മസായിമാര റിസർവിലെ ചീറ്റകൾ / ഫോ​ട്ടോ: പ്രമോദ്​ കെ.എസ്​.

മസായിമാരയിലെ​ചീറ്റകൾ

​സിംഹകുടുംബങ്ങളെപോലെ സുപ്രസിദ്ധമായ ചീറ്റകുടുംബങ്ങളുമുണ്ട് മസായിമാരയിൽ. അതിലൊന്നാണ് ബി.ബി.സിയുടെ ‘ദി ഹണ്ട്’ പരിപാടിയിൽ അവതരിപ്പിച്ച മലൈക എന്ന പെൺചീറ്റയുടെ സംഘം. സഫാരി വാഹനങ്ങൾക്ക് മുകളിലേക്ക് ചാടിക്കയറി ചുറ്റുപാടും നിരീക്ഷിക്കുന്ന സ്വഭാവമുണ്ടായിരുന്നത്രെ മലൈകക്ക്.

ആറ്​

മാരാസിംബാ ലോഡ്ജിന്റെ ഓരോ കെട്ടിടങ്ങളോടുചേർന്നും നടവഴികളിൽ പലയിടത്തായും സുരക്ഷാജീവനക്കാരുണ്ടായിരുന്നു. മുറിയിലെത്തി ചൂടുവെള്ളത്തിൽ മേൽകഴുകി വിശ്രമിച്ചശേഷം റസ്​റ്റോറന്റിലേക്ക് നടന്നു ഞങ്ങൾ. ആ തീൻപുര അപ്പോഴേക്കും സജീവമായിക്കഴിഞ്ഞിരുന്നു. അത്താഴം തയ്യാറാണ്. തലേക്ക് നദിയുടെ ഭാഗത്തേക്കഭിമുഖമായിരിക്കുന്ന തീൻമേശകളൊക്കെ അതിഥികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. നെരിപ്പോടിൽ കനലെരിയുന്നു. അതിനരികിലായിരുന്ന് കലാകാരൻമാർ വാദ്യോപകരണങ്ങൾ മീട്ടുന്നു. ബാർ കൗണ്ടറും അതിനുസമീപത്തുള്ള ഇരിപ്പിടങ്ങളും നിറഞ്ഞിരിക്കുന്നു. ആഫ്രിക്കൻ, ഇന്ത്യൻ, പാശ്ചാത്യ രുചികൾ മേളിച്ച ഡൈനിങ്ങ് ഏരിയയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യത്യസ്ത പ്രായങ്ങളിലുളള സഞ്ചാരികളുണ്ട്.

ഒരിക്കൽ കണ്ട പുഴയല്ല പിന്നീട് കാണുന്നത് എന്ന് പറഞ്ഞതുപോലെ തന്നെയാണ് മസായിമാരയും. ആ പുലർക്കാലത്ത് മാരയിലെ പുൽമേടുകളുടേയും അതിനിടയിലൂടെ മേഞ്ഞുനടക്കുന്ന മൃഗങ്ങളുടേയും കാഴ്ച അതീവ ഹൃദ്യമായിരുന്നു.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു കൂട്ടം മസായികൾ പെരുമ്പറ ശബ്ദങ്ങളുടെ അകമ്പടിയോടെ പരമ്പരാഗതവേഷത്തിൽ നൃത്തം ചെയ്​ത്​ കടന്നുവന്നു. സമീപത്തുതന്നെയുള്ള മസായി ഗ്രാമത്തിൽ നിന്നുള്ളവരാണ്. അവരിൽ ചിലർ ഈ ഹോട്ടലിൽ തന്നെ ജോലി ചെയ്യുന്നവരാണ്. ഓരോ തീൻമേശക്കു സമീപത്തേക്കും നൃത്തം ചെയ്​ത്​ മസായികളെത്തി. സഞ്ചാരികളെ തങ്ങൾക്കൊപ്പം നൃത്തം ചെയ്യാൻ ക്ഷണിക്കുന്നുണ്ട് അവർ. ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചും സെൽഫിയെടുത്തും നൃത്തച്ചുവടുവെച്ചും ഹോട്ടലിലെ അതിഥികളും നൃത്തസംഘത്തിനൊപ്പം സജീവമായി.

പുറത്ത് നിലാവുണ്ട്. ഉയർന്ന വൃക്ഷങ്ങൾ സൃഷ്ടിക്കുന്ന നിഴൽരൂപങ്ങൾ തലേക്ക് നദിയിലേക്ക് നീണ്ടുകിടന്നു. അന്തരീക്ഷത്തിന് മോശമല്ലാത്ത തണുപ്പുണ്ട്. ഇരുണ്ട വെളിച്ചത്തിൽ തീൻമേശക്കിരുപുറം സംസാരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ. യാത്രാസംഘത്തിൽ ഒപ്പമുള്ള പലരും ഞങ്ങളെ അഭിവാദനം ചെയ്​ത്​ കടന്നുപോകുന്നുണ്ട്.

മാരാസിംബാ ലോഡ്​ജിനുസമീപം ഒരുക്കിയ തീൻമേശകൾ / photo: pramod k.s

മസായി സംഘം നൃത്തത്തിനുശേഷം പിൻവാങ്ങി.

സജീവമായ ആ ഭക്ഷണശാലയുടെയും ചുറ്റുപാടിന്റെയും മായികാന്തരീക്ഷത്തിൽനിന്ന് വിട്ടുപോരാൻ തോന്നാതെ കുറച്ചു നേരം കൂടി അവിടെ ചെലവഴിച്ചു. നരിപ്പോടിനരികിലിരുന്ന്​ ഒരു ഗായകൻ പാടുന്നു.
ഒടുവിൽ ഞങ്ങൾ മുറിയിലേക്ക് മടങ്ങി. ബാൽക്കണിയിലെ ഉരുളൻ മരക്കഷ്ണങ്ങൾ കൊണ്ട് നിർമിച്ച പരുക്കൻ കസേരയിൽ അകലേക്ക് നോക്കിയിരിക്കുന്നതിനിടയിൽ ഇബ്രു തന്റെ യാത്രാനുഭവങ്ങളുടെ കെട്ടഴിച്ചു.

ദുബായിൽനിന്ന് കമ്പനി മീറ്റിങ്ങിൽ പങ്കെടുക്കാൻ ആദ്യമായി ഇറ്റലിയിലേക്ക് പോയതും പിന്നീടുളള യാത്രകളിൽ യൂറോപ്പിലെ രാജ്യങ്ങൾ ഓരോന്നായി കണ്ടു തീർത്തതും യാത്രകളെ മറ്റു ഭൂഖണ്ഡങ്ങളിലേക്ക് തിരിച്ചുവിട്ടതും യാത്രക്കിടയിലെ മറക്കാനാകാത്ത അനുഭവങ്ങളുമൊക്കെ പങ്കുവെച്ചു മൂപ്പർ. ഇബ്രു സന്ദർശിക്കുന്ന 26-ാമത്തെ രാജ്യമാണിത്. വെറുമൊരു പെരുമ്പിലാവുകാരൻ മാത്രമായിരുന്ന തന്റെ വീക്ഷണങ്ങളെ യാത്രകൾ എത്രമാത്രം മാറ്റിമറിച്ചു എന്ന്​ വിവരിച്ചു ഇബ്രു. കുറേ നേരം ആ വരാന്തയിൽ പലതും സംസാരിച്ച് അങ്ങനെയിരുന്നു. തണുപ്പ് ഏറി വന്നതോടെ ഉറങ്ങാൻ മുറിയിലേക്ക് പിൻമാറി. ബാൽക്കണിക്കും തലേക്ക് നദിക്കും ഇടയിലുള്ള വശത്തുകൂടി ഇടക്കിടെ ഹോട്ടലിന്റെ സുരക്ഷാ ജീവനക്കാർ കടന്നുപോകുന്നുണ്ട്.

photo: pramod k.s

നാളെ മസായി മാരയിലെ ഞങ്ങളുടെ രണ്ടാം ദിവസമാണ്. പകൽ മുഴുവൻ നീണ്ടു നിൽക്കുന്നതാണ് നാളത്തെ ഗെയിം ഡ്രൈവ്. രാവിലെ 7.30-നുതന്നെ പുറപ്പെടാം എന്നാണ് ഡങ്കൻ പറഞ്ഞിരിക്കുന്നത്. ഇബ്രുവിന് കുറച്ച് ജോലി ബാക്കിയുണ്ട്.

ഞാൻ ഉറങ്ങാൻ കിടന്നു. എന്റെ കട്ടിൽ, മുറിയേയും ബാൽക്കണിയേയും വേർതിരിക്കുന്ന ചില്ലുഭിത്തിയോടുചേർന്നാണ്. കർട്ടനുകൾ മാറ്റിയിട്ടതുകൊണ്ടുതന്നെ അതിലൂടെ മേടിന്റെയും ആകാശത്തിന്റെയും ദൃശ്യം കാണാം. പുറംകാഴ്ചകളിലേക്ക് നോക്കിക്കിടക്കുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ എഴുന്നേൽക്കുമ്പോൾ ഇബ്രു ലാപ്ടോപ്പിനുമുന്നിലാണ്. കുറച്ചുനേരം ബാൽക്കണിയിൽ പുറത്ത് വെളിച്ചത്തിന്റെ ആദ്യകണികകൾ പരക്കുന്നതും കാത്തിരുന്നു. പിന്നീട് കുളിച്ച് തയ്യാറായി ഞങ്ങൾ റെസ്റ്റോറന്റിലേക്ക് നടന്നു. ആ തണുത്ത പുലരിയിൽ മാരാസിംബായുടെ വളപ്പിലെ കൽനടപ്പാതകളിലൂടെ അങ്ങനെ നടക്കുമ്പോൾ ഒരു വശത്ത് കോട്ടേജുകളും അതിനിടയിലൂടെ ഇടക്കൊക്കെ തലേക്ക് നദിയും കാണാം. പക്ഷികളുടെ ശബ്ദങ്ങൾ ഉയരുന്നുണ്ട്. ചിലരൊക്കെ പ്രഭാതനടത്തിനിറങ്ങിയിരിക്കുകയാണ്. മറ്റു ചിലർ ഞങ്ങളെപ്പോലെ അന്നത്തെ ഗെയിം ഡ്രൈവിന് തയ്യാറെടുത്ത്​ റെസ്റ്റോറന്റിലേക്കുള്ള യാത്രയിലാണ്.

ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലായാണ് കുടിയേറ്റം. സെപ്റ്റംബറിൽ മാര ഈ വിരുന്നുകാരെക്കൊണ്ടും ഇവിടെ സ്ഥിരതാമസമാക്കിയ മൃഗങ്ങളെക്കൊണ്ടും നിറയും. സസ്യബുക്കുകൾക്കും സിംഹം, പുള്ളിപ്പുലി, ചീറ്റ, കഴുതപ്പുലി, കാട്ടുനായ, മുതല തുടങ്ങിയ ഇരപിടിയൻമാർക്കും സുഭിക്ഷതയുടെ കാലമാണിത്.

റെസ്റ്റോറൻറ്​ സജീവമായി തുടങ്ങിയിട്ടേയുള്ളൂ. തീൻമേശകളിൽ മുക്കാൽഭാഗവും ഒഴിഞ്ഞുകിടക്കുന്നു. ഇന്ത്യൻ മാനേജ്മെന്റിനുകീഴിലുള്ളതുകൊണ്ടാവണം നെയ്റോസ്റ്റും മസാലദോശയുമൊക്കെ തയ്യാറാകുന്നുണ്ട്, അതിന്റെ തുറന്ന അടുക്കളയിൽ. നിരവധിയായ ഭക്ഷ്യവിഭവങ്ങൾ നിരത്തിവെച്ചിരിക്കുന്നു. ആവശ്യാനുസരണം ചൂടോടെ തയ്യാറാക്കി നൽകുന്ന വിഭവങ്ങൾക്കുമുന്നിൽ ആളുകൾ കാത്തുനിൽക്കുന്നുണ്ട്. കുറച്ച് പഴങ്ങളും ഓംലെറ്റും അൽപ്പം മാംസവും ഒരു കട്ടൻ കാപ്പിയും കഴിച്ച് ഞാൻ ഭക്ഷണം അവസാനിപ്പിച്ചു. ഞങ്ങളുടെ യാത്രാസംഘത്തിലുള്ള പലരും ഭക്ഷണത്തിന്​ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

ഗെയിം ഡ്രൈവിന്​ എട്ടിനുതന്നെ പുറപ്പെടണമെന്നാണ് ഡങ്കൻ പറഞ്ഞിരിക്കുന്നത്. 7.45-ഓടെ തന്നെ ഞങ്ങൾ വാഹനത്തിനടുത്തേക്കെത്തി. ഞങ്ങളുടെ വാഹനത്തിലെ മറ്റുള്ളവരും താമസിക്കാതെ എത്തി. പക്ഷെ യാത്ര മുൻനിശ്ചയിച്ചതിനേക്കാൾ അര മണിക്കുറോളം വൈകി. യാത്രാസംഘത്തിൽ ഗ്രീസിൽ നിന്നുള്ള ഒരമ്മയും മകളുമുണ്ടായിരുന്നു. മകൾക്ക് പനിയായതിനാൽ നൈറോബിയിൽ തന്നെ തുടരുകയായിരുന്ന അവർ ഒരു ചെറുവിമാനത്തിൽ മസായിമാരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എയർ സ്ട്രിപ്പിൽ ചെന്ന് അവരെക്കൂടി എടുത്ത് അന്നത്തെ ഗെയിം ഡ്രൈവ് തുടങ്ങാനാണ് ഡങ്കന്റെ പദ്ധതി. പക്ഷെ രണ്ടു പേർക്കായി കാത്തിരുന്ന് മൊത്തം സംഘത്തിന്റെ യാത്ര വൈകിപ്പിക്കുന്നതിനെതിരെ മുറുമുറുപ്പയർന്നു. ഒടുവിൽ ഞങ്ങളുടെ സംഘം ഗെയിം ഡ്രൈവിന്​ പുറപ്പെട്ടു.

മസായി മാരാ നാഷനൽ പാർക്കിൽ സഞ്ചാരികളുടെ വാഹനത്തിരക്കിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക് /​ photo: pramod k.s

ഒരിക്കൽ കണ്ട പുഴയല്ല പിന്നീട് കാണുന്നത് എന്ന് പറഞ്ഞതുപോലെ തന്നെയാണ് മസായിമാരയും. ആ പുലർക്കാലത്ത് മാരയിലെ പുൽമേടുകളുടേയും അതിനിടയിലൂടെ മേഞ്ഞുനടക്കുന്ന മൃഗങ്ങളുടേയും കാഴ്ച അതീവ ഹൃദ്യമായിരുന്നു. പോക്കുവെയിയിൽ തലേനാൾ കണ്ട മസായിമാരയേക്കാൾ സുന്ദരിയല്ലേ പുലരിയിലെ മാര എന്നു തോന്നി. മുൻദിവസം കണ്ടതിനേക്കാൽ വലിയ മൃഗക്കൂട്ടങ്ങളെ കണ്ടുതുടങ്ങി. ടാൻസാനിയയിലെ സെരെൻഗെറ്റി നാഷണൽ പാർക്കിൽനിന്ന് മസായിമാരയിലേക്കുള്ള വന്യമൃഗങ്ങളുടെ ഗ്രേറ്റ് മൈഗ്രേഷന് ഇതുവരെ തുടക്കമായിട്ടില്ല. അതിനി എപ്പോഴും ആരംഭിക്കാം. മൈഗ്രേഷന്റെ മൂർധന്യത്തിൽ ഈ പുൽമേടുകളെമ്പാടും മൃഗങ്ങളെക്കൊണ്ട് നിറയും. മേച്ചിൽപ്പുറങ്ങളും വെള്ളവും തേടി നടക്കുന്ന ഈ കുടിയേറ്റത്തിന്റെ ഉച്ചസ്ഥായിയിൽ 15 ലക്ഷത്തോളം വൈൽഡ് ബീസ്റ്റുകളാണ് തെക്കൻ സെരെൻഗെറ്റിയിൽ നിന്ന് മാരാ നദി കടന്ന് ഇവിടേക്കെത്തുക. നാലു ലക്ഷം സീബ്രകൾ, മൂന്നു ലക്ഷം ഗസൽ മാനുകൾ, 12,000 ഈലൻഡ് മാനുകൾ... അങ്ങനെ പോകും 800 കിലോമീറ്ററോളം ഘടികാരദിശയിൽ നടത്തുന്ന ഈ മഹാപ്രയാണത്തിൽ പങ്കുചേരുന്ന മൃഗങ്ങളുടെ സംഖ്യ.

മസായി മാരായിലെ മൃഗക്കാഴ്​ച / photo: vivek poduval

പുലി, കഴുതപ്പുലി, കാട്ടുപോത്ത്, ജിറാഫ് തുടങ്ങിയവയൊക്കെ ഈ യാത്രയിൽ പങ്കാളികളാകും. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ഈ കുടിയേറ്റ സീസൺ. മഴയുടെ ലഭ്യതക്കനുസരിച്ച് അത് ഓരോ മാസത്തോളം അങ്ങോട്ടുമിങ്ങോട്ടും വ്യത്യാസപ്പെടും. ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലായാണ് കുടിയേറ്റം. സെപ്റ്റംബറിൽ മാര ഈ വിരുന്നുകാരെക്കൊണ്ടും ഇവിടെ സ്ഥിരതാമസമാക്കിയ മൃഗങ്ങളെക്കൊണ്ടും നിറയും. സസ്യബുക്കുകൾക്കും സിംഹം, പുള്ളിപ്പുലി, ചീറ്റ, കഴുതപ്പുലി, കാട്ടുനായ, മുതല തുടങ്ങിയ ഇരപിടിയൻമാർക്കും സുഭിക്ഷതയുടെ കാലമാണിത്. കരുത്തരായവർ അതിജീവിക്കപ്പെടും എന്നത് ഇവിടെ പ്രാവർത്തികമാകുന്നു. ദുർബലരും ക്ഷീണിതരുമായ മൃഗങ്ങൾ വഴിയിൽ മരിച്ചുവീഴും. ഓടിരക്ഷപ്പെടാനും പരിസരം നിരീക്ഷിച്ച് ഒഴിഞ്ഞുമാറാനും കഴിയാത്തവർ മാംസാഹാരികളാൽ കൊല്ലപ്പെടും. ഒക്ടോബറിൽ മഴ തുടങ്ങുകയും നവംബറിൽ മൃഗങ്ങളുടെ മടങ്ങിപ്പോക്ക് ആരംഭിക്കുകയും ചെയ്യുന്നു. ഈ യാത്രക്കിടയിൽ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ സമാനമായ സംഖ്യയിൽ ജനനവും നടക്കും. അതിജീവനത്തിന്റെ സഹജാവബോധത്താൽ നയിക്കപ്പെടുന്ന ഈ മഹാ പര്യടനം ലോകത്തിലെ ഏഴൽഭുതങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

photo: pramod k.s

നിരവധി മൃഗങ്ങളെ കണ്ടും നിരീക്ഷിച്ചും ഫോട്ടോകളെടുത്തും മുന്നോട്ടുപോയ ഞങ്ങൾ ഡങ്കന്റെ വയർലസ്​ റേഡിയോയിലേക്കെത്തിയ ഒരു സന്ദേശത്തെ പിന്തുടർന്ന് നിരവധി വാഹനങ്ങൾ കിടന്നിരുന്ന ഒരിടത്തേക്കെത്തി. ചീറ്റകളാണ്, ഡങ്കൻ പറഞ്ഞു. കുറച്ച് ദൂരത്തായി ഒരു മരത്തിനും അതിനോടു ചേർന്ന കുറ്റിച്ചെടികൾക്കും സമീപത്ത്​ മൂന്ന് ചീറ്റകളുണ്ട്. ഒരുപക്ഷെ കുറ്റിച്ചെടികൾക്കിടയിലായി ഇനിയും ചീറ്റകളുണ്ടാകാം. നഗ്‌നനേത്രങ്ങൾ കൊണ്ട് അത്ര സ്പഷ്ടമല്ല ആ കാഴ്ച. ഡങ്കൻ ബൈനോക്കുലർ ഞങ്ങൾക്ക് കൈമാറി. വിശ്രമത്തിലാണ് ചീറ്റകൾ. വനംവകുപ്പിന്റെ നിരീക്ഷണവാഹനവും അവിടെയുണ്ട്. സിംഹകുടുംബങ്ങളെപോലെ സുപ്രസിദ്ധമായ ചീറ്റകുടുംബങ്ങളുമുണ്ട് മസായിമാരയിൽ. അതിലൊന്നാണ് ബി.ബി.സിയുടെ ‘ദി ഹണ്ട്’ പരിപാടിയിൽ അവതരിപ്പിച്ച മലൈക എന്ന പെൺചീറ്റയുടെ സംഘം. സഫാരി വാഹനങ്ങൾക്ക് മുകളിലേക്ക് ചാടിക്കയറി ചുറ്റുപാടും നിരീക്ഷിക്കുന്ന സ്വഭാവമുണ്ടായിരുന്നത്രെ മലൈകക്ക്. മലൈകയുടെ മക്കളും ഈ ശീലം പിൻതുടർന്നിരുന്നെങ്കിലും മസായി മാര അധികാരികൾ ചീറ്റകളിൽനിന്ന് അകലം പാലിച്ച് ഈ ശീലം നിരുൽസാഹപ്പെടുത്താൻ ഗൈഡുകൾക്കും സഫാരി ഡ്രൈവർമാർക്കും നിർദ്ദേശം നൽകുകയായിരുന്നു.

photo: vivek poduval

മസായിമാരയിൽ ഇന്ന് 130ൽ താഴെ ചീറ്റകളുണ്ട് എന്നാണ് കരുതപ്പെടുന്നത്. താനോബോറ, ദി ഫാസ്റ്റ് ഫൈവ് എന്നൊക്കെ അറിയപ്പെട്ടിരുന്ന അഞ്ച് ആൺചീറ്റകളുടെ കൂട്ടമായിരുന്നു മസായിമാരയിലെ ഏറ്റവും പ്രശസ്​തമായ ചീറ്റക്കൂട്ടം. ‘രാജകീയപ്രൗഢിയുള്ള അഞ്ച്’ എന്നാണ് താനോബോറ എന്ന സ്വാഹിലി വാക്കിന്റെ അർത്ഥം. 2016 മുതൽ ഒരു സംഖ്യയായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നു അവർ. രാജകീയമായി കവാത്ത് നടത്തുന്ന കരുത്തൻമാരായ ഈ അഞ്ച് ചീറ്റകളുടെ അതിമനോഹരമായ ചിത്രങ്ങളുണ്ട് ലോക പ്രശസ്​ത വന്യജീവി ഫോട്ടോഗ്രാഫർമാരുടെതായി. നിരവധി ഡോക്യുമെന്ററികളും പഠനങ്ങളുമുണ്ട് ഇവരെക്കുറിച്ച്. ആ കൂട്ടത്തിലെ ഒൽപ്പാടൻ, ഒലാരിഷാനി എന്നീ രണ്ട് ചീറ്റകൾ ഏതോ അജ്ഞാത ശത്രുവിനാൽ മുറിവേൽപ്പിക്കപ്പെട്ട് ഈ വർഷം ആദ്യം കൊല്ലപ്പെടുകയായിരുന്നു. ടാറ്റുബോറ എന്നാണ് അവശേഷിക്കുന്ന ഈ മൂന്ന് ചീറ്റകളുടെ സഖ്യം ഇന്നറിയപ്പെടുന്നത്. ബി.ബി.സി.യുടെ ‘ബിഗ് ക്യാറ്റ് ഡയറീസ്’, ‘പ്ലാനറ്റ് എർത്ത്’ തുടങ്ങിയ പരമ്പരകളിലും മാരയിലെ ചീറ്റകളുടെ ജീവിതം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 12 വർഷമാണ് ഒരു ചീറ്റയുടെ ജീവിതകാലം. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ മൃഗത്തിന് പക്ഷെ വലിയ ശബ്ദം പുറപ്പെടുവിക്കാൻ കഴിവില്ല.

മസായിമാര നാഷണൽ പാർക്കിനകത്ത് 11 എയർ സ്ട്രിപ്പുണ്ട്. നെയ്‌റോബിയിലെ വിൽസൺ എയർപോർട്ടിൽ നിന്നാണ് മസായിമാരയിലേക്കുള്ള ചെറുവിമാനങ്ങൾ പുറപ്പെടുന്നത്.

വീണ്ടും വാഹനങ്ങളെത്തിക്കൊണ്ടിരുന്നു. ഒരു പക്ഷെ പ്രശസ്​തമായ ചീറ്റ കൂട്ടുകെട്ടുകളിലെ അംഗങ്ങളായിരിക്കണം ഈ ചീറ്റകൾ; അല്ലെങ്കിൽ ഇത്രമാത്രം സഫാരി വാഹനങ്ങൾ ഇവിടെ എത്താൻ വഴിയില്ല. ‘ബിഗ് ഫൈവി’ലെ ശേഷിക്കുന്ന മൂന്ന് ചീറ്റകളെയാകാം തങ്ങളന്നു കണ്ടിരിക്കുക എന്ന് പിന്നീടൊരു സുഹൃത്ത് യാത്രയുടെ ചിത്രങ്ങൾ കണ്ടപ്പോൾ പറഞ്ഞു. പക്ഷെ, അങ്ങനെയാണെങ്കിൽ ഡങ്കൻ അതേക്കുറിച്ച് പറയേണ്ടതായിരുന്നു. ചീറ്റകളുടെ അടുത്തേക്ക് വാഹനം കൊണ്ടുപോകാൻ അനുവാദമില്ലാത്തതിനാൽ വഴിയിൽ നിർത്തിയിട്ടാണ് സഫാരി വാഹനങ്ങളിലുള്ളവർ ചീറ്റകളെ നിരീക്ഷിക്കുന്നത്. താമസിക്കാതെ അവിടെ ഒരു ഗതാഗതകുരുക്ക് തന്നെ രൂപം കൊണ്ടു. സംരക്ഷിത വനപ്രദേശത്തിനുള്ളിലെ ഗതാഗതക്കുരുക്ക്. കുറച്ചുസമയത്തിനുശേഷം ചീറ്റകളെ അവിടെ വിശ്രമിക്കാൻ വിട്ട് ഞങ്ങൾ യാത്ര തുടർന്നു. അതിരുകാണാത്ത പുൽക്കാടിനുള്ളിലൂടെയുള്ള ആ യാത്ര താരതമ്യങ്ങളില്ലാത്ത അനുഭവം തന്നെയാണ്.

photo: vivek poduval

പിന്നീട് ഞങ്ങൾ എത്തിയത് ചെളിയുടെ സാന്നിധ്യമുള്ള പുൽമേട്ടിലായിരുന്നു. മാരാ നദിയുമായി ചേരുന്ന ഒരു വലിയ തോട് കടന്നുപോകുന്നുണ്ടായിരുന്നു ആ പുൽമേട്ടിൽ. അവിടെ മേഞ്ഞുനടക്കുന്ന സീബ്രകളെ ലക്ഷ്യമിട്ട് നീങ്ങുന്ന രണ്ട് സിംഹങ്ങളായിരുന്നു അവിടത്തെ കാഴ്ച. ആ വേട്ട കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങളുടെ സംഘം അവിടെ കാത്തുകിടന്നത്. പക്ഷെ സിംഹസാന്നിധ്യം മനസ്സിലാക്കി ജാഗരൂഗരായ സീബ്രകൾ അതിനനുസരിച്ച് അവിടെ നിന്ന്​ മാറിക്കൊണ്ടിരുന്നു. പിന്നീട് ഒരു ഒറ്റമരത്തണലിൽ വിശ്രമിക്കുന്ന മറ്റൊരു സിംഹക്കൂട്ടത്തിനടുത്തേക്കെത്തി ഞങ്ങൾ. പെൺസിംഹങ്ങളും സിംഹക്കുട്ടികളും ചേർന്നതായിരുന്നു ആ സിംഹക്കുടുംബം. സിംഹക്കുഞ്ഞുങ്ങളുടെ കുത്തിമറിച്ചിലും വികൃതികളും അതീവ ഹൃദ്യമായ കാഴ്ചയായിരുന്നു. ഇബ്രുവും വിവേക് പൊതുവാളുമാണ് ഞങ്ങളുടെ വാഹനത്തിലെ പ്രധാന ഛായാഗ്രാഹകർ. അവരിരുവരും സംതൃപ്തരായി.

ഞങ്ങളുടെ വാഹനവ്യൂഹം മറികടന്ന് മുകളിലൂടെ ഒരു ചെറുവിമാനം കടന്നുപോയി. താഴ്​ന്നുപറന്നിരുന്ന ആ വിമാനം പുൽമേടിനിടയിലേക്കിറങ്ങി. ഏതൊക്കയോ ഹോളിവുഡ് പടങ്ങളിൽ കണ്ട ദൃശ്യം പോലെ.

ഇനി മാരാ നദിക്കടുത്തേക്ക്, ടാൻസാനിയൻ അതിർത്തിയിലേക്ക് പുറപ്പെടാം എന്നു ഞങ്ങൾ പറഞ്ഞെങ്കിലും അതിനു മുൻപായി എയർസ്ട്രിപ്പിൽ നിന്ന്​ ഗ്രീസുകാരെ കൂട്ടേതുണ്ട് എന്നുപറഞ്ഞു ഡങ്കൻ. മസായിമാരയിലെ ആ പുൽമരുഭൂമിയിലൂടെ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ ചുറ്റിത്തിരിഞ്ഞു ഞങ്ങളുടെ വാഹനങ്ങൾ. ഒടുവിൽ ഗ്രീസിൽ നിന്നുള്ള ആ അമ്മയും മകളും എയർസ്ടിപ്പിലെത്തി എന്ന അറിയിപ്പു കിട്ടിയതോടെ ഞങ്ങളുടെ വാഹനവ്യൂഹം അവിടം ലക്ഷ്യമാക്കി യാത്ര തുടങ്ങി. അതിവേഗത്തിൽ ആ റിസർവ്വിനുള്ളിലെ മൺവഴികളിലൂടെ കടന്നുപോകുമ്പോൾ സീറ്റിൽ കയറി തുറന്ന മേൽഭാഗത്തുകൂടി സമീപത്തുള്ള പുൽപരപ്പിലെ മൃഗക്കൂട്ടങ്ങളെ നിരീക്ഷിച്ചും മസായിമാരയുടെ ദൂരക്കാഴ്ചകൾ കണ്ടും സ്വയം മറന്നങ്ങനെ നിന്നു.

മസായിമാര നാഷണൽ പാർക്കിനകത്തെ എയർ സ്ട്രിപ്പിൽനിന്ന്​ പറന്നുയരുന്ന ചെറുവിമാനങ്ങൾ / photo: vivek poduval

മസായിമാര നാഷണൽ പാർക്കിനകത്ത് 11 എയർ സ്ട്രിപ്പുണ്ട്. നെയ്‌റോബിയിലെ വിൽസൺ എയർപോർട്ടിൽ നിന്നാണ് മസായിമാരയിലേക്കുള്ള ചെറുവിമാനങ്ങൾ പുറപ്പെടുന്നത്. എയർ കെനിയ, സഫാരി ലിങ്ക്, ഗവർണേഴ്‌സ് ഏവിയേഷൻ തുടങ്ങിയവയാണ് ഈ ചെറുവിമാനങ്ങൾ സർവ്വീസ് നടത്തുന്ന പ്രധാന കമ്പനികൾ. മറ്റു അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും സഞ്ചാരികളേയും കൊണ്ട് ഇവിടെ പറന്നിറങ്ങാറുണ്ട്. 12 മുതൽ 32 സീറ്റ് വരെയുള്ള ചെറുവിമാനങ്ങളാണ് സാധാരണ ഇവിടെ സർവ്വീസ് നടത്തുന്നത്. 45 മിനിറ്റുകൊണ്ട് നൈറോബിയിൽ നിന്ന് ഇവിടെയെത്താം. ആഫ്രിക്കൻ രാജ്യങ്ങളിലെ ടൂറിസം രംഗത്തൊട്ടാകെ ഇത്തരം ചെറുവിമാനങ്ങൾ സാധാരണമാണ്. ഹെമിങ്​വേയുടെ ആഫ്രിക്കൻ സാഹസിക സഫാരിക്കാലത്ത് തുടർച്ചയായി രണ്ടു തവണ ചെറുവിമാനം തകർന്ന് അപകടത്തിൽ പെടുന്നുണ്ട് അദ്ദേഹവും മൂന്നാം ഭാര്യയായ മേരിയും. രണ്ടാമത്തെ അപകടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു. അത് ഹെമിങ്വേയെ നിത്യരോഗിയാക്കി. ഈ രോഗാവസ്ഥ സൃഷ്ടിച്ച നൈരാശ്യമാണ് അദ്ദേഹത്തെ ഒടുവിൽ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ട കാരൻ ബ്ലിക്​സന്റെ ‘ഔട്ട് ഓഫ് ആഫ്രിക്ക’യിൽ അവരുടെ കാമുകൻ ഡെനീസ് മരിക്കുന്നതും ഒരു ചെറുവിമാനം തകർന്നാണ്.

ഞങ്ങളുടെ വാഹനവ്യൂഹം മറികടന്ന് മുകളിലൂടെ ഒരു ചെറുവിമാനം കടന്നുപോയി. താഴ്​ന്നുപറന്നിരുന്ന ആ വിമാനം പുൽമേടിനിടയിലേക്കിറങ്ങി. ഏതൊക്കയോ ഹോളിവുഡ് പടങ്ങളിൽ കണ്ട ദൃശ്യം പോലെ. അധികം കഴിയും മുൻപ് എയർ സ്ടിപ്പ് കാണാനായി. പുൽമേടിന് നടുവിൽ ഒരു ചരൽ മൈതാനം. അവിടെ നിർത്തിയിട്ടിരിക്കുന്ന രണ്ടുമൂന്ന് ചെറു വിമാനങ്ങൾ. സമീപത്ത്​ ചില പോർട്ടോ കാബിൻ നിർമിതികൾ. സൈനികരും പൊലിസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമൊക്കെയായ കുറച്ച് യൂണിഫോംധാരികൾ. കരകൗശല ഉൽപ്പന്നങ്ങളുമായി അൽപ്പം മാറി വിൽപ്പനക്കിരിക്കുന്ന കുറച്ച് മസായി സ്ത്രീകൾ. വിമാനയാത്രികരെ കൂട്ടാനും കൊണ്ടുവിടാനും വന്ന കുറച്ച് സഫാരി വാഹനങ്ങൾ. സമീപത്തെ പുൽപ്പരപ്പുമായി വേലിക്കെട്ടിത്തിരിക്കാത്ത ഇത്തരം എയർ സ്ടിപ്പുകളുടെ റൺവേകൾ പലപ്പോഴും വന്യമൃഗങ്ങൾ കയ്യേറുന്നത് പതിവാണെന്ന് പറഞ്ഞു ഡങ്കൻ. ▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments