ഗതികേടിന്റെ
​സത്യകഥകൾ

വിപ്ലവം സ്ഥാനഭ്രംശപ്പെടുത്തിയ ഭരണകൂടവും വ്യവസ്ഥകളും ഭ്രാന്തുപിടിച്ച ജനക്കൂട്ടങ്ങളായി തെരുവിൽ അരാജകത്വം വിതറി ഓടിപ്പാഞ്ഞുനടന്നിരുന്നു. അതിനാൽ, മുൻ വർഷങ്ങളിൽ ലോകസഞ്ചാരികൾക്കെല്ലാം പലവിധ ദുരനുഭവങ്ങൾ ഈജിപ്തിൽ നേരിട്ടുകൊണ്ടിരുന്നു. ലോകം പേടിയിലായി. മുരണ്ടു നിന്ന ഈജിപ്​തിലേക്കുള്ള യാത്ര അവസാനിപ്പിച്ചുതുടങ്ങി.

പതിമൂന്ന്​

ഷ്ടിക്കുള്ള വകതെറ്റുമ്പോൾ, അളമുട്ടുമ്പോൾ മനുഷ്യർ ഭ്രാന്തൻനായ്ക്കളാണ്. തെരുവിൽ അലഞ്ഞുനടക്കുന്നവർ. വിഷപ്പല്ലൻമാർ. വർഗ്ഗദേശഭേദമില്ലാതെ അവർ മുരളും. നിലനിൽപ്പിന്റെ പേയിളകിയാൽപ്പിന്നെ കണ്ണിൽ കണ്ടവരെയൊക്കെ കടിക്കും.

ഗതികേടിൽ ഇല്ലായ്മയിൽപ്പെടുന്ന ഏതൊരു മനുഷ്യരെപ്പറ്റിയും വലിയ പ്രതീക്ഷകൾ ഞാൻ വെച്ചുപുലർത്താറില്ല. പരിഭവവും ഇല്ലതന്നെ. അവർ എത്തിച്ചേർന്നിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ പ്രതി വ്യഥ തോന്നാറുണ്ട്. പേടിയോടെ അനുകമ്പയും, ഇനിയും ഞാനവിടെ എത്തിയിട്ടില്ലല്ലോ എന്ന ആശ്വാസവും; ഗതികേടുകളേ, എന്നെ പരീക്ഷിക്കരുതേ എന്ന നെടുവീർപ്പും.

ഈജിപ്തിൽ പ്രതാപത്തിന്റെ തിരശ്ശീല എന്നോ വീണുപോയി. വിപ്ലവം സ്ഥാനഭ്രംശപ്പെടുത്തിയ ഭരണകൂടവും വ്യവസ്ഥകളും ഭ്രാന്തുപിടിച്ച ജനക്കൂട്ടങ്ങളായി തെരുവിൽ അരാജകത്വം വിതറി ഓടിപ്പാഞ്ഞുനടന്നിരുന്നു.
അതിനാൽ, മുൻ വർഷങ്ങളിൽ ലോകസഞ്ചാരികൾക്കെല്ലാം പലവിധ ദുരനുഭവങ്ങൾ ഈജിപ്തിൽ നേരിട്ടുകൊണ്ടിരുന്നു. ലോകം പേടിയിലായി. മുരണ്ടു നിന്ന ഈജിപ്​തിലേക്കുള്ള യാത്ര അവസാനിപ്പിച്ചുതുടങ്ങി. യാത്ര ചെയ്യാൻ സുരക്ഷിതമല്ലാത്ത ദേശപ്പട്ടികയിൽ ഈജിപ്ത് കയറിക്കൂടി.

ഈജിപ്ത് ടുണീഷ്യ, ഇറാൻ എന്നിങ്ങനെയുള്ള രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അറബി അറിയാം എന്ന ഹുങ്കോടെ, തെരുവിൽ കാണുന്ന വഴികാട്ടികളോട് വില പേശി, കാണുന്നവരുടെ മേൽവിലാസമോ പേരോ വിവരങ്ങളോ ഒന്നുമറിയാതെ, അവരുടെ കൂടെ സഞ്ചാരത്തിനിറങ്ങി ഭീകരമായ ചതിയിൽപ്പെട്ടവരുടെ കഥകളുണ്ട്​

ലോകം ഈജിപ്തിലേക്കുള്ള വരവ് മുടക്കിയപ്പോൾ, നരകമെന്തെന്നവർ അറിഞ്ഞു തുടങ്ങി. മൂന്നു വർഷങ്ങൾക്കുമുമ്പ് അവിടെ സഞ്ചാരിയായി ചെന്ന എന്റെ ഒമാനിയായ സുഹൃത്തിന്റെ ബന്ധുവിനെ, ഫലൂക്കയിൽ വെച്ച്, ടൂർ ഗൈഡ് തന്നെ ഭീഷണിപ്പെടുത്തി പണം മുഴുവൻ തട്ടിയെടുത്തു. പിന്നീട് അയാൾ യാത്ര മതിയാക്കി തിരിച്ച് ജീവനും കൊണ്ടോടിപ്പോന്ന കഥ ഞാൻ പോകുന്നതിനുമുമ്പേ തന്നെ കേട്ടിരുന്നു. പൊതുവിൽ ഈജിപ്തിലേക്ക് പോകരുത് എന്ന് ശാസനയും ഉണ്ടായിരുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. മതപരമായ ചിട്ടവട്ടങ്ങളിൽ കുടുങ്ങിയോ അല്ലെങ്കിൽ അറബി നന്നായി സംസാരിക്കാൻ അറിയാമെന്ന ആത്മവിശ്വാസം കൊണ്ടോ അവിടെ ചെന്നിട്ട് വരുംപോലെ നേരിടാം എന്ന ധാരണയിൽ മിക്കവാറും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അറബ് സഞ്ചാരികൾ, അങ്ങോട്ടേക്ക് യാത്ര പോകുമ്പോൾ ടൂർ ഗൈഡിനെ ഏർപ്പാടാക്കാറില്ല. പൊതുവേ കുടുംബത്തിന്റെ കാണാച്ചുമരുകൾ പോകുന്നിടത്തെല്ലാം ഏറ്റിനടക്കാൻ അവർ ഇഷ്ടപ്പെട്ടു. എന്റേതു മാത്രമായ ‘സ്ത്രീ എന്ന വസ്തുവിന്റെ പ്രദർശനത്തെ' അവർ വലിയ കുറച്ചിലായി കാണുന്നു. ഒരു വണ്ടിയിൽ അപരിചിതനൊപ്പം കറങ്ങുന്ന തന്നെയും ഭാര്യയെയും മക്കളെയും ചിന്തിക്കാൻ കൂടി കഴിയാത്തതുകൊണ്ട്, അവർ ഒറ്റയ്ക്ക് ടൂർ പദ്ധതികൾ തയ്യാറാക്കി. യാത്രയുടെ നാഥനും നാവികനും ഒക്കെ വീട്ടിലെ നാഥൻ തന്നെ. ഈജിപ്ത് ടുണീഷ്യ, ഇറാൻ എന്നിങ്ങനെയുള്ള രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അറബി അറിയാം എന്ന ഹുങ്കോടെ, തെരുവിൽ കാണുന്ന വഴികാട്ടികളോട് വില പേശി, കാണുന്നവരുടെ മേൽവിലാസമോ പേരോ വിവരങ്ങളോ ഒന്നുമറിയാതെ, അവരുടെ കൂടെ സഞ്ചാരത്തിനിറങ്ങി ഭീകരമായ ചതിയിൽപ്പെട്ടവരുടെ കഥകളാണ് അതിൽ പലതും. അതുകൊണ്ടുതന്നെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് മുൻപരിചയമുള്ള ടൂർ ഗൈഡിനെ ഞങ്ങൾ അന്വേഷിച്ച് കണ്ടെത്തി.

എന്റേതു മാത്രമായ ‘സ്ത്രീ എന്ന വസ്തുവിന്റെ പ്രദർശനത്തെ' അവർ വലിയ കുറച്ചിലായി കാണുന്നു.

ഏകദേശം ഞങ്ങൾ ഈജിപ്തിലുണ്ടായിരുന്ന അതേസമയമവിടെ സഞ്ചാരിയായി വന്ന മറ്റൊരു കുടുംബത്തിന്റെ കാര്യം ഏറെ കഷ്ടത്തിലായിരുന്നു. അവർ അലക്‌സാൻഡ്രിയയിൽ എത്തിച്ചേർന്നപ്പോൾ സ്വീകരിക്കാൻ ആരും വന്നില്ല. ചെറിയ മക്കളെയും കൊണ്ട് നാലഞ്ചുമണിക്കൂർ അവർ റെയിൽവേ സ്റ്റേഷനിൽ ക്ഷീണിച്ചുവിശന്നു കാത്തിരുന്നുമടുത്തു. ഒടുക്കം സ്റ്റേഷനിൽ കണ്ടുമുട്ടിയ അപരിചിതനായ ഡ്രൈവറുമായി ധാരണയിലായി, കിട്ടിയ വണ്ടിയും എടുത്ത് അവിടെയുള്ള പ്രധാന സ്ഥലങ്ങളെല്ലാം കണ്ടുമടങ്ങി. അന്ന് വൈകീട്ടുവരെ ടൂർ ഗൈഡ് തിരിച്ചുവിളിക്കുകയോ ഫോൺ എടുക്കുകയോ ചെയ്തില്ല. ചോദിച്ചപ്പോൾ അയാളും കുടുംബവും വലിയ ആക്‌സിഡന്റിൽ പെട്ടുവെന്ന് പറഞ്ഞ് തടിതപ്പി. അത് വിശ്വസിക്കാമോ ഇല്ലയോ എന്ന് ഞങ്ങൾക്കറിയില്ല. ലുക്ക്സൂറിലെ ഹോട്ട് എയർ ബലൂൺ യാത്ര അവർ നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം ചില സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടത് കാൻസൽ ചെയ്തതായി വിവരം ലഭിച്ചു. അതിലേക്ക് കെട്ടിവെച്ച തുക തിരിച്ചുകിട്ടിയതുമില്ല. ഞങ്ങളുടെ കൂട്ടുകാർ ഞങ്ങളെപ്പോലെ നൈൽ യാത്രയല്ല, മറിച്ച് റോഡ് മാർഗമുള്ള യാത്രയാണ് തിരഞ്ഞെടുത്തത്. കഠിനമായ ചൂടും മറ്റും കൊണ്ട് കുട്ടികൾ നന്നായി വലഞ്ഞിരിക്കണം. എന്തുതന്നെയായാലും അവർ ഈജിപ്ത് യാത്ര തന്നെ വെറുത്തു. ഇനി ഈ ദേശത്തേക്കില്ലെന്ന് പ്രാകി.

അവിടുത്തെ മനുഷ്യൻ ഗതികെട്ടവരാണ്. പൗരർ എന്ന നിലയിൽ അവർ നിരന്തരം പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭക്ഷണമോ ജോലിയോ വരുമാനമോ ഇല്ലാതെ അവർ തമ്മിലടിച്ചു കഴിഞ്ഞുപോയിരുന്ന കഴിഞ്ഞ വർഷങ്ങൾ അവരെക്കൊണ്ട് പലതും ചെയ്യിപ്പിക്കുന്നു എന്നൊക്കെ ഞാൻ പറഞ്ഞു നോക്കി. അതൊന്നും ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവർ. ഒരുപക്ഷേ കഷ്ടങ്ങൾ നേരിട്ട് അനുഭവിച്ചവരും ആയിരിക്കുകയുമില്ല. ആ നരകത്തിലേക്ക് ഇനിയാരും പോകരുതെന്ന് പുലമ്പിക്കൊണ്ടേയിരുന്നു അവർ. മുൻകൂറായി മുഴുവൻ പണമടച്ചതും അസ്വാനിലെയും ലുക്‌സൂറിലെയും ചൂട് കണക്കിലെടുക്കാതെ മക്കളെയും കൊണ്ട് റോഡ് മാർഗം യാത്ര തീരുമാനിച്ചതും, സിം കാർഡ് എടുക്കാതെ, പൂർണമായി ടൂർ ഗൈഡിനെ വിശ്വസിച്ചതും, തലേന്ന് ഏർപ്പാടാക്കിയ ആളെ വിളിച്ച് സംസാരിച്ച്​ തീർപ്പാക്കാത്തതുമൊക്കെ പാളിച്ചകളായി ഞാൻ മനസ്സിലാക്കുന്നു.

ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ തീരാവുന്ന പ്രശ്‌നമേ ഇന്ന് ഈജിപ്ത് യാത്രയിലുള്ളൂ. മുൻവർഷങ്ങളെ അപേക്ഷിച്ച് കാര്യങ്ങളെല്ലാം നല്ല ഗതിയിലാണ് മുന്നോട്ടുപോകുന്നത്.

സത്യത്തിൽ ആ സമയത്ത് ഞങ്ങൾക്കവരെ ബന്ധപ്പെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല. ഒരേസമയം ഒരേ ആളുകളുടെ കീഴിൽ യാത്ര ചെയ്ത രണ്ടുകൂട്ടർക്ക് വ്യത്യസ്ത അനുഭവങ്ങൾ വന്നുഭവിക്കുന്നു. വൈവിധ്യങ്ങളുടെ രാജ്യം എല്ലാ രീതിയിലും, അനുഭവങ്ങളിലും പാളിച്ചുകളിലും വൈവിധ്യം ഒളിപ്പിക്കുന്നു. വരൾച്ചക്കാലവും പ്രളയകാലവും സമൃദ്ധകാലവും മാറിമറിയുന്നതുപോലെ. നീതി നിഷേധങ്ങളിൽ ജീവിച്ചവരിൽനിന്ന് എന്ത് നീതിയാണ് തിരിച്ചു പ്രതീക്ഷിക്കേണ്ടത്.

മറ്റുള്ളവർ ജാഗരൂകരായിരിക്കുകയെന്നതുമാത്രമേ നിവൃത്തിയുള്ളൂ. ‘നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണ്​’ എന്ന്​ എഴുതിവെച്ച അറിയിപ്പുകൾ പോലെ കള്ളങ്ങൾ കണ്ടുപിടിക്കാനായിട്ടല്ല, കള്ളത്തരങ്ങൾ മുടക്കാൻ സാധിക്കുമെങ്കിൽ എത്ര നല്ലതാണ്. ഞാൻ വിളിച്ചുചോദിച്ചപ്പോൾ, ഹോട്ട് എയർ ബലൂണിന്റെ പൈസ അധികൃതർ തന്നെ തിരിച്ചു തന്നില്ലയെന്ന് ടൂർ ഗൈഡ് അറിയിച്ചു. ഇതിലെ സത്യവും അസത്യവും തിരിച്ചറിയാൻ എനിക്ക് യാതൊരു നിർവാഹവുമില്ലായിരുന്നു. ഇതെല്ലാം യാത്രയുടെ അനുഭവങ്ങളായി ഇവിടെ വിവരിക്കുന്നുവെന്നു മാത്രം. കെമെറ്റിലെ ഭൂമി സന്ദർശിക്കാനുള്ള കാരണങ്ങൾ, അവിടെ അനുഭവിക്കാൻ സാധ്യതയുള്ള കഷ്ടതകളെക്കാളും എത്രയോ മടങ്ങ് അധികമാണ് എന്നു മനസ്സിലാക്കണം. ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ തീരാവുന്ന പ്രശ്‌നമേ ഇന്ന് ഈജിപ്ത് യാത്രയിലുള്ളൂ. മുൻവർഷങ്ങളെ അപേക്ഷിച്ച് കാര്യങ്ങളെല്ലാം നല്ല ഗതിയിലാണ് മുന്നോട്ടുപോകുന്നത്.

നമ്മുടെ ക്യാമറ കയ്യിൽ നിന്ന്​ തട്ടിയെടുത്ത് ഫോട്ടോയെടുത്ത് തരും, ചോദിക്കാതെയും പറയാതെയും ചില കാര്യങ്ങളിടയ്ക്ക് വിശദീകരിച്ചും തരും. എല്ലാത്തിനും വില കൊടുക്കേണ്ടിവരും എന്നതാണ് അവസ്ഥ.

ഞങ്ങൾക്കും ഇതുപോലെ സമാന അനുഭവങ്ങളുണ്ടായിരുന്നു. പറ്റിക്കപ്പെടുമോ എന്നുപേടിച്ച് അതീവ ശ്രദ്ധയോടെയാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. നമ്മളറിയാതെ നമ്മൾ പറ്റിക്കപ്പെടില്ല എന്നുള്ള ആത്മവിശ്വാസവുമുണ്ടായിരുന്നു.

ആദ്യ ദിവസം സിം എടുത്തുകിട്ടാൻ ഞങ്ങൾ ബുദ്ധിമുട്ടി. അലക്‌സാൻഡ്രിയയിലെ എയർപോർട്ടിലോ, ചെന്നെത്തിയത് വെള്ളിയാഴ്ച ആയതുകൊണ്ട്, പുറത്തുള്ള കടകളിലോ സിം കണ്ടുകിട്ടിയില്ല. പൊതുവിൽ സഞ്ചാരികൾക്ക് സിം എടുത്തു കൊടുക്കുന്നതിൽ താല്പര്യക്കുറവ് അവർക്കുള്ളതായിപോലും എനിക്കുതോന്നി. പല തട്ടിപ്പുകൾക്കും ഇരയാക്കപ്പെടാനുള്ള കൈകെട്ട് വിദ്യയാണ് ആശയവിനിമയ നിഷേധം. ഇന്റർനെറ്റോ മൊബൈലോ ഇല്ലെങ്കിൽ കെട്ടിയിട്ട പോലെ ഗൈഡുകളുടെ അകമ്പടി സേവിക്കേണ്ട ഗതികേടാണ് പിന്നീടങ്ങോട്ടുണ്ടാകാൻ പോകുന്നത്. ഞാൻ വാശിപിടിച്ചതുകൊണ്ട് ഏതോ ഒരു കട തപ്പിപ്പിടിച്ച് ഒരു സിം എടുത്തുതന്നു. 100 ഈജിപ്ഷ്യൻ ഡോളർ മതിയെന്ന് പറഞ്ഞുതന്ന കാർഡ് അവിടം വിട്ട്​ മണിക്കൂറൂകൾക്കുശേഷം, വീണ്ടും 400 ഡോളർ അടച്ചുവെങ്കിൽ മാത്രമേ ആക്ടിവേറ്റഡ് ആവൂ എന്ന അറിയിപ്പ് വന്നു. തിരിച്ചുപോകാൻ നിർവാഹവുമില്ല. കൈവശമുണ്ടായിരുന്ന ഡോളർ കൊടുത്താൽ കടകളിൽ നിന്നും ബാക്കി കിട്ടുകയില്ല. അവിടെ ചുറ്റുമിരിക്കുന്ന ആരുടെ കൈയിലും ചില്ലറ കാണുകയുമില്ല. ഇതെല്ലാം വ്യവസ്ഥാപിതമായ തട്ടിപ്പ് പോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു.

ഞങ്ങൾ ഭക്ഷണം കഴിച്ചിറങ്ങി പുറത്തേക്ക് നടന്നപ്പോൾ ഹോട്ടൽ ജീവനക്കാരൻ പിറകെ ഓടി വന്ന് ജ്യൂസ് കുടിച്ചതിന്റെ ബില്ല് കയ്യിൽ തിരുകി. ഡ്രൈവറും ഹോട്ടൽ ജീവനക്കാരനും ടൂർ ഗൈഡും സൗകര്യപൂർവ്വം അങ്ങനെ ചിലത് മറച്ചുവെക്കും.

ഉച്ചഭക്ഷണത്തിന് ഏർപ്പാടാക്കിയ ഹോട്ടലിൽ കൊക്ക്‌ടെയ്‌ലും വെള്ളവും ശീതളപാനീയവുമായി അവർ ഞങ്ങളെ ഗംഭീരമായി വരവേറ്റു. വേണ്ടിയിട്ടോ വേണ്ടാതെയോ ഞങ്ങത് സ്വീകരിച്ചു. അതു കുടിച്ച്​ വയറുനിറഞ്ഞാൽ പിന്നെ മറ്റൊന്നും കഴിക്കാനും പറ്റില്ല. ഗംഭീര സ്വാദുള്ള ഭക്ഷണമാണ് അവർ വിളമ്പിയിരുന്നത്. എന്തായാലും അന്നത്തെ ഏകദിന ടൂർപാക്കേജിൽ ഉൾപ്പെട്ടതാണ് ഉച്ചഭക്ഷണം. ഞങ്ങൾ ഭക്ഷണം കഴിച്ചിറങ്ങി പുറത്തേക്ക് നടന്നപ്പോൾ ഹോട്ടൽ ജീവനക്കാരൻ പിറകെ ഓടി വന്ന് ജ്യൂസ് കുടിച്ചതിന്റെ ബില്ല് കയ്യിൽ തിരുകി. ഡ്രൈവറും ഹോട്ടൽ ജീവനക്കാരനും ടൂർ ഗൈഡും സൗകര്യപൂർവ്വം അങ്ങനെ ചിലത് മറച്ചുവെക്കും.

നാഷണൽ മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ സിവിലൈസേഷനു മുന്നിൽ അമ്മു വള്ളിക്കാട്ട്​

ഞങ്ങൾ താമസിച്ച ഹോട്ടലിൽ ബുക്കിംഗ് ചെയ്ത തുകയേക്കാൾ കൂടുതൽ ഈടാക്കി. അയാൾ പറയുന്നത് മനസ്സിലാവാതെയും, പോരടിച്ചു നിൽക്കാനുള്ള സമയം കുറവുകൊണ്ടും ബാക്കി അവിടെ ഉപേക്ഷിച്ചു പോരുകയേ നമുക്കും നിവൃത്തി ഉണ്ടായിരുന്നുള്ളൂ. നമ്മൾ വണ്ടിയിറങ്ങുമ്പോൾ എവിടെനിന്നോ ചില സഹായികൾ പാഞ്ഞെത്തും. അവർ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബാഗ് നമുക്കൊപ്പം നടന്നുന്തും. ബാഗ് കയറ്റി കാറിലേക്ക് വയ്ക്കുമ്പോൾ ഒരു പിടി പിടിച്ചു കൂടെ നിൽക്കും. പിന്നീട് കൂലി ചോദിക്കുകയായി. നമ്മുടെ ക്യാമറ കയ്യിൽ നിന്ന്​ തട്ടിയെടുത്ത് ഫോട്ടോയെടുത്ത് തരും, ചോദിക്കാതെയും പറയാതെയും ചില കാര്യങ്ങളിടയ്ക്ക് വിശദീകരിച്ചും തരും. എല്ലാത്തിനും വില കൊടുക്കേണ്ടിവരും എന്നതാണ് അവസ്ഥ.

പലയിടങ്ങളിലായി പറ്റിക്കപ്പെട്ടതിന്റെ ഈർഷ്യയിൽ, നോമ്പ് നോറ്റ് വെയിലത്ത് തൊണ്ട വരണ്ട് ഞങ്ങളുടെ കൂടെ വന്ന റാണിയക്കും ഡ്രൈവർക്കും ഞങ്ങളും സൗകര്യപൂർവം ടിപ്പൊന്നും കൊടുത്തില്ല. അവർ ചോദിച്ചതുമില്ല,

ആദ്യ ദിവസത്തെ അനുഭവത്തിനുശേഷം ഞങ്ങൾക്കെല്ലാറ്റിനോടും കലിപ്പ് തോന്നിയിരുന്നു. ടൂർ ഗൈഡും ഡ്രൈവറും സൗകര്യപൂർവ്വം പല കാര്യങ്ങളും മറച്ചു വെച്ചതിനാലാണ് ഞങ്ങൾക്ക് ഇങ്ങനെയൊക്കെയുണ്ടായത് എന്ന് തോന്നുക പോലും ചെയ്തു. പലയിടങ്ങളിലായി പറ്റിക്കപ്പെട്ടതിന്റെ ഈർഷ്യയിൽ, നോമ്പ് നോറ്റ് വെയിലത്ത് തൊണ്ട വരണ്ട് ഞങ്ങളുടെ കൂടെ വന്ന റാണിയക്കും ഡ്രൈവർക്കും ഞങ്ങളും സൗകര്യപൂർവം ടിപ്പൊന്നും കൊടുത്തില്ല. അവർ ചോദിച്ചതുമില്ല, ഞങ്ങളുടെ കൈയിലാണെങ്കിൽ വലിയ തുകയുടെ ഡോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. തുടർന്നങ്ങോട്ടുള്ള യാത്രയിൽ ചെറിയ ടിപ്പുകൾ നിർബന്ധമല്ലെങ്കിൽ കൂടിയും, ഒരു കീഴ്​വഴക്കമാണെന്ന് മനസ്സിലായി. വലിയ ശതമാനത്തിന്റെ നിത്യവൃത്തിയാണ് എന്ന് തിരിച്ചറിഞ്ഞ സമയം മുതൽ ഞങ്ങൾ അതുകൂടി കണക്കാക്കി തുക കരുതിവെച്ചു. മദ്യപിച്ച് തുലക്കുന്ന കാശ് മതിയാവുമല്ലോ എന്ന് പരസ്പരം പറയുകയും ചെയ്തു. അവരുടെ ചെറിയ ജോലികൾ അവരെ ചെയ്യാൻ വിട്ട് നോക്കുകൂലിയില്ലാതെ തന്നെ എല്ലാവർക്കും ചെറിയ ടിപ്പുകൾ മനസ്സോടെ കൊടുത്തുതുടങ്ങി. അതിനുള്ള ചില്ലറകൾ കരുതുകയും ചെയ്തുപോന്നു.

ഡ്രൈവർ ഗൈഡിനുവേണ്ടിയും ഗൈഡ് ഡ്രൈവർക്കുവേണ്ടിയും, ബാഗ് ഉന്തിയ ആൾക്കുവേണ്ടിയും കൂലി ചോദിക്കുന്നതാണ് നടപടി. ആദ്യ ദിവസം ചോദിക്കാതെയും പറയാതെയും കൊടുക്കാതെയും വന്ന ടിപ്പിൽ ഞങ്ങൾക്ക് നെഞ്ച് നീറി. കിതച്ചവർ കയറിവന്ന പടികൾ, വെള്ളമിറക്കാതെ വിശദീകരിച്ച കാഴ്ചകൾ, വെയിലത്ത് നിർജ്ജലീകരണപ്പെട്ടുകുഴഞ്ഞ അവരുടെ നാവ്, ഞങ്ങൾ മൃഷ്ഠാനമുണ്ണുമ്പോൾ പുറത്ത് കാത്തുനിന്നവരുടെ വയറിന്റെ ആന്തൽ, ഉറക്കം മുറിച്ച കാത്തിരിപ്പ് എന്നിവയെല്ലാം ഓർമയിൽ പെരുകി. തിരിച്ച് ഒമാനിലെത്തിയശേഷം അവിടെയുള്ള ഈജിപ്ഷ്യൻ സുഹൃത്തുവഴി ആ കടം ഞങ്ങൾ വീട്ടി.

ടൂർ ഗൈഡിനെയും ഡ്രൈവറെയും തേടിപ്പിടിച്ച് ഞങ്ങളുടെ സുഹൃത്ത് കൊടുത്ത പണമേൽപ്പിച്ചു. ഒരു മാസത്തിനുശേഷം അപ്രതീക്ഷിതമായി കിട്ടിയ പാരിതോഷികത്തിൽ അവർക്ക് ഞങ്ങളോട് പരിഭവം ഉണ്ടായിരുന്നുവെങ്കിൽ കൂടിയും നീങ്ങിയിട്ടുണ്ടാവും എന്നുഞാൻ കരുതി. ഇനി വരുമ്പോൾ നിങ്ങളെന്റെ അതിഥിയായിരിക്കണമെന്നും, ഞങ്ങളെ ഓർത്തുവെക്കാൻ നിങ്ങൾ കാണിച്ച സൗമനസ്യത്തിന് നന്ദിയുണ്ടെന്നും അറിയിച്ചു. ഉപേക്ഷക്കുള്ള കാരണങ്ങൾ അനവധിയുണ്ടാകും. എന്നാൽ കരുതലിലേക്കുള്ള കാരണങ്ങൾ നമ്മൾ തേടി കണ്ടെത്തുക തന്നെ വേണമെന്ന് ഞങ്ങൾക്ക് തോന്നി.

നാഷണൽ മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ സിവിലൈസേഷൻ

കൈറോയിൽ പ്രധാനമായി രണ്ട് വലിയ മ്യൂസിയങ്ങളുണ്ടായിരുന്നു ഈജിപ്ഷ്യൻ മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ആന്റിക്വിറ്റിസും, പിന്നെ പുതുതായി പണിത നാഷണൽ മ്യൂസിയം ഓഫ് ഈജിപ്ഷ്യൻ സിവിലൈസേഷനും. 22 റോയൽ മമ്മികൾ ഉറങ്ങുന്ന നാഷണൽ മ്യൂസിയം നൈൽ കരയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. മമ്മികളെ കാണണം എന്നതുകൊണ്ടു തന്നെ ഞങ്ങൾ നാഷണൽ മ്യൂസിയത്തിൽ പോകാനുറപ്പിച്ചു. വലിയൊരു മ്യൂസിയമായിരുന്നു അത്. വർഷങ്ങളായി ഉത്ഖനനം ചെയ്ത കിട്ടിയ സാധനങ്ങൾ പല ചെറു മ്യൂസിയങ്ങളിലായി ചിതറി കിടന്നിരുന്നത്, ചിലപ്പോൾ വെക്കാൻ സ്ഥലമില്ലാതെ കോൾഡ് സ്റ്റോർ റൂമിൽ പൂട്ടി കിടന്നിരുന്നത് ഒക്കെ ഈജിപ്തിൽ വലിയ പ്രശ്‌നമായിരുന്നു. തുതകാമുകന്റെ ശവകുടീരത്തിൽ നിന്ന് മാത്രം അയ്യായിരത്തോളം സാധനങ്ങളാണ് കണ്ടെടുത്തത്. ഇതെല്ലാം കൂടി എവിടെ വച്ച് പ്രദർശിപ്പിക്കും എന്നത് സമസ്യ തന്നെ. വിപ്ലവകാലത്ത് പല മ്യൂസിയവും കൊള്ളയടിക്കപ്പെടുകയും, പുരാവസ്തുക്കളുടെ സുരക്ഷ വലിയൊരു പ്രശ്‌നമായി മാറുകയും ചെയ്തിരുന്നു. ഇതിനെല്ലാം പരിഹാരം കണ്ടുകൊണ്ടാണ് പുതിയ മ്യൂസിയം പണികഴിപ്പിച്ചത്.

6000 വർഷം പഴക്കമുള്ള, ആദ്യം കണ്ടെടുത്ത അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ അവിടെ നിരത്തിവച്ചിരിക്കുന്നു. ഈജിപ്ത് കടന്നുപോയ സംസ്‌കാരങ്ങളുടെ ആകെത്തുക അവിടെ നിന്ന്​ ഞങ്ങൾക്ക് ദൃശ്യമായി.

എല്ലാം ഉൾക്കൊള്ളിച്ച്​ ലോകത്തിനുതന്നെ മാതൃകയായി ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ പണി അവിടെയിപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ചിതറി കിടക്കുന്ന കാഴ്ചവസ്തുക്കൾ ഒരുമിച്ച് ചേർത്തുവെക്കണമെന്നും, അവരുടെ പ്രതാപവും പാരമ്പര്യവും പുകഴും ഏറുമാറ് പ്രദർശിപ്പിക്കണമെന്നുമുള്ള വലിയ ആഗ്രഹമാണ് ഗ്രാൻഡ് ഈജിപ്​ഷ്യൻ മ്യൂസിയത്തിനുപുറകിൽ. കയറിച്ചെന്നയുടനെ 6000 വർഷം പഴക്കമുള്ള, ആദ്യം കണ്ടെടുത്ത അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ അവിടെ നിരത്തിവച്ചിരിക്കുന്നു. ഈജിപ്ത് കടന്നുപോയ സംസ്‌കാരങ്ങളുടെ ആകെത്തുക അവിടെ നിന്ന്​ ഞങ്ങൾക്ക് ദൃശ്യമായി. സ്പർശ്യവും സ്പർശ്യേതരവുമായ പല അനുഭവങ്ങൾ അവിടെ വച്ചുണ്ടായി. പലകാലങ്ങളിൽ അവരുപയോഗിച്ചിരുന്ന സാധനങ്ങൾ വസ്ത്രങ്ങൾ, പാത്രങ്ങൾ, ആയുധങ്ങൾ, ശവപ്പെട്ടികൾ എന്നുവേണ്ട എല്ലാം വിശദമായ കുറിപ്പുകളോടെ മനോഹരമായ നിരത്തിവെച്ചിരിക്കുന്നു. സാർക്കൊഫാഗസ് എന്ന ശവകല്ലറകളിൽ ചിലത് എന്തു ഭംഗിയായിരുന്നെന്നോ കാണാൻ. പല മമ്മികളും ജീവിച്ചിരുന്നപ്പോൾ എങ്ങനെ ആയിരുന്നു എന്ന് അത് കണ്ടാൽ മാത്രം മനസ്സിലാകും. ഭംഗിയുള്ള മുഖങ്ങൾ ആലേഖനം ചെയ്ത്, മനോഹരമായ ചിത്രങ്ങളും കൊത്തുപണികളും കൊണ്ട് അലങ്കരിച്ച മനുഷ്യരൂപിയായ പെട്ടികൾ. 5000ത്തോളം സാധന സാമഗ്രികൾ അവിടെയുണ്ട്.

പ്രാചീന കാലം, ഫറോണിക്ക് കാലം, ഗ്രീക്ക് റോമൻ കാലം, കോപ്റ്റിക് കാലം, ഇസ്​ലാമിക കാലം എന്നുതുടങ്ങി ഈജിപ്തിന്റെ കഴിഞ്ഞകാല ചരിത്രം മുഴുവനായി അടയാളപ്പെടുത്തി വച്ചിട്ടുണ്ട്. പിന്നെ കണ്ടത് മമ്മികളെയാണ്. ഈജിപ്തിൽ വച്ചുകണ്ട ഏറ്റവും മികച്ച കാഴ്ചയെന്തെന്ന്, അനുഭവമെന്തെന്ന് ചോദിച്ചാൻ കറുത്ത കുഴിമാടങ്ങൾ പോലുള്ള ഇരുൾമുറികളിലൂടെയുള്ള ഈറ പിടിപ്പിക്കുന്ന ഭയാനകമായ നടപ്പ്. ഓരോ അടിയിലും ഹൃദയത്തിന്റെ പടപടാ മിടിപ്പ്. നിശ്ശബ്ദമായ ആ ഇടത്തെ പിന്നണിയിലെ ഭീതിതമായ സംഗീതം ഞാൻ ഇപ്പോഴും കേൾക്കുന്നു, മൃതത്തണുപ്പ് വറ്റിച്ച കൊഴുത്ത നീലരക്തം, സിരകളിൽ പടരും പോലെ ഞാനിപ്പോഴും അറിയുന്നു. ▮

(തുടരും)

Comments