ഒമ്പത്
‘ആഫ്രിക്കയുടെ ചൂരും ചുവയും ഇവിടെയില്ല. പ്രകൃതിസൗന്ദര്യത്തിൽ നൈവാഷയോട് കിടപിടിക്കുന്ന പ്രദേശങ്ങൾ ആഫ്രിക്കയിൽ അധികമുണ്ടെന്ന് തോന്നുന്നില്ല. സായാഹ്നവെയിൽ മുങ്ങിനിൽക്കുന്ന നൈവാഷ തടാകക്കര എന്റെ നയനങ്ങളെ പിടിച്ചു നിറുത്തി. വെള്ളക്കാരുടെ ബംഗ്ലാവുകളും കൃഷിനിലങ്ങളും പുഷ്പോദ്യാനങ്ങളും പരിസരത്തിനു നിറപ്പകിട്ടു ചാർത്തുന്നു’- 73 വർഷങ്ങൾക്കുമുൻപ്, 1949 ഒക്ടോബറിലാണ് പെറ്റെക്കാട്ട് നൈവാഷയിലെത്തുന്നതും മേൽപറഞ്ഞ വരികൾ തന്റെ ഡയറിയിൽ എഴുതുന്നതും.
കാലങ്ങൾക്കിപ്പുറം നൈവാഷ തടാകം നോക്കി കൺട്രി ക്ലബിന്റെ വിശാലമായ പുൽമൈതാനത്തിൽ നിൽക്കവെ, ഒട്ടും അതിശയോക്തി ചേർക്കാതെയാണ് പെറ്റെക്കാട്ട് മേൽപ്പറഞ്ഞ വരികൾ എഴുതിയതെന്ന് തോന്നിപ്പോയി.
നാലര മണിക്കൂറോളം യാത്ര ചെയ്താണ് മസായി മാരയിലെ മാരാസിംബാ ലോഡ്ജിൽ നിന്ന് നൈവാഷ തടാകതീരത്തെ നൈവാഷ കൺട്രി ക്ലബിലെത്തിയത്. തലേന്ന് മസായിമാരയിലെ മുഴുദിന ഗെയിം ഡ്രൈവിനും മാരാ ഗ്രാമസന്ദർശനത്തിനും ശേഷം ലോഡ്ജിലെത്തി നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നിരുന്നു. രാവിലെ ഒരിക്കൽ കൂടി മാരാസിംബാ എന്ന ആ വനപ്രകൃതിയിലെ, അതിസുന്ദരമായി പ്രകൃതിയോടിണങ്ങി നിർമിക്കപ്പെട്ട കെട്ടിടങ്ങൾക്കുനടുവിലെ നടപ്പാതയിലൂടെ ആ വളപ്പ് മുഴുവൻ ചുറ്റിനടന്നു. പ്രാതലിനുശേഷം ഞങ്ങളുടെ സംഘത്തിനൊപ്പം നൈവാഷയിലേക്കുള്ള യാത്ര തുടങ്ങി.
സ്വസ്ഥമായി അവധിക്കാലം ചെലവഴിക്കാൻ പറ്റിയ ഒരിടമാണ് മാരാസിംബാ. തലേക്ക് നദിയിലെ മുതലകളെയും ലോഡ്ജ് വളപ്പിലെ മാംസാഹാരികളല്ലാത്ത മൃഗങ്ങളെയും കണ്ട്, ആഫ്രിക്കൻ പക്ഷികളുടെ ശബ്ദങ്ങൾ കേട്ട്, മരക്കാലുകളിൽ ഉയർത്തിനിറുത്തിയ റെസ്റ്റോറന്റിലിരുന്ന് ആഫ്രിക്കൻ രുചിഭേദങ്ങൾ ഓരോന്നായറിഞ്ഞ്, സായാഹ്നങ്ങളിൽ പൂളിൽ ചെലവഴിച്ച്, മസായികളായ ജോലിക്കാരുടെയും ഡ്രൈവർമാരുടെയും സഫാരിക്കഥകൾ കേട്ട്, സ്വാസ്ഥ്യം എന്ന അവസ്ഥയിൽ മുഴുകിക്കഴിയാൻ പറ്റിയ ഒരിടം. പക്ഷെ മസായിമാര ഗെയിം ഡ്രൈവുകൾക്കിടിയിൽ ഏറെ സമയം ഇവിടെ കഴിയാനായില്ല.
