മൃത്യുവിതാനം
പന്ത്രണ്ട്
The Egyptian Pyramids are mankind's challenge to the universe, too small for the universe, but big for the humanity! The message here is clear: We are small creatures, but our minds are big and big minds can accomplish big things, build big things- Mehmet Murat ildan , Turkish writer.
ഗിസയിലെ മഹത്തായ പിരമിഡിന്റെ കാത്തിരുന്ന ആദ്യ ദർശനത്തിൽ ഞാൻ കല്ലിച്ചുപോയി. പിരമിഡുകളെക്കുറിച്ച് പലരും പറഞ്ഞതും കേട്ടതും കണ്ടതുമായ കാഴ്ചകൾ അകത്തു പെരുകി.
‘നമ്മൾ പിരമിഡിലേയ്ക്കു സഞ്ചരിയ്ക്കുമ്പോൾ നാം പ്രപഞ്ചത്തെ വെല്ലുവിളിയ്ക്കുന്നു’ എന്നു പിറുപിറുക്കുന്നത്രയും അത്ഭുതകരമായിരുന്നു അതിന്റെ ആ തലയെടുപ്പുള്ള കൈകൂപ്പി നിൽപ്പ്. ഗിസയിലെ മഹത്തായ പിരമിഡ് (The great pyramid of Giza) വളരെ കാലം വരെയും ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമിതിയായിരുന്നു. നാലാം രാജവംശത്തിലെ രണ്ടാമനായ ഫറവോ കുഫു, 27 വർഷമെടുത്ത് 2570 ബി.സി യിൽ പണി പൂർത്തിയാക്കിയതാണ് മഹത്തായ പിരമിഡ്. അദ്ദേഹത്തിന്റെ മകൻ നാലാം രാജവംശത്തിലെ മൂന്നാമനായ ഫറവോ കാഫ്രേ പണിതതാണ് നടുവിലുള്ള രണ്ടാമത്തെ വലിയ പിരമിഡ്. കാഫ്രേയുടെ മകൻ മെങ്കുറേ പണിതതാണ് അവിടുത്തെ ഏറ്റവും ചെറിയ പിരമിഡ്. മൂന്നു കോണുകളുള്ള ഒരുവശക്കാഴ്ചയിൽ ത്രികോണരൂപിയായ കൂറ്റൻ സൂചിസ്തൂപം, അതും മൂന്നെണ്ണം.
ഭൂമിയിലെ നക്ഷത്രം
മൂന്ന് മുറ്റൻ പിരമിഡ് ഞങ്ങൾക്ക് ദൂരെ നിന്നുതന്നെ കാണാമായിരുന്നു. ഫറവോ കാഫ്രേ പണിത നടുവിലത്തെ പിരമിഡ്, കുഫു പണിത പിരമിഡിനേക്കാൾ ഉയരത്തിലാണ്. അതിന്റെ അഗ്രഭാഗത്ത് ഇനിയും വീണുടയാത്ത ചുണ്ണാമ്പ് തേപ്പ് അവശേഷിക്കുന്നു. ആ അവശേഷിപ്പ് കാണുമ്പോൾ പണിതയുടൻ പിരമിഡ് എങ്ങനെയുണ്ടായിരുന്നുവെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കും. നല്ല കനത്തിൽ അടിത്തട്ട് വരെ ആ വെള്ളവെണ്ണകുഴകൊണ്ട് പിരമിഡുകൾ പൊതിഞ്ഞിരുന്നുവത്രേ. ചെത്തിതേച്ചുമിനുക്കിയെടുത്ത വെള്ളഭിത്തി ഏകദേശം ഒന്നരലക്ഷം കല്ലുകൾ പാകിയുണ്ടാക്കിയതാണ്. ഈ കല്ലുകൾക്കിടയിൽ ഒരു പേപ്പർ പോലും കടത്താനുള്ള ഇടയുണ്ടായിരുന്നില്ല.
അകമേയുള്ള കൽക്കട്ടുകൾ മാത്രമെ നമ്മളിന്ന് കാണുന്നുള്ളൂ. പുറം പാളി മുഴുവനായി താഴെവരെ അടർന്നു പോയിരിക്കുന്നു. കാലംപോകെ ദ്രവിച്ചടർന്നു പോയതോ, കാലാവസ്ഥയിൽ ക്ഷയിച്ചുപോയതോ, കൈറോയിലെ ചില കെട്ടിടങ്ങളും, പള്ളികളും പണിയാൻ എടുത്തുകൊണ്ടുപോയതോ ആണ്. അതിനാൽ ആദ്യമുണ്ടായിരുന്ന ഉയരത്തിനേക്കാൾ പലയടി കുറഞ്ഞുപോയതാണ് നമ്മൾ ഇന്നു കാണുന്ന ഈ പിരമിഡുകൾ. ശ്വേതവർണ്ണമാർന്ന ചുണ്ണാമ്പ് പുറംപാളിക്ക് വെള്ളി തിളക്കമുണ്ടായിരുന്നിരിക്കണം. സൂര്യകിരണങ്ങളേറ്റു വെട്ടിത്തിളങ്ങിനിന്നിരുന്ന വെളുത്ത രൂപങ്ങളായിരുന്നു ശരിക്കും പിരമിഡുകൾ.
അഭിമാനികളായ മനുഷ്യരെ,
നിങ്ങൾ കണ്ണഞ്ചുമാറ് നൂറ്റാണ്ടുകൾക്കുമുമ്പ് കണ്ടു നിന്നതെന്തെന്ന് ഞാൻ അകക്കണ്ണിൽ കാണാൻ ശ്രമിക്കുന്നു. നക്ഷത്രപ്പൊട്ടടർന്ന് ഭൂമിയുടെ സിന്ദൂരരേഖയിൽ പതിച്ചതോയെന്ന് ഒരുപക്ഷേ സൂര്യൻ പോലും ശങ്കിച്ചിരിക്കും.
നിന്റെ കണ്ണാടി തിളക്കത്തിൽ സൂര്യവെളിച്ചമേറ്റ് പ്രതിഫലിച്ച ചന്ദ്രൻ പോലും ചുവന്നു പോയിരിക്കുമോ?
കല്ലോടുകല്ല്
ഒറ്റനോട്ടത്തിൽ നമ്മുടെ ഒരു കൺകാഴ്ചയിലൊതുക്കാൻ പറ്റാത്ത ബൃഹത് രൂപം. അടുത്തു ചെല്ലുമ്പോൾ കല്ലുകൾ മാത്രമേ കാണാനാവൂ. രണ്ടാൾ പൊക്കത്തിൽ വരെയുള്ള വലിയ കല്ലുകൾ അടുക്കടുക്കായി വെച്ചിരിക്കുന്നു. ഈ കൽക്കൊട്ടക ഉയർത്തിയെടുത്തവരൊടുക്കം അളവഴകുകൾ കിറുകൃത്യമായി പാലിച്ച് ഒരുവലിയ സമചതുരസ്തൂപം പണിതുവെന്ന് വിശ്വസിക്കാനായില്ല. 50 ടൺ വരെ ഭാരമുള്ള 23 ലക്ഷം കല്ലുകൾ കൊണ്ടാണ് കുഫുവിന്റെ പിരമിഡ് പണിതുയർത്തത്. ഉയർന്ന പാറക്കെട്ടിനു മുകളിൽ പണിതതുകൊണ്ട് നമ്മുടെ നോട്ടത്തിൽ കാഫ്രേയുടെ പിരമിഡാണ് വലുതെന്ന് തോന്നും. 147 മീറ്റർ നീളമുണ്ടായിരുന്നു പണിതപ്പോൾ വലിയ പിരമിഡിന്. ഇപ്പോൾ അതിന്റെ നീളം ഏകദേശം 138 മീറ്ററാണ്. രണ്ടാമത്തെ വലിയ പിരമിഡിന് പണ്ട് 143 മീറ്റർ നീളവും, മൂന്നാമത്തെ വലിയ പിരമിഡിന് 66 മീറ്റർ നീളവും ഉണ്ടായിരുന്നു.
ആകാരസൗഷ്ഠവം കൊണ്ടായാലും ആചാരാനുഷ്ഠാനങ്ങൾ മൂലമായാലും നിതാന്തസൗധങ്ങൾക്ക് പിരമിഡ് തന്നെയാണ് അനുയോജ്യമായ രൂപം. അത് വിശ്വാസത്തിൽ സൂര്യന്റെ കിരണങ്ങളെ സൂചിപ്പിക്കുന്നു. ഭൂമിയിൽ പിറകൊണ്ട ദൈവത്തിന്, മരണാനന്തരം സൂര്യനിലേക്ക് നടന്നെളുപ്പം കയറാനുള്ള പാതയത്രേ പിരമിഡിന്റെ ചെരിവ്. സുസ്ഥിരമായ ആകാരം കൂടിയായാണ് പിരമിഡ്.
വലിയ പിരമിഡിന്റെ ഓരോ വശങ്ങൾക്കും 230 മീറ്റർ നീളമുണ്ട്. 25 മുതൽ 80 ടൺ വരെ ഭാരമുള്ള 25 ലക്ഷം കല്ലുകൾ ഉപയോഗിച്ചാണ് ആ പിരമിഡ് പണിതീർത്തത്. ഏകദേശം 60 ലക്ഷം ടൺ ഭാരം ആ പിരമിഡിനുണ്ടാവും എന്നാണ് കണക്കാക്കുന്നത്. ഗവേഷകർക്ക് പിരമിഡിന്റെ ഉള്ളറയിലേക്കുള്ള തുറ കണ്ടെത്തുന്നതുപോലും ശ്രമകരമായിരുന്നു.
ആകാരസൗഷ്ഠവം കൊണ്ടായാലും ആചാരാനുഷ്ഠാനങ്ങൾ മൂലമായാലും നിതാന്തസൗധങ്ങൾക്ക് പിരമിഡ് തന്നെയാണ് അനുയോജ്യമായ രൂപം. അത് വിശ്വാസത്തിൽ സൂര്യകിരണങ്ങളെ സൂചിപ്പിക്കുന്നു. ഭൂമിയിൽ പിറകൊണ്ട ദൈവത്തിന്, മരണാനന്തരം സൂര്യനിലേക്ക് നടന്നെളുപ്പം കയറാനുള്ള പാതയത്രേ പിരമിഡിന്റെ ചെരിവ്. സുസ്ഥിരമായ ആകാരം കൂടിയായാണ് പിരമിഡ്. കെട്ടിയുറപ്പിക്കാതെ തന്നെ, ആയിരിക്കുന്ന രൂപത്തിൽ ദൃഢമായത്. ഒരുപിടി മണ്ണ് വിതറിയാൽ സ്വാഭാവികമായി കൂന കൂടുന്നതുപോലെ. ഭൂഗുരുത്വാകർഷണ കേന്ദ്രം കുറഞ്ഞ്, നീളം കൂടിയെന്നാലും ബലവത്തായ രൂപമായതുകൊണ്ടാവാം പിരമിഡ് ഇത്രയും കാലം വലിയ കേടുപാടു കൂടാതെ നിലനിന്നത്. നാലു സമതലവശങ്ങളാണ് നഗ്‌നനേത്രങ്ങൾ കൊണ്ട് ഭൂവിൽ നിന്ന് കാണാൻ സാധിക്കുക. എന്നാൽ യഥാർത്ഥത്തിൽ അതിന് എട്ടു വശങ്ങളുണ്ട്. നാല് വലിയവശങ്ങൾ കാണും പോലെ സമതലമല്ല, അവതലമാണ്, നടുവിൽ ചെറുതായി വളഞ്ഞത്. പുറംഭിത്തി ഉറപ്പിച്ചു നിർത്തുവാനായിരിക്കണം ഇത്തരത്തിലൊരു രൂപം സ്വീകരിച്ചത് എന്ന് കരുതുന്നു. 1940 ൽ ബ്രിട്ടീഷ് വൈമാനികനായ ഗ്രൂവ്‌സ് ആണ് വലിയ പിരമിഡിന്റെ ഈ പ്രത്യേകത ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. അതായത് ആകാശത്തുനിന്നു മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന സവിശേഷത. പ്ലാനോ എലിവേഷനോ ത്രീഡി ഗ്രാഫിക്‌സോ, കമ്പ്യൂട്ടർ ആനിമേഷനോ, എന്തിന് പേപ്പറോ പേനയോ പോലുമില്ലാതിരുന്ന കാലത്ത്, ഒടുക്കമിതെന്താവും എന്നറിയാതെ പണിതെടുത്ത നിർമ്മാണവിസ്മയം.
ആരും കാണാൻ കൊതിക്കുന്ന, കാലാതീതം നിലനിന്ന, കൽമാളിക കൺമുൻപാകെ നിറഞ്ഞു നിൽക്കുന്നു. മഹാസൗധം കാണവേ ചിന്തിക്കാൻ കഴിയാതെ ഞാനും കരിമ്പാറ പോലുറച്ചുപോയിരുന്നു.
5000 വർഷങ്ങളത് അതിജീവിച്ചത് എന്തെല്ലാമെന്നൊന്നോർത്തു നോക്കി.
പ്രളയം
വരൾച്ച
കൊടുങ്കാറ്റ്
ഭൂകമ്പം
മണൽക്കാറ്റ്
മഞ്ഞ്
ആധുനിക മനുഷ്യർ ഇനിയും അറിഞ്ഞിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, മറ്റെന്തെല്ലാം പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിക്കാണണമായിടയ്ക്ക്.
ഭൂമിയുടെ തെക്ക് വടക്ക് ദിശയിൽ തന്നെയാണ് പിരമിഡിന്റെയും കിടപ്പ്. ദിശ തെറ്റാത്ത അതിന്റെ വിന്യാസം, പിരമിഡിന്റെ അഗ്രവും രൂപവും കോണും എല്ലാം കിറുകൃത്യം. അടിസ്ഥാന സൗകര്യങ്ങളും, പ്രാകൃത സാമഗ്രികളും ഉപയോഗിച്ചാണ് പിരമിഡ് പ്രാചീന ഈജിപ്തുകാർ പണിതുയർത്തിയത് എന്ന് മനസ്സിലാക്കണം. മരണാനന്തരം അനന്തകാലം കുടിയിരിക്കാൻ രാജാവ് പണികഴിപ്പിച്ച പിരമിഡിന്റെ കേവലകാഴ്ച തന്നെ അതിഗംഭീരമാണ്. ആധുനിക മനുഷ്യന് വിശദീകരിച്ചു തൃപ്തിപ്പെടാൻ കഴിയാത്ത മറ്റുപല സമസ്യകളും അതിനു ചുറ്റുമുണ്ട്. ഉള്ളിലെ ശവക്കല്ലറയിൽ ഒളിച്ചു വെച്ചിരുന്ന നിധികൾ, നിഗൂഢ രഹസ്യങ്ങൾ. അതിനെക്കുറിച്ചെല്ലാമുള്ള ചിന്തകൾ നിമിഷനേരം കൊണ്ട് നമ്മെ നിഷ്പ്രഭരാക്കുന്നു.
പ്രാചീന മർത്യരെ, ഞങ്ങൾ നേർത്തുപോകുന്നു.
സീമകളില്ലാത്ത മനുഷ്യരേ...
അവശേഷിപ്പിച്ച രഹസ്യത്തിന്റെ അവസാനത്തെ തുണ്ട് പോലും പുത്തൻ അറിവുകൾക്കായി ഞങ്ങൾ ഇഴ കീറി പരിശോധിക്കുന്നു.
ഒറ്റനോട്ടത്തിൽ പിരമിഡ് മുഴുവനായി കാണാൻ പറ്റുന്ന എന്തെങ്കിലുമൊന്ന് ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നിരിക്കുമോ?
അത്ഭുതം എന്നല്ലാത്ത മറ്റെന്തോ വാക്കുകൊണ്ട് നിന്നെ അടയാളപ്പെടുത്താൻ ഞാൻ വെമ്പുന്നു. എന്റെ വാക്കിലൊതുങ്ങാത്ത ചിന്തയിൽ എനിക്ക് ശ്വാസം മുട്ടുന്നു. മൗനമയ്യായിരം വർഷം ഊളിയിട്ടു പിന്നാക്കം പോകുന്നു.
ദൈവമേ ദൈവമേ വാക്കുമുട്ടുന്നു...
ഉള്ളറയിലെ രാജാക്കന്മാരുടെ കല്ലറ, അസ്വാനിലെ ചുവന്ന ഗ്രാനൈറ്റ് കൊണ്ടാണ് നിർമിച്ചത്. മുറിച്ചെടുക്കാൻ തന്നെ പ്രയാസമുള്ള ഈ കല്ല്, 600 കിലോമീറ്റർ അകലെ നിന്നാണ് ഗിസയിലേക്ക് കൊണ്ടുവന്നത് എന്നത് മറ്റൊരു അത്യധ്വാനത്തിന്റെ അദ്ധ്യായമാണ്. പിരമിഡിനുള്ളിലെ ശവക്കല്ലറയിൽ വിലമതിക്കാനാവാത്ത പല നിധികളും ഉണ്ടായിരുന്നു. പണിത് 500 വർഷങ്ങൾക്കുള്ളിൽ തന്നെ അതെല്ലാം കൊള്ളയടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് അനുമാനം.
അടഞ്ഞ വഴികളെ കുറിച്ചുള്ള ഭീതി കൊണ്ടും, ഇടുങ്ങിയ ഇടയെകുറിച്ചുള്ള ഭയം കൊണ്ടും, സമയക്കുറവുകൊണ്ടും ഞങ്ങൾ പുറമേനിന്ന് കണ്ടതല്ലാതെ ഉള്ളറകളിലേക്ക് പോകാൻ മുതിർന്നില്ല. ഉള്ളിലേക്ക് കയറാനുള്ള ആളുകളുടെ ഒരു വലിയ നിര തന്നെ അവിടെയുണ്ടായിരുന്നു. ഒരേസമയം കുറച്ച് ആളുകളെ മാത്രം അവിടേക്ക് കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. കൂടുതൽ പേർ കയറിയാൽ ശ്വാസം മുട്ടുമത്രേ.
പ്രാചീന മഹാത്ഭുതങ്ങളിൽ ഇന്ന് ലോകത്ത് നിലനിൽക്കുന്നത് ഈജിപ്തിലെ പിരമിഡ് മാത്രമാണ്. മൊത്തം 118 പിരമിഡുകൾ ഈജിപ്തിലുണ്ട്. അതുപോലെതന്നെ പിരമിഡുകൾ സുഡാനിലും ഉണ്ട്, പക്ഷേ ചെറുതാണെന്ന് മാത്രം. പിരമിഡ് എന്നാൽ ഈജിപ്തിൽ മാത്രം കാണുന്നത് എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്.
സമരൂപമായ പിരമിഡ് പണിയുന്നതിന് മുമ്പ് ഈജിപ്തുകാർ പണിതത് വളഞ്ഞു വക്രിച്ച പിരമിഡായിരുന്നു. 54 ഡിഗ്രിയിൽ പണി ആരംഭിച്ച പിരമിഡ് പകുതി പണിതു കഴിഞ്ഞപ്പോൾ വിള്ളൽ പ്രത്യക്ഷപ്പെടുകയും, ബലക്ഷയ സാധ്യത കാണുകയും ചെയ്തു. അതിനാൽ മേൽപ്പോട്ടുള്ള കോൺ കുറച്ച് 43 ഡിഗ്രി വളവിൽ കെട്ടി ഉദ്ദേശിച്ചതിനേക്കാളും നീളം കുറച്ച്, അതിന്റെ പണി തീർക്കുകയായിരുന്നു.
റാണിമാർക്ക് അന്തിയുറങ്ങുന്നതിനായുള്ള ചെറിയ പിരമിഡുകൾ, രാജാവിന്റെ ശവസംസ്‌കാരം നടത്തുന്നതിനായുള്ള അറകൾ, പൂജാരിമാരുടെ അറകൾ, ദേവാലയങ്ങൾ എല്ലാം ആ പിരമിഡിന്റെ വശത്തായി ഉണ്ടായിരുന്നു. മൂന്ന് വലിയ പിരമിഡുകളും ചെറിയ മൂന്നു ചെറിയ പിരമിഡുകളും, ചെറു കെട്ടിടങ്ങളും ഒക്കെയായി ഒരു പിരമിഡിന്റെ സമുച്ചയം എന്നാണതിനെ വിളിക്കുന്നത്.
അതിനുചുറ്റും നിറയെ ആളുകൾ പൊരി വെയിലത്ത് ഒട്ടകത്തിനുമുകളിൽ കയറി സവാരി ചെയ്യുന്നുണ്ടായിരുന്നു. സഹാറാ മരുഭൂമിയുടെ കൊടിയ ചൂടിൽ നിന്നു വിയർത്തപ്പോഴും പിറ്റേ ദിവസത്തെ ജോലിഭാരം ആലോചിച്ചാണ് ശരിക്കും ഞങ്ങൾ ഉരുകിത്തുടങ്ങിയത്. ചിന്താഭാരം ഏറിയ ഒട്ടകങ്ങൾ ആയി രൂപാന്തരപ്പെട്ടു തുടങ്ങിയിരുന്നു ഞങ്ങൾ. ഒന്നിനെ ഇറക്കി വിട്ടാലും അടുത്തത് കയറി കൂടുന്നു. സഹാറയുടെ മണൽത്തിട്ടിൽ കുളമ്പൊച്ചനേർത്ത കാലടികളോടെ ഞങ്ങൾ മുൻനടന്നു.
ആദിയിൽ വക്രരൂപി പിരമിഡുകളുണ്ടായി
സമരൂപമായ പിരമിഡ് പണിയുന്നതിനുമുമ്പ് ഈജിപ്തുകാർ പണിതത് വളഞ്ഞു വക്രിച്ച പിരമിഡായിരുന്നു. 54 ഡിഗ്രിയിൽ പണി ആരംഭിച്ച പിരമിഡ് പകുതി പണിതു കഴിഞ്ഞപ്പോൾ വിള്ളൽ പ്രത്യക്ഷപ്പെടുകയും, ബലക്ഷയ സാധ്യത കാണുകയും ചെയ്തു. അതിനാൽ മേൽപ്പോട്ടുള്ള കോൺ കുറച്ച് 43 ഡിഗ്രി വളവിൽ കെട്ടി ഉദ്ദേശിച്ചതിനേക്കാളും നീളം കുറച്ച്, അതിന്റെ പണി തീർക്കുകയായിരുന്നു.
ചക്രം എന്തെന്ന് അറിയാത്തവരെ, ഇരുമ്പൻ കമ്പി കണ്ടിട്ടില്ലാത്തവരെ, പ്രാകൃതസാമഗ്രികളുപയോഗിച്ച് നിങ്ങൾ നിയതമായി വെട്ടിയെടുത്തത്, നിരന്തരം പണിതുയർത്തത്, ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഭൂമിയിൽ കൃത്യദിശയിൽ വിന്യസിച്ചത്, കാലാകാലം ഇത് നിലനിൽക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവോ? 5000 വർഷങ്ങൾക്കുശേഷം ഞങ്ങളെ ത്രസിപ്പിക്കുമെന്ന് സ്വപ്നം കണ്ടിരുന്നുവോ?
സക്കാരയിലെ പടിപിരമിഡ്
പിന്നെ ഞങ്ങൾ പോയത് സക്കാരയിലെ പടിയുള്ള പിരമിഡ് കാണുവാനാണ്. ഗിസയിലെ പിരമിഡിനെ പോലെ വശങ്ങളിൽ ചെരിവുള്ള രൂപമല്ല. കല്ല് അടരുകളായി മേൽപ്പോട്ട് ഉയർത്തിയെടുത്തതായിരുന്നു അവിടുത്തെ പിരമിഡ്. ഗിസയിലെ പിരമിഡിന്റെ പൂർവ്വമാതൃക. 2610-2630 ബിസി കാലയളവിൽ മൂന്നാം രാജവംശത്തിലെ ഫറവോ ജോസറാണ് അതിന്റെ പണി കഴിപ്പിച്ചത്. പിരമിഡുകളുടെ അമരക്കാരൻ കൊട്ടാരത്തിലെ പൂജാരിയായിരുന്ന ഇമ്‌ഹോറ്റപ് ആണ് അതിന്റെ രൂപകൽപ്പന ചെയ്തത്. ആദരസൂചകമായി പിന്നീടദ്ദേഹത്തെ ദൈവമായി വാഴ്ത്തിപ്പോരുന്നു. നിർമിതികളിൽ ഏറ്റവും പഴക്കമേറിയ ലോകത്തിലെ തന്നെ ആദ്യത്തെ കൽകെട്ടിടം എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. പണിയാൻ കുറച്ചുകൂടി എളുപ്പമുള്ളത്. ഓരോ പിരമിഡ് പണിയുമ്പോഴും ഓരോ പാഠം ഉൾക്കൊള്ളുന്നു പ്രാചീന ഈജിപ്റ്റുകാർ. അവർ ഇന്ന് പണിതതിനേക്കാൾ മെച്ചമായ മറ്റൊന്ന് നാളെ പണിതുയർത്തുന്നു. വെട്ടിയും തിരുത്തിയും കെട്ടിയും പണിതും അഴിച്ചും മുന്നോട്ടു പോയപ്പോൾ ലോകാത്ഭുതം തന്നെ പിറന്നു.
ദൈവത്തിന്റെ പ്രതിരൂപമായ ഈജിപ്തിലെ രാജാക്കന്മാർ മരണയാത്രക്കുവേണ്ടി തയ്യാറെടുക്കാൻ, ജീവിതം മുഴുവൻ മാറ്റിവെച്ചിരുന്നു എന്നെനിക്ക് തോന്നിപ്പോയി. വരൾച്ചയും പ്രളയവും പട്ടിണിയും ക്ഷാമവും ദൈവത്തിന്റെ ശാപമെന്നും, രാജാവിന്റെ പിടിപ്പുകേടെന്നും അവിടുത്തുകാർ കരുതിയിരുന്നു. ദൈവത്തിന് കാണിക്കവെച്ചും തനിക്കായി വലിയ ശവകുടീരങ്ങൾ പണിതെടുത്തവർ, നിതാന്തവാസം സ്വപ്നം കണ്ട ഫറവോമാർ, ഇഹലോകവാസം വെടിഞ്ഞു ഉർവരതയുടെ പരലോകം പൂകിയിരിക്കുമോ എന്നെനിക്കറിയില്ല, പക്ഷെ ഇന്നും ഈജിപ്തിലെ ജനങ്ങളെ അവർ ഒരു തരത്തിൽ പോറ്റുന്നുണ്ട്. പിരമിഡ് കണ്ടും കാണിച്ചും സഞ്ചാരികളെ കൊണ്ട് നടന്നും അവിടുത്തെ ജനങ്ങളുടെ നിത്യവൃത്തി കടന്നുപോകുന്നു. ഒപ്പം മനുഷ്യകുലത്തിന്റെ വിജ്ഞാനദാഹത്തെയും. 5000 വർഷങ്ങൾക്ക് മുമ്പെന്തെന്നു നാമറിയാതെ പോകരുതെന്നു അവർ ആഗ്രഹിച്ചിരുന്നിരിയ്ക്കണം. തന്റെ സന്തതിപരമ്പരകളുടെ അന്തമില്ലാക്കണ്ണികളിലും തൻപേർ വിളക്കിച്ചേരണമെന്നു നിഗൂഡമായവർ ആശിച്ചിരുന്നിരിയ്ക്കണം. ▮
(തുടരും)