈതൃകത്തിന്റെയും സംരക്ഷണവും എന്ന ട്രപീസ് കളിയിൽ ഭൂമിയിലെ മനുഷ്യർ നിലംപതിയാതെ ആടിത്തീർന്നു.

ഒമ്പത്​

സുഡാൻ അതിർത്തിയോടുചേർന്ന് നാസർ തടാകത്തിന്റെ പടിഞ്ഞാറേക്കരയിലാണ് അബുസിംബൽ ക്ഷേത്രം. മൂന്നു മണിക്കൂർ അസ്വാനിൽ നിന്ന്​ റോഡുമാർഗം മരുമധ്യത്തിൽ യാത്രചെയ്തുവേണം അവിടെയെത്താൻ. അതുകൊണ്ട് ഞങ്ങൾക്കവിടെ പോകാൻ സമയം ലഭിച്ചില്ല. അസ്വാൻ എന്നുകേട്ടാൽ ഡാം എന്നും, ഡാം എന്നുകേട്ടാൽ അബുസിംബൽ എന്നും പറയും, അവിടത്തുകാർ.

19-ാം രാജവംശത്തിലെ ഫറവോ രമിസിസ് രണ്ടാമനാണ്, 1244 ബി.സി.യിൽ, വലിയ മലഞ്ചെരുവിൽ നേരിട്ട് കൊത്തിയെടുത്ത അമ്പലം പണിതത്. അതിൽ അയാൾ തന്റെ തല, തന്റെ ഫിഗർ, തന്റെ മുഴുരൂപം രീതി ആവോളം പിന്തുടർന്നിട്ടുണ്ട്. തന്റെ ഇരിക്കുന്ന നാല് വലിയ പ്രതിമകളും ഭാര്യയായ നെഫ്രീത്തിയുടെ ചെറിയ പ്രതിമകളുമുണ്ട്. നാലു വലിയ പ്രതിമകളിൽ ഒന്നിന്റെ തല പൊട്ടിപ്പൊടിഞ്ഞുപോയതായി ചിത്രത്തിൽ കാണാം. ഈജിപ്ഷ്യൻ പ്രതിമയുടെ ഭീമാകാരം കരുത്തിനെ സൂചിപ്പിക്കുന്നതാണ്. അളവിലാണ് പ്രധാന്യം. ഡാം ഉയരുമ്പോൾ, അമ്പലം മുഴുവനായി മുങ്ങിപ്പോകുമെന്ന സ്ഥിതിയായപ്പോൾ അന്നത്തെ ഈജിപ്ഷൻ ഗവൺമെൻറ്​ യുനെസ്‌കോയുടെ സഹായം അഭ്യർഥിച്ചു. യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് പദ്ധതിയുടെ രൂപീകരണത്തിന് ഹേതുവായ ഈ പരിശ്രമം ലോകപുരാവസ്തു ചരിത്രത്തിൽ തന്നെ ആദ്യമായതും പ്രാധാന്യമുള്ളതുമാകുന്നു. പ്രഗത്ഭരുടെ അധ്വാനവും ലോകരാജ്യങ്ങളുടെ സാമ്പത്തികസഹകരണവും ലഭ്യമാക്കികൊടുക്കാൻ യുനെസ്‌കോക്ക് കഴിഞ്ഞു.

അബുസിംബൽ ക്ഷേത്രത്തിനകത്തെ രമിസിസിന്റെ പ്രതിമകളിലൊന്ന് / Photo: Flickr

പല രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ കൂടിയാലോചിച്ച് എങ്ങനെ ഈ ക്ഷേത്രം പുനഃസ്ഥാപിക്കണം എന്നതിനെക്കുറിച്ച് തീരുമാനമുണ്ടായി. പല ആശയങ്ങളും ഉരുത്തിരിഞ്ഞു. വലിയ ഇരുമ്പുദണ്ഡിൻമേൽ അമ്പലം മൊത്തമായി ഉയർത്തികൊണ്ടുവരാം എന്നും, അപ്പാടെ എന്നെന്നേക്കുമായി കണ്ണാടിച്ചില്ലിട്ടു പൂട്ടി നദിക്കുള്ളിൽ തന്നെ നിലനിർത്താം എന്നുമുള്ള ചിന്തകൾ ശാസ്ത്രലോകം പങ്കുവെച്ചു. എന്നാലും നശിച്ചുപോയേക്കുമോ എന്ന ഭീതിയിൽ ഈ ആശയങ്ങളെല്ലാം ഉപേക്ഷിച്ചു. ചെറിയ കഷണങ്ങളാക്കി വെട്ടിയെടുത്ത് അതുപോലെ തന്നെ 200 മീറ്റർ അകലെയായി 45 മീറ്റർ കൂടുതൽ ഉയരത്തിൽ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. മുറിച്ചെടുക്കുന്ന ഓരോ കഷണങ്ങൾക്കും 20 മുതൽ 30 ടൺ വരെ ഭാരമുണ്ടായിരുന്നു. കൈ ഉപയോഗിച്ച്​ ചെറിയ ഇരുമ്പുകമ്പികളും, വാളുകളും ഉപയോഗിച്ചാണ് ഈ കഷ്ണങ്ങൾ മുറിച്ചുമാറ്റിയത്. അതീവ കണിശതയോടെ കുറഞ്ഞ ഇട മാത്രം സൃഷ്ടിച്ചുകൊണ്ട്​ കല്ല് മുറിച്ചുമാറ്റാൻ ഉപകരണങ്ങൾക്ക് സാധിക്കുമായിരുന്നില്ല. പുനഃസ്ഥാപിച്ച നിർമിതിയിൽ ഏച്ചുകൂട്ടിയതിന്റെ പാടോ പൊഴിയോ മുറിച്ചൊട്ടിച്ചതിന്റെ കീറലോ ചാലോ ഒന്നും കാണാനില്ലായിരുന്നു. വർഷത്തിൽ രണ്ടുതവണ, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 22-നും ഒക്ടോബർ 22-നും സൂര്യരശ്മികൾ ഉള്ളിലുള്ള രമിസീസിന്റെയും, രണ്ടു ദേവന്മാരുടെയും പ്രതിഷ്ഠാവിഗ്രഹത്തിൽ പതിയുന്നത് ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ്. അമ്പലത്തിന്റെ ദിശ മാറ്റാതെ സൂര്യനെതിരെയുള്ള വിന്യാസം അതേപടി നിലനിർത്തിയാണ് അമ്പലം മാറ്റിസ്ഥാപിച്ചത്. അന്ന് 40 മില്യൺ ഡോളറാണ് ഈ പദ്ധതിക്ക്​ ചെലവ് വന്നത്.

അബുസിംബൽ അമ്പലം സംരക്ഷിക്കണമെന്ന പ്രചാരണപരിപാടിയെ ലോകം വളരെ കാര്യമായി ശ്രദ്ധിച്ചു. അതിനുവേണ്ടി ഈജിപ്ഷ്യൻ ഗവൺമെൻറ്​ യുനെസ്‌കോയുടെ സഹായത്തോടെ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു.

1959-ൽ യുനെസ്‌കോ അന്താരാഷ്ട്ര കൺവെൻഷൻ വിളിച്ചുകൂട്ടി ന്യൂബിയ ഗ്രാമവും, പൈതൃകസ്ഥലങ്ങളും സംരക്ഷിക്കാൻ അഭ്യർഥന നടത്തി. ലോകരാജ്യങ്ങളിൽ നിന്ന്​ സഹായം ഒഴുകിയെത്തി. പുരാവസ്തുഗവേഷണത്തിലെ, അന്നുവരെ നേരിട്ടതിൽ വച്ച് ഏറ്റവും വലിയ വെല്ലുവിളി മറികടന്നതോടെ പുതിയ മാനങ്ങൾ യുനെസ്‌കോയ്ക്ക് കൈവരിക്കാൻ സാധിച്ചു. ആദ്യ ലോക ഹെറിറ്റേജ് കൺവെൻഷൻ കൂടിയത് ഈ നിർമിതി പുനഃസ്ഥാപിക്കുവാനുള്ള പദ്ധതിയുണ്ടാക്കാൻ വേണ്ടിയായിരുന്നു എന്നോർക്കണം. മെമ്പർമാരായ രാജ്യങ്ങളുടെ കടമയും കർത്തവ്യവും പുരാതനസ്ഥലങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യവും അവ ഏതൊക്കെയാണെന്നും അത് തീരുമാനിക്കാനുള്ള മാനദണ്ഡമെന്തെന്നുമെല്ലാമുള്ള ചർച്ചകൾ അവിടെ നടന്നു. 1972 ൽ ലോകത്താകമാനമുള്ള സംരക്ഷിതസ്ഥലത്തെക്കുറിച്ച് ധാരണയുണ്ടായി. പരിസ്ഥിതി സംരക്ഷണവും, പുരാവസ്തു സംരക്ഷണവും, സാംസ്‌കാരിക സംരക്ഷണവും ഒരുപോലെ മുന്നോട്ടുപോകണമെന്ന വലിയൊരാശയം അവിടെ ഉരുത്തിരിഞ്ഞുവന്നു. ലോക പൈതൃക പട്ടിക ഉണ്ടായതും, താന്താങ്ങളുടെ അധീനതയുള്ള സംരക്ഷിക്കപ്പെടേണ്ട പുരാതനയിടങ്ങളും, ലോകത്താകമാനമുള്ള പുരാവസ്തു ഇടങ്ങളും സംരക്ഷിക്കേണ്ട ചുമതല യുനസ്‌കോയുടെ നിർദേശങ്ങളായി അംഗരാഷ്ട്രങ്ങൾക്ക് നൽകി.

പ്രകൃതിയും പാരമ്പര്യവും വികസനവും പങ്കയുടെ മൂന്നുകരം പോലെ ഒത്തു കറങ്ങി മനുഷ്യരാശിക്കായി ഇനിയും കുളിർക്കാറ്റ് വീശിക്കൊണ്ടേയിരിക്കട്ടെ.

അബുസിംബൽ അമ്പലം സംരക്ഷിക്കണമെന്ന പ്രചാരണപരിപാടിയെ ലോകം തന്നെ വളരെ കാര്യമായി ശ്രദ്ധിച്ചു. അതിനുവേണ്ടി ഈജിപ്ഷ്യൻ ഗവൺമെൻറ്​ യുനെസ്‌കോയുടെ സഹായത്തോട് കൂടി ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. ലോകശ്രദ്ധ തന്ത്രപൂർവം പിടിച്ചുപറ്റാൻ തുതാൻകാമൂന്റെ ശവകുടീരത്തിൽ നിന്ന്​കണ്ടെടുത്ത നാൽപതോളം സാധനസാമഗ്രികളുമായി പത്തുവർഷക്കാലം ഭൂലോകപര്യടനം തന്നെ അവർ നടത്തി. 1964-ൽ മുറിച്ചുമാറ്റൽ ആരംഭിച്ചപ്പോൾ ആദ്യംതന്നെ, അമ്പലത്തിനുചുറ്റും ചെറിയ അണക്കെട്ട് നിർമിച്ചിരുന്നു. വരുന്ന വർഷപ്രളയത്തെ തടഞ്ഞുനിർത്തി കൂടുതൽ സമയം നിർമാണപ്രവർത്തനത്തിന് ലഭിക്കാൻ വേണ്ടിയായിരുന്നു അത്. പിന്നെ ഓരോന്നായി മുറിച്ചുമാറ്റി കേടുകൂടാതെ നീക്കം ചെയ്തു. അതീവ ശ്രദ്ധയോടെ ലേബൽ ചെയ്ത് കടത്തിക്കൊണ്ടുപോകുകയും ചെയ്തു. നാല് നീണ്ട വർഷമെടുത്തു ഈ പൊളിച്ചുമാറ്റൽ പണി തന്നെയൊന്ന് പൂർത്തിയാക്കാൻ.

യാത്രയിലുടനീളം ഞങ്ങൾ ഇന്ത്യക്കാരെ അധികം കണ്ടതേയില്ല. ആകെ കണ്ടത് അസ്വാനിലും ലുക്ക്‌സൂറിലുമുള്ള പല സഞ്ചാരകേന്ദ്രങ്ങളിലും വെച്ച് മലയാളികളായ മധ്യവയസ്‌കരായ ദമ്പതികളെയാണ്.

അന്നു ലഭിച്ച ആത്മവിശ്വാസത്തിൽ അസ്വാനിലെ ഫിലേ അമ്പലവും ഇതുപോലെതന്നെ മാറ്റിപ്പണിതു. ദൂരെ ഫെലൂക്കകൾക്കിടയിലൂടെ, നൈലിന്റെ മറുകരയിൽ ഫിലെ ഞങ്ങൾക്ക് കാണാമായിരുന്നു. 3000 കൊല്ലത്തെ ചരിത്രം അടർത്തിമാറ്റി പുനഃസ്ഥാപിക്കുക വഴി, വികസനവും പുതിയ ജീവിതത്തിന്റെ ആവശ്യങ്ങളും പ്രകൃതിയുടെയും പൈതൃകത്തിന്റെയും സംരക്ഷണവും എന്ന ട്രപീസ് കളിയിൽ ഭൂമിയിലെ മനുഷ്യർ നിലംപതിയാതെ ആടിത്തീർന്നു. പ്രകൃതിയും പാരമ്പര്യവും വികസനവും പങ്കയുടെ മൂന്നുകരം പോലെ ഒത്തു കറങ്ങി മനുഷ്യരാശിക്കായി ഇനിയും കുളിർക്കാറ്റ് വീശിക്കൊണ്ടേയിരിക്കട്ടെ.

അസ്വാനിലെ ഫിലേ അമ്പലം / Photo: Flickr

ഉച്ചവെയിൽ പൊള്ളിച്ചയിൽ, അസ്വാനിലുള്ള യാത്ര അവസാനിപ്പിച്ച്, ഇതുമതിയെന്നു കരുതി വിമാനത്താവളത്തിലേക്ക് ഞങ്ങൾ ഓടി. നല്ല വീതിയുള്ള റോഡും, ചുറ്റും ആൾപാർപ്പ് കുറഞ്ഞ തരിശുഭൂമിയുമാണ് വഴിയിൽ നീളെ. യാത്രയിലുടനീളം ഞങ്ങൾ ഇന്ത്യക്കാരെ അധികം കണ്ടതേയില്ല. ആകെ കണ്ടത് അസ്വാനിലും ലുക്ക്‌സൂറിലുമുള്ള പല സഞ്ചാരകേന്ദ്രങ്ങളിലും വെച്ച് മലയാളികളായ മധ്യവയസ്‌കരായ ദമ്പതികളെയാണ്. ഞാൻ ആവുന്നതുപോലെ കണ്ണുകൾ കൊണ്ട് അവരെ ഉടക്കിനോക്കി, ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ചുണ്ട് നീട്ടിപ്പിടിച്ചു. പക്ഷേ സൗഹാർദപരമായ ചേഷ്ട പോലും തിരിച്ചുകിട്ടിയില്ല. അവർ ജെറുസലേമിൽ പോകുന്ന വഴിക്ക് ഈജിപ്തിൽ കയറിയതാവാനേ വഴിയുള്ളൂ. തീർഥാടനത്തിനായി ഇസ്രായേലിലേക്ക് പോകുന്നവർ ഇവിടെ ഈജിപ്തിലെത്തി ട്രാൻസിറ്റ് ചെയ്യുന്നൊരേർപ്പാട് വളരെ കാലമായി നിലനിൽക്കുന്നതാണ്. പൊതുവേ ഭക്തർക്കുണ്ടാകുന്ന തരത്തിലുള്ള ഒരു ശുഷ്‌കഭാവം അവരിലുണ്ടായിരുന്നു. വിമാനത്താവളത്തിൽ വച്ച് അവരെ വീണ്ടും കണ്ടുമുട്ടി, എന്നാൽ എനിക്കുണ്ടായിരുന്ന കൗതുകമൊന്നും അവർക്കുണ്ടായിരുന്നില്ല. ഞങ്ങളോട് ഒന്ന് ചിരിക്കാൻ പോലും അവർ മെനക്കെട്ടില്ല. ഒരുപക്ഷേ അവരിത് എന്നെങ്കിലും വായിച്ചേക്കുമെന്നും എന്നോട് സംസാരിക്കാൻ വരുമെന്നും ഞാൻ വെറുതെ പ്രതീക്ഷിക്കുന്നു.

കെയ്റോയിലേയ്ക്കു പോകുന്നു

ഒരു മണിക്കൂർ വിമാനമാർഗം സഞ്ചരിച്ച് ഞങ്ങൾ കെയ്റോ നഗരത്തിലെത്തി. യൂറോപ്പിലെ പല രാജ്യങ്ങളിലേക്കും പോകുന്നത് ഈജിപ്ത് വഴിയാണ്. അന്താരാഷ്ട്ര വിമാനങ്ങളുടെ ഒരു ഹബ്ബ് തന്നെയാണ് കെയ്റോ. പുറത്ത് സുൽത്താൻ ഏർപ്പാട് ചെയ്ത ഡ്രൈവർ ഒരു പയ്യൻ ഞങ്ങളുടെ പേരും പിടിച്ച ബോർഡേന്തി നിൽക്കുന്നുണ്ടായിരുന്നു.

ആ നഗരം ശബ്ദമുഖരിതമായിരുന്നു. ഏതൊരു തലസ്ഥാനത്തെയും പോലെ തിരക്കുപിടിച്ചത്. മനോഹരമായ പാലങ്ങളും, പുതിയ റോഡുകളും ധമനികൾ പോലെ നഗരത്തിൽ പടർന്നുകിടന്നു.

ആ നഗരം ശബ്ദമുഖരിതമായിരുന്നു. ഏതൊരു തലസ്ഥാനത്തെയും പോലെ തിരക്കുപിടിച്ചത്. മനോഹരമായ പാലങ്ങളും, പുതിയ റോഡുകളും ധമനികൾ പോലെ നഗരത്തിൽ പടർന്നുകിടന്നു. നീല കുഞ്ഞിമണി പൂക്കൾ കുലച്ചുനിൽക്കുന്ന ഇലയില്ലാ മരങ്ങൾ ഇടയ്ക്കിടയ്ക്ക് റോഡിൽ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. മറഞ്ഞിരിക്കാൻ നിവൃത്തിയില്ലാത്ത, നിറയെ ഡിഷ് ആന്റിനയും തലയിൽ കുത്തിപ്പിടിച്ച്, നഴ്‌സറി കുട്ടികളെപ്പോലെ തിക്കുംതിരക്കും ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെ മേൽക്കൂര പാലത്തിനുമുകളിൽനിന്ന് കാണാം. മൺനിറമുള്ള കെട്ടിടങ്ങൾ അടുക്കടുക്കായി ശ്വാസംമുട്ടിനിൽക്കുന്നു. തിരക്കുള്ള റോഡിൽ വാഹനങ്ങളുടെ കലപിലയാണ്. നൈലിന്റെ കൈവരികളാണ് കെയ്റോയിൽ അങ്ങുമിങ്ങും. നഗരം രാത്രി തിരക്കുകളിലേക്ക് കോപ്പുകൂട്ടുകയാണ്. ഡ്രൈവർക്ക് ഇംഗ്ലീഷ് അറിയില്ല. അവൻ സുൽത്താൻ പറഞ്ഞേൽപ്പിച്ച ഹോട്ടലിൽ കൊണ്ടുചെന്ന് ഞങ്ങളെ ഇറക്കി. സുൽത്താൻ ഞങ്ങളെ പ്രതീക്ഷിച്ച് അവിടെ നിൽപ്പുണ്ടായിരുന്നു. വളരെ ഗൗരവത്തിൽ ഉപചാരപൂർവം ഞങ്ങൾ അവനോടും, അതുപോലെ അവൻ തിരിച്ചും സംസാരിച്ചു. ചാറ്റിൽ ഉണ്ടായിരുന്ന പൊലിമയെല്ലാം നേരിട്ട് കാണുമെന്നായതോടെ ഇല്ലാതായി. അന്നത്തെ രാത്രി ഞങ്ങൾ ഒരു പരിപാടിയും ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നില്ല. നമുക്ക് തോന്നുംപടി നടക്കാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. കൃത്യമായ ചാർട്ട് പ്രകാരമുള്ള യാത്രയിൽ, അതിന്റെ കണിശതയിൽ നിന്നൊരു ചെറിയ മോചനം, നിലയില്ലാതെ ചലിക്കാൻ വെമ്പുന്ന എന്റെ അന്തരാത്മാവിന് ആവശ്യവുമായിരുന്നു. കൃത്യതയോടെ രാപകലുകളേറെ ഞാൻ ജീവിച്ചുതീർത്തെങ്കിൽ കൂടിയും, പ്രവചിക്കാൻ സാധിക്കുന്ന ഓരോ ദിവസവും എന്നെ സംബന്ധിച്ചിടത്തോളം ശൂന്യമായി അനുഭവപ്പെടുന്നു.

നമുക്ക് തോന്നുംപടി നടക്കാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. കൃത്യമായ ചാർട്ട് പ്രകാരമുള്ള യാത്രയിൽ, അതിന്റെ കണിശതയിൽ നിന്നൊരു ചെറിയ മോചനം, നിലയില്ലാതെ ചലിക്കാൻ വെമ്പുന്ന എന്റെ അന്തരാത്മാവിന് ആവശ്യവുമായിരുന്നു.

ഞങ്ങൾ വൈകുന്നേരത്തെ ചായ കുടിക്കാൻ ഹോട്ടലിൽ നിന്ന്​ വെളിയിലേക്ക് നടന്നു. ഒരു ഹോട്ടലിൽ കയറി. അവർ ഞങ്ങളോട് സംസാരിക്കാൻ സാധിക്കുന്നില്ലെന്ന ജാള്യതയോടെ, ഞങ്ങളെ അവഗണിക്കുന്നതായി തോന്നി. ഗൂഗിൾ ട്രാൻസ്ലേറ്റർ എടുത്ത് ചായ ഉണ്ടോ എന്ന് എഴുതി ചോദിച്ചു. മറുവശത്ത് ഒരു ചെറിയ വാനിൽ, മിന്നുന്ന മാലബൾബുകൾ കൊണ്ട് അലങ്കരിച്ച ഒരു പെട്ടിക്കട കാണിച്ചുതന്നു. പല ഫ്ലാസ്‌കിൽ ചായയും കാപ്പിയും ചൂടുവെള്ളവും ചായപ്പത്തിയും ഒക്കെയായി സുന്ദരിയായി ഒരു പെൺകുട്ടി ഞങ്ങളെ നോക്കി ചിരിച്ചു. അവൾക്ക് പതിനാറോ പതിനെട്ടോ പ്രായം വരും. കെയ്റോയിലെ ഒരു കോളേജിൽ വിദ്യാർഥിനിയാണ്. കച്ചവടത്തിൽ അവളുടെ കൂട്ടിന് ആരും ഉണ്ടായിരുന്നില്ല. ഒന്നും രണ്ടും ചോദിച്ചറിഞ്ഞ് ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് നടന്നു.

എങ്ങും തിരക്ക്, നടക്കാനോ വണ്ടിയെടുക്കാനോ പോലും സ്ഥലമില്ല. കൂട്ടമായി കുടുംബങ്ങൾ കൈയും പിടിച്ച് കോർണിഷിലൂടെ തിന്നും കുടിച്ചും ചിരിച്ചും നടക്കുന്നു.

ഞങ്ങൾക്കു വേണമെങ്കിൽ രാത്രിയിലെ നിശാ ക്ലബ്ബിൽ പോകാമെന്നും, അവിടെ പുലരുവോളം നൃത്തം വയ്ക്കാമെന്നും, ഖാൻ അൽ ഖലീലി മാർക്കറ്റിലൂടെ അലഞ്ഞുനടക്കാമെന്നുമൊക്കെ സുൽത്താൻ പറയുന്നുണ്ടായിരുന്നു. അവസാന നിശയും കൊഴിഞ്ഞുപോകുന്നതിനുമുമ്പ്, എനിക്ക് പക്ഷെ ബെല്ലി നൃത്തം കാണണമായിരുന്നു. നൈലിൽ പൊങ്ങിക്കിടക്കുന്ന റസ്റ്റോറൻറുകളിലൊന്നിൽ സുൽത്താൻ ഞങ്ങൾക്കുവേണ്ടി നിശാപാർട്ടി ഏർപ്പാടാക്കി തന്നു. അനീഷിന്റെ കൂടെ മസ്‌കറ്റിൽ ജോലി ചെയ്യുന്നൊരാളും അദ്ദേഹത്തിന്റെ കുടുംബവും അന്ന് കെയ്റോയിൽ എത്തിയിരുന്നു. എങ്ങും തിരക്ക്, നടക്കാനോ വണ്ടിയെടുക്കാനോ പോലും സ്ഥലമില്ല. കൂട്ടമായി കുടുംബങ്ങൾ കൈയും പിടിച്ച് കോർണിഷിലൂടെ തിന്നും കുടിച്ചും ചിരിച്ചും നടക്കുന്നു. സ്ത്രീകളും കുട്ടികളും ഒക്കെയായി ആകെ ബഹളമാണ്.

ചുവപ്പും വെളുപ്പുമായി കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം മിന്നുന്ന ഒഴുകുന്ന ബോട്ടിൽ ഞങ്ങൾ കയറിപ്പറ്റി. ആൻഡ്രിയ എന്നായിരുന്നു ആ ബോട്ടിന്റെ പേര്. ഒരു മാദകസുന്ദരിയെ പോലെ ആ ബോട്ട് മുന്നോട്ടുകുതിച്ചു. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments