മൃതദേഹങ്ങൾ അടക്കം ചെയ്​തിരുന്ന മാസ്റ്റാബ എന്നറിയപ്പെടുന്ന മണ്ണറകൾ

മൺ മാസ്റ്റാബകളിലെ ഉറക്കം ​പിൻമടക്കം

ഈ എഴുത്തു മാത്രമേ നിർത്താൻ സാധിക്കൂ. മനസ്സിലെ അന്വേഷണങ്ങളും ആത്മാവിലെ എഴുത്തും നിർത്താൻ സാധിക്കില്ല. എന്നെന്നേക്കുമായുള്ള തുടരന്വേഷണത്തിലേക്കാണ്​ ഈജിപ്തിലെ കാഴ്ചകൾ ഓരോരുത്തരെയും തള്ളിയിടുന്നത്.

പ്രാചീന ഈജിപ്തുകാർ മൃതദേഹങ്ങളെ മമ്മിയാക്കിയതും പിരമിഡ് പണിഞ്ഞതും ഭൗമഗർത്തങ്ങളിൽ ശവക്കല്ലറ കൂട്ടിയതുമൊക്കെ മരിച്ചശേഷം ശാശ്വതജീവിതം ആഗ്രഹിച്ചതുകൊണ്ടാണ്. അവരാഗ്രഹിച്ചപോലെ ശാശ്വതജീവിതം അവർക്കു കിട്ടി. ഭൂമിക്കടിയിലെ നീണ്ട നിദ്രയ്‌ക്കൊടുവിൽ, സഹാറ മരുഭൂമിയിലെ ഉറക്കമവസാനിപ്പിച്ച്, പല കാലങ്ങളിലായി, അവയോരോന്നും അറ്റവും തുമ്പുമായി പൊന്തിവന്നു.

മണ്ണും കല്ലും കെട്ടിടാവശിഷ്ടങ്ങളും മറ്റും കൊണ്ട് അടയാളങ്ങൾ ഒട്ടുമേ ബാക്കിവെക്കാതെയാണ് അവർ ഓരോ ശവക്കല്ലറയും പൊതിഞ്ഞു മറച്ചുവച്ചിരുന്നത്. ഓരോ കല്ലറയ്ക്കുള്ളിലും ഫറവോയുടെ മമ്മിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടതായ എല്ലാമുള്ളടക്കി. ചില കാലങ്ങളിൽ പ്രിയതമയെയും പരിചാരകരെയും സേവകരെയും വളർത്തുമൃഗങ്ങളെ പോലും ജീവനോടെ അടക്കിയിരുന്നു.
മെച്ചപ്പെട്ട സാമൂഹികാവസ്ഥാസൂചികകളായി നമുക്ക് അടക്കം ചെയ്തിട്ടുള്ള കല്ലറകളിലെ സാധനങ്ങളെ (grave goods) കണക്കാക്കാം. അതുകണ്ട് മനുഷ്യനെ അടയാളപ്പെടുത്താനാവും. ആദ്യം ചെറിയ കുടങ്ങളായിരുന്നു അടക്കം ചെയ്തത്. പിന്നെ മനുഷ്യർ നല്ല ജീവിതം തേടിപ്പിടിച്ചതോടുകൂടി വിലപിടിപ്പുള്ള സാധനങ്ങൾ അടക്കം ചെയ്യാൻ തുടങ്ങി. പുരുഷന്മാർ ആയുധങ്ങളും സ്ത്രീകൾ ആഭരണങ്ങളും ലിംഗഭേദം സമൂഹത്തിൽ തെളിഞ്ഞുതുടങ്ങിയപ്പോൾ അടക്കം ചെയ്തു.

ഓരോ കല്ലറയ്ക്കുള്ളിലും ഫറവോയുടെ മമ്മിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടതായ എല്ലാമുള്ളടക്കി. ചില കാലങ്ങളിൽ പ്രിയതമയെയും പരിചാരകരെയും സേവകരെയും വളർത്തുമൃഗങ്ങളെ പോലും ജീവനോടെ അടക്കിയിരുന്നു. / Photo : Wikipedia

ആദ്യമൊക്കെ മാസ്റ്റാബ എന്ന മണ്ണറകളിലാണ് ശവം അടക്കംചെയ്തിരുന്നത്. മരണാനന്തര ജീവിതത്തോടുള്ള ത്വരയാണ് കൂടെ അടക്കം ചെയ്ത ഓരോ സാധനങ്ങളും സൂചിപ്പിക്കുന്നത്. മനുഷ്യക്കുരുതി അവസാനിപ്പിച്ച് ഇഷ്ടപ്പെട്ട മനുഷ്യരേയും സാധനങ്ങളേയും ചുവർചിത്രങ്ങളായി വരച്ചുവച്ചു, പിന്നീട്. മോഹങ്ങളുടെ സാക്ഷാത്കാരമാണ് ഓരോ മൗലികരചനകളും. തീർത്താൽ തീരാത്ത ആഗ്രഹങ്ങളും നടക്കാത്ത മോഹങ്ങളും, ജീവിക്കാൻ സാധിക്കാത്ത ജീവിതവും മനുഷ്യർ എഴുതിവയ്ക്കുന്നു. ചിലത് താളുകളിൽ കോറിവെക്കുന്നു, ചിലത് ചുമരുകളിൽ കൊത്തിവയ്ക്കുന്നു.

മമ്മിയൊരുക്കം

മന്ത്രങ്ങളും പ്രാർത്ഥനകളും ഉരുവിട്ട്, ആചാരാനുഷ്ഠാനങ്ങളോടുകൂടി, ഓരോ മമ്മിയും തയ്യാറാക്കപ്പെട്ടു. സുഗന്ധതൈലങ്ങളും ലേപനങ്ങളും പുരട്ടി ദേഹം സുരഭിലമാക്കിവെച്ചു. നീണ്ട ലിനൻ തുണി കൊണ്ട് കെട്ടുകൾ കെട്ടി പൊതിഞ്ഞുവച്ചു. ആന്തരികാവയവങ്ങൾ പെട്ടെന്ന് അഴുകുമെന്നതിനാൽ ഉദരത്തിൽ ചെറിയ വെട്ടുണ്ടാക്കി അവ ഓരോന്നും പുറത്തെടുത്ത്​ കനോപ്പി ജാറുകളിൽ ഇട്ടുവച്ചു. പിന്നീട് മമ്മിയുടെ കൂടെ അടക്കംചെയ്തു. ഹൃദയം പ്രധാന അവയവമായി വിശ്വസിച്ചിരുന്ന ഈജിപ്തുകാർ അതുമാത്രം ശരീരത്തിൽ തിരികെ വച്ചുകെട്ടി. മൂക്കിലൂടെ തലച്ചോർ ഊറ്റിയെടുത്ത്​ പുറത്തെടുത്തു. സസൂക്ഷ്മം ചെയ്യേണ്ട വിദ്യയാണത്. ഒന്ന് പാളിപ്പോയാൽ ദൈവമായി കരുതി ആരാധിക്കുന്ന ഫറവോയുടെ മുഖം വികൃതമായി പോകും. അവിടുത്തെ പൂജാരികൾ ആചാരങ്ങളിലും മന്ത്രങ്ങളിലും മാത്രമായിരുന്നില്ല കേമന്മാർ, മനുഷ്യാന്തരികാവയവങ്ങളെപ്പറ്റി നല്ല ധാരണയുള്ളവരായിരുന്നു. ആത്മാവ് വസിക്കുന്ന ഇടമാണ് മൃതദേഹം എന്നും അത് നശിച്ചുപോയാൽ പിന്നെ മരണാനന്തര ജീവിതം സാധ്യമാകില്ല എന്നും ഈജിപ്തുകാർ വിശ്വസിച്ചിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളെപ്പോലെ ദേഹം വെടിഞ്ഞ ദേഹി എന്ന സങ്കല്പം അവർക്കുണ്ടായിരുന്നില്ല.

വിശ്വാസങ്ങളും സങ്കല്പങ്ങളും എത്ര ശിഥിലമാണ്. എല്ലാ വിശ്വാസങ്ങളും ഒരുതരത്തിൽ ന്യൂനപക്ഷങ്ങളുടെതാണ്. നമ്മുടെ വിശ്വാസത്തിനുപുറത്ത് ഭൂരിപക്ഷമാളുകളും സുഖമായി ജീവിക്കുന്നു എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ മതത്തിന്റെ പേരിലും ആചാരത്തിന്റെ പേരിലും മനുഷ്യർ തമ്മിൽ തല്ലുമോ? പൊന്തിവന്ന വിഗ്രഹങ്ങൾ കാട്ടി സഹജീവികളെ കത്തിച്ചുതീർക്കാൻ ഒരുമ്പിടുമോ?

ആളുകൾ മുൻപ് കണ്ടിട്ടില്ലാത്ത ഒരു ഗംഭീര ഘോഷയാത്ര 2021 ഏപ്രിൽ 21ന് ഈജിപ്തിലുണ്ടായി. രാജാക്കന്മാരുടെ 22 മമ്മികളെ സർവ്വ ആദരവോടും ബഹുമതിയോടും കൂടി മുൻപ് പ്രദർശനത്തിനുവെച്ചിരുന്ന മ്യൂസിയത്തിൽനിന്ന് നാഷണൽ മ്യൂസിയം ഓഫ് ഈജിപ്​ത്യൻ സിവിലൈസേഷനിലേക്ക് കൊണ്ടുപോയി.

വിശ്വസിക്കാൻ പറ്റാത്ത വിശ്വാസമായിരുന്നെങ്കിൽ കൂടിയും, കാലങ്ങൾ മാറ്റിമറക്കുന്ന വിശ്വാസമായിരുന്നിട്ടുകൂടിയും പ്രാചീന ഈജിപ്തിൽ വിശ്വാസമായിരുന്നു എല്ലാറ്റിനും ആധാരം. അടിയുറച്ച വിശ്വാസമില്ലാതെ ഇത്ര ചിട്ടയോടെ എന്തെങ്കിലുമൊരു പ്രവർത്തിയിലേർപ്പെടാൻ മനുഷ്യർക്ക് സാധിക്കുമോ? അനശ്വരമായ പരലോക ജീവിതം വിശ്വസിച്ചെങ്കിൽ മാത്രമേ പിരമിഡ് പണിയാനും, കല്ലറകൾ പണിയാനും, എന്തുവിലകൊടുത്തും മമ്മികൾ സൂക്ഷിച്ചുവയ്ക്കാനും സാധിക്കൂ. 3500 വർഷങ്ങൾ ശേഷവും അത് മനുഷ്യരാശിക്ക് എത്തിപ്പിടിക്കാനായി സംരക്ഷിച്ചുപോന്നത് അടിയുറച്ച വിശ്വാസത്തിന്റെ പുറത്താണ്. അവരുടെ ജീവിതവും മരണവും മരണയൊരുക്കങ്ങളും എല്ലാം സാർത്ഥകമായി. എങ്കിലും ശാസ്ത്രബോധത്തിലൂന്നി മനുഷ്യനന്മക്കുവേണ്ടി ആധുനിക മനുഷ്യനും അതുപോലെ ഒത്തുചേർന്ന് നമ്മുടെ വരും തലമുറയ്ക്കായി പലതും ചെയ്തുവയ്ക്കാൻ സാധിക്കും.

ആളുകൾ മുൻപ് കണ്ടിട്ടില്ലാത്ത ഒരു ഗംഭീര ഘോഷയാത്ര 2021 ഏപ്രിൽ 21-ന് ഈജിപ്തിലുണ്ടായി. രാജാക്കന്മാരുടെ 22 മമ്മികളെ സർവ ആദരവോടും ബഹുമതിയോടും കൂടി മുൻപ് പ്രദർശനത്തിനുവെച്ചിരുന്ന മ്യൂസിയത്തിൽനിന്ന് നാഷണൽ മ്യൂസിയം ഓഫ് ഈജിപ്​ത്യൻ സിവിലൈസേഷനിലേക്ക് കൊണ്ടുപോയി. രാജയാത്രയിൽ കൈറോയുടെ തെരുവോരങ്ങൾ രാജവീഥിയായി. ഗോൾഡൻ റോയൽ പരേഡ് എന്നാണ് ആ യാത്ര അറിയപ്പെട്ടത്. ലോകം മുഴുവൻ ഈജിപ്തിന്റെ പ്രൗഢഗംഭീരമായ പൈതൃകപ്രദർശനത്തിൽ അത്ഭുതം കൂറി. അവരുടെ പിതൃക്കളെ എല്ലാ വിശ്വാസത്തോടും പ്രൗഢിയോടും കൂടിയാണ് പുതിയ ഇടത്തേക്കാനയിച്ചത്. പഴയ ശവസംസ്‌കാരത്തെ ധ്വനിപ്പിക്കുന്ന മന്ത്രങ്ങളും ചടങ്ങുകളും ഉണ്ടായിരുന്നു. പണ്ട് ബ്രിട്ടന്റെ പ്രിൻസസ് മാർഗർറ്റ് മമ്മികൾ കാണെ ജുഗുപ്‌സയോടെ മുഖം ചുളിച്ചത് അധികൃതരെ കുറച്ചുകൂടി പ്രൗഢിയോടെ മമ്മികൾ കാണിക്ക വെക്കാൻ പ്രേരിപ്പിച്ചിരുന്നു എന്നാണ് ഒരു കഥ. സാധാരണ അലങ്കാരവസ്തുക്കളെപ്പോലെ മ്യൂസിയത്തിന്റെ ഒരു മൂലയിൽ പ്രദർശിപ്പിക്കാൻ പാടുള്ളതല്ല മമ്മികൾ എന്ന തോന്നൽ അവരിലുണ്ടായി.

ഇപ്പോൾ മമ്മികളുടെ മരണനിദ്ര ഒരു ശവകുടീരത്തിലെന്നപോലെ മ്യൂസിയത്തിനുള്ളിൽ പ്രത്യേകം പണിത ഇരുളറയ്ക്കുള്ളിൽ സജ്ജീകരിച്ചതാണ്. രാജാക്കന്മാരുടെ താഴ്വരയിലെ നീണ്ട വഴികൾ ഓർമ വരും പോലെ ഇടവഴികൾ താണ്ടി വേണം നമ്മൾ മമ്മികൾ വച്ചിരിക്കുന്ന റോയൽ മമ്മി ഹാളിലേക്ക് എത്തിച്ചേരുവാൻ. അവയൊന്നാകെ നീലവെളിച്ചമാണ്. പശ്ചാത്തലത്തിലെ വന്യമായ സംഗീതം നമ്മെ കിടിലം കൊള്ളിക്കും. നാമറിയാതെ പരലോകത്തിന്റെ കാണാക്കയങ്ങളിൽ പെട്ട പോലെ തണുത്തുറച്ചു പോകും. ഓരോ മമ്മികളെ കാണുമ്പോഴും തരിപ്പ് കാലിൽനിന്ന് ശിരസ്സിലേക്ക് കയറി മുഖം വിളറിവെളുത്തു. കണ്ണുകൾ മുറുക്കിയടച്ചുതുറന്നു. ഇടക്ക് മറ്റു മനുഷ്യരുടെ ഭീതിതമായ, അടക്കിപ്പിടിച്ച ഞെരുങ്ങലുകളും മൂളലുകളും പതിഞ്ഞ അലർച്ചകളും മറ്റും കേൾക്കാമായിരുന്നെങ്കിലും നിശ്ശബ്ദമായിരുന്നു പൊതുവിൽ അവിടം.

ഓരോ മമ്മിയും ഓരോ പാഠങ്ങളായിരുന്നു. സി.ടി. സ്‌കാനിൽ തെളിഞ്ഞു കണ്ടെത്തിയ ഓരോ കാര്യങ്ങളും അവിടെ വ്യക്തമായി എഴുതിവെച്ചിരുന്നു. ശരീരത്തിന് വെളിപ്പെടുത്താനായി ഒരുപാടുണ്ട്. മൃതദേഹങ്ങൾ സംസാരിക്കുമെന്നും തെളിവുകൾ നിരത്തുമെന്നും ഫോറൻസിക് സർജന്മാർ പറയുന്നത് എത്ര ശരിയാണ്. ഡി.എൻ.എ. പരിശോധനയിൽ പിതൃത്വവും മാതൃത്വവും തെളിയിക്കപ്പെട്ട് രാജപരമ്പരകളുടെ രേഖകൾ തയ്യാറാക്കപ്പെട്ടു. എങ്ങനെ മരിച്ചു, ജീവിച്ചിരിക്കുമ്പോൾ എന്തെല്ലാം അസുഖങ്ങളുണ്ടായിരുന്നു തുടങ്ങി എല്ലാ വിവരവും മമ്മികളിൽ നിന്ന് ലഭ്യമായി.

മമ്മികൾ ചുക്കിച്ചുളിഞ്ഞ ചുള്ളിക്കമ്പുകൾ പോലെ കണ്ണാടിക്കൂടിനുള്ളിൽ ശയിച്ചു. ചിലരുടെ കൈകൾ വശംകെട്ട് പൊങ്ങിനിന്നു. ചില പല്ലുകൾ ചുണ്ടുകൾ ഭേദിച്ച് പുറത്തുചാടി. മുടിയിഴകൾ ഭംഗിയായി മുടഞ്ഞിട്ടത്, ചിലത് തെറിച്ചുനിൽക്കുന്നവ. ചില മനുഷ്യർ കാഴ്ചകൾ കണ്ട് ഒന്നായി കെട്ടിപ്പിടിച്ച് നീങ്ങുന്നുണ്ടായിരുന്നു. ഹൃദയങ്ങളിൽനിന്ന് മിന്നൽപിളരുകൾ ഉടലിലേക്കും കൈകളിലേക്കും പടരുന്നു. ഞാൻ ചുങ്ങുകയും ഞെട്ടലോടെ വിറയ്ക്കുകയും ചെയ്തു. കറുത്തുകല്ലിച്ച ദേഹങ്ങൾ ചെറുതായി അസ്ഥിപഞ്ചരമായിരിക്കുന്നു. പല മമ്മികൾക്കും ആറടിയോളം നീളമുണ്ടായിരുന്നു. മാംസം ഉണങ്ങിയുറച്ച് തൊലിയോളം നേർത്തുപോയിരുന്നു. കറുപ്പ് മൃതദേഹത്തിന്റെ നിറമാണ്. മരണത്തിന്റെ നിറമാണ്. മനോഹരമായ മമ്മികളുടെ തൊലികൾ കറുത്തുതിളങ്ങി നിൽക്കുന്നു. കറുപ്പ് അന്ധകാരത്തിന്റെ നിറമാണ്. നിഗൂഢതയുടെ നിറമാണ്. മനുഷ്യരുടെ മനസ്സിന്റെ അഗാധതയുടെ നിറമാണ്. ഞാൻ കറുപ്പിനെ വന്യമായി സ്‌നേഹിക്കുന്നു. ഓരോ മമ്മികളുടെ ജീവിതവും കാലവും അടയാളപ്പെടുത്തിയ വലിയ ബോർഡുകൾക്ക് മുന്നിൽ ഞങ്ങൾ കുട്ടികളെപ്പോലെ വരി നിന്നു.

‘എടോ നോക്ക് റാമിസെസ്, ഹാചപ്പ്സൂത്, തുത്തകാമുൻ' എന്ന് ഞങ്ങൾ അതിശയിച്ചു.

ഹാചപ്പ്സൂത് / Photo : Wikipedia

കേട്ടുപരിചയിച്ച പിതൃക്കൾ നമുക്കുമുന്നിൽ ശയിക്കുന്നു.

ഒരു നിമിഷം തീച്ചൂളയിൽ ചാമ്പലാക്കാതെ, എന്നെയും കുഴിമാടങ്ങളിൽ ഞാനണിയാത്ത കുപ്പിവളകൾക്കൊപ്പം അടക്കം ചെയ്യണമെന്ന് വാശിപിടിക്കാൻ തോന്നിപ്പോയി, എനിക്ക്.

കുലം മുടിയും ശാപം

മുടിഞ്ഞ ശാപമാണ് കല്ലറ തേടി​പ്പോകുന്നവരെ കാത്തിരിക്കുന്നത് എന്നാണ് വിശ്വാസം. ഗോൾഡൻ പരേഡിനെ ചില ആളുകൾ ശക്തമായി എതിർത്തിരുന്നു. മരിച്ചവരോടുള്ള ആക്ഷേപമാണ് മരണാനന്തരപ്രദർശനം എന്ന് പലരും വിശ്വസിച്ചു. പരേഡിന്റെ കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഈജിപ്തിൽ രണ്ടു ട്രെയിനുകൾ കൂട്ടിമുട്ടി കുറച്ചുപേർ കൊല്ലപ്പെട്ടു, കൈറോയിലെ കെട്ടിടം നിലംപൊത്തി, സൂയിസ് കനാലിൽ കപ്പൽ കുടുങ്ങി, മുമ്പു കണ്ടിട്ടില്ലാത്ത പോലെ ലോക ചരക്കുഗതാഗതം നിലച്ചുപോയി. ഇതെല്ലാം ഫറവോകളുടെ ശാപമാണെന്ന് പലരും വിശ്വസിക്കുന്നു. മമ്മി തേടി പോയവർക്കൊക്കെ ശാപം കിട്ടും എന്നാണ് വിശ്വാസം. അങ്ങനെയെങ്കിൽ ഞാനും അതിലൊരുവളാണ്. തുതാൻകാമൂന്റെ കല്ലറ കണ്ടെടുത്തപ്പോൾ അതിലേക്ക് പണം മുടക്കിയ ധനികനായ ലോഡ് കർണാവൻ അഞ്ചു മാസങ്ങൾക്കുശേഷം കൊതു കുത്തി രക്തം വിഷലിപ്തമായി മരിച്ചു. ഒരു പതിറ്റാണ്ട് മമ്മിയെ തേടിയലഞ്ഞുകണ്ടെത്തിയ കാർട്ടർ സ്വാഭാവിക മരണം പുൽകി എന്നത് ശ്രദ്ധേയം. സർവനാശം കൊണ്ടുവന്നും, ക്ഷയിച്ചും അപകടപ്പെട്ടും, ദുർമരണത്തിലേക്കുപോയും ശാപം എന്നൊന്ന് വിടാതെ പിന്തുടരുമെന്ന് പലരും വിശ്വസിക്കുന്നു. പക്ഷേ അത്തരത്തിൽ ശാപം എന്നൊന്നില്ല എന്ന് ശാസ്ത്രം വളർത്തിയ ആധുനിക മനുഷ്യർക്കറിയാം. ചില കുടീരങ്ങളിൽ ഇങ്ങനെ എഴുതിവെച്ചു: എന്റെ കല്ലറ തുറക്കുന്നവരെ, നിനക്ക് അന്തിമവിധിയിൽ മരണം, നിന്റെ കഴുത്ത്​ ഞാൻ പക്ഷിയെ പോലെ ഞെരിക്കും, ഞാനെന്ന ഭയം നിന്നെ ഗ്രസിക്കും, കണ്ടുപിടിക്കാൻ സാധിക്കാത്ത മാരകരോഗത്താൽ നീ മരണമടയും, ജലത്തിലെ മുതലകൾ നിന്നെ കടിച്ചുകീറും, കണ്ടാമൃഗങ്ങൾ കൊന്നുതള്ളും, കരയില്ലെങ്കിൽ തേളുകൾ കുത്തുകയോ പാമ്പുകൾ കൊത്തുകയോ ചെയ്യും, ഓരോ കല്ലറയ്ക്ക് പുറത്തും മുതലകളുടെ രൂപവും ചെന്നായ്ക്കളുടെ രൂപവും പ്രതിഷ്ഠിച്ചിരുന്നു, അതും താണ്ടി ശവക്കല്ലറ തേടി കണ്ടെത്തിയവർ എത്രയോപേർ സുഖമായി ജീവിച്ചിരുന്നു, ജീവിച്ചിരിക്കുന്നു.​​​​​​​

തുതാൻകാമൂൻ / Photo : Wikipedia

മമ്മികളുടെ സഞ്ചാരം

പുതിയ രാജവാഴ്ചയുടെ കാലമായ 1539 ബി.സി. മുതൽ 1075 ബി.സി. വരെ ജീവിച്ചിരുന്ന രാജാക്കന്മാരുടെ മമ്മിയാണ് അധികവും ആ പരേഡിലുണ്ടായിരുന്നത്. നാഗരികതയുടെ സുവർണ കാലഘട്ടമായിരുന്നുവത്. 110 വർഷം പഴക്കമുള്ള ഓൾഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്നാണ് ഈ മമ്മികൾ നാഷണൽ മ്യൂസിയത്തിലേക്ക് കൊണ്ടുവരുന്നത്. സിക്യുനെന്റെ റ്റാവോ രണ്ടാമനാണ് ആ കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയ മമ്മി. അദ്ദേഹം 1600 ബി.സി.യിൽ തെക്കേ ഈജിപ്ത് ഭരിച്ചിരുന്ന രാജാവാണ്. മമ്മികൾ പല യാത്രകൾക്കൊടുവിലാണ് ഇവിടെ എത്തിയിട്ടുള്ളത്. 1800 കളിൽ കൊള്ളയടിക്കപ്പെട്ട റമസിസ് ഒന്നാമന്റെ മമ്മി പല രാജ്യങ്ങളിലെ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ഒടുക്കം ഈ അടുത്തായി അമേരിക്കയിയിലെ മിഖായേൽ കാർലോസ് മ്യൂസിയം ഈജിപ്​ത്​ ഗവൺമെന്റിന് ഈ മമ്മി തിരികെ കൈമാറാൻ തയ്യാറായി. നൈൽ കപ്പലുകളിൽ കയറ്റിയാണ് മമ്മികൾ കുഴിച്ചെടുത്ത സ്ഥലങ്ങളിൽനിന്ന് കൈറോയിലേക്ക് കൊണ്ടുവന്നത്. 1880 കളിൽ നൈലോരങ്ങളിൽ ജനം തങ്ങളുടെ രാജാക്കന്മാരെ കൊണ്ടുപോകുന്നത് നോക്കിനിൽക്കെ ദുഃഖാർത്തരായി കരഞ്ഞിരുന്നു എന്നാണ് അന്നത്തെ പത്രങ്ങളിൽ വാർത്ത വന്നിരുന്നത്.

കൈറോയിൽ മമ്മികൾ എത്തിയപ്പോൾ അത്തരത്തിൽ ഒരു വസ്തു പട്ടികയിൽ ഇല്ലാത്തതുകൊണ്ട് അതിർത്തി കടത്തിവിടാൻ നിർവാഹമില്ലാതെ അധികൃതർ സാങ്കേതികമായി കുടുങ്ങിപ്പോയിരുന്നു എന്നത് രസകരമായ കാര്യമാണ്. ഒടുക്കം ഉണക്കമീൻ എന്ന് രേഖപ്പെടുത്തിയിട്ടാണ് അതിരുകടന്നത്. അന്നത്തെ കാലത്ത് നിന്ന്​ എത്രയോ മുന്നോട്ട് പോയിരിക്കുന്നു അവർ. പാരമ്പര്യം വിൽക്കാനും പ്രദർശിപ്പിക്കാനും ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാനും അവർക്ക് ഇന്നാവുന്നുണ്ട്.

ഈജിപ്തിന്റെ നിയമമനുസരിച്ച് മരിച്ചവർക്കും ജീവിച്ചവർക്കും ഈജിപ്​ത്​ വിട്ട് വെളിയിൽ പോകണമെങ്കിൽ പാസ്‌പോർട്ട് വേണം. അങ്ങനെ 1303 ബി.സിയിൽ ജീവിച്ചിരുന്ന രാജാവിനുവേണ്ടി 3000 വർഷങ്ങൾക്കുശേഷം പാസ്‌പോർട്ട് അടിച്ചുകിട്ടി. തൊഴിൽ ‘മരിച്ചുപോയ രാജാവ്' എന്നടിച്ചുവെച്ചു.

കണ്ടുകിട്ടിയ മമ്മികളെ വെച്ച് ജീവിച്ചിരുന്നപ്പോൾ ഈ രാജാക്കന്മാർ എങ്ങനെയുണ്ടായിരുന്നു എന്ന് കാണിച്ചുതരുന്ന ത്രിമാനരൂപങ്ങൾ നമുക്ക് പല കമ്പ്യൂട്ടർ ആപ്പുകളിൽ കാണാം. ഹാച്ചപ്പ്‌സൂതും, തുതാൻകാമുനും ചിരിക്കുകയും പാടുകയും ചെയ്യുന്ന കുഞ്ഞു വീഡിയോകൾ കണ്ടിരിക്കാൻ എന്തുരസമാണ്.

1976-ൽ റമിസിസ് രണ്ടാമനെ പൂപ്പൽബാധയെ തുടർന്ന് പുനരുദ്ധാരണത്തിനായി പാരീസിലേക്ക് കൊണ്ടുപോകേണ്ടതായി വന്നു. ഈജിപ്തിന്റെ നിയമമനുസരിച്ച് മരിച്ചവർക്കും ജീവിച്ചവർക്കും ഈജിപ്​ത്​ വിട്ട് വെളിയിൽ പോകണമെങ്കിൽ പാസ്‌പോർട്ട് വേണം. അങ്ങനെ 1303 ബി.സി.യിൽ ജീവിച്ചിരുന്ന രാജാവിനുവേണ്ടി 3000 വർഷങ്ങൾക്കുശേഷം പാസ്‌പോർട്ട് അടിച്ചുകിട്ടി. തൊഴിൽ ‘മരിച്ചുപോയ രാജാവ്' എന്നടിച്ചുവെച്ചു. പല സാധനങ്ങളും വെളിയിലെ മ്യൂസിയത്തിൽ കൊണ്ടുപോയശേഷം തിരികെ കിട്ടാത്ത പ്രശ്‌നങ്ങൾ ഈജിപ്​തിലുണ്ടായിട്ടുണ്ട്. അതുണ്ടാവാതിരിക്കാനുള്ള കരുതൽ കൂടിയാണ് ഈ പാസ്‌പോർട്ട് അടിച്ചു വിടുന്നത് എന്നുപറയുന്നു ചിലർ. ഏറ്റവും ശക്തനായ, 90 വർഷം ജീവിച്ച, നീണ്ട കാലം ഫറവോയായി വാണ, പിതാമഹനായിരുന്നു റമിസെസ്. 100 മക്കളുണ്ടായിരുന്നു റമിസെസിന്. അന്ന് പാരീസിൽ വലിയ വരവേൽപ്പായിരുന്നു രാജാവിന് ലഭിച്ചത്. ഗോൾഡൻ പരേഡ് എന്ന ആശയവും ഉണ്ടായത് അങ്ങനെ തന്നെയാണ്.

1303 ബി.സിയിൽ ജീവിച്ചിരുന്ന റമിസിസ് രണ്ടാമനെ പൂപ്പൽ ബാധയെ തുടർന്ന് പുനരുദ്ധാരണത്തിനായി പാരീസിലേക്ക് കൊണ്ടുപോകാൻ 3000 വർഷങ്ങൾക്കുശേഷം അടിച്ച പാസ്‌പോർട്ട്‌. / Photo : Wikipedia

ഏറ്റവും തെളിവാർന്ന് സസൂക്ഷ്മം മമ്മിയാക്കപ്പെട്ടതാണ് സീതി ഒന്നാമന്റെ മൃതദേഹം. മമ്മിയുടെ മുഖം കാൺകെ ശാന്തനായ വൈദികൻ ധ്യാനത്തിലെന്നപോലെ തോന്നിച്ചു. മൃതദേഹമല്ലിത്, വെൺപിറ പോലെ. ശിശുവിന്റെ ദൈവികമുഖം അദ്ദേഹത്തിനുണ്ടായിരുന്നു.

മമ്മികളുടെ കണ്ടെത്തൽ ഈജിപ്തിന്റെ പുരാവസ്തുഗവേഷണത്തിന്റെ നാഴികക്കലായി കരുതണം. നൈലിന്റെ പടിഞ്ഞാറ് ഭാഗത്തായി തീബ്‌സ് എന്നറിയപ്പെടുന്ന തലസ്ഥാനനഗരിയിലാണ് അവരുടെ ശവകുടീരങ്ങൾ. ദേർ അൽ ബഹാരിയിൽ നിന്നാണ് 40 രാജാക്കന്മാരുടെ മമ്മികൾ കണ്ടെടുത്തത്. അബൂ സിംബൽ പണികഴിപ്പിച്ച റമിസിസ് അടക്കം 17 മുതൽ 21 രാജവംശത്തിൽ ജീവിച്ച പല രാജാക്കന്മാരുടെയും മമ്മികൾ ഇവിടെ നിന്ന്​ കണ്ടെടുത്തു. പിന്നീട്, 1898-ൽ 11 മമ്മികളെ വീണ്ടും തൊട്ടടുത്തുള്ള രാജാക്കന്മാരുടെ താഴ്വരയിൽ നിന്ന്​ കണ്ടെടുത്തു.

സി.ടി. സ്‌കാനിങ്ങിലൂടെ കണ്ടെത്തിയ വിവരമനുസരിച്ച് പല രാജാക്കന്മാരും അകാലത്തിൽ പൊലിഞ്ഞവരാണ്. ജനിതകവൈകല്യങ്ങൾ പിടിപെട്ട്​ നശിച്ചുപോയ ജന്മങ്ങൾ. മനുഷ്യകുലങ്ങൾ ചെറിയ അതിരുകൾ- കുടുംബത്തിന്റെയും ജാതിയുടെതും വർഗത്തിന്റെതുമായ അതിരുകൾ- ഭേദിച്ച് സമൃദ്ധമായി പടരേണ്ടത് വൈവിധ്യങ്ങളുടെ മനുഷ്യകുലം നിലനിർത്താൻ ആവശ്യമാണ്.

ഏറ്റവും തെളിവാർന്ന് സസൂക്ഷ്മം മമ്മിയാക്കപ്പെട്ടതാണ് സീതി ഒന്നാമന്റെ മൃതദേഹം. / Photo : Wikipedia

ഈ എഴുത്തുമാത്രമേ നിർത്താൻ സാധിക്കൂ. മനസ്സിലെ അന്വേഷണങ്ങളും ആത്മാവിലെ എഴുത്തും നിർത്താൻ സാധിക്കില്ല. എന്നെന്നേക്കുമായുള്ള തുടരന്വേഷണത്തിലേക്കാണ്​ ഈജിപ്തിലെ കാഴ്ചകൾ ഓരോരുത്തരെയും തള്ളിയിടുന്നത്. ഇനിയും പോകണം, കണ്ടെത്തിയ ഇത്തിരിക്കാഴ്ചയിൽ തെളിഞ്ഞ അറിവുകൾക്ക്, ഇനിയും എത്ര കാതം സഞ്ചരിക്കാനുണ്ട്. നികത്താനാവാത്ത കൗതുകം, കണക്കുകൂട്ടലുകൾ തെറ്റിച്ചു നിൽക്കുന്ന തിരിച്ചറിവുകൾ, വഴുതിപ്പോകുന്ന അനുമാനങ്ങൾ.

ഞങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു.
പോകാൻ നേരമാകുന്നു. കണ്മുമ്പിൽ ചില മമ്മികളുടെ നഖങ്ങൾ കൂർത്തുനിന്നു. ചിലർ രണ്ട് കൈകളും ദേഹത്തോട് ചേർത്തുവച്ച് ശാന്തമായി കിടക്കുന്നു. ചിലർ അവസാന ശ്വാസത്തിനായി വായ പൊളിച്ച്, വ്യഗ്രത കൂടിയ മുഖത്താൽ ആർത്തിയോടെ ജീവിതത്തെ നോക്കുന്നു. ചിലർ ചുണ്ട് കൂർപ്പിച്ച് കൺതടങ്ങളിൽ പൂച്ചക്കുഞ്ഞിനെയുറക്കുന്നു. ചില കൈകൾ ദേഹത്തുനിന്ന്​ഉയർന്നുനിൽക്കുന്നു, ജീവനെത്തിപ്പിടിച്ച് വശംകെട്ട് കൈയയച്ച്​മരണക്കുഴിയിൽ മുങ്ങിപ്പോയവരെപ്പോലെ. എത്ര ഒരുക്കങ്ങൾ കൂട്ടിവെച്ചാലുമതേ, ജീവിക്കാനുള്ള കൊതി തീരുമോ?
മരണമേ, ജീവനോട് മല്ലിടാതെ മുറിച്ചെടുത്തുപോകാൻ സാധിക്കുമോ?
ചിലർക്ക് പറ്റുമായിരിക്കും, ചിലസമയങ്ങളിൽ പറ്റുമായിരിക്കും. മനോജ്ഞമായ നിദ്രയിൽ ജീവനുപേക്ഷിച്ചുപോയവർ. പെറ്റമ്മയെ പെട്ടെന്ന് ഓർമ വരുന്നു.

പുസ്തകം വായിച്ച് കഥകളിൽ മുഴുകിയ നിദ്രാവിഹീനമായ ഒരു പാതിരാവിൽ നിലച്ച ഹൃദയം പേറി, ഒരു ചെറുശ്വാസത്തിനപ്പുറം ജീവിതത്തോട് എന്നന്നേക്കുമായി വിടചൊല്ലിയ എന്റെ അമ്മയെ...

തർപ്പണം ചെയ്ത്​ മൗനമായി ഞങ്ങൾ തിരികെ നടന്നു. ▮

(അവസാനിച്ചു)

Comments