വെള്ളക്കാരും കുടിയേറ്റക്കാരുമായ ധനാഢ്യർക്കും തോട്ടമുടമകൾക്കും പ്രിയങ്കരമായിരുന്ന പ്രദേശമായിരുന്നു നൈവാഷ. സുഖകരമായ തണുത്ത കാലാവസ്ഥയും അതിസുന്ദരമായ ഭൂപ്രകൃതിയുമാണത്രെ അവരെ ഇങ്ങോട്ടാകർഷിച്ചത്.
അതിരാവിലെ ഞെട്ടിയുണർന്നത് അച്ഛനെ സ്വപ്നം കണ്ടാണ്. അച്ഛന്റെ മരണശേഷമുള്ള ആദ്യ യാത്രയാണ്. നോങ്ങല്ലൂർ പാടവരമ്പത്തുകൂടി പുലർച്ചെ വീട്ടിൽ വന്ന് കയറുന്ന എന്നോട് ശബ്ദം കേട്ട് അകത്തുനിന്ന് ‘ആരാ പ്രമോദാണോ' എന്ന് വിളിച്ചുചോദിക്കുന്നു അച്ഛൻ.
അതെ എന്നും അച്ഛനെന്താണ് ചെയ്യുന്നതെന്നും ഞാൻ തിരിച്ചുചോദിച്ചു.
‘ഞാൻ കുളിക്ക്യാണ്', അടച്ചിട്ട കൊട്ടത്തളത്തിൽനിന്ന് അച്ഛന്റെ ശാന്തമായ ശബ്ദമുയരുന്നു.
ആ നിമിഷത്തിൽ അച്ഛൻ ഈ ലോകം വിട്ടുപോയതാണല്ലോ എന്ന തിരിച്ചറിവിൽ ഒരു കരച്ചിലോടെ ഞാൻ മുറ്റത്തിരിക്കുന്നതും സ്വപ്നമവസാനിക്കുന്നു.
എന്താകാം ആ സ്വപ്നത്തിന്റെ അർത്ഥം എന്ന ചോദ്യം മനസ്സിൽ കുരുങ്ങിക്കിടന്നു. ഒരുപക്ഷെ ഞാൻ വീട്ടിലില്ലാത്തപ്പോഴും അച്ഛന്റെ സാന്നിധ്യം അവിടെയുണ്ടെന്നും വീടിനെക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട എന്നുമാകുമോ. രാവിലെ മുതൽ മനസ്സിനെ അലട്ടിയ ചിന്തകൾ ഒട്ടൊന്നടങ്ങിയത് നൈവാഷ തടാകതീരത്തെ കൺട്രി ക്ലബിന്റെ പുൽമൈതാനത്തെ ഗാർഡൻ ചെയറുകളിലൊന്നിൽ തടാകം നോക്കിയിരിക്കുമ്പോഴാണ്.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കിടയിൽ കെനിയയിൽ നിലനിന്നിരുന്ന ആംഗ്ലോ- ഐറിഷ് പ്രഭുക്കന്മാരുടെയും ധനാഡ്യരുടെയും സാഹസികരുടെയും അസാധാരണമായിരുന്ന ഒരു കൂട്ടുകെട്ടായിരുന്നു ഹാപ്പിവാലി സെറ്റ്.
വെൽക്കം ഡ്രിങ്കും കഴിച്ച് പാസ്പോർട്ട് റിസോർട്ട് ജോലിക്കാർക്ക് കൈമാറി കോട്ടേജുകളുടെ താക്കോലിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങളുടെ സംഘം. വളപ്പിൽ വാട്ടർബക്കുകൾ മേഞ്ഞുനടക്കുന്നു. ഒരു ഭാഗത്തായി കുറച്ചു കുട്ടികളും അവരോടൊപ്പം മുതിർന്നവരും പന്തു തട്ടി കളിക്കുന്നു. ഇന്നത്തെ താമസം കൊളോണിയിൽ മുദ്രകൾ പേറിനിൽക്കുന്ന 85 വർഷം പഴക്കമുള്ള ഈ വാസ്തുനിർമിതിയിലാണ്. വെള്ളക്കാരും കുടിയേറ്റക്കാരുമായ ധനാഢ്യർക്കും തോട്ടമുടമകൾക്കും പ്രിയങ്കരമായിരുന്ന പ്രദേശമായിരുന്നു നൈവാഷ. സുഖകരമായ തണുത്ത കാലാവസ്ഥയും അതിസുന്ദരമായ ഭൂപ്രകൃതിയുമാണത്രെ അവരെ ഇങ്ങോട്ടാകർഷിച്ചത്. അവരുടെ വിശ്രമത്തിനും വിനോദത്തിനും വേണ്ടി ആരംഭിച്ച സ്ഥാപനങ്ങളിലൊന്നാണ് ഈ കൺട്രിക്ലബും. ഒരു കാലത്ത് വെളുത്ത തൊലിയുള്ളവർക്കുമാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്ഥാപനങ്ങളിലൊന്ന്. കുപ്രസിദ്ധമായ ഹാപ്പിവാലി സെറ്റിന്റെ വിഹാരകേന്ദ്രങ്ങളിലൊന്ന് കൂടിയായിരുന്നത്രെ ഈ ഉദ്യാനഗൃഹം.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കിടയിൽ കെനിയയിൽ നിലനിന്നിരുന്ന ആംഗ്ലോ- ഐറിഷ് പ്രഭുക്കന്മാരുടെയും ധനാഢ്യരുടെയും സാഹസികരുടെയും അസാധാരണമായിരുന്ന ഒരു കൂട്ടുകെട്ടായിരുന്നു ഹാപ്പിവാലി സെറ്റ്. ഫ്രഞ്ച് ഇറ്റാലിയൻ കുലീനരും സാഹസികരും എഴുത്തുകാരും വലിയ തോട്ടമുടമകളുമൊക്കെ ഈ സംഘത്തിലുണ്ടായിരുന്നു. മയക്കമരുന്നുപയോഗവും വന്യമായ രതിക്രീഡാപാർട്ടികളും നായാട്ടും അത്യാഡംബര ജീവിതശൈലികളും തുടങ്ങി ചില കൊലപാതകങ്ങൾ വരെ ഈ സംഘത്തിനുമേൽ ആരോപിക്കപ്പെട്ടിരുന്നു. ഈ സംഘത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും സിനിമകളും പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടന്റെ യാഥാസ്ഥിതിക ചുറ്റുപാടുകളിൽ നിന്ന് മാറി എല്ലാ നിയന്ത്രണങ്ങളും മറികടന്ന് സർവ്വസ്വതന്ത്രരായി കെനിയയിൽ ജീവിച്ച ഇവരുടെ മേൽ പിടിവീഴുന്നത് എറാൾ പ്രഭുവായ ജോസ്ലിൻ ഹേയുടെ 1941 ലെ നിഗൂഢ കൊലപാതകത്തിലൂടെയാണ്. തുടർന്ന് അന്നത്തെ പാപ്പരാസികൾ ഈ സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നിറം പിടിപ്പിച്ച കഥകൾ എഴുതിക്കൂട്ടി. വേട്ടകളും രതിയും പ്രണയവും സാഹസികതയും അരാജക ജീവിതശൈലിയും മയക്കുമരുന്നുകളും ഒക്കെ നിറഞ്ഞ ആ കാലത്തിന്റെ സ്മാരകങ്ങൾ ഏറെയും സ്ഥിതി ചെയ്യുന്നത് നൈവാഷ തടാകതീരങ്ങളിലാണ്.
നൈവാഷയിലെ തണുപ്പുള്ള കാലാവസ്ഥയും മണ്ണും ജലലഭ്യതയുമാണ് ഇത്രയധികം പൂകൃഷിയിടങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിന് കാരണമായതത്രെ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. പരിസ്ഥിതി പ്രവർത്തകർ അടുത്തിടെയായി ഈ കൃഷിയിടങ്ങൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
നൈറോബിയിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് നൈവാഷ പട്ടണം. നൈവാഷ പട്ടണത്തിന് എതിർഭാഗത്തായി തടാകക്കരയിൽ 30 ഏക്കർ സ്ഥലത്താണ് ബ്രിട്ടീഷ് കൊളോണിയൽ വാസ്തുവിദ്യപ്രകാരം 1937ൽ പണിത ഈ മനോഹരമായ കെട്ടിട സമുച്ചയം. തടാകത്തിനഭിമുഖമായാണ് മുറികളൊക്കെ. കൊളോണിയൽ കാലത്തിന്റെ മുദ്രകൾ പേറിനിൽക്കുന്ന വിന്റേജ് കെട്ടിട സമുച്ചയത്തിലെ വാസ്തുവിദ്യയിലും തടിപ്പണികളിലും പെയിന്റിങ്ങിലുമൊക്കെ ഈ പഴക്കം നമുക്ക് കണ്ടെടുക്കാനാകും. ചില്ലുജാലകങ്ങളുള്ള ഭക്ഷണശാലയിൽ നിന്ന്നോക്കിയാൽ പുൽമൈതാനത്തിനപ്പുറം നീല ജലപ്പരപ്പും അതിനപ്പുറം റിഫ്റ്റ് വാലി മലനിരകളും കാണാം. അതിമനോഹരമാണ് പരിസരം. രണ്ടുപേർക്കായുള്ള ഒരു കോട്ടേജാണ് ഞങ്ങൾക്ക് കിട്ടിയത്. തടാകത്തിനഭിമുഖമായി ഒരു വരാന്ത. വിശാലമായത് എന്നുപറയാനാവാത്ത ഒരു കിടപ്പുമുറി. അതിനപ്പുറം ബാത്ത് റൂം. കർട്ടൻ മാറ്റിയാൽ വലിയ ചില്ലുജാലകത്തിലൂടെ വിശാലമായ പുൽമൈതാനവും അതിനപ്പുറം തടാകവും കാണാം.
കെനിയയിലെ പുഷ്പകൃഷിയുടെ പ്രധാന കേന്ദ്രം കൂടിയാണ് ഈ തടാകക്കര. നൈവാഷയിലേക്കുള്ള യാത്രക്കിടയിൽ പുഷ്പവളർത്തൽ കേന്ദ്രങ്ങളുടെ ബോർഡുകളും വലിയ ഗ്രീൻഹൗസുകളും കണ്ടു. കെനിയയിലെ പൂക്കൃഷിയുടെ മൂന്നിലൊന്നും ഇവിടെയാണത്രെ. കോവിഡാനന്തരം പൂകൃഷി സജീവമായി വരുന്നുണ്ടെന്ന് കൺട്രിക്ലബ് ക്യൂരിയോ ഷോപ്പിലെ വിൽപ്പനക്കാരനായ ഡേവിഡ് പറഞ്ഞു. നൈവാഷയിലെ തണുപ്പുള്ള കാലാവസ്ഥയും മണ്ണും ജലലഭ്യതയുമാണ് ഇത്രയധികം പൂകൃഷിയിടങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിന് കാരണമായതത്രെ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. പരിസ്ഥിതി പ്രവർത്തകർ അടുത്തിടെയായി ഈ കൃഷിയിടങ്ങൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പൂകൃഷിക്കായി തടാകത്തിൽ നിന്ന് അമിത ജലചൂഷണം നടക്കുന്നതായും. കൃഷിയിടങ്ങളിൽ ഉപയോഗിക്കപ്പെടുന്ന കീടനാശിനികളും രാസവളങ്ങളും തടാകത്തിലേക്ക് ഒലിച്ചെത്തി ജലം മലിനപ്പെടുത്തുന്നതായും മത്സ്യസമ്പത്ത്നശിപ്പിക്കുന്നതായും വ്യാപക പരാതിയുണ്ട്. തടാകതീരത്തെ ചതുപ്പുകൾ ഇല്ലാതാകുന്നതിനും ഈ കൃഷിടിയങ്ങൾ കാരണമായിട്ടുണ്ടെന്ന് പറയുന്നു.
വിനോദസഞ്ചാരികൾക്കായുള്ള തീരത്തെ റിസോർട്ടുകളും റസ്റ്റോറന്റുകളും നടത്തുന്ന കയ്യേറ്റങ്ങളും അതുമൂലം പ്രദേശിക ജനങ്ങളും മുക്കുവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമൊക്കെ ഇയാന്റെ സംഭാഷണത്തിൽ കടന്നുവന്നു.
കാലാവസ്ഥാ വ്യതിയാനവും നഗരാവശ്യങ്ങൾക്കായി ജലം കൊണ്ടുപോകുന്നതും പൂകൃഷിക്കുവേണ്ടിയുള്ള ജലചൂഷണവുമൊക്കെ മൂലം തടാകം ചുരുങ്ങി വരികയായിരുന്നു. മാലിന്യങ്ങൾ കലരുന്നതുമൂലം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷം പെയ്ത മഴ നൈവാഷ തടാകത്തെ വീണ്ടും പഴയപടിയാക്കിയിട്ടുണ്ട്.
തടാക വിസ്തീർണ്ണം 198 ചതുരശ്ര കിലോമീറ്ററാണ്. സമുദ്രനിരപ്പിൽ നിന്ന് 1870 മീറ്റർ ഉയരത്തിലാണ് തടാകം. ഉച്ചഭക്ഷണത്തിനും ചെറിയൊരു വിശ്രമത്തിനും ശേഷം നാലു മണിയോടെ ഞങ്ങൾ ബോട്ടിങ്ങിനു പോയി. കൺട്രി ക്ലബിന് നേരേ മുൻപിലായി ബോട്ടുജെട്ടിയുണ്ട്. എട്ട് അതിഥികൾക്ക് കയറാവുന്ന ചെറിയ ബോട്ടിൽ ഞങ്ങളുടെ വാഹനത്തിലെ ആറു പേരും ബോട്ട് പ്രവർത്തിപ്പിക്കുന്ന ബാലനുമടക്കം ഏഴു പേരാണുണ്ടായിരുന്നത്. ആദ്യം ഞങ്ങൾ പോയത് അടുത്തുതന്നെയുള്ള ഒരു ഹിപ്പോ കുടുംബത്തിനടുത്തേക്കാണ്. ചെറുതും വലതുമായ ഹിപ്പോകളുടെ ഒരു കൂട്ടത്തിനടുത്തേക്ക് ബോട്ടുകളെത്തി. ഹിപ്പോ കുട്ടികളുടെ വികൃതികൾ നോക്കി കുറച്ചുനേരം തങ്ങിയശേഷം ഞങ്ങൾ യാത്ര തുടർന്നു. തീരങ്ങളോടുചേർന്ന് പാപ്പിറസ് ചേടികൾ ധാരാളമായി വളർന്നു നിൽക്കുന്നു.
തടാകത്തിൽ അപ്പോഴും നല്ല വെയിലുണ്ടായിരുന്നു. ആ തണുത്ത കാലാവസ്ഥയിലും വെയിൽ നേരിട്ട് ശരീരത്തിലടിക്കുമ്പോൾ ചൂടനുഭവപ്പെടുന്നുണ്ട്. കെനിയയിലെ പരുക്കൻ ജലം എന്നർത്ഥം വരുന്ന ‘നൈപോഷ’ എന്ന മസായി വാക്കിൽ നിന്നാണ് നൈവാഷ എന്ന പേര് വന്നത്. കിഴക്കൻ ആഫ്രിക്കൻ തടാകങ്ങളുടെ കിരീടത്തിലെ രത്നമെന്നാണ് ഈ തടാകം അറിയപ്പെട്ടിരുന്നത്. നൈവാഷ യാറ്റ് ക്ലബ് ദ്വീപ് ജെട്ടിക്കുസമീപം ഞങ്ങളുടെ ബോട്ടെത്തി. നിരവധി ഉല്ലാസബോട്ടുകൾ നിരന്നുകിടക്കുന്നുണ്ട് അവിടെ. പിന്നീട് ഞങ്ങളുടെ ബോട്ട് ക്രസൻറ് ദ്വീപിനടുത്തേക്കെത്തി. അർദ്ധചന്ദ്രാകൃതിയിലുള്ള മനോഹരമായ ദ്വീപാണ് ക്രസൻറ്. വന്യജീവികൾക്കായുള്ള ഈ സംരക്ഷിതപ്രദേശത്ത് നിരവധി മൃഗങ്ങളുണ്ട്. പക്ഷെ, അപകടകാരികളായ മാംസാഹാരജീവികൾ ഇവിടെ അധികമില്ല. അതുകൊണ്ട് കാൽനടയായി വന്യജീവികളെയും പക്ഷികളെയും അടുത്തറിയാൻ കഴിയുന്ന ഒരിടമാണിത്.
വെള്ളത്തിനുമുകളിലേക്ക് ഉയർന്നുനിൽക്കുന്ന ഉണങ്ങിയ മരങ്ങളിലൊക്കെ പക്ഷികളുണ്ട്. തീരങ്ങളിൽ പലയിടത്തും അരയന്നങ്ങളുണ്ട്. ദേശാടനപക്ഷികളുടെ പ്രധാന സങ്കേതം കൂടിയാണ് ഈ തടാകതടം. 400-ലധികം വ്യത്യസ്തയിനം പക്ഷികളുടെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
മഞ്ഞ അക്കേഷ്യ മരങ്ങൾ നിറയെയുണ്ട് ഈ തീരങ്ങളിൽ. വൈൽഡ് ബീസ്റ്റ്, വാട്ടർബക്ക്, സീബ്ര, ഗസൽ തുടങ്ങിയ മൃഗങ്ങളെ ധാരാളമായി കാണാം. ജിറാഫുകൾ, കഴുതപ്പുലി, മലമ്പാമ്പ്, കുരങ്ങ്, ചെറുമാനുകൾ തുടങ്ങിയ മൃഗങ്ങളുമുണ്ട് ഈ ദ്വീപിൽ. ചില ഫോറസ്റ്റ് ലോഡ്ജുകളും ഇതിനകത്തുണ്ട്. ടിക്കറ്റെടുത്ത് ഇതിനകത്ത് വാക്കിങ്ങ് സഫാരിക്കായി പ്രവേശിക്കാം.
ബോട്ട് ജെട്ടിയിൽ സഞ്ചാരികൾ വന്നിറങ്ങുന്നു. ഞങ്ങൾ ദ്വീപിന്റെ ഓരം ചേർന്ന് യാത്ര തുടർന്നു. ഇയാൻ എന്ന ഒരു കൗമാരക്കാരനാണ് ഞങ്ങളുടെ ബോട്ടിന്റെ ഡ്രൈവർ. ക്യാപ്റ്റൻ ഇയാൻ എന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. ബോട്ട് നിയന്ത്രിക്കുന്നതിനൊപ്പം കാഴ്ചകൾ വിശദീകരിച്ചു തരുന്നുമുണ്ട് ഇയാൻ. നൈവാഷക്കാരൻ തന്നെയായ, പ്രായത്തിൽ കൂടുതൽ പക്വതയുള്ള ഇവാനാണ് തടാകത്തിന്റെ അവസ്ഥയും പരിസ്ഥിതി പ്രശ്നങ്ങളുമൊക്കെ വിശദീകരിച്ചത്. വിനോദസഞ്ചാരികൾക്കായുള്ള തീരത്തെ റിസോർട്ടുകളും റസ്റ്റോറന്റുകളും നടത്തുന്ന കയ്യേറ്റങ്ങളും അതുമൂലം പ്രദേശിക ജനങ്ങളും മുക്കുവരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമൊക്കെ ഇയാന്റെ സംഭാഷണത്തിൽ കടന്നുവന്നു.
റിഫ്റ്റ് വാലി മലനിരകൾക്കപ്പുറം സൂര്യൻ താഴ്ന്നുതുടങ്ങി.
ചക്രവാളത്തിൽ നിറഭേദങ്ങൾ ദൃശ്യമായിത്തുടങ്ങി. റിഫ്റ്റ് വാലി മലനിരകൾക്ക് പുറകിലായി മൗണ്ട് ലോംഗോനോട്ട് എന്ന അഗ്‌നിപർവ്വതം തലയുയർത്തി നിൽക്കുന്നു.
തണുപ്പേറിത്തുടങ്ങിയതോടെ കൈയ്യിൽ കരുതിയിരുന്ന സ്വെറ്റർ ധരിച്ചു. പല്ലുകൾ കൂട്ടിയിടിച്ചു തുടങ്ങി. മങ്ങിത്തുടങ്ങിയ പോക്കുവെയിലിൽ തടാകത്തിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തുന്നുണ്ട് ബോട്ടിലുള്ളവർ. ഇബ്രു, ഗോപ്രോയും ക്യാമറയും മാറിമാറി ഉപയോഗിക്കുന്നുണ്ട്. ക്രസൻറ് ദ്വീപിന്റെ അവസാനത്തോളം പോയി ഞങ്ങളുടെ ബോട്ട് മടങ്ങി. വെള്ളത്തിനുമുകളിലേക്ക് ഉയർന്നുനിൽക്കുന്ന ഉണങ്ങിയ മരങ്ങളിലൊക്കെ പക്ഷികളുണ്ട്. തീരങ്ങളിൽ പലയിടത്തും അരയന്നങ്ങളുണ്ട്. ദേശാടനപക്ഷികളുടെ പ്രധാന സങ്കേതം കൂടിയാണ് ഈ തടാകതടം. 400-ലധികം വ്യത്യസ്തയിനം പക്ഷികളുടെ സാന്നിധ്യം ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
ഞങ്ങളുടെ ബോട്ട് കൺട്രി ക്ലബ് ജെട്ടിയോടടുത്തു. ഇയാന് ചെറിയൊരു തുക സമ്മാനമായി നൽകി ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി. ഇബ്രുവും ഞാനും ചിത്രങ്ങൾ പകർത്തി അവിടെ നിൽക്കുമ്പോൾ ഇയാൻ വീണ്ടും ഞങ്ങൾക്കടുത്തെത്തി തന്റെ ഫോൺ നമ്പർ കൈമാറി. സുഹൃത്തുക്കളാരെങ്കിലും നൈവാഷ തടാകം കാണാൻ വരുന്നുണ്ടെങ്കിൽ തന്റെ നമ്പർ നൽകണമെന്നാവശ്യപ്പെട്ടു. ഒരുമിച്ച് ചില ചിത്രങ്ങളെടുത്ത് ഇയാനോട് യാത്ര പറഞ്ഞ് പിരിഞ്ഞു.
തടാകതീരത്ത് ഞങ്ങളെ കാത്തുനിൽക്കുന്ന സുരക്ഷാജീവനക്കാർ, ഹിപ്പോകൾ കരയ്ക്കുകയറുന്ന നേരമായതുകൊണ്ടുതന്നെ ഇനിയവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നറിയിച്ചു. ഇരുട്ടിനും തണുപ്പിനും ഒരു പോലെ കനമേറിവന്ന ആ തടാകക്കരയിൽ നിന്ന് ഞങ്ങൾ കോട്ടേജിലേക്ക് മടങ്ങി. ▮
(തുടരും)