നൃത്തത്തിനൊരുങ്ങുന്ന മസായി സ്​ത്രീകൾ

വന്യജീവികളും മസായികളും തമ്മിൽ​സംഘർഷമില്ല, സഹവാസത്തിലുമാണ്​

തദ്ദേശീയ ജനവിഭാഗങ്ങളെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുക എന്ന രീതി മാറ്റി പ്രാദേശിക ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുത്ത് അവരെ സംരക്ഷകരാക്കി മാറ്റുന്ന നിയമത്തിലൂടെ, ഇക്കോ- വൈൽഡ് ലൈഫ് ടൂറിസം സാധ്യത തുറന്നിരിക്കുകയാണ്​.

എട്ട്​

സായിമാര നാഷണൽ പാർക്കിലെ മുഴുവൻ ദിന സഫാരിയിൽ ഇനി ശേഷിക്കുന്നത് മസായി ഗ്രാമസന്ദർശനമാണ്. ഗ്രാമത്തിലേക്കുള്ള യാത്രക്കിടയിൽ മാരാസിംബാ ലോഡ്ജിലേക്കുള്ള വഴി രേഖപ്പെടുത്തിയ ദിശാസൂചി കണ്ടപ്പോഴാണ് ഞങ്ങളുടെ താമസസ്ഥലത്തിന് അധികം അകലെയല്ലാത്ത ഗ്രാമമാണിതെന്ന് മനസ്സിലായത്. അൽപ്പസമയത്തിനുള്ളിൽ തന്നെ ഞങ്ങൾ അവിടെയെത്തി. മാരയുടെ മുഖമുദ്രയായ പുൽമേടുകൾ ഇവിടെ കണ്ടില്ല. തരിശായ, അൽപം ചരിവുള്ള ഭൂപ്രകൃതിയാണ്. അകലെ ചിലയിടത്ത് നീർച്ചോലകളോട് ചേർന്നുള്ള ചോലക്കാടുകൾ പോലെ വൃക്ഷനിരകൾ കാണുന്നുണ്ട്. മധ്യവയസ്സിനോടുത്ത ഒരു മസായി പുരുഷൻ ഞങ്ങളെ സ്വീകരിക്കാനെത്തി. ഗ്രാമത്തലവനാണ്. ഞങ്ങളെ അദ്ദേഹത്തിന് പരിചയപ്പെടുത്തി, ഡങ്കനും മറ്റു ഡ്രൈവർമാരും വാഹനങ്ങൾക്കടുത്തേക്കുതന്നെ മടങ്ങി.

ഫിലിപ്പ് എന്നാണ് ഗ്രാമത്തലവന്റെ ഇംഗ്ലീഷ് പേര്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട് ഫിലിപ്പ്. മാ ഭാഷ സംസാരിക്കുന്നവരാണ് മസായികൾ. മാസായികൾ എന്നാണ് ശരിയായ പേര്. കെനിയയിലെ 42ഓളം ഗോത്രവിഭാഗങ്ങളിൽ ഏറ്റവും പ്രബലമായ വിഭാഗമാണ് മസായികൾ. ഒരു സാധാരണ മസായിയുടെ ഉയരമില്ല ഫിലിപ്പിന്. ‘നിങ്ങളുടെ സ്വന്തം സ്ഥലവും വീടും പോലെ കണ്ട് ഇവിടെയെല്ലാം ചുറ്റിനടന്ന് കാണാം, മസായികളെക്കുറിച്ചും മസായി ജീവിതത്തെക്കുറിച്ചും എന്തു സംശയവും ചോദിച്ചു മനസ്സിലാക്കാം', ഫിലിപ്പ് പറഞ്ഞു.

ഗ്രാമത്തലവൻ ഫിലിപ്പ് മസായി ജീവിതരീതികൾ വിശദീകരിക്കുന്നു

ആദ്യത്തെ പരിപാടി സ്വാഗതനൃത്തമായിരുന്നു. മസായി പുരുഷൻമാരുടെ നൃത്തത്തിനും ഉയരത്തിൽ പൊങ്ങിയുള്ള പ്രസിദ്ധമായ ചാട്ടത്തിനും ശേഷം അതിഥികളെയും നൃത്തത്തിൽ പങ്കുചേരാനായി ക്ഷണിച്ചു അവർ. മസായി പുരുഷൻമാർക്ക് കുലചിഹ്നങ്ങളായി ചെറിയ ദണ്ഡുകളുണ്ട്. നൃത്തസംഘത്തിനൊപ്പം കൂടിയ ഞങ്ങൾക്കും അവർ ദണ്ഡുകൾ തന്നു. തുടർന്ന് സ്ത്രീകളുടെ നൃത്തമായിരുന്നു. അവരും ഞങ്ങളുടെ സംഘത്തിലെ സ്ത്രീകളെ നൃത്തത്തിനായി ക്ഷണിച്ചു.

തങ്ങളുടെ കാലികളെ വേട്ടയാടാൻ വരുന്ന സിംഹങ്ങളെയും മറ്റു ഹിംസ്രമൃഗങ്ങളെയും മാത്രമേ അവർ കൊലപ്പെടുത്തിയിരുന്നുള്ളൂ. തങ്ങളുടെ വർഗത്തിന് ദൈവം അനുവദിച്ച് തന്നതാണ് കാലികൾ എന്ന വിശ്വാസം മൂലം മറ്റു ഗോത്രങ്ങളിലെ കന്നുകാലികളെ കൊള്ള ചെയ്യാൻ മസായികൾക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

അർദ്ധ നാടോടികളായ ഇടയൻമാരാണ് മസായികൾ. ഉയരമുളള ദുർമേദസ്സില്ലാത്ത ശരീരം. കുന്തവും ചുവന്ന മേലങ്കിയുമാണ് ഒരു മസായിയെ പ്രത്യക്ഷത്തിൽ തിരിച്ചറിയുവാൻ സഹായിക്കുന്നത്. മുൻകാലങ്ങളിൽ സിംഹത്തെ തനിച്ച് കുന്തം കൊണ്ട് കുത്തിക്കൊന്നായിരുന്നു ഒരു മസായി ബാലൻ, താൻ വളർന്ന് യോദ്ധാവായിരിക്കുന്നു എന്ന് തെളിയിച്ചിരുന്നത്. തങ്ങളുടെ പാരമ്പര്യവും ജീവിത രീതികളും ഒരു പരിധിവരെ ഇന്നും പിന്തുടരുന്നു എന്നതാണ് മസായികളെ മറ്റ് ഗോത്രവിഭാഗങ്ങളിൽ നിന്ന്​ വ്യത്യസ്തരാക്കുന്നത്. കന്നുകാലികളുടേതൊഴിച്ച് മറ്റൊരു മാംസവും ഉപയോഗിക്കാത്ത അവർ വന്യമൃഗങ്ങളുമായി സഹവസിച്ച് ജീവിച്ചുപോരുന്നു. തങ്ങളുടെ കാലികളെ വേട്ടയാടാൻ വരുന്ന സിംഹങ്ങളെയും മറ്റു ഹിംസ്രമൃഗങ്ങളെയും മാത്രമേ അവർ കൊലപ്പെടുത്തിയിരുന്നുള്ളൂ. തങ്ങളുടെ വർഗത്തിന് ദൈവം അനുവദിച്ച് തന്നതാണ് കാലികൾ എന്ന വിശ്വാസം മൂലം മറ്റു ഗോത്രങ്ങളിലെ കന്നുകാലികളെ കൊള്ള ചെയ്യാൻ മസായികൾക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

മസായി നൃത്തം

ശൂരൻമാരും യോദ്ധാക്കളുമായിരുന്ന മസായികളിൽനിന്ന് അറബികളായ അടിമക്കച്ചവടക്കാരും അകന്നുനിന്നു. സ്വന്തം ഇടങ്ങളിൽ സർവ സ്വതന്ത്രരായി ജീവിച്ചിരുന്ന മസായികളുടെ ജീവിതം മാറിമറിയുന്നത് യൂറോപ്യൻമാരുടെ വരവോടുകൂടിയാണ്. മസായികളുടെ അധീനതയിലുണ്ടായിരുന്ന ഫലഭൂയിഷ്ടമായിരുന്ന പല മേച്ചിൽപുറങ്ങളും തോട്ടങ്ങൾക്കുവേണ്ടി യൂറോപ്യൻ കുടിയേറ്റക്കാർ കയ്യടക്കി. ഇത് രക്തരൂക്ഷിത സംഘട്ടനങ്ങൾക്ക് വഴിവെച്ചെങ്കിലും അധിനിവേശകരുടെ തോക്കിനുമുൻപിൽ പൊരുതി നിൽക്കാൻ മസായി കുന്തങ്ങൾക്കായില്ല. ക്രമേണ ബ്രീട്ടീഷ് നിയമവ്യവസ്ഥക്ക് വഴിപ്പെട്ട് ജീവിക്കുന്ന ഒരു ജനതയായി ഈസ്റ്റ് ആഫ്രിക്കയിൽ മസായികൾ മാറി.

പ്രകൃതി- വന്യമൃഗ സംരക്ഷണത്തിന്റെ ഭാഗമായി സംരക്ഷിത പ്രദേശങ്ങൾ സ്ഥാപിതമായതോടെ മസായികൾ വീണ്ടും കുടിയിറക്കപ്പെട്ടു. പിന്നീടാണ് സംരക്ഷിത പ്രദേശങ്ങളിൽനിന്ന് തദ്ദേശീയ ജനതകളെ കുടിയിറക്കാതെ തന്നെയുള്ള പങ്കാളിത്ത വനപരിപാലന ശ്രമങ്ങൾക്ക് തുടക്കമാകുന്നത്.

1904 ലാണ് ബ്രിട്ടീഷുകാരും മസായികളും തമ്മിൽ ആദ്യ ഉടമ്പടിയുണ്ടാകുന്നത്. 1911 ലെ മറ്റൊരുടമ്പടിയോടെ മസായികളെ പരിപൂർണമായും തങ്ങളുടെ ആധിപത്യത്തിലാക്കി ബ്രിട്ടീഷുകാർ. ഈ ഉടമ്പടികളോടുകൂടിയാണ് തങ്ങളുടെ സമ്പന്നമായ മേച്ചിൽപുറങ്ങളിൽ നിന്ന് വെളിപ്രദേശങ്ങളിലേക്ക് അവർ തള്ളിമാറ്റപ്പെടുന്നത്. ഏകപക്ഷീയമായി ഉണ്ടാക്കിയതും അടിച്ചേൽപ്പിക്കപ്പെട്ടതുമായ ആ കരാറുകളോടുള്ള അമർഷം പലപ്പോഴും മസായികൾക്കിടയിൽ പുകഞ്ഞിരുന്നു. പ്രകൃതി- വന്യമൃഗ സംരക്ഷണത്തിന്റെ ഭാഗമായി സംരക്ഷിത പ്രദേശങ്ങൾ സ്ഥാപിതമായതോടെ മസായികൾ വീണ്ടും കുടിയിറക്കപ്പെട്ടു. പിന്നീടാണ് സംരക്ഷിത പ്രദേശങ്ങളിൽനിന്ന് തദ്ദേശീയ ജനതകളെ കുടിയിറക്കാതെ തന്നെയുള്ള പങ്കാളിത്ത വനപരിപാലന ശ്രമങ്ങൾക്ക് തുടക്കമാകുന്നത്. കാലങ്ങളോളം വന്യജീവികൾക്കൊപ്പം സഹവസിച്ചുപോന്ന മസായിഗോത്രവർഗക്കാർ ഇത്തരമൊരു ജീവിതത്തിന് തികച്ചും അനുയോജ്യരായിരുന്നു. 2013ലെ വന്യജീവി നിയമപ്രകാരം നിലവിൽ വന്ന കൺസർവൻസികൾ എന്ന ആശയം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിൽ മസായികളടക്കമുള്ള തദ്ദേശീയ ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയതിനോടൊപ്പം അവർക്ക് അതുവഴി വരുമാനത്തിനുള്ള സാധ്യതകളും തുറന്നിട്ടു.

മസായി പുരുഷന്മാരുടെ സവിശേഷ പ്രകടനമായ ഉയരത്തിൽ പൊങ്ങിയുള്ള ചാട്ടം, ഗ്രാമത്തലവനായ ഫിലിപ്പ് സഞ്ചാരികൾക്കുമുന്നിൽ നടത്തിയ പ്രകടനം.

വന്യജീവികളും മസായികളും തമ്മിലുള്ള സംഘർഷങ്ങളുടെ പ്രധാന ഹേതു അവരുടെ കന്നുകാലികളെ ഹിംസ്രമൃഗങ്ങൾ ഭക്ഷണമാക്കുന്നതായിരുന്നു. എന്നാൽ ഇന്ന് കെനിയൻ- ടാൻസാനിയൻ സർക്കാരുകൾ വന്യമൃഗങ്ങൾക്കിരയാകുന്ന മസായികളുടെ കന്നുകാലികൾക്ക് മോശമല്ലാത്തൊരു നഷ്ടപരിഹാരം നൽകുന്നുണ്ട്. കിഴക്കനാഫ്രിക്കയിലെ വന്യജീവി സമ്പത്ത്​അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരം മസായികൾക്ക് നിരവധി തൊഴിലവസരങ്ങളും വരുമാനവും നേടികൊടുക്കുന്നുമുണ്ട്. ഓരോ മസായി ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും ആളെണ്ണം വെച്ച് പ്രവേശനഫീസ് നൽകേണ്ടതുണ്ട്. കരകൗശലവിൽപ്പനകളിലൂടെയും വഴികാട്ടികളായും വിനോദസഞ്ചാരമേഖലയിൽ ജോലിയെടുത്തുമൊക്കെ ധാരാളം മസായികൾ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു.

കന്നുകാലി സംരക്ഷണവും പരിപാലനവുമൊക്കെയാണ് ഒരു മസായി പുരുഷന്റെ ജോലി. കന്നുകാലി വളർത്തലൊഴികെ മറ്റെല്ലാ ജോലികളും മോശമായി കാണുന്നു. വീട്ടുജോലികളും കുട്ടികളെ വളർത്തുന്നതും സ്ത്രീകളുടെ ചുമതലയാണ്, മണ്ണും ചളിയും ചുള്ളിക്കമ്പുകളുമൊക്കെ കൊണ്ട് കുടിലുകൾ നിർമിക്കുന്ന ജോലിയും സ്ത്രീകളുടേതാണെന്ന്​ ഫിലിപ്പ് വിശദീകരിച്ചു. പുരുഷൻമാരിലും സ്ത്രീകളിലും ചേലാ കർമം നടത്താറുണ്ട്.

മസായികളുടെ ഒരു വീട്​

മസായികളുടെ ജീവിതം കന്നുകാലികളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. പാൽ, മാംസം, രക്തം എന്നിവയൊക്കെ അവർ ഉപയോഗിക്കുന്നു. ചാണകം ഗൃഹനിർമാണത്തിനും ഇന്ധനത്തിനും മരുന്നിനുമൊക്കെയായി ഉപയോഗിക്കുന്നു. കാലികളുടെ തുകൽ വിരിപ്പായി ഉപയോഗിക്കുന്നു. തങ്ങളുടെ അധീനതയിലുള്ള കാലികളുടെ എണ്ണമാണ് ഓരോ മസായിയുടെയും സാമ്പത്തികനില നിർണയിക്കുന്നത്. 16-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നൈൽ നദിയുടെ താഴ്ഭാഗത്തുനിന്നുമാണ് മസായികൾ ഇവിടെ എത്തിയതെന്നാണ് പറയുന്നത്. കെനിയ- ടാൻസാനിയ പ്രദേശത്തെ വിശാലമായ പുൽപ്പരപ്പുകൾ തങ്ങളുടെ കാലികൾക്ക് അനുയോജ്യമായ മേച്ചിൽപുറങ്ങളാണ് എന്ന് മനസ്സിലാക്കിയാണ് മസായികൾ ഇവിടെ താമസമുറപ്പിക്കുന്നത്.

മസായികൾക്കിടയിൽ ഇപ്പോഴും ബഹുഭാര്യത്വമുണ്ട്. പാരമ്പര്യതനിമയിൽ നിലകൊള്ളുന്ന പല മസായി ഗ്രാമങ്ങളുണ്ടെങ്കിലും പലരും ആധുനിക ജീവിതശൈലിയിലേക്ക് വഴിമാറിയിട്ടുണ്ട്.

മരക്കഷ്ണങ്ങൾ ഉരസി തീയുണ്ടാക്കുന്ന വിദ്യ ഒരു മസായി യുവാവ് ഞങ്ങൾക്ക് കാണിച്ചുതന്നു. അത് പരീക്ഷിക്കാൻ ഞങ്ങളെ ക്ഷണിച്ചു. തുടർന്ന് ഞങ്ങൾ അവരുടെ ഗ്രാമത്തിലെത്തി. വൃത്താകൃതിയിൽ മരക്കമ്പുകൾ കൊണ്ടും മുള്ളുകൾകൊണ്ടും നല്ല ബലത്തിൽ ഉയർത്തി നിർമിച്ച ബോമ എന്നറിയപ്പെടുന്ന വേലിക്കെട്ടിനുള്ളിലാണ് അവരുടെ കുടിലുകൾ. മസായികൾക്കിടയിൽ ഇപ്പോഴും ബഹുഭാര്യത്വമുണ്ട്. പാരമ്പര്യതനിമയിൽ നിലകൊള്ളുന്ന പല മസായി ഗ്രാമങ്ങളുണ്ടെങ്കിലും പലരും ആധുനിക ജീവിതശൈലിയിലേക്ക് വഴിമാറിയിട്ടുണ്ട്. ഞങ്ങൾ സന്ദർശിച്ച ഗ്രാമത്തിലും അധികം ആളുകൾ താമസിക്കുന്നതായി തോന്നിയില്ല, ധാരാളം മസായികൾ അവിടെ കൂടിയിട്ടുണ്ടെങ്കിലും. ഒരു മ്യൂസിയം പോലെ വിനോദസഞ്ചാരത്തിനുവേണ്ടി നിലനിർത്തിയതാണോ അതെന്ന് തോന്നി. മസായികളിൽ നിന്ന്​ കരകൗശലസാധനങ്ങളും മസായി പുതപ്പുകളും വാങ്ങി ഞങ്ങൾ മടങ്ങി. ചിലർ അവരുടെ അധികാര ദണ്ഢുതന്നെ വാങ്ങിയിട്ടുണ്ട്.

മസായി ഗ്രാമത്തിന് പുറത്ത് പാർക്ക ചെയ്ത വാഹനങ്ങൾ

ഞങ്ങൾ മടങ്ങുമ്പോഴേക്കും മറ്റൊരു വലിയ സംഘം നിരവധി സഫാരി വാഹനങ്ങളിലായി അവിടെയെത്തി. ഫിലിപ്പ് ഞങ്ങളെ വിട്ട് അവരുടെ അടുത്തേക്ക് പോയി. കുറച്ച് മസായി പുരുഷൻമാർ ഞങ്ങളെ യാത്രയയക്കാൻ വാഹനങ്ങൾക്കടുത്തേക്ക് വന്നു. പൈസക്കായി ഞങ്ങളെ സമീപിച്ച കുട്ടികളെ ഓടിച്ചുവിട്ടു മുതിർന്ന മസായികൾ. കൈവീശി അഭിവാദ്യം ചെയ്ത് ഞങ്ങൾ മടങ്ങി. ഞങ്ങൾ സന്ദർശിച്ച ഈ മസായിഗ്രാമം പോലെ നിരവധി ജനവാസ മേഖലകൾ ഈ നാഷണൽ പാർക്കിനകത്തുണ്ട്. അവരുടെ കൂടി നിയന്ത്രണത്തിലുള്ള കൺസർവസികൾക്ക് ദേശീയോദ്യാനങ്ങളുടെ പരിപാലനത്തിൽ വലിയ പങ്കുണ്ട്.

പുതിയ വനം- വന്യജീവി നിയമപ്രകാരം സാമുദായിക- വംശീയ- ഗോത്ര സമൂഹങ്ങൾക്കുപുറമെ ദേശീയോദ്യാനങ്ങൾക്കകത്തും പുറത്തും വ്യക്തികൾക്കും സ്വകാര്യസംരംഭകർക്കും കോർപറേറ്റുകൾക്കുമൊക്കെ വന്യജീവി പരിപാലനത്തിനായി കൺസർവൻസികൾ സ്ഥാപിക്കാം.

മുമ്പ്​ പറഞ്ഞതുപോലെ 2013-ലെ കെനിയൻ വന്യജീവി നിയമമാണ് (വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് മാനേജ്‌മെൻറ്​ ആക്ട്) കൺസർവൻസികൾ എന്ന ആശയം കൊണ്ടുവന്നത്. കെനിയയിലെ വന്യജീവികളിൽ 65 ശതമാനം മാത്രമാണ് സർക്കാർ സംരക്ഷിത പ്രദേശങ്ങൾക്കകത്ത് ഉൾപ്പെടുന്നത്. ശേഷിക്കുന്ന വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തുവാനുള്ള ശ്രമമായിരുന്നു കൺസർവൻസികൾ എന്ന ആശയം. വന്യജീവി സംരക്ഷണത്തിനും സുസ്ഥിരമായ ഭൂവിനിയോഗത്തിനുമായി ഒരു സമൂഹം സംരക്ഷിച്ചിരിക്കുന്ന ഭൂമിയാണ് കമ്യൂണിറ്റി കൺസർവൻസി. തദ്ദേശീയ ജനവിഭാഗങ്ങളെ വന്യജീവി സംരക്ഷണത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കുക എന്ന രീതി മാറ്റി പ്രാദേശിക ജനവിഭാഗങ്ങളെ വിശ്വാസത്തിലെടുത്ത് അവരെ സംരക്ഷകരാക്കി മാറ്റുകയാണ് ഈ നിയമം വഴി ചെയ്തത്. അതുവഴി അവിടെ ഇക്കോ- വൈൽഡ് ലൈഫ് ടൂറിസം സാധ്യതകൾ തുറന്നിടപ്പെടുകയും അതിന്റെ ഗുണഫലം പ്രാദേശിക ജനവിഭാഗങ്ങൾക്ക്​ ലഭിക്കുകയും ചെയ്തു. ഈ പരീക്ഷണം മൂലം ടൂറിസം വ്യവസായത്തിന്റെ ഹൃദയമായ കെനിയയിലെ ‘ബിഗ് ഫൈവ്’ ഉൾപ്പെടുന്ന തനതായ വന്യജീവികൾക്ക് ആവാസ വ്യവസ്ഥയും അവയുടെ ചലനങ്ങൾക്കുള്ള ഇടനാഴികകളും ലഭ്യമായി. പുതിയ നയം മൂലം 2019 ൽ തന്നെ കെനിയയുടെ ടൂറിസം വരുമാനം 1.5 ബില്യൺ ഡോളറിലേക്ക് വളർന്നു. ഇന്ന് കെനിയയിൽ 15 ദശലക്ഷം ഏക്കറുകളിലായി 100-ലധികം കമ്യൂണിറ്റി കൺസർവൻസികളുണ്ട്.

ഇക്കോ ടൂറിസത്തിൽ നിന്നും മറ്റ് സംരംഭങ്ങളിൽ നിന്നുമുള്ള ലാഭവിഹിതം കമ്യൂണിറ്റി ഡവലപ്‌മെൻറ്​ പ്രോജക്റ്റുകൾക്കാണ് കൈമാറുന്നത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീകളുടെ ഉന്നമനത്തിനുള്ള പദ്ധതികൾ, വളർത്തുമൃഗങ്ങൾക്കായുള്ള മേച്ചിൽപ്രദേശങ്ങൾ തുടങ്ങി വിവിധ സാമൂഹ്യ ഉന്നമന പ്രവർത്തനങ്ങൾക്കായി ഇത് വിനിയോഗിക്കപ്പെടുന്നു.

പുതിയ വനം- വന്യജീവി നിയമപ്രകാരം സാമുദായിക- വംശീയ- ഗോത്ര സമൂഹങ്ങൾക്കുപുറമെ ദേശീയോദ്യാനങ്ങൾക്കകത്തും പുറത്തും വ്യക്തികൾക്കും സ്വകാര്യസംരംഭകർക്കും കോർപറേറ്റുകൾക്കുമൊക്കെ വന്യജീവി പരിപാലനത്തിനായി കൺസർവൻസികൾ സ്ഥാപിക്കാം. ഇങ്ങനെ കൺസർവൻസികൾ സ്ഥാപിച്ച് അതിനെ ടൂറിസവുമായി ബന്ധിപ്പിച്ച് കൂടുതൽ മെച്ചപ്പെട്ട ഉപജീവനമാർഗം കണ്ടെത്തുന്നുണ്ട് പലരും. കൺസർവൻസികളെ കമ്യൂണിറ്റി കൺസർവൻസികൾ, ഗ്രൂപ്പ് കൺസർവൻസികൾ, സ്വകാര്യ കൺസർവൻസികൾ എന്നിങ്ങനെ പ്രധാനമായും മുന്നായി തരംതിരിക്കാം.

സംയുക്ത ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി ഭൂമിയിൽ പ്രാദേശിക കമ്യൂണിറ്റികൾ രൂപീകരിച്ച കൺസർവൻസികളാണ് കമ്യൂണിറ്റി കൺസർവൻസികൾ. കെനിയ വൈൽഡ് ലൈഫ് സർവീസിൽ നിന്നും മറ്റ് ടൂറിസം പങ്കാളികളിൽ നിന്നും പ്രൊഫഷണൽ സഹായത്തോടെ പ്രാദേശിക കമ്യൂണിറ്റി പ്രതിനിധികളാണ് അവ നിയന്ത്രിക്കുന്നത്. അത്തരം കമ്യൂണിറ്റി ഭൂമിയാലാണ് ഞങ്ങൾ താമസിച്ച മാരാസിംബാ ഉൾപ്പടെ നിരവധി ഫോറസ്റ്റ് ലോഡ്ജുകൾ സ്ഥിതി ചെയ്യുന്നത്. അതിൽ നിന്നൊക്കെയുള്ള ലാഭവിഹിതം കമ്യൂണിറ്റി വികസനത്തിന് ചെലവഴിക്കപ്പെടുന്നു.

വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനും ഒരു വലിയ ഭൂപ്രദേശം രൂപപ്പെടുത്തുന്നതിന്, പൊതുവായ അതിർത്തി പങ്കിടുന്ന സ്വകാര്യ ഭൂമി സംയോജിപ്പിച്ച് രൂപീകരിച്ച സംരക്ഷണകേന്ദ്രങ്ങളാണ് ഗ്രൂപ്പ് കൺസർവൻസികൾ. ഒരു കൂട്ടം സ്വകാര്യ ഭൂവുടമകൾ പ്രൊഫഷണൽ വൈൽഡ് ലൈഫ്, ടൂറിസം പങ്കാളികളുടെ സഹായത്തോടെയാണ് ഇത് നിയന്ത്രിക്കുന്നത്. മസായ് മാര ഗെയിം റിസർവിന് ചുറ്റുമാണ് മിക്ക ഗ്രൂപ്പ് കൺസർവൻസികളും.

വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനും വ്യക്തികളോ കോർപറേറ്റ് ഉടമകളോ ചേർന്ന് വിശാലമായ സ്വകാര്യ ഭൂഭാഗങ്ങളിൽ സ്ഥാപിക്കുന്ന സംരക്ഷണ പ്രദേശങ്ങളാണ് സ്വകാര്യ കൺസർവൻസികൾ. സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, വ്യക്തികൾ അല്ലെങ്കിൽ കുടുംബങ്ങൾ, ലാഭേച്ഛയില്ലാത്ത വന്യജീവി സംഘടനകൾ അല്ലെങ്കിൽ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ളതും കൈകാര്യം ചെയ്യുന്നതുമൊക്കെയാണ് ഈ കൺസർവൻസികൾ.

മസായി യുവാവ്

കൂടുതൽ കമ്യൂണിറ്റികൾ ഇത്തരം സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്​ മുന്നോട്ടു വരുന്നുണ്ട് എന്നതുതന്നെ ആ ആശയത്തിന്റെ വിജയം കാണിച്ചുതരുന്നു. മാരാസിംബയിലേക്കുള്ള മടക്കയാത്രയിൽ ഓർത്തത് കേരള വനം- വന്യജീവി വകുപ്പിൽ നിന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായി പടിയിറങ്ങിയ പി.എൻ. ഉണ്ണികൃഷ്ണൻ എന്ന ഐ. എഫ്. എസുകാരനെയാണ്. പരിസ്ഥിതി പ്രവർത്തകർക്ക്​ ഉണ്ണിയേട്ടനായ അദ്ദേഹമാണ് പാർട്ടിസിപ്പേറ്ററി ഫോറസ്റ്റ് മാനേജ്‌മെൻറ്​ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കമിട്ടത്. ആദ്യം പെരിയാർ ടൈഗർ റിസർവ്വിലും പിന്നീട് കേരളത്തിലെമ്പാടും തുടങ്ങിവെച്ച വനസംരക്ഷണ സമിതികൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ മൃഗശാല ഡയറക്ടറാക്കി സ്ഥലംമാറ്റി. പിന്നീടദ്ദേഹം കാലാവധി പൂർത്തിയാകും മുമ്പുതന്നെ വനം വകുപ്പിൽ നിന്ന് സ്വയം പിരിഞ്ഞു പോകുകയും ചെയ്തു.

വിനോദ സഞ്ചാര മേഖലയിൽ നിന്ന്​ കനത്ത സമ്മർദ്ദം നേരിടുന്ന കെനിയൻ മാതൃക പൂർണമായും നമ്മൾ പിന്തുടരേണ്ടതില്ലെങ്കിലും പങ്കാളിത്ത വന പരിപാലന ശ്രമങ്ങളിൽ കെനിയയിൽ നിന്ന് നമുക്കേറെ പഠിക്കാനുണ്ടെന്നുതോന്നി, മസായിമാരയിലെ രണ്ടാം ദിനത്തിലെ ആ മടക്കയാത്രയിൽ. ▮

(തുടരും)


പ്രമോദ് കെ.എസ്.

Epta International ന്റെ മിഡിൽ ഈസ്റ്റ് ഓഫീസിൽ (ദുബായ്) ഡിസൈനർ. കേരളീയം മാസികയുടെ ആദ്യകാല പ്രവർത്തകനും പ്രസാധകനുമായിരുന്നു.

Comments