നൃത്തശരീരത്തിലെപെണ്ണുറയലുകൾ

കടുത്ത സെൻസർഷിപ്പിന് വിധേയമായിക്കൊണ്ടാണ് ബെല്ലി നൃത്തം ഈജിപ്തിൽ അരങ്ങേറുന്നത്. ചിലയിടങ്ങളിൽ മാത്രമേ ബെല്ലി നൃത്തം ആടാൻ അനുവാദമുള്ളൂ, അതും പെർമിറ്റുള്ളവർക്കുമാത്രം. പക്ഷേ ഈ ഇടങ്ങൾ പൊതു ഇടങ്ങളായിരുന്നു എന്നാണ് കണ്ടു മനസ്സിലാക്കിയ വസ്തുത.

പത്ത്​

ൻഡ്രിയ, ചുവന്ന രാത്രിയുടെ വന്യസൗന്ദര്യം വയറ്റിലേറുന്ന, അതിസുന്ദരിയായ ഗർഭിണിയായി നിറഞ്ഞു തുളുമ്പി.

മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന നിശാപാർട്ടിയിൽ ബെല്ലി നൃത്തവും തന്യൂറാ നൃത്തവും ഭക്ഷണവും കഴിക്കാനായിട്ടുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു ടൂർ ഗൈഡ്. ഈദ് ആയതുകൊണ്ടോ, അതോ എല്ലാ ദിവസവും അങ്ങനെ തന്നെയോ എന്നെനിക്കറിയില്ല, വലിയ തിരക്കായിരുന്നു ആ ബോട്ടിൽ. ബോട്ടിലേക്ക് കയറിച്ചെല്ലുന്നതിന്റെ വലതുവശത്തായി ഒരു വലിയ ഹാളുണ്ടായിരുന്നു. പലയാളുകൾ കയറിവന്ന് ഓരോരോ മേശമേൽ ഇരിപ്പായി. ഞങ്ങൾ ഓടിച്ചെന്ന് നടുത്തളത്തിന്റെ തൊട്ടടുത്തുള്ള കസേരയിലിരുന്നു. അവിടെ പാട്ട് പാടാൻ കോപ്പ് കൂട്ടുകയായിരുന്നു ഗായകൻ. മെലിഞ്ഞു നീണ്ട്, കോട്ടും സ്യൂട്ടും ധരിച്ച ഗായകൻ പാടിത്തുടങ്ങി. സുഡാൻ, കെനിയ, ടുണീഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ പല രാജ്യങ്ങളിൽ നിന്നുള്ളയാളുകൾ സന്നിഹിതനായിരുന്നു അവിടെ.

മനുഷ്യരുടെ വൈവിധ്യം എപ്പോഴുമെന്നപോലെ അപ്പോഴും എന്നെ ത്രസിപ്പിച്ചിരുന്നു. മധ്യവയസ്‌കരായ രണ്ട് ആഫ്രിക്കൻ സ്​ത്രീകൾ, പർദ്ദയിട്ട കൗമാരക്കാരിക്കാരികളും കുട്ടികളും അടങ്ങുന്ന ഈജിപ്റ്റുകാരായ ഒന്നു രണ്ട് വലിയ കുടുംബങ്ങൾ ആ ഹോളിന്റെ പല മൂലയിൽ പരിപാടി കാണാനിരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ നോക്കിനിൽക്കെ മുഖം പോലും മറച്ച ഒരു സ്ത്രീയും, അവളുടെ പങ്കാളിയും അത്ര തിരക്കുകൾക്കിടയിലൂടെ കയറിവന്ന് ഞങ്ങൾക്കിടയിലൂടെ നടന്നുപോയി ഹോളിന്റെ അങ്ങയെ തലയ്ക്കലിരുന്നു. ചെറിയ കുട്ടികൾ ഹാളിൽ ഓടിക്കളിക്കുന്നു. വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കാനെന്ന പോലെ കെട്ടിപ്പിടിച്ചും തൊട്ടുരുമ്മിയും ഇരിക്കുന്ന ദമ്പതികൾ. ദൃഢഗാത്രയായ ഒരു സ്ത്രീ പാന്റും ഷർട്ടും ധരിച്ച്, മുടി പറ്റെ വെട്ടി, അവളുടെ അച്ഛൻ എന്നു തോന്നുന്ന ഒരാളോടൊപ്പം മറ്റൊരു മേശയിൽ ഇരിക്കുന്നു.

ഇടയ്ക്കിടയ്ക്ക് റസ്റ്റോറന്റിലെ ജീവനക്കാർ വന്ന് കുടിക്കാൻ എന്താണ് വേണ്ടതെന്ന് അന്വേഷിച്ച് കൊണ്ടുവന്നുതരും. ഉത്സാഹിയായ ഒരു അറ്റൻഡർ എന്റെ കയ്യിൽ നിന്ന്​ ഫോൺ തട്ടിപ്പറിച്ച് ചെറു നൃത്തച്ചുവടുകൾക്കൊപ്പം അതിന്റെ ക്യാമറയിൽ അഞ്ചു പത്ത് ഫോട്ടോയെടുത്തു. അവിടെ കണ്ടതെല്ലാം മുൻപ് കണ്ടിട്ടേയില്ലാത്ത പോലെ നാടകീയമായിരുന്നു.

ഗായകൻ ഈജിപ്ഷ്യൻ പാട്ടുകൾ പാടിത്തുടങ്ങി. കയ്യടിച്ചു കൂക്കിവിളിച്ചും ചുറ്റും ആളുകൾ. വലിയ പെൺകുട്ടികൾ മുന്നോട്ടാഞ്ഞ് ഓരോ പാട്ടുകൾ വിളിച്ചു പറയുന്നുണ്ട്. ഗായകൻ ഓരോന്നായി അവർക്കായി പാടിക്കൊടുക്കുന്നുമുണ്ട്. ഇടയ്ക്ക് അദ്ദേഹം ഓരോ അന്യദേശക്കാരുടെ അടുത്തുചെന്ന് അവർക്കു വേണ്ട പാട്ട് ചോദിച്ചറിയും. അയാൾക്ക് എല്ലാ ഭാഷയിലും ഓരോ പാട്ടുകൾ അറിയാമായിരുന്നു. ഞങ്ങൾക്കുവേണ്ടി ഹിന്ദിയിലും അയാൾ ഒരു പാട്ട് പാടി. എല്ലാവരും ഞങ്ങളെ നോക്കി കൈയ്യടിച്ചു. നമുക്കുവേണ്ടി പാടുക എത്ര മാസ്മരികമാണ്.

ഇടയ്ക്ക് നടുതളത്തിലേക്ക് രണ്ടു നർത്തകർ പ്രത്യക്ഷപ്പെട്ടു. മാന്ത്രികച്ചുവടുകളോടെ ജോറിൽ ഡാൻസ് ആരംഭിച്ചു. തിളക്കമുള്ള തൂവാലകളും, തിളങ്ങുന്ന തോരണങ്ങൾ തൂക്കിയ വടികളും കൊണ്ടവർ മായികമായ ബ്രേക്ക് ഡാൻസാടി. ആൻഡ്രിയയുടെ നിശാവിളക്കുകളുടെ വെളിച്ചമേറ്റ് അവരുടെ വയലറ്റ് നിറമുള്ള തിളങ്ങുന്ന ഷർട്ട് മിന്നിമിന്നി കളിച്ചു. ആട്ടവും പാട്ടും ആരവവുമാഹ്ലാദവുമൊക്കെയായി നിശാപാർട്ടി തകർത്ത് മുന്നോട്ടുപോയി .

അല്പനേരം കഴിഞ്ഞ് അറബ് സംഗീതത്തിന്റെ വാദ്യമേളം തുടങ്ങി. ഗായകൻ പുഞ്ചിരിയോടെ പിൻവാങ്ങി. തുള്ളിത്തുടിക്കുന്ന മേനിയുമായി അരക്കെട്ടിളക്കി ബെല്ലി നർത്തകി നടുത്തളത്തിൽ വന്നുനിന്നു. കുട്ടികൾക്കായിരുന്നു ഏറെ സന്തോഷം. അവർ കൈയ്യടിച്ച് തുള്ളിച്ചാടി. നർത്തകിയുടെ കോലൻ മുടി പോലെ കണ്ണും ചുണ്ടും താടിയും ഒക്കെ കൂർത്തുനിന്നു. ചെറുതായി മാറിടം മറക്കുന്ന, മിന്നുന്ന കട്ടിയുള്ള തുണിയിൽ ഒരു ബ്രാ ആയിരുന്നു അവരുടെ മേൽവസ്ത്രം. ചെറിയൊരു നൂലിൽ അവളുടെ ശരീരത്തോടൊട്ടി അത് തൂങ്ങിക്കിടന്നു.
അരക്കെട്ടിനുതാഴെ തുട മറയുന്ന, കണങ്കാൽ വരെ നീണ്ടുകിടക്കുന്ന ഇടയ്ക്ക് കീറലും തൊങ്ങലും ഒക്കെയുള്ള ഒരു കാട്ടുകുപ്പായം അവർ കീഴ്​വസ്​ത്രമായി ധരിച്ചിരുന്നു. ഞാൻ കരുതിയിരുന്ന പോലെ കൃശഗാത്രയായിരുന്നില്ല അവർ. ദുർമേദ്ദസിന്റെ വെട്ടുകൾ വീണ മാംസളമായ ശരീരം ഞങ്ങൾക്കു മുമ്പിൽ വിറച്ചാടി. ഓരോ പേശികളും ദൃഢപ്പെട്ടും അയഞ്ഞും താളം പിടിച്ചു. ഇടുപ്പുകൾ വട്ടത്തിൽ കറങ്ങി. മാംസം തുള്ളി തെറിച്ചു പോകുന്ന വലിയ മഴവെള്ളച്ചാട്ടം പോലെ അവർ നിറഞ്ഞൊഴുകി. വെണ്ണക്കൽമേനി ഉരുകിപ്പോകും വിധം അവർ അലിഞ്ഞാടി. അവരുടെ അരക്കെട്ട് അവർ ഒരു മഴനൃത്തക്കാരനായ മയിലിനെ പോലെ നിർത്താതെ കുലുക്കി. കൈകാലുകൾ പാമ്പിനെ പോലെ ചുറ്റുമിഴഞ്ഞു. ചിലപ്പോൾ വലിയ നാഗത്താനുടലിൽ ഇഴഞ്ഞെഴുന്നേറ്റു.

ഗായകൻ ഈജിപ്ഷ്യൻ പാട്ടുകൾ പാടിത്തുടങ്ങി, ഇടയ്ക്ക് അദ്ദേഹം ഓരോ അന്യദേശക്കാരുടെ അടുത്തുചെന്ന് അവർക്കു വേണ്ട പാട്ട് ചോദിച്ചറിയും, അയാൾക്ക് എല്ലാ ഭാഷയിലും ഓരോ പാട്ടുകൾ അറിയാമായിരുന്നു. ഞങ്ങൾക്കുവേണ്ടി ഹിന്ദിയിലും അയാൾ ഒരു പാട്ട് പാടി. എല്ലാവരും ഞങ്ങളെ നോക്കി കൈയ്യടിച്ചു.

അവിടെയിരുന്ന് ഓരോരുത്തരായി പ്രായഭേദമന്യേ എഴുന്നേറ്റുവന്ന് അവളുടെ കൂടെ നൃത്തമാടി. ആഫ്രിക്കയിൽ നിന്നുള്ള രണ്ട് തള്ളമാർ, വലിയ നിതംബം കുലുക്കി നൃത്തം കൊഴുപ്പിച്ചു. എല്ലാവരും ആർത്തുചിരിച്ചു. ചെറിയ പെൺകുട്ടികൾക്കും ബെല്ലി നർത്തകി ഒരു ആവേശമായിരുന്നു. പെൺകുട്ടികൾ തൊട്ടും തലോടിയും പിടിച്ചും അവരുടെ കൂടെ ചുവടുവച്ചു. ഞാനും അനീഷും അദ്ഭുതലോകത്ത് എത്തിപ്പെട്ട കണക്കെ ഞങ്ങൾക്കുചുറ്റും കറങ്ങുന്ന നാട്യലോകം നോക്കി സ്തബ്ധരായി. നിശാപാർട്ടികളിലുണ്ടാകുന്ന കമ്പം ഒന്ന് വേറെ തന്നെയാണ്. കപ്പലിൽ, ചുവന്ന വെളിച്ചവും പാട്ടും നൃത്തവും കലർന്ന് പ്രകമ്പനം കൊണ്ടു. പക്ഷേ കൂടെ ആടാനോ പാടാനോ കയ്യടിക്കാനോ കഴിയാത്ത വിധം ഞങ്ങൾ അന്താളിച്ചുനിൽപ്പാണ്. അപരിചിതരായ മനുഷ്യരുടെ വ്യത്യസ്തങ്ങളായ ഭാവങ്ങൾ കാണവേയുണ്ടാകുന്ന ആശ്ചര്യമായിരുന്നു മനസ്സിൽ നിറയെ. ഒരേസമയം ഭീതിതവും, അദ്ഭുതവുമാണവിടം. ഞാൻ ഓരോരുത്തരെയും നോക്കിയിരുന്നു. വാക്കുകൾ തൊണ്ടയിൽ കുടുങ്ങി, ഞങ്ങളാ കാഴ്ചയിൽ പരസ്പരമുരിയാടാൻ ആവാതെയുടക്കി നിന്നു. ഏതോ ആഴത്തിലേക്ക് മുങ്ങി പോകുന്നു. ഉള്ളിലാർത്തിരമ്പുന്ന അഗ്‌നിപർവ്വത വിസ്‌ഫോടനം മുഖത്ത് ഭാവഭേദങ്ങളില്ലാതെ പുറത്തേക്കൊഴുകി.

ബെല്ലി നർത്തകിയുടെ തുളുമ്പാൻ വെമ്പിനിൽക്കുന്ന മാറിടങ്ങളിലേക്ക് എന്റെ കണ്ണുകളുടക്കി. ഒരു ചെറിയ നൂലിൽ കെട്ടിയിറക്കിയ, എപ്പോൾ വേണമെങ്കിലും അഴിഞ്ഞു മുങ്ങിവീഴുമോ എന്ന് കാണികളിൽ ഭയാശങ്ക ഉണ്ടാകുന്ന രണ്ടു ചെറുവള്ളങ്ങൾ തുഴയുന്നു. അതിനുള്ളിൽ ചാടിനീന്തിപ്പോകാൻ കാത്തുനിൽക്കുന്ന വെളുത്തുതുടുത്ത രണ്ടു മുയൽ കുഞ്ഞുങ്ങൾ. ഞങ്ങൾ ആ നൃത്തം ഏറെ ആസ്വദിച്ചിരുന്നുവെങ്കിലും അവരുടെ നൃത്തം അതിഗംഭീരമൊന്നുമല്ലായിരുന്നു. യൗവനത്തിന്റെ അവസാനപ്രസരിപ്പും കൂട്ടി വെച്ചാണ് അവർ നൃത്തമാടുന്നത്. അത് വയറ്റിൽപിഴപ്പിനുവേണ്ടിയുള്ള ആട്ടമായിരുന്നു. അവരുടെ തുടിക്കുന്ന പേശികൾക്കുവേണ്ടിയുള്ള അന്നമാണ് ചുവടുകൾ തിരയുന്നത് എന്നെനിക്ക് തോന്നി. ഒരുപക്ഷേ പത്തുമാസം ചുമന്നു പ്രസവിച്ച കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള പെറ്റവയർ നൃത്തം. ഇങ്ങനെ ഒരു യാത്രാവിവരണം എഴുതേണ്ടി വരുമെന്ന ധാരണ എനിക്കന്നേരം ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ അവരോട് മറ്റു പലതും ചോദിച്ചറിഞ്ഞേനെ.

ഈജിപ്റ്റിൽ ബെല്ലി നൃത്തത്തിന് പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ട്. സ്ത്രീകൾക്ക് മിക്കവർക്കും ഈ നൃത്തമാടാൻ അറിവുമുണ്ട്. അതവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് അവർ തിരിച്ചറിയുന്നു. പക്ഷെ പൊതുസ്ഥലങ്ങളിൽ ആടാനോ, തൊഴിലായി അംഗീകരിക്കാനോ മിക്കവരും തയ്യാറാകുന്നില്ല. സ്വകാര്യസദസ്സുകളിലോ കല്യാണങ്ങൾക്കോ ഭർത്താവിന് മുൻപിലോ മാത്രം ഉദരനൃത്തം ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ നൃത്തച്ചുവടുകൾ വച്ച കോളേജ് അധ്യാപികയെ പിരിച്ചുവിട്ടത്, ബെല്ലി നൃത്തത്തിനൊത്ത് പാട്ടുകൾ പാടിയതിന് ഗായകരെ ജയിലിൽ അടച്ചതതൊക്കെ അടുത്ത കാലത്താണ്. തീവ്രമതവാദികളുടെ ചൊൽപ്പടിയിൽ പെട്ട് ഭരണകൂടവും കോടതിയും മുൻപില്ലാത്ത വിധം മനുഷ്യരുടെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്തി തുടങ്ങിയിരിക്കുന്നു. ചില നൃത്തരംഗങ്ങൾ സാമൂഹിക മൂല്യങ്ങൾ വ്രണപ്പെടുത്താൻ ഉതകുന്നതാണ്, ലൈംഗികതൃഷ്ണ ഉണർത്തുന്നതാണ് എന്ന് കുറ്റമാരോപിച്ച്, വിചാരണ ചെയ്ത് ശിക്ഷ നടപ്പിലാക്കുന്നു.

യൗവനത്തിന്റെ അവസാനപ്രസരിപ്പും കൂട്ടി വെച്ചാണ് അവർ നൃത്തമാടുന്നത്. അത് വയറ്റിൽപിഴപ്പിനുവേണ്ടിയുള്ള ആട്ടമായിരുന്നു.

യഥാർത്ഥത്തിൽ അത്തരത്തിലുള്ള പിന്തിരിപ്പൻ ചിന്താഗതി അവരുടെ സംസ്‌കാരത്തിൽ നിന്ന്​ വിഭിന്നമാണ് എന്നാണ് എനിക്ക് മനസ്സിലായത്. കപട സദാചാരങ്ങൾ സമൂഹത്തിലെ ഒരു വിഭാഗം ഏറ്റെടുത്തിരിക്കുന്നു. അത് നടപ്പിലാക്കാൻ നിയമനിർമ്മാണം നടത്തുന്നു. നിയമത്തിന്റെ നൂലാമാലകളിൽപ്പെടുത്തി ഒരുപാട് ആട്ടക്കാരികളെ ജയിലിൽ തള്ളിയിട്ടുണ്ടിവിടെ. അടുത്തകാലത്തായി കടുത്ത സെൻസർഷിപ്പിന് വിധേയമായിക്കൊണ്ടാണ് ബെല്ലി നൃത്തം ഈജിപ്തിൽ അരങ്ങേറുന്നത്. ചിലയിടങ്ങളിൽ മാത്രമേ ബെല്ലി നൃത്തം ആടാൻ അനുവാദമുള്ളൂ, അതും പെർമിറ്റുള്ളവർക്കുമാത്രം. പക്ഷേ ഈ ഇടങ്ങൾ പൊതു ഇടങ്ങളായിരുന്നു എന്നാണ് കണ്ടു മനസ്സിലാക്കിയ വസ്തുത.

ഞങ്ങൾ അവിടെ കണ്ടത് കുട്ടികളും സ്ത്രീകളും അടങ്ങുന്ന നൃത്തം ആസ്വദിക്കുന്ന സാധാരണ കുടുംബത്തെയായിരുന്നു. അങ്ങനെ കുടുംബങ്ങൾക്ക് സ്വീകാര്യമായ ഒരിടം കേരളത്തിലോ ഇന്ത്യയിലോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. കേരളത്തിലായിരുന്നെങ്കിൽ നുള്ളിയും പിച്ചിയും, കൂത്തിച്ചിയെന്നു വിളിച്ചപമാനിച്ചും ആണുങ്ങൾ ആ സദസ്സ് എത്ര മലിനപ്പെടുത്തുമായിരുന്നു എന്ന് ഓർക്കാൻ കൂടി സാധിക്കുന്നില്ല. നമുക്കു പലർക്കും നിശാക്ലബ്ബുകൾ പുരുഷന്മാരുടെയും കൂത്തിച്ചികളുടെയും വ്യവഹാരകേന്ദ്രങ്ങളാണ്.
ലൈംഗിക പീഡന പരാതിയിൽ പ്രതിക്ക് ജാമ്യമനുവദിച്ച്​, ഇരയുടെ വസ്ത്രം പ്രകോപനപരമായിരുന്നു എന്ന് അസംബന്ധ വിധിയെഴുതിയ കോടതിയുള്ള നാട്ടിലിരുന്ന് കൊണ്ടാണ് അർദ്ധനഗ്‌നനൃത്തം ആസ്വദിച്ചിരുന്ന ആളുകളെപ്പറ്റിയും, ആ അനുഭവത്തെപ്പറ്റിയും ഞാൻ ലജ്ജയോടെ ഇപ്പോൾ എഴുതുന്നത്. നമുക്ക് ഇത്തരം ഒത്തുചേരലിനെ പറ്റി അശ്ലീലം തൊടാതെ ചിന്തിക്കാൻ കഴിയുമോ?

ഈജിപ്തിൽ ഇടക്ക് വിദേശ വനിതകൾക്ക് ബെല്ലി നൃത്തം ആടാൻ വിലക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് കലാലോകത്തിന്റെ ഇടപെടലിൽ ആ തീരുമാനത്തിൽ നിന്ന്​ പിൻതിരിയാൻ അവിടുത്തെ സർക്കാർ നിർബന്ധിതരായി. ഈജിപ്തിൽ ഫറവോ കാലത്ത് ഉറകൊണ്ട നൃത്തരൂപമാണ് ബെല്ലി നൃത്തമെങ്കിൽ കൂടിയും അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് അറബ് നാടുകളിൽ വളരെയധികം പ്രചാരത്തിലുണ്ട്. പല രൂപഭേദങ്ങളോടെ അവ യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും എല്ലാം അരങ്ങുതകർക്കുന്നു.

ഞാൻ എന്ന തോന്നലിനെ ഭ്രമിപ്പിക്കാനായി ഒരു കുപ്പി ബിയർ മോന്തിയിരുന്നു ഞങ്ങൾ.

സ്ത്രീശരീരങ്ങൾ കേവലം പുരുഷന്റെ രതിസുഖോപാധി എന്ന നിലയിൽ മാത്രം കണ്ടുവരുന്നതിന്റെ പ്രശ്‌നങ്ങളാണ് ഈ നൃത്തത്തിനെതിരായുള്ള ഭ്രഷ്ടിനുപിന്നിൽ. നടനത്തിൽ അരക്കെട്ടിന്റെ ചലനാത്മകത, കൈകാലുകളുടെ ചടുലത എന്നിവയൊക്കെ പരമാവധി ഉപയോഗിച്ചാടുന്ന നൃത്തരൂപമാണിത്. തുടകളും വയറുകളും മാറിടങ്ങളും കിടപ്പറയിലേക്കുള്ള വഴികാട്ടി മാത്രമല്ല.
മതാധിഷ്ഠിത സമൂഹത്തിന്റെ ശുഷ്‌കമായ കാഴ്ചപ്പാടിൽ സ്ത്രീശരീരം കാമകേളിക്കുള്ള ചവിട്ടുപടി മാത്രമാണ്. ശരീരം എന്നൊരു ലൈംഗികഉരുപ്പടിയിൽ നിന്ന് സ്ത്രീക്ക് മോചനം ആവശ്യമാണ്. ഒരു കലാരൂപം എന്ന നിലയ്ക്ക് ഒരു വ്യക്തിയുടെ ആത്മപ്രകാശനത്തിനുള്ള ഉപാധിയാണ് പലപ്പോഴും ശരീരം. ശരീരത്തിന്റെ സ്വാതന്ത്ര്യപ്പെടലാണ് ഒരുതരത്തിൽ ഇത്തരത്തിലുള്ള നൃത്തരൂപങ്ങൾ. ആൺ ഉടലുകൾക്ക് ഇല്ലാത്ത അശ്ലീലത എന്തിനാണ് പെൺശരീരങ്ങൾക്ക് ചാർത്തി കൊടുക്കുന്നത്? അത്തരത്തിൽ വിശാലാർത്ഥത്തിൽ സ്ത്രീശരീരത്തെ കണ്ടു തുടങ്ങുമ്പോൾ മാത്രമേ സ്ത്രീ ഉരുപ്പടിയിൽ നിന്ന്​ വ്യക്തിയായി മാറുന്നുള്ളൂ. സ്ത്രീകൾ അനുഭവിക്കുന്ന അസമത്വത്തിന്റെ മൂലഹേതു പൊതിഞ്ഞുകൂട്ടി വയ്ക്കണമെന്ന് കരുതുന്ന പെൺശരീരം തന്നെയാണ്. പെൺശരീരം തുടിച്ചാടുന്നത് വിട്ടുനിന്നു കണ്ടു നിൽക്കാനുള്ള മാനസിക വളർച്ച, പൂർണ സമ്മതത്തോടെ മാത്രം അത് സ്പർശിക്കാനുള്ള വിവേകം നമ്മുടെ സമൂഹം ഇനി എത്ര കാലം കാത്തിരുന്നു വേണം കൈവരിക്കാൻ.

ഞാൻ എന്ന തോന്നലിനെ ഭ്രമിപ്പിക്കാനായി ഒരു കുപ്പി ബിയർ മോന്തിയിരുന്നു ഞങ്ങൾ. ഒരുപക്ഷേ ആ തുടകളുടെ താളത്തുടിപ്പ് എനിക്കും അസ്വാഭാവികമായ കാഴ്ച തന്നെയായിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ 11 വയസ്സുകാരനായ മകനെ നർത്തകി പുണർന്നു. അവന്റെ ഉള്ളിൽ പെട്ടെന്ന് അലതല്ലിയ നിഷ്‌കളങ്കമായ കുഞ്ഞുസന്തോഷം ഞങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന കളിയാക്കൽ ചിരിയോടെ ഇല്ലാതായി. അവൻ പെട്ടെന്ന് ഗൗരവം ഭാവിച്ച് മാറിനിന്നു.

അൽപ്പനേരത്തിനുശേഷം ബലിഷ്ഠനായ പുരുഷൻ വർണകുപ്പായങ്ങളണിഞ്ഞ് തന്യൂറാ നൃത്തം ആരംഭിച്ചു. ചുഴലിക്കാറ്റ് പോലെ അദ്ദേഹം സദസ്സിൽ നിറഞ്ഞാടി. ഞാൻ കറങ്ങുന്ന ആ വിസ്മയത്തെ ഇമവെട്ടാതെ നോക്കിനിന്നു. അദ്ദേഹത്തിന്റെ കൈകൾ ബൂമറാങ് പോലെ തെറിച്ച് പല ദിശയിലേക്ക് പാഞ്ഞ്​ തിരികെവന്നു. ഓരോ കറക്കത്തിലും അദ്ദേഹം വായുവിൽ വട്ടങ്ങൾ കൊണ്ട് പല ജാമിതീയ രൂപങ്ങൾ വരച്ചുകാട്ടി. അത് കൈകളിലൂടെ എങ്ങനെ അനായസേന ഒഴുകുന്നുവെന്ന് നമുക്ക് തോന്നിപ്പോകും. ഓരോ ചുവടുമാറ്റത്തിലും കൈകളിലെ വട്ടങ്ങൾ ഇന്ദ്രജാല കാഴ്ചകൾ തുറന്നിട്ടു. ചടുലമായിരുന്നു ആ മനുഷ്യന്റെ ഭാവങ്ങൾ. കറക്കലിന്റെ ആക്കം കൂടുമ്പോൾ കുപ്പായത്തിലെ വർണചതുരങ്ങൾ വളയമായി മാറി. നിറവർണങ്ങളുള്ള വളയങ്ങൾ കൂടുകയും അഴിയുകയും ചെയ്തു. കറക്കത്തിലെ മാന്ത്രികജാലമെന്നവണ്ണം.

നൈലിന്റെ ഓരത്തുള്ള ഒരു ഹോട്ടലിലാണ് ഞങ്ങൾ ആ രാത്രി ഉറങ്ങിയത്.

ചില രൂപങ്ങൾ തെളിയുകയും മായുകയും ചെയ്തു. ചില സമയങ്ങളിൽ അദ്ദേഹത്തിന്റെ കനം തോന്നിക്കുന്ന പാവാട നിലത്തോട് സമാന്തരമായി ഫാൻ പോലെ കറങ്ങി. ഇടയ്ക്ക് അയാൾ മിന്നിമറഞ്ഞു തിരിയുമ്പോൾ മാലബൾബുകൾ കത്താൻ തുടങ്ങി. അദ്ദേഹത്തെ മുഴുവൻ മൂടിക്കൊണ്ട് ആ പാവാട കോല് പോലെ മേൽപ്പോട്ട് കറങ്ങി. ബോട്ടിലെ കാണികൾ ഹർഷാരവത്തോടെ കൈയടിച്ചും ചുവടും വെച്ചും തിമർത്താടി.

ഭക്ഷണം തീർന്നുതുടങ്ങിയിരുന്നു. ഞാൻ ഇടയ്ക്ക് എഴുന്നേറ്റുപോയി പാത്രത്തിൽ ഭക്ഷണമെടുത്ത്​ തിരിച്ചുവന്ന്​ മേശമേലിരുന്നു. ചിലർ എഴുന്നേറ്റ് ബോട്ടിന്റെ മേൽത്തട്ടിൽ പോയി പുക വലിച്ചു വിടുന്നുണ്ടായിരുന്നു. ചില ചെറുപ്പക്കാർ ഒറ്റയ്ക്കും തെറ്റയ്ക്കും ഇരുന്ന് ശാന്തിയോടെ നൈൽ നഗരക്കാഴ്ചകൾ കാണുന്നുണ്ടായിരുന്നു. തണുത്ത കാറ്റ് വീശിയടിച്ചു. ഞങ്ങൾക്ക് നന്നേ കുളിർന്നു. തട്ടിൽ കയറി ഞങ്ങൾ കുറച്ചുസമയം ചെലവിട്ടു. ഇതിനിടയ്ക്ക് ഫോട്ടോ പിടിക്കുന്ന തിരക്കിലാണ് നർത്തകർ. അവർ ഓരോ വരിയിലൂടെ നടന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ആ ബോട്ടിലെ തന്നെ മറ്റൊരു ഫോട്ടോഗ്രാഫറാണ് അവരുടെ കൂടെ നിന്ന് ഫോട്ടോയെടുത്തു കൊടുക്കുന്നത്. പരിപാടി കഴിഞ്ഞിറങ്ങുമ്പോൾ ഫോട്ടോ പ്രിൻറ്​ ചെയ്ത് നമുക്കുതരും. ചോദിക്കാതെയും പറയാതെയുമുള്ള സേവനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതി അപ്പോഴേക്കും ഞങ്ങൾക്ക് പരിചയമായി കഴിഞ്ഞിരുന്നു. അത് നിരാകരിക്കാൻ അന്നേരം ഞങ്ങൾക്ക് പ്രയാസം തോന്നിയില്ല. അതിനുമുമ്പ് ലഭിച്ച നിർബന്ധിത സേവനങ്ങൾ വേണ്ടെന്നുവയ്ക്കാൻ ഞങ്ങൾക്കായിരുന്നില്ല. കഷ്ടമോർത്ത് പലതും വാങ്ങിക്കൂട്ടി. അതുതന്നെ നല്ലൊരു കച്ചവടതന്ത്രമായിരുന്നു. പലരും എഴുന്നേറ്റുവന്ന് പണവും സമ്മാനങ്ങളും ബെല്ലി നർത്തകിക്കും തന്യൂറാ നർത്തകനും കയ്യിൽ വെച്ച് കൊടുക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിൽ ഈജിപ്ഷ്യൻ പൗണ്ടോ അമേരിക്കൻ ഡോളറോ ഉണ്ടായിരുന്നില്ല. എന്തെങ്കിലുമൊന്ന് തന്യൂറ നർത്തകന് കൊടുക്കാൻ സാധിക്കാത്തതിൽ എനിക്ക് നിരാശ തോന്നി. ബാഗിൽ തപ്പി പിടിച്ചപ്പോൾ കിട്ടിയ രണ്ടു ഒമാനി റിയാലിന്റെ നോട്ടുകളെടുത്ത് ഞാൻ അയാളുടെ കയ്യിൽ തിരുകി.

അവസാനത്തെ രാത്രിയും കടന്നുപോയതിലെ മൂകതയും പേറി ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചുപോയി. കൈറോയിൽ തങ്ങുന്ന ദിവസം, ഗിസയിൽ പിരമിഡിൽ സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും കണ്ട് താമസിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. രാത്രി ജനലഴിയിലൂടെ പല വർണത്തിൽ പിരമിഡുകൾ തിളങ്ങുന്നത് കാണണമെന്നുണ്ടായിരുന്നു. പക്ഷേ ഗിസയിലെ പാതകളെല്ലാം ചത്ത ഒട്ടകത്തിന്റെയും മറ്റും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഇടുങ്ങിയ ഇടവഴികളും തെരുവുകളാണെന്നും, നിങ്ങൾ കരുതും പോലെ വലിയ പിരമിഡുകൾ കാണുമ്പോഴുണ്ടാകുന്ന സുഖമൊന്നും അവിടെ തങ്ങുമ്പോൾ കിട്ടില്ല എന്നും സുഹൃത്തുക്കൾ പറഞ്ഞു മനസ്സിലാക്കി. നൈലിന്റെ ഓരത്തുള്ള ഒരു ഹോട്ടലിലാണ് ഞങ്ങൾ ആ രാത്രി ഉറങ്ങിയത്. അടുത്തദിവസം ഞങ്ങൾക്കു കാണുവാനുള്ളത് പിരമിഡുകളും ഈജിപ്ഷ്യൻ മ്യൂസിയവുമാണ്. നേരിൽ കാണുമ്പോൾ ഏഴു മഹാത്ഭുതങ്ങളിലൊന്നായ പിരമിഡ് എങ്ങനെയിരിക്കും എന്ന ആകാംക്ഷയിൽ കണ്ണുകൾ അപ്പോഴേക്കും അടഞ്ഞുപോയിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